Skip to content

കൊലക്കൊമ്പൻ – 4

kolakomban

“കുമളിയിലെ സമ്പന്നകുടുംബമായ പുലിമാക്കിൽ കുടുംബത്തിലെ പ്ലാന്റർ, ടീ എക്സ്പോർട്ടർ ആഗസ്തിയുടെയും മരിയയുടെയും മക്കളായിരുന്നു സ്റ്റാലിനും ഞാനും .സുഖസൗകര്യങ്ങളുടെയും സന്തോഷത്തിന്റെയും ഇടയിലൂടെയുള്ള ജീവിതം. ആവോളം സ്നേഹം വാരിക്കോരി തന്നു പപ്പയും മമ്മിയും. പഠിക്കാൻ വല്യ താത്പര്യം കാണിക്കാതിരുന്ന സ്റ്റാലിൻ പപ്പയുടെ കൂടെ പുലിമാക്കിൽ പ്ലാന്റേഷൻന്റെ   ബിസിനസുകൾ നോക്കി നടത്തി. എനിക്ക് ഒരു ബി എസ് സി നേഴ്സ് ആയി വിദേശത്തു പോകണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ പ്ലസ്ടു വിന് നല്ല മാർക്ക് മേടിച്ചു ജയിച്ച ഞാൻ നഴ്സിങ്ങിന് ചേർന്നു.

ഞാനും ഇച്ചായനും ജനിക്കുന്നതിനു മുൻപ്  പപ്പക്ക് കമ്പത്തു ഒരു മീറ്റ്.. ഫിഷ് എക്സ്പോർട്ടിങ് കമ്പനി ഉണ്ടായിരുന്നു. അതിലൊരു പാർട്ണർ ആയിരുന്നു ഷണ്മുഖം ചെട്ടിയാർ. പപ്പയുടെ കൂടെ  കുടുംബവീട്ടിൽ സ്ഥിരമായി പോകുമായിരുന്ന അയാൾ അവിടെ വച്ചു പപ്പയുടെ സഹോദരി ലൈസി ആന്റിയുമായി അടുപ്പത്തിലായി. കുറച്ചു പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അത്‌ നടത്തികൊടുക്കേണ്ടി വന്നു. അവർ കമ്പത്തേക്ക് പോയി. പപ്പയുടെ കുടുംബവീട്ടിലെ സ്വത്തുക്കൾ ഭാഗം വച്ചപ്പോൾ പപ്പക്ക് കൂടുതൽ കിട്ടി എന്നും കുമളിയിലെ ബംഗ്ലാവ് പപ്പക്ക് കൊടുത്തു എന്നും പറഞ്ഞു വഴക്കായി. പപ്പാ കുമളിയിലേക്ക് താമസം മാറ്റി, അതാണ് പുലിമക്കിൽ ബംഗ്ലാവ്, അവിടെവച്ചാണ് ഞങ്ങൾ രണ്ടുപേരും ജനിക്കുന്നത്. കാലങ്ങൾ കഴിഞ്ഞപ്പോൾ

കമ്പത്തുള്ള മീറ്റ് ഫിഷ് എക്സ്പോർട്ടിങ് കമ്പനി നഷ്ടത്തിലായി, പാർട്ണർ ഷിപ്‌ പിരിയുവാൻ തീരുമാനിച്ചു. എന്നാൽ നഷ്ടത്തിൽ ആണെന്നുള്ളത് കമ്പനി കൈവശപ്പെടുത്തുവാൻ വേണ്ടി  ഷണ്മുഖവും  ലൈസി ആന്റിയും കൂടി നടത്തിയ  ചതി ആയിരുന്നു. അങ്ങനെ കുറഞ്ഞ ലാഭംവിഹിതത്തിൽ പാർട്ണർ ഷിപ്‌ പിരിഞ്ഞു.

നഷ്ടങ്ങളുടെ കണക്കുകൾ നിരത്തി കഷ്ടപാടുകൾ പറഞ്ഞു ലൈസി ആന്റി പപ്പയുടെ അടുത്ത് വന്നു വീണ്ടും ബന്ധം സ്ഥാപിച്ചു. സഹോദരി എന്ന നിലയിൽ പപ്പാ കഴിഞ്ഞതെല്ലാം മറക്കാൻ തയ്യാറായി.അവർ വരുമ്പോൾ അവരുടെ മക്കളായ റോയിയും ജോർജിയും വരുമായിരുന്നു.ലൈസി ആന്റി തിരികെ പോകുമ്പോൾ റോയിയെയും ജോർജിയെയും വീട്ടിൽ നിർത്തിയിട്ടു പോകും, അവർ ഞങ്ങളുടെ കൂടെ വളർന്നു. അവർ അവിടെ സ്ഥിരമായി നിൽക്കുവാൻ തുടങ്ങി.

മമ്മിയോ പപ്പയോ എതിരൊന്നും പറഞ്ഞിരുന്നില്ല. സ്വന്തം മക്കളെപ്പോലെ അവരെ കരുതി.

കഴിഞ്ഞ വർഷം വേളാങ്കണ്ണിക്ക് യാത്രപോയ പപ്പയും മമ്മിയും സ്റ്റാലിച്ചായനും ഒരു ആക്സിഡന്റിൽ കൊല്ലപ്പെട്ടു.

തുന്നികെട്ടിയ പപ്പയുടെയും മമ്മിയുടെയും ജഡം ഷണ്മുഖം ചെട്ടിയാരുടെ നേതൃത്വത്തിൽ കുമളിയിലെ വീട്ടിൽ എത്തിച്ചു. എന്നാൽ സ്റ്റാലിച്ചായന്റെ ബോഡി മാത്രം അവർ കൊണ്ടുവന്നില്ല. ജഡം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ലൈസി ആന്റി എന്നോട് പറഞ്ഞത്.

ലൈസി ആന്റിയും മക്കളും പിന്നീട് ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ തുടങ്ങി. ആദ്യമൊക്കെ എന്നോട് നല്ല സ്നേഹമായിരുന്നു എങ്കിലും ക്രെമേണ അവരുടെ പെരുമാറ്റത്തിൽ മാറ്റം വന്നു തുടങ്ങി. ഇടക്കിടെ ഷണ്മുഖം ചെട്ടിയാരും അവിടെ വരുവാനും താമസിക്കുവാനും തുടങ്ങി.

പതിയെ അവർ ഞങ്ങളുടെ”പുലിമാക്കിൽ എക്സ്പോർട്ട് ” സ്ഥാപനങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ നോക്കി. എന്നാൽ ആധാരങ്ങളോ മറ്റു രേഖകളോ, ബാങ്ക് ഡീറ്റൈൽസുകളോ നൽകാൻ ഞാൻ തയ്യാറായില്ല. ഒരു നാൾ രാത്രിയിൽ ബലമായി എന്നെ കൊണ്ടു കുറച്ചു ചെക്കുകളിൽ ഒപ്പിടിച്ചു. കിട്ടിയ ആധാരങ്ങളടങ്ങിയ ഫയൽ നേരത്തെ തന്നെ ഞാൻ വീട്ടിൽ നിന്നും ബാങ്ക് ലോക്കറിലേക്ക് മാറ്റിയിരുന്നു. തുടർച്ചയായി എന്നെ മർദിച്ചും ഭീക്ഷണി പെടുത്തിയും ബാങ്കിലുള്ള പണമെല്ലാം അവർ കൈക്കലാക്കി. കുമളി പോലീസ് സ്റ്റേഷനിൽ ഞാൻ പരാതി കൊടുത്തു എങ്കിലും അവരുടെ സ്വാധിനതിൽ അത് മുങ്ങിപ്പോയി. അതറിഞ്ഞു വന്ന ഷണ്മുഖം എന്നെ ഒരു രാത്രിയിൽ ക്രൂരമായി  മർദ്ധിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. അന്ന് രാത്രി തന്നെ എന്നെ കമ്പത്തിന് കൊണ്ടുപോകാൻ തീരുമാനിച്ചു. പോകുന്ന വഴിയിൽ ഇറങ്ങി ഓടി ഒളിച്ചിരുന്നു , അവർ അവിടെയെല്ലാം അന്വേഷിച്ചു നടന്നു എന്നെ കണ്ടുപിടിക്കാൻ പറ്റാതെ തിരിച്ചു പോയി, അപ്പോഴാണ് നിങ്ങളുടെ വണ്ടി കണ്ടത്…..എനിക്കിപ്പോൾ തോന്നുന്നത് എന്റെ പപ്പയെയും മമ്മിയെയും ഇച്ചായനെയും ഷണ്മുഖത്തിന്റെ ആളുകൾ കൊന്നതാണെന്ന, പക്ഷെ ഒരു പെണ്ണായ എനിക്കെന്തു ചെയ്യാൻ പറ്റും,അവരോടു ഒറ്റയ്ക്ക് യുദ്ധം ചെയ്യാൻ എനിക്ക് പറ്റുമോ? ചുറ്റും അവരുടെ സ്വാധിനത്തിൽ ഉള്ളവരാ എല്ലായിടത്തും. നിയമത്തെ പോലും അവർ വിലക്കെടുത്തിരിക്കുവാ…എനിക്കാരുമില്ലാതായി, ഒറ്റക്കായി . “

കഥ പറഞ്ഞു കഴിഞ്ഞപ്പോൾ ജെസ്സിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ അവൾ ഇടം കൈകൊണ്ടു തുടച്ചു.

അവൾ ടോമിച്ചനെ നോക്കി. അയാൾ അകലെ തേയിലത്തോട്ടങ്ങളിലേക്കു നോക്കി ഇരിക്കുകയായിരുന്നു.

“ഞാൻ പറഞ്ഞതൊക്കെ നിങ്ങൾ കേട്ടോ, കൂടെപ്പിറപ്പും അപ്പനും അമ്മയും, സ്വത്തുക്കളും നഷ്ടപ്പെട്ടു, ആരോരുമില്ലാതെ, ഒരാശ്രയമില്ലാതെ ഒറ്റപ്പെട്ടുപോയ ഒരു പെണ്ണിന്റെ അനുഭവമാണത്, ഞങ്ങളുടെ സന്തോഷത്തിൽ ദൈവത്തിനു അസൂയ തോന്നിക്കാണും.സ്വത്തുക്കൾ കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്. സ്വത്തുക്കൾക്ക് വേണ്ടി ബന്ധങ്ങൾ മറന്നു എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു പറ്റം മനുഷ്യമൃഗങ്ങൾ എന്നെ നിഴൽപോലെ പിന്തുടരുന്നുണ്ട്.അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ ജെസ്സി ഇല്ല. നിങ്ങളുടെ കൂടെ ഇവിടെ വന്നതിനു ശേഷമാണ് ഒരുപാടു കാലം കൂടി സ്വസ്ഥമായി, ആരെയും പേടിക്കാതെ ഞാനൊന്നുറങ്ങിയത്. അറിയ്യോ..എന്നെ കമ്പത്തു കൊണ്ടുപോയി സ്വത്തുക്കളെല്ലാം എഴുതി വാങ്ങിച്ചു ഏതോ തേവർക്ക് വിൽക്കാനായിരുന്നു അവരുടെ പ്ലാൻ .നിങ്ങൾക്ക് പണവും പ്രതാപവും ഇല്ല, പക്ഷെ അവരുടെ ജീവിതത്തിൽ ഇല്ലാത്ത പലതും നിങ്ങൾക്കുണ്ട്, മനുഷ്യത്വം,സ്നേഹം, ദയ,സംരെക്ഷിച്ചു പിടിക്കാനുള്ള ഒരു മനസ്സ്  അങ്ങനെ പലതും.അകത്തുകിടന്നുറങ്ങുന്ന ആ അമ്മയുടെ സ്നേഹത്തിലാ, അതിന്റെ തണലിലാ ഇന്നെന്റെ ജീവിതം. മുൻപോട്ടു ജീവിക്കണം എന്നൊരാശ വീണ്ടും വന്നത്‌ ഇവിടെ വന്നതുകൊണ്ടാ.ഇന്നലെ വന്നവർക്ക് നിങ്ങൾ എന്നെ കൊടുത്തു വിട്ടിരുന്നു എങ്കിൽ ഇന്നെന്റെ ശവം എവിടെയെങ്കിലും കാക്കയും പട്ടിയും കൊത്തിവലിച്ചു കിടന്നേനെ…”

ജെസ്സി പറഞ്ഞു നിർത്തിയതും ഒരു തേങ്ങൽ പുറത്തേക്കു തെറിച്ചു.

ടോമിച്ചൻ ജെസ്സിയെ തലതിരിച്ചു നോക്കി.

“ഇനി ഇതും പറഞ്ഞു ഇവിടെ നിന്നു മോങ്ങിയാൽ നഷ്ടപ്പെട്ടവരെ തിരിച്ചു കിട്ടുമോ? , ..”

“ഇല്ല ” ജെസ്സി തുടർന്നു

“പരാതി കൊടുത്തു ഞാൻ വീണ്ടും, പക്ഷെ അവരുടെ സ്വാധീനത്തിൽ അതെല്ലാം മുങ്ങിപ്പോയി, കുമളി പൊലീസ് സ്റ്റേഷനിൽ പരാതി കിടപ്പുണ്ട്, അവിടുത്തെ സി  ഐ അവരുടെ ആളാ.. സി  ഐ രഘുവരൻ.”

ജെസ്സി പറഞ്ഞുകൊണ്ട് സാരിയുടെ തുമ്പുകൊണ്ട് മുഖം തുടച്ചു.

“എന്റെ വിധി ഇങ്ങനെ ആയിരിക്കും, എല്ലാമുണ്ടായിട്ടും പേടിച്ചു ഒന്നുമില്ലാത്തവളെ പോലെ മറ്റൊരു സ്ഥലത്തു ഒളിച്ചു ജീവിക്കാൻ . അതിലെനിക്ക് സങ്കടമില്ല, കാരണം ഇവിടെ ഞാൻ ഒരുപാടു സ്നേഹം അനുഭവിക്കുന്നുണ്ട്, ജീവിതം എന്താണെന്നു പഠിക്കുന്നുണ്ട്, അതിന്റെ മധുരവും കൈപ്പും തിരിച്ചറിയുന്നുണ്ട്..സമ്പന്നതയുടെ മടിത്തട്ടിലല്ല, മറിച്ചു ഇല്ലായ്മയുടെ, കഷ്ടപാടുനിറഞ്ഞ ജീവിതങ്ങൾക്കിടയിലാണ് നിസ്വർത്ഥ സ്നേഹം ഉള്ളതെന്ന് തിരിച്ചറിയുന്നുണ്ട്  ഞാൻ ..”

തോളിൽ കിടന്ന തോർത്തെടുത്തു കുടഞ്ഞുകൊണ്ട് ടോമിച്ചൻ എഴുനേറ്റു.

“നീ സങ്കടപെടണ്ട, എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കാം. പിന്നെ ആ  നഴ്സിംഗ് പഠനം പൂർത്തിയാക്കാൻ നോക്ക്. ഒരു ജോലിയുണ്ടെങ്കിൽ സ്വന്തം കാലിൽ നിൽക്കാം, കൊള്ളാവുന്ന ഒരുത്തനെ കെട്ടി ജീവിക്കാം….”

ടോമിച്ചൻ പറഞ്ഞിട്ട് അഴിഞ്ഞു കിടന്ന ഷർട്ടിന്റെ ബട്ടണുകൾ ഇട്ടു.

“ഞാൻ ബി എസ് സി നഴ്സിംഗ് ആയിരുന്നു. കട്ടപ്പന സെന്റ് ജോൺസ് നഴ്സിംഗ് സ്കൂളിൽ… നാലര ലക്ഷം രൂപയാ പഠിച്ചിറങ്ങുമ്പോൾ, രണ്ടു ലക്ഷം അടച്ചിരുന്നു,ബാക്കി അടച്ചാലേ കോഴ്സ് പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് മേടിക്കാൻ പറ്റൂ.അതടക്കാനിരിക്കുമ്പോഴാണ് ദുരന്തങ്ങൾ വന്നു മൂടി എന്നെ അനാഥയാക്കിയത്… ഇനി പഠനമൊന്നും നടക്കില്ല. പെട്ടന്ന് രണ്ടരലക്ഷം രൂപ എവിടെനിന്നുണ്ടാക്കാനാണ്.അടുത്തമാസം അവസാനമെങ്കിലും ക്ലാസ്സിൽ പോയാൽ മാത്രമേ മറ്റുള്ള സ്റ്റുഡന്സിനൊപ്പം എക്സാം എഴുതുവാൻ കഴിയു.ഇളയമ്മയോടും മറ്റും  ഏറ്റുമുട്ടി സ്വത്തുക്കൾ തിരിച്ചുപിടിക്കാനൊന്നും നമ്മൾ വിചാരിച്ചാൽ നടക്കില്ല.അത്രക്കും പ്രാബലരാണവർ.അതുകൊണ്ട് തുടർന്ന് പഠിക്കാനുള്ള ആശയൊക്കെ ഞാൻ ഉപേക്ഷിച്ചു….”

ജെസ്സി പറഞ്ഞിട്ട് വെള്ളമെടുക്കാനായി കിണറിന്റെ സമീപത്തേക്ക് നടന്നു.

ടോമിച്ചൻ എന്തോ ആലോചിച്ചുകൊണ്ട് കുറച്ചു നേരം നിന്നശേഷം ലോറിക്ക് നേരെ നടന്നു.

നേരെ ലോറിയുമായി കുട്ടിക്കാനം ടൗണിലേക്ക് ചെന്നു,

ക്രിസ്തുമസ് ആണെങ്കിലും ചന്ത സജീവമാണ്, കുറച്ചു പച്ചക്കറികളും, പലചരക്കു സാധനങ്ങളും വാങ്ങി, രാജപ്പന്റെ മീറ്റ് ആൻഡ് ഫിഷ് കടയിൽ നിന്നും രണ്ടുകിലോ പോത്തിറച്ചിയും, തുണ്ടൻ മീനും മേടിച്ചു ലോറിയിൽ വീട്ടിലേക്കു പോയി.

“ടോമിച്ചനെന്താ ഒരു മാറ്റം, ഒരു തെകഞ്ഞ ഗ്രഹനാഥനെ പോലെയാണല്ലോ പെരുമാറ്റം, എന്ത് പറ്റി,”

പലചരക്കു കടയിലെ ഫിലിപ്പ് ആശ്ചര്യം പ്രകടിപ്പിച്ചു.

“അത് പിന്നെ അവിടെ ഒരു ചരക്കു പെണ്ണ് വന്നിട്ടുണ്ടല്ലോ, ടോമിച്ചൻ എങ്ങാണ്ടന്നു അടിച്ചോണ്ടു വന്നതാണെന്ന ജനസംസാരം…”

ഇക്കിളി പൈലി പറഞ്ഞു.

“ടോമിച്ചൻ  കേൾക്കണ്ട, തന്റെ ഇക്കിളി മാറ്റാൻ പൊക്കിളിൽ തരും അവൻ, പിന്നെ എവിടെയെങ്കിലും കിടന്നു നരകിച്ചു ചാകേണ്ടി വരും, പറഞ്ഞേക്കാം… “

കോര ചേട്ടൻ മുന്നറിയിപ്പ് കൊടുത്തു.

“ആ പെൺകൊച്ചു ശോശാമ്മേടെ ഏതോ ബന്ധത്തിലുള്ളതാ…”

കുട്ടിമാപ്പിള പറഞ്ഞു.

“നന്നാകുന്നവർ നന്നായി ജീവിക്കട്ടെ.. അതിന് പരദൂക്ഷണം പറഞ്ഞു തടി കേടാക്കണ്ട..”

ഇലക്ട്രിക് കട നടത്തുന്ന വര്ഗീസ് വിളിച്ചു  പറഞ്ഞു.

ലോറി വീട്ടുമുറ്റത്തു നിർത്തി ടോമിച്ചനിറങ്ങി സാധനങ്ങൾ എടുത്തു വരാന്തയിൽ കൊണ്ടു വച്ചു.

അപ്പോഴേക്കും ശോശാമ്മ ഇറങ്ങി വന്നു.

വരാന്തയിൽ കൂടുകളിൽ സാധനങ്ങൾ നിരന്നിരിക്കുന്നത് കണ്ടു ശോശാമ്മ അത്ഭുതം കൊണ്ടു.

“ഇതൊക്കെ എന്തോന്നാടാ ടോമിച്ചാ…”

“കുറച്ചു പച്ചക്കറികളും പോത്തിറച്ചിയും, മീനുമാ.. എടുത്തോണ്ട് പോ…”

ടോമിച്ചൻ പറഞ്ഞിട്ട് ഒരു ബീഡിക്കു തീ കൊളുത്തി.

ജെസ്സി കിണറ്റിൽ നിന്നും വെള്ളം കോരി ബക്കറ്റിൽ നിറക്കുമ്പോഴാണ് ടോമിച്ചൻ അങ്ങോട്ട്‌ ചെന്നത്.

” നിന്റെ ആ നഴ്സിംഗ് പഠനം പൂർത്തീകരിക്കാൻ നിനക്കാഗ്രഹമുണ്ടോ, അതിനുള്ള ഒരവസരം വന്നാൽ നീ പഠിക്കാൻ പോകുമോ.,കാശു എങ്ങനെയെങ്കിലും ഉണ്ടാക്കാം “

ടോമിച്ചന്റെ ചോദ്യം കേട്ടു ജെസ്സി ഇടുപ്പിന് കൈകുത്തി നിന്നു അയാളെ നോക്കി.

“എങ്കിൽ ആദ്യം  ബാത്റൂമ്  ഉണ്ടാക്ക്, പറ്റുമോ? ഈ മറപുരയിൽ നിന്ന് കുളിച്ചാൽ കുട്ടികാനം ജംഗ്ഷനിൽ ഉള്ളവർക്ക് വരെ കാണാം.കുളിക്കുന്ന പെണ്ണിന്റെ ശരീരശാസ്ത്രം മുഴുവൻ ..”

ജെസ്സി പറഞ്ഞിട്ട് വീണ്ടും വെള്ളം കോരാൻ തുടങ്ങി

“നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ കുട്ടികാനം ടൗണിൽ ഉള്ളവർ നിന്റെ കുളിസീൻ കാണാൻ ഭൂതക്കണ്ണാടിയും വച്ചു ഇങ്ങോട്ട് നോക്കി ഇരിക്കുകയാണെന്ന്‌,നീ ആരാ രംഭയോ?

അടങ്ങി ഒതുങ്ങി നിന്ന് കുളിക്കുന്നവർക്ക് ആരെയും പേടിക്കണ്ട, അവരുടെ നോക്കാൻ ആരും വരത്തില്ല,പെണ്ണുങ്ങൾക്ക്‌  ഇളക്കം കൂടുമ്പോഴാ ആണുങ്ങൾക്ക് രസം കൂടുന്നത്… അതുകൊണ്ട് അടങ്ങിയൊതുങ്ങി നിൽക്കാൻ നോക്ക്, ഞാനും ഇവിടെയല്ലേ കുളിക്കുന്നത്, അതും ഒരു മറപോലും ഇല്ലാതെ, എന്നെ ആരും നോക്കാൻ വരുന്നില്ലല്ലോ?..”

ടോമിച്ചൻ തോർത്തെടുത്തു തലയിൽ വട്ടത്തിൽ കെട്ടി.

“നിങ്ങൾ ആണുങ്ങൾ കുളിക്കുന്നത് പോലെയാണോ പെണ്ണുങ്ങൾ…”

ജെസ്സി ടോമിച്ചനെ തുറിച്ചു നോക്കി.

ടോമിച്ചൻ   മുറ്റത്തു നിൽക്കുന്ന ശോശാമ്മയുടെ അടുത്തേക്ക് ചെന്നു.

“ഞാൻ ഈരാറ്റുപേട്ട വരെ പോകുകയാ, വരുമ്പം ഉച്ച കഴിയും….”

“നീ ഉച്ചക്ക് ചോറുണ്ണാൻ കാണത്തില്ലേ ക്രിസ്തുമസ് ആയിട്ടു…”

ശോശാമ്മ ചോദിച്ചു.

“ഉണ്ടാക്കി നിങ്ങള് കഴിക്ക്, അപ്പോഴേക്ക് ഞാൻ വരാം…”

ടോമിച്ചൻ പോയി ലോറിയിൽ കയറി.

ശോശാമ്മ അടുക്കളയിൽ ചെല്ലുമ്പോൾ ജനാലക്കൽ എന്തോ ആലോചിച്ചു കൊണ്ടു നിൽക്കുന്ന ജെസ്സിയെ ആണ് കണ്ടത്.

“മോളെന്താ സങ്കടപെട്ട് നിൽക്കുന്നത്, മോള് വിഷമിക്കാതെ, എല്ലാം കർത്താവു കാണുന്നുണ്ട്, മോൾക്കൊരു നല്ലകാലം ദൈവം തരും “

“എനിക്ക് സങ്കടമൊന്നും ഇല്ലമ്മേ … കഴിഞ്ഞു പോയ കാലങ്ങളെ കുറിച്ച് ഓർത്തുപോയി..”

ജെസ്സിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“മോള് ടോമിച്ചനോട് പറഞ്ഞതൊക്കെ ഞാൻ കേട്ടിരുന്നു.മോള് കരയാതെ, കർത്താവു എന്തെങ്കിലും ഒരു വഴി കാണിച്ചു തരും, നഷ്ടപെട്ട സമ്പത്തൊക്കെ മോൾക്ക്‌ തിരിച്ചു കിട്ടും. ഒരു ക്രിസ്തുമസ് ആയിട്ടു സന്തോഷമായിരിക്ക്,ഈ അമ്മയില്ലേ കൂടെ,. “

ശോശാമ്മ തന്റെ സാരിയുടെ തലപ്പുകൊണ്ടു ജെസ്സിയുടെ കണ്ണുകൾ തുടച്ചു കൊടുത്തു. ജെസ്സി ശോശാമ്മയെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരുമ്മ നൽകി.

“ഇതും എന്റെ അമ്മയാ, എന്റെ സ്വൊന്തം അമ്മ….”

ഈരാറ്റുപേട്ടയിൽ എത്തി ടോമിച്ചൻ തടിമില്ലിലേക്ക് ചെന്നു.മില്ലിൽ പണിക്കാർ തടി ചുമന്നു കൊണ്ടുപോവുകയും, തടി അറക്കുന്ന പണികളിൽ ഏർപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ചില പരിചയക്കാർ ടോമിച്ചനെ കണ്ടു ചിരിച്ചിട്ട് പോയി.

പേട്ട കണ്ണൻ ടോമിച്ചനെ കണ്ടു പണി നിർത്തി അടുത്തേക്ക് ചെന്നു.

“ടോമിച്ചനെന്താ, വക്കച്ചൻ മുതലാളിയുടെ തടിയുമായി വന്നതാണോ, ലോറിയിൽ തടിയൊന്നും കാണുന്നില്ലല്ലോ “?

പേട്ട കണ്ണൻ ചോദിച്ചു കൊണ്ടു ടോമിച്ചനെ നോക്കി.

“തടിയുമായി വന്നതല്ല കണ്ണാ, ഞാൻ നിന്നെ കണ്ടൊരു കാര്യം തിരക്കാൻ വന്നതാ,അത്യാവശ്യമാ….”

“എന്താ ടോമിച്ചാ കാര്യം…”

പേട്ട കണ്ണനെ കൂട്ടി ടോമിച്ചൻ കുറച്ചകലേക്കു മാറി നിന്നു.

“എനിക്ക് അത്യാവശ്യമായി ഒരു മൂന്നുലക്ഷം രൂപ വേണം, അതിനുള്ള എന്തെങ്കിലും മാർഗം ഉണ്ടോ എന്നറിയാനാണ് വന്നത്…. എന്ത് പണി ആയാലും കുഴപ്പമില്ല, പണം വേണം….”

ടോമിച്ചൻ പറഞ്ഞു.

“പെട്ടന്ന് മൂന്ന് ലക്ഷം രൂപ എന്ന് പറഞ്ഞാൽ എന്ത് ജോലി ചെയ്താൽ കിട്ടും ടോമിച്ചാ, കള്ളക്കടത്തു നടത്തേണ്ടി വരുമല്ലോ, അല്ലാതെ എതെങ്കിലും ജോലിക്ക് പോയാൽ കിട്ടുമോ ?”

കണ്ണൻ ആലോചിച്ചു നിന്നു.

“നീ എന്താ ആലോചിക്കുന്നത്, നിനക്ക് കുറച്ചു തരികിടപരിപാടികൾ ഒക്കെ അറിയാവുന്നതല്ലേ? അതുകൊണ്ടാ നിന്നോട് ആലോചിക്കാമെന്നു വച്ചതു, കടം മേടിക്കാമെന്നു വച്ചാൽ ഞാൻ ഇത്രയും കാശു എങ്ങനെ തിരിച്ചു കൊടുക്കും, തന്നെയല്ല എനിക്കിത്രയും കാശു ആര് തരാനാണ്….”

ടോമിച്ചൻ കത്തിച്ചു ചുണ്ടിൽ വച്ച ബീഡിയിൽ നിന്നും പുക പുറത്തേക്കു ഊതികൊണ്ട് ചോദിച്ചു.

“ങ്ങാ ഇല്ലെങ്കിൽ വേണ്ട, വേറെ വഴി ആലോചിക്കാം, എന്നാ ഞാൻ പോട്ടെടാ…പെട്ടന്ന് തിരിച്ചു പോണം “

ടോമിച്ചൻ കണ്ണനോട് യാത്രപറഞ്ഞു ലോറിയിലേക്ക് കയറാൻ തുടങ്ങി.

മുൻപോട്ടു പോയ കണ്ണൻ പെട്ടന്ന് തിരിഞ്ഞു നിന്നു.

“ടോമിച്ചാ, ഒരു മിനിറ്റ്….”

അതുകേട്ടു ടോമിച്ചൻ കയറാതെ താഴെ നിന്നു.

കണ്ണൻ ചുറ്റും നോക്കിയിട്ട് ടോമിച്ചന്റെ അടുത്ത് വന്നു.

“ഒരു മാർഗ്ഗം ഉണ്ട്, കൈവിട്ട കളിയാ… കിട്ടിയാൽ ഊട്ടി, അല്ലെങ്കിൽ പൊക്കി….”

ടോമിച്ചൻ പ്രതീക്ഷയോടെ കണ്ണനെ നോക്കി.

“നീ കാര്യം പറ, നോക്കട്ടെ….”

“ഉപ്പുതറ കാർലോസ് മുതലാളിക്ക് കമ്പം ഷണ്മുഖം ചെട്ടിയാർ അയക്കുന്ന ഒരു ലോഡ് സ്പിരിറ്റ്‌ വരുന്നുണ്ട്. കോയമ്പത്തൂരിൽ നിന്നാണ് വരുന്നത്, അതിന്റെ ഡ്രൈവറിൽ ഒരാളിനെ എനിക്ക് പരിചയമുണ്ട്, അതുവഴി അറിഞ്ഞതാ… വാളയാർ ചെക്ക് പോസ്റ്റുവഴിയാ വരുന്നത്,അവിടെ നിൽക്കുന്ന പല ഉദ്യോഗസ്ഥരും ഇവരുടെ ആളുകളാ… ചെക്ക്പോസ്റ്റ്‌ കടന്നു കഴിഞ്ഞാൽ പിന്നെ ലോറിയിൽ ഡ്രൈവർ മാർ മാത്രമേ കാണു,വളയാറിനും  പാലക്കാടിനും ഇടക്കെവിടെ എങ്കിലും വച്ചു ലോഡ് മുക്കിയാൽ അത് മറിച്ചു കൊടുക്കുന്ന കാര്യം ഞാനേറ്റു, ഒരു ദിവസത്തെ സമയം കിട്ടിയാൽ മതി,….”

കണ്ണൻ പറഞ്ഞിട്ട് ടോമിച്ചനെ നോക്കി.

“ടോമിച്ചൻ ഉദ്ദേശിക്കുന്നപോലെ അത്ര എളുപ്പമല്ല, മാത്രമല്ല രണ്ടു വശത്തും നിൽക്കുന്നവർ പണംകൊണ്ടും സ്വാധിനം കൊണ്ടും പ്രാബലരാണ്, അവരെയാണ് ശത്രുക്കൾ ആക്കാൻ പോകുന്നത്…..”

കുറച്ചു നേരം ആലോചിച്ചു നിന്നശേഷം ടോമിച്ചൻ പറഞ്ഞു.

“എനിക്ക് മൂന്ന് ലക്ഷം രൂപ വേണം, അത്രയും പണം കിട്ടാൻ ഇതല്ലാതെ വേറെ മാർഗം ഇല്ലെങ്കിൽ ഇതങ്ങോട്ട് ചെയ്യും, എല്ലാവന്മാരും ചെയ്യുന്നത് കള്ളക്കടതല്ലേ, രണ്ടു കള്ളന്മാരുടെ സാധനങ്ങൾ മറ്റൊരു കള്ളൻ അടിച്ചു മാറ്റുന്നു, അത്രതന്നെ.പിന്നെ ബാക്കി ഒക്കെ വരുന്നിടത്തു വച്ചു കാണാം….പിന്നെ ലോഡ് വരുന്ന ഡീറ്റെയിൽസ് നീ അറിഞ്ഞിട്ടു പറ, നോക്കാം…ഒരു കൊള്ളരുതായ്മ കാണിച്ചിട്ടായാലും അത്രയും പണം ഒരുമിച്ചു കിട്ടുകയാണെങ്കിൽ അതാ നല്ലത്…..”

ടോമിച്ചൻ ലോറിയിൽ കയറി,

വഴിക്കടവ് എത്താറായപ്പോൾ മുൻപിൽ പോകുന്ന ഒരു ജീപ്പ് ടോമിച്ചന്റെ ശ്രെദ്ധയിൽ പെട്ടു.

ഹോണടിച്ചിട്ടും  ലോറിക്ക് സൈഡ് കൊടുക്കാതെ  ജീപ്പ് മുൻപോട്ടു പോകുകയാണ്. ജീപ്പിൽ നിന്നും ഒരാൾ തല പുറത്തേക്കിട്ട് എന്തൊക്കെയോ വിളിച്ചു പറയുന്നു, പറയുന്നത് തെറിയാണെന്നു മനസിലായതും ജീപ്പിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ഹോണടിച്ചു ലോറി നീങ്ങി, പെട്ടന്ന് ജീപ്പിന് സ്പീഡ് കൂടി, എന്തോ ഒരസ്വാഭാവികത തോന്നി ടോമിച്ചന്…. കുറച്ചു ദൂരം മുൻപോട്ടു പോയി വീതികൂടിയ ഭാഗത്തെത്തിയതും ടോമിച്ചൻ ലോറി ജീപ്പിനെ ഓവർടേക്ക് ചെയ്തു നിർത്തി. ജീപ്പ് ലോറിയുടെ പിന്നിൽ ഇടിച്ചില്ല എന്ന രീതിയിൽ നിന്നു.

ജീപ്പിൽ നിന്നും രണ്ടുപേർ ചാടിയിറങ്ങി ലോറിക്ക് നേരെ നോക്കി തെറിവിളിച്ചു.

“ഏതു കഴുവേറി മോനാടാ ജീപ്പിന് വട്ടം വയ്ക്കുന്നത്, അതും ഞങ്ങളുടെ…..”

ടോമിച്ചൻ ലോറിയിൽ നിന്നും ഇറങ്ങി.

ജീപ്പിന് നേരെ നടന്നു.

പുറത്തിറങ്ങി തെറിവിളിച്ചു കൊണ്ടുനിന്നവർക്ക്‌ മുൻപിലെത്തി…

“ഇനി തെറി വിളിച്ചോ, ലോറിക്കകത്തിരുന്നത് കൊണ്ടു ക്ലിയർ ആയി കേട്ടില്ല മക്കള് ഒന്നുകൂടി ആവർത്തിച്ചേ….”

ടോമിച്ചൻ പറഞ്ഞതും “നായിന്റെ മോനെ “എന്നലറി കൊണ്ട് ഒരുത്തൻ കൈ വീശി ഒരടി.. അത് കരുതി നിന്ന ടോമിച്ചൻ മിന്നൽ വേഗത്തിൽ ഒഴിഞ്ഞു മാറിയതും അവന്റെ കൈ പിടിച്ചു തിരിച്ചു മുഖമടച്ചു ഒരിടി. ഇടി കൊണ്ടവൻ ജീപ്പിന്റെ ബോണറ്റിലേക്കു വീണു. അടുത്ത് നിന്നവന്റെ കഴുത്തിനു പിടിച്ചു തള്ളി ജീപ്പിനോട് ചേർത്തു വച്ചിട്ട് മുരണ്ടു…

“ആരാടാ നീയൊക്കെ? ങേ…നിന്റെയൊക്കെ തന്തയുടെ വകയാണോടാ ഈ റോഡ്, നിന്റെയൊക്കെ സൗകര്യത്തിന് ഓടിക്കാൻ….”

അതുകേട്ടു ജീപ്പിന്റെ മുൻ സീറ്റിൽ ഇരുന്ന രണ്ടുപേർ ഇറങ്ങി വന്നു.

അവർ ടോമിച്ചന്റെ മുൻപിൽ വന്നു.

“അവനെ വിട്ടേക്ക്, ഞങ്ങൾ പറയാം, ഞാൻ റോയി, ഇത് ജോർജി, കമ്പം ഷണ്മുഖം ചട്ടിയാരുടെ മക്കളാ, അങ്ങ് കുമളിന്ന്….അമ്മ മലയാളി ആയതുകൊണ്ട് മലയാളികളുടെ പേരിട്ടു..ഇനി നിനക്കെന്താ അറിയേണ്ടത് .”

കമ്പം ഷണ്മുഖം ചെട്ടിയാർ എന്ന് കേട്ടതും ടോമിച്ചന്റെ കണ്ണുകൾ വികസിച്ചു..

“നീ ഒക്കെ ഏതു തമിഴന്റെ മക്കളായാലും വേണ്ടില്ല മര്യാദക്ക് വഴിയിലൂടെ വണ്ടി ഓടിച്ചോണം, അതല്ല കളിയെറക്കാനാണെങ്കിൽ നീ ഒന്നും ഇവിടെനിന്നും രണ്ടുകാലിൽ നടന്നു പോകില്ല….”

പറഞ്ഞതും ജീപ്പിനുള്ളിൽ നിന്നും ഒരു ഞരക്കവും മൂളിച്ചയും കേട്ടു ടോമിച്ചൻ ജീപ്പിന്റെ പുറകിലേക്ക് നടന്നു. ജീപ്പിന്റെ പുറകിലെ പടുത പൊക്കിനോക്കിയ അയാൾ അമ്പരന്നു.

അതിനുള്ളിൽ ഒരു പെൺകുട്ടി കൈകാലുകൾ കെട്ടി വായിക്കുള്ളിൽ തുണി തിരുകിയ നിലയിൽ കിടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ ടോമിച്ചൻ അറിഞ്ഞു. അത് വക്കച്ചൻ മുതലാളിയുടെ മകൾ മെറിൻ ആയിരുന്നു.

അവൾ ടോമിച്ചനെ കണ്ടു മുഖം കൊണ്ടു രക്ഷിക്കൂ എന്നപേക്ഷിക്കുകയാണ്.

ടോമിച്ചൻ ഡോർ തുറക്കാൻ തുടങ്ങിയതും ജോർജി കയ്യിൽ കേറി പിടിച്ചു.

“ഞങ്ങൾ കുറച്ചു കഷ്ടപ്പെട്ട് പിടിച്ച കിളിയെ വെറുതെ അങ്ങനെ അടിച്ചോണ്ടു പോകാമെന്നു വിചാരിച്ചോ, തടി കേടാക്കാതെ വന്ന വഴിക്കു വിട്ടോ…”

റോയിയും ടോമിച്ചന്റെ അടുത്ത് നിലയുറപ്പിച്ചു.

ടോമിച്ചൻ ഒരു കൈകൊണ്ടു തുറന്ന ഡോർ അടച്ചതും ജോർജിയുടെ കൈ തട്ടിമാറ്റി മുൻപോട്ടു വലിച്ചു. മുൻപോട്ടാഞ്ഞു വന്ന ജോർജിയുടെ തല പിടിച്ചു ജീപ്പിന്റെ ഡോറിലേക്ക് ഒരിടിയും ഒരു തള്ളും ഒരുമിച്ചായിരുന്നു. ഒരലർച്ചയോടെ ചതഞ്ഞ മുഖവുമായി ജോർജി പുറകോട്ടു തെറിച്ചു പോയി.

റോയിയുടെ ഒരു ചവുട്ട് ടോമിച്ചന്റെ പുറത്തു കൊണ്ടു, വീണ്ടും ഉയർത്തിയ റോയിയുടെ കാലിൽ പിടിച്ചു പൊക്കി നാഭി നോക്കി ഒരു ചവിട്ടു കൊടുത്തു. റോയി നിലത്തേക്കൂർന്നു.

ടോമിച്ചൻ ജീപ്പിന്റെ ഡോർ തുറന്നു മെറിനെ വലിച്ചിറക്കി കയ്യിലെ കെട്ടുകളഴിച്ചു വായിൽ നിന്നും തുണി വലിച്ചു കളഞ്ഞു.

മെറിൻ കണ്ണുകൾ മിഴിച്ചു ശ്വാസം വലിച്ചു.

വീണുകിടക്കുന്ന ജോർജിയെയും റോയിയെയും പൊക്കിയെടുത്തു ജീപ്പിലേക്കു ചാരി നിർത്തി.

“കഴുവേറികളെ, നീ ഇവിടെ വന്നു പെൺപിള്ളേരെ പൊക്കികൊണ്ട് പോകും അല്ലേടാ… അഞ്ചു മിനിറ്റിനകം ഇവിടെ നിന്നും വിട്ടു പൊക്കോണം…. അല്ലെങ്കിൽ രണ്ടിനെയും കത്തിച്ചു കളയും…..”

ടോമിച്ചൻ പറഞ്ഞിട്ട് മെറിനെയും കൊണ്ടു ലോറിക്ക് നേരെ നടന്നു.

റോയിയും ജോർജിയും കൂട്ടുകാരും കയറിയ ജീപ്പ് ഇരിരമ്പലോടെ പാഞ്ഞുപോയി.

“എന്റെ സ്കൂട്ടർ ഇവന്മാർ തീക്കോയിൽ വച്ചിരിക്കുവാ…തീക്കോയിൽ അമ്മാച്ചന്റെ വീട്ടിൽ പോയി തിരിച്ചു വരുമ്പോഴാ ഇവന്മാരുടെ കയ്യിൽ പെട്ടത്, എന്നെ ബലമായി പിടിച്ചു ജീപ്പിൽ കേറ്റുകയായിരുന്നു.”

മെറിൻ  ഒരു വിറയലോടെ  പറഞ്ഞു.

ടോമിച്ചൻ അവളെ അടിമുടി ഒന്ന് നോക്കി.

“മെറിൻ കൊച്ചേ… ഈ ഇറുകിപിടിച്ചിരിക്കുന്ന തുണിയും ഇട്ടോണ്ട് തള്ളിപ്പിടിച്ചു നടന്നാൽ ഇവന്മാരല്ല ആരായാലും തട്ടിക്കൊണ്ടു പോകും.  കേരളത്തിൽ കാലാവസ്ഥ വ്യെതിയാനം സംഭവിച്ചത് കൊണ്ടാണെന്നു തോന്നുന്നു,പള്ളിലച്ചൻ മാർക്കും, കന്യസ്ത്രീകൾക്കും, പൂജാരിക്കും മുക്രിക്കും വരെ കാമപ്രാന്താ…അപ്പോ പിന്നെ ഇവന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല….ലോറിലോട്ട് കേറിക്കോ വീട്ടിക്കൊണ്ടെറക്കാം, എനിക്ക് വക്കച്ചൻ മുതലാളിയെ കണ്ടൊരു കാര്യം പറയാനുമുണ്ട് “

ടോമിച്ചൻ ലോറിയിൽ കേറി സ്റ്റാർട്ട്‌ ചെയ്തു. അപ്പോഴേക്കും മെറിൻ ലോറിയിൽ കയറി സീറ്റിൽ ഇരിപ്പുറപ്പിച്ചിരുന്നു. ലോറി മുൻപോട്ടു നീങ്ങി.

കുന്നേൽ ബംഗ്ലാവിന്റെ ഗേറ്റിനു മുൻപിൽ ലോറി നിർത്തി ടോമിച്ചൻ ഇറങ്ങി, ലോറിയിൽ നിന്നും മെറിൻ പുറത്തേക്കിറങ്ങുമ്പോഴാണ് വക്കച്ചൻ മുതലാളിയുടെ ജീപ്പ് വന്നു നിന്നത്. ജീപ്പ് നിർത്തി വക്കച്ചൻ പുറത്തിറങ്ങി.

അപ്പോഴേക്കും ടോമിച്ചനെ നന്ദി സൂചകമായി ഒന്ന് നോക്കിയിട്ട് മെറിൻ ഗേറ്റ് കടന്നു അകത്തേക്ക് നടന്നിരുന്നു.

വക്കച്ചൻ ടോമിചന്റെ അടുത്തേക്ക് വന്നു.

“ഇതെന്താ ടോമിച്ചാ ഇവൾ നിന്റെ ലോറിയേൽ… ഇവളുടെ സ്കൂട്ടർ എന്തിയെ…..”

വക്കച്ചൻ സംശയത്തോടെ ടോമിച്ചനെ നോക്കി.

ടോമിച്ചൻ നടന്ന സംഭവങ്ങൾ വക്കച്ചനെ പറഞ്ഞു കേൾപ്പിച്ചു.

അതുകേട്ടു വക്കച്ചൻ കലികൊണ്ട് വിറച്ചു..

“ടോമിച്ചാ, അവന്മാരെ എന്തിനാ വിട്ടത്, കൊന്നു കൊക്കയിൽ തള്ളിയേക്കാൻ പാടില്ലായിരുന്നോ? കേസിൽ നിന്നും ഞാൻ ഊരിയെടുത്തോളമായിരുന്നു നിന്നെ. ഈ നാട്ടിൽ വന്നു എന്റെ മകളുടെ അടുത്ത് തന്തയില്ല തരം കാണിച്ച ആ നായിന്റെ മക്കളെ വെറുതെ വിട്ടത് ശരിയായില്ല. പൊറകെ പോയി തീർത്തലോ അവന്മാരെ…”

“അതൊന്നും വേണ്ട, നല്ല രണ്ടെണ്ണം കൊടുത്ത അവന്മാരെ വിട്ടത്, ഇനി ഈ വഴി വരത്തില്ല…”

ടോമിച്ചൻ പറഞ്ഞു.

“ഞാനിപ്പോൾ വന്നത്‌ വേറൊരു കാര്യം ചോദിക്കാനാ, മുതലാളിയുടെ പാലക്കാട് അടച്ചിട്ടിരിക്കുന്ന ആ ആ ഫാക്ടറി ഇല്ലേ, എനിക്ക് രണ്ടു ദിവസത്തിന് അവിടെ ഒരു വണ്ടി ഒന്ന് കേറ്റിയിടണം ഗോഡൗണിൽ, കുറച്ചു സീക്രെട്ട…. “

അതുകേട്ട് വക്കച്ചൻ ടോമിച്ചനെ സൂക്ഷിച്ചു നോക്കി.

“ആരുടെ വണ്ടിയ, നിന്റെയാ, നിനക്ക് പാലക്കാട് എന്താ പണി….”

“എനിക്ക് വണ്ടി അവിടെ ഇട്ടിട്ടു ഒരു സ്ഥലം വരെ പോകാനുണ്ട്, പറയാതെ ചെയ്യുന്നത് ശരിയല്ലല്ലോ, അത് കൊണ്ടാ…”

ടോമിച്ചൻ കാലുകുത്തി ലോറിയിലേക്ക് ചാരിനിന്നു.

“നീ കേറ്റിയിടുകയോ, ഇറക്കികൊണ്ട് പോവുകയോ എന്ത് വേണമെങ്കിലും ചെയ്യ്..കുഴപ്പത്തിലൊന്നും ചെന്നു ചാടിയേക്കരുത്,”

പറഞ്ഞിട്ട് വക്കച്ചൻ ജീപ്പിൽ കേറി ഗേറ്റിനു അകത്തേക്ക് ഓടിച്ചുപോയി..വക്കച്ചനിൽ നിന്നും കാര്യം കേട്ട മോളികുട്ടി  “കർത്താവെ “എന്ന് വിളിച്ചു, നെഞ്ചിൽ കൈവച്ചു.

ടോമിച്ചൻ വീട്ടിലെത്തുമ്പോൾ ശോശാമ്മയും ജെസ്സിയും ടോമിച്ചനെയും നോക്കി ഭക്ഷണം കഴിക്കാതെ ഇരിക്കുകയായിരുന്നു.

“ടോമിച്ചാ,ചോറ് വിളമ്പട്ടേ….”

ശോശാമ്മ ടോമിച്ചനെ നോക്കി..

“ങ്ങാ എടുത്തോ….”

പറഞ്ഞിട്ട് കിണറിനടുത്തേക്ക് പോയി കയ്യും കാലും മുഖവും കഴുകി വരാന്തയിൽ വന്നിരുന്നു.

ശോശാമ്മ ചോറുമായി വന്നപ്പോൾ കറികളോരൊന്നായി  ജെസ്സി എടുത്തുകൊണ്ടുവന്നു.

“ഞങ്ങളും കഴിച്ചില്ല, ക്രിസ്തുമസ് അല്ലയോ, നീയും കൂടി വന്നിട്ട് ഒരുമിച്ചിരിക്കാം എന്ന് കരുതി, ജെസ്സിയും നീ വന്നിട്ട് മതി എന്ന് പറഞ്ഞു….”

വിളമ്പുന്നതിനിടയിൽ ശോശാമ്മ പറഞ്ഞു.

“അതെന്താ എന്നെ കണ്ടാലേ ഇവിടെയുള്ളവർക്ക് ചോറ് ഇറങ്ങാത്തൊള്ളോ, വിശന്നാൽ ഒള്ളത് എടുത്തു തിന്നോണം,എന്നെ നോക്കണ്ട…”

ശോശാമ്മ ചോറുവിളമ്പിയ ശേഷം അകത്തേക്ക് പോയി

ടോമിച്ചൻ ചോറിലേക്ക് മീൻചാറൊഴിച്ചു കുഴച്ചു ഉരുളകളാക്കി വായിൽ വച്ചു.

പതിവിലും സ്വാദുള്ളതുപോലെ ടോമിച്ചന് തോന്നി.

“എങ്ങനെ ഉണ്ട് കറികൾ, ഞാനാ മീനും ഇറച്ചിയും വച്ചതു,….”

ജെസ്സി കുറച്ചു കറികൾ കൂടി പാത്രത്തിലേക്കു വിളമ്പി കൊടുത്തുകൊണ്ട് ചോദിച്ചു.

“കൊള്ളാം, രുചിയൊക്കെയുണ്ട്….”

ടോമിച്ചൻ പറഞ്ഞു കൊണ്ടു ഗ്ലാസിലുള്ള വെള്ളമെടുത്തു കുടിച്ചു.

“മറ്റുള്ളവരെ അംഗീകരിച്ചു കൊടുക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള കൂട്ടത്തിലാ അല്ലേ, രുചി ഉണ്ടെങ്കിൽ നല്ല സൂപ്പർ ആയിട്ടുണ്ട് എന്ന് പറഞ്ഞു അഭിനന്ദിക്കണം. അങ്ങനെയാ ആണുങ്ങൾ….”

ജെസ്സി ഗ്ലാസ്സിലേക്ക് വെള്ളമൊഴിച്ചു കൊടുത്തു കൊണ്ടു പറഞ്ഞു.

ടോമിച്ചൻ അവളെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് കഴിച്ചു കൊണ്ടിരുന്നു.

ശോശാമ്മ അകത്ത് നിന്നു വിളിക്കുന്നത്‌ കേട്ടു ജെസ്സി വീടിനുള്ളിലേക്ക് പോയി.

ഉപ്പുതറ കാർലോസ് വൈകുന്നേരം ടെറസ്സിൽ ഇരിക്കുമ്പോഴാണ് ഫ്രഡ്‌ഡി അടുത്തേക്ക് ചെന്നത്.

“പപ്പാ, കമ്പത്തുനിന്നും ഷണ്മുഖം ചെട്ടിയാർ വിളിച്ചിരുന്നു, നാളെ കോയമ്പത്തൂരിൽ നിന്നും ലോഡ് വരും. വാളയാർ ചെക്ക്പോസ്റ്റിൽ നേരത്തെ ഒന്ന് വിളിച്ചു പറഞ്ഞേക്കാൻ പറഞ്ഞു.

നമ്മുടെ കൈക്കുള്ളിൽ നിൽക്കാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ നാളെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നമ്മുടെ ആളുകളെ പോസ്റ്റ്‌ ചെയ്യാൻ, വാളയാർ വരെ അവരുടെ ആളുകൾ കൂടെ വരും, ചെക്ക്പോസ്റ്റ് കഴിഞ്ഞാൽ പിന്നെ നമ്മുടെ രണ്ടാളുകളെ നിർത്തണം… ഡ്രൈവർമാർ തമിഴന്മാരല്ലേ കൂടെ നമ്മുടെ രണ്ടാളുകൾ അവിടെനിന്നും കേറുന്നത് നല്ലതാ…..”

മൂളികേട്ട് കൊണ്ടിരുന്ന കാർലോസ് കസേരയിൽ നിന്നും എഴുനേറ്റു.

“നാളെ വരുന്ന സ്പിരിറ്റ്‌ ഫസ്റ്റ് ക്വാളിറ്റിയ, വില അൽപ്പം കൂടുതലാ, ഫുൾ ലോഡ് കൊണ്ടുവരാൻ പറഞ്ഞിരിക്കുന്നത്. കുടിക്കുന്നവന്മാരുടെ കണ്ണും ചെവിയും കരളും അടിച്ചുപോയെന്നു പറഞ്ഞു പ്രശ്നങ്ങൾ ഉണ്ടാകത്തില്ല. അതുകൊണ്ടു കഞ്ചാവ് ബിജുവിനെയും, ചോരക്കണ്ണൻ ജാക്കിയെയും അയച്ചാൽ മതി.ഒരു കുഴപ്പവും കൂടാതെ സാധനം ഇവിടെ എത്തണം…”

കാർലോസ് പറഞ്ഞു.

“അത് ജോഷി ഏർപ്പാടാക്കിക്കോളും “

കാർലോസിന്റെ മക്കളാണ്  ഫ്രഡ്‌ഡിയും, ജോഷിയും പിന്നെ സെലിനും…..

ഫ്രഡിക്കു ആണ് തേയില, കാപ്പി ഏലം ബിസിനസിന്റെ നടത്തിപ്പ്, ജോഷിക്ക്  ഷാപ്പുകളുടെയും  ബാറുകളുടെയും മേൽനോട്ടമാണ് കാർലോസ് കൊടുത്തിരിക്കുന്നത്.

അപ്പോഴേക്കും സിസിലി ചായയുമായി വന്നു.

“സെലിൻ വന്നില്ലയോടി കോളേജിന്നു…..”

കാർലോസിന്റെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി , കുട്ടികാനം ജംഗ്ഷനിലെ ചായക്കടയിൽ നിന്നും  ടോമിച്ചൻ  കട്ടൻകപ്പി കുടിച്ചു  കൊണ്ടിരിക്കുമ്പോഴാണ് ചായക്കടക്കു മുൻപിൽ ഒരു ജീപ്പ് വന്നു നിന്നത്.

പേട്ടക്കണ്ണൻ ഇറങ്ങി കോയമ്പത്തൂരിൽ നിന്നും ലോഡ് വരുന്ന കാര്യം അറിയിച്ചു.

ടോമിച്ചൻ കയ്യിലിരുന്ന കട്ടൻകാപ്പി കുടിച്ചു മട്ടു നിലത്തേക്ക് ഒഴിച്ച് കളഞ്ഞു.

“ലോഡ് എത്തിയാൽ ഉടൻ സാധനം കൊടുത്തു കാശുമേടിക്കുന്ന കാര്യം ഞാൻ ഏറ്റു..അപ്പോൾ ഞാൻ പോകുവാ ..”

പേട്ട കണ്ണൻ യാത്രപറഞ്ഞു ജീപ്പിൽ കേറി പോയി

കാപ്പിയുടെ  കാശു കൊടുത്തു ടോമിച്ചൻ ലോറിയിൽ കയറി.

വീട്ടിലെത്തി കുളിച്ചു ഡ്രസ്സ്‌ മാറി.

വരാന്തയിൽ വന്നിരുന്നു ഒരു ബീഡിക്കു തീകൊളുത്തി, ശോശാമ്മ അടുക്കളയിൽ നിന്നും പുറത്തേക്കു വന്നു.

“കാപ്പി എടുക്കട്ടെ ടോമിച്ചാ…”

“വേണ്ട ഞാൻ കുട്ടികാനത്തുനിന്നും കുടിച്ചു, ഇന്ന്  രാത്രിയിൽ കുറച്ചു ജോലിയുണ്ട്, ഒരു ദിവസം കഴിഞ്ഞേ വരത്തൊള്ളൂ.പിന്നെ…..”

ടോമിച്ചൻ ഒന്ന് നിർത്തിയിട്ടു ശോശാമ്മയെ നോക്കി.

മുടികളിലാകെ നരകൾ പടർന്നിരിക്കുന്നു. മുഖത്തു ചുളിവുകൾ വീണു, കുഴിഞ്ഞ കണ്ണുകളിൽ ദൈന്യത നിഴലിച്ചു നിൽക്കുന്നു.

“നിങ്ങക്ക് ഈ മാടത്തിൽ കഴിയുമ്പോൾ വിഷമം തോന്നിയിട്ടുണ്ടോ? ഒരു നല്ല വീട്ടിൽ കിടക്കാൻ കഴിഞ്ഞില്ല എന്ന വിഷമം….”

ടോമിച്ചന്റെ ചോദ്യം കേട്ടു ശോശാമ്മ മകനെ തുറിച്ചു നോക്കി.

“നിനക്കെന്താ ഇപ്പൊ ഇങ്ങനെയൊക്കെ തോന്നാൻ, ഞാൻ പറഞ്ഞോ നിന്നോട് ഇവിടെ എനിക്ക് കിടക്കാൻ വിഷമമുണ്ടെന്നു, ഇതുപോലും ഇല്ലാത്ത എത്ര ആളുകളുണ്ട്, അവരെ കുറിച്ചോർക്കുമ്പോൾ നമ്മുടെ വിഷമം എത്ര നിസ്സാരം…”

“ഞാൻ വെറുതെ ചോദിച്ചതാ, ഞാൻ ഇവിടെയില്ലെന്ന കാര്യം ആരും അറിയണ്ട “

ടോമിച്ചൻ കയ്യിലിരുന്ന ബീഡികുറ്റി ദൂരേക്ക് എറിഞ്ഞു കളഞ്ഞു, എഴുനേറ്റു.

ലോറിയുടെ സമീപത്തേക്ക് നടക്കുമ്പോൾ അഴയിൽ നിന്നും തുണി പെറുക്കുകയായിരുന്നു ജെസ്സി.

ജെസ്സിയുടെ അടുത്തെത്തിയപ്പോൾ ടോമിച്ചൻ നിന്നു.

“നിന്റെ മുടങ്ങിപ്പോയ നഴ്സിംഗ് പഠനം പൂർത്തിയാക്കാൻ തയ്യാറായിക്കോ, ഞാൻ വന്നാലുടനെ കട്ടപ്പനക്ക് പോണം…”

ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി അത്ഭുതത്തോടെ ടോമിച്ചനെ നോക്കി.

അത് ഗൗനിക്കാതെ ടോമിച്ചൻ ലോറിയിൽ കയറി.

           ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!