Skip to content

ആത്മസഖി – ഭാഗം 14

aathmasakhi

“അന്ന് എന്താ സംഭവിച്ചത്….? “

ഋതു ആശങ്കയോടെ  ചോദിച്ചു…

“അന്ന് കോളേജിൽ ഒരു അടി നടന്നു.. പാർട്ടിക്കാർ തമ്മിൽ ഉള്ള വഴക്ക് ആയിരുന്നു.. രാഹുൽ പാർട്ടിയിൽ സജീവം ആയിരുന്നു, അവനെ ഒരുത്തൻ വെട്ടാൻ വന്നപ്പോൾ പിടിച്ചു മാറ്റാൻ പോയ ഞാൻ  ഏതോ ഒരുത്തന്റെ വടിവാളിന് ഇര ആയി…

വെട്ട് കൊണ്ട് ഞാൻ താഴെ വീണപ്പോൾ ബാക്കി ഉള്ളവർ പേടിച്ചു ഓടി…

കിട്ടിയ അവസരം മുതലാക്കി അവർ എന്നെ വീണ്ടും വീണ്ടും വെട്ടി പരീക്കേല്പിച്ചു… ഒന്ന് തടയാൻ പോലും ആരും ഉണ്ടായില്ല..

എന്റെ ബോധം മറയും വരെ അവർ എന്നെ ഉപദ്രവിച്ചു..

ഞാൻ കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു… പക്ഷേ അപ്പോഴേക്കും ജീവൻ മാത്രമുള്ള ഒരു ശവമായി ഞാൻ മാറിയിരുന്നു..

ഒന്ന് എഴുന്നേറ്റ് ഇരിക്കാൻ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ..

ഇതിനിടയിൽ എന്നെ വെട്ടിയവരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പാർട്ടിക്കാർ ആ കേസ് ഒതുക്കാൻ ശ്രമിച്ചു.. പക്ഷേ അപ്പോഴേക്കും എന്നെ വെട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഒക്കെ വന്നു.. അത്കൊണ്ട് മാത്രം എന്നെ വെട്ടിയവർക്ക് ജയിൽ ശിക്ഷ ലഭിച്ചു…

ഇതിനിടയിൽ എതിർ പാർട്ടിക്കാർ എന്നെ അവരുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആയി പ്രഖ്യാപിച്ചു….

ആദ്യമൊക്കെ പാർട്ടിക്കാരും നാട്ടുകാരും സഹായിച്ചു പക്ഷേ അത് അവർക്ക് അടുത്ത  ബ്രേക്കിങ് ന്യൂസ്‌ കിട്ടും വരെ മാത്രം ആയിരുന്നു… 

പിന്നെ പയ്യെ പയ്യെ ആരും ഇല്ലാത്ത അവസ്ഥയിൽ ഞാൻ എത്തി…  പ്രാഥമിക ആവിശ്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിൽ ആയിരുന്നു ഞാൻ..

രാഹുൽ അവന്റെ മാക്സിമം എനിക്ക് ഒപ്പം ചിലവഴിച്ചു.. എന്നാലും ഞാൻ എല്ലാവർക്കും ഒരു ഭാരം ആയി തുടങ്ങി എന്ന് എനിക്ക് അധികം വൈകാതെ മനസിലായി…

എന്റെ ചികിത്സചിലവിനായി ഓടിനടക്കുന്ന രാഹുലിനെ കണ്ടപ്പോൾ സങ്കടം തോന്നി…

സ്വന്തം  കൂടപ്പിറപ്പിനെ പോലെ അവൻ എനിക്ക് വേണ്ടി അലഞ്ഞു…

അതിന്റെ പേരിൽ അവന്റെ കുടുംബത്തിൽ നിന്നും ഞങ്ങളുടെ കൂട്ടുകാരിൽ നിന്നും ഒക്കെ എന്നെ ഉപേക്ഷിക്കാൻ അവനോട് പലരും ആവിശ്യപെട്ടു…

എന്തിന് ഏറെ ഈ ഞാൻ പോലും പറഞ്ഞിട്ട് അവൻ എന്നെ ഉപേക്ഷിച്ചില്ല ..

എന്റെ കൈകൾക്ക്  മാത്രേ ചലന ശേഷി ഉണ്ടായിരുന്നോള്ളൂ.. അത്കൊണ്ട് തന്നെ എനിക്ക് ഒറ്റക്ക് ഒന്നും പറ്റില്ല എന്ന് മനസിലാക്കിയ അവൻ എന്നെ ഉപേക്ഷിക്കാൻ തയാർ അല്ലായിരുന്നു…

ആ കിടന്ന കിടപ്പിൽ എത്രയോ ദിവസം ഞാൻ ദൈവത്തിനെ പോലും ശപിച്ചിട്ട് ഉണ്ടെന്ന് അറിയോ…

നല്ലൊരു ബാല്യമോ കൗമാരമോ തന്നില്ല, ആകെ ഉണ്ടായിരുന്ന അമ്മയെയും കൊണ്ട് പോയി..

ഇപ്പോൾ ഇങ്ങനെ നരകിപ്പിക്കുന്നത് എന്തിന് എന്നൊക്കെ ഞാൻ ദൈവത്തോട് ചോദിച്ചിട്ടുണ്ട് …

താൻ എപ്പോഴെങ്കിലും ഒരു മുറിയിൽ തന്നെ ഒന്നും ചെയ്യാൻ ആകാതെ ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ടോ…?

പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ ആണ് അത്…

ഏകദേശം ഒരു മാസം അങ്ങനെ തന്നെ പോയി.. അതിനിടയിൽ പലരുടെയും കുത്തുവാക്കുകൾ.. പരിഹാസങ്ങൾ എല്ലാം നേരിട്ടു…

കുറച്ചു നാൾ കഴിഞ്ഞപ്പോൾ രാഹുലിന് വിസ വന്നു… പക്ഷേ എന്നെ ഉപേക്ഷിച്ചു പോകാൻ അവൻ തയാറായില്ല..

അവന്റെ കുടുംബത്തിന് രക്ഷപെടാൻ ഉള്ള നല്ലൊരു മാർഗം ആയിരുന്നു അത്.. അവൻ ഗൾഫിൽ പോകുന്നില്ല എന്ന് പരാതി പറഞ്ഞു കൊണ്ട് അവന്റെ അമ്മ ഒരിക്കൽ എന്നെ കാണാൻ വന്നു…

അവൻ ഗൾഫിൽ പോയാൽ ആ കുടുംബം രക്ഷപെടു എന്നും അവന്റെ അനിയത്തിയുടെ കല്യാണം നടക്കു എന്നൊക്കെ പറഞ്ഞു ആ അമ്മ കുറെ കരഞ്ഞു…

അന്ന് ഉച്ചക്ക് എനിക്ക് നഖം വെട്ടി തരുന്നതിനിടയിൽ ഞാൻ അവനോട് ചോദിച്ചു ജോലിക്ക് പൊയ്ക്കൂടേ എന്നൊക്കെ… പക്ഷേ അന്നും അവൻ പറഞ്ഞത് എന്നെ ഇട്ടിട്ട് പോകാൻ ആവില്ല.. ഞാൻ അവനെ പിടിച്ചു മാറ്റില്ലായിരുന്നെങ്കിൽ അവൻ ആകുമായിരുന്നു ഈ അവസ്ഥയിൽ എന്നൊക്കെ.. 

ഞാൻ എത്ര നിർബന്ധിച്ചിട്ടും അവൻ എന്നെ വിട്ട് പോകാൻ തയാറായില്ല..

ഞാൻ ഒരാൾ കാരണം അവന്റെ ജീവിതം കൂടി നശിക്കരുത് എന്ന് എനിക്ക് തോന്നി.. അത് മാത്രം അല്ല ആ ഏകാന്തത വാസം എന്നെ ഭ്രാന്ത് പിടിപ്പിച്ചു തുടങ്ങിയിരുന്നു….

എന്റെ മരണം അവനെയും എന്നെയും ഒരുപോലെ രക്ഷിക്കും എന്ന് എനിക്ക് തോന്നി…

എനിക്ക് ഉള്ള ആഹാരം എടുക്കാൻ അവൻ വീട്ടിൽ പോയ സമയം.. അവൻ എന്റെ നഖം വെട്ടിയിട്ട് വച്ചിരുന്ന ബ്ലൈഡ് എടുത്ത് ഞാൻ ഞരമ്പ് അറുത്തു… “

അത്രയും പറഞ്ഞു അവസാനിക്കുമ്പോഴേക്കും ജാനവന്റെ സ്വരം ഇടറിയിരുന്നു…

അവൻ ഋതുവിനെ നോക്കിയപ്പോൾ ഒരു കൊച്ച് കുഞ്ഞിനെ പോലെ അവൾ ഇരുന്ന് കരയുന്നു….

“അയ്യേ താൻ എന്തിനാ കരയുന്നത്…? എടോ മണ്ടുസേ ഞാൻ മരിച്ചതിൽ എനിക്ക് പോലും സങ്കടം ഇല്ല പിന്നെ താൻ എന്താ ഇങ്ങനെ…? “

ജാനവ് അവളുടെ അടുത്ത് ചെന്ന് ചോദിച്ചു..

“എനിക്ക് പെട്ടെന്ന് സങ്കടം വന്നു… “

അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു…

“അഹ് ബെസ്റ്റ്.. എന്റെ മണ്ടുസേ ഞാൻ മരിച്ചത് കൊണ്ടല്ലേ നമ്മൾ പരിചയപ്പെട്ടത്… എല്ലാ കാര്യവും പോസിറ്റീവ് ആയിട്ട് കണ്ടാൽ പോരെ… “

ജാനവ് അവളുടെ തലക്ക് ഇട്ട് ഒരു കൊട്ട് കൊടുത്ത് കൊണ്ട് പറഞ്ഞു…

“ആ കുട്ടി ഇപ്പോൾ എവിടെയാ..? “

ഋതു തലയിൽ തടവി കൊണ്ട് ചോദിച്ചു…

“അവൾ എവിടെ ആണേലും സന്തോഷത്തോടെ ഇരിക്കട്ടെ… “

ജാനവ് അത് പറയുമ്പോൾ അവന്റെ കൺകോണിൽ ഉള്ള നനവ് ഋതു കണ്ടു.. അത്കൊണ്ട് തന്നെ അവൾ കൂടുതൽ അതിനെ കുറിച്ച് ചോദിച്ചില്ല…

“ഇതൊക്കെ കൊണ്ടാണല്ലേ മാഷ് ആത്മഹത്യ സപ്പോർട്ട് ചെയുന്നത്…? “

ഋതുവിന്റെ ചോദ്യം കേട്ട് ജാനവ് ചിരിച്ചു…

“ഞാൻ ഒരിക്കലും ആത്മഹത്യ സപ്പോർട്ട് ചെയ്യില്ല ഋതു..

തനിക്ക് മുനിബാ മൻസാരിയെ അറിയോ…? അവർ ഒരു പാകിസ്താനി ആണ്.. അവരുടെ പതിനെട്ടാമത്തെ വയസിൽ വിവാഹിതയായി, ഇരുപത്തി ഒന്നാമത്തെ വയസിൽ ഒരു ആക്‌സിഡന്റ് കാരണം അവരുടെ ശരീരം മുഴുവൻ തളർന്നു പോയി..

അതോടെ അവരുടെ ഭർത്താവും ഉപേക്ഷിച്ചു.. പക്ഷേ അവർ ജീവിതത്തോട് പൊരുതി.. രണ്ട് വർഷത്തെ ആശുപത്രി വാസം അവരെ കട്ടിലിൽ നിന്നും വീൽചെയറിൽ എത്തിച്ചു…

ഇന്നവർ ലോകം അറിയുന്ന മോട്ടിവേഷണൽ സ്പീക്കർ ആണ്.. മോഡൽ ആണ്.. “

ജാനവ് പറയുന്നത് ഓരോന്നും ഋതു വളരെ ശ്രദ്ധയോടെ കേട്ടിരുന്നു…

“ഇതൊക്കെ അറിയാവുന്ന മാഷാണോ ആത്മഹത്യാ ചെയ്തത്…? “

ഋതു അതിശയത്തോടെ ചോദിച്ചു…

“ഹ ഹ ഹ… എന്റെ ഋതു മനുഷ്യന്റെ മനസ്സ് ആർക്കും പിടിച്ചു വെക്കാൻ പറ്റുന്ന ഒന്നല്ല..

എന്റെ ചിന്തകൾ അല്ല തന്റെ.. ഓരോരുത്തരുടെയും അനുഭവങ്ങൾ വത്യസ്തം ആണ്..

നമുക്ക് ആരെയും വിലയിരുത്താൻ പറ്റില്ല… ഓരോരുത്തരും കടന്ന് പോകുന്ന ജീവിതവഴികൾ വത്യസ്തം ആണ്… ചിലർ പൊരുതി ജീവിക്കും ചിലർ എന്നെ പോലെ തോൽവി സമ്മതിച്ചു കൊടുക്കും…

പിന്നെ ഞാൻ അന്ന് അങ്ങനെ ചെയ്തത് കൊണ്ട് മാത്രം രാഹുൽ രക്ഷപെട്ടില്ലേ..  “

ജാനവ് അത് പറഞ്ഞപ്പോൾ ഋതു എന്തോ ആലോചിച്ചു… അതിനിടയിൽ ആണ് ആരോ ഋതുവിന്റെ മുറിയുടെ വാതിലിൽ തുടരെ മുട്ടിയത്…

ഋതു പോയി വാതിൽ തുറന്നതും ഉണ്ണി ഓടി മുറിയിൽ കേറി അവിടെ ആകെ പരിശോധിക്കാൻ തുടങ്ങി…

“നീ എന്താ ഈ നോക്കുന്നത്…? “

ഋതു ഒന്നും മനസിലാകാതെ ചോദിച്ചു…

“ചേച്ചി ആരോടാ നേരത്തെ സംസാരിച്ചേ…? “

ഉണ്ണി അവിടെ മൊത്തം നിരീക്ഷിച്ചു കൊണ്ട് ചോദിച്ചു…

”എന്താ ഉണ്ണി നിനക്ക് നീ വീണ്ടും ഇവളുടെ പുറകെ നടകുവാണോ…? “

രാധിക ഋതുവിന്റെ മുറിയുടെ വാതിൽക്കൽ വന്ന് നിന്ന് കൊണ്ട് ഉണ്ണിയോട് ചോദിച്ചു…

“ഞാൻ ഗാർഡനിൽ നിന്നപ്പോൾ കണ്ടത് ആണ് അമ്മേ, ചേച്ചി ആരോടോ എന്തൊക്കെയോ സംസാരിക്കുന്നത്…? “

ഉണ്ണി അത് പറഞ്ഞതും ഋതു ചെറുതായി ഒന്ന് ഞെട്ടി… അവൾ ജാനവിനെ നോക്കിയപ്പോൾ സമാധാനം ആയിട്ട് ഇരിക്ക് എന്ന അർത്ഥത്തിൽ അവൻ കണ്ണടച്ചു കാണിച്ചു….

“ആരോട് സംസാരിക്കുന്നത്…? “

രാധിക ഒരു പുരികം ഉയർത്തി ഉണ്ണിയോട് ചോദിച്ചു…

“അത് എനിക്ക് അറിയില്ല പക്ഷേ ഞാൻ കണ്ടതാ അല്ലെങ്കിൽ ചേച്ചിയോട് ചോദിച്ചു നോക്ക്… “

ഉണ്ണി അത് പറഞ്ഞതും രാധിക ഋതുവിനെ നോക്കി…

“അത് ഞാൻ കിടന്നിട്ട് ഉറക്കം വരാത്തോണ്ട് പഠിച്ചതൊക്കെ ഓർത്ത് ഒന്ന് സ്വയം പറയുക ആയിരുന്നു… “

അപ്പോൾ വായിൽ വന്നൊരു കള്ളം പറഞ്ഞു ഋതു പിടിച്ചു നിൽക്കാൻ ശ്രമിച്ചു…

“ഓ അതായിരുന്നോ… ഇവന്റെ പറച്ചിൽ കേട്ടാൽ തോന്നും എന്തോ വല്യ സംഭവം ആണെന്ന്…. “

രാധിക നിസാരമായി അത് പറഞ്ഞപ്പോൾ ഉണ്ണിയുടെ മുഖം ചുവന്നു…

“എന്നെ അമ്മ വിശ്വസിക്കണ്ട… പക്ഷേ ഞാൻ പറഞ്ഞതൊക്കെ സത്യം ആണെന്ന് തെളിയുന്ന ഒരു ദിവസം വരും… “

ഉണ്ണി അതും പറഞ്ഞ് ദേഷ്യത്തോടെ മുറിയിൽ നിന്നും ഇറങ്ങി പോയി…

“ഈ ചെറുക്കന് ഇത് കുറച്ച് ദിവസം ആയി തുടങ്ങിട്ട്… “

ദേഷ്യത്തോടെ ഇറങ്ങി പോയ ഉണ്ണിയെ നോക്കികൊണ്ട് രാധിക പറഞ്ഞു…

“എന്തായാലും നീ ഇരുന്ന് പഠിക്ക്.. “

രാധിക അത്രയും പറഞ്ഞ് കൊണ്ട് അടുക്കളയിലേക്ക് പോയി…

“ഭാഗ്യം രക്ഷപെട്ടു…. “

ഋതു മുറിയുടെ വാതിൽ അടച്ചു കൊണ്ട് പറഞ്ഞു…

“പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണ്… “

ജാനവ് ഒരു കള്ള ചിരിയോടെ പറഞ്ഞു..

“അങ്ങനെ ആണേൽ ഈ രാഷ്ട്രീയക്കാർ ഒക്കെ എപ്പോഴേ ജയിലിൽ ആയേനെ… “

ഋതു ഒരു കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു…

“തെറ്റ് ചെയുന്നവർ ആരായാലും ഒരിക്കൽ പിടിക്കപ്പെടും .. “

ജാനവ് തന്റെ പതിവ് ശൈലിയിൽ മറുപടി പറഞ്ഞു…

“അതിന് നമ്മൾ തെറ്റൊന്നും ചെയ്തില്ലല്ലോ    .. “

ഋതു കള്ള ചിരിയോടെ പറഞ്ഞു  …

“ഊവ്. . അല്ല നമ്മൾ പഠിത്തം വീണ്ടും ഉഴപ്പാൻ തുടങ്ങിട്ട് കുറച്ച് ദിവസം ആയി… വാ നമുക്ക് പഠിക്കാം .. “

ജാനവ് പുസ്തകങ്ങൾ എടുത്ത് ഋതുവിന്റെ മുൻപിൽ വച്ച് കൊണ്ട് പറഞ്ഞു….

“ഇന്ന് ഇനി പഠിക്കണോ… “

അവൾ തെല്ലൊരു മടിയോടെ ചോദിച്ചു…

” എടോ ഒരിക്കൽ മടി പിടിച്ചാൽ പിന്നെ അത് മാറ്റാൻ പാടാണ് .. വാ പഠിക്ക്… “

ജാനവ് അവളെ നിർബന്ധിച്ചു പഠിക്കാൻ ഇരുത്തി   . ..

“ഈ പോർഷൻ ഒക്കെ ഞാൻ നേരത്തെ പഠിച്ചത് ആണ്… “

ജാനവ് തുറന്ന് വച്ച പുസ്തകങ്ങളിലേക്ക് അവൾ ഒന്ന് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു…

“പഠിച്ച കാര്യങ്ങൾ ഒന്നുടെ വായികുന്നത് നല്ലതാണ്… നമ്മൾ എത്ര പഠിച്ചാലും ചില കാര്യങ്ങൾ മറന്ന് പോകും അത് ഓർക്കാൻ ഇങ്ങനെ ചില കാര്യങ്ങൾ ആവിശ്യം ആണ്   … “

ജാനവ് അവൾക്ക് അരികിൽ ഇരുന്ന് കൊണ്ട് പറഞ്ഞു …

“പക്ഷെ പിന്നെയും വായിക്കുമ്പോൾ ബോർ ആയി തോന്നുന്നു.. ”

അവൾ കൊച്ചുകുഞ്ഞിനെ പോലെ പറഞ്ഞു..

“ഋതു നിന്റെ മടി മാറ്റി വച്ച് കൊണ്ട് ചിന്തിക്ക് …  പഠിച്ചതൊക്കെ വീണ്ടും വായിക്കാതെ ഇരുന്നാൽ പഠിച്ചതിലെ പല പ്രധാന കാര്യങ്ങളും താൻ മറന്ന് പോകും…

അത് മാത്രം അല്ല കീർത്തിക്കും ലച്ചുവിനും കൂടെ നീ നാളെ മുതൽ നോട്സ് എത്തിക്കണം…. “

ജാനവ് അത് പറഞ്ഞതും ഋതുവിന്റെ മുഖത്തേ ചിരി മങ്ങി…

“ലച്ചുന് ഞാൻ കൊടുക്കാം പക്ഷെ കീർത്തി… അവൾക്ക് എന്റെ നോട്ട് ഒക്കെ ഇഷ്ടാവോ…? “

ഋതു തെല്ലൊരു സംശയത്തോടെ ചോദിച്ചു…

“അതൊക്കെ ഇഷ്ടം ആകും താൻ ഇന്ന് കീർത്തിയെ വിളിച്ചു അവൾക്ക് എങ്ങനെ ഉണ്ടെന്ന് അനേഷിച്ചോ…? “

ജാനവ് അത് പറഞ്ഞപ്പോൾ ആണ് കീർത്തിയെ വിളിക്കാൻ മറന്നതിനെ കുറിച്ച് ഋതു ചിന്തിച്ചത്….

ഉടനെ തന്നെ അവൾ ഫോൺ എടുത്ത് കീർത്തിയെ വിളിച്ചു വിശേഷങ്ങൾ തിരക്കി…

ശേഷം ജാനവ് പറഞ്ഞത് പോലെ സമയം പാഴാക്കാതെ പഠിക്കാൻ ഇരുന്നു.  

അന്ന് രാത്രി കിടക്കാൻ നേരം ഋതുന്റെ ചിന്തകളിൽ മുഴുവൻ ജാനവിന്റെ ജീവിതവും അവന്റെ പ്രണയവും നിറഞ്ഞു നിന്നു..

“താൻ ഉറങ്ങുന്നില്ലേ…? “

ജാനവ് ഋതുനോട് ചോദിച്ചു…

“മാഷ് സ്നേഹിച്ച കുട്ടി എത്ര ഭാഗ്യവതി ആണെന്ന് ആലോചിച്ചതാണ്… എന്നെ ഒന്നും ആർക്കും വേണ്ട.. അല്ലെങ്കിൽ തന്നെ ഈ തടിച്ചി പിള്ളേരെ ഒക്കെ ആര് നോക്കാൻ ആണ്..? “

ഋതു തമാശരൂപെണ പറഞ്ഞത് ആണെങ്കിലും അതിലെ നോവ് ജാനാവിന് മനസിലാകുമായിരുന്നു…

”പുറമെ ഉള്ള സൗന്ദര്യത്തെ ക്കാൾ മികച്ചത് മനസാണ് നിനക്ക് നല്ലൊരു മനസുണ്ട് അത്കൊണ്ട് തന്നെ നല്ലൊരാൾ ഉടനെ തന്നെ നിന്നിൽ വന്നു ചേരും…

അവന്റെ വരവോടെ നീ ഇതിലും സുന്ദരി ആകും… “

ജാനവ് പറഞ്ഞത് അവൾ ഒരു തമാശ ആയി മാത്രേ എടുത്തോളു കാരണം ജീവിതത്തിൽ ഒരിക്കലും അങ്ങനെ ഒരാൾ വരാൻ പോകുന്നില്ല എന്നവൾ വിശ്വസിച്ചു….

ചിന്തകൾ കാട് കേറിയപ്പോൾ നിദ്രദേവി അവളെ പുൽകി….

അടുത്ത ദിവസം രാവിലെ തന്നെ ലച്ചുനെ ഹോസ്പിറ്റലിൽ പോയി കണ്ട ശേഷം ആണ് ഋതു കോളേജിലേക്ക് പോയത്…

ലച്ചു ഇല്ലാതെ ക്ലാസ്സിൽ പോകാൻ താല്പര്യം ഇല്ലായിരുന്നു എങ്കിലും ജാനവിന്റെ നിർബന്ധത്തിന് വഴങ്ങി അവൾ കോളേജിലേക്ക് പോയി…

ഉച്ചക്ക് ശേഷം ഏതോ പുതിയ സാർ പഠിപ്പിക്കാൻ വരുന്നത് കുട്ടികൾ പറഞ്ഞ് ഋതു അറിഞ്ഞെങ്കിലും അത് ആരാണെന്ന് അറിയാൻ അവൾക്ക് ഒട്ടും താല്പര്യം തോന്നില്ല… കാരണം ലച്ചുവില്ലാത്തത് അവളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു…

ഉച്ചത്തെ ക്ലാസ്സിൽ അവരെ പഠിപ്പിക്കാനായി കാണാൻ സുമുഖനായൊരു ചെറുപ്പക്കാരൻ സാർ വന്നു…

ആ സാർ നെ കണ്ടതും അയാളെ എവിടെ യോ കണ്ടിട്ട് ഉള്ളത് പോലെ ഋതുന് തോന്നി….

“എ… എന്റെ പേര് അ… അഭിമന്യു.., ഞാൻ നി.. നിങ്ങളുടെ പുതിയ സ… സാർ ആണ്… “

അഭിമന്യു അയാളെ സ്വയം പരിചയപെടുത്തിയതും കുട്ടികൾക്ക് ഇടയിൽ നിന്നും ചില മുറുമുറുപ്പുകൾ ഉയർന്നു…

“സാർ ഇങ്ങനെ ആണ് പഠിപ്പിക്കുന്നത് എങ്കിൽ ഞങ്ങൾ അടുത്ത കൊല്ലം എങ്കിലും ഈ വിഷയം പഠിച്ചു തീരോ…. “

ആൺകുട്ടികളുടെ ഇടയിൽ നിന്നും അദ്ദേഹത്തെ അപമാനിക്കും  പോലുള്ള കമെന്റുകളും ഉയർന്നതോടെ അദ്ദേഹം ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി…

(തുടരും…. )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!