ആത്മസഖി – ഭാഗം 23

3249 Views

aathmasakhi

“ഋതു… “

രാധികയുടെ വിളി കേട്ടപ്പോൾ ആണ് ജാനവിൽ നിന്നും ഉള്ള നോട്ടം അവൾ പിൻവലിച്ചത്.

“എ.. എന്താ അമ്മ..? “

ഋതു റൂമിന്റെ വാതിൽക്കൽ നിൽക്കുന്ന രാധികയോട് ചോദിച്ചു.

“നിനക്ക് ചോറിന് അച്ചാർ വക്കണോ…? “

രാധിക യുടെ ചോദ്യത്തിന് അവൾ വേണ്ട എന്ന് മറുപടി പറഞ്ഞു. അത് കേട്ടതും രാധിക തിരികെ പോയി. പക്ഷേ ഈ സമയം ജാനവിന്റെ മുഖത്ത് ചെറിയൊരു നാണം പൂത്ത് നിൽപ്പുണ്ടായിരുന്നു .

    അന്ന് കോളേജിലേക്ക് ഉള്ള യാത്ര മദ്ധ്യേ കീർത്തി കൂടെ ഉള്ളത് കൊണ്ട് ജാനവിനും ഋതുവിനും ഒന്നും സംസാരിക്കാൻ പറ്റിയില്ല.

കീർത്തി ആണെങ്കിൽ പ്രമോദിനെ കുറിച്ചുള്ള വർണ്ണനകൾ അങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കയാണ്..

അല്ലെങ്കിലും  ഇഷ്ടം ഉള്ള ആളെ കുറിച്ച് എത്ര പറഞ്ഞാലും നമ്മുക്ക് മതി ആവില്ലല്ലോ. അവരുടെ ചെറിയ സന്തോഷങ്ങൾ പോലും അവരെക്കാൾ അധികം നമ്മുക്ക് ആണ് സന്തോഷം നൽകുന്നത് , അത്പോലെ അവരുടെ ചെറിയ വിഷമങ്ങൾ പോലും നമ്മളെ ഒരുപാട് ബാധിക്കുകയും ചെയ്യും.

കീർത്തി പ്രമോദിനെ വർണിക്കുമ്പോൾ എല്ലാം ഋതുവിന്റെ മനസ്സിൽ അഭിമന്യു ആയിരുന്നു. അവന്റെ നോട്ടവും സംസാരവും എല്ലാം ഓർത്തപ്പോൾ അവളുടെ കവിളുകൾ നാണത്താൽ ചുവന്നു…. സത്യം പറഞ്ഞാൽ കീർത്തി പിന്നെ പറഞ്ഞത് ഒന്നും ഋതു കേട്ടില്ല. അവളുടെ ഹൃദയത്തിൽ അഭി അങ്ങനെ സുഗന്ധം പരത്തുന്ന മുല്ല ചെടി പോലെ പടർന്നു കേറുക ആയിരുന്നു.

കോളേജിൽ എത്തിയപ്പോഴും ആദ്യം അവൾ തേടിയത് അഭിയെ ആയിരുന്നു. അവനെ കാണാതെ വന്നപ്പോൾ എന്തോ ഒരു നിരാശ അവളിൽ പടർന്നു.

“ഋ… ഋ.. ഋതിക… “

ക്ലാസ്സിലേക്ക് ഉള്ള സ്റ്റെപ്പിന്റെ സൈഡിൽ നിന്നും ഉള്ള ആ വിളി കേട്ട് അവളുടെ മുഖം സന്തോഷത്താൽ പ്രകാശിച്ചു. കീർത്തിയോട് ക്ലാസ്സിൽ പൊയ്ക്കോ എന്ന് പറഞ്ഞ് തന്റെ ബാഗ് കൂടി അവളെ ഏല്പിച്ച ശേഷം ഋതു ഓടി അഭിയുടെ അരികിൽ എത്തി.

“ഗുഡ് മോർണിംഗ് സാർ.. “

അവൾ അഭിയെ വിഷ് ചെയ്തു.

“ന.. നമുക്ക് കു.. കുറച്ച് നടന്നാലോ..? “

അവന്റെ ആ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എങ്കിലും അവനോടൊപ്പം ചിലവഴിക്കാൻ കിട്ടിയ അവസരം പാഴാക്കാൻ അവൾ തയാറല്ലായിരുന്നു.. അവർ ഇരുവരും ഗുൽമോഹറിന്റെ അടുത്തേക്ക് നടന്നു..

അവർക്ക് ഇടയിൽ സുഖം ഉള്ളൊരു മൗനം തങ്ങി നിന്നു. എന്ത് പറയണം എന്നറിയാതെ അവർ പരസ്പരം നോക്കി നിന്നു. ഋതുവിന് ഒപ്പം ഗുൽമോഹറിന്റെ ചുവട്ടിൽ ഇരുന്നപ്പോൾ അഭിമന്യുന്റെ മനസ്സിൽ വല്ലാത്തൊരു അനുഭൂതി നിറഞ്ഞു. അവളോട്‌ പറയാൻ നൂറായിരം കാര്യങ്ങൾ ഉണ്ടായിരുനെങ്കിലും അതൊന്നും പറയാൻ ആകാത്ത സുഖം ഉള്ള ഒരു മൗനത്തിന്റെ തടവറയിൽ ആയിരുന്നു അവൻ.

കാറ്റ് വീശിയപ്പോൾ ഗുൽമോഹർ ൽ തങ്ങി നിന്ന ജലകണങ്ങൾ അവരുടെ ദേഹത്ത് പതിച്ചു.. ഋതു ഒരു കൊച്ച് കുഞ്ഞിന്റെ കൗതുകത്തോടെ ഗുൽമോഹറിലേക്ക് തന്നെ നോക്കി ഇരുന്നു.. ആ സമയം അഭി അവളെ ഇമവെട്ടാതെ നോക്കുക ആയിരുന്നു..

അവൾ കൂടെ ഉള്ളപ്പോൾ താൻ സ്വയം മറന്ന് അവളിൽ അലിഞ്ഞു ചേരാൻ കൊതിക്കുന്നതായി അവന് തോന്നി.. ഈ ലോകത്തോട് മുഴുവൻ ഇവൾ തന്റെ ആണെന്ന് വിളിച്ചു പറയാൻ അവൻ വല്ലാതെ ആഗ്രഹിച്ചു..

അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന പോലെ ക്ലാസ്സ്‌ തുടങ്ങാൻ ഉള്ള ബെൽ മുഴങ്ങി.. ക്ലാസ്സിലേക്ക് പോകുവാൻ അവന്റെ അനുവാദം വാങ്ങി അവൾ നടന്നു… അവൾ നടന്ന് അകലുമ്പോൾ പ്രിയപ്പെട്ട എന്തോ ഒന്ന് നഷ്ടപെടുന്ന അവസ്ഥ ആയിരുന്നു അവന്റേത്..

ക്ലാസ്സിൽ കേറും മുൻപ് ഋതു അവനെ ഒന്ന് തിരിഞ്ഞു നോക്കി.. അപ്പോഴും തന്നെ മാത്രം നോക്കി നിൽക്കുന്ന അഭിമന്യു നെ കണ്ടപ്പോൾ അവൾക്ക് എന്തോ മനസ്സിന് ഉള്ളിൽ ഒരു തണുപ്പ് തോന്നി. അവളുടെ തിരിഞ്ഞു നോട്ടം കണ്ടപ്പോൾ ഒരുപാട് ആഗ്രഹിച്ച എന്തോ നേടിയ സന്തോഷം ആയിരുന്നു അഭിമന്യുവിന്.. അവർക്ക് വേണ്ടി എന്ന പോലെ കാറ്റിനാൽ  ഗുൽമോഹർ പെയ്തു…

“സാർ എന്തിനാടാ വിളിച്ചേ…? “

ലച്ചു ബാഗിൽ നിന്നും എന്തോ എടുത്ത് കൊണ്ട് ഋതുനോട് ചോദിച്ചു.

പക്ഷേ അവൾ അതൊന്നും കേട്ടില്ല. അവളുടെ മനസ്സ് ഏതോ മായിക ലോകത്ത് ആയിരുന്നു.

“ഡി… നീ എന്ത് ആലോചിച്ചു ഇരിക്കുവാ…? “

ലച്ചു കുലുക്കി വിളിച്ചപ്പോൾ ആണ് ഋതു ന് സ്ഥലകാല ബോധം വന്നത്.

“എന്താടി ..? “

ഋതു ലച്ചുനോട് ചോദിച്ചു.

“സാർ എന്തിനാ വിളിച്ചത് എന്നാ ലെച്ചു ചോദിച്ചത് … നീ അത് കേട്ടില്ലേ… രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു എന്തോ ഒരു മാറ്റം… “

കീർത്തി അത് പറഞ്ഞതും ഋതു ചെറു ചമ്മലോടെ അവരെ നോക്കി..

“അത്… ഞാൻ ഒരു ബുക്ക്‌ വായിക്കാൻ കൊടുത്തിരുന്നു അതിന്റെ കാര്യം പറയാൻ ആയിരുന്നു … “

ഋതു പറഞ്ഞത് അത്ര വിശ്വാസം വരാത്തത് പോലെ ലച്ചു ഒന്ന് മൂളുക മാത്രം ചെയ്തു .

അന്ന് ഉച്ചത്തെ രണ്ട് ക്ലാസും അഭി ആയിരുന്നു പഠിപ്പിച്ചത് സത്യത്തിൽ ഋതുനെ കാണാൻ വേണ്ടി അവൻ അത് ചോദിച്ചു വാങ്ങിയത് ആയിരുന്നു.

കഴിഞ്ഞ ദിവസത്തെ പോലെ തന്നെ അവൾ നോക്കുമ്പോൾ ഒക്കെയും പഠിപ്പിക്കുന്നതിൽ നിന്നും അവന്റെ ശ്രദ്ധ മാറി.. ഇടക്ക് പഠിപ്പിക്കുന്ന വിഷയം പോലും അവന് മാറി പോയി അതും പഠിപ്പിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ തന്നെ.

അവന്റെ ചെയ്തികളും ഋതുന്റെ മുഖത്തേ നാണവും എല്ലാം  ലച്ചു ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും അവൾ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല.

അന്ന് വീട്ടിലേക്ക് പോകും മുൻപ് അഭിയും ഋതുവും പരസ്പരം കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു..

വീട്ടിലേക്ക് ഉള്ള യാത്രയിൽ ഒരിക്കൽ പോലും ഋതുനോട് ലച്ചു അഭിയെ ക്കുറിച്ച് ഒന്നും ചോദിച്ചില്ല. എന്തെങ്കിലും ഉണ്ടേൽ ഋതു തന്നെ തുറന്ന് പറയും എന്ന് കരുതി ആവും ലച്ചു ഒന്നും ചോദിക്കാത്തത് .

പാതി വഴിയിൽ എത്തിയപ്പോൾ ലച്ചു കീർത്തിയോടും ഋതുനോടും യാത്ര പറഞ്ഞു കൊണ്ട് വീട്ടിലേക്ക് പോയി…  കീർത്തി രാവിലത്തെ പോലെ തന്നെ പ്രമോദ് നെ വർണിക്കാൻ തുടങ്ങി.

കുറച്ച് ചുവടുകൾ കൂടി മുൻപോട്ട് വന്നതും പ്രമോദ് ബൈക്കും ആയി വന്ന് കീർത്തിയെയും കൊണ്ട് പോയി.

“ഋതു… നിന്റെ ചിന്തകളിൽ ഇപ്പോൾ അഭിമന്യു മാത്രേ ഒള്ളു അല്ലേ…? “

ജാനവ് അത് ചോദിക്കുമ്പോൾ പതിവ് കുസൃതി ചിരി അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. 

“എന്താ ഇപ്പോൾ അങ്ങനെ ചോദിക്കാൻ…? “

അവൾ ഒരു പിരികം ഉയർത്തി കൊണ്ട് ചോദിച്ചു.

“നേരത്തെ ഒക്കെ കിട്ടുന്ന സമയം ഒക്കെ നീ എന്നോട് മിണ്ടുമായിരുന്നു പക്ഷേ ഇപ്പോൾ… “

ജാനവ് ന്റെ മറുപടി കേട്ടപ്പോൾ ഋതുനും സങ്കടം തോന്നി.

“സോറി മാഷേ.. ഞാൻ.. “

ഋതു കുറ്റബോധത്തോടെ തലകുനിച്ചു.

“അയ്യേ ഞാൻ നിന്നെ വട്ടാക്കിയത് അല്ലേ പെണ്ണേ.. ഞാൻ മനുഷ്യൻ ഒന്നും അല്ല പിണങ്ങി പോകാൻ.. ഞാനെ ഒരു ഉഗ്രൻ ആത്മാവ് ആണ്… “

ജാനവ് അത് പറഞ്ഞതും ഋതു അവന്റെ വയറ്റിൽ കൈ ചുരുട്ടി ഒറ്റ ഇടി കൊടുത്തു.. പിന്നെ ഓരോന്ന് പറഞ്ഞു കളിച്ചും ചിരിച്ചും അവർ വീട്ടിൽ എത്തി..

വീട്ടിൽ എത്തിയ ഉടനെ ഋതു ഫ്രഷ് ആയിട്ട് വന്നു പഠിക്കാൻ ഇരുന്നു.. കാരണം കുറച്ച് കൂടി കഴിഞ്ഞ് അഭി വിളിച്ചാൽ പിന്നെ പഠിക്കാൻ പറ്റില്ലല്ലോ..

അഭി പതിവ് പോലെ ആര്യന്റെ അരികിൽ പോയി തന്റെ ഇന്നത്തെ വിശേഷങ്ങൾ മുഴുവൻ പറഞ്ഞു.

“അമ്പട വീരാ.. അപ്പോൾ അവിടം വരെ എത്തി കാര്യങ്ങൾ… എങ്കിൽ നിനക്ക് അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു കൂടെ… “

ആര്യൻ അത് ചോദിച്ചതും അഭിയുടെ മുഖം വിടർന്നു.. അത് പോലെ തന്നെ തൊട്ടടുത്ത നിമിഷം അത് വാടുകയും ചെയ്തു.

“വേ… വേ.. വേണ്ടടാ., അ… അവൾക്ക് എന്നെ ഇ.. ഇ . ഇഷ്ടം ആണോ എന്ന്.. ഉ… ഉ… ഉറപ്പിച്ചിട്ട് മതി  . “

അഭി പറഞ്ഞത് ശരി ആണെന്ന് ആര്യനും തോന്നി.

അഭിയുടെ വർണ്ണനകളിലൂടെ ആര്യൻ ഋതുവിനെ അറിയുക ആയിരുന്നു.. ഋതുനെ കുറിച്ച് പറയുമ്പോൾ അഭിയുടെ മുഖത്ത് വരുന്ന ഭാവങ്ങൾ ഓരോന്നും ആര്യൻ അത്രത്തോളം ആസ്വദിച്ചു..

അന്ന് വീട്ടിൽ എത്തി ഫ്രഷ് ആയ അഭി ഫോണും എടുത്ത് നേരെ പൂന്തോട്ടത്തിൽ പോയിരുന്നു . ഇന്ന് ഋതുവിനെ വിളിക്കാൻ ഉള്ള കാരണം അവൻ നേരത്തെ തന്നെ കണ്ട് പിടിച്ചു വച്ചിരുന്നു .

അവൻ ഋതുനെ കാൾ ചെയ്തതും അവൾ ആദ്യത്തെ റിങ്ങിൽ തന്നെ കാൾ എടുത്തു കാരണം അവളും അവന്റെ വിളിക്കായി കാത്തിരിക്കുക ആയിരുന്നു.

“ഹ… ഹലോ.. ത . താൻ നാളെ വ… വരുമ്പോൾ നീ … നിർമാതളം പൂത്ത ക… കാലം ബുക്ക്‌ കൊ… കൊ.. കൊണ്ട് വരോ…? “

ഇന്ന് അഭിമന്യു അവളെ വിളിക്കാൻ കണ്ടെത്തിയ കാരണം ഇത് ആയിരുന്നു.. പിന്നെ പതിവ് പോലെ അവർ ഒരായിരം വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. അതിലൂടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവർ പങ്ക് വച്ചു .

അന്ന് ഫോൺ വെക്കുമ്പോൾ അവർ ഇരുവരുടെയും ചുണ്ടിൽ ഒരു ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു.രാത്രിയുടെ ഏതോ യാമങ്ങളിൽ അഭി യുടെ സ്വപ്നത്തിൽ ഒരു പെൺകുട്ടി കടന്ന് വന്നു.. അവൾ അഭിയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് അവനെ തീയിലേക്ക് വലിച്ചു എറിഞ്ഞു.. വേദന കൊണ്ട് കരഞ്ഞ അവനെ മാറ്റാരോ അവിടെ നിന്നും അവനെ രക്ഷിച്ചു.. രക്ഷിച്ച പെൺകുട്ടിക്ക് ഋതുവിന്റെ രൂപം ആയിരുന്നു.. അവൾ അവനെ പുണർന്നതും അവന്റെ വേദനകൾ മെല്ലെ മാഞ്ഞു പോകാൻ തുടങ്ങി. അവനും അവളെ ഗാഡമായി പുണർന്നു  .

“എന്നെ വിട് ഏട്ടാ എനിക്ക് നോവുന്നു… “

അതും പറഞ്ഞു കിച്ചു അവനെ പിടിച്ചു തള്ളിയപ്പോൾ ആണ് അഭി ഉറക്കത്തിൽ നിന്നും ഉണർന്നത് ..

“നീ… നീ എന്താ ഇ… ഇവിടെ…? “

അഭി ചമ്മലോടെ ചോദിച്ചു.

“എന്റെ റൂമിൽ ഫാൻ വർക്ക്‌ ചെയ്യുന്നില്ല അത്കൊണ്ട് വന്നതാ… ഞാൻ എന്തായാലും ഇനി അമ്മയുടെ കൂടെ കിടന്നോളാം… “

കിച്ചു അതും പറഞ്ഞു എഴുന്നേറ്റ് അവന്റെ ബെഡ് ഷീറ്റ് എടുത്തു..

“നീ… നീ ഇവിടെ കി… കിടന്നോടാ… “

അഭി അങ്ങനെ പറഞ്ഞെങ്കിലും കിച്ചു അവനെ തൊഴുത് കാണിച്ചിട്ട് അമ്മയുടെ മുറിയിലേക്ക് പോയി..

അഭിക്ക് ആണെങ്കിൽ ആകെ നാണക്കേട് തോന്നി . പിന്നെ ഒരു തലയണ എടുത്ത് കെട്ടിപിടിച്ചു കിടന്നെങ്കിലും ഉറക്കം വന്നില്ല. അവൻ ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ നാല് മണി ആവുന്നതേ ഒള്ളു.. അവൻ പിന്നെ യും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. അവന്റെ ചിന്തകളിൽ ഋതു ന്റെ ഓർമ്മകൾ വിരുന്ന് വന്നതും അവൻ ഇന്നത്തെ ഓരോ കാര്യങ്ങളും വെറുതെ ചിന്തിച്ചു കൊണ്ട് കിടന്നു  ..

പിന്നെ ഫോൺ എടുത്ത് ഋതുന് മെസ്സേജ് അയച്ചു…

രാവിലെ സൂര്യകിരണങ്ങളുടെ ചുംബനം ഏറ്റ് കൊണ്ടാണ് ഋതു ഉണർന്നത്  . അവൾ സമയം നോക്കാനായി ഫോൺ എടുത്തതും അഭിമന്യു ന്റെ മെസ്സേജ് കണ്ട് അവളുടെ മുഖം വിടർന്നു.

അന്ന് കോളേജിൽ പോകാൻ ആയി ഒരുങ്ങുമ്പോൾ ഋതു നീളൻ പൊട്ടിന് പകരം കറുത്ത വട്ടപൊട്ടു തൊട്ടു.ഇന്ന് കീർത്തി വരില്ലെന്ന് നേരത്തെ വിളിച്ചു പറഞ്ഞത് കൊണ്ട് ഋതു നേരെ കോളേജിലേക്ക് നടന്നു.

ഋതു കോളേജിൽ എത്തിയതും ആദ്യം അവളുടെ മിഴികൾ തിരഞ്ഞത് അഭിയേ ആയിരുന്നു. കാരണം അവൻ മെസ്സേജിലൂടെ ആവിശ്യപെട്ടതിനാൽ ആണ് അവൾ വട്ട പൊട്ടു തൊട്ടത്.

ബൈക്ക് പാർക്ക് ചെയ്ത് അഭി ഗുൽമോഹർ ന്റെ ചുവട്ടിലേക്ക് നടന്നു. അവിടെ ഇരിക്കുന്ന ഋതുനെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു. അവളുടെ നെറ്റിയിലെ വട്ട പൊട്ട് കണ്ടപ്പോൾ അഭിമന്യുവിന് വല്ലാത്ത സന്തോഷം തോന്നി. താൻ ആഗ്രഹിച്ചത് പോലെ അവൾ ചെയ്തു എന്ന് ഓർത്തതും അവന്റെ ഉള്ളം ആനന്തത്തിൽ ആറാടി..

അവൾക്ക് അരികിലേക്ക് ചുവട് വെക്കുമ്പോൾ ആണ് അവൻ ആ കാഴ്ച കണ്ടത് . ഋതുന്റെ അരികിൽ ഇരിക്കുന്ന പ്രമോദിനെ കണ്ടതും അഭിമന്യുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നു.

അഭിമന്യു അവർ ഇരുവരെയും തന്നെ നോക്കി നില്കുന്നത് കണ്ട് കൊണ്ടാണ് അനൂപ് അവിടേക്ക് വന്നത്…

“സാർ എന്താ നോക്കുന്നെ ..? “

അനൂപ് ചോദിച്ചതും അഭിമന്യു യാന്ത്രികം ആയി പ്രമോദിന് നേരെ കൈ ചുണ്ടി കാണിച്ചു.

“ഓഹ് അതായിരുന്നോ… എന്റെ സാറേ അവർ തമ്മിൽ ഇഷ്ടത്തിൽ ആണ്.. അത് ഈ കോളേജിൽ എല്ലാവർക്കും അറിയാം… “

അനൂപിന്റെ വാക്കുകൾ ഇരുമ്പ് ആണി പോലെ അഭിമന്യുവിന്റെ ഹൃദയത്തിൽ തുളച്ചു കേറി ..

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply