Skip to content

ദുര്യോധന – 6

duryodhana-novel

സിദ്ധു അങ്ങനെയൊരു കേസിൽ അകപ്പെട്ടത് കൊണ്ടല്ല…. അത് ബലരാമന് നിസ്സാരമായി തീർക്കാവുന്ന കേസ് ആയിരുന്നു….

രണ്ട് ദിവസം മുൻപ് വരെ……..

പക്ഷെ ഇപ്പോൾ ശത്രുസ്ഥാനത്ത് അവനുണ്ട്….

മിശിഹായുടെ മുഖമുള്ള ചെകുത്താൻ….

സബ് ഇൻസ്‌പെക്ടർ കേദാർനാഥ് വിശ്വംഭരൻ……

    ************ *********** *******

ഉമ്മറത്തു ഫോണും പിടിച്ചു കൊണ്ട് നിശ്ചലനായി നിൽക്കുന്ന ബലരാമന്റെ അടുക്കലേക്ക് ബാലഭാസ്കർ എത്തി….

ബാലരാമനെക്കാൾ പൊക്കം ഉണ്ട് ബാലഭാസ്കറിന്…… മുഖഭാവവും ബാക്കി കാര്യങ്ങളുമൊക്കെ ഏകദേശം ഒരുപോലെ ആണെങ്കിലും ഒറ്റ നോട്ടത്തിൽ കരുത്തും കൂടുതൽ ബാലഭാസ്കറിന് ആണെന്ന് തോന്നും….

രാമേട്ടാ….. എന്ത് ആലോചിച്ചു നിൽകുവാ…..

ഭാസ്കറുടെ ചോദ്യം കേട്ട് ബലരാമൻ തിരിഞ്ഞു അയാളുടെ മുഖത്തേക്ക് നോക്കി…. ബലരാമന്റെ കണ്ണുകളിൽ പടർന്നു കയറിയ ചുവപ്പ് രാശി ഭാസ്കറിന് പെട്ടന്ന് തന്നെ തിരിച്ചറിയാൻ സാധിച്ചു….

എന്താ രാമേട്ടാ പ്രശ്നം…..?

ഭാസി….. സിദ്ധു ഒരു ചെറിയ പ്രശ്നത്തിൽ  ആണ്…..

ബലരാമന്റെ ശബ്ദം ദുർബലമായിരുന്നു….. അത്തരത്തിൽ ഏട്ടന്റെ ശബ്ദം ആദ്യമായാണ് ഭാസ്കർ കേൾക്കുന്നത്…. എന്ത് പ്രശ്നമായാലും ബലരാമന്റെ ശബ്ദം എപ്പോഴും കരുത്തുള്ളതും ഉറച്ചതുമായിരുന്നു… പക്ഷെ ഇന്നാദ്യമായി ബലരാമൻ എന്ന കരുത്തൻ അടിമുടി ആടിയുലഞ്ഞു പോയി…..

ഭാസ്കറിന് അത് മനസ്സിലാകുകയും ചെയ്തു…. സിദ്ധാർഥ് ബലരാമനും അത്രെയേറെ പ്രിയപ്പെട്ടതാണ്…. ഭാസ്കറിന്റെ മകൻ ആണെങ്കിലും ബലരാമനോടാണ് സിദ്ധുവിനും അടുപ്പം കൂടുതൽ….

രാമേട്ടാ…. സിദ്ദുവിന് ഇപ്പോൾ എന്താ പ്രശ്നം…. എന്തുണ്ടായാലും നമ്മൾക്ക് അവനെ സേവ് ചെയ്യാം…. ഏട്ടൻ എന്തിനാ ഇങ്ങനെ തളർന്നു പോകുന്നത്….?

ഭാസ്കറിന്റെ ചോദ്യം കേട്ടതും ബലരാമൻ തല ഉയർത്തി….

കേദാർ….. കേദാർനാഥ്…. അവന്റെ കൈയിൽ നമ്മുടെ കുഞ്ഞിനെ കിട്ടരുത്…..

ബലരാമന്റെ ശബ്ദത്തിൽ പഴയ കരുത്ത് തിരിച്ചു വന്നിരുന്നു…. അയാൾ ഫോൺ എടുത്ത് ബഷീറിനെ നമ്പറിൽ വിളിച്ചു….

പത്ത് മിനിറ്റ്….. അതിനുള്ളിൽ സിദ്ധാർഥ് ചെറുതോട്ടത്തിൽ എത്തിയിരിക്കണം…..

ഉറച്ച ശബ്ദത്തിൽ അത്രയും പറഞ്ഞിട്ട് ബലരാമൻ ഫോൺ കട്ട്‌ ചെയ്തു….. വേറൊരു നമ്പർ ഡയൽ ചെയ്തു…..

അയ്യരെ…… താൻ എത്രയും പെട്ടെന്ന് വീട്ടിലേക്ക് എത്തണം…. എത്രയും പെട്ടെന്ന്…..

ബലരാമന്റെ പ്രവർത്തികൾ കണ്ടു കൊണ്ടിരുന്ന ഭാസ്കറിന് കാര്യം കുറച്ചു ഗൗരവം ഉള്ളതാണെന്ന് മനസിലായി…. അയാൾ ഫോൺ എടുത്തു സിദ്ധാർത്ഥിന്റെ നമ്പർ ഡയൽ ചെയ്തു…..

സ്വിച്ച് ഓഫ്‌……

രാമേട്ടാ……..

ഇത്തവണ ഭാസ്കറിന്റെ ശബ്ദം പതറിയിരുന്നു……

കൊടുക്കില്ലെടാ….. നമ്മുടെ കുഞ്ഞിനെ കാക്കിയിട്ട ആ വേട്ടപട്ടിയുടെ മുൻപിലേക്ക് കൊടുക്കില്ല…..

എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ അത്രയും പറഞ്ഞിട്ട് ബലരാമൻ അകലേക്ക്‌ നോക്കി നിന്നു……

  ********* ******* *********

പമ്പ്ര കോളനി…..

ഏകദേശം നൂറോളം വീടുകൾ ഉള്ള കോളനിയാണ്…… കോളനിയുടെ ഉള്ളിലേക്ക് ഇടുങ്ങിയ വഴികൾ…. വഴികളോട് ചേർന്നു തന്നെ നിൽക്കുന്ന വീടുകൾ…..അനന്തുവിന്റെ ബുള്ളറ്റ് കോളനിയിൽ ഇടിമുഴക്കം സൃഷ്ട്ടിച്ചു കൊണ്ട് ആ ഇടുങ്ങിയ വഴികളിലൂടെ മുന്പോട്ട് കുതിച്ചു…..

ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിന്റെ മുൻപിൽ അനന്തുവിന്റെ ബുള്ളറ്റ് നിന്നു…. അകത്തു നിന്നും പതിനേഴു വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ആ കെട്ടിടത്തിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു….

എന്താ അനന്തുവേട്ടാ…..?

ബിനീഷ് എവിടാടാ….?

താഴെ തോട്ടത്തിൽ കാണും….

അവൻ അത്‌ പറഞ്ഞതും അനന്തു ബുള്ളറ്റിൽ നിന്നും ഇറങ്ങി കെട്ടിടത്തിന്റെ ഇടതു വശത്ത് കൂടി കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ പറ്റുന്ന ഇടവഴിയിലൂടെ താഴേക്ക് ഇറങ്ങാൻ തുടങ്ങി….

ഏകദേശം നൂറ് മീറ്ററോളം താഴേക്ക് ഇറങ്ങി കഴിഞ്ഞപ്പോൾ വിശാലമായ പാടശേഖരവും അതിന്റെ അപ്പുറത്ത് റബ്ബർ തോട്ടവും…..

അനന്തു ഇക്കരെ നിന്നും വിരലുകൾ വായിലേക്ക് തിരുകി നീട്ടി വിസിൽ മുഴക്കി….. രണ്ട് സെക്കന്റ്‌…. അക്കരെ നിന്നും അതിന് മറുപടി കിട്ടി…..

റബ്ബർ തോട്ടത്തിനുള്ളിൽ ഈറ്റ കൊണ്ട്  മനോഹരമായി കെട്ടിയുണ്ടാക്കിയ അഞ്ചേട്ട് കുടിലുകൾ….. അതിലൊന്നിൽ നിന്നും കറുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ ഇറങ്ങി പാടത്തിന്റെ അരികിലെത്തി….

അക്കരെ നിന്നും കൈ പൊക്കി കാണിക്കുന്ന അനന്തുവിനെ ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസിലായി…..

സിദ്ധുവെയ്…. ഡാ സിദ്ധു…..

അവൻ തിരിഞ്ഞു തോട്ടത്തിലേക്ക് നോക്കി കൊണ്ട് വിളിച്ചു….

സിദ്ധുവും കൂട്ടുകാരും കുടിലുകളിൽ നിന്നും പുറത്തേക്കിറങ്ങി വന്നു….

അനന്തുവേട്ടൻ ആണല്ലോ….. എന്തെങ്കിലും സീൻ ഉണ്ടോ…..?

ചെറുപ്പക്കാരൻ ചോദിച്ചത് കേട്ട് സിദ്ധുവിന്റെ നെറ്റി ചുളിഞ്ഞു….

അനിയേട്ടനോ….?

സിദ്ധുവും പാടത്തിന്റെ കരയിലേക്ക് വന്നു…. ബിനീഷിന്റെ ഒപ്പം സിദ്ധുവിനെ കണ്ടതും അനന്തുവിനു ചെറിയൊരു ആശ്വാസം തോന്നി…. അവൻ അവരോട് കൈകൾ കൊണ്ട് വരാൻ ആംഗ്യം കാണിച്ചു….

എല്ലാവരും പാടവരമ്പത്തു കൂടി വളരെ പെട്ടന്ന് അനന്തുവിന്റെ അരികിൽ എത്തി…..

എന്താ ഏട്ടാ…..?

വന്നപാടെ സിദ്ധു അനന്തുവിനോട് ചോദിച്ചു…..

ബിനീഷേ പിള്ളേർ ഇന്നലെ എപ്പോഴാ ഇവിടെയെത്തിയത്…..?

സിദ്ധാർത്ഥിന്റെ ചോദ്യം മൈൻഡ് ചെയ്യാതെ അനന്തു ബിനീഷിനോട് ചോദിച്ചു….

ഒരു പന്ത്രണ്ടു മണി ആയി കാണും….. എന്താ ഏട്ടാ….?

പിന്നെ ഇവന്മാർ ഇവിടുന്ന് എങ്ങോട്ടെങ്കിലും പോയോ…..?

ഇല്ല…. രാത്രി മുഴുവൻ എന്റെ ഒപ്പം തോട്ടത്തിൽ ഉണ്ടായിരുന്നു……

അനന്തു കുറച്ചു കൂടി മുൻപോട്ട് വന്നു ബിനീഷിന്റെ തൊട്ടു മുൻപിൽ നിലയുറപ്പിച്ചു…..

ഉറപ്പാണല്ലോ….?

ആ…. അതെ….. ഉറപ്പ്…. ഉറപ്പാണ്…..

അനന്തുവിന്റെ ഭാവം കണ്ട് ഭയന്ന് പോയ ബിനീഷ് വിക്കി പോയി….

മ്മ്…… അമർത്തി മൂളി കൊണ്ട് അനന്തു സിദ്ധാർത്ഥിനെ നോക്കി….

എന്താ ഏട്ടാ…. പ്രശ്നം…. ഒരുമാതിരി കള്ളന്മാരെ ചോദ്യം ചെയ്യുന്നത് പോലെ….?

നീ ഇപ്പോൾ കള്ളനല്ല…. കൊലപാതകിയാണ്….

ങേ…..? ഏട്ടൻ ഇത് എന്തൊക്കെയാ പറയുന്നത്….

ഒന്നും മനസിലാകാത്ത പോലെ സിദ്ധാർഥ് ചോദിച്ചു….. ഒറ്റ കുതിപ്പിന് അനന്തു സിദ്ധാർത്ഥിന്റെ കോളറിൽ കുത്തി പിടിച്ചു….

ഡാ കഴുവേറി മോനെ…. ആ പെങ്കൊച്ചിന്റെ പുറകെ മണം പിടിച്ചു നടന്നപ്പോഴേ ഞാൻ നിന്നോട് പറഞ്ഞതാണ് സൂക്ഷിക്കണം സൂക്ഷിക്കണം എന്ന്…. നീ കേട്ടോ…..?

അനന്തു പറഞ്ഞത് കേട്ട് സിദ്ധാർത്ഥിന്റെ കണ്ണുകളിൽ ഒരു നടുക്കം ഉണ്ടായി….

അനിയേട്ടാ…. മേഘ…. അവൾക്ക് എന്താ പറ്റിയത്…

അനന്തുവിന്റെ ഇരുതോളത്തും പിടിച്ചു കൊണ്ട് സിദ്ധാർഥ് ചോദിച്ചു….. അനന്തു അവന്റെ കോളറിൽ നിന്നുള്ള പിടുത്തം വിടുവിച്ചു….

നീ വാ നമ്മുക്ക് വീട്ടിലേക്ക് പോകാം… ഇനി ഇവിടെ നില്കുന്നത് പന്തിയല്ല….

ഏട്ടാ… മേഘക്ക് എന്ത് പറ്റിയെന്നു….?

സിദ്ധു വീണ്ടും അനന്തുവിനോട് ചോദിച്ചു…..

നീ വാ ഞാൻ പറയാം…..

ഇല്ല…. അവൾക്ക് എന്ത് പറ്റിയെന്നു അറിയാതെ ഞാൻ വരില്ല….. ഞാൻ വരില്ല…..

പിന്നിലേക്ക് നീങ്ങി കൊണ്ട്….. സിദ്ധു ഉറക്കെ പറഞ്ഞു…..

സിദ്ധു….. നീ എന്റെ കൂടെ വരാനാണ് പറഞ്ഞത്….

അനന്തുവിന്റെ ക്ഷമ കെട്ടിരുന്നു…. പക്ഷെ സിദ്ധാർഥ് നിഷേധാർത്ഥത്തിൽ തലയാട്ടി….

ഡാ കോപ്പേ…. അവൾ ഇപ്പോൾ ഇല്ല…. നീയാണ് അവളെ കൊന്നെന്നും പറഞ്ഞു ആ മാരാർ അവിടെ കിടന്ന് ബഹളമുണ്ടാക്കുന്നുണ്ട്…..

അനന്തു പറഞ്ഞത് കേട്ട് സിദ്ധാർഥ് വിറങ്ങലിച്ചു പോയി…..

മേഘ…..

അവൾ…. അവളിപ്പോൾ ജീവനോടെ ഇല്ല എന്ന്….. സിദ്ധാർത്ഥിന് എല്ലാം ശൂന്യമായതു പോലെ തോന്നി….. തനിക്ക് ചുറ്റും ഒന്നുമില്ലാത്തതു പോലെ…..

അവൻ പകച്ചു ചുറ്റും നോക്കി… ചുറ്റുമുള്ളവർ എന്തൊക്കയോ പറയുന്നു…. പക്ഷെ ഏതോ ഗുഹക്കുള്ളിൽ നിന്നും വരുന്നത് പോലെ ചില മുഴക്കങ്ങൾ മാത്രമാണ് തനിക്ക് ചുറ്റുമുള്ളതെന്നു അവന് തോന്നി…..

പെട്ടെന്നാണ് ചെകിടടക്കം അടി പൊട്ടിയത്…. സിദ്ധാർഥ് അലച്ചും കെട്ടി താഴേക്ക് വീണു….. കുറച്ചു സെക്കന്റ്‌ നേരത്തേക്ക് ഒരു മൂളലും ഇരുട്ടും മാത്രം…. പിന്നെ അവന് മെല്ലെ ബോധം വീണു…..

നിനക്കെന്താടാ ഭ്രാന്ത്‌ പിടിച്ചോ…..?

ഇടിമുഴക്കം പോലെയുള്ള അനന്തുവിന്റെ അലർച്ച സിദ്ധാർത്ഥിനെ തിരികെ ബോധത്തിലേക്ക് എത്തിച്ചു…. അവൻ ചുറ്റും നോക്കി….

തനിക്ക് ചുറ്റും കിതച്ചു കൊണ്ട് നിൽക്കുന്ന കൂട്ടുകാരും അനന്തുവും ബിനീഷും…. അവൻ മെല്ലെ എഴുന്നേറ്റു….

ഇപ്പോൾ തങ്ങൾ നില്കുന്നത് പാടത്തിന്റെ നടുക്കണെന്നു അവന് മനസിലായി….. അവന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല….

നീ എങ്ങോട്ടാണ് സിദ്ധു ഓടുന്നത്…. നിനക്ക് എന്താണ് പറ്റിയത്……?

അനന്തു കിതപ്പ് മാറാതെ ചോദിച്ചു….. സിദ്ധുവിന്റെ ഫ്രണ്ട്സ് ഒന്നും മനസിലാകാതെ നിൽക്കുകയാണ്….

നീ വാ……

സിദ്ധാർത്ഥിന്റെ തോളത്ത് പിടിച്ചു കൊണ്ട് അനന്തു പറഞ്ഞു….

എല്ലാം…. അരമണിക്കൂറിനുള്ളിൽ വടയമ്പാടി വിട്ടോണം…. പറഞ്ഞത് മനസിലായല്ലോ….. അര മണിക്കൂർ….

സിദ്ധുവിന്റെ കൂട്ടുകാരുടെ നേരെ തിരിഞ്ഞു കൊണ്ട് അനന്തു പറഞ്ഞു…. അതൊരു ആജ്ഞ തന്നെയായിരുന്നു…..

അനന്തു സിദ്ധുവിനെയും കൊണ്ട് ബുള്ളറ്റിന്റെ അരികിലെത്തി….

അനന്തുവേട്ടാ…. സിദ്ധുവും ആ പിള്ളേരും ഇന്നലെ ഇവിടെ തന്നെ ഉണ്ടായിരുന്നു…. ഇവരല്ല അത്‌ ചെയ്തത്….

അനന്തുവും സിദ്ധുവും ബുള്ളറ്റിലേക്ക് കയറുന്നതിനിടയിൽ ബിനീഷ് അനന്തുവിനോടായി വീണ്ടും പറഞ്ഞു….

നീ മിണ്ടരുത് ബിനീഷേ…. നിനക്കുള്ള ചായേം വടേം ഞാൻ തരുന്നുണ്ട്…. ആദ്യം ഇവനെ ഒന്ന് ചെറുതോട്ടത്തിൽ എത്തിക്കട്ടെ….

എരിയുന്ന കണ്ണുകളുമായി അനന്തു പറഞ്ഞു…. അവന്റെ നോട്ടം സഹിക്കാൻ കഴിയാതെ ബിനീഷ് തല താഴ്ത്തി….

അനന്തു ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു മുൻപോട്ട് എടുത്തു…..

സിദ്ധു ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു…. മേഘ മരിച്ചു എന്ന വാർത്ത അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു….

ബുള്ളറ്റ് പാമ്പ്ര കോളനിയിൽ നിന്നും മെയിൻ റോഡിലേക്കെത്തിയതും പോലീസ് ജീപ്പ് കുറുകെ വന്നു ബ്രെക്കിട്ടതും ഒരുപോലെ ആയിരുന്നു……

ജീപ്പ് ബ്രേക്ക്‌ പിടിച്ചതിന്റെ ആഘാതത്തിൽ ആ മൺറോഡിലെ പൊടിപടലങ്ങൾ ഉയർന്നു പൊങ്ങി….

അതിനിടയിലൂടെ അനന്തുവും സിദ്ധുവും വ്യക്തമായി കണ്ടു….

ഫുൾ യൂണിഫോമിൽ…. വിജയിച്ചവന്റെ മുഖഭാവത്തോടെ ചുണ്ടിൽ ക്രൂരത നിറഞ്ഞ ചിരിയോടെ…. അവൻ….

കേദാർനാഥ്……

കേദാർ നടന്നു ബുള്ളറ്റിന്റെ അരികിലെത്തി….

ചേട്ടായിയെ…. ആ പുറകിലിരിക്കുന്ന മുത്തലിനെ ഇങ്ങു തന്നേക്ക്… ഞാൻ കൊണ്ട് പൊയ്ക്കോളാം…..

കേദാർ പറഞ്ഞത് കേട്ട് അനന്തു തന്റെ ഇരുകൈകളും മാറത്തു പിണഞ്ഞു വെച്ചു…..

കൊണ്ട് പോകാൻ പറ്റുമെങ്കിൽ കൊണ്ട് പോ സാറെ…..

അനന്തുവിന്റെ ശബ്ദത്തിലെ ഉറപ്പ് കേദാർ ശ്രദ്ധിച്ചു….. അനന്തുവാണെങ്കിൽ കേദാറിന്റെ ഓരോ നീക്കവും സസൂക്ഷ്മം നീരിക്ഷിച്ചു കൊണ്ടിരുന്നു…..

കേദാർ മെല്ലെ നടന്നു സിദ്ധാർത്ഥിന്റെ അരികിലെത്തി അവനെ പിടിക്കാനായി കൈ ഉയർത്തിയതും അനന്തുവിന്റെ കൈ കേദാറിന്റെ കൈയിൽ പിടിച്ചു കഴിഞ്ഞിരുന്നു…..

സാറെ ചെറുതോട്ടത്തിലെ കുട്ടിയാണ്….. വേണ്ട……

അനന്തു പറഞ്ഞു കഴിഞ്ഞതും കേദാറിന്റെ ഇടത് മുഷ്ടി അവന്റെ കവിളിൽ പതിച്ചു കഴിഞ്ഞിരുന്നു….. അപ്രതീക്ഷിതമായ താഡനത്തിൽ അനന്തുവിന്റെ ബാലൻസ് തെറ്റി….. ബുള്ളറ്റ് മറിഞ്ഞു താഴേക്ക് വീണു…. ഞൊടിയിടയിൽ കേദാർ സിദ്ധാർത്ഥിനെ കുത്തിന് പിടിച്ചു പൊക്കിയെടുത്തു….

സിദ്ധാർത്ഥ് രക്ഷപെടാനായി കുതറി…..

അടങ്ങി നിൽക്കട ചെക്കാ…….

അനന്തു മെല്ലെ എഴുന്നേറ്റു…. അപ്പോഴാണ് അനന്തുവിന്റെ പിന്നിൽ നിൽക്കുന്ന ജനക്കൂട്ടത്തെ കേദാർ കാണുന്നത്…..

ഞങ്ങളുടെ സഖാവിന്റെ ദേഹത്ത് കൈ വെക്കുന്നോടാ പോലീസുകാരൻ പട്ടി……

അലറി കൊണ്ട് ആൾകൂട്ടം കേദാറിന് നേരെ കുതിച്ചു…. ജയറാമും പോലീസ് സംഘവും കേദാറിന്റെ അരികിലേക്ക് അയാൾക്ക്‌ സുരക്ഷ ഉറപ്പിക്കാൻ വേണ്ടി കുതിച്ചു….

പെട്ടന്നാണ് ഇടിമുഴക്കം പോലൊരു ശബ്ദം അവിടെ മുഴങ്ങിയത്…..

സകലരും നടുങ്ങി പോയി…. ആർത്തു വിളിച്ചു വന്ന ജനക്കൂട്ടവും പോലീസ് സംഘവും ഒരുപോലെ നിശ്ചലരായി….

എല്ലാവരും കണ്ടു നീട്ടി പിടിച്ച തോക്കുമായി യാതൊരു ഭാവഭേദവുമില്ലാതെ കേദാർ….. അവന്റെ ഇടതു കൈയിൽ കിടന്ന് പിടയുന്ന സിദ്ധാർഥ്…..

ഞാൻ വന്നപ്പോഴേ പറഞ്ഞു…. ഇനി ഇവിടെ നിയമം പരിപാലിക്കുന്നത് പോലീസ് ആണെന്ന്….. അതിന് തടസ്സം നില്കുന്നത് ഏത് കഴുവേറിയാണെങ്കിലും ഞാൻ പൊട്ടിക്കും…. എനിക്ക് യാതൊരുവിധ മടിയും ഇല്ല…..

വളരെ ശാന്തമായാണ് കേദാർ അത് പറഞ്ഞതെങ്കിലും അവന്റെ ശബ്ദത്തിനു കാരിരുമ്പിന്റെ കരുത്തുണ്ടായിരുന്നു…..

തോക്ക് ചൂണ്ടിയുള്ള അവന്റെ നിൽപ്പും ഭാവവും കണ്ടാൽ തന്നെ അറിയാമായിരുന്നു ഇനി ഒരടി ആരെങ്കിലും മുന്പോട്ട് വെച്ചാൽ അവൻ പൊട്ടിക്കുമെന്നു….

ജയറാം…….

സാർ……

ഇവനെ എടുത്തു ജീപ്പിലിട്…..

സിദ്ധാർത്ഥിനെ ജയറാമിനെ ഏല്പിച്ചിട്ട് കേദാർ നടന്നു അനന്തുവിന്റെ അരികിലെത്തി…..

ചെറുതോട്ടത്തിൽ ആണായി പിറന്ന അവസാനത്തെ കുരിപ്പിന്റെയും നെറുകയിൽ ആണി കേറ്റിയിട്ടേ കേദാർ ഇവിടം വിടു…. സാർ ആരായാലും വടയമ്പാടി രാജാവിനെ ഒന്നറിയിച്ചേക്ക്…. കേദാർ കളി തുടങ്ങിയെന്നു…..

കേദാർനാഥേ….. നീ ചെറുതോട്ടത്തിൽ ബലരാമനെ മാത്രേ കണ്ടിട്ടുള്ളു…. അനന്തലാലിനെ കണ്ടിട്ടില്ല…. അനന്തലാലിന്റെ കളികളും നിനക്ക് അറിയില്ല…. എന്റെ അനിയൻ ചെക്കന്റെ ദേഹത്ത് ഒരു തരി മണ്ണ് വീണാൽ…. നീ രണ്ട് കാലിൽ എണിറ്റു നിൽക്കില്ല…. അരിഞ്ഞു തള്ളും ഞാൻ……

മഞ്ഞപ്പു മാറിയിട്ടില്ല നിനക്ക്….. കേദാറിനെ അരിയാനുള്ള ആമ്പിയറും ആയിട്ടില്ല….. അനിയൻ ചെല്ല്…. വീട്ടിൽ അമ്മ സ്നഗ്ഗി മേടിച്ചു വെച്ചിട്ടുണ്ടാവും… പുറത്തു ഇറങ്ങുമ്പോൾ അത് ഇടാൻ മറക്കണ്ട….

അത്രയും പറഞ്ഞു കൊണ്ട് കേദാർ തിരിച്ചു നടന്നു ജീപ്പിന്റെ അരികിലെത്തിയതും ബഷീറിന്റെ ജീപ്പ് തൊട്ടടുത്ത് വന്നു നിന്നു….

ഹാ….. ഇതെവിടെയായിരുന്നു ബഷീറേ…. നേരത്തും കാലത്തുമൊക്കെ വരണ്ടേ….. ചെക്കനെ ഞാൻ അങ്ങ് പൊക്കി…. ബാക്കി കഥ സ്റ്റേഷനിൽ…. അപ്പോൾ എല്ലാം പറഞ്ഞത് പോലെ….

ബഷീറിന് തിരിച്ചു എന്തെങ്കിലും പറയാൻ കഴിയും മുൻപേ കേദാർ ജീപ്പിന്റെ ഉള്ളിൽ കയറി ഇരുന്നു…. ഒരു മുരൾച്ചയോടെ ജീപ്പ് മുൻപോട്ട് കുതിച്ചു….

ബഷീർ അനന്തുവിനെ നോക്കി…..

മണ്ണ് പറ്റിയല്ലോ സഖാവെ……? ആവുന്ന പണിക്ക് പോയാൽ പോരെ…..?

അനന്തുവിനോട്‌ ചോദിച്ചു കൊണ്ട് ബഷീർ ഫോൺ എടുത്തു ബലരാമന്റെ നമ്പർ ഡയൽ ചെയ്തു…..

അനന്തുവിന്റെ തല അപമാനം കൊണ്ട് താഴ്ന്നിരുന്നു….

ബഷീറിനോട് ഫോണിൽ സംസാരിച്ചു കഴിഞ്ഞതും ബലരാമൻ ഫോൺ എടുത്തു വലിച്ചെറിഞ്ഞു…..

ഭാസി……..?

ബലരാമന്റെ അലർച്ചയിൽ ചെറുതോട്ടത്തിൽ വീട് വിറച്ചു……

ബാലഭാസ്കർ അടക്കം ആ വീട്ടിൽ ഉണ്ടായിരുന്ന സകലരും അങ്ങോട്ടേക്ക് ഓടിയെത്തി…..

വണ്ടി ഇറക്കേടാ…..

അതൊരു അലർച്ചയായിരുന്നു…..ബാലഭാസ്കർ പുറത്തേക്ക് കുതിച്ചു…..

എന്താ ഏട്ടാ….. എന്ത് പറ്റി…..?

ബാലചന്ദ്രൻ ഓടി ബലരാമന്റെ അടുക്കലെത്തി ചോദിച്ചു….

ചെറുതോട്ടത്തിലെ ചെക്കന്മാരുടെ ദേഹത്ത് കൈ വെച്ച ആ നായിന്റെ മോൻ ഇനി ഈ ഭൂമിക്ക് മേൽ ജീവനോടെ വേണ്ട…..

ചുമരിൽ തൂക്കിയിരുന്ന ഡബിൾ ബാരൽ ഗൺ ബലരാമൻ എടുത്തു….. രണ്ടും കല്പിച്ചു യുദ്ധത്തിന് പുറപ്പെട്ട ആ ദുര്യോധനന്റെ വിശ്വരൂപം കണ്ട ചെറുതോട്ടത്തിൽ വീട്ടിലെ സകലരും ഉമിനീർ ഇറക്കാൻ ഭയപ്പെട്ടു നിന്നു…..

ഭാസ്കർ വണ്ടിയുമായി എത്തി…. ബലരാമനും ബാലചന്ദ്രനും വണ്ടിയിൽ കയറി…..

ഒന്നിന് പുറകെ ഒന്നായി…. നാല് വാഹനങ്ങൾ ചെറുതോട്ടത്തിൽ വീട്ടിന്റെ ഗേറ്റ് കടന്നു പൊടി പറത്തി കൊണ്ട് പുറത്തേക്ക് പാഞ്ഞു…..

പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞ ആ വാഹനവ്യൂഹത്തിലെ വണ്ടികളുടെ എണ്ണം ഇടക്ക് വെച്ചു കൂടി കൊണ്ടിരുന്നു…. ഇപ്പോൾ ഏകദേശം പത്തോളം വണ്ടികൾ ആയി കഴിഞ്ഞിരുന്നു…..

അകലെ നിന്നു തന്നെ ബലരാമൻ കണ്ടിരുന്നു…. പോലീസ് സ്റ്റേഷന്റെ ചുറ്റുമുള്ള വൻ പോലീസ് സന്നാഹം…. ഏറ്റവും മുൻപിൽ തന്നെ….. എസ്പിയും ഡിവൈഎസ്പിയും അടക്കമുള്ളവർ….. അവരുടെ കൂടെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനായി അവൻ…..

കേദാർനാഥ്…..

വണ്ടികൾ പോലീസ്കാരുടെ അടുത്ത് എത്തി നിന്നു…..

ബലരാമൻ പുറത്തേക്ക് ഇറങ്ങി…..

അയാളുടെ നോട്ടം മുഴുവൻ കേദാറിൽ ആയിരുന്നു…..

ആന്റണി…… നേർച്ചകോഴികളെ പോലെ ഇടക്കിടക്ക് ഇവനെ പോലുള്ള നാറികളെ വടയമ്പാടിയിൽ കളിക്കാൻ ഇറക്കുമ്പോൾ…. പറഞ്ഞു കൊടുക്കണം ഈ മണ്ണിന്റെ ചോര കൊതിയെ പറ്റി…. ഈ നാട്ടിലെ ഉശിരുള്ള ആൺകുട്ടികളുടെ കൈ കരുത്തിനെ പറ്റി…..

ആന്റണി വർഗീസ് ഐ പി എസ്…..

കണ്ണൂർ എസ് പി….

ബലരാമൻ അദ്ദേഹത്തിന്റെ മുൻപിൽ ചെന്നാണ് ഇത്രയും സംസാരിച്ചത്…..

രാമേട്ടാ…. പ്രശ്നം ഉണ്ടാക്കരുത്…. മരിച്ച കുട്ടിയുടെ അച്ഛന്റെ സ്ട്രോങ്ങ്‌ ആയിട്ടുള്ള മൊഴിയുണ്ട്….. സിദ്ധാർഥിനെതിരെ…… പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും വരുന്നത് വരെ സിദ്ധാർഥ് ഞങ്ങളുടെ കസ്റ്റഡിയിൽ തന്നെ ഇരിക്കും….

ആന്റണി വർഗീസ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു….

നടക്കില്ല ആന്റണി….. ഇനി ഒരൊറ്റ നിമിഷം പോലും അവൻ ഇവിടെ കിടക്കില്ല….

അത് തീരുമാനിക്കുന്നത് നിങ്ങളല്ല മിസ്റ്റർ ബലരാമൻ…..

ആ ശബ്ദം കേദാറിന്റെ ആയിരുന്നു….

മേഘയുടെ മരണവുമായി ബന്ധപ്പെട്ട് സിദ്ധാർഥിനെതിരെ ശക്തമായ തെളിവുകൾ ഉണ്ട്…. ആ കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് പൊലീസിന് പ്രഥമദൃഷ്ട്യാൽ സംശയവും ഉണ്ട്….. സൊ….. കൃത്യമായ കാര്യങ്ങൾ അറിയുന്നത് വരെ സിദ്ധാർഥ് ഞങ്ങളുടെ കസ്റ്റഡിയിൽ ഇരിക്കും…. നാളെ കോടതിയിൽ ഹാജരാക്കും…. നിങ്ങൾക്ക് അവിടെ നിന്നും ജാമ്യത്തിനു ശ്രമിക്കാം….

ഡാ…. പുല്ലേ നിന്നെ കൊന്നിട്ടായാലും ഞാൻ എന്റെ ചെക്കനെ ഇറക്കി കൊണ്ട് പോകും…..

എന്നാൽ നീ ഒലത്തട പന്ന… പു…. മോനെ……

ബലരാമൻ പറഞ്ഞു തീർന്നതും കേദാർ അലറി കൊണ്ട് തന്റെ റിവോൾവർ എടുത്ത് ബലരാമന്റെ നെറ്റിയിൽ മുട്ടിച്ചു കൊണ്ട് വണ്ടിയുടെ ബോണറ്റിലേക്കു ചേർത്ത് പിടിച്ചു….

കേദാർ സ്റ്റോപ്പ്‌…..

എസ് പി അലറി….. പോലീസുകാർ കുത്തിച്ചെത്തി കേദാറിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു…. ബലരാമന്റെ ആൾക്കാരും ആർത്തു വിളിച്ചു കൊണ്ട് അങ്ങോട്ടേക്ക് കുത്തിച്ചെത്തി…. പോലീസുകാർ കൂട്ടമായി അവരെ തടയാനും എത്തി….

ചിതറിച്ചു കളയും പന്നി…. നിന്നെ ഞാൻ….. നീ ആൺപിള്ളേരെ കണ്ടിട്ടില്ല……

പോലീസുകാർ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നതിന്റെ ഇടയിൽ കേദാർ അലറി വിളിച്ചു….

ബലരാമൻ എഴുന്നേറ്റു നേരെ നിന്നു…. കേദാറിൽ നിന്നും അങ്ങനെ ഒരു നീക്കം ബലരാമൻ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു….

രാമേട്ടാ പ്ലീസ്….. നിങ്ങളെ കുറിച്ച് ശരിക്കും അറിയാവുന്നത് കൊണ്ടാണ് ഈ ഫോഴ്സിനെ അറെജ് ചെയ്തു ഞാൻ നേരിട്ട് എത്തിയത്… പ്ലീസ് രാമേട്ടാ… ഒരു ഇഷ്യു ഉണ്ടാക്കരുത്…. നാളെ സിദ്ധാർത്ഥിന് ജാമ്യം കിട്ടും…. കോടതിയിൽ സബ്മിറ്റ് ചെയ്യുന്ന റിപ്പോർട്ട്‌ കേദാർ എഴുതില്ല…. എന്നെ ഒന്ന് വിശ്വാസിക്ക് പ്ലീസ്…..

ബലരാമൻ ആകെ തളർന്നു പോയിരുന്നു…. സിദ്ധാർഥ്…. അത്‌ തന്നെയാണ് ബലരാമന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്നം…..

രാമേട്ടാ…. ഞാൻ ആണ് പറയുന്നത്…. എന്റെ ഉറപ്പാണ്…. ഇന്നത്തേക്ക് ഒരു ദിവസം ഒന്ന് ക്ഷമിക്ക്…. അല്ലാതെ വേറെ നിവൃത്തിയില്ല….

ബലരാമൻ വണ്ടിയിലേക്ക് കയറി….. ഒരു തീരുമാനം എടുക്കാൻ കഴിയാതെ ബലരാമൻ കുഴഞ്ഞു…..

ബാലഭാസ്കറുടെ കൈ ബലരാമന്റെ തോളത്ത് പതിഞ്ഞു….

ഒരു രാത്രിയല്ലേ രാമേട്ടാ…. നമ്മുടെ ചെക്കനെ ഒരു കുഴപ്പവും ഇല്ലാതെ നമ്മുക്ക് കിട്ടണം…. ഇപ്പോൾ പന്ത് അവരുടെ കോർട്ടിൽ ആണ്…. നമ്മുക്ക് ക്ഷമിക്കാം….

ഭാസി… നമ്മുടെ സിദ്ധു…..

തളരരുത് രാമേട്ടാ….. നമ്മുടെ തളർച്ച കാണാൻ കാത്തിരിക്കുന്നവരാണ് ചുറ്റും….. നമ്മളെ വിട്ടു പിള്ളേരുടെ നേരെ തിരിയുന്ന കണ്ണുകൾ നമ്മൾ ശ്രദ്ധിച്ചില്ല…. അവിടെയാണ് നമ്മുക്ക് പിഴച്ചത്…. സാരമില്ല…. പോട്ടെ… ഈ ഒരു രാത്രി കൊണ്ട് ലോകം അവസാനിക്കാൻ പോകുന്നില്ല…. സിദ്ധുവിനെ… സിദ്ധുവിനെ കിട്ടുന്നത് വരെ നമ്മുക്ക് ക്ഷമിക്കാം….

അത്രയും പറഞ്ഞിട്ട് ഭാസി പുറത്തേക്ക് ഇറങ്ങി…..

എസ് പി സാറേ…. ഞങ്ങൾ ഇനി പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല…. പക്ഷെ നാളെ എന്റെ ചെക്കനെ കിട്ടുമ്പോൾ അവന്റെ ദേഹത്ത് ഒരു പോറൽ വീണിട്ടുണ്ടെങ്കിൽ കേദാറിനെ വെട്ടിയരിഞ്ഞു പറമ്പിലെ വാഴയുടെ ചോട്ടിൽ വളമായി ഇടും…. അവനോട് പറഞ്ഞേക്ക്….

ഇല്ല…. ഒരു പ്രശ്നവും ഉണ്ടാകില്ല ഭാസി….. ഞാൻ വീണ്ടും ഉറപ്പ് തരുന്നു….

ഒരു വിധത്തിൽ അവരെ പറഞ്ഞു വിട്ട എസ് പി ഒരു കൊടുംകാറ്റ് പോലെയാണ് സ്റ്റേഷന്റെ അകത്തേക്ക് എത്തിയത്…..

നീ ആരാണെന്ന് ആണ് നിന്റെ വിചാരം….. തൊപ്പി തലയിലേക്ക് തിരിച്ചു കേറ്റിയാതെ ഉള്ളു….. കേദാർ ദിസ്‌ ഇസ് ടു മച്ച്….. നിന്റെ ഇത്തരം ചീപ് ഷോ ഡിപ്പാർട്മെന്റിൽ പറ്റില്ല…. നിനക്ക് വല്ല പ്രാന്തുമുണ്ടോ….

സോറി സാർ…. പെട്ടെന്ന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…. അതാണ്…. റീയലി സോറി….

ഓക്കേ ഓക്കേ….. ആ ചെക്കൻ എവിടെയാണ്….

സാർ ഇവിടുന്ന് അഞ്ചു കിലോമീറ്റർ മാറി ഒരു ഫാം ഹൗസ് ഉണ്ട്…. asi ജയറാമിന്റെ അളിയന്റെ ആണ്…. ചോദ്യം ചെയ്യൽ കഴിഞ്ഞു നാളെ അവനെ അവിടുന്ന് തന്നെ കോടതിയിൽ ഹാജരാക്കും….

ഓക്കേ… പിന്നെ ദേഹോപദ്രവം ഒന്നും ഉണ്ടാകരുത്…. പറഞ്ഞത് മനസ്സിലായോ…

സാർ….

ആ പെങ്കൊച്ചിന്റെ ബോഡി….?

പോസ്റ്റ്മോർട്ടം കഴിയുന്നതേ ഉള്ളു സാർ…. പിന്നെ അധികം ബന്ധുക്കൾ ആരും വരാനില്ലാത്തതു കൊണ്ട് ഇന്ന് തന്നെ സംസ്കാരം ഉണ്ടാകും….

മ്മ്…. അപ്പോൾ ശരി കാര്യങ്ങൾ നടക്കട്ടെ… എന്തുണ്ടായാലും സി ഐ യെ അപ്പപ്പോൾ റിപ്പോർട്ട്‌ ചെയ്യണം…. എന്തായാലും ഫോഴ്സ് ഇന്ന് മുഴുവൻ ഇവിടെ ഉണ്ടാകും…. നീ ഒന്ന് ശ്രദ്ധിച്ചോണം…. ബലരാമൻ എന്ത് ചെയ്യാനും മടിക്കില്ല….

സാർ…..

ഞാൻ ഇറങ്ങുന്നു…..

ഓക്കേ സാർ…..

ആന്റണി സ്റ്റേഷനിൽ നിന്നും ഇറങ്ങിയതും കേദാറിന്റെ മുഖത്ത് വീണ്ടും ചെകുത്താന്റെ ചിരി വിടർന്നു…….

      ********* ******* ********

ചുറ്റും കാട് പിടിച്ചു കിടക്കുന്ന ഇടിഞ്ഞു വീഴാറായ ഒരു പഴയ കെട്ടിടം….. അതിന്റെ ഉള്ളിൽ ഒരു പഴയ കസേരയിൽ കെട്ടിയിട്ടിരിക്കുകയാണ് സിദ്ധാർത്ഥിനെ…..

ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് സിദ്ധാർഥ് മുഖമുയർത്തി നോക്കി…..

കേദാർ…..

ഡാ ചെറുതോട്ടത്തിലെ സന്തതി….. നീ പെട്ടു….. നിന്റെ ജീവിതം തോലഞ്ഞെടാ….. ചെറുതോട്ടത്തിൽ ബലരാമൻ…. ആ പരമചെറ്റ കാരണം നീ അനുഭവിക്കാൻ പോകുകയാണ്…..

സിദ്ധാർത്ഥിനെ നോക്കി കൊണ്ട് കേദാർ പുച്ഛത്തോടെ പറഞ്ഞു….

നാളെ എനിക്കും ഒരു ദിവസം വരും…. നീ ഇപ്പോൾ ചെയ്യുന്ന ഈ പാപത്തിനൊക്കെ നിന്നെ കൊണ്ട് ഞാൻ ഉത്തരം പറയിപ്പിക്കും…. എന്റെ മേഘയെ നീ കൊന്ന് കളഞ്ഞല്ലേടാ പന്നി…… !

സിദ്ധാർഥ് പക മൂത്ത മൂർഖനെ പോലെ ചീറി…. കേദാർ അത് കണ്ട് പൊട്ടി ചിരിച്ചു…. ആർത്തു ചിരിച്ചു…. അവന്റെ കണ്ണുകളിൽ പക നിറഞ്ഞു….

അതിന് നീ ഇനി പുറംലോകം കണ്ടിട്ട് വേണ്ടേഡാ….. കാണില്ല….. കാണിക്കില്ല ഞാൻ…..

പറഞ്ഞു കൊണ്ട് സിദ്ധാർത്ഥിന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടി കേദാർ…… കസേരയോടൊപ്പം സിദ്ധാർഥ് താഴേക്ക് മറിഞ്ഞു വീണു….

    ****************************

നേരം പുലർന്നു വരുന്നതേയുള്ളു…… ജയറാം ചുറ്റും ആരെങ്കിലും ഉണ്ടോ എന്ന് നോക്കി…. ആരുമില്ല എന്നുറപ്പ് വരുത്തിയ ശേഷം കെട്ടിടത്തിന്റെ ഉള്ളിലേക്ക് കടന്നു…..

കയ്യിലിരുന്ന ചായ ഗ്ലാസ്‌ അവിടെ കിടന്ന മേശപ്പുറത്ത് വെച്ച ശേഷം…. വെറും നിലത്ത് കിടന്നുറങ്ങുന്ന സിദ്ധാർത്ഥിനെ അയാൾ സഹതാപത്തോടെ നോക്കി….

സിദ്ധു…. സിദ്ധു എഴുന്നേൽക്കഡാ… കോടതിയിൽ പോകാം… കാർന്നോന്മാരുടെ കയ്യിലിരുപ്പ് ശരിയല്ലെങ്കിൽ…. വീട്ടിലെ പിള്ളേർക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വരും…. സാരമില്ല നിനക്ക് ഇന്ന് തന്നെ ജാമ്യം കിട്ടും….

ഇത്രയൊക്കെ പറഞ്ഞിട്ടും സിദ്ധാർത്ഥിന് അനക്കം ഇല്ലാത്തത് ജയറാമിൽ ചെറിയൊരു ഭയം ജനിപ്പിച്ചു….

സിദ്ധു…. സിദ്ധു…..

ജയറാം അവനെ കുലുക്കി വിളിച്ചു കൊണ്ട് തിരിച്ചു കിടത്തിയതും…. ഞെട്ടി തെറിച്ചു ജയറാം പിന്നിലേക്ക് തെറിച്ചു വീണു….

കണ്ണുകൾ തുറിച്ചു….. വായിൽ നിന്നും ഒഴുകിയിറങ്ങിയ ചോര ഉണങ്ങി കട്ട പിടിച്ചു…. തണുത്ത് മരവിച്ചു…. സിദ്ധാർഥ് ബാലഭാസ്കർ എന്ന ഇരുപതുകാരന്റെ ശരീരം ആ തറയിൽ കിടന്നു……

                            തുടരും…..

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!