പെങ്കൊച്ചിനെ കേറി പിടിക്കുന്നോടാ നായിന്റെ മോനെ…..?
ചോദ്യം കേട്ടത് മാത്രമേ സിദ്ദുവിന് ഓര്മയുള്ളു…. പിന്നെ ചെവിടടക്കം ഒരു സ്ഫോടനവും തലക്ക് ചുറ്റും കുറെ പൊന്നീച്ചകളും മാത്രം….
അടികൊണ്ട് വീടിന്റെ ഭിത്തിയിൽ ചാരി ഇരുന്ന സിദ്ധാർത്ഥിന്റെ മുൻപിൽ അടിമുടി വിറച്ചു കൊണ്ട് കേദാർനാഥ് നിന്നു…..
******** ******** ********* **********
ഇരുട്ട് വീണ കണ്ണിൽ വെളിച്ചം തിരിച്ചെത്തിയപ്പോഴേക്കും സിദ്ധാർഥ് കണ്ടത് മുൻപിൽ രൗദ്രഭീമനെ പോലെ കലി തുള്ളി നിൽക്കുന്ന കേദാറിന്റെ മുഖമാണ്….
സിദ്ധാർത്ഥിന്റെ ഒട്ടും പ്രതീക്ഷികാതെയുള്ള പെരുമാറ്റവും കേദാറിന്റെ പെട്ടെന്നുള്ള കടന്നു വരവും എല്ലാം കൂടി മേഘ ആകെ സ്തഭനാവസ്ഥയിൽ ആയിരുന്നു….
പന്ന കഴുവേറി മോനെ….. പാതിരാത്രിയിൽ വീട്ടിൽ കയറി വന്ന് തരവഴിത്തരം കാണിക്കുന്നോ….?
സിദ്ധാർത്ഥിന്റെ കഴുത്തിനു കുത്തി പിടിച്ചു കൊണ്ട് വീടിന്റെ ഭിത്തിയോട് ചേർത്ത് പൊക്കിഎടുത്ത് കൊണ്ട് കേദാർ അലറി…..
ശ്വാസം കിട്ടാതെ സിദ്ധാർഥ് കൈകാലുകൾ ഇട്ടു അടിച്ചു….. അവന്റെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു….
വിട്….. അവനെ വിട്…… സാർ… പ്ലീസ്…. അവനെ വിട്ടേക്ക്….
പെട്ടെന്ന് ഓർമ തിരിച്ചു കിട്ടിയത് പോലെ മേഘ കേദാറിന്റെ കൈയിൽ പിടിച്ചു കൊണ്ട് കരഞ്ഞു…..
പുറത്തെ ബഹളം കേട്ട് മാരാർ ഉറക്കം വിട്ട് എഴുന്നേറ്റ് വീടിന്റെ ഉള്ളിൽ നിന്നും ഇറങ്ങി വന്നു….
എന്താ ഇവിടെ….?
അതും ചോദിച്ചു പുറത്തേക്ക് വന്ന മാരാർ കണ്ടത് കേദാറിന്റെ കൈയിൽ കിടന്ന് ശ്വാസത്തിനായി പിടയുന്ന സിദ്ധാർത്ഥിനെയാണ്….
അയ്യോ… സാർ…. എന്താ ഇത്…. അവനെ വിട്…. ഇല്ലേ അവൻ ചത്തു പോകും…. എന്തൊക്കെയെ ഇവിടെ നടക്കുന്നെ….?
കേദാർ സിദ്ധാർത്ഥിന്റെ കഴുത്തിലെ പിടി വിട്ടു….. ഒരു പഴന്തുണി കെട്ട് പോലെ സിദ്ധാർഥ് താഴേക്ക് വീണു…. ശ്വാസിക്കാൻ കഴിയാതെ അവൻ ഉറക്കെ ചുമച്ചു….
പാതിരാത്രിയിൽ വീട്ടിൽ കയറി വന്നു പെൺപിള്ളേരെ കേറി പിടിച്ചിരിക്കുന്നു…. പന്ന പുന്നാര മോൻ….. കൊല്ലണ്ടേ ഇവനെ…
കേദാർ സിദ്ധാർത്ഥിനെ ചവിട്ടാൻ ഒരുങ്ങി കൊണ്ട് പറഞ്ഞതും മേഘ സിദ്ധാർഥിനും കേദാറിനും ഇടയിൽ കയറി നിന്നു…..
തൊട്ട് പോകരുത്….. എന്റെ സമ്മതത്തോടെയാണ് അവൻ എന്നെ തൊട്ടത്…. അതിന് നിങ്ങൾക്കെന്താ….?
തനിക്ക് നേരെ ചൂണ്ടിയ വിരലും എരിയുന്ന കണ്ണുകളുമായി നിന്നു ചീറിയ ആ പതിനേഴുകാരിക്ക് മുൻപിൽ കേദാർ ഒരു നിമിഷം ഒന്ന് പതറി…. സിദ്ധാർത്ഥിനെ ചവിട്ടാനായി പൊക്കിയ കാൽ താണു…..
എന്താ നീ പറഞ്ഞത്…..?
അവൾ പറഞ്ഞത് മനസിലാകാത്തത് പോലെ കേദാർ ചോദിച്ചു…
എന്റെ സമ്മതത്തോടെയാണ് അവൻ എന്റെ ദേഹത്ത് കൈവെച്ചത്…. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്….
മേഘ പറഞ്ഞു നിർത്തിയതും പടക്കം പൊട്ടുന്നത് പോലെ അവളുടെ ഇരു കരണത്തും മാരാർ മാറി മാറി അടിച്ചു….. അവളുടെ മുടികുത്തിൽ പിടിച്ചു തല ഭിത്തിക്കിട്ടു ഇടിക്കാൻ ഒരുങ്ങിയ മാരാരെ കേദാർ തടഞ്ഞു….
ഒരുമ്പെട്ടോളെ….. തന്തയും തള്ളയും ഇല്ലാത്തതാണ് എന്നൊന്നും ഞാൻ ഓർക്കില്ല…. കൊന്ന് കുഴിച്ചു മൂടും…..
മാരാർ കോപം കൊണ്ട് വിറച്ചു…..
മാരാർ സാറെ…… ഒറ്റ മിനിറ്റ്…. നിങ്ങൾ ഒന്ന് സമാധാനപ്പെടു…. മോളെ നിനക്ക് പതിനേഴു വയസ്സേ ആയിട്ടുള്ളു…. നിന്റെ സമ്മതോടെ ആണെങ്കിലും അല്ലെങ്കിലും പ്രായപൂർത്തിയാകാത്ത നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന കേസ് ചാർജ് ചെയ്തു ഇവനെ എടുത്ത് അകത്തിടാൻ എനിക്ക് പറ്റും…. നീ ചോദിച്ചില്ലേ ഞാൻ ആരാണെന്നു…. പോലീസ്… ഈ നിൽക്കുന്ന നിന്റെ മുത്തച്ഛൻ പത്ത് മുപ്പതു കൊല്ലം എന്ത് പണിയെടുത്തണോ ആദ്യം നിന്റെ അമ്മയെയും ഇപ്പോൾ നിന്നെയും വളർത്തി കൊണ്ട് വന്നത് അതെ പണിയെടുക്കുന്ന ആൾ…. നിന്റെ കാര്യത്തിൽ തല്ക്കാലം എനിക്ക് ഇടപെടാം അതിന് നിന്റെ സമ്മതം വേണ്ട….. മനസിലായൊടി……
സൗമ്യമായി പറഞ്ഞു തുടങ്ങിയ കേദാർ അവസാനിപ്പിച്ചത് ഒരു അലർച്ചയിലാണ്…. മാരാർ വരെ വിറച്ചു പോയി അവന്റെ അപ്പോഴത്തെ ഭാവം കണ്ടപ്പോൾ….
ഇവനെതാടി….?
താഴെ കിടക്കുന്ന സിദ്ധാർത്ഥിനെ നോക്കി കൊണ്ട് കേദാർ ചോദിച്ചു…. മേഘ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…..
നീ ഏതാടാ….? നിന്റെ പേരെന്താ….?
സിദ്ധാർത്ഥിനെ പിടിച്ചെഴുനേൽപ്പിച്ചു കൊണ്ട് കേദാർ ചോദിച്ചു….
ഞാൻ സിദ്ധാർഥ്… ചെറുതോട്ടത്തിലെ ബാലഭാസ്കറുടെ മോൻ……
കാര്യങ്ങൾ കൈ വിട്ട് പോയെന്നും…. തന്നെ പെരുമറിയ ആൾ പോലീസ് ആണെന്നും തിരിച്ചറിഞ്ഞ സിദ്ധു രക്ഷപെടാൻ ഉള്ള അവസാന അടവ് എന്ന നിലയിൽ സത്യം തുറന്നു പറഞ്ഞു….
അവൻ അത് പറഞ്ഞതും കേദാറിന്റെ മുഖഭാവം മാറി….. ഒരുതരം പൈശാചികമായ ഭാവം കേദാറിന്റെ മുഖത്ത് തെളിഞ്ഞു….
ആഹാ….. നീ ചെറുതോട്ടത്തിലെ കുട്ടിയാണല്ലേ…..? നിന്റെ ഗോവൻ ട്രിപ്പിന്റെ കഥയൊക്കെ ഞാൻ അറിഞ്ഞു…. നീയൊരു പുലിയാണെന്നാണല്ലോടാ നിന്റെ കൂടെ കിടന്ന പെൺപിള്ളേരൊക്കെ പറയുന്നത്…. ങേ…..
സിദ്ധാർത്ഥിന്റെ കവിളത്ത് മെല്ലെ തട്ടിക്കൊണ്ടു കേദാർ ചോദിച്ചു….. തന്നെ അടിമുടി വല്ലാത്ത പകയോടെ നോക്കുന്ന കേദാറിന്റെ ഭാവം കണ്ടപ്പോഴേ പണി പൂർണമായും പാളിയെന്ന് സിദ്ധാർത്ഥിന് മനസിലായി…. അവൻ ദയനീയമായി മേഘയെയും മാരാരെയും മാറി മാറി നോക്കി….
കേദാർ അപ്പോൾ പറഞ്ഞ കാര്യം മേഘയുടെ ഹൃദയത്തിലാണ് തുളഞ്ഞു കയറിയത്….. അവൾ ആദ്യമായി കാണുന്നത് പോലെ സിദ്ധാർത്ഥിനെ നോക്കി….. മാരാർ ആവട്ടെ ആകെ കലി കയറി പോലെയായായിരുന്നു…..
സാറെ…. സാർ ഇപ്പോൾ എന്താ പറഞ്ഞത്…..?
മേഘ സിദ്ധാർത്ഥിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് കേദാറിനോടായി ചോദിച്ചു….
നിന്റെ ഈ പ്രാണനായകൻ മറ്റു പല പെണ്ണുങ്ങൾക്കും കാമദേവൻ ആണെന്ന്…. അവരുടെ വാക്കുകളിൽ പറഞ്ഞാൽ എല്ലാം തികഞ്ഞ ആണ്….
കേദാർ പറഞ്ഞു തീർന്നതും മേഘയുടെ കൈ സിദ്ധാർത്ഥിന്റെ കവിളിൽ ശക്തിയായി പതിഞ്ഞു……
നാണം കെട്ട നായെ…… ഞാൻ നിനക്ക് കാമം തീർക്കാനുള്ള ഒരു വസ്തു മാത്രമായിരുന്നു അല്ലേടാ…..?
എരിയുന്ന കണ്ണുകളുമായി നിന്ന് മേഘയുടെ ചോദ്യവും അടിയും കൂടിയായപ്പോൾ സിദ്ധു ആകെ അന്ധാളിച്ചു പോയി…..
മേഘ…. അത് അങ്ങനെയല്ല…. ഇയാൾ… ഇയാൾ കള്ളം പറയുകയാണ്….
പ്ഫ…… കള്ള കഴുവേറി…. ഗോവയിലും ബംഗ്ളരും ഒക്കെ നടന്നു കണ്ട പെണ്പിള്ളേരുടെ മേത്തു നിന്റെ **..** തീർത്തത് പോരാഞ്ഞിട്ടാണോഡാ…. തന്തയുടെ പൂത്ത കാശും കണ്ട് സ്വന്തം നാട്ടിൽ ചെറ്റ പൊക്കാൻ ഇറങ്ങിയേക്കുന്നതു….
സിദ്ധാർത്ഥിന്റെ കുത്തിന് പിടിച്ചു കൊണ്ട് കേദാർ അലറി…..
സാർ…. പ്ലീസ്…. പ്ലീസ് സാർ….. പറ്റിപോയി… തെറ്റ് പറ്റിപ്പോയി…. പക്ഷെ ഇവൾ… ഇവൾ എനിക്ക് അങ്ങനെയല്ല…. ശരിക്കും… ശരിക്കും ഇഷ്ടമാണ്…. ഇവൾ ഇല്ലാതെ എനിക്ക് പറ്റില്ല സാർ…. മേഘ… മേഘ നീയില്ലാതെ സിദ്ധാർഥ് ഇല്ല…. പ്ലീസ്… പ്ലീസ്….
സിദ്ധാർഥ് ഒരു കൊച്ച് കുഞ്ഞിനെ പോലെ പൊട്ടി കരഞ്ഞു….. അവൻ പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു…. അവൾ ഇല്ലാതെ അവന് പറ്റില്ലായിരുന്നു….. ഒരു ഇരുപതുകാരന് തെറ്റിലേക്കുള്ള വഴി വളരെ എളുപ്പമുള്ളതാണ്….. ബലരാമന്റെ ശത്രുക്കൾ സിദ്ധാർത്ഥിനെ കരുവാക്കി നടത്തിയ നിഴൽ യുദ്ധത്തിൽ പെട്ട് അവൻ അതിവേഗം തെറ്റിന്റെ പാതയിലേക്ക് കടന്നു…. പക്ഷെ അപ്പോഴും നന്മയുടെ വറ്റാത്ത ഉറവയായി അവന്റെ മനസ്സിൽ ഉണ്ടായിരുന്നത് അവളാണ്…. മേഘ…..
പക്ഷെ സിദ്ധാർത്ഥിന്റെ തെറ്റ് പറ്റിപ്പോയി എന്ന കുമ്പസാരം മേഘയുടെ അവശേഷിച്ച സമചിത്തത കൂടി നഷ്ടപ്പെടുത്തി കളഞ്ഞു…. അവൾ അവനെ അത്രെയേറെ വിശ്വസിച്ചിരുന്നു…. ഒരു പതിനേഴുകാരിക്ക് അവൾ ജീവന് തുല്യം സ്നേഹിച്ചവന്റെ അടുക്കൽ നിന്നും ഉണ്ടായ ഈ പെരുമാറ്റം ക്ഷമിച്ചു കളയാനുള്ള മഹാമനസ്കത ഇല്ലായിരുന്നു…. അവൾ സിദ്ധാർത്ഥിന്റെ മുൻപിലേക്ക് വന്നു….
ഇപ്പോൾ ഇറങ്ങണം ഈ വളപ്പിൽ നിന്നും…. ഇനി എന്റെ നിഴൽവെട്ടത്തു പോലും നീ ഉണ്ടാകരുത്….. ഗെറ്റ് ലോസ്റ്റ് യൂ…… !
മുഖത്ത് തീ കൊണ്ട് കുത്തേറ്റത് പോലെയാണ് സിദ്ധാർത്ഥിന് അവളുടെ വാക്കുകൾ കേട്ടപ്പോൾ തോന്നിയത്…. അവൻ അവിശ്വസിനയതയോടെ മേഘയെ നോക്കി….. തന്റെ ഇരു കവിളുകളിലൂടെയും ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് മേഘ തിരിച്ചു നടന്നു….
മേഘ പ്ലീസ്…. പോകരുത്… പ്ലീസ്….
കേദാറിന്റെ കൈയിൽ കിടന്ന് സിദ്ധാർഥ് പിടച്ചു…. ക്രൂരമായ ഒരാനന്ദത്തോടെ കേദാർ അത് നോക്കി നിന്നു….
അവൾ പറഞ്ഞത് കേട്ടോടാ…. നിന്നെ വേണ്ടാന്ന്…. നിന്റെ മുഖത്ത് നോക്കിയല്ലേടാ നായെ അവൾ പറഞ്ഞത് നിന്നെ വേണ്ടാന്ന്…. ഇനി നീ ആണാണെന്നും പറഞ്ഞു നടക്കുന്നത് എന്തിനാടാ…..?
വെറുപ്പും പകയും നിറഞ്ഞ ശബ്ദത്തോടെ കേദാർ അവനോട് ചോദിച്ചു…. ആ ചോദ്യം കേട്ടതും സിദ്ധാർത്ഥിന്റെ മുഖഭാവം മാറി…. നിരാശയും നഷ്ടബോധവും നിസ്സഹായതയും നഷ്ടബോധവും അപമാനവും ഒക്കെ കൂടി വല്ലാത്തൊരു അവസ്ഥയിലേക്ക് അവൻ എത്തിച്ചേർന്നു…..
ഡാ…. പോലീസുകാരൻ പട്ടി….. ഇപ്പോൾ ചെയ്തതിനു നീ അനുഭവിക്കും…. വടയമ്പാടിയുടെ മണ്ണിൽ നീ ചോര കക്കി കിടക്കും…. നിന്നെ കിടത്തും ഞാൻ…. ചെറുതോട്ടത്തിലെ ചോരയാടാ പറയുന്നത്…..
സിദ്ധാർഥ് പറഞ്ഞു തീർന്നതും കേദാറിന്റെ ഇടംകൈ അവന്റെ വലം കവിൾ തകർത്തു….
കേദാറിന്റെ മുഴുവൻ കരുത്തും നിറഞ്ഞു നിന്ന അടിയുടെ ശക്തിയിൽ സിദ്ധു താഴേക്ക് വീണു പോയി….. വീണു കിടന്ന സിദ്ധുവിന്റെ നെഞ്ചിൽ കേദാറിന്റെ ബൂട്ട് പതിഞ്ഞു…..
ഡാ…. ചെക്കാ…. ഈ കാൽ ഒരു അഞ്ചു മിനിറ്റ് അമർത്തി പിടിച്ചാൽ നീ തീർന്നു പോകും….. ചെറുതോട്ടത്തിലെ ചോര…. നീ ഊറ്റം കൊള്ളുന്ന ചെറുതോട്ടത്തിൽ സാമ്രാജ്യത്തിന്റെ അടിവേരറുക്കാൻ അവതാരമെടുത്തവനാണ് ഞാൻ…. അറിയാമോടാ…..
പല്ലുകൾ ഇറുമി കൊണ്ട് കേദാർ അത് പറയുമ്പോൾ ഒരു കരുത്തന്റെ കാലടികളിൽ കിടക്കുന്ന ഇരുപതുകാരന്റെ ദയനീയ ഭാവം ആയിരുന്നില്ല സിദ്ധാർത്ഥിന്റെ കണ്ണുകളിൽ….. പകരം പകയായിരുന്നു….
കൗമാരം വിട്ട് തുടങ്ങി യൗവനത്തിലേക്ക് നീങ്ങുന്ന അവന്റെ തലച്ചോറിൽ കേദാറിന്റെ മുഖം ആഴത്തിൽ പതിഞ്ഞു…. ഒരിക്കലും മായാതെ…. മറക്കാതെ അവൻ ആ മുഖം തന്റെ ഉള്ളിൽ പതപ്പിച്ചിട്ടു….
കേദാറിനു വിജയിച്ചവന്റെ മുഖഭാവമായിരുന്നു…. ബലരാമനെ ജയിക്കാൻ ഒരവസരം…. അതും ഇത്ര പെട്ടെന്ന്…..
സിദ്ധാർത്ഥിന്റെ നെഞ്ചിൽ നിന്നും കേദാർ കാലെടുത്തു…. ശേഷം അവൻ മാരാരുടെ നേരെ തിരിഞ്ഞു….
മാരാർ സാറെ…. ഒരു കംപ്ലൈന്റ് എഴുതി തരണം….. ചെറുതോട്ടത്തിലെ കൊച്ചമ്പ്രാനെ കുറച്ചു ദിവസം സബ് ജയിലിലേക്ക് വിരുന്നിനു അയക്കാം നമ്മുക്ക്…..
വേണ്ട സാറെ…… ഞാൻ ഇപ്പോൾ അത് ചെയ്‌താൽ എന്റെ കുഞ്ഞിനെ പറ്റി നാളെ എന്തൊക്കെയാണ് ഈ നാട്ടിൽ പറഞ്ഞു പരത്തുക എന്ന് അറിയില്ല….. എന്റെ കുഞ്ഞിന്റെ ഭാവി നശിപ്പിക്കല്ലേ സാറെ….. എനിക്ക് അവൾ മാത്രമേയുള്ളു…. പ്ലീസ് സാർ…..
മാരാർ കൈകൾ കൂപ്പികൊണ്ട് കേദാറിനോട് അപേക്ഷിച്ചു….. കേദാറിന്റെ കണ്ണുകൾ കുറുകി…..
ഛേ……
നഷ്ടബോധത്തോടെ അവൻ മുഷ്ടിചുരുട്ടി കൊണ്ട് തിരിഞ്ഞു സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി….
അപ്പോഴേക്കും നിലത്ത് നിന്നും എഴുന്നേറ്റ സിദ്ധാർഥ് പക എരിയുന്ന കണ്ണുകളുമായി കേദാറിനെ നോക്കി കൊണ്ട് തന്റെ കടവായിൽ നിന്നും ഒഴുകിയിറങ്ങിയ ചോര പുറം കൈയാൽ തുടച്ചു കളഞ്ഞു….
ഈ രാത്രി മറക്കില്ല കേട്ടാ…..? നീ മനസ്സിൽ കുറിച്ച് വെച്ചോ…. നീ ഇല്ലാതെയാക്കിയത് എന്റെ ജീവിതമാണ്….. ചെറുതോട്ടത്തിൽ സിദ്ധാർത്ഥിന്റെ ജീവിതം….
പോടാ…. പോടാ…. പോടാ…..
സിദ്ധാർഥ് പക മൂത്ത് പറഞ്ഞതിനെ നിസ്സാരമാക്കി കൊണ്ട് കേദാർ അവനോട് പറഞ്ഞു….
സിദ്ധാർഥ് മാരാരെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടന്നു….
മാരാർ സാർ പോയി കിടന്നോ…. സാർ പറഞ്ഞത് കൊണ്ട് ഇപ്പോൾ ഞാൻ വിട്ടു…. ഇനി അവൻ ഇതിന്റെ പേരിൽ എന്തെങ്കിലും തരവഴിത്തരവും ആയി വന്നാൽ പിന്നെ എന്നോട് ക്ഷമിക്കാൻ പറയരുത്…..
അത്രയും പറഞ്ഞിട്ട് കേദാർ തിരിച്ചു നടന്നു…..
തിരിച്ചു റൂമിലെത്തിയ കേദാർ മദ്യകുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തി… രണ്ട് കവിൾ കുടിച്ച ശേഷം മദ്യകുപ്പി താഴേക്ക് വെച്ച കേദാർ മുറിയിലെ അലമാരയുടെ ഗ്ലാസിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തെ നോക്കി…..
നന്മയുടെ കണിക ഒട്ടും ഇല്ലാത്ത ചെകുത്താന്റെ മുഖമായിരുന്നു അവനപ്പോൾ….. തന്റെ പ്രതിബിംബത്തെ നോക്കി നിന്ന കേദാറിന്റെ മുഖത്ത് ഒരു ചിരി വിടർന്നു…..
ഇരയെ പിടിക്കാൻ കെണിയൊരുക്കുന്ന വേട്ടക്കാരന്റെ ക്രൂരമായ ചിരി……
ചെറുതോട്ടത്തിൽ വീട് എത്തും മുൻപ് തന്നെ സിദ്ധു കണ്ടു തന്നെ തപ്പിയിറങ്ങിയ തന്റെ കൂട്ടുകാരെ….
ഫസലും സംഘവും സിദ്ധാർത്ഥിനെ കണ്ടതും വണ്ടി നിർത്തി…..
ഡാ… ഞങ്ങളെ ആ കടുവക്കൂട്ടത്തിൽ ഇട്ടിട്ട് നീ ഈ രാത്രിയിൽ ഏതു മറ്റേടത്തു പോയി കിടക്കുവായിരുന്നെടാ കഴുവേറി….?
വണ്ടി നിർത്തിയ പാടെ ഫസൽ സിദ്ദുവിന് നേരെ ചീറി…. പിന്നിടാണ് അവൻ സിദ്ധാർത്ഥിന്റെ മുഖത്തെ പാടുകൾ കാണുന്നത്…..
ഇതെന്താടാ…..?
സിദ്ധാർത്ഥിന്റെ മുഖം പിടിച്ചു തിരിച്ചുകൊണ്ട് ഫസൽ ചോദിച്ചു…..
അതൊക്കെ പറയാം….. നീ ഇപ്പോൾ വണ്ടിയെടുക്കു….
അത്രയും പറഞ്ഞുകൊണ്ട് സിദ്ധാർഥ് വണ്ടിയിൽ കയറി…..
എങ്ങോട്ടാ….? വീട്ടിലേക്കാണോ….?
വീട്ടിലേക്ക് ഈ പരുവത്തിൽ കേറി ചെല്ലാൻ പറ്റില്ല… ഒരു നൂറു ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടി വരും…. നീ നേരെ പാബ്ര കോളനിയിലേക്ക് വണ്ടി വിട്…..
അതെവിടേയാ…..?
ഫസൽ തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു….
നീ വണ്ടിയെടുക്ക് ഫസലെ…. വഴി ഞാൻ പറഞ്ഞു തരാം…..
അത്രയും പറഞ്ഞിട്ട് സിദ്ധാർത്ഥ് തലക്ക് കൈകൊടുത്തിരുന്നു….. അവന്റെ മുന്നിൽ അപ്പോൾ ഒരേയൊരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു….
കേദാർനാഥ് എന്ന ചെകുത്താന്റെ മുഖം…..
സിദ്ധാർഥ് പകയോടെ തന്റെ പല്ലുകൾ ഞെരിച്ചു…..
********** ********* *********
രാവിലെ നിർത്താതെ മൊബൈൽ റിങ് ചെയ്യുന്നത് കേട്ടാണ് കേദാർ ഉറക്കമുണർന്നത്…. അയാൾ കൈ എത്തിച്ചു ഫോൺ എടുത്ത് അറ്റൻഡ് ചെയ്തു കൊണ്ട് ഫോൺ ചെവിയോട് ചേർത്തു….
സാറെ ജയരാമനാണ്…. ചെമ്പൻ കുന്നിലെ പാറമടക്കയത്തിൽ ഒരു പെൺകുട്ടിയുടെ ശവം…. ജീപ്പ് വിട്ടിട്ടുണ്ട് സാർ ഒന്ന് വേഗം റെഡിയായി നിന്നോ…. സാർ വന്നിട്ട് വേണം ഇത് കരക്ക് കയറ്റാൻ…
ഓക്കേ……
അത്രയും പറഞ്ഞിട്ട് കേദാർ ഫോൺ കട്ട് ചെയ്തു സമയം നോക്കി… ആറര…..
വെളുപ്പിനെ വന്നു കയറുന്ന ഓരോരോ മാരണങ്ങൾ….
പിറുപിറുത്ത് കൊണ്ട് കേദാർ എഴുന്നേറ്റതും പുറത്തു വാതിലിൽ ആരോ ശക്തമായി മുട്ടുന്ന ശബ്ദം കേട്ടു…..
കേദാർ വേഗം ചെന്ന് വാതിൽ തുറന്നു…. പുറത്തു പരിഭ്രമിച്ച മുഖത്തോടെ മാരാർ……
എന്താ മാരാർ സാറേ…..?
കേദാർ സാറെ എന്റെ മോളെ…. എന്റെ മേഘമോളെ കാണാനില്ല സാറെ…..
വലിയൊരു പൊട്ടിക്കരച്ചിലോടെ മാരാർ പറഞ്ഞു…..
കാണാനില്ലെന്നോ…. അവൾ എവിടെ പോകാൻ… വല്ല അമ്പലത്തിലും പോയി കാണും…. സാർ വിഷമിക്കാതെ അവൾ വന്നോളും….
ഇല്ല സാറെ…. വെളുപ്പിന് 5 മണി മുതൽ ഞാൻ അന്വേഷിക്കുന്നതാണ്….ഇനി തിരക്കാൻ ഒരു സ്ഥലം ബാക്കിയില്ല….
ഭയവും സങ്കടവും കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തിൽ മാരാർ പറഞ്ഞു…..
കേദാറിന്റെ മനസ്സിൽ അപായത്തിന്റെ ചൂളംവിളി ഉയർന്നു….. തൊട്ടടുത്ത നിമിഷം പൊടി പറത്തി കൊണ്ട് പോലീസ് ജീപ്പ് അവിടെ പാഞ്ഞെത്തി നിന്നു…..
ഡ്രൈവർ ഹബീബ് ഇറങ്ങി വന്നു കേദാറിനെ സല്യൂട്ട് ചെയ്തു….
ഹബീബേ വണ്ടിയെടുക്ക്……
രണ്ടാമതൊന്നു ആലോചിക്കാതെ കേദാർ ചെന്ന് വണ്ടിയിൽ കയറി…..
സാർ…. ഈ വേഷത്തിൽ…..
തന്നോട് വണ്ടിയെടുക്കാനാണ് പറഞ്ഞത്…..
കേദാറിന്റെ ശബ്ദം ഉയർന്നു…..
സാർ…. എന്റെ മോൾ…..
മാരാർ സാർ വണ്ടിയിലേക്ക് കയറ്….
കേദാർ പറഞ്ഞു തീർന്നതും മാരാരും ഹബീബും വണ്ടിയിൽ കയറി….. അതിവേഗം ആ വാഹനം ചെമ്പൻകുന്ന് ലക്ഷ്യമാക്കി കുതിച്ചു….
സമയം ഏഴുമണിയോട് അടുക്കുന്നതെ ഉണ്ടായിരുന്നെവെങ്കിലും സാമാന്യം നല്ല ജനക്കൂട്ടം തന്നെ പാറമട കയത്തിനു ചുറ്റും ഉണ്ടായിരുന്നു…..
പോലീസ് ജീപ്പ് ജയറാമും സംഘവും നിൽക്കുന്നതിന്റെ തൊട്ടടുത്തായി ചെന്ന് നിന്നു…
കേദാർ വണ്ടിയിൽ നിന്നും ഇറങ്ങി…. പോലീസുകാർ അവന് സല്യൂട്ട് നൽകി….
മ്മ്…. എവിടെയാ ബോഡി….?
സല്യൂട്ട് സ്വീകരിച്ചു കൊണ്ട് കേദാർ ചോദിച്ചു….
ദാ… സാർ….
ജയറാം ബോഡി കിടക്കുന്നത് കേദാറിന് കാണിച്ചു കൊടുത്തു…..
സിഐ ഓഫീസിൽ വിവരം അറിയിച്ചോ….
അറിയിച്ചു സാർ….. അവർ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്…..
ജയറാം പറഞ്ഞു തീർന്നതും സർക്കിൾ ഇൻസ്‌പെക്ടർ ജെയിംസ് വർഗീസിന്റെ ജീപ്പ് അവിടേക്ക് എത്തിച്ചേർന്നു….
കേദാറും മറ്റുള്ളവരും അദ്ദേഹത്തിന് സല്യൂട്ട് നൽകി…..
ജെയിംസ് വണ്ടിയിൽ നിന്നറങ്ങി കേദാറിനെ അടിമുടി നോക്കി….
എന്ത് വേഷമാടോ ഇത്……?
മുഖത്ത് തെളിഞ്ഞ പുച്ഛഭാവത്തോടെ അദ്ദേഹം കേദാറിനോട് ചോദിച്ചു….
അത് സാർ… പെട്ടന്നായത് കൊണ്ട്…..
കേദാർ മറുപടി പറയാൻ ഒരുങ്ങിയതും മാരാരുടെ അലറിക്കരച്ചിൽ അവിടെ മുഴങ്ങി…..
എന്റെ മോളെ……?
ജെയിംസും കേദാറും അടക്കം എല്ലാവരും ഞെട്ടി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…..
വണ്ടിയിൽ നിന്നിറങ്ങി ഒരലർച്ചയോടെ കയത്തിന്റെ അരികിലേക്ക് കുതിക്കുന്ന മാരാർ…. പെട്ടെന്ന് തന്നെ കയത്തിന്റെ അരികിൽ നിന്ന പോലീസുകാർ മാരാരെ തടഞ്ഞു…..
ആരാടോ അത്….?
മാരാർ സാർ…. നമ്മുടെ ഡിപ്പാർട്മെന്റിൽ നിന്നും റിട്ടയർ ചെയ്ത ആളാണ്…. പുള്ളിക്കാരന്റെ മകളെ ഇന്ന് രാവിലെ മുതൽ കാണാനില്ല….
മ്മ്…..
കേദാർ പറഞ്ഞത് കേട്ട് ജെയിംസ് ഒന്ന് മൂളി കൊണ്ട് കയത്തിന്റെ അരികിലേക്ക് നീങ്ങി…
ബോഡി കിടക്കുന്ന ഭാഗവും ചുറ്റുപാടും കുറച്ചു നേരം സസൂക്ഷ്മം വീക്ഷിച്ച ശേഷം ബോഡി കയത്തിൽ നിന്നും പുറത്തെടുക്കാനുള്ള നിർദേശം കൊടുത്തു ജെയിംസ്….
അപ്പോഴും മാരാർ അലമുറയിട്ട് കരയുന്നുണ്ടായിരുന്നു….. ജയറാം ഉള്ളുരുകി പ്രാർത്ഥിച്ചു…. അത് മേഘയാകല്ലേ എന്ന്…..
കയത്തിൽ നിന്നും മുകളിലേക്ക് കൊണ്ട് വന്ന ബോഡി നിലത്തേക്ക് കിടത്തി….. ആ മുഖം കാണാനുള്ള കരുത്ത് ഇല്ലാത്തത് പോലെ ജയറാം മുഖം തിരിച്ചു….
കേദാർ ഒറ്റ നിമിഷമേ ബോഡിയിലേക്ക് നോക്കിയുള്ളൂ…… അലമുറയിട്ട് കരയുന്ന മാരാരുടെ അടുത്ത് ചെന്ന് അയാളെ ചേർത്ത് പിടിച്ചു…..
മാരാർ പ്രതീക്ഷയോടെ കേദാറിന്റെ മുഖത്തേക്ക് നോക്കി….
അത് അവൾ തന്നെയാണ് മാരാർ സാറെ…….
അകലേക്ക് മിഴികൾ പായിച്ചു കൊണ്ട് കേദാർ പറഞ്ഞു കഴിഞ്ഞതും മാരാർ ഒരു ഭ്രാന്തനെ പോലെ അലറി…..
അവനാണ് സാറെ എന്റെ മോളെ കൊന്നത്….. അവൻ….. ചെറുതോട്ടത്തെ ശപിക്കപ്പെട്ട സന്തതി….. വെറുതെ വിടരുത്….. അവനെ വെറുതെ വിടരുത്…..
മാരാരുടെ അലർച്ച കേട്ട് കാഴ്ചക്കാരുടെ കൂട്ടത്തിൽ നിന്ന ബഷീറിന്റെയും അനന്തുവിന്റെയും ഉള്ളിൽ ഒരേ സമയം മിന്നൽ പിണർ പാഞ്ഞു…..
സിദ്ധു……. ?
രണ്ടറ്റത്തു നിന്ന ഇരുവരുടെയും ചുണ്ടുകൾ ഒരേ സമയം ആ പേര് മന്ത്രിച്ചു…..
ബഷീറിന്റെ ജീപ്പ് ചെറുതൊട്ടത് വീട് ലക്ഷ്യമാക്കി പാഞ്ഞ സമയത്ത് തന്നെ അനന്തുവിന്റെ ബുള്ളറ്റ് പാബ്ര കോളനി ലക്ഷ്യമാക്കി കുതിച്ചു…..
മാരാരെ ചേർത്ത് പിടിച്ചിരുന്ന കേദാറിന്റെ ചുണ്ടിലെ ഒരു കോണിൽ വിജയിച്ചവന്റെ ചിരി വിടർന്നു….. ചെറുതോട്ടത്തിൽ ബംഗ്ലാവിന്റെ മുറ്റത്ത് ഫോണും ചെവിയിൽ ചേർത്ത് പിടിച്ചു കൊണ്ട് ബലരാമൻ നിശ്ചലനായി നിന്നു……
ഏതു കൊടുംകാറ്റിനും തകർക്കാൻ കഴിയാത്ത ചെറുതോട്ടത്തിൽ ബലരാമൻ എന്ന അതികായൻ ആദ്യമായി അടിമുടി പതറി…..
സിദ്ധു അങ്ങനെയൊരു കേസിൽ അകപ്പെട്ടത് കൊണ്ടല്ല…. അത് ബലരാമന് നിസ്സാരമായി തീർക്കാവുന്ന കേസ് ആയിരുന്നു….
രണ്ട് ദിവസം മുൻപ് വരെ……..
പക്ഷെ ഇപ്പോൾ ശത്രുസ്ഥാനത്ത് അവനുണ്ട്….
മിശിഹായുടെ മുഖമുള്ള ചെകുത്താൻ….
സബ് ഇൻസ്‌പെക്ടർ കേദാർനാഥ് വിശ്വംഭരൻ……
തുടരും…
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Duryodhana written by Unnikrishnan Kulakkat
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission