നരിയംപാറ കഴിഞ്ഞു മുൻപോട്ടു പോയപ്പോൾ മഴ പെയ്യുവാൻ തുടങ്ങി. ജീപ്പിന്റെ വൈപ്പർ ഇട്ടു ആക്സിലേറ്ററിൽ കാലമർത്തി ജീപ്പിന്റെ വേഗം കൂട്ടി ടോമിച്ചൻ. മനസ്സ് ആകെ അസ്വസ്ഥമായിരിക്കുന്നത് ടോമിച്ചനറിഞ്ഞു. തനിക്കൊരു കുഞ്ഞ് ജനിക്കാൻ പോകുന്നു. ആ സന്തോഷത്തിനിടക്കാണ് ജീവന് തുല്യം തന്നെ സ്നേഹിച്ചവർ അപകടത്തിൽ പെട്ടിരിക്കുന്നത്. എന്തായാലും താൻ ജീവിച്ചിരിക്കുമ്പോൾ അവർക്കൊരു ആപത്തു വരാൻ താൻ സമ്മതിക്കത്തില്ല.
കക്കാട്ടു കടയിൽ നിന്നും മുൻപോട്ടു പോയി തിരിഞ്ഞു അഞ്ചുരുളി ടണലിലേക്കുള്ള വഴിയേ കുറച്ച് മുൻപോട്ടു പോയി ഇടത്തോട്ടു കയറി മരങ്ങളും കുറ്റിച്ചെടികളും മറ്റും വളർന്നു നിൽക്കുന്നതിനിടയിലൂടെ ജീപ്പ് ഓടിച്ചു ടോമിച്ചൻ വിജനമായ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന ഒരു പഴയ ഗോഡൗണിനു മുൻപിൽ നിർത്തി, പുറത്തെക്കിറങ്ങി .ടോമിച്ചൻ ചുറ്റും നോക്കി. അടുത്തെങ്ങും മനുഷ്യ വസമോ, മറ്റു ഒച്ചയോ അനക്കമൊ ഒന്നുമില്ല. താൻ നിൽക്കുന്ന സ്ഥലത്തു ഒരാളെ കൊന്നിട്ടാലും ആരും അറിയില്ലെന്ന് ടോമിച്ചന് തോന്നി. ജീപ്പിന്റെ പുറകിൽ കെട്ടിയിട്ടിരുന്ന സെൽവനെ പൊക്കിയെടുത്തു തോളിൽ ഇട്ടു, ജാക്കി ലിവറും വലിച്ചെടുത്തു വളരെ ശ്രെദ്ധയോടെ ടോമിച്ചൻ ഗോഡൗണിന്റെ വാതിൽക്കലേക്കു ചെന്നു.തുറന്നു കിടന്ന വാതിലിലൂടെ ടോമിച്ചൻ അകത്തേക്ക് കടന്നു. സെൽവനെ എടുത്തു നിലത്തേക്കിട്ട് ചുറ്റും നോക്കി.അവിടെ ആരെയും കാണാനുണ്ടായിരുന്നില്ല.!ഉള്ളിലേക്ക് നടന്ന ടോമിച്ചൻ പെട്ടന്ന് ആരോ തന്നെ പേരെടുത്തു വിളിക്കുന്നത് കേട്ടു അകത്തേക്ക് നോക്കി. ആ മുറിക്കുള്ളിലേക്ക് ചെന്ന ടോമിച്ചൻ കണ്ടു. ആന്റണിയെയും ഡേവിഡിനെയും ചങ്ങലയിൽ തൂക്കി ഇട്ടിരിക്കുകയാണ്. അവരുടെ ദേഹത്ത് നിന്നും ചോരയോഴുകുന്നുണ്ട്. കുറച്ചപ്പുറത്തായി വായിൽ തുണി തിരുകി കസേരകളിൽ ബന്ധിച്ചിരുത്തിയിരിക്കുകയാണ് ലീലാമ്മയെയും ലിജിയെയും..
“ആന്റണിച്ച, ഡേവിടേ.. എവിടെ ആ കഴുവേറികൾ “
ടോമിച്ചൻ അവരുടെ അടുത്തേക്ക് ചെന്നു.
“ടോമിച്ചാ, നീ ലീലാമ്മയെയും ലിജിയെയും കൊണ്ട് എങ്ങനെ എങ്കിലും രക്ഷപെടാൻ നോക്ക് . നമ്മൾ ഉദ്ദേശിക്കുന്ന പോലെയല്ല അവന്മാർ ഒരുപാടു പേരുണ്ട് ഇവിടെ. നീ ഒറ്റയ്ക്ക് വന്നത് വലിയ അബദ്ധം ആയി പോയി.”
ആന്റണി വേദന കടിച്ചമർത്തി കൊണ്ട് പറഞ്ഞു.
“ടോമിച്ചാ ഞങ്ങളെ നോക്കണ്ട, അവരെയും കൊണ്ട് രക്ഷപെട് “
ഡേവിഡ് പറഞ്ഞത് കേട്ടു ടോമിച്ചാ അവരെ തൂക്കിയിരിക്കുന്ന ചങ്ങലയിൽ പിടിച്ചു അഴിക്കാൻ നോക്കി.അതേ നിമിഷം പുറകിൽ നിന്നും ശക്തമായ ഒരു ചവിട്ടേറ്റു ടോമിച്ചൻ തെറിച്ചുപോയി ഭിത്തിയിൽ ഇടിച്ചു നിലത്തു വീണു. നിലത്തു കൈ കുത്തി ചാടിയേറ്റ ടോമിച്ചൻ തന്റെ നേരെ പാഞ്ഞടുത്ത ഒരുത്തന്റെ നേരെ ജാക്കി ലിവർ ആഞ്ഞു വീശി. തലക്കടിയേറ്റ് ഒരു വശത്തേക്ക് തെറിച്ചതും വെട്ടി തിരിഞ്ഞു അവന്റെ പുറകിൽ നിന്നവന്റെ മുഖമടച്ചു ഇടതു കയ്യ് ചുരുട്ടി ശക്തിയിൽ ഒരിടി ഇടിച്ചു. മൂക്കിന്റെ പാലമൊടിഞ്ഞു ചോരയൊലിപ്പിച്ചു നിലവിളിച്ചു കൊണ്ട് മുൻപോട്ടു വീഴാൻ പോയ അവനെ കാൽ മുട്ടുകൊണ്ട് ടോമിച്ചൻ ഇടിച്ചു തെറിപ്പിച്ചു.വടിവാളും വീശി പാഞ്ഞു വന്നവന്റെ വെട്ടിൽ നിന്നും ഞൊടിയിടയിൽ ഒഴിഞ്ഞു മാറി ജാക്കിലിവറിന് അവൻ തുടയിൽ അടിച്ചിരുത്തി. തുട തകർന്നു നിലത്തേക്ക് വീണു അവൻ പിടഞ്ഞു.
“കൊള്ളാമെടാ ടോമിച്ചാ .. കൊള്ളാം…പുലിമടയിൽ വന്നു അഭ്യാസം കാണിച്ചു അങ്ങ് ഹീറോ കളിച്ചു പോകാമെന്നു വിചാരിച്ച നീ എന്ത് മണ്ടനാടാ. ഞാനോർത്തു നിനക്ക് കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരിക്കും എന്ന് “
ശബ്‌ദം കേട്ട സ്ഥലത്തേക്ക് തലതിരിച്ചു നോക്കിയ ടോമിച്ചൻ കണ്ടു. ഇരട്ടകുഴൽ തോക്കും ചൂണ്ടി തന്നെ നോക്കി നിൽക്കുന്നു ഉപ്പുതറ കാർലോസ് !!
“എന്നെ തിരിച്ചറിഞ്ഞ സ്ഥിതിക്കു ഇവിടെ വച്ചു നീ അവസാനിക്കും.നിനക്ക് ജനിക്കാൻ പോകുന്ന നിന്റെ കുഞ്ഞ് തന്തയില്ലാത്തതായി ജീവിക്കണം. എങ്കിലേ എന്റെ പ്രതികാരം പൂർത്തിയാക്കൂ.ദേ ഇവനെ പോലെ “
പറഞ്ഞിട്ട് കാർലോസ് ഡേവിഡിന് നേരെ കൈ ചൂണ്ടി.
“എന്റെ അവിഹിത സന്തതിയ ഇവൻ, ആ ഇരിക്കുന്ന ലീലാമ്മയിൽ എനിക്കുണ്ടായത്. ഇപ്പൊ രണ്ടും അവകാശം പറഞ്ഞു വന്നിരിക്കുവാ. ഞാൻ പോയ വഴിയിൽ ഒരുപാടു പെണ്ണുങ്ങളെ മയക്കി പെഴപ്പിച്ചിട്ടുണ്ട്. അവരുടെ എല്ലാം പിള്ളേരുടെ തന്ത ആകാൻ എനിക്ക് പറ്റുമോ?എടാ പറ്റുമോന്ന് ?
കാർലോസ് ക്രൂരമായി ഡേവിഡിനെ നോക്കി ചിരിച്ചു.
“എനിക്ക് തന്റെ തന്ത സ്ഥാനം ഇനി വേണ്ടടോ. ഒരു സമയത്തു പലരെയും ചൂണ്ടി ഞാൻ നിങ്ങളാണോ എന്റെ തന്ത എന്ന് ചോദിച്ചു നടന്നിട്ടുണ്ട് .അവരെല്ലാം ഞങ്ങളൊന്നും നിന്റെ തന്ത അല്ലെന്നു പറഞ്ഞു പരിഹസിച്ചപ്പോൾ മനസ്സിൽ ഉറപ്പിച്ചത എന്നെങ്കിലും എന്നെ ജനിപ്പിച്ചവന്റെ മുൻപിൽ വന്നു നിൽക്കുമെന്ന്.അത് താനും തന്റെ കുടുംബവും അനുഭവിക്കുന്ന കട്ടും മുടിച്ചും കൊന്നും ഉണ്ടാക്കിയ സ്വത്തിനോ അവകാശത്തിനോ വേണ്ടിയല്ല. ഞങ്ങൾ ജീവച്ചിരിപ്പുണ്ട് എന്ന് തന്നെ ഒന്നറിയിക്കാൻ “
ഡേവിഡ് ചോരയൊലിക്കുന്ന മുഖത്തോടെ കാർലോസിനെ നോക്കി അലറി.
“അല്ലെങ്കിലും നിന്നെ ജനിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എനിക്കു മനസ്സില്ലെടാ പുല്ലേ. നിന്നെയും നിന്റെ തള്ളയേയും ഇവിടെ തന്നെ കുഴിച്ചു മൂടും ഞാൻ. എന്റെ എൽസിക്ക് രണ്ടുമക്കളെ ഉള്ളു.ജോഷിയും ഫ്രഡ്‌ഡിയും. ബാക്കിയുള്ളവർക്കൊക്കെ പിള്ളേരെ ഞാൻ സൗജന്യമായി ഉണ്ടാക്കി കൊടുത്തതാ. അതിന്റെയൊക്കെ നന്ദി അവരെന്നോട് കാണിക്കുകയാ വേണ്ടത്. അല്ലാതെ അപ്പനാകാൻ ക്ഷണിക്കുകയല്ല ചെയ്യേണ്ടത് . പിന്നെ എന്റെ ജോഷിമോനെ കർത്താവ് കൊണ്ട് പോയി. അല്ല കർത്താവല്ല “
പറഞ്ഞിട്ട് കാർലോസ് ടോമിച്ചന് നേരെ തിരിഞ്ഞു.
“നീ ആണ് എന്റെ ജോഷിമോനെ കുരുതി കൊടുത്തത്. ഷണ്മുഖം എനിക്കയച്ച സ്പിരിറ്റ് ലോറികൾ എല്ലാം നീ പിടിച്ചെടുത്തു. ആ തമിഴൻ സ്പിരിറ്റിന്റെ കാശ് ചോദിച്ചപ്പോൾ കിട്ടാത്ത സ്പിരിറ്റിന്റെ കാശ് തരത്തില്ലന്ന് പറഞ്ഞതിനാ ആ പൊല &%@മോൻ എന്റെ നാട്ടിൽ വന്നു എന്റെ ജോഷിമോനെ കുത്തികീറി ഇട്ടിട്ടു പോയത്. നീയാ അതിന് കാരണക്കാരൻ. പിന്നെയാ എനിക്ക് മനസ്സിലായത് ചെക്ക് പോസ്റ്റ് കടന്നുവന്ന സ്പിരിറ്റ് ലോറി മുഴുവൻ അപ്രത്യക്ഷമായതിന്റെ പിന്നിൽ നീ ആയിരുന്നു എന്ന്. ഒരു തെറ്റ്ധാരണയുടെ പേരിലാ ഷണ്മുഖം എന്റെ കൊച്ചിനെ തീർത്തത് “
കാർലോസ് മുരണ്ടു കൊണ്ട് ടോമിച്ചന് നേരെ ഇരട്ടകുഴൽ തോക്ക് ചൂണ്ടി പിടിച്ചു. അപ്പോൾ അകത്തെ വാതിൽ തുറന്നു മറ്റൊരാളും അങ്ങോട്ട് വന്നു. ഫ്രഡ്‌ഡി!!
ഫ്രഡി ടോമിച്ചന്റെ മുൻപിൽ വന്നു നിന്നു.
“കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കുക എന്നൊരു ചൊല്ലുണ്ട്.കേട്ടിട്ടുണ്ടോ ടോമിച്ചാ. അതുകൊണ്ടാ നിന്നോട് ചേർന്നു നിന്നു എന്റെ രാഷ്ട്രീയ എതിരാളികളെ നിന്നെ ഉപയോഗിച്ച് ഒതുക്കി ഞാൻ എം ൽ എ യും മന്ത്രിയും ആയത്. മനസ്സിലായോടാ. പ്രാർത്ഥനയുടെ മറവിൽ വിദേശത്തുനിന്നും തങ്കൻ പാസ്റ്ററിലൂടെ കോടികൾ ഉണ്ടാക്കിയത് ഞാനാടാ ടോമിച്ചാ. പിന്നെ ഈ തൂക്കിയിട്ടിരിക്കുന്ന എന്റെ അവിഹിത ജാര സഹോദരൻ കെട്ടിയ ആ ഇരിക്കുന്ന പെണ്ണിനെ ചുങ്കി പ്പാറ സൈമണിനു കൊണ്ട് കൊടുത്തതിനു പിന്നിലും ഞാൻ തന്നെ. അതുകൊണ്ട് ഈസി ആയി എലെക്ഷനിൽ ജയിച്ചു കേറാൻ പറ്റിയില്ലേ. ചെയ്ത സഹായത്തിന് എനിക്ക് നിന്നോട് ഭയങ്കര സ്നേഹം ഉണ്ട്. പക്ഷെ എന്റെ ജോഷിച്ചായന്റെ ചോരക്ക് കണക്കു ചോദിച്ചില്ലെങ്കിൽ കർത്താവ് പൊറുക്കത്തില്ല എന്നോട്. പലപ്പോഴായി ഞാൻ തീർത്ത കെണിയിൽ നിന്നും നീ വളരെ വിദഗ്ദ്ധമായി രക്ഷപെട്ടുകൊണ്ടിരുന്നു.സൈമണിനെയും ഭാര്യയെയും തീർത്തത് നിന്നെ കുടുക്കാൻ വേണ്ടിയാ. പക്ഷെ ഒരു രാത്രി കൊണ്ട് ശവം പോലും അപ്രക്തിക്ഷമായി.”
ഉച്ചത്തിൽ ഫ്രഡ്‌ഡി പറയുന്നത് ശ്രെദ്ധിച്ചു കൊണ്ട് ഒരാൾ ഗോഡൗണിന്റെ പുറകിലെ വാതിലിൽമറഞ്ഞു നിന്ന് അങ്ങോട്ട് നോക്കുനുണ്ടായിരുന്നു.
ഫ്രഡി മുൻപിൽ കിടന്ന ഒരു കസേരയിൽ ഇരുന്നു.
“ഇപ്പൊ ഞാൻ വനം വകുപ്പ് മന്ത്രിയ. കാട്ടിലെ മൃഗങ്ങൾക്ക് കുറച്ച് മനുഷ്യ ഇറച്ചി വേണമെന്ന് പറഞ്ഞു. നമ്മള് ഞായറാഴ്ച പോത്തിറച്ചി തിന്നുന്നത് പോലെ അവർക്കും ഒരാഗ്രഹം. വന്യമൃഗങ്ങള് വന്നു വനം വകുപ്പ് മന്ത്രിക്ക് നിവേദനം തന്നപ്പോൾ അവരെ ഒഴിവാക്കാൻ പറ്റുമോ. നല്ല ഉശിരുള്ളവന്മാരുടെ കുറച്ച് ഇറച്ചി കൊടുക്കാമെന്നു ഉറപ്പ് കൊടുത്തിട്ടാ ഞാനിങ്ങോട്ട് പോന്നത് “
ഫ്രഡ്‌ഡി ടോമിച്ചനെ നോക്കി ചിരിച്ചു.
“മതിയെടാ മന്ത്രി കഴുവേറി നിന്റെ കവല പ്രെസംഗം. നീ എനിക്കിട്ടു കുറച്ച് ഏമാത്തി. അത് ദേ ടോമിച്ഛനൊരു രോമം കൊഴിഞ്ഞു പോകുന്നപോലെയാ. നിന്നെയും ഈ നിൽക്കുന്ന നിന്റെ തന്തയെയും കണ്ടു പേടിച്ചോടുന്നവനല്ല ഞാൻ. പിന്നെ വനം വകുപ്പ് മന്ത്രിയായി ഈ ഇടുക്കിയിലെ കാടുമൊത്തം വെട്ടി നിനക്കും നിന്റെ കുടുംബകാർക്കും വീതിച്ചു കൊടുക്കാൻ പ്ലാനുണ്ടെങ്കിൽ അത് നീ വെള്ളത്തിൽ വരച്ച വരയ, നടക്കത്തില്ല. ഭരണപക്ഷവും പ്രതിപക്ഷവും പാതിരാത്രി തോളിൽ കൈയ്യിട്ട് നടത്തിയ ചർച്ചയുടെയും കുടിയുടെയും ഫലമാ വാഗമണ്ണിലും, മറയൂരും, മൂന്നാറും ഉൾപ്പെടെയുള്ള ഇടുക്കിയുടെ പല വനമേഖലകളിലും ബിനാമിയുടെ പേരിൽ വൻകിട റിസോർട്ടുകൾ ഉയർന്നിട്ടുള്ളതെന്നു ഇവിടുത്തെ ജനങ്ങൾക്കറിയാമെടാ നായെ. പിന്നെ ബുദ്ധികൊണ്ട് കളിച്ചു, പത്തോട്ടു പോലും തികച്ചു കിട്ടാൻ സാധ്യത ഇല്ലാത്ത നിന്നെ ജയിപ്പിക്കാൻ ഞാൻ ശ്രെമിച്ചിട്ടുണ്ടെങ്കിൽ നിന്റെ എല്ലൂരാനും എനിക്കറിയാം. നീ ഇവരെയൊക്കെ പിടിച്ചു കൊണ്ട് വന്നിട്ട് എന്നെ അങ്ങ് കീച്ചി കളയാമെന്ന് കരുതിയോട “
പറഞ്ഞതും ടോമിച്ചൻ കാലുയർത്തി ഫ്രഡ്‌ഡിയുടെ നെഞ്ചത്തൊരു ചവിട്ട്!പ്രതീക്ഷിക്കാതെ കിട്ടിയ ചവിട്ടിൽ തെറിച്ചു പോയ ഫ്രഡ്‌ഡി ഗോടൗണിലെ ഭിത്തിയിൽ ഇരുന്ന ഇലക്ട്രിക് ബോർഡിൽ ചെന്നിടിച്ചു താഴേക്കു വീണു. ഇലക്ട്രിക് വയറുകൾ കൂട്ടിയിടിച്ചു അവിടെ തീപ്പൊരി ചിതറി!!
പുറത്തുനിന്നും കുറച്ച് ഗുണ്ടകൾ അകത്തേക്ക് വന്നു ഗോഡൗണിന്റെ വാതിലടച്ചു നിരന്നു നിന്നു.
കാർലോസ് ഇരട്ടകുഴൽ തോക്ക് ടോമിച്ചന്റെ നെഞ്ചിലേക്ക് ചൂണ്ടി.
“നായിന്റെ മോനെ നീ എന്റെ മകനെ ചവിട്ടും അല്ലേടാ. നിന്നെ നെഞ്ചത്ത് വച്ചു പൊട്ടിക്കും ഞാൻ “
തോക്കിന്റെ ട്രിഗ്റിലേക്ക് കാർലോസിന്റെ ചൂണ്ടു വിരൽ അമരാൻ തുടങ്ങിയതും ഗോഡൗണിന്റെ വാതിലിൽ പുറത്ത് നിന്നും എന്തോ വന്നിടിച്ചു പൊളിഞ്ഞു തെറിച്ചു. നിരന്നു നിന്ന ഗുണ്ടകൾ ഗോഡൗണിന്റെ പലഭാഗത്തേക്ക് തെറിച്ചു.തെറിച്ചു പോയ ഒരുത്തൻ കാർലോസിന്റെ ദേഹത്തേക്ക് ആണ് വന്നു വീണത് . പുറകിലേക്ക് മറിഞ്ഞ കാർലോസിന്റെ കയ്യിലിരുന്ന തോക്കിൽ നിന്നും വെടി പൊട്ടി. ലക്ഷ്യം തെറ്റിയ വെടിയുണ്ട ഗോഡൗണിന്റെ മുകൾ ഭാഗത്തെ ആസ്ബറ്റോസ് ഷീറ്റ് തകർത്തു കൊണ്ട് പാഞ്ഞു പോയി.മുൻപോട്ടു കുനിഞ്ഞ ടോമിച്ചൻ ഒന്ന് മലക്കം മറിഞ്ഞു കാർലോസിന്റെ വയറിൽ കാൽമുട്ട് കേറ്റി ഒരിടി!!
കാർലോസ്സിൽ നിന്നും ഒരു നിലവിളി ഉയർന്നു.
വാതിൽ തകർത്തു കുറച്ചകത്തേക്ക് കയറി ഒരു നാഷണൽ പെർമിറ്റ് ലോറി വന്നു നീന്നു.
അതിൽ നിന്നും ആൻഡ്രൂസ് ചാടിയിറങ്ങി. ലോറിയിൽ നിന്നും ഒരു ചെറിയ എയർ കമ്പ്രെസ്സർ വലിച്ചെടുത്തുകൊണ്ട് മുൻപോട്ടു ചെന്നു. പാഞ്ഞടുത്തു കൈ വീശിയ ഒരുത്തന്റെ വാപൊത്തി കംപ്രസർ കൊണ്ട് ഇടി വീണു.കൈക്കു പിടിച്ചു തിരിച്ചു ചവിട്ടിയിരുത്തി, കാലിൽ പിടിച്ചു പൊക്കി തലകീഴേ ഒരു കുത്ത് കുത്തി. അതുകണ്ടു മുൻപോട്ടു വന്ന ഗുണ്ടകളിൽ രണ്ടുപേർ ഭയത്തോടെ പകച്ചു നില്കുമ്പോൾ ആൻഡ്രൂസ് കയ്യിലിരുന്നവനെ പൊക്കി എടുത്തു അവർക്കു നേരെ എറിഞ്ഞു.
വീണയിടത്തു നിന്നും എഴുന്നേറ്റ വന്ന ഫ്രഡിക്കു നേരെ ആൻഡ്രൂസ് ചെന്നു.
“നീ ആണ് കളിയെറക്കാൻ നിന്റെ തന്തക്കും കൂട്ട് നിന്ന മകൻ അല്ലെ.നികുതിപണം കട്ടുമുടിച്ചു, വല്ല എച്ചിലും കൊടുത്തു സാധാരണ ജനങ്ങളെ പറ്റിച്ചു, സ്വൊന്തം വീട്ടുകാരെയും
ബന്ധുക്കളെയും പന പോലെ വളർത്തുന്ന നിന്നെ പോലുള്ള ഒരു മന്ത്രിക്കിട്ട് ഒന്ന് പൊട്ടിക്കണം എന്ന് കരുതിയിട്ടു കാലം കുറെ ആയി. ഇപ്പോഴാ ഒത്തു കിട്ടിയത്.”
പറഞ്ഞതും തന്നെ തൊഴിച്ച ഫ്രഡ്‌ഡിയുടെ കാലിൽ പിടിച്ചു പൊക്കി ആൻഡ്രൂസ് കൈചുരുട്ടി ഇടിച്ചു.ഫ്രഡ്‌ഡി കണ്ണു മിഴിച്ചു പോയി. തുടർന്നു ഫ്രഡ്‌ഡിയുടെ കയ്യിൽ പിടിച്ചു കറക്കി ടോമിച്ചന്റെ അടുത്തേക്കെറിഞ്ഞു.തന്റെ കയ്യിലിരുന്ന കാർലോസിന്റെ ഇരട്ടകുഴൽ തോക്കെടുത്തു ടോമിച്ചൻ ഫ്രഡ്‌ഡിയുടെ വായിക്കുള്ളിലേക്ക് തിരുകി.
“പത്തു മിനിറ്റിനുള്ളിൽ ഇതിനകത്ത് കെട്ടിയിട്ടിരിക്കുന്നവരെ എല്ലാം അഴിച്ചു വിടാൻ നിന്റെ ആളുകളോട് പറഞ്ഞോണം. ഇല്ലെങ്കിൽ തോട്ട വച്ചു കാട്ടു പന്നിയുടെ തല തെറിപ്പിക്കുന്നപോലെ നിന്റെ തല ഞാൻ പറപ്പിക്കും.”?
ടോമിച്ചൻ ഫ്രഡിക്കു മുന്നറിയിപ്പു കൊടുത്തു.ഫ്രഡ്‌ഡി കണ്ണുമിഴിച്ചു ഭയത്തോടെ ചുറ്റും നോക്കി ഗുണ്ടകളിൽ ചിലർക്ക് അഴിച്ചു വിടാൻ ആംഗ്യം കാണിച്ചു.അവരിൽ രണ്ടുപേർ പോയി ലീലാമ്മയെയും ലിജിയെയും കസേരയിൽ നിന്നും അഴിച്ചു വിട്ടു.മറ്റു രണ്ടുപേരുപോയി ചങ്ങലയിൽ തൂക്കിയിട്ടിരുന്ന ഡേവിഡിനെയും ആന്റണിയെയും താഴെ ഇറക്കി കെട്ടഴിച്ചു. കെട്ടഴിച്ചവന്റെ കഴുത്തിൽ പിടിച്ചു തിരിച്ചു ആന്റണി അവനെ പൊക്കി എടുത്തു ഒരേറു കൊടുത്തു.തലകുത്തി വീണ അവൻ കിടന്നു വേദനയാൽ പുളഞ്ഞു.
നിലത്തു നിന്നും എഴുനേറ്റു വന്ന കാർലോസിന്റെ മുൻപിലേക്കു ചെന്നു ആൻഡ്രൂസ് എയർ പമ്പ് വായിക്കുള്ളിലേക്ക് കുത്തി കേറ്റിയിട്ടു ഫ്രഡ്‌ഡിയെ നോക്കി.
“നിന്റെ തന്തയെ കാറ്റടിച്ചു വീർപ്പിക്കാൻ പോകുവാ. ബലൂൺ പോലെ വീർത്തു വരുമ്പോൾ മുകളിലേക്കു പറത്തി വിടും. താഴെ ഇറങ്ങണം എന്ന് തോന്നുമ്പോൾ കയ്യിലൊരു സൂചി കൊടുത്തേക്കാം അത് വച്ചു വയറിൽ ഒരു കുത്ത്. കാറ്റു പോയി നേരെ താഴെ വന്നിറങ്ങിക്കോളും”
പറഞ്ഞിട്ട് കുറച്ച് കാറ്റടിച്ചു. കാർലോസ് കണ്ണുമിഴിച്ചു വാ തുറന്നു.
ഡേവിഡ് ലീലാമ്മയുടെ കയ്യിൽ പിടിച്ചു കാർലോസിന്റെ മുൻപിൽ വന്നു നിന്നു.
“എന്റെ അമ്മക്ക് തന്നെ പോലൊരു ഭർത്താവു വേണ്ട, എനിക്ക് ഇങ്ങനെ ഒരു തന്തയും വേണ്ട, കേട്ടൊടോ കാർലോസെ.പിന്നെ ടോമിച്ചനല്ല തന്റെ മകൻ ജോഷി കൊല്ലപ്പെടാൻ കാരണക്കാരൻ. ഞാനാ. ടോമിച്ചൻ പിടിച്ചെടുത്ത സ്പിരിറ്റു ലോറികളെല്ലാം തന്റെ വീട്ടിൽ ഉണ്ടെന്നും, കാശ് തരാതിരിക്കാൻ വേണ്ടി സ്പിരിറ്റ് കിട്ടിയില്ലെന്നു കള്ളം പറഞ്ഞു പറ്റിക്കുകയാണെന്നു ഷണ്മുഖത്തോടെ വിളിച്ചു പറഞ്ഞത് ഞാനാ. താനെന്നെ മകനായി അംഗീകരിച്ചില്ലെങ്കിലും തന്റെ കുരുട്ടു ബുദ്ധി എനിക്ക് കിട്ടിയിട്ടുണ്ടെന്നു ഇതിൽ നിന്നും മനസിലായില്ലെടോ. അയാൾ തന്നെ തട്ടുമെന്ന ഞാൻ കരുതിയിരുന്നത്. പക്ഷെ പണി കിട്ടിയത് തന്റെ മകനിട്ടു ആയി പോയി.”
ഡേവിഡ് ചോരയൊലിക്കുന്ന മുഖം തുടച്ചുകൊണ്ട് കാർലോസിന്റെ നേരെ നോക്കി.
“അമ്മച്ചി, ഇനി ഇയാളെ നമ്മൾ ജീവിതത്തിൽ കാണില്ല , അയാളുടെ മുഖമടച്ചു ഒരടി അങ്ങ് കൊടുക്ക് “
ഡേവിഡ് പറഞ്ഞത് കേട്ടു ലീലാമ്മ കാർലോസിനെ തുറിച്ചു നോക്കി.
“വേണ്ട,ഇയാളെ തല്ലിയാൽ എന്റെ കൈ നാറും. ഇനി നമ്മുടെ ജീവിതത്തിൽ ഇതൊരടഞ്ഞ അധ്യായമാണ്.”
ലീലാമ്മ കാർലോസിന്റെ മുഖത്തേക്ക് കർക്കിച്ചു ഒരു തുപ്പ് കൊടുത്തു.തുപ്പൽ കാർലോസ്സിന്റെ മുഖത്തു ചിതറി വീണു!
ആൻഡ്രൂസ് കാർലോസിന്റെ വായിൽ നിന്നും എയർ കമ്പ്രെസ്സർ വലിച്ചെടുത്തു.
ഫ്രഡ്‌ഡിയെ കുത്തിനു പിടിച്ചു ഭിത്തിയിൽ ചാരി ടോമിച്ചൻ ഒരു കാലുയർത്തി നെഞ്ചിൽ ചവിട്ടി നിന്നു.
“നീ അടക്കമുള്ള മന്ത്രിമാരും എം ൽ എ മാരും , എം പി മാരും അടക്കമുള്ള എല്ലാം രാഷ്ട്രിയ നേതക്കന്മാർക്കും നേരെ നിൽക്കണമെങ്കിൽ പുറകിൽ അണികൾ എന്ന് പറയുന്ന വിവരമില്ലാത്ത കഴുതകൾ നിരന്നു നിൽക്കണം. താങ്ങാൻ അണികളില്ലെങ്കിൽ ഇവന്മാരുടെ മുട്ടിടിക്കും നേരെ നിന്ന് വെല്ലുവിളിക്കാൻ. പക്ഷെ ഞങ്ങളെ പോലെയുള്ളവർക്ക് പുറകിലാരും വേണ്ടടാ പുല്ലേ. മുണ്ടും മടക്കി കുത്തി ഒറ്റയ്ക്ക് നിന്ന് വെല്ലുവിളിക്കും. അതിനൊള്ള ധൈര്യമുള്ള ഏതവനെങ്കിലും ഉണ്ടോടാ നിന്റെയൊക്കെ കൂടെ. പാവപെട്ടവർക്കും, വിവരം കെട്ടവർക്കും മുക്കാൽ ചക്രത്തിന്റെ കള്ളും ബ്രാണ്ടിയും കോഴിക്കാലും മേടിച്ചു കൊടുത്തു കൂടെ കൊണ്ട് നടന്നു അവരുടെ പിൻബലത്തിൽ ഗീർവാണം ഇറക്കാതെ ഒറ്റയ്ക്ക് വരുന്ന ഒരുത്തനെങ്കിലും നിന്റെയൊക്കെ പാർട്ടിയിൽ ഉണ്ടോ എന്ന് .ഇല്ല. കാണത്തില്ല. അതിലൊരുത്തന നീ. ടോമിച്ചൻ മനസ്സറിഞ്ഞു ആരെയും ദ്രോഹിച്ചിട്ടില്ല. ഷണ്മുഖത്തിന്റെ ലോറികൾ പിടിച്ചെടുത്തെങ്കിൽ അത് അവനോടുള്ള വെല്ലുവിളി ആയിരുന്നു. അല്ലാതെ നിന്റെ തന്തയോടു എനിക്കൊരു വിരോധവും ഇല്ലായിരുന്നു. എന്തായാലും നീയും നിന്റെ തന്തയും കൂടി എന്നെ കുറച്ച് വലിപ്പിച്ചു.”
ഫ്രഡ്‌ഡിയുടെ നെഞ്ചിൽ നിന്നും കാൽ വലിച്ചെടുത്തു ടോമിച്ചൻ. അങ്ങോട്ട് വന്ന ലിജി ഫ്രഡ്‌ഡിയുടെ മുഖമടച്ചു ഒരടി കൊടുത്തു.
“നീ പെണ്ണുങ്ങളെ കടത്തികൊണ്ട് പോകും അല്ലേടാ. അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാത്തവൻ.”
ഫ്രഡ്‌ഡി ലിജിയെ രൂക്ഷമായി നോക്കി.
അതേ സമയം നിലത്തു കിടന്ന രണ്ട് മൂന്നുപേർ ചാടി എഴുനേറ്റു ടോമിച്ചനു നേരെ ആയുധങ്ങളുമായി പാഞ്ഞടുത്തു.
ഒരുത്തനെ ആൻഡ്രൂസ് എയർ കമ്പ്രെസരിനു ഇടിച്ചു തെറിപ്പിച്ചു.ആന്റണി മറ്റൊരുത്തന്റെ അടിയിൽ നിന്നും ഒഴിഞ്ഞു മാറി കയ്യിലിരുന്ന ചങ്ങലക്കു അവനെ അടിച്ച് മറിച്ചു. പറന്നു തൊഴിച്ച ഒരുത്തന്റെ തൊഴിയിൽ നിന്നും ടോമിച്ചൻ ഒഴിഞ്ഞു മാറി ഫ്രഡ്‌ഡിയെ പിടിച്ചു മുൻപിലേക്കു തള്ളി. ടോമിച്ചന് നേരെ തൊഴിച്ച തൊഴി ഫ്രഡ്‌ഡിയുടെ മുഖത്തേറ്റു പത്തടി പുറകോട്ടു തെറിച്ചു പോയി നിലവിളിയോടെ തലയിടിച്ചു നിലത്തു വീണു.താഴേക്കു വന്നു നിന്ന തൊഴിച്ചവന് ഒന്ന് ചലിക്കാൻ കഴിയുന്നതിനു മുൻപ് നാഭിക്കു തൊഴിച്ച് മറിച്ചു ടോമിച്ചൻ അവന്റെ കാലിൽ ചവിട്ടി നിലത്തിരുത്തി തല പിടിച്ചു ഒരു തിരി തിരിച്ചു.
അപ്പോഴേക്കും പുറത്ത് മലയോര കേബിൾ ടീവി യുടെ ആളുകളും, ഒരു ജീപ്പ് പോലീസുകാരും വന്നിറങ്ങി. പുറകെ ഒരു വണ്ടിയിൽ വക്കച്ചനും സെലിനും റോണിയും കൂടി എത്തിയിരുന്നു. അവരെല്ലാം ഗോഡൗണിലേക്ക് ഓടി കേറിചെന്നു.
ആൻഡ്രൂസ് കാർലോസിനെ തള്ളിക്കൊണ്ട് വന്നു പോലീസുകാരുടെ മുൻപിൽ നിർത്തി.
“സാറെ ഇയാളും, മകൻ മന്ത്രിയും കൂടിയ ചുങ്കിപ്പാറ സൈമൺ സാറിനെയും , ഭാര്യയെയും , പിന്നെ സി ഐ നടേശൻ സാറിനെയും കൊന്നത്. ഇപ്പൊ ബാക്കിയുള്ളവരെ കൂടി കൊല്ലാൻ നോക്കിയതാ. നടന്നില്ല. ഒരു തെറ്റിദ്ധാരണയുടെ പേരിലാ ഈ കൊള്ളരുതായ്മയെല്ലാം ചെയ്തു കൂട്ടിയത്.”
തലകുനിച്ചു നിന്ന കാർലോസിനെ സി ഐ സോമശേഖരൻ പിടിച്ചു കൂടെ വന്ന പോലീസുകാർക്ക് കൈ മാറി.
അപ്പോഴേക്കും ഫ്രഡ്‌ഡി യെ തള്ളിക്കൊണ്ട് ടോമിച്ചൻ അങ്ങോട്ട് വന്നു.ഫ്രഡ്‌ഡിയെ കണ്ടു സല്യൂട്ട് ചെയ്യണോ വേണ്ടയോ എന്ന് ശങ്കിച്ചു നിന്നു പോലീസുകാർ.
“സാറെ, ഈ നിൽക്കുന്ന പെൺകുട്ടിയെ തട്ടി കൊണ്ടുപോയതടക്കം മൂന്നുനാല് കൊലപാതകം വരെ ഇവൻ ചെയ്തിട്ടുണ്ട്.അതിവൻ സമ്മതിച്ചതിന്റെ വീഡിയോ അടക്കം രാജേഷ് ഷൂട്ട് ചെയ്തിട്ടുണ്ട്. ഇപ്പൊ ചാനലുവഴി ലൈവ് കാസ്റ്റ് ചെയ്തു കൊണ്ടിരിക്കുവാ.അല്ലെങ്കിൽ ഇതൊക്കെ തേഞ്ഞു മാഞ്ഞു പോകും. ഇവൻ മന്ത്രി ആയത് കൊണ്ട്. മന്ത്രിയെ കസ്റ്റഡിയിൽ എടുക്കാൻ സാറിന് അധികാരം ഇല്ലെങ്കിൽ ഉള്ളവരെ വിവരം അറിയിക്ക് “
ടോമിച്ചൻ പറഞ്ഞത് കേട്ടു അടുത്ത് നിന്ന സെലിൻ റോണിയെ കെട്ടി പിടിച്ചു കരഞ്ഞു .
“ഇവർ ഇങ്ങനെയൊക്കെ ചെയ്തതൊന്നും ഞാനറിഞ്ഞില്ല റോണിച്ച.”
റോണി ഒന്നും മിണ്ടാതെ സെലിയെ ചേർത്തു പിടിച്ചു നിന്നു.
“നിന്നോട് അനുവാദം മേടിച്ചിട്ടാണോ നിന്റെ വീട്ടിലെ ആളുകൾ തെണ്ടിത്തരം കാണിക്കാൻ പോകുന്നത്. അല്ലല്ലോ? അതുകൊണ്ട് എന്ത് ബന്ധമായാലും ഇതിലൊന്നും നീ തലയിടണ്ട “
റോണി സെലിനെ സമാധാനിപ്പിച്ചു.
ആന്റണിയും ലിജിയും ഡേവിഡും ലീലാമ്മയും ടോമിച്ചന്റെ കൂടെ ജീപ്പിനു നേരെ നടന്നു. ജീപ്പിനടുത്തെത്തിയതും പുറകിൽ ഒരു വെടി ശബ്‌ദം കേട്ടു. തുടരെ തുടരെ രണ്ട് മൂന്നു തവണ. അത് കേട്ടു എല്ലാവരും ഞെട്ടി തിരിഞ്ഞു.
വെടികൊണ്ട് നിലത്തു വീണു പിടയുന്ന ഫ്രഡ്‌ഡിയെ ആണ് കണ്ടത്. ഓടി രക്ഷപെടാൻ നോക്കിയ ഒരുവനെ പോലിസ് ഓടിച്ചിട്ട് പിടിച്ചു. ചുങ്കിപ്പാറ സൈമണിന്റെ മകൻ ഷെബി ആയിരുന്നു അത്.പോലീസുകാർ ഷെബിയെ വലിച്ചിഴച്ചു ഫ്രഡ്‌ഡിയുടെ മുൻപിൽ കൊണ്ട് വന്നു.
നിലത്തു ജീവനറ്റ് കിടക്കുന്നു ഫ്രഡ്‌ഡിയെ പകയോടെ നോക്കി നിന്നു മുരണ്ടു ഷെബി.
“ഇവനെന്റെ പപ്പയെയും മമ്മിയെയും കൊന്നു.എന്നെ ആരുമില്ലാത്തവനാക്കി. ഇവനെ കൊന്നില്ലെങ്കിൽ എന്റെ പപ്പയുടെയും മമ്മിയുടെയും ആത്മക്കൾക്ക് മോക്ഷം കിട്ടത്തില്ല. ഇവനെ കൊന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു. ഇനി എന്നെ തൂക്കി കൊന്നാലും എനിക്ക് സങ്കടം ഇല്ല സാറെ”
ഷെബി തലയ്ക്കു കൈകൊടുത്തു പോലീസുകാരുടെ മുൻപിൽ കുത്തിയിരുന്നു.
ഫ്രഡ്‌ഡിയുടെ ശവശരീരത്തിൽ വീണു കെട്ടി പിടിച്ചു കരയുന്ന കാർലോസിന്റെ അടുത്തേക്ക് ടോമിച്ചൻ ചെന്നു.
“ഈ കാണുന്ന ദുരന്തങ്ങൾക്കെല്ലാം കാരണം തന്റെ വൈരാഗ്യബുദ്ധിയാ. മക്കളെ കള്ളകടത്തും കൊല്ലും കൊള്ളയും പഠിപ്പിക്കുമ്പോൾ ഓർക്കണം ചെയ്യുന്ന കൊള്ളരുതായ്മകളെല്ലാം ഒരുനാൾ തിരിച്ചു വരുമെന്ന്.തന്റെ പ്രവർത്തി കൊണ്ട് ഉണ്ടായിരുന്ന രണ്ട് ആൺ മക്കളും പരലോകത്തു പോയി. ഇനിയെങ്കിലും ഇതൊക്കെ നിർത്തി മനുഷ്യനെ പോലെ ചിന്തിക്ക്. പത്തു തലമുറയ്ക്ക് തിന്നാനുള്ളത് ദൈവം തന്നിട്ടില്ലേ. അതിൽ സമാധാനപ്പെട്. എന്നെങ്കിലും മനസ്സ് ശാന്തമാകുമ്പോൾ നിങ്ങടെ ചോരയിൽ പിറന്ന മറ്റൊരു മകൻ ജീവിച്ചിരിപ്പുണ്ടെന്ന സത്യം ഉൾകൊള്ളാൻ നോക്ക്. അവസാന കാലത്തു പള്ളിക്കാട്ടിലേക്കു കെട്ടിയെടുക്കുമ്പോൾ തലക്കൽ നിൽക്കാൻ ഒരാൾ വേണ്ടേ. അതിനവൻ ഉണ്ടാകും “
ടോമിച്ചൻ തിരഞ്ഞു ജീപ്പിനടുത്തേക്ക് നടക്കുമ്പോൾ വക്കച്ചൻ അടുത്തേക്ക് ചെന്നു.
“ടോമിച്ചാ, ജെസ്സി പ്രെസവിച്ചു. പെൺകുഞ്ഞ്. നിന്നെ അന്വേഷിക്കുന്നുണ്ട്. പെട്ടന്ന് അങ്ങോട്ട് ചെല്ല് “
അതുകേട്ടു ടോമിച്ചൻ ഒരു നിമിഷം നിന്നു. ഉള്ളിലൂടെ സുഖമുള്ള ഒരു കുളിർ കാറ്റു കടന്നു പോയത് പോലെ തോന്നി. എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്താനുള്ള ആഗ്രഹം മനസ്സിൽ പതഞ്ഞു പൊങ്ങി വരുന്നു.
ഗോഡൗണിലേക്ക് ഇടിച്ചു കേറി കിടന്ന ലോറി റിവേഴ്സ് എടുത്തു തിരിച്ചു ആൻഡ്രൂസ് ടോമിച്ചന്റെ ജീപ്പിന്റെ അടുത്ത് കൊണ്ട് നിർത്തി.
“സി ഐ സോമശേഖരൻ സാറ് നമ്മുടെ ആളാ. ഉയർന്ന ഉദ്യോഗസ്ഥരു വരുന്നതിനു മുൻപ് ഇവിടെ നിന്നും ലോറിയും കൊണ്ട് കടന്നോളാൻ പറഞ്ഞു. അപ്പോ ടോമിച്ചാ ഞാൻ പോകുവാ. നിന്റെ കുഞ്ഞിനെ കാണാൻ ഞാൻ വരും.താമസിക്കാതെ. അമ്മച്ചിയോടും ജെസ്സിയോടും എന്റെ അന്വേഷണം പറയണം. അപ്പോ കാണാം”
മറ്റുള്ളവരോടും യാത്രപറഞ്ഞു ആൻഡ്രൂസ് ലോറി മുൻപോട്ടെടുത്തു. പുറകെ ടോമിച്ചൻ ജീപ്പും തിരിച്ചു.
ഹോസ്പിറ്റലിന്റെ മുൻപിൽ ജീപ്പ് നിർത്തി ടോമിച്ചൻ ഇറങ്ങി വേഗത്തിൽ ഉള്ളിലേക്ക് നടന്നു.
ഡെലിവറി റൂമിനു മുൻപിൽ ടോമിച്ചനെത്തിയപ്പോൾ ശോശാമ്മ അങ്ങോട്ട് വന്നു.
“നീ എവിടെ പോയിരിക്കുവായിരുന്നു. കുഞ്ഞ് ജനിച്ചു. ഇപ്പൊ തന്നെ റൂമിലേക്ക് മാറ്റും.”
പറഞ്ഞു കൊണ്ട് നിന്നപ്പോൾ കുഞ്ഞിനെയും കൊണ്ട് ഒരു നേഴ്സ് ഇറങ്ങി വന്നു.
ടോമിച്ചൻ കൈനീട്ടി നഴ്സിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ മേടിച്ചു.താനൊരു അച്ഛനായിരിക്കുന്നു.കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. കണ്ണടച്ചു ഉറങ്ങുകയാണ്. ലോകത്തിന്റെ കാപട്യങ്ങൾ അറിയാത്ത ദൈവത്തിന്റെ വരദാനം. തന്റെ ചോരയിൽ പിറന്ന,തന്റെ മോൾ . നോക്കി നിൽക്കെ ഇതുവരെ അനുഭവിക്കാത്ത എന്തൊക്കെയോ വികാരങ്ങളുടെ തള്ളൽ ഉള്ളിൽ നടക്കുന്നുണ്ടെന്നു ടോമിച്ചനു തോന്നി .ദേഹത്തോട് ചേർത്തു പിടിച്ചപ്പോൾ വാത്സല്യത്തിന്റെ ഒരിളം ചൂട് നെഞ്ചിലൂടെ പടർന്നു കേറുന്നപോലെ. കുഞ്ഞ് കണ്ണു കുറച്ച് തുറന്നു ടോമിച്ചനെ നോക്കി. പറഞ്ഞറിയിക്കാനാവാത്ത ഒരാത്മനിവൃതിയുടെ ഒരു മാസ്മരിക സ്പർശം തന്റെ കണ്ണുകളെ ഈറനണിയിച്ചത് ടോമിച്ചനറിഞ്ഞു. അപ്പോഴേക്കും ഒരു നേഴ്സ് ജെസ്സിയെ ഒരു ട്രോളിയിൽ ഇരുത്തി തള്ളിക്കൊണ്ട് ലേബർ റൂമിൽ നിന്നും ഇറങ്ങി വന്നു റൂമിലേക്ക് പോയി. പുറകെ ടോമിച്ചൻ കുഞ്ഞുമായി നടന്നു. ജെസ്സിയെ മുറിയിലാക്കി നേഴ്സ് തിരിച്ചു പോയി.
ടോമിച്ചൻ കുഞ്ഞിനെ ജെസ്സിയുടെ അടുത്ത് ചേർത്തു കിടത്തി. ആന്റണിയും,ഡേവിഡും, ലിജിയും ലില്ലിക്കുട്ടിയും, ശോശാമ്മയും, ലിഷയും,ലീലാമ്മയും അകത്തേക്ക് വന്നു.കുഞ്ഞിനെ കണ്ടു,എല്ലാവരും ജെസ്സിയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കുഞ്ഞ് ഞെട്ടിയുണരുകയും കരയുകയും വീണ്ടും ഉറങ്ങുകയും ചെയ്തു കൊണ്ടിരുന്നു.
“മറ്റൊരു ലോകത്തേക്ക് വന്നപ്പോൾ ഉള്ള പ്രതിഷേധമാ കുഞ്ഞുവാവക്ക് “
അതുകണ്ടു ലില്ലികുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഡിസ്ചാർജ് പിറ്റേന്ന് ആയതുകൊണ്ട് വൈകുന്നേരം ടോമിച്ചനും ശോശാമ്മയും ആന്റണിയെയും കുടുംബത്തെയും വീട്ടിലേക്കു പറഞ്ഞു വിട്ടു……
“നിങ്ങടെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞ്. സന്തോഷം ആയില്ലേ.”
ശോശാമ്മ ചായമേടിക്കുവാൻ പുറത്തേക്കു പോയപ്പോൾ ജെസ്സി ടോമിച്ചനെ നോക്കി.
“നിന്നെ പോലെ തന്നെയുണ്ട്. എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാ…”
ടോമിച്ചൻ സ്നേഹത്തോടെ ജെസ്സിയുടെ കവിളിൽ തലോടി.
“മോള് എന്നെ പോലെ ആണെങ്കിലുംഅവളുടെ മനസ്സ് നിങ്ങടെ പോലെ ആയിരിക്കണം. കറകളഞ്ഞ സ്നേഹമുള്ള മനസ്സുകൊണ്ട് വിശ്വാസത്തിന്റെ, കരുതലിന്റെ, നന്മയുടെ കൂടാരം തീർത്തു,ബന്ധങ്ങളെ ചേർത്തു പിടിക്കുന്ന നിങ്ങളുടെ മനസുപോലെ…….”
ജെസ്സി പറഞ്ഞു കൊണ്ട് ടോമിച്ചന്റെ കയ്യിൽ മുറുക്കെ പിടിച്ചു.ടോമിച്ചൻ ജെസ്സിയുടെ ദേഹത്ത് പറ്റി ചേർന്നു കിടക്കുന്ന കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.
നിഷ്കളങ്കമായ ആ മുഖത്തെ കുഞ്ഞിളം ചുണ്ടുകളിൽ ഒരു പാൽ പുഞ്ചിരി വിടർന്നു നിന്നിരുന്നു.
( അവസാനിച്ചു )
തെങ്കാശി റൂട്ടിലൂടെ അപ്പോൾ ആൻഡ്രൂസിന്റെ സ്പിരിറ്റ് ലോറി പാഞ്ഞു പോയികൊണ്ടിരിക്കുകയായിരുന്നു.
കുറച്ച് കഴിഞ്ഞ് വഴിയരുകിൽ കണ്ട ഒരു തട്ടുകടക്ക് മുൻപിൽ ലോറി ഒതുക്കി നിർത്തി ആൻഡ്രൂസ് പുറത്തിറങ്ങി ചായകടയിലേക്ക് കേറി ഒരു കട്ടൻ കാപ്പിക്ക് പറഞ്ഞിട്ട് പുറത്തിറങ്ങി ഒരു ബീഡി കത്തിച്ചു ചുണ്ടിൽ വച്ചു. രണ്ടു മൂന്നു പുകയെടുത്തപ്പോൾ കാപ്പിയുമായി ഒരു പയ്യനെത്തി..
“അണ്ണാ കാപ്പി “
പയ്യൻ നീട്ടിയ കാപ്പി മേടിച്ചു ചൂടോടെ ആസ്വധിച്ചു കുടിച്ചിട്ട് ഗ്ലാസ്സ് തിരികെ കൊടുത്തു ബീഡിയും വലിച്ചു കൊണ്ട് ലോറിക്ക് നേരെ നടന്നു. ആ സമയത്താണ് ഫോൺ ബെല്ലടിച്ചത്. ഫോണെടുത്തു ചെവിയിൽ വച്ചതും പച്ചതെറി ആണ് മറുതലക്കൽ നിന്നും വന്നത്.
“എവിടെയാട പട്ടി കഴു *&%@മോനെ സ്പിരിറ്റും ലോറിയും. എട്ടുമണിക്ക് എത്തിക്കാമെന്നു പറഞ്ഞ സാധനം പതിനൊന്നു മണി ആയിട്ടും എത്തിയിട്ടില്ല.അരമണിക്കൂറുകൂടി നോക്കും. വന്നില്ലെങ്കിൽ നിന്നെ കണ്ടുപിടിച്ചു ആ സ്പിരിറ്റ് ഒഴിച്ചു കത്തിക്കും. ഓർത്തോ. ഒന്നും രണ്ടും രൂപയുടേതല്ല. പത്തിരുപത് ലക്ഷത്തിന്റെതാ “
മറുതലക്കൽ നിന്നും ഭീക്ഷണിയുടെ സ്വരം ആൻഡ്രൂസിന്റെ കാതിൽ പതിഞ്ഞു.
“ഭദ്രൻ സാറെ ഭീഷണി ആണോ? എങ്കിൽ കേട്ടോ, ഈ ലോറിയും സ്പിരിറ്റും ഞാനിങ്ങു എടുക്കുവാ.ഇതുപോലെ അവിടെ വന്ന സ്പിരിറ്റ് മുഴുവൻ പട്ടിയെപ്പോലെ വലാട്ടി നിൽക്കുന്ന പാവപെട്ട തൊഴിലാളികളുടെ അണ്ണാക്കിലൊഴിച്ചു കൊടുത്തു അവരുടെ അണ്ഡഹടാഹം മുഴുവൻ കരിച്ചല്ലേ ലക്ഷങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നത്.അക്ഷരജ്ഞാനം ഇല്ലാത്ത കൂടെ നിൽക്കുന്ന പാവപെട്ടവന്മാർക്കിട്ടു തന്നെ താങ്ങിക്കോണം.അവിടെ നിങ്ങളെ പോലെ ഒരുപാടു മുതലാളി മൊണ്ണകളുണ്ട്. കൂടാതെ പ്രതിപക്ഷം.. ഭരണപക്ഷം എന്നും പറഞ്ഞു കുറച്ചവന്മാരും. മുല്ലപെരിയാറിന്റെ ഭൂരിഭാഗവും തമിഴന്മാര് കൊണ്ട് പോയപ്പോൾ പേടിച്ച് മുട്ടിടിച്ചു തമ്മിൽ തല്ലിക്കൊണ്ടിരുന്നവന്മാര നിങ്ങളെന്നു ഓർത്തോണം.നിങ്ങളെ കൊണ്ട് ഒന്നിനും കൊള്ളില്ല. അതുകൊണ്ട് മുല്ലപെരിയാറിലെ വെള്ളം മുഴുവൻ കൊണ്ടുപോയി കുളിച്ചു കുടിച്ചു മദിക്കുന്നവന്മാരുടെ അണ്ണാക്കിലൊഴിച്ചു കൊടുത്തു കൂമ്പുവാട്ടി വിടാൻ പോകുവാ. അവന്മാരുടെ കരളു കളഞ്ഞു ഞാനും കുറച്ച് ലക്ഷം ഉണ്ടാകട്ടെ ഭദ്രൻ സാറെ…എങ്കിലേ എനിക്കൊരു ആത്മ സംതൃപ്തി കിട്ടൂ. എന്നെ തിരഞ്ഞു മെനകെടേണ്ട. കിട്ടത്തില്ല…യാത്ര ഇല്ല “
ആൻഡ്രൂസ് ഫോൺ വച്ചു വലിച്ചുകൊണ്ടിരുന്ന ബീഡികുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു ലോറിയിലേക്ക് കയറി…. തെങ്കാശി ലക്ഷ്യമാക്കി ലോറി പാഞ്ഞുപോയി കൊണ്ടിരുന്നു……..
(തത്കാലത്തേക്ക് നിർത്തുന്നു )
എല്ലാ നല്ലവരായ വായനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.By
jagadeesh p k
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഒന്നും പറയാൻ ഇല്ല… അത്രയ്ക്കും അടിപൊളി ആയിരുന്നു . ഒരു ആക്ഷൻ ത്രില്ലെർ മൂവി കണ്ട ഫീലിംഗ് . ഇനിയും നല്ല കഥകളുമായി വേഗം പോന്നോട്ടെ
അടിപൊളി. ഇനിയും നല്ല നോവലുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു 👌👌👌👌
Super
അടി പൊളി
സൂപ്പർ. ഇനിയും നല്ല നോവലുമായി വരണം
Kolakkomban oru 3 thavanayenkilm vayichittund. Ithippo nenjidippodeyaa ith muzhuvan vayich theerthath. Athrakk adipoli