മുറ്റത്തു നിന്നും പൂവൻകോഴി കൂവുന്ന ശബ്‌ദം കേട്ടാണ് ടോമിച്ചൻ കണ്ണുതുറന്നത്.
ഒരു കോട്ടുവായിട്ടു ഒന്ന് നിവർന്നു കിടന്നശേഷം എഴുനേറ്റു മുറ്റത്തേക്ക് കാലുനീട്ടി പായിലിരുന്നു.
നേരം പുലർന്നുവരുന്നതേ ഉള്ളു. പ്രകൃതി മഞ്ഞിൻപുതപ്പണിഞ്ഞു ഉറങ്ങുന്ന ആലസ്യത്തിലാണ്.. അതോടൊപ്പം ഡിസംബർ മാസത്തെ തണുപ്പും.
കയ്യിലിരുന്ന തോർത്തെടുത്തു കുടഞ്ഞു ശരീരത്തിൽ പുതച്ചു.
ശരീരം ആകെ ഒരു വേദന, ഇന്നലത്തെ ഷാപ്പിൽ വച്ചുള്ള അടിയുടെ അവശേഷിപ്പുകൾ.
ഒരു ദിനേശ് ബീഡി എടുത്തു ചുണ്ടിൽ വച്ചു തീ കൊളുത്തി.
മൂക്കിലോടെ പുക പുറത്തേക്കു വിട്ടുകൊണ്ടിരുന്നു.
“ഇന്നാ കട്ടൻകാപ്പി, കാപ്പി തിളപ്പിച്ച് ഇറക്കി വച്ചിട്ട് വന്നു നോക്കുമ്പോൾ നല്ല ഉറക്കമായിരുന്നു, അതുകൊണ്ട് എഴുനേൽക്കട്ടെ എന്ന് വച്ചു ഞാൻ മുറ്റമടിച്ചു, കുളിച്ചു,….”
ജെസ്സി കാപ്പി ഗ്ലാസ് നീട്ടികൊണ്ട് പറഞ്ഞു.
“നീ എപ്പോൾ എഴുനേറ്റു,മുറ്റമടിച്ചോ, കുളിച്ചോ എന്നൊന്നും ഞാൻ ചോദിച്ചോ, ഇല്ലല്ലോ “?
ചോദ്യഭാവത്തിൽ ടോമിച്ചൻ ജെസ്സിയെ നോക്കി,
എന്നിട്ട് ജെസ്സിയുടെ കയ്യിൽ നിന്നും കാപ്പി ഗ്ലാസ് മേടിച്ചു.
“ഞാൻ വെറുതെ പറഞ്ഞന്നേ ഉള്ളു. എവിടെയായാലും ഇതെല്ലാം ഞാൻ ചെയ്യുന്ന കാര്യങ്ങളാ… പിന്നെ കാപ്പിയുമായി ഞാനിറങ്ങി വന്നപ്പോ പേടിച്ചുപോയി,ഓട്ടു ഫാക്ടറിയുടെ പുകകുഴലിൽ നിന്നും പുക പോകുന്ന പോലയല്ലേ നിങ്ങളുടെ മൂക്കിൽ കൂടി പുക പോകുന്നത്, ഞാനോർത്തു വീടിന് തീ പിടിച്ചതാണെന്ന്,ശ്യാസകോശം സ്പോഞ്ചുപോലെയാണ്,അത് മറക്കണ്ട..”
ജെസ്സി ഭിത്തിയിൽ ചാരി നിന്നു ചെറിയ ചിരിയോടെ പറഞ്ഞു.
ടോമിച്ചൻ ജെസ്സി പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ കയ്യിലിരുന്ന ബീഡികുറ്റി ദൂരേക്ക് എറിഞ്ഞു കളഞ്ഞിട്ടു കാപ്പി കുടിക്കുവാൻ തുടങ്ങി.ജെസ്സി ടോമിച്ചൻ കാപ്പി കുടിക്കുന്നതും നോക്കി നിന്നു.
പരുക്കനായ മനുഷ്യൻ, പക്ഷെ മനസ്സിലെവിടെയോ ഒരു സ്നേഹത്തിന്റെ, കരുണയുടെ നീർചോല ഒഴുകുന്നുണ്ട് എന്നവൾക്ക് തോന്നി.
“കാപ്പി എങ്ങനെ ഉണ്ട്?ശോശാമ്മച്ചി ഉണ്ടാക്കി തരുന്ന അത്രയും രുചി ഉണ്ടോ “?
ജെസ്സി ചോദിച്ചു.
“എന്നും കുടിക്കുന്നപോലെ ഉണ്ട്, ആരുണ്ടാക്കിയാലും കാപ്പിക്ക് ഒരേ രുചിയാ…”
പറഞ്ഞിട്ട് ടോമിച്ചൻ കാപ്പി ഗ്ലാസ് വരാന്തയിൽ വച്ചു.
“നീ ഇവിടെ നിന്നു ജീവിതം കളയാതെ എവിടെയെങ്കിലും പോയി രക്ഷപെടാൻ നോക്ക്, ഈ മലപ്രെദേശത്തു കിടന്നു വെറുതെ ജീവിതം തുലച്ചു കളയണ്ട, വിദ്യാഭ്യാസം ഉണ്ടെങ്കിൽ എവിടെയെങ്കിലും ഒരു ജോലി കിട്ടും, ഒരുത്തനെ കണ്ടുപിടിച്ചു അവനെയും കെട്ടി ഒരു കുടുംബമായി ജീവിക്കാൻ നോക്ക്, ജീവിതം ഒന്നേ ഉള്ളു, ഈ ഭൂമിയിൽ, അത് മറക്കണ്ട, പ്രായവും കൂടി, സൗന്ദര്യവും പോയാൽ പിന്നെ പെണ്ണുങ്ങളെ കെട്ടാൻ ഒരുത്തനും വരുകേല, കൂലിപ്പണിക്കാരൻ പോലും ഇതെല്ലാം നോക്കിയിട്ട ഇപ്പൊ പെണ്ണുകെട്ടുന്നത്.. ഓർത്താൽ നിനക്ക് കൊള്ളാം.”
ടോമിച്ചൻ പറഞ്ഞു നിർത്തി.
“ഉപദേശത്തിന് നന്ദി, പിന്നെ കാപ്പി കുടിച്ചിട്ട് വച്ചിരിക്കുന്ന ഈ ഗ്ലാസ് ഞാൻ കഴുകണോ, അതോ….”?
ജെസ്സി ഒളിക്കണ്ണിട്ടു നോക്കി കൊണ്ട് ചോദിച്ചു.
“ഇന്നലെ ചോറുണ്ട പാത്രം എന്നോട് കഴുകണ്ട എന്ന് പറഞ്ഞു കഴുകി വയ്ക്കുന്നത് കണ്ടു, അത് കൊണ്ട് ചോദിച്ചതാ….”
ജെസ്സി പറയുന്നത് കേട്ടു ടോമിച്ചൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കി, താഴെ വച്ചിരുന്ന കാപ്പി ഗ്ലാസ് എടുക്കുവാൻ കൈ നീട്ടി. പക്ഷെ അതിന് മുൻപ് തന്നെ ജെസ്സി ഗ്ലാസ് ചാടി എടുത്തു.
“ഞാൻ കഴുകിക്കോളാം, നിങ്ങൾ എന്ത് പറയും എന്നറിയാൻ പറഞ്ഞതാ.. പിന്നെ ദൈവം എനിക്ക് സൗന്ദര്യം വാരിക്കോരി തന്നിട്ടുണ്ട്. ഞാൻ ഒരു കൊച്ചു സുന്ദരിയാ.. ആണുങ്ങൾ കണ്ടാൽ ഒന്ന് നോക്കി പോകും… അതുകൊണ്ട് കെട്ടാൻ ചെറുക്കന്മാരെ കിട്ടാതെ വരത്തൊന്നുമില്ല …നല്ല സിനിമ നടൻമാരെപോലെ ഇരിക്കുന്നവരെ കിട്ടും “
പറഞ്ഞിട്ട് ജെസ്സി ടോമിച്ചന്റെ മുഖത്തേക്കൊന്നു പാളി നോക്കി.
“നീ അടക്കമുള്ള കുറച്ചു തൊലിവെളുപ്പും സൗന്ദര്യവും ഉള്ള വിവരമില്ലാത്ത എല്ലാ അവളുമാരും നോക്കുന്നത് കെട്ടാൻ വരുന്നവൻ വെളുത്തിട്ടാണോ, സിനിമ നടന്മാരെ പോലെയാണോ, കോടികൾ ഉണ്ടോ എന്നൊക്കെയാ…നാട്ടുകാരെ ബോധ്യപ്പെടുതാൻ ഇവന്മാർ നിന്നെ പോലെ സൗന്ദര്യം നോക്കി നടക്കുന്ന മണ്ടികളെ കെട്ടി വീട്ടിൽ കൊണ്ട് ഇരുത്തും. എന്നിട്ട് വേറെ പെണ്ണുങ്ങളുടെ കൂടെ അവന്മാർ സുഖിച്ചു നടക്കും.നിന്നെപ്പോലെ തൊലിവെളുപ്പും നോക്കി നടക്കുന്നവളുമാര് വീട്ടിൽ ഇരുന്നു കിനാവും കണ്ടിരിക്കും. സിനിമ നടൻമാരെ ചായം പൂശാതെ കണ്ടാൽ ഒരു വകക്ക് കൊള്ളത്തില്ല .എല്ലാ തലയ്ക്കു വെളിവില്ലാത്തവളുമാർക്കും സംഭവിക്കുന്നത് ഇതാ…ഓർത്തോ…”
ടോമിച്ചൻ പറഞ്ഞിട്ട് എഴുനേൽക്കാൻ തുടങ്ങി.
“ഇത്രയും അറിവ് നിങ്ങൾക്കുണ്ടായിരുന്നോ “?
ജെസ്സി അത്ഭുതത്തോടെ ടോമിച്ചനെ നോക്കി.
“ഞാൻ വെറുതെ പറഞ്ഞതാ, എനിക്ക് സിനിമ നടനെയും വേണ്ട,തൊലി വെളുത്തവനെയും കാശൊള്ളവനെയും വേണ്ട.. ചായം പൂശാതെ തന്നെ ഗ്ലാമർ ഉള്ള ഒരാളെ ഞാൻ കണ്ടുവച്ചിട്ടുണ്ട്, കുറച്ചു മുരടൻ ആണെന്നെ ഉള്ളു. പക്ഷെ അയാൾ സൂപ്പറാ, എനിക്കയാളെ .മതി …”
ജെസ്സി കാപ്പി ഗ്ലാസ് കയ്യിലിട്ട് തിരിച്ചുകൊണ്ട് പറഞ്ഞു.
“നീ ഇവിടെ വന്നിട്ട് ഒരാഴ്ച അല്ലേ ആയുള്ളൂ, അതിനുമുൻപേ നീ കെട്ടാൻ പറ്റിയ ചെറുക്കനെയും കണ്ടുപിടിച്ചോ? പകലുമൊത്തം കുട്ടികാനത്തിറങ്ങി പറ്റിയ അവന്മാർ ഉണ്ടോന്ന് വിളിച്ചു ചോദിച്ചോണ്ട് നടക്കുകയായിരുന്നോ നിന്റെ ജോലി “?
ടോമിച്ചൻ അഴയിൽ കിടന്ന ഷർട്ട് എടുത്തിട്ടുകൊണ്ട് ചോദിച്ചു.
“എനിക്കങ്ങനെ ആരെയും അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല, ചക്കപ്പഴം ഉള്ളയിടത്തു ഈച്ചകൾ തേടിപിടിച്ചു വന്നോളും “
ജെസ്സിയും വാശിയോട് പറഞ്ഞു.
“ഓഹോ… നിന്റെ ഉപമ കൊള്ളാം, ഈ പരിസരത്തുള്ളവന്മാർ ഈ വീടിനുമുൻപിൽ ക്യു നിൽക്കുവോ, നിന്നെ കെട്ടിയില്ലെങ്കിൽ ചത്തുകളയും എന്നും പറഞ്ഞ് , പൂവാലന്മാർ ഇവിടെ കേറി നിരങ്ങരുത്..വൈകുന്നേരം വന്നു സമാധാനമായിട്ട് എനിക്കിവിടെ കിടന്നുറങ്ങണം, പറഞ്ഞില്ലാന്നു വേണ്ട..”
ടോമിച്ചൻ കിണറ്റുകരയിലേക്ക് നടന്നു.
ജെസ്സി പുറകെ ചെന്നു.
“എന്നെ അന്വേഷിച്ചു ആരും ഇവിടെ വരത്തില്ല.പഠിക്കുന്ന കാലത്തു ഒരുപാടുപേർ പുറകെ വന്നതാ ഞാനൊരുത്തനെയും ഗൗനിക്കാൻ പോയില്ല… അങ്ങനെ ആരെങ്കിലും പുറകെ വന്നാൽ വീഴുന്നവളല്ല ഈ ജെസ്സി…. പിന്നെ ഞാനൊരാളെ കണ്ടുപിടിച്ചിട്ടുണ്ട്, സമയമാകുമ്പോൾ പോയങ്ങു പറയും, മര്യാദക്ക് എന്റെ കഴുത്തിൽ ഒരു താലികെട്ടി കൂടെ പൊറുപ്പിച്ചോണം എന്ന്… സമ്മതിച്ചില്ലെങ്കിൽ ഞാൻ അനുവാദത്തിന് കാത്തു നിൽക്കാതെ അയാളുടെ ഹൃദയത്തിൽ കേറി അങ്ങിരിക്കും, അള്ളിപിടിച്ചു, ഒരിക്കലും പറിച്ചുമാറ്റാൻ പറ്റാത്ത രീതിയിൽ …”
ടോമിച്ചൻ ഒരു തൊട്ടി വെള്ളം കോരി മുഖവും കയ്യും കാലും കഴുകി.
തോളിൽ കിടന്ന തോർത്തെടുത്തു തുടച്ചു.
“നീ അള്ളിപിടിച്ചു ഇരിക്കുകയോ, തള്ളിപ്പിടിച്ചു കേറുകയോ എന്ത് വേണമെങ്കിലും ആയിക്കോ, മര്യാദക്ക് കഴിഞ്ഞാ മതി,..കണ്ണീരും കയ്യുമായി നടക്കാതെ ..”
ടോമിച്ചൻ തുറന്നുകിടന്ന ഷർട്ടിന്റെ ഭാഗത്തെ ബട്ടൻസുകൾ ഇട്ടു.
അപ്പോഴേക്കും ശോശാമ്മ ഒരു ബ്ലാസ്റ്റിക് കൂടും തൂക്കി കയറിവന്നു.
“ങ്ങാ… സുഖവാസത്തിനു പോയിട്ട് പെട്ടന്ന് പോന്നോ, ഒരു വർഷം കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ?”
ടോമിച്ചൻ ശോശാമ്മയോട് ചോദിച്ചു.
“പോടാ അവിടുന്ന്, പ്രായപൂർത്തിയായ ഒരു പെങ്കൊച്ചിനെ ഇവിടെ ഒറ്റക്കാക്കിയിട്ട ഞാൻ പോയത്, അതോർത്തപ്പോൾ ചങ്കിലൊരു വേദന.പോയതല്ലേ എന്നോർത്ത് ഒരു ദിവസം കഴിച്ചുകൂട്ടി ഇന്ന് രാവിലെ അഞ്ചരക്കുള്ള ബസിൽ ഞാനിങ്ങു പോന്നു. പ്രസവിച്ചില്ലന്നെ ഒള്ളൂ, ന്റെ മോളാ ഇത്…..”
സ്നേഹപൂർവ്വം ജെസ്സിയുടെ കയ്യിൽ പിടിച്ചു ശോശാമ്മ.
“ങ്ങാ, ഞാൻ പോകുവാ, ഈരാറ്റുപേട്ടക്ക് കുറച്ചു തടി കൊണ്ടുപോകാൻ ഉണ്ട്…. ഇവളെ അധികം പുറത്തിറക്കണ്ട, ഇവള് ചക്കപ്പഴം ആണെന്ന പറയുന്നത്, കുട്ടികാനതുള്ളവരെയെല്ലാം പോയി തല്ലാൻ എന്നെകൊണ്ട് പറ്റത്തില്ല….”
ടോമിച്ചൻ പറയുന്നത് കേട്ടു ഒന്നും മനസിലാകാതെ ശോശാമ്മ ജെസ്സിയെ നോക്കി.
ജെസ്സി ടോമിച്ചനെ ഒരു ചെറു ചിരിയോടെ നോക്കിയശേഷം ശോശാമ്മയോടൊപ്പം വീടിനുള്ളിലേക്ക് പോയി.
“എന്താ മോളേ നിന്നെ കുറിച്ച് അവനങ്ങനെ പറഞ്ഞത്, നീയും ചക്കപ്പഴവും തമ്മിലെന്തു ബന്ധം…
ശോശാമ്മ സംശയം പ്രകടിപ്പിച്ചു.
“ടോമിച്ചൻ പറഞ്ഞത് എനിക്കും മനസിലായില്ല അമ്മച്ചി…”
ജെസ്സി വിഷയം മാറ്റി…
ഉപ്പുതറ ജംഗ്ഷനിൽ റോണി ജീപ്പുമായി സെലിനെയും നോക്കി കാത്തു നിന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ സെലിൻ എത്തി. കട്ടപ്പനയിൽ ആണ് സെലിൻ പഠിക്കുന്നത്. ഡിഗ്രി ഫൈനൽ ഇയർ. ഉപ്പുതറ കാർലോസിന്റെ നാലുമക്കളിൽ ഇളയവൾ.. സ്വന്തമായി കാറുണ്ടെങ്കിലും റോണി ജീപ്പുമായി വരുമെന്ന് പറഞ്ഞതുകൊണ്ട് സെലിൻ നടന്നാണ് വന്നത്. സെലിൻ കയറിയ ഉടനെ റോണി ജീപ്പ് സ്റ്റാർട്ട് ചെയ്തു മുൻപോട്ടെടുത്തു. കട്ടപ്പന ലക്ഷ്യമാക്കി നീങ്ങി.
“റോണിച്ചനെന്താ ഇന്നൊരു മ്ലാനത, ഒരു ഉഷാറില്ലാത്തതു പോലെ.അതോ അണ്ടിപോയ അണ്ണാനെപ്പോലെ എന്ന് പറയണോ “?
സെലിൻ റോണിയുടെ മുഖത്തേക്ക് നോക്കി. ഡ്രൈവിങ്ങിൽ ശ്രെധിച്ചു കൊണ്ട് റോണി പറഞ്ഞു.
“എനിക്കറിയത്തില്ല സെലിൻ, നമ്മുടെ കാര്യം എത്രനാൾ ഇങ്ങനെ പോകും, വീട്ടുകാരറിഞ്ഞാൽ ഉള്ള ഭൂകമ്പം, രണ്ടു വീട്ടുകാരും കീരിയും പാമ്പും പോലെയാണെന്ന് നിനക്കറിയാമല്ലോ “
റോണി ദീർഘനിശ്യാസം എടുത്തു.
“ഇതൊക്കെ അറിഞ്ഞോണ്ടല്ലേ റോണി എന്നെ സ്നേഹിച്ചത്, പിന്നെ എന്താ ഇപ്പോൾ…”?
സെലിൻ സംശയത്തോടെ ചോദിച്ചു.
“ഒന്നുമില്ല, ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരുമോ? വീട്ടുകാരെ എതിർത്തു…”റോണി സെലിനെ നോക്കി.
“അതെന്താ അങ്ങനെ ഒരു ചോദ്യം, റോണി എപ്പോൾ വിളിച്ചാലും ഞാൻ ഇറങ്ങി വരും, എന്റെ അപ്പന്റെയും ആങ്ങളമാരുടെയും സ്വഭാവം എനിക്ക് കിട്ടിയിട്ടില്ല, പക്ഷെ അവർ നമ്മളെ ജീവിക്കാൻ അനുവദിച്ചാൽ മതി…”
സെലിന്റെ കണ്ണുകളിൽ നീർമണി ഉരുണ്ടു കൂടുന്നത് റോണി കണ്ടു.
“സെലിൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല, നീ കൂടെയില്ലാതെ ഇനി ഒറ്റയ്ക്ക് ജീവിതം മുൻപോട്ടു പോകാൻ പറ്റത്തില്ല, എത്രയും പെട്ടന്ന് നിന്നെ എന്റെ സ്വന്തം ആക്കണം. പിന്നെ നിന്റെ അപ്പനും ആങ്ങളമാരും, അവർ ഉപ്പുതറയിലെ കേഡികളായിരിക്കും, പക്ഷെ കുട്ടിക്കാനത്തു വന്നാൽ ചവുട്ടി കൂട്ടി കളയും.”
റോണി പറഞ്ഞു.
“ചവുട്ടിക്കൂട്ടാനോ വഴക്കിനോ പോകണ്ട, എന്തായാലും അവരെന്റെ അപ്പനും ആങ്ങളമാരുമല്ലേ..”
സെലിൻ റോണിയുടെ കയ്യിൽ പിടിച്ചു.
“ശരി, എന്റെ ഭാവി ഭാര്യ പറഞ്ഞതുകൊണ്ട് വെറുതെ വിട്ടിരിക്കുന്നു “
പറഞ്ഞുകൊണ്ട് സെലിന്റെ കയ്യിൽ മുറുക്കെ പിടിച്ചു റോണി… ജീപ്പ് കട്ടപ്പന ടൗണിലേക്ക് കയറി.
ഈരാറ്റുപേട്ട ഡിപ്പോയിൽ തടി ഇറക്കികഴിഞ്ഞപ്പോൾ തന്നെ മണി 5 കഴിഞ്ഞു.ടോമിച്ചൻ പാലയ്ക്ക് പോകുന്ന റൂട്ടിലുള്ള ഷാപ്പിലേക്കു ലോറി വിട്ടു. ഈരാറ്റുപേട്ടയിൽ വരുമ്പോൾ അവിടെകേറി നല്ല ചെത്തികൊണ്ട് വരുന്ന പനങ്കള്ളു കുടിച്ചിട്ടേ പോകു. ഷാപ്പിലെത്തിയപ്പോൾ പരിചയക്കാരായ ലോറി വാസുവും,തടി രാജുവും, പേട്ട കണ്ണനും ഉണ്ട്. ഒത്തിരി നാളുകൂടി ടോമിച്ചനെ കണ്ടപ്പോൾ അവർക്കു ഭയങ്കര സന്തോഷം
“ടോമിച്ച, ഒന്ന് കൂടിയിട്ട് എത്ര നാളായി, ഇന്നൊന്നു അടിച്ചു തകർക്കണം കുടിയും പാട്ടും…”
“വേലായുധേട്ടോ, പന ഒരു നാലഞ്ചു കുപ്പി ഇങ്ങോട്ടെടുത്തോ,”
പേട്ട കണ്ണൻ വിളിച്ചു പറഞ്ഞു.
കള്ളുകുപ്പികൾ ഡെസ്കിൽ നിരന്നു. അടുത്ത ഡെസ്കിലിരുന്നു കള്ള് കുടിച്ചു കൊണ്ടിരുന്ന ഔതകുട്ടി പറഞ്ഞു.
“ടോമിച്ച, ടോമിച്ചന്റെ ആ പാട്ട് കേട്ടിട്ട് എത്ര നാളായി.. അതൊന്നു പാടിക്കെ… ഞാനൊക്കെ ഇനി എത്രനാള് ജീവിച്ചിരിക്കുമെന്ന് ആർക്കറിയാം….”
“അതേ ടോമിച്ച നാളെ ക്രിസ്തുമസ് അല്ലയോ,ഒരാഘോഷം “
പേട്ട കണ്ണനും ലോറി വാസുവും ടോമിച്ചനെ പ്രോത്സാഹിപ്പിച്ചു.
എല്ലാവരും ഓരോ കുപ്പി പനങ്കള്ളു അടിച്ചു ടോമിച്ചന്റെ പാട്ടിനായി തയ്യാറായി.
എല്ലാവരും ഡെസ്കിൽ താളമിട്ടു.
ടോമിച്ചൻ രണ്ടുഗ്ലാസ് കള്ളടിച്ചു റെഡിയായി.
Song
“പുത്തൻമുക്ക് ഷാപ്പിൽ പോയി കള്ളടിച്ചു കിറുങ്ങി ഞാൻ..
കൂട്ടരൊത്ത് കറങ്ങി വരുബം …
തൊട്ടടുത്ത വീട്ടിൽ നിന്നും ചട്ടയും കുണുക്കുമിട്ടു..
ഒപ്പനയും പാടിവന്നൊരവള്……”
(Song with music will upload later )
പാട്ട് തീർന്നപ്പോൾ കുറച്ചുപേർ തുള്ളി തുള്ളി തളർന്നു.
രണ്ടുമൂന്നുപേർ ഡെസ്കിൽ തലവച്ചു കിടപ്പായി.
മറ്റുചിലർ പാട്ടിന്റെ ഹാങ്ങോവറിൽ വീണ്ടും കൊട്ടിക്കൊണ്ടിരുന്നു.
ടോമിച്ചൻ എഴുനേറ്റു, കള്ളിന്റെ കാശു കൊടുത്തു ഇറങ്ങി.എല്ലാവരോടും യാത്രപറഞ്ഞു.
“എന്നെയും പോകുന്ന വഴി ഇറക്കുമോ ടോമിച്ച..”
ഔതകുട്ടി ചേട്ടൻ ടോമിച്ചനൊപ്പം ഇറങ്ങിവന്നു.
“അതെന്ന ചോദ്യമാ… നിങ്ങള് വണ്ടിയെലോട്ടു കേറ്…”
ടോമിച്ചൻ ലോറിയിൽ കയറി, ഔതചേട്ടനും മറുസൈഡിൽ കൂടി വലിഞ്ഞു കേറി സീറ്റിൽ ഇരുന്നു.ടോമിച്ചൻ ഈരാറ്റുപേട്ട കഴിഞ്ഞു വാഗമണ്ണിലേക്കുള്ള വഴിയിൽ ലോറി തിരിച്ചു നിർത്തി.
ഔതച്ചേട്ടൻ അവിടെ ഇറങ്ങി.
“പോട്ടെ “
ഔതചേട്ടനോട് യാത്ര പറഞ്ഞു. ടോമിച്ചൻ ലോറി മുൻപോട്ടെടുത്തു.
വാഗമണ്ണിലെക്കുള്ള വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയിലൂടെ കേറ്റം കേറി ലോറി ഓടികൊണ്ടിരുന്നു.
കുട്ടിക്കാനത്തു എത്തുമ്പോൾ സമയം 8.24.. ആയി. നാളെ ക്രിസ്തുമസിനെ നേരിടാൻ നാട് ഒരുങ്ങികഴിഞ്ഞു.
കുട്ടികാനിൽക്കുന്നു കടകളും പരിസരത്തുള്ള വീടുകളുമെല്ലാം നക്ഷത്രങ്ങളാലും ദീപാലങ്കാരങ്ങളാലും അണിഞ്ഞൊരുങ്ങി നിൽക്കുന്നു. തേയിലത്തോട്ടങ്ങൾക്കിടയിലുള്ള ലയങ്ങളിലെല്ലാം നക്ഷത്രങ്ങൾ തെളിഞ്ഞു നിൽക്കുന്നു.ഉണ്ണിയേശുവിന്റെ പിറവിയെ വരവേൽക്കാൻ….
ടോമിച്ചൻ ലോറി വീടിന്റെ മുറ്റത്തു നിർത്തി ഇറങ്ങി.
ലോറിയുടെ ശബ്‌ദം കേട്ടു ശോശാമ്മ ഇറങ്ങി വന്നു.
ടോമിച്ചൻ നേരെ കിണറ്റുകരയിലേക്ക് പോയി. ഡ്രസ്സ് മാറി മറപുരയിലേക്ക് ബക്കറ്റിൽ വെള്ളം കോരികൊണ്ടു വച്ചു കുളിച്ചു.
തോർത്ത് പിഴിഞ്ഞ് അഴയിൽ ഇട്ടു വരാന്തയിൽ വന്നിരുന്നു.
“ടോമിച്ച, ചായ എടുക്കട്ടെ….”
ശോശാമ്മ ചോദിച്ചു.
“വേണ്ട വയറ്റിൽ പനങ്കള്ളു കിടക്കുകയാ, പിരിഞ്ഞു പോകും “
അതുകേട്ടു ശോശാമ്മ അകത്തേക്ക് പോയി.
“ഒരു ഗ്ലാസ് മോര് എടുക്കട്ടെ..”
ചോദ്യം കേട്ടു ടോമിച്ചൻ നോക്കുമ്പോൾ മുറ്റത്തു ജെസ്സി നിൽക്കുന്നു. തന്നെ പരിഹസിച്ചതാണെന്നു ടോമിച്ചനു മനസ്സിലായി.
“ഞാൻ നിന്നോട് മോര് ചോദിച്ചോ? അതോ കുടിച്ചു വെളിവില്ലാതെ ആണോ ഞാനിവിടെ ഇരിക്കുന്നത്,ആപ്പച്ചട്ടിയിൽ അരിവറക്കരുത് “
ടോമിച്ചൻ കലിപ്പോടെ പറഞ്ഞു.
“ഞാൻ അരിയൊന്നും വറക്കുന്നില്ല, ഞാനാരുമല്ല, പക്ഷെ ഒരു കാര്യം പറയണമെന്നുണ്ട്,”
ജെസ്സി ടോമിച്ചനെ നോക്കി
“എന്താണെങ്കിൽ പറഞ്ഞു തുലക്ക്, നീ ഈ തറുതല ഒക്കെ പറയുന്നത് എന്റെ അനുവാദം ചോദിച്ചിട്ടാണോ? അല്ലല്ലോ?”
ടോമിച്ചൻ ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ചു.
“നിങ്ങൾ ആ ടൌൺ ഭാഗത്തേക്കും തേയിലത്തോട്ടങ്ങൾക്കിടയിലുള്ള ലയങ്ങളിലേക്കും ഒന്ന് നോക്കിക്കേ, എല്ലായിടത്തും ഉണ്ട് നക്ഷത്രങ്ങൾ, നാളെ ക്രിസ്തുമസ്സാണ്. വർഷത്തിൽ ഒരിക്കൽ വരുന്ന ഒരാഘോഷം. ഇവിടെ മാത്രം നക്ഷത്രവുമില്ല ആഘോഷവുമില്ല. മറ്റുള്ളവരുടെ വീട്ടിൽ കിടക്കുന്നപോലെ ഒരു നക്ഷത്രം ഈ വീട്ടിലും തെളിയണം എന്ന് ശോശാമ്മച്ചി ആഗ്രഹിക്കുന്നില്ലേ, ക്രിസ്തുമസ്സിന് മകൻ മേടിച്ചു തരുന്ന ഒരു കഷ്ണം കേക്ക് തിന്നുവാൻ ആ അമ്മ കൊതിക്കുന്നില്ലേ, ഉണ്ട്, പക്ഷെ ഒന്നും പറയില്ല. അവിടെയെല്ലാം നക്ഷത്രങ്ങൾ തെളിഞ്ഞപ്പോൾ അമ്മച്ചി അങ്ങോട്ടുനോക്കി നിൽക്കുന്നത് ഞാൻ കണ്ടു. കുന്നോളം ആഗ്രഹങ്ങളും സ്വപ്നങ്ങളും ആ മനസ്സിലുണ്ട്. ഒന്നും നിങ്ങളോട് പറയില്ല, അത്രതന്നെ… ഈ വീട്ടിൽ മാത്രമാണ് ഈ പ്രദേശത്തു നക്ഷത്രം ഇല്ലാത്തതു… ഈ വീട്ടിലെന്താ സംഭവിച്ചത്, നിങ്ങൾക്കെന്താ ഒരു സാധാരണ മനുഷ്യനുള്ള വികാരങ്ങളും വിചാരങ്ങളും ഇല്ലാതെ പോയെ….”
ജെസ്സി പറഞ്ഞു നിർത്തി. എന്നിട്ട് അകത്തേക്ക് കയറിപ്പോയി.
ടോമിച്ചൻ ചുണ്ടിൽ വച്ച ബീഡി എടുത്തു പോക്കറ്റിൽ ഇട്ടു, മുറ്റത്തേക്ക് ഇറങ്ങി നിന്നു.
ശരിയാണ്.. എല്ലാ വീടുകളിലും നക്ഷത്രങ്ങൾ തെളിഞ്ഞു നിൽപ്പുണ്ട്.നക്ഷത്രങ്ങൾ അങ്ങനെ തെളിഞ്ഞു കിടക്കുന്നതു കാണാൻ നല്ല ഭംഗി ഉണ്ടന്ന് ടോമിച്ചന് തോന്നി. ജെസ്സി പറഞ്ഞത് ശരിയാണ്. ഈ വീട്ടിൽ മാത്രമാണ് ഒരു നക്ഷത്രം ഇല്ലാത്തത്.
ശോശാമ്മ ചോറ് വിളമ്പട്ടേ എന്ന് ചോദിക്കാൻ ഇറങ്ങി വന്നപ്പോൾ ടോമിച്ചൻ ലോറിയിൽ കയറി പുറത്തേക്കു പോകുന്നതാണ് കണ്ടത്.
“ഇവനിപ്പോൾ എവിടെ പോയതാ…”
ശോശമ്മ അങ്ങോട്ട് വന്ന ജെസ്സിയോട് ചോദിച്ചു.
“അറിയില്ല അമ്മച്ചി, ചിലപ്പോൾ ഷാപ്പിൽ പോയതായിരിക്കും “
ജെസ്സി സങ്കടത്തോടെ പറഞ്ഞു.
ടോമിച്ചൻ കുട്ടിക്കാനത് എത്തുമ്പോൾ കടകളെല്ലാം അടച്ചിരുന്നു. മത്തായിച്ചേട്ടന്റെ ചായക്കട മാത്രം തുറന്നിരിപ്പുണ്ട്.
“മത്തായിച്ചേട്ടാ, ഈ ഇലക്ട്രിക് സാധനങ്ങളും നക്ഷത്രങ്ങളും വിൽക്കുന്ന കടക്കാരന്റെ വീടെവിടാ…”
ടോമിച്ചന്റെ ചോദ്യം കേട്ടു മത്തായിച്ചൻ ഇറങ്ങിവന്നു.
“ഇവിടെ അടുത്ത, ആ വളവിന്റെ അവിടെ രണ്ടാമത്തിരിക്കുന്ന വീടാ…ഇപ്പോൾ കടയടച്ചു അങ്ങോട്ട് പോയതേ ഉള്ളു, എന്താ ടോമിച്ച നക്ഷത്രം മേടിച്ചില്ലേ “?
“ഇല്ല “
പറഞ്ഞിട്ട് ടോമിച്ചൻ ലോറി മുൻപോട്ടു എടുത്തു.
“ടോമിച്ച, ഇപ്പോൾ ഇനി പറ്റില്ല നാളെ ആകട്ടെ,പാതിരാ കുർബാനക്ക് പോകേണ്ടത”
ടോമിച്ചന്റെ ആവശ്യം കേട്ടു കടക്കാരൻ വർഗീസ് പറഞ്ഞു.
“വില കൂട്ടി തന്നേക്കാം, ഇപ്പോൾ വേണ്ടിട്ടാ, അത് നാളെ കിട്ടീട്ടു എന്തെടുക്കാനാ…”
ഷാപ്പിൽ വച്ചുള്ള ടോമിച്ചന്റെ അടി നേരിട്ടു കണ്ട വർഗീസിന് ടോമിച്ചനെ പിണക്കാൻ ഉള്ളിൽ ഭയമുണ്ടായിരുന്നു. ടോമിച്ചന്റെ കൂടെ ലോറിയിൽ കയറി കടയിലെത്തി, മൂന്നു നക്ഷത്രങ്ങളും കുറച്ചലങ്കാര ലൈറ്റ്കളും മേടിച്ചു, അയാളുടെ ബേക്കറിയിൽ നിന്നും ഒരു കിലോയുടെ ഒരു കേക്കും കുറച്ചു ജിലേബിയും ലഡുവും മേടിച്ചു. പൈസക്കൊടുത്തു വർഗീസിനെ തിരിച്ചു വീട്ടിൽ കൊണ്ടുപോയി വിട്ടു. തിരിച്ചു മത്തായിച്ചേട്ടന്റെ ചായക്കടയുടെ മുൻപിൽ നിർത്തി. മത്തായിച്ചന്റെ മകൻ നിജു ഇലക്ട്രഷ്യൻ ആണ്.നിജു വിനെയും കൂട്ടി ടോമിച്ചൻ വീട്ടിലേക്കു പോയി.
മുറ്റത്തു ലോറി വന്നു നിൽക്കുന്നത് കണ്ടു ശോശാമ്മയും ജെസ്സിയും വരാന്തയിൽ വന്നു.
“തെളിയുകയും കെടുകയും ചെയ്യണം, വീടിന്റെ മുൻവശം മൊത്തം അങ്ങ് അലങ്കരിച്ചോ “
ടോമിച്ചൻ നിജുവിനോട് പറഞ്ഞു
“അരമണിക്കൂറിനുള്ളിൽ തീർത്തേക്കാം ടോമിച്ചേട്ടാ…”
അരമണിക്കൂറിനുള്ളിൽ വീടിന്റെ മുൻപിൽ മൂന്ന് നക്ഷത്രം തെളിഞ്ഞു, അലങ്കാരം ലൈറ്റ്കളും പ്രകാശിച്ചു.
ടോമിച്ചൻ ലോറിയിലിരുന്ന പ്ലാസ്റ്റിക് കവർ എടുത്തു ശോശാമ്മയുടെ കയ്യിൽ കൊടുത്തു.
“ഒരു കേക്കും കുറച്ചു ജിലേബിയും ലെഡുവുമാ “
നിജുവിനെ തിരിച്ചുകൊണ്ടുവിടാൻ ടോമിച്ചൻ ലോറിയുമായി പോയി.
ശോശാമ്മ ഇതെല്ലാം കണ്ടു അന്തിച്ചു നിൽക്കുകയാണ്.
ടോമിച്ചന് എന്താണ് സംഭവിച്ചത്….
“അമ്മച്ചി, ഞാൻ മീൻ കറി ഒന്ന് ചൂടാക്കാം, രാവിലെ വച്ചതല്ലേ…”
ജെസ്സി അടുക്കളയിലേക്ക് പോയി.
ശോശാമ്മ വരാന്തയിൽ തന്നെ നിന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ടോമിച്ചന്റെ ലോറി വന്നു മുറ്റത്തു നിന്നു.
താഴെ ഇറങ്ങി ലോറിയിൽ ചാരി നിന്നു വീട്ടിലേക്കു നോക്കി.
തെളിഞ്ഞു കത്തുന്ന നക്ഷത്രങ്ങളും അലങ്കാരങ്ങളും രാത്രിയിൽ വളരെ ഭംഗിയുള്ളതായി തോന്നി.
ശോശാമ്മ ടോമിച്ചനടുത്തേക്ക് ചെന്നു. ടോമിച്ചനെ സൂക്ഷിച്ചു നോക്കി.
“നിങ്ങളെന്ന എന്നെ ആദ്യം കാണുന്നപോലെ നോക്കുന്നത്, ങേ “
സൂക്ഷിച്ചു നോക്കുന്ന ശോശാമ്മയോട് ടോമിച്ചൻ ചോദിച്ചു.
ശോശാമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ടോമിച്ചൻ കണ്ടു,
“നിങ്ങളെന്തിനാ കരയുന്നത്, ഇവിടെ ആരെങ്കിലും തട്ടിപോയോ “
ടോമിച്ചൻ തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ചു കൊണ്ട് ചോദിച്ചു.
“മോനെ ടോമിച്ച…”
ഒരു പൊട്ടികരച്ചിലോടെ ശോശാമ്മ ടോമിച്ചനെ കെട്ടി പിടിച്ചു വിതുമ്പി കരഞ്ഞു.ശോശാമ്മയുടെ കണ്ണുനീർ വീണു ടോമിച്ചന്റെ ഷർട്ട് നനഞ്ഞു.
കുറച്ചു കരഞ്ഞശേഷം ശോശാമ്മ ടോമിച്ചന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി മുഖത്തേക്ക് നോക്കി.
“ഈ അമ്മചിക്കു ഇന്ന് പാതിരാകുർബാനക്ക് പോണം, യേശുക്രിസ്തുവിന്റെ മുൻപിൽ എനിക്കൊരുപാട് കാര്യങ്ങൾ പറയാനുണ്ട്, നീ കൊണ്ടുപോകുമോ? നിന്റെ ലോറിയേൽ കേറ്റി….”
ടോമിച്ചൻ കുറച്ചു നേരം മിണ്ടാതെ നിന്നു.
“വല്ലതും കഴിച്ചിട്ട് ഒരുങ്ങിക്കോ, മണി പതിനൊന്നകാറായി….”ടോമിച്ചൻ പറഞ്ഞു.
“നീ കൈകഴുകി വാ… ചോറ് എടുക്കാം..”
പറഞ്ഞിട്ട് കണ്ണുനീർ തുടച്ചു ശോശാമ്മ വീട്ടിലേക്കു നടന്നു.
അത് നോക്കി നിന്ന ടോമിച്ചന്റെ മുഖഭാവം ഇരുട്ടായതിനാൽ വ്യെക്തമല്ലായിരുന്നു.
ചോറുണ്ടു കഴിഞ്ഞു ശോശാമ്മയും ജെസ്സിയും പള്ളിയിൽ പോകുവാൻ ഒരുങ്ങി ഇറങ്ങി.
പള്ളിയിലെത്തുമ്പോൾ ആളുകൾ വന്നുകൊണ്ടിരിക്കുകയായിരുന്നു. പള്ളിയുടെ മുൻപിൽ വണ്ടി നിർത്തി ടോമിച്ചൻ ഇറങ്ങി ശോശാമ്മയെ എടുത്തിറക്കി.
ഒരു മിനിറ്റ് കഴിഞ്ഞാണ് ജെസ്സി ഇറങ്ങിയത്.
“എന്നെയും എടുത്തിറക്കുമെന്ന് കരുതിയ അവിടെ ഇരുന്നത്….”
ജെസ്സി പറഞ്ഞിട്ട് ശോശാമ്മയുടെ അടുത്തേക്ക് നടന്നു.
“നീ വരുന്നില്ലേ…”ശോശാമ്മ ടോമിച്ചനെ നോക്കി.
“ഇല്ല… നിങ്ങൾ പോയാൽ മതി, എല്ലാവരും കൂടി ചെന്നാൽ യേശുക്രിസ്തു കരയും….”
പറഞ്ഞിട്ട് ടോമിച്ചൻ തോളിൽ കിടന്ന തോർത്തെടുത്തു മുഖം തുടച്ചു.
“ടോമിച്ച, പള്ളിയിൽ കയറുന്നില്ലേ…”
നോക്കിയപ്പോൾ അന്നമ്മ ചേടത്തി ആണ്, കുട്ടിക്കാനത്തു ഉള്ളതാണ്.
“ഞാൻ വന്നാലേ അവിടെ കുർബാന നടക്കുകയൊള്ളോ “
ടോമിച്ചന്റെ ചോദ്യം കേട്ടു അന്നമ്മ ചേടത്തി വേഗം പള്ളിയിലേക്ക് നടന്നു.
കുർബാന കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോയികൊണ്ടിരുന്നു. അവസാനമാണ് ശോശാമ്മയും ജെസ്സിയും വന്നത്, കൂടെ ഫാദർ മാത്യു വടക്കെടത്തും രണ്ടുമൂന്ന് ചേടത്തി മാരും ഉണ്ടായിരുന്നു.
“എന്താ ടോമിച്ച, പള്ളിയിൽ കയറാത്തത്,ക്രിസ്തുമസ് ആയിട്ടു പാതിരാകുർബാനക്ക് പങ്കെടുക്കേണ്ടതല്ലേ “?
ഫാദർ മാത്യു ചോദിച്ചു.
“ഓ ഇനി അതിന്റെ കുറവും കൂടിയേ ഉള്ളു, ഇതുപോലെ ഒരു പാട് കുർബാന നടത്തിയ കത്തനാരാ കോട്ടയത്ത് ഒരു പാവം കന്യസ്ത്രിയെ കോടാലിക്കു വെട്ടി കൊന്നു കിണറ്റിലിട്ടത്, ഇവരൊക്കെ കുർബാന നടത്തിയാൽ കർത്താവു ചാട്ടവറെടുക്കും. അച്ചോ ഒരു സംശയം, നിങ്ങൾ അച്ചൻ പട്ടം കിട്ടാൻ കന്യസ്ത്രി മഠത്തിന്റെ മതില് ചാടാൻ പഠിക്കേണ്ടത് നിർബന്ധമാണോ, അറിയാഞ്ഞിട്ടു ചോദിക്കുവാ, കുറച്ചു നാളായി കേരളത്തിൽ കേൾക്കുന്നത് മുഴുവൻ ഇതുപോലത്തെ സംഭവങ്ങളാ… സഭക്കും എന്നെപ്പോലുള്ള സത്യക്രിസ്ത്യാനികൾക്കും നാണക്കേടുണ്ടാക്കാൻ കുറച്ചു കത്തനാർമാര്… അച്ചനെങ്ങനെ മതില് ചാടാൻ, മിടുക്കനാണോ “?
ടോമിച്ചന്റെ ചോദ്യം കേട്ടു ചേടത്തിമാക്ക് ചിരി അടക്കാൻ പറ്റിയില്ല.
“ടോമിച്ച, വൃത്തികേട് പറയരുത്, സഭയിൽ കുറച്ചു പുഴുക്കുത്തുകൾ ഉണ്ടെന്നുള്ളത് ശരിയാണ്, എന്നുവെച്ചു എല്ലാരും അങ്ങനെയല്ല…. ശോശാമ്മച്ചി ടോമിച്ചനെയും കൊണ്ട് പോ..കുടിയും കഴിഞ്ഞു അനാവശ്യം പറയുന്നു…”
ഫാദർ മാത്യു തിരിഞ്ഞു നടന്നു.
“ഞാൻ പോയേക്കാം, ഇവിടെ കിടക്കാൻ വന്നതല്ല,”
ശോശാമ്മയെ ലോറിയിൽ പിടിച്ചു കയറ്റി ടോമിച്ചൻ, ജെസ്സിയും കയറി.. ലോറി മുൻപോട്ടെടുത്തു.
കുട്ടികാനം കഴിഞ്ഞതും പെട്ടന്ന് പുറകിൽ നിന്നും ഒരു ജീപ്പ് ഓവർടേക്ക് ചെയ്തു ലോറിയുടെ മുൻപിൽ വിലങ്ങനെ നിന്നു.ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ അതിൽ നിന്നും ഇറങ്ങിയ ആളുകളെ കണ്ടു ജെസ്സി ഞെട്ടി!!
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission