കാറിന് ചുറ്റുമായി വന്നു നിന്ന ജീപ്പിൽ നിന്നും ലോറിയിൽ നിന്നും ഷണ്മുഖത്തിന്റെ ഗുണ്ടകൾ റോഡിലേക്കിറങ്ങി നിന്നു.
അപകടത്തിന്റെ നടുവിലാണ് താങ്കൾ എത്തിപ്പെട്ടിരിക്കുന്നതെന്നു സ്റ്റാലിനും ജെസ്സിക്കും മനസ്സിലായി. സ്റ്റാലിന്റെ മുഖത്തു അതുമൂലമുണ്ടായ ഭയത്തിന്റെ ലാഞ്ചന മിന്നിമറയുന്നുണ്ടായിരുന്നു. എന്നാൽ ജെസ്സിയുടെ മുഖത്തു ഒരു നിസംഗഭാവം മാത്രമായിരുന്നു.
“ജെസ്സി, ഷണ്മുഖത്തിന്റെ ആളുകളാണ് ചുറ്റും, നമ്മളെ തീർക്കാൻ ഉദ്ദേശിച്ചുള്ള വരവാ, ഷണ്മുഖം നേരിട്ടത്തിയ സ്ഥിതിക്കു രണ്ടും കല്പിച്ചാ ഇത്, ഇവരെയെല്ലാം അടിച്ചൊതുക്കി രക്ഷപെടുക എന്നത് അത്ര എളുപ്പമല്ല.എന്ത് ചെയ്യണമെന്ന് ഒരു നിച്ചയവുമില്ല. നിനക്ക് പേടിയൊന്നും തോന്നുന്നില്ലേ. ങേ “
സ്റ്റാലിൻ ഒരു ഭാവഭേദങ്ങളും ഇല്ലാതെ ഇരിക്കുന്ന ജെസ്സിയെ അത്ഭുതത്തോടെ നോക്കി.
“എന്തിന് ഇച്ചായ, മരിക്കാൻ എനിക്ക് പേടിയില്ല, എന്നാണെങ്കിലും ഈ ഭൂമിയിൽ നിന്നും പോകേണ്ടവരല്ലേ നമ്മളെല്ലാം. പിന്നെ എന്തിന് പേടിക്കണം.പിന്നെ ഇച്ചായന്റെ പെങ്ങൾക്ക് ഒരാപത്തു വന്നാൽ അതിൽ നിന്നും രക്ഷിക്കാനുള്ള കടമയില്ലേ ഇച്ചായന്. ഞാനിപ്പോൾ ഇച്ചായനെ വിശ്വസിച്ചു കൂടെ പോന്നത് തന്നെ അബദ്ധമായോ..”
ജെസ്സി തലയുയർത്തി സ്റ്റാലിനെ നോക്കി.
“നീ എന്താ പരിഹസിക്കുകയാണോ ഈ സമയത്തു “
സ്റ്റാലിൻ ജെസ്സിയെ കൃദ്ധനായി നോക്കി
“ഇച്ചായന് പണമില്ലേ, അത് കൊടുത്തു രക്ഷപെടാൻ പറ്റില്ലേ,സ്വത്തും പണവും ഉണ്ടെങ്കിൽ എന്തും നേടാൻ പറ്റും എന്നല്ലേ പറഞ്ഞത്.എന്നിട്ട് ഒരാപത്തു വന്നപ്പോൾ അതൊന്നും ഉപകാരപ്പെടുന്നില്ല അല്ലെ. നമ്മുടെ എല്ലാ സ്വത്തുക്കളും ഷണ്മുഖത്തിന് കൊടുത്താലും അയാൾ നമ്മളെ ജീവനോടെ ഇവിടെ നിന്നും പോകാൻ അനുവദിക്കില്ല.ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ ഇല്ലാതാക്കും.”
ജെസ്സിയുടെ മറുപടി കേട്ടു സ്റ്റാലിൻ ഭയപ്പാടോടെ മുൻപിലേക്കു നോക്കി.
ജീപ്പിൽ ചാരി നിൽക്കുകയാണ് ഷണ്മുഖം.
“ഇതിനേക്കാളും വലിയ പ്രശ്നങ്ങളിൽ നിന്നും ടോമിച്ചൻ എന്നെ രക്ഷിച്ചിട്ടുണ്ട്. അയാളുടെ കൈമുതൽ ചങ്കൂറ്റവും തന്റെടവുമാ. പിന്നെ സ്നേഹിക്കാനുള്ള ഒരു മനസ്സും. അയാൾ കൂടെ ഉള്ളപ്പോൾ ഒരു ധൈര്യമാ, ആരെയും പേടിക്കാതെ, തലയുയർത്തി ജീവിക്കാൻ പറ്റുമെന്നുള്ള ധൈര്യം. ആ മനുഷ്യനെ പണമുണ്ടെന്ന അഹങ്കാരത്തിൽ അപമാനിച്ചിട്ട് ഇറങ്ങി വന്നപ്പോൾ ഇങ്ങനെ ഒക്കെ ആകുമെന്ന് കരുതിയില്ല അല്ലെ. ഇനി എല്ലാം വിധി ആണെന്ന് കരുതുക. ഇവിടെ നിന്ന് ഓടി രക്ഷപെടാൻ പറ്റുമോ? അല്ലെങ്കിൽ നിലവിളിച്ചാൽ ആരെങ്കിലും രക്ഷപെടുത്താൻ വരുമോ? “
ജെസ്സി പുറകിലേക്ക് തിരിഞ്ഞു നോക്കി..
വഴിയിൽ ഷണ്മുഖത്തിന്റെ ആളുകൾ എന്തിനും തയ്യാറായി നിരന്നു നിൽപ്പുണ്ട്.
“നീ ഇവിടെ ഇരിക്ക്, ഞാനൊന്നു പോയി അയാളുമായി രമ്യമായി സംസാരിച്ചു തീർക്കാമോ എന്ന് നോക്കട്ടെ,”
സ്റ്റാലിൻ ഭയത്തോടെ കാറിൽ നിന്നും ഇറങ്ങി.
“നമ്മുടെ പപ്പയെയും മമ്മിയെയും ഇല്ലാതാക്കിയവനാ അവൻ. അവനിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട, നിസ്സഹായരായി പോയി നമ്മൾ…”
ജെസ്സി കാറിലിരുന്നു കൊണ്ട് പറഞ്ഞു.
സ്റ്റാലിൻ പുറത്തിറങ്ങിയതും പുറകിൽ നിന്നും ഒരാൾ പാഞ്ഞു വന്നു. വെട്ടിതിരിഞ്ഞ സ്റ്റാലിൻ തെന്നി മാറി അയാളെ ആഞ്ഞു തൊഴിച്ചു. തൊഴിയേറ്റ അയാൾ പുറകിലേക്ക് മറിഞ്ഞു.മൂടൽ മഞ്ഞിനിടയിൽ നിന്നും ഗുണ്ടകൾ സ്റ്റാലിനു നേരെ പാഞ്ഞടുത്തു. വഴിയിലൂടെ വളവുതിരിഞ്ഞു പാഞ്ഞു വന്ന ഒരു ബൈക്ക് യാത്രക്കാരൻ വഴിയിലെ കാഴ്ചകണ്ടു ബൈക്ക് നിർത്തി തിരിച്ചു. ഷണ്മുഖത്തിന്റെ കൂടെ വന്നവരിലൊരാൾ വടിവാളുമായി ബൈക്കുകാരന് നേരെ ഓടി. ബൈക്കിൽ വന്നയാൾ പ്രണരക്ഷാർത്ഥം ബൈക്കുമായി തിരിച്ചു പാഞ്ഞു. കുറച്ച് ദൂരം മുൻപോട്ടു പോയി, പുറകെ ആരും വരുന്നില്ലന്ന് ഉറപ്പാക്കി ബൈക്ക് സൈഡ് ഒതുക്കി നിർത്തി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കാര്യം പറഞ്ഞു.
തന്നെ വളഞ്ഞു നിന്ന് ആക്രമിക്കുന്നവരോട് അധികം സമയം പിടിച്ചു നിൽക്കാൻ സ്റ്റാലിനു കഴിഞ്ഞില്ല. ഒരുത്തന്റെ അടിയേറ്റ് തെറിച്ചു ഷണ്മുഖത്തിന്റെ മുൻപിൽ പോയി വീണു സ്റ്റാലിൻ.
ചോരയൊലിപ്പിച്ചു റോഡിൽ കിടക്കുന്ന സ്റ്റാലിനടുത്തേക്ക് ജെസ്സി കാറിൽ നിന്നും ഇറങ്ങി നിലവിളിച്ചു കൊണ്ട് ഓടി ചെന്നു.
അതിന് മുൻപ് തന്നെ റോയിയും ജോർജിയും കൂടി സ്റ്റാലിനെ പൊക്കിയെടുത്തു ഷണ്മുഖത്തിന് അഭിമുഖമായി ജീപ്പിലേക്ക് ചാരി നിർത്തി.
“ജോർജി, റോയി.. എന്റെ ഇച്ചായനെ ഒന്നും ചെയ്യരുത്, ഞങ്ങൾക്കുള്ളതെല്ലാം നിങ്ങളെടുത്തോ, എവിടെ വേണമെങ്കിലും ഒപ്പിട്ടു തരാം.. ഒന്നും ചെയ്യരുത് “
ജെസ്സി കരഞ്ഞു കൊണ്ട് ഷണ്മുഖത്തിന്റെ നേരെ കൈ കൂപ്പി.
“അപ്പോ നിനക്ക് അപേക്ഷിക്കാൻ അറിയാം അല്ലേടി ഒരുമ്പട്ടോളെ “
ജീപ്പിൽ നിന്നും ഇറങ്ങി വന്ന ലൈസി ജെസ്സിക്ക് നേരെ കയർത്തു.
“എന്നെയും എന്റെ മക്കളെയും അവിടെ നിന്നും നീയും നിന്റെ മറ്റവനും കൂടി ആട്ടിയോടിച്ചപ്പോൾ ഓർത്തു കാണും തിരിച്ചു വരുകേലന്നു.. അല്ലേടി… ഇപ്പൊ വന്നിരിക്കുവാ, മുതലും പലിശയും ചേർത്തു തിരിച്ചു തരാൻ. എവിടെയാടി നിന്റെ ആ മറ്റേ രക്ഷകൻ ടോമിച്ചൻ “
ലൈസി പറഞ്ഞു നിർത്തിയതും വളവുതിരിഞ്ഞു ലൈറ്റ് തെളിച്ചു പാഞ്ഞു വന്ന ഒരു ലോറി കുറച്ച് മാറി വഴിയരുകിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ വന്നിടിച്ചു. ജീപ്പിനുള്ളിലുണ്ടായിരുന്ന ഗുണ്ടകളും , ജീപ്പിൽ ചാരി നിന്ന ഗുണ്ടകളും ജീപ്പോടെ വഴിയുടെ സൈഡിലുള്ള കൊക്കയിലേക്ക് തെറിച്ചു.
താഴെ ജീപ്പ് വലിയ ശബ്ദത്തോടെ പോയി ഇടിച്ചു തകരുന്ന ശബ്‌ദം അവിടെ മുഴങ്ങി.
തൊട്ടടുത്തു നിർത്തിയിട്ടിരുന്ന ലോറിയിൽ ചാരി നിന്നിരുന്ന നാല് ഗുണ്ടകൾക്ക് എന്താണ് സംഭവിക്കുന്നതെന്നു തിരിച്ചറിയുന്നതിനു മുൻപ് അവരുടെ ദേഹത്തെ പച്ച മാംസത്തെ കീറിമുറിച്ചു ഏതോ ലോഹം കടന്നുപോയി. അവർ നിലവിളിച്ചു കൊണ്ട് ചിതറി ഓടി.
നിലവിളികളും ഒച്ചയും കേട്ടു തിരിഞ്ഞു നോക്കിയ ഷണ്മുഖവും കൂട്ടരും കണ്ടു മുണ്ട് മടക്കി കുത്തി ലോറിയിൽ ചാരി നിൽക്കുന്ന ആളെ..
“പപ്പാ, അവനാണ് ടോമിച്ചൻ, ഇവളുടെ രക്ഷകൻ “
റോയി ഷണ്മുഖത്തോട് പറഞ്ഞു.
ജെസ്സിയും അതിനകം ടോമിച്ചനെ കണ്ടിരുന്നു. സന്തോഷമോ ദുഃഖമോ കൊണ്ടോ അവളുടെ മുഖം വിറകൊണ്ടു.
തനിക്കെതിരെ അലറി കൊണ്ട് പാഞ്ഞടുത്ത ഒരുവനെ കഴുത്തിൽ കുത്തി പിടിച്ചു, മുട്ടുകാൽ കൊണ്ട് നാഭിക്കിടിച്ചു റോഡിലിരുത്തി തലയിൽ പിടിച്ചൊരു തിരി തിരിച്ചു. വെട്ടിതിരിഞ്ഞു അതേ സമയം തന്നെ പുറകിൽ നിന്നും വന്നവന്റെ മുഖമടച്ചു ചുരുട്ടിയ ഉറുമിയുടെ പിടി കൊണ്ട് ഒരിടി ഇടിച്ചു. നിലവിളിയോടെ പുറകിലേക്ക് തെറിച്ച അവന്റെ കാലിൽ പിടിച്ചു പൊക്കി തലകീഴായി ടാറിട്ട റോഡിൽ ആഞ്ഞൊരു കുത്ത് കുത്തി. കഴുത്തൊടിഞ്ഞ അവൻ റോഡിൽ കിടന്നു പിടച്ചു.
കുതിച്ചു വന്ന മറ്റൊരുത്തവൻ വടിവാൾ ടോമിച്ചന് നേരെ ആഞ്ഞു വീശി. തെന്നിമാറിയ ടോമിച്ചന്റെ ദേഹത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വടിവാളിന്റെ മുന കടന്നുപോയി.മുൻപോട്ടു വേച്ചു പോയ അവന്റെ നെഞ്ചിൽ തലകൊണ്ട് ആഞ്ഞിടിച്ചു. ഇടിയേറ്റ് മുൻപോട്ടു കുനിഞ്ഞു പോയ അവനെ പൊക്കിയെടുത്തു തോളിൽ വച്ചു ഒരൊടി ഒടിച്ചു കറക്കിയെറിഞ്ഞു. തെറിച്ചു പോയ അവൻ നിർത്തിയിട്ടിരുന്ന ലോറിയുടെ ബോണറ്റിൽ ചെന്നു ഇടിച്ചു വഴിയിലേക്ക് വീണു.
രണ്ടുപേർ വടിവാളുമായി തന്റെ നേരെ കുതിച്ചു വരുന്നത് കണ്ട ടോമിച്ചൻ കയ്യിലിരുന്ന ചുരുട്ടി പിടിച്ചിരുന്ന ഉറുമി ചുഴറ്റി വീശി. ഉറുമ്മികൊണ്ടുള്ള വെട്ടേറ്റു അവർ അലറി നിലവിളിച്ചു. അവരുടെ കയ്യിലിരുന്ന വടിവാളുകൾ തെറിച്ചു പോയി.
പുറകിൽ നിന്നും ഒരുത്തന്റെ ചവിട്ടേറ്റു ടോമിച്ചൻ മുന്പോട്ടു മറിഞ്ഞു വീണു. നെഞ്ചിന്റെ നേർക്കു വന്ന അവന്റെ ചവുട്ടിൽ നിന്നും ഒഴിഞ്ഞു മാറി, കിടന്നുകൊണ്ട് ടോമിച്ചൻ അവന്റെ നാഭിക്കു ഒരു തൊഴി കൊടുത്തു.മലക്കം മറിഞ്ഞു ചാടിയെഴുനേറ്റു അവന്റെ കയ്യിൽ പിടിച്ചു തിരിച്ചു മുൻപോട്ടു തള്ളി കൊണ്ടുപോയി.റോഡ് സൈഡിലെ കല്ലിൽ ഇടിച്ചു നിർത്തി. തലവച്ചു അവന്റെ മൂക്കിന്റെ പാലം തകരുന്ന രീതിയിൽ ഒരിടി കൊടുത്തു,വലിച്ചു കറക്കി ആഞ്ഞൊരു തൊഴി. തെറിച്ചു പോയ അവൻ ഷണ്മുഖം വന്ന ജീപ്പിന്റെ ഗ്ലാസ് തകർത്തു ബോണറ്റിൽ വീണു ഞരങ്ങി. ഞെട്ടി തിരിഞ്ഞ ഷണ്മുഖത്തിന്റെ മുൻപിലേക്കു ടോമിച്ചൻ ചെന്നു.
“ആണുങ്ങൾ നേർക്കു നേരെ വരണം. ഞാനാടാ ടോമിച്ചൻ, മുക്കാൽ ചക്രത്തിനു കള്ളും കഞ്ചാവും കൊടുത്തു കൂലിക്കാരെ കൊണ്ട് തല്ലിച്ച് ആളാകാതെ തന്തക്കു പിറന്നവനാണെങ്കിൽ നീ നേർക്കു നേരെ തല്ലടാ പുല്ലേ.നിന്നെ നേർക്കുനേരെ എന്നെങ്കിലും കിട്ടുമെന്ന് എനിക്കറിയാമായിരുന്നു. നിന്റെ ഈ ആണും പെണ്ണും കെട്ട മക്കളെയും ഭാര്യയെയും വച്ചു നീ ഒരുപാടു കളി കളിച്ചു.ഇനി നമ്മള് തമ്മിൽ കലാശകളിയ. ഒടുക്കത്തെ കളി. അതിൽ ഒരാളെ ബാക്കിയാകൂ.”
തനിക്കു നേരെ മിന്നൽ വേഗത്തിൽ കത്തി എടുത്തു കുത്താൻ തുനിഞ്ഞ ഷണ്മുഖത്തിന്റെ മുഖമടച്ചു അടി വീണു.അടിയേറ്റ് ഒരു വശത്തേക്ക് ചെരിഞ്ഞ ഷണ്മുഖത്തിന്റെ കയ്യിൽ പിടിച്ചു തിരിച്ചു, കയ്യിൽ നിന്നും കത്തി പിടിച്ചു മേടിച്ചു, ജീപ്പിന്റെ ബൊണറ്റിലേക്കു കൈപ്പത്തി വച്ചു കത്തി കുത്തി ഇറക്കി. കൈപ്പത്തിയിൽ കത്തി കയറിയ വേദനയിൽ ഷണ്മുഖം അലറി. ജീപ്പിന്റെ സൈഡിൽ ചവിട്ടി പൊങ്ങി ഷണ്മുഖത്തിന്റെ നെഞ്ചിൽ ഒരു തൊഴി കൊടുത്തു. കയ്യിൽ തറച്ച കത്തിയുമായി ഷണ്മുഖം ജീപ്പിന്റെ കമ്പിയിൽ ഇടിച്ചു ഒരു വശത്തേക്ക് തെറിച്ചു.പെട്ടന്ന് റോയി ടോമിച്ചനെ ആഞ്ഞു ചവുട്ടി. മുൻപോട്ടു വേച്ചു പോയ ടോമിച്ചന്റെ തലയിൽ ജോജി തുണിയിട്ടു മൂടി പിടിച്ചു.. സ്റ്റാലിന്റെ അടുത്ത് കരഞ്ഞു കൊണ്ടിരുന്ന ജെസ്സി നോക്കുമ്പോൾ ജോജിയും റോയിയും കൂടി പിടിച്ചു നിർത്തിയിരിക്കുന്ന ടോമിച്ചനെ കുത്തുവാൻ വടിവാളുമായി അലറി കൊണ്ട് പോകുന്ന ഷണ്മുഖത്തെ ആയിരുന്നു.ചാടിയെഴുന്നേറ്റ ജെസ്സി നിലത്തു കിടന്ന വടിവാളുമായി ഷണ്മുഖത്തിന് നേരെ ഓടി. ടോമിച്ചനെ കുത്താൻ ഷണ്മുഖം വടിവാൾ ഉയർത്തിയ നിമിഷം പുറകിൽ നിന്നും ജെസ്സി വടിവാൾ കൊണ്ട് ആഞ്ഞു വെട്ടി.വെട്ടുകൊണ്ട ഷണ്മുഖത്തിന്റെ കയ്യിൽ നിന്നും വടിവാൾ താഴേക്കു വീണു. തിരിഞ്ഞു വന്ന ഷണ്മുഖത്തിന്റെ കഴുത്തിലും, നെഞ്ചത്തും ജെസ്സി ആഞ്ഞു വെട്ടി. പിടിച്ചു മാറ്റാൻ അടുത്ത ജോജിക്കും ലൈസിക്കും വെട്ടേറ്റു.. തലയിൽ നിന്നും തുണി വലിച്ചു മാറ്റി, മുൻപിൽ പകച്ചു നിന്ന റോയിയെ ചവുട്ടി ഇരുത്തി.മുഖത്തു മുട്ടുകൊണ്ട് ഒരിടി കൊടുത്തു. മറിഞ്ഞു പോയ റോയി മുൻപോട്ടു പോകുവാൻ തുടങ്ങിയ ടോമിച്ചന്റെ കാലിൽ പിടിച്ചു വലിച്ചു താഴെ ഇട്ടു. ചാടി എഴുനേറ്റു ജീപ്പിന് നേരെ പാഞ്ഞു. ജെസ്സി വടിവാൾ റോയിക്കു നേരെ വീശി. തോളിൽ വെട്ട് കൊണ്ട റോയി ചാടി ജീപ്പിൽ കേറി, ലൈസിയോടും ജോജിയോടും ജീപ്പിൽ കേറാൻ അലറി. ചോരയൊലിപ്പിച്ചു കൊണ്ട് ലൈസിയും ജോജിയും ജീപ്പിൽ കയറി.
“മമ്മി,…പപ്പാ വഴിയിൽ കിടക്കുന്നു .”
ജോജി ലൈസിയെ നോക്കി.
“മിണ്ടാതെ ഇരിക്കട, ആദ്യം അവനവന്റെ ജീവൻ രക്ഷിക്കട്ടെ, എന്നിട്ടല്ലേ പപ്പാ “
റോയ് ജീപ്പ് സ്റ്റാർട്ടാക്കി വെട്ടി തിരിച്ചു ടോമിച്ചന് നേരെ വിട്ടു. ടോമിച്ചൻ ചാടി മാറി.
റോയിക്കു വെപ്രാളത്തിൽ ബ്രേക്ക് ചവുട്ടിയിട്ടു കിട്ടിയില്ല. ജീപ്പ് വഴിയുടെ സൈഡിലെ ഡിവൈഡർ ഇടിച്ചു തകർത്തു വഴിയിൽ നിന്നും താഴേക്കു മറിഞ്ഞു പോയി.. ലൈസിയും ജോർജിയും നിലവിളിച്ചു. പക്ഷെ അപ്പോഴേക്കും ജീപ്പ് വഴിയുടെ വക്കിൽ നിന്നും അഗധമായ കൊക്കയിലേക്ക് വീണു ..
അവരുടെ നിലവിളികൾ കൊക്കയുടെ ആഴങ്ങളിൽ മുഴങ്ങി..
ജെസ്സിയുടെ അടുത്തേക്ക് ഓടി അടുത്ത ടോമിച്ചൻ കണ്ടത് ഒരു ഭ്രാന്തിയെ പോലെ ദേഹം മുഴുവൻ ചോരയുമായി സമനില തെറ്റിയവളെ പോലെ ഷണ്മുഖത്തിന്റെ നെഞ്ചിലും തലയിലും ആഞ്ഞു വെട്ടുന്നതാണ്.
“നീ എന്താ ഈ കാണിക്കുന്നത്, ങേ, നിനക്ക് പ്രാന്ത് പിടിച്ചോ “
ടോമിച്ചൻ ജെസ്സിയെ വലിച്ചു മാറ്റി. അവളുടെ കയ്യിൽ നിന്നും വടിവാൾ താഴെ വീണു.
“എന്നെ വിട്, എന്റെ പപ്പയെയും മമ്മിയെയും ഇല്ലാതാക്കിയവനാ അവൻ. അവനെ ഞാൻ കൊന്നു. നിങ്ങള് ചോദിച്ചില്ലേ എനിക്ക് പ്രാന്ത് ആണോ എന്ന്. അതേ ഈ ജെസ്സിക്ക് എന്നും പ്രാന്തായിരുന്നു. നിങ്ങളോട് സ്നേഹം മൂത്തുള്ള പ്രാന്ത്. ഇന്ന് നിങ്ങളെ കൂടി ഇല്ലാതാക്കാൻ ഇവൻ നോക്കിയപ്പോൾ ഞാൻ ശരിക്കും പ്രാന്തിയായി . കാരണം നിങ്ങള് എനിക്ക് എന്നുമൊരു പ്രാന്ത. എനിക്ക് വേറെ ആരുമില്ല, സ്നേഹിക്കാൻ, ഇഷ്ടത്തോടെ ശാസിക്കാൻ , എന്ത് വരുമ്പോഴും ഞാനുണ്ട് എന്ന് പറഞ്ഞു ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ ആരുമില്ല.ഞാനൊരു കൊലയാളിയാ ഇപ്പൊ, ഇനി എനിക്ക് ആരും വേണ്ട,”
പൊട്ടികരഞ്ഞു കൊണ്ട് ജെസ്സി നിലത്തേക്കിരുന്നു. അഴിഞ്ഞുലഞ്ഞ മുടിക്കിടയിലൂടെ കൈകൾ കോർത്തു വലിച്ചു സമനില തെറ്റിയവളെ പോലെ ഉറക്കെ കരഞ്ഞു
വഴിയുടെ പല ഭാഗങ്ങളിലും ആളുകൾ വന്നു കൂട്ടമായി നിന്നു നോക്കുവാൻ തുടങ്ങി. വാഹനങ്ങളിൽ വന്നവർ കാര്യമറിയാൻ വണ്ടി നിർത്തി റോഡിലേക്കിറങ്ങി .വെട്ടുകൊണ്ട് വഴിയിൽ ഒരാൾ മരിച്ചു കിടക്കുന്നത് കണ്ടു ആളുകൾ പേടിയോടെ അകന്നു നിന്നു.
ടോമിച്ചൻ റോഡിൽ കിടന്ന സ്റ്റാലിനെ വലിച്ചു പൊക്കി തോളിലിട്ടു, ലോറിയിൽ കൊണ്ടുപോയിരുത്തി. ജെസ്സിയുടെ അടുത്തേക്ക് വന്നു.
“നീ എഴുന്നേൽക്കു, വീട്ടിലേക്കു പോകാം”
ടോമിച്ചൻ ജെസ്സിയുടെ കയ്യിൽ പിടിച്ചു.
“എന്തിന്, വീട്ടിലേക്കല്ല, ജയിലിലേക്ക എനിക്ക് പോകേണ്ടത്. നിങ്ങള് ഇപ്പൊ പറഞ്ഞപോലെ എന്നെങ്കിലും “വാ വീട്ടിലേക്കു പോകാം “എന്ന് വിളിക്കുമെന്ന് ഞാൻ പ്രതിക്ഷിച്ചിട്ടുണ്ട്, ആഗ്രഹിച്ചിട്ടുണ്ട്, കൊതിച്ചിട്ടുണ്ട്. അപ്പോഴൊന്നും എന്നെ വിളിച്ചില്ലല്ലോ. ഇപ്പൊ ഈ കൊലയാളിയെ വീട്ടിൽ കൊണ്ടുപോയിട്ട് എന്തിന്. പോലീസ് ഇപ്പൊ വരും, ഞാൻ അവരുടെ കൂടെ പൊക്കോളാം, നിങ്ങള് സ്റ്റാലിനിച്ചായനെയും കൊണ്ട് പൊക്കോ”
ജെസ്സി തലയ്ക്കു കൈകൊടുത്തു അവിടെ തന്നെ ഇരുന്നു.
ജെസ്സിയുടെ കയ്യിൽ പിടിച്ചു ടോമിച്ചൻ വലിച്ചു പൊക്കി എങ്കിലും ജെസ്സി എഴുനേൽക്കാൻ കൂട്ടാക്കിയില്ല.
ടോമിച്ചൻ നിലത്തിരിക്കുന്ന ജെസ്സിയെ വട്ടത്തിൽ പൊക്കിയെടുത്തു.
“എന്നെ വിട്, എന്നെ എങ്ങും കൊണ്ട് പോകണ്ട, ഞാൻ വരുന്നില്ല.. എനിക്കാരുമില്ല “
കരഞ്ഞു കൊണ്ട് ജെസ്സി കുതറി.
“പോലിസ് വരുമ്പോൾ നീ പൊക്കോ, പക്ഷെ അതിന് മുൻപ് വീട് വരെ പോകാം, പോകുന്നതിനു മുൻപ് നിനക്ക് നിന്റെ ശോശാമ്മച്ചിയെ ഒന്ന് കാണണ്ടേ. നിന്നെ മകളായി കാണുന്നവരാ അവര്. അവരോടു ഒരു വാക്കുപോലും പറയാതെ പോയാൽ ചിലപ്പോ സഹിക്കാൻ പറ്റിയെന്നു വരില്ല. ഇപ്പൊ ഞാൻ പറയുന്നത് നീ കേൾക്ക് “
ജെസ്സിയെ കൊണ്ടുപോയി ലോറിയിൽ ഇരുത്തി.
ടോമിച്ചൻ തിരിച്ചു വന്നു മരിച്ചു കിടക്കുന്ന ഷണ്മുഖത്തിന്റെ അടുത്ത് ജെസ്സി വെട്ടിയ വടിവാൾ കയ്യിലെടുത്തു പിടിയിൽ കയ്യമർത്തി.
അതുമായി ലോറിക്ക് നേരെ നടന്നു.
“പോലീസ് വരുമ്പോൾ ടോമിച്ചന്റെ വീട്ടിലേക്കു വരുവാൻ പറഞ്ഞേക്ക്. എല്ലാവരും അവിടെ ഉണ്ടാകും “
കൂടി നിൽക്കുന്ന ആളുകളോട് പറഞ്ഞിട്ട് വടിവാൾ കൊണ്ട് ലോറിയുടെ പുറകിൽ ഇട്ടു, അകലെ വളവുതിരിഞ്ഞു ഒരു പോലീസ് വാഹനം വരുന്നത് ടോമിച്ചൻ കണ്ടു. കൂടാതെ മറ്റ് വാഹനങ്ങളും.
ടോമിച്ചൻ ലോറിയിൽ കയറി വണ്ടി തിരിച്ചു കുട്ടികാനത്തേക്ക് പാഞ്ഞു.
വീടിന്റെ മുൻപിൽ ലോറി പതിവില്ലാത്ത വേഗത്തിൽ വന്നു നിൽക്കുന്നത് കണ്ടു ശോശാമ്മ അമ്പരപ്പോടെ നോക്കി.
ചാടി ഇറങ്ങിയ ടോമിച്ചൻ ജെസ്സിയെ പിടിച്ചിറക്കി. വസ്ത്രത്തിൽ ചോരയുമായി, അഴിഞ്ഞുലഞ്ഞ മുടിയുമായി നിൽക്കുന്ന ജെസ്സിയെ കണ്ടു ശോശാമ്മ ഓടി അടുത്ത് വന്നു.
“എന്ത് പറ്റി മോളേ നിനക്ക്, ശരീരം മുഴുവൻ ചോര ആണെല്ലോ, ടോമിച്ചാ എന്തൊക്കെയാട ഇത്.”
ശോശാമ്മ ഭയത്തോടെ ടോമിച്ചനെ നോക്കി.
“ഇവളെ കൊണ്ടുപോയി ഈ ഡ്രസ്സ് ഒക്കെ പെട്ടന്ന് മാറ്റ്, വിശേഷം ഒക്കെ പിന്നെ പറയാം “
ശോശാമ്മ നിച്ചലയായി നിൽക്കുന്ന ജെസ്സിയെ കൂട്ടി കൊണ്ട് വീടിനുള്ളിലേക്ക് പോയി.പെട്ടന്ന് തന്നെ ജെസ്സിയുടെ ഡ്രസ്സ് മാറ്റി ശോശാമ്മ ജെസ്സിയുമായി പുറത്തേക്കു വന്നു. ടോമിച്ചൻ ജെസ്സിയുടെ ചോരപുരണ്ട വസ്ത്രങ്ങൾ വീടിന്റെ പുറകിൽ ഇട്ടു മണ്ണെണ്ണ ഒഴിച്ചു കത്തിച്ച ശേഷം വീടിന്റെ മുൻപിലേക്കു വന്നു .ശോശാമ്മയുടെ മാറിൽ മുഖം ചേർത്തു എങ്ങലടിച്ചു കരയുകയാണ് ജെസ്സി.
ലോറിയിൽ നിന്നും സ്റ്റാലിൻ താഴെക്കിറങ്ങി.
“അമ്മച്ചി, പോലീസുകാര് ഇപ്പൊ വരും, ഞാൻ പോകുവാ അമ്മച്ചി. ഇനി ആരെയും ഞാൻ ശല്യപെടുത്തില്ല..ഈ ജെസ്സി ഇപ്പൊ ഒരു കൊലയാളിയ,”
ജെസ്സി വിങ്ങിപൊട്ടി കരഞ്ഞു കൊണ്ടിരുന്നു.
“കർത്താവെ, ഞാനെന്തൊക്കെയാ ഈ കേൾക്കുന്നത്. എന്റെ ജെസ്സിമോള് ഒരാളെ കൊന്നുവെന്നോ, എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ന്റെ മോൾക്ക് എന്താ പറ്റിയത്, മോളേ പോലീസു കൊണ്ടുപോകുമെന്നോ, എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്റെ യേശുവേ, ചങ്ക് പൊട്ടിപോകുന്നപോലെ “
ശോശാമ്മ ജെസ്സിയെ മാറോടു ചേർത്തമർത്തി കരഞ്ഞു.
“ജെസ്സി, നീ കരയാതെ, പോലീസുകാര് നിന്നെ കൊണ്ടുപോയാലും ഏറ്റവും നല്ലൊരു വക്കീലിനെ വച്ചു കേസ് വാദിക്കും. നിന്നെ പുറത്തിറക്കും ഈ സ്റ്റാലിനിച്ചായൻ “
സ്റ്റാലിൻ ജെസ്സിയോട് പറഞ്ഞു.
ടോമിച്ചൻ സ്റ്റാലിനെ സൂക്ഷിച്ചു നോക്കി.
“നീ ഇപ്പോൾ എന്താ പറഞ്ഞത്, ജയിലിൽ കിടക്കുമ്പോൾ അവളെ കാശ് കൊടുത്തു വക്കിലിനെ വച്ചു പുറത്തിറക്കുമെന്നോ, അങ്ങനെ പുറത്തു വരുന്ന അവളെ സമൂഹം കാണുന്നത് ഒരു കൊലയാളി ആയിട്ടായിരിക്കും, ഒറ്റപെടുത്തും. അതൊക്കെ കാശ് കൊടുത്ത മാറി കിട്ടുമോ. എല്ലാവർക്കും അവനവനോട് മാത്രമാണു സ്നേഹം. ബാക്കി എല്ലാം വെറും അഭിനയം. അല്ലങ്കിൽ നീ പറ, നിന്റെ പെങ്ങള അത്, ഒരേ അമ്മയുടെ വയറ്റിൽ പിറന്നവർ, ഒരേ രക്തം, ഒരുമിച്ചു വളർന്നവർ. നിനക്കു പറ്റുമോ അവളുടെ കുറ്റം ഏറ്റെടുത്തു ജയിലിൽ പോകാൻ.പറ്റുമോന്ന്….”
സ്റ്റാലിൻ അതുകേട്ടു തല താഴ്ത്തി നിന്നു.
“പറ്റത്തില്ല, എന്ത് രക്തബന്ധം ആയാലും അവനവന്റെ ഇഷ്ടങ്ങൾ, പണം,ജീവിതം,സൗഭാഗ്യങ്ങൾ, അതൊന്നും വിട്ടുകളിക്കാൻ തയ്യാറാകതില്ല. അതാ മനുഷ്യൻ. നിന്റെ മുൻപിൽ വക്കച്ചൻ മുതലാളിയുടെ മകളുമൊത്തുള്ള ജീവിതം, ബിസിനസ്, അതിലൂടെ കിട്ടുന്ന സൗഭാഗ്യങ്ങൾ ഒക്കെ ഉണ്ട്. അത് ഉപേക്ഷിക്കാൻ നിനക്ക് പറ്റത്തില്ല. പക്ഷെ പണകൊതി മൂത്തു പെങ്ങളെ ഒരു വൃത്തികെട്ടവന്റെ തലയിൽ കെട്ടിവച്ചു, ഭാരം ഉപേക്ഷിക്കാൻ നീ കാണിച്ച വ്യെഗ്രത ഉണ്ടല്ലോ. അത് അതിരു കടന്നു പോയി. നിന്റെ കൂടെപ്പിറപ്പാണ് അതെന്നു നീ മറന്നുപോയി.”
“ടോമിച്ചാ.. എനിക്ക്… ഞാൻ…”
സ്റ്റാലിൻ വാക്കുകൾക്ക് വേണ്ടി തപ്പി തടഞ്ഞു.
“നീ തപ്പി തടയണ്ട…ഇതിൽ ഒരു നഷ്ടവും നിനക്കൊണ്ടാകില്ല. പക്ഷെ ഈ ടോമിച്ചൻ അവളെ ഒരു പോലീസിനോ, നിയമത്തിനോ കൊലയാളിയായി ചിത്രികരിക്കാൻ വിട്ടു കൊടുക്കത്തില്ല.അവളെ എനിക്കറിയാം. നിനക്ക് അവളെ വേണ്ടങ്കിലും എനിക്ക് വേണം, എന്റെ അമ്മക്ക് വേണം. പിന്നെ നിന്നോടുള്ള ഒരു വാക്കുണ്ട്. വെറും ലോറിക്കാരനായ ടോമിച്ചൻ അവളെ ചോദിക്കാതില്ലന്ന്. അതും ഞാൻ പാലിക്കുവാ.”
ടോമിച്ചൻ തേയില ചെടികൾക്കിടയിലൂടെ ഉള്ള വഴിയിലൂടെ പോലീസ് ജീപ്പ് വരുന്നത് കണ്ടു. പുറകെ വക്കച്ചൻ മുതലാളിയുടെ വാഹനവും.
ടോമിച്ചൻ ജെസ്സിയുടെ അടുത്തേക്ക് ചെന്നു.
ഭിത്തിയിൽ ചാരി ഭൂരേക്ക് നോക്കി ഇരിക്കുന്ന അവളുടെ മുൻപിൽ നിന്നു.
“ജെസ്സി,”
ടോമിച്ചൻ വിളിച്ചത് കേട്ടു അവൾ മെല്ലെ തല ഉയർത്തി നോക്കി.
“നീ ഷണ്മുഖത്തെ കൊന്നു എന്നുള്ളത് സത്യമാണ്. അവനല്ലെങ്കിലും ചാകേണ്ടവനാണ്. നിന്റെ പപ്പയെയും മമ്മിയെയും ഇല്ലാതാക്കിയവൻ.സ്വത്തുക്കൾ വഞ്ചിച്ചു കൈവശപ്പെടുത്താൻ ശ്രെമിച്ചവൻ, അവനെ ഇല്ലാതാക്കി. അത്രതന്നെ.അതിനെ ഓർത്തു നീ അഭിമാനിക്കുകയാ വേണ്ടത്.. പിന്നെ നിനക്കാരുമില്ലെന്ന ചിന്ത വേണ്ട.”
പറഞ്ഞിട്ട് ടോമിച്ചൻ ജെസ്സിയെ
പിടിച്ചെഴുനേൽപ്പിച്ചു.നിറഞ്ഞ മിഴികളുയർത്തി ജെസ്സി ടോമിച്ചനെ നോക്കി.
“നിങ്ങളോടൊത്തു സന്തോഷത്തോടെ ഒരു കുടുംബമായി ജീവിക്കണം എന്നത് എന്റെ ഒരാഗ്രഹമായിരുന്നു. എല്ലാം വെറുതെ ഉള്ള വ്യാമോഹങ്ങൾ ആയിപോയി. എന്ത് ആപത്തുകൾ വരുമ്പോഴും ജീവൻ പണയം വച്ചു കൂടെ നിന്നു രക്ഷപ്പെടുത്തിയിട്ടുണ്ട് നിങ്ങള്. ആ കടം ഒരിക്കലും വീട്ടാൻ പറ്റുന്നതല്ല.”
ജെസ്സി ടോമിച്ചനോട് പറഞ്ഞിട്ട് തലതിരിച്ചു സ്റ്റാലിനെ നോക്കി.
” ഇച്ചായന്റെ മനക്കോട്ടകൾ എല്ലാം തകർന്നുപോയി അല്ലെ,ഈ പെങ്ങളെ കൊണ്ട് ആങ്ങളക്കും ഒരുപകാരവും ഇല്ലാതെ പോയല്ലോ “
ജെസ്സി സാരി തുമ്പുകൊണ്ട് മുഖം തുടച്ചു.സ്റ്റാലിൻ ജെസ്സിയുടെ ചോദ്യത്തെ നേരിടാനാവാതെ നോട്ടം മാറ്റി.
“ടോമിച്ചാ, നമ്മുടെ ജെസ്സിയെ പോലീസുകാർക്ക് കൊടുക്കാതിരിക്കാൻ ഒരു മാർഗവും ഇല്ലേടാ. അവള് ആകെ തകർന്നിരിക്കുകയാടാ “
ശോശാമ്മ ടോമിച്ചന്റെ കയ്യിൽ പിടിച്ചു.
“ഇവളെയും വിളിച്ചു അകത്തേക്ക് പൊയ്ക്കോ, പോലീസുകാർ വരുന്നുണ്ട്. പറയാതെ പുറത്തേക്കു വരണ്ട “
ടോമിച്ചന്റെ ശബ്‌ദത്തിനു പതിവിലും കൂടുതൽ കഠിന്യം ഉണ്ടായിരുന്നു. എന്തോ ഉറപ്പിച്ച പോലെ.
ശോശാമ്മ ജെസ്സിയെ നിർബന്ധിച്ചു വിളിച്ചു വീടിനുള്ളിലേക്ക് കൊണ്ട് പോയി.
പോലീസ് ജീപ്പ് വന്നു വീടിന്റെ മുറ്റത്തു നിന്നു. അതിൽ നിന്നും സി ഐ മോഹൻദാസ് ഇറങ്ങി. കൂടെ നാലഞ്ചു കോൺസ്റ്റബിൾമാരും..
ടോമിച്ചൻ അവർക്കരുകിലേക്ക് ചെന്നു.
“സാറെ, ഞാനാ ടോമിച്ചൻ,കുടുംബസമേതം പോകുമ്പോൾ തമിഴ്‌നാട്ടിൽനിന്നും വന്നവർ ഒരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. എന്റെ കുടുംബത്തെ അവരുടെ കയ്യിൽ നിന്നും രക്ഷപ്പെടുത്താൻ എനിക്കയാളെ കൊല്ലേണ്ടി വന്നു.അല്ലെങ്കിൽ ഷണ്മുഖം എന്റെ ഒന്നുമറിയാത്ത കുടുംബത്തെ ഇല്ലാതാക്കിയേനെ. ദേ ആ നിൽക്കുന്ന ആൾ ദൃക്‌സാക്ഷിയാ.. ഞാൻ കൊല്ലുന്നതു അയാൾ കണ്ടിട്ടുണ്ട് “
സ്റ്റാലിനെ ചൂണ്ടി ടോമിച്ചൻ പറഞ്ഞു.
സി ഐ മോഹൻദാസ് സ്റ്റാലിനെ ഒന്ന് സൂക്ഷിച്ചു നോക്കി.
ടോമിച്ചൻ ലോറിയുടെ പുറകിലിട്ടിരുന്ന വടിവാൾ എടുത്തുകൊണ്ടു വന്നു കോൺസ്റ്റബിൾ ഭാസ്കരന് കൈമാറി.
“സാറെ, ഈ വടിവാളു കൊണ്ടാ വെട്ടികൊന്നത്, പിടിയിൽ എന്റെ വിരൽ പാടുകൾ ഉണ്ട് “
ടോമിച്ചൻ പറഞ്ഞു കൊണ്ട് സി ഐ യെ നോക്കി.
സി ഐ മോഹൻദാസിന്റെ നിർദേശപ്രേകാരം ചോരപുരണ്ട വടിവാൾ കോൺസ്റ്റബിൾ പോളിതീൻ കവറിലിട്ടു,
“ശരി, എന്നാൽ പോകാം, കുറ്റം സമ്മതിച്ച സ്ഥിതിക്കു വേറെ ചോദ്യങ്ങളുടെ ആവശ്യമില്ല “
സി ഐ മോഹൻദാസ് പറഞ്ഞു കൊണ്ട് ഒരു സിഗരറ്റ് കത്തിച്ചു.
“സാർ, ഒരു പത്തു മിനിറ്റ് സമയം തരണം. വീട്ടിൽ രണ്ടു സ്ത്രികൾ ഉണ്ട്. അവരോടൊന്നും യാത്ര പറയണം.”
ടോമിച്ചൻ പറഞ്ഞപ്പോൾ പോയിട്ട് വരുവാൻ സി ഐ നിർദേശിച്ചു.
ടോമിച്ചൻ വീട്ടിനുള്ളിലേക്ക് നടന്നു.
മുറിയിൽ കട്ടിലിരിക്കുന്ന ശോശാമ്മയുടെ മടിയിൽ തലവച്ചു കിടക്കുകയാണ് ജെസ്സി. ടോമിച്ചനെ കണ്ടതും ജെസ്സി മെല്ലെ എഴുനേറ്റിരുന്നു മുഖം തുടച്ചു.
“എനിക്ക് പോകാറായി കാണും അല്ലെ? എനിക്ക് സങ്കടം ഒന്നുമില്ല. ജയിലിൽ കഴിയുമ്പോൾ ഓർക്കാൻ ഒരു പിടി നല്ല ഓർമ്മകൾ ഉണ്ടെനിക്ക്.ഇവിടെ വന്നതും, നിങ്ങളെ ഒക്കെ കണ്ടതും, പിന്നെ നിങ്ങടെ കൂടെ നടന്നതും എല്ലാം ഈ ജെസ്സിക്ക് കൂട്ടിനുള്ള ഓർമകളാണ്. ജെസ്സി എഴുനേറ്റു.
അഴിഞ്ഞുലഞ്ഞ മുടി വാരികെട്ടിവച്ചു. മുഖം തുടച്ചു കണ്ണാടിയുടെ മുൻപിൽ പോയി നിന്നു നെറ്റിയിൽ ഒരു പൊട്ട് തൊട്ടു.
ഇതെല്ലാം കണ്ടു ശോശാമ്മ പൊട്ടികരഞ്ഞു.”പോകട്ടെ അമ്മേ “
അനുവാദത്തിനു കാത്തു നിൽക്കാതെ ജെസ്സി പുറത്തെക്കു നടക്കാൻ തുടങ്ങി.
“നീ,എവിടെ പോകുവാ, ങേ.. നീ ആരെയും കൊന്നിട്ടുമില്ല, എങ്ങും പോകുന്നുമില്ല,”
ടോമിച്ചൻ പറയുന്നത് കേട്ടു ജെസ്സി മനസ്സിലാകാത്ത രീതിയിൽ നോക്കി.
“കുറ്റം ഞാൻ പോലീസിന്റെ മുൻപിൽ സമ്മതിച്ചു. കൊല്ലാൻ ഉപയോഗിച്ച വടിവാളിന്റെ പിടിയിൽ പോലും എന്റെ കൈവിരൽ പാടുകളുണ്ട് “
ടോമിച്ചൻ പറയുന്നത് കേട്ടു ശോശാമ്മ സംശയത്തോടെ തലയുയർത്തി.
“വേണ്ട, അത് ഞാൻ സമ്മതിക്കത്തില്ല. എന്റെ കുറ്റം നിങ്ങള് ഏറ്റെടുക്കണ്ട, അതിനും മാത്രം എന്ത് ബന്ധമാ നമ്മൾ തമ്മിലുള്ളത്, ഞാൻ പോകും, സമ്മതിക്കത്തില്ല “
പറഞ്ഞിട്ട് ജെസ്സി പുറത്തേക്കു പോകുവാൻ തുടങ്ങി.ടോമിച്ചൻ അവളുടെ കയ്യിൽ പിടിച്ചു.
“ഒരു കൊലയാളി പെണ്ണായി നിന്നെ ലോകം മുദ്രകുത്തിയാൽ ഇവർക്കത് സഹിക്കുമോ,”
ശോശാമ്മയെ ചൂണ്ടി ജെസ്സിയോട് ടോമിച്ചൻ ചോദിച്ചു..
“എന്റെ അമ്മ ചോദിച്ചത് നീ കേട്ടതല്ലേ? നിന്നെ പോലീസിന് കൊടുക്കാതെ ഇരിക്കാൻ പറ്റുമോന്ന്, പിന്നെ എന്റെ ജീവിതം വച്ചു ഞാനീ വെട്ടിപിടിച്ചതൊക്കെ ആർക്കാ, നിങ്ങൾ രണ്ടാൾക്കും വേണ്ടിയാ . നീ നഷ്ടപെടാതിരിക്കാനാ ചെയ്‌തരുതാത്ത ജോലികളെല്ലാം ഞാൻ ചെയ്തത്. പണത്തിന്റെ കുറവുമൂലം നീ എനിക്ക് നഷ്ടപ്പെടരുതെന്നു തോന്നി. ചേരുമ്പോൾ പണവും സമ്പത്തും കൊണ്ട് തുല്യത ഇല്ലെങ്കിൽ അവിടെ ബന്ധങ്ങൾക്ക് വിളലുണ്ടാകും. നിന്റെ ഇച്ചായനോട് പണമുണ്ടാക്കി നിന്നെ വന്നു ചോദിക്കും എന്ന് പറഞ്ഞത് ഒഴിവാക്കാനല്ല. ഉണ്ടാക്കി വച്ചിട്ട് തന്നെയാ. പക്ഷെ അത് നിങ്ങളെ ആരെയും അറിയിച്ചില്ല എന്ന് മാത്രം. നീ ഷണ്മുഖത്തെ കൊന്നില്ലെങ്കിൽ അവൻ എന്നെ കൊല്ലുമായിരുന്നു. എന്നെ രക്ഷിക്കാൻ വേണ്ടിയാ നീ ഇതു ചെയ്തത്. ടോമിച്ചൻ ജയിലിൽ പോയാൽ അവരെന്നെ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ല. കൂടി വന്ന മൂന്നോ നാലോ വർഷം ജയിലിൽകിടക്കണമായിരിക്കും.ടോമിച്ചനും പുണ്യാളനൊന്നും അല്ല. കൊന്നിട്ടുണ്ട്, കള്ളക്കടത്തു നടത്തിയിട്ടുണ്ട്. എന്റെ മനസ്സും ഒന്ന് ശാന്തം ആകണം. ഞാൻ ചെയ്തതിന്റെ കൂടെ നിന്റെയും ചേർത്തു വച്ചു ഞാൻ പോകും ജയിലിൽ. അതിന് നിന്റെ സമ്മതം വേണ്ട”
ടോമിച്ചൻ ജെസ്സിയെ നോക്കി.
“ഞാൻ വരുന്നത് വരെ എന്റെ അമ്മയെ നീ നോക്കിക്കോണം, കൂടെ കണ്ടേക്കണം. ഒരു മകനെന്ന നിലയിൽ ഞാൻ എന്റെ അമ്മക്ക് എന്ത് ചെയ്തു കൊടുത്തു, എന്നെനിക്കറിയത്തില്ല. ഞാൻ ചോദിച്ചിട്ടില്ല, എന്നോട് പരാതി പറഞ്ഞിട്ടുമില്ല “
ടോമിച്ചൻ പറഞ്ഞു നിർത്തിയതും ശോശാമ്മ ഒരു കരച്ചിലോടെ വന്നു ടോമിച്ചനെ കെട്ടി പിടിച്ചു.
“എടാ ടോമിച്ചാ, നീ എന്താടാ ഈ പറയുന്നത്, നീ എന്നെ കഷ്ടപ്പെടുത്തിയിട്ടുണ്ടോ, ഈ അമ്മക്ക് ഒരു വസ്ത്രത്തിനോ ഭക്ഷണത്തിനോ നീ കുറവ് വരുത്തിയിട്ടുണ്ടോ? ഇതൊക്കെ തന്നെയാടാ എല്ലാ മക്കളും മാതാപിതാക്കക്ക് ചെയ്തുകൊടുക്കുന്നത്. നീ എനിക്ക് എല്ലാം ചെയ്തു തന്നിട്ടുണ്ട്. നീ എന്റെ പൊന്നുമോനാടാ ടോമിച്ചാ, അടുത്ത ജന്മത്തിലും എനിക്ക് നിന്റെ അമ്മയായി ജീവിച്ച മതിയെടാ “
ശോശാമ്മ ഏങ്ങലടിച്ചു കരഞ്ഞു.
“നിങ്ങള് പോകണ്ട, ഞാൻ പൊക്കോളാം, നിങ്ങള് പോകുന്നത് അമ്മച്ചിക്ക് സഹിക്കുകേല.. അതുകൊണ്ട് ഞാൻ പോകാം “
ജെസ്സി കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടാൻ തുടങ്ങിയതും ടോമിച്ചൻ ജെസ്സിയുടെ കയ്യിൽ പിടിച്ചു നിർത്തി. “എന്റെ അമ്മച്ചിക്ക് ഒരു മകളായി നിന്നെ വേണം. ആ ആഗ്രഹം എനിക്ക് സാധിച്ചു കൊടുക്കണം “
പറഞ്ഞിട്ട് ടോമിച്ചൻ
ജെസ്സിയുടെ കൈ ശോശാമ്മയുടെ കയ്യിൽ വച്ചു കൊടുത്തു.
“ആഗ്രഹിച്ച മകളെ തന്നിരിക്കുവാ. നോക്കിക്കോ. ഞാൻ തിരിച്ചു വരുന്നത് വരെ അവള് കാര്യങ്ങളൊക്കെ നോക്കിക്കോളും.”
ശോശാമ്മയോട് പറഞ്ഞിട്ട് ജെസ്സിയെ നോക്കി.
“പോകാൻ സമയമായി. പുറത്തിറങ്ങി വന്നു ആവശ്യമില്ലാത്ത ഒരു പ്രശ്നവും ഉണ്ടാക്കിയേക്കരുത് പറഞ്ഞേക്കാം “
ടോമിച്ചൻ മുന്നറിയിപ്പ് കൊടുത്തു പുറത്തേക്കു നടന്നു.
പുറകെ കരഞ്ഞുകൊണ്ട് ജെസ്സിയും ശോശാമ്മയും.
മുറ്റത്തേക്കിറങ്ങിയപ്പോൾ മുറ്റത്തു പോലീസ്കാർ കൂടാതെ വക്കച്ചനും റോണിയും സെലിനും മോളികുട്ടിയും ഉണ്ടായിരുന്നു.എല്ലാവരും ദുഃഖത്തോടെ ടോമിച്ചനെ നോക്കി.അവരെയെല്ലാം നോക്കി ചിരിച്ചിട്ട് ടോമിച്ചൻ പോലീസ് ജീപ്പിന് നേരെ നടക്കാൻ തുടങ്ങി.
“അവിടെ നിന്നെ “
പുറകിൽ നിന്നും ജെസ്സിയുടെ ഒച്ച കേട്ടു ടോമിച്ചൻ തിരിഞ്ഞു നോക്കി. ജെസ്സി വന്നു ടോമിച്ചന്റെ മുൻപിൽ നിന്നു.
“ഞാൻ ആരാ നിങ്ങടെ, എനിക്ക് വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യാൻ, സ്വൊന്തം ജീവിതം തന്നു രക്ഷപ്പെടുത്താൻ നിങ്ങളാര എന്റെ. ആരുമല്ലാത്ത ഞാൻ നിങ്ങള് തിരിച്ചു വരുന്നത് വരെ ഈ അമ്മച്ചിക്ക് തുണയായി ഉണ്ടാകുമെന്നു എന്താ ഉറപ്പ്. ഞാൻ നാളെ എന്റെ സുഖം തേടി പോകില്ലന്ന് നിങ്ങക്ക് എന്താ ഉറപ്പ്. പറ “
ജെസ്സി നിറഞ്ഞ കണ്ണുകളോടെ ടോമിച്ചനെ നോക്കി.ടോമിച്ചൻ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
“നീ പറഞ്ഞില്ലേ, എന്റെ സ്ഥാനം നിന്റെ ഹൃദയത്തിൽ ആണെന്ന്. അതാണ് എന്റെ വിശ്വാസം. അത് പോരെ “
ടോമിച്ചന്റെ ചോദ്യത്തിന് ജെസ്സി നിഷേധാർഥത്തിൽ തലകുലുക്കി.
“പോരാ, നിങ്ങൾ ഞാൻ ചെയ്ത കുറ്റം ഏറ്റെടുത്തു പോകുമ്പോൾ, എന്നിൽ നിങ്ങൾക്ക് ഒരു വിശ്വാസം മാത്രം പോരാ, ഒരു അധികാരം കൂടി വേണം. അതിന് നിങ്ങൾ ഒരിക്കൽ മേടിച്ച ഒരു താലിയും മാലയും കയ്യിലുണ്ടല്ലോ? ആർക്കു വേണ്ടി മേടിച്ചതാണ് അതെന്നു എനിക്കറിയില്ല. പക്ഷെ എനിക്കുവേണ്ടി മേടിച്ചതാണെങ്കിൽ അതെന്റെ കഴുത്തിൽ കെട്ടിയിട്ടു പോകണം.”
ജെസ്സിയുടെ ശബ്ദത്തിൽ നിച്ചയദാർഢ്യം ഉണ്ടായിരുന്നു.
“ടോമിച്ചാ.. ഇവളുടെ കഴുത്തിൽ ഇവിടെ വച്ചു കെട്ടികൊടുക്കടാ, അവളുടെ ആഗ്രഹം സാധിച്ചു കൊടുക്ക് . കാലമൊരുപാടായി നിന്നെ മനസ്സിൽ കൊണ്ട് നടക്കുന്നു അവൾ. ഈ അമ്മച്ചിയുടെ അനുവാദവും അനുഗ്രഹവും ഉണ്ടാകും,നിന്റെ ഭാര്യയാക്കി, എന്റെ മകളായി താ ഇവളെ”
ശോശാമ്മ പറഞ്ഞത് കേട്ടു ടോമിച്ചൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തു തുറന്നു.
“ഞാൻ ഇവളെ അങ്ങ് കെട്ടാൻ പോകുവാ, നിനക്ക് വിരോധം വല്ലതുമുണ്ടോ, എല്ലാവിധ സൗകര്യത്തോടെയും ഇവളെ നോക്കാൻ എനിക്ക് സാധിക്കും. വരുന്ന ദിവസങ്ങളിൽ നിനക്കതു മനസ്സിലാകും”
ടോമിച്ചൻ സ്റ്റാലിനെ നോക്കി.
എന്നിട്ട് താലിമാല എടുത്തു ജെസ്സിയുടെ കഴുത്തിൽ അണിയിച്ചു.
“ഇനി നിങ്ങളെന്റെ ആരാ എന്ന് ചോദിച്ചേക്കരുത്……അപ്പോ എനിക്ക് പോകാമോ “
ടോമിച്ചൻ ജെസ്സിയെ നോക്കി.ജെസ്സിയുടെ മുഖത്തു സന്തോഷമൊ സങ്കടമൊ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഭാവം മിന്നിമറഞ്ഞു.
“ഞാൻ നിങ്ങളെ ഒന്ന് കെട്ടിപിടിച്ചോട്ടെ “
ജെസ്സി ടോമിച്ചനോട് ചോദിച്ചു.അവളുടെ നിറഞ്ഞ കണ്ണുനീർ വീണൊഴുകിയ മുഖതേക്ക് നോക്കി ടോമിച്ചൻ
“ഭർത്താവിനെ കെട്ടിപ്പിടിക്കാൻ അനുവാദം ചോദിക്കണോ? അങ്ങ് കെട്ടിപിടിക്ക് ജെസ്സിയേച്ചി “
മെറിൻ വിളിച്ചു പറഞ്ഞു.അതുകേട്ടു കൂടി നിന്നവരും പോലീസുകാരും ചിരിച്ചു.
ജെസ്സി ടോമിച്ചനെ കെട്ടിപിടിച്ചു മാറിൽ ചേർന്നു നിന്നു. വലതു കൈകൊണ്ടു ജെസ്സിയെയും, ഇടതു കൈകൊണ്ടു കരഞ്ഞു കൊണ്ട് നിന്ന ശോശാമ്മയെയും ടോമിച്ചൻ ചേർത്തു പിടിച്ചു.
ഇടുക്കിയുടെ മലനിരകളിൽ നിന്നും ഊളിയിട്ടിറങ്ങി വന്ന തണുത്ത ഒരു ഈറൻ കാറ്റ് അവരെ തഴുകി കടന്നുപോയി…. ഒരു സാന്ത്വനം പോലെ…
(അവസാനിച്ചു )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission