Skip to content

കാവൽ – 28

kaaval

ബാറിന്റെ വാതിൽ അടഞ്ഞു കമ്പിവടിയുമായി നിൽക്കുന്ന നടേശനെ കണ്ടു ആന്റണിയും ടോമിച്ചനും മുഖാമുഖം നോക്കി.

“ജയിലിൽ കിടന്ന ഇവനെങ്ങനെ ഇവിടെ വന്നു? ജയിൽ ചാടിയതാണോ? അതൊ ജ്യാമ്യത്തിൽ ഇറങ്ങിയതോ “?

ആന്റണിയുടെ ചോദ്യം കേട്ടു ടോമിച്ചൻ മറുപടി പറയാതെ ചുറ്റുമൊന്നു നിരീക്ഷിച്ചു. നടേശന്റെ ആറു ഗുണ്ടകൾ തങ്ങൾക്ക് ചുറ്റും നിൽപ്പുണ്ട്. എന്തും ചെയ്യാനുള്ള മനസ്സുമായിട്ട് നിൽക്കുന്നവരാണ് അവരെന്നു മുഖഭാവങ്ങളിൽ നിന്നും വ്യെക്തമാണ്.

ഇവിടെനിന്ന് പോകുവാൻ ശരിക്കും കഷ്ടപ്പെടേണ്ടി വരുമെന്ന് ടോമിച്ചന് തോന്നി.

“എന്താടാ ടോമിച്ചാ, ഞാൻ ജീവിതകാലം മുഴുവൻ ജയിലിൽ കിടന്നു ഉണ്ട വിഴുങ്ങുമെന്ന് കരുതിയോ നീ. എങ്കിൽ തെറ്റിയെടാ. ഞാൻ ദേ മുഴുവനായി നിന്റെ മുൻപിൽ നിൽക്കുന്നു. കുത്തും കൊലയുമൊന്നും ഈ നടേശന് പുത്തരി അല്ലടാ  പുല്ലേ, അതൊക്കെ എനിക്കൊരു രോമം പറച്ചു കളയുന്ന പോലെയാ “

പറഞ്ഞിട്ട് നടേശൻ കൈത്തണ്ടയിൽ നിന്നും ഒരു രോമം പിഴുത്തെടുത്തു ടോമിച്ചന് നേരെ ഊതി പറപ്പിച്ചു.

ടോമിച്ചൻ ചോരയൊലിപ്പിച്ചു നിലത്തു കിടന്ന ഷിജുവിനെ പിടിച്ചേൽപ്പിച്ചു ജീപ്പിൽ ചാരി നിർത്തി.

“നടേശൻ സാറെ .. സാറ് ജയിലിൽ പോകുകയോ, ഉണ്ട തിന്നുകയോ, കൊല്ലുകയോ,  എന്ത് വേണമെങ്കിലും ആയിക്കോ. പക്ഷെ എന്റെ ബാറിൽ സാറിനെന്താ കാര്യം. മാത്രമല്ല ബാറിനകത്തു കേറി എന്റെ ജീവനക്കാരനെ വെറുതെ തല്ലിച്ചതച്ചത് ശുദ്ധ പോക്രിത്തരം അല്ലയോ.  കൊലക്കുറ്റത്തിന് സസ്പെൻഷനിൽ ജയിലിന്റെ അകത്ത് കഴിയുന്ന സാറിനാരു അനുമതി തന്നു ഇതിനൊക്കെ. ഞാൻ കാശുമുടക്കി ബാറൊണ്ടാക്കി, കച്ചവടം നടത്തി ഗവണ്മെന്റിലേക്കു ടാക്സ് അടക്കുന്നത് സാറിനെപോലുള്ളവർക്ക്  കേറി നിരങ്ങി കൈത്തരിപ്പ് തീർക്കാൻ അല്ല.”

ടോമിച്ചൻ രൂക്ഷമായി നടേശനെ നോക്കി.

“ഞാൻ എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിച്ചാൽ അതങ്ങു വെടിപ്പായി ചെയ്യും. അതൊരുത്തന്റെയും അനുമതി വാങ്ങിച്ചിട്ടല്ല, അതിന്റെ ആവശ്യം എനിക്കില്ല. പിന്നെ എനിക്കിട്ടു പണിതവൻ നീയാണെന്നു എനിക്കറിയാം. എന്റെ വീടിന്റെ അകത്ത് ഹുസൈന്റെ ശവം വന്ന വഴി അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്”

നടേശൻ വാതിലിൽ നിന്നും പുറത്തേക്കിറങ്ങി.

“അപ്പോ നടേശൻ സാറിന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി അല്യോ. നമ്മൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു. പിന്നെ എന്തിനാ ഒരുത്തനെ തല്ലിക്കൊന്നു എന്റെ വീട്ടിൽ കൊണ്ടിട്ടു എനിക്കിട്ടു ഉലത്തിയേക്കാം എന്ന് സാറങ്ങു വിചാരിച്ചത്. ങേ.സാറും, ആ ഫിലിപ്പോസും, പാസ്റ്ററും കൂടിയ ഹുസൈനെ തട്ടിയതെന്നു എല്ലാവർക്കും അറിയാം. അപ്പോ ഉപ്പുതിന്നവർ തന്നെ വെള്ളവും കുടിച്ചാൽ മതി. ലോകത്തുള്ളവന്മാർ ചെയ്യുന്ന തെണ്ടിത്തരങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ എന്നെ കിട്ടത്തില്ല. നടേശൻ സാറിന് ആ പരിപ്പു ഈ കലത്തിൽ വേവതില്ലന്ന് മനസ്സിലായ സ്ഥിതിക്കു ബാറിൽ ഉണ്ടാക്കി വച്ച കഷ്ടനഷ്ടങ്ങൾക്ക് സമാധാനം പറഞ്ഞിട്ട് പോകാൻ നോക്ക് “

ടോമിച്ചൻ ജീപ്പിന്റെ ബൊണറ്റിലേക്കു കയറി ഇരുന്നു.

“അങ്ങനെ അങ്ങ് നിന്റെ വാക്കും കേട്ടു പോകാനല്ലടാ ഈ നടേശൻ വന്നത്.നിന്നെ ഒന്ന്‌ ശരിക്കും സത്കരിച്ചിട്ടേ ഇവിടെ നിന്നും പോകുന്നുള്ളു. പിന്നെ എനിക്കതിനു കഴിഞ്ഞില്ലെങ്കിലോ “

നടേശൻ ടോമിച്ചന്റെ തൊട്ടുമുൻപിൽ വന്നു നിന്നു.

“നടേശൻ സാറെ, നമ്മൾ തമ്മിൽ ഒരു ബെലപരീക്ഷണം വേണോ “?

നടേശനെ നോക്കി ഒന്ന്‌ ചിരിച്ചിട്ട് ടോമിച്ചൻ കൈകൾ രണ്ടും കോർത്തു തലയ്ക്കു പിറകിൽ വച്ചു ഞൊട്ട വിട്ടു.

“ഞാൻ തയ്യാറാടാ നിന്നോട് ഒരു കൈ നോക്കാൻ. വന്നതാണെങ്കിൽ തീർത്തിട്ടെ പോകൂ നടേശൻ “?

പറഞ്ഞു തീർത്തതും നടേശൻ  അലറിക്കൊണ്ട് കമ്പി വടി ടോമിച്ചന് നേരെ വീശി. എന്നാൽ കരുതലോടെ ഇരുന്ന ടോമിച്ചൻ അതേ നിമിഷം കാലുയർത്തി നടേശന്റെ നെഞ്ചത്തു തന്നെ ആഞ്ഞൊരു ചവിട്ട് കൊടുത്തു. ചവിട്ടിന്റെ ശക്തിയിൽ നടേശൻ തെറിച്ചു പോയി ബാറിന്റെ വാതിൽ പടിയിൽ ഇടിച്ചു താഴേക്കു വീണു. പാഞ്ഞടുത്ത ഒരുത്തനെ നാഭിക്കു തൊഴിച്ചിരുത്തി, കഴുത്തിൽ പിടിച്ചു പൊക്കി ടോമിച്ചന്റെ മുൻപിലേക്കു എറിഞ്ഞു ആന്റണി. ടോമിച്ചന് നേരെ ഒരുത്തൻ വീശിയ കത്തി മുൻപിൽ വന്നു വീണവന്റെ വയറിലൂടെ കയറി പോയി. അവനിൽ നിന്നും ഒരാർത്തനാദം ഉയർന്നു. ചോരയൊലിച്ചിറങ്ങുന്ന കത്തിയുമായി പകച്ചു നിന്നവന്റെ മൂക്കിന്റെ പാലം തകർത്തു കൊണ്ട് ടോമിച്ചന്റെ ഇടി വീണു. താഴേക്കു  കുനിഞ്ഞു പോയ അവന്റെ കാലിൽ പിടിച്ചു പൊക്കി കറക്കി, മുൻപിലേക്കു തല്ലാൻ വന്നവന്റെ നേർക്കു വീശയടിച്ചു.അതേ സമയത്തു തന്നെ ജാക്കിലിവറുകൊണ്ട് ഒരുത്തന്റെ തലയടിച്ചു തകർത്തു ആന്റണി പുറകിൽ നിന്നും തന്നെ കടന്നു പിടിച്ചവന്റെ മുഖത്തു തലകൊണ്ടിടിച്ചു ജീപ്പിലേക്കു ചാരി വെട്ടി തിരിഞ്ഞു തന്റെ  മുട്ടുകാൽ  അവന്റെ വയറ്റിൽ ഇടിച്ചു കയറ്റി. അവന്റെ നിലവിളിക്കൊപ്പം വായിൽ നിന്നും കട്ടച്ചോര പുറത്തേക്കു തെറിച്ചു.ബാറിന്റെ വാതിലിൽ തലയിടിച്ചു വീണുകിടന്ന നടേശൻ തലത്തിരുമിക്കൊണ്ട് ചാടി എഴുനേറ്റു. ഇടിച്ച ഭാഗത്തു വലിയൊരു മുഴ ഉയർന്നു വന്നു.

“കഴുവേറിടാ മോനെ, നിന്നെ ഇന്ന് ഞാൻ കുഴിച്ചു മൂടുമെടാ, എന്റെ നേർക്കു കാലുയർത്താൻ ആയോടാ പട്ടി “

അലറി കൊണ്ട് ടോമിച്ചന് നേരെ ചെന്നു നടേശൻ.നടേശൻ ഓങ്ങിയ കൈ ടോമിച്ചൻ തടുത്തു എങ്കിലും അത് തോളിൽ തട്ടി കടന്നു പോയി.മുൻപോട്ട് ആഞ്ഞു പോയ നടേശന്റെ പിടലിക്കു ടോമിച്ചൻ ശക്തിയിൽ കൈപ്പത്തി കൊണ്ട് ഒരു വെട്ട് കൊടുത്തു. വേദന കൊണ്ട് പുളഞ്ഞ നടേശൻ അമറികൊണ്ട് വെട്ടിതിരിഞ്ഞു ടോമിച്ചൻ കഴുത്തിൽ പിടുത്തമിട്ടു. അതേ സമയം തന്നെ ടോമിച്ചന്റെ മുട്ടുകാൽ കൊണ്ടുള്ള ഇടി വയറിൽ കൊണ്ട് നടേശൻ രണ്ടടി പുറകോട്ടു തെറിച്ചു.ഭിത്തിയിൽ ഇടിച്ചു നിലത്തേക്ക് വീഴാൻ പോയ നടേശന്റെ മുടിയിൽ കുത്തി പിടിച്ചു മുകളിലേക്ക് പൊക്കി ടോമിച്ചൻ.

“എടാ പുല്ലേ. നിന്നെ സാറെ എന്ന് വിളിച്ചൊന്നു ബഹുമാനിച്ചേക്കാം എന്ന് വച്ചപ്പോൾ നീ തോളിൽ കേറി ഇരുന്നു ചെവി കടിക്കാൻ നോക്കുന്നോടാ നടേശ. ഒരുത്തനെ കൊന്നു എന്റെ വീട്ടിൽ കൊണ്ടിട്ടു എനിക്കിട്ടു അങ്ങ് പുളുത്തി കളയാമെന്ന് നീ വെച്ചെങ്കിൽ തെറ്റിയെടാ നടേശ. നിനക്ക് തെറ്റി.നീ വെറുതെ നടന്ന എനിക്കിട്ടു പണിയാൻ നോക്കി, ആ പണി തിരിച്ചു നിനക്കിട്ടു തന്നു മൂലക്കിരുത്തി. ഇനി അതിനുള്ള പ്രതികാരം ചെയ്യാനാണ് നീ വന്നതെങ്കിൽ നീ തീരും. പോത്തിന്റെ പുറത്ത് കേറ്റി കാലന്റെ കൂടെ യമപുരിക്കയക്കും ഞാൻ”

നടേശനെ കറക്കി തിരിച്ചു നിർത്തി ആഞ്ഞൊരു ചവിട്ട് കൊടുത്തു ടോമിച്ചൻ. ചവിട്ടേറ്റു തെറിച്ച നടേശൻ ബാറിനു മുൻപിൽ കിടന്ന കാറിന്റെ ഫ്രണ്ട് ഗ്ലാസ്സ് തകർത്തു അകത്തേക്ക് വീണു.

“ടോമിച്ചാ, ആ നടേശനെ വിടരുത്. ജയിലിൽ കിടന്ന അവൻ പുറത്ത് വരണമെങ്കിൽ ഇതിന്റെ പിന്നിൽ ആരോ കളിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇവൻ കൃത്യമായി നിന്നെ ലക്ഷ്യം വച്ചു ഇവിടെ വരേണ്ട കാര്യമില്ല.അവനെ കൊണ്ട് തന്നെ പറയിക്കാം അത് ആരാണെന്ന് “

ആന്റണി പറഞ്ഞത് കേട്ടു ടോമിച്ചൻ ചെന്നു കാറിന്റെ ഡോർ തുറന്നു അകത്ത് കിടന്ന നടേശനെ വലിച്ചു പുറത്തിട്ടു.ആയസപ്പെട്ടു കാറിൽ പിടിച്ചു മെല്ലെ എഴുനേറ്റു വന്ന നടേശൻ ചോരയൊലിക്കുന്ന മുഖമുയർത്തി ടോമിച്ചനെ നോക്കി.

“നീ രക്ഷപെടുകയില്ലെടാ ടോമിച്ചാ, നിന്നെ തീർത്തിരിക്കും. നിനക്കിനി അധികം ദിവസങ്ങളില്ല. നിന്റെ ജനിക്കാൻ പോകുന്ന കൊച്ചിന് അതിന്റെ തന്തയെ കാണാൻ  ഭാഗ്യമില്ല. ഇനി നിനക്ക് രക്ഷപെടാൻ പറ്റത്തില്ല.നീ നോക്കിയാലും നടക്കത്തില്ല “

ക്രൂരമായി ചിരിച്ചു കൊണ്ട് നടേശൻ വായിൽ കുമിഞ്ഞു കൂടിയ ചോര പുറത്തേക്കു തുപ്പി.!

“അത് നീയാണോടാ നായെ തീരുമാനിക്കുന്നത്. ടോമിച്ചന് ജനിക്കുന്ന കുഞ്ഞ് അതിന്റെ തന്തയെ കണ്ടിരിക്കും.അത് മാറ്റണമെങ്കിൽ  ഈ ആന്റണിയുടെ അപ്പൻ മാറി വരണം. പിന്നെ ഒരു കാര്യം കൂടി കേട്ടോ. അതിനുമുൻപ് ഒളിച്ചിരുന്ന് കളിക്കുന്നവരരായാലും പൊക്കിയിരിക്കും. ഏതു മാളത്തിൽ ചെന്നിട്ടായാലും. ഇതു മൂന്നരത്തരമാ. കേട്ടോടാ “

ആന്റണി ആക്രോശിച്ചു കൊണ്ട് നടേശന്റെ താടിക്കിട്ട് ഒരു തട്ട് കൊടുത്തു.

തലയിൽ കെട്ടിയിരുന്ന തോർത്തെടുത്തു നടേശന്റെ കൈകൾ കൂട്ടി കെട്ടി ആന്റണി.

“നീ കൂട്ടികൊണ്ട് വന്ന ചാവാലി പട്ടികൾ അടികൊണ്ടു നിലത്തു വീണു മോങ്ങുന്നത് കണ്ടോ നീയ്. നിനക്കുള്ളത് തീർന്നില്ല. നിന്നെ കൊണ്ടുപോകുവാ.”

അവശനായി താഴേക്കു വീണ നടേശനെ വലിച്ചിഴച്ചു ജീപ്പിനടുത്തേക്ക് കൊണ്ടുപോയി പുറകിലെ ഡോർ തുറന്നു അകത്തേക്ക് പൊക്കിയെടുത്തിട്ടു. നടേശാൻ കിടന്നു ഞരങ്ങുകയും തെറി വിളിച്ചു പറയുകയും ചെയ്തുകൊണ്ടിരുന്നു.

ബാറിലുണ്ടായിരുന്നവരെല്ലാം  പുറത്തിറങ്ങി നിൽക്കുകയായിരുന്നു.

“ടോമിച്ചായാ, ആ പട്ടിയെ വെറുതെ വിടരുത്. ഒരു കാര്യവുമില്ലാതെ ആണ് അവനെന്നെ തല്ലി ചതച്ചത് “

വെയ്റ്റർ ഷിജു വർധിച്ച സങ്കടത്തോടെ ടോമിച്ചനോട് പറഞ്ഞു.

“ഉം “ഷിജുവിന്റെ തോളിൽ സമാധാനിപ്പിക്കുന്ന രീതിയിൽ ഒന്ന്‌ തട്ടിയിട്ടു ടോമിച്ചൻ ജീപ്പിന്റെ അടുത്തേക്ക് ചെന്നു സ്റ്റാർട് ചെയ്തു തിരിച്ചു നിർത്തി.

“ബാറിന്റെ മുൻപിൽ നിന്നും ഇവന്മാരെയെല്ലാം തൂക്കിയെടുത്തു ആ വഴിയിലേക്ക് എറിഞ്ഞേക്ക്‌ “

നിലത്തു കിടന്നു ഞരങ്ങുന്ന നടേശന്റെ ഗുണ്ടകളെ നോക്കിയിട്ടു ബാറിലെ ജീവനക്കാരോടായി പറഞ്ഞു,ടോമിച്ചൻ ജീപ്പ് മുൻപോട്ടെടുത്തു.

ഫാം ഹൗസിനു മുൻപിലായി ജീപ്പ് ചെന്നു നിന്നു.

“ആന്റണിച്ച, ഇവനെ കൊണ്ട് പറയിപ്പിക്കണം, ആരാണ് എനിക്കിട്ടു ഏമാത്തികൊണ്ടിരിക്കുന്നതെന്ന്.”

നടേശനെ ജീപ്പിനുള്ളിൽ നിന്നും വലിച്ചു പുറത്തേക്കിട്ടുകൊണ്ട് ടോമിച്ചൻ പറഞ്ഞു.

“അത് ഞാനേറ്റു.ഇടിച്ചിവന്റെ നെഞ്ച് ഞാൻ നഞ്ചാക്കിയിട്ടാണെങ്കിലും തത്ത പറയുന്നതുപോലെ ഇവനെ കൊണ്ട് ഞാൻ പറയിപ്പിച്ചിരിക്കും. നീ ധൈര്യമായി പൊക്കോ “

ആന്റണി നടേശനെ നോക്കി പറഞ്ഞു.

“ഇല്ലെടാ, നീ ഒക്കെ തലകുത്തി നിന്നാലും എന്നെ കൊണ്ട് പറയിപ്പിക്കത്തില്ലെടാ പുല്ലേ. എന്നെ ജയിലിൽ നിന്നും ഇറക്കിയതും നീയൊക്കെ തേടി നടക്കുന്നവർ തന്നെയാ. നിന്നെ തീർക്കാൻ.എനിക്ക് പറ്റാത്തത് കൊണ്ട് അവര് നേരിട്ടു തന്നെ തീർക്കും “

നടേശൻ നിരാശയും ദേഷ്യവും കലർന്ന സ്വരത്തിൽ ടോമിച്ചനോട് പറഞ്ഞു.

“ആന്റണിച്ച, ഞാനിനി ഇവിടെ നിന്നാൽ ഇവനെ കൊല്ലേണ്ടി വരും. വീണ്ടും ജയിലിൽ പോയി കിടക്കാൻ താത്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ പോകുവാ.”

ആന്റണിയോട് പറഞ്ഞിട്ട് ടോമിച്ചൻ ജീപ്പിനടുത്തേക്ക് നടന്നു. പിന്നെ തിരിഞ്ഞു നടേശനെ നോക്കി.

“ഒന്നിനും ഇല്ലാതെ മര്യാദക്ക് നടന്ന എന്നെ നീ ഇതിലേക്ക് വലിച്ചിഴച്ചപ്പോൾ തന്നെ നിന്റെ കണ്ടക ശനി ആരംഭിച്ചു കഴിഞ്ഞു നടേശ. നീ കാണാൻ പോകുന്നത് കലാശകളിയാ. തീ കളി. അതിൽ വെന്തുരുകാതെ നീ സൂക്ഷിച്ചോ. വല്ലവന്റെയും വാക്കും കേട്ടു എനിക്കിട്ടു ചൊറിയാൻ വന്നപ്പോൾ, നിന്റെ തൊപ്പിയും പോയി, ജയിലിലും ആയി, അടുത്തത് നിനക്ക് പോകാനുള്ളത് പരലോകത്തേക്കാ. ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത ഒടുക്കത്തെ പോക്കിന് നീ തയ്യാറായിക്കോ “

ടോമിച്ചൻ ജീപ്പിലേക്കു കയറി, ജീപ്പ് വെട്ടി തിരിഞ്ഞു പാഞ്ഞു പോയി.

ടോമിച്ചൻ ജീപ്പ് വീടിന് മുറ്റത്തു നിർത്തി ഇറങ്ങി വീടിനുള്ളിലേക്ക് കയറി.

ഹാളിൽ ജെസ്സിയോടൊപ്പം ലീലാമ്മയും ലിജിയും ഇരുന്നു സംസാരത്തിൽ ആയിരുന്നു.

“ദേ ഇവരെ നാളെ ഹണിമൂണിന് പറഞ്ഞു വിടണം. ഊട്ടിക്ക് പോകാനാ ഇവൾക്ക് താത്പര്യം.”

ജെസ്സി ടോമിച്ചനോട് പറഞ്ഞപ്പോൾ ലിജിയുടെ കവിളുകളിൽ നാണത്തിന്റെ പൂക്കൾ വിരിയുന്നത് ലീലാമ്മ കണ്ടു.

“ഞാനെന്തിനാ പറയുന്നത്, കല്യാണം കഴിഞ്ഞാൽ ഒരു ഹണിമൂൺ ട്രിപ്പ്‌ ഒക്കെ എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതല്ലേ. അതിന് ഞാനിവരെ നിർബന്ധിക്കണോ പോകാൻ. ശരി അല്ലെ “?

ചോദിച്ചു കൊണ്ട് ടോമിച്ചൻ ലിജിയെ നോക്കി. അവൾ ചമ്മിയ ചിരിയുമായി താഴേക്കു നോക്കി ഇരുന്നു.

“നാളെ തന്നെ ഡേവിഡിനെയും വിളിച്ചു കൊണ്ട് ഊട്ടിക്കോ, കൊടൈക്കനാലിനോ പൊക്കോണം. ഈ സമയത്ത് പോകാതെ പിന്നെ എപ്പോ പോകാന.ഞാനൊറ്റക്കാണ് എന്നതാണ് പ്രശ്നം എങ്കിൽ ഇവരൊക്കെ ഇവിടില്ലേ. പിന്നെന്താ “

ലീലാമ്മ ലിജിയുടെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

ലീലാമ്മ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു.

“ഡേവിഡ് എവിടെ പോയതാ ലിജി “

ടോമിച്ചൻ സോഫയിൽ ഇരുന്നുകൊണ്ട് ചോദിച്ചു.

“രാവിലെ പുറത്തേക്ക് പോയതാ, കുറച്ചു തിരക്കുണ്ടെന്നും പറഞ്ഞാ പോയത് “

ലിജി പറഞ്ഞു.

കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം ലീലാമ്മയും ലിജിയും ഔട്ട് ഹൗസിലേക്ക് പോയി.സിറ്റൗട്ട് വരെ അവർക്കൊപ്പം പോയിട്ട് ജെസ്സി ആയസപ്പെട്ടു വയറും താങ്ങിപിടിച്ചു ടോമിച്ചന്റെ അടുത്ത് വന്നു.

“എനിക്ക് ഡോക്ടർ പറഞ്ഞ ഡേറ്റ് അടുത്ത ആഴ്ചയാ. പക്ഷെ എനിക്ക് തോന്നുന്നത് നാളെ ആശുപത്രിയിൽ പോകേണ്ടി വരുമെന്ന. എന്തോ അസ്വസ്ഥത പോലെ. വയറിനുള്ളിലിരുന്നു കുഞ്ഞ് ചവിട്ടും തൊഴിയും തുടങ്ങിയിട്ടുണ്ട്.നിങ്ങളുടെ മുരടൻ സ്വഭാവം അതുപോലെ തന്നെ കിട്ടിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അടങ്ങി കിടക്കാതെ എപ്പോഴും കുസൃതി ആണ്.”

ജെസ്സി ടോമിച്ചന്റെ അടുത്ത് സോഫയിൽ ഇരുന്നു.

“പിന്നെ എന്റെ കുഞ്ഞിന് അതിന്റെ അപ്പന്റെ  സ്വഭാവഗുണം  അല്ലാതെ നിന്റെ അപ്പൻ ആഗസ്തിയുടെ സ്വഭാവം കിട്ടുമോ?”

ടോമിച്ചൻ ജെസ്സിയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

“എന്റെ അപ്പന് സൗമ്യമായ സ്വഭാവം ആയിരുന്നു. ആരോടും വഴക്കിനോ വക്കാണത്തിനോ പോകതില്ലായിരുന്നു.ഒരു കവിളിൽ അടി കിട്ടിയാൽ മറു കവിളും കാണിച്ചു കൊടുക്കണം എന്ന അഭിപ്രായക്കാരനായിരുന്നു. ആ സ്വഭാവം ആണ് എനിക്ക് കിട്ടിയിരിക്കുന്നത്.”

ജെസ്സി പറഞ്ഞുകൊണ്ട് സോഫയിൽ ചരികിടന്നു.

“ഓഹോ അപ്പോ നിന്റെ അപ്പൻ ഗാന്ധിജിയുടെ അനിയൻ ആയിരുന്നു അല്ലെ. ഇതൊക്കെ നീ ഇപ്പോഴല്ലേ പറയുന്നത്. പിന്നെ ഞാനെങ്ങനെ അറിയാനാടി ഭാര്യേ “

ടോമിച്ചൻ ജെസ്സിയെ നോക്കി.

“അതേ, എന്റെ അപ്പൻ ഗാന്ധിജിയുടെ കൂടെ ദണ്ടി യാത്രക്കും, ഉപ്പുസത്യാഗ്രഹത്തിനും പോയിട്ടുണ്ട്. സമാധാനം ആയില്ലേ “

ജെസ്സി കൃതിമ ഗൗരവം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു.

“പക്ഷെ എന്റെ അപ്പൻ അങ്ങനെ അല്ലായിരുന്നു. എന്നെതാടാ എന്ന് ചോദിച്ചാൽ പോടാ പുല്ലേ എന്ന് പറയുന്ന സ്വഭാവക്കാരൻ ആയിരുന്നു. അനാവശ്യമായി തല്ലിനും വഴക്കിനും ചെന്നാൽ കുത്തി അവന്റെ കുടലുമാല എടുത്തു കഴുത്തിൽ ചുറ്റിയിട്ടേ പുള്ളിക്കാരന് അന്ന് ഉറക്കം വരതൊള്ളയിരുന്നു.”

ടോമിച്ചൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അത് കേട്ടുകൊണ്ട് ശോശാമ്മ അങ്ങോട്ട്‌ വന്നു.

“ആരുടെ കാര്യമാട നീ ഈ പറയുന്നത്? ങേ “

ശോശാമ്മ ടോമിച്ചന്റെ മുന്പിലെ ടീ പ്പോയിൽ വച്ചിരുന്ന ഗ്ലാസ്സ് എടുത്തു കൊണ്ട് ചോദിച്ചു.

“അമ്മച്ചി കേട്ടില്ലായിരുന്നോ ശരിക്കും. ടോമിച്ചന്റെ അപ്പച്ചനെ കുറിച്ചാ പറഞ്ഞത്. അപ്പച്ചൻ ആരുടെയൊക്കെയോ കുടലുമാല എടുത്തു കഴുത്തിലിട്ടു വീട്ടിൽ വന്നെന്ന്.”

ജെസ്സി പറഞ്ഞു കൊണ്ട് മുഖം പൊത്തിയിരുന്നു ചിരിച്ചു.

“ഇച്ചായൻ മരിക്കുന്നതുവരെ എന്റെ കൂടെ ഉണ്ടായിരുന്നു. ഞാൻ കണ്ടിട്ടില്ലല്ലോ അതിയാൻ കുടലുമാലയുമായി വീട്ടിൽ വന്നിട്ടുള്ളത്. അതെന്നായിരുന്നെടാ ടോമിച്ചാ “

ശോശാമ്മ അമ്പരപ്പോടെ ടോമിച്ചനെ നോക്കി.

“അന്നൊരു ഞായറാഴ്ച ആയിരുന്നു. അമ്മച്ചി പള്ളിയിൽ പോയപ്പോഴാ നാലഞ്ചുപേരുടെ കുടലുമായി അപ്പച്ചൻ  വന്നത്. അമ്മച്ചിയോടു പറയണ്ട എന്ന് പറഞ്ഞത് കൊണ്ടാ പറയാത്തത്. അമ്മച്ചി പള്ളിയിൽ നിന്നും വരുന്നതിനു മുൻപ് ഞങ്ങളത് മപ്പാസ് വച്ചു തിന്നു തീർത്തു “

ടോമിച്ചൻ ചെറിയ ചമ്മലോടെ പറഞ്ഞു.

“പോടാ അവിടുന്ന്.അവന്റെ  കുടലുമാലയും മപ്പാസും.”

ടോമിച്ചന് നേരെ കൈ ഓങ്ങിക്കൊണ്ട് ശോശാമ്മ തുടർന്നു

“ഇന്നോ നാളെയോ എന്ന് പറഞ്ഞു പ്രെസവിക്കാൻ ഇരിക്കുന്ന പെണ്ണിന്റെ അടുത്തിരുന്ന അവന്റെ കൊല്ലും, കൊലയും കഥ. അവളുടെ വയറ്റിൽ കിടക്കുന്ന കൊച്ചിന് കേൾക്കാം നിന്റെ സംസാരം. അതോർത്തോ. ഈ സമയത്തു വല്ല കർത്താവിന്റെ കഥയോ സുവിശേഷമോ പറഞ്ഞു കൊടുക്ക്‌ “

ശോശാമ്മ പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു.

“അമ്മച്ചി പറഞ്ഞത് കേട്ടല്ലോ. ഇതുപോലത്തെ കാര്യങ്ങളും പറഞ്ഞോണ്ടിരുന്നാൽ കൊച്ചു പുറത്ത് വരുമ്പോൾ കാണുന്നവരോടെല്ലാം പറയും, അവന്റെ അപ്പൻ ടോമിച്ചൻ ഒരു പാട് പേരുടെ കുടല് എടുത്തിട്ടുള്ളതാണന്ന്. കൊച്ചിന് അപ്പന്റെ സ്വഭാവം ആയിരിക്കും എന്ന് നിങ്ങള് തന്നെ അല്ലെ പറഞ്ഞത്. അതുകൊണ്ട് ഓർമിപ്പിച്ചതാ “

ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ അവളെ ചേർത്തു പിടിച്ചു.

“പറയട്ടെടി എന്റെ കുഞ്ഞു എന്നെ കുറിച്ച്. ലോറിക്കാരൻ ആയിരുന്നെങ്കിലും ആരുടെയും മുൻപിൽ തലകുനിച്ചു ഒചാനിച്ചു നിൽക്കുന്നവനല്ലായിരുന്നു ഈ ടോമിച്ചൻ എന്ന് “

പറഞ്ഞു കൊണ്ട് ടോമിച്ചൻ ജെസ്സിയുടെ മടിയിൽ തലവച്ചു, ചെവി ജെസ്സിയുടെ വയറിൽ ചേർത്തു വച്ചു.

“നീ പറഞ്ഞത് നേരാണല്ലോ, വയറ്റിനകത്തു കിടന്നു ബെഹളമാ. എത്രയും പെട്ടന്ന് പുറത്ത് വരണമെന്നും പറഞ്ഞാ ചവിട്ടും തൊഴിയും. എന്റെ കുഞ്ഞ് തന്നെ “

ടോമിച്ചൻ തലയുയർത്തി ജെസ്സിയെ നോക്കി.

“ങേ, അപ്പോ കൊച്ചു വയറ്റിനുള്ളിൽ അടങ്ങിയൊതുങ്ങി കിടന്നിരുന്നെങ്കിൽ അതിന്റെ അപ്പൻ വേറെ ആകുമായിരുന്നോ “

ജെസ്സി പരിഭവത്തോടെ ചോദിച്ചു.

“ഇപ്പൊ ഉള്ള പുരോഗമനവാദി  പെണ്ണുങ്ങൾ ആയിരുന്നെങ്കിൽ സംശയിക്കണമായിരുന്നു. കാരണം അവളുമാർക്ക് പോലും നിച്ചയമില്ല ഒരു കൊച്ചു ജനിച്ചാൽ അതിന്റെ തന്ത ആരാണെന്ന്. പിന്നെ കൊച്ചിന് പേരിനൊരു അപ്പൻ വേണമല്ലോ എന്നോർത്ത് കൂടെ കിടന്ന ആരെ എങ്കിലും അങ്ങ് ചൂണ്ടി കാണിച്ചു കൊടുക്കും ഇതാണ് നിന്റെ അപ്പനെന്നും പറഞ്ഞു. പാവം അവൻ കൊച്ചിന് ഇടതുവശത്തു നിന്നു നോക്കുമ്പോൾ  തന്റെ ഛായയും വലതു വശത്തു നിന്നു നോക്കുമ്പോൾ അയൽവക്കത്തെ സുരേഷിന്റെ ഛായ ആണെന്ന് തോന്നിയാൽ കൂടി മിണ്ടാതെ പിതൃത്വം ഏറ്റെടുക്കും. ഇല്ലെങ്കിൽ പീഡനത്തിന് അഴിയെണ്ണേണ്ടി വരുമെന്നറിയാം. നമ്മുടെ കാര്യത്തിൽ എന്നെക്കാളും വിശ്വാസം നിന്നെയാ. കാരണം ഭൂമിയിൽ എന്റെ അമ്മ കഴിഞ്ഞാൽ ഈ ടോമിച്ചനെ മനസ്സിലാക്കിയ ഒരേ ഒരാൾ എന്റെ ഭാര്യയായ നീയാ. അതുകൊണ്ട് തന്നെ ബന്ധങ്ങളുടെ വില ശരിക്കറിയാവുന്ന നീ ഒരു പുരോഗമനവാദി ഫെമിനിസ്റ്റിന്റെയും അഴിഞ്ഞാട്ടത്തിൽ വീണുപോകുന്നവളല്ല എന്നെനിക്കറിയാം.”

ടോമിച്ചൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മുഖത്തു  എന്തോ വന്നു വീണതുപോലെ തോന്നിയ ടോമിച്ചൻ കൈകൊണ്ടു അവിടെ തടവി നോക്കി.അവിടം നനഞ്ഞിരിക്കുന്നത് കണ്ടു കണ്ണുയർത്തി ജെസ്സിയെ നോക്കിയപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പുന്നത് ടോമിച്ചൻ കണ്ടു.

“നീ എന്തിനാ കരയുന്നത്… കരയാൻ വേണ്ടി ഇവിടെ എന്തെങ്കിലും പറഞ്ഞോ ഞാൻ “

ടോമിച്ചൻ കയ്യുയർത്തി ജെസ്സിയുടെ കണ്ണുകൾ തുടച്ചു.

“നിങ്ങക്ക് എന്നോടുള്ള സ്നേഹവും വിശ്വാസവും കണ്ടു അറിയാതെ നിറഞ്ഞു പോയതാ. മനസ്സ് നിറഞ്ഞിട്ട്. എനിക്കതു മതി. ജെസ്സിക്ക് വേറെ ഒന്നും വേണ്ട “

പറഞ്ഞു കൊണ്ട് ജെസ്സി ടോമിച്ചന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

അപ്പോൾ ലിജി പിറ്റേന്ന് കൊണ്ടുപോകുവാനുള്ള ഡ്രെസ്സുകൾ തേച്ചു മടക്കി ബാഗുകളിൽ വയ്ക്കുകയായിരുന്നു.

“മോളേ, അത്യാവശ്യം വേണ്ട ഡ്രെസ്സുകളും, ചീപ്പും സോപ്പും, പേസ്റ്റും എല്ലാം നേരത്തെ തയ്യാറാക്കി വച്ചോ. അവിടെയൊക്കെ ചെന്നാൽ പിന്നെ ശ്രെദ്ധിച്ചോണം ആരോഗ്യവും ഭക്ഷണവും എല്ലാം.രണ്ടുപേരും അവിടെയൊക്കെ കറങ്ങി സ്ഥലങ്ങൾ ഒക്കെ കണ്ടു പതുക്കെ വന്നാൽ മതി.ഈ സമയത്തു വേണം പരസ്പരം കൂടുതൽ മനസ്സിലാക്കാനും, ഭാര്യ ഭർത്താവ് മാനസികബന്ധം ശക്തി പെടുത്താനും, ഒക്കെ. ഇപ്പോൾ ഉണ്ടാക്കിയെടുക്കുന്ന  വിശ്വാസം ജീവിതകാലം മുഴുവൻ നിലനിൽക്കും.മാത്രമല്ല ഒരു ഭർത്താവിന്റെ ഹൃദയത്തിൽ ഈ സമയത്തു ഒരു സ്ഥാനം നേടി  എടുക്കാൻ ഭാര്യക്ക് കഴിയണം.പിന്നെ ഊട്ടിക്ക്  എപ്പോഴും ഓടി പോകാൻ പറ്റത്തില്ലല്ലോ”

ലീലാമ്മ ലിജിയോട് പറഞ്ഞു.

“ശരി അമ്മച്ചി, എനിക്ക് പോകണമെന്നൊന്നും ഇല്ലായിരുന്നു, അമ്മച്ചിയെ ഇവിടെ ഒറ്റക്കാക്കിയിട്ടു ഊട്ടിക്ക് പോകാൻ. ജെസ്സിയെച്ചിക്ക് ഭയങ്കര നിർബന്ധം, ഞാനും ഡേവിച്ചായനും ഹണിമൂണിനു പോകണമെന്ന്.”

ലിജി ലീലാമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“സ്നേഹിക്കാൻ മാത്രമറിയാവുന്നവരാ ആ ടോമിച്ചനും ശോശാമ്മയും ജെസ്സിയുമെല്ലാം. ഇങ്ങനെയുള്ള ആളുകൾ ഇപ്പോഴും നമ്മുടെയൊക്കെ ഇടയിൽ ഉണ്ടല്ലോ എന്നോർക്കുമ്പോഴാ ഒരു സമാധാനം തോന്നുന്നത്. അവരെന്തു പറഞ്ഞാലും അത് നിങ്ങടെ നന്മക്കുവേണ്ടി മാത്രമായിരിക്കും. ഒരു വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ അവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രെദ്ധിച്ചോണം.”

ലിജിയെ സ്നേഹപൂർവ്വം ചേർത്തു പിടിച്ചു കൊണ്ട് ലീലാമ്മ പറഞ്ഞു.

“എന്റെ ദേഹത്ത് ജീവനുള്ളയിടത്തോളം അവരെല്ലാം എന്റെ പ്രിയപെട്ടവരായിരിക്കും അമ്മച്ചി. രക്തബന്ധത്തെക്കാൾ വലിയ ബന്ധങ്ങള അത്. എനിക്ക് കിട്ടിയ ഈ ജീവിതം തന്നെ ടോമിചായൻ നൽകിയ ദാനം ആണ്. ആ ഓർമ്മ എപ്പോഴും എന്റെ മനസ്സിൽ കാണും “

ലിജി പറഞ്ഞു കൊണ്ട് പായ്ക്ക് ചെയ്ത ബാഗുകൾ എടുത്തു റൂമിന്റെ ഒരു ഭാഗത്തേക്ക്‌ ഒതുക്കി വച്ചു.

രാവിലെ മൂന്നര ആയപ്പോൾ ജെസ്സി ടോമിച്ചനെ വിളിച്ചെഴുനേൽപ്പിച്ചു.

“നീ എന്താ ഈ സമയത്തു ഉറങ്ങാതെ എഴുനേറ്റിരിക്കുന്നത് “

ഉറക്കത്തിൽ നിന്നും കണ്ണും തിരുമ്മി എഴുനേറ്റു വന്ന ടോമിച്ചൻ ജെസ്സിയെ നോക്കി.

“എനിക്കെന്തോ അസ്വസ്ഥത തോന്നുന്നു. നമുക്ക് ഹോസ്പിറ്റലിലേക്ക് പോയാലോ”

ജെസ്സി ടോമിച്ചനെ നോക്കി.

“നീ ഒരുങ്ങിക്കോ, ഞാൻ അമ്മച്ചിയെ വിളിച്ചെഴുനേൽപ്പിച്ചു തയ്യാറാകാൻ പറയട്ടെ “

ടോമിച്ചൻ വാതിൽ തുറന്നു പുറത്തേക്കു പോയി.

അരമണികൂറിനുള്ളിൽ ജെസ്സിയെയും കൊണ്ട് ടോമിച്ചനും ശോശാമ്മയും കട്ടപ്പന സെന്റ്.ജോൺസ് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. നേരം പുലരാത്തത് കൊണ്ട് ഡേവിഡിനോട് പറയാൻ നിന്നില്ല.ഹോസ്പിറ്റലിലെത്തി ജെസ്സിയെ അഡ്മിറ്റ്‌ ചെയ്തു ശോശാമ്മയെ റൂമിൽ ജെസ്സിയുടെ അടുത്ത് നിർത്തി പുറത്തിറങ്ങി.ഹോസ്പിറ്റലിന്റെ മുൻപിലുള്ള ചായക്കടയിൽ നിന്നും ഒരു ചായക്ക്‌ പറഞ്ഞിട്ട് ടോമിച്ചൻ ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ചു തീ കൊളുത്തി.ചുറ്റും കോടമഞ്ഞു വീണുകിടക്കുകയാണ്. നല്ല തണുപ്പ് ശരീരത്തിലേക്കു അരിച്ചിറങ്ങുന്നു.ഹോസ്പിറ്റലിൽ രോഗികൾക്ക് കൂട്ടിരിക്കുന്നവർ ചായ മേടിക്കുവാനുള്ള പാത്രങ്ങളുമായി ചായക്കടയിലേക്ക് വന്നു പോയി കൊണ്ടിരിക്കുന്നു.

ചായ കടക്കാരൻ കൊണ്ട് കൊടുത്ത ചായ ഊതി കുടിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് ആറടി പൊക്കമുള്ള ഒരാൾ ചായക്കടക്കു മുൻപിൽ ഒരു ബുള്ളറ്റിൽ വന്നിറങ്ങിയത്. ചായക്കടയിൽ നിന്നും ഒരു ചായക്ക്‌ പറഞ്ഞിട്ട് തിരിയുമ്പോൾ ആണ്  മാറി നിന്നു ബീഡി വലിച്ചു കൊണ്ട് നിൽക്കുന്ന ടോമിച്ചനെ കണ്ടത്.കുറച്ച് നേരം ടോമിച്ചനെ സൂക്ഷിച്ചു നോക്കി നിന്ന ശേഷം  അയാൾ പെട്ടന്ന് തന്നെ കുറച്ചകലേക്ക് മാറി നിന്നു ആരെയോ ഫോൺ വിളിച്ചു സംസാരിച്ചു.അപ്പോൾ ടോമിച്ചൻ ആന്റണിയെ വിളിക്കുകയായിരുന്നു.

“ആന്റണിച്ച, അവന്റെ വായിൽ നിന്നും വല്ലതും വീണോ.”

ടോമിച്ചൻ ആകാംഷയോടെ ചോദിച്ചു.

“ഇടിയും തൊഴിയും കൊടുത്തിട്ടൊന്നും വാ തുറക്കുന്നില്ല. അവനെ കുറച്ച് നേരം ഉറങ്ങാൻ വീട്ടിരിക്കുവാ. ഉറങ്ങി എഴുനേറ്റു വരുമ്പോൾ അവനെ കൊണ്ട് ഞാൻ പറയിപ്പിച്ചിരിക്കും”

ആന്റണി പറഞ്ഞു.

“ങ്ങാ ആന്റണിച്ച, ഞാൻ പിന്നെ വിളിച്ചത് ജെസ്സിയെ കൊണ്ട് ഞങ്ങൾ കട്ടപ്പന ഹോസ്പിറ്റലിലേക്ക് വന്നു. ഇപ്പോ അവിടെനിന്ന വിളിക്കുന്നത്‌. ലില്ലി ചേടത്തിയോട് ഇങ്ങോട്ടൊന്നു വരാൻ പറയണം. ജെസ്സിയുടെ കൂടെ അമ്മച്ചി മാത്രമേ ഉള്ളു. കൂടെ ഒരാളുകൂടി ഉണ്ടെങ്കിൽ നന്നായിരുന്നു “

ടോമിച്ചൻ ആന്റണിയോട് പറഞ്ഞു.

“ഞാനിപ്പോൾ തന്നെ ലില്ലിക്കുട്ടിയെ വിളിച്ചു പറയാം. അവള് ഒന്ന്‌ രണ്ട് മണിക്കൂറിനുള്ളിൽ അവിടെ വന്നോളും. നീ ഒന്നുകൊണ്ടും വിഷമിക്കണ്ട “

ആന്റണി ഫോൺ വച്ചു.

ജെസ്സിക്കും ശോശാമ്മക്കുമുള്ള ഭക്ഷണം മേടിച്ചു കൊടുത്തിട്ടു ടോമിച്ചൻ റൂമിനു പുറത്തിറങ്ങി ഡേവിഡിനെ ഫോൺ ചെയ്തു. രണ്ടുമൂന്നു പ്രാവിശ്യം വിളിച്ചു നോക്കി എങ്കിലും ഫോൺ ആരുമെടുത്തില്ല..ഒൻപതര ആയപ്പോൾ ലില്ലിക്കുട്ടിയും ലിഷയും ഹോസ്പിറ്റലിൽ എത്തി.അവരെ റൂമിൽ കൊണ്ട് ചെന്നാക്കിയിട്ടു ടോമിച്ചൻ ഡേവിഡിനെ വീണ്ടും വിളിച്ചു നോക്കി. ബെല്ലടിക്കുന്നതല്ലാതെ ഫോണെടുക്കുന്നില്ല!!!

ടോമിച്ചൻ ആന്റണിയെ വിളിച്ചു വീട് വരെ പോയി ഒന്നന്വേഷിക്കാൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരു ഡോക്ടറും നഴ്സും കൂടി ജെസ്സിയുടെ റൂമിലേക്ക്‌ കയറി പോയി.

“നാളെ പ്രതീക്ഷിച്ചാൽ മതി. അതിനിടയിൽ എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയാൽ ഡോക്ടറെ വന്ന് അറിയിക്കുക.ലേബർ റൂമിലേക്ക്‌ മാറ്റാം”

റൂമിലേക്ക്‌ വന്ന ടോമിച്ചനോടും മറ്റുള്ളവരോടുമായി പറഞ്ഞിട്ട് ഡോക്ടർ പുറത്തേക്കു പോയി.

പന്ത്രണ്ടു മണി ആയപ്പോൾ ആന്റണിയുടെ ഫോൺ വന്നു.

“ടോമിച്ചാ, ഞാൻ വീട്ടിൽ പോയി അന്വേഷിച്ചു. അവിടെ ആരെയും കാണാനില്ല. ഡേവിഡോ, ലിജിയോ,ലീലാമ്മ ചേടത്തിയേയോ ഒന്നും അവിടെ കാണുന്നില്ലാ. അവരുടെ മുറിയൊക്കെ തുറന്നുകടക്കുവാ.മുറിയിലെ സാധനങ്ങൾ എല്ലാം ആകെ അലങ്കോലമാക്കി ഇട്ടിരിക്കുന്നു. എന്തോ ഒരു ലക്ഷണപിശക്. സെക്യൂരിറ്റി  കാരനെയും കാണാനില്ല. ഗേറ്റ് തുറന്നു കിടക്കുന്നു!!ടോമിച്ചാ എന്റെ മോള് “

ആന്റണിയുടെ ശബ്ദത്തിൽ പരിഭ്രെമം കലർന്നിരുന്നു.

“ഡേവിഡും ലിജിയും ഇന്ന്  വൈകുന്നേരം അല്ലെ ഊട്ടിക്ക് പോകാനിരിക്കുന്നത്.പിന്നെ ഇപ്പൊ എവിടെ പോയി, അതും മുറിയും ഗേറ്റും എല്ലാം തുറന്നിട്ടിട്ട്. മാത്രമല്ല അവര് പോയാലും ലീലാമ്മ ചേടത്തി അവിടെ കാണേണ്ടതല്ലേ “

ടോമിച്ചൻ ആന്റണിയോട് ചോദിച്ചു.

“എനിക്കൊന്നും മനസിലാകുന്നില്ല ടോമിച്ചാ, എന്തോ ആപത്തു മണക്കുന്നുണ്ട് “

ആന്റണിയുടെ സ്വരം വിറച്ചിരുന്നു

“ആന്റണിച്ചൻ അരുതാത്തതൊന്നും വിചാരിക്കേണ്ട. ആന്റണിച്ചൻ തിരിച്ചു പൊക്കോ. ഞാനൊന്നു നോക്കട്ടെ. അവര് വേറെ എവിടെയെങ്കിലും പോയതായിരിക്കും. അന്വേഷിച്ചിട്ടു അങ്ങോട്ട്‌ വിളിക്കാം “

ടോമിച്ചൻ ഫോൺ കട്ട് ചെയ്തിട്ട് മറ്റൊരു നമ്പറിലേക്ക് വിളിച്ചു ആരോടോ സംസാരിച്ചു.

                      (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!