Skip to content

ആത്മസഖി – ഭാഗം 16

aathmasakhi

അന്നത്തെ ദിവസം തിരികെ ക്ലാസ്സിലേക്ക് പോകാൻ അഭിമന്യുവിന് തോന്നില്ല. അവൻ കോളേജ് ലൈബ്രറിയിൽ പോയിരുന്നു. പണ്ടും ഇവിടെ പഠിച്ചിരുന്ന സമയത്ത് വിഷമം വരുമ്പോൾ അഭയം പ്രാപിക്കുന്നത് ലൈബ്രറിയിലെ ഏതെങ്കിലും പുസ്തകങ്ങളിൽ ആവും..

പക്ഷേ ലൈബ്രറിയിൽ പോയി ഇരുന്നിട്ടും അഭിമന്യുവിന്റെ മനസ്സ് അസ്വസ്ഥം ആയി തന്നെ തുടർന്നു. വായിക്കാൻ എടുത്ത പുസ്തകത്തിലെ ഒരു വരി പോലും വായിക്കാൻ ആവാതെ അവൻ ആ പുസ്തകം അടച്ചു വച്ചു…

ഋതുവിനോട് ക്ഷമ പറയണം എന്ന് തോന്നി എങ്കിലും പിന്നെ അത് വേണ്ട എന്ന് വച്ചു. ഒരു അധ്യാപകൻ വിദ്യാർത്ഥിനിയോട് ക്ഷമ പറഞ്ഞാൽ അത് തനിക്ക് കുറച്ചിൽ ആയാലോ എന്ന ചിന്ത അവനെ വല്ലാതെ അലട്ടി.

ഋതുവിന്റെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ ലഭിക്കുക എന്നത് വല്ലാത്ത വേദന തന്നെ ആണ്.. ഇന്ന് വരെ പഠിപ്പിച്ച ഒരു അധ്യാപകനും പഠിത്തകാര്യത്തിൽ അല്ലാതെ തന്നെ ശകരിച്ചിട്ടില്ല എന്നവൾ ഓർത്തു.

ഒരു ക്ലാസും കൂടി മാത്രേ അഭിമന്യുന്റെ ക്ലാസ്സ്‌ കഴിഞ്ഞ് ഉണ്ടായിരുന്നോള്ളൂ എങ്കിലും അതിന് ഇരിക്കാൻ ആവാതെ അവൾ കോളേജിന് പുറത്ത് ഇറങ്ങി. ലച്ചു എങ്കിലും അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു പോയി. അല്ലെങ്കിലും നല്ല സൗഹൃദങ്ങൾ പൊരി വെയിലത്ത്‌ പോലും തണലാവും എന്നവൾക്ക് തോന്നി.. ജാനവിനെ അവൾ തിരഞ്ഞെങ്കിലും അവനും അവൾക്ക് ഒപ്പം ഇല്ല എന്ന ഒരു തോന്നൽ അവളെ ആകെ വിഷമത്തിൽ ആഴ്ത്തി…

കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യന്റെ വെയിലിനെ പോലും വക വെക്കാതെ അവൾ നടന്നു.. കോളേജിന് പുറത്തും രണ്ട് സൈഡിൽ ആയി ഒരുപാട് വാക മരങ്ങൾ പൂത്ത് നിന്നിരുന്നു എങ്കിലും  അവയുടെ തണലിന് സൂര്യന്റെ താപം തടുക്കാൻ ആയില്ല. തിളച്ചു മറിയുന്ന ലാവ പോലെ അവളുടെ ചിന്തകളും അതിനൊപ്പം സഞ്ചരിച്ചു .  കൊഴിഞ്ഞു വീണ ഓരോ വാക പൂക്കളെയും ചവിട്ടി അമർത്തി കൊണ്ടവൾ തന്റെ സങ്കടവും ദേഷ്യവും എല്ലാം ഉള്ളിൽ അടക്കിപിടിച്ചു നടന്നു…

“ഋതു…. “

ജാനവിന്റെ ശബ്ദം കേട്ടെങ്കിലും അവൾ നടത്തം നിർത്തിയില്ല…

“തനിക്ക് എന്താടോ ഒരു മൈൻഡ് ഇല്ലാതെ…? “

ജാനവ് അവൾക്ക് മുൻപിൽ കേറി നിന്ന് കൊണ്ട് ചോദിച്ചു.

“എന്തിനാ ഞാൻ മൈൻഡ് ചെയുന്നത്…?  അനൂപ് എന്നോട് ദേഷ്യപ്പെട്ടു ക്ലാസ്സിന് പുറത്ത് പോകാൻ പറഞ്ഞപ്പോൾ  എവിടെ ആയിരുന്നു..? പുതിയ സാർ ന്റെ മുൻപിൽ ഞാൻ നാണംകെട്ടപ്പോൾ എവിടെ ആയിരുന്നു അദ്ദേഹം എന്നെ വഴക്ക് പറഞ്ഞപ്പോൾ എവിടെ ആയിരുന്നു…? “

അതുവരെ പിടിച്ചു നിർത്തിയ സങ്കടം കോപമായി അവൾ അവനിലേക്ക് ചൊരിഞ്ഞു.

“എന്റെ പൊന്ന് ഋതു, നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് നിനക്ക് ഒരു പ്രശ്നം വന്നാൽ അത് സ്വയം നേരിടാൻ പഠിക്കണം എന്ന്… ഞാൻ ജീവിതകാലം മുഴുവൻ നിനക്ക് ഒപ്പം ഉണ്ടാകുമോ…? “

ജാനവിന്റെ ആ ചോദ്യം ഋതുവിന്റെ ഹൃദയത്തിൽ തറച്ചു…

“എനിക്ക് ഒപ്പം ഉണ്ടാവില്ലേ… “

അവൾ ഇടറിയ സ്വരത്തിൽ ചോദിച്ചു..

അതിന്റെ മറുപടി അവൻ ഒരു ചിരിയിൽ ഒതുക്കി..

“ഋതു, നീ സ്വയം സംരക്ഷിക്കാൻ പഠിക്കണം. അനാവശ്യമായി ഒരാൾ നിന്നെ കളിയാക്കിയാൽ അത് ചോദ്യം ചെയ്യാൻ നിനക്ക് അവകാശം ഉണ്ട്. “

ജാനവ് പറഞ്ഞ മറുപടിയിൽ അവൾ ഒട്ടും തൃപ്ത ആയില്ല…

“ഞാൻ ചോദിച്ചതിന് മറുപടി പറ.. എന്നെ വിട്ട് പോകുവോ ..? “

അവൾ അത് ജാനവിന്റെ കണ്ണുകളിൽ നോക്കി ചോദിച്ചതും അവൻ ഉത്തരം നൽകാൻ ആവാതെ ബുദ്ധിമുട്ടി… അവളുടെ നോട്ടം താങ്ങാൻ ആവാതെ മുഖം തിരിക്കാൻ കൊതിച്ചെങ്കിലും അവന് അതിന് ആയില്ല…അവന്റെ കണ്ണുകളുടെ മായിക വലയത്തിൽ ആയിരുന്നു അവളും..

പെട്ടെന്ന് ആണ് ഋതുന്റെ ഫോൺ ബെൽ അടിച്ചത്.. അവൾ ചിന്തകളിൽ നിന്നും ഉണർന്ന പോലെ ഫോൺ എടുത്തു.. അമ്മയുടെ പേര് സ്‌ക്രീനിൽ തെളിഞ്ഞതും അവൾ ഫോൺ അറ്റൻഡ് ചെയ്ത് സംസാരിച്ചു.

“അമ്മ എന്തിനാ വിളിച്ചേ.. ? “

ഫോൺ വച്ചതും ജാനവിന്റെ ചോദ്യം അവളെ തേടി എത്തി.

“അമ്മയും അച്ഛനും ഉണ്ണീടെ സ്കൂളിലെ പരുപാടിക്ക് പോകുവാ വരുമ്പോൾ ലേറ്റ് ആവും അത്കൊണ്ട് ലച്ചുന്റെ ഒപ്പം ഹോസ്പിറ്റലിൽ ഇരിക്കാൻ പറഞ്ഞു… ”

ഋതു പറഞ്ഞ് തീർന്നതും ജാനവ് വെറുതെ ഒന്ന് മൂളി..

അവൾക്ക് അപ്പോഴും തന്നെ വിട്ടിട്ട് പോകുമോ എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുനെങ്കിലും വേണ്ട എന്ന് വച്ചു.. അവന്റെ മറുപടി അവനൊരു ചിരിയിൽ ഒതുക്കും എന്ന തിരിച്ചറിവ് ആവും കാരണം.. പിന്നെ യും മുൻപോട്ട് നടക്കുമ്പോൾ അവർക്ക് ഇടയിൽ മൗനം തളംകെട്ടി കിടന്നു..

അവളുടെ ഒപ്പം നടക്കുമ്പോഴും ജാനവിന്റെ ചിന്തകൾ മുഴുവൻ അവളുടെ ചോദ്യത്തിൽ കുരുങ്ങി കിടന്നു..

ഹോസ്പിറ്റലിൽ എത്തി ലച്ചുനെ കണ്ടതും ഋതു വീണ്ടും പഴയ ഋതു ആകാൻ ശ്രമിച്ചു  എങ്കിലും ഉള്ളിൽ എവിടെയോ ഒരു നോവ് അവളെ തളർത്തി  കൊണ്ടിരുന്നു.

അത് ജാനവിന്റെ കാര്യത്തിൽ ആണോ സാർ ന്റെ മുൻപിൽ ചെയ്യാത്ത കുറ്റത്തിന് പഴി കേട്ടതിന്റെ ആണോ എന്ന് മാത്രം അവൾക്ക് തിരിച്ചറിയാൻ ആയില്ല..

ലച്ചു ചോദിക്കുന്നതിനൊക്കെ അവൾ എന്തൊക്കെയോ മറുപടി പറയുന്നുണ്ടെന്ന് അല്ലാതെ പഴയ ഉത്സാഹം അവൾക്ക് നഷ്ടപ്പെട്ടു എന്ന് ലച്ചുനും  തോന്നി..

“നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ ഋതു…? “

ലച്ചുവിന്റെ ചോദ്യം കേട്ട് ഋതുന് അത്ഭുതം തോന്നി. അല്ലെങ്കിലും നല്ല സുഹൃത്തുക്കൾ നമ്മൾ പറയാതെ നമ്മളെ മനസിലാക്കുന്നവർ ആണല്ലോ…

ഋതു എന്ത് കൊണ്ടോ ജാനവിന്റെ കാര്യം അവളുമായി പങ്ക് വച്ചില്ല പകരം ഇന്ന് സാർ ന്റെ കൈയിൽ നിന്നും വഴക്ക് കിട്ടിയതൊക്കെ പറഞ്ഞു..

ലച്ചുനോട് പറഞ്ഞ് കഴിഞ്ഞപ്പോൾ തന്നെ ഋതു ന് പാതി ആശ്വാസം ലഭിച്ചത് പോലെ തോന്നി..

“നിനക്ക് ടെൻഷൻ കാരണം ആണ് വിക്കിയത് എന്ന് അറിയാതെ അല്ലേ സാർ വഴക്ക് പറഞ്ഞത് സാരമില്ല… നീ അതോർത്തു വിഷമിക്കണ്ട… “

ലച്ചുന്റെ വാക്കുകൾ ഋതുന്റെ ഉള്ളിലെ സങ്കടം പാതി മായ്ച്ചു കളഞ്ഞു.

“അതൊക്കെ പോട്ടെ നമ്മുടെ പ്രമോദേട്ടൻ എന്ത് പറയുന്നു… “

ലച്ചു പ്രമോദിന്റെ കാര്യം ചോദിച്ചപ്പോൾ ഋതുന് ചിരി ആണ് വന്നത്. അവൾ കീർത്തിയുടെ ആക്‌സിഡന്റ് ന്റെ കാര്യവും പ്രമോദും കീർത്തിയും തമ്മിൽ ഉള്ള സ്നേഹത്തിന്റെ കാര്യവും എല്ലാം പറഞ്ഞപ്പോൾ ലച്ചുവും ചിരിച്ചു.

അപ്പോൾ ആണ് കീർത്തിയും ഇവിടെ തന്നെ ആണല്ലോ അഡ്മിറ്റ്‌ ആയത് എന്ന് ഋതു ഓർത്തത്   ..

ഇടക്ക് കീർത്തിയെയും പോയി കണ്ട് അവൾക്കൊപ്പവും ഋതു സമയം ചിലവഴിച്ചു. കീർത്തിക്ക് അരികിൽ നിന്നും മാറാതെ നിൽക്കുന്ന പ്രമോദിനെ കണ്ടപ്പോൾ അവൾ രണ്ട് പേരെയും വെറുതെ കളിയാക്കി..

“നീ അന്ന് തിരിച്ചു ഇഷ്ടം ആണെന്ന് പറയാത്തത് നന്നായി ഋതു ഇല്ലെങ്കിൽ ഞങ്ങൾക്ക് ഒരിക്കലും ഒന്നിക്കാൻ ആവില്ലായിരുന്നു.. “

പ്രമോദ് അത് പറഞ്ഞപ്പോൾ ഋതു ജാനവിനോട് മനസ്സിൽ നന്ദി പറഞ്ഞു.

“ചിലർ നമ്മളെ അംഗീകരിക്കാത്തത് ചിലപ്പോൾ അതിലും മികച്ചവർ വരാൻ വേണ്ടിട്ട് ആവും എന്ന് എവിടെ യോ ഞാൻ കേട്ടിട്ടുണ്ട്  .

കീർത്തിയെ പോലെ പ്രമോദേട്ടനെ സ്നേഹിക്കാൻ ആർക്കും ആവില്ല  ..

അത് പ്രമോദേട്ടനെ മനസിലാക്കി തരാൻ മാത്രം ആവും ദൈവം എന്നെ നിങ്ങൾക്ക് അരികിലേക്ക് അയച്ചത്… “

ഋതു പറഞ്ഞത് കേട്ടപ്പോൾ കീർത്തി സന്തോഷത്തോടെ അതെ എന്ന അർത്ഥത്തിൽ തലയാട്ടി…

“ഇന്ന് കോളേജിൽ ഒരു സംഭവം ഉണ്ടായി.. അനൂപ് വെറുതെ എന്നോട് ദേഷ്യപ്പെട്ടു.. കുറച്ചു കഴിഞ്ഞപ്പോൾ വന്ന് സോറി പറഞ്ഞിട്ട് പറഞ്ഞു പ്രമോദേട്ടനോട് പറയരുത് എന്ന്… “

ഋതു അത് പറഞ്ഞതും കീർത്തിയുടെ മുഖത്തേ ചിരിക്ക് അല്പം മങ്ങൽ ഏറ്റത് പോലെ പ്രമോദിന് തോന്നി…

“അവന് പേടി കാണും എന്റെ പെങ്ങളെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ പഞ്ഞിക്കിടും എന്ന് അവന് അറിയാം…”

പ്രമോദ് പറയുന്നത് കേട്ടപ്പോൾ കീർത്തിയുടെ മുഖത്തെ മങ്ങിയ ചിരിക്ക് അല്പം കൂടി വെളിച്ചം വന്നത് ആയി പ്രമോദിന് തോന്നി…

“ഋതു ഞങ്ങൾക്ക് നീ ഒരു സഹായവും കൂടി ചെയ്യുമോ..? “

കീർത്തിയുടെ ചോദ്യം കേട്ട് എന്താണെന്ന ഭാവത്തിൽ ഋതുവും പ്രമോടും അവളെ നോക്കി.

“ഇപ്പോൾ ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം അറിഞ്ഞാൽ ഉറപ്പായും വീട്ടുകാർ എതിർക്കും… നിനക്ക് അറിയാലോ എന്റെ അമ്മടെ സ്വഭാവം പോരാത്തതിന് പ്രമോദേട്ടനെ അമ്മക്ക് അത്ര ഇഷ്ടം അല്ല..

അത്കൊണ്ട് അനൂപിനെ പോലെ എല്ലാവരും അങ്ങനെ തന്നെ കരുതിക്കോട്ടെ ഇപ്പോൾ അത് തിരുത്തിയാൽ എനിക്ക് പ്രമോദേട്ടനെ നഷ്ടം ആവും…

പ്രമോദേട്ടൻ ഒരു ജോലി ഒക്കെ നേടി എടുക്കുന്ന സമയം വരെയും നിങ്ങൾ തമ്മിൽ ആണ് അടുപ്പം എന്ന് തത്കാലം എല്ലാവരും കരുതിക്കോട്ടെ പ്ലീസ്… “

കീർത്തി പറഞ്ഞത് പ്രമോദിനും ഋതുവിനും ആദ്യം സ്വീകാര്യം ആയില്ലെങ്കിലും അവളുടെ നിർബന്ധത്തിന് മുൻപിൽ വഴങ്ങാതെ അവർക്ക് വേറെ വഴി  ഇല്ലായിരുന്നു..

അമ്മയും അച്ഛനും വീട്ടിൽ എത്തി എന്ന് പറഞ്ഞു വിളിച്ചപ്പോൾ ആണ് ഋതു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത്… അതുവരെ കീർത്തിക്കും ലച്ചുവിനും ഒപ്പം അവൾ മാറി മാറി സമയം ചിലവഴിച്ചു…

“താൻ  അത് സമ്മതിക്കണ്ടായിരുന്നു.. “

ഋതുവും ഒപ്പം വീട്ടിലേക്ക് ഉള്ള യാത്രക്ക് ഇടയിൽ ജാനവ് പറഞ്ഞു..

“എന്താ മാഷേ…? “

ഋതു മനസിലാവാത്ത പോലെ ചോദിച്ചു.

“കീർത്തിക്ക് ഇന്ന് നീ കൊടുത്ത വാക്ക് ഭാവിയിൽ നിനക്ക് വിന ആയി മാറും ഋതു… “

ജാനവ് അത് പറഞ്ഞതും ആകാശം ഇരുണ്ട് കേറി മഴ പെയ്യാൻ തയാറായി…

“എന്ത് പ്രശ്നം…? “

ഋതു അതിശയത്തോടെ ചോദിച്ചു..

“അത് പറയാൻ പാടില്ല.. ചിലത് പറഞ്ഞാൽ പ്രകൃതി പോലും ക്ഷോഭിക്കും… “

പെട്ടെന്ന് തന്നെ മഴ പെയ്യാൻ തുടങ്ങി… ഭാഗ്യത്തിന് അപ്പോഴേക്കും ഋതു വീട്ടിൽ എത്താറായിരുന്നു…

വീട്ടിൽ എത്തിയതും കുട എടുക്കാതെ പോയതിനും നനഞ്ഞു കൊണ്ട് വന്നതിനും രാധിക ഋതുവിനെ കണക്കിന് ശകാരിച്ചു.

മുറിയിൽ എത്തി ഋതു ഫ്രഷ് ആയി വന്നപ്പോഴും ജാനവ് എന്തോ ആലോചനയിൽ മുഴുകി ഇരിക്കുക ആയിരുന്നു.

“എന്താ മാഷേ.. എന്താ ആലോചിക്കുന്നെ…? “

ഋതു അത് ചോദിച്ചതും അവൾ തുമ്മിയതും ഒരുമിച്ചു ആയിരുന്നു

“താൻ നന്നായി മഴ നനഞ്ഞു അല്ലേ.. “

ജാനവ് കസേരയിൽ കിടന്ന ടവൽ എടുത്ത് അവൾക്ക് തല തുടക്കാനായി കൊടുത്തു കൊണ്ട് ചോദിച്ചു ..

“പെട്ടെന്ന് ഉള്ള മഴ ആയിരുന്നില്ലേ അതാ… “

അവൾ ആ ടവൽ വാങ്ങി തല തുടച്ചു കൊണ്ട് പറഞ്ഞു..

“ഇനി അങ്ങോട്ട്‌ ഇങ്ങനെ ആണ് ഋതു… നീ തയാറായിക്കൊള്ളൂ പ്രണയ മഴ നനയാൻ… “

ഒരു കുസൃതി ചിരിയോടെ ജാനവ് പറഞ്ഞു…

(തുടരും… )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!