ടോമിച്ചൻ വക്കച്ചൻ മുതലാളിയുടെ തടി ഡിപ്പോയിലേക്ക് ചെല്ലുമ്പോൾ റോണി പുറത്തു കാറിൽ ചാരി നിൽക്കുകയായിരുന്നു. ലോറി നിർത്തി ഇറങ്ങി.
“ഇന്നെങ്ങോട്ടാ ലോഡ്, ദൂരേക്ക് വല്ലതുമാണോ റോണി “
ടോമിച്ചൻ ചോദിച്ചു കൊണ്ട് റോണിയുടെ അടുത്തേക്ക് ചെന്നു.
“അല്ല, കുമളിക്ക് ഒരു ലോഡ് കൊണ്ടുപോകാനുണ്ട്. പെരുമ്പാവൂർക്കും കോട്ടയത്തിനും ഉള്ളത് ഇപ്പോൾ പോയിട്ടുണ്ട്. കുമളി ആകുമ്പോൾ പോയി പെട്ടന്ന് തിരിച്ചു വരാമല്ലോ, ശോശാമ്മച്ചി മാത്രമല്ലേ വീട്ടിലൊള്ളൂ, അതുകൊണ്ട് പപ്പാ ടോമിച്ചനോട് കുമളിക്കുള്ളത് കൊണ്ടുപോകാൻ പറഞ്ഞു “”
റോണി പറഞ്ഞു.
യന്ത്രങ്ങളുടെ സഹായത്തോടെ പണിക്കാർ ലോറിയിൽ തടി കയറ്റാൻ ആരംഭിച്ചു.
“ആഞ്ഞു പിടിക്ക് ഏലൈസ…
തള്ളിക്കയറ്റ് ഏലൈസ….
ഒത്തുപിടിക്ക് ഏലൈസ….
ജോലിക്കാർ ആവേശത്തോടെ ചില തടികൾ ലോറിയിലേക്ക് തള്ളിക്കയറ്റികൊണ്ടുമിരുന്നു.
“റോണി, സെലിന്റെ വീട്ടുകാരുമായി നല്ല സഹകരണത്തിൽ ആയോ? അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകുവരവൊക്കെ ഉണ്ടോ “?
ടോമിച്ചൻ റോണിയോട് ചോദിച്ചു കൊണ്ട് ലോറിയുടെ ബോണറ്റിലേക്കു ചാഞ്ഞു നിന്നു.
“അതൊക്കെ എപ്പോഴേ സെറ്റായി, ഇപ്പൊ ഒരു കുടുംബം പോലെയാ, ഞങ്ങള് രണ്ടുദിവസം അവിടെ അല്ലായിരുന്നോ “?
റോണി ചിരിച്ചു പറഞ്ഞു
“പിണക്കം എന്നു പറയുന്നത് ഇത്രയൊക്കെയേ ഉള്ളു. പെട്ടന്നുള്ള ദേഷ്യവും സങ്കടവും എല്ലാം പെട്ടന്ന് തന്നെ മാറും. എല്ലാം നന്നായി വന്നല്ലോ “
ടോമിച്ചൻ പറഞ്ഞിട്ട് തുടർന്നു.
“മെറിനെങ്ങനെയാ, സ്റ്റാലിനുമായുള്ള കല്യാണത്തിന് പൂർണ്ണ സമ്മതം ആയിരുന്നോ “?
“ആദ്യമൊക്കെ കുറച്ച് എതിർപ്പുകൾ ഉണ്ടായിരുന്നു, അവളെ പെട്ടന്ന് കെട്ടിച്ചു വിടുന്നത് ബാധ്യത തീർക്കുന്ന പോലെയാണെന്നും പറഞ്ഞ്,അവളുടെ മനസ്സിൽ ആരോ ഉള്ളതുപോലെ തോന്നിയിരുന്നു. പിന്നെ പെണ്ണുങ്ങളല്ലേ, പലരോടും ഇഷ്ടം തോന്നും, അതൊക്കെ സമ്മതിച്ചു കൊടുക്കാൻ പറ്റുമോ, ഇപ്പൊ സ്റ്റാലിനുമായി അങ്ങോട്ടും ഇങ്ങോട്ടും ഫോണിൽ വിളിയും പറച്ചിലും ഒക്കെയുണ്ട്, കഴിഞ്ഞ ദിവസം ആലപ്പുഴക്കു പോയപ്പോൾ ഒരുമിച്ച പോയതെന്ന് കേട്ടു, വേണ്ടാതീനമൊന്നും കാണിച്ചു കൂട്ടാത്തിരുന്നാൽ മതിയായിരുന്നു കല്യാണത്തിന് മുൻപ് “?
റോണി പറഞ്ഞ് കൊണ്ട് പണിക്കാർക്ക് നിർദേശം കൊടുത്തു കൊണ്ടിരുന്നു.
“അതൊന്നും കാര്യമാക്കണ്ട, എത്രയും പെട്ടന്ന് നടത്താൻ നോക്ക്, നല്ല കുടുംബക്കാരാ “
ടോമിച്ചൻ ചെവിക്കിടയിൽ ഇരുന്ന ബീഡി എടുത്തു കത്തിച്ചു ചുണ്ടിൽ വച്ചു.
ഒരുമണിക്കൂറിനുള്ളിൽ തടിക്കേറ്റി കഴിഞ്ഞു.ശരിക്കും ഒരു ലോഡ് ആയിരുന്നു അത്.
“റോണി, ഞാൻ കുമളിക്ക് ലോഡും കൊണ്ട് പോകുകയാണ്, വക്കച്ചൻ മുതലാളി വരുമ്പോൾ പറഞ്ഞേക്ക് “
റോണിയോട് പറഞ്ഞിട്ട് ടോമിച്ചൻ ലോറിയിൽ കയറി.
ലോറി ഡിപ്പോയിൽ നിന്നും മെയിൻ റോഡിൽ കയറി കുമളി ലക്ഷ്യമാക്കി നീങ്ങി.
കുട്ടികാനം ടൗണിൽ എത്തിയപ്പോൾ ടോമിച്ചൻ മത്തായിയച്ഛന്റെ ചായക്കടക്കുമുൻപിൽ ലോറി നിർത്തി ഇറങ്ങി. ചായക്കടയിൽ കയറി ഒരു ചായകുടിച്ചു, പെട്ടന്ന് തന്നെ തിരിച്ചിറങ്ങി ലോറിയുടെ സമീപത്തേക്ക് നടക്കുമ്പോൾ ആണ് കണ്ടത്.
ജെസ്സി ടൗണിലെ ബസ്റ്റോപ്പിൽ നിൽക്കുന്നു. ടോമിച്ചൻ അങ്ങോട്ട് ചെന്നു.
“നീയെന്താ ഇവിടെ ഇ സമയത്തു, കാറ് എന്തിയെ “
എതിർദിശയിലേക്ക് നോക്കി നിൽക്കുകയായിരുന്ന ജെസ്സി ചോദ്യം കേട്ടു തിരിഞ്ഞു നോക്കി. ടോമിച്ചനെ കണ്ടപ്പോൾ ജെസ്സിയുടെ മുഖത്തു ഒരു സന്തോഷം മിന്നി മറഞ്ഞു.
“ഞാൻ ശോശാമ്മച്ചിയെ കാണാൻ വന്നതാ, കണ്ടു, ഇപ്പോൾ തിരിച്ചു പോകുന്നു, കാറ് വർക്ക്‌ഷോപ്പിലാ…”
നിർവികാരയായി ജെസ്സി പറഞ്ഞു.
ടോമിച്ചൻ അവളെ സൂക്ഷിച്ചു നോക്കി.
മുഖത്തു പഴയ പ്രസന്നതയോ സന്തോഷമോ ഇല്ല. ആകെ ക്ഷീണിച്ചു പോയപോലെ,കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു. കവിളൊട്ടി,അലസമായി ഉടുത്തിരിക്കുന്ന സാരിയും, ഒതുക്കികെട്ടാത്ത മുടിയും,…ആകെ മുഖത്തു ഒരു വിഷാദഭാവം!
ടോമിച്ചൻ സൂക്ഷിച്ചു നോക്കുന്നത് കണ്ടു ജെസ്സി ചുണ്ടിൽ ഒരു ചിരി വരുത്തി.
“നിങ്ങളെന്താ ആദ്യം കാണുന്നപോലെ എന്നെ നോക്കുന്നത്, ഇതിനു മുൻപ് എന്നെ കണ്ടിട്ടില്ലേ “?
ജെസ്സി ചോദിച്ചു കൊണ്ട് സാരിതുമ്പുകൊണ്ടു മുഖം തുടച്ചു.
“നിന്റെ വീട്ടിൽ ആഹാരമൊന്നും വയ്ക്കുന്നില്ലേ, നിന്നെ കണ്ടാൽ ആളെ തിരിച്ചറിയാത്ത പോലെ മെലിഞ്ഞു കോലം കെട്ടു പോയല്ലോ, നിനക്കിതെന്തു പറ്റി.”?
ടോമിച്ചൻ ജെസ്സിയുടെ മുഖത്തേക്ക് നോക്കി.
“മനസ്സിന് സന്തോഷമുണ്ടങ്കിലല്ലേ വിശപ്പു തോന്നൂ, പ്രതീക്ഷകളും സ്വപനങ്ങളും ഉണ്ടാകൂ,ഇതൊന്നുമില്ലെങ്കിൽ ആഹാരത്തോട് താത്പര്യം തോന്നതില്ല. പിന്നെ ജീവൻ നിലനിർത്തണമല്ലോ എന്നോർത്ത് എന്തെങ്കിലും തിന്നും, അത്ര തന്നെ, പ്രായമായി വരികയല്ലേ, അതിന്റെതായ മാറ്റങ്ങൾ ശരീരത്തിലുണ്ടാകും. തേജസ്സും ഓജസ്സും പോകും, തൊലി ചുളിയും, പല്ല് പോകും. ഇതൊക്കെ ഒരു മനുഷ്യജീവിതത്തിൽ സർവ്വ സാധാരണമാ “
ജെസ്സിയുടെ വാക്കുകളിൽ നിരാശ പടർന്നിരുന്നു.
“നിനക്ക് ഇരുപതെട്ടു വയസ്സല്ലേ, അല്ലാതെ എൺപത്തി രണ്ടു അല്ലല്ലോ,ഈ പ്രായത്തിലാണോ പെണ്ണുങ്ങൾ വയസ്സാകുന്നത്, ഈ പ്രായത്തിൽ പെണ്ണുങ്ങൾ പരമാവധി അണിഞ്ഞൊരുങ്ങി നടക്കാൻ നോക്കും. പിന്നെ നിനക്ക് ഇതിനുമാത്രം മനസന്തോഷം നഷ്ടപ്പെടാൻ എന്ത് പ്രശ്നമ ഉള്ളത്. പണം,സമ്പത്ത്, സൗന്ദര്യം, വിദ്യാഭ്യാസം എല്ലാം കർത്താവു തന്നിട്ടില്ലേ, പിന്നെ എന്താ നിനക്ക് ഇത്ര വിഷമം “?
ടോമിച്ചൻ ആശ്ചര്യത്തോടെ ചോദിച്ചു.
“ഒരാളുടെ മാനസികസന്തോഷത്തിനു ഇതൊക്കെ മതിയോ, ആഗ്രഹങ്ങളുടെ സാക്ഷത്കാരത്തിലാണ് മനസിന്റെ സന്തോഷം നിലനിൽക്കുന്നത്. ജീവിതം മുൻപോട്ടു കൊണ്ടുപോകണമെന്ന ആശ ഉണ്ടാകുന്നത്. അല്ലാതെ കുറച്ച് പണത്തിലോ, സമ്പത്തിലോ, സൗന്ദര്യത്തിലോ അല്ല “
ജെസ്സി പറഞ്ഞിട്ട് വിദൂരതയിലേക്ക് നോക്കി നിന്നു.
“നീ വീട്ടിൽ പോയിട്ട് അമ്മയെ കണ്ടോ? വന്നിട്ട് നീ എന്താ പെട്ടന്ന് തിരിച്ചു പോകുന്നത്. എന്തെങ്കിലും കഴിച്ചോ “?
ടോമിച്ചൻ ജെസ്സിയുടെ മുഖത്തേക്ക് നോക്കി.
“ഞാൻ കഴിച്ചാലെന്ത്, കഴിച്ചില്ലെങ്കിൽ എന്ത്? അമ്മച്ചിയുടെ അടുത്ത് വന്നിരിക്കുമ്പോൾ ഒരാശ്വാസം. അമ്മച്ചി ആഹാരം ഉണ്ടാക്കാൻ തുടങ്ങിയതാ, പക്ഷെ പെട്ടന്ന് തിരിച്ചു പോകേണ്ടത് കൊണ്ട് വേണ്ടാന്ന് പറഞ്ഞു. ഇനി വീട്ടിൽ പോയിട്ട് കഴിക്കാം.”
ജെസ്സി ബസ് വരുന്നുണ്ടോ എന്ന് നോക്കികൊണ്ട് പറഞ്ഞു.
“നീ ഇങ്ങോട്ട് ഇറങ്ങി വാ, പറഞ്ഞിട്ട് ടോമിച്ചൻ മുൻപോട്ടു നടക്കാൻ തുടങ്ങി, തിരിഞ്ഞു നോക്കിയപ്പോൾ ജെസ്സി അവിടെ തന്നെ നിൽക്കുകയായിരുന്നു.
ടോമിച്ചൻ തിരിഞ്ഞു നിന്നു.
“നീ എന്താ വിളിച്ചത് കേട്ടില്ലേ? അതോ സമ്പത്തും സൗകര്യങ്ങളും കൂടിയപ്പോൾ ഒരു ലോറിക്കാരന്റെ കൂടെ നടക്കുന്നത് നാണക്കേടായി തോന്നുന്നുണ്ടോ ?”
ടോമിച്ചന്റെ ആ വാക്കുകൾ കേട്ടതും ജെസ്സി പെട്ടന്നിറങ്ങി അടുത്തേക്ക് ചെന്നു.
ടോമിച്ചൻ നേരെ മത്തായിചന്റെ ചായക്കടക്കു നേരെ നടന്നു.ചായക്കടക്കു മുൻപിലെത്തിയ ടോമിച്ചൻ തിരിഞ്ഞു ജെസ്സിയെ നോക്കി “നിനക്ക് ദോശ ഭയങ്കര ഇഷ്ടമാണല്ലോ, ഇവിടെ അന്നമ്മ ചേടത്തി ചുട്ടെടുക്കുന്ന ദോശക്കു നല്ല രുചിയാ, തട്ടുദോശ പോലെ. അതൊരു ഏട്ടുപത്തെണ്ണം തിന്നാൽ നിന്റെ വിശപ്പില്ലായ്മ താനെ മാറും, വിശപ്പ് കൂടാനുള്ള ഒറ്റമൂലിയ അന്നമ്മ ചേടത്തിയുടെ തട്ട് ദോശ.പോയി അകത്ത് ചെന്നിരുന്നു കഴിക്ക് “
ടോമിച്ചൻ ജെസ്സിയോട് പറഞ്ഞു.
“എനിക്ക് വേണ്ട, ബസിപ്പോൾ വരും, ഞാൻ വീട്ടിൽ ചെന്നിട്ടു കഴിച്ചോളാം “
ജെസ്സി നിഷേധാർഥത്തിൽ പറഞ്ഞു.
“നീ വീട്ടിൽ പോയി കഴിച്ചു കഴിച്ച ഈ കോലത്തിൽ ഇരിക്കുന്നത്. നീ കഴിച്ചിട്ട് പോയാൽ മതി. ഞാൻ ലോഡുമായി കുമളിക്ക…ഞാൻ നിന്നെ പോകുന്നവഴി ഇറക്കിക്കൊള്ളാം, പോയിരുന്നു കഴിക്കടി “
ടോമിച്ചൻ ജെസ്സിയുടെ കയ്യിൽ പിടിച്ചു ചായക്കടക്കകത്തു കയറ്റി ബെഞ്ചിൽ ഇരുത്തി.
“മത്തായി ചേട്ടാ,ഒരു പ്ലേറ്റ് ദോശയും ചമ്മന്തിയും കൊണ്ടുവാ, രണ്ടു ചായയും “
പറഞ്ഞിട്ട് ജെസ്സിയുടെ അടുത്ത് ബെഞ്ചിൽ ഇരുന്നു.
അന്നമ്മ ചേടത്തി ചൂട് ദോശയും ചമ്മന്തിയും കൊണ്ടുവന്നു ജെസ്സിയുടെ മുൻപിൽ വച്ചു.
“ജെസ്സി മോളേ ഇപ്പോൾ ഈ വഴിയൊന്നും കാണാറില്ലല്ലോ, ഇവിടെ ഇല്ലേ ടോമിച്ചാ “
അന്നമ്മ ടോമിച്ചനെ നോക്കി.
“ഇല്ല, അന്നമ്മച്ചി, ഞാനിപ്പോ കുമളിയില, ശോശാമ്മച്ചിയുടെ അടുത്ത് പോയിട്ട് തിരിച്ചു പോകുന്ന വഴിയാ “
ജെസ്സി പറഞ്ഞ് കൊണ്ട് ദോശ ചമ്മന്തിയിൽ മുക്കി കഴിക്കാൻ തുടങ്ങി. അപ്പോഴേക്കും മത്തായിച്ചൻ രണ്ടുപേർക്കുമുള്ള ചായയും ആയി വന്നു.
ചായകുടിച്ചു കൊണ്ട് ടോമിച്ചൻ ഇടക്കിടെ ജെസ്സിയെ നോക്കി.
എത്ര പ്രസരിപ്പോടെ തന്നോട് വഴക്കിട്ടു, ഒച്ചവച്ചു നടന്ന പെണ്ണായിരുന്നിവൾ,ഇപ്പോൾ ആകെ ക്ഷീണിച്ചു,വല്ലാത്തൊരു രൂപം.
“നിങ്ങള് കഴിക്കുന്നില്ലേ, ഇനി നിങ്ങളുടെയും വിശപ്പു പോയോ “
ജെസ്സി കഴിച്ചുകൊണ്ട് ടോമിച്ചനെ നോക്കി.
“ഞാൻ രാവിലെ കഴിച്ചതാ… ഇനിയും തിന്നാൽ ദഹനക്കേട് ഉണ്ടാകും.. നീ കഴിക്ക് “
ടോമിച്ചൻ രണ്ടുമൂന്നുദോശ കൂടി കൊണ്ടുവരാൻ പറഞ്ഞു.
ജെസ്സി വേണ്ടാന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു കഴിപ്പിച്ചു.
ചായകുടിച്ചു ജെസ്സി കൈകഴുകാൻ പോയപ്പോൾ ടോമിച്ചൻ കാശുകൊടുത്തു പുറത്തിറങ്ങി.
“നീ പോയി ലോറിയിൽ കയറ്, ഞാൻ പോകുന്നവഴി ഇറക്കാം “
ടോമിച്ചൻ പറഞ്ഞിട്ട് പോയി ലോറിയിൽ കയറി സ്റ്റാർട്ട് ചെയ്തു.
ജെസ്സി മറുഭാഗത്തു കൂടി പോയി ലോറിയിൽ കയറി.
ടോമിച്ചൻ ലോറി മുൻപോട്ടെടുത്തു.
പോകുന്ന വഴി ടോമിച്ചൻ ജെസ്സിയെ ശ്രെദ്ധിച്ചു.
പുറത്തേക്കു നോക്കി നിർവികരയായി ഇരിക്കുകയാണ് ജെസ്സി.
“നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്, പഴയ ആ ഉത്സാഹം ഒന്നും കാണുന്നില്ലല്ലോ “
ടോമിച്ചന്റെ ചോദ്യം കേട്ടു ജെസ്സി തലതിരിച്ചു ടോമിച്ചനെ നോക്കി.
ഒന്നുമില്ല, ഒരു മനുഷ്യന് എന്നും കുന്നും ഒരുപോലെ ഇരിക്കാൻ പറ്റുമോ? ഇപ്പൊ സംസാരിക്കാൻ തോന്നുന്നില്ല, അതുകൊണ്ട് സംസാരിക്കുന്നില്ല ,പറഞ്ഞിട്ട് ജെസ്സി സീറ്റിൽ ചാരി ഇരുന്നു.
” പിന്നെ അടുത്തമാസം സ്റ്റാലിൻച്ചായന്റെ മനസമ്മതമാ, വന്നു വിളിക്കും, വരണം “
ജെസ്സി തുടർന്നു.
“പിന്നെ എന്റെ കാര്യവും സംസാരിച്ചു വച്ചിരിക്കുവാ. ജർമനിക്കാരൻ ആണെന്ന് കണ്ടപ്പോൾ ഇച്ചായന്റെ മനസ്സിളകി. എന്റെ സമ്മതമില്ലെങ്കിലും കെട്ടിച്ചു വിട്ടു ബാധ്യത ഒഴിക്കും എന്നാണ് പറയുന്നത്. എല്ലാവർക്കും അവനവന്റെ കാര്യം വരുമ്പോൾ എല്ലാം മറക്കും. അവിടെ സ്വന്തവും ഇല്ല ബന്ധവും ഇല്ല.. നിങ്ങളവിടുന്നു പോന്നതിൽ പിന്നെ ഞാൻ ഉറങ്ങിയിട്ടില്ല, കണ്ണടച്ചാൽ ദുസ്വപ്നങ്ങളാ ആരൊക്കെയോ അപായപെടുത്താൻ വരുന്നത് പോലെ ഒരു തോന്നൽ. ആരും സഹായിക്കാനില്ലാത്ത ഒരവസ്ഥ. കിടന്നും എഴുനേറ്റിരുന്നും നേരം വെളുപ്പിക്കും. അത്രതന്നെ, ആത്മഹത്യാ ചെയ്യാൻ പേടിയാ, അല്ലെങ്കിൽ ഈ ജീവിതം അവസാനിപ്പിച്ചേനെ “
നിറഞ്ഞ കണ്ണുകൾ സാരിയുടെ തുമ്പുകൊണ്ട് തുടച്ചു ജെസ്സി.
“നീ എന്തൊക്കെയാ ഈ പറയുന്നത്, നിന്റെ സ്വബോധം നഷ്ടപ്പെട്ടോ?ആത്മഹത്യയോ എന്തിന്? നീ മനസ്സിൽ ആരെയാ ഭയപ്പെടുന്നത്, ഷൺമുഖത്തെയോ? വരുന്നത് വരുന്നിടത്തു വച്ചു കാണാം. അതിന് ഇപ്പോഴേ പേടിച്ചിരുന്നിട്ടു കാര്യമുണ്ടോ. താമസിക്കാതെ അവൻ വരും. അപ്പോ ബാക്കി നോക്കാം “
ടോമിച്ചൻ ലോറി സൈഡ് ഒതുക്കി ബസിനു വഴി കൊടുത്തു.
പുലിമാക്കിൽ ബംഗ്ലാവിലേക്കു തിരിയുന്ന അവിടെ എത്തിയപ്പോൾ ടോമിച്ചൻ ലോറി നിർത്തി.
“നിങ്ങള് വരുന്നില്ലേ, വീട്ടിലേക്ക് “
ലോറിയിൽ നിന്നും താഴെ ഇറങ്ങിയ ജെസ്സി ടോമിച്ചനെ നോക്കി.
“ഇല്ല, എനിക്ക് ഈ ലോഡ് കൊണ്ടുപോയി കൊടുത്തിട്ടു പെട്ടന്ന് തിരിച്ചു പോണം.”
പറഞ്ഞിട്ട് ടോമിച്ചൻ ലോറി മുൻപോട്ടെടുത്തു.കുറച്ച് മുൻപോട്ടു പോയതും ടോമിച്ചൻ സൈഡ് ഗ്ലാസ്സിലൂടെ കണ്ടു. ലോറിയിലേക്കും നോക്കി അവിടെ തന്നെ നിൽക്കുന്ന ജെസ്സിയെ. ഒരു ശിലപോലെ.അവിടെ തന്നെ നിൽക്കുകയാണ് ..
ലോറി സൈഡ് ചേർത്തു നിർത്തി ടോമിച്ചൻ ഇറങ്ങി ജെസ്സിയുടെ അടുത്തേക്ക് ചെന്നു.
ടോമിച്ചൻ അടുത്ത് ചെന്നത് അറിയാതെ നിൽക്കുകയാണ് ജെസ്സി.
“നീയെന്താ പോകാതെ ഇവിടെ നിൽക്കുന്നത് “
ടോമിച്ചന്റെ ചോദ്യം കേട്ടു പരിസരബോധം വന്നവളെ പോലെ ജെസ്സി നോക്കി.
“ങേ… ഞാൻ വെറുതെ നിന്നതാ, എന്താ വണ്ടി നിർത്തി ഇറങ്ങി വന്നത് “
ജെസ്സി ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.
“നീ പോകാതെ പാറ പോലെ ഇവിടെ ഇങ്ങനെ നിൽക്കുന്നത് കണ്ടു ഇറങ്ങിയതാ. നിനക്കെന്താ പറ്റിയത്, സ്ഥലകാലബോധം ഇല്ലാത്തവരെ പോലെ, പേടി കൊണ്ടോ? അതോ സങ്കടമോ? നിന്റെ പ്രശ്നം എന്താണെന്നു പറ, പറഞ്ഞാലല്ലേ അറിയാൻ പറ്റു. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ സ്വൊന്തം സഹോദരൻ തിരിച്ചു വന്നില്ലേ? കൈവിട്ടുപോകുമെന്ന് തോന്നിയ പലതും നേടിയെടുത്തില്ലേ? പിന്നെയെന്താ?.പേടിയാണോ?.. ഷണ്മുഖത്തെ നീ ഭയപ്പെടണ്ട. അവൻ വരും, കൊല്ലും എന്ന ഭയം കൊണ്ട് എത്രനാൾ പേടിച്ചു കഴിയാൻ പറ്റും.അതുകൊണ്ട് പോയി വല്ലതും കഴിച്ചു പോയി കിടന്നുറങ്ങാൻ നോക്ക്. പിന്നെ ടോമിച്ചൻ ജീവിച്ചിരിക്കുമ്പോൾ നീ ഒന്നുകൊണ്ടും പേടിക്കണ്ട. അവനെ ഞാനിവിടെ വരുത്തും. അതിനിനി അധികം സമയമില്ല. ഈ കളി തീരുമ്പോൾ രണ്ടിലൊരാൾ അവശേഷിക്കും.അതാരാണെന്നു ഇപ്പോഴും പറയാൻ പറ്റത്തില്ല. എങ്കിലും ഒരുറപ്പു ഞാൻ തരാം. നിനക്ക് ആരെയും പേടിക്കാതെ ജീവിക്കാനുള്ള ചുറ്റു പാട് ഒരുക്കി തന്നിട്ടേ ടോമിച്ചൻ പോകൂ.”
ടോമിച്ചന്റെ വാക്കുകൾക്ക് പതിവിലും കഠിന്യമുണ്ടെന്ന് ജെസ്സിക്ക് തോന്നി.
“എന്നെ ഒരുത്തൻ കെട്ടി ജർമനിക്ക് കൊണ്ടുപോകാനിരിക്കുകയാ. എനിക്കെന്തെങ്കിലും പറ്റിയാൽ നിങ്ങൾ അവിടെ വന്നു രക്ഷിക്കുമോ “?
ജെസ്സി ഒരു പ്രേത്യേകഭാവത്തിൽ ജെസ്സിയെ നോക്കി.
“ജർമനിയിലൊക്കെ പോയി ജീവിക്കുക എന്ന് വച്ചാൽ അതൊരു ഭാഗ്യമല്ലേ, അതിൽ സന്തോഷിക്കുകയല്ലേ ബുദ്ധിയുള്ള പെണ്ണുങ്ങൾ ചെയ്യുന്നത്. നിനക്കവിടെ പോയാൽ എന്ത് പറ്റുമെന്ന, അതൊക്കെ നിന്റെ തോന്നാലുകളാ, ഈ മലയോരത്തു കൂടി ലോറിയും ഓടിച്ചു, തല്ലും പിടുത്തവുമായി നടക്കുന്ന ഞാനെങ്ങനെ ജർമനിയിൽ വരാനാ… എവിടെയായാലും നീ സന്തോഷവതിയായിരുന്നാൽ മതി.ഇപ്പൊ നിന്റെ പേടി ഷണ്മുഖം വന്നു എന്തെങ്കിലും ചെയ്യുമോ എന്നതാണ്. അവൻ ഒന്നും ചെയ്യത്തില്ല . അത് ഈ ടോമിച്ചൻ നിനക്ക് തരുന്ന ഉറപ്പാ “
ടോമിച്ചൻ പറഞ്ഞിട്ട് ജെസ്സിയെ നോക്കി.
“എനിക്ക് ചാകാൻ പേടിയൊന്നുമില്ല.എങ്ങനെ എങ്കിലും ചത്തു കിട്ടണം എന്നാണെന്റെ പ്രാർത്ഥന. നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ സഹോദരൻ തിരിച്ചു വന്നപ്പോൾ ഒരുപാടു സന്തോഷിച്ചു. പക്ഷെ ഒരുപാടു മാറിപ്പോയി. നല്ലൊരു ബന്ധം കിട്ടുമെന്നുറപ്പായപ്പോൾ പെങ്ങൾ ഒരു ശല്യമായി തോന്നിതുടങ്ങിയിട്ടുണ്ട്. അതിന്റെ തുടക്കമാ ഈ കാഞ്ഞിരപ്പള്ളിയിലെ കല്യാണ ആലോചന. അയാള് രണ്ടാകെട്ടാണെന്നു എന്നോടൊരാൾ പറഞ്ഞു. അവരുടെ അടുത്തുള്ളവരാ, ശരീരികപീഡനം സഹിക്കാൻ വയ്യാതെ വിദേശത്തു വച്ചു ആത്മഹത്യാ ചെയ്യുകയായിരുന്നു എന്ന്. പണമുള്ളതുകൊണ്ട് ഒതുക്കി തീർത്തതാണെന്നും പറഞ്ഞ് കേൾക്കുന്നുണ്ട്. ഇതെല്ലാം ന്റെ ഇച്ചായനും അറിയാം. ഈ കല്യാണം നടന്നാൽ അവർ ജർമനിയിലേക്ക് ടീ എക്സ്പോർറ്റിംഗിൽ സഹായിക്കാമെന്നേറ്റിട്ടുണ്ട്. അതിലാണ് സ്റ്റാലിനിച്ചായന്റെ കണ്ണ് “
ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ നിന്നു.
“നീ അതോർത്തു വിഷമിക്കണ്ട, ഞാനൊന്നു അന്വേഷിക്കാം, ആരും നിന്നെ ബലമായിട്ട് കെട്ടിക്കാനൊന്നും പോകുന്നില്ല. എന്തിനും ഞാൻ നിന്റെ കൂടെ ഉണ്ട്. അതോർത്തു വിഷമിക്കാതെ വീട്ടിലേക്കു ചെല്ല് “
ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി ബംഗ്ലാവിലേക്കുള്ള വഴിയിലൂടെ മുൻപോട്ടു നടക്കാൻ തുടങ്ങിയതും ഒരു ജീപ്പ് വന്നു അവർക്കരുകിൽ നിന്നതും ഒരുപോലെ ആയിരുന്നു.
അതിൽ നിന്നും സ്റ്റാലിൻ ഇറങ്ങി.
“ടോമിച്ചനെന്താ ഇവിടെ “
അത് കേട്ടു ജെസ്സി സ്റ്റാലിനെ നോക്കി.
“ഞാൻ കുമളിക്ക് ലോഡുമായി പോകുന്ന വഴിക്കു ജെസ്സിയെ കണ്ടപ്പോൾ ഇറങ്ങിയതാ.”
ടോമിച്ചൻ പറഞ്ഞിട്ട് തോർത്തെടുത്തു തലയിൽ വട്ടത്തിൽ കെട്ടി.
“വീട്ടിലേക്കു വരുന്നില്ലേ,ഇവിടം വരെ വന്നിട്ട് ” സ്റ്റാലിൻ ചോദിച്ചു.
“ഇല്ല പിന്നീടാകാം, എനിക്ക് ലോഡുകൊണ്ട് ഇറക്കിയിട്ടു തിരിച്ചു പോകണം. എന്ന ഞാൻ പോകുവാ “
പറഞ്ഞിട്ട് ജെസ്സിയെ ഒന്ന് നോക്കി ടോമിച്ചൻ ലോറിയിൽ കയറി ഓടിച്ചു പോയി.
“നീ അവന്റെ കൂടെ ആണോ ഇവിടം വരെ വന്നത് “
സ്റ്റാലിൻ ജെസ്സിക്ക് നേരെ തിരിഞ്ഞു.
“അതേ.. കുട്ടിക്കാനത്തു നിന്നും ഇവിടം വരെ ടോമിച്ചന്റെ കൂടെയ വന്നത് “
ജെസ്സി പറഞ്ഞിട്ട് ജീപ്പിൽ കയറി.
“നീ എന്തുഭവിച്ച, എന്റെ മനസമ്മതമ അടുത്ത മാസം, പെങ്ങള് കണ്ട ലോറി കാരന്റെ കൂടെ കറങ്ങി നടക്കുന്നു എന്നറിഞ്ഞാൽ എന്റെ കല്യാണവും മുടങ്ങും, നിന്റെ കാര്യവും തീരും. ഈ കാര്യങ്ങളൊക്കെ നടന്നുകിട്ടിയാൽ ബിസിനസ്സിൽ കോടികളുടെ ലാഭം ഉണ്ടാക്കാം. അതുകൊണ്ട് ഇനി ഇങ്ങനെ കണ്ടേക്കരുത്. കല്യാണം പറഞ്ഞു വച്ചിരിക്കുന്ന പെണ്ണാ നീ, മറക്കണ്ട “
സ്റ്റാലിൻ ദേഷ്യത്തോടെ ജീപ്പ് സ്റ്റാർട് ചെയ്തു.
“ആ ലോറിക്കാരൻ ഇല്ലായിരുന്നു എങ്കിൽ ഈ മാന്യത പറയാൻ ഇച്ചായൻ ഈ ലോകത്തു കാണത്തില്ലായിരുന്നു. മാത്രമല്ല ഞാനും ഈ കാണുന്ന സമ്പത്തും ഒന്നും. എല്ലാം ആ പോയ മനുഷ്യൻ ജീവൻ പണയം വച്ചു നേടിതന്നതാ. നന്ദി കാണിച്ചില്ലെങ്കിൽ വേണ്ട, അപമാനിക്കരുത് “
ജെസ്സി കൃദ്ധയായി പറഞ്ഞു.
“മതി, അയാൾ എന്തെങ്കിലും ചെയ്തു തന്നിട്ടുണ്ടെങ്കിൽ തള്ളയേയും കൂട്ടി ഇവിടെ വന്നു കിടന്നു കുറച്ച് തിന്നു മുടിച്ചില്ലേ. അതങ്ങോട്ട് വരവ് വച്ചോ, ഇനി നിന്റെ ന്യായീകരണങ്ങൾ ഒന്നും എന്റെ അടുത്ത് വേണ്ട.”
സ്റ്റാലിൻ ജീപ്പ് മുൻപോട്ടു വേഗത്തിൽ ഓടിച്ചു കൊണ്ട് പറഞ്ഞു.
“മനുഷ്യനായാൽ കുറച്ച് ഉളുപ്പ് തോന്നണം. ഇത്രയും സ്വാർത്ഥമായി ഒരാൾക്ക് എങ്ങനെ സംസാരിക്കാൻ പറ്റുന്നു. ഞാൻ കാരണം ഇച്ചായന് ഒരു കുഴപ്പവും വരത്തില്ല. എന്റെ ജീവിതം മുടിഞ്ഞാലും ഇച്ചായൻ പോയി സുഖമായി ജീവിക്ക്, ഞാനൊരു തടസ്സമാകാതില്ല “
ജെസ്സി പുച്ഛത്തോടെ സ്റ്റാലിനെ നോക്കിയിട്ട് പുറത്തേക്കു നോക്കി ഇരുന്നു.
തമിഴ്‌നാട്ടിൽ നിന്നും ഷണ്മുഖം അയച്ച അഞ്ചു സ്പിരിറ്റു ലോറികൾ കേരളത്തിൽ വച്ചു കാണാതായിരിക്കുന്ന വാർത്ത ആണ് കാർലോസ് പുലർച്ചെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് ചെന്നെടുത്തപ്പോൾ അറിഞ്ഞത്.വിളിച്ചു പറഞ്ഞത് റോയി ആണ്.
“പപ്പാ, ആ ഷണ്മുഖം നമുക്കിട്ടു പണിയുന്നതാണോ എന്നൊരു സംശയം, അല്ലെങ്കിൽ ചെക്ക് പോസ്റ്റ് കഴിഞ്ഞു വന്ന അഞ്ചു ലോഡ് സ്പിരിറ്റ് എങ്ങനെ അപ്രത്യക്ഷമായി. സ്പിരിറ്റ് ആവിയായി പോയാലും ലോറി ആവി ആകുമോ “
കാര്യമറിഞ്ഞ ജോഷി സംശയത്തോടെ കാർലോസിനോട് പറഞ്ഞു.
“അങ്ങനെ എങ്കിൽ ആ പാണ്ടി കഴുവേറിയെ വെറുതെ വിടില്ല ഞാൻ. എനിക്കും ഇതിനു മുൻപ് അങ്ങനെയൊരു സംശയം തോന്നാതിരുന്നില്ല.ചെക്ക്പോസ്റ്റ് കടത്തി കേരളത്തിൽ എത്തിച്ചു എന്ന് നമ്മളെ വിശ്വസിപ്പിച്ചു കാശു തട്ടിക്കൊണ്ടിരിക്കുകയാ നായീന്റെ മോൻ . ഇതിനു മുൻപ് കോടികളാ ആ തന്തയില്ല കഴുവേറി വരുത്തി വച്ച നഷ്ടം.ഈ അഞ്ചുലോഡിന് അഞ്ചു പൈസ കൊടുക്കുകയില്ലെന്നു പറഞ്ഞേക്ക് ആ നാറിയോട്… ഫോണെടുത്തു വിളിക്കട ആ…. മോനെ “
കാർലോസ് നിർദേശിച്ചതും ജോഷി ഫോണെടുത്തു വിളിച്ചു. കുറച്ച് സംസാരിച്ചാശേഷം ജോഷി കാർലോസിന്റെ അടുത്ത് വന്നു.
“വണ്ടിയും സ്പിരിറ്റും ചെക്ക് പോസ്റ്റ് കടത്തി തന്നതാണ്. പിന്നെ അവർക്കു അതിൽ ഉത്തരവാദിത്തം ഇല്ല. കാശ് നാളെ വൈകുന്നേരം അഞ്ചു മണിക്കുള്ളിൽ കിട്ടിയിരിക്കണമെന്നാണ് ആജ്ഞ. അല്ലെങ്കിൽ ഷണ്മുഖം നേരിട്ട് വരുമെന്ന് “
ജോഷി പല്ലുഞ്ഞെരിച്ചു കൊണ്ട് പറഞ്ഞു.
“അവൻ വരട്ടെ, അവനെ എനിക്കൊന്നു നേർക്കു നേരെ കാണണം.അവന്റെ നെഞ്ചിൻകൂടിൽ തുളയിട്ടേ തിരിച്ചു വിടത്തൊള്ളൂ ഈ കാർലോസ്. എടാ ജോഷി, ആ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഇരട്ടകുഴൽ തോക്കുകൾ എടുത്തു പൊടി തട്ടി വയ്ക്കട, അവന്റെ മെണപ്പു തീർത്തിട്ടെ ബാക്കി കാര്യങ്ങമൊള്ളൂ, റബ്ബർ ഷീറ്റു ഉണ്ടാക്കാൻ കൊണ്ടുവന്നിട്ടുള്ള ഒരു വീപ്പ ആസിഡ് തയ്യാറാക്കി വയ്ക്കാൻ പണിക്കാരോട് പറഞ്ഞേക്ക്, അവനെ അതിലിട്ടു വേണം നീന്തല് പഠിപ്പിക്കാൻ. മലയാളികളാരാണെന്നു കാണിച്ചു കൊടുത്തിട്ടേ ബാക്കി കാര്യമുള്ളൂ, നമ്മുടെ ആളുകളോട് ഒരുങ്ങി ഇരുന്നോളാൻ പറഞ്ഞേക്ക് “
കാർലോസ് മേശമേൽ ഗ്ലാസിൽ ഒഴിച്ചു വച്ചിരുന്ന വിസ്കി എടുത്തു വായിലേക്ക് കമഴ്ത്തി.
അപ്പോഴേക്കും എൽസമ്മ വെടിയിറച്ചി ഉലത്തിയതും കപ്പ വേവിച്ചതുമായി അങ്ങോട്ട് വന്നു.
“എന്താടാ പ്രശ്നം ഇവിടെ “
എൽസമ്മ ജോഷിയെ നോക്കി.
“ഒന്നുമില്ല, മമ്മി ഇതിലൊന്നും ഇടപെടേണ്ട, താഴെപ്പോയി വേറെ വല്ല കാര്യവും നോക്ക് “
ജോഷി ദേഷ്യപ്പെട്ടു.
“അപ്പനും മക്കളും കൂടി ഇവിടം കുളം തോണ്ടരുത്, പറഞ്ഞേക്കാം “
എൽസമ്മ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് താഴേക്കു നോക്കി.
ജോഷി ചില ആളുകൾക്ക് ഫോൺ ചെയ്തു നിർദേശങ്ങൾ കൊടുത്തു.
ഷണ്മുഖത്തിന്റെ ആരെങ്കിലും കുമളി ചെക്ക് പോസ്റ്റ് കടന്നാൽ വെട്ടി പീസാക്കിയെക്കാൻ കാർലോസ് തൊഴിലാളികൾ ചിലരെ വിളിച്ചു നിർദേശിച്ചു.
കമ്പത്തെ ആളൊഴിഞ്ഞ ഗോഡൗണിൽ അപ്പോൾ കാലിൻ പുറത്തു കാല് കയറ്റി വച്ചിരിക്കുന്ന ഷണ്മുഖത്തിന്റെ മുൻപിൽ നിൽക്കുകയായിരുന്നു സ്റ്റിഫൻ മാത്യു.
“ഉന്നെ അവനങ്കളുക്ക് തെരിഞ്ചു പോച്ചു അല്ലെയാ തമ്പി “
ഷണ്മുഖം സ്റ്റിഫനെ നോക്കി.
സ്റ്റിഫൻ തലയാട്ടി. ഷണ്മുഖം വായിക്കുള്ളിൽ കിടന്ന മുറുക്കാൻ പുറത്തേക്കു തുപ്പി.
“അത് എനക്ക് താൻ ആപത്തു, തിരിമറി പണ്ണിയതെല്ലാം അവനകളുക്ക് പുരിഞ്ചിത്,പോലീസ് ഇൻവെസ്റ്റിഗഷൻ വന്താൽ എനിക്കറ നേരെ വന്തിടും. അപ്പടി വന്താൽ നാൻ അഴിയെണ്ണിടും.”
ഷണ്മുഖം കസേരയിൽ നിന്നും എഴുനേറ്റു.
“സോറി തമ്പി, ഉന്നെ തിരുമ്പി വിട്ടാൽ എനക്ക് പെരിയ ആപത്തു. നീ ശെത്തു പോയിട്ടാൽ നാൻ സേഫ്. മന്നിച്ചിട് തമ്പി, മന്നിച്ചിടുങ്കോ “
എന്തോ പറയാൻ തുനിഞ്ഞ സ്റ്റിഫന് നേരെ കയ്യുയർത്തി വിലക്കി. സ്റ്റിഫന്റെ കണ്ണുകളിൽ ഭയം തേരട്ടപോലെ ഇഴഞ്ഞു. താൻ ആപത്തിൽ പെട്ടിരിക്കുകയാണെന്നു സ്റ്റിഫന് മനസ്സിലായി.പെട്ടന്ന് അജാനാ ബാഹുമായ കറുത്ത് തടിച്ച ഒരാൾ അങ്ങോട്ട് വന്നു. സെൽവപാണ്ടി!! അയാളുടെ കയ്യിലിരുന്നു ഒരു വടിവാൾ ഗോഡൗണിലെ കത്തുന്ന ബൾബിന്റെ വെളിച്ചത്തിൽ തിളങ്ങി.
കണ്ണുകൊണ്ടു അയാൾക്ക് നിർദേശം കൊടുത്തിട്ടു ഷണ്മുഖം പുറത്തു പാർക്കു ചെയ്തിരുന്ന ഓഡി കാറിൽ കയറി.
ഭയന്ന് വിറച്ചു നിന്ന സ്റ്റിഫന്റെ അടുത്തേക്ക് സെൽവം നടന്നടുത്തു.
മറ്റൊരാൾ സ്റ്റിഫന്റെ പുറകിൽ വന്നു നിന്നു.
സെൽവം സ്റ്റിഫനെ നോക്കി ചിരിച്ചു.
ഭയന്ന് തിരിഞ്ഞോടാൻ തുടങ്ങിയ സ്റ്റിഫന്റെ വാ പൊത്തി തടഞ്ഞു നിർത്തി പുറകിൽ നിന്നയാൾ.
അതേ നിമിഷം സെൽവം കയ്യിലിരുന്ന വടിവാൾ സ്റ്റിഫന്റെ വയറ്റിലേക്കു കുത്തി കയറ്റി ഒരു തിരി തിരിച്ചു. ചോര പുറത്തേക്കു ചീറ്റി തെറിച്ചു. സ്റ്റിഫൻ പുറകിൽ നിന്നും വാ പൊത്തി പിടിച്ച ആളുടെ കയ്യിൽ കിടന്നു പിടച്ചു.
സെൽവം ക്രൂരമായ ചിരിയോടെ വടിവാൾ വലിച്ചൂരി വീണ്ടും വീണ്ടും ആഞ്ഞു കുത്തി.
അവസാനം തറയിലേക്ക് വീണ സ്റ്റിഫന്റെ ശരീരം രണ്ടു മൂന്നു പ്രാവിശ്യം പിടഞ്ഞു നിഛലമായി!!
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission