Skip to content

ദുര്യോധന – 2

duryodhana-novel

മിശിഹായുടെ മുഖമുള്ള ചെകുത്താൻ…..

കേദാർനാഥ് വിശ്വംഭരൻ….

വടയമ്പാടി എന്ന കുരുക്ഷേത്രഭൂമിയിലേക്ക്…. പാർത്ഥന്റെ തേർ തെളിച്ചു വരുന്ന പാർത്ഥസാരഥിയെ പോലെ….. ചെറുതോട്ടത്തിൽ ബലരാമൻ എന്ന ദുര്യോധനന്റെ കൗരവപടയെ നേരിടാൻ നിയോഗിക്കപ്പെട്ടവൻ….

********* ********* ********* *********

വെടിയുണ്ട കണക്കെ പാഞ്ഞ ബൊലേറോ താഴെ ചൊവ്വ എത്തിയതും ഇൻഡിക്കേറ്റർ ഇട്ട് വലത്തോട്ട് തിരിഞ്ഞു…. ഏകദേശം അര കിലോമിറ്ററോളം ഓടിയ ശേഷം അത് ഇടത്തേക്ക് ഒരു പോക്കറ്റ് റോഡിലേക്ക് കയറി നൂറു മീറ്റർ കൂടി മുൻപോട്ട് പോയ വാഹനം വലതു വശത്ത് തുറന്നു കിടക്കുന്ന ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറി ഇരുനില വീടിന്റെ പോർച്ചിലെത്തി നിന്നു….

കേദാർ പുറത്തേക്കു ഇറങ്ങി…..

ബ്ലു ജീൻസും വൈറ്റ് കളർ ഹാഫ് സ്ലീവ് ഷർട്ടും ആയിരുന്നു വേഷം…. ഹാഫ് സ്ലീവ് ഷർട് ആയത് കൊണ്ട് തന്നെ അവന്റെ ശരീരത്തിന്റെ കരുത്ത് കൈകൾ കണ്ടാൽ തന്നെ അറിയാമായിരുന്നു…. വെട്ടി ഒതുക്കിയ മുടിയും മീശയും…. അവന്റെ പൂച്ചകണ്ണുകളെ മറച്ചു കൊണ്ട് റെയ്ബാൻ ഗ്ലാസ്…. ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് അവൻ സിറ്റൗട്ടിലേക്കു കയറി കാളിങ് ബെല്ലിൽ വിരലമർത്തി പിടിച്ചു കൊണ്ടിരുന്നു…..

വാതിൽ പെട്ടെന്ന് തന്നെ തുറന്നു…. ഏകദേശം അറുപതു വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ വാതിൽ തുറന്നു….

എന്താ ഇത് കുഞ്ഞേ…. ചെവി പൊട്ടി പോകുമല്ലോ…..

മുഖത്തു പ്രകടമായ അനിഷ്ടത്തോടെ തന്നെ അവർ ചോദിച്ചു….

പത്തറുപതു വയസായില്ലേ ചേട്ടത്തി…. ചെവി പോണെങ്കിൽ പോട്ടെന്നു…. ഇനി എന്നാത്തിനാ നിങ്ങള്ക്ക് ചെവി….?

ചുണ്ടിൽ വിരിഞ്ഞ വഷളൻ ചിരിയോടെ അവൻ അവരോടു ചോദിച്ചു….

ഛേ…..

വെറുപ്പോടെ അവർ മുഖം തിരിച്ചു….

ഓ… പിന്നെ ഒരു ഐശ്വര്യ റായി വന്നേക്കുന്നു…. എനിക്ക് നിങ്ങളെ വേണ്ട തള്ളേ…. നല്ല കിഡുക്കാച്ചി പെൺപിള്ളേർ ക്യു നിൽകുവാ…. ക്യു…. പോയി ഗേറ്റ് അടക്കാൻ നോക്ക്….

അവർ എന്തോ പിറുപിറുത്ത് കൊണ്ട് പുറത്തേക്കിറങ്ങി പോയി…..

ഡാ…. തെമ്മാടി പോലീസെ…..?

അകത്തു നിന്നും മധുരതരമായ കിളിനാദം ഒഴുകിയെത്തിയതും അവന്റെ നോട്ടം അകത്തേക്കായി….

ഹാളിൽ സ്റ്റെയർകേസിന്റെ ഏറ്റവും താഴത്തെ സ്റ്റെപ്പിൽ നിൽക്കുന്ന ആൻ……

അവൾ അണിഞ്ഞിരിക്കുന്ന ഇളംനീല നൈറ്റ്‌ ഗൗൺ തീരെ നേർത്തതായിരുന്നു…. അതിനുള്ളിൽ ആണായി പിറന്ന ആരെയും മോഹിപ്പിക്കുന്ന ശരീരവടിവ് വളരെ വ്യക്തമായി കേദാറിന് കാണാമായിരുന്നു….

തന്റെ രക്തത്തിനു ചൂട് പിടിച്ചു തുടങ്ങുന്നത്  കേദാർ അറിയുന്നുണ്ടായിരുന്നു….

അന്നമ്മോ…. നീ ഒന്നുകൂടി കൊഴുത്തല്ലോടി….?

അത് മോൻ തെക്കൻ ദേശത്തെ പെണ്പിള്ളേരുടെ കൂടെയുള്ള സഹവാസത്തിൽ അല്ലായിരുന്നോ അത് കൊണ്ട് തോന്നുന്നതാണ്…

അവൾ വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു….

കേദാർ മെല്ലെ അകത്തേക്ക് നടന്നു അവളുടെ അടുത്തേക്ക് എത്തി…. അരക്കെട്ടിൽ ചുറ്റി പിടിച്ചു തന്നോട് അടുപ്പിച്ചു….

ഏതു നാട്ടിൽ പോയാലും… ഏതു പെണ്ണിനെ അറിഞ്ഞാലും… നിന്നോളം വരത്തില്ല ഒരുത്തിയും….

പറഞ്ഞു കൊണ്ട് കേദാർ തന്റെ മുഖം അവളുടെ മുഖത്തിനോട് അടുപ്പിച്ചു….

ദേ… ചെക്കൻ ഇന്ന് പച്ചക്കാണല്ലോ…?

അവൾ അത്ഭുതത്തോടെ അവനെ നോക്കി…

മദ്യപിച്ചു വാഹനം ഓടിക്കുന്നത് തെറ്റാണ് കുട്ടി…. അതും എന്നെ പോലൊരു പോലീസ് ഓഫീസർ…. വല്ലതും ഇരിപ്പുണ്ടോ….?

അവൻ മുകളിലേക്കു നോക്കി കൊണ്ട് ചോദിച്ചു….

വാ….

അവർ മുകളിലേക്കു കയറാൻ തുടങ്ങിയതും ത്രേസ്യാമ്മ ഗേറ്റ് അടച്ചിട്ടു തിരിച്ചെത്തിയിരുന്നു….

ചേട്ടത്തിയെ…. ആര് വന്നാലും എന്നെ വിളിക്കണ്ട….ഞങ്ങൾ ഒന്ന് ഉറങ്ങാൻ പോകുവാ…

ആൻ അവരോടായി പറഞ്ഞു….

തള്ളേ വരുന്നോ….? സീൻ പിടിക്കാം… തണുത്തു പോയ വികാരങ്ങൾ ഒക്കെ ഒന്ന് ഉണരട്ടെ…..

കേദാർ വഷളൻ ചിരിയോടെ അവരെ നോക്കി പറഞ്ഞു….

ഫ്ഫാ…… ! നിന്റെ തള്ളയോട് പോയി പറയെടാ നാറി…..

ഒരൊറ്റ ആട്ടും… തള്ളക്ക് വിളിയും ആയിരുന്നു മറുപടി….

ആഹാ…. അതി മനോഹരമായിരിക്കുന്നു…. അപ്പോൾ ഗുഡ് നൈറ്റ്‌….

പറഞ്ഞിട്ട് ഇരുവരും മുകളിലേക്ക് നടന്നു കയറി….

തന്തക്കു മുൻപേ പിറന്ന ചെകുത്താന്റെ സന്തതി…. ഗുണം പിടിക്കത്തില്ല… ഇതൊക്കെ കാണാനാണല്ലോ കർത്താവെ എന്റെ വിധി….

അവർ സ്വയം പഴിച്ചു കൊണ്ട് അവർ പോയ ഭാഗത്തേക്ക് നോക്കി…

എന്റെ പൊന്നുമോനെ നിനക്കെന്താ അവരെ കാണുമ്പോൾ ഇത്ര ചൊറിച്ചിൽ….?

റൂമിലെത്തിയതും…. അലമാര തുറന്നു കുപ്പി പുറത്തെടുത്ത് കൊണ്ട് അവൾ ചോദിച്ചു….

ചുമ്മാ ഒരു രസമല്ലെടി….. കിട്ടിയാൽ ഓൾഡ് മോഡലല്ലേ… ഒന്ന് ഓടിച്ചു നോക്കാലോ….?

ഛേ…..

അവൾ വെറുപ്പോടെ മുഖം തിരിച്ചു…

എന്താടി ഒരു ഛേ….. നിന്റെ തന്തയുടെ തന്തയുടെ പ്രായമുള്ളവർക്ക് വരെ നീ കിടക്ക വിരിക്കാറുണ്ടല്ലോടി…. പിന്നെ ഞാൻ പറയുമ്പോൾ മാത്രം ഒരു ഛേ….

കേദാർ…. സ്റ്റോപ്പ്‌…. നമ്മുക്ക് ഈ സംസാരം സ്റ്റോപ്പ്‌ ചെയ്യാം…. വെറുതെ സംസാരിച്ചു മുഷിയണ്ട….

അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു…. കേദാർ അത് വ്യക്തമായി കണ്ടു….

ഒക്കെ…. ഞാൻ ആ വിഷയം വിട്ടു… ഇനി അതിൽ കടിച്ചു തൂങ്ങി ഈ നല്ല രാത്രി നശിപ്പിക്കണ്ട….

അവൻ അത്രയും പറഞ്ഞിട്ട് അവളുടെ കൈയിൽ നിന്നും കുപ്പി വാങ്ങി തുറന്നു വായിലേക്ക് കമിഴ്ത്തി….

കേദാർ… എന്താ ഈ കാണിക്കുന്നത്…?

അവൾ അവന്റെ കൈയിൽ നിന്നും കുപ്പി ബലമായി പിടിച്ചു വാങ്ങി…

നീ എന്തിനാ ഇങ്ങനെ നശിക്കുന്നത്….?

ഉപേദേശിക്കാൻ തുടങ്ങാൻ പോകുവാണെങ്കിൽ വേണ്ട…..? എനിക്കതു കേൾക്കാൻ താല്പര്യമില്ല… ഇപ്പോൾ വേറൊരു മൂടാണ്….

പറഞ്ഞു കൊണ്ടവൻ അവളെ കെട്ടിപ്പിടിച്ചു….

അതൊക്കെ ഞാൻ ശരിയാക്കി തരാം… ഇതിപ്പോൾ എന്താ കണ്ണൂർക്ക്….? ഇന്നലെ രാത്രി നീ വിളിച്ചപ്പോൾ ഞാൻ മംഗലാപുരത്താണ്…. നാളെ കണ്ണൂർ എത്തണമെന്ന് ഓർഡർ പെട്ടെന്ന് കണ്ണൂർക്ക്….?

അവൻ അവളെ വിട്ട് ബെഡിലേക്കു വീണു….

സസ്‌പെൻഷൻ കഴിഞ്ഞു തിരിച്ചു സെർവിസിൽ കേറി രണ്ടാഴ്ചയായിട്ട് എനിക്ക് പോസ്റ്റിംഗ് ഒന്നും ആകാത്ത കാര്യം നിനക്കറിയാമല്ലോ…. കേദാർനാഥ് വിശ്വംഭരൻ എന്ന സബ് ഇൻസ്‌പെക്ടർ അങ്ങനെ വെറുതെ ഇരുന്ന് ശമ്പളം മേടിക്കണ്ട എന്ന് ഹോം ഡിപ്പാർട്ടമെന്റ് തീരുമാനിച്ചു….

ഓ… അങ്ങനെ…. എവിടെയാ മോനെ… ട്രാഫിക്കിലോ….?  അതോ ഏതെങ്കിലും ക്യാമ്പിലോ…?

രണ്ടുമല്ല…. ലോ ആൻഡ് ഓർഡറിൽ തന്നെ…. സ്റ്റേഷൻ ചാർജ്….?

റിയലി….?

അവൾ കുപ്പി വെച്ചിട്ട്…. അത്ഭുതത്തോടെ അവനെ തിരിഞ്ഞു നോക്കി….

നിന്നെ പോലത്തെ ഒരു തെമ്മാടിക്ക് വീണ്ടും സ്റ്റേഷൻ ചാർജോ…. സർക്കാരിന് ഭരിച്ചു മടുത്തോ….?

അത് തന്നെയാണ് ഞാനും ആലോചിക്കുന്നത്….?  എന്നെ അശോക് സാർ വിളിച്ചു അൺഒഫീഷ്യൽ ആയി പറഞ്ഞതാണ്…. സംഗതി നാളെയെ ഔദ്യോഗികമായി ഓർഡർ കൈയിൽ കിട്ടുകയുള്ളു…..

അപ്പോൾ നീ ഇനി ഇവിടെ കണ്ണൂരിലോ….? ബെസ്റ്റ്…. ആൺപിള്ളേരുടെ വടിവാളിനു തീരാൻ തീരുമാനിച്ചോ…. നിന്റെ സ്വാഭാവത്തിനു കണ്ണൂർ പറ്റില്ല മോനെ…. ചങ്കിനു ഉറപ്പും കൈക്ക് കരുത്തുമുള്ള ആൺകുട്ട്യോളുടെ നാടാണ് ഇത്….

അവൾ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു…..

നീ പറഞ്ഞത് ശരിയാണ്…. ശരിക്കും ഒരു മരണക്കളിക്ക് തന്നെയാണ് എന്നെ വിട്ടിരിക്കുന്നത്…. പോസ്റ്റിംഗ് വടയമ്പാടിയിലാണ്…..

വാട്ട്‌…..?

ആൻ ഞെട്ടി എഴുന്നേറ്റു….

വടയമ്പാടിയിലോ…. ബലരാമന്റെ കോട്ടയാണ് അത്… നീ അവിടെ….?

അവളുടെ കണ്ണുകളിലേക്ക് ഭയം ഇരച്ചു കയറി…..

കേദാർ മെല്ലെ എഴുന്നേറ്റു…..

എന്റെ ഈ പോസ്റ്റിംഗിന് പിന്നിലുള്ളവരുടെ ലക്ഷ്യവും ബലരാമൻ തന്നെയാണ് അന്നമ്മേ… മുട്ടനാടുകളെ തമ്മിൽ ഇടയാൻ വിട്ടിട്ടു ചോരകൊതിയോടെ കാത്തിരിക്കുന്ന ചെന്നായ്ക്കളുടെ കണ്ണുകൾ എന്റെ തൊട്ട് പുറകിൽ തന്നെയുണ്ട്…..

അത് പറയുമ്പോൾ അവന്റെ പൂച്ചകണ്ണുകൾ നന്നായി കുറുകിയിരുന്നു….

പക്ഷെ…. കേദാർ….. നീ ഇത് വരെ മുട്ടിയ അഹമ്മദ് കുട്ടിയോ… സാജൻ ജോസഫോ… ഒന്നുമല്ല ബലരാമൻ…. അയാൾ…. അയാളൊരു പിശാച് ആണ്… നിന്റെ ഈ നിയമനം നീ അറിയും മുൻപേ അയാൾ അറിഞ്ഞിട്ടുണ്ട്…. കേദാർ… നിനക്ക്…. നിനക്ക് അയാളെ ജയിക്കാനാവില്ല….

ഭയം കൊണ്ട് ആനിന്റെ ശബ്ദം വിറച്ചിരുന്നു… കേദാർ അവളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ജീൻസിന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് തീ കൊടുത്തു….

നീ പറഞ്ഞതാണ് ശരി….. പക്ഷെ ബലരാമനെ കുറിച്ച് നിനക്ക് കുറച്ചെങ്കിലും അറിയാമായിരിക്കും… ആൻ മരിയ എന്ന മലബാറിന്റെ സ്വപ്നസുന്ദരിയുടെ കസ്റ്റമർ ആയിരിക്കും തീർച്ചയായും ബലരാമൻ…..

അവളുടെ മുഖത്തേക്ക് പുകയൂതി വിട്ടുകൊണ്ട് അവൻ പറഞ്ഞു….

ഓ… അത് ശരി…. അപ്പോൾ അതാണ് ഈ വരവിന്റെ ഉദ്ദേശം…? നിനക്ക് തെറ്റി കേദാർ…. ബലരാമൻ എന്റെ ലിസ്റ്റിൽ ഇത് വരെ വരാത്ത ആളാണ് പക്ഷെ….

എന്താടി ഒരു പക്ഷെ….?

കേദാർ നെറ്റി ചുളിച്ചു….

ചെറുതോട്ടത്തിൽ ഗ്രൂപ്പിൽ നിന്നും വേറെ ഒരാൾ ഇപ്പോൾ എന്റെ ലിസ്റ്റിൽ ഉണ്ട്…. ആ ആളെ കൊണ്ട് നിനക്ക് പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല….

നീ പറ…. പ്രയോജനം ഉണ്ടാകുമോ ഇല്ലയോ എന്ന് നോക്കാമല്ലോ….?

സിദ്ധാർഥ്….. ചെറുതോട്ടത്തിൽ ഗ്രുപ്പ് എന്ന മഹാ സാമ്രാജ്യത്തിലെ രണ്ടാമനായ ബാലഭാസ്കറിന്റെ മകൻ…. സിദ്ധാർഥ് ബാലഭാസ്കർ….. പത്തൊൻപതു വയസേ ഉള്ളു ചെക്കന്…. പക്ഷെ മോശം പറയരുതല്ലോ…. സകലകലാവല്ലഭനാണ്…. ഗോവയിൽ രണ്ട് ദിവസം അവൻ എന്നെ നക്ഷത്രം എണ്ണിച്ചു…..

ആൻ അത് പറയുമ്പോൾ കേദാറിന്റെ മനസ്സിൽ അതിവേഗം കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു….

മോൻ എന്താ ആലോചിക്കുന്നത്….?

അല്ല അവൻ എന്നെക്കാളും കേമനാണോ എന്നാണ്….?

അത് നീ പരീക്ഷിച്ചു നോക്ക്… ഞാൻ അല്ലെ മാർക്കിടേണ്ടത്….?

ആൻ പറഞ്ഞു കഴിഞ്ഞതും കേദാർ അവളുമായി കിടക്കയിലേക്ക് മറിഞ്ഞതും ഒരുമിച്ചായിരുന്നു….

ആൻ ഒരു വള്ളി പോലെ തന്നിലേക്ക് പടർന്നു കയറുമ്പോഴും കേദാർ മനസ്സിൽ ആ പേര് വീണ്ടും വീണ്ടും ഉരുവിട്ട് കൊണ്ടിരിക്കുകയായിരുന്നു….

സിദ്ധാർഥ് ബാലഭാസ്കർ……

വേട്ടക്ക് തുടക്കം കുറിക്കാൻ ഒരു ഇരയെ കിട്ടിയ വേട്ടക്കാരന്റെ മനസ്സായിരുന്നു കേദാർനാഥിന് അപ്പോൾ….

 ********* ******** **********

കുടക്  – മൈസൂർ ഹൈവേയിലൂടെ ചീറി പായുന്ന റെഡ് ഫുൾ ഓപ്പൺഡ് ജിപ്സി….. അതിന്റെ രണ്ട് സൈഡിലും കുതിച്ചു ചാടാൻ ഒരുങ്ങി നിൽക്കുന്ന കടുവയുടെ ചിത്രം പതിപ്പിച്ചിരുന്നു…. കൂടെ ഇഗ്നിസ് ബോയ്സ് എന്ന് അഗ്നിനാളങ്ങളുടെ പശ്ചാത്തലത്തിൽ എഴുതി ചേർത്തിരുന്നു…..

വെടിയുണ്ട കണക്കെ ആ വണ്ടി മറ്റുള്ള വണ്ടികളെ പിന്നിലാക്കി കുതിച്ചു….. തൊട്ടു പുറകെ ഒരു വൈറ്റ് ഇന്നോവ ക്രിസ്റ്റയും……

ബാംഗ്ലൂരിലെ ദയാനന്ദ സാഗർ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികളായ ആറംഗ  സംഘമായിരുന്നു ആ വണ്ടിക്കുള്ളിൽ ഉണ്ടായിരുന്നത്…. ബി ടെക് നാലാം വർഷ വിദ്യർത്ഥികളായ….. ഫസൽ റഹ്മാൻ,  കാശിനാഥ് ശ്രീനിവാസ, ഹർഷൻ കിഷോരി, ദീപക്ക്, പ്രിൻസ് ചെറിയാൻ എന്നിവരും…. രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർഥ് ബാലഭാസ്കറും ….

കോളേജിലെ ഏറ്റവും കുപ്രസിദ്ധി ഉള്ളതും അപകടകാരികൾ ആയതുമായ ഇഗ്നിസ് ബോയ്സ് എന്ന് വിളിപ്പേരുള്ള അഞ്ചംഗ സംഘത്തിൽ ജൂനിയറായ സിദ്ധാർഥ് വന്നു പെട്ടത് അവന്റെ കൈയിലെ പൂത്ത കാശും അച്ഛനും അച്ഛന്റെ സഹോദരങ്ങൾക്കും ഉന്നതങ്ങളിൽ ഉള്ള പിടിപാടുകളും കൊണ്ടാണ്…

ഫസലും കാശിയും ദീപക്കും സിദ്ധാർഥും ജിപ്സിയിലും മറ്റു രണ്ട് പേർ ക്രിസ്റ്റയിലും ആയി പറക്കുന്നത് വടയമ്പാടിയിലേക്കാണ്….. സിദ്ധാർത്ഥിന്റെ നാട്ടിലേക്കു…..

ഫസൽ ആണ് ജിപ്സി ഡ്രൈവ് ചെയ്യുന്നത്….. മുടി നീട്ടി വളർത്തി മീശയില്ലാതെ താടി മാത്രം കുറച്ചു വളർത്തിയിരുന്ന അവന്റെ കീഴ്ചുണ്ടിൽ സ്റ്റഡ് കുത്തിയിരുന്നു….

ഡേയ് സിദ്ധു…. നിന്റെ നാട്ടിൽ നമ്മൾക്ക് അടിച്ചു പൊളിക്കാനുള്ള എല്ലാ സെറ്റ് അപ്പും ഉണ്ടല്ലോ അല്ലേടാ….?

അതെന്താ ഫസലെ നിനക്കൊരു സംശയം….? പെണ്ണിനെ ഒഴിച്ച് വേറെ എല്ലാം നിനക്ക് അവിടെ ഒക്കെയാണ്…..

ലഹരി നിറച്ച സിഗരറ്റിൽ നിന്നും ഒരു പുക ആഞ്ഞു വലിച്ച പുക പുറത്തേക്കു ഊതി കൊണ്ട് മീശ കുരുത്തു തുടങ്ങിയ ഇരുപത് വയസ്സുകാരൻ പറഞ്ഞു…..

ഛേ…. അതും കൂടി സെറ്റ് അപ്പ്‌ ചെയ്തിരുന്നു എങ്കിൽ ട്രിപ്പ്‌ പൊളിയായനെ….?

ദീപക്ക് നിരാശയോടെ പറഞ്ഞു….

എന്റെ പൊന്നു ദീപക്കെ നിനക്ക് എന്തൊരു ആക്രാന്തമാണെടാ….. ബാംഗ്ളൂരിൽ വെച്ച് ഡ്രസ്സ്‌ ഇടാൻ നിനക്ക് സമയം കിട്ടാറില്ലല്ലോ….? എന്നിട്ടും തീരാത്ത അവന്റെ ആക്രാന്തം…. സമ്മതിക്കണം…

ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട് ഫസൽ പറഞ്ഞു….

എനിക്ക് എത്ര കിട്ടിയാലും മതി വരാത്തത് അത് മാത്രമേയുള്ളു എന്റെ പൊന്നു മോനെ….

ദീപക്ക് അത് പറഞ്ഞപ്പോൾ ബാക്കി മൂന്ന് പേരും ചിരിച്ചു…..

ശരി അങ്ങനെയാണെങ്കിൽ നിനക്ക് ഞാൻ ഇന്നത്തേക്ക് ഒരു വഴി കാണിച്ചു തരാം….

പറഞ്ഞു തീർന്നതും ജിപ്സി ഇടത്തേക്ക് വെട്ടി തിരിഞ്ഞു ഒരു പോക്കറ്റ് റോഡിലേക്ക് കയറി…. കുറച്ചു ദൂരം ഓടി കഴിഞ്ഞപ്പോഴേക്കും ടാർ ഇട്ട റോഡ് കഴിഞ്ഞു മൺപാതയായി…. ഇരുവശവും പരന്നു കിടക്കുന്ന തരിശു ഭൂമിക്ക് നടുവിലൂടെ പൊടി പറത്തി കൊണ്ട് രണ്ട് വാഹനങ്ങളും കുതിച്ചു….

ഏകദേശം അരമണിക്കൂർ നേരത്തെ യാത്രക്ക് ശേഷം വണ്ടികൾ ഒരു വലിയ മതിൽകെട്ടിന് പുറത്തു ചെന്ന് നിന്നു…. ഗേറ്റിനു മുൻപിൽ ചെന്ന് നിന്നതും ഫസൽ നീട്ടി രണ്ട് ഹോൺ അടിച്ചു

മെയിൻ ഗേറ്റിനു സമീപമുള്ള ചെറിയ ഗേറ്റിലൂടെ തടിമാടനായ ഒരാൾ പുറത്തേക്കിറങ്ങി വന്നു…..

യാരത്….?  എന്ന വേണം…?

തമിഴിലാണ് ചോദ്യം…..

ഹേയ് ശരവണ…… ഫസൽ… ഫസൽ റഹ്മാൻ….. ഗേറ്റ് തുറക്ക് അണ്ണാച്ചി….. അക്കവുടെ അപ്പോയ്മെന്റ് ഇരുക്ക് കണ്ണേ…. !

ഫസൽ ഒരു വിധം ഒപ്പിച്ചു മറുപടി കൊടുത്തു….

തലൈവരെ നിങ്ങളോ…?  റൊമ്പ നാളായി പാത്തതേയില്ല…? ഇന്ത വഴിയൊക്കെ മറന്നോ….?

ആളെ മനസ്സിലായതും ശരവണന്റെ ചോദ്യം പാതി മലയാളത്തിലായി….

വിശേഷമൊക്കെ പിന്നെ പറയാമെടാ ചെകുത്താനെ….? ആദ്യം നീ ഗേറ്റ് തുറക്ക്….

കാശി കന്നഡയിലാണ് അത് പറഞ്ഞതെങ്കിലും അണ്ണാച്ചിക്ക് കാര്യം മനസിലായി….

യാര് ഇന്ത തിരുട്ടി മൂഞ്ചികൾ…..? ഉങ്കൾ ഫ്രണ്ട്സ് ആണോ…?

കാശിയുടെ ഡയലോഗ് ഇഷ്ടപ്പെടാതെ ശരവണൻ ചോദിച്ചു….

തിരുട്ടുമൂഞ്ചി തന്റെ……?

അത്രയും പറഞ്ഞപ്പോഴേക്കും കാശിയുടെ വാ സിദ്ധാർഥ് പൊത്തിപിടിച്ചു….

കണ്ട പാണ്ടികളുടെ അടി മേടിച്ചു തരാതെ മിണ്ടാതിരിക്കട…..

സിദ്ധു കാശിയുടെ ചെവിയിൽ പറഞ്ഞു….

ഒക്കെ ഒക്കെ… ഗേറ്റ് ഇപ്പോൾ ഓപ്പൺ ചെയ്യാം….

ശരവണൻ കാശിയെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞിട്ട് തിരിച്ചു അകത്തേക്ക് കയറി പോയി…. സിദ്ധാർഥ് കാശിയുടെ മുഖത്ത് നിന്നും കൈ എടുത്തു….

അവനെന്ന നോക്കി പേടിപ്പിക്കുന്നെ….? കന്നഡ മണ്ണിൽ നിന്നുകൊണ്ട് ഒരു തമിഴൻ കന്നഡിഗനെ പേടിപ്പിക്കുന്നോ…. അതൊന്നു ചോദിക്കണമല്ലോ…?

കുറെ കന്നഡ തെറികളുടെ അകമ്പടിയോടെ കാശി പെരുത്തു കയറി…. 

ന്റെ… പൊന്നു മോനെ കാശി…. നിന്റെ നാക്ക്‌ കുറച്ചു നേരത്തേക്ക് അടക്കി വെക്ക്…. ഇപ്പോൾ വന്നു പോയതിന്റെ ഇരട്ടി സൈസിൽ പത്ത്പതിനഞ്ചണ്ണം അകത്തു വേറെയുണ്ട്…. അതിൽ മലയാളിയും തമിഴനും തെലുങ്കനും കന്നഡിഗനും ഒക്കെയുണ്ട്… നല്ല കിണ്ണം കാച്ചിയ അണ്ണന്മാർ…. വെറുതേ ഇവിടെ കിടന്ന് അങ്കം കാണിച്ചാൽ ആറെണ്ണത്തിനെയും ഇവിടെ തന്നെ കുഴിച്ചു മൂടും അവന്മാർ….

ഫസൽ തിരിഞ്ഞു കാശിയോട് പറഞ്ഞതും അവർക്ക് മുൻപിൽ ഗേറ്റ് വലിയ ശബ്ദത്തോടെ തുറന്നു…

സിദ്ധു… സ്വർഗ്ഗത്തിലേക്കുള്ള കവാടമാണ് മോനെ നമ്മുക്ക് മുൻപിൽ തുറന്നത്… അപ്പോൾ കേറുകയല്ലേ….?

ഫസലെ…. ഇത് വേണോടാ…. വീട്ടിൽ അറിഞ്ഞാൽ….?

സിദ്ധാർഥ് ഒരു സംശയത്തോടെ ഫസലിനെ നോക്കി….

തുടങ്ങി…. അവനും അവന്റെയൊരു വീടും… നിന്റെ അച്ഛനും വലിയച്ഛനും ഈ സ്ഥലമൊന്നും അറിയാത്തതു പോലുമുണ്ടാകില്ല…. നീ വണ്ടിയെടുക്ക് ഫസലെ….

ജിപ്സിയും ക്രിസ്റ്റയും മുരൾച്ചയോടെ ഗേറ്റിന്റെ ഉള്ളിലേക്ക് കയറി….

ഗേറ്റിന്റെ അകത്തു കടന്നതും ഫസൽ ഒഴിച്ച് ബാക്കിയെല്ലാവരും അത്ഭുതം കൊണ്ട് സ്തംഭിച്ചു പോയി….

വൃന്ദാവൻ ഗാർഡൻ തോറ്റു പോകുന്ന രീതിയിൽ അതി മനോഹരമായ ചുറ്റുപാട്…. അതിന്റെ നടുവിലൂടെ ടൈൽ പാകിയ വൃത്തിയുള്ള വഴിയിലൂടെ വണ്ടികൾ ചെന്ന് നിന്നത് ഒരു പടുകൂറ്റൻ ബംഗ്ലാവിന്റെ മുന്പിലേക്കാണ്….

അതിവിശാലമായ പാർക്കിംഗ് ഗ്രൗണ്ടിൽ വില കൂടിയ ആഡംബര കാറുകൾ കിടപ്പുണ്ടായിരുന്നു…..

കിഡ്‌വേ….. ഇതേതാണ് മോനെ സ്ഥലം….?

ദീപക്കിന് അത്ഭുതം കൊണ്ട് നിയന്ത്രണം തെറ്റിയ അവസ്ഥയായിരുന്നു…..

ഫസൽ ഡോർ തുറന്നു പുറത്തേക്കിറങ്ങി….

ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്…. ഇതാണ്… ഇതാണ്…..

അവൻ ഒന്ന് നിർത്തിയിട്ട് എളിക്ക് കൈ കൊടുത്തു കൊണ്ട്…. തല ഉയർത്തി ചുറ്റും നോക്കി…..

ഇതാണ് മോനെ മിത്ര തങ്കച്ചിയുടെ കൊട്ടാരം…. ലോകത്തെ ഏതു രാജ്യത്തെ സുന്ദരികളെയും ഇവിടെ കിട്ടും…. ഉന്നത രാഷ്ട്രീയ നേതാക്കൾ മുതൽ…. സെലിബ്രിറ്റികളും വ്യവസായ പ്രമുഖരും വരെ  **…..** മാറ്റാൻ എത്തുന്ന തങ്കച്ചിയുടെ സ്വർഗം…..

തികച്ചും നാടകീയമായി ഫസൽ അത്രയും പറഞ്ഞു നിർത്തിയപ്പോഴേക്കും ബാക്കി രണ്ട് പേരും കൂടി അങ്ങോട്ടേക്ക് എത്തിയിരുന്നു….

എല്ലാവരും അത്ഭുതത്തോടെ ഫസലിനെ നോക്കി ശേഷം ബംഗ്ളാവിലേക്കും…. സിദ്ധുവിന്റെ മുഖത്ത് മാത്രം ഭയമായിരുന്നു….

എന്താടാ….?

ഫസൽ അവന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു….

അല്ലടാ നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അച്ഛനും വലിയച്ഛനും കൊച്ചച്ഛനുമൊക്കെ ഇവിടെ വന്നിട്ട് ഉണ്ടാകുമോ എന്നൊരു ഡൌട്ട്….?

സിദ്ധാർഥ് തന്റെ പേടി തുറന്ന് പറഞ്ഞു….

അതിൽ നീ പേടിക്കണ്ട…. ആ ഒരു കേസിൽ ചെറുതോട്ടത്തിൽ ബലരാമനും അനിയന്മാരും പക്കാ ഡീസന്റ് മെമ്പറാമാരാണെന്നു അവരെ അറിയാവുന്ന ഏതൊരു കൊച്ച് കുട്ടിക്കും അറിയാം അത് കൊണ്ട് നീ അത് വിട്…. എന്നിട്ട് എൻജോയ് ചെയ്യാൻ നോക്ക്….

ഫസൽ അവനെ ആശ്വസിപ്പിച്ചു…. ആറു പേരും ബംഗ്ലാവ് ലക്ഷ്യമാക്കി നടന്നു…. ഇതേ സമയം ബംഗ്ളാവിന്റെ മുകളിലത്തെ നിലയിലെ മുറിയുടെ തുറന്നു കിടന്ന ജനലിൽ കൂടി ആറു പേരെയും വീക്ഷിച്ചു കൊണ്ടിരുന്ന സ്ത്രീയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു….

നാല്പത്  വയസ് പ്രായം ഉണ്ടെങ്കിലും അധികം വണ്ണമില്ലാത്ത കൗമാരക്കാരികൾ തോറ്റു പോകുന്ന ഉടലഴകും കാമവും പ്രതികാരവും ഒരു പോലെ മാറിമറിയുന്ന വശ്യതയാർന്ന കണ്ണുകളുമായി അവൾ….

മിത്ര തങ്കച്ചി…..

അവളുടെ നോട്ടം സിദ്ധാർത്ഥിൽ ആയിരുന്നു…

ബലരാമാ…. നിന്റെ നാശത്തിനു ഇവിടെ ഞാൻ തുടക്കം കുറിക്കുകയായാണ്….. ചെറുതോട്ടത്തിൽ തറവാട്ടിലെ ഇളമുറ തമ്പുരാനായി നീയും നിന്റെ അനുജന്മാരും അരിയിട്ട് വാഴ്ച നടത്തിയ ഈ കുരിപ്പിനെ കൊണ്ട് തന്നെ ആ മഹാസാമ്രജ്യത്തിന്റെ ആണിക്കല്ല് ഞാൻ പറിപ്പിക്കും….

പക മൂത്ത മൂർഖനെ പോലെ അവൾ ചീറ്റി…. അവൾ വശ്യമാർന്ന ചുവടു വെയ്പുകളോടെ താഴേക്ക് നടന്നു….

ബംഗ്ളാവിന്റെ ഹാളിലേക്കെത്തിയ അഞ്ചു പേരും അന്തം വിട്ട് ചുറ്റും നോക്കി കൊണ്ടിരുന്ന സമയത്ത് തന്നെ ഫസലിന്റെ ഫോൺ റിങ് ചെയ്തു….. ഫോൺ എടുത്ത് നോക്കിയ ഫസൽ ഒന്നമ്പരന്നു…..

പരിചയമില്ലാത്ത നമ്പറാണ്….

അവൻ കാൾ അറ്റൻഡ് ചെയ്തു…..

ഫസൽ…. ഞാൻ ആണ്… ഇബ്രാഹിം….

ഇബ്രാഹിം ഹസ്സനാർ…..

ഫസലിന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്ന് പോയി….. അവൻ കൂട്ടുകാരോട് ഇപ്പോൾ വരാം എന്ന് കൈ കൊണ്ട് കാണിച്ചിട്ട്…. പുറത്തേക്ക് നടന്നു…..

ഹ…. ഹലോ…. !

വിക്കി വിക്കി അവനൊരു ഹലോ പറഞ്ഞൊപ്പിച്ചു….

നീ മിടുക്കനാണ് ഫസൽ…. പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്ത് നീ അവനെ എത്തിച്ചു…. ഗുഡ് ബോയ്…. ഹൈദരാബാദിലെ റെഡ്‌ഡി ബ്രദർസും കേരളത്തിലെ ചെറുതോട്ടത്തിൽ ഗ്രുപ്പും കൈ അടക്കി വെച്ചിരിക്കുന്ന തെന്നിന്ത്യൻ ബിസിനസ് ലോകത്തേക്ക് ഇബ്രാഹിം ഹസ്സനാരുടെ മാസ്സ് എൻട്രിക്ക് വഴിയൊരുക്കിയവൻ എന്ന് നാളെ നീ അറിയപ്പെടും ഫസൽ….

സാർ…… സാർ… അവന്… അവനിവിടെ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ ബലരാമൻ എന്നെ ബാക്കി വെച്ചേക്കില്ല….

ഫസൽ പേടിയോടെ പറഞ്ഞു….

അവന് എന്ത് സംഭവിക്കാൻ….? ഒന്നും സംഭവിക്കില്ല… തങ്കച്ചിയും പിള്ളേരും ചേർന്ന് ഇന്ന് അവന് സ്വർഗം സമ്മാനിക്കും…. ഇന്ന് മുതൽ സിദ്ധാർഥ് ബാലഭാസ്കർ എന്ന ഇരുപതുകാരന്റെ മനസ്സിൽ മിത്ര തങ്കച്ചിയുടെ ഈ ദേവലോകം മാത്രമേ ഉണ്ടാകുകയുള്ളൂ…

ഇബ്രാഹിം ഇത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ സിദ്ധാർത്ഥിന്റെ കണ്ണുകൾ സ്റ്റെപ് ഇറങ്ങി താഴേക്ക് വരുന്ന തങ്കച്ചിയുടെ ഉടലിൽ ആയിരുന്നു…..

തങ്കച്ചിയുടെ കണ്ണുകളിലെ പകയുടെ വിഷം അവൻ കണ്ടില്ല… ഏതോ മായാലോകത്ത് എന്ന പോലെ സിദ്ധാർത്ഥ് തങ്കച്ചിയുടെ സൗന്ദര്യം കണ്ട് നിന്നു….

അവൻ അറിഞ്ഞിരുന്നില്ല…. ബലരാമൻ എന്ന വടവൃക്ഷത്തിന്റെ തായ് വേര് അറുക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നവരെല്ലാം ചൂണ്ടയിൽ കൊരുത്ത ഇരയായി തന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന്….

 ******** ********** *********

വടയമ്പാടി……

തലേ ദിവസത്തെ ഉറക്കത്തിന്റെ ക്ഷീണം വിട്ടൊഴിഞ്ഞു വടയമ്പാടി ജംഗ്‌ഷനും  പരിസര പ്രേദേശങ്ങളും പ്രവർത്തന നിരതമായി തുടങ്ങിയിരുന്നു…..

ടൗണിൽ നിന്നുള്ള ബസ് വടയമ്പാടി ജംഗ്‌ഷനിൽ എത്തി നിന്നു…. അതിനുള്ളിൽ നിന്നും വെള്ള മുണ്ടും ഷർട്ടും ധരിച്ച….. അത്യാവശ്യം തടിമിടുക്കുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി…..

ജംഗ്‌ഷനിൽ കൂടിയിരുന്ന എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി….

ദാസപ്പൻ…..

എൽദോയുടെ ചായക്കടയിൽ ഇരുന്ന ഗോപാലേട്ടന്റെ നാവു മന്ത്രിച്ചു… ഇതേ സമയത്ത് തന്നെ…. കവലയിൽ നിന്ന ചെറുപ്പക്കാരിൽ ഒരാൾ…. ഫോൺ എടുത്ത് ഏതോ ഒരു നമ്പറിലേക്ക് വിളിച്ചു….

കൈയിൽ ഇരുന്ന പ്ലാസ്റ്റിക് കിറ്റ് കക്ഷത്തിൽ തിരുകി ദാസപ്പൻ മുൻപോട്ട് നടന്നതും കൂടി നിന്ന ചെറുപ്പക്കാർ അവന് തടസ്സം സൃഷ്ട്ടിച്ചു കൊണ്ട് നിരന്നു നിന്നു….

ദാസപ്പൊ…. നമ്മുടെ രാമേട്ടനെതിരെ കള്ള സാക്ഷി പറഞ്ഞിട്ട്…. വടയമ്പാടിയിലൂടെ നെഞ്ചും വിരിച്ചു നടക്കാമെന്നു കരുതിയോടാ നായെ….?

കൂട്ടത്തിൽ നിന്നിരുന്ന ചെറുപ്പക്കാരിൽ ഒരാൾ അവനോട് ചോദിച്ചു….

സുനി….. അറിയാതെ പറ്റി പോയതാടാ…. പോലീസുകാർ കുറച്ചു കാശ് തന്നപ്പോൾ…. പിന്നെ ഞാൻ എറണാകുളത്ത് ഒറ്റക്കല്ലേട… എന്നെ അവര് ഭീഷണിപ്പെടുത്തി…. പ്ലീസ് ഡാ…. അനിതയെയും പിള്ളേരെയും കണ്ടിട്ട് ഞാൻ ഇപ്പോൾ തന്നെ പൊയ്ക്കോളാം….

ദാസപ്പൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു….

അത് ശരിയല്ല ദാസപ്പാ… ബഷീറിക്കാ ഇപ്പോൾ വരും… ഇക്കാ വന്നിട്ട് എന്ത് തീരുമാനിക്കുന്നോ അത് പോലെ നടക്കും…. അത് വരെ നീ ഇവിടെ നില്ല്….

സുനി…. ഞാൻ അവരെ കണ്ടിട്ട് പൊയ്ക്കൊള്ളാം….

നീ കാണുവോ…. പോകുവോ…. എന്താന്ന് വെച്ചാൽ ചെയ്തോ… പക്ഷെ ഇക്കാ വന്നതിനു ശേഷം…..

സുനി…. വഴിന്നു മാറാൻ ഞാൻ നിന്നോട് മര്യാദക്കാണ് പറഞ്ഞത്…. !

ദാസപ്പന്റെ മുഖവും ശബ്ദവും മാറിയിരുന്നു….

ചെറയുന്നോടാ നായെ….?

ചോദിച്ചു കൊണ്ട് സുനി മുൻപോട്ട് ആഞ്ഞതും ദാസപ്പൻ വലതു കാൽ ഉയർത്തി അവന്റെ നെഞ്ചത്ത് ചവിട്ടിയതും ഒരുമിച്ചായിരുന്നു….

സുനി തെറിച്ചു നടുവും തല്ലി റോഡിൽ വീണു…. തന്റെ കൈയിലുരുന്ന കിറ്റ് താഴേക്കിട്ടിട്ട് ദാസപ്പൻ മുണ്ട് മടക്കി കുത്തി….

ചെറുപ്പക്കാരിൽ ഒരാൾ മുന്പോട്ട് കുതിച്ചതും അവന്റെ പെടലിക്ക് തന്നെ ദാസപ്പന്റെ അടി വീണിരുന്നു…. തൊട്ടടുത്ത നിമിഷം വേറൊരുത്തന്റെ മൂക്കിന്റെ പാലവും അടുത്ത് നിന്നവന്റെ അടിവയറും തകർന്നു….

അവൻ വയർ പൊത്തി പിടിച്ചു കൊണ്ട് താഴേക്ക് കുനിഞ്ഞു ഇരുന്ന് പോയി….

ഞാൻ ജനിച്ചു വളർന്ന മണ്ണിൽ എന്റെ വഴി തടയുന്നോടാ നായിന്റെ മക്കളെ…. ആരാടാ ഈ ബലരാമൻ….? പത്ത് ചക്രം കയ്യിലുണ്ടെന്നു കരുതി തരവഴിത്തരം കാണിച്ചു നടക്കുന്ന പരമചെറ്റ…..

ദാസപ്പൻ പറഞ്ഞു തീർന്നതും എവിടെ നിന്നെന്നറിയാതെ…. ഒരു മഹിന്ദ്ര മേജർ കുതിച്ചെത്തിയതും ഒരുമിച്ചായിരുന്നു….

വണ്ടി ദാസപ്പന്റെ തൊട്ട് പിന്നിൽ എത്തിയതും വലതു വശത്തേക്ക് വെട്ടി തിരിഞ്ഞു… ഇടതു വശത്തിരുന്ന ബഷീർ ചാടി ഇറങ്ങിയതും ദാസപ്പനിട്ടു ചവിട്ടി….

ഇതെല്ലാം സെക്കന്റിന്റെ നൂറിൽ ഒരംശം സമയം കൊണ്ടാണ് നടന്നത്…

ചവിട്ട് കൊണ്ട് താഴെ വീണ ദാസപ്പൻ ചാടി എഴുന്നേറ്റു….. ബഷീർ തന്റെ തല ഇരുവശത്തേക്കും ചരിച്ചു തോളിനോട് ചേർത്തമർത്തി…

മലരാമന്റെ എച്ചിൽ തിന്നുന്ന പട്ടി….

അലറി കൊണ്ട് ദാസപ്പൻ മുൻപോട്ട് കുതിച്ചു… അക്ഷരാർത്ഥത്തിൽ അത് മാത്രമേ ദാസപ്പന് ചെയ്യാൻ സാധിച്ചുള്ളൂ…. പിന്നീട് നടന്നത് ഏകപക്ഷിയമായ പോരാട്ടമായിരുന്നു… ദാസപ്പന് ഒന്ന് കൈ പോക്കാനുള്ള സാവകാശം പോലും കൊടുക്കാതെ ബഷീർ അവന്റെ ശരീരത്തിൽ അഗ്നിവർഷം പോലെ പെയ്തിറങ്ങി….

അവസാനം ഒരു പഴന്തുണി കെട്ടു പോലെ താഴേക്കു വീണു….

ഒരാൾ ബഷീറിന്റെ കൈയിലേക്ക് ഒരു കഠാര കൊണ്ട് കൊടുത്തു…. പിടിയിൽ കടുവയുടെ മുഖം ആലേഖനം ചെയ്ത കഠാര….

ദാസപ്പാ…. നീ എറണാകുളത്തു രാമേട്ടന് എതിരെ കള്ളസാക്ഷി പറഞ്ഞു…. രാമേട്ടൻ ക്ഷമിച്ചു… ഒരൊറ്റ നിബന്ധനയിൽ…. നീ വടയമ്പാടിയിൽ കാല് കുത്താൻ പാടില്ല…. നീ അത് സമ്മതിച്ചതുമാണ്… അതിന്റെ ഫലത്തിലാണ് കഴിഞ്ഞ രണ്ട് വർഷം നീ ജീവനോടെ ഇരുന്നത്…. ഇപ്പോൾ നിന്റെ ആയുസ്സ് തീർന്നെടാ… തീർന്നു….

അത്രയും പറഞ്ഞിട്ട് ബഷീർ ചോരകൊതിയോടെ ദാസപ്പനെ സമീപിച്ചു….. ദാസപ്പൻ പ്രാണഭയത്തോടെ പുറകിലേക്ക് നിരങ്ങി നീങ്ങി…. അതനുസരിച്ചു ബഷീർ മുന്നിലേക്കും….

ബഷീർ വീണുകിടക്കുന്ന ദാസപ്പന്റെ മുന്നിൽ വന്ന് ഇരുന്നു…..

ദാസപ്പാ… നാറി…. നീ തിർന്നട നീ തീർന്നു….

പറഞ്ഞു തീർന്നതും ബഷീർ വലതു കൈയിലെ കഠാര ഉയർത്തി…. ദാസപ്പൻ കണ്ണുകൾ ഇറുക്കിയടച്ചു…. തൊട്ടടുത്ത നിമിഷം അകലെ നിന്നും വെളുത്ത ബൊലേറോ ഉറക്കെ ഹോൺ മുഴക്കി കൊണ്ട്…. കുതിച്ചെത്തി….. ദാസപ്പന്റെ തൊട്ടു പിന്നിലായി ബ്രെക്കിട്ടു നിന്നു….

ബഷീർ ചോദ്യഭാവത്തിൽ വണ്ടിക്കുള്ളിലേക്കു നോക്കി….

വലതു വശത്തെ ഡോർ തുറന്ന് കേദാർ പുറത്തേക്കിറങ്ങി…. ഉറച്ച കാൽവെപ്പുകളോടെ ബൊലേറോയുടെ മുൻപിലേക്ക് വന്ന അവൻ ബോണറ്റിലേക്കു ചാടി കയറി ഇരുന്നു….

ഒരു സിഗരറ്റിനു തീ കൊടുത്തു ഒരു പുക വലിച്ചു വിട്ടു….ഈ സമയത്തൊക്കെ ബഷീർ കേദാറിനെ തന്നെ ശ്രദ്ധിച്ചു കൊണ്ട് ഇരിക്കുകയാണ്….

എന്തെ….ചെയ്യുന്നില്ലേ….?

ബോണറ്റിൽ നിന്നും ഊർന്ന് ഇറങ്ങി കൊണ്ട് അവൻ ബഷീറിനോട് ചോദിച്ചു…. ബഷീർ ഒന്നും മിണ്ടാതെ കേദാറിനെ തന്നെ ശ്രദ്ധിച്ചു ഇരിക്കുകയാണ്….

ഡാ പൊട്ടാ…. നിന്നോടാ ചോദിച്ചത് ചെയ്യുന്നില്ലേ എന്ന്…..?

അപ്പോഴും മൗനം തന്നെയായിരുന്നു ബഷീറിന്റെ മറുപടി….

ഒറ്റ തന്തക്കു പിറന്നവനെങ്കിൽ ചെയ്തു നോക്കടാ……

സിംഹഗർജനം പോലെ അലറികൊണ്ടവൻ വണ്ടിയുടെ ബോണറ്റിലേക്കു ആഞ്ഞടിച്ചു…..

ബലരാമനെതിരെ ആണൊരുത്തന്റെ ശബ്ദം ഇടിമുഴക്കം പോലെ വടയമ്പാടിയിൽ ഉയർന്നു കേട്ടു…. ആ ശബ്ദത്തിൽ വടയമ്പാടി വിറങ്ങലിച്ചു നിന്നു…..

                              തുടരും…..

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!