മുൻപിൽ നിർത്തിയ കാറിൽ നിന്നും ഇറങ്ങി തന്റെ കാറിനടുത്തേക്കു നടന്നുവരുന്നവരുടെ കൂടെ ചുങ്കിപ്പാറ സൈമണിന്റെ മകൻ ഷെബിയെ ഡേവിഡ് ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ തിരിച്ചറിഞ്ഞു.
“എങ്ങോട്ടാടാ രാത്രി നിന്നെ കെട്ടിയെടുത്തോണ്ട് പോകുന്നത്. പുറത്തോട്ടു ഇറങ്ങിവാടാ പുല്ലേ. എന്റെ ചോദ്യത്തിന് ഉത്തരം തന്നിട്ട് പോയാൽ മതി. ഇതു നിനക്കുള്ള ഒരു പരീക്ഷയ.ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മണി മണി പോലെ ശരിയുത്തരം തന്നു ഫസ്റ്റ് ക്ലാസ്സിൽ പാസ്സായിട്ടേ നിന്നെ ഇവിടെ നിന്നും വിടുന്നുള്ളു. നീ സ്കൂളിൽ പഠിക്കാൻ ഉഴപ്പൻ ആയിരുന്നു എന്നാ ഞാൻ നിന്നെ കുറിച്ച് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. ഇന്ന് തല്ലി പഠിപ്പിച്ചിട്ടായാലും ഞാൻ നിന്നെ ജയിപ്പിക്കും.ഇങ്ങോട്ടിറങ്ങടാ, നിന്നെ സീറ്റിൽ ഒട്ടിച്ചു വച്ചിരിക്കുവാണോ “
ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തെ ഡോർ വലിച്ചു തുറന്നു ഷെബി ഡേവിഡിനെ പുറത്തെക്കു വലിച്ചിറക്കി.
“ഷെബി, നീ വെറുതെ പ്രശ്നം ഉണ്ടാക്കരുത്. വഴിതടയാതെ മാറി നിൽക്ക്.”
ഡേവിഡ് തന്റെ ദേഹത്തിരുന്ന ഷെബിയുടെ കൈ തട്ടി മാറ്റിയിട്ടു പറഞ്ഞു.
“അങ്ങനെ എന്റെ വീട്ടുകാർക്കിട്ട് ഉണ്ടാക്കിയിട്ടു വരത്തനായ നീ അങ്ങ് ഞെളിഞ്ഞു പോയാൽ ഞാൻ വെറും മൊണ്ണ ആയി പോകതില്ലെടാ ഡേവിഡേ.ദേ ചുറ്റും നോക്കിക്കേ. ഇവന്മാരെ ഇങ്ങനെ നിരത്തി നിർത്തിയിരിക്കുന്നത് എന്തിനാണെന്ന് അറിയാമോടാ. ങേ അറിയാമോന്നു. അറിയത്തില്ലെങ്കിൽ കേട്ടോ. പരീക്ഷക്ക് തോറ്റാൽ ഇടിച്ചു നിന്റെ പരിപ്പെളക്കാൻ. മനസ്സിലായോടാ “
ഷെബി ഡേവിഡിന്റെ നെഞ്ചത്ത് കൈവച്ചു പുറകോട്ടു തള്ളി.പുറകോട്ടു വേച്ചു പോയ ഡേവിഡ് കാറിൽ പിടിച്ചു ബാലൻസിൽ നിന്നു.
“ഷെബി, വേണ്ട, ഇപ്പൊ ഒരു വഴക്കുണ്ടാക്കാൻ എനിക്ക് താത്പര്യം ഇല്ല. നീ പോകാൻ നോക്ക് “
ഡേവിഡ് കോപത്തോടെ ഷെബിയെ നോക്കി.
“പോകാൻ തന്നെയാടാ വന്നത്. എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്. ചോദ്യം ഒന്ന് എന്റെ പപ്പയും മമ്മിയും എവിടെ? രണ്ട് അവരെ നീയും മറ്റവനും കൂടി കൊന്നു തിന്നോ അതോ ജീവനോടെ വച്ചിട്ടുണ്ടോ.?ഇതിനുള്ള ഉത്തരം തന്നിട്ട് ആലോചിക്കാം നിന്നെ വിടണോ അതോ തട്ടണോ എന്ന്.എന്നാ പറഞ്ഞോ എവിടെയ അവർ “
ഷെബി കൃദ്ധനായി ഡേവിഡിനെ നോക്കി.
“അത് ശരി, ജയിലിൽ കിടക്കുന്ന നിന്റെ തന്ത എവിടെ പോയെന്നു എന്നോടാണോ ചോദിക്കുന്നത്. അത് അവിടെ പോയി ചോദിക്ക്. ജയിലിൽ കിടക്കുന്നവർ അവിടെ അല്ലാതെ എന്റെ പോക്കറ്റിൽ ആണോ കിടക്കുന്നത് . പിന്നെ നിന്റെ തള്ള നിന്റെ വീട്ടിൽ അല്ലെ കാണേണ്ടത്,അല്ലാതെ എന്നോട് ചോദിച്ചിട്ട് എന്ത് കാര്യം “
ഡേവിഡ് പരിഹാസത്തോടെ ചോദിച്ചു.
“മതിയടാ ഡേവിഡേ നിന്റെ നാടകം കളി. ഗസ്റ്റ് ഹൌസിൽ നീയും നിന്റെ മറ്റവൻ ടോമിച്ചനും കൂടി എന്നെയും എന്റെ അപ്പനെയും അടിച്ച് വീഴ്ത്തി എന്റെ മമ്മിയെ മന്ത്രിക്ക് കാഴ്ച വച്ചു ആ പെണ്ണിനേയും കടത്തി കൊണ്ട് പോയത് ഞാൻ മറന്നിട്ടില്ല. അതുകൊണ്ടാ എന്റെ പപ്പയെയും മമ്മിയെയും കാണാതെ പോയതിന്റെ പുറകിൽ നിന്റെയൊക്കെ കയ്യുണ്ടെന്നു ഞാനങ്ങു ഉറപ്പിച്ചത്. എന്റെ പപ്പയും മമ്മിയും കഴിഞ്ഞ രാത്രിയിൽ പെരുവന്തനത്തെ ഗസ്റ്റ് ഹൌസിൽ ഉണ്ടെന്നറിഞ്ഞു നീയും ടോമിച്ചനും പോയി പണികൊടുത്തതാണെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.. പറഞ്ഞോ സത്യം. അല്ലെ കഴു&%₹@റി വെട്ടി തുണ്ടമാക്കി കളയും ഞാൻ “
അലറിക്കൊണ്ട് ഷെബി ഡേവിഡിന്റെ കഴുത്തിൽ കയറി പിടിച്ചു.ഡേവിഡിന് ചുറ്റും മറ്റുള്ളവരും വന്നു നിന്നു.
“വിടടാ… നിന്റെ തന്തയും തള്ളയും എവിടെ ആണെന്ന് ഞാൻ എങ്ങനെ അറിയാന..അവര് വല്ല ഹണിമൂണും ആഘോഷിക്കാൻ പോയതായിരിക്കും. അത് കഴിയുമ്പോൾ തിരിച്ചു വന്നോളും “
ഡേവിഡ് ഷെബിയുടെ തന്റെ കഴുത്തിൽ കുത്തിപിടിച്ചിരിക്കുന്ന കൈ പിടിച്ചു മാറ്റാൻ ശ്രെമിച്ചു കൊണ്ട് കുതറി.
“നായിന്റെ മോനെ, തെണ്ടി തരം പറയുന്നോടാ. കുഴിലോട്ട് കാലും നീട്ടി ഈ പ്രായത്തിൽ ഇരിക്കുന്ന അവരാണോടാ ഹണിമൂൺ ആഘോഷിക്കാൻ പോയതാണെന്ന് നീ പറഞ്ഞത്. അടച്ചു പരത്തട ഇവനെ “
ഷെബി കോപത്തോടെ അലറിക്കൊണ്ട് ഡേവിഡിനിട്ടു ഒരു ചവിട്ട് കൊടുത്തു. ചവിട്ടുകൊണ്ട് പുറകോട്ടു തെറിച്ചു വഴിയുടെ സൈഡിലേക്ക് വീണു ഡേവിഡ്.
വഴിയിലൂടെ ഇരുവശങ്ങളിലേക്ക് പോകുന്ന വാഹനങ്ങളിൽ ഉള്ളവർ ഇതു കാണുന്നുണ്ടെങ്കിലും രാത്രിയായതുകൊണ്ടും ആ ഭാഗത്തു നിരവധി പ്രശ്നങ്ങൾ ദിവസേന നടക്കുന്നത് കൊണ്ടും ആരും ഇറങ്ങി അന്വേഷിക്കാൻ തയ്യാറായില്ല.
ചാടിയെഴുനേറ്റ ഡേവിഡ് തന്റെ നേരെ പാഞ്ഞടുത്ത ഒരുത്തനെ മുഖം പൊത്തി അടിച്ച് നിലത്തിട്ടു. അപ്പോഴേക്കും ഷെബിയും കൂടെയുള്ള മറ്റുള്ളവരും കൂടി കൂട്ടത്തോടെ ആക്രമിച്ചു. അടികളേറ്റ് ചോരയൊലിപ്പിച്ചു നിലത്തുവീണ ഡേവിഡിനെ പൊക്കിയെടുത്തു കാറിലേക്ക് ചാരി ഷെബി ആക്രോശിച്ചു.
“പറയെടാ പുന്നാര മോനെ, എവിടെയാടാ എന്റെ പപ്പയും മമ്മിയും. പറഞ്ഞില്ലെങ്കിൽ നിന്നെ കൊന്നു മീനച്ചിലാറിൽ താഴ്ത്തും ഞാൻ. “
മുരണ്ടു കൊണ്ട് നിന്ന ഷെബിയെ ചോരയോലിച്ചിറങ്ങുന്ന മുഖത്തോടെ ഡേവിഡ് നോക്കി ചിരിച്ചു.
“നീ എന്നെ കൊന്നാലും അവരെ കുറിച്ച് ഒന്നും എന്നിൽ നിന്നും കിട്ടില്ലെടാ, കാരണം അവരെവിടെ ഉണ്ടെന്ന് എനിക്കറിയത്തില്ല. പിന്നെ ഞാനെങ്ങനെ പറയും.”
ഡേവിഡ് ചോദിച്ചു കൊണ്ട് വായിൽ നിറഞ്ഞ ചോര പുറത്തേക്കു തുപ്പി.
വഴിയിലൂടെ പോകുന്നവർ ഇതു കാണുന്നുണ്ടെങ്കിലും പൊല്ലാപ്പ് പിടിക്കണ്ട എന്ന് കരുതി ആരും പ്രശ്നത്തിൽ ഇടപെട്ടില്ല.
“ഷെബി, ഇവനറിയത്തില്ലെങ്കിലും വെറുതെ വിടുന്നത് അപകടം ആണ്. മീനച്ചിലാറിന്റെ ചുഴിയുള്ള ഏതെങ്കിലും ഭാഗത്തു കൊന്നു താഴ്ത്താം “
ഷെബിയുടെ കൂടെയുള്ളവരിൽ രണ്ടുപേർ അഭിപ്രായപെട്ടു.
അതേ സമയം അവരെ കടന്നു മുൻപോട്ടു പോയ ഒരു ലോറി കുറച്ച് മുൻപോട്ടു പോയിട്ട് റിവേഴ്സിൽ വന്നു അവരുടെ അടുത്ത് നിന്നു.
ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയാൾ തല പുറത്തേക്കിട്ട് അവരെ നോക്കി.
ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ കുറച്ചുപേർ കൂടി ഒരാളെ മർദ്ദിക്കുകയാണെന്നു മനസ്സിലായി അയാൾ പുറത്തേക്കിറങ്ങി. കൈലിമുണ്ടും ഷർട്ടും ധരിച്ച,തലയിൽ ചുവന്ന തോർത്ത് കൊണ്ട് വട്ടത്തിൽ കെട്ടിയ അയാൾ ഷെബിയേയും കൂട്ടരെയും നോക്കി.
“നിങ്ങളൊക്കെ എന്ത് പരിപാടിയ ഇവിടെ. ഒരുത്തനെ വളഞ്ഞു വച്ചു അഞ്ചാറു പേർ കൂടി അടിച്ച് ശരിയാക്കുന്നോ? ഇതൊക്കെ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണോ. ആണുങ്ങൾ ഒറ്റക്കൊറ്റക്ക് അടിച്ച് തീർക്കണം. അതാണ് ആണത്തം.. ഇതൊക്കെ ശുദ്ധ പോക്രിത്തരം അല്ലെ “
ലോറിയിൽ നിന്നുമിറങ്ങി വന്ന ആൾ ചോദിച്ചു കൊണ്ട് ഷെബിയേയും കൂടെയുള്ളവരെയും നോക്കി.
“ഇതൊക്കെ ചോദിക്കാൻ താനാരാ. ങേ. ഒരാണു വന്നിരിക്കുന്നു.ഞങ്ങള് കൂട്ടത്തോടെ തല്ലും, വേണ്ടി വന്നാൽ ഒറ്റക്കും തല്ലും.ഇതൊക്കെ ചോദിക്കാൻ നീ ആരാടാ “
ഷെബിയുടെ കൂടെ ഉണ്ടായിരുന്ന മസിലു പെരുപ്പിച്ച ഒരുത്തൻ ലോറിയിൽ വന്നയാൾക്ക് നേരെ അലറി.
“ഞാൻ ആരാണെന്നോ? ഞാനൊരു ലോറി ഡ്രൈവറാ. എന്റെ പേര് ആൻഡ്രു .ടിപ്പർ ആൻഡ്രു എന്ന് എല്ലാവരും വിളിക്കും. ശരിക്കുള്ള പേര് ആൻഡ്രുസ്.”
പറഞ്ഞിട്ട് മുൻപോട്ടടുത്തവന് നേരെ നോക്കി.
“ഇനി നിനക്കെന്തൊക്കെയാ അറിയേണ്ടത്. എന്റെ ജനനസമയവും നാളും, മമ്മോദീസ മുക്കിയ ദിവസവും ഒക്കെ അറിയണോ? വേണമെങ്കിൽ ഇപ്പോൾ പറഞ്ഞോ. പിന്നെ നേരെ നിന്നു കേൾക്കാൻ പറ്റിയെന്നു വരത്തില്ല നിനക്കൊക്കെ “
ടിപ്പർ ആൻഡ്രു പറഞ്ഞു കൊണ്ട് നിൽക്കുന്ന സമയത്തു പിടിച്ചിരുന്നവരെ കുടഞ്ഞു തെറിപ്പിച്ചു ഡേവിഡ് മുൻപോട്ടു വന്നു. അപ്പോഴാണ് ആൻഡ്രു ഡേവിഡിനെ ശ്രെദ്ധിച്ചത്.
“ടോമിച്ചന്റെ കൂടെയുള്ള ആളാണോ ഇത്. ഇതുപോലെ ഒരാളെ ടോമിച്ചന്റെ കൂടെ കണ്ടിട്ടുണ്ട്. കുട്ടിക്കാനത്തുള്ള ടോമിച്ചനെ അറിയാമോ “?
ഡേവിഡിനെ നോക്കി ആന്റോ ചോദിച്ചു.
“ഞാൻ ഡേവിഡ്, ടോമിച്ചന്റെ കൂടെയുള്ള താങ്കൾ ഉദേശിച്ച ആള് തന്നെയാ. “?
ഡേവിഡ് മുഖത്തെ ചോര തുടച്ചു കളഞ്ഞിട്ടു ആൻഡ്രുവിനെ നോക്കി.
പെട്ടന്ന് ഒരുത്തൻ ഡേവിഡിനെ പുറകിൽ നിന്നടിച്ചു. എന്നാൽ അവന്റെ അടി ഡേവിഡിന്റെ ദേഹത്ത് വീഴുന്നതിനു മുൻപേ ആൻഡ്രു ഡേവിഡിനെ ലോറി കിടക്കുന്ന ഭാഗത്തേക്ക് തട്ടി മാറ്റി അടിച്ചവന്റെ കൈക്കു പിടിച്ചു മുൻപോട്ടു വലിച്ചു മുട്ടുകാൽ വച്ചു അവന്റെ നെഞ്ചിൻകൂടിൽ ആഞ്ഞോരിടി ഇടിച്ചു. അപ്രതീക്ഷിതമായ ഇടിയേറ്റ് അവൻ നിലത്തേക്ക് വീണു പുളഞ്ഞു.
“പുറകിൽ നിന്നും തല്ലുന്നോടാ പുല്ലേ.ഒറ്റ തന്തക്കു പിറന്നവന്മാർ ഈ കൂടെ ഉണ്ടെങ്കിൽ ഒറ്റയ്ക്ക് വാടാ “
ആൻഡ്രു കൈ ചുരുട്ടി പിടിച്ചു കൊണ്ട് ഷെബിയേയും കൂട്ടരെയും നോക്കി വെല്ലുവിളിച്ചു. പെട്ടന്ന് ഇടതു വശത്തു നിന്ന ഒരുത്തൻ അരയിൽ നിന്നും കത്തി വലിച്ചൂരി ആൻഡ്രുവിന്റെ നേരെ കുതിച്ചു.
പക്ഷെ മിന്നൽ വേഗത്തിൽ വെട്ടി ത്തിരിഞ്ഞ ആൻഡ്രു കത്തിയുമായി പാഞ്ഞു വന്നവന്റെ കയ്യിൽ പിടുത്തമിട്ടു.
“ഇങ്ങനെ ആണോടാ നായീന്റെ മോനെ ഒറ്റയ്ക്ക് വന്നു തല്ലാൻ പറഞ്ഞാൽ വരുന്നത്. ഏ. നേർക്കു നേരെ വരാനാ പറഞ്ഞത് “
പറഞ്ഞു കൊണ്ട് അവന്റെ കൈ പിടിച്ചു തിരിച്ചു കത്തി കൈക്കലാക്കി നെഞ്ചത്തും വയറിലും തലങ്ങും വിലങ്ങും കത്തികൊണ്ട് പൂളി വിട്ടു. അവൻ നിലവിളിച്ചു കൊണ്ട് ഇരുട്ടിലേക്കോടി.
“നീയൊക്കെ ചതിച്ചും കുത്തിക്കാല് വെട്ടിയും, പുറകിൽ നിന്നു കുത്തിയുമെ ശീലിച്ചിട്ടുള്ളു. ഒരുത്തൻ നെഞ്ച് വിരിച്ചു നിന്റെയൊക്കെ മുൻപിൽ നിന്നാൽ കിടുക്കാമണി വെറച്ചു മൂത്രമൊഴിക്കും. അതുകൊണ്ട് നിനക്കൊക്കെ ഞാനൊരു സൗജന്യം തരാം. കൂട്ടത്തോടെ വാടാ.നമുക്ക് തല്ലി നോക്കാം “
പറഞ്ഞതും ആൻഡ്രു കാലുയർത്തി ഷെബിയുടെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ട്!ചവിട്ടേറ്റു ഷെബി കാറിന്റെ ബോണറ്റിന്റെ പുറത്ത് കൂടി തെറിച്ചു മറുഭാഗത്തു പോയി വീണു. ചാടിയെഴുനേറ്റു ഷെബി ആൻഡ്രുവിന് നേരെ കുതിച്ചു. പിന്നെ അവിടെ പൊരിഞ്ഞ അടി ആയിരുന്നു. കൂട്ടത്തോടെ പാഞ്ഞടുത്ത ഷെബിയുടെയും സംഘത്തിന്റെയും നേരെ ആന്റോ ലോറിയുടെ സൈഡിൽ തൂക്കിയിരുന്ന ഇരുമ്പു തൊട്ടിയുമായി ചെന്നു. തികഞൊരഭ്യാസിയെ പോലെ ആൻഡ്രു തൊട്ടി കൊണ്ട് വീശിയടിച്ചു കേറി ചെന്നു. തൊട്ടികൊണ്ടുള്ള അടിയേറ്റ് തല്ലാൻ വന്നവരിൽ പലരും നിലത്തു വീണു. കത്തിയെടുത്തു വീശിയ ഒരുത്തന്റെ തല തകർക്കുന്ന തൊട്ടികൊണ്ടുള്ള അടി വീണു. നിലവിളിച്ചു കൊണ്ട് അവൻ തലയിൽ കൈവച്ചു കൊണ്ട് താഴെക്കിരുന്നു .ആൻഡ്രു കാലുയർത്തി അവന്റെ മുഖമടച്ചു ഒരു തൊഴി കൊടുത്തു.
കാറിന്റെ മറു ഭാഗത്തേക്ക് ചെന്നു എഴുനേറ്റു വന്ന ഷെബിയുടെ കരണകുറ്റിക്കു ആൻഡ്രു പടക്കം പൊട്ടുന്നത് പോലെ ആഞ്ഞൊരടി!!!
“അയ്യോ, എന്നെ തല്ലരുത്. ഞാൻ ചത്തുപോകും “
ഷെബി ആൻഡ്രുസിനു നേരെ കൈകൂപ്പി.
“ചാകട്ടെടാ,നീയൊക്കെ ഭൂമിക്കു ഭാരമായി ഇരിക്കുന്നതിലും നല്ലത് ചത്തുതൊലഞ്ഞു പോകുന്നതാ.നിന്നെ പോലൊരു അസുരവിത്തിനെ ഉണ്ടാക്കിയ നിന്റെ തന്തയുടെ പേര് എന്താടാ “
ആൻഡ്രു ഷെബിയുടെ തലമുടിയിൽ കുത്തിപിടിച്ചു ചോദിച്ചു.
“സൈമൺ, ചുങ്കിപ്പാറ സൈമൺ, എക്സ് എം ൽ എ ആയിരുന്നു. അടിവാരത്ത് ആണ് വീട് “
വേദനകൊണ്ട് പുളഞ്ഞു ഷെബി.
“ഓഹോ സൈമണിന്റെ മകനാണോ നീ, എങ്കിൽ നേരത്തെ പറയതില്ലായിരുന്നോടാ .എങ്കിൽ നിന്നെ ഇത്രയും ഞാൻ തല്ലുമായിരുന്നോ? സമയം കളയാതെ നിന്റെ നെഞ്ചത്തു കൂടി ലോറി കേറ്റി കൊന്നേനെ. നിന്റെ തന്തയെ പേടിച്ച് ഒരു കാലത്തു പെണ്ണുങ്ങൾക്ക് അടിവരത്ത് കൂടി നടക്കാൻ പറ്റത്തില്ലായിരുന്നു.അത് നിനക്കറിയാമോ. ങേ. എടാ അറിയാമോ എന്ന് “
ആൻഡ്രു ഷെബിയുടെ തലമുടിയിൽ പിടിച്ചു മുകളിലേക്കു പൊക്കി.
“അയ്യോ… അറിയാം “
ഷെബി നിലവിളിച്ചു.
“നിർത്തിക്കോണം നിന്റെ തന്തയുടെയും നിന്റെയും കുന്തളിപ്പ്. ഇല്ലെങ്കിൽ നിന്റെയൊക്കെ കൊടലുമാല വലിച്ചു പുറത്തിട്ടു ഊഞ്ഞാല് കെട്ടി ആടും ഞാൻ പറഞ്ഞേക്കാം “
ഷെബിയുടെ മുടിയിൽ നിന്നും പിടുത്തം വിട്ടു ആൻഡ്രു തിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ട് എന്തോ ഓർത്തപോലെ നിന്നു.
“ഞാൻ രാവിലെ ടോയ്‌ലെറ്റിൽവെള്ളവും കൊണ്ടുപോകുന്ന തൊട്ടിയ ഇത്. വെള്ളമെടുക്കുമ്പോൾ ഇതിലെന്തെങ്കിലും ചോർച്ചയോ മറ്റൊ കണ്ടാൽ നിന്റെ തല ഞാൻ പൊളിക്കും. ഓർത്തോ “
ഷെബിയോടായി പറഞ്ഞിട്ട് ആൻഡ്രു കയ്യിലിരുന്ന തൊട്ടി ലോറിയുടെ സൈഡിൽ തൂക്കി ഡേവിഡിന്റെ അടുത്തേക്ക് ചെന്നു.
“വല്ലതും കാര്യമായി പറ്റിയോ? സാരമില്ല പോട്ടെ.എന്റെ ബാല്യകാല സുഹൃത്താ ടോമിച്ചൻ. ഇടക്കൊക്കെ ഞങ്ങള് കൂടാറുണ്ട്. ഞാൻ കുറച്ച് നാള് അങ്ങ് കാസർകോട് ആയിരുന്നു. ഇന്നലെയാ വന്നത്. ഇപ്പൊ പാലാ വരെ പോകുന്ന വഴിക്ക ഇത് കണ്ടത്. ഞങ്ങള് ലോറിഡ്രൈവർമാർ സമൂഹത്തിനു മുൻപിൽ വിലയില്ലാത്തവരാ.കൺട്രീസ് ഫെലോസ്… പക്ഷെ എന്തെങ്കിലും അനീതി കണ്ടാൽ ഞങ്ങള് കേറി ഇടപെടും. സ്നേഹിക്കുന്നവർക്ക് ചങ്കെടുത്തു കൊടുക്കുകയും ചെയ്യും.ടോമിച്ചനും അങ്ങനെയാ. ആ പിന്നെ ഡേവിഡ് എങ്ങോട്ടാ “
ആൻഡ്രു ഡേവിഡിനെ നോക്കി.
ഡേവിഡ് നാട്ടിലേക്കു പോകുന്ന കാര്യങ്ങൾ ആൻഡ്രുവിനോട് പറഞ്ഞു.
“കാര്യങ്ങള് നടക്കട്ടെ. ഒറ്റയ്ക്ക് ഈ കണ്ടിഷനിൽ കാറോടിച്ചു പോകുമോ “
ആൻഡ്രു ഡേവിഡിന്റെ ദേഹത്തെ മുറിവുകളിലേക്ക് നോക്കി ചോദിച്ചു.
“അതൊന്നും സാരമില്ല, ഞാൻ ഓടിച്ചു പൊക്കോളാം. എന്തായാലും ഇനി ഇവന്മാരുടെ ശല്യം ഉണ്ടാകതില്ലല്ലോ. വളരെ നന്ദി ഉണ്ട്.”
ഡേവിഡ് ആൻഡ്രുവിനോട് പറഞ്ഞിട്ട് കാറിനടുത്തേക്ക് ചെന്നു ഡോർ തുറന്നു അകത്ത് കേറി കാർ സ്റ്റാർട്ട് ചെയ്തു.
“ഇതെന്റെ വിസിറ്റിങ് കാർഡാ, കോട്ടും പാന്റ്റും ഇട്ടു നടക്കുന്നവർക്ക് മാത്രം പോരല്ലോ വിസിറ്റിംഗ് കാർഡ്. ലോറിക്കാർക്കും ഉണ്ടായാൽ എന്താ കുഴപ്പം എന്ന് നോക്കണമല്ലോ.. അത്‌കൊണ്ട് ഞാനും കുറച്ച് വിസിറ്റിംഗ് കാർഡ് അടിച്ചു. പരിചയപെടുന്നവർക്കൊക്കെ ഞാൻ ഓരോ കാർഡ് കൊടുക്കും.ഇനി എന്റെ നമ്പര് കിട്ടിയില്ലെന്നു ഇന്ത്യയിൽ ആരും പറയരുത്.കാസർകോട് തൊട്ട് തിരുവനന്തപുരം വരെ പരിചയപ്പെട്ടവർക്കെല്ലാം കാർഡ് കൊടുത്തു കഴിഞ്ഞു.അപ്പോ കല്യാണത്തിന് എന്നെ വിളിക്കാൻ മറക്കണ്ട. പേര് ഓർമ്മയുണ്ടല്ലോ അല്ലെ. ടിപ്പർ ആൻഡ്രൂസ്. ടോമിച്ചനോട് എന്റെ അന്വേഷണം പറഞ്ഞേക്കണം “
ആൻഡ്രു പോക്കറ്റിൽ നിന്നും ഒരു വിസിറ്റിംഗ് കാർഡ് എടുത്തു ഡേവിഡിന് കൊടുത്തുകൊണ്ട് പറഞ്ഞിട്ടു കൈവീശി കാണിച്ചു.ഡേവിഡ് അത്ഭുതത്തോടെ ആൻഡ്രുവിനെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി കാർ മുൻപോട്ടെടുത്തു.ഡേവിഡിന്റെ കാർ അകന്നുപോകുന്നത് നോക്കി നിന്നിട്ട് ആൻഡ്രുസ് ലോറിയിലേക്ക് കയറി. സ്റ്റാർട്ട് ചെയ്തു. തല പുറത്തേക്കിട്ട് കാറിൽ ചാരിയിരിക്കുന്ന ഷെബിയെ നോക്കി.
“പോട്ടെടാ, അവിടെ ഇരുന്നു മഞ്ഞുകൊള്ളാതെ വീട്ടിൽ പോയിരുന്നു അടുത്തത് ആർക്കിട്ടു പണിയണം എന്നാലോചിക്ക്.”
പറഞ്ഞിട്ട് ലോറി മുൻപോട്ടെടുത്തു പാലാഭാഗത്തേക്ക് ഓടിച്ചു പോയി.
പകയോടെ നോക്കി ഇരുന്നിട്ട് മെല്ലെ പിടിച്ചെഴുന്നേറ്റു കാറിൽ കയറി. വഴിയിൽ കിടന്നവരും വേച്ചു വേച്ചു വന്നു ഡേവിഡിന്റെ കൂടെ കയറി.
*******************************************
പിറ്റേന്ന് രാവിലെ പത്രവും വായിച്ചു കൊണ്ട് ടോമിച്ചൻ ഇരിക്കുമ്പോൾ ജെസ്സി ചായയുമായി വന്നു.
“ഡേവിഡ് പോയിട്ട് വിളിച്ചോ, അമ്മയുടെ അടുത്തെത്തിയിട്ടു വിളിക്കാമെന്ന് പറഞ്ഞല്ലേ പോയത്. അവിടെ എത്താനുള്ള സമയം ആയില്ലേ “?
ജെസ്സി കയ്യിലിരുന്ന ചായഗ്ലാസ് ടീപ്പോയിൽ വച്ചിട്ട് സോഫയിൽ ഇരുന്നു.
“അവനെത്തിയിട്ടു കിടന്നുറങ്ങുകയായിരിക്കും. രാത്രി മുഴുവൻ കാറോടിക്കുകയല്ലായിരുന്നോ. എഴുനേൽക്കുമ്പോൾ വിളിക്കും. നിനക്കെന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം “?
ടോമിച്ചൻ ജെസ്സിയെ നോക്കി.
“ഇന്നലെ രാത്രി ഉറങ്ങുമ്പോൾ ഞാൻ ഒരു സ്വൊപ്നം കണ്ടു. കുറച്ച് പേർ ചേർന്നു ഡേവിഡിനെ ആക്രമിക്കുന്നു. ചോരയൊലിപ്പിച്ചു നിൽക്കുന്ന ഡേവിഡ്, കൂടെ ലിജിയുടെ അലറിക്കരച്ചിലും. ലിജിയുടെ കരച്ചിൽ കേട്ടു ഞാനുണർന്നു. അപ്പോൾ മുതൽ ഒരസ്വാസ്ഥത. അതുകൊണ്ട് ചോദിച്ചതാ”
ജെസ്സി പറഞ്ഞു കൊണ്ട് ടോമിച്ചന്റെ ദേഹത്തേക്ക് ചാരി ഇരുന്നു.
“എന്നും ഉറക്കത്തിൽ സ്വൊപ്നം കാണിച്ച ആണോ നിന്റെ പണി. ആവശ്യമില്ലാത്തതൊക്കെ ആലോചിച്ചു കിടന്നാൽ സ്വൊപ്നം കാണും. വയറ്റിൽ ഒരു കൊച്ചു കിടപ്പുണ്ട് എന്ന വിചാരം വേണം നിനക്ക്.”
ടോമിച്ചൻ ജെസ്സിയുടെ മുടിയിഴകളിലൂടെ കയ്യോടിച്ചു കൊണ്ട് പറഞ്ഞു.
“ആ വിചാരം ഒക്കെ എനിക്കുണ്ട്. നിങ്ങൾക്കില്ലെങ്കിലും. കൊച്ചിന് നിങ്ങടെ അതേ സ്വഭാവം ആണെന്നെന്നാണ് എനിക്ക് തോന്നുന്നത്. വയറ്റിൽ കിടന്നു ഭയങ്കര ചവിട്ടും തൊഴിയുമാ ഇപ്പോഴേ.ആ ചായ എടുത്തു കുടിക്ക്, തണുത്തുപോകുന്നതിനു മുൻപ് “
ജെസ്സി നേരെ ഇരുന്നു കൊണ്ട് ടോമിച്ചനോട് പറഞ്ഞു.
ടോമിച്ചൻ ചായകുടിച്ചു കൊണ്ടിരിക്കുമ്പോൾ ഫോൺ ശബ്ദിച്ചു.
ചായ ടീപ്പോയിൽ വച്ചിട്ട് ടോമിച്ചൻ എഴുനേറ്റുചെന്ന് ഫോൺ എടുത്തു.
“ങ്ങാ ഡേവിഡേ നീ വീട്ടിൽ എത്തിയോ. നീ വിളിച്ചില്ലല്ലോ എന്ന് ജെസ്സി ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.”
മറുതലക്കൽ ഡേവിഡ് ആണെന്നറിഞ്ഞ ടോമിച്ചൻ ചോദിച്ചു.
“ഞാനിപ്പോൾ എത്തിയതേ ഉള്ളു. വരുന്ന വഴിക്കു ഒരു പ്രശ്നം ഉണ്ടായി “
ഡേവിഡ് പറഞ്ഞു.
“പ്രശ്നമോ? എന്ത് പ്രശ്നം “
ടോമിച്ചൻ ആകാംഷയോടെ ചോദിച്ചു.
ഡേവിഡ് രാത്രിയിൽ നടന്ന കാര്യങ്ങൾ ടോമിച്ചനോട് വിശദമായി പറഞ്ഞു.
“ആ ആൻഡ്രുസ് വന്നില്ലായിരുന്നു എങ്കിൽ ഞാനിപ്പോൾ മീനച്ചിലാറ്റിൽ കൂടി ഒഴുകി നടന്നേനെ. അവന്മാർ എന്നെ കൊല്ലാൻ പ്ലാനിട്ടു വന്നതുപോലെ ആയിരുന്നു.”
ഡേവിഡ് പറഞ്ഞത് കേട്ടു ടോമിച്ചൻ തലതിരിച്ചു ജെസ്സിയെ നോക്കി.
“നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ. അവര് ഒരുപാടു ഉപദ്രവിച്ചോ “
ടോമിച്ചൻ പരിഭ്രമത്തോടെ ചോദിച്ചു.
“കുറച്ച് മുറിവൊക്കെ ശരീരത്തിൽ ഉണ്ട്. അത് സാരമില്ല. രക്ഷപെട്ടല്ലോ. അതുതന്നെ ഭാഗ്യം “
ഡേവിഡ് നിസാരമായി പറഞ്ഞു.
“ആ ആൻഡ്രുസ് ടോമിച്ചനെ അന്വേഷിച്ചതായി പറയാൻ പറഞ്ഞു.”
ഡേവിഡ് പറയുന്നത് കേട്ടു ടോമിച്ചൻ ഒന്ന് മൂളി.
“ങ്ങാ ഞാനവനെ വിളിച്ചോളാം. അവനോടൊരു നന്ദി പറയണ്ടേ. എന്നാൽ നീ ഫോൺ വച്ചോ “
ടോമിച്ചൻ ഫോൺ വച്ചിട്ട് ജെസ്സിയുടെ അടുത്തേക്ക് ചെന്നു.
“നീ സ്വൊപ്നം കണ്ടത് സത്യമാ. ഇന്നലെ പോകുന്ന വഴി ആ സൈമണിന്റെ മകനും കുറച്ചാളുകളും ചേർന്നു ഡേവിഡിനെ ആക്രമിച്ചു എന്ന് “
ടോമിച്ചൻ പറഞ്ഞു കൊണ്ട് ഗ്ലാസിൽ കുടിച്ചിട്ട് വച്ച ബാക്കി ചായ എടുത്തു കുടിച്ചു ടോമിച്ചൻ.
“ഭാഗ്യത്തിന് എന്റെ ഒരു കൂട്ടുകാരൻ അവിടെ എത്തിയത് കൊണ്ട് രക്ഷപെട്ടന്ന് “
ടോമിച്ചൻ ചായഗ്ലാസ് ടീപ്പോയിൽ വച്ചു കൊണ്ട് പറഞ്ഞു.
“ഇപ്പൊ മനസ്സിലായോ ജെസ്സി വെറുതെ സ്വൊപ്നം കാണത്തില്ലന്ന്. നടക്കാൻ പോകുന്ന കാര്യങ്ങളാണ് കർത്താവ് സ്വപ്നത്തിലൂടെ കാണിച്ചു തരുന്നത്.ആ ലിജി കൊച്ചിന്റെ പ്രാർത്ഥനയാണ് ഡേവിഡിനെ രക്ഷപ്പെടുത്തിയത്. കർത്താവിനു നന്ദി.പിന്നെ ഇതാരാ നിങ്ങടെ ഈ പുതിയ കൂട്ടുകാരൻ “
ജെസ്സി ചോദ്യഭാവത്തിൽ ടോമിച്ചനെ നോക്കി.
“അവനെന്റെ കളിക്കൂട്ടുകാരനാണ്. ഒരുമിച്ചു പഠിച്ചവരാ. ഒരമ്മമാത്രമേ ഉണ്ടായിരുന്നുള്ളു അന്ന്. പിന്നെ ഞാൻ ലോറി മേടിച്ചപ്പോ കുറച്ചുനാൾ എന്റെ കൂടെ ഉണ്ടായിരുന്നു. അമ്മച്ചിക്ക് അവനെ ഭയങ്കര കാര്യം ആയിരുന്നു. അവനും അങ്ങനെ തന്നെ. അവന്റെ മരിച്ചുപോയ അമ്മച്ചി ആണ് ഇതെന്ന് എപ്പോഴും പറയും.അവനും ഒരു ലോറി സ്വന്തമാക്കിയപ്പോൾ അവനാവഴി അങ്ങ് പോയി. ഇടക്ക് വരുമ്പോൾ കാണും. അവൻ കാസർകോട് എങ്ങോട്ടോ പോയി ഇടക്ക്. അവിടെ പോയവനാ ഇവിടെ വന്നു ഡേവിഡിനെ രക്ഷിച്ചത്. ഇതൊക്കെ ഒരു നിയോഗമ.”
ടോമിച്ചൻ ജെസ്സിയോട് പറഞ്ഞു.
“ഈ സൈമണിന്റെ മകന് എന്തിന്റെ കുഴപ്പമാണ്. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കി മറ്റുള്ളവരുടെ സമാധാനം കളയാൻ. അപ്പന്റെ അതേ സ്വഭാവം ആണെന്ന് തോന്നുന്നു “
ജെസ്സി അമർഷത്തോടെ പറഞ്ഞു.
“അങ്ങ് ചെന്നിട്ടു ഇടിച്ചവനെ തളർത്തി ഇടനാണ് എനിക്ക് തോന്നുന്നത് “
ടോമിച്ചൻ കൈച്ചുരിട്ടി പിടിച്ചു.
“അത് ശരി, ഞാനിവിടെ ഇങ്ങനെ വയ്യാതെ ഇരിക്കുമ്പോൾ തന്നെ വേണം അവനെ ഇടിച്ചു തളർത്താൻ. നിങ്ങള് അവനെ തളർത്താനും വളർത്താനും പോകണ്ട. അവന് വേണ്ടത് നിങ്ങടെ കൂട്ടുകാരൻ കൊടുത്തു കാണുമല്ലോ. അത് മതി “
ജെസ്സി ദേഷ്യത്തോടെ ടോമിച്ചനെ നോക്കി.
“ഞാൻ പറഞ്ഞന്നേ ഉള്ളു. എന്നും പ്രശ്നങ്ങളാ.ഒളിച്ചും ഒളിക്കാതെയും എനിക്കിട്ടു പണിയാൻ കുറച്ചാളുകൾ ഉണ്ട്. അവർ അവരുടെ കുഴി കുത്തി വയ്ക്കുകയാണെന്നു അവർക്കറിയില്ല”
ടോമിച്ചൻ പറഞ്ഞുകൊണ്ട് എഴുനേറ്റു.
“ദേ ആ പ്രശ്നം അവിടെ കഴിഞ്ഞു.ഇനി നിങ്ങള് അത് കുത്തി പൊക്കി ചൊറിഞ്ഞു ചൊറിയാക്കണ്ട. ഈ കുടുംബത്തെ ഓർത്തോണം എപ്പോഴും. നിങ്ങടെ തണലിൽ കഴിയുന്ന രണ്ട് മനുഷ്യജന്മങ്ങൾ ഈ വീട്ടിനുള്ളിൽ ഉണ്ടെന്ന ഓർമ്മ. എനിക്കതെ പറയാനുള്ളു.”
ജെസ്സി ചായഗ്ലാസുമെടുത്തു അടുക്കളയിലേക്ക് നടന്നു.
ജെസ്സിയെ നോക്കി നിന്ന ശേഷം ടോമിച്ചൻ വരാന്തയിലേക്ക് ഇറങ്ങി. കഴിഞ്ഞ കാലങ്ങൾ മനസ്സിലൂടെ ഒരു സിനിമ പോലെ കടന്നുപോകുന്നത് പോലെ ടോമിച്ചൻ അറിഞ്ഞു. അതിൽ ഓരോ മുഖങ്ങളുമെടുത്തു ടോമിച്ചൻ ഒരവലോകനം ചെയ്തു. ഇതിലരെങ്കിലും ആണോ ആ മറഞ്ഞിരിക്കുന്ന ശത്രു.അതോ ഇതിലൊന്നും ഉൾപെടാത്ത മറ്റൊരാളോ?!അങ്ങനെയെങ്കിൽ എന്ത് കാര്യത്തിന് ഈ ശത്രുത?
ടോമിച്ചൻ ഒരു ഉത്തരം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിൽ ഉഴറി.
“എന്താ ഒരാലോചന. ങേ എന്ത് പറ്റി നിങ്ങക്ക് “
പുറകിൽ നിന്നുള്ള ജെസ്സിയുടെ ചോദ്യം കേട്ടു ടോമിച്ചൻ തിരിഞ്ഞു നോക്കി.
“ഒന്നുമില്ല. കഴിഞ്ഞ കാലത്തിലൂടെ ഒരു സഞ്ചാരം നടത്തി നോക്കുകയായിരുന്നു. വെറുതെ. ഒരുപാടു മുഖങ്ങൾ മിന്നിമറഞ്ഞു പോയി. അവരിൽ ആരാണെന്റെ ശത്രു എന്ന് തേടുകയായിരുന്നു.അവരിൽ ആരായാലും ഏതു കാരണം കൊണ്ടാണ് എന്റെ ശത്രുവായി മാറിയത് എന്ന് കണ്ടെത്താൻ എനിക്ക് പറ്റുന്നില്ല.അതാണിപ്പോഴത്തെ പ്രശ്നം.”
ടോമിച്ചൻ തൂണിൽ ചാരി നിന്നു.
“അതാരെങ്കിലും ആകട്ടെ. നിങ്ങളെ തോൽപ്പിക്കാനോ ഒന്നും ചെയ്യുവാനോ ഒരു ശത്രുവിനും പറ്റത്തില്ല. കാരണം നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഈ ജെസ്സിയുടെയും അമ്മച്ചിയുടെയും പ്രാർത്ഥന എപ്പോഴും നിങ്ങടെ കൂടെ ഉണ്ട് . അത് മതി എന്തിനെയും അതിജീവിക്കാൻ. ഒളിച്ചിരുന്ന് നിങ്ങളോട് യുദ്ധം ചെയ്യുന്നവർ ആരായാലും അവർക്കു നിങ്ങടെ നേരെ നിൽക്കാൻ പേടിയുള്ളവരാ. നേർക്കു നേരെ വന്നാൽ അവർ ജയിക്കില്ലന്നറിയാം. അതുകൊണ്ടാണ് ഒളിപ്പോര്. നിങ്ങളാർക്കും മനസ്സറിഞ്ഞു ഒരു ദ്രോഹവും ചെയ്തിട്ടില്ല. നിങ്ങളെ കൊണ്ട് അതിന് കഴിയത്തുമില്ല. ഒരിക്കൽ ഞാൻ ചെയ്ത കുറ്റത്തിന് ജയിലിൽ പോയവനാ നിങ്ങൾ. ഇപ്പൊ നമുക്കൊരു കുഞ്ഞ് കൂടി ജനിക്കാൻ പോകുന്ന ഈ സമയത്തു വീണ്ടും ദുരന്തങ്ങൾ നമ്മളെ തേടി വരരുത്.അതുകൊണ്ട് നിങ്ങൾ ഇനി സൂക്ഷിക്കണം. നമ്മുടെ കുഞ്ഞിന് വേണ്ടി. ഈ കുടുംബത്തിന് വേണ്ടി.നമുക്കും ജീവിക്കണ്ടേ സന്തോഷത്തോടെ, സമാധാനത്തോടെ, ആരെയും പേടിക്കാതെ… വേണ്ടേ…”?
ജെസ്സി ടോമിച്ചനെ കെട്ടി പിടിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി.
“നീ പേടിക്കണ്ട. ഒന്നും സംഭവിക്കില്ല. എന്ത് വന്നാലും ഞാൻ നോക്കിക്കൊള്ളാം. നമ്മുടെ ഈ കൊച്ചു സന്തോഷം തകരാതെ. പോരെ. അതിനൊരുത്തനെയും ഞാൻ അനുവദിക്കത്തുമില്ല “
ടോമിച്ചൻ ജെസ്സിയെ തന്നിലേക്ക് ചേർത്തു പിടിച്ചു.അവളുടെ മനസ്സിന് ധൈര്യം പകരാണെന്നോണം!!!!
. . (തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission