കൊലക്കൊമ്പൻ – 23

2641 Views

kolakomban

ടോമിച്ചൻ രാവിലെ കുളിച്ചു, ഡ്രസ്സ്‌ ധരിച്ചു കൊണ്ടിരിക്കുമ്പോൾ ശോശാമ്മ അടുത്തേക്ക്‌ ചെന്നു.

“നീ രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ടാ,ഇന്ന് പണിക്കു പോകുന്നില്ലേ “?

ശോശാമ്മയുടെ ചോദ്യം കേട്ടു ടോമിച്ചൻ തലതിരിച്ചു നോക്കി.

“ഇന്ന് പണിക്കു പോകുന്നില്ല, കാഞ്ഞിരപ്പള്ളി വരെ ഒന്ന് പോകണ്ട കാര്യമുണ്ട്.”

ശോശാമ്മ അതുകേട്ടു ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.

“ഇന്നലെ ജെസ്സി ഇവിടെ വന്നിരുന്നു. എന്റെ അടുത്തിരുന്നു എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു.നമ്മളവിടുന്ന് പറയാതെ പോന്നത് അവൾക്കു ഭയങ്കര വിഷമമായി. എങ്ങനെയിരുന്ന പെങ്കൊച്ച,ക്ഷീണിച്ചു കോലം കെട്ടുപോയി. എന്തൊക്കെയോ മനോവിഷമമുണ്ട് .ആ കഞ്ഞിരപ്പള്ളിയിലെ ആലോചന അവൾക്കിഷ്ടമല്ല. അവളുടെ ചേട്ടന്റെ നിർബന്ധത്തിന് വഴങ്ങിയ ഈ ആലോചന മുൻപോട്ടു പോകുന്നത്.അയാൾക്ക്‌ ഇവളെ ആർക്കെങ്കിലും പിടിച്ചു കൊടുത്തു ഭാരം ഒഴിക്കണം എന്നേയുള്ളു. രക്തബന്ധം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.എല്ലാവർക്കും അവനവന്റെ കാര്യം മാത്രം.നീ എന്തായാലും കാഞ്ഞിരപ്പള്ളിക്ക് പോകുകയല്ലേ. ജെസ്സിയെ കെട്ടിച്ചുവിടാൻ ഉദ്ദേശിക്കുന്ന ആ വീട്ടുകാരെ കുറിച്ച് ഒന്നന്വേഷിച്ചിട്ട്‌ വാ, ആര് മറന്നാലും അവളെ നമുക്ക് മറക്കാൻ പറ്റുമോ? അമ്മച്ചി, അവിടുന്ന് ഞാൻ ഒരു ദിവസം ഓടിപോന്നാൽ, എന്നെ മകളായി കണ്ടു ഇവിടെ കഴിയാൻ അനുവദിക്കുമോ എന്നൊക്കെ ചോദിച്ചു, സങ്കടത്തോടെയാ മടങ്ങിയത്. സ്വത്തും പണവും ഉണ്ടായിട്ടു എന്ത് കാര്യം.”

ശോശാമ്മ നെടുവീർപ്പെട്ടു.

“ങ്ങാ നോക്കാം, എന്തെങ്കിലും മേടിക്കാനുണ്ടോ വീട്ടിലേക്കു, അരിയോ, പലചരക്കുകളോ   “

ടോമിച്ചൻ ചോദ്യഭാവത്തിൽ നോക്കി പോകാനിറങ്ങി.

“ഇല്ലടാ.. ഇവിടെ എല്ലാ സാധനങ്ങളും ഇരിപ്പുണ്ട്. ഇതിനും മാത്രം തിന്നു തീർക്കാൻ ഇവിടെ ആരാ ഉള്ളത്.ആകെ രണ്ടു പേരല്ലേ ഉള്ളു..”

ശോശാമ്മ വരാന്തയിൽ ഇരുന്നു.

മുൻപോട്ടു നടന്ന ടോമിച്ചൻ പെട്ടന്ന് തിരിഞ്ഞു നോക്കി.

“തുണികളെന്തെങ്കിലും വാങ്ങണമെന്നുണ്ടെങ്കിൽ കൂടെ വാ, കാഞ്ഞിരപ്പള്ളിയിൽ നിന്നും മേടിക്കാം “

“വേണ്ടടാ, ഇപ്പൊ ആവശ്യത്തിനുള്ള തുണികളൊക്കെ ഇവിടെ  ഇരിപ്പുണ്ട്, നീ പോയിട്ട് പെട്ടന്ന് വാ “

ശോശാമ്മയെ ഒന്ന് നോക്കിയിട്ട് ടോമിച്ചൻ പോയി ലോറിയിൽ കയറി.

കാഞ്ഞിരപ്പള്ളി ഇരുപതാറാം കവലയിൽ ലോറി നിർത്തി ഇറങ്ങി.

തൊട്ടടുത്തുള്ള മുറുക്കാൻ കടയിൽ കയറി, സോഡാനാരങ്ങാ വെള്ളത്തിനു പറഞ്ഞിട്ട് കടക്കാരനെ നോക്കി. അപ്പുറത്തൊരാൾ പത്രവും വായിച്ചിരിപ്പുണ്ട്

“ചേട്ടാ, ഈ കൈത്തേകിമറ്റം വീട് അറിയാമോ?”

ടോമിച്ചന്റെ ചോദ്യം കേട്ടു കടക്കാരൻ സോഡാ പൊട്ടിച്ചു ഗ്ലാസിൽ ഒഴിച്ചു കൊണ്ട് നോക്കി.

“ആരാ, എവിടുന്നാ? ആ വീട്ടുകാരുടെ ആരെങ്കിലും ആണോ “?

“അല്ല, ഒന്നറിയാൻ വേണ്ടി ചോദിച്ചതാ, ആ വീട്ടുകാരെ അറിയാമോ “

ടോമിച്ചൻ കടക്കാരന്റെ മുഖത്തേക്ക് നോക്കി.

“അറിയാമോന്നോ, ഇവിടുത്തെ ഒരു പണപാർട്ടീസല്ലയോ? കുടുംബക്കരെല്ലാം ജർമനിയില, രണ്ടും മൂന്നും വർഷം കൂടുമ്പോൾ വരും.. കുറച്ച് ദിവസം നിന്നിട്ടു തിരിച്ചു പോകും,എന്താ അങ്ങോട്ട്‌ വന്നതാണോ “?

കടക്കാരൻ ജിജ്ഞാസയോടെ ചോദിച്ചു.

“അതേ, അവിടുത്തെ ആ പയ്യന് കുമളിയിൽ  നിന്നും ഒരാലോചന, അതൊന്നന്വേഷിക്കാൻ വേണ്ടി ചോദിച്ചതാ “

കടക്കാരൻ നീട്ടിയ സോഡാനാരങ്ങാവെള്ളം നിറച്ച ഗ്ലാസ്‌ മേടിച്ചിട്ട് ടോമിച്ചൻ പറഞ്ഞു.

“ഏതു പയ്യൻ, ജൂബിൽ ആണോ? അവനൊന്നു കെട്ടി, ജർമനിയിൽ പോയതല്ലിയോ? എന്തോ കുടുംബപ്രശ്നമായി ആ പെൺകൊച്ചു അവിടെ വച്ചു  ആത്മഹത്യാ ചെയ്തു. പണക്കാരായത് കൊണ്ട് ആരുമറിയാതെ ഒതുക്കിയതാ. പക്ഷെ ജർമനിയിൽ ഇവരുടെ അടുത്ത സ്ഥലത്തു ജോലി ചെയ്യുന്ന പുല്ലേപാട്ട് ജോർജും ഫാമിലിയും ഇവിടെ വന്നപ്പോഴാ അവിടെ നടന്ന യഥാർത്ഥ കാര്യം അറിഞ്ഞത് ഇവിടെ ഉള്ളവർ. അമ്മയും മകനും കൂടി കൊന്നതാണെന്നും, ദിവസവും പെങ്കൊച്ചിനെ ക്രൂരമായി മർദ്ദിക്കുമായിരുന്നു എന്നും അവരിവിടെ പലരോടും പറഞ്ഞു. നാട്ടിന്നു അങ്ങോട്ട്‌ പോയി കഴിഞ്ഞാൽ ആര് ചോദിക്കാനും പറയാനുമാ, സ്ത്രീധനത്തിന്റെയും സ്വത്തുകളുടെയും കാര്യം പറഞ്ഞായിരുന്നുവത്രെ വഴക്ക്   .”

കടക്കാരൻ പറയുന്നത് കേട്ടു പത്രം വായിച്ചു കൊണ്ടിരുന്നായാൾ തല ഉയർത്തി.

“പെണ്ണ് നിങ്ങളുടെ ആരെങ്കിലും ആണോ? എങ്കിൽ ആ വീട്ടിലോട്ടു വിട്ടേക്കരുത്, പണവും പ്രതാപവും ഒക്കെയുണ്ട്. പക്ഷെ മനസാക്ഷിയും വിവരവും ഇല്ലാത്ത കൂട്ടരാ, ഒരു പെങ്കൊച്ചിന്റെ കൂടി ജീവിതം തുലയാതിരിക്കാൻ വേണ്ടി പറഞ്ഞതാ “

അയാൾ പറഞ്ഞിട്ട് വീണ്ടും പത്രത്തിലേക്കു തല താഴ്ത്തി.

ടോമിച്ചൻ കയ്യിലിരുന്ന സോഡാ നാരങ്ങ വെള്ളം കുടിച്ചിട്ട് ഗ്ലാസ്‌ കടക്കാരന് നേരെ നീട്ടി.

“എന്തായാലും ഒന്നാലോചിട്ടു നടത്തിയാൽ മതി എന്ന് പെണ്ണ് വീട്ടുകാരോട് പറഞ്ഞേക്ക്. അവസാനം കണ്ണീരും കയ്യുമായി ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയിൽ എത്തിരിക്കാനാണ് പറയുന്നത് “

കടക്കാരൻ ടോമിച്ചന്റെ കയ്യിൽ നിന്നും ഗ്ലാസ്‌ മേടിച്ചു കൊണ്ട് പറഞ്ഞു.

“എന്നാൽ വളരെ ഉപകാരം, പോട്ടെ “

കാശ് കൊടുത്തു കടക്കാരനോട് യാത്ര പറഞ്ഞ് ലോറിയിൽ കയറി.

തിരികെ കുട്ടിക്കാനത്തേക്ക് തിരിച്ചു.

മുണ്ടക്കയം കഴിഞ്ഞു കയറ്റം കയറി പാഞ്ചാലിമേട്ടിലേക്കു തിരിയുന്ന സ്ഥലത്തെത്തുമ്പോൾ ഒരു ബൊലേറോ ജീപ്പ് ലോറിയെ ഓവർടേക്ക് ചെയ്തു സൈഡ് ഒതുക്കി നിന്നു.

ടോമിച്ചനും ലോറി വഴിയുടെ സൈഡിലേക്ക് ചേർത്തു നിർത്തി, പുറത്തിറങ്ങി.

ജീപ്പിൽ നിന്നും ഇറങ്ങിയ താടിയുള്ള ഒരാൾ  ടോമിച്ചന്റെ അടുത്തേക്ക് വന്നു.കുറച്ച് നേരം എന്തൊക്കെയോ രഹസ്യമായി സംസാരിച്ച ശേഷം

ടോമിച്ചനോട് യാത്ര പറഞ്ഞിട്ട് താടിക്കാരൻ ജീപ്പിൽ കയറി. ഒപ്പം കൂടെ ഉള്ളവരും.ജീപ്പ് തിരിച്ചു പോകുന്നത് നോക്കി നിന്ന ശേഷം ടോമിച്ചൻ ലോറിയിൽ വന്നു കയറി  കുട്ടിക്കാനത്തേക്ക് നീങ്ങി.

വീടിന് മുൻപിൽ ലോറി പാർക്കു ചെയ്തശേഷം ടോമിച്ചൻ ഇറങ്ങി വന്നു. കയ്യും കാലും മുഖവും കഴുകി, തോർത്തെടുത്തു തുടച്ചു കൊണ്ട്, വരാന്തയിൽ വന്നിരുന്നു.

“നീ വല്ലതും കഴിച്ചായിരുന്നോ, ചോറ് എടുക്കട്ടെ,”

ശോശാമ്മ പുറത്തേക്കിറങ്ങി വന്നു.

“വേണ്ട, ഞാൻ കഴിച്ചു “

ടോമിച്ചൻ പോക്കറ്റിൽ നിന്നും ബീഡിയും തീപ്പെട്ടിയും എടുത്തു.

“കാഞ്ഞിരപ്പള്ളിയിൽ പോയപ്പോ നീ അന്വേഷിച്ചായിരുന്നോ? അവളെ ഒരാപത്തിലേക്കു തള്ളിവിടാൻ പറ്റത്തില്ലെടാ, എപ്പോഴും മനസ്സിൽ അവളുടെ ചിന്തയാ. ഒരു സമാധാനവുമില്ല.”

ശോശാമ്മ സങ്കടത്തോടെ ടോമിച്ചനെ നോക്കി ഭിത്തിയിൽ ചാരി നിന്നു.

“അന്വേഷിച്ചു, അത്ര നല്ല കാര്യങ്ങളൊന്നുമല്ല കേൾക്കുന്നത്. പേരുകേട്ട കുടുംബക്കാരൊക്കെയാ. പക്ഷെ അവരുടെ കയ്യിലിരിപ്പ് അത്ര വെടിപ്പല്ല. സ്വത്തിനോടും പണത്തിനോടും ആർത്തിമൂത്ത ഒരമ്മയും മകനുമാ അവർ “

ടോമിച്ചൻ കേട്ട കാര്യങ്ങൾ ശോശാമ്മയോട് പറഞ്ഞു കേൾപ്പിച്ചു.

“ടോമിച്ചാ, ജെസ്സിയെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നാലോ, അവള് നമ്മുടെ അടുത്ത് നിൽക്കട്ടെ,”

ശോശാമ്മ പറയുന്നത് കേട്ടു ടോമിച്ചൻ ഒന്നിളക്കി ഇരുന്നു.

“പഴയപോലെ അല്ല, അവക്കൊരു ചേട്ടനുണ്ട്, അവളുടെ രക്തബന്ധത്തിൽ പെട്ട സ്വൊന്തം ചേട്ടൻ. അവനുള്ള അധികാരം നമുക്കില്ല.അറിയപ്പെടുന്ന ഒരു കുടുബമഹിമ ഉണ്ട്. അവിടുന്ന് അവളെ ഇവിടെ കൊണ്ട് നിർത്തണോ? അതിന്റെ പേരിൽ വഴക്കും വക്കാണവും ഉണ്ടാക്കണോ? അവർ സഹോദരങ്ങളെ  രണ്ടുപേരെയും ശത്രുക്കളെ പോലെ ആക്കണോ? “

ടോമിച്ചൻ മെല്ലെ എഴുനേറ്റു.

“പിന്നെ എന്ത് ചെയ്യുമെടാ, അ സ്റ്റാലിനെ പോയി കാര്യം പറഞ്ഞ് മനസ്സിലാക്കിയാലോ “?

ശോശാമ്മയുടെ ചോദ്യത്തിന് ” പറഞ്ഞ് നോക്കാം “എന്ന മറുപടി കൊടുത്തു ടോമിച്ചൻ പുറത്തേക്കു നടന്നു.

ജെസ്സി കട്ടപ്പനയിൽ നിന്നും വരുന്ന വഴി ആണ് ജൂബിലും കുറച്ച് കൂട്ടുകാരും വണ്ടിയിൽ വന്നു ജെസ്സിയുടെ കാറിന്റെ അടുത്ത് നിർത്തിയത്.

കാറ് നിർത്തി ഇറങ്ങി വന്ന ജൂബിൽ ജെസ്സിയുടെ അടുത്തേക്ക് വന്നു.

“ഹായ് ജെസ്സി, എവിടെ പോയി വരുന്നു.ഞങ്ങൾ കുറച്ച് ഫ്രണ്ട്സ് ഒന്ന് ചുറ്റിക്കറങ്ങാൻ പോയതാ.. ഒരടിച്ചു പൊളി “

ജൂബിലിൽ നിന്നും മദ്യത്തിന്റെ ഗന്ധം ഉയരുന്നുണ്ടായിരുന്നു.

“ഇങ്ങോട്ട് ഇറങ്ങി വാ, എന്റെ കൂട്ടുകാരൊക്കെ ഒന്ന് കാണട്ടെ, എന്റെ ഭാവി വധുവിനെ “

പറഞ്ഞിട്ട് ജെസ്സി ഇരിക്കുന്ന ഭാഗത്തെ ഡോർ തുറന്നു ജൂബിൽ.

ജെസ്സി അനിഷ്ടത്തോടെ പുറത്തിറങ്ങി. ജൂബിലിന്റെ കൂടെ വന്നവർ അവർ വന്ന വാഹനത്തിൽ നിന്നുമിറങ്ങി. അവരിൽ മദ്യലഹരിയിൽ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു.

ജെസ്സി അവരെ വെറുപ്പോടെ നോക്കി.

“എല്ലാവരും കണ്ടോണം എന്റെ പെണ്ണിനെ, പിന്നെ കണ്ടില്ലന്നു പറയരുത്. എന്റെ ശലീന സുന്ദരി “

പറഞ്ഞിട്ട് ജൂബിൽ ജെസ്സിയുടെ കയ്യിൽ പിടിച്ചു.

“എന്റെ അടുത്തോട്ടു ചേർന്നു നിൽക്ക് ജെസ്സി ഒരു ഫോട്ടോ എടുക്കട്ടെ “

ജെസ്സി തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ജൂബിലിന്റെ പിടുത്തം വിടുവിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.അതാസ്വദിച്ചുകൊണ്ട് ജൂബിൽ അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.

“ജൂബിലെ കൈ വിട്, എനിക്ക് പോണം, വഴിയിൽ തടഞ്ഞു നിർത്തി അല്ല കല്യാണകാര്യം പറയുന്നത്. മാത്രമല്ല കല്യാണത്തിന് മുൻപ് എന്റെ ദേഹത്ത് പിടിക്കുന്നത് എനിക്കിഷ്ടമല്ല “

ജെസ്സി പറയുന്നത് കേട്ടു മദ്യലഹരിയിൽ നിന്ന സ്ത്രീകൾ പൊട്ടിച്ചിരിച്ചു.

പെട്ടന്ന് ജെസ്സി കണ്ടു.

വളവുതിരിഞ്ഞു ഒരു ലോറി വരുന്നത്. അകലെനിന്നും തന്നെ അത് ടോമിച്ചന്റെ ലോറി ആണെന്ന് ജെസ്സിക്ക് മനസ്സിലായി.

അടുത്ത് വന്നപ്പോഴാണ് കുറച്ചാളുകളുടെ ഇടയിൽ ജെസ്സി നിൽക്കുന്നത് ടോമിച്ചൻ കണ്ടത്. ഒരാൾ അവളുടെ കയ്യിൽ പിടിച്ചിരിക്കുന്നു.

ലോറി കുറച്ച് മുൻപോട്ടു പോയതിനു ശേഷം റിവേഴ്സ് ഗിയറിൽ പുറകോട്ടു വന്നു.കാറിന്റെ അടുത്ത് നിന്നു.

ടോമിച്ചൻ ലോറിയിൽ നിന്നും താഴെ ഇറങ്ങി. ലോറി വന്നു നിൽക്കുന്നതും ഒരാൾ അതിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു മറ്റുള്ളവരുടെ ശ്രെദ്ധ അങ്ങോട്ടായി.

ജെസ്സിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ടോമിച്ചൻ കണ്ടു.

“ആരാ ഇത്, ഇവരെന്തിനാ നിന്നെ തടഞ്ഞു നിർത്തിയിരിക്കുന്നത്. എന്താ ഇവിടെ പ്രശ്നം “

ടോമിച്ചൻ ജെസ്സിയുടെ മുഖത്തേക്ക് നോക്കി.

“ഞാൻ ജൂബിൽ, ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ ഇത്, ഞാൻ കയ്യിൽ മാത്രമല്ല, ഇഷ്ടമുള്ള എല്ലായിടത്തും പിടിക്കും. ഇതൊക്കെ ചോദിക്കാൻ നീ ആരാ “

ജൂബിൽ ടോമിച്ചനെ പരിഹാസത്തോടെ നോക്കി.

“ഓ.. അപ്പോൾ നീ ആണ് ജൂബിൽ… നീ ഇപ്പോൾ അവളുടെ കയ്യിൽ നിന്നും പിടി വിട്, നീ ഇവളെ കല്യാണം കഴിച്ചിട്ടൊന്നുമില്ലല്ലോ, അതിന് മുൻപ് അവളുടെ അനുവാദമില്ലാതെ ദേഹത്ത് കേറി പിടിക്കുന്നത് ഒരു മാതിരി തന്തയില്ലായ്മ അല്ലേ. ഇവള് ദേഹത്ത് പിടിച്ചോളാൻ അനുവാദം തന്നോ, ഇല്ലല്ലോ, അപ്പോ മോൻ പിടി വിട്, എന്നിട്ട് സ്ഥലം വിടാൻ നോക്ക് “

ടോമിച്ചൻ തോർത്തെടുത്തു തലയിൽ വട്ടത്തിൽ കെട്ടി.

“വീട്ടില്ലെങ്കിൽ നീ എന്തോന്ന് ചെയ്യും “

ജൂബിൽ പുച്ഛത്തോടെ ടോമിച്ചനോട് ചോദിച്ചു. പറഞ്ഞ് തീർന്നതും ജൂബിലിന്റെ മുഖമടച്ചു പടക്കം പൊട്ടുന്ന പോലെ അടി വീണതും ഒരുമിച്ചായിരുന്നു. അടി കൊണ്ട് കറങ്ങി പോയ അവനെ പൊക്കിയെടുത്തു ലോറിയുടെ ബോണറ്റിലേക്കു ചാരി നിർത്തി.

“എടാ പുല്ലേ, പണകൊഴുപ്പിന്റെ തിണ്ണമുടുക്ക് ഇങ്ങോട്ട് ഇറക്കരുത്. ആദ്യം കെട്ടിയ പെണ്ണിനെ നീയും നിന്റെ തള്ളയും കൂടി കൊന്നു കുഴിച്ചു മൂടിയ കഥ കാഞ്ഞിരപ്പള്ളിയിൽ പാട്ട. കണ്ട അവരാതിച്ച പെണ്ണുങ്ങളെയും കൊണ്ട് ഊരുചുറ്റി കമപ്രാന്ത് തീർക്കുന്ന നിന്നെയും നിന്റെ കൂടെ വന്ന എബോക്കികളെയും കണ്ടു പേടിച്ചു മൂത്രമൊഴിക്കുന്നവരല്ല ഇവിടെ ഉള്ളവർ. ഇനി നിന്നെയോ നിന്റെ വീട്ടുകാരെയോ ഇവളുടെ കുടുംബത്തിന്റെ നാലയൽവക്കത്തു കണ്ടാൽ തിരിച്ചു ജർമനിക്ക് കെട്ടിയെടുക്കാൻ നിന്റെ തിന്നു ചീർത്ത ഈ ശരീരം കാണത്തില്ല. പുകച്ചു കളയും കഴുവേറി നിന്നെ “

പറഞ്ഞതും അവനെ പൊക്കിയെടുത്തു പകച്ചു നിൽക്കുന്ന കൂടെ വന്നവർക്ക് നേരെ എറിഞ്ഞു.മദ്യലഹരിയിൽ നിൽക്കുന്ന സ്ത്രികൾക്ക് നേരെ ടോമിച്ചൻ തിരിഞ്ഞു.

“നിനക്കൊക്കെ വീടും വീട്ടുകാരും ഉള്ളതാണോ?പുരോഗമനത്തിനും , അമിത സ്വാതന്ത്രത്തിനും വേണ്ടി മുറവിളി കൂട്ടുന്ന, നഗ്നതയെ വിറ്റു കാശാക്കി, സമൂഹത്തിൽ മാന്യതയുടെ മുഖം മൂടി ഇട്ടു നടക്കുന്ന കൊടിച്ചി പട്ടികളുടെ വിലപോലും ഇല്ലാത്ത ചില സ്ത്രീകളുടെ പ്രതിനിധികൾ ആയിരിക്കും നീയൊക്കെ അല്ലേ,?നിന്റെ ഒക്കെ അപ്പനോടും അമ്മയോടും ശവപ്പെട്ടി തയ്യാറാക്കി വച്ചേക്കാൻ പറഞ്ഞിട്ടാണോ ഇവന്മാരുടെ കൂടെ അഴിഞ്ഞടാൻ പോകുന്നത്. ഇവന്മാരുടെ ആർത്തി തീർന്നു കഴിയുമ്പോൾ നിന്റെയൊക്കെ ദേഹത്ത് ജീവൻ എന്നൊരു സാധനം കാണത്തില്ല. പിന്നെ നീയൊക്കെ ആളും കളിച്ചു കൊണ്ട് നടക്കുന്ന കൊഴുത്ത ശരീരം അനാഥപ്രേതത്തെ പോലെ  വഴിയരുകിൽ പുഴുത്തു നാറി കിടക്കും .ഇവനെ എടുത്തിട്ടൊന്ണ്ട് പോടീ പെട്ടന്ന് “

ടോമിച്ചന്റെ കലി കണ്ടു വിറച്ചു പോയി അവർ.

താഴെ കിടന്ന ജൂബിലിനെ അവർ ഒരുവിധം എടുത്തു വണ്ടിയിൽ കയറ്റി. ഏറുകൊണ്ട് മോങ്ങുന്ന പട്ടിയെ പോലെ കരഞ്ഞുകൊണ്ടിരുന്നു അവൻ.അവരുടെ വാഹനം കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ടോമിച്ചൻ തിരിഞ്ഞു ജെസ്സിയെ നോക്കി.

“അമിതമായ ചാരിത്രപ്രസംഗം നടത്തി, മറ്റുള്ളവരുടെ മുൻപിൽ ശ്രെദ്ധപിടിച്ചു പറ്റാൻ ഏതു തറ വേലയും കാണിക്കുന്ന കുറെ പെണ്ണുങ്ങളുണ്ട്. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്നതിലും അവഹേളിക്കുന്നതിലും ആയിരിക്കും  അവരുടെ താത്പര്യം.ഒരു സംശയവും വേണ്ട, അവളുമാരാണ് ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനസ്സുള്ളവർ. വേശ്യകളുടെ പോലും നിലവാരം ഇല്ലാത്തവർ.”

ടോമിച്ചൻ ദേഷ്യത്തോടെ പറഞ്ഞു.

“ഇതൊക്കെ നിങ്ങൾക്ക് എങ്ങനെ അറിയാം, റിസർച്ച് നടത്തിയിട്ടിട്ടുണ്ടോ പെണ്ണുങ്ങളിൽ “

ജെസ്സി അത്ഭുതത്തോടെ നോക്കി.

“അതിന് റിസേർച്ചിന്റെ ആവശ്യമില്ല,തലയ്ക്കു വെളിവുള്ളവർക്ക് കണ്ടാലും കേട്ടാലും മനസ്സിലാകും.”

ജെസ്സി ടോമിച്ചനെ സൂക്ഷിച്ചു നോക്കി.

“ഇതൊക്കെ എന്നെ ഉദ്ദേശിച്ചാണോ പറയുന്നത്,”

“അല്ല, നിന്നെ കുറിച്ച് ഞാൻ അങ്ങനെ പറയത്തില്ല, അതുപോലൊരു പെണ്ണല്ല നീ “

ടോമിച്ചന്റെ അ വാക്ക് കേട്ടപ്പോൾ നിറഞ്ഞു നിന്ന അവളുടെ മിഴിയിൽ നിന്നും കണ്ണുനീർ കവിളിലൂടെ താഴെക്കൊഴുകി.

“ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ചാകുന്നതാ, ചില സമയത്തു ഓർക്കും ഈ കാറ് കൊണ്ടുപോയി എവിടെയെങ്കിലും ഇടിച്ചു കേറ്റിയാലോ എന്ന്. പേടിയായതുകൊണ്ട് അതിനും സാധിക്കുന്നില്ല. ശപിക്കപ്പെട്ട ജന്മം ആയി പോയി എന്റേത് “

ജെസ്സി കാറിലേക്ക് ചാരി നിന്നു.

“നീ, ഇപ്പോൾ എന്റെ ലോറിയുടെ പുറകെ വാ, ഒരു സ്ഥലം വരെ പോകാം “

പറഞ്ഞിട്ട് ടോമിച്ചൻ ലോറിയിൽ കയറി മുൻപോട്ടെടുത്തു. കുട്ടിക്കാനം ടൗണിൽ കണ്ണായ സ്ഥലത്തു ഒരു ഇരുനില വീട് പണി നടക്കുന്നതിന്റെ അടുത്ത് നിർത്തി.

ഇറങ്ങി. ജെസ്സിയും കാറ് നിർത്തി ഇറങ്ങി.

“എന്താ ഇവിടെ,”

ജെസ്സി ചുറ്റും നോക്കി.

“നീ അതുകണ്ടോ, ഒരു വീട് പണിയുന്നത്, എന്റെ അമ്മയ്ക്കും ഒരു ദിവസമെങ്കിലും അതുപോലൊരു വീട്ടിൽ കിടക്കണമെന്ന് ആശ കണില്ലേ, എന്നോടൊന്നും പറയത്തില്ല, ആൺ മക്കൾ ജനിച്ചാൽ അപ്പനും അമ്മയും പറഞ്ഞില്ലെങ്കിലും അതറിഞ്ഞു ചെയ്തു കൊടുക്കണം.അതാ കടമ. വേണ്ടേ. പത്താംക്ലാസ് പാസ്സായ, ലോറിയോടിച്ചു കൊണ്ട് നടക്കുന്ന ഞാൻ ആഗ്രഹിച്ചാൽ ഇതു വല്ലതും നടക്കുമോ? നീ വിചാരിക്കുന്നുണ്ടാകും എന്തിനാണ് ഞാൻ ഇതൊക്കെ പറഞ്ഞതെന്ന് അല്ലേ.. വെറുതെ ഒരാശ, ടോമിച്ചന്റെ അതിമോഹം.നീ പറ എങ്ങനെ ഉണ്ട് ആ വീട്, നിനക്കിഷ്ടപ്പെട്ടോ “?

ടോമിച്ചൻ ജെസ്സിയെ നോക്കി.

“വല്ലവരും ഉണ്ടാക്കുന്ന വീട് ഞാനിഷ്ടപ്പെട്ടിട്ടു എന്തെടുക്കാനാ, എനിക്കും നിങ്ങൾക്കും കാണാനേ വിധിയുള്ളു, ഏതോ ഫോറിൻകാരണെന്ന് തോന്നുന്നു. ഇതെന്നുമുതൽ തുടങ്ങി, വല്ലവന്റെയും വീട്ടിലേക്കു നോക്കി നിന്നു കൊതി വിടുന്ന പരിപാടി “?

ജെസ്സി ചിരിച്ചു കൊണ്ട് ടോമിച്ചനെ നോക്കി.

“നിനക്കിഷ്ടപ്പെട്ടോ, അത് പറ “

ടോമിച്ചൻ ജെസ്സിയുടെ മറുപടി ക്ക്‌ വേണ്ടി കാത്തു.

“ശരി, എനിക്കിഷ്ടപ്പെട്ടു, ഒത്തിരി,ആ വീട് എനിക്ക് മേടിച്ചു തരാവോ “?

ജെസ്സി ചോദിച്ചു.

നീയെന്ത എന്നെ ആക്കിയതാണോ ഞാനും ഉണ്ടാക്കും അതുപോലൊരെണ്ണം. പിന്നെ നിനക്ക് വരുന്ന  കല്യാണലോചന മുടങ്ങിപോയതിൽ സങ്കടമുണ്ടോ? ഇതിനു മുൻപ് സ്റ്റാലിൻ രണ്ടുമൂന്നു ആലോചനകൾ കൊണ്ടുവന്നിട്ടു അതെല്ലാം എങ്ങനെയോ മുടങ്ങിപോയെന്നു അറിഞ്ഞല്ലോ ഇതിലൊന്നും നിനക്ക് ദുഃഖമില്ലേ “

ടോമിച്ചൻ ജെസ്സിയുടെ മുഖഭാവം ശ്രെദ്ധിച്ചു.

“ചിലപ്പോൾ അവർക്ക്‌   എന്നെ പിടിച്ചു കാണത്തില്ല, അതിനെക്കുറിച് ഒന്നും അന്വേഷിക്കാൻ ഞാൻ പോയിട്ടില്ല. പോയവര്‌ പോയി, അത്ര തന്നെ “

ജെസ്സി ഉദാസീനയായി പറഞ്ഞു.

“എന്ത് കാരണം കൊണ്ടാണ് ഈ ആലോചനകളെല്ലാം മുടങ്ങിപോയതെന്നു ഒന്നാന്വേഷിക്കാതില്ലായിരുന്നോ? വെറുതെ യാഥാർഥ്യം ഒന്നറിഞ്ഞിരിക്കാൻ “

ടോമിച്ചന്റെ ആകാംഷ നിറഞ്ഞ ചോദ്യം കേട്ടു ജെസ്സി നെറ്റി ചുളിച്ചു.

“ഇതിലെന്താ നിങ്ങക്കിത്ര താത്പര്യം. ഇച്ചായനെ പോലെ നിങ്ങക്കും എന്നെ എത്രയും പെട്ടന്ന് ആരുടെയെങ്കിലും തലയിൽ കെട്ടിവച്ചു ശല്യം ഒഴിക്കണം എന്നാണൊ “

ജെസ്സി ദേഷ്യത്തോടെ ടോമിച്ചനെ തറപ്പിച്ചു നോക്കി.

“ഞാൻ വെറുതെ അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ. പിന്നെ ഇപ്പോഴത്തെ ആലോചന മുടങ്ങിയതിൽ നീ വിഷമിക്കണ്ട, ഇന്ന് കാഞ്ഞിരപ്പള്ളിയിൽ പോയി ഞാൻ അന്വേഷിച്ചായിരുന്നു.അവരെ കുറിച്ച് ആർക്കും നല്ലത് പറയാനില്ല, മാത്രമല്ല നിനക്കതു ചേരത്തില്ല, അത്രതന്നെ “

ടോമിച്ചൻ പറഞ്ഞ് കൊണ്ട് ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ചു.

“എന്ന നിങ്ങള് എനിക്ക് ചേർന്ന ഒരു ചെറുക്കനെ കാണിച്ചു താ, അപ്പോ പിന്നെ കുഴപ്പമില്ല, ഞാൻ കെട്ടാൻ മുട്ടി നിൽക്കുവല്ലേ , ഒരു വർഷത്തിനുള്ളിൽ പ്രസവിക്കുകയും ചെയ്യണം, സമാധാനം ആയോ “?

ജെസ്സി കാറിന്റെ ഡോർ തുറന്നു കേറി.

“നിങ്ങള്  പോകുവല്ലേ, ഞാനും  പോകുവാ “

കാർ സ്റ്റാർട് ചെയ്തു കൊണ്ട് ജെസ്സി പറഞ്ഞു.

“ങ്ങാ സമയമുണ്ടെങ്കിൽ വീട്ടിൽ കേറിയിട്ടു പോ, കുറച്ച് മുൻപേയും നിന്റെ കാര്യം പറഞ്ഞു സങ്കടപ്പെട്ടിരിക്കുവാ അമ്മച്ചി. നീ പോയി ഒന്ന് സമാധാനിപ്പിച്ചിട്ടു പോ,ഞാൻ വരാൻ കുറച്ച് വൈകും “

ടോമിച്ചൻ ജെസ്സിയോട് പറഞ്ഞിട്ട് ലോറി ഓടിച്ചു പോയി.

ജെസ്സി ചെല്ലുമ്പോൾ ശോശാമ്മ കിണറിന്റെ സമീപത്തു നിന്നും പാത്രങ്ങൾ കഴുകുകയായിരുന്നു. ജെസ്സിയെ കണ്ടു, കൈ വെള്ളത്തിൽ കഴുകി അടുത്തേക്ക് ചെന്നു.

“മോള് ടോമിച്ചനെ കണ്ടോ, കുറച്ച് മുൻപ ഇവിടന്നു പോയത് “

ശോശാമ്മ ജെസ്സിയോട് ചോദിച്ചു.

“കണ്ടമ്മച്ചി, എന്നോട് മിണ്ടിയിട്ട പോയത്, എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു “

ജെസ്സി ശോശാമ്മയുടെ കൂടെ അടുക്കളയിലേക്ക് ചെന്നു.

“ഇപ്പൊ വന്നിരിക്കുന്ന കല്യാണആലോചന വേണ്ട മോളേ, ചെറുക്കന്റെ വീട്ടുകാർ നല്ലവരല്ല, ടോമിച്ചൻ അന്വേഷിച്ചായിരുന്നു. മോൾക്ക്‌ നല്ല തങ്കപ്പെട്ട ഒരു നല്ല ചെറുക്കനെ കിട്ടും, നോക്കിക്കോ “

ശോശാമ്മ പറഞ്ഞു.

‘തങ്കപ്പെട്ടത് വേണ്ട അമ്മച്ചി, ടോമിച്ചനെ തന്നാൽ മതി ‘എന്ന് ജെസ്സി മനസ്സിൽ മന്ത്രിച്ചു.

ശോശാമ്മ പാൽ പാത്രം കഴുകുവാൻ വേണ്ടി എടുത്തപ്പോൾ ജെസ്സി നിർബന്ധിച്ചു മേടിച്ചു കൊണ്ട് പോയി കഴുകികൊണ്ട് വന്നു.

“ഞാൻ ചായയിടാം അമ്മച്ചി, അമ്മച്ചി അവിടിരിക്ക് “

ചായ ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടയിൽ ജെസ്സി ശോശാമ്മയെ നോക്കി.

“അമ്മച്ചി, ടോമിച്ചൻ സ്കൂളിൽ ഒന്നും പോയിട്ടില്ലേ “

“അവൻ പത്താം ക്‌ളാസ് നല്ല മാർക്കിൽ പാസായതാ, ആ സമയത്താണ് അവന്റെ അപ്പൻ മരിക്കുന്നതു, ജീവിക്കണ്ടേ, വരുമാനമില്ലാത്തതു കൊണ്ട് ഞാൻ കൊളുന്ത് നുള്ളാൻ പോയി, ഒരു ദിവസം തലകറങ്ങി വീണു. അന്ന് ടോമിച്ചൻ എന്നോട് പറഞ്ഞു,ഇനിമുതൽ  വീട്ടിൽ ഇരുന്നോണം, അവൻ ജോലിക്ക് പൊക്കോളാമെന്നു, ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും അവൻ കേട്ടില്ല. ഏതോ ഒരാളുടെ കൂടെ ലോറിയിൽ പണിക്കു പോയി. അയാൾക്ക്‌ വേറെ ആരുമില്ലാത്ത ഒരാളായിരുന്നു. ഒരുനാൾ ആക്സിഡന്റ് പറ്റി ആശുപത്രിയിൽ കിടന്നു. ഞാനും ടോമിച്ചനും കൂടിയാ  നോക്കികൊണ്ടിരുന്നത്. അയാൾ മരിച്ചു പോയി. അയാൾ ടോമിച്ചന് ഈ ലോറി കൊടുത്തിട്ടാ പോയത്. ഈ ലോറി കൊണ്ടുപോയി രക്ഷപെട്ടോണം എന്ന് പറഞ്ഞിട്ട് “

ശോശാമ്മ പറയുന്നത് കേട്ടുകൊണ്ട് ജെസ്സി ഗ്ലാസിൽ ചായ പകർന്നുകൊണ്ടിരുന്നു.

“അമ്മച്ചി ടോമിച്ചന്റെ സ്വഭാവം ചെറുപ്പം തൊട്ടേ ഇങ്ങനെ ആണോ?എന്ത് പറഞ്ഞാലും ചാടികടിക്കാൻ വരുന്നപോലെ “

ചോദിച്ചു കൊണ്ട് ജെസ്സി ചായഗ്ലാസ് ശോശാമ്മക്ക് കൊടുത്തു.

“അവൻ ചെറുപ്പം തൊട്ടേ ഭയങ്കര ദേഷ്യക്കാരനായിരുന്നു, തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കിടുമായിരുന്നു. പക്ഷെ അവന്റെ ഉള്ളിൽ മുഴുവൻ സ്നേഹമായിരുന്നു, എല്ലാവരോടും, പുറത്തു കാണിക്കത്തില്ല.”

ശോശാമ്മ പറഞ്ഞ് കൊണ്ട് കയ്യിലിരുന്ന ചായ കുടിക്കുവാൻ തുടങ്ങി.

ജെസ്സി തോൾബാഗിൽ നിന്നും ഒരു പൊതിയെടുത്തു തുറന്നു.

“അമ്മച്ചിക്ക് ഇഷ്ടമുള്ള ഉഴുന്നു വടയാ, കുട്ടിക്കാനത്തെ മത്തായി ചേട്ടന്റെ കടയിൽ നിന്നും വാങ്ങിച്ചതാ, കഴിക്ക് “

പൊതി ശോശാമ്മയുടെ മുൻപിലുള്ള മേശപ്പുറത്തു വച്ചു.

കുറച്ച് നേരം കൂടി സംസാരിച്ചിരുന്നിട്ടു ജെസ്സി യാത്ര പറഞ്ഞിറങ്ങി.

“മോള് ഒന്നുകൊണ്ടും ഓർത്തു വിഷമിക്കണ്ട, എന്ത് വന്നാലും ഞാനും ടോമിച്ചനും മോൾടെ കൂടെ കാണും എന്തിനും “

ശോശാമ്മ ജെസ്സിയുടെ കരമെടുത്തു തഴുകികൊണ്ട് പറഞ്ഞു.

ജെസ്സിയുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ ശോശാമ്മ നോക്കികൊണ്ട്‌ നിന്നു.

പിറ്റേന്ന് ഷാപ്പ് ലേലത്തിൽ പങ്കെടുത്തു കാർലോസും മക്കളും നിരാശരായി മടങ്ങി. ഷാപ്പ് ലേലത്തിൽ പങ്കെടുത്ത എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഡേവിഡ് എന്ന ആൾ കാഞ്ഞിരപ്പള്ളി, കട്ടപ്പന, കുമളി റേഞ്ചിലെ എല്ലാ ഷാപ്പുകളും ലേലത്തിൽ പിടിച്ചെടുത്തു. കുമളിയിൽ ലൈസിയുടെ പേരിൽ ഷണ്മുഖത്തിനുണ്ടായിരുന്ന ഷാപ്പുകളെല്ലാം നഷ്ടപ്പെട്ടു. ടെന്റർ പൊട്ടിച്ചപ്പോൾ മറ്റുള്ളവർ കൊടുത്തിരുന്ന തുകയേക്കാൾ ഓരോ ലക്ഷം കൂടുതലായിരുന്നു ഡേവിഡ് എന്നയാൾ കൊടുത്തിരുന്ന ടെന്റർ.

വിവരമറിഞ്ഞ ഷണ്മുഖം കലികൊണ്ട് വിറച്ചു.

“യാരത്, അന്ത പെറുക്കി നായ് ഡേവിഡ്, അവനെനക്കിട്ട് ഏമാത്തിയിറുക്കേ,എന്നുടെ നഷ്ടപെട്ട ഷാപ്പുകൾ തിരുമ്പി കിട്ടറതുക്കു അവനെ തൂക്കണം സീഘ്രം. പോയ്‌ തപ്പി പിടിച്ചു കൊണ്ടുവാ, മുട്ടാളൻ റാസ്കൽ, ഇന്ത ഷണ്മുഖത്തെ ഒരു വട്ടം പാർത്താൽ അവനിന്തമാതിരി പണ്ണറത്ക്ക്‌ ധൈര്യപ്പെടാത്.  ഇരുപത്തി നാലു മണിക്ക് മുന്നാടി അവനാരായാലും തിരുമ്പിപിടിച്ചു എനക്കറ മുൻപേ കൊണ്ട് പോടണം..പോടാ പോ “

ഷണ്മുഖം മുൻപിൽ നിന്ന ഗുണ്ടകളെ പോലെ തോന്നിക്കുന്നവരുടെ നേരെ അലറി.

ആജ്ഞ കിട്ടിയതും അവർ പുറത്തേക്കു നടന്നു. പുറത്തു നിർത്തിയിട്ടിരുന്ന ക്വാളിസ് ജീപ്പുകളിൽ കയറി.

“പപ്പാ, നമുക്കിട്ടു ആരോ ഏമാത്തുന്നുണ്ട്. ആ  പുലിമാക്കിൽ കാരും ടോമിച്ചനും കൂടി പുറത്തു നിന്നും പുത്തൻ പണക്കാരെ  ഇറക്കിയതാണോ ? ബ്ലാക്ക് മണി വൈറ്റ് ആക്കുന്നതിനു, മാത്രമല്ല നമ്മുടെ 12 ലോഡ് ആണ് ചെക്ക് പോസ്റ്റ്‌ കടത്തി വിട്ടിട്ടും അപ്രത്യക്ഷമമായി പോയത്. മന്ത്രവും അല്ല മായാജാലവും അല്ല… പിന്നെ ലോറികളും സ്പിരിറ്റും എവിടെ പോയി. ആരോ നമുക്കെതിരെ കരുക്കൾ നീക്കുന്നുണ്ട്. ഇപ്പോൾ ഷാപ്പുകളും പോയി. കുനിഞ്ഞു നിന്നാൽ പുറകിൽ നിന്നും വന്നു ചെത്തികൊണ്ട് പോകുന്നവരാ ചുറ്റിലും. സൂക്ഷിക്കണം “

റോയി ഷണ്മുഖത്തോട് പറഞ്ഞു.

“ഉം, അന്ത ടോമിച്ചൻ, അവനൊരു വട്ടി മിസ്സായിച്,ഇന്ത വട്ടി അവനുക്കറ ശവം പോലും കാണിക്കമാട്ടേൻ. അന്ത പുലിമാക്കിൽ വീടും കമ്പനിയും എനക്ക് താൻ കിട്ടണം. അന്ത പൊണ്ണു ജെസ്സി എല്ലാം എനക്കിറ പേരുക്കു എഴുതി വച്ചു ഭൂമി വിട്ട് ഓടിടുവേൻ.പരലോകത്തുകു.നാൻ കേരളാവുക്ക് പോക പോറെൻ…തുണ്ടം തുണ്ടമായി വെട്ടിയിടുവേൻ എല്ലാവനെയും ..”

മുൻപിൽ കിടന്ന നായയുടെ തലയിൽ തലോടി കൊണ്ട്

ഷണ്മുഖം ക്രൂരമായി പൊട്ടി ചിരിച്ചു.

അത് ലൈസിയുടെയും റോയിയുടെയും ജോർജിയുടെ ചുണ്ടുകളിലേക്ക് പടർന്നു.

                             ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

4.7/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply