കൊലക്കൊമ്പൻ – 6

4484 Views

kolakomban

വാളയാറിന് പോയ ഉപ്പുതറ കാർലോസിന്റെ ഗുണ്ടകൾ രാത്രി 8 മണിയോടെ തിരിച്ചെത്തി.

അവരിൽ നിന്നും ഒരു നാഷണൽ പെർമിറ്റു ലോറി വാളയാർ ചെക്ക്പോസ്റ്റിനു മൂന്നുകിലോമീറ്റർ അകലെ വഴിയരുകിൽ കത്തിയനിലയിൽ കാണപ്പെട്ട വിവരം കാർലോസും മക്കളും അറിഞ്ഞു. കത്തിയ ലോറി കോയമ്പത്തൂരിൽ നിന്നും സ്പിരിറ്റ്മായി തങ്ങൾ വന്ന വണ്ടിയാണെന്നു ഡ്രൈവർ സെൽവനും  സഹായി പളനിയും  തിരിച്ചറിഞ്ഞതായും സഹായി പളനിയെ  ബന്ധനസ്ഥനാക്കി ഒരാൾ ലോറി തട്ടിക്കൊണ്ടു പോകുകയും,സ്പിരിറ്റ്‌ ഇറക്കി ലോറി  തിരിച്ചുകൊണ്ടുവന്നു കത്തിച്ചതാണെന്നും അവർ  പറഞ്ഞതായി  ഗുണ്ടകൾ അറിയിച്ചു. പക്ഷെ മുഖം മൂടി തലയിൽ കൂടി തുണി ചുറ്റിക്കെട്ടിയിരുന്നതിനാൽ വണ്ടിയുമായി തന്നെ എവിടെ കൊണ്ടുപോയെന്നോ, തിരിച്ചു കൊണ്ടുവന്നത് ആരാണെന്നോ ഒന്നും  പളനിക്കറിയില്ല.

“നീയൊക്കെ വാളയാറ്  പോയി തെണ്ടി തിരഞ്ഞു നടന്നിട്ടു എന്റെ സ്പിരിറ്റ്‌ ലോറി കത്തിച്ചത് ആരാണെന്നു അറിയാൻ കഴിഞ്ഞില്ലേടാ പട്ടികളെ,അതാരായാലും പിടിച്ചു കൊന്നു കൊണ്ടു വരാൻ പറഞ്ഞിട്ട് ഒരുളുപ്പുമില്ലാതെ വന്നു നിൽക്കുന്നു കഴുവേറികള്, ഫ്രഡ്‌ഡി, ആ അകത്ത് ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഇരട്ടകുഴൽ തോക്ക് ഇങ്ങെടുത്തോ, ഇവന്മാരുടെയൊക്കെ അണ്ടഹടാഹ ത്തിൽ തുളയിട്ടിട്ടെ ബാക്കി കാര്യമുള്ളൂ. ഇവന്മാർക്ക് വേണ്ടി ആ എലത്തോട്ടത്തിൽ ഒരു വലിയ കുഴിയും എടുത്തോ, വെറുതെ തിന്നുമുടിപിച്ചു അപ്പിയിട്ടു നടക്കാൻ വേണ്ടി ഇവന്മാരെ വെച്ചോണ്ടിരുന്നിട്ടു കാര്യമില്ല “

കാർലോസ് കലികൊണ്ട് തുള്ളുകയാണ്.

ജോഷി ഗുണ്ടകളോട് പുറത്തോട്ടു പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു.

“പപ്പാ ഒന്നടങ്ങ്, നമുക്ക് കണ്ടുപിടിച്ചു കുത്തി കൊടലെടുത്തേക്കാം അവരരായാലും, ഞങ്ങൾ രഹസ്യമായി ഒന്നാന്വേഷിക്കാം “

പറഞ്ഞിട്ട് ഫ്രഡ്‌ഡിയും ജോഷിയും പുറത്തേക്കു നടന്നു മുറ്റത്തു നിർത്തിയിട്ടിരുന്ന ജീപ്പിൽ കയറി ഓടിച്ചു  പോയി.

ക്ലാസ് കഴിഞ്ഞു മൂന്നുമണി ആയപ്പോൾ സെലിൻ കട്ടപ്പന ബസ്സ്റ്റോപ്പിൽ വന്നു നിന്നു.

റോണി എത്താമെന്നു പറഞ്ഞിട്ടുണ്ട്, ഉപ്പുതറ -ഏലപ്പാറ ബസുകൾ സ്റ്റോപ്പിൽ വന്നു നിൽക്കുകയും ആളുകളെ ഇറക്കുകയും കേറ്റുകയും ചെയ്തു പോയികൊണ്ടിരുന്നു, അരമണിക്കൂർ കഴിഞ്ഞപ്പോൾ ആണ് റോണി ജീപ്പിൽ എത്തിയത്. ജീപ്പ് ഒതുക്കി ബസ് സ്റ്റോപ്പിൽ നിന്നും കുറച്ചു മാറി വാഴകൾ വളർന്നുനിൽക്കുന്ന ഭാഗത്തേക്ക്‌ മാറി നിന്നു, സെലിനെ അങ്ങോട്ട്‌ വിളിച്ചു.

“എന്താ ഇത്ര താമസിച്ചത്, ഞാൻ വന്നു നിൽക്കാൻ തുടങ്ങിയിട്ട് അരമണികൂറായി, പരിചയത്തിലുള്ളവർ ആരെങ്കിലും കാണുമോ എന്നായിരുന്നു പേടി “

സെലിൻ റോണിയോട് പറഞ്ഞു.

“ഒന്നുരണ്ടു പേരെ കാണാനുണ്ടായിരുന്നു, അതാ താമസിച്ചത്, തടികൊടുത്തതിന്റെ പൈസ മേടിക്കാൻ, പപ്പക്ക് കണക്കു കൊടുക്കാനുള്ളതാ “

റോണി വാച്ചിൽ നോക്കി.

“എന്താ ഉദ്ദേശം? അതുപറ, പറഞ്ഞപോലെ നിങ്ങളുടെ കൂടെ വരാനാ എന്റെ പ്ലാൻ, ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചാൽ അങ്ങ് ജീവിക്കണം. അല്ലാതെ ലോട്ടറി കച്ചവടക്കാരെ പോലെ നാളെ നാളെ അയാൽ പിന്നെയതു നീളെ നീളെ ആയി ജീവിതാവസാനം വരെ ആയി പോകും. എങ്ങോട്ട് പോകാനാ തീരുമാനിച്ചിരിക്കുന്നത്,വീട്ടിൽ പാപ്പയോടും മമ്മിയോടും  സൂചിപ്പിച്ചിട്ടുണ്ടോ, മകൻ ഇന്നു ഒരു പെണ്ണിനേയും അടിച്ചുകൊണ്ട് വരുമെന്ന് “

സെലിൻ റോണിയെ നോക്കി.

“ഇല്ല, എന്തായാലും നമുക്ക് വീട്ടിലേക്കു പോകാം, വീട്ടിൽ കയറ്റിയാൽ കയറ്റട്ടെ, ഇറക്കിവിട്ടാൽ വല്ല ഹോട്ടലിലോ മറ്റോ റൂമെടുക്കാം, അവിടെയിരുന്നു ആലോചിക്കാം, ഭാവി പരിപാടികൾ, നീ കേറ് “

റോണി ജീപ്പിൽ പോയി കയറി വണ്ടി സ്റ്റാർട് ചെയ്തു.സെലിൻ വന്നു കയറി…

ജീപ്പ് മുൻപോട്ടു നീങ്ങി.

“റോണിച്ച, രാവിലെ വീട്ടുകാർ സംശയിക്കുമെന്നുകരുതി തുണികളൊന്നും എടുക്കാതെയാ ഇറങ്ങിയത്, മമ്മിയോട് മനസ്സുകൊണ്ട് അനുഗ്രഹം ചോദിച്ചു, എന്തായാലും പെറ്റുവളർത്തിയ അമ്മയല്ലേ, സ്വന്തം മകളുടെ കല്യാണം കാണാൻ ഏറ്റവും ആഗ്രഹിക്കുന്ന ആൾ,”

അത് പറയുമ്പോൾ സെലിന്റെ സ്വരം ഇടറിയത് റോണി അറിഞ്ഞു.

“നീ സങ്കടപെടണ്ട, ഇത് കഴിഞ്ഞു നമുക്ക് മമ്മിയെ വന്നു കാണാം “

റോണി ആശ്വാസിപ്പിച്ചു കൊണ്ടു വലതു കൈ കൊണ്ടു അവളുടെ മുടിയിഴകളിൽ തഴുകി.

“ഡ്രസ്സ്‌ എന്തെങ്കിലും മേടിക്കണം, ഇ ഇട്ടിരിക്കുന്നത് മാത്രമേ ഉള്ളു “

സെലിൻ റോണിയുടെ കൈ തലയിൽ നിന്നുമെടുത്തു അമർത്തി പിടിച്ചു.

“ഒരു ദിവസം ഒന്നുമിട്ടില്ലെങ്കിലും കുഴപ്പമില്ല, വീട്ടിൽ വന്നാരും എത്തിനോക്കാൻ പോകുന്നില്ല, ഇപ്പോളുള്ള പെണ്ണുങ്ങൾ ഇട്ടിരിക്കുന്ന തുണി എങ്ങനെ കുറക്കാം എന്നാലോചിച്ച നടക്കുന്നത്, ചോദിച്ചാൽ വ്യെക്തി സ്വാതന്ത്രവും ഗ്ലാമറിസവും  “

റോണി കളിയാക്കി പറഞ്ഞു.

“അതുപോലെ നടക്കുന്നവളുമാര് കാണുമായിരിക്കും, പക്ഷെ ഞാനങ്ങനെയല്ല, മാന്യമായ ഡ്രസ്സ്‌ ധരിച്ചു തന്നെയാ ശീലിച്ചത്, പിന്നെ ഡ്രസ്സ്‌ മേടിച്ചു തരുവാൻ കാശില്ലെങ്കിൽ വേണ്ട, ഞാൻ തുണിയുടുക്കാതെ നടന്നോള്ളാം, വീട്ടിലുള്ളവരോട് കണ്ണുപൊത്തി നടന്നോളാൻ പറഞ്ഞോണം. ഒരു കന്യകയായ പെൺകുട്ടിയോട് ഇതുപോലെ പറയുന്നത് സഭാ വിശ്വാസങ്ങൾക്ക് എതിരാ.. ഓർത്തോ “

സെലിൻ പരിഭവത്തോടെ പറഞ്ഞു.

“ഭാഗ്യം, എനിക്കൊരു കന്യകയെ തന്ന കർത്താവെ, നിന്റെ നല്ല മനസ്സിന് മുൻപിൽ ഞാൻ സാഷ്ടഗം പ്രണമിക്കുന്നു “

റോണി പറഞ്ഞുകൊണ്ട് കുരിശു വരച്ചു.

“നിങ്ങൾക്കെന്താ, കന്യക എന്ന് പറയുമ്പോൾ ഒരു പരിഹാസം “

സെലിൻ റോണിക്കിട്ടു ഒരു നുള്ള് കൊടുത്തു.

“പൊടിയിട്ടു നോക്കിയാൽ  പോലും പ്രായപൂർത്തിയായ ഒരു കന്യകയെ കേരളത്തിൽ കണ്ടുപിടിക്കാൻ കിട്ടില്ലെന്നാണ് പൊതു സംസാരം കന്യസ്ത്രി മഠത്തിൽ പോലും പേരിനൊരു കന്യകയില്ല, ഉണ്ടെന്നാരെങ്കിലും സമ്മതിച്ചാൽ അതെല്ലാം രണ്ടാമത് വച്ചുപിടിപ്പിച്ചതായിരിക്കും “

റോണി ചിരിച്ചുകൊണ്ട് സെലിന്റെ കവിളിൽ മൃദുവായി ഒരു തട്ട് കൊടുത്തു.

“ഓഹോ അപ്പോൾ ഇതൊക്കെയാണ് മനസിലിരിപ്പ് അല്ലേ, ഇനി ഞാനും വെച്ചുപിടിപ്പിച്ചതാണെന്നു നാളെ പറയുമോ എന്നാണ് എന്റെ പേടി “

സെലിൻ ഒളിക്കണ്ണിട്ടു റോണിയെ നോക്കി.

“ഫസ്റ്റ്നൈറ്റ് കഴിയട്ടെ, അത് കഴിഞ്ഞു പറയാം, ആർട്ടിഫിഷ്യൽ ആണോ ഒറിജിനൽ ആണോ എന്ന് “

ഏലപ്പാറയിൽ എത്തി ഒരു ടെസ്റ്റൽസിന്റെ മുൻപിൽ നിർത്തി.

“ഇനി തുണിമേടിച്ചു തന്നിലെന്നു വേണ്ട, പോയി ആവശ്യത്തിനുള്ള തുണി വാങ്ങിച്ചോ “

സെലിൻ പോയി തുണികടയിൽ കയറി.

അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ വാങ്ങി തിരികെ വന്നു ജീപ്പിൽ കയറി.

കുറച്ചു മുൻപോട്ടു പോയപ്പോൾ റോണി റിയർവ്യൂ മിററിലൂടെ കണ്ടു.

ഒരു ജീപ്പ്,കുറച്ചു നേരമായി ആ ജീപ്പ് തങ്ങളെ പിന്തുടരുന്നുണ്ട് എന്ന് റോണിക്ക് മനസിലായി.

“സെലിൻ, കുറച്ചു നേരമായി ഒരു ജീപ്പ് നമ്മളെ പിന്തുടരുന്നുണ്ട്, നിനക്കറിയാവുന്നവർ ആരെങ്കിലുമാണോ, നിന്റെ പപ്പയുടെ ആരെങ്കിലും…”

റോണിയുടെ ചോദ്യം കേട്ടു സെലിൻ തിരിഞ്ഞു നോക്കി.

“റോണിച്ച, അത് പപ്പയുടെ അനുയായികളാ, എനിക്ക് പേടിയാവുന്നു, ദുഷ്ടന്മാര, എന്നെ പിടിച്ചു തിരിച്ചുകൊണ്ടുപോയാൽ പിന്നെ എന്നെ ജീവനോടെ കാണില്ല, അവർക്കു പിടികൊടുക്കരുത്….”

സെലിൻ പേടിയോടെ പറഞ്ഞു.

റോണി ജീപ്പ് ചവുട്ടി വിട്ടു.

കുറച്ചു മുൻപോട്ടുപോയപ്പോൾ അകലെനിന്നും കട്ടപ്പനക്ക് പോകുന്ന ബസ്  എതിരെ വരുന്നത് കണ്ടു.

റോണി സൈഡ് കൊടുക്കാൻ സ്പീഡ് കുറച്ചു, അതേ സമയം പുറകിൽ നിന്നും വന്ന ജീപ്പ് ഓവർടേക്ക് ചെയ്തു മുൻപിൽ നിന്നു. നാലാളുകൾ ചാടി ഇറങ്ങി.

നെടുംകണ്ടത്തു ലോഡ് ഇറക്കി ടോമിച്ചൻ കുട്ടികനത്തേക്ക് വരുമ്പോളാണ് രണ്ടുമൂന്ന് ആളുകൾ വഴിയിൽ ഒരാളെ  മർദിക്കുന്നത് കണ്ടത്.

അടുത്ത് വന്നപ്പോൾ ആണ് അത് വക്കച്ചൻ മുതലാളിയുടെ മകൻ റോണി ആണെന്ന് മനസിലായത്.

ലോറി സൈഡ് ഒതുക്കി നിർത്തിയതും അതിന് മുൻപിലേക്കു ഒരു പെൺകുട്ടി കരഞ്ഞുകൊണ്ട് ഓടിവന്നത്.

“രക്ഷിക്കണേ… രക്ഷിക്കണേ….”

ടോമിച്ചൻ ലോറിയിൽ നിന്നുമിറങ്ങി.

“നീ ഏതാ, ഇതാരാ…”

ടോമിച്ചൻ പെൺകുട്ടിയെ നോക്കി.

“അതൊക്കെ പറയാം, ഞങ്ങളെ ഒന്ന് രക്ഷിക്ക്, റോണിച്ചനെ അവർ കൊല്ലും “

സെലിൻ കരഞ്ഞുകൊണ്ട് കൈകൂപ്പി.

ടോമിച്ചൻ മുൻപോട്ടു ചെന്നു.

റോണിയെ ഒരുത്തൻ കാലുയർത്തി ചവിട്ടാൻ തുടങ്ങിയതും ടോമിച്ചൻ അവന്റെ മുഖമടച്ചു ഒരടി അടിച്ചതും ഒരുപോലെ ആയിരുന്നു.

അടിയേറ്റ് വട്ടം കറങ്ങിപ്പോയ അവനെ പൊക്കിയെടുത്തു പാഞ്ഞടുത്ത മറ്റൊരുവന്റെ നേരെ എറിഞ്ഞു.

ടോമിച്ചനെ പുറകിൽ നിന്നും ഒരുത്തൻ ചവുട്ടി.

മുൻപോട്ടു വേച്ചുപോയ ടോമിച്ചൻ വെട്ടിതിരിഞ്ഞു അവന്റെ നെഞ്ചിൻ കൂട് തകരുന്ന രീതിയിൽ ഒരിടി ഇടിച്ചു.

അവന്റെ വായിൽ നിന്നും ചോര പുറത്തേക്കു തെറിച്ചു.

വീണുകിടന്നവർ ചാടി എഴുനേറ്റ് ടോമിച്ചന് നേരെ പാഞ്ഞടുത്തു. പൊരിഞ്ഞ അടി നടന്നു. ടോമിച്ചന്റെ അടിയേറ്റ് മൂന്നുപേരും പിടിച്ചു നിൽക്കാനാവാതെ വന്ന ജീപ്പിന് നേരെ ഓടി. ചാടികേറി ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു ലോറിയുടെ സൈഡിലൂടെ പാഞ്ഞു പോയി.

ടോമിച്ചൻ തോർത്തെടുത്തു ദേഹത്ത് പറ്റിയ പൊടിഞ്ഞു വന്ന ചോരയും ചെളിയും തുടച്ചു.

“ടോമിച്ചായൻ വന്നില്ലായിരുന്നു എങ്കിൽ എന്നെ ശവമാക്കിയേനെ “

റോണി കിതച്ചു കൊണ്ടു പറഞ്ഞു.

“അവന്മാരാര… ഈ പെണ്ണ് ഏതാ.. നിന്നെ എന്തിനാ തല്ലിയത് “

ടോമിച്ചൻ റോണിയെ നോക്കി.

“ഇത് സെലിൻ വിളിച്ചിറക്കികൊണ്ട് വന്നതാ, ഉപ്പുകണ്ടം കാർലോസിന്റെ മകളാ, അയാളുടെ ഗുണ്ടകളാ അവന്മാര്, “

അതുകേട്ടു ടോമിച്ചൻ സെലിനെ നോക്കി.

സെലിൻ ശരിയാണെന്നു തലകുലുക്കി.

“വക്കച്ചൻ മുതലാളി ഇതറിഞ്ഞാൽ എന്തൊക്കെ പുകിലുണ്ടാകുമെന്ന് വല്ല വിചാരവുമുണ്ടോ? നേരെ പെണ്ണിനേയും വിളിച്ചുകൊണ്ടു വീട്ടിലോട്ടു കേറിചെന്നാലുള്ള അവസ്ഥ എന്തായിരിക്കും. അയാളുടെ സ്വഭാവം അനുസരിച്ചു ഇരട്ടകുഴൽ തോക്കെടുത്തു നിന്റെ നെഞ്ചത്ത് പൊങ്കാലയിടും.”

ടോമിച്ചൻ പറഞ്ഞത് കേട്ടു റോണി സെലിനെ നോക്കി.

എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് സെലിൻ.

“പ്രായപ്പൂർത്തിയായ പെണ്ണാണോ ഇത്, അല്ലെങ്കിൽ ബാലിക പീഡനത്തിന് നീ അകത്ത് പോകുംരണ്ടുപേർക്കും ഇഷ്ടമുണ്ടായിട്ടു പോന്നതാണോ .”

ടോമിച്ചൻ റോണിയെ നോക്കി .

“ഇവൾക്ക് വയസ്സ് 24 കഴിഞ്ഞു. അടുത്ത ജൂലൈയിൽ ഇരുപത്തഞ്ചു ആകും “

റോണി പറഞ്ഞു കൊണ്ടു സെലിന്റെ അടുത്തേക്ക് ചെന്നു.

“ഒരു കാര്യം ചെയ്യ്, എന്റെ കൂടെ വാ, എന്റെ വീട്ടിൽ ഇന്ന് കഴിഞ്ഞിട്ട് നാളെ നേരം വെളുക്കുമ്പോൾ പോയി വക്കച്ചൻ മുതലാളിയുമായി സംസാരിച്ചു ശരിയാക്കാം, പിന്നെ എ സി റൂമോ, മാർബിൾ പാകിയ തറയോ ഒന്നുമില്ല, ഉള്ളയിടത്തു കിടക്കാൻ പറ്റുമെന്നു ഉണ്ടെങ്കിൽ വാ “

ടോമിച്ചൻ പോയി ലോറിയിൽ കയറി.

പുറകെ സെലിനും റോണിയും പോയി ജീപ്പിലും.

വീടിന് മുൻപിൽ ലോറി വന്നു നിന്നതിനു പുറകെ ഒരു ജീപ്പ്കൂടി വന്നു നിൽക്കുന്നത് കണ്ടു ജെസ്സിയും ശോശാമ്മയും മുറ്റത്തേക്ക് വന്നു.

ലോറിയിൽ നിന്നുമിറങ്ങിയ ടോമിച്ചന് പുറകെ ജീപ്പിൽ നിന്നും റോണിയും സെലിനും ഇറങ്ങി.

“അയ്യോ ഇത് വക്കച്ചൻ മുതലാളിയുടെ മകനല്ലേ, മോനെന്താ ഇവിടെ, ഇതാരാ “

റോണിയെ കണ്ടു ശോശാമ്മ അശ്ചര്യത്തോടെ ചോദിച്ചു.

“അതൊക്കെ പിന്നീട് പറയാം, ആദ്യം ആ പെങ്കൊച്ചിനെ വിളിച്ചു അകത്തുകൊണ്ടുപോ “

ടോമിച്ചൻ പറഞ്ഞതും ജെസ്സി റോണിയുടെ പുറകിൽ മടിച്ചു നിന്ന സെലിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ടോമിച്ചൻ വരാന്തയിൽ ഒരു പായെടുത്തു വിരിച്ചിട്ടു.

“ഇതിലിരിക്കുന്നതിനു വിഷമം ഒന്നുമില്ലല്ലോ അല്ലേ? ഒളിച്ചോടി സുഖിച്ചു ജീവിക്കണമെങ്കിൽ കുറച്ചു കഷ്ടപ്പാടൊക്കെ സഹിക്കണം “

ടോമിച്ചൻ പറഞ്ഞു.

റോണി വരാന്തയിൽ വിരിച്ചിട്ട പായിൽ വന്നിരുന്നു.

“ടോമിച്ചായൻ കൂടെയുള്ളപ്പോൾ ഒരു ധൈര്യം, എങ്ങനെയെങ്കിക്കും പപ്പയെ പറഞ്ഞു മനസ്സിലാക്കി വീടിനുള്ളിൽ കേറി പറ്റണം, അതിന് വേണ്ടി ടോമിച്ചായൻ ഒന്ന് സഹായിക്കണം”

റോണി പറഞ്ഞു.

“ങ്ങാ നാളെയാകട്ടെ, പോയി സംസാരിക്കാം “

അതേ സമയം വീടിനുള്ളിൽ സെലിൻ നടന്ന  കാര്യങ്ങൾ  ശോശാമ്മയെയും  ജെസ്സിയെയും പറഞ്ഞു കേൾപ്പിക്കുകയായിരുന്നു.

അതുകേട്ടു ശോശാമ്മക്ക് പേടിയായി.

“മോളേ, മോളുടെ പപ്പാ രാത്രിയിൽ വന്നു പ്രശ്നമുണ്ടാക്കുമോ?

“ഇല്ല അമ്മച്ചി, ഞങ്ങൾ എങ്ങോട്ട് വന്നത് അവർക്കറിയില്ലല്ലോ, ചിലപ്പോ റോണിച്ചായന്റെ വീട്ടിൽ ചെല്ലുമോന്ന എന്റെ പേടി, അവർ ശത്രുക്കളെ പോലെ അല്ലയോ “

സെലിൻ ശോശാമ്മയോട് പറഞ്ഞു.

“വോ… അങ്ങനെ പേടിക്കാൻ പോയാൽ ഇ ലോകത്തു ജീവിക്കാൻ പറ്റുമോ? നിങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമായി ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു, അത്രതന്നെ, വരുന്നതിനെ വരുന്നിടത്തു വച്ചു കാണണം “

ജെസ്സി സെലിനു ധൈര്യം പകർന്നു.

രാത്രി അത്താഴം കഴിഞ്ഞു.

“ഇവിടുത്തെ ഭക്ഷണത്തിനു ഭയങ്കര ടേസ്റ്റ് ആണല്ലോ “

റോണി ടോമിച്ചനോട് പറഞ്ഞു

“പാവപ്പെട്ടവന്റെ ആയതു കൊണ്ടാ, പിന്നെ അകത്തൊരു കട്ടിലുണ്ട്,മുറിയിൽ, രണ്ടുപേരും അവിടെപ്പോയി കിടന്നോ,”

പുറത്തു കിണറിൽ നിന്നും വെള്ളം കോരുന്ന ജെസ്സിയുടെ അടുത്തേക്ക് ചെന്നു ടോമിച്ചൻ.

“നീ കിടക്കുന്ന മുറി എന്നവർക്ക് കൊടുക്ക്, അവിടെയല്ലേ ഒരു കട്ടിൽ ഉള്ളത്,”

ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി വെള്ളം കോരുന്നത് നിർത്തി

“അപ്പോ ഞാനെവിടെ കിടക്കും, പുറത്തുകിടന്നാൽ എന്നെ ആരെങ്കിലും വന്നു പൊക്കികൊണ്ട് പോയാൽ ആര് സമാധാനം പറയും,”

ജെസ്സി ചോദിച്ചു കൊണ്ടു തൊട്ടിയിൽ നിന്നും വെള്ളം കുടത്തിലേക്കു ഒഴിച്ചു.

“ഈ രാത്രി നിന്നെ ആരെങ്കിലും പൊക്കികൊണ്ട് പോകുകയാണെങ്കിൽ പൊക്കോട്ടെ, ശല്യം തീരുമല്ലോ, ആ പിള്ളേരുടെ ആദ്യരാത്രി അല്ലേ, അതുകൊണ്ട് പറഞ്ഞതാ “

ടോമിച്ചൻ ഒരു ബീഡി എടുത്തു.

“ആദ്യരാത്രി കട്ടിലിൽ തന്നെ കിടക്കണമെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? അതോ അനുഭവമുണ്ടോ? വീട്ടിൽ കട്ടിലില്ലാത്തവർക്ക് ആദ്യരാത്രി ഇല്ലേ “

ജെസ്സി വെള്ളകുടം എടുത്തു ഒക്കത്തു വച്ചു.

“നിന്നോടൊന്നും പറഞ്ഞു ജയിക്കാൻ എനിക്ക് പറ്റത്തില്ല. ഇഷ്ടമുള്ളത് ചെയ്യ് “

ടോമിച്ചൻ ബീഡിക്കു തീകൊളുത്തി.

“നിങ്ങള് പറഞ്ഞില്ലെങ്കിലും ഞാൻ അവരെ മുറിക്കുള്ളിലെ കിടത്തു, അമ്മയും ഞാനും അടുക്കളയിൽ കിടന്നോളാം “

ജെസ്സി വെള്ളവുമായി അടുക്കളയിലേക്ക് പോയി.

സെലിനെയും റോണിയെയും നിർബന്ധിച്ചു മുറിക്കുള്ളിലേക്ക് പറഞ്ഞു വിട്ടു.

ശോശാമ്മ തനിക്കും ജെസ്സിക്കും കിടക്കാൻ അടുക്കളയിൽ പായ വിരിച്ചു.

“അമ്മച്ചി കിടന്നോ, ഞാൻ കുറച്ചു കഴിഞ്ഞു കിടന്നോളാം “

പറഞ്ഞിട്ട് ജെസ്സി വരാന്തയിലേക്ക് ചെന്നു.

ടോമിച്ചൻ വരാന്തയിൽ പുറത്തേക്കു നോക്കി ഇരിക്കുകയാണ്.

ജെസ്സി വരാന്തയിൽ ഇരുന്നു.

ആകാശത്തു നക്ഷത്രങ്ങൾ വാരിവിതറിയപോലെ ചിതറി കിടക്കുന്നു.

പൂനിലാവ് തൂകി തിങ്കൾ… നിലാവ് ഭൂമിയിലെ ഇരുളിനുള്ളിൽ ചിത്രം വരക്കുന്നു.

“നിനക്കുറക്കം ഒന്നുമില്ലേ? അതോ എനിക്കിട്ടു ചൊറിയാൻ വന്നിരിക്കുകയാണോ “?

ടോമിച്ചൻ ജെസ്സിയെ നോക്കി.

“ഇവിടെ ഇങ്ങനെ ഈ നിലാവിലേക്കു നോക്കി ഇരിക്കാൻ എന്ത് രസമാണ്, രാത്രിയും നിലാവും പ്രണയത്തിന്റെ കൂട്ടുകാരാണ്. നിങ്ങൾക്ക് ഇതൊക്കെ തോന്നിയിട്ടുണ്ടോ “?

ജെസ്സി ചോദിച്ചു.

“നിനക്ക് തലയ്ക്കു വല്ല കുഴപ്പവും ഉണ്ടോ? എല്ലാവരും ഉറങ്ങുന്ന സമയത്താണ് ഇവൾക്ക് ഇരുളും നിലാവും പ്രണയവും, നാളെ നിന്നെ ഊളൻപാറയിൽ കൊണ്ടാക്കാം, ഇപ്പോൾ ചികിത്സ കിട്ടിയാൽ ഭേദമാക്കാൻ പറ്റും, നീ പോയി കിടക്കാൻ നോക്ക്, എനിക്ക് നാളെ പണിയുള്ളതാ, ഉറങ്ങണം “

ടോമിച്ചൻ കോട്ടുവായിട്ടു.

“നിങ്ങൾ ഇങ്ങനെ ഉറക്കവും പണിയും, ഇടിയും തൊഴിയുമായി നടന്നോ, ആ പയ്യൻ സ്നേഹിച്ച പെണ്ണിനേയും കൂട്ടികൊണ്ട് വന്നു അകത്ത് ആദ്യരാത്രി ആഘോഷിക്കുവാ, നിങ്ങൾക്ക് ഇങ്ങനെത്തെ ചിന്തകൾ ഒന്നുമില്ലേ “

ജെസ്സി ചോദിക്കുന്നത് കേട്ടു ടോമിച്ചൻ അവളെ സൂക്ഷിച്ചു നോക്കി.

“അതിനിപ്പം ഞാൻ എന്ത് വേണം, ഞാൻ  അവരുടെ ഇടയിൽ പോയി കിടക്കണോ? അതോ അവരെ കൊണ്ടുപോയി രണ്ടു സ്ഥലത്തു കെട്ടിയിടണോ “

“നിങ്ങൾ അവരുടെ ഇടയിൽ പോയി കിടക്കേണ്ട, അതെങ്കിലും മനസ്സിലാക്കിയിട്ടു ജീവിക്കാൻ നോക്കിയാൽ മതി, മനസ്സ് കല്ലുപോലെ കൊണ്ടു നടക്കാതെ അവിടെ കുറച്ചു സ്നേഹവും പ്രണയവും ഒക്കെ നിറക്കണം, അപ്പോഴേ ഞാൻ എന്താണ് പറയുന്നതെന്ന് മനസ്സിലാകത്തൊള്ളൂ…”

ജെസ്സി എഴുനേറ്റു നിന്നു.

“എങ്കിൽ നീ ഒരു കാര്യം ചെയ്യ്, നാളെ രാവിലെ അവര് പോകും, നീ പോയി നിനക്കിഷ്ടമുള്ള ഒരുത്തനെ പ്രണയിച്ചു കൊണ്ടുവന്നു ഇവരെ പോലെ ജീവിക്ക്, അപ്പോൾ കാര്യം തീർന്നില്ലേ “

ടോമിച്ചൻ പായിലേക്ക് നീണ്ടു നിവർന്നു കിടന്നു.

“മൊരട്ട് സ്വഭാവുമായി ഇരിക്കുന്ന നിങ്ങളോട് പറയാൻ വന്ന എന്നെ വേണം തൊഴിക്കാൻ, നിങ്ങൾക്ക് ഇങ്ങനെ ഒറ്റയ്ക്ക് കിടന്നു ഉറങ്ങനെ വിധിയൊള്ളു, കൂർക്കം വലിച്ചുറങ്ങിക്കോ, ഞാൻ പോകുവാ “

ജെസ്സി വീടിനുള്ളിലേക്ക് പോയി.

കുറച്ചു കിടന്നിട്ടും ടോമിച്ചന് ഉറക്കം വന്നില്ല,

പായിൽ എഴുനേറ്റിരുന്നു.

പ്രകൃതിയിൽ ഇരുളിനുള്ളിലേക്ക് നുഴഞ്ഞു കയറി ഭൂമിയിൽ പരന്നു കിടക്കുന്ന നിലാവ്,

അന്ന് വരെ തോന്നാത്തൊരു ഭംഗി അതിനുണ്ടെന്നു ടോമിച്ചന് തോന്നി. മനസ്സിനുള്ളിൽ കുളിർമഞ്ഞു കുടഞ്ഞെറിഞ്ഞ പോലുള്ള ഒരു സുഖം.

“ഇപ്പോൾ പറഞ്ഞത് ശരിയാണെന്നു മനസിലായില്ലേ നിങ്ങൾക്ക്, എനിക്കതുമതി “

ജെസ്സിയുടെ ശബ്‌ദം കേട്ടു ടോമിച്ചൻ തിരിഞ്ഞു നോക്കി

വാതിൽക്കൽ ജെസ്സി ചിരിച്ചു കൊണ്ടു നിൽക്കുന്നു.

“നീ പോകാതെ ഇവിടെ പമ്മി നിൽക്കുകയായിരുന്നോ? എന്തോ കുഴപ്പമുണ്ട് നിനക്ക് “

ടോമിച്ചൻ കിടന്നു.

“ഇരുൾ പൂനിലാവ്, തിങ്കൾ,നക്ഷത്രങ്ങൾ,മഞ്ഞ്, ശാന്തത, സ്നേഹം, പ്രണയം..

…. ഇതൊക്കെ ആലോചിച്ചോണ്ട് കിടന്നുറങ്ങിക്കോ, അപ്പോൾ ഗുഡ് നൈറ്റ്‌ “

ജെസ്സി ഉള്ളിലേക്ക് നടന്നു.

മറ്റൊരു പ്രഭാതത്തിന് വേണ്ടി രാത്രി യാത്ര തുടങ്ങി കഴിഞ്ഞിരുന്നു

                                         (   തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

4.5/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply