ഇടിവെട്ടി പെയ്യുന്ന മഴയത്തു കൂടി കുടകൾ ചൂടി നടന്നു നീങ്ങുന്ന ജനാവലിയുടെ അകമ്പടിയോടെ ജോഷിയുടെ ശവമഞ്ചവും വഹിച്ചു കൊണ്ടുള്ള അന്ത്യവിലാപയാത്ര ഉപ്പുതറ st ആഗസ്ത്യൻ പള്ളിയിലേക്ക് പോയികൊണ്ടിരുന്നു. വണ്ടിക്കുള്ളിൽ കരഞ്ഞു തളർന്നു കിടക്കുന്ന എൽസമ്മയെ സമാധാനിപ്പിച്ചു കൊണ്ട് മോളികുട്ടി അടുത്ത് തന്നെ ഇരുന്നു. കാർലോസിനെ താങ്ങിപിടിച്ചു കൊണ്ട് വക്കച്ചനും ഫ്രഡിയും വിലാപയാത്രക്കൊപ്പം, നടന്നുകൊണ്ടിരുന്നു. അലമുറയിട്ട് കരയുന്ന സെലിനെ ചേർത്തു പിടിച്ചു റോണിയും അനുഗമിക്കുന്നുണ്ട് ആളുകൾക്കൊപ്പം, കൂടെ മെറിനും, ടോമിച്ചനും, ശോശാമ്മയും ഉണ്ട്….
“അന്തിമയങ്ങി വെളിച്ചത്തിൽ…
ചെന്തീ പോലൊരു മാലാഖ
വിണ്ണിൽ നിന്നും മരണത്തിൻ
സന്ദേശവുമായി വന്നെത്തി….”
ശവമഞ്ചത്തെ അനുഗമിക്കുന്ന വാഹനങ്ങളിൽ ഇരുന്നു മൈക്കിലൂടെ കന്യാസ്ത്രികൾ ആലപിക്കുന്ന മരണഗീതം പുറത്തേക്കു അലയടിച്ചു വന്നുകൊണ്ടിരുന്നു.
വിലാപയാത്ര പള്ളിയിലെത്തിയിട്ടും മഴക്ക് ശമനമുണ്ടായില്ല.മരണപെട്ട ആത്മാവിന്റെ ശാന്തിക്കു വേണ്ടിയുള്ള പ്രാർത്ഥനക്കു ശേഷം, സെമിതേരിയിൽ ഉപ്പുതറക്കാരുടെ കുടുംബകല്ലറയിൽ, ജോഷിയെ അടക്കം ചെയ്യപ്പെട്ടു.
ചെറിയ ചായസത്കാരത്തിനു ശേഷം ആളുകൾ പിരിഞ്ഞു പോയികൊണ്ടിരുന്നു.
“വക്കച്ച, എന്റെ മോൻ ജോഷി പോയി, ദേ അവിടെ ആറടി മണ്ണിൽ ആരുമില്ലാതെ ഒറ്റയ്ക്ക്, ഒന്നും കാണാനും കേൾക്കാനും പറ്റാതെ കിടക്കുന്നു. ഞാൻ എങ്ങനെ സഹിക്കും കർത്താവെ ഇത്…. എന്റെ വലം കയ്യാ പോയത്,”
അത് വരെ അടക്കി വച്ചിരുന്ന സങ്കടം കാർലോസ്സിൽ അണപ്പൊട്ടി ഒഴുകി..
താങ്ങിപിടിച്ചിരുന്ന വക്കച്ചന്റെ കയ്യിൽ നിന്നും കുതറി മാറി കാർലോസ് പൂക്കളും റീത്തുകളും കൊണ്ട് മൂടപ്പെട്ട ശവകല്ലറയുടെ മുകളിൽ പോയി കമഴ്ന്നു കിടന്നു.മഴത്തുള്ളികൾ കല്ലറയുടെ മുകളിലേക്കു വീണുകൊണ്ടിരുന്നു.
അതുകണ്ടു സെലിനും, എൽസമ്മയും വാവിട്ടു കരഞ്ഞു.കണ്ടു നിന്ന ശോശാമ്മയുടെയും കൂടി നിന്ന അടുത്ത ബധുക്കൾക്കളുടെയും കണ്ണുകൾ ഈറാനായി.
വക്കച്ചനും ടോമിച്ചനും കൂടി പോയി കാർലോസിനെ പിടിച്ചെഴുനേൽപ്പിച്ചു.
“കാർലോസെ, കർത്താവു കൊണ്ട് പോയി അവനെ, അങ്ങനെ സമാധാനിക്ക്, അവനത്രയേ ആയുസ്സ് ഉണ്ടായിരുന്നുള്ളു. അങ്ങനെ കരുതി സമാധാനിപ്പിക്ക്. നമ്മളും നാളെ പോകേണ്ടവരാ ആറടി മണ്ണിലോട്ടു. ജോഷി കുറച്ച് നേരത്തെ പോയി. അത്രതന്നെ. കാർലോസെ, നീ വേണം എൽസമ്മയെയും മക്കളെയും സമാധാനിപ്പിക്കേണ്ടത്.ആ നീ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും. ഇനി അവനെ കർത്താവ് കാത്തോളും.. കരയാതെ ഇവരെയും കൂട്ടി വീട്ടിലോട്ടു പോ “
ഫാദർ മാത്യു ചുരക്കൽ കാർലോസിന്റെ കയ്യിൽ പിടിച്ചു സമാധാനിപ്പിച്ചു.
“എന്റെ മകനെ കർത്താവ് വിളിച്ചതല്ല അച്ചോ, അവൻ ആ പാണ്ടി നായിന്റെ മോൻ ഷണ്മുഖം കൊന്നതാച്ചോ, അവൻ മുന്നറിയിപ്പ് തന്നിരുന്നു അച്ചോ കൊല്ലുമെന്ന്, പക്ഷെ ഞാനത്രക്കും ഗൗരവമായി എടുത്തില്ല. എനിക്ക് സഹിക്കുന്നില്ലച്ചോ. എന്റെ മോൻ….”
കാർലോസ് വലിയവായിൽ നിലവിളിച്ചു.
എൽസമ്മയെയും സെലിനെയും മോളികുട്ടിയും, ശോശാമ്മയും രണ്ടുമൂന്നു കന്യസ്ത്രികളും കൂടി കൊണ്ടുപോയി കാറിൽ ഇരുത്തി.
“എനിക്ക് എന്റെ ജോഷിയുടെ അടുത്ത് നിന്നും പോകണ്ട, എന്നെ കൊണ്ടുപോകരുതേ…. എന്നെ വിട് “
എൽസമ്മ അവരുടെ കയ്യിൽ കിടന്നു പിടഞ്ഞു.
“എൽസമ്മേ… കരയാതെ, നടന്നത് സത്യമാണെന്നു മനസ്സിനെ പറഞ്ഞ് പഠിപ്പിക്ക്, ഇങ്ങനെ കരഞ്ഞാൽ വല്ല സൂക്കേടും വരും “
മോളികുട്ടിയും ശോശാമ്മയും കൂടി നിർബന്ധിച്ചു എൽസമ്മയെ കാറിൽ കയറ്റി ഇരുത്തി.
“വക്കച്ച, രണ്ടു ദിവസം നിങ്ങളിവിടെ നിൽക്ക്, ഇവർക്കൊരു ആശ്വാസമാകും”
ഫാദർ മാത്യു പറഞ്ഞു.
“ഞങ്ങളിവിടെ ഉണ്ട് അച്ചോ, രണ്ടു മൂന്ന് ദിവസം കഴിഞ്ഞിട്ടേ പോകുന്നുള്ളു “
വക്കച്ചൻ പറഞ്ഞിട്ട് റോണിയെ നോക്കി.
“സെലിനെ കൊണ്ടുപോയി എൽസമ്മേടെ കൂടെ കാറിലിരുത്ത് . എന്നിട്ട് നിങ്ങള് പൊക്കോ, കാർലോസിനെയും കൊണ്ട് ഞങ്ങൾ വന്നോള്ളാം “
റോണി കരഞ്ഞു തളർന്നു ചാരിയിരിക്കുന്ന സെലിനെ എഴുനേൽപ്പിച്ചു താങ്ങിപിടിച്ചു കാറിൽ കൊണ്ടുപോയി ഇരുത്തി.
റോണി ഡ്രൈവിംഗ് സീറ്റിൽ കയറി…
“ശോശാമ്മച്ചി വരുന്നില്ലേ “
റോണി കാറിൽ കേറാതെ നിൽക്കുന്ന ശോശാമ്മയെ നോക്കി.
“ഇല്ല റോണി, ഇന്ന് തന്നെ കുട്ടിക്കാനത്തിന് പോകണം, നിങ്ങള് പൊക്കോ “
ശോശാമ്മ പറഞ്ഞു
റോണി കാറ് മുൻപോട്ടെടുത്തു ഓടിച്ചു പോയി.
ടോമിച്ചനും വക്കച്ചനും ഫ്രഡിയും കൂടി കാർലോസിനെ താങ്ങിയെടുത്തു ജീപ്പിനടുത്തേക്ക് കൊണ്ടുപോയി, ഉള്ളിൽ കയറ്റി ഇരുത്തി.
“എന്റെ മകനെ കൊന്നവനെ വെറുതെ വിടരുത് വക്കച്ച, അവനെയും കൊല്ലണം “
കാർലോസ് പിറുപിറുത്തു കൊണ്ടിരുന്നു.
വക്കച്ചനും ഫ്രഡിയും ജീപ്പിൽ കയറി.
“നിങ്ങളെ ഉപ്പുതറ ടൗണിൽ ഇറക്കാം,
ഇന്ന് പോകുകയാണെങ്കിൽ, അവിടെ നിന്റെ ലോറി ഉണ്ടല്ലോ “
വക്കച്ചൻ ടോമിച്ചനോട് പറഞ്ഞു.
ടോമിച്ചനും ശോശാമ്മയും ജീപ്പിന്റെ പുറകിൽ കയറി.
ഉപ്പുതറ ടൗണിൽ ടോമിച്ചനെയും ശോശാമ്മയെയും ഇറക്കി വക്കച്ചൻ ജീപ്പ് കാർലോസിന്റെ വീട്ടിലേക്കു വിട്ടു.
വഴിസൈഡിൽ പാർക്കുചെയ്തിരുന്ന ലോറിയിൽ ടോമിച്ചൻ ശോശാമ്മയും കുട്ടിക്കാനത്തേക്ക് തിരിച്ചു.
വരുമ്പോൾ ശോശാമ്മ ശ്രെദ്ധിച്ചു.
ടോമിച്ചന്റെ മുഖത്തു, ഒരു കുറ്റബോധം നിഴലിച്ചിരുന്നു.
“നിന്റെ മുഖതെന്താ ഒരു ദുഃഖം, ഒരു വല്ലായ്മ, എന്ത് പറ്റി ടോമിച്ചാ “
ശോശാമ്മ ടോമിച്ചന്റെ മുഖത്തേക്ക് ഉറ്റുനോക്കി ചോദിച്ചു.
“ങ്ങാ ഒന്നുമില്ല, മരിച്ച ആ ജോഷിയെ കുറിച്ച് ആലോചിച്ചതാ,ഇങ്ങനെ മരിക്കേണ്ട ഒരാളായിരുന്നില്ല എന്നൊരു തോന്നൽ, ഒരു കുറ്റബോധം “
ടോമിച്ചൻ സ്റ്റീറിങ് തിരിച്ചു കൊണ്ട് പറഞ്ഞു.
“അതിനത്രക്കെ ആയുസ്സുള്ളൂ എന്ന് കരുതുക, അതിന് നിനക്കെന്തിനാ കുറ്റബോധം, നീ ആണോ അയാളെ കൊന്നത് “
ശോശാമ്മ സംശയത്തോടെ നോക്കി.
“അല്ല, പക്ഷെ എന്തോ മനസ്സിനകത്തൊരു പിടച്ചിൽ, മകനെ നഷ്ടപെട്ട ഒരു അപ്പന്റെയും അമ്മയുടെയും കരച്ചിലും വേദനയും കണ്ടത് കൊണ്ടാകാം.ങ്ങാ പറഞ്ഞതുപോലെ കർത്താവ് വിളിച്ചു, പോയി “
ടോമിച്ചൻ പറഞ്ഞിട്ട് ശോശാമ്മയെ നോക്കി. അവർ ടോമിച്ചനെ തന്നെ നോക്കി കൊണ്ട് ഇരിക്കുകയാണ്.
“പേടിക്കണ്ട നിങ്ങള്, ഇന്നലെ വൈകുന്നേരം മുഴുവൻ വീട്ടിലുണ്ടായിരുന്ന ഞാൻ കട്ടപനയിൽ പോയി ഒരാളെ കൊല്ലാൻ പറ്റുമോ, മാത്രമല്ല അവരുമായി എനിക്കൊരു പ്രശ്നവും ഇല്ല… ഞാൻ ഉദേശിച്ചത് വേറെ കാര്യമാ, ആവശ്യമില്ലാത്തതു ആലോചിച്ചു തല പുണ്ണാക്കേണ്ട.”
പറഞ്ഞിട്ട് ടോമിച്ചൻ ലോറിയുടെ സ്പീഡ് കൂട്ടി.
ബംഗ്ലാവിന്റെ പുറത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്‌ദം കേട്ടാണ് ജെസ്സി വന്നു കതകു തുറന്നത്.
കാറിൽ നിന്നും ഇറങ്ങുന്ന ജൂബിലിനെയും അവന്റെ അമ്മ ഗ്രേസിയെയും കണ്ടു ജെസ്സി ഒന്നന്ദാളിച്ചു.
കഴിഞ്ഞ ദിവസം നടന്ന വഴക്കിന്റെ ബാക്കി തീർക്കാൻ വന്നതാണോ എന്നൊരു സംശയത്തിൽ നിൽക്കുമ്പോൾ അവർ ജെസ്സിയുടെ അടുത്തെത്തി.
“ജെസ്സി മോളെന്താ ഇങ്ങനെ നോക്കുന്നത്, ഇവനെന്തെങ്കിലും അവിവേകവും കാണിച്ചിട്ടുണ്ടെങ്കിൽ മറന്നു കളയണം. ജർമനിയിൽ ജനിച്ചു വളർന്നവനായതുകൊണ്ട്, ഇവിടുത്തെ ആചാരങ്ങളോ പെരുമാറ്റരീതികളോ അവനറിയില്ല, കെട്ടാൻപോകുന്ന പെണ്ണാണെല്ലോ എന്ന് കരുതി അമിത സ്വാതന്ത്രം കാണിച്ചു പോയതാ. മോളെങ്ങോട്ട് ക്ഷമിച്ചു കള, മാത്രമല്ല അതിലിവന് കുറ്റബോധം ഉണ്ട്. സ്റ്റാലിൻ വിളിച്ചപ്പോൾ വന്നത്, അതൊന്നു നേരിൽ കണ്ടു മോളോട് പറയാനും കൂടിയ വന്നത്. ഇവന് നിന്നെ കണ്ടത് മുതൽ നിന്നെക്കുറിച്ചുള്ള വിചാരമേ ഉള്ളു.”
ഗ്രേസി പറഞ്ഞ് കൊണ്ട് തിരിഞ്ഞു പുറകിൽ നിന്ന ജൂബിലിനെ നോക്കി കണ്ണിറുക്കി.
“അതേ ജെസ്സി, എനിക്ക് നിന്നെ തന്നെ കല്യാണം കഴിക്കണം, അതെന്റെ ഒരാഗ്രഹമ, എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു”
ജൂബിൽ പറഞ്ഞ് കൊണ്ട് നിൽക്കുമ്പോൾ സ്റ്റാലിൻ അങ്ങോട്ട് വന്നു.
“രണ്ടുപേരും വന്നിട്ട് ഇവിടെ തന്നെ നിൽക്കുകയാണോ? വാ അകത്തേക്കിരിക്ക്,”
സ്റ്റാലിൻ അവരെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് ജെസ്സിയെ നോക്കി.
“നീ പോയി ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ടു വാ. ചെല്ല് “
സ്റ്റാലിൻ അവരുമായി മുകളിലത്തെ മുറിയിലേക്ക് പോയി.
ജർമനിയിലേക്ക് ഉള്ള ടീ എക്സ്പോർറ്റിംഗിന്റെ ഫയലുകൾ ഗ്രേസി സ്റ്റാലിനു കൊടുത്തു ഒപ്പിട്ടു മേടിച്ചു.
“അപ്പോൾ കല്യാണം കഴിഞ്ഞാൽ അടുത്തമാസം മുതൽ എക്സ്പോർട്ടിങ് സ്റ്റാർട്ട് ചെയ്യാം. നമ്മുടെ തന്നെ സ്ഥാപനം ആയതിനാൽ ഫോർമാലിറ്റീസ് അധികം ഒന്നുമില്ല. ഓരോ മാസവും കോടികളുടെ ബിസിനസ് നടക്കും, സംശയം വേണ്ട, ജെസ്സിയെ അവിടുത്തെ സ്ഥാപനത്തിന്റെ ചാർജും ഏൽപ്പിക്കാം “
ഗ്രേസി പറഞ്ഞു.
അതുകേട്ടു സ്റ്റാലിന്റെ മുഖം തെളിഞ്ഞു.
“പിന്നെ സ്റ്റാലിൻ, ജർമനിക്ക് പെട്ടന്ന് തിരിച്ചു പോകേണ്ടത് കൊണ്ട് വല്യ ചടങ്ങൊന്നും വേണമെന്നില്ല. ഇന്നത്തെ കാലത്തു മനഃപൊരുത്തമല്ലേ പ്രധാനം. വിളിച്ചു ചോദിച്ചു ചെറിയ രീതിയിൽ വച്ചാൽ മതി.അരമനയിൽ നിന്നും തിരുമേനിയെ കണ്ടു സ്പെഷ്യൽ പെർമിഷൻ മേടിക്കാം. ഈ ആഴ്ച തന്നെ അങ്ങ് നടത്താം. അടുത്ത ആഴ്ച ഞങ്ങൾക്ക് തിരിച്ചും പോകുകയും ചെയ്യാം “
ഗ്രേസി സ്റ്റാലിനെ നോക്കി കൊണ്ട് പറഞ്ഞു.
“എന്നാലും ഇത്രയും പെട്ടന്ന് എന്ന് പറഞ്ഞാൽ, ജെസ്സിക്ക് മാനസികമായി ഒന്ന് തയ്യാറെടുക്കണ്ടേ വിവാഹത്തിന്, എടിപിടീന്ന് പറഞ്ഞാൽ എങ്ങനെയാ “
സ്റ്റാലിൻ ചോദിച്ചു കൊണ്ട് ജൂബിലിനെ നോക്കി.
“ഞങ്ങൾക്ക് പെട്ടന്ന് പോകേണ്ടി വന്നത് കൊണ്ടല്ലേ, മാത്രമല്ല നമ്മുടെ ബിസിനസ് കാര്യങ്ങൾ പെട്ടന്ന് ആരംഭിക്കുകയും ചെയ്യാം, വൈകാതെ “
ജൂബിൽ ഭാവ്യതയോടെ പറഞ്ഞു.
“ജൂബിലെ നീ ജെസ്സിയെ പോയി കണ്ടു സംസാരിക്ക്, അപ്പോൾ ഞങ്ങൾക്ക് വേറെ ചില കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് “
ഗ്രേസി അർത്ഥഗർഭമായി ജൂബിനെ നോക്കി.
അത് മനസിലാക്കിയ ജൂബിൽ മുറിക്കു പുറത്തേക്കു പോയി.
ഹാളിൽ ആരെയും കാണാഞ്ഞതിനാൽ പുറത്ത് പോയി നോക്കിയശേഷം നേരെ അടുക്കളയിലേക്ക് ചെന്നു.
ജെസ്സി ചായ ഉണ്ടാക്കി കൊണ്ട് നിൽക്കുകയാണ്. പുറകിൽ ജൂബിൽ വന്നു നിന്നത് ജെസ്സി കണ്ടില്ല.
മഞ്ഞ ചുരിദാറിൽ ജെസ്സി പൂർവാധികം സുന്ദരി ആയിട്ടുണ്ടെന്നു ജൂബിലിനു തോന്നി. ഒരു ഗ്രാമീണ സൗന്ദര്യം മുഴുവൻ ആവാഹിച്ചു നിൽക്കുന്ന ആരുടേയും മനസ്സിനെ കോരിതരിപ്പിക്കുന്ന ഒരു അത്ഭുത സ്ത്രിലാവണ്യമാണ് മുൻപിൽ നിൽക്കുന്നതെന്നോർത്തപ്പോൾ ജൂബിലിന്റെ സർവ്വ നിയന്ത്രണവും നഷ്ടമായി.
ഗ്ലാസ്സെടുക്കാൻ തിരിഞ്ഞ ജെസ്സി തൊട്ടു മുൻപിൽ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ജൂബിലിനെ കണ്ടു ഞെട്ടി.
“എന്താ അടുക്കളയിൽ, ഞാൻ ചായയും ആയി അങ്ങോട്ട് വരുമായിരുന്നല്ലോ, മുൻപിൽ നിന്നും മാറി നിൽക്ക്, എനിക്ക് ഗ്ലാസ് എടുക്കണം “
ജെസ്സി ധൈര്യം സംഭരിച്ചു പറഞ്ഞു.
ജൂബിൽ അതുപോലെ തന്നെ അവളെ നോക്കി നിന്നു. പിന്നെ പെട്ടന്ന് തന്നെ ജെസ്സിയെ കടന്നു പിടിച്ചു.
“എന്റെ ജീവിതത്തിൽ നിന്നെപ്പോലൊരു സൗന്ദര്യത്തിൽ തീർത്ത പെൺരൂപത്തെ ആദ്യം കാണുകയാ. എത്രയും പെട്ടന്ന് നിന്നെ സ്വൊന്തം ആക്കണം. പക്ഷെ ഇപ്പൊ ഈ രൂപത്തിൽ മുൻപിൽ കണ്ടപ്പോൾ എന്റെ നിയത്രണം പോകുന്നു “.
ജെസ്സി ശക്തിയോടെ ജൂബിലിന്റെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രെമിച്ചു കൊണ്ടിരുന്നു
“വിട് എന്നെ…. അല്ലെങ്കിൽ ഞാൻ ഒച്ച വയ്ക്കേണ്ടി വരും “
ജെസ്സി പറഞ്ഞപ്പോൾ ജൂബിൽ ഒന്ന് ചിരിച്ചു.
“അതിന് അവര് മുകളിലെ മുറിയില, പിന്നെ നിലവിളിച്ചാൽ ആര് കേൾക്കാന, കെട്ടാൻ പോകുന്ന ഞാൻ നിന്നെ കെട്ടി പിടിച്ചതിന്റെ പേരിൽ നിന്റെ ശരീരത്തിൽ നിന്നും എന്തെങ്കിലും പറിഞ്ഞു പോകുകയാണെങ്കിൽ അങ്ങ് പോകട്ടെ, ഞാൻ സഹിച്ചോള്ളാം, പോരെ “
ജൂബിൽ ജെസ്സിയെ ശരീരത്തിലേക്കു വലിച്ചടിപ്പിച്ചു.
“ജെസ്സി കൊച്ചേ, “
പുറത്തു നിന്നും ശാന്തയുടെ വിളി കേട്ടു ജൂബിൽ ജെസ്സിയുടെ ശരീരത്തിൽ നിന്നും കയ്യെടുത്തു.
“ഈ നശിച്ച വേലക്കാരിക്കു വരാൻ കണ്ട സമയം. ബുൾഷിറ്റ്…”
പല്ലിറുമ്മി കൈ ചുരുട്ടി അടുക്കളയുടെ സ്ലാബിൽ ഇടിച്ചിട്ടു മുറിവിട്ടു പോയി.
ശ്വാസം നേരെ വലിച്ചു ലക്ഷ്യം തെറ്റികിടന്ന ചുരിദാർ നേരെ വലിച്ചിട്ടു ജെസ്സി മുഖം തുടച്ചു അടുക്കളയുടെ വാതിൽ തുറന്നു.
ശാന്ത അകത്തേക്ക് വന്നു.
“എന്താ ജെസ്സി കൊച്ചിന്റെ മുഖത്തൊരു പരിഭ്രമം പോലെ, എന്ത് പറ്റി “
ശാന്ത ജെസ്സിയെ ആകെപാടെ നോക്കികൊണ്ട് ചോദിച്ചു.
“ഒന്നുമില്ല, രണ്ടു ഗസ്റ്റ് വന്നിട്ടുണ്ട് ചായയെടുക്കുന്ന തിരക്കിലായിരുന്നു.ശാന്ത ഈ ചായ അവർക്കൊന്നെടുത്തു കൊടുക്ക്, എനിക്കൊരു തലവേദന പോലെ തോന്നുന്നു. കുറച്ച് നേരം കിടന്നിട്ടുവരാം”
പറഞ്ഞിട്ട് ജെസ്സി വേഗം തന്റെ മുറിയിലേക്ക് പോയി വാതിലടച്ചു.അടക്കി വച്ച നെഞ്ചിനുള്ളിൽ തിങ്ങിയിരുന്ന സങ്കടം കരച്ചിലായി പുറത്തേക്കു തെറിച്ചു.
മുറ്റത്തു കിടന്ന ഗ്രേസിയും ജൂബിലും വന്ന കാർ തിരിച്ചു പോകുന്ന ഒച്ച കേട്ടപ്പോൾ ആണ് ജെസ്സി പോയി കതകു തുറന്നത്.
ഹാളിൽ ഇരുന്ന സ്റ്റാലിൻ ജെസ്സിയെ രൂക്ഷമായി നോക്കി.
“നീ എന്താ അവര് പോകാൻ നേരം വിളിച്ചിട്ട് വരാത്തത്, വീട്ടിൽ വരുന്നവരെ അപമാനിച്ചു വിട്ടാൽ നിന്റെ മനസ്സിലുള്ള കാര്യം നടക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് നടക്കാൻ പോകുന്നില്ല. പറഞ്ഞത് മനസ്സിലായില്ലെങ്കിൽ പറയാം, ഇനിയും ആ ടോമിച്ചനെ മനസ്സിൽ വച്ചോണ്ട് നടക്കാനാണെങ്കിൽ അവന്റെ ശവം ഏതെങ്കിലും കൊക്കയിൽ കാണും. കാശ് കൊടുത്താൽ നല്ല ഒന്നാന്തരം ക്രൈം ക്രിമിനലുകൾ കിട്ടും. ഏതു അഭ്യാസി ആണെങ്കിലും വെട്ടിനുറുക്കി ദൂരെ ഏറിയും…. എന്നെ കൊണ്ട് അത് ചെയ്യിപ്പിക്കരുത്. നിനക്ക് രക്ഷപെടാനും നമ്മുടെ ബിസിനസ് വളർത്താനും ഉള്ള ഒരവസരം ആണിത്.. ഓർത്തോ “
സ്റ്റാലിൻ കലിപ്പോടെ നോക്കി.
“ഓഹോ, അപ്പോ പെങ്ങളെ രക്ഷപ്പെടുത്താനുള്ള ഒരാങ്ങളയുടെ ആത്മാർത്ഥ പരിശ്രെമം ആണിത് അല്ലെ. കൊള്ളാം, ബിസിനസ് വളർത്താൻ പെങ്ങളുടെ ജീവിതം തന്നെ വേണം അല്ലെ ഇച്ചായ, എങ്ങനെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നു. എല്ലാം തകർന്നടിഞ്ഞു പോയപ്പോൾ അതെല്ലാം ഒന്നും പ്രതീക്ഷിക്കാതെ സ്വൊന്തം ജീവൻ പണയം വച്ചു തന്നവനെ തന്നെ കാശുകൊടുത്തു കൊല്ലിക്കണം, ഇത്രയും അധഃപതിക്കരുത്. നെറികേട് കാണിക്കുന്നതിനു ഒരു പരിധി ഇല്ലേ. കഷ്ടം. ഞാൻ അയാളുടെ കൂടെ ചാടി പോകും എന്നോർത്ത് ഇച്ചായൻ വീഷമിക്കണ്ട. ഇച്ചായന്റെ ആഗ്രഹങ്ങൾ നടക്കട്ടെ. എനിക്കിനി വല്യ ആഗ്രഹങ്ങളോ സ്വപ്ങ്ങളോ ഒന്നുമില്ല.”
ജെസ്സി നിരാശയോടെ പറഞ്ഞു.
“അവര് നീ കരുതുന്ന പോലെ മോശക്കാര് ഒന്നുമല്ല. അറിയപ്പെടുന്ന വീട്ടുകാര്. പിന്നെന്താ. വേറൊരു കാര്യം, അടുത്ത ഞായറാഴ്ച നിന്റെ മനസ്സമ്മതം, അതിന്റെ കാര്യങ്ങൾ സംസാരിക്കാൻ ആണ് അവർ വന്നത്. നിന്നെ വിളിച്ചിട്ട് വന്നതുമില്ല. അടുത്ത ആഴ്ചയിൽ അവർക്കു പോണം.അരമനയിൽ നിന്നും സ്പെഷ്യൽ അനുവാദം വാങ്ങികൊണ്ട പെട്ടന്ന് നടത്താൻ തീരുമാനിച്ചത്.നിനക്ക് എതിർപ്പൊന്നും ഇല്ലല്ലോ അല്ലെ “
സ്റ്റാലിൻ സംശയത്തോടെ ജെസ്സിയെ നോക്കി.
“എനിക്കെന്തു എതിർപ്പ്,നിങ്ങളെല്ലാം തീരുമാനിച്ചില്ലേ ഇപ്പോൾ, പിന്നെ എന്റെ എതിർപ്പിന് എന്ത് പ്രസക്തി.എങ്കിലും ചോദിച്ചല്ലോ, സന്തോഷം.ഇച്ചായന് പേടിയുണ്ട്, വക്കച്ചൻ മുതലാളിയുടെ മകളെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുമ്പോൾ ഞാനൊരു ഭാരമാകുമെന്ന് പേടിയുണ്ട്. അല്ലെ.. ഇച്ചായൻ ആരെ വേണമെങ്കിലും കാണിച്ചു തന്നോ, ആരാണെന്നുപോലും ചോദിക്കാതെ ഞാൻ അവരുടെ കൂടെ പൊക്കോളാം.പോരെ….”
ജെസ്സി നിർവികാരയായി പറഞ്ഞു.
പിന്നെ തുടർന്നു.
“ആകെ ഒരഭ്യർത്ഥന ഉണ്ട്. അതും കൂടി പറ്റത്തില്ലന്ന് പറയരുത്. നാളെ കുട്ടിക്കാനം വരെ പോകണം. ഈ കല്യാണത്തിനു ആദ്യം വിളിക്കേണ്ടത് ടോമിച്ചനെയും അമ്മയെയും ആണ്. അവരുടെ ഔദാര്യം ആണ് എന്റെ ഈ ജീവിതം, ചെയ്തു തന്ന ഉപകാരങ്ങൾക്ക് നന്ദിയും പറയണം.പിന്നെ ആ അമ്മയുടെ കാലുപിടിച്ചു ശപിക്കരുത് എന്നും പറഞ്ഞ് ഒന്ന് പൊട്ടി കരയണം. അതിനെകിലും അനുവദിക്കണം “
ജെസ്സിയുടെ മിഴികൾ നിറഞ്ഞു വന്നു.
“ങ്ങാ, പോകാം, ഞാനും വരാം, നിന്റെ മനസ്സമ്മതം വിളിക്കാൻ പോകുവല്ലേ. നീ എന്തിനാ ഇങ്ങനെ സങ്കടപെടുന്നത്. ടോമിച്ചന് ജീവിക്കാനുള്ള നല്ലൊരു ചുറ്റുപാടും ഉണ്ടായിരുന്നെങ്കിൽ ഞാൻ സമ്മതിച്ചേനെ. ഈ കാര്യം അയാളോട് ഞാൻ പറഞ്ഞതാ. ഒരാഴ്ചക്കുള്ളിൽ നല്ലൊരു നിലയിൽ അയാൾ വരുവാണെങ്കിൽ നീ പൊക്കോ. വരുമോ അയാൾ,ഇല്ല. ലോറിക്കാരൻ എന്നും ലോറിക്കാരന.. അതിൽ നിന്നും അയാൾക്കൊരു മോചനം ഇല്ല, ഉയർച്ചയും ഇല്ല “
സ്റ്റാലിൻ ചെറിയ പരിഹാസത്തോടെ പറഞ്ഞിട്ട് എഴുനേറ്റു.
പിറ്റേന്ന് രാവിലെ ഒൻപതു മണി ആയപ്പോൾ ടോമിച്ചൻ വീടിന്റെ പുറത്തേക്കിറങ്ങുമ്പോൾ ആണ് ജെസ്സിയുടെ കാർ വന്നു മുറ്റത്തു നിന്നത്. അതിൽ നിന്നും ജെസ്സിയും സ്റ്റാലിനും ഇറങ്ങി. ജെസ്സി ടോമിച്ചനെ ഒന്ന് നോക്കിയിട്ട് വീടിനുള്ളിലേക്ക് കയറി പോയി.
“എന്താ രാവിലെ ഇതുവഴി “
അമ്പരപ്പോടെ ടോമിച്ചൻ സ്റ്റാലിനെ നോക്കി.
സ്റ്റാലിൻ കയ്യിലിരുന്ന ഒരു കവർ എടുത്തു ടോമിച്ചന് നേരെ നീട്ടി.ടോമിച്ചൻ എന്താണ് എന്നർത്ഥത്തിൽ സ്റ്റാലിന്റെ മുഖത്തേക്ക് നോക്കി.
“ജെസ്സിയുടെ മനസമ്മതം ആണ് ഞായറാഴ്ച. ആദ്യം ഇവിടെ വന്നു വിളിക്കണമെന്ന് ജെസ്സിക്ക് നിർബന്ധം. എന്നാൽ അവളുടെ ആഗ്രഹമല്ലേ എന്നോർത്ത് അതങ്ങു സാധിച്ചു കൊടുക്കാമെന്നു വച്ചു. പയ്യൻ കാഞ്ഞിരപ്പള്ളിയിലെ തന്നെയാ.ചുറ്റിക്കളി ഇല്ലാത്ത ആണുങ്ങളുണ്ടോ?ഞാൻ കാര്യങ്ങൾ എല്ലാം അവരുമായി സംസാരിച്ചിട്ടുണ്ട്. പിന്നെ അവൾക്കു നിങ്ങളെ ഇഷ്ടമാ, ആ ഇഷ്ടം ആരോടും അവൾക്കു തോന്നുകയും ഇല്ല.പക്ഷെ എന്ത് ചെയ്യാം. അവൾ ഒരു കോടീശ്വരിയും നിങ്ങൾ ഒരു ലോറിക്കാരനും ആയി പോയി. നല്ലൊരു വീടും സഞ്ചരിക്കാൻ ഒരു നല്ല കാറും, കേറികിടക്കാൻ ഒരു രണ്ടുനില വീടും കുറച്ച് സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിൽ നോക്കാമായിരുന്നു. നിങ്ങളും അന്നെന്നോട് പറഞ്ഞല്ലോ ദാരിദ്രനായ ടോമിച്ചൻ ജെസ്സിയെ ചോദിച്ചു വരില്ലെന്ന്. ഒരാഴ്ച സമയമുണ്ട്. ഈ പറഞ്ഞാ കാര്യങ്ങൾ ചെയ്യാൻ ടോമിച്ചന് സാധിക്കുമെങ്കിൽ ജെസ്സിയെ ഞാൻ സന്തോഷത്തോടെ തരും. ഇതിൽ നിന്നുമുള്ള ഒരു ലാഭവും വേണ്ടാന്ന് ഞാൻ വയ്ക്കും. പറ്റുമോ ടോമിച്ചന്, അവൾക്കു നിങ്ങൾ എന്നാൽ പ്രാണനാണ്. പക്ഷെ നിങ്ങൾക്കവളോട് സ്നേഹമൊന്നും ഇല്ലന്ന് എനിക്കറിയാം. അവളൊരു മണ്ടിയാ. പൊട്ടി “
സ്റ്റാലിൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ജെസ്സി ഇറങ്ങിവന്നു.
അകത്ത് ശോശാമ്മയുടെ തേങ്ങൽ കേൾക്കാം. ജെസ്സിയുടെ കണ്ണുകളും കരഞ്ഞു കലങ്ങി ഇരിക്കുന്നു.
“പോകാം “
പരുഷമായി ജെസ്സിയോട് പറഞ്ഞിട്ട് സ്റ്റാലിൻ കാറിൽ പോയി കയറി.
ജെസ്സി ടോമിച്ചന്റെ അടുത്തേക്ക് ചെന്നു.
“ഞാൻ പോകുവാ, എന്റെ മനസമ്മതത്തിന് വരണം. എന്റെയൊരു ആശ ആണ്. അവസാനത്തെ ആഗ്രഹം എന്നൊക്കെ പറയില്ലേ. അതുപോലെ. എനിക്ക് കണ്ടു പിടിച്ച ചെറുക്കനെ അറിയാമല്ലോ. അതുകൊണ്ട് കല്യാണം കഴിഞ്ഞു എത്രനാൾ ഞാൻ ഭൂമിയിൽ ജീവനോടെ ഉണ്ടാകും എന്നൊന്നും അറിയത്തില്ല.ഇനി ഇതുപോലെ വന്നു സംസാരിക്കാനും പറ്റുമെന്നും തോനുന്നില്ല. പക്ഷെ എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. നിങ്ങൾ ഒരിക്കലെങ്കിലും എന്നെ മനസ്സിൽ തട്ടി സ്നേഹിച്ചിട്ടുണ്ടോ? എന്നെ മനസ്സിലാക്കിയിട്ടുണ്ടോ? ഏതെങ്കിലും ഒന്ന് പറ. ഒരു മനസമാധാനത്തിനു വേണ്ടി മാത്രം. ഞാനൊരു മനുഷ്യസ്ത്രി അല്ലെ, ആഗ്രഹങ്ങൾ സൂക്ഷിക്കുന്ന ഒരു മനസ്സില്ലെ എനിക്കും. എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കാനുള്ള അവകാശമെങ്കിലും എനിക്കില്ലേ. നിങ്ങളെ എന്നേക്കളേറെ ഞാൻ സ്നേഹിച്ചു. ഒരുമിച്ചു ഒരു കുടുംബമായി കഴിയണമെന്ന് ആഗ്രഹിച്ചു.അതൊരു തെറ്റാണോ? പണക്കാരനായി വന്ന് എന്നെ കൊണ്ടുപോകുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞല്ലോ. അതൊരിക്കലും നടക്കില്ലന്ന് നിങ്ങൾക്കറിയാം. അങ്ങനെ എങ്കിലും ഈ ശല്യം ഒഴിഞ്ഞു പോകട്ടെ എന്ന് നിങ്ങൾ കരുതിയിട്ടുണ്ടാകും. എന്റെ ഇച്ചായൻ പറഞ്ഞത്, ഒരാഴ്ച സമയമുണ്ട്, ഒരു നല്ല നിലയിൽ നിങ്ങൾ വന്നാൽ എന്നെ നിങ്ങൾക്ക് തരുമെന്ന്. ഇച്ചായനും അറിയാം നടക്കാത്ത കാര്യമാണെന്ന്. പക്ഷെ ഒന്ന് പറയാം. ഈ ജെസ്സി നിങ്ങളെ പ്രതിഷ്ഠിച്ചത് എന്റെ ഹൃദയത്തില, എന്നെ പോലെ നിങ്ങളെ സ്നേഹിക്കാൻ ആർക്കും പറ്റത്തില്ല. കാരണം എന്നെക്കാൾ ഞാൻ നിങ്ങളെ സ്നേഹിച്ചിട്ടുണ്ട്. സാരമില്ല.ചിലപ്പോൾ അടുത്ത ജന്മത്തിൽ ഒന്നിക്കുമായിരിക്കും അല്ലെ? ഞാൻ പോകുവാ “
നിറഞ്ഞ മിഴികൾ തുടച്ചു ജെസ്സി മുൻപോട്ടു നടന്നു. പിന്നെ തിരിഞ്ഞു നോക്കി. ടോമിച്ചൻ തന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
“ഒരാഴ്ച ഉണ്ട്, വരാൻ പറ്റുമോ പറഞ്ഞപോലെ, ഈ ജെസ്സിയെ കൂടെ വിളിക്കാൻ… വെറുതെ ആഗ്രഹിക്കും, നോക്കിയിരിക്കും… മറക്കാൻ പറ്റുന്നില്ല, അതുകൊണ്ടാ…”
പറഞ്ഞിട്ട് ഓടിപ്പോയി കാറിൽ കയറി.
അകന്നു പോകുന്ന കാറിനുള്ളിൽ നിന്നും നിറഞ്ഞ രണ്ടു മിഴികൾ തന്നെ നോക്കുന്നത് ടോമിച്ചൻ കണ്ടു.
“ടോമിച്ചാ,”
വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോൾ മുൻപിൽ കരഞ്ഞു കൊണ്ട് ശോശാമ്മ നിൽക്കുന്നു.
“ചങ്കുപൊട്ടിയ അവളിവിടുന്നു ഇറങ്ങി പോയത്. സ്നേഹിക്കുന്നത് കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന അവളുടെ ആ വേദന ഒരു സ്ത്രി ആയ അമ്മക്കറിയാമെടാ. അവളെന്തെങ്കിലും കടുംകൈ ചെയ്യും. എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഇന്നാ അവളുടെ മനസ്സിൽ നീ ആണെന്ന് ഞാൻ അറിഞ്ഞത്. നിന്റെ കൂടെ അല്ലാതെ മറ്റ് ആരുടെ കൂടെയും അവൾക്കു സന്തോഷത്തോടെ ജീവിക്കാൻ പറ്റത്തില്ലടാ… അവൾ നമ്മുടെ ജെസ്സി അല്ലെ. ഇതിനപ്പുറം ഒരു പെണ്ണിന് ഒരാളെ ഇഷ്ടപെടാൻ പറ്റത്തില്ല. ഈ അമ്മച്ചി ഇന്നേ വരെ നിന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇപ്പൊ ചോദിക്കുവാ. ഒരമ്മയുടെ അവകാശം വച്ചു ചോദിക്കുവാ… എന്റെ മോളായി ജെസ്സി ഈ വീട്ടിൽ വേണം, നിന്റെ ഭാര്യയായി, അവളുടെ സന്തോഷം അല്ലേടാ നമുക്ക് വലുത്…. ടോമിച്ചാ ഈ അമ്മച്ചിയുടെ ആഗ്രഹം സാധിച്ചു താടാ മോനെ..”
ശോശാമ്മ കരഞ്ഞു കൊണ്ട് ടോമിച്ചനെ കെട്ടി പിടിച്ചു. ടോമിച്ചന്റെ നെഞ്ചിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങി.
അതേ സമയം കുട്ടിക്കാനം കഴിഞ്ഞു കുമളി ലക്ഷ്യമാക്കി സ്റ്റാലിനും ജെസ്സിയും കയറിയ കാർ പോയികൊണ്ടിരുന്നു. രാവിലെ തന്നെ മഴക്കാറും മൂടൽ മഞ്ഞും പ്രകൃതിയെ മൂടിയിരുന്നു. സൂര്യൻ കാർമേഘപടലങ്ങൾക്കുള്ളിൽ മറഞ്ഞിരുന്നതിനാൽ വഴിയിലും പരിസരങ്ങളിലും മൂടൽ മഞ്ഞ് വീണു കിടന്നിരുന്നതിനാൽ വാഹനങ്ങൾ ലൈറ്റ് ഇട്ടാണ് പോയികൊണ്ടിരുന്നത്. ഒരു വളവു തിരിഞ്ഞതും എതിരെ വന്ന ലോറി ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോയി നിന്നു. പെട്ടന്ന് ഒരു ജീപ്പ് മുൻപിൽ വന്ന് നിന്നു.മറ്റൊരു ജീപ്പ് കാറിനെ കടന്നു പോയി നിന്നു.
സ്റ്റാലിന്റെ മനസ്സിൽ അപകടസൂചന മുഴങ്ങി.
കാർ മുൻപോട്ടോ പുറകോട്ടോ എടുക്കുവാൻ പറ്റാത്ത രീതിയിൽ മുൻപിലും പുറകിലും ജീപ്പ് കിടക്കുകയാണ്.
പെട്ടന്ന് മുന്പിലെ ജീപ്പിൽ നിന്നും ഏതാനും പേർ ചാടിയിറങ്ങി. ചെറുതായി മഞ്ഞ് പെയ്യുന്ന വഴിയിലേക്ക് ഒരാൾ കുടയും നിവർത്തി ജീപ്പിന്റെ സീറ്റിനടുത്തേക്ക് വന്നു.
ജീപ്പിൽ നിന്നും ഒരാൾ കുടയുടെ കീഴിലേക്ക് ഇറങ്ങി നിന്നു.
നേർത്ത മൂടൽ മഞ്ഞിനിടയിലും അയാളെ സ്റ്റാലിൻ തിരിച്ചറിഞ്ഞു…
കമ്പം ഷണ്മുഖ ചെട്ടിയാർ!!!
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission