പുറത്ത് ആർത്തുലച്ചു മഴ പെയ്യുമ്പോളും ജാനവിന്റെ മുൻപിൽ ഇരുന്ന് ഋതിക ആകെ വിയർത്തുകുളിച്ചു…
പക്ഷേ അപ്പോഴും ജാനവിന്റെ മുഖത്ത് ആ കുസൃതി ചിരി അങ്ങനെ തന്നെ തെളിഞ്ഞു നിന്നു..
“താൻ എന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നത്…നിന്നെ ഉപദ്രവിക്കാൻ അല്ല ഞാൻ വന്നത്… നമുക്ക് നല്ല കൂട്ടുകാർ ആവാം… “
ജാനവ് പുഞ്ചിരിയോടെ അത് പറഞ്ഞപ്പോഴും ഋതികയുടെ മുഖത്തെ ഭയം മാഞ്ഞില്ല…
ഒരു നിമിഷം ചിന്തിച്ച ശേഷം മേശപ്പുറത്തിരുന്ന കൊന്ത എടുത്ത് അവൾ ജാനവ് ന് നേരെ കാണിച്ചു…
“ഓ.. എന്നെ പേടിപ്പിച്ചു ഓടിക്കാം എന്ന് കരുതി ആണോ… എടോ മണ്ടുസേ.. ഞാൻ ദുരാത്മാവ് ഒന്നും അല്ല ഇത് കണ്ട് പേടിച്ചു ഓടാൻ.. “
ജാനവ് അത് പറഞ്ഞ് കൊണ്ട് ഉറക്കെ ചിരിച്ചു..
അപ്പോഴാണ് ഉണ്ണി ഋതികയുടെ മുറിയിലേക്ക് വന്നത്…
ഋതിക ശബ്ദം ഉണ്ടാക്കി ഉണ്ണിയുടെ ശ്രദ്ധപിടിച്ചു പറ്റാൻ ശ്രമിച്ചെങ്കിലും അവൻ ഒരു പേന അവളുടെ മേശ പുറത്ത് നിന്നും എടുത്ത് ജാനവിന്റെ അടുത്ത് കൂടി നടന്നു മുറിക്ക് പോയി …
എന്നിട്ടും ഉണ്ണി ജാനവിനെ കണ്ടില്ല എന്നുള്ളത് ഒരേ സമയം ഋതുവിൽ അത്ഭുതവും ഭയവും ജനിപ്പിച്ചു..
“എന്റെ പൊന്ന് ഋതു… നീ എന്നെ എന്തിനാ പേടിക്കുന്നത്..? ഉപദ്രവിക്കാൻ വന്നത് ആണെങ്കിൽ ഞാൻ നിന്നോട് ഇങ്ങനെ സംസാരിക്കുവോ…? നമ്മുക്ക് നല്ല കൂട്ടുകാർ ആയിക്കൂടെ..? “
ജാനവ് അത് ചോദിക്കുമ്പോൾ അവളും ഒന്ന് ചിന്തിച്ചു..
ശരിയാണ് ഉപദ്രവിക്കാൻ ആണെങ്കിൽ തന്നോട് ചിരിച്ചു സംസാരിക്കുമോ… അങ്ങനെ ഓരോന്നും ചിന്തിച്ചു കൂടിയിട്ടും അവളുടെ മനസിലെ ഭയം പൂർണമായി മാറില്ല…
“എന്റെ പേര് എങ്ങനെ അറിയാം…? “
അവൾ മടിച്ചു മടിച്ചു ചോദിച്ചു…
“എന്റെ ഋതു ഞാൻ ഒരു ആത്മാവ് അല്ലേടോ..? “
അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു…
അതിന് മറുപടി എന്ന പോലെ ഋതു മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല…
“തനിക്ക് ഇപ്പോഴും പേടി പോയില്ലേ.. ഡോ താൻ ആ ചെപ്പ് എടുത്ത് കൊണ്ട് വന്നതും തന്റെ കൈ തട്ടി അത് തുറക്കപ്പെട്ടതും എല്ലാം ദൈവത്തിന്റെ നിയോഗം ആണ്… ഈ നിമിഷം മുതൽ ഞാൻ എപ്പോഴും തന്റെ കൂടെ തന്നെ ഉണ്ടാവും… “
ജാനവിന്റെ സൗഹൃദപരമായ പെരുമാറ്റം അവളിലെ ഭയം മെല്ലെ മെല്ലെ ഇല്ലാതെ ആക്കി…
അവൾ വളരെ പതുക്കെ ആണെങ്കിലും അവനുമായി കൂട്ടായി തുടങ്ങി…
അന്ന് അവൾ ഉച്ചക്കും രാത്രിയും ഭക്ഷണം കഴിക്കാൻ പോലും മറന്നു..
രാധിക ഋതുവിനോടുള്ള ഉള്ള പിണക്കത്തിന്റെ പേരിൽ അവളെ നിര്ബന്ധിച്ചതും ഇല്ല…
അന്ന് രാത്രി വരെ ജാനവ് ഓരോരോ തമാശകൾ പറഞ്ഞ് അവളെ ചിരിപ്പിച്ചു കൊണ്ടിരുന്നു…
- •••••••••••
രാത്രി ചന്ദ്രൻ വന്നപ്പോഴും രാധികയുടെ മുഖം തെളിഞ്ഞിരുന്നില്ല.
“എന്ത് പറ്റി.. എന്റെ പ്രിയതമയുടെ മുഖം വാടി ഇരിക്കുവാണല്ലോ…? “
ചന്ദ്രൻ ഒരു കള്ള ചിരിയോടെ ചോദിച്ചു…
“നിങ്ങൾക്ക് എല്ലാം തമാശ മാത്രമാണ്… ഋതു ന്റെ സേം റിസൾട്ട് വന്നു ഇത്തവണയും അവൾക്ക് രണ്ട് പേപ്പർ കിട്ടിയില്ല… അതിന്റെ പേരിൽ സൗമ്യ എന്നെ കുറ്റപ്പെടുത്തി… അവളെ കെട്ടിച്ചു വിടുന്നത് ആണ് നല്ലത് എന്ന്… “
രാധിക അത് പറയുമ്പോൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു…
“ഞാൻ ഇതിൽ ഇപ്പോൾ എന്ത് ചെയ്യാനാണ്..? “
ചന്ദ്രന്റെ മറുപടി കേട്ടതും രാധികയുടെ മുഖം ദേഷ്യത്തിൽ ഒന്നുടെ ചുവന്നു…
“നിങ്ങൾ ഒന്നും ചെയ്യണ്ട… നാണംകെടുന്നത് ഞാൻ ആണല്ലോ… “
അതും പറഞ്ഞു രാധിക കരയാൻ തുടങ്ങിയതും ചന്ദ്രൻ തന്റെ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല…
“ഋതു.. “
അയാൾ ഉറക്കെ അലറി…
ആ വിളി കേട്ടപ്പോൾ തന്നെ ഋതു പേടിച്ചു വിറച്ചു…
അയാൾ ദേഷ്യത്തിൽ അവളുടെ മുറിയിലേക്ക് ചെന്നു…
“ഒന്നുങ്കിൽ നീ പഠിക്കണം അല്ലെങ്കിൽ ഞങ്ങൾ നിന്നെ കെട്ടിച്ചു വിടും… ഏതാ വേണ്ടത് എന്ന് നീ തന്നെ തീരുമാനിക്ക്.. അടുത്ത സെമിൽ ഇത്പോലെ ആണ് നിന്റെ റിസൾട്ട് എങ്കിൽ ഞങ്ങൾ നിന്നെ കെട്ടിച്ചു വിടും… “
അത്രയും പറഞ്ഞ ശേഷം അവളുടെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ ചന്ദ്രൻ മുറിക്ക് പുറത്തേക്ക് പോയി…
ഋതു ന്റെ കണ്ണുകൾ മെല്ലെ പെയ്തു തുടങ്ങി.. അവൾ കരഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു….
ചന്ദ്രശേഖരൻ പോയി എന്ന് ഉറപ്പിച്ച ശേഷം ജാനവ് ഋതു വിന്റെ അരികിൽ വന്നിരുന്നു…
“എന്തിനാടോ ഇങ്ങനെ കരയുന്നത്…? “
അവൻ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് ചോദിച്ചു..
“എന്നെ ഇവിടെ ആർക്കും ഇഷ്ടം അല്ല.. ആയിരുന്നെങ്കിൽ എന്നെ മനസിലാക്കാൻ ശ്രമിക്കില്ലേ..? ഞാൻ പരീക്ഷയുടെ തലേന്ന് ഉറങ്ങാതെ ഇരുന്ന് പഠിച്ചാലും എനിക്ക് അതൊന്നും ഓർമ നിൽക്കില്ല.. എനിക്ക് പഠിക്കാൻ ഉള്ള കഴിവ് ഒന്നും ഇല്ല.. “
അവളെ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു…
“ഡോ.. തന്നോട് ആരാ പറഞ്ഞത് തന്നെ ആർക്കും ഇഷ്ടം അല്ലെന്ന്..? “
ജാനവ് ചെറു ചിരിയോടെ ചോദിച്ചു…
“അത്കൊണ്ട് അല്ലേ എപ്പോഴും കുറ്റം മാത്രം..? “
അവൾ നിറമിഴികളോടെ ചോദിച്ചു…
“ഋതു തന്നെ അവർക്ക് ഭയങ്കര ഇഷ്ടം ആണ് അത്കൊണ്ട് ആണ് താൻ തോറ്റു പോകുമ്പോൾ അവർക്ക് വേദനിക്കുന്നത്.. അച്ഛനും അമ്മയും ആ വേദന ദേഷ്യമായി പ്രകടിപ്പിക്കുന്നു… അത്രേ ഒള്ളു… “
ജാനവ് അവളെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു…
“അവർക്ക് മാത്രം അല്ല എനിക്കും സങ്കടം ഉണ്ട് ഇങ്ങനെ ഒന്നിനും കൊള്ളില്ലാതെ ജീവിക്കുന്നതിൽ..
“
അവൾ വീണ്ടും ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു…
“എന്റെ ഋതു.. നിനക്ക് പഠിക്കാൻ കഴിവ് ഇല്ലെന്ന് ആര് പറഞ്ഞു…? നീ പരീക്ഷ യുടെ തലേന്ന് മാത്രം പഠിച്ചാണ് ഈ മാർക്ക് വാങ്ങിയത് അപ്പോൾ നീ നേരത്തെ പഠിച്ചു തുടങ്ങിയെങ്കിലോ…? “
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു..
“തലേന്ന് പഠിക്കുന്നത് പോലും ഓർമ ഇല്ലാത്ത ഞാൻ നേരത്തെ പഠിച്ചിട്ട് എന്ത് കിട്ടാനാ..? “
അവൾ കണ്ണീർ തുടച്ചു കൊണ്ട് ചോദിച്ചു..
“താൻ എന്ത് കൊണ്ടാണ് മറന്നു പോകുന്നത് എന്ന് അറിയാമോ…? കൃത്യായി റിവിഷൻ നടത്താത്തത് കൊണ്ട്.. പിന്നെ പരീക്ഷയുടെ തലേന്ന് ഉറക്കം കളഞ്ഞിരുന്നു പഠിച്ചാൽ അടുത്ത ദിവസം ഉറക്ക ക്ഷീണം കാരണം കുറെ ഒക്കെ മറന്നു പോകുന്നത് സ്വാഭാവികം ആണ്..
തനിക്ക് നല്ല മാർക്ക് വാങ്ങാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ സഹായിക്കാം… നാളെ മുതൽ നമ്മൾ തുടങ്ങുന്നു… “
അത്രയും പറഞ്ഞ് അവൻ അവൾക്ക് നേരെ കൈ നീട്ടി… ഒരു നിമിഷം തന്റെ കൈ അവന്റെ കൈയോട് ഒപ്പം ചേർക്കണോ എന്നവൾ ചിന്തിച്ചു… പിന്നെ അച്ഛന്റെ വിവാഹ ഭീഷണി ഓർത്തപ്പോൾ അവൾ അവന്റെ കൈയിൽ കൈ വച്ചു…
“തന്റെ കൈ എന്താ തണുപ്പ്…? “
അവൾ പെട്ടെന്ന് കൈ വലിച്ച് കൊണ്ട് ചോദിച്ചു…
“അത് അങ്ങനെ ആണ് സമയം ഒരുപാട് ആയി താൻ ഉറങ്ങിക്കോ… “
ജാനവ് അവന്റെ പതിവ് ചിരിയോടെ അത് പറഞ്ഞു…
അവളും ഒരു കൊച്ച് കുഞ്ഞിനെ പോലെ അവനെ അനുസരിച്ചു..
ഒരു ദിവസം കൊണ്ട് തന്റെ ജീവിതത്തിൽ എന്തൊക്കെയോ മാറ്റം വന്നത് പോലെ ഋതു ന് തോന്നി… എത്ര കാലത്തിനു ശേഷം ആണ് താൻ ആരോടെങ്കിലും മനസ്സ് തുറന്ന് ഒന്ന് സംസാരിക്കുന്നത് എന്നവൾ ഓർത്തു… സത്യത്തിൽ ഒരു സ്വപ്നലോകത്ത് എത്തിയ ഒരു പ്രതീതി ആയിരുന്നു അവൾക്ക്… പിന്നെയും എന്തൊക്കെയോ ആലോചിച്ചവൾ ഉറക്കത്തിലേക്ക് വഴുതി വീണു…
അടുത്ത ദിവസം വെളുപ്പിനെ നാലുമണിക്ക് തന്നെ ജാനവ് അവളെ വിളിച്ചു ഉണർത്തി…
“ഇത്രയും രാവിലെ എന്തിനാ എഴുന്നേൽക്കുന്നേ? “
ഋതു ഉറക്ക ചടവോടെ ചോദിച്ചു..
“ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം മറന്നോ…? തനിക്ക് എക്സാം എല്ലാം പാസ്സ് ആകണ്ടേ…? “
ജാനവ് പതിവ് പുഞ്ചിരിയോടെ ചോദിച്ചു…
“അതിന് ഇത്രയും നേരത്തെ എഴുന്നേൽക്കണോ? “
അവൾ മടിയോടെ ചോദിച്ചു…
“വേണം… കുറച്ച് കഷ്ടപെട്ടാൽ മാത്രേ ഇഷ്ടപ്പെട്ടത് നേടാൻ ആവൂ… താൻ പോയി കുളിച്ച് വിളക്ക് വച്ചു പ്രാർത്ഥിച്ചിട്ട് വാ.. “
ജാനവ് കുറച്ചു വെളിച്ചെണ്ണ എടുത്ത് അവളുടെ നെറുകയിൽ തടവി കൊണ്ട് പറഞ്ഞു…
“ഈ തണുപ്പത്ത് കുളിക്കണോ..? “
അവൾ വീണ്ടും മടിയോടെ ചോദിച്ചു…
“എന്റെ ഋതു താൻ ഇങ്ങനെ ഒരു മടിച്ചി ആകരുത്… പ്രാർത്ഥനയോടെ തുടങ്ങിയാൽ അല്ലേ ആ ദിവസം നന്നാവൂ.. “
അത്രയും പറഞ്ഞ് ജാനവ് അവളെ കുളിക്കാൻ തള്ളി വിട്ടു…
തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ അവൾ കിടുകിടാ നിന്നു വിറച്ചു… എങ്കിലും അവൾ പെട്ടെന്ന് കുളിച്ച് റെഡി ആയി പൂജാമുറിയിൽ പോയി വിളക്ക് വച്ചു…
പ്രാർത്ഥിച്ചു കഴിഞ്ഞ് മുറിയിലേക്ക് വന്നപ്പോൾ ജാനവ് അന്ന് അവൾക്ക് പഠിക്കാൻ ഉള്ള ടോപിക്സ് ഉം അത് റിലേറ്റഡ് ബുക്സ് ഉം ഒക്കെ റെഡി ആക്കി വച്ചിരുന്നു…
ഒരു ടോപ്പിക്കും ആയി ബന്ധപ്പെട്ടു വരുന്നത് എല്ലാം അവൻ അവളെ പഠിപ്പിച്ചു…. കൂടാതെ നോട്സ് ഉം എഴുതിച്ചു..
രാധിക ഉണർന്ന് വന്നപ്പോൾ അവർ സത്യത്തിൽ ഞെട്ടി പോയി… വെളുപ്പിനെ കുളിച്ച് പ്രാർത്ഥിച്ചിട്ടൊക്കെ ഇരുന്ന് പഠിക്കുന്ന ഋതു.. ആ കാഴ്ച അവർക്ക് ശരിക്കും അപരിചിതം ആയിരുന്നു..
രാധിക മാത്രം അല്ല ഉണ്ണിക്കും ചന്ദ്രനും എല്ലാം ആ കാഴ്ച അത്ഭുതം ആയിരുന്നു…
പക്ഷേ ഋതു ഇതൊന്നും അറിയുന്നില്ലായിരുന്നു കാരണം അവൾ അത്രക്ക് താല്പര്യത്തോടെ പഠനത്തിൽ മാത്രം ശ്രദ്ധിച്ചു…
ജാനവ് അവളെ രസകരമായിട്ടാണ് പഠിപ്പിച്ചത് അത്കൊണ്ട് തന്നെ അവൾക്ക് ഒട്ടും മടുപ്പും തോന്നില്ല…
കോളേജിൽ പോകാൻ സമയം ആയപ്പോൾ അവൾ പുസ്തകങ്ങൾ എല്ലാം എടുത്ത് വച്ചു…
ആഹാരവും കഴിച്ച് കോളേജിൽ പോകാനായി ഇറങ്ങി…
വീട്ടിൽ നിന്നും വലിയ ദൂരം ഇല്ലായിരുന്നു അവളുടെ കോളേജിലേക്ക് അത്കൊണ്ട് തന്നെ അവൾ ദിനവും നടന്നാണ് പോകുന്നത്…
“ടാർ പാട്ടെ… എങ്ങോട്ടേക്കാ ഉരുണ്ട് ഉരുണ്ട്…? “
ധിറുതിയിൽ നടന്ന ഋതുവിന്റെ മുൻപിലേക്ക് ബൈക്ക് കൊണ്ട് തടഞ്ഞു നിർത്തിക്കൊണ്ട് പ്രമോദ് ചോദിച്ചു…
അവൻ ഒരു വഷളൻ ചിരിയോടെ ബൈക്കിൽ നിന്നും ഇറങ്ങി…
അത്കണ്ടതും ഋതുവിൽ ഭയം വന്ന് പൊതിഞ്ഞു…
(തുടരും… )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Aathmasakhi written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission