പുലർച്ചെ 5 മണിയായപ്പോൾ ടോമിച്ചൻ പാലക്കാട് എത്തി. ടൗൺ കഴിഞ്ഞു മണ്ണാർകാടിനു പോകുന്ന റൂട്ടിൽ കുറച്ചുള്ളിലേക്ക് കയറി ആണ് വക്കച്ചൻ മുതലാളിയുടെ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന റബ്ബർ ഫാക്ടറിയും ഗോഡൗണും.
പൊട്ടിപൊളിഞ്ഞു കിടക്കുന്ന വഴിയിലൂടെ ലോറി ആടി കുലുങ്ങി ഫാക്ടറിയുടെ മുൻപിൽ നിന്നു. ടോമിച്ചൻ ഇറങ്ങി.
തുരുമ്പു പിടിച്ച ഗേറ്റ് തള്ളിതുറന്നു ഫാക്ടറി വളപ്പിലേക്കു കയറി. ഫാക്ടറിക്കു ചുറ്റും കാടുപിടിച്ചു കിടക്കുന്നു. കുറ്റിച്ചെടികളും, കാട്ടു ചെടികളും, വള്ളിപടർപ്പുകളും വളർന്നു നിൽക്കുന്നു. ….വക്കച്ചന്റെ കയ്യിൽ നിന്നും ടോമിച്ചൻ മേടിച്ചുകൊണ്ടുവന്ന താക്കോൽ ഉപയോഗിച്ച് ഫാക്ടറിയുടെ വാതിൽ തുറന്നു……..
അങ്ങിങ്ങായി തുരുമ്പിച്ചു കിടക്കുന്ന കുറച്ചു യന്ത്രസാമഗ്രികൾ… അഴുക്കുപിടിച്ച കറുത്ത തറകളും, ദുർഗന്ധങ്ങളും……
ടോമിച്ചൻ അതിനിടയിലൂടെ കുറച്ചു നേരം നടന്നു.
പിന്നെ തിരിച്ചു വന്നു ഗോഡൗൺ തുറന്നു.
ചിതറികിടക്കുന്ന പാഴ്‌വസ്തുക്കളും, യന്ത്രത്തിന്റെ ഉപയോഗസൂന്യമായ പാർസുകളും ഒതുക്കി ഇട്ടു. ഒരു ലോറി കേറ്റിയിടാനുള്ള സ്ഥലം ശരിയാക്കിയിട്ടു. ഫക്ടറി പൂട്ടി, ലോറി വന്നാലുടൻ കയറ്റി ഉള്ളിലിടാവുന്ന രീതിയിൽ ഗോഡൗൺ തുറന്നിട്ട് പുറത്തിറങ്ങി.
ഗേറ്റ് ചാരി, തന്റെ ലോറിയിൽ കയറി.
ഒൻപതര ആയപ്പോൾ ടോമിച്ചൻ വാളയാർ എത്തി. ചെക്ക്പോസ്റ്റിനു ഒരു കിലോമീറ്റർ അകലെ കുറച്ചകത്തേക്ക് കയറ്റി നിർത്തി. പുറത്തിറങ്ങി.
ചെക്ക് പോസ്റ്റിലേക്ക് നടന്നു.
ചെക്ക് പോസ്റ്റിനരുകെ ചരക്കു ലോറികൾ വരി വരിയായി റോഡിന്റെ വശങ്ങളിൽ നിർത്തി ഇട്ടിരിക്കുന്നു.. തമിഴ്നാട്.. ആന്ധ്രാ.. കർണാടക.. ഗുജറാത്തു രെജിസ്ട്രേഷൻ വാഹനങ്ങളാണ് കൂടുതലും.നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് പുറത്തു കൂട്ടം കൂടിയും ഒറ്റതിരിഞ്ഞും ഡ്രൈവർമാർ നിന്നു സംസാരിക്കുന്നുണ്ട്.
ചിലർ അടുത്തുള്ള ചെറിയ വഴിയോര ചായക്കടയിൽ കയറി ചായകുടിച്ചു കൊണ്ടിരിക്കുന്നു .
ടോമിച്ചൻ അടുത്തുകണ്ട ഒരു ചായക്കടയിൽ കയറി ചായക്ക് പറഞ്ഞിട്ട് ഒരു ബീഡി കത്തിച്ചു. പുക ഊതി വിട്ടു കൊണ്ടു പരിസരമാകെ ഒന്ന് നിരീക്ഷിച്ചു. അപ്പോൾ അങ്ങോട്ട് വന്ന ഒരു പോലീസുകാരൻ ടോമിച്ചൻ നിൽക്കുന്ന ഭാഗത്തേക്ക് ചെന്നു.
“നിങ്ങൾ ടോമിച്ചനല്ലേ, കുട്ടിക്കാനത്തുള്ള ടോമിച്ചൻ..”
ചോദ്യം കേട്ടു ടോമിച്ചൻ തിരിഞ്ഞു അയാളെ സൂക്ഷിച്ചു നോക്കി.
നെയിം ബോർഡിൽ എഴുതിയിരിക്കുന്നു.”സി ഐ ഷാജോൺ “
“എന്നെ സാറിന് എങ്ങനെ അറിയാം, ഞാൻ ടോമിച്ചൻ ആണെന്നും, കുട്ടിക്കാനതുള്ളതാണെന്നും ഒക്കെ….”
ചുണ്ടിൽ എരിഞ്ഞു തീരാറായ ബീഡികുറ്റി എടുത്തു ദൂരെ എറിഞ്ഞു കൊണ്ടു ചോദിച്ചു.
“എന്നെ ഓർമ്മയില്ലേ, പക്ഷെ ടോമിച്ചനെ എനിക്ക് മറക്കാൻ കഴിയില്ല, വാഗമണ്ണിൽ ടുറിന് വന്നപ്പോൾ കൊക്കയിലേക്ക് ചെരിഞ്ഞ വണ്ടിയിൽ നിന്നും എന്നെയും ഭാര്യയെയും കുട്ടികളെയും ജീവൻ പണയം വച്ചു രക്ഷപ്പെടുത്തിയ ആളെ മറക്കാൻ പറ്റുമോ ഈ ജന്മത്ത്… അതാ കണ്ടപ്പോൾ അടുത്തേക്ക് വന്നതു,ഇപ്പോൾ ഓർമ്മയുണ്ടോ?”
ടോമിച്ചൻ പെട്ടന്ന് ഓർമ വന്നതുപോലെ തലകുലുക്കി.
“ങ്ങാ ഇപ്പൊ ഓർമ്മ വന്നു, സാറിന് ഇവിടെ ആണോ ഡ്യൂട്ടി…”
ടോമിച്ചൻ സി ഐ ഷാജോൺ ചോദിച്ചു.
“അതേ, ഇന്നിവിടെയാ ഡ്യൂട്ടി, ടോമിച്ചൻ എന്താ ഇവിടെ, എന്റെ എന്തെങ്കിലും സഹായം വേണമെങ്കിൽ പറഞ്ഞോണം, മടിക്കേണ്ട, ന്റെ കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന ആളിന് ഒരു പ്രത്യുപകാരം ചെയ്യാനുള്ള അവസരമല്ലേ “
സി ഐ ഷാജോണിന്റെ ചോദ്യം കേട്ടു ടോമിച്ചൻ ഒന്ന് ചിന്തിച്ചു, വന്ന കാര്യം ഇയാളോട് പറഞ്ഞാൽ കുഴപ്പമാകുമോ, അതോ ഒരു സഹായകമാകുമോ?
.
“ടോമിച്ചാ, പേട്ടേന്ന് കണ്ണൻ വിളിച്ചു എന്നോട് കാര്യങ്ങൾ പറഞ്ഞിരുന്നു. കുറച്ചു റിസ്ക് പിടിച്ച കാര്യമാ, പിടി വീണാൽ 5 കൊല്ലം അകത്തുപോയി ഉണ്ട തിന്നാനുള്ള വകുപ്പുണ്ട്. എന്തായാലും അവന്മാർ ചെയ്യുന്നത് കള്ളക്കടത്ത, ഞാൻ ഉൾപ്പെടെ മുകളിലുള്ള എല്ലാ എമാന്മാരും കാശുമേടിച്ച ഇ പരിപാടി, അപ്പോ എനിക്കൊരു ഉപകാരം ചെയ്തയാളെ സഹായിച്ചില്ലെങ്കിൽ പിന്നെ എന്ത്?
ഒരു കാര്യം ചെയ്യ്, ഷണ്മുഖത്തിന്റെ വണ്ടി ഇപ്പോൾ എത്തും, അവന്മാർ ഇവിടെ ഒതുക്കി ഡ്രൈവർ പോയി ചെക്ക്പോസ്റ്റിലെ ഏമാന്മാർക്ക് ടിപ്പ് കൊടുത്തു,ചായകുടിയും കഴിഞ്ഞ പോകുന്നത്, വേറൊരുത്തൻ കൂടി കാണും, അവനെ ടോമിച്ചൻ എങ്ങനെയെങ്കിലും അധികം ഒച്ചപ്പാടോ ബെഹളമോ ഇല്ലാതെ ഒതുക്കി വണ്ടിയുമായി വിട്ടോണം, പാലക്കാട് എത്തി വണ്ടി എവിടെയെങ്കിലും മുക്കിക്കോണം, ഷണ്മുഖമോ, കാർലോസോ അറിഞ്ഞു വരുമ്പോൾ രഹസ്സ്യമായി അന്വേഷണം ഉണ്ടാകും, മാത്രമല്ല കള്ളക്കടത്തു ആയതിനാൽ പരസ്യമായ പ്രശ്നങ്ങൾ ഉണ്ടാകാതില്ല, എല്ലായിടത്തും അവന്മാരുടെ ചാരന്മാർ ഉണ്ട്, സൂക്ഷിക്കണം….”
പറഞ്ഞു കൊണ്ടു നിൽക്കുന്ന സമയത്തു ഒരു നാഷണൽ പെർമിറ്റു ലോറി വഴിയുടെ മറുവശത്തു വന്നു ഒതുങ്ങി നിന്നു.
അതിൽ നിന്നും ഡ്രൈവരെ പോലെ തോന്നിക്കുന്ന ഒരു തമിഴൻ ഇറങ്ങി , സി ഐ ഷാജോണിന്റെ അടുത്തേക്ക് വന്നു.അയാളോട് ചെക്പോസ്റ്റിന്റെ അടുത്തുള്ള റെസ്റ്റ്ഹൗസ്സിലേക്ക് ചെല്ലുവാൻ പറഞ്ഞു സി ഐ , തമിഴൻ ചെക്ക്പോസ്റ്റിലേക്ക് പോയതും ടോമിച്ചൻ വഴിയുടെ മറുഭാഗത്തു നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റിന്റെ അടുത്തേക്ക് ചെന്നു.
കയ്യിലിരുന്ന തോർത്തെടുത്തു തല മൂടി, ആളെ തിരിച്ചറിയാതിരിക്കാൻ, ലോറിയുടെ മറപറ്റി മുൻഭാഗത്തെത്തി, ഒരാൾ ഡ്രൈവിംഗ് സീറ്റിനടുത്തു കിടന്നു ഉറങ്ങുന്നുണ്ട്. മെല്ലെ ക്യാമ്പിനുള്ളിലേക്ക് കയറിയ ടോമിച്ചൻ ഉറങ്ങുന്നവൻ പുതച്ചിരുന്ന മുണ്ടോടെ അവന്റെ തല പൊതിഞ്ഞു പിടിച്ചു, ബാക്കിയുള്ള ഭാഗം അവന്റെ വായിക്കുള്ളിലേക്ക് തള്ളിക്കേറ്റി, അയാളെ കമ്പിയിലേക്ക് ചേർത്തു കെട്ടി. അവനൊന്നു പിടയാൻപോലുമുള്ള അവസരം കിട്ടിയില്ല, ഡ്രൈവിംഗ് സീറ്റിൽ എത്തി ലോറി സ്റ്റാർട്ട് ചെയ്തു മുൻപോട്ടെടുത്തു. അതേ നിമിഷം വഴിയുടെ മറുഭാഗത്തു ഒരു ജീപ്പ് വന്നുനിന്നു. അതിൽ നിന്നും..കഞ്ചാവ് ബിജുവും ചോരക്കണ്ണൻ ജാക്കിയും ഇറങ്ങി.
“അത് നമ്മുടെ വണ്ടിയല്ലേ പോകുന്നത്, പുറകെ പോകാം, വണ്ടിയുടെ പോക്ക് കണ്ടിട്ട് അത്ര പന്തി അല്ലലോ “
അവർ ജീപ്പിൽ കേറി തിരിച്ചു ലോറിക്ക് പുറകെ പാഞ്ഞു.
റിയർവ്യൂ മിററിലൂടെ ടോമിച്ചൻ കണ്ടു കുറച്ചു നേരമായി പിന്തുടരുന്ന ജീപ്പ്. ടോമിച്ചൻ ആക്സിലേറ്ററിൽ കാൽ മാക്സിമം അമർത്തി, ലോറി ഹൈവേയിലൂടെ കുതിച്ചു പാഞ്ഞു.
പുറകെ പാഞ്ഞുവരുന്ന ജീപ്പിൽ നിന്നും ആരോ വണ്ടി സൈഡ് ഒതുക്കാൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ആൾ സഞ്ചാരം കുറഞ്ഞു വന്ന സ്ഥലത്തെത്തിയപ്പോൾ പെട്ടന്ന് ടോമിച്ചൻ പാഞ്ഞുകൊണ്ടിരുന്ന ലോറി സഡൻ ബ്രേക്ക് ഇട്ടു. പുറകിൽ പാഞ്ഞുവന്ന ജീപ്പ് നിയത്രണം വിട്ടു വലിയൊരു ശബ്ദത്തോടെ ലോറിയുടെ പുറകിൽ വന്നിടിച്ചു,ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗത്തിരുന്ന ചോരക്കണ്ണൻ ജാക്കിയും കഞ്ചാവ് ബിജുവും നിലവിളിയോടെ ഇരുവശങ്ങളിലേക്ക് തെറിച്ചുപോയി വീണു.
പുറകിൽ ഉടക്കിയ ജീപ്പുമായി ലോറി കുറച്ചു ദൂരം മുൻപോട്ടു പോയി, ജീപ്പിന്റെ ഭാഗങ്ങൾ ലോറിയിൽ നിന്നും വേർപിട്ടു റോഡിൽ വീണു,
നാഷണൽ പെർമിറ്റു ലോറി കുതിച്ചു പാഞ്ഞു, വഴിയിൽ വാഹനങ്ങൾ വന്നു ബ്ലോക്ക് ആയി.പാലക്കാട് ടൗണിൽ കേറാതെ ഷോർട്കട്ട് വഴി മണ്ണാർകാട് റോഡിലെത്തി തിരിഞ്ഞു വക്കച്ചൻ മുതലാളിയുടെ ഫാക്ടറി -ഗോഡൗൺ ഭാഗത്തേക്ക് പോയി.
തുരുമ്പിച്ച ഗേറ്റിലൂടെ ഫാകടറി വളപ്പിലേക്കു കയറിയ ലോറി ടോമിച്ചൻ തുറന്നിട്ടിരുന്ന ഗോഡൗണിന്റെ ഉള്ളിലേക്ക് ഒടിച്ചു കയറ്റി നിർത്തി.
പുറത്തു വന്നു ഗോഡൗൺ ഷട്ടർ താഴ്ത്തി പൂട്ടി.
ഗേറ്റിനു പുറത്തുവന്നു ഗേറ്റ് അടച്ചു ചുറ്റും വീക്ഷിച്ചു.പരിസരത്ത് വീടുകളോ കടകളോ മറ്റു സ്ഥാപനങ്ങളോ ഇല്ലാത്തതുകൊണ്ട് ഭാഗ്യം.
ടോമിച്ചൻ ഒരു ബീഡിക്കു തീകൊളുത്തി വലിച്ചു കൊണ്ടു പുറത്തേക്കിറങ്ങി,
മെയിൻ റോഡ് ലക്ഷ്യമാക്കി നടന്നു.വഴിയിലെത്തി അടുത്ത് കണ്ട പബ്ലിക് ടെലിഫോൺ ബുത്തിൽ കയറി ഈരാറ്റുപേട്ട തടിമില്ലിലേക്ക് വിളിച്ചു പേട്ട കണ്ണനെ ബന്ധപ്പെട്ടു, ലോഡ് എത്തിയകാര്യം അറിയിച്ചു. രാത്രി പേട്ട കണ്ണൻ പറഞ്ഞതനുസരിച്ചു, മാഹിയിലും, കാസർഗോഡും വയനാട്ടിലും മദ്യവിൽപ്പനനടത്തുന്ന അഞ്ചു ആളുകൾ വാഹനങ്ങളിൽ എത്തി സ്പിരിറ്റ് അഞ്ചു ടാങ്കുകളിൽ ആക്കി പറഞ്ഞുറപ്പിച്ച പൈസയും ടോമിച്ചന് നൽകി കൊണ്ടുപോയി.
രാത്രിയായപ്പോൾ നാഷണൽ പെർമിറ്റിന്റെ നമ്പർ പ്ലേറ്റ് ടോമിച്ചൻ എടുത്തുമാറ്റി, തിരിച്ചു ഫിറ്റ് ചെയ്തു, കേരള രെജിസ്ട്രേഷൻ നമ്പർ എഴുതി ചേർത്തു.
ഒഴിഞ്ഞ ടാങ്കുമായി നാഷണൽ പെർമിറ്റു ലോറി ഒടിച്ചു പുറത്തിറക്കി, ഷോർട് കട്ട് വഴി വാളയാർ ഭാഗത്തേക്ക് പോയി.
തന്റെ ലോറി പാർക്കു ചെയ്തിരിക്കുന്നതിനു രണ്ടു കിലോമീറ്റർ പുറകിലായി ആളൊഴിഞ്ഞ സ്ഥലത്തു ടാർ റോഡിൽനിന്നും താഴെ ഇറക്കി പാർക്കുചെയ്തു.ടോമിച്ചൻ കയ്യിലിരുന്ന പണം നിറച്ച ബാഗുമായി
താഴെ ഇറങ്ങി തന്റെ ലോറി നിർത്തിയിട്ടിരിക്കുന്ന ഭാഗത്തേക്ക് നടന്നു. ലോറിയുടെ സമീപത്തെത്തി കയ്യിലിരുന്ന ബാഗ് സീറ്റ് പൊക്കി അതുനുള്ളിൽ വച്ചു അടച്ചു.
ലോറി ഒടിച്ചു പാലക്കാട് ഭാഗത്തേക്ക് നീങ്ങി, നാഷണൽ പെർമിറ്റു നിർത്തിയിട്ടിരിക്കുന്നതിന്റെ കുറച്ചു മുൻപിലായി കൊണ്ടു നിർത്തി.
കയ്യിലിരുന്ന ജാറുമായി ഇറങ്ങി, അതുനുള്ളിലെ സ്പിരിറ്റ് നിലത്തുകൂടി ഒഴിച്ചുകൊണ്ട് നാഷണൽ പെർമിറ്റിന്റെ അടുത്ത് ചെന്നു ബാക്കി ഉണ്ടായിരുന്ന സ്പിരിറ്റ് വണ്ടിയിലും ചുറ്റിലും ഒഴിച്ചു. ഇന്ധന ടാങ്ക് തുറന്നു വച്ചു.
തിരിച്ചു തന്റെ ലോറിയുടെ അടുത്ത് ചെന്നു.ലോറി സ്റ്റാർട്ട് ചെയ്തു നിർത്തിയിട്ട ശേഷം തിരികെ ഇറങ്ങി, ചുണ്ടിൽ ഒരു ദിനേശ് ബീഡി വച്ചു തീ കൊളുത്തി, കത്തികൊണ്ടിരുന്ന തീപ്പെട്ടി കൊള്ളി നിലത്തൊഴിച്ചിരിക്കുന്ന സ്പിരിറ്റിലേക്കിട്ടു.തീ പടർന്നു കത്തി നാഷണൽ പെർമിറ്റു ലോറിയിലേക്ക് സമീപത്തേക്ക് പോയി കൊണ്ടിരുന്നു. വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും വഴിയോരങ്ങളിൽ രാത്രി സമയത്തു വേസ്റ്റുകൾ ഇട്ടു കത്തിക്കുന്നത് പതിവുള്ളതുകൊണ്ട് ആരും ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല. ടോമിച്ചൻ ലോറിയിൽ കയറി മുൻപോട്ടെടുത്തു. കുറച്ചു മുൻപോട്ടു പോയപ്പോൾ കേട്ടു പുറകിൽ അതി ഭയാനകമായ സ്ഫോടനശബ്‌ദം.
ടാങ്കില് തീപ്പിടിച്ചു പൊട്ടിതെറിച്ച നാഷണൽ പെർമിറ്റു ലോറി മുകളിലേക്കു പൊങ്ങി തെറിച്ചു വഴിയിൽ വന്നു വീണു ചിതറി കത്തി.
രാത്രി ഷണ്മുഖത്തിന്റെ കാൾ വന്നപ്പോൾ തൊട്ടു ലൈസി വെടികൊണ്ട പന്നിയെപ്പോലെ ഉലാത്തുകയാണ് മുറ്റത്തുകൂടി,ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്, സ്പിരിറ്റ് കച്ചവടം തുടങ്ങിയിട്ട് ഇത് ആദ്യത്തെ സംഭവമാണ്.
“മമ്മി, ആരോ നമ്മളെ ലക്ഷ്യം വച്ചിട്ടുണ്ട്, അമിട്ടൻ പണിയ തന്നിരിക്കുന്നത്, നമ്മുടെ ശവക്കുഴി തോണ്ടാൻ ആരോ കച്ചമുറുക്കി ഇറങ്ങിയിട്ടുണ്ട്, അതുറപ്പ,”
ജോർജി ആലോചിച്ചു കൊണ്ടു പറഞ്ഞു.
“അതിപ്പോ ആരാ, നമുക്കിട്ടു പണിയാൻ ചങ്കൂറ്റമുള്ള ആള്, പപ്പയോടു പറഞ്ഞു അങ്ങ് തീർത്തേക്കണം, ഏതു അമ്മയെക്കെട്ടിയവൻ ആയാലും “
റോയി രോക്ഷം കൊണ്ടു പല്ലിറുമ്മി.
ജോർജി ഉപ്പുതറ കാർലോസിനെ ഫോൺ ചെയ്തു സ്പിരിറ്റ് ലോഡ് ആരോ തട്ടിക്കൊണ്ടു പോയെന്നറിയിച്ചു.
കേട്ടതും കയ്യിലിരുന്ന മദ്യ ഗ്ലാസ് എടുത്തു തറയിലൊരെറ് കൊടുത്തു.
“എടാ ഫ്രഡ്‌ഡി, ജോഷി, എവിടെയാട നീയൊക്കെ,”
കാർലോസിന്റെ അലർച്ചകേട്ട് അകത്തുനിന്നും ഫ്രഡ്‌ഡിയും ജോഷിയും ഇറങ്ങി വന്നു.
“പന്നികളെ പോലെ തിന്നുകൊഴുപ്പിച്ചു നീയൊക്കെ കൊണ്ടു നടന്ന ആ നാറികളെവിടെ പോയി കഴുവേറി. കഞ്ചാവു ബിജുവും അവന്റെ അമ്മേടെ ചോരകണ്ണൻ ജാക്കിയും, ഒന്നിനും കൊള്ളാത്ത മോഴകൾ . ഏതു കഴുവേറിയാടാ എന്റെ സ്പിരിറ്റ് ലോറി തട്ടിക്കൊണ്ടുപോകാൻ ധൈര്യം കാണിച്ചത്, നാളെ സൂര്യോദയം കാണിക്കത്തില്ല ഇ കാർലോസ് “
കാർലോസ് പല്ലുഞ്ഞെരിച്ചു.
“കഞ്ചാവ് ബിജുവും ചോരക്കണ്ണൻ ജാക്കിയും .. തവളമലർന്നു കിടക്കുന്നപോലെ റോഡിൽ കിടന്നിട്ടു ആരൊക്കെയോ എടുത്തു ഹോസ്പിറ്റലിൽ ആക്കിയിട്ടുണ്ട്, ജീപ്പ് പാട്ടവിലക്ക് വിൽക്കാൻ നോക്കിയാൽ പോലും എടുക്കത്തില്ലന്ന കേൾക്കുന്നത്…”
ജോഷി പറഞ്ഞു.
“എന്നോട് ചെറ്റത്തരം കാണിച്ചവൻ ഏതു കൊലകൊമ്പൻ ആയാലും അവനെ ഇരുപതിനാലു മണിക്കൂർ തികയ്ക്കാൻ ഞാൻ സമ്മതിക്കത്തില്ല…ഫ്രഡ്‌ഡി, നമ്മുടെ കുറച്ചാളുകളോട് വാളയാര് പോയി അന്വേഷിക്കാൻ പറ,…ആളെ തിരിച്ചറിഞ്ഞാൽ തീർത്തേക്കാൻ പറ,ശവം എന്റെ മുൻപിൽ കൊണ്ടുവരണം.ലക്ഷങ്ങളാ നഷ്ടം “
കാർലോസ് മക്കളോട് ആഞാപിച്ചു.
രാവിലെ ജെസ്സി മുറ്റമടിച്ചു കൊണ്ടു നിൽക്കുമ്പോഴാണ് ലോറി മുറ്റത്തു വന്നു നിന്നത്. അതിൽനിന്നും ഉറക്കച്ചടവോടെ ടോമിച്ചൻ ഇറങ്ങി,
വരാന്തയിൽ പായെടുത്തു നിവർത്തിയിട്ടു അതിൽ കയറികിടന്നു. ജെസ്സി മുറ്റമടിച്ചു തീർന്നു വന്നപ്പോൾ ടോമിച്ചൻ കൂർക്കം വലിച്ചുറക്കമാണ്….
കുളിച്ചു ഡ്രസ്സ് മാറി അടുക്കളയിലെത്തി, കാപ്പിക്കു വെള്ളം അടുപ്പിൽ വച്ചശേഷം കുടങ്ങളുമായി കിണറിനടുത്തേക്ക് പോയി, വെള്ളം കോരി നിറച്ചു ഓരോന്നായി അടുക്കളയിൽ കൊണ്ടു വച്ചു.അപ്പോൾ അടുപ്പിൽ വച്ചിരുന്ന കാപ്പിയുടെ വെള്ളം വെട്ടി തിളച്ചിരുന്നു.
കാപ്പി റെഡിയാക്കി ടോമിച്ചനുള്ള കാപ്പി ഗ്ലാസിലൊഴിച്ചു വരാന്തയിലേക്ക് നടന്നു.
“കാപ്പി വന്നു കാപ്പി “
ഒരു പ്ലേറ്റ് എടുത്തു സ്പൂൺകൊണ്ട് ടോമിച്ചന്റെ ചെവിക്കു അരുകിൽ വച്ചു കൊട്ടി.
ചാടി എഴുന്നേറ്റ ടോമിച്ചൻ ചുറ്റും പകച്ചു നോക്കി, ഒരു നിമിഷം വേണ്ടിവന്നു താൻ വീട്ടിലാണെന്നും മുൻപിൽ ജെസ്സി ആണെന്നും തിരിച്ചറിയാൻ…..
“നിന്റെ തലയ്ക്കു വല്ല വട്ടുമുണ്ടോ? ഉറങ്ങി കിടക്കുന്നവന്റെ ചെവിയിൽ കൊണ്ടുവന്നു മണി അടിക്കാൻ… ഒന്നുറങ്ങാനും സമ്മതിക്കത്തില്ല, നാശം…”
ടോമിച്ചൻ കലിപ്പോടെ പറഞ്ഞു.
“കാപ്പി തണുത്തു പോകും ഇതു കുടിച്ചിട്ട് കിടന്നുറങ്ങ്, നിങ്ങൾ കുട്ടിക്കാനത്തെ സൈറൺ ആണോ? കൂർക്കം വലി അത്ര കേമമാ…”
ജെസ്സി കാപ്പി ഗ്ലാസ് ടോമിച്ചന് നേരെ നീട്ടികൊണ്ട് പറഞ്ഞു.
ടോമിച്ചൻ ഗ്ലാസ് മേടിച്ചു കാപ്പി കുടിച്ചു കൊണ്ടു ജെസ്സിയെ നോക്കി.
“രാവിലെ വല്ലതും ഉണ്ടാക്കി തിന്നിട്ടു ഒരുങ്ങിക്കോ കട്ടപ്പനക്ക് പോകാൻ, നഴ്സിംഗ് സ്കൂളിൽ,”
ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി സംശയത്തോടെ നോക്കി.
“അതിന് പണം വേണ്ടേ, രണ്ടരലക്ഷം രൂപ,അത് ഉണ്ടാക്കിയോ ഇത്ര പെട്ടന്ന്..”
ജെസ്സിയുടെ ചോദ്യം കേട്ടു ടോമിച്ചൻ ഗ്ലാസ് വരാന്തയിൽ വച്ചു.
“ഇന്നലെ രണ്ടുമൂന്നു വീട്ടിൽ മോഷ്ടിക്കാൻ പോയി, അവിടെ നിന്നുമെല്ലാം തപ്പിപെറുക്കി എടുത്തപ്പോൾ രണ്ടരലക്ഷത്തി ഒരു രൂപ കിട്ടി, ഇപ്പൊ മനസ്സിലായോ, നീ അപ്പം തിന്നാൽ മതി, കുഴി എണ്ണണ്ട….”
പറഞ്ഞിട്ട് ടോമിച്ചൻ എഴുനേറ്റു പുറത്തേക്കു നടന്നു.
ജെസ്സി കാപ്പിഗ്ലാസുമായി ഒരു നിമിഷം നിന്നശേഷം അകത്തേക്ക് കയറി പോയി.
പത്തുമണി ആയപ്പോൾ ജെസ്സി ഒരുങ്ങി.
“അമ്മച്ചി, ഇന്ന് നഴ്സിംഗ് സ്കൂളിൽ പോകുവാ, ഇടക്ക് വച്ചു നിർത്തിയത് തുടർന്നു പഠിക്കാൻ,”
ശോശാമ്മ ജെസ്സിയെ ചേർത്തു പിടിച്ചു നെറ്റിയിൽ മുത്തം നൽകി
“ന്റെ മോള് പഠിച്ചു നല്ലൊരു നേഴ്സ് ആയി മോളുടെ ആഗ്രഹം പോലെ അമേരിക്കയിൽ പോകണം, എല്ലാ കഷ്ടപ്പാടുകളും മാറി മോളുടെ ജീവിതം സന്തോഷം മാത്രമുള്ളതായി മാറണം, അതാ ഈ അമ്മച്ചിയുടെ ആഗ്രഹം, എന്റെ മോൾക്ക് നല്ലതുമാത്രമേ വരത്തൊള്ളൂ,ഈ അമ്മച്ചിയുടെ പ്രാർത്ഥനയിൽ എപ്പോഴും മോളുണ്ട് “
നിറഞ്ഞ കണ്ണുകൾ തുടച്ചു ജെസ്സി ശോശാമ്മയുടെ കാലിൽ തൊട്ടു വണങ്ങി.
“മതി പെട്ടന്നൊന്നു ഇറങ്ങി വാ…”
ടോമിച്ചന്റെ ശബ്‌ദം കേട്ടു ശോശാമ്മ ജെസ്സിയുമായി പുറത്തേക്കിറങ്ങി വന്നു.
ടോമിച്ചൻ ലോറി സ്റ്റാർട് ചെയ്തപ്പോൾ ജെസ്സി മറുഭാഗത്തുകൂടി ക്യാബിനിലെ സീറ്റിൽ കയറി ഇരുന്നു.
ലോറി കുട്ടിക്കാനത്തെത്തി കട്ടപ്പനക്ക് തിരിയുന്ന ഭാഗത്തു നിർത്തി
ടോമിച്ചൻ സീറ്റിനടിയിൽ നിന്നും ഒരു പ്ലാസ്റ്റിക് പൊതി എടുത്തു ജെസ്സിക്ക് നേരെ നീട്ടി.
“ഇതുമായി നീ ഇവിടെ ഇറങ്ങിക്കോ,കട്ടപ്പനക്കുള്ള ബസ് ഇപ്പൊ വരും, അതിൽ കേറി പോയി പൈസ കൊടുത്തു ശരിയാക്കിയിട്ടു വാ “
ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി ഒന്ന് നോക്കി.
“ഈ ലോറി കട്ടപ്പന വരെ ഓടത്തില്ലേ, അതിനുള്ള ശേഷിയില്ലേ? ഒറ്റക്കു കയറി ചെന്നാൽ നഴ്സിംഗ് സ്കൂളിൽ ഉള്ളവർ ചോദിക്കും, തെണ്ടി തിരിഞ്ഞു എവിടുന്നു വന്നതാ, സ്വന്തക്കാര് ഒന്നുമില്ലേ എന്ന്, ഗാർഡിയന്റെ സ്ഥാനത്തു വഴിയേ പോകുന്ന ആളെ പിടിച്ചു നിർത്തിയാൽ മതിയോ “
അത് കേട്ടു ടോമിച്ചൻ പുറത്തേക്കു നോക്കി.
“ഈ ലോറിയിൽ നിന്നെയും കൊണ്ടു ഞാനവിടെ ചെന്നാൽ ആളുകൾ നിന്നെ പരിഹസിക്കും, ലോറിയും ലോറിക്കാരനും,അത് കൊണ്ടു പറഞ്ഞതാ….”
ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി കയ്യിലിരുന്ന കവർ സീറ്റിൽ വച്ചു.
“ഈ പണം എങ്ങനെ ഉണ്ടാക്കി എന്നെനിക്കറിയില്ല, പക്ഷെ ഈ പണത്തിനു നിങ്ങളുടെ ജീവന്റെ വിലയുണ്ടെന്നു എന്റെ മനസ്സ് പറയുന്നു. അതും എനിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ട് നിങ്ങൾ കണ്ടെത്തിയ പണം. അതുംകൊണ്ട ഞാൻ പഠിക്കാൻ പോകുന്നത്, ഈ ലോറിയിൽ കൊണ്ടുപോയി എല്ലാവരും കാൺകെ സ്കൂളിന് മുൻപിൽ ഇറക്കണം എന്നെ, നിങ്ങൾ എന്റെ കൂടെ പ്രിൻസിപ്പാലിന്റെ മുറിയിൽ വന്നു എന്റെ ഗാർഡിയനായി സംസാരിക്കണം,അതുമൂലം വരുന്ന നാണക്കേടുകൾ ഞാനങ്ങു സഹിക്കും, അങ്ങനെ എങ്കിൽ മാത്രമേ ജെസ്സി കട്ടപ്പനക്കൊള്ളു..നിങ്ങൾക്ക് പറ്റത്തില്ലെങ്കിൽ കാര്യം പറഞ്ഞോ, തിരിച്ചു പോകാം ..”
ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ ഒരു നിമിഷം മിണ്ടാതിരുന്നിട്ടു ലോറി സ്റ്റാർട് ചെയ്തു കട്ടപ്പനക്കുള്ള റോഡിലൂടെ നീങ്ങി.
പുറത്തേക്കു നോക്കിയ ജെസ്സിക്ക് എന്തന്നില്ലാത്ത ഒരു സന്തോഷം അനുഭവപ്പെട്ടു.കണ്ണെത്താദൂരത്തോളം പരന്നു തട്ടുതട്ടായി കിടക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ലോറിയിൽ ഒരു യാത്ര, അങ്ങകലെ മലകൾ ആകാശത്തെ ചുംബിച്ചു നിൽക്കുന്നത് കാണാം,അതിനിടയിലൂടെ ചെറിയ നീർച്ചാലുകൾ ഒഴുകിയിറങ്ങുന്നതും അവയിൽ പ്രഭാതസൂര്യന്റെ പൊങ്കിരണങ്ങളേറ്റു വെട്ടിത്തിളങ്ങുന്നതും നയനാനന്ദകരമായിരുന്നു .
“ലോറിയിൽ പോകുമ്പോൾ ആനപ്പുറത്തിരുന്നു പോകുന്നപോലെയാ, വെറുതെ അല്ല ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണ്ട എന്ന് പറയുന്നത് “
ജെസ്സി പറഞ്ഞു കൊണ്ടു ടോമിച്ചനെ നോക്കി.
“നിന്റെ അപ്പന് ആനകൃഷി ആയിരുന്നോ ആനപ്പുറത്തു കേറി നടക്കാൻ “
ടോമിച്ചൻ ചോദിച്ചു കൊണ്ടു മുണ്ടക്കയത്തിന് പോകുന്ന ബെസിന് സൈഡ് കൊടുത്തു.
പന്ത്രണ്ടര കഴിഞ്ഞപ്പോൾ കട്ടപ്പനയിലെത്തി.ജെസ്സി ലോറി ടോമിച്ചനെ കൊണ്ടു സ്കൂളിന്റെ കോമ്പോണ്ടിൽ തന്നെ നിർത്തിച്ചു. പുറത്തു കൂട്ടം കൂടിയും ഒറ്റതിരിഞ്ഞും നിന്നിരുന്ന നഴ്സിംഗ് വിദ്യാർഥികൾ ഒരു ലോറി വന്നു നിൽക്കുന്നതും അതിൽ നിന്നും ഒരു പെൺകുട്ടി ചാടി ഇറങ്ങുന്നതും കണ്ടു ശ്രെദ്ധിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു, ജെസ്സി അതൊന്നും ഗൗനിച്ചില്ല.
ലോറിയിൽ നിന്നും ടോമിച്ചൻ പുറത്തേക്കിറങ്ങി, ജെസ്സിയുടെ നിർബന്ധത്തിന് വഴങ്ങി കൂടെ ചെന്നു.
“മടക്കികുത്തിയ മുണ്ട് ഒന്ന് താഴ്ത്തിയിട്ടാൽ നന്നായിരുന്നു, ഇവിടെ വെള്ളപൊക്കം ഒന്നുമില്ല, പെൺകുട്ടികൾ പഠിക്കുന്ന സ്കൂളാ….”
ജെസ്സി പതുക്കെ പറഞ്ഞു.
ടോമിച്ചൻ അവളെ രൂക്ഷമായി നോക്കിയിട്ട് മടക്കികുത്തിയ മുണ്ട് താഴ്ത്തിയിട്ടു.
പ്രിൻസിപ്പാലിന്റെ റൂമിനു മുൻപിൽ “ഫാദർ ഫ്രാൻസിസ് ഞൊട്ടിക്കൽ “എന്നാ ബോർഡിന് മുൻപിൽ നിന്നു.
ജെസ്സി കതകിൽ മുട്ടി അനുവാദം ചോദിച്ചു.അകത്തുനിന്നും അനുവാദം കിട്ടിയതും ടോമിച്ചനുമായി ജെസ്സി അകത്തേക്ക് ചെന്നു.
മുന്പിലെ ചെയറുകൾ ചൂണ്ടി ഇരിക്കാൻ പറഞ്ഞു ഫാദർ ഫ്രാൻസിസ്.
“ഫാദർ, ഞാൻ ജെസ്സി, ഇവിടുത്തെ bsc നഴ്സിംഗ് സ്റ്റുഡന്റസ് ആയിരുന്നു.ഇടക്ക് കുറച്ചു നാൾ വരുവാൻ കഴിഞ്ഞില്ല “
തുടർന്നു വരുവാൻ സാധിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് വിശധികരിച്ചു.
എല്ലാം കേട്ടതിനു ശേഷം ഫാദർ ഫ്രാൻസിസ് ജെസ്സിയെ നോക്കി.
“ജെസ്സിയുടെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്, അതിലെനിക്ക് ദുഃഖമുണ്ട്, നഴ്സിംഗ് കണ്ടിന്യൂ ചെയ്യുന്നതിന് തടസ്സങ്ങൾ ഒന്നുമില്ല, പിന്നെ ഫീസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ നിർവഹമില്ല “
പറഞ്ഞിട്ട് ടോമിച്ചനെ നോക്കി ജെസ്സിയോട് ഇതാരാണെന്നു ചോദിച്ചു.
“ഇതാണെന്റെ ഗാർഡിയൻ ടോമിച്ചൻ, ലോറി ഡ്രൈവറാ….”
ജെസ്സി പറഞ്ഞു.
“അതുകൊണ്ടാ ഞാൻ പറഞ്ഞത് ഫീസു ഇളവില്ലന്ന്, ഒരു ലോറി ഡ്രൈവർ നോക്കിയാൽ രണ്ടരലക്ഷം രൂപ അടക്കാൻ പറ്റുമോ? അതുകൊണ്ട് തുടർന്നു പഠിക്കുന്നതിനെ കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും “
ഫാദർ ഫ്രാൻസിസ് തെല്ലു പരിഹാസത്തോടെ ടോമിച്ചനെ നോക്കി.
“അതെന്താ അച്ചോ, ലോറി ഡ്രൈവർ നോക്കിയാൽ കാശ് ഉണ്ടാകത്തില്ലേ?”
പറഞ്ഞിട്ട് ടോമിച്ചൻ പ്ലാസ്റ്റിക് കവറിൽ നിന്നും നാലുകെട്ടു നോട്ടെടുത്തു ഫാദർ ഫ്രാൻസിസിന്റെ മുൻപിൽ വച്ചു.
“അച്ചോ, ഇതു രണ്ടര ലക്ഷം ഉണ്ട്, ഇതു മെയ്യനങ്ങാതെ ഇരുന്നു നെയ്മുറ്റിയപ്പോൾ രൂപതയിലും ഇടവകയിലും ഉള്ള പാവപ്പെട്ടവന്റെ വിയർപ്പിൽ നിന്നും സംഭാവനയുടെ പേരിൽ പിടിച്ചുപറിച്ച കാശല്ല, അധ്യാനിച്ചുണ്ടാക്കിയ കാശാ…. അച്ചൻ എണ്ണിനോക്കി തിട്ടപ്പെടുത്തിയിട്ടു ഒരു രസീത് എഴുതി താ,എന്തെങ്കിലും പേപ്പറിൽ ഞാൻ ഒപ്പിടണമെങ്കിൽ പറഞ്ഞാൽ ഇട്ടേക്കാം, പിന്നെ എന്നുതൊട്ട ജെസ്സിക്ക് ക്ലാസ്സു തുടങ്ങുന്നതെന്നും അറിഞ്ഞാൽ ഞങ്ങൾക്കങ്ങോട്ട് പോകാമായിരുന്നു, കുറച്ചു തിരക്കുണ്ട് “
അന്തം വിട്ടുപോയ ഫാദർ ഫ്രാൻസിസ് പെട്ടന്ന് തന്നെ ചില ഫോമുകൾ എടുത്തു ജെസ്സിയെ കൊണ്ടു ഫിൽ ചെയ്തു ടോമിച്ചൻ ഒപ്പിടണ്ട സ്ഥലത്തു ഒപ്പിടിച്ചു.
ജെസ്സി ഓഫീസിൽ പോയി ബ്രോഷരും ബുക്കുകളും മേടിച്ചു ക്ലാസ്സ് സ്റ്റാർട് ചെയ്യുന്ന ഡേറ്റും അറിഞ്ഞു വന്നു.
ഫാദർ ഫ്രാൻസിസിനോട് യാത്ര പറഞ്ഞു ജെസ്സിയും ടോമിച്ചനും പുറത്തിറങ്ങി.
കുറച്ചു മുൻപോട്ടു നടന്ന ടോമിച്ചൻ ജെസ്സിയോട് നടന്നോളാൻ പറഞ്ഞിട്ട് തിരിച്ചു ഫാദറിന്റെ റൂമിലേക്ക് വന്നു.
“അച്ചോ, ലോറിക്കാരന്മാരെ കാണുന്നത് അച്ചന് പുച്ഛമാണ് അല്യോ, പിന്നെ യേശു ഭൂമിയിൽ വന്നു കഷ്ടപ്പെടുന്ന ജനതയ്ക്ക് വേണ്ടിയാ ജീവിച്ചത്, പക്ഷെ അച്ചനോ യേശുവിന്റെ പേരും പറഞ്ഞു പാവപെട്ടവരെ പുച്ഛിക്കുന്നു.ഇതൊരു തരം കൃമി കടിയാ, ആൽബന്റെസോൾ ഗുളിക ആഴ്ചയിൽ ഓരോന്ന് തിന്നുന്നത് നല്ലതാ “
പറഞ്ഞിട്ട് ടോമിച്ചൻ പോക്കറ്റിൽ നിന്നും അഞ്ഞൂറ് രൂപയുടെ നോട്ടെടുത്തു മേശപുറത്തു വച്ചു.
“മരുന്ന് മേടിച്ച ശേഷം ബാക്കി ഉണ്ടെങ്കിൽ കുറച്ചു അണ്ടിപരിപ്പ് മേടിച്ചു കൊറിച്ചോണ്ടിരിക്ക്, സമയവും പോകും, ഒരു രസവും കിട്ടും, അപ്പോ പോകട്ടെ അച്ചോ “
പറഞ്ഞിട്ട് ടോമിച്ചൻ റൂമിനു പുറത്തിറങ്ങി. അവിടെ ജെസ്സി നിൽപ്പുണ്ടായിരുന്നു എല്ലാം കേട്ടുകൊണ്ട്.
ജെസ്സി ചിരിച്ചു
ലോറിയിൽ കയറി തിരിച്ചു പോരുമ്പോൾ ജെസ്സിക്ക് എന്തെന്നില്ലാത്ത ആനന്ദമായിരുന്നു മനസ്സ് നിറയെ, തന്റെ നിന്നുപോയ നഴ്സിംഗ് പഠനം തുടർന്നു പഠിക്കാൻ പോകുന്നു .കരിഞ്ഞു പോയ തന്റെ സ്വപ്നങ്ങൾ തളിർക്കാൻ തുടങ്ങിയിരിക്കുന്നു, നഷ്ടപ്പെട്ടതെല്ലാം തിരിച്ചുവരും എന്നൊരു പ്രതിക്ഷ…
ജെസ്സി ടോമിച്ചനെ നോക്കി. അയാൾ റോഡിലേക്ക് നോക്കി ശ്രെധിച്ചു ലോറി ഓടിക്കുകയാണ്.
ഈ മനുഷ്യൻ തനിക്കാരാണ്, തന്നെ അപമാനിച്ചവരെ അടിച്ചൊതുക്കി കണ്മുൻപിൽ കൊണ്ടു കെട്ടിതൂക്കിയിട്ടു, കുറവുകൾ ചൂണ്ടികാണിക്കുമ്പോൾ അത് പരിഹരിച്ചു, ഇപ്പോഴിത തന്റെ സ്വപ്നങ്ങൾക്ക് ച്ചിറകുകൾ വച്ചു തന്നു. തന്റെ ജീവിതത്തിൽ കർത്താവു ദുരന്തങ്ങൾ തന്നത് ഇദ്ദേഹത്തിന്റെ അടുത്തെത്തായിരുന്നോ? ഇപ്പോൾ അങ്ങനെ തോനുന്നു.
ഉപ്പുതറ അടുക്കാറായപ്പോൾ’ “കള്ള് ‘എന്നൊരു ബോർഡ് കണ്ടു ടോമിച്ചൻ ലോറി സൈഡ് ഒതുക്കി നിർത്തി.
“കള്ളടിക്കാനാണോ പ്ലാൻ, കൂടെ ഒരു പെണ്ണുണ്ട് എന്നൊരു വിചാരം വേണം, പിന്നെയെ എന്തായാലും നിങ്ങൾ ഷാപ്പിൽ കേറാൻ പോകുവാ, എനിക്കൊരാശ, എനിക്കും രണ്ടുഗ്ലാസ് മധുരകള്ളു കുടിച്ചാലോ എന്ന്, മേടിച്ചു തരുമെങ്കിൽ ഒരരകൈ നോക്കാം, ഇന്നൊന്നു സന്തോഷിക്കണമെന്നൊരു തോന്നൽ….”
ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ ലോറിയിൽ നിന്നും പുറത്തിറങ്ങി, കൂടെ ജെസ്സിയും
അതുകണ്ടു ടോമിച്ചൻ അവളെ നോക്കി.
“നീ എങ്ങോട്ടാ, ഷാപ്പിലേക്കോ “
“പിന്നല്ലാതെ, ഞാൻ പറഞ്ഞില്ലേ എന്റെ ഒരാഗ്രഹം, സ്പടികത്തിലെ ലാലേട്ടനൊപ്പം ഉർവശി ചേച്ചി പോകുന്നപോലെ പോകാനൊരാശ… സാധിച്ചു തരുവോ “
ജെസ്സി ടോമിച്ചനെ ശൃംഗാരഭാവത്തിൽ നോക്കി.
“കേറി വണ്ടിക്കകത്തു ഇരിക്കടി, അവളുടെ ഒരാശ “
പറഞ്ഞിട്ട് ടോമിച്ചൻ മുൻപോട്ടു നടന്നു.
“ഞാനൊരു കാര്യം പറയാം, നിങ്ങള് സൂപ്പറാ… സൂപ്പർ “
ജെസ്സി വിളിച്ചു പറഞ്ഞിട്ട് ലോറിക്കുള്ളിൽ കയറി ഇരുന്നു.
മൺകുടത്തിൽ രണ്ടു ഗ്ലാസ് മധുരകള്ളുമായി ടോമിച്ചൻ പെട്ടന്ന് തന്നെ തിരിച്ചു വന്നു.ജെസ്സിക്ക് നേരെ നീട്ടി.
“ഇന്നാ ഒഴിച്ച് വലിച്ചു കേറ്റ്…”
ജെസ്സി അതുമേടിച്ചു സീറ്റിൽ വച്ചു.
“പിന്നെ ഇതിന്റെ കൂടെ ടച്ചിങ്‌സ് ഒന്നുമില്ലേ, ഒഴിച്ച് കുടിക്കുമ്പോൾ തൊട്ടുനക്കാൻ, അച്ചാർ, ബീഫ് ഫ്രൈ അങ്ങനെ എന്തെങ്കിലും, അതൊന്നും പെണ്ണുങ്ങൾക്ക് ബാധകമല്ലേ “
ജെസ്സിയുടെ ചോദ്യം കേട്ടു ടോമിച്ചൻ സൂക്ഷിച്ചു നോക്കി.
എന്നിട്ട് വീണ്ടും ഷാപ്പിൽ പോയി കുറച്ചു അച്ചാറും ബീഫ് ഫ്രയും ആയി വന്നു.
“അപ്പോൾ പറഞ്ഞാൽ അനുസരണയുണ്ട്, എങ്കിൽ പോയി രണ്ടു കുപ്പി വീശിയിട്ടു വാ ഞാനിവിടെ ഇരുന്നും വീശട്ടെ…. വാശിക്ക്….”
ടോമിച്ചൻ ഷാപ്പിലേക്കു പോയി.
രണ്ടു കുടിയന്മാർ ഷാപ്പിൽ നിന്നുമിറങ്ങി നടന്നു പോകുമ്പോഴാണ് ലോറിയിൽ ഒരു പെണ്ണിരിക്കുന്നത് ശ്രെദ്ധയിൽ പെട്ടത്. അവർ ലോറികടുത്തേക്ക് ചെന്നു.
“എടാ ലോറിക്കകത്തിരുന്നു കിളി പോലത്തെ ഒരുത്തി കള്ളടിക്കുന്നു,”
പറഞ്ഞിട്ട് ഒരുത്തൻ ക്യാബിനുള്ളിലേക്ക് നോക്കി ചൂള അടിച്ചു.
ജെസ്സി ഗ്ലാസ്സിലേക്ക് മൺകുടത്തിൽ നിന്നും കള്ളൊഴിച്ചിട്ടു, ഒരു കഷ്ണം ബീഫ് എടുത്തു വായിലിട്ടു അവനെ ഒന്ന് നോക്കി,
“എന്താടാ പട്ടി നോക്കുന്നത്, ആ ഷാപ്പിലേക്കു കയറിപോയത് എന്റെ കെട്ട്യോനാ, നാലുപേരെ കുത്തിമലത്തി കുടലെടുത്തു മലയുണ്ടാക്കി കഴുത്തിലിട്ടയാൾ,പുള്ളിയുടെ കയ്യിൽ കിട്ടിയാൽ പിന്നെ നീയൊക്കെ മൂത്രം പോകാതെ കെട്ടികിടന്നു വയറുപൊട്ടി ചാകതെയുള്ളൂ. അതുകൊണ്ട് സ്ഥലം വിട്ടോ “
ജെസ്സി പറഞ്ഞത് കേട്ടു അവർ പരുങ്ങിയ ശേഷം വന്ന വഴിയേ തിരിഞ്ഞു നടന്നു.
അൽപ്പസമയത്തിനുള്ളിൽ ടോമിച്ചൻ തിരിച്ചു വന്നു.
“നിന്റെ ആശതീർന്നല്ലോ?, ആ കുടവും ഫ്രൈ പാത്രവും ഇങ്ങെടുക്ക്, തിരിച്ചു കൊടുക്കണം,ആർത്തി കണ്ടിട്ട് നീ ആ പാത്രങ്ങൾ കൂടി തിന്നുമോ എന്നായിരുന്നു എന്റെ പേടി “
ജെസ്സി എടുത്തു നീട്ടിയ പാത്രങ്ങൾ കൊണ്ടു ഷാപ്പിലേൽപ്പിച്ചു തിരികെ വന്നു ടോമിച്ചൻ ലോറിയിൽ കയറി.
“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം മര്യാദക്ക് അടങ്ങി ഒതുങ്ങി ഇരുന്നോണം സ്ഫടികത്തിലെ മോഹൻലാലും ഉർവശിയും കളിക്കാനുള്ള പ്ലാനുണ്ടെങ്കിൽ ചവുട്ടി കൂട്ടി പുറത്തെടുത്തിടും ഞാൻ..”
ടോമിച്ചൻ ജെസ്സിയോട് പറഞ്ഞിട്ട് ലോറി മുൻപോട്ടെടുത്തു.
ഉപ്പുതറ കഴിഞ്ഞു എലപ്പാറ റൂട്ടിൽ ലോറി ഓടികൊണ്ടിരുന്നു.
“ഞാൻ കിക്കായി ഇരിക്കുവാ മധുരകള്ളിന് പകരം നിങ്ങൾ മനപ്പൂർവം കൊണ്ടുതന്നത് നല്ല മൂത്ത കള്ളാണെന്നു എനിക്ക് മനസ്സിലായി.എന്തായാലും അടിപൊളി ആണ്, ഒരു പ്രേത്യേക സുഖം, കള്ളിന്റെ കൂടെ അച്ചാറും ബീഫ് ഫ്രയും ഉഗ്രൻ കോമ്പിനേഷന,വെറുതെ അല്ല ആണുങ്ങൾ കള്ളടിച്ചു കിറുങ്ങി നടക്കുന്നത് അല്ലേ..”
ജെസ്സി ടോമിച്ചനോട് സംസാരിച്ചു കൊണ്ടിരുന്നു.
“നിങ്ങൾ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ? ങേ, കള്ളുകുടിച്ചു കിട്ടുന്നതിനെ കാളും കിക്കാകും സുന്ദരിയായ ഒരു പെണ്ണിനെ കേറി അങ്ങ് പ്രേമിച്ചാൽ, നിങ്ങൾ കള്ളുകുടി നിർത്തിയിട്ടു ഒരു പെണ്ണിനെ കേറി അങ്ങ് പ്രേമിക്ക്, എപ്പോഴും അടിച്ചു പൂസായി ഇരിക്കുന്ന സുഖം കിട്ടും, ഈ മൊരട്ട് സ്വഭാവവും കൊണ്ടു പോയാൽ ആരും പ്രേമിക്കതില്ലാ, ആരെയും ട്രൈ ചെയ്തിട്ട് കിട്ടിയില്ലെങ്കിൽ എന്നെ കേറി അങ്ങ് പ്രേമിച്ചോ, എനിക്ക് സമ്മതമാ “
ജെസ്സി ആടി ആടി ഇരുന്നുകൊണ്ട് പറഞ്ഞു.
“നീ പറഞ്ഞു കഴിഞ്ഞോ, കഴിഞ്ഞെങ്കിൽ മിണ്ടാതെ ഇരുന്നോ, അല്ലെങ്കിൽ ഇവിടെ ഇട്ടിട്ടു ഞാൻ പോകും, ഓർത്തോ, രണ്ടു ഗ്ലാസ് കള്ളും കുടിച്ചു അവളുടെ ഓവർ ആക്ടിങ്…”
ടോമിച്ചൻ ദേഷ്യം പ്രകടിപ്പിച്ചു.
“നിങ്ങൾ ആണുങ്ങളെ പോലെ അല്ല, പെണ്ണുങ്ങൾക്ക് കപ്പാസിറ്റി കൊറവാ, രണ്ടു ഗ്ലാസ് അടിച്ചാൽ തന്നെ കിറുങ്ങും “
ജെസ്സി പറഞ്ഞു കൊണ്ടു ടോമിച്ചനെ നോക്കി കണ്ണിറുക്കി.
“ഞാൻ ഇത്രയും ദിവസം ഇങ്ങനെ ഒക്കെ പെരുമാറിയിട്ടും നിങ്ങൾക്ക് എന്നെ മനസ്സിലായില്ലേ മനുഷ്യ, എന്റെ മനസ്സിലെന്താണെന്നു നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധം പൊട്ടനാണോ നിങ്ങൾ ങേ…”
ജെസ്സി ചോദിച്ചത് കേട്ടു ടോമിച്ചൻ അവളെ നോക്കി.
“പെണ്ണുങ്ങളൊക്കെ മനസ്സിൽ ചിന്തിക്കുന്നത് ഗ്രെഹിച്ചെടുക്കാൻ ഞാൻ ഗണികനല്ല, കവടിനിരത്തി നോക്കാൻ നേരവുമില്ല, നീ തൊള്ള കീറാതെ അവിടെ മിണ്ടാതിരുന്നോ “
ടോമിച്ചൻ ലോറിക്ക് സ്പ്പീഡ് കൂട്ടി.
എലപ്പാറ കഴിഞ്ഞു ഒരു മുറുക്കാൻ കടയുടെ അടുത്ത് വണ്ടി നിർത്തി.
ടോമിച്ചൻ കടയിൽ നിന്നും സംഭാരത്തിന്റെ ഒരു കവറും രണ്ടു ഏത്തപ്പഴവും വാങ്ങിച്ചു ജെസ്സിക്ക് കൊടുത്തു.
“ഇതു കുടിച്ചോ, നിന്റ ഹാങ്ങോവർ മാറട്ടെ,എന്നിട്ട് ഈ രണ്ടു പഴം നിന്റെ വായിക്കകത്തു കുത്തികേറ്റി വച്ചു അനങ്ങാതെ ഇരുന്നോണം, വീട്ടിൽ ചെല്ലാതെ മിണ്ടി പോകരുത് “
ടോമിച്ചൻ കടയുടെ അടുത്ത് ചെന്നു ഒരു ബീഡിക്കു തീ കൊളുത്തി.
അയാൾ അവിടെ നിന്ന് ബീഡി വലിച്ചു തീർത്തു. കുറ്റി ദൂരെ എറിഞ്ഞു കളഞ്ഞു കടക്കാരന് പൈസയും കൊടുത്തു ലോറിയിൽ വന്നു കയറി.
ജെസ്സി സംഭരം കുടിച്ചശേഷം കവർ പുറത്തേക്കു എറിഞ്ഞു കളഞ്ഞു.
ടോമിച്ചൻ കൊടുത്ത രണ്ടു ഏത്തപ്പഴം തൊലികളഞ്ഞു കയ്യിൽ പിടിച്ചു.
“നിങ്ങൾ പറഞ്ഞിട്ട് അനുസരിച്ചില്ലെന്നു വേണ്ട,വായിൽ കുത്തി കേറ്റിയേക്കാം “
പറഞ്ഞിട്ട് ജെസ്സി കയ്യിലിരുന്ന പഴം വായിക്കുള്ളിൽ തള്ളിക്കേറ്റി വച്ചു.
ദേഷ്യം ഭാവിച്ചു മിണ്ടാതെ ഇരുന്നു.
തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയിലൂടെ ലോറി കുട്ടിക്കാനം ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission