Skip to content

ദുര്യോധന – 7

duryodhana-novel

ജയറാം അവനെ കുലുക്കി വിളിച്ചു കൊണ്ട് തിരിച്ചു കിടത്തിയതും…. ഞെട്ടി തെറിച്ചു ജയറാം പിന്നിലേക്ക് തെറിച്ചു വീണു….

കണ്ണുകൾ തുറിച്ചു….. വായിൽ നിന്നും ഒഴുകിയിറങ്ങിയ ചോര ഉണങ്ങി കട്ട പിടിച്ചു…. തണുത്ത് മരവിച്ചു…. സിദ്ധാർഥ് ബാലഭാസ്കർ എന്ന ഇരുപതുകാരന്റെ ശരീരം ആ തറയിൽ കിടന്നു……

     ************ ********* ********

ഫോണിൽ കൂടി ജയറാം പറഞ്ഞത് കേട്ട് കേദാർ സ്തബ്ധനായി പോയി…..

തനിക്ക് ചുറ്റുമുള്ള ഭൂമി രണ്ടായി പിളർന്നു പോയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു പോയി….

അവൻ മെല്ലെ കസേരയിലേക്ക് ഇരുന്നു…..

സീനിയർ സിവിൽ പോലീസ് ഓഫീസർ രാമകൃഷ്ണൻ അകത്തേക്ക് വന്ന് കേദാറിനെ സല്യൂട്ട് ചെയ്തു….

സാർ പുറത്തു വലിയ ജനക്കൂട്ടമാണ്…. എനിക്കാണെങ്കിൽ കൈയും കാലും വിറക്കുന്നു…. സാർ എന്തെങ്കിലും ഒന്ന് ചെയ്തേ പറ്റു…..

രാമകൃഷ്ണന്റെ ശബ്ദത്തിലെ ഭയം വ്യക്തമായി തിരിച്ചറിയാൻ സാധിക്കുമായിരുന്നു….

അതെ അവസ്ഥയിൽ തന്നെയായിരുന്നു മറ്റുള്ളവരും…. വടയമ്പാടി പോലീസ് സ്റ്റേഷനിലെ ഓരോ പോലീസുകാരനിലും പ്രാണഭയം ഉടലെടുത്തു…..

കേദാർ തലക്ക് കൈ കൊടുത്തിരുന്നു…. അവന് എന്ത് ചെയ്യണമെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല…..

പത്ത് മിനിറ്റുകൾ കൂടി കടന്നു പോയി…. ആരുമാരും പരസ്പരം ഒന്നും മിണ്ടിയില്ല…..

പെട്ടെന്നാണ് പൊടി പറത്തി സൈറൺ മുഴക്കി കൊണ്ട് മൂന്ന് പോലീസ് വാഹനങ്ങൾ അതിവേഗം വടയമ്പാടി പോലീസ് സ്റ്റേഷന്റെ മുൻപിൽ വന്ന് നിന്നത്…..

എസ് പി ആന്റണി വർഗീസ്….

Dysp രാജഗോപാൽ….

സിഐ ജെയിംസ്….

മൂവരും അതിവേഗം സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു…

കേദാർ അവരെ കണ്ടതും ചാടി എഴുന്നേറ്റു സല്യൂട്ട് ചെയ്തു….

നീ ആരാണെന്ന് നിന്റെ വിചാരം…. തല്ലിക്കൊന്നു അവിടെ ഇട്ടിരിക്കുന്നത് ചെറുതോട്ടത്തെ ചെക്കനെയാണ്…. വിവരം പുറത്തു അറിഞ്ഞാൽ പുറത്തു കൂടി നിൽക്കുന്നവർ എല്ലാം കൂടി ഈ സ്റ്റേഷൻ കത്തിക്കും…. അവന്റെ നിൽപ് കണ്ടോ….?

രാജഗോപാൽ വന്നപാടെ പൊട്ടി തെറിച്ചു…..കേദാർ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു….

രാജാ……

ആന്റണി ശബ്ദമുയർത്തി വിളിച്ചുകൊണ്ട് രാജഗോപാലിനെ വിലക്കി….

എന്താ സംഭവിച്ചത് കേദാർ….? നീ വടയമ്പാടിയിൽ ചാർജ് എടുത്തിട്ടു ഒരാഴ്ച തികഞ്ഞിട്ടില്ല….. എന്തൊക്കെയാണിത്….

എസ്പി യുടെ ചോദ്യത്തിന് മുൻപിൽ കേദാറിന് ഉത്തരം ഇല്ലായിരുന്നു…. അകം പുകഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ പുറത്തും ചില സംശയങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു….

എസ് പി യും ഡി വൈ എസ് പി യും അടക്കം പാഞ്ഞെത്തിയതിൽ അസ്വാഭാവികത തോന്നിയ ബഷീർ ഫോൺ എടുത്തു ബലരാമനെ വിളിച്ചു….

ബഷീർ പറഞ്ഞതെല്ലാം കേട്ടാ ശേഷം ബലരാമൻ ഫോൺ കട്ട്‌ ചെയ്തു….. ശേഷം ബലരാമൻ ഉമ്മറത്തെ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു….

ഭാസി……

കിടിലം കൊള്ളുന്ന ഗാംഭീര്യത്തോടെ ബലരാമൻ വിളിച്ചു…..

ഭാസ്കറും ബാലചന്ദ്രനും ഓടിയെത്തി……

എന്താ ഏട്ടാ…..

യൂനുസിനെ വിളിക്ക്……. ഏതു പാതാളത്തിൽ ആണെങ്കിലും ഒരു മണിക്കൂറിനുള്ളിൽ അവനും പിള്ളേരും വടയമ്പാടിയിൽ എത്തിയിരിക്കണം….

ഏട്ടാ യൂനുസ്നെ ഇപ്പോൾ…..?

പറഞ്ഞത് അനുസരിക്കുക…. കൂടുതൽ ചോദ്യങ്ങൾ വേണ്ട…..

അഗ്നി എരിയുന്ന നോട്ടവുമായി ബലരാമൻ ഭാസ്‍കറിനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ പറഞ്ഞു….

ശേഷം ഫോൺ എടുത്ത് ബലരാമൻ ഒരു കാൾ ചെയ്തു….. രണ്ടോ മൂന്നോ പ്രാവശ്യം റിങ് ചെയ്തിട്ട് അപ്പുറത്ത് കാൾ അറ്റൻഡ് ആയി….

ശശിധരൻ ഉണ്ടോടാ…..?

ചോദ്യത്തിന്റെ സ്റ്റൈൽ കേട്ടപ്പോൾ തന്നെ ആഭ്യന്തരമന്ത്രി പൂവത്തുങ്കൽ ശശിധരന്റെ പ്രൈവറ്റ് സെക്രട്ടറി ദീലീപിന്‌ പൊളിഞ്ഞു….

ശശിധരനോ…. മിനിസ്റ്ററെ പേരെടുത്തു വിളിക്കാൻ നീയാരാടാ…..?

ബലരാമൻ…..

ചെറുതോട്ടത്തിൽ ബലരാമൻ…..

ദീലീപ് അറിയാതെ ഉമീനീർ ഇറക്കി പോയി….. അവന്റെ കൈയിലുരുന്നു മൊബൈൽ വിറച്ചു…..പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ശശിധരൻ  ദിലീപിന്റെ ഭാവം മാറുന്നത് കണ്ട് നെറ്റി ചുളിച്ചു….

ആരാടാ…..?

ശശിധരന്റെ ചോദ്യം കേട്ടതും ദിലീപ് ഫോൺ അയാൾക്ക് നേരെ നീട്ടി….

ഹലോ മിനിസ്റ്ററാണ് ആരാണ് സംസാരിക്കുന്നത്….?

ഡാ പൂവത്തുങ്കൽ പുന്നാര മോനെ…… എല്ലാം നിർത്തി എന്റെ മണ്ണിൽ ഒതുങ്ങി കൂടിയ എനിക്കിട്ട് പിന്നെയും പിന്നെയും ചൊറിഞ്ഞു… അവസാനം എന്റെ പിള്ളേരുടെ നേർക്കായി നിന്റെ ചൊറിച്ചിൽ…. അല്ലേടാ….?

അപ്പുറത് നിന്നും ഉയർന്ന ശബ്ദം കേട്ട് വായിലേക്ക് വെച്ച ആഹാരം ഇറക്കാൻ പോലും മറന്നു മിനിസ്റ്റർ ഇരുന്നു….

നീയും നിന്റെ കൂട്ടാളികളും ചേർന്ന് ശിഖണ്ഡിയായി ഒരുത്തനെ ഇങ്ങോട്ട് അയച്ചില്ലേ…. അവനെയങ്ങു മറന്നേക്ക്…. പിന്നെ എന്റെ ചെക്കന്റെ തലമുടിനാരിന് ചെറിയൊരു പോറൽ ഏറ്റിട്ടുണ്ടെങ്കിൽ വടയമ്പാടി പോലീസ് സ്റ്റേഷനും ഇനി ഉണ്ടാകില്ല….

അയ്യോ രാമേട്ടാ ഞാൻ…. ഞാൻ ഒന്ന് പറയട്ടെ….

വേണ്ട… വേണ്ട…. എന്ന് വെയ്ക്കുമ്പോൾ നീ എന്നെ കൊണ്ട് കളിപ്പിച്ചേ അടങ്ങു….. എന്ന ബലരാമൻ ഇനി കളി തുടങ്ങാൻ പോകുകയാണ് പറഞ്ഞേക്ക് നിന്റെ തലതൊട്ടപ്പനോട്…..

അത്രയും പറഞ്ഞു കൊണ്ട് ബലരാമൻ ഫോൺ കട്ട്‌ ചെയ്തു…..

ഭാസി…. വണ്ടി ഇറക്കേടാ….

ബലരാമൻ അലറി…. ബാലചന്ദ്രൻ ഇതൊക്കെ കണ്ട് വിറങ്ങലിച്ചു നിൽക്കുകയാണ്….

ഭാസ്കർ വണ്ടി കൊണ്ട് വന്നതും ബലരാമനും ബാലചന്ദ്രനും  വണ്ടിയിൽ കയറി….

രാമേട്ടാ…. 3 വർഷം മുൻപ് നിർത്തിയത് വീണ്ടും തുടങ്ങാനാണോ….?

തുടങ്ങണം ചന്തു…. നിർത്തിയിടത്ത് തന്നെ തുടങ്ങണം….

രാമേട്ടാ…..?

ബാലചന്ദ്രന്റെ ആ വിളിയിൽ തെല്ലൊരു ഭയമുണ്ടായിരുന്നു….

ശശിധരനോ ജേക്കബോ രാജശേഖരനോ മുജീബോ ഒന്നുമല്ല യഥാർത്ഥ ശത്രു….

പിന്നെ….?

അവൾ….. മിത്ര…. മിത്ര തങ്കച്ചി…. ഒടുങ്ങാത്ത പകയുമായി അവൾ ഇപ്പോഴും കരുക്കൾ നീക്കുന്നുണ്ട്…. എന്റെ ചോര കാണാതെ അവൾ നിർത്തില്ല….പക്ഷെ തോറ്റു കൊടുക്കാനും പറ്റില്ല…. തോൽവി എന്നാൽ വടയമ്പാടിയുടെ നാശമാണ്…. ജയിക്കണം ജയിച്ചേ പറ്റു…. അതിന് ആദ്യം ചാവേറായി വന്നവന്റെ തല വെട്ടിയെടുത്തു അവൾക്ക് അയച്ചു കൊടുക്കണം….

ബലരാമന്റെ വാക്കുകൾക്ക് ഉറപ്പും കണ്ണിൽ അഗ്നിയും ആയിരുന്നു അപ്പോൾ…..

ഇതേ സമയം ഫസലിന്റെയും കൂട്ടുകാരുടെയും വണ്ടി മാഹി പാലം പിന്നിട്ടു കുതിക്കുകയായിരുന്നു….

നീ എന്താടാ കോഴിക്കോട് – വയനാട് വഴി പോകാമെന്നു പറഞ്ഞത്…. ബാംഗ്‌ളുർക്ക് എന്ത് കറക്കം കറങ്ങി പോകണം…. നിനക്ക് വല്ല വട്ടുമുണ്ടോ….?

ദീപക്കിന്റെ ചോദ്യം കേട്ട് ഫസൽ ഞെട്ടി തിരിഞ്ഞു നോക്കി…. അവൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു….

നിനക്കറിയില്ല വടയമ്പാടിക്കാരെ…. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പീസാക്കുന്ന ടീം ആണ്…. ഇതാണ് സേഫ്… നമ്മുക്ക് എങ്ങനെയെങ്കിലും ബാംഗ്ലൂർ എത്തണം….

കാശിയും ദീപക്കും പരസ്പരം നോക്കി…. ഇരുവർക്കും ഫസലിന്റെ പെരുമാറ്റത്തിൽ ചെറിയൊരു സംശയം തോന്നി…. ദീപക്ക് എന്തോ പറയാൻ തുടങ്ങിയതും വണ്ടിയിൽ എന്തോ ശക്തമായി വന്ന് ഇടിച്ചതും ഒരുമിച്ചായിരുന്നു….

ശക്തമായ ഇടിയുടെ ആഘാതത്തിൽ ക്രിസ്റ്റ റോഡിൽ നിന്നും തെന്നി പുറത്തേക്ക് നിരങ്ങി വീണു…. ഫസൽ ആവുന്നത്ര ശ്രമിച്ചിട്ടും റോഡിരികിൽ നിന്നിരുന്ന പോസ്റ്റിലേക്ക് വണ്ടി ഇടിച്ചു കയറി…..

ഷിറ്റ്……

ഫസൽ പറഞ്ഞു തീരും മുൻപേ വീണ്ടും പുറകിൽ ശക്തമായി എന്തോ ഇടിച്ചു കയറി….. ക്രിസ്റ്റയുടെ നിയന്ത്രണം പൂർണമായും നഷ്ടമായി…. പോസ്റ്റും തകർത്തു തൊട്ടടുത്ത മതിലും തകർത്തുകൊണ്ട് വണ്ടി അടുത്ത പറമ്പിലേക്ക് കയറി….

വണ്ടിക്കുള്ളിൽ നിന്നും അലമുറകൾ ഉയർന്നു…. ഫസലിന് തന്റെ തല ചുറ്റുന്നത് പോലെ…. തോന്നി…. കണ്ണിൽ ഇരുട്ട് കയറും മുൻപ് അവൻ കണ്ടു….

ബ്ലാക് ജീൻസും ഷർട്ടും ധരിച്ചു…. മുടി പറ്റെ വെട്ടി… വായിൽ മുറുക്കാൻ നിറഞ്ഞ ഒരു രൂപം….. അവസാന നിമിഷമാണ് ഫസലിന്റെ കണ്ണിൽ ചുവന്നു തുടുത്ത കണ്ണുകളും ഇടം പുരികത്തിനു മുകളിൽ വലിയൊരു കറുത്ത മറുകും പതിയുന്നത്….

യൂനസ്…. യൂനസ് അലി….

അത് പറഞ്ഞപ്പോഴേക്കും ഫസലിന്റെ കണ്ണിൽ പൂർണമായും ഇരുട്ട് മാത്രമായിരുന്നു….

സോറി ഗയ്‌സ്…… തമ്പ്രാൻ കല്പിച്ചാൽ ചെയ്യണ്ടിരിക്കാൻ പറ്റില്ലല്ലോ…..

തകർന്ന വിൻഡോ ഗ്ലാസ്സുകൾക്കിടയിൽ കൂടി ഫസലിന്റെ തലമുടിയിൽ തഴുകി കൊണ്ട് യൂനസ് മുരണ്ടു…..

      ********* ******* *********

വടയമ്പാടി സ്റ്റേഷന്റെ മുൻപിൽ കാര്യങ്ങൾ കൈ വിട്ടു പോയിരുന്നു….. എസ് പി യുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ പോലീസ് ഫോഴ്സ് എത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അവർ നന്നേ പണിപ്പെട്ടു…. ഒരു തീപ്പൊരി വീണാൽ ആളി പടരുമെന്നു ഉറപ്പുള്ള അവസ്ഥ….. വിവരമറിഞ്ഞു മാധ്യമപടയും എത്തി ചേർന്നു….

സ്റ്റേഷന്റെ ഉള്ളിൽ വറചട്ടിയിൽ വീണ അവസ്ഥയായിരുന്നു പോലീസുകാർക്ക് എല്ലാവർക്കും….

രാജാ… ഇപ്പോൾ പ്രധാനം കേദാറിന്റെ സുരക്ഷയാണ്…. ഇവനെ കൈയിൽ കിട്ടിയാൽ കൊത്തിയരിയും പുറത്ത് നില്കുന്നവന്മാർ…. ഇവനെ എങ്ങനെയെങ്കിലും വടയമ്പാടിക്ക് പുറത്തു എത്തിക്കണം….

നോ സാർ…. ഒരു ഭീരുവിനെ പോലെ ഒളിച്ചോടാനോ…. എന്നെ അതിന് കിട്ടില്ല….

പ്ഫാ…. പന്ന കഴുവർട മോനെ… നീ ആരാടാ…. സിംഗം സൂര്യയോ….? വെറി പിടിച്ചു നിൽക്കുന്ന ആൾക്കൂട്ടത്തെ ഒറ്റക്ക് നേരിടാൻ…. പൊടി പോലും കിട്ടില്ല ബാക്കി…. കണ്ട തമിഴ് സിനിമയൊക്കെ കണ്ട് ഹീറോയിസം തലക്ക് പിടിച്ചു നീ കാണിച്ചു കൂട്ടിയതിന്റെയൊക്കെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്…. എന്നിട്ട് അവന്റെ മറ്റേടത്തെ ഡയലോഗ്…. തത്കാലം ഞാൻ പറയുന്നത് അനുസരിക്കുക….

ജെയിംസ്…..

സാർ….

താൻ ഇവനെയും കൂട്ടി നേരെ കണ്ണൂർക്ക് വിടുക…. ആര് വണ്ടിക്ക് വട്ടം നിന്നാലും അവന്റെയൊക്കെ നെഞ്ചത്ത് കൂടി കേറ്റിക്കൊ കൂടിപ്പോയാൽ ആറു മാസം താൻ വീട്ടിൽ ഇരിക്കേണ്ടി വരും… അതിന്റെ അപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ല…..

അത്രയും പറഞ്ഞിട്ട് ആന്റണി ഒന്ന് നിർത്തി….

അല്ലെങ്കിൽ ജീപ്പ് വേണ്ട… ക്യാമ്പിന് പിള്ളേരെ കൊണ്ട് വന്ന ബസ് ഉണ്ട്…. അതിൽ ഇവനെ കൊണ്ട് പോയാൽ മതി…. അതാണ് കുറച്ചു കൂടി സേഫ്….

സാർ പക്ഷെ…..

മിണ്ടരുത് നീ…. കഴുവേറി….

കേദാർ എന്തോ പറയാൻ ഒരുങ്ങിയതും ആന്റണി തടഞ്ഞു…

ആന്റണിയും രാജഗോപാലും പുറത്തേക്കിറങ്ങി…. സ്റ്റേഷന്റെ പുറത്ത് ജനസമുദ്രമായി മാറി കഴിഞ്ഞിരുന്നു…. മൈക്രോ ഫോണുമെടുത്ത് ആന്റണിയും രാജഗോപാലും ഗേറ്റിന്റെ അടുത്തേക്ക് നടന്നു…..

സ്റ്റേഷന്റെ അകത്തേക്ക് തള്ളി കേറാൻ ശ്രമിക്കുന്നവരെ പോലീസ് ബാരിക്കേഡുകളുടെ സഹായത്തോടെ തടയുന്നുണ്ട്….

ആന്റണി ഗേറ്റിന്റെ അടുത്ത് എത്തിയതും…. പെട്ടെന്ന് അവിടം നിശബ്ദമായി…. അകത്ത് കേറാൻ ശ്രമിച്ചു കൊണ്ടിരുന്നവരും അത് ഉപേക്ഷിച്ച മട്ടായി…..

ആന്റണിക്ക് പെട്ടെന്ന് അത്ഭുതം തോന്നി…. എസ് പിയോട് ഇത്രയും ബഹുമാനമോ…..

പെട്ടെന്നാണ് ഗേറ്റിന്റെ നേരെ മുൻപിൽ നിന്നിരുന്ന ജനക്കൂട്ടം രണ്ട് ഭാഗത്തേക്കായി മാറിയത്…. അതിന്റെ അങ്ങേയറ്റത്ത്…..

ബലരാമൻ……

ആന്റണി അടിമുടി വിറച്ചു പോയി….

ഇന്നലെ താൻ തിരികെ പോകാൻ പറഞ്ഞപ്പോൾ പൂച്ചകുഞ്ഞിനെ പോലെ തിരികെ പോയ ബലരാമൻ അല്ല അതെന്നു ഒറ്റ നോട്ടത്തിൽ ആന്റണിക്ക് മനസിലായി….

3 വർഷം മുൻപ് വരെ കണ്ടിരുന്ന യഥാർത്ഥ ബലരാമൻ….. തടയാൻ സാധിക്കില്ല എന്ന് ആന്റണിക്ക് നൂറ് ശതമാനം ഉറപ്പുണ്ടായിരുന്നു….

ബലരാമൻ മെല്ലെ നടന്നു ആന്റണിയുടെ മുൻപിൽ എത്തി….

എന്റെ ചെക്കനെവിടെ ആന്റണി….?

രാമേട്ടാ…. അത്‌….?

സിദ്ധാർത്ഥ് എവിടെ….?

ആന്റണി എന്ത് പറയണമെന്ന് അറിയാതെ നിൽക്കുന്ന സമയത്തു തന്നെ ഹോൺ മുഴക്കി കൊണ്ട് നീല കളർ ബസ് സ്റ്റേഷന്റെ ഉള്ളിൽ നിന്നും അവരുടെ തൊട്ടരികിലായി വന്ന് നിന്നു…..

ഓ…. ഷിറ്റ്…..

ബസിലേക്ക് നോക്കി കൊണ്ട് ആന്റണി അറിയാതെ പറഞ്ഞു….

ബലരാമൻ ബസിന്റെ ഡ്രൈവറെ ഒന്ന് നോക്കിയിട്ട് മെല്ലെ വഴി മാറി കൊടുത്തു…. ബസ് പുറത്തേക്ക് നീങ്ങി….

അതിന്റെ ഉള്ളിൽ ഇരുന്നു കൊണ്ട് കേദാർ പുറത്തേക്ക് നോക്കി…..

ആ ജനക്കൂട്ടത്തിനിടയിലും തലയെടുപ്പുള്ള കൊമ്പനായി കേദാറിന് അപ്പോൾ തോന്നിയത് ബാലരാമനെയാണ്….

കേദാറിന് തന്നോട് തന്നെ പുച്ഛം തോന്നി…. ഒരു ഭീരുവിനെ പോലെ ഒളിച്ചോടുക… ഇതിലും ഭേദം മരണമായിരുന്നു…..

അകലേക്ക്‌ പോകുന്ന ബസ് നോക്കി ബലരാമൻ ഒന്ന് ചിരിച്ചു….

തന്റെ ചെക്കൻ ഒരു പോറൽ പോലും ഏൽക്കാതെ പുറത്തേക്ക് പോയി…. ഇനി എന്റെ ചെക്കനെ താ ആന്റണി….

രാമേട്ടാ…. ഞാൻ…..

ആന്റണി വർഗീസ് എന്ന ഐ പി എസ് ഉദ്യോഗസ്ഥൻ എന്ത് മറുപടി പറയണം എന്നറിയാതെ കുഴങ്ങി…..

അവൻ ഇപ്പോൾ ജീവനോടെ ഇല്ല…. അല്ലെടോ…..?

ബലരാമന്റെ ചോദ്യം കേട്ടതും ആന്റണി നടുങ്ങി വിറച്ചു പോയി…. അയാൾ പേടിയോടെ ബലരാമന്റെ മുഖത്തേക്ക് നോക്കി….

തൊട്ടടുത്ത നിമിഷം…..

ആ പ്രേദേശമാകെ കിടുക്കി കൊണ്ട് ഒരുഗ്രൻ സ്ഫോടനശബ്ദം അവിടെ മുഴങ്ങി….

സകല ആൾക്കാരും നടുങ്ങി പോയി…. പോലീസ് സ്റ്റേഷന്റെ മുറ്റത് പാർക്ക്‌ ചെയ്തിരുന്ന ജീപ്പുകൾക്ക് ഒന്നിന് തീ പിടിച്ചിരുന്നു…

ഒന്നിന് പുറകെ മറ്റൊന്നായി പോലീസ് സ്റ്റേഷന്റെ അകത്തേക്ക് പെട്രോൾ ബോംബുകൾ വന്നു വീണുകൊണ്ടിരുന്നു….

ആന്റണി ബലരാമന്റെ മുഖത്തേക്ക് നോക്കി….

ശാന്തമായിരുന്നു ആ മുഖം…. പക്ഷെ ആ ശാന്തതക്കുള്ളിൽ വരാൻ പോകുന്ന കൊടുംകാറ്റ് ആന്റണിക്ക് വ്യക്തമായും മനസിലാക്കാൻ സാധിച്ചു……

ചാർജ്………

ആന്റണിയുടെ അലർച്ച മുഴങ്ങിയതും നിമിഷനേരം കൊണ്ട് അവിടം യുദ്ധകളമായി മാറി….

ശാന്തമായ മുഖത്തോട് കൂടി തന്നെ ബലരാമൻ ആ ബഹളത്തിനിടയിൽ കൂടി നടന്നു ചെന്ന് വണ്ടിയിൽ കയറി…. അപ്പോഴും ബലരാമന്റെ കണ്ണുകൾ ആന്റണിയുടെ മുഖത്ത് തന്നെയായിരുന്നു……

വടയമ്പാടിയുടെ അതിർത്തി കഴിഞ്ഞു ആ പോലീസ് ബസ് കണ്ണൂർ ലക്ഷ്യമാക്കി  ചീറി പാഞ്ഞു….. അതിനുള്ളിൽ പരാജിതന്റെ മനസ്സും കുനിഞ്ഞ ശിരസ്സുമായി കേദാർ ഇരുന്നു…..

ഹൈവേയിൽ കാത്ത് കിടന്നിരുന്ന ബ്ലാക്ക് പജീറോയെ പോലീസ് ബസ് കടന്നു പോയി…. അതിനുള്ളിൽ ഇരുന്ന ബ്ലാക്ക് ഷർട്ടുകാരൻ മൊബൈൽ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു…..

യൂനസ്….. ഒരു മണിക്കൂറിനുള്ളിൽ വടയമ്പാടിയിൽ എത്താനാണ് ആജ്ഞ…. വടയമ്പാടിക്ക് വരണോ…. കണ്ണൂർക്ക് പോണോ….

അവിടുന്ന് മറുപടി കിട്ടിയതും അവൻ ഫോൺ കട്ട്‌ ചെയ്തു…. പജീറോ പോലീസ് ബസ് പോയ വഴിയേ ഒരു യാഗാശ്വം കണക്കെ കുതിച്ചു പാഞ്ഞു…..

 *********** ********** ***********

മിത്ര തങ്കച്ചിയുടെ കൊട്ടാരം…..

നോ മുജീബ്…… തിന്നു കൊഴുത്തു ആണാണെന്നു പറഞ്ഞും തൂക്കിയിട്ട് നടന്നാൽ പോരാ…. ഫസലും പിള്ളേരും മിസ്സിംഗ്‌ ആണ്…. എല്ലാം നിന്റെ കൺട്രോളിൽ ആണെന്ന് പറഞ്ഞിട്ട്…..

മിത്ര ഫോണിൽ കൂടി അലറുകയായിരുന്നു…..

നീ ഇനി ഒന്നും പറയണ്ട… ഇരുപത്തിനാലു മണിക്കൂർ…. ഫസലിനെ എനിക്ക് കിട്ടിയിരിക്കണം…. അത്‌ അവന്റെ ശവമായാൽ പോലും കുഴപ്പമില്ല….

മിത്ര ഫോൺ കട്ട്‌ ചെയ്തതും അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തു….

സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട മിത്രയുടെ മുഖം ഒന്ന് വിളറി….

ഹസ്സനാർ….. ഇബ്രാഹിം ഹസ്സനാർ……

അവൾ കാൾ അറ്റൻഡ് ചെയ്തു….

ഞാൻ വരുന്നു മിത്ര….. വടയമ്പാടിയിലേക്കു…..ചുവന്ന റോസാപ്പൂക്കൾ കൊണ്ട് മാത്രം അലങ്കരിച്ച  കിട്ടാവുന്നതിൽ വെച്ചു ഏറ്റവും മനോഹരമായ ഒരു ബൊക്ക എനിക്ക് വേണം…. സിദ്ധാർഥ് ബാലഭാസ്കറിന്റെ നെഞ്ചത്ത് വെക്കാൻ….. സീ യൂ സൂൺ ബേബി….

അപ്പുറത്ത് കാൾ കട്ട്‌ ആയി….

മിത്ര തൊട്ടടുത്ത് കണ്ട സെറ്റിയിലേക്കു ഇരുന്നു…

ചെറിയ കരുക്കൾ എല്ലാം വെട്ടി മാറ്റപ്പെടുന്നു…. ഇനി യുദ്ധം രാജാക്കന്മാർ നേർക്ക് നേരാണ്…. ചെറുതോട്ടത്തിൽ ബാലരാമാ…. നിന്റെ അവസാനം തൊട്ടടുത്തെത്തി നിൽക്കുന്നു….

        ******** ******** *********

കണ്ണൂർ ടൗണിൽ നിന്നും 9 കിലോമിറ്ററോളം വടക്കു മാറി മംഗലാപുരം ഹൈവേയിൽ നിന്നും 2 കിലോമീറ്ററോളം ഉള്ളിലേക്ക് കടന്നു അതിവിശാലമായ തെങ്ങിൻ തോപ്പിനുള്ളിലെ ഓടിട്ട ഒരു പഴയ കെട്ടിടം……

അതിന്റെ ഉള്ളിൽ വെരുകിനെ പോലെ നടക്കുകയാണ് കേദാർ….

ഇവിടെയെത്തിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു….. വടയമ്പാടി ശരിക്കും രക്തകളമായി മാറിയതിന്റെ എക്സ്ക്ലൂസിവ് ന്യൂസുകളാണ് വാർത്ത ചാനലുകളിൽ മുഴുവൻ…..

2 പോലീസുകാരും 6 സാധാരണക്കാരും കൊല്ലപ്പെട്ടു 17 പോലീസുകാർ അടക്കം 64 പേർക്ക് പരിക്കേറ്റു…. വടയമ്പാടി പോലീസ് സ്റ്റേഷൻ അഗ്നിക്കിരയായി കഴിഞ്ഞിരുന്നു…. വടയമ്പാടിയിലും പരിസര പ്രദേശങ്ങളിലും 3 ദിവത്തേക്കു നിരോധനാജ്ഞ…. സിദ്ധാർത്ഥിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിൽ സൂക്ഷിച്ചരിക്കുന്നു….. പോലീസ് മർദനം തന്നെയാണ് മരണകാരണം എന്നാണ് പ്രാഥമിക റിപ്പോർട്…. ഈ പ്രശ്ങ്ങൾക്കൊക്കെ ഉത്തരവാദിയായ വടയമ്പാടി സ്റ്റേഷൻ ഓഫീസർ കേദാർനാഥിന്റെ ക്രിമിനൽ ബാക്ക് ഗ്രൗണ്ട് ചേർത്തുകൊണ്ടുള്ള പ്രേത്യക ചർച്ചകൾ…. അന്വേഷണ റിപ്പോർട്ടുകൾ…. കേദാർനാഥ് ഒളിവിലാണെന്നും…. അതല്ല പോലീസുകാർ കേദാറിനെ സംരക്ഷിക്കുകയാണെന്നും പറഞ്ഞു സാംസ്‌കാരിക പ്രവര്തകാരുടെ പ്രതികരണങ്ങൾ….

കേരളം ഈ അടുത്ത കാലത്തൊന്നും കാണാത്ത രീതിയിലുള്ള സംഭവവികാസങ്ങൾ നടന്നത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പ്‌കേടാണ് അതുകൊണ്ട് ആഭ്യന്തരമന്ത്രി രാജി വെക്കണമെന്ന പ്രതിപക്ഷത്തിന്റെ മുറവിളി…. വിശദമായ റിപ്പോർട്ട്‌ തേടി…. ഉത്തരമേഖല ഡി ഐ ജി…. ജില്ല പോലീസ് മേധാവി എന്നിവരെ ഡി ജി പി വിളിപ്പിച്ചു….

ശരിക്കും പറഞ്ഞാൽ ഒരൊറ്റ ദിവസം കൊണ്ട് കേരളം വടയമ്പാടിയിലേക്ക് ഒതുങ്ങി……

കേദാറിന് അത്ഭുതം തോന്നിയത് മറ്റൊരു കാര്യത്തിലാണ്….

ഈ വാർത്തകളിൽ ഒരിടത്തും ചെറുതോട്ടത്തിൽ ബലരാമൻ എന്ന പേര് പരാമർശിച്ചു കണ്ടില്ല…

ബാലഭാസ്കറിന്റെ മകൻ സിദ്ധാർഥ് ബാലഭാസ്കർ…. അത്രമാത്രം… 

കേദാർ സമയം നോക്കി….

8 മണി കഴിഞ്ഞിരിക്കുന്നു….

അവൻ മെല്ലെ പുറത്തേക്കിറങ്ങി…. പുറത്തു ചീട്ട് കളിച്ചുകൊണ്ടിരുന്ന രണ്ട് പേർ എഴുന്നേറ്റു…. 

സാർ….

ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം….

സോറി സാർ…. സാറിനെ ഒറ്റക്ക് എങ്ങും വിടരുത് എന്നാണ് ആന്റണി സാർ പറഞ്ഞേക്കുന്നത്….

ഓ അതും ശരിയാണല്ലോ… ഞാൻ ഇപ്പോൾ കസ്റ്റഡിയിൽ ആണല്ലോ അല്ലെ……?

സാർ അത്‌….?

എന്താ നിങ്ങളുടെ പേര്…?

അജേഷ്…. ഞാൻ മധുകുമാർ….

ഏതു സ്റ്റേഷൻ….

എസ് പി ഓഫീസിൽ തന്നെയാണ് സാർ….

മധു.. അജേഷ്… രണ്ട് പേരോടും കൂടി പറയാം… ചെയ്യാത്ത കുറ്റത്തിന് ഒരു ഭീരുവിനെ പോലെ ഒളിച്ചോടി വരേണ്ടി വന്നു… ഇതിലും ഭേദം അവിടെ കിടന്ന് ചാകുന്നതായിരുന്നു… എനിക്ക് ഉറക്കം വരില്ല… രണ്ടെണ്ണം അടിക്കണം… ആരും അറിയില്ല… നിങ്ങളും വാ…

സാർ അത്….

ഹാ ഒരു കുഴപ്പവും ഇല്ലെടോ… നിങ്ങൾ വാ…

കേദാർ പുറത്തേക്ക് ഇറങ്ങി നടന്നു….

ആന്റണി സാർ അറിഞ്ഞാൽ ഞങ്ങളുടെ കാര്യം…

അറിയില്ലെടോ…. നിങ്ങൾ ഇങ്ങനെ പേടിക്കല്ലേ….?

തെങ്ങിൻ തോപ്പിലൂടെ നടക്കുന്നതിന്റെ ഇടയിൽ കേദാർ അവർക്ക് ധൈര്യം കൊടുത്തു….

മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ കേദാർ ആണ് മുൻപിൽ നടക്കുന്നത്….

പെട്ടെന്നാണ് പിന്നിൽ നിന്ന് വായുവിൽ ലോഹം പുളയുന്ന ശബ്ദം കേട്ടത്…. കേദാർ ഞെട്ടി തിരിഞ്ഞു നോക്കിയതും മധു നിലത്ത് കിടന്ന് പിടക്കുന്നു….

മധു… മധു….

കേദാറും അജീഷും അവനെ കുലുക്കി വിളിച്ചു…. അവൻ എന്തോ പറയാനായി കൈ ഉയർത്തി… പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല…. അപ്പോഴാണ് മധുവിന്റെ കഴുത്തിൽ നിന്നും കുതിച്ചു ഒഴുകുന്ന ചോര കേദാർ ശ്രദ്ധിക്കുന്നത്….

അവന് അപകടം മണത്തു….

സാർ……

തൊട്ടടുത്ത നിമിഷം അജീഷിന്റെ നിലവിളി ഉയർന്നു…

കേദാർ ഞെട്ടി എഴുന്നേറ്റു…. അവന്റെ നെഞ്ച് തുളച്ചു ഇപ്പുറം വന്ന ആയുധത്തിന്റെ തലപ്പ് കേദാർ വ്യക്തമായി കണ്ടു….

അജേഷേ…. 

ആർത്തു വിളിച്ചു കൊണ്ട്… അവനെ പിടിക്കാൻ പോയ കേദാർ പുറകിൽ നിന്നുള്ള ചവിട്ടേറ്റ് മുൻപിലേക്ക് വീണു….

ഞങ്ങടെ ചെക്കനെ ഇല്ലാണ്ടാക്കിയിട്ട് നീ ഇവിടെ വന്നു സുഖവാസത്തിൽ ഇരിക്കുന്നോടോ നായിന്റെ മോനെ….?

ഇരുളിൽ നിന്നും ആ ശബ്ദം ഉയർന്നതും കേദാർ എഴുന്നേറ്റു….

തന്റെ ശരീരത്തിൽ പറ്റിയിരുന്ന മണ്ണ് അവൻ തുടച്ചു കളഞ്ഞു…

ഇരുളിൽ നിന്നും വീമ്പു പറയാതെ എന്റെ മുൻപിലേക്ക് വാടാ നാണം കെട്ടവനെ….

കേദാർ മുരണ്ടു…. തൊട്ടടുത്ത നിമിഷം ഇരുളിൽ നിന്നും ഒരു നിഴൽ അവന്റെ മുന്നിലേക്ക് വന്നു…. അതെ സമയത്ത് തന്നെ തന്റെ പിന്നിൽ ലോഹം പുളയുന്ന ശബ്ദം കേദാർ വ്യക്തമായി കേട്ടു….

എന്തെങ്കിലും ചെയ്യും മുൻപേ തന്റെ ഉദരം കീറിമുറിച്ചു കൊണ്ട് അതിവേഗം കടന്നു പോയ ലോഹത്തിന്റെ മൂർച്ച അവന് കൃത്യമായി മനസിലാക്കാൻ സാധിച്ചു….

അടുത്ത നിമിഷം കേദാറിന്റെ തോളിൽ ആണ് കത്തി കുത്തിയിറങ്ങിയത്….

ഇരുളിൽ നിന്നും തലങ്ങും വിലങ്ങും വെട്ട് വന്നുകൊണ്ടേയിരുന്നു….

കേദാർ നിലത്തേക്ക് കമിഴ്ന്നു വീണു….

അവന്റെ തല മണ്ണിനോട് ചേർന്നു….

താൻ എന്ന സത്യം ഇവിടെ തീരുകയാണെന്ന് കേദാറിന് മനസിലായി…. ജനിച്ചു ഇത്രയും കാലത്തെ ഓരോ കാര്യങ്ങളും അവന്റെ ഓർമ്മയിലേക്കെത്തി….

അവസാനം തന്റെ മുതുകിൽ ആഴ്ന്നിറങ്ങുന്ന ലോഹമുനയുടെ കരുത്തിലും അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു….

പുരികത്തിൽ നിന്നും കണ്ണിലേക്കു ഒഴുകിയിറങ്ങിയ രക്തം കൊണ്ട് വ്യക്തമല്ലാത്ത കാഴ്ചയിലും അവൻ കണ്ടു…..

വായിൽ മുറുക്കാൻ നിറച്ചു തന്റെ നേരെ നടന്നു വരുന്ന കറുത്ത വസ്ത്രധാരിയായ ആ രൂപത്തെ….

പിന്നെ മെല്ലെ മെല്ലെ…. കേദാർനാഥ് എന്ന ചെകുത്താന്റെ കണ്ണിലേക്കു ഇരുട്ട് കയറി തുടങ്ങി…..

                                   തുടരും…..

4.8/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!