കൊലക്കൊമ്പൻ – 3

4617 Views

kolakomban

ജീപ്പിൽ നിന്നും ആജാനബഹുക്കളായ രണ്ടു പേർ ഇറങ്ങി.അവർ ലോറിയുടെ മുൻപിലേക്കു വന്നു. തമിഴ് ഗുണ്ടകളെപ്പോലെ തോന്നിക്കുന്ന നാലഞ്ചു ആളുകൾ ഇറങ്ങി ജീപ്പിൽ ചാരി നിന്നു.

ടോമിച്ചൻ സ്റ്റിയറിങ്ങ് വീലിൽ പിടിച്ചു കൊണ്ട് അവരെ ശ്രെദ്ധിക്കുക ആയിരുന്നു.

“ആരാടാ ഇവന്മാരൊക്കെ, നിന്നെ തല്ലാൻ വന്നവരാണോ? ഈശ്വയെ അങ്ങ് ജനിച്ചു മണിക്കൂറുകൾ കഴിയുന്നതിനു മുൻപ് പ്രശ്നങ്ങൾ ആണല്ലോ, ഞങ്ങളെ പരീക്ഷിക്കരുതേ ?”

ശോശാമ്മ വിലപിച്ചുകൊണ്ട് കുരിശു വരച്ചു.

“എനിക്കറിയത്തില്ല ഇവന്മാർ ആരാണെന്ന്… ഞാനിതുവരെ കണ്ടിട്ടുള്ള ആളുകളല്ല, ഇതു വേറെ എന്തോ പ്രശ്നമാണ്, ആളുതെറ്റി വന്നവരായിരിക്കും…”

ടോമിച്ചൻ പറഞ്ഞിട്ട് ലോറിയിൽ നിന്നും ഇറങ്ങാൻ തുടങ്ങി.

“എനിക്കറിയാം ഇവരാരാണെന്ന്, എന്നെ അന്വേഷിച്ചു വന്നതാ, എന്നെ ജീവിക്കാൻ അവർ അനുവദിക്കത്തില്ല.”

ജെസ്സി പറഞ്ഞത് കേട്ടു ലോറിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയ ടോമിച്ചൻ അവളെ നോക്കി

“നിന്റെ ആരാ… എവിടുന്നു വരുന്നവരാ… നീയും അവന്മാരും തമ്മിലെന്താ ബന്ധം..എന്തിനാ ഈ കുട്ടിക്കാനത്തേക്ക് ഇവന്മാരെ ഇപ്പോ കെട്ടിയെടുത്തെ .”

ടോമിച്ചൻ ജെസ്സിയെ രൂക്ഷമായി നോക്കി .

“അവരെന്നെ കൊണ്ടുപോകാനാ വന്നിരിക്കുന്നത്, കുമളിയിൽ നിന്ന്… അവരുടെ കൂടെ പോയാൽ നാളെ എന്റെ ശവം മുല്ലപെരിയാർ ഡാമിൽ കാണും.കമ്പത്തു നിന്നുള്ള കൊട്ടേഷൻ ടീമാ കൂടെ ഉള്ളത് ..”

അത് പറയുമ്പോൾ ജെസ്സിയുടെ മുഖത്തു ഭയത്തിന്റെ നേരിയ ലാഞ്ജന ടോമിച്ചൻ കണ്ടു.

“ഞാൻ അവരുടെ കൂടെ പോകണമെങ്കിൽ പോകാം, പക്ഷെ നിങ്ങള്  പറയണം പൊക്കോളാൻ.. ഞാൻ നിങ്ങടെ വീട്ടിൽ  നിക്കണ്ടാന്ന്.. അതോടെ ജെസ്സി ഈ ഭൂമുഖത്തുനിന്നും ഇല്ലാതാകും.”

ജെസ്സി പറഞ്ഞത് കേട്ടു പേടിച്ചിരിക്കുകയായിരുന്ന ശോശാമ്മ ജെസ്സിയെ തന്നോട് ചേർത്തുപിടിച്ചു.

“നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കുകേല. നീ എന്റെ മോളാ, അവരോടു എന്റെ ജീവൻ മതിയെങ്കിൽ എടുത്തോളാൻ പറ, എന്നിട്ട് എന്റെ മോളേ വെറുതെ വിടാൻ പറ…”

ശോശാമ്മ ജെസ്സിയുടെ കവിളിൽ ഉമ്മവച്ചു കൊണ്ട് മാറോടു ചേർത്തു കരഞ്ഞു.

ടോമിച്ചൻ ലോറിയിൽ നിന്നും വഴിയിലേക്കിറങ്ങി.

ലോറിയുടെ മുൻപിൽ നിൽക്കുന്നവരെ നോക്കി.

“ആരാ നിങ്ങൾ, എന്റെ വണ്ടി സിനിമ സ്റ്റൈലിൽ ഓവർടേക്ക് ചെയ്തു തടഞ്ഞവന്മാര് ആരാണെന്നു എനിക്കറിയണ്ടേ “?

ടോമിച്ചന്റെ ചോദ്യം കേട്ടു മുൻപിൽ നിന്ന രണ്ടു പേരിൽ ജ്യൂബയും മുണ്ടും ധരിച്ചയാൾ പറഞ്ഞു.

“ഞാൻ മുരുകൻ,  ഇതെന്റെ അനിയൻ അറുമുഖൻ.കമ്പം ഷണ്മുഖം കൗണ്ടരുടെ  അനുജന്മാർ.

കമ്പത്തും കുമളിയിലുമായിട്ട താമസം. അമ്മ മലയാളിയും അപ്പൻ തമിഴനുമായതിന്റെ ഗുണം. അതുകൊണ്ട് മലയാളം നല്ലപോലെ അറിയാം. കേരളത്തിലും പിടിച്ചു നിൽക്കണ്ടേ….ബാക്കിയൊക്കെ വിശദികരിച്ചു പിന്നെ പറയാം . പിന്നെ വന്നത് തന്റെ ആ ലോറിയേൽ ഒരു പെണ്ണിരിപ്പില്ലേ, അവളെ കൊണ്ടുപോകാൻ വന്നതാ കുമളിക്ക്, കുമളിയിൽ പട്ടു മെത്തയിൽ ജീവിക്കേണ്ടവൾ വല്ലവന്റെയും കൂടെ കണ്ട ചെറ്റ കുടിലിൽ  ജീവിക്കുന്നത്  നാണക്കേടാ…. അതുകൊണ്ട് കൂടുതലൊന്നും പറഞ്ഞു സമയം കളയുന്നില്ല, അവളെ ഇങ്ങോട്ട് ഇറക്കിവിട്ടാൽ ഞങ്ങൾ അങ്ങ് പോയേക്കാം, ഇല്ലെങ്കിൽ തേ കൂടെ വന്നിരിക്കുന്ന പിള്ളേര് അത്ര വെടിപ്പല്ല, മുരട്ടു പാണ്ടികളാ, തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്നവർ, ഈ ക്രിസ്തുമസിന് ഇറച്ചിയേൽ മണ്ണ് പറ്റണ്ട എന്നുണ്ടെങ്കിൽ ഉടക്കാൻ നിക്കാതെ ആ പെണ്ണിനെ ഇറക്കിവിട്ടു തടി രക്ഷിക്കാൻ നോക്ക്….”

മുരുകൻ ടോമിച്ചനോട് പറഞ്ഞിട്ട് താടി ചൊറിഞ്ഞു.

“ശരി അവളെ ഇറക്കിവിടാം…. ഇത്രയും പേരോട് ഏറ്റുമുട്ടാനുള്ള ശേഷിയൊന്നും എനിക്കില്ല, അതും എവിടുന്നോ വന്ന ഒരു പെണ്ണിനുവേണ്ടി,…”

ടോമിച്ചൻ ലോറിക്കടുത്തേക്ക് ചെന്നു.

“ഇറങ്ങി വാടി ഇങ്ങോട്ട്,…”

ടോമിച്ചൻ വിളിക്കുന്നത്‌ കേട്ടു ജെസ്സി ഞെട്ടി, കൂടെ ശോശാമ്മയും….

ഒന്നുനിമിഷം അനങ്ങാതെ ഇരുന്ന ശേഷം ശോശാമ്മയുടെ കെട്ടിപിടിച്ചിരുന്ന കൈ ബലമായി എടുത്തു മാറ്റി, നെറ്റിയിൽ ഒരുമ്മ കൊടുത്തു.

“പോകുവാ അമ്മച്ചി, ആർക്കും വേണ്ടാത്ത ജന്മമാ, അമ്മച്ചിയുടെ സ്നേഹം അനുഭവിക്കാൻ എനിക്ക് യോഗമില്ല… പോട്ടെ…”

ജെസ്സി ലോറിയിൽ നിന്നുമിറങ്ങി, ശോശാമ്മ പൊട്ടികരഞ്ഞു കൊണ്ട് നെഞ്ചത്തിടിച്ചു..

“ന്റെ കർത്താവെ, ഞങ്ങൾ എന്ത് പാപം ചെയ്തു, ആ പെങ്കൊച്ചിനെ രക്ഷിക്കാൻ ഒരു മാർഗ്ഗവും ഇല്ലേ….”

ജെസ്സി ടോമിച്ചന്റെ അടുത്തേക്ക് ചെന്നു.

അയാളുടെ കണ്ണിലേക്കു നോക്കി.

“ഒരു നിമിഷം ആണെങ്കിലും ഞാൻ ആശിച്ചു പോയി, എന്നെ വിട്ടു കൊടുക്കുകത്തില്ലന്ന്…സിനിമയിലെ ഹീറോയെ പോലെ  എല്ലാവരെയും അടിച്ചോതുക്കി ഈ ജെസ്സിയെ രക്ഷിക്കുമെന്ന്…സാരമില്ല, ആഗ്രഹിക്കുന്നതൊക്കെ നടക്കണമെന്നില്ലല്ലോ…പോട്ടെ…”

നിറഞ്ഞുവന്ന മിഴികൾ തുടച്ചു.

“പിടിച്ചു കേറ്റടാ അവളെ ജീപ്പിൽ…”

മുരുകന്റെ നിർദേശം കിട്ടിയതും കൂടെനിന്ന അറുമുഖൻ  മുൻപിലേക്കു വന്നു ജെസ്സിയുടെ കയ്യിൽ പിടിച്ചു.

അതേ നിമിഷം തലയ്ക്കു ജാക്കി ലിവർ കൊണ്ടുള്ള  അടിയേറ്റ് അറുമുഖൻ  അന്തരീക്ഷത്തിൽ വട്ടം കറങ്ങി.വായുവിൽ വച്ചു ടോമിച്ചൻ അവന്റെ  കാലിൽ പിടിച്ചു തലകീഴായി ട്ടാർ ഇട്ട റോഡിലേക്ക് ഇടിച്ചിരുത്തി, അയാളിൽ നിന്നും ഒരു നിലവിളി ഉയർന്നു.

“അവളുടെ കയ്യിൽ കേറി പിടിക്കാൻ ഞാൻ പറഞ്ഞോടാ … ങേ.. അവൾക്കു നിന്റെ കൂടെ വരാൻ സമ്മതമാണെങ്കിൽ കൊണ്ട് പൊക്കോ, അല്ലാതെ നീ ഒക്കെ എന്റെ വണ്ടിയേൽ ഇരിക്കുന്ന പെണ്ണിനെ അവളുടെ സമ്മതമില്ലാതെ കമ്പത്തുനിന്നും കൊണ്ടുവന്ന തന്തയില്ല പാണ്ടികളെ കാണിച്ചു  കുട്ടിക്കാനത്തു വന്നു ഷോ കാണിച്ചു കൊണ്ട് പോകാമെന്നു കരുതിയെങ്കി തെറ്റി.പാണ്ടിഗുണ്ടകളെ കണ്ടു പേടിക്കുന്നവരല്ല ഹൈരഞ്ച്കാർ…”

പറഞ്ഞതും നിലത്തു തലകീഴായി കിടന്നു  പിടക്കുന്ന അറുമുഖത്തിന്റെ  കാലിൽ പൊക്കി മുൻപോട്ടു കുതിച്ചു വന്ന മുരുകനെ ആഞ്ഞൊരടിയും ചവുട്ടും ഒരുപോലെ ആയിരുന്നു. അപ്രക്തിക്ഷമായ അടിയിൽ മുരുകൻ  തെറിച്ചുപോയി മുൻപോട്ടു വന്ന പാണ്ടികളുടെ ദേഹത്തേക്ക് വീണു.

“പോയി ലോറിയിൽ  കേറി ഇരിക്കടി…”

ടോമിച്ചൻ ജെസ്സിയോട് ആഞാപിച്ചു.

ജെസ്സി ടോമിച്ചനെ നോക്കി കരയണോ സന്തോക്ഷിക്കണോ എന്നറിയാൻ പാടില്ലാത്ത അവസ്ഥ.ജെസ്സി ഓടിപ്പോയി ലോറിയിൽ കയറി ശോശാമ്മയെ കെട്ടിപിടിച്ചു വിതുമ്പി കരഞ്ഞു.

തെറിച്ചു വീണ പാണ്ടികൾ ചാടിയെഴുനേറ്റു ടോമിച്ചന് നേരെ പാഞ്ഞടുത്തു. ഒരുത്തൻ വടിവാൾ വീശി, ടോമിച്ചൻ വെട്ടു ജാകിലിവർ കൊണ്ട് തടഞ്ഞു, വെട്ടു ലക്ഷ്യം തെറ്റി ലോറിയുടെ ബോണറ്റിൽ കൊണ്ടു.

ലക്ഷ്യം തെറ്റി ഒരു വശത്തേക്ക് ചെരിഞ്ഞ അവൻ  തലയ്ക്കു പുറകിൽ ടോമിച്ചന്റെ ഇടിയേറ്റ് താഴേക്കു ഇരുന്നു. മിന്നൽ വേഗത്തിൽ അവന്റെ കയ്യിലിരുന്ന വടിവാൾ ടോമിച്ചൻ വലിച്ചെടുത്തു. അവനെ വലിച്ച് പൊക്കി പാഞ്ഞടുത്ത മറ്റൊരു പാണ്ടിക്ക് നേരെ എറിഞ്ഞു, പുറകിൽ നിന്നും ഒരു ചവിട്ടേറ്റു ടോമിച്ചൻ മുൻപോട്ടു വേച്ചു പോയി. വെട്ടിതിരിഞ്ഞ ടോമിച്ചൻ കയ്യിലിരുന്ന വടിവാളിനൊരു വെട്ടു വെട്ടി. വെട്ടേറ്റു പാണ്ടി അലർച്ചയോടെ ലോറിയുടെ മുൻ ടയറിന്റെ ഭാഗത്തേക്ക്‌ ഇടിച്ചു വീണു.

പുറകിൽ നിന്നും അലർച്ചയോടെ പാഞ്ഞു വന്ന മുരുകൻ ടോമിച്ചനെ വട്ടത്തിൽ പിടിച്ചു.

മുൻപിലൂടെ പാഞ്ഞു വന്നവൻ വടിവാൾ വീശിയതും  ടോമിച്ചൻ താഴെക്കൂർന്നു മുരുകനെ തലവഴി എടുത്തു മറിച്ചതും ഒരുപോലെ ആയിരുന്നു. വെട്ടു മുരുകന്റെ നെഞ്ചത്ത് കൊണ്ടു. മുരുകൻ താഴെ വീണു.

പകച്ചുപോയ പാണ്ടിയുടെ തലതകർത്തു കൊണ്ടു ജാക്കി ലിവർ പാഞ്ഞു പോയി.

അടികൊണ്ടു താഴെ കിടന്ന് പിടഞ്ഞ മുരുകനെ പൊക്കിയെടുത്തു ജീപ്പിനുള്ളിലിട്ടു ടോമിച്ചൻ, അടികൊണ്ടു വീണു കിടന്നവർ വെട്ടുകൊണ്ടവരെ വലിച്ചു പൊക്കി ഒരു വിധത്തിൽ ജീപ്പിലാക്കി,ടോമിച്ചന് നേരെ അവർ കൈ കൂപ്പി കൊല്ലരുതെന്നു അപേക്ഷിക്കുന്നുണ്ടായിരുന്നു.

അധികം പരുക്കുപറ്റത്ത ഒരു പാണ്ടി ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു.

വടിവാൾ ടോമിച്ചൻ തേയിലത്തോട്ടത്തിലേക്കു എറിഞ്ഞു കളഞ്ഞു, ജാക്കി ലിവരുമായി ലോറിയിൽ വന്നു കയറി ലോറി സ്റ്റാർട് ചെയ്തു സൈഡ് ഒതുക്കി. ജീപ്പ് കുമളിക്ക് പോകുന്ന റേഡിലേക്ക് പാഞ്ഞു.

“നീ എന്ന് വന്നോ, അന്ന് തൊട്ടു അടിയാണ്, ഇനിയാരൊക്കെ നിന്നെ അന്വേഷിച്ചു വരും എന്നൊരു ലിസ്റ്റ് തരാമെങ്കിൽ കരുതി ഇരിക്കാമായിരുന്നു. നീ എന്റെ പൊക കണ്ടിട്ടേ പോകത്തൊള്ളോ അറിയാതില്ലാഞ്ഞിട്ട് ചോദിക്കുവാ…”

ടോമിച്ചൻ ജെസ്സിയോട് പറഞ്ഞിട്ട് ലോറി മുൻപോട്ടെടുത്തു.

വീടിനുമുൻപിൽ ലോറി നിന്നതും ജെസ്സി ഇറങ്ങി പെട്ടന്ന് വീട്ടിനുള്ളിലേക്ക് കയറി.

ശോശാമ്മയെ ലോറിയിൽ നിന്നും എടുത്തിറക്കി.

“അവൾക്കു വലിയ വിഷമമായി, നീ അങ്ങനെ പറഞ്ഞപ്പോ… അവളെ കുറിച്ച് ഒന്നും ചോദിക്കണ്ട… അവളെ ചുറ്റിപറ്റി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്, അങ്ങോട്ടൊന്നും ചോദിക്കണ്ട……”

ടോമിച്ചനോട് പറഞ്ഞിട്ട് ശോശാമ്മ അകത്തേക്ക് നടന്നു.

ലോറിയിൽ ചാരി നിന്നു ടോമിച്ചൻ ഒരു ബീഡിക്കു തീ കൊളുത്തി.

ശരീരത്തിൽ എവിടെയൊക്കെയോ വേദനയും നീറ്റലും അനുഭവപ്പെടുന്നുണ്ട്.

ടോമിച്ചൻ കിണറിനു നേരെ നടന്നു.

*********†****************+***************

“ലൈസി കൊച്ചമ്മേ, ഹോർലിക്സ് ഇട്ട പാല് എടുത്തു വച്ചിട്ടിട്ടുണ്ട്. കൊണ്ടു വരട്ടെ…”

വേലക്കാരി സുലോചന ചോദിച്ചിട്ട് അനുവാദത്തിനായി കാത്തു നിന്നു.

“ഇപ്പൊ വേണ്ട, വേണ്ടപ്പോൾ ഞാൻ പറയും, അപ്പൊ കൊണ്ടുവന്ന മതി….”

സമയം അധിക്രെമിച്ചിട്ടും കുട്ടികാനത്തിന് ജെസ്സിയെ കൊണ്ടു വരാൻ പോയവർ ഇതുവരെ വന്നിട്ടില്ല. നേരം പുലരാറായി.

ഉറങ്ങാതെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി… അടുത്ത് റോയിയും, ജോർജിയും ഇരിപ്പുണ്ട്.

“മമ്മി, ഞങ്ങൾ പോകാമെന്നു പറഞ്ഞതാ, അപ്പോൾ കമ്പത്തിൽ നിന്നും പപ്പാ ഇറക്കിയ ആളുകൾ മതിയെന്ന് ഒരേ നിർബന്ധം.. പോയവർ ഏതു കോത്താഴത്തിൽ പോയി കിടക്കുന്നു. ആ മുടിഞ്ഞവളെ കൊണ്ടു വരാൻ പോയവർ പോയ വഴി തട്ടിപോയോ “?

റോയി അമർഷം കൊണ്ടു.

“പിന്നെ നീയൊക്കെ പോയിട്ട് വേണം വീണ്ടും നാറാൻ… നീയൊക്കെ ഇ കുമളിയിൽ ചെയ്തു കൂട്ടുന്ന തെണ്ടിത്തരങ്ങൾ ഞാനും പപ്പയും അറിയുന്നില്ലന്ന് വിചാരിക്കേണ്ട, എല്ലാം അറിയുന്നുണ്ട്….”

ലൈസി പട്ടുസാരിയുടെ ഞൊറികൾ പിടിച്ചിട്ടു കസേരയിൽ കാലിനു പുറത്തു കാലുകേറ്റി വച്ചു കൊണ്ടു പറഞ്ഞു.

“മമ്മി അവളെ കിട്ടിയില്ലെങ്കിൽ നമ്മുടെ പദ്ധതികൾ ആകെ പൊളിയും, എല്ലാം തകരും, അതോ ആ നാറി പാണ്ടികൾ അവളെ വല്ലതും ചെയ്തു കാണുമോ? തൊലിവെളുപ്പുള്ള മലയാളി പെണ്ണുങ്ങളെ കാണുമ്പോൾ തമിഴന്മാർക്ക് ഇളക്കം കൂടുതലാ.. അവരുടെ കൂടെ നമ്മളിൽ ആരെങ്കിലും പോകേണ്ടതായിരുന്നു. പോയബുദ്ധി ആനപ്പിടിച്ചാൽ കിട്ടുമോ “?

ജോർജി ആശങ്ക പ്രകടിപ്പിച്ചു.

പെട്ടന്ന് പുറത്തു ഒരു ജീപ്പിന്റെ ശബ്‌ദം.

ലൈസി ചാടിയെഴുനേറ്റു വാതിൽക്കലേക്കു നടന്നു. പുറകെ റോയിയും ജോർജിയും…

മുറ്റത്തുനിന്ന ജീപ്പിൽ നിന്നും ഒരാൾ ഇറങ്ങി. സിറ്റൗട്ടിലേക്കു ആടി ആടി വന്നു കുഴഞ്ഞു വീണു.

റോയി പെട്ടന്ന് ചെന്നു ജീപ്പിനുള്ളിലേക്ക് നോക്കി, ചോര ഒലിപ്പിച്ചു ഞരങ്ങി കൊണ്ടു കിടക്കുന്നു എല്ലാവരും…

“മോനെ റോയി, എല്ലാവർക്കും വെട്ടു കിട്ടിയിട്ടുണ്ട്, അറുമുഖന്റെ അവസ്ഥ ഗുരുതരമാണ്, പെരിയാർ ഹോസ്പിറ്റലിൽ എടുക്കത്തില്ല, പാണ്ടികളുടെ എല്ലാം അവസ്ഥ അതിലും മോശമാ.. നമ്മളുദേശിക്കുന്ന ആളല്ല അവൻ… കളരിയ… കളരി… പാണ്ടികളുടെ എല്ലാം അണ്ഡഹടാഹം വരെ ഇടികൊണ്ട് നീരുവച്ചിരിക്കുവാ.. ഇനി പരസഹായം കൂടാതെ മൂത്രമൊഴിക്കണമെങ്കിൽ മാസങ്ങളെടുക്കും…എത്രയും പെട്ടന്ന് കൊള്ളാവുന്ന എതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം, തേനിക്ക് പോകാം അതാ നല്ലത്….”

മുരുകൻ ഞരങ്ങി കൊണ്ടു പറഞ്ഞു.

“ഇവിടെനിന്ന് പോകുമ്പോൾ എന്തൊക്കെ ആയിരുന്നു വീരവാദം മുഴക്കൽ, മലപ്പുറം കത്തി, വടിവാള്, കോടാലി…. എനിക്ക് ചൊറിഞ്ഞു കേറുന്നുണ്ട് അങ്കിളെ… ഒരു പീറ പെണ്ണിനെ കൊണ്ടുവരാൻ കഴിയാത്ത നിങ്ങളൊക്കെ എന്തോന്ന് ആൾക്കാരാ… ഇടിയും കൊണ്ടു അപ്പിയിട്ടു വന്നേക്കുന്നു. ഇവന്മാരെയൊക്കെ പഞ്ചറോട്ടിച്ചു നേരെയാക്കിയെടുക്കാൻ ലക്ഷങ്ങൾ വേണ്ടി വരും. വേലിയെൽ ഇരുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വച്ചന്നു കേട്ടിട്ടേയുള്ളു. ഇപ്പോൾ അറിഞ്ഞു.”

ജോർജി വിറഞ്ഞു തുള്ളി.

“പറഞ്ഞു കൊണ്ടു നിന്നിട്ടു കാര്യമില്ല, നേരം നന്നായി പുലര്ന്നതിനു മുൻപ് ഇവന്മാരെ കുമളി ചെക്ക്പോസ്റ്റ് കടത്തണം. ഇന്ന് ക്രിസ്തുമസ… ഒരുപാടു പേര് ഇവിടെ വരുന്നത.മുരുകനെയും അറുമുഖനെയും പപ്പയോടു ചോദിച്ചിട്ട് എതെങ്കിലും നല്ല ഹോസ്പിറ്റലിലേക്ക് മാറ്റ്, പാണ്ടികളെ എതെങ്കിലും എടത്തരം ഹോസ്പിറ്റലിൽ കിടത്തിയാൽ മതി…. പെട്ടന്ന് വേണം….”

ജോർജി പെട്ടന്ന് തന്നെ ഡ്രൈവറെ വിളിച്ചു വരുത്തി.

ജീപ്പിലെ ആളുകളുമായി ഡ്രൈവർ തേനിക്ക് പുറപ്പെട്ടു.

“””””””””””””””””””””””””””””””””””””””””””””””””””””””””””””””””””'”””””””

പുലർച്ചെ ജെസ്സി മുറ്റമടിച്ച ശേഷം കിണറ്റിൽ നിന്നും വെള്ളം കോരി മറപുരയിൽ കൊണ്ടു വച്ചു കുളിച്ചു മുറിയിൽ വന്നു കൊണ്ടുവന്ന സാരിയിൽ നിന്നും ഒന്നെടുത്തു ഉടുത്തു. കണ്ണാടിയുടെ മുൻപിൽ നിന്നു തലമുടി ചീകി ഒതുക്കി,കെട്ടിവച്ചു.

ശോശാമ്മ എഴുന്നേറ്റിട്ടില്ല,പാതിരകഴിഞ്ഞു കിടന്നതുകൊണ്ട് ക്ഷീണം കാണും.

ശോശാമ്മയെ നോക്കി നിന്നശേഷം അടുക്കളയിൽ പോയി കാപ്പിയിട്ടു, ടോമിച്ചനുള്ള കാപ്പിയുമായി വരാന്തയിൽ എത്തി.

ടോമിച്ചൻ മൂടിപ്പുതച്ചു കിടന്നുറക്കമാണ്.

മുഖം മാത്രം വെളിയിൽ കാണാം.

സ്നേഹം ഉള്ളിലൊളിപ്പിച്ചു പുറത്തു കാണിക്കാതെ നടക്കുന്ന മനുഷ്യൻ. തലേ ദിവസത്തെ സംഭവം ഓർത്തപ്പോൾ അവളുടെ കണ്ണ് ഈറനായി.

സ്വന്തം ജീവൻ പണയം വച്ചു ആരുമല്ലാത്ത തന്നെ കാത്തു. എതിര് പറയുമ്പോളും താൻ പറയുന്നതിന്റെ പൊരുളെന്ത്  എന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നയാൾ …. എന്നെങ്കിലും ഒരു പ്രതുപകാരം  തിരിച്ചു ചെയ്യാൻ തനിക്കു സാധിക്കുമോ….

കാപ്പി വരാന്തയുടെ സൈഡിൽ വച്ചു കിണറ്റുകരയിൽ പോയി തൊട്ടിയിൽ നിന്നും ഒരു കൈ വെള്ളം എടുത്തുകൊണ്ടു വന്നു ടോമിച്ചന്റെ മുഖത്തു തളിച്ചു.

മുഖത്തു വെള്ളം വീണതും ടോമിച്ചൻ ചാടി എഴുനേറ്റു മുൻപിൽ നിൽക്കുന്ന ജെസ്സി തുറിച്ചു നോക്കി.

“എന്താടി, മനുഷ്യനെ കിടന്നുറങ്ങാൻ സമ്മതിക്കില്ലേ… വല്ലവന്റെയും ഇടിയും മേടിച്ചു വന്നു കിടന്നാൽ പോലും സ്വസ്ഥത തരത്തില്ലേ… അവളുടെ….”

ടോമിച്ചൻ ദേഷ്യത്താൽ വിറച്ചു.

“കാപ്പി തണുത്തു പോകും, രണ്ടു മൂന്ന് തവണ വിളിച്ചിട്ടും ഒരു കുലുക്കവുമില്ല, അതുകൊണ്ടാ വെള്ളം തളിച്ചത്…പിന്നെ ഇന്ന് ക്രിസ്തുമസ് ആ, അത് മറന്നോ..”

ജെസ്സി ചോദിച്ചു.

“ക്രിസ്തുമസ് ആണെങ്കിൽ ഞാൻ എന്ത് ചെയ്യണം, പുൽക്കൂട്ടിൽ കേറി കിടക്കണോ “

ടോമിച്ചൻ ജെസ്സിയെ നോക്കി.

“അതുവേണ്ട, യേശുക്രിസ്തു അവിടെ സമാധാനത്തോടെ കിടക്കട്ടെ…ഇന്ന കാപ്പി കുടി,”

ജെസ്സി കാപ്പിയെടുത്തു ടോമിച്ചന് നേരെ നീട്ടി.

ടോമിച്ചൻ കാപ്പിയെടുത്തു കുടിച്ചു.

“ഞാനൊരു കാര്യം പറയട്ടെ,  എന്റെ അനുഭവ കഥ, ഞാൻ ആരാണ്?, എങ്ങനെ നിങ്ങളുടെ മുൻപിൽ വന്നു, ഭൂതകാലം എന്താണ്? ഇതൊക്കെയാ..പറയട്ടെ, സമയമായി എന്ന് തോന്നി..”

ജെസ്സി ടോമിച്ചന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“ഇപ്പോഴെങ്കിലും നീ ഇതു പറയാൻ തയ്യാറായല്ലോ… ങ്ങാ പറ… ചുരുക്കി പറഞ്ഞാൽ മതി… പറഞ്ഞു പരത്തി മെഗാസീരിയൽ ആക്കണ്ട…പറഞ്ഞോ .”

ടോമിച്ചൻ പറഞ്ഞതും ജെസ്സി വരാന്തയിൽ ഇരുന്നു പറഞ്ഞു തുടങ്ങി

                           (  തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

3.2/5 - (5 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply