കുട്ടിക്കാനം..
ആറു മാസങ്ങൾക്ക് ശേഷം ഒരു തണുത്ത പ്രഭാതം.മഞ്ഞണിഞ്ഞ ലാസ്യവതിയായ പ്രകൃതി നിദ്ര വിട്ടു ഉണരുകയാണ്. തേയില ചെടികളുടെ തളിർനാമ്പിൽ തങ്ങി നിൽക്കുന്ന മഞ്ഞിൻ കണങ്ങൾ തുള്ളി തുള്ളിയായി മണ്ണിലേക്ക് വീണുകൊണ്ടിരുന്നു.
രാവിലെത്തെ കുർബാനക്ക് തന്നെ ശോശാമ്മയും ജെസ്സിയും പങ്കെടുത്തു.പള്ളിയിലെ പ്രയർ ഗ്രൂപ്പ് പാടുന്ന ഗാനം മൈക്കിലൂടെ പുറത്തേക്കു ഒഴുകി വന്നു പ്രഭാതത്തെ ശബ്ദതമുഖരിതമാക്കി.
“മിശിഖ നീയെൻ അരുകിൽ…
വന്നെൻ മെയ്യിൽ തലോടുന്ന പോലെ..
ഈറൻ മിഴയിൽ അലയും
കദനം കൃപയാൽ മാറ്റുന്ന പോലെ..
ധ്യാനിച്ചു ഞാൻ നിന്നോർമയിൽ
എൻ ജീവനിൽ നീ ചേരുവാൻ..
കരുണാമയണെന്നീശോ ദുരിതം നീക്കും
നിൻ സ്പർശം ഏറ്റെന്റെ പാപം അകലും.”….. (മിശിഖ )
അൾത്താരയുടെ മുൻപിൽ മുട്ടുകുത്തി നിന്ന് ശോശാമ്മയും ജെസ്സിയും കുരിശു വരച്ചു.
“ശോശാമ്മേ നാളെ അല്യോടി ടോമിച്ചൻ ജയിലിൽ നിന്നും വരുന്നത്. അതായിരിക്കും പതിവില്ലാതെ രണ്ടുപേരുടെയും മുഖത്തു ഒരു സന്തോഷം ഒക്കെ കാണുന്നത്, അല്യോ “
അടുത്ത് നിന്ന് പ്രാർത്ഥിച്ചു കൊണ്ട് നിന്ന കുട്ടിക്കാനത്തു ചായക്കട നടത്തുന്ന മത്തായിയുടെ ഭാര്യ അന്നമ്മ ചോദിച്ചു.
“അതേ അന്നമ്മ ചേടത്തി… ടോമിച്ചൻ നാളെ വരും “
അത് പറയുമ്പോൾ ശോശാമ്മയുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടിയിരുന്നു.ജെസ്സി അന്നമ്മയെ നോക്കി ഒന്ന് ചിരിച്ചിട്ട് പള്ളിയുടെ പുറത്തുള്ള കുരിശടിയിൽ മെഴുകു തിരി കത്തിക്കുവാനായി നടന്നു.
“അതിന് നീ എന്തിനാ ശോശാമ്മേ സങ്കടപെടുന്നത്. ഈ കുട്ടിക്കാനത്തു ഏറ്റവും ഭാഗ്യവതി നീയാ.അതുപോലൊരു മകനെ അല്ലെ കർത്താവ് നിനക്ക് തന്നത്.എട്ടും പത്തും മക്കളൊന്നും വേണ്ട. ടോമിച്ചനെ പോലെ ഒറ്റയാള് മതി. കോടീശ്വരി അല്ലിയോ നീയിപ്പോൾ . അതും പണിതീർത്തിട്ടിരിക്കുന്ന ആ ബംഗ്ലാവ്, അതുപോലൊരെണ്ണം ഈ കുട്ടിക്കാനത്തു ആർക്കെങ്കിലും ഉണ്ടോ?എല്ലാം ആ ജെസ്സികൊച്ചു വന്നതിൽ പിന്നെ വന്ന ഉയർച്ച ആണെന്നാണ് എല്ലാവരും പറയുന്നത് “
പുറത്തേക്കു നടക്കുന്നതിനിടയിൽ അന്നമ്മ ശോശാമ്മയോട് പറഞ്ഞു കൊണ്ടിരുന്നു.
“ജെസ്സി മോള് വന്നതിൽ പിന്നെ ഉണ്ടായ ഉയർച്ച തന്നെയാ ചേടത്തി. പിന്നെ കർത്താവിന്റെ അനുഗ്രഹവും “
ശോശാമ്മ സാരി തലപ്പു തലവഴി ഇട്ടു കൊണ്ട് പറഞ്ഞു.
“ശോശാമ്മേ, എന്റെ കാര്യം കഷ്ടത്തില,മോള് കല്യാണപ്രായം ആയി നിൽക്കുകയാ. കുറച്ച് പൊന്നും പണവും ചായക്കട നടത്തി കിട്ടിയത് കൊണ്ട് മേടിച്ചു വച്ചിട്ടുണ്ട്. പക്ഷെ വരുന്നവരെല്ലാം ചോദിക്കുന്നത് അതിന്റെ രണ്ടിരട്ടിയ.ചെറുക്കനാണെങ്കിലും നല്ലൊരു ജോലി ഒന്നും ആയിട്ടില്ല. മത്തയിച്ചനും എപ്പോഴും ഇതിനെ കുറിച്ച് ആലോചിച്ചു ഒരേ ഇരിപ്പാ. ആരോട് പറയാനാ “
അന്നമ്മ നെടുവീർപ്പെട്ടു.
“ചേടത്തി വിഷമിക്കാതെ,ടോമിച്ചൻ ഇങ്ങോട്ട് വരട്ടെ, നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം “
ശോശാമ്മ അന്നമ്മചേടത്തിയെ സമാധാനിപ്പിച്ചു.
അന്നമ്മ നന്ദിയോടെ ശോശാമ്മയെ നോക്കി.
“ചേടത്തി നടന്നോ, അച്ചനെ ഒന്ന് കാണണം.നാളെ ടോമിച്ചൻ വരുമ്പോൾ പുതിയ വീട്ടിലേക്കു മാറണം.അച്ചനെ കൊണ്ട് നാളെ രാവിലെ വെഞ്ചിരിപ്പിച്ചു പ്രാർത്ഥനയും കഴിഞ്ഞു വേണം ടോമിച്ചനോടൊപ്പം ആ വീട്ടിൽ താമസം തുടങ്ങാൻ. അവനില്ലാത്തതു കൊണ്ട് ഞാനോ ജെസ്സിയോ ഇത് വരെ ആ വീട്ടിനുള്ളിൽ കയറിയിട്ടില്ല. അവൻ വന്നിട്ട് അവന്റെ കൂടെ മാത്രമേ ആ വീട്ടിനുള്ളിൽ കയറി താമസിക്കത്തൊള്ളൂ എന്നൊരു തീരുമാനത്തിലായിരുന്നു ഞാനും ജെസ്സിയും. അല്ലെങ്കിൽ ഉറക്കം വരത്തില്ല ചേടത്തി “
ശോശാമ്മ പറഞ്ഞിട്ട് കുരിശടിയിൽ മെഴുകുതിരി കത്തിച്ചു കൊണ്ട് നിന്ന ജെസ്സിയുടെ അടുത്തേക്ക് ചെന്നു.
“അമ്മച്ചി, ടോമിച്ചന് വേണ്ടി നൂറ്റിയൊന്നു മെഴുകുതിരി കത്തിച്ചു.അമ്മച്ചി കൂടി കത്തിക്ക്, “
കൂടിലുണ്ടായിരുന്ന കുറച്ച് മെഴുകുതിരി എടുത്തു ജെസ്സി ശോശാമ്മയുടെ കയ്യിൽ കൊടുത്തു.
അവർ മെഴുകുതിരി കത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഫാദർ മാത്യൂസ് ലോപ്പസ് അവർക്കരുകിലേക്ക് വന്നു.
“രണ്ടുപേരും ഇന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നത് കണ്ടല്ലോ. വല്ല വിശേഷവും ഉണ്ടോ “?
അച്ചന്റെ ചോദ്യം കേട്ടു ശോശാമ്മ തലതിരിച്ചു അച്ചനെ നോക്കി.
” നാളെ ടോമിച്ചൻ വരും.അവന് വേണ്ടിയാ പ്രാർത്ഥിച്ചത് അച്ചോ. ഒരു പാട് അനുഭവിച്ചതല്ലേ എന്റെ ടോമിച്ചൻ. ഞാനും ജെസ്സിയും പള്ളിമേടയിലോട്ടു വരാനൊരുങ്ങുകയായിരുന്നു.പുതിയ വീട് അച്ചൻ വന്നു വെഞ്ചിരിച്ചു തരണം. കുടുംബത്തിനു വേണ്ടി ഒരു പ്രാർത്ഥനയും നടത്തണം.”
ശോശാമ്മ ഫാദർ മാത്യൂസിനോട് പറഞ്ഞു.
“അതിനെന്താ ചേടത്തി, നാളെ കഴിഞ്ഞു തന്നെ നടത്തി കളയാം. സമയം നോക്കിയിട്ട് പറഞ്ഞാൽ മതി, ഞാനെത്തിക്കോളാം.”
മാത്യൂസ് പറഞ്ഞിട്ട് ജെസ്സിയെ നോക്കി.
“ജെസ്സി, നിന്റെ മുഖത്തു ഒരുപാട് നാള് കൂടിയ സന്തോഷം കാണുന്നത്. നല്ലൊരു കുടുംബജീവിതവുമായി മുൻപോട്ടു പോകുവാൻ കർത്താവിനോട് ഞാൻ പ്രാർത്ഥിക്കാം “
ഫാദർ ജെസ്സിയോട് പറഞ്ഞു.ജെസ്സി അതുകേട്ടു നിറഞ്ഞു വന്ന കണ്ണുകളോടെ പുഞ്ചിരിച്ചു.
ഫാദർ കുറച്ച് നേരം സംസാരിച്ചു നിന്ന ശേഷം യാത്രപറഞ്ഞു പോയതും ജെസ്സി ശോശാമ്മയോട് പറഞ്ഞു.
“അമ്മച്ചി കണ്ണടക്കുന്ന കാര്യമൊക്കെ അച്ചനോട് പറയുന്നത് കേട്ടല്ലോ .എന്റെയും ടോമിച്ചന്റെയും ഞങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളുടെയുമൊപ്പം അമ്മച്ചിയും ഉണ്ടാകണം എന്നും. എങ്കിലേ ഈ ജെസ്സിയുടെ ജീവിതത്തിനു അർത്ഥം ഉണ്ടാകൂ. അതുകൊണ്ട് ഒരു തൊണ്ണൂറ് വയസ്സ് കഴിയാതെ മരിക്കുന്ന കാര്യത്തെ കുറിച്ച് അമ്മച്ചി ചിന്തിക്കേണ്ട. ഞാനോ ടോമിച്ചനോ സമ്മതിക്കത്തില്ല. കർത്താവോ ഒട്ടും സമ്മതിക്കത്തില്ല. കേട്ടോ അമ്മച്ചി “
പറഞ്ഞിട്ട് ജെസ്സി ശോശാമ്മയുടെ കവിളിൽ പിടിച്ചു നുള്ളി.
ജെസ്സി ശോശാമ്മയുടെ കയ്യിൽ പിടിച്ചു കാറിന് നേർക്കു നടന്നു.
രാവിലെ 8.30
തിരുവനന്തപുരം സെൻട്രൽ ജയിൽ.
സെല്ലിൽ നിന്നും കുളിക്കാനായി ടോമിച്ചൻ വാട്ടർ ടാങ്കിന്റെ അടുത്തേക്ക് നടന്നു.
ജയിലിൽ ഉള്ള കുറച്ച് പേര് ടാങ്കിന്റെ പരിസരത്ത് നിന്നും കുളിക്കുന്നുണ്ട്. ടോമിച്ചനെ കണ്ടു അവർ ചിരിച്ചു കാണിച്ചു. ടോമിച്ചൻ കയ്യിലിരുന്ന തൊട്ടിയെടുത്തു ടാങ്കിൽ നിന്നും വെള്ളം കോരി തലവഴി ഒഴിച്ചു. ദേഹത്ത് സോപ്പ് തേക്കുവാൻ തുടങ്ങി.പെട്ടന്ന് ഓടി വന്ന രണ്ടു പേര് ടാങ്കിലെ വെള്ളത്തിലേക്കു ചാടിയിറങ്ങി.അവർ കയ്യിലിരുന്ന സോപ്പ് കൊണ്ട് ദേഹത്ത് തേച്ചു വെള്ളത്തിൽ മുങ്ങി കിടന്നു.
“നിർത്തെടാ നിന്റെയൊക്കെ കുളി, ഞങ്ങൾ കുളിച്ചിട്ടു മതി നിന്റെയൊക്കെ നീരാട്ട്. അതും ഞങ്ങൾ കുളിച്ച വെള്ളത്തിൽ “
ടാങ്കിനു ചുറ്റും കുളിച്ചു കൊണ്ടിരിക്കുന്ന മറ്റുള്ളവർക്ക് നേരെ അട്ടഹാസിച്ചു കൊണ്ട് വെള്ളത്തിൽ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്തു.
“ഇനി വേണമെങ്കിൽ ഇ വെള്ളം കോരി വായിലൊഴിക്കുകയോ, തലയിലൊഴിക്കുകയോ ചെയ്തോ നീയൊക്കെ “
ഒരുത്തൻ ആർത്തു ചിരിച്ചുകൊണ്ട് പറഞ്ഞു.
സോപ്പ് തേച്ചു കൊണ്ട് നിന്ന ടോമിച്ചൻ ടാങ്കിൽ കിടക്കുന്നവരെ രൂക്ഷമായി നോക്കി.
“നീയൊക്കെ ഇങ്ങനെ കാണിച്ചാൽ മറ്റുള്ളവർക്ക് കുളിക്കണ്ടേ, ഈ ജയിൽ നിന്റെയൊക്കെ തറവാട്ടു സ്വത്തു ആണോ “
ടോമിച്ചന്റെ ചോദ്യം കേട്ടു ടാങ്കിൽ കിടന്ന രണ്ടു പേർ പരസ്പരം നോക്കികൊണ്ട് ചാടി എഴുനേറ്റു.
“കഴുവേർടാ മോനെ.. ഞങ്ങൾക്ക് എതിരെ പറയാൻ മാത്രം വളർന്നോ നീ “
അട്ടഹാസിച്ചു കൊണ്ട് ടോമിച്ചന്റെ അടുത്തേക്ക് ചെന്നു.
ടോമിച്ചൻ വെള്ളമെടുത്ത ഇരിമ്പ് തൊട്ടിയിൽ പിടി മുറുക്കി.
പെട്ടന്ന് വെള്ളത്തിൽ നിന്നും ടോമിച്ചന് നേരെ പാഞ്ഞു വന്നവരുടെയും ടോമിച്ചന്റെയും ഇടയിലേക്ക് മറ്റൊരാൾ കടന്നു വന്നു.
ടോമിച്ചന്റെ സഹതടവുകാരൻ ആന്റണി ആയിരുന്നു അത്.
“ആന്റണി, നീ മാറിനിൽക്ക്, ഇത് ഞാൻ നോക്കിക്കൊള്ളാം. കുറച്ച് നാളായി ഇവിടെയുള്ള പാവപെട്ട തടവുകാരെ ഇവന്മാർ ആവശ്യമില്ലാതെ ഉപദ്രവിക്കുന്നു.ഇവിടെനിന്നും പോകുന്നതിനു മുൻപ് ഇവന്മാർക്കിട്ടു ഒന്ന് പൊട്ടിച്ചേച്ചു പോകണം എന്ന് കരുതിയതാ. ഇപ്പൊ ഇവന്മാർ ഇങ്ങോട്ട് വന്ന സ്ഥിതിക്കു ഒടിച്ചു മടക്കി വിട്ടേക്കാം. നാളെ പുറത്തിറങ്ങിയാൽ പിന്നെ ഇവന്മാരെ കിട്ടില്ലല്ലോ “
ടോമിച്ചൻ ആന്റണിയെ പിടിച്ചു മാറ്റാൻ നോക്കി.
അതേ സമയം അലറിക്കൊണ്ട് പാഞ്ഞടുത്ത ഒരുത്തന്റെ മുഖമടച്ചു ടോമിച്ചന്റെ കയ്യിൽ നിന്നും പിടിച്ചു മേടിച്ച തൊട്ടി കൊണ്ട് ആന്റണി ആഞ്ഞൊരടി അടിച്ചു. അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ഒരേ സമയം രക്തം ചീറ്റി.മുന്പിലെ രണ്ടു പല്ലടർന്നു നിലത്തു വീണു.അയാൾ വാട്ടർ ടാങ്കിലെക്കു മറിഞ്ഞു . കൈവീശി അടിക്കാൻ വന്ന അവന്റെ കൂടെ ഉള്ളവന്റെ തലയിൽ ആന്റണിയുടെ തൊട്ടികൊണ്ടുള്ള അടിവീണു. അവനും വെള്ളത്തിൽ വീണു .
“ടോമിച്ചാ, ഇവന്മാർ കൊട്ടേഷൻകാര, ആരോ പറഞ്ഞിട്ട് നിന്നെ ലക്ഷ്യം വച്ചു വന്നവരാണ്. ഇന്ന് നീ ഇവരുമായി പ്രശ്നം ഉണ്ടാക്കിയാൽ നാളെ നിനക്ക് ഇവിടെ നിന്നും പുറത്തു പോകാൻ പറ്റാതെ വരും. നിന്റെ ശിക്ഷ ഇന്നുകൊണ്ട് തീരുകയാണെന്നു അറിഞ്ഞ ആരോ നിനക്കെതിരെ കളിക്കുന്നതാ.ഇവിടെ ഇതുപോലത്തെ സംഭവങ്ങൾ സ്ഥിരമായി ഉള്ളതാ.അതിൽ കൊണ്ടുപോയി നീ തലവച്ചു കൊടുക്കരുത്. നാളെ തന്നെ നീ ഇവിടെനിന്നും പുറത്തിറങ്ങണം. പടിക്കൽ കൊണ്ടുപോയി കുടം ഉടക്കാതെ നീ അപ്പുറത്തെ പൈപ്പിന്റെ ചുവട്ടിൽ പോയി കുളിച്ചിട്ടു പോകാൻ നോക്ക്. ഇവന്മാരുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം “
ആന്റണി ടോമിച്ചനെ പറഞ്ഞു തിരിപ്പിച്ചു പൈപ്പിന്റെ ചുവട്ടിലേക്കു വിട്ടു.
ടാങ്കിലെ വെള്ളത്തിൽ നിന്നും കുതിച്ചുയർന്നു ആന്റണിയെ തൊഴിച്ചവന്റെ കാലിൽ ആന്റണി പിടുത്തം ഇട്ടു. വായുവിൽ വച്ചു വട്ടം കറക്കി എറിഞ്ഞു. കുറച്ച് ദൂരെ വച്ചിരുന്ന ഫൈബറിന്റെ ടാങ്കിൽ ചെന്നിടിച്ചു അവന്റെ തല അതിനുള്ളിലേക്ക് കയറി പോയി. അതിലൂടെ വെള്ളം പുറത്തേക്കു ഒഴുകി.
ഒരുത്തനെ വെള്ളത്തിൽ ചവുട്ടിപിടിച്ചു കുറച്ച് നേരം വച്ചതിനു ശേഷം പൊക്കിയെടുത്തു പുറത്തേക്കിട്ടു.
ചാടിയിറങ്ങി അവനെ പൊക്കിയെടുത്തു ഭിത്തിയിൽ ചേർത്തു നിർത്തി നാഭി നോക്കി മുട്ടുകാൽ വച്ചു ഒരിടി.അവനിൽ നിന്നും ഒരാർത്താനാദം ഉയർന്നു.
“പറയടാ, നായിന്റെ മോനെ, ആരു പറഞ്ഞിട്ട ഈ കളി “
ചോദിച്ചിട്ട് മറുപടി പറയാത്ത അവന്റെ മൂക്കിൽ ഒരിടി കൊടുത്തു ആന്റണി.
അപ്പോഴേക്കും വിവരമറിഞ്ഞു പോലീസുകാർ ഓടിയെത്തി ആന്റണിയെ പിടിച്ചു മാറ്റി കൊണ്ടുപോയി.
നാലഞ്ചു പോലീസുകാർ പോയി ടാങ്കിനുള്ളിൽ തലയിടിച്ചു കയറി കിടക്കുന്നവനെ രക്ഷപ്പെടുത്താൻ ടാങ്ക് വെട്ടി പൊളിച്ചു.
ടോമിച്ചൻ പൈപ്പിന്റെ ചുവട്ടിൽ പോയി കുളിച്ചു, തല തുവർത്തി വരാന്തയിലൂടെ സെല്ലിന് നേർക്കു നടന്നു.സെല്ലിൽ എത്തുമ്പോൾ ആന്റണി അവിടെ ഉണ്ട്. പോലീസുകാരുടെ കയ്യിൽ നിന്നും ശരിക്കും അടി കിട്ടിയിട്ടുണ്ട് ആന്റണിക്ക്. കണ്ടാൽ തന്നെ അറിയാം.
ടോമിച്ചൻ ആന്റണിയുടെ അടുത്തേക്ക് ചെന്നു.
“ആന്റണി, നിന്നെ പോലീസുകാർ ഉപദ്രവിച്ചോ “
ടോമിച്ചന്റെ ചോദ്യം കേട്ടു ആന്റണി മുഖമുയർത്തി ടോമിച്ചനെ നോക്കി.
“സാരമില്ലടാ, ഞാൻ ചെയ്ത കൊള്ളരുതായ്മക്ക് കിട്ടുന്ന ശിക്ഷ ആയെ ഞാനിതിനെ കാണുന്നുള്ളു. പിന്നെ നിന്റെ കാര്യം. ഒരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടിയിട്ടു ഇറങ്ങി വന്നവനാ നീ.. ആ പെൺകൊച്ചു ആറുമാസക്കാലം നിന്നെ ഓർത്തു കഴിയുകയായിരിക്കും. നിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ മോഹിച്ചു. അത് മറന്നു നീ പ്രശ്നങ്ങളിൽ പോയി ചാടരുത്.അതുപോലെ നിന്റെ അമ്മയും. അവരുടെ മനസ് എത്രമാത്രം നീറുന്നുണ്ടാകും. മകനെ കണ്ടാലേ, ഒന്ന് കെട്ടിപിടിച്ചാലേ ആ അമ്മയുടെ സങ്കടം തീരു. അതുകൊണ്ട് എന്ത് വന്നാലും നാളെ നീ പുറത്തിറങ്ങണം. പിന്നെ ഇങ്ങോട്ട് വന്നേക്കരുത്. ആ പെങ്കൊച്ചിന്റെയും അമ്മയുടെയും ഒപ്പം സന്തോഷമായി കഴിഞ്ഞോണം.”
ആന്റണിയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു വരുന്നത് ടോമിച്ചൻ കണ്ടു.
ടോമിച്ചൻ ആന്റണിയേ സമാധാനിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ രാവിലത്തെ ഭക്ഷണത്തിനുള്ള മണി മുഴങ്ങി.
ജെസ്സി മുറിക്കുള്ളിൽ തൂക്കിയിട്ടിരുന്ന കലണ്ടറിലേക്ക് നോക്കി.
ഓരോ ഡേറ്റിന്റെയും കോളങ്ങൾ ചുവന്ന മഷിക്കു വെട്ടികളഞ്ഞിരിക്കുകയാണ് ജെസ്സി. ഇനി ഒരു കോളം മാത്രമാണ് അവശേഷിക്കുന്നത്. എന്നുവച്ചാൽ ടോമിച്ചൻ വരാൻ ഒരു ദിവസം മാത്രം. ഇനി കാത്തിരിക്കണ്ടല്ലോ. ഈ ദിവസത്തിന് ദൈർഘ്യം കൂടുതലാണെന്നു തോന്നി ജെസ്സിക്ക്. ഇത്രയും പെട്ടന്ന് നാളെ ഒന്നായെങ്കിൽ എന്ന് അവളുടെ മനസ്സ് കൊതിച്ചു. കഴുത്തിൽ ടോമിച്ചൻ അണിഞ്ഞ താലിമാല കയ്യിലെടുത്തു അതിൽ നോക്കി ഇരുന്നു ജെസ്സി.നിറഞ്ഞു തൂവിയ മിഴികളിൽ നിന്നും ഇറ്റു വീണ ഒരു തുള്ളി കണ്ണുനീർ താലിയിൽ വീണു.
ശോശാമ്മയും പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്. നാളെ തന്റെ മകൻ വരും. ആ ഓർമ ശോശാമ്മയുടെ ചുളിവുകൾ വീണ മുഖത്തു ഒരു പ്രത്യാശയുടെ ദീപം തെളിയിച്ചു.ഇടക്കൊക്കെ മുറ്റത്തിറങ്ങി അകലെ വഴിയിലേക്ക് നോക്കി നിൽക്കും. ഇന്നെങ്ങാനും വന്നെങ്കിലോ എന്നാശിച്ചു. കുറച്ച് നേരം നോക്കി നിന്നിട്ട് തിരിച്ചു പോരും.
മുറ്റത്തു ഒരു കാറ് വന്നു നിൽക്കുന്നത് കേട്ടാണ് ജെസ്സി ഇറങ്ങി വന്നത്.
ഡേവിഡ് ആണ്. ടോമിച്ചൻ ജയിലിൽ പോയത് മുതൽ എല്ലാകാര്യങ്ങളും നോക്കി നടത്തുന്നത് ഡേവിഡ് ആണ്.സമർഥനും സുന്ദരനും ആയ ഒരു ചെറുപ്പക്കാരൻ.
“നാളെ കഴിഞ്ഞു വീട് വെഞ്ചരിപ്പിനുള്ള കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. ടോമിച്ചൻ വരുന്നത് പ്രമാണിച്ചു നമ്മുടെ ഷാപ്പുകൾക്കും ബാറുകൾക്കും നാളെ അവധി കൊടുത്തിരിക്കുകയാ.മാത്രമല്ല പാവപെട്ടവർക്ക് വേണ്ടി പത്തു അനാഥാലയങ്ങളിൽ അന്നദാനവും നടത്താൻ പറഞ്ഞിട്ടുണ്ട്.”
ഡേവിഡ് പറഞ്ഞു കൊണ്ട് തിണ്ണയിൽ ഇരുന്നു.
“കേട്ടോ അമ്മച്ചി, എന്തുണ്ടായാലും ഇവിടെ വന്നു ഇങ്ങനെ ഇരിക്കുമ്പോൾ കിട്ടുന്ന ആ സുഖമുണ്ടല്ലോ, അതൊന്നും ഒരു മണിമാളികയിലും ജീവിച്ചാൽ കിട്ടത്തില്ല. ടോമിച്ചനും എപ്പോഴും പറയും അത് .സത്യം.”
ഡേവിഡ് പറഞ്ഞത് കേട്ടു ശോശാമ്മ ചിരിച്ചു. ഡേവിഡും ഇപ്പോൾ ആ വീട്ടിലെ ഒരംഗത്തെ പോലെ ആണ്. ശോശാമ്മക്ക് ഒരു മകനോടുള്ള സ്നേഹം ഡേവിഡിനോടും ഉണ്ടും.
“പിന്നെ ജെസ്സി, ഞാൻ വൈകുന്നേരം തിരിക്കും തിരുവനന്തപുരത്തിന്, ചിലപ്പോൾ രാവിലെ തന്നെ റിലീസ് ആകും. ഉച്ച കഴിയുമ്പോൾ ഇങ്ങു എത്താനും പറ്റും.ഉച്ചയൂണ് തയ്യാറാക്കി വച്ചേക്കണം. ഞങ്ങളിവിടെ വന്നിട്ടേ കഴിക്കു. അപ്പോ ഞാനിറങ്ങിയേക്കുവാ “
ഡേവിഡ് യാത്ര പറഞ്ഞു.
“നീ ചായകുടിച്ചിട്ടു പോ ഡേവിടേ…”
ശോശാമ്മ പറഞ്ഞു.
“അമ്മച്ചി ഇപ്പൊ ഒരെണ്ണം കുടിച്ചതേ ഉള്ളു. അതുകൊണ്ട് വേണ്ട “
ഡേവിഡ് കാറിൽ കയറി പോകുന്നത് നോക്കി നിന്ന ശേഷം ശോശാമ്മ വീടിനുള്ളിലേക്ക് കയറി.
“അമ്മച്ചി നാളെ ഉച്ചയൂണിനു എന്തൊക്കെയാ ചെയ്യേണ്ടത്. പോത്തിറച്ചി കുരുമുളകും, വറ്റില് മുളക് പൊടിയും, വെളുത്തുള്ളിയും,മസാലയും, തേങ്ങ കൊത്തും ഇട്ടു വരട്ടി എടുക്കണം, പിന്നെ മത്തി വറുത്തതും, കക്കയിറച്ചി ഉലത്തിയതും,തോരനും, സാമ്പാറും, മോര് കറിയും, നാരങ്ങ അച്ചാറും, പപ്പടവും വേണം. അല്ലെ അമ്മച്ചി “
ജെസ്സിയുടെ ഉത്സാഹം കണ്ടു ശോശാമ്മക്ക് അത്ഭുതം തോന്നി.
“നീ എന്തായാലും ടോമിച്ചന്റെ ഇഷ്ടനിഷ്ടങ്ങൾ മനസിലാക്കിയിരിക്കുന്നു. മോള് ഈ പറഞ്ഞതെല്ലാം അവന് ഭയങ്കര ഇഷ്ടമുള്ള ഭക്ഷണങ്ങൾ ആണ്. ഭർത്താവിനെ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഭാര്യ ഒരു വീടിന്റെ ഐശ്വര്യം ആണ്.മോൾക്ക് അതിന് സാധിക്കും. നമുക്കിതെല്ലാം രാവിലെ തന്നെ ഉണ്ടാക്കാം മോളേ. എത്രനാള് കൂടിയ ടോമിച്ചൻ വരുന്നത്. അവനും ഇവിടെവന്നു നമ്മുടെ കൂടെ ഇരുന്നു ഇതൊക്കെ കഴിക്കാൻ ആഗ്രഹം കാണും.”
ശോശാമ്മ ജെസ്സിയെ ചേർത്തു പിടിച്ചു മുടിയിൽ തഴുകി.
“മോൾക്ക് ടോമിച്ചനെ കാണാൻ തിടുക്കമായി അല്യോ, എനിക്കറിയാം. ഇനി നിങ്ങടെ ജീവിതത്തിൽ നല്ലത് മാത്രമേ വരൂ, അമ്മ എന്നും കർത്താവിനോട് പ്രാർത്ഥിച്ചതും, പ്രാർത്ഥിക്കാൻ പോകുന്നതും അത് മാത്രമാ “
അത് പറയുമ്പോൾ ശോശാമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
രാത്രിയിൽ അത്താഴം കഴിഞ്ഞു മുറിയിൽ എത്തിയ ജെസ്സി കണ്ണാടിയുടെ മുൻപിൽ നിന്നു സ്വൊന്തം പ്രതിബിംബത്തെ നോക്കി നിന്നു.
നാളെ ടോമിച്ചൻ വരും, നീണ്ട കാത്തിരിപ്പിനൊടുവിൽ,താലി കെട്ടിയിട്ടു പോയതല്ലാതെ ഒരു ദിവസം പോലും ഒന്നിച്ചു കഴിഞ്ഞിട്ടില്ല. നാളെ ആണ് ആദ്യമായി ഭാര്യയും ഭർത്താവും ആയി കഴിയുവാൻ പോകുന്നത്. അതോർത്തപ്പോൾ ശരീരത്തിലൂടെ വൈത്യുതി കടന്നു പോകുന്നത് പോലെ ഒരു കോരിത്തരിപ്പ് ഉണ്ടായി ജെസ്സിക്ക്. അവളുടെ മുഖത്തു അറിയാതെ ഒരു നാണം വിടർന്നു.
വരുമ്പോൾ നല്ല വസ്ത്രം ധരിച്ചു, പൊട്ടുതൊട്ട്, മുടിയൊക്കെ നന്നായി കെട്ടിവച്ചു, കുറച്ച് സുന്ദരി ആയി തന്നെ നിൽക്കണം. പഴയ പെട്ടിയിൽ നിന്നും സാരികൾ എടുത്തു കട്ടിലിൽ വച്ചു, ഓരോന്നും എടുത്തു ശരീരത്തിൽ ചേർത്തു വച്ചു കണ്ണാടിയിൽ നോക്കി. അവസാനം മനസ്സിന് സന്തൃപ്തി തോന്നിയ സാരിയും ബ്ലൗസും മാറ്റി വച്ചു, അതിന് ചേരുന്ന പൊട്ടും, തന്റെ ആഭരണങ്ങളിൽ ചിലതും പിറ്റേന്ന് ധരിക്കാൻ തയ്യാറാക്കി വച്ചു.
കട്ടിലിൽ വന്നിരുന്നു. ഭിത്തിയിൽ തൂക്കിയിരുന്ന മാതാവിന്റെ രൂപത്തിൽ നോക്കി കുരിശു വരച്ചു.
“മാതാവേ ഇനിയും പരീക്ഷിക്കരുതേ ഞങ്ങളെ, സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തരണേ.”
പ്രാർത്ഥിച്ചിട്ടു കട്ടിലിൽ കിടന്നു.
അടുത്ത് കിടന്ന തലയിണ എടുത്തു, അതിൽ ഉമ്മ
വച്ചു, മാറോടു ചേർത്തു പിടിച്ചു.
‘ഇത് നിങ്ങള, എന്റെ കെട്ടിയോൻ, ടോമിച്ചൻ ‘
കുറച്ച് നേരം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പെട്ടന്ന് ഒന്ന് നേരം വെളുത്തിരുന്നെങ്കിൽ എന്ന് അവളുടെ മനസ്സ് കൊതിച്ചു. എപ്പോഴോ പതിയെ ജെസ്സി നിദ്രയിലേക്ക് വഴുതി വീണു.
അതേ അവസ്ഥ തന്നെ ആയിരുന്നു സെല്ലിൽ ടോമിച്ചനും. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ പതിയെ എഴുനേറ്റു ചെന്നു സെല്ലിന്റെ അഴിയിൽ പിടിച്ചു പുറത്തേക്കു നോക്കി.
ആറു മാസങ്ങൾക്ക് ശേഷം നാളെ ഈ മതിൽ കെട്ടനുള്ളിലെ ജീവിതം മതിയാക്കി പോകുകയാണ്. കുട്ടിക്കാനത്തേക്ക്, തന്റെ ആ ചെറിയ വീട്ടിലേക്കു. വഴിക്കണ്ണുമായി അവിടെ തന്നെ നോക്കി രണ്ടു പേര് ഇരിപ്പുണ്ട്. തന്റെ അമ്മയും, താലികെട്ടിയ പെണ്ണും.
പുറത്തു പെയ്യുന്ന ചാറ്റൽ മഴയിലേക്ക് നോക്കി ടോമിച്ചൻ നിന്നു.
“എന്താടാ ടോമിച്ചാ ഉറക്കം വരുന്നില്ലേ?നാളെ ചെന്നു അമ്മയെയും കെട്യോളെയും കണ്ടാലേ സമാധാനം ആകൂ അല്യോ. അതങ്ങനെയാ. നമ്മുടെ അടുത്ത് അവരെപ്പോഴും ഉള്ളപ്പോൾ നമുക്ക് അവരുടെ വില മനസ്സിലാകാതില്ല. അവരെ വിട്ടു ഇതുപോലെ വന്നു കിടക്കുമ്പോഴാണ്, അവർ നമുക്ക് എത്ര പ്രിയപെട്ടവരായിരുന്നു എന്ന്, നമ്മുടെ മനസ്സിൽ അവർക്കുള്ള സ്ഥാനം എന്തായിരുന്നു എന്ന് ശരിക്കും മനസിലാകത്തൊള്ളൂ. കർത്താവ് ഓരോ പരീക്ഷണങ്ങൾ തരുന്നത് ജീവിതം എന്താണെന്നു മനസ്സിലാക്കി തരാനായിരിക്കും. എന്തായാലും നീ നേരം പുലരും വരെ ക്ഷമിച്ചാൽ പോരെ. പിന്നെ നിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങുവല്ലേ. ഇഷ്ടം പോലെ സഞ്ചാരിക്കാം, ഇഷ്ടമുള്ള ആഹാരം കഴിക്കാം, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം.. ഇഷ്ടമുള്ളവരെ കാണാം അങ്ങനെ എന്തൊക്കെ.വേകുവോളം നിൽക്കാം എങ്കിൽ പിന്നെ ആറുവോളം നിൽക്കതില്ലേടാ. നീ ഇവിടെ വന്നിരിക്ക്. നമുക്കെന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം. നാളെ മുതൽ ഞാൻ ഒറ്റക്കല്ലേ ഇതിനകത്ത്. നീ എനിക്കൊരാശ്വാസം ആയിരുന്നു. പക്ഷെ നീ നാളെ പോകുന്നതിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ഞാനാ. നീ പുറത്തുണ്ടെങ്കിൽ എന്റെ കുടുംബത്തിന് സമാധാനം ആയി ജീവിക്കാം എന്നൊരു തോന്നൽ. ഞാൻ പറഞ്ഞിട്ടില്ലേ, എന്റെ ഭാര്യ ലില്ലിക്കുട്ടി ഒരു വീട്ടിൽ അടുക്കളപ്പണിക്ക് പോയിട്ട കുടുംബം നോക്കുന്നത്. രണ്ടു പെൺകുട്ടികളാണ്.ലിജിയും ലിഷയും. ലിജി പ്ലസ്ടു കഴിഞ്ഞു പിന്നെ പഠിക്കാൻ പോയില്ല. അവൾക്കിപ്പോൾ 23 കഴിഞ്ഞു. പിന്നെ ലിഷ, അവള് പ്ലസ്ടു പഠിച്ചു കൊണ്ടിരിക്കുകയാ. കഷ്ടപ്പെട്ടിട്ടായാലും എന്റെ ലില്ലിക്കുട്ടി അവരെ നോക്കും. പക്ഷെ ചില ഉന്നതന്മാരുടെ മക്കൾ എന്റെ കുടുംബത്തെ നിരന്തരം ശല്യം ചെയ്യുന്നുണ്ട്. കഴിഞ്ഞതവണ വന്നപ്പോൾ എന്റെ ലില്ലിക്കുട്ടി ഒരുപാടു കരഞ്ഞിട്ട പോയത്. പിടിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ രണ്ടു മക്കളെയും കൊന്നു അവളും ചാകുമെന്ന് പറഞ്ഞ പോയത്. അതാ എനിക്ക് പേടി. എനിക്ക് ജീവിക്കാൻ അറിയാതെ പോയി. അതിന്റെ ഫലം അനുഭവിക്കുന്നതോ അവരും”
ആന്റണി പറഞ്ഞിട്ട് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.
“ആന്റണി, നീ സങ്കടപ്പെടേണ്ട, ഞാൻ പോയി അവരെ കാണാം, നിന്റെ മകളുടെ വിവാഹവും പഠനവും എല്ലാം നമുക്ക് ശരിയാക്കാം. അതോർത്തു നീ തലപ്പുണ്ണാക്കേണ്ട. നീ വരുന്നത് വരെ അവർക്കു കാവലായി ഈ ടോമിച്ചൻ ഉണ്ടാകും പോരെ.”
ടോമിച്ചൻ ആന്റണിയുടെ തോളിൽ തട്ടി.
“എനിക്ക് മനസ്സ് നിറഞ്ഞടാ, നീ ഒന്നും കൊടുക്കണ്ട, അവരെ ആരും ശല്യപെടുത്താതെ നോക്കിയാൽ മതി. ലില്ലികുട്ടി കഷ്ടപ്പെട്ടിട്ടായാലും കുടുംബം നോക്കിക്കോളും.”
പറഞ്ഞിട്ട് ഒരുറപ്പിനെന്നോണം ടോമിച്ചന്റെ കയ്യിൽ പിടിച്ചു. പിന്നെ പായിലേക്ക് മലർന്നു കിടന്നു.
നേരം പുലർന്നപ്പോഴേ ടോമിച്ചൻ പോകുവാൻ റെഡിയായി നിന്നു. ജയിൽ സുപ്രണ്ടിന്റെ അറിയിപ്പ് കിട്ടിയിട്ട് വേണം സെല്ലിന്റെ പുറത്തേക്കിറങ്ങാൻ.
കൃത്യം എട്ടു മണി ആയപ്പോൾ ഒരു പോലീസുകാരൻ വന്നു സെല്ലു തുറന്നു സുപ്രണ്ടിന്റെ മുറിലേക്ക് ചെല്ലുവാൻ അറിയിച്ചു.
ആന്റണിയുടെ കയ്യിൽ പിടിച്ചു ഒരിക്കൽ കൂടി യാത്ര പറഞ്ഞു ടോമിച്ചൻ ഇടനാഴിയിലൂടെ സുപ്രണ്ടിന്റെ മുറി ലക്ഷ്യമാക്കി നടന്നു.സുപ്രണ്ടു രജിസ്റ്റർ ബുക്കെടുത്തു ടോമിച്ചനെ കൊണ്ട് ഒപ്പ് ഇടുവിച്ചു. മേശപുറത്തു നിന്നും ഒരു കവർ എടുത്തു ടോമിച്ചന് നേരെ നീട്ടി.
“ഇതാ നിനക്കിടുവാനുള്ള ഡ്രെസ്സ്. നീ കൊണ്ടുവന്നത് തിരിച്ചു കൊണ്ടുപോകേണ്ട. ഇവിടെ ഉപേഷിച്ചേക്കു.”
സുപ്രണ്ടു കൊടുത്ത കവറെടുത്തു തുറന്നു ടോമിച്ചൻ.
വെളുത്ത ജൂബയും കറുപ്പും കസവും ഇടകർന്ന വീതിയുള്ള കരയോട് കൂടിയ മുണ്ടും.
ടോമിച്ചൻ വേഷം മാറി വന്നപ്പോൾ സുപ്രണ്ട് സൂക്ഷിച്ചു ഒന്ന് നോക്കി.
“നിന്നെ കണ്ടാൽ സിനിമയിലെ നായകന്മാർ ഇറങ്ങി വരുന്നത് പോലുണ്ട്, ദൃഷ്ടി ദോഷം കിട്ടാതിരിക്കാൻ നാണയം ഉഴിഞ്ഞു ഏതെങ്കിലും പള്ളിയിൽ ഇട്ടേക്ക് ” അതുകേട്ടു ടോമിച്ചൻ ചിരിച്ചു.
“സാറെ, ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു. ഇന്നലെ ഇവിടെ പ്രശ്നം ഉണ്ടാക്കാൻ വന്നവർ ആരായിരുന്നു “?
ടോമിച്ചൻ ചോദിച്ചു കൊണ്ട് സുപ്രണ്ടിന്റെ മുഖത്തേക്ക് നോക്കി.
“അവന്മാർ കുറച്ച് പ്രശ്നക്കാരാ, അവന്മാരെ സംരെക്ഷിക്കാൻ പുറത്തു ഉന്നതന്മാർ ഉണ്ട്.കോട്ടേഷന അവന്മാരുടെ വിനോദം. വടിവാൾ മുത്തുവും, ഒറ്റക്കണ്ണൻ ഹൈദറും…. കണ്ണിൽ ചോര ഇല്ലാത്തവന്മാരാ.. നീ അതിലൊന്നും ഇടപെടേണ്ട. പൊക്കോ, തിരിഞ്ഞു നോക്കാതെ “
സുപ്രണ്ടു താക്കിതിന്റെ സ്വരത്തിൽ പറഞ്ഞു. ടോമിച്ചൻ ജയിലിന്റെ പുറത്തേക്കു നടന്നു.
ജയിലിന്റെ പ്രധാന വാതിലിലൂടെ ടോമിച്ചൻ പുറത്തെക്കിറങ്ങി.
അതേ സമയം തന്നെ ഒരു ബി എം ഡബ്ല്യൂ കാർ വന്നു ടോമിച്ചന്റെ അടുത്ത് നിന്നു. അതിൽ നിന്നും ഡേവിഡ് പുറത്തിറങ്ങി.
“ഞാൻ രാവിലെ മുതൽ കാത്ത് നിൽക്കുകയായിരുന്നു. ഇന്നലെ ഇങ്ങു പോന്നു “
ടോമിച്ചന്റെ അടുത്ത് വന്നു ഡേവിഡ് പറഞ്ഞു.
“ശോശാമ്മച്ചിയും ജെസ്സിയും ഉച്ചയുണ്ണും തയ്യാറാക്കി കാത്തിരിക്കും. പെട്ടന്ന് കൊണ്ടുചെല്ലണം എന്നാണ് പറഞ്ഞിരിക്കുന്നത് “
ടോമിച്ചൻ ചുറ്റുപാടും നോക്കി അഞ്ചു മിനിറ്റ് നിന്നു.
“പോകാം, പുറത്തെ കാഴ്ചകൾ നോക്കി നിന്നതാ. പത്തു വർഷം അകത്ത് കിടന്ന പോലെയാ തോന്നുന്നത്. കുട്ടിക്കാനത്തേക്ക് വിട്ടോ “
ടോമിച്ചൻ കാറിന്റെ മുൻസീറ്റിൽ കയറി ഇരുന്നു. ഡേവിഡ് കാർ തിരിച്ചു പുറത്തേക്കു ഓടിച്ചു.
“നമ്മുക്ക് ഇപ്പോൾ ഇരുപതു ഷാപ്പുകളാണ് ഉള്ളത്. കൂടാതെ നാല് ബാറുകളും. ഫയൽ എല്ലാം ജെസ്സിയെ ഏൽപ്പിച്ചിട്ടുണ്ട്. പിന്നെ ആഴ്ചയിൽ ഓരോ ലോഡ് സ്പിരിറ്റും വരുന്നുണ്ട്. ഫസ്റ്റ് ക്വാളിറ്റിയ. ബാറിലേക്ക്..”
ഡേവിഡ് കാര്യങ്ങൾ വിവരിച്ചു കൊണ്ടിരുന്നു.
ടോമിച്ചൻ എല്ലാം കേട്ടു
പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരുന്നു.
ശോശാമ്മയും ജെസ്സിയും ഭക്ഷണം എല്ലാം ഒരുക്കി വച്ചിട്ട് ഒരുമണി മുതൽ മുറ്റത്തിറങ്ങി വഴിയിലേക്കും നോക്കി നിന്നു. അങ്ങനെ രണ്ടു മണി ആയപ്പോൾ അവർ കണ്ടു തേയിലചെടികൾക്കിടയിലൂടെ ഡേവിഡ് കൊണ്ടുപോയ കാർ വരുന്നു.ജെസ്സിയും ശോശാമ്മയും പരസ്പരം നോക്കി. രണ്ടുപേരുടെയും മുഖത്തു സന്തോഷം അലയടിച്ചു. ജെസ്സി വേഗം തിരിഞ്ഞു വീട്ടിനുള്ളിലേക്ക് കയറി പോയി. അപ്പോഴേക്കും മുറ്റത്തു കാർ എത്തിയിരുന്നു. ടോമിച്ചൻ കാറിൽ നിന്നും മുറ്റത്തേക്കിറങ്ങി.
മുറ്റത്തു നിന്ന ശോശാമ്മ ടോമിച്ചനെ ഒന്ന് നോക്കി. അതുവരെ അടക്കി വച്ചിരുന്ന സങ്കടം കരച്ചിലായി അണപ്പൊട്ടി ഒഴുകി.
ഓടിപ്പോയി ശോശാമ്മ ടോമിച്ചനെ വട്ടം കെട്ടി പിടിച്ചു മുഖത്തേക്ക് നോക്കി.
“എന്റെ ടോമിച്ചാ, അമ്മേടെ പൊന്നുമോനെ, നീ ഇങ്ങു വന്നല്ലോ, അമ്മക്ക് സന്തോഷം ആയടാ”
അതും പറഞ്ഞു ടോമിച്ചന്റെ നെറ്റിയിലും മുഖതും മാറിമാറി ഉമ്മ
വച്ചു.
“അമ്മച്ചി, എന്തിനാ കരയുന്നത്, ഞാൻ വന്നില്ലേ. കരച്ചില് നിർത്തി ആഹാരം വല്ലതും എടുത്തു വയ്ക്ക്. വിശന്നിട്ടു മേല “
ടോമിച്ചൻ ശോശാമ്മയെ ചേർത്തു പിടിച്ചു കൊണ്ട് അവരുടെ മുഖത്തെ കണ്ണുനീർ മുണ്ടിന്റെ തുമ്പുയർത്തി തുടച്ചു കൊടുത്തു.
വീടിനുള്ളിൽ നിന്നുകൊണ്ട് ജെസ്സി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു.പുറത്തേക്കിറങ്ങിചെല്ലാൻ ഒരു വെപ്രാളം. നിയത്രണം വിട്ടു പൊട്ടി കരഞ്ഞു പോയാലോ എന്നൊരു ഭയം.
ടോമിച്ചൻ കിണറിന്റെ അടുത്ത് ചെന്നു ഒരു തൊട്ടി വെള്ളം കോരി കയ്യും മുഖവും കഴുകി വരാന്തയിൽ വന്നിരുന്നു.
“ഡേവിഡേ.. വാ, ചോറുണ്ണാം..”
ടോമിച്ചൻ പറഞ്ഞത് കേട്ടു ഡെവിഡും കൈകഴുകി വരാന്തയിൽ വന്നിരുന്നു.
ചോറൂണിനു ശേഷം ടോമിച്ചൻ ഡെവിഡിനെയും കൂട്ടി പണിതീർത്തിട്ടിരിക്കുന്ന വീട് കാണാൻ പോയി. തിരികെ ടോമിച്ചൻ എത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു.
കിണറ്റുകരയിൽ വെള്ളം കോരി കൊണ്ട് നിന്ന ജെസ്സിയുടെ അടുത്തേക്ക് ചെന്നു.
“നീ എന്താ കെട്യോനെ കണ്ടിട്ട് ഒരു മൈൻഡ് ഇല്ലാതെ.. ങേ, ഞാനോർത്തു, എന്നെ കാണുമ്പോഴേ ഓടി വന്നു കെട്ടിപിടിച്ചു പൊട്ടിക്കരയുമെന്ന് “
ടോമിച്ചൻ ചോദിച്ചത് കേട്ടു ജെസ്സി തലതിരിച്ചു നോക്കി.
“ഞാൻ കെട്ടിപ്പിടിക്കും, എനിക്ക് തോന്നുമ്പോൾ, കെട്യോനെ കെട്ടിപ്പിടിക്കാൻ പ്രേത്യേക സമയമൊന്നും ഇല്ലല്ലോ.പിന്നെ പൊട്ടി കരയണോ എന്ന് ഞാനാലോചിക്കട്ടെ .പിന്നെ ഉച്ചത്തെ ആഹാരം എങ്ങനെ ഉണ്ടായിരുന്നു.”
ജെസ്സി ചോദിച്ചു.
“വയറു നിറച്ചു അടിച്ചു കേറ്റിയപ്പോ നിനക്ക് മനസ്സിലായില്ലേ ഇഷ്ടപെട്ടന്ന്.പോത്തിറച്ചി വരട്ടിയത് ഉഗ്രൻ ആയിരുന്നു. നീയാണ് വച്ചതെന്നു എനിക്ക് മനസ്സിലായി.”
ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി ചിരിച്ചു.
അത്താഴം കഴിഞ്ഞു ശോശാമ്മയും ജെസ്സിയും വരാന്തയിൽ വന്നു ടോമിച്ചന്റെ അടുത്തിരുന്നു. ടോമിച്ചൻ ജയിലിലെ വിശേഷങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ചു.കുറച്ച് സംസാരിച്ചിരുന്ന ശേഷം ശോശാമ്മ പോയി കിടന്നു. കുറച്ചുസമയത്തിനകം ശോശാമ്മയുടെ കൂർക്കം വലി കേട്ടു തുടങ്ങി.
“സമയമൊരുപാടായി വാ നമുക്കും കിടക്കാം. കിടക്ക വിരിച്ചിട്ടിട്ടുണ്ട്. നമ്മള് ഭാര്യയും ഭർത്താവുമാണെന്ന് ഞാൻ ഓർമിപ്പിച്ചില്ലെങ്കിൽ ചിലപ്പോൾ നിങ്ങള് ഇവിടെ കിടന്നു ഉറങ്ങിയാലോ എന്നോർത്ത, അതല്ലേ പതിവ് “
ജെസ്സി കുസൃതി ചിരിയാൽ പറഞ്ഞിട്ട് അകത്തേക്ക് കയറി പോയി.
ടോമിച്ചൻ എഴുനേറ്റു മുറിക്കുള്ളിൽ എത്തി കട്ടിലിൽ ഇരുന്നു.
അപ്പോഴേക്കും ജെസ്സി അങ്ങോട്ടുവന്നു വാതിലടച്ചു കുറ്റിയിട്ട് ടോമിച്ചനെ നോക്കി.
“നീ എന്താ എന്നെ ആദ്യം കാണുന്നതുപോലെ നോക്കുന്നത് “
ജെസ്സിയുടെ നോട്ടം കണ്ടു ടോമിച്ചൻ അമ്പരപ്പോടെ ചോദിച്ചു.
പെട്ടന്ന് ജെസ്സിയുടെ ഭാവം മാറി. പൊട്ടികരഞ്ഞുകൊണ്ട് അവൾ ഓടിച്ചെന്നു ടോമിച്ചനെ കെട്ടിപിടിച്ചു മാറോടു ചേർത്തു.
“നിങ്ങക്കറിയാവോ, ഞാനും ഒന്ന് ഉറങ്ങിയിട്ട് നാളുകളായി. കണ്ണടച്ചാൽ ജയിലിൽ കിടക്കുന്ന നിങ്ങടെ മുഖമായിരുന്നു മനസ്സിൽ.ഇന്ന് വന്നിറങ്ങിയ സമയത്തു ഇതുപോലെ ഓടിവന്നു കെട്ടിപിടിക്കണം എന്നുണ്ടായിരുന്നു മനസ്സിൽ. പിന്നെ എല്ലാം മനസ്സിൽ അടക്കി നിർത്തിയതാ. ഇപ്പൊ പിടിച്ചു നിൽക്കാൻ പറ്റിയില്ല. “
ജെസ്സിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരാധാരയായി ടോമിച്ചന്റെ മുടിയിൽ വീണു കൊണ്ടിരുന്നു. അവൾ ടോമിച്ചന്റെ നെറ്റിയിലും കണ്ണുകളിലും കണ്ണീരുവീണ ചുണ്ടുകളാൽ ഉമ്മ
വച്ചു.
കൈവിരലുകളാൽ ടോമിച്ചന്റെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു.
പിന്നെ ടോമിച്ചന്റെ അടുത്തിരുന്നു.
ടോമിച്ചൻ ജെസ്സിയെ ചേർത്തു പിടിച്ചു.
“നീ പഴയതിനേക്കാളും സുന്ദരി ആയിട്ടുണ്ട്. കഴിഞ്ഞതെല്ലാം മറന്നേക്ക്.പിന്നെ ആദ്യരാത്രിയിൽ ഭാര്യ ഒരു ഗ്ലാസ് പാലുമായിട്ട കയറി വരുന്നതെന്ന് കേട്ടിട്ടുണ്ട്. നീ കണ്ണീരുമായിട്ട വന്നതെന്ന് മാത്രം. ഒരു മാറ്റം ആയിക്കോട്ടെ എന്ന് കരുതി ആണോ. ങേ “
ജെസ്സിയുടെ വിടർത്തി ഇട്ട മുടിയിഴകളിലൂടെ കൈകൾ ഓടിച്ചു കൊണ്ട് ടോമിച്ചൻ ചോദിച്ചു .
“ഞാൻ നിങ്ങള് വരുന്നത് കൊണ്ട് അണിഞ്ഞൊരുങ്ങി നിന്നതാ. കെട്യോന് കുറച്ച് താത്പര്യം കൂടിക്കോട്ടെ എന്ന് കരുതി. നമുക്കുള്ള പാൽ ഗ്ലാസിൽ എടുത്തു അമ്മച്ചി അടുക്കളയിൽ മൂടി വച്ചിട്ട പോയി കിടന്നത് . ഒന്ന് കെട്ടിപിടിച്ചു പൊട്ടികരഞ്ഞു നെഞ്ചിലെ ഭാരം ഇറക്കി വച്ചിട്ട് പോയി എടുത്തുകൊണ്ടു വരാമെന്നു വച്ചു. “
ജെസ്സി എഴുനേറ്റു അടുക്കളയിലേക്ക് നടന്നു.ഒരു ഗ്ലാസിൽ പാലുമായി വന്നു ടോമിച്ചന് നേരെ നീട്ടി.
“കള്ളാണെന്നു കരുതി ഒറ്റവലിക്കു മുഴുവൻ കുടിച്ചു കളയരുത്. കുറച്ച് എനിക്കും വച്ചേക്കണം “
ജെസ്സി കളിയാക്കി പറഞ്ഞു കൊണ്ട് അടുത്തിരുന്നു ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.ടോമിച്ചൻ ജെസ്സിയെ നെഞ്ചോടു
ചേർത്തു പിടിച്ചു.കട്ടിലിൽ ടോമിച്ചന്റെ നെഞ്ചിൽ തലവച്ചുകിടന്നു കൊണ്ട് ജെസ്സി പറഞ്ഞു.
“നിങ്ങള് ആളാകെ മാറിപ്പോയി. ഞാനെന്തെങ്കിലും പറഞ്ഞാൽ എതിർത്തു പറയുന്ന, ആരും കാണാതെ മനസ്സിൽ മുഴുവൻ സ്നേഹം കൊണ്ട് നടക്കുന്ന ആള് അല്ല ഇപ്പോൾ. മനസ്സിലുള്ള സ്നേഹം മുഴുവൻ പ്രകടിപ്പിക്കാൻ കഴിയുന്ന, ആളായി മാറിപ്പോയി.ആ പരുക്കൻ സ്വഭാവവും പോയി. എനിക്ക് ആ പഴയ ആൾ മതി. അതാ എനിക്കിഷ്ടം “
ജെസ്സി പറഞ്ഞു കൊണ്ട് ടോമിച്ചനെ ചുറ്റിപ്പിടിച്ചു.
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super waiting for next part . 😊😊😊