Skip to content

ആത്മസഖി – ഭാഗം 10

aathmasakhi

“എന്തിനാ വന്നത്…? ഞാൻ ചത്തോ എന്ന് അറിയാനോ…? “

കീർത്തിയുടെ വാക്കുകൾ ചെന്ന് തറച്ചത് ഋതുവിന്റെ ഹൃദയത്തിൽ ആണ്…

“കീർത്തി… ഞാൻ “

ഋതു എന്തോ പറയാൻ വന്നതും കീർത്തി മുഖം തിരിച്ചു…

“നിന്നെ കളിയാക്കിയതിന്റെ പേരിൽ മരണശിക്ഷ അല്ലേ നിന്റെ പ്രമോദേട്ടൻ എനിക്ക് വിധിച്ചത്… “

അവൾ ഉള്ളിലെ സങ്കടം കടിച്ചമർത്തി കൊണ്ട് പറഞ്ഞു…

“ഋതു അവൾ എന്ത് പറഞ്ഞാലും സാരമില്ല നിനക്ക് പറയാനുള്ളത് പറഞ്ഞിട്ടേ നീ പോകാവൂ… ഇനി ഒരു അവസരം നിനക്ക് കിട്ടില്ല… “

കീർത്തിയുടെ വാക്കുകൾ കൊണ്ട് മുറിവേറ്റ ഋതുവിന് അരികിൽ വന്ന് ജാനവ് പറഞ്ഞു…

ഋതു അതിന് മറുപടി എന്ന പോലെ തലകുലുക്കി…

“എന്റെ അല്ല നിന്റെ പ്രമോദേട്ടൻ അത് അല്ലേ ശരി…? “

ഋതു ന്റെ മറുപടി കേട്ടതും കീർത്തി ഒരു ഞെട്ടലോടെ അവളെ നോക്കി…

“നിന്റെ മനസ്സ് മുഴുവൻ പ്രമോദേട്ടൻ ആണെന്ന് എനിക്ക് അറിയാം.. അല്ലെങ്കിൽ ഒരു കാലത്തും ഇല്ലാത്ത വഴക്ക് ഇടാത്ത നീ എന്തിന് എന്നോട് ചൂടായി…? “

ഋതുവിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ കീർത്തി ഒന്ന് പതറി… എങ്കിലും അവൾ അത് മറച്ചു വച്ച് കൊണ്ട് എന്തോ പറയാൻ വന്നതും അതിനെ തടഞ്ഞു കൊണ്ട് ഋതു വീണ്ടും പറഞ്ഞു തുടങ്ങി…

“ഒരിക്കൽ എങ്കിലും നീ നിന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നെങ്കിൽ പ്രമോദേട്ടൻ എന്നെ ഇഷ്ടം ആണെന്ന് പറയില്ലായിരുന്നു…

എനിക്ക് അറിയാം പ്രമോദേട്ടന് എന്നോട് പ്രണയം ഒന്നുമല്ല വെറും ദയ ആണെന്ന്..

തുറന്ന് പറയാതെ നമ്മുടെ ഉള്ളിൽ എന്താണെന്ന് ഒരാൾക്കും അറിയാൻ കഴിയില്ല…

പിന്നെ ഇന്നലെ ഉണ്ടായ ആക്‌സിഡന്റ് മനഃപൂർവം ഒന്നും അല്ല.. പ്രമോദേട്ടന്റെ വണ്ടിക്ക് ബ്രേക്ക് കിട്ടിയില്ല…

നീ ഹോസ്പിറ്റലിൽ ആയ നിമിഷം മുതൽ അദ്ദേഹം എത്രത്തോളം വിഷമിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം….

നീ കരുതും പോലെ നിന്റെ പ്രമോദേട്ടനെ ഞാൻ തട്ടി എടുത്തിട്ട് ഒന്നുമില്ല കേട്ടോ…. “

ഋതു അത് പറയുമ്പോൾ കീർത്തി അത്ഭുതത്തോടെ അവളെ നോക്കി…

കീർത്തിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി…

“അയ്യേ കരയുവാണോ…? “

ഒഴുകി വന്ന കണ്ണീർ തിടച്ചു കൊണ്ട് ഋതു കീർത്തിയോട് ചോദിച്ചു…

“എന്റെ കീർത്തി… നമ്മുടെ അമ്മമാർ തമ്മിൽ അല്ലേ മത്സരം ഒക്കെ എനിക്ക് അന്നും ഇന്നും നിന്നെ ഇഷ്ടാവാണ്..

പിന്നെ നിനക്ക് ഒരു കാര്യം അറിയോ… പ്രമോദേട്ടൻ ഇന്നലെ തൊട്ട് ഭയങ്കര വിഷമത്തിൽ ആയിരുന്നു… നീ പുള്ളികാരനെ മൈൻഡ് ചെയ്യുന്നില്ല എന്നാ പരാതി…

ഇനി എങ്കിലും ആ പാവത്തിനോട് ഒന്ന് മിണ്ടടോ… പുള്ളിക്കാരന് തന്നോടുള്ള ഇഷ്ടം മനസിലാക്കാൻ ഇങ്ങനെ ഒക്കെ ഉണ്ടാകേണ്ടി വന്നു…. “

ഋതു അത് പറഞ്ഞ് കൊണ്ടിരുന്നപ്പോൾ പ്രമോദ് മുറിയിലേക്ക് വന്നു…

പ്രമോദിന്റെ നോട്ടം ആദ്യം പതിച്ചത് കീർത്തിയുടെ മുഖത്ത് ആയിരുന്നു…

പരിഭവങ്ങൾ മറന്ന് അവൾ ചെറുതായി ഒന്ന് ചിരിച്ചതും പ്രമോദിന്റെ മുഖവും തെളിഞ്ഞു..

“ആഹാ… ആൾ എത്തിയല്ലോ… ഞാൻ നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല… ഞാൻ ഇറങ്ങുവാണേ കീർത്തി… “

ഋതു ഒരു കള്ള ചിരിയോടെ പറഞ്ഞു…

“ഋതു…. “

ഋതു പോകാൻ തുടങ്ങിയതും പ്രമോദ് അവളെ വിളിച്ചു…

“സോറി ഋതു… “

പ്രമോദ് തലകുനിച്ചു കൊണ്ട് പറഞ്ഞു…

“എന്തിനാ പ്രമോദേട്ടാ…? “

ഋതു സംശയത്തോടെ ചോദിച്ചു…

“ഞാൻ നിന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്… നിന്നോട് തോന്നിയത് വെറും ഒരു ആകർഷണം ആണെന്ന് മനസിലാക്കാൻ എനിക്ക് പറ്റിയില്ല…

നീ എന്റെ അടുത്ത് അകൽച്ച കാണിച്ചപ്പോൾ വാശി ആയി അതാണ് ഞാൻ…. “

പ്രമോദ് കുറ്റബോധത്തോടെ തലകുനിച്ചു നിന്നു…

“അതൊക്ക വിട്ടേക്ക് ഞാൻ അതൊന്നും മനസ്സിൽ വച്ചിട്ടില്ല…”

ഋതു ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു….

“ഋതു… ഞാനും നിന്നെ ഒരുപാട് വിഷമിപ്പിച്ചു… സോറി… “

കീർത്തിയും അവളോട് ക്ഷമ ചോദിച്ചു…

” ചങ്കരന് ഒത്ത ചക്കി തന്നെ… എനിക്ക് നിങ്ങളോട് രണ്ടു പേരോടും ഒരു ദേഷ്യവും ഇല്ല… ഞാൻ എങ്കിൽ പൊയ്ക്കോട്ടേ… “

ഋതു പറഞ്ഞതിന് മറുപടി എന്ന പോലെ പ്രമോദും കീർത്തിയും ഒന്ന് ചിരിച്ചു…

ഋതു പോയതിന് ശേഷം പ്രമോദും കീർത്തിയും മനസ്സ് തുറന്ന് സംസാരിച്ചു… അതുവരെ പറഞ്ഞ് തീർക്കാൻ കൊതിച്ച പരിഭവങ്ങളും ഇഷ്ടങ്ങളും അവർ പങ്കിട്ടു…

കീർത്തി യുടെയും പ്രമോദിന്റെയും പ്രണയം അവിടെ പൂത്ത് തളിർക്കുക ആയിരുന്നു..

നമ്മുടെ ഉള്ളിൽ എന്ത് തന്നെ ആയാലും അത് പ്രകടിപ്പിക്കുമ്പോൾ മാത്രേ അതിനു വില ഉണ്ടാകു…

പറയാൻ ധൈര്യമില്ലാത്തത് കൊണ്ട് മാത്രം കൊഴിഞ്ഞു പോയ എത്ര പ്രണയങ്ങൾ ആണ് ഈ ലോകത്ത്…

ഋതു ആ ഹോസ്പിറ്റലിൽ നിന്നും പുറത്ത് ഇറങ്ങുമ്പോൾ അവളുടെ മനസ്സ് ശാന്തം ആയിരുന്നു…

ഇതുവരെ ഉണ്ടായിരുന്ന ഒരു പ്രശ്നം എത്രപെട്ടന്ന് ആണ് ഇല്ലാതായത് എന്നവൾ ഓർത്തു…

“ഹലോ മാഡം…”

ജാനവ് അവളെ തട്ടി വിളിച്ചു…

“എവിടെ പോയതാ കണ്ടില്ലല്ലോ…? “

ഋതു തെല്ലൊരു പരിഭവത്തോടെ പറഞ്ഞു…

“ഞാൻ എവിടെ പോകാനാടോ… എനിക്ക് തന്നെ വിട്ട് പോകാൻ ആവില്ല…

താനിപ്പോൾ ഹാപ്പി ആയില്ലേ… “

ജാനവ് തന്റെ പതിവ് കുസൃതി ചിരിയോടെ ചോദിച്ചു…

“അതെ ഞാൻ ഹാപ്പി ആണ്… ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ പ്രശ്നം ഇത്ര പെട്ടെന്ന് തീരും എന്ന്… “

ഋതു ചെറു പുഞ്ചിരിയോടെ പറഞ്ഞു…

“ഇപ്പോൾ പ്രമോദിനും കീർത്തിക്കും ഇടയിൽ പ്രണയം വിരിയുക ആണ്… “

ജാനവ് ഒരു കള്ള ചിരിയോടെ പറഞ്ഞു…

“ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്ര പെട്ടെന്ന് അവർ ഒന്നാകും എന്ന്… “

ഋതു ജാനവിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

“പ്രമോദിന്റെ ഉള്ളിൽ നേരത്തെ തന്നെ കീർത്തി ഉണ്ടായിരുന്നു അത്കൊണ്ടാണ് അവളുടെ മൗനം അവനെ  ഭ്രാന്ത് പിടിപ്പിച്ചത്…

പിന്നെ അത് അവന് മനസിലാക്കാൻ താൻ വേണ്ടി വന്നു അത്രേ ഒള്ളു… “

അത് പറയുമ്പോൾ ജാനവിന്റെ കണ്ണുകളിലും പ്രണയം വിരിയുന്നത് ഋതു ശ്രദ്ധിച്ചു…

“മാഷിന്റെ ഉള്ളിലും ഒരു പ്രണയം ഉണ്ടെന്ന് തോന്നുന്നല്ലോ…? ‘

ഒരു തമാശരൂപേനെ ഋതു ചോദിച്ചു..

“അതേടോ ഞാനും ഒരാളെ  പ്രണയിക്കുന്നു, എന്റെ ജീവനേക്കാൾ ഏറെ… “

ജാനവ് അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് അത് പറഞ്ഞതും…

അവൾ അവന്റെ കണ്ണുകളുടെ കാന്ത വലയത്തിൽ അകപ്പെട്ടത് പോലെ മറ്റെല്ലാം മറന്ന് അങ്ങനെ തന്നെ നിന്നു….

അവന്റെ കണ്ണുകളിലേക്ക് നോക്കും തോറും അവളുടെ മനസ്സിൽ എന്തൊക്കെയോ മിന്നി മറഞ്ഞു….

ഒരു വണ്ടിയുടെ നീട്ടിയുള്ള ഹോൺ അടിയാണ് അവളെ അതിൽ നിന്നും ഉണർത്തിയത്…

“റോ… റോഡിൽ നിന്ന് മാ  മാറി … നിൽക്ക് കുട്ടി… “

ബുള്ളെറ്റ് ൽ ഇരുന്നു കൊണ്ട് ഒരാൾ വിക്കി വിക്കി പറഞ്ഞപ്പോൾ ആണ് താൻ റോഡിൽ ആണ് നില്കുന്നത് എന്ന ബോധം ഋതുവിന് വന്നത് അപ്പോൾ തന്നെ അവൾ സൈഡിലേക്ക് ഒതുങ്ങി നിന്നു….

“ഭാഗ്യം അയാൾ ചീത്ത പറഞ്ഞില്ല… “

ഋതു ചെറു ചമ്മലോടെ പറഞ്ഞു..

“ഭാവിയിൽ വിളിച്ചോളും…. “

ജാനവ് ഒരു കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു…

“എന്ത്…? “

ജാനവ് പറഞ്ഞതിന്റെ അർത്ഥം മനസിലാകാത്തത് കൊണ്ടവൾ  ചോദിച്ചു…

“ഹേയ് ഒന്നുല്ല… താൻ ലച്ചുനെ വിളിച്ചോ നമുക്ക് ഇനി ആ കാര്യം കൂടി ശരിയാക്കാൻ ഇല്ലേ…? “

ജാനവ് ചോദിച്ചപ്പോൾ ആണ് ഋതുവും ലച്ചുവിന്റെ കാര്യം ഓർത്തത്…

കരഞ്ഞു കലങ്ങിയ അവളുടെ മുഖം ഋതുവിന്റെ മനസ്സിൽ തെളിഞ്ഞു…

“അയ്യോ ഞാൻ അത് മറന്നുപോയി… “

ഋതു കുറ്റബോധത്തോടെ പറഞ്ഞു….

“സാരമില്ല നമുക്ക് അവളെയും കൊണ്ട് പുറത്ത് പോകാം… എന്നിട്ട് താൻ അവളോട് സംസാരിച്ചു ഈ റിലേഷൻ വേണ്ടന്ന് വെക്കാൻ പറയണം… “

ജാനവ് പറഞ്ഞത് കേട്ട് ഋതു അവനെ അതിശയത്തോടെ നോക്കി…

“അവർ എത്ര നാളായി ഇഷ്ടത്തിൽ ആണെന്ന് അറിയോ… ഇതൊക്ക പറഞ്ഞു തീർക്കവുന്ന പ്രേശ്നമല്ലേ ഒള്ളു അതിന് എന്തിനാ റിലേഷൻ വേണ്ടന്ന് വെക്കുന്നത്…? “

ഋതു അല്പം ദേഷ്യത്തോടെ ചോദിച്ചു…

“ഋതു തനിക്ക് പ്രണയം എന്താണെന്ന് അറിയണോ…? “

ജാനവ് കള്ള ചിരിയോടെ ചോദിച്ചു…

“അത്… എങ്ങനെ ആണ് പറഞ്ഞു തരുന്നത്…? “

ഋതു തെല്ലൊരു സംശയത്തോടെ ചോദിച്ചു…

“പ്രണയം എന്നാൽ അടിമത്തം അല്ല, പരസ്പരം മനസിലാക്കുക എന്നതാണ്..

പ്രണയത്തിൽ ഭയം പാടില്ല സ്നേഹമേ ആകാവു…

ഇവിടെ ലച്ചു ന് മിഥുനെ പേടി ആണെന്ന എനിക്ക് തോന്നുന്നത്… “

ജാനവിന്റെ വാക്കുകൾ എന്ത് കൊണ്ടോ ഋതുവിന് അംഗീകരിക്കാൻ ആയില്ല…

“അവരുടെ സ്നേഹം തനിക്ക് അറിയാത്തത് കൊണ്ടാണ്… സ്നേഹം ഉള്ള ഇടത് അല്ലേ പ്രണയം ഉണ്ടാകു…. ഒന്ന് വഴക്ക് ഇട്ടു എന്ന് കരുതി അവരെ പിരിക്കണോ…

താൻ നല്ലൊരു ഫ്രണ്ട് ആവും എന്നാ ഞാൻ കരുതിയത്…. എനിക്ക് ഇങ്ങനെ ഒരു ഫ്രണ്ട് ന്റെ ആവിശ്യം ഇല്ല… “

ഋതു അതും പറഞ്ഞ് ദേഷ്യത്തോടെ നടന്നു നീങ്ങി…

(തുടരും…. )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആത്മസഖി – ഭാഗം 10”

Leave a Reply

Don`t copy text!