Skip to content

കൊലക്കൊമ്പൻ – 1

kolakomban

പുലർച്ചെ 6 മണി, കുട്ടിക്കാനം 

പുലർമഞ്ഞിൽ പുതച്ചു കിടക്കുന്ന തേയില ചെടികൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന മൺ വഴിയിലൂടെ ലോറി കയറ്റം കയറി ഒരു ചെറിയ വീടിന്റെ മുൻപിൽ നിന്നു. ഷീറ്റ് മേഞ്ഞ, പലകമറ കൊണ്ടു  തീർത്ത ഒരു വീട്.

ലോറിയുടെ ശബ്‌ദം കേട്ടു ശോശാമ്മ ഇറങ്ങി വന്നു.

ലോറിയിൽ നിന്നുമിറങ്ങി വരുന്ന ടോമിച്ചന് പുറകിൽ ഒരു പെൺകുട്ടി നടന്നു വരുന്നത് കണ്ടു ശോശാമ്മ ഒന്നമ്പരന്നു.

“ഏതാടാ  ഈ പെൺകൊച്ച്, അതും ഈ വെളുപ്പങ്കാലത്തു, നീ വല്ലയിടത്തുനിന്നും അടിച്ചോണ്ടു വന്നതാണോ? എങ്കിൽ ഇവിടെ പറ്റത്തില്ല… “

ശോശാമ്മ ടോമിച്ചനെയും പെൺകുട്ടിയെയും മാറി മാറി നോക്കി.

“എന്റെ തള്ളേ, ഒച്ചവെക്കാതെ, ഞാൻ പൊക്കികൊണ്ട് വന്നതൊന്നുമല്ല. വരുന്നവഴി കുറച്ചുപേരുടെ ഉപദ്രവത്തിൽ നിന്നും ഓടി വന്നത് എന്റെ അടുത്തേക്കാ…. നിങ്ങൾക്ക് വേണ്ടെങ്കിൽ എവിടെയേലും പറഞ്ഞു വിട്ടേക്ക്….”

പറഞ്ഞിട്ട് ടോമിച്ചൻ വീടിനുള്ളിലേക്ക് കയറി.

ശോശാമ്മ പെൺകുട്ടിയെ അടിമുടി ഒന്ന് നോക്കി.

കാണാൻ ചന്തമുള്ള, പ്രായം തികഞ്ഞ ഒരു പെൺകുട്ടി, ഇതിനെ എങ്ങോട്ടെങ്കിലും പറഞ്ഞുവിട്ടലുള്ള സ്ഥിതി എന്തായിരിക്കും. ചുറ്റും കഴുകന്മാരെപോലെ ആളുകൾ നടക്കുന്ന സ്ഥലം.

“നിന്റെ പേരെന്താടി കൊച്ചേ…. എവിടെയാ സ്ഥലം “

ശോശാമ്മ ചോദിച്ചു.

“ജസ്സിൻ … അങ്ങ് നെടുങ്കണ്ടതാ വീട്…. ഇപ്പോളവിടെ…..”

അത്രയും പറഞ്ഞു അവൾ നിർത്തി.

“ക്രിസ്ത്യാനി കൊച്ചാ അല്ല്യോ? അപ്പൊ നമ്മുടെ ആളുകളാ… നീ അവിടെ നിൽക്കാതെ വീട്ടിനകത്തേക്ക് കയറി വാ….”

മടിച്ചുനിന്ന ജെസ്സിന്റെ  കയ്യിൽ പിടിച്ചു കൊണ്ട് ശോശാമ്മ വീടിനുള്ളിലേക്ക് കയറി.

പുറത്തേക്കു ഇറങ്ങി വന്ന ടോമിച്ചൻ ശോശാമ്മയെ നോക്കി.

“ഞാൻ പോകുവാ… രണ്ടു ദിവസം കഴിഞ്ഞേ വരത്തൊള്ളൂ.കൂപ്പിൽ നിന്നും തടിക്കേറ്റി തേനിക്കും കമ്പത്തിനും പോകാനുണ്ട്. കാശു വല്ലതും വേണമെങ്കിൽ ആ മുറിൽ കിടക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ കിടപ്പുണ്ട്..”

പറഞ്ഞിട്ട് അഴയിൽ കിടന്ന തോർത്തെടുത്തു കുടഞ്ഞു തോളിലിട്ടു ലോറിയിൽ  കയറി ഓടിച്ചുപോയി.

അതുനോക്കി കുറച്ചുനേരം ശോശാമ്മ നിന്നു. നിറഞ്ഞുവന്ന കണ്ണുകൾ അവർ ആരും കാണാതെ തുടച്ചു.

കുന്നുമേൽ ബംഗ്ലാവ്

രാവിലെ കാപ്പികുടിച്ചു കൊണ്ട് വക്കച്ചൻ മുതലാളി പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് മെറിൻ സ്റ്റെയർകാസ് ഇറങ്ങി വന്നത്.

“അമ്മച്ചി.. ഞാൻ ജിമ്മിൽ പോകുവാ…”

അടുക്കളയിൽ നിൽക്കുകയായിരുന്ന മോളികുട്ടി അതുകേട്ടു ഹാളിലേക്ക് വന്നു. മകളെ ഒന്ന് നോക്കി.

“ഈ വലിഞ്ഞുമുറുകി ഇരിക്കുന്ന ഡ്രെസ്സല്ലാതെ നിനക്ക് വേറെയൊന്നും കിട്ടിയില്ലേ ഇട്ടോണ്ട് പോകാൻ “

മോളികുട്ടിയുടെ ചോദ്യം കേട്ടു മെറിൻ ചിരിച്ചു

“എന്റെ അമ്മച്ചി, ജിമ്മിൽ പോകുമ്പോൾ ഇങ്ങനത്തെ ഡ്രെസ്സിടുന്നതാ എനിക്കിഷ്ടം.. ഈ ഡ്രെസ്സിനു എന്താ കുഴപ്പം, ഞാൻ നോക്കിയിട്ട് ഒന്നും കാണുന്നില്ലല്ലോ…. അമ്മച്ചിയുടെ കണ്ണിന്റെ കുഴപ്പം ആണ്….. ഞാൻ പോകുവാ….”

പറഞ്ഞിട്ട് മെറിൻ ആക്ടിവായിൽ കയറി ഓടിച്ചുപോയി.

പേപ്പർ വായിച്ചുകൊണ്ടിരുന്ന വക്കച്ചൻ തലയുയർത്തി മോളികുട്ടിയെ തറപ്പിച്ചൊന്നു നോക്കി.

“അവളെന്നും ജിമ്മിൽ പോയിട്ടിവിടെ എന്ത് മലമറിക്കാനാ…. മസിലുവപ്പിച്ചു കൂപ്പിൽ പോയി തടിപ്പണി ചെയാനോ… ജനിച്ച രണ്ടെണ്ണവും തലതിരിഞ്ഞു പോയല്ലോ “?

വക്കച്ചൻ പറഞ്ഞത് കേട്ടു മോളികുട്ടി നെറ്റി ചുളിച്ചു.

“എന്തോന്ന്‌ വൃത്തികേടാ മനുഷ്യ ഈ പറയുന്നത്. അവള് ജിമ്മിൽ പോകുന്നത് ബോഡി ഷേപ്പ് വരുത്താന, അല്ലാതെ തടിപിടിക്കാനല്ല. റോണിക്ക് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്ക് അവൻ നോക്കിയും കണ്ടും ചെയ്തോളും….”

“നോക്കിയും കണ്ടും നിന്നാൽ നിന്റെ മക്കൾക്ക്‌ കൊള്ളാം, മക്കളെ ഉണ്ടാക്കാനേ പറ്റു, പെണ്ണാണെങ്കിൽ ഒരു പ്രായം കഴിഞ്ഞാൽ പിന്നെ അവരുടെ സ്വാതത്രത്തിൽ മാതാപിതാക്കൾ കൈകടത്താൻ പാടില്ല. അവളുമാരുടെ സൗകര്യത്തിന് വിടണം. അല്ലെങ്കിൽ കണ്ടവന്റെ കൂടെ ഒളിച്ചോടും.സ്ത്രീ സമത്വം..

അടക്ക ആണെങ്കിൽ എടുത്തു മടിയിൽ വയ്ക്കാം, മരമായാലോ? തള്ള വേലി ചാടിയാൽ മകള് മതില് ചാടുമെന്നാണല്ലോ പ്രമാണം… പറഞ്ഞിട്ട് കാര്യമില്ല. പണത്തിനു പണം, ബംഗ്ലാവ്, കാറ്, ജീപ്പ്, ബസ്, ലോറി, കൂപ്പ് ഇതിൽ കൂടുതൽ എന്ത് ഉണ്ടാക്കാനാണ്. നോക്കിനടത്താൻ ഉള്ളവൻ ഉത്തരവാദിത്തം ഇല്ലാതെ നടക്കുന്നു. ഒരു ദിവസം എനിക്ക് കലികേറും. അന്ന് രണ്ടിന്റെയും പണി ഞാൻ തീർക്കും… അകത്ത് കിടന്നുറങ്ങുന്നവനോട് പറഞ്ഞേക്ക്….”

വക്കച്ചൻ കലിപ്പോടെ പറഞ്ഞിട്ട് എഴുനേറ്റു.

മോളികുട്ടി ടീപോയിൽ വക്കച്ചൻ കുടിച്ചിട്ട് വച്ച ചായഗ്ലാസും എടുത്തുകൊണ്ടു അടുക്കളയിലേക്ക് പോയി.

“രാവിലെ എന്താ മോളമ്മച്ചി ഒരു ഒച്ചപ്പാട്…”

അടുക്കളയിലെത്തിയ മോളികുട്ടിയോട് അടുക്കളപ്പണിക്ക് വരുന്ന അമ്മിണിക്കുട്ടി  ചോദിച്ചു.

“അത് അപ്പനും മക്കളും തമ്മിലുള്ള സ്ഥിരമായുള്ള സംസാരം, ഇന്നെന്റെ അടുത്താണെന്നു മാത്രം “

മോളികുട്ടി പറഞ്ഞിട്ട് മുറത്തിൽ ഇരുന്ന പച്ചക്കറികൾ എടുത്തു അരിയാൻ തുടങ്ങി.

“വക്കച്ചൻ മുതലാളി പറയുന്നത് നേരല്ലയോ, ഈ കണക്കറ്റ സ്വത്തുക്കൾ നോക്കി നടത്താൻ ആളു വേണ്ടേ….”

അമ്മിണിക്കുട്ടി അടുപ്പത്തിരുന്ന ചായ ഇറക്കികൊണ്ട് പറഞ്ഞു.

“റോണി കാര്യങ്ങൾ പഠിച്ചു വരുന്നതല്ലേയുള്ളു..അമ്മിണി, അവൻ  നോക്കിക്കോളും “

വർക്കിച്ചൻ മോളികുട്ടി ദമ്പതികൾക്കു രണ്ടു മക്കൾ ആണ്… ഷെറിനും റോണിയും…

റോണി എം ബി എ കഴിഞ്ഞു വക്കച്ചനെ ബിസിനസ്സിൽ സഹായിക്കാൻ നിൽക്കുന്നു. അവനൊരു സ്നേഹബന്ധം ഉണ്ട്, സെലിൻ,

ഉപ്പുതറ കാർലോസിന്റെ മകൾ, വീട്ടുകാർക്ക് ആർക്കും അറിയില്ല ഇവരുടെ ബന്ധം.

പിന്നെ മെറിൻ ഡിഗ്രി കഴിഞ്ഞു, എൻ‌ട്രൻസ് കോച്ചിംഗിന് പോകുന്നു. എന്നാൽ മെറിനു കുറെ ചുറ്റികളിയൊക്കെ ഉണ്ടെന്നു വക്കച്ചനറിയാം. അതാണ് അയാളെ പ്രകോപിതനാക്കുന്നത്.

ഗേറ്റിൽ ടോമിച്ചന്റെ ലോറിയുടെ ഹോൺ കേട്ടു വക്കച്ചൻ ഇറങ്ങി വന്നു ജീപ്പിൽ കേറി പുറത്തേക്കു പോയി.

വഴിയിലിറങ്ങി ലോറിയുടെ അടുത്ത് നിർത്തി.

“ടോമിച്ച, മറയൂർക്കു പൊയ്ക്കോ അവിടെ കൂപ്പിൽ നിന്നും ഒരു ലോഡ് തേക്ക് കൊണ്ട് തേനിക്ക് പോണം “

പറഞ്ഞിട്ട് വക്കച്ചൻ ജീപ്പിൽ കേറി. ടോമിച്ചൻ ലോറി സ്റ്റാർട്ടാക്കി മുൻപോട്ടെടുത്തു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ തന്നെ ജെസ്സി വീട്ടിലെ ഒരു അംഗത്തെ പോലെ ആയി, വീട്ടിലെ പണികളിലെല്ലാം ചെയ്തു, ശോശാമ്മയെ സഹായിച്ചു കൂടെ നിന്നു. ജെസ്സിയെ ശോശാമ്മക്ക് ഭയങ്കര ഇഷ്ടമായി, ജെസ്സിക്ക് ശോശാമ്മ സ്വന്തം അമ്മയെപോലെയും.

വെള്ളിയാഴ്ച  രാവിലെ ശോശാമ്മ  ഒരുങ്ങി ഇറങ്ങി. ഈരാറ്റുപേട്ടയിൽ ഉള്ള അനിയത്തി റോസമ്മയെ കാണാനുള്ള പോക്കാണ്.

“മോളേ ജെസ്സി, ടോമിച്ചൻ ഉച്ചകഴിയുമ്പോൾ വരും, പേടിക്കണ്ട, മോളേ കൊണ്ടുപോയാൽ അവിടെയുള്ളവരോട് ആരാണ്, എന്താണ്  ഇതൊക്കെ വിശദികരിക്കേണ്ടി വരും, മാത്രമല്ല ടോമിച്ചൻ വരുമ്പോൾ ഇവിടെ ആരുമില്ലെങ്കിൽ അതുമതി, മോൾക്ക്‌ ഒറ്റയ്ക്ക് നിൽക്കാൻ പേടിയുണ്ടോ…ഞാൻ നാളയെ വരൂ,അവള് ഒരു ദിവസം കഴിഞ്ഞേ വിടു എന്നെ  “

ഉള്ളിൽ ഭയം  ഉണ്ടെങ്കിലും ഇല്ലന്ന് തലയാട്ടി ജെസ്സി.

ശോശാമ്മ പോയിക്കഴിഞ്ഞപ്പോൾ ജെസ്സിക്ക് വല്ലാത്ത ശൂന്യത തോന്നി. വന്നിട്ട് ദിവസങ്ങൾ ആകുന്നതേ ഉള്ളു. ആരെയും പരിചയമില്ല. ഒരുവശത്തു പരന്നു കിടക്കുന്ന തേയില തോട്ടത്തിൽ കൊളുന്ത് നുള്ളുന്ന സ്ത്രീകളെ കാണാം. ചില ആണുങ്ങളും അവർക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. കുറച്ചു നേരം അത് നോക്കി നിന്നശേഷം ജെസ്സി വീട്ടുജോലിയിലേക്ക് തിരിച്ച് പോയി.രാത്രി ഏഴരകഴിഞ്ഞപ്പോൾ ടോമിച്ചന്റെ 

ലോറി  കയറ്റം കയറിവന്നു വീടിന്റെ മുറ്റത്തു നിന്നു. അതിൽ നിന്നും ടോമിച്ചൻ ഇറങ്ങി. തലയിൽ നിന്നും തോർത്തു അഴിച്ചു  കിണറ്റുകരയിലേക്ക് നടന്നു. ഒരു തൊട്ടി വെള്ളം കോരി വച്ചു, കയ്യും കാലും മുഖവും കഴുകി, തോർത്ത്‌ വെള്ളതിലിട്ടു കഴുകി പിഴിഞ്ഞെടുത്തു മുഖവും കൈകളും തുടച്ചു. ഒരു തൊട്ടി വെള്ളം കൂടി കോരി അതിൽ വീണ്ടും തോർത്തിട്ട് പിഴിഞ്ഞെടുത്തു മുറ്റത്തു കെട്ടിയിരുന്ന അഴയിൽ കൊണ്ടുപോയി വിരിച്ചിട്ടു.

അതിന് ശേഷം വീട്ടിലേക്കു നടന്നു. സാന്ധ്യമയങ്ങിയിട്ടും വിളക്ക് തെളിച്ചിട്ടില്ല. വീട്ടിൽ ആളനക്കം ഉള്ളതായി പോലും തോന്നുന്നില്ല.വീട് ഇരുളിൽ മുങ്ങി കിടക്കുന്നു. തിണ്ണയിലേക്ക് കയറിയ ടോമിച്ചൻ ഒന്ന് സംശയിച്ചു നിന്നു.

കതകു തുറന്നു കിടക്കുകയാണ്.

അപ്പോൾ അകത്ത് ജെസ്സി ഉണ്ട്..

പക്ഷെ ഒരു ലൈറ്റ് പോലും ഇട്ടിട്ടില്ല.

ഇവളെന്തെടുക്കുകയാണ് വീടിനുള്ളിൽ….

ടോമിച്ചൻ മെല്ലെ വീടിനുള്ളിലേക്ക് കയറി.

ലൈറ്റ് ഇട്ടു.

തൊട്ടപ്പുറത്തുള്ള മുറിയിൽ നിന്നും ഒരു തേങ്ങി കരച്ചിൽ കേട്ട പോലെ

ടോമിച്ചൻ ആ മുറിയുടെ വാതിൽക്കലേക്കു ചെന്നു.

മുറിക്കുള്ളിൽ ഇരുട്ടാണ്. ഇരുട്ടിൽ നിന്നാണ് തേങ്ങി കരച്ചിൽ…..

ടോമിച്ചൻ മുറിക്കുള്ളിലെ ലൈറ്റ് ഇട്ടു.

കട്ടിലിൽ കിടന്നു കരയുകയാണ് ജെസ്സി.

മുറിയിൽ വെളിച്ചം വന്നതും ജെസ്സി ചാടിയെഴുനേറ്റു വാതിൽക്കലേക്കു നോക്കി.

അവളുടെ മുഖം പേടികൊണ്ട് വിറച്ചിരുന്നു. ടോമിച്ചനെ അവൾ തുറിച്ചു നോക്കി.

“രാത്രിയായിട്ടും ഒരു ലൈറ്റ് പോലും ഇടാതെ വീട്ടിനുള്ളിൽ കിടന്നു കരയാൻ മാത്രം നിന്റെ ആരെങ്കിലും ചത്തുപോയോ…”

ടോമിച്ചൻ ദേഷ്യത്തോടെ ജെസ്സിയെ നോക്കി.

ജെസ്സി ചോദ്യം കേട്ടു ടോമിച്ചനെ നോക്കി.

“എന്റെ ആരും ചത്തില്ല.ചാകാന്നുമില്ല, പക്ഷെ മാനം പോകാതെ ഇങ്ങനെ ഇവിടെ ഇരിക്കാൻ പറ്റിയത് ഏതോ മുജ്ജന്മ പുണ്യം കൊണ്ടാ…..”

ജെസ്സി നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.

“അതിന് നിന്നെ കേറിപ്പിടിക്കാൻ ആരെങ്കിലും വന്നോ ഇവിടെ… ങേ….”

ടോമിച്ചൻ കലിപ്പോടെ ചോദിച്ചു.

“വന്നോ എന്നോ “

ജെസ്സി രൂക്ഷമായി ടോമിച്ചനെ നോക്കി.

“നിങ്ങടെ കൂടെ ഇവിടെ വന്നപ്പോൾ ഒരു സുരക്ഷിതതം തോന്നിയിരുന്നു. പക്ഷെ ഒരു പെണ്ണിന് തൊലിവെളുപ്പും സൗധര്യവും എപ്പോഴും ബാധ്യത ആണെന്ന് ഇപ്പോൾ മനസ്സിലായി. വല്യ റൗഡിയാണ് സംഭവമാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന നിങ്ങളുടെ വീട്ടിലിരിക്കുന്ന എന്റെ മാനത്തിന് വിലപറയാൻ ഇവിടെ ആളുകളുണ്ട്.നാട്ടിലെ പേരുകേട്ട തെമ്മാടികളാണെന്നും നാളെ വീണ്ടും വരുമെന്നും പറഞ്ഞ പോയത്. എന്റെ മാനത്തിന് 1000 രൂപയാ അവരിട്ടിരിക്കുന്ന വില, നാളെ തയ്യാറായില്ലെങ്കിൽ പൊക്കികൊണ്ട് പോകുമെന്നും ഭീക്ഷണി പെടുത്തി.അവരോടു ഈ നാട്ടിൽ ചോദിക്കാൻ ഒരു പട്ടിയും ചെല്ലുകെലാന്ന് ..ഒരു ചീങ്കണ്ണി ലാസറും അവന്റെ ശിങ്കിടികളും   .”

ജെസ്സി രോക്ഷത്തോടെ പറഞ്ഞു നിർത്തി. ഇടതു കൈകൊണ്ടു കണ്ണ് തുടച്ചു.

“ഓ അതാണോ ഇത്ര കാര്യം, ഇതൊക്കെ ഇവിടെ പതിവുള്ളതാ, എന്തായാലും നിന്നെ ഒന്നും ചെയ്തില്ലല്ലോ, പിന്നെ കിടന്നു മോങ്ങേണ്ട കാര്യമുണ്ടോ??”

ടോമിച്ചൻ നിസാരമായി പറഞ്ഞു.

അതുകേട്ടു ജെസ്സി ടോമിച്ചനെ പുച്ഛത്തോടെ നോക്കി.

“നിങ്ങളൊരു ആണാണോ?? മൂക്കിന് താഴെ പിരിച്ചു വച്ചിരിക്കുന്ന ആ മീശ കൊണ്ടുപോയി വടിച്ചു കള, വീട്ടിലുള്ള സ്വന്തം അമ്മയെയും പെങ്ങളെയും ആരെങ്കിലും കേറി പിടിക്കാൻ വന്നാലും നിങ്ങളിങ്ങനെ തന്നെ പറയുമോ?.. ഞാൻ ആരും അല്ലല്ലോ, വലിഞ്ഞു കേറി  വന്നവൾ. പക്ഷെ ഇതിനെ നിസാരവത്കരിച്ച നിങ്ങളുടെ ആ മനസ്സുണ്ടല്ലോ, അതിനോടെനിക്ക് പുച്ഛമാണ്, സ്വന്തമായാലും അന്യരായാലും എല്ലാ പെണ്ണുങ്ങളുടെയും മാനത്തിന് തുല്യവിലയ, അവർ അവരുടെ ചാരിത്രത്തിനു വലിയ വില കൊടുക്കുന്നുണ്ട്.അന്തസ്സുള്ള പെണ്ണുങ്ങൾ അതുപോയാൽ പിന്നെ ജീവിച്ചിരിക്കില്ല…..”

ജെസ്സി പൊട്ടിതെറിച്ചു….

“നിർതെടി നിന്റെ ചാരിത്രപ്രസംഗം..പെണ്ണുങ്ങളുടെ സ്വഭാവംഗുണത്തെ കുറിച്ച് നീ അത്രക് കത്തികേറാതെ…. നീ അടക്കമുള്ള പെണ്ണുങ്ങൾ അത്ര ശീലവതികൾ ഒന്നും ചമയണ്ട.. എനിക്കും അറിയാം കുറച്ചൊക്കെ……”

ടോമിച്ചൻ നിർത്തിയിട്ടു തുടർന്നു.

“ഇവിടെ ഇങ്ങനെയൊക്കെയാ,ചിലതൊക്കെ കണ്ടില്ല, കേട്ടില്ല എന്നൊക്കെ വെക്കേണ്ടി വരും. മനസ്സുണ്ടെങ്കിൽ ഇവിടെ നിന്നാൽ മതി. അല്ലെങ്കിൽ എവിടെയാണെങ്കിൽ പൊക്കോ….”

ടോമിച്ചൻ വരാന്തയിലേക്ക് നടക്കാൻ തുടങ്ങി.

“അല്ലെങ്കിലും രാവിലെ പോകുവാ, വഴിയിൽ കിടന്നു ചാകുന്നതാ ഇതിലും നല്ലത്….”

ജെസ്സി വീറോടെ പറഞ്ഞു.

വരാന്തയിൽ വന്നിരുന്ന ടോമിച്ചൻ ഒരു സാധു ബീഡി എടുത്തു ചുണ്ടിൽ വച്ചു തീ കൊളുത്തി. പുക മൂക്കിലൂടെ പുറത്തേക്കു വിട്ടുകൊണ്ടിരുന്നു.

ജെസ്സി  മുറ്റത്തിറങ്ങി അഴയിൽ കഴുകി ഇട്ടിരുന്ന അവളുടെ തുണികളെടുത്തു വീട്ടിനുള്ളിലേക്ക് കയറി. കയറുന്നതിനിടയിൽ വരാന്തയിലിരിക്കുന്ന ടോമിച്ചനെ നോക്കി.

“നിങ്ങളുടെ മുഴിഞ്ഞു കിടന്ന തുണികളെല്ലാം കഴുകി ഇട്ടിട്ടുണ്ട്, തോട്ടിൽ കൊണ്ടുപോയ അലക്കിയത്, തുണിയിലെ അഴുക്കു കാരണം തോട്ടിലെ മീനുകളെല്ലാം ബോധം കെട്ടു കിടക്കുകയാ, ഒരു വർഷമായിട്ടുണ്ട് അതൊക്കെ കഴുകിയിട്ടു തന്നെ…. നാളെ തൊട്ടു ന്റെ ശല്യം ഉണ്ടാവുകേല…..”

വാശിയോടെ പറഞ്ഞിട്ട് ജെസ്സി അകത്തേക്ക് കയറിപ്പോയി…

അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വരാന്തയിലേക്ക് വന്നു.

“ചോറും കറിയും വച്ചിട്ടുണ്ട്. വിളമ്പി അടുക്കളയിൽ മുടി വെച്ചിട്ടുണ്ട്, വേണങ്കിൽ പോയി എടുത്തു കഴിച്ചോണം, ആരുമില്ലാത്ത ഒരു പെണ്ണിന്റെ മാനത്തിനു പുല്ലു വില കൊടുക്കാത്ത നിങ്ങൾക്ക് വിളമ്പി കൊണ്ട് തരാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.”

ജെസ്സി മുറിയിൽ പോയി തന്റെ വസ്ത്രങ്ങളെല്ലാം എടുത്തു പ്ലാസ്റ്റിക്കു കൂടിനുള്ളിൽ വച്ചു.

ലൈറ്റ് അണച്ചു കട്ടിലിൽ കയറികിടന്നു.

കണ്ണിനുമുൻപിൽ ഇരുട്ടു മാത്രം!

തന്റെ മുൻപിൽ ശൂന്യത ആണ്.

ഇവിടെനിന്നിറങ്ങിയാൽ എങ്ങോട്ടുപോകാൻ….. മരണം മാത്രമാണ് ആശ്രയം.. നശിച്ച തന്റെ ജന്മം…ജെസ്സിയുടെ ഈറനണിഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി തലയിണയിൽ വീണു കുതിർന്നു.

വരാന്തയിൽ ഇരുന്ന ടോമിച്ചൻ തീർന്ന ബീഡികുറ്റി നിലത്തിട്ടു ചവുട്ടി കെടുത്തി.

അകത്തുനിന്നും നേർത്ത തേങ്ങൽ കേൾക്കുന്നുണ്ട്.

ടോമിച്ചൻ എഴുനേറ്റു വീടിനുള്ളിലേക്ക് കയറി. ജെസ്സി കിടക്കുന്ന മുറിയിൽ ഇരുട്ടാണ്.

“നീ കഴിക്കുന്നില്ലേ, പട്ടണികിടന്നു ചാകാനാണോ നിന്റെ  ഉദ്ദേശം “

ടോമിച്ചൻ വിളിച്ചു ചോദിച്ചെങ്കിലും ജെസ്സിയിൽ നിന്നും മറുപടി ഒന്നും വന്നില്ല.

ടോമിച്ചൻ അടുക്കളയിലേക്ക് ചെന്നു.

പഴകിയ മേശപ്പുറത്തു പാത്രത്തിൽ ഭക്ഷണം മുടി വച്ചിരിക്കുന്നു.

കൈകഴുകി ബെഞ്ചിൽ വന്നിരുന്നു മേശപ്പുറത്തു മൂടി വച്ചിരുന്ന പാത്രങ്ങൾ തുറന്നു.

ഒരു പാത്രത്തിൽ ചോറും, ബാക്കിയുള്ള പാത്രങ്ങളിൽ മീൻകറിയും, തോരനും, അച്ചാറും….

കുറച്ചു ചോറെടുത്തു മീൻ ചാറൊഴിച്ച് കുഴച്ചു വാരി വായിൽ വയ്ക്കാൻ തുടങ്ങിയപ്പോൾ കേട്ടു.

അകത്ത് നിന്നും എങ്ങലടിച്ചു കരയുന്നജെസ്സിയുടെ  ശബ്‌ദം.

അണപ്പൊട്ടി ഒഴുകുന്ന മനസ്സിലെ സങ്കടത്തിന്റെ വിങ്ങൽ!

വാരിയ ചോറ് പാത്രത്തിൽ തിരിച്ചിട്ടു.ഒരു നിമിഷം അനങ്ങാതെ ഇരുന്നു.

ടോമിച്ചൻ പാത്രങ്ങൾ മൂടി വച്ചു എഴുനേറ്റു.

ജെസ്സിയുടെ മുറിയുടെ മുൻപിൽ വന്നു.

“ഞാനൊരു സാധനം മേടിക്കാൻ പുറത്തു വരെ പോകുവാ…. വാതിലടച്ചേക്ക്…”””

ടോമിച്ചൻ പുറത്തേക്കിറങ്ങി.

അഴയിൽ കഴുകിയിട്ടിരുന്ന തോർത്തെടുത്തു കുടഞ്ഞു, തോളിലിട്ടു, ലോറിയിൽ പോയി കയറി.

ഇരുട്ടിൽ ലോറിയുടെ ലൈറ്റുകൾ തെളിഞ്ഞു.

തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ലോറി മെയിൻ റോഡ് ലക്ഷ്യമാക്കി നീങ്ങി.

കുട്ടികാനം ടൗണിൽ എത്തി കുമളിക്കുള്ള വഴിയേ തിരിഞ്ഞു ഇരട്ടിക്കാടൻ ഹൈദ്രോസിന്റെ കള്ള് ഷാപ്പിന് മുൻപിൽ നിന്നു.

ടോമിച്ചൻ ഇറങ്ങി, തോളിൽ കിടന്ന തോർത്തെടുത്തു തലയിൽ വട്ടത്തിൽ കെട്ടി, ഒരു ബീഡിയെടുത്തു ചുണ്ടിൽ വച്ചു തീ കൊളുത്തി.

പതിയെ ഷാപ്പിലേക്കു ചെന്നു.

ഷാപ്പിലെ മങ്ങികത്തുന്ന ബൾബിന്റെ വെട്ടത്തിൽ മൂന്നുനാലുപേര് ബെഞ്ചിൽ ഇരുന്നു കള്ളുകുടിക്കുന്നുണ്ട്.

കറിക്കാരൻ കുര്യാപ്പി കപ്പയും കറിയും വിളമ്പി കൊടുക്കുന്ന തിരക്കിലാണ്.

പ്രായമായ കുട്ടിമാപ്പിളയും കോരയും  കള്ളുകുടിച്ചു ബെഞ്ചിൽ താളമിട്ടു  പാട്ടുകൾ പാടുന്നു….ലോറിക്കാരൻ സുകുണനും ലോട്ടറിവിൽപ്പനനടത്തുന്ന മണിയപ്പനും രാഷ്ട്രിയ ചർച്ചകളിൽ ആണ്.

ടോമിച്ചൻ ഒഴിഞ്ഞു കിടന്ന ബെഞ്ചിൽ ഇരുന്നു.

ഷാപ്പുകാരൻ ലോനപ്പൻ ടോമിച്ചനടുത്തെക്ക് വന്നു.

“എന്താ വേണ്ടത് ടോമിച്ച… മൂത്തത് വേണോ അതോ ഇളവനോ “

“മൂത്തതെടുത്തോ ഒരു കുപ്പി “

ടോമിച്ചൻ പറഞ്ഞിട്ട് അടുത്തിരുന്ന ലോറിക്കാരൻ സുകുണനെ നോക്കി.

“ആരാ ഈ ചീങ്കണ്ണി ലാസർ…”

ടോമിച്ചന്റെ ചോദ്യം കേട്ടു ഷാപ്പിൽ ഉച്ചത്തിൽ സംസാരിച്ചു കൊണ്ടിരുന്നവരും പാട്ടുപാടി കൊണ്ടിരുന്നവരും നിശബ്ദരായി.

അവർ ഭയത്തോടെ അകത്തെ റൂമിലേക്ക്‌ നോക്കി.

 “അവന് എന്റെ വീട്ടിലിരിക്കുന്ന പെണ്ണിനെ വേണമെന്ന്, നാളെ അവൻ പൊക്കുമെന്ന്…. അങ്ങനെയാണെങ്കിൽ ഇങ്ങോട്ട് വന്നു കാണാമെന്നു വച്ചു…..”

ടോമിച്ചൻ പറഞ്ഞു നിർത്തിയതും ചുമലിൽ ഒരു കൈ വന്നു വീണു.

മുൻപിൽ ചീങ്കണ്ണി ലാസർ, കൂടെ എന്തിനും പോന്ന മൂന്നാളുകളും…..

“നീ എന്നോട് പകരം ചോദിക്കാൻ വന്നതാണോടാ… ഞേ…. വേണ്ടിവന്നാൽ നിന്റെ അമ്മയെയും ഞാൻ പൊക്കും, നീ എന്ത് ചെയ്യുമെടാ ഈ ചീങ്കണ്ണിയെ….. ഇന്ന് രാത്രി തന്നെ ആ പെണ്ണിനെ പൊക്കണോ, കാണണോ നിനക്ക്…..”

ചീങ്കണ്ണി ലാസർ പറഞ്ഞു കൊണ്ട് ടോമിച്ചനെ തള്ളി.

പുറകോട്ടു വേച്ചുപോയ ടോമിച്ചൻ ബാലൻസിൽ നേരെ നിന്നു.

“ആശാനെതിരെ ശബ്‌ദം ഉയർത്തിയ ഇവനെ വെറുതെ വിടരുത്…”

പറഞ്ഞു കൊണ്ട് ലാസറിന്റെ ശിങ്കിടികളിൽ ബെൽറ്റ്‌ ഷാജി  കൈ വീശി ടോമിച്ചനെ ഒരടി!

ഒഴിഞ്ഞു മാറിയ ടോമിച്ചൻ ഡെസ്കിൽ ഇരുന്ന കള്ളുകുപ്പി എടുത്തു അവന്റെ തലയിൽ ആഞ്ഞോരടിയും ഡെസ്കിൽ ഒരു ചവിട്ടും ഒരുമിച്ചായിരുന്നു.

ചീങ്കണ്ണി ലാസറും ഷാജിയും തെറിച്ചു പലകമറ തകർത്തു പുറത്തേക്കു വീണു.

“കോരേ വിട്ടേക്കാം, ഇന്നിവിടെ എന്തെങ്കിലും നടക്കും. കൊലക്കുറ്റത്തിന് സാക്ഷി പറയാൻ ഈ വയസ്സാംകാലത്തു പറ്റുകേല…”

കുപ്പിയിൽ ബാക്കിയിരുന്ന കള്ളും ഒറ്റവലിക്കു അകത്താക്കി കറി പാത്രത്തിൽ ശേഷിച്ച മീൻ കഷണങ്ങൾ എടുത്തു വായിലിട്ടു കോരയും കുട്ടിമാപ്പിളയും ചാടി പുറത്തിറങ്ങി.

വീണയിടതു നിന്നും ചാടി എഴുനേറ്റു ഷാപ്പിനുള്ളിലേക്ക് കുതിച്ച ചീങ്കണ്ണി ലാസറിനെ ടോമിച്ചൻ ഒരു ബെഞ്ചു പൊക്കിയെടുത്തു വട്ടത്തിൽ ആഞ്ഞടിച്ചു.അടിയേറ്റ് ഒരു നിലവിളിയോടെ ചീങ്കണ്ണി ലാസർ പുറകോട്ടു തെറിച്ചു.

ഷാപ്പിനുള്ളിലിരുന്ന സുകുണൻ പുറകിലത്തെ വാതിലിലൂടെ പുറത്തേക്കോടി.

കറിക്കാരൻ കുര്യാപ്പി പേടിച്ചു അടുക്കളഭാഗത്തു പോയി നിൽക്കുകയാണ്.

പാഞ്ഞുവന്ന ഷാജിയുടെ  മൂക്കിന് താഴെ ഇടി വീണു. തലമരവിച്ചു പോയ അവനെ ടോമിച്ചൻ തോളിലൂടെ കറക്കിയെടുത്തു തൂക്കിയൊരേറു കൊടുത്തു. കള്ളുകുപ്പികൾ അടുക്കിവച്ചിരുന്ന അലമാരിയിൽ പോയിടിച്ചു താഴെ വീണ ഷാജിയുടെ ദേഹത്തേക്ക്  അലമാരിയിലെ കുപ്പികൾ കൂട്ടത്തോടെ വന്നു വീണു… കുറച്ചു കുപ്പികൾ പൊട്ടിച്ചിതറി….

ചീങ്കണ്ണി ലാസറിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ ടോമിച്ചന്റെ മിന്നലടിയിൽ നിലത്തു വീണു. മുറ്റത്തേക്ക് ചാടിയിറങ്ങിയ ടോമിച്ചൻ നിലത്തുകിടന്ന ചീങ്കണ്ണി ലാസറെ വലിച്ചു പൊക്കി. പിന്നെ അവിടെ പൊരിഞ്ഞ അടി ആയിരുന്നു. ഒടുവിൽ ഇടികൊണ്ട് താഴെ വീണ ലാസറിനെ  ലോറിയുടെ ബോണറ്റിലേക്കു ചാരിനിർത്തി നാഭിനോക്കി ആഞ്ഞൊരു തൊഴി തൊഴിച്ചു.

വേദനകൊണ്ട് പുളഞ്ഞു നിലവിളിച്ച ലാസർ നിലത്തേക്കൂർന്നു വീണു.

വെട്ടിതിരിഞ്ഞ ടോമിച്ചൻ പാഞ്ഞു വന്ന ഷാജിയുടെ കത്തിമുനയിൽ നിന്നും ഒഴിഞ്ഞു മാറി.

ഷാജി അലറിക്കൊണ്ട് വീണ്ടും കുത്താൻ വന്നതും ലോറിയുടെ സൈഡിൽ നിന്നും ജാക്കി ലിവർ വലിച്ചെടുത്തു ടോമിച്ചൻ ആഞ്ഞൊരടി!

തലക്കടിയേറ്റ ഷാജി വശത്തേക്ക് തെറിച്ചുപോയി.

അവരുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ജാക്കി ലിവർ കൊണ്ടുള്ള അടിയേറ്റ് നിലത്തു വീണശേഷം വേച്ചു വേച്ചു എഴുനേറ്റു  ഇരുട്ടിലേക്കു ഓടി മറഞ്ഞു.

ചീങ്കണ്ണി ലാസറും ബെൽറ്റ്‌ ഷാജിയും നിലത്തുകിടന്നു ഞരങ്ങി.

ടോമിച്ചൻ ജാക്കിലിവർ ലോറിക്കുള്ളിലേക്കിട്ട് ഒരു ബീഡികത്തിച്ചു.

ഷാപ്പിന് മുൻപിൽ ലോനപ്പനും കുര്യാപ്പിയും പേടിച്ചു വിറച്ചു നിൽക്കുകയാണ്. ഷാപ്പിന്റെ മുൻവശം തകർന്നു കിടക്കുകയാണ്.

“നിങ്ങളാരും ഈ കാര്യത്തിൽ തലയിടണ്ട നിങ്ങളുടെ പണി നടക്കട്ടെ, പിന്നെ കുറെ കുപ്പി പൊട്ടിയിട്ടുണ്ട്, അതുവേണമെങ്കിൽ ഞാൻ എവിടുന്നെങ്കിലും പെറുക്കികൊണ്ട് തന്നേക്കാം….”

പേടിച്ചു വിറച്ചു നിൽക്കുന്ന ലോനപ്പനോട് ടോമിച്ചൻ പറഞ്ഞു.

“വേണ്ട ടോമിച്ച,കുപ്പി വേറെ ഇവിടെ ഇരിപ്പൊണ്ട്….”,

ലോനപ്പൻ ഭാവ്യതയോടെ പറഞ്ഞു.

ഉം… ഒന്ന് മൂളിയിട്ടു ടോമിച്ചൻ ലോറിക്ക് നേരെ നടന്നു.

കട്ടിലിൽ എഴുനേറ്റിരുന്ന ജെസ്സി കാതോർത്തു.

ടോമിച്ചന്റെ വണ്ടിയുടെ ഒച്ച കേൾക്കുന്നുണ്ടോ??

താനൊറ്റക്കാണ് ഇവിടെ എന്നാ ചിന്ത അവളിൽ ഭയമുണർത്തി.

പകൽ വന്ന ചട്ടമ്പികൾ വീണ്ടും വന്നാലോ? ഉറപ്പില്ലാത്ത വാതിലും കതകുകളുമാണ് വീടിന്. ചവുട്ടിപൊളിച്ചു കേറി വന്നാൽ വെറുമൊരു പെണ്ണായ തനിക്കു എത്രമേൽ എതിർത്തു നിൽക്കാൻ പറ്റും?

അതോർത്തപ്പോൾ ദേഹമസകലം ഒരു വിറയൽ ബാധിച്ചപോലെ… പായുടെ അടിയിൽ വച്ചിരുന്ന വെട്ടുകത്തി എടുത്തു അടുത്ത് വച്ചു.

കാതോർത്തു….

പെട്ടന്ന് ഒരു വണ്ടിയുടെ ഒച്ച കേട്ടപോലെ… ശബ്‌ദം വീടിനടുത്തേക്ക് വരുന്നതുപോലെ..

ടോമിച്ചനാകുമോ?

ജെസ്സി എഴുനേറ്റു മുൻവശത്തെ കഥകിനടുത്തുപോയി പാലകമറയുടെ വിടവിലൂടെ പുറത്തെക്കു നോക്കി.

അതേ… ലോറിയിൽ നിന്നും ടോമിച്ചൻ ഇറങ്ങുന്നു

ജെസ്സി കതകിന്റെ കൊളുത്തെടുത്ത ശേഷം മുറിയിൽ പോയി.ഉറക്കം നടിച്ചു കിടന്നു.

കുറച്ചു സമയത്തിനുള്ളിൽ മുറിയുടെ വാതിലിനുമുൻപിൽ ഒരു കാൽപെരുമാറ്റം.

“വാതിലടക്കാതെയാണോ പള്ളിയുറക്കം.. ങേ…”

ജെസ്സി മെല്ലെ എഴുനേറ്റിരുന്നു

“ഇവിടെ വാതിലടച്ചാലെന്ത്, അടച്ചില്ലെങ്കിലെന്തു… ആർക്കുവേണമെങ്കിലും കേറിവന്ന്‌ എന്തുവേണമെങ്കിലും ചെയ്യാമല്ലോ? ഇവിടെയൊക്കെ ഇങ്ങനെയല്ലേ? ചോദിക്കാനും പറയാനുമൊന്നും ആരുമില്ലാത്ത സ്ത്രീകളുടെ അവസ്ഥ ഇതു തന്നെയായിരിക്കും…”

ജെസ്സി താഴേക്കു നോക്കി കൊണ്ട് പറഞ്ഞു.

“മതി കൊണവതിയാരം നിന്റെ… എഴുനേൽക്കടി അവിടെ…

ടോമിച്ചൻ ആഞാപിച്ചു.

അതുകേട്ടു ജെസ്സി പേടിയോടെ ടോമിച്ചനെ നോക്കി.

“ഞാൻ രാവിലെ എവിടെയെങ്കിലും പൊയ്ക്കോളാം. ഈ പാതിരാത്രിക്ക് എന്നെ ഇറക്കി വിടരുത്… ഞാനൊരു ശല്യമാകാതെ പൊയ്‌ക്കോളാം…”

ജെസ്സിയുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.

“നീ എന്തിനാ എന്റെ തുണികളൊക്കെ കഴികിയിട്ടേ…ആര് പറഞ്ഞു അത് ചെയ്യാൻ… ചോറും കറികളും ഉണ്ടാക്കി എന്നെ കാത്തിരിക്കാൻ ആര് പറഞ്ഞു? ങേ.. ഞാൻ പറഞ്ഞോ “

“ആരും പറഞ്ഞതല്ല, എനിക്ക് ചെയ്യണമെന്നുതോന്നി,ചെയ്തു “

ജെസ്സി പറഞ്ഞു 

ടോമിച്ചൻ മുറിക്കുള്ളിലേക്ക് കയറി വന്നു.

ജെസ്സി കട്ടിലിൽ നിന്നും എഴുനേറ്റു.

 ടോമിച്ചനെ ഭയത്തോടെ നോക്കി.

“ഇങ്ങോട്ട് ഇറങ്ങിവാടി..”

ജെസ്സിയുടെ കയ്യിൽ പിടിച്ചുകൊണ്ടു മുറിക്കുപുറത്തേക്ക് നടന്നു.

കാരിരുമ്പിന്റെ ബലമുള്ള അയാളുടെ കൈക്കുള്ളിൽ ജെസ്സിയുടെ കൈ ഞെരിഞ്ഞു.

വരാന്തയിൽ നിന്നും ജെസ്സിയെ ടോമിച്ചൻ മുറ്റത്തേക്ക് വലിച്ചിറക്കി.

ജെസ്സി സങ്കടത്തോടെ ടോമിച്ചനെ നോക്കി.

“ഈ രാത്രി തന്നെ ഞാൻ പോകണം അല്ലെ… ഞാൻ പോകാം. എന്റെ തുണികൾ മുറിക്കുള്ളിൽ ഇരിപ്പുണ്ട്. അതൊന്നെടുത്തു തരണം….”

ടോമിച്ചൻ അവളെ സൂക്ഷിച്ചു നോക്കി.അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

വീണ്ടും അവളുടെ കയ്യിൽ പിടിച്ചു ലോറിയുടെ മുൻപിൽ കൊണ്ടുനിർത്തി.

“നോക്കടി അങ്ങോട്ട്‌ “

ടോമിച്ചൻ കൈചൂണ്ടിയാ ഭാഗത്തേക്കു നോക്കിയ ജെസ്സി ഞെട്ടിപ്പോയി.

രണ്ടാളുകളെ  തലകീഴായി ലോറിയുടെ മുകളിൽ നിന്നും തൂക്കിയിട്ടിരിക്കുന്നു.

അവർ കിടന്നു പിടക്കുന്നുണ്ട്.

ടോമിച്ചൻ ലോറിയിലേക്ക് കയറി കയ്യിലിരുന്ന കത്തികൊണ്ട് അവരെ കെട്ടി തൂക്കിയിരുന്ന കയർ മുറിച്ചു വിട്ടു.

ഒരു നിലവിളിയോടെ അവർ രണ്ടു പേരും ജെസ്സിയുടെ മുൻപിലായി വന്നു തല്ലിയലച്ചു വീണു.

ജെസ്സി ഞെട്ടി പുറകോട്ടു മാറി…

മുൻപിൽ കിടന്നു വേദന കൊണ്ട് ഞരങ്ങുകയും മൂളുകയും ചെയ്യുകയാണെവർ.

ജെസ്സി അവരെ തിരിച്ചറിഞ്ഞു.

പകൽ വീട്ടിൽ വന്നു തന്റെ മാനത്തിന് വില പറഞ്ഞവർ.

ഇപ്പോഴിതാ തന്റെ കാൽച്ചുവട്ടിൽ കിടന്നു ഇഴയുന്നു.

ജെസ്സി ടോമിച്ചനെ നോക്കി.

ടോമിച്ചൻ ഒരു ദിനേശ് ബീഡി എടുത്തു ചുണ്ടിൽ വച്ചു.

“ഈ ബീഡി വലിച്ചു തീരുന്ന സമയത്തിനുള്ളിൽ ഇവളോട് മാപ്പ് പറഞ്ഞു ഇവിടെ നിന്നും സ്ഥലം വിട്ടോണം. ഈ കുട്ടിക്കാനത്തു കണ്ടുപോകരുത്….”

ചുണ്ടിൽ വച്ച ബീഡിക്കു ടോമിച്ചൻ തീ കൊളുത്തി.

ചീങ്കണ്ണി ലാസറും ബെൽറ്റ്‌ ഷാജിയും ഒരുവിധം എഴുനേറ്റു ജെസ്സിയുടെ മുൻപിലെത്തി.

“പെങ്ങളെ, ഞങ്ങളോട് പൊറുക്കണം, ഒരബദ്ധം പറ്റിയതാ….ക്ഷെമിക്കണം..”

അവർ കൈകൂപ്പി മുക്കിയും മൂളിയും ഒരു വിധം പറഞ്ഞൊപ്പിച്ചു.

“ശരി… പെട്ടന്ന് സ്ഥലം വിട്ടോ “

ടോമിച്ചൻ പറഞ്ഞതും അവർ ഏന്തിവലിഞ്ഞു ഇരുളിലേക്ക് നടന്നു.

എന്തുചെയ്യണം എന്നറിയാതെ സ്തംഭിച്ചു നിൽക്കുകയായിരുന്ന ജെസ്സി ടോമിച്ചനെ ഒന്ന് നോക്കിയശേഷം വീടിനുള്ളിലേക്ക് നടന്നു.

ടോമിച്ചൻ ബീഡി വലിച്ചുകൊണ്ട് കുറച്ചുനേരം അവിടെ നിന്നശേഷം തിരിച്ചു വീടിന്റെ വരാന്തയിൽ വന്നു ഇരുന്നു.

“ചോറെടുത്തുകൊണ്ട്  വരട്ടെ… കറിവച്ച മത്തിയിൽ നിന്നും രണ്ടുമൂന്നെണ്ണം എടുത്തു വറത്തു. വറുത്ത മീനല്ലേ ഇഷ്ടം.”

ജെസ്സി വരാന്തയിലേക്ക് വന്നു പറഞ്ഞിട്ട് ടോമിച്ചന്റെ അനുവാദത്തിനു നിൽക്കാതെ അകത്തേക്ക് പോയി, ചോറും കറികളുമായി വന്നു ടോമിച്ചന്റെ മുൻപിൽ കൊണ്ട് വച്ചു.

“നിന്നോടാരു പറഞ്ഞു ചോറുംകൊണ്ട് വരാൻ..”

ടോമിച്ചൻ ജെസ്സിയെ രൂക്ഷമായി നോക്കി.

“വീട്ടിലുള്ള ആണുങ്ങൾക്ക് കൊടുത്തിട്ടു വേണം കഴിക്കാനെന്നു മമ്മി എപ്പോഴും പറയുമായിരുന്നു. എനിക്കും വിശക്കുന്നുണ്ട് “

ജെസ്സി ഒരു ചിരിയോടെ പറഞ്ഞു.

“ആണുങ്ങൾ തിന്നില്ലെങ്കിൽ നിങ്ങൾ പെണ്ണുങ്ങൾക്ക് ചോറ് തൊണ്ടയിലേക്ക് ഇറങ്ങതില്ലേ.”

ടോമിച്ചൻ ജെസ്സിയെ നോക്കി.

അതിന് മറുപടി പറയാതെ ജെസ്സി അകത്തേക്ക് പോയി.

ടോമിച്ചൻ ചോറുണ്ടു കഴിഞ്ഞപ്പോൾ ജെസ്സി ഇറങ്ങി വന്നു.

“പാത്രം ഇങ്ങു തന്നേക്കു, ഞാൻ കഴുകിക്കൊള്ളാം….”

“എനിക്കറിയാം തിന്നപാത്രം കഴുകി വക്കാൻ…”

അതും പറഞ്ഞു പാത്രവുമായി ടോമിച്ചൻ കിണറിന്റെ അടുത്തേക്ക് നടന്നു.

ടോമിച്ചൻ കഴുകിയ പാത്രങ്ങൾ കൊണ്ട് അടുക്കളയിൽ വച്ചു. ജെസ്സി അപ്പോഴേക്കും ഭക്ഷണം കഴിച്ചു പാത്രങ്ങൾ കഴുകി, അടുക്കള അടിച്ചുവാരി, അടുക്കള വാതിൽ പൂട്ടി.

ജെസ്സി മുറിയിലേക്ക് പോയി.

മുറ്റത്തേക്കിറങ്ങി ഒരു ബീഡി വലിച്ചു തീർത്ത ശേഷം  വന്നു 

വരാന്തയിൽ മടക്കി വച്ചിരുന്ന പുല്ലുപായ എടുത്തു നിവർത്തിയിട്ടു, തലയിണയും വച്ചു.

കിടക്കാൻ തുടങ്ങുമ്പോഴാണ് വീടിനുള്ളിൽ നിന്നും ഒരു മൂളിപ്പാട്ടു കേട്ടത്,ജെസ്സിയുടെ പാട്ടാണ്…

ടോമിച്ചൻ കാതോർത്തു

“മോഹത്തിൻ മേലെ…ഒരു ശോകത്തിൻ കൂട്..

ആരോരുമില്ലാത്തൊരികിളി പെണ്ണിന്റെ

വിങ്ങുന്ന മാനസം കാണുന്നുവോ

മിഴി നിറയുന്നതെന്തിനെന്നറിയുന്നുവോ “

(ഫുൾ സോങ് വിത്ത്‌ മ്യൂസിക്കിൽ പിന്നീട് അപ്‌ലോഡ് ചെയ്യുന്നതാണ് )

പാട്ടുപാടി തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ ടോമിച്ചൻ നിൽക്കുന്നു.

“നിനക്ക് ഉറക്കമൊന്നുമില്ലേ,പാതിരാത്രി യുഗ്മഗാനം….”

ടോമിച്ചൻ ദേഷ്യത്തോടെ പറഞ്ഞു.

“ഇതു യുഗ്മഗാനം അല്ല, ശോകഗാനം….ഉള്ളിലുള്ള സങ്കടം പകുതി കരഞ്ഞു തീർത്തു. ബാക്കിയുണ്ടായിരുന്നത് പാടി തീർത്തതാ.ഞാൻ ദുഃഖം ഉള്ളിൽ തിങ്ങിവിങ്ങി ഹൃദയം പൊട്ടിപോകും എന്ന് തോന്നുമ്പോൾ ആരുംകാണാതെ തനിച്ചിരുന്നു കരയും, ചിലപ്പോൾ ഇതുപോലെ ഓരോ പാട്ടും പാടും. ഇപ്പോൾ കുറച്ചു ആശ്യാസം തോന്നുന്നുണ്ട്….”

ജെസ്സി കട്ടിലിന്റെ സൈഡിൽ നഖം വച്ചു ഉരച്ചുകൊണ്ട് പറഞ്ഞു.

“എനിക്ക് ഇതുപോലെയുള്ള ഒച്ച കേട്ടാൽ ഉറക്കം വരുകേല, രാവിലെ എഴുനേറ്റു പണിക്കു പോകേണ്ടത. നിനക്കും രാവിലെ പോകേണ്ടതല്ലേ.കിടന്നുറങ്ങാൻ നോക്ക്…..”

ടോമിച്ചൻ പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും ജെസ്സിയുടെ ശബ്‌ദം.

“എവിടെ പോകാൻ, ഞാനെങ്ങും പോകുന്നില്ല, കേറിപോകാൻ ഇടമുണ്ടങ്കിലല്ലേ പോയിട്ട് കാര്യമുള്ളൂ.എവിടെയെങ്കിലും പോയി ചാകാനായിരുന്നു എന്റെ ഉദ്ദേശം… ഇപ്പോൾ ഞാനതു മാറ്റി, വാക്ക് അല്ലെ മാറ്റാൻ പറ്റു, നാക്കു മാറ്റാൻ പറ്റുമോ …”

ജെസ്സിയുടെ വാക്കുകൾ കേട്ടു ടോമിച്ചൻ തിരിഞ്ഞു നിന്നു.

“”നീയെങ്കിലും വാക്കുപാലിക്കുന്നവളാണെന്ന ഞാൻ കരുതിയത്. എല്ലാവളുമാരും കണക്കാ….

അതുകേട്ടു ജെസ്സി ടോമിച്ചനെ നോക്കി

“ഇപ്പോൾ പോയികിടന്നുറങ്ങു, രാവിലെ പണിക്കുപോകേണ്ടതല്ലേ? എനിക്കും ഉറക്കം വരുന്നുണ്ട്, ഒരുപാടു നാളായി ആരെയും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങിയിട്ട്. കണ്ണടച്ചാൽ ദുസ്വപ്നങ്ങളും ആരൊക്കെയോ അപകടപെടുത്താൻ വരുന്നതുപോലെയും…. ഒരു സുരക്ഷിതതം ഇല്ലായിരുന്നു.. പെണ്ണായി ജനിച്ചതിന്റെ ഫലം. പക്ഷെ ഇന്ന് എനിക്കിവിടെ കിടന്നു സമാധാനമായി, ആരെയും പേടിക്കാതെ, മതിവരുവോളം ഉറങ്ങണം…. നിങ്ങൾ ആ വരാന്തയിൽ കിടക്കുമ്പോൾ എനിക്കിവിടെ ആരെയും പേടിക്കാതെ കിടക്കാം,ആയിരം  പേരുവന്നാലും നിങ്ങൾ എന്നെ ഒരു പോറലുപോലും ഏൽക്കാതെ സംരെക്ഷിക്കും . അതൊരു പെണ്ണിന്റെ വിശ്വാസമാ…എനിക്കതുമതി….”

ജെസ്സി കട്ടിലിൽ ചുളിങ്ങികിടന്ന പായ ഒന്നുകുടഞ്ഞു വിരിച്ചു.

തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ ടോമിച്ചൻ ഇല്ല.

വാതിൽക്കൽ ചെന്നു വരാന്തയിലേക്ക് നോക്കി, ടോമിച്ചൻ പുറത്തേക്കു നോക്കി വരാന്തയിൽ ചാരി ഇരിക്കുകയാണ്.

“കിടക്കുന്നില്ലേ “

ജെസ്സിയുടെ ചോദ്യത്തിന് ടോമിച്ചനിൽ നിന്നും മറുപടി ഒന്നും വന്നില്ല.

ജെസ്സി അകത്തേക്ക് പോയി.

ടോമിച്ചൻ ആകാശത്തിലേക്കു നോക്കി. തെളിഞ്ഞു നിൽക്കുന്ന ചന്ദ്രകല അകലെ മരങ്ങൾക്കിടയിലൂടെ കാണാം.നക്ഷത്രങ്ങൾ ഭൂമിയുടെ കാവൽഭാടന്മാരെ പോലെ കണ്ണുതുറന്നു ഭൂമിയിലേക്ക് നോക്കി നിൽക്കുന്നു. കൂട്ടം തെറ്റിയ മിന്നാമിനുങ്ങുകൾ പാറി നടക്കുന്നു.

ടോമിച്ചൻ  നീണ്ടു നിവർന്നു കിടന്നു.ഉറക്കം വരാത്തത് കൊണ്ട് കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു.

അകലെനിന്നും പട്ടികുരക്കുന്ന ശബ്‌ദം കേൾക്കാം.  

എഴുനേറ്റിരുന്നു,വാതിലിനു നേരെ നോക്കി. ഒരു പൂട്ടുപോലുമില്ല..          

വിരിച്ചിരുന്ന പായ എടുത്തു ടോമിച്ചൻ വാതിലിന്റെ നേർക്കു വിരിച്ചു. തലയിണ എടുത്തു വാതിൽ പടിയിൽ വച്ചു അതിൽ തല വച്ചു കിടന്നു.

അകത്ത് തന്നെ വിശ്വസിച്ചു കിടന്നുറങ്ങുന്ന പെൺകുട്ടിയ്ക്ക് കാവൽകാരനായി…..   

                       (തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

4.6/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!