അമ്മയോ അച്ഛനോ ഇന്ന് കോളേജിൽ സംഭവിച്ചതൊക്കെ അറിഞ്ഞാൽ പിന്നെ എന്താകും സംഭവിക്കുക എന്നോർത്തവൾ ഭയന്നു…
“നീ എന്തിനാ ഋതു ഇങ്ങനെ വിഷമിക്കുന്നത്..? “
ജാനവ് അവൾക്ക് അരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു ..
“അന്ന് താൻ എന്നെ കൊണ്ട് പ്രമോദിനെ തല്ലിച്ചത് കൊണ്ട് അല്ലേ ഇപ്പോൾ ഞാൻ ഇങ്ങനെ നാണംകെടുന്നത്.. ? “
ഋതു വിന്റെ ഉള്ളിലെ സങ്കടം ജാനവിനോടുള്ള ദേഷ്യം ആയിട്ടാണ് പുറത്തേക്ക് വന്നത് …
“ഒരിക്കലും അല്ല… നീ അവനെ തല്ലിയാലും ഇല്ലെങ്കിലും ഇതൊക്കെ സംഭവിക്കുമായിരുന്നു കാരണം പ്രമോദ് നിന്നെ സ്നേഹിക്കുന്നുണ്ട് …
അത് എപ്പോൾ അവൻ പ്രകടിപ്പിച്ചാലും കീർത്തിക്ക് നിന്നോട് ദേഷ്യം തോന്നും… കാരണം കീർത്തിക്ക് ഓർമ വച്ച കാലം മുതൽ അവൾ പ്രമോദിനെ പ്രണയിക്കുന്നു…
അവളുടെ പ്രണയം നീ കാരണം നഷ്ടപ്പെടുമോ എന്ന ഭയമാണ് അവൾക്ക് നിന്നോടുള്ള ദേഷ്യം .. “
ജാനവിന്റെ വാക്കുകൾ കേട്ടതും ഋതു അവനെ അത്ഭുതത്തോടെ നോക്കി…
കാരണം ഇതെല്ലാം അവൾക്ക് പുതിയ അറിവ് ആയിരുന്നു…
“അതുകൊണ്ടാണോ കീർത്തി എന്നെ ഓരോന്നും പറഞ്ഞു വിഷമിപ്പിച്ചത്…? “
ഋതു സംശയത്തോടെ ചോദിച്ചു…
“അതെ.. സ്പോർട്സ് ഡേയുടെ അന്ന് നീ ബോധം കേട്ട് വീണപ്പോൾ നിന്നെ പരിചരിക്കുന്ന പ്രമോദിനെ കണ്ടപ്പോൾ മുതലാണ് അവൾക്ക് നിന്നോട് ദേഷ്യം തുടങ്ങിയത് . “
ജാനവ് പറഞ്ഞതൊക്കെ ശരി ആണെന്ന് അവൾക്കും തോന്നി കാരണം ഇതുവരെ ഒരിക്കൽ പോലും കീർത്തി തന്നോട് ഇങ്ങനെ മോശമായി പെരുമാറിയിട്ടില്ല എന്നവൾ ഓർത്തു ….
“പക്ഷേ ഇന്ന് കോളേജിൽ സംഭവിച്ച കാര്യങ്ങളൊക്കെ അച്ഛനും അമ്മയും അറിഞ്ഞാൽ എന്റെ പഠിപ്പ് നിർത്തില്ലേ..? “
ഋതു ഉള്ളിലെ ആശങ്ക മറച്ചുവെക്കാതെ ചോദിച്ചു…
“എന്തിന്… ഇന്ന് നടന്ന സംഭവത്തിൽ എവിടെ ആണ് നിന്റെ തെറ്റ്. ? അച്ഛനോടും അമ്മയോടും നീ തന്നെ എല്ലാം തുറന്ന് പറയണം….
ചിലപ്പോൾ ദേഷ്യപെടുമായിരിക്കും എന്നാലും അവർ നിന്റെ കൂടെ നിൽക്കു…
പക്ഷേ പേടികൊണ്ട് നീ ഒന്നും പറയാതെ ഇരുന്നാൽ വേറെ ആരെങ്കിലും പറഞ്ഞ് ഇത് അറിയുമ്പോൾ അവർ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല …. “
ജാനവ് അവൾക്ക് ധൈര്യം നൽകാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു….
“എന്നാലും ….? “
ഋതു വീണ്ടും സംശയത്തോടെ ചോദിച്ചു…
“ഋതു, താൻ ശ്രദ്ധിച്ചിട്ടുണ്ടോ നമ്മുടെ മാതാപിതാക്കൾ നമ്മളെ വഴക്ക് പറയും ചിലപ്പോൾ അടിക്കും പക്ഷേ ഒരിക്കലും തള്ളി പറയില്ല…
ഇനി അഥവാ നമ്മൾ അവരെ വേദനിപ്പിച്ചാൽ പോലും അത് അവർ അത് മറക്കും ഒരിക്കലും അതൊന്നും മനസ്സിൽ വച്ച് പെരുമാറില്ല….
ഉദാഹരണത്തിന് നമ്മുക്ക് എന്ത് സങ്കടം വന്നാലും പലപ്പോഴും അമ്മമാരോട് നമ്മൾ അത് ദേഷ്യം ആയിട്ട് അല്ലേ പ്രകടിപ്പിക്കാറ് പക്ഷേ എപ്പോ എങ്കിലും അതിന്റെ പേരിൽ അമ്മമാർ നമ്മളോട് പിണങ്ങാറുണ്ടോ…?
മാതാപിതാക്കളെ പോലെ ആരും നമ്മളെ സ്നേഹിക്കുകയോ സംരക്ഷിക്കുകയോ ഇല്ല അത് നിനക്ക് ഇപ്പോൾ മനസിലാകില്ല… അവരുടെ ഒപ്പം ജീവിക്കുമ്പോൾ ഇതൊന്നും നമ്മൾ അറിയില്ല.. പക്ഷേ അവരിൽ നിന്നും അകലേണ്ടി വരുമ്പോൾ നമുക്ക് അത് മനസിലാകും… “
ജാനവിന്റെ വാക്കുകൾ ഋതുവിന്റെ ഉള്ളിൽ ആഴത്തിൽ പതിച്ചു… അത്കൊണ്ട് തന്നെ അച്ഛനും അമ്മയും വരുമ്പോൾ എല്ലാം തുറന്ന് പറയാൻ അവൾ തീരുമാനിച്ചു…
കുറച്ച് സമയം കൂടി കഴിഞ്ഞപ്പോൾ രാധിക വീട്ടിൽ എത്തി.. അത് കഴിഞ്ഞ് അല്പ സമയം കൂടി കഴിഞ്ഞപ്പോൾ ചന്ദ്രനും എത്തി…
പതിവില്ലാതെ ഋതുവിന് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ ചന്ദ്രനും രാധികയും അതിശയത്തോടെ അവളെ നോക്കി…
കഴിഞ്ഞ ദിവസം പ്രമോദ് ഇഷ്ടം ആണെന്ന് പറഞ്ഞതും അത് കഴിഞ്ഞു അതിന്റെ അടുത്ത ദിവസം തലകറങ്ങി വീണപ്പോൾ അവൻ ശ്രിശ്രുഷിച്ചതും ഇന്ന് കോളേജിൽ ഉണ്ടായ സംഭവങ്ങളും എല്ലാം അവൾ വിശദമായി തന്നെ രാധികയോടും ചന്ദ്രനോടും പറഞ്ഞു…
“ഇത്രയും ഒക്കെ ഉണ്ടായിട്ട് നീ ഇപ്പോൾ ആണോ പറയുന്നത്…? ‘
രാധിക ദേഷ്യം കൊണ്ട് വിറച്ചു…
“അത്… ഞാൻ കരുതിയില്ല ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് … “
ഋതു അല്പം ഭയത്തോടെ പറഞ്ഞു…
അത് പറഞ്ഞതും ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു ..
വാതിൽ തുറന്നതും മുൻപിൽ നിൽക്കുന്ന ആളിനെ കണ്ട് രാധിക ഒന്ന് ഞെട്ടി..
“പ്രമോദ്… “
രാധിക യുടെ ചുണ്ടുകൾ മന്ത്രിച്ചു…
“ആന്റി ഞാൻ അകത്തോട്ട് വന്നോട്ടെ…? “
പ്രമോദ് അകത്തേക്ക് നോക്കികൊണ്ട് രാധിക യോട് ചോദിച്ചു..
അപ്പോഴേക്കും ആരാ വന്നത് എന്ന് അറിയാൻ ചന്ദ്രനും ഋതുവും വരാന്തയിലേക്ക് വന്നു….
പ്രമോദിനെ കണ്ടതും ഋതുവിന്റെ ഹൃദയമിടിപ്പ് കൂടി ….
“അങ്കിൾ ഞാൻ വന്നത്… കീർത്തി ഋതുവിനെ അപമാനിച്ചതിൽ മാപ്പ് പറയാൻ ആണ്..”
പ്രമോദ് സൗമ്യതയോടെ പറഞ്ഞു…
“കീർത്തിയേക്കാൾ ഏറെ ഋതുവിനെ അപമാനിച്ചത് നീ അല്ലേ പ്രമോദ്… നീ എന്ത് ധൈര്യത്തിൽ ആണ് ഇവൾ നിന്റെ പെണ്ണാണ് എന്നൊക്കെ വിളിച്ചു കൂവിയത്… ഇനി എങ്ങനെ എന്റെ മോൾ മറ്റുള്ളവരുടെ മുഖത്ത് നോക്കും….? “
ചന്ദ്രൻ തന്റെ ഉള്ളിലെ ദേഷ്യം പരമാവധി നിയന്ത്രിച്ചു കൊണ്ട് ചോദിച്ചു ….
“ഇവൾ എന്റെ പെണ്ണാണ് എന്ന് ഞാൻ വെറുതെ പറഞ്ഞത് അല്ല അങ്കിൾ… ഋതു എന്റെ മാത്രം ആണ്… ഇവളെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല…
ഇവളെ സ്വന്തം ആകുന്നതിന് ആരൊക്കെ തടസമായി വന്നാലും അവരെ ഞാൻ ഇല്ലാതെ ആക്കും അത് ഇനി അങ്കിൾ ആണെങ്കിൽ പോലും .. “
പ്രമോദിന്റെ വാക്കുകളിലെ ഭീഷണി മനസിലാക്കിയ ചന്ദ്രനും രാധികയും ഒന്നും പ്രതികരിക്കാൻ നിന്നില്ല..
“എങ്കിൽ ശരി അങ്കിൾ ഞാൻ ഇറങ്ങട്ടെ…. ഋതു പോയിട്ട് വരാട്ടോ… “
എല്ലാവരോടും യാത്ര ചോദിച്ചു കൊണ്ട് പ്രമോദ് പോയി…
“നിനക്ക് ഇപ്പോൾ മതി ആയോ…? “
പ്രമോദ് പോയതും രാധിക ഋതുവിനോട് ദേഷ്യത്തിൽ അലറി കൊണ്ട് ചോദിച്ചു .
“അമ്മ ഞാൻ സത്യം ആയിട്ടും ഒരു തെറ്റും ചെയ്തിട്ടില്ല… പ്രമോദിനോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടും ഇല്ല എനിക്ക് അയാളെ പേടിയാണ് അമ്മ…. “
ഋതു ഇടറിയ ശബ്ദത്തിൽ പറഞ്ഞു…
“രാധികേ നീ അവളെ വഴക്ക് പറയണ്ട…. അവൻ വന്നപ്പോൾ ഇവളുടെ മുഖത്തെ പേടി ഞാൻ കണ്ടത് ആണ്… “
ചന്ദ്രൻ ഋതുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു .
“പക്ഷേ ചന്ദ്രേട്ടൻ കേട്ടത് അല്ലേ അവൻ പറഞ്ഞതൊക്കെ… “
രാധിക ആവലാതിയോടെ പറഞ്ഞു…
“താൻ ടെൻഷൻ ആകണ്ട നമുക്ക് ഒരു വഴി കണ്ടെത്താം…
മോളും പേടിക്കണ്ട അവൻ ആരെയും ഒന്നും ചെയ്യില്ല… അച്ഛൻ എങ്ങനെ എങ്കിലും ഇത് പരിഹരിച്ചോളാം . മോൾ പോയിരുന്നു പഠിക്ക് .. “
ചന്ദ്രൻ ഋതുവിനെ സമാധാനിപ്പിച്ചു പഠിക്കാൻ അയച്ചെങ്കിലും രാധികയുടെ ഉള്ളിലെ ടെൻഷൻ മാറിയിരുന്നില്ല….
പക്ഷേ അച്ഛന്റെ വാക്കുകൾ ഋതുവിന് കുറച്ച് ധൈര്യം നൽകി…. ഇനി എന്ത് സംഭവിച്ചാലും അച്ഛൻ ഒപ്പം ഉണ്ടാകും എന്നൊരു ധൈര്യം..
“നമ്മൾ ഇത് എങ്ങനെ പരിഹരിക്കും ചന്ദ്രേട്ടാ…? “
ഋതു മുറിയിലേക്ക് പോയതും രാധിക ആവലാതിയോടെ ചോദിച്ചു…
“എന്തെങ്കിലും ഒരു വഴി ഉണ്ടാകും… ഇപ്പോൾ നമ്മൾ പ്രമോദിനെ എതിർക്കാൻ ശ്രമിച്ചാൽ അത് അവനെ പ്രകോപിപ്പിക്കും പോലെ ആവും … “
ചന്ദ്രൻ പറഞ്ഞത് ശരി ആണെന്ന് രാധികക്കും തോന്നിയെങ്കിലും ഋതുവിന് പ്രമോദ് കാരണം എന്തെങ്കിലും ആപത്ത് ഉണ്ടാകുമോ എന്ന് അവർ ഭയന്നു…
രാധികയെയും ഋതുവിനെയും സമാധാനിപ്പിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞെങ്കിലും ഋതുവിന്റെ ഭാവിയെ കുറിച്ച് ചന്ദ്രനിലും ആശങ്ക ഉണ്ടായിരുന്നു..
എങ്കിലും മറ്റുള്ളവരെ അറിയിക്കാതെ അദ്ദേഹം അത് വിദഗ്ധമായി മറച്ചുപിടിച്ചു..
കീർത്തിയുടെ അവസ്ഥ തീർത്തും പരിതാപകരമായിരുന്നു… കോളേജിൽ പലരുടെയും ചോദ്യങ്ങൾക്ക് മുൻപിലും തലകുനിച്ചു നിൽക്കാനേ അവൾക്ക് ആയുള്ളൂ…
പലരുടെയും ചോദ്യങ്ങൾക്ക് വല്ലാത്ത മൂർച്ച ഉള്ളത് പോലെ അവൾക്ക് തോന്നി…
ടീച്ചേർസ് ഉൾപ്പടെ പലരും അവളോട് ചോദ്യങ്ങൾ ചോദിച്ചു ശ്വാസം മുട്ടിച്ചു….
ഒരുവിധം എങ്ങനെ യോ അവൾ പലരുടെയും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി….
അവസാനം ഇതൊന്നും താങ്ങാൻ ആവാതെ ആരോടും ഒന്നും പറയാതെ അവൾ കോളേജിൽ നിന്നും ഇറങ്ങി….
വീട്ടിലേക്ക് ഉള്ള ഓരോ ചുവടിലും അവളുടെ ഉള്ളിൽ പ്രമോദ് പറഞ്ഞ വാക്കുകൾ ഓർമയിൽ മിന്നിമറഞ്ഞു..
ഇതുവരെ തന്റെ മാത്രം എന്ന് കരുതിയ ആൾ മറ്റൊരുവളെ ചേർത്ത് നിർത്തിയ കാഴ്ച അവളെ വല്ലാതെ തളർത്തിയിരുന്നു…
ആദ്യമായി അവൾക്ക് അവളോട് തന്നെ വെറുപ്പും ദേഷ്യവും തോന്നി … എന്തിനാണ് ഇങ്ങനെ ഒരു ജന്മം എന്നവൾ ചിന്തിച്ചു…
പ്രമോദിന്റെ പെണ്ണാണ് ഋതു എന്നും തനിക്ക് ഇനി ആ മനസ്സിൽ ഒരു സ്ഥാനവും ഇല്ലെന്ന് ഓർത്തപ്പോൾ അവളുടെ നെഞ്ച് പിടഞ്ഞു….
പെട്ടെന്ന് ആണ് വളവ് തിരിഞ്ഞ് വന്ന ഒരു അംബാസിഡർ കാർ കീർത്തിയെ ഇടിച്ചു തെറിപ്പിച്ചത്….
റോഡരികിൽ തെറിച്ചു വീണവളുടെ ബോധം മറയും മുൻപുള്ള അവസാന കാഴ്ച അവൾ ജീവന് തുല്യം സ്നേഹിച്ച പ്രമോദ് അവളെ ഇടിച്ചിട്ട കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വരുന്നത് ആയിരുന്നു…
(തുടരും…. )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Aathmasakhi written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission