ആന്റണി ഫാം ഹൗസിലേക്കു തിരിച്ചു ചെല്ലുമ്പോഴും നടേശൻ ഉറക്കത്തിലായിരുന്നു.
“എഴുനേൽക്കട കഴുവേർടാ മോനെ, പോത്തുപോലെ കിടന്നുറങ്ങാൻ ഇതു നിന്റെ അച്ചി വീട് അല്ല “
നടേശനെ ആന്റണി കുലുക്കി വിളിച്ചു.
കുറച്ച് കുലുക്കി വിളിച്ചിട്ടും അനക്കമൊന്നും ഇല്ലാതെ കിടക്കുന്നത് കണ്ടു ആന്റണി ചെവി നടേശന്റെ നെഞ്ചിൽ ചേർത്തു വച്ചുനോക്കി. ഹൃദയമിടിപ്പ് കേൾക്കുന്നുണ്ട്. ആന്റണി എഴുനേറ്റു നടേശനെ അടിമുടി ഒന്ന് നോക്കി. നടേശൻ നല്ല ഉറക്കത്തിലാണെന്നു മനസ്സിലാക്കിയ ആന്റണി മെല്ലെ തിരിഞ്ഞു നടന്നു ചെന്നു കട്ടിലിൽ ഇരുന്നു.
‘അവന്റെ ഒടുക്കത്തെ ഉറക്കം. ഇവനുറങ്ങിയിട്ടു വർഷങ്ങളായോ, ഇതുപോലെ ബോധം പോയതുപോലെ കിടന്നുറങ്ങാൻ ‘ ആന്റണി നടേശനെ നോക്കി പിറുപിറുത്ത ശേഷം ഷർട്ട് അഴിച്ചു അഴയിൽ തൂക്കി.
പോക്കറ്റിൽ നിന്നും പേഴ്സും മൊബൈൽ ഫോണും എടുത്തു നടേശന്റെ അടുത്ത് കിടക്കുന്ന മേശയുടെ പുറത്ത് വച്ചു,തോർത്തുമെടുത്തു കുളിക്കുവാൻ പുറത്തേക്കിറങ്ങി കിണറിന്റെ അടുത്തേക്ക് പോയി.
അതേ സമയം മുറിക്കുള്ളിൽ കിടന്നിരുന്ന നടേശൻ കണ്ണുതുറന്നു. ഇത്രയും നേരം ഉറക്കം നടിച്ചു കിടക്കുകയായിരുന്ന അയാൾ തല ഉയർത്തി ചുറ്റുപാടും നോക്കി. നടേശന്റെ കണ്ണുകൾ മുറിയിലാകമാനം പരാതി നടന്നു അവസാനം മേശപുറത്തിരിക്കുന്ന ആന്റണിയുടെ മൊബൈൽ ഫോണിൽ ഉടക്കിനിന്നു.അയാളുടെ കണ്ണുകൾ വിടർന്നു. കയ്യും കാലും പരസ്പരം കൂട്ടി കെട്ടിയിരിക്കുന്നത് കൊണ്ട് എഴുനേൽക്കുവാനോ നടക്കുവാനോ നടേശന് സാധിക്കുമായിരുന്നില്ല.അയാൾ മേശയുടെ ഭാഗത്തേക്ക് ആയാസപ്പെട്ടു സിമന്റു തറയിലൂടെ ഇഴഞ്ഞു ചെന്നു പുറം തിരിഞ്ഞു മേശയിലേക്ക് ചാരി ഇരുന്നു മെല്ലെ മുകളിലേക്കു പൊങ്ങുവാൻ ശ്രെമിച്ചു. രണ്ടുമൂന്ന് പ്രാവിശ്യം ആവർത്തിച്ചപ്പോൾ മേശയിൽ ചാരി നിൽക്കുവാൻ പറ്റി. കെട്ടിയ കൈകൾ കൊണ്ട് കുറച്ച് കുനിഞ്ഞു മെശപുറത്തിരുന്ന മൊബൈൽ ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്യുവാൻ ശ്രെമിച്ചു.
“നടേശ, പറ എന്താ ഇപ്പോ വിളിച്ചത് “
ഫോണിന്റെ അങ്ങേ തലക്കൽ ഒരു ശബ്‌ദം കേട്ടു.
“എന്നെ ആ ടോമിച്ചനും കൂട്ടുകാരനും കൂടി പിടിച്ചു ഇവിടെയുള്ള ഒരു ഫാം ഹൌസിൽ കൊണ്ടുവന്നിരിക്കുകയാണ്.നിങ്ങളാരാണെന്നു എന്നെ കൊണ്ടുപറയിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.ഇപ്പോൾ തന്നെ ഇടികൊണ്ട് ചതയാത്ത ഒരു ഭാഗം പോലും എന്റെ ശരീരത്തിൽ ഇല്ല.ചെറുപ്പത്തിൽ ഞാൻ കുടിച്ച മുലപ്പാൽ വരെ ഛർദിപ്പിച്ചു. എന്റെ സാധനത്തിൽ ഈർക്കിലി കുത്തികേറ്റി വച്ചിരിക്കുവാ. മൂത്രമൊഴിക്കുമ്പോൾ ചോരയാ പോകുന്നത്. ഉറക്കം നടിച്ചു കിടന്നാ ഇവന്മാരുടെ ഇടിയിൽ നിന്നും രക്ഷപെട്ടുകൊണ്ടിരിക്കുന്നത് ഞാൻ. ഇനിയും ഇവരെന്നെ ചവിട്ടിക്കൂട്ടിയാൽ ഉള്ള സത്യം ഞാനങ്ങു പറഞ്ഞു പോകും. നിങ്ങളാരാണെന്നുള്ള സത്യം. പിന്നെ കൂടെ നിന്നു കുതിക്കാൽ വെട്ടുന്ന പരിപാടി ആയത് കൊണ്ട് സത്യമറിഞ്ഞാൽ ഇവന്മാർ വെറുതെ ഇരിക്കില്ല. പരലോകം കണ്ടു, മൂക്കുകൊണ്ട് ക്ഷ, ണ്ണ വരച്ചു കൊണ്ടിരിക്കുവാ ഞാൻ.അതുകൊണ്ട് എത്രയും വേഗം എന്നെ ഇവിടെ നിന്നും രക്ഷപ്പെടുത്തണം.”
ഫോണിലേക്കു മുഖം ചേർത്തു വച്ചു നടേശൻ തന്റെ ദയനീയവസ്ഥ ഫോണിന്റെ മറുതലക്കൽ ഉള്ള ആളെ അറിയിച്ചു. മറുതലക്കൽ കുറച്ച് നേരം നിശബ്ദമായി.
“നടേശ.. നമ്മുടെ കുറച്ചാളുകളെ അങ്ങ് വിടാം. അവര് അവിടെ എത്തുന്നത് വരെ കമാന്നൊരാക്ഷരം മിണ്ടിപ്പോകരുത് അവിടെയുള്ളവരോട്. ഞാനയക്കുന്ന ആളുകൾ നിന്നെ അവിടെ നിന്ന് രക്ഷപെടുത്തും. കൂടെയുള്ളവനെ എനിക്കിവിടെ കൊണ്ടുവരുകയും വേണം . ഇവിടുത്തെ കാഴ്ച കണ്ടു അയാൾ ഞെട്ടണം. പിടിച്ചു നിന്നോണം നമ്മുടെ ആളുകള് വരുന്നോടം വരെ. വന്നുകഴിഞ്ഞാൽ പിന്നെ അവര് നോക്കിക്കോളും.അപ്പോ ഫോൺ വയ്ക്കുവാ “
മറുതലക്കൽ ഫോൺ ഡിസ്‌കണക്റ്റഡ് ആയി. ഫോണിൽ നിന്നും മുഖമുയർത്തി തിരിഞ്ഞു വന്ന നടേശൻ കണ്ടത് മുറിക്കുള്ളിൽ തന്നെ നോക്കി നിൽക്കുന്ന ആന്റണിയെ ആണ്.പിടിക്കപ്പെട്ട കുറ്റവാളിയെ പോലെ നടേശന്റെ മുഖം വിവർണ്ണമായി!
“എടാ നടേശ… നീ ഉറക്കം നടിച്ചു എന്നെ വിഡ്ഢിയാക്കാൻ നോക്കിയപ്പോൾ തിരിച്ചു നിനക്കിട്ടൊരു പണി തരാനാ ഞാൻ ഫോൺ മേശപ്പുറത്തു നോക്കിയാൽ കാണാവുന്ന സ്ഥലത്തു വച്ചിട്ട് പുറത്തേക്കു പോയത്. സന്ദർഭം കിട്ടിയാൽ നീ ആ ഫോണെടുത്തു വിളിക്കേണ്ടവരെ വിളിച്ചു കാര്യം പറയും എന്നെനിക്കറിയാമായിരുന്നു.നിന്റെ തന്തയെ വിറ്റ കാശ് എന്റെ കയ്യിലുണ്ട്. മനസ്സിലായോടാ നടേശ. എന്തായാലും നീ വിളിക്കേണ്ടവരെ വിളിച്ചല്ലോ. അതുമതി. ആ നമ്പറിലേക്കു ഞാനും ഒന്ന് വിളിച്ചു നോക്കട്ടെ “
നടേശനോട് പറഞ്ഞിട്ട് ആന്റണി മെശ പുറത്തിരിക്കുന്ന ഫോണെടുക്കാൻ ചെന്നു. നടേശൻ ആന്റണി ഫോണെടുക്കാതിരിക്കാൻ തള്ളിമാറ്റാൻ ഒരു വിഫല ശ്രെമം നടത്തി നോക്കി. ആന്റണിയുടെ ശക്തിയേറിയ ഒരു ചവിട്ടേറ്റു നടേശൻ തെറിച്ചു മുറിയുടെ മൂലയിൽ പോയി ഇടിച്ചു നിലത്തേക്ക് വീണു.
ആന്റണി ഫോണെടുത്തു അവസാനം വിളിച്ച നമ്പർ റീഡയൽ ചെയ്തു.കുറച്ച് ബെല്ലടിച്ച ശേഷം മറുതലക്കൽ ആരോ ഫോണെടുത്തു.
“എന്താടോ നടേശ, ഇപ്പോൾ സംസാരിച്ചു അങ്ങ് വച്ചതല്ലേയുള്ളു. ഓരോരുത്തരെ ആയി എത്തിച്ചു കൊണ്ടിരിക്കുവാ. അപ്പോഴാ തന്റെ കുണുകുണാ ഉള്ള വിളി. തന്നെ അവിടെയുള്ളവന്മാർ ഇടിച്ചു ചതച്ചു സത്യം പറയിച്ചോ.ഒറ്റികൊടുത്താൽ അവന്മാരെ കാലപുരിക്കയക്കുന്നതിന്റെ കൂടെ തന്റെയും ശവമടക്ക് നടത്തും . അതോർത്തോ.”
അമർഷത്തോടെ ഉള്ള ശബ്‌ദം മറുതലക്കൽ മുഴങ്ങി.ആന്റണി മിണ്ടാതെ ഫോൺ ചെവിയിൽ ചേർത്തു നിന്നു.
“എന്താടോ മിണ്ടാത്തത്. നാക്കെറങ്ങി പോയോ?”
ഫോണിലൂടെ ഉള്ള ചോദ്യം കേട്ടു ആന്റണി മറുപടി പറയാതെ നിന്നപ്പോൾ മറുതലക്കൽ നിശബ്ദത വന്നു.പിന്നെ ഫോൺ കട്ടായി.
ആന്റണി ഫോൺ മേശയിൽ വച്ചിട്ട് നടേശന് നേരെ തിരിഞ്ഞു.
“ഫോൺ വിളിച്ചു ആളെ തിരിച്ചറിയാൻ നോക്കിയിട്ട് പറ്റിയോടാ പുല്ലേ. നിന്റെ ബുദ്ധി കൊള്ളാം. പക്ഷെ ഇവിടെ അത് വിലപോവുകയില്ലടാ. നീയും തീരാൻ പോകുവാ. ഇനി അധികസമയം ഇല്ല.”
നടേശൻ ആന്റണിയെ നോക്കി അട്ടഹസിച്ചു.
“മര്യാദക്ക് എന്നെ അഴിച്ചു വിട്ടോ, അതാ നിന്റെ ആരോഗ്യത്തിന് നല്ലത്. അല്ലെങ്കിൽ പാണ്ഡിലോറിക്കു അടവച്ച തവളയുടെ അവസ്ഥ ആകും നിനക്ക് “
നടേശൻ പരിഹാസത്തോടെ പറഞ്ഞു.
“നിർത്തടാ… അവന്റെ മറ്റവടത്തെ ഭീക്ഷണി, അതും എന്റെ അടുത്ത്. നീ പോലീസുകളിച്ചു പാവങ്ങളുടെ നികുതി പണവും തിന്നു അവരുടെ തന്നെ കൂമ്പിടിച്ചു വാട്ടിയിട്ടില്ലേ ജീവിച്ചു വന്നത്. ഇനി വേണ്ട, നിന്റെ കളി ഇവിടം കൊണ്ട് തീരുവാ. നിന്റെ കൂമ്പ് ഞാനങ്ങു ഒടിക്കാൻ പോകുവാ.നീ ചെകുത്താനെ വിളിച്ചു ഒന്ന് പ്രാർത്ഥിച്ചോ. ദൈവത്തിനിവിടെ റോളില്ല.ഒന്നെങ്കിൽ നീ ആരെയാണ് ഫോൺ വിളിച്ചതെന്ന് നിന്നെ കൊണ്ട് പറയിപ്പിക്കും, അല്ലെങ്കിൽ നിന്നെ ഇവിടെ തന്നെ കൊന്നു കുഴിച്ചു മൂടും.”
ആന്റണി പറഞ്ഞു കൊണ്ട് കയ്യിലിരുന്ന നനഞ്ഞ തോർത്തു പിഴിഞ്ഞ് മുറിക്കുള്ളിലെ അഴയിൽ വിരിച്ചിട്ടു, പിന്നെ ഫോണെടുത്തു കൊണ്ട് പുറത്തേക്കു പോയി.അരമണിക്കൂർ കഴിഞ്ഞു ഒരു ബീഡിയും വലിച്ചിട്ടു തിരിച്ചു വന്ന ആന്റണി മുറിയുടെ മൂലക്കിരിക്കുന്ന നടേശന്റെ അടുത്തേക്ക് ചെന്നു.
“ടോമിച്ചൻ പറഞ്ഞത് നീ സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ തല്ലിക്കൊന്നു സ്പിരിറ്റിൽ മുക്കി കത്തിച്ചേക്കാനാ. അഞ്ചു മിനിറ്റ് സമയം തരും. അതിനുള്ളിൽ തീരുമാനമെടുത്തോണം. വല്ലവന്റെയും രഹസ്യം സൂക്ഷിച്ചു ചത്തു തൊലയണോ, അതോ സത്യം പറഞ്ഞു ജീവൻ രക്ഷിക്കണോ എന്ന് “
ആന്റണി നടേശന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആന്റണിയുടെ മുഖഭാവത്തിൽ നിന്നും സത്യം പറഞ്ഞില്ലെങ്കിൽ തന്റെ പണി ഇവിടെ തീരും എന്ന് നടേശന് തോന്നി.
“നീ ആലോചിച്ചു നോക്ക് നടേശ, വല്ലവനെയും രക്ഷിക്കാൻ നീ എന്തിന് ബലിയാടാകണം. തരത്തിൽ കിട്ടിയാൽ അവരെ തിരിച്ചറിയാവുന്ന നിന്നെയും തട്ടും, തെളിവ് നശിപ്പിക്കാൻ. അതിലും നല്ലത് സത്യം പറഞ്ഞു നിന്റെ തടി രക്ഷിക്കാൻ നോക്ക്. കെട്യോളെയും മക്കളെയും കൊണ്ട് ദൂരെ എവിടെയെങ്കിലും പോയി രക്ഷപെടാൻ നോക്ക്. അവന്മാരുടെ കാര്യം ഞങ്ങള് നോക്കിക്കോളാം “
ആന്റണി നടേശനോട് പറഞ്ഞിട്ട് കസേരയിൽ ഇരുന്നു.ഒരു നിമിഷം മിണ്ടാതെ ആലോചിച്ചിരുന്നിട്ടു നടേശാൻ തലകുലുക്കി.
“ഞാൻ പറയാം അതാരാണെന്ന്.എനിക്ക് രക്ഷപ്പെടണം. അവരെ കാണിച്ചു തന്നാൽ നിങ്ങൾ അവരോടു കണക്കു തീർത്തോളുമെങ്കിൽ എനിക്ക് എങ്ങോട്ടെങ്കിലും രക്ഷപെടാം. നിങ്ങൾക്ക് പരിചയമുള്ള ആൾ തന്നെ. കേൾക്കുമ്പോൾ ഞെട്ടലുണ്ടാകും.അത് നേരാണോ എന്നോർത്ത് “
സത്യം പറഞ്ഞു ഇവിടെനിന്നും രക്ഷപെടുകയല്ലാതെ മറ്റു മാർഗമൊന്നുമില്ലെന്നു നടേശന് ബോധ്യമായി.
ആന്റണി കണ്ണെടുക്കാതെ നടേശനെ നോക്കി.
“പറ ആരാ.. ആ നായീന്റെ മോൻ. ഇത്രയും നാൾ ഒളിച്ചിരുന്നു കളിയിറക്കിയവൻ.”
ആന്റണിയുടെ ചോദ്യം കേട്ടു നടേശൻ തലയൊന്നു കുടഞ്ഞു.
“അത് അവനാ… ആ….”
പറഞ്ഞു മുഴുപ്പിക്കുന്നതിനു മുൻപ് പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്‌ദം മുഴങ്ങി. വാഹനത്തിൽ നിന്നും ആയുധങ്ങളുമായി ഏഴെട്ട് ആളുകൾ ചാടിയിറങ്ങി കെട്ടിടത്തിനു നേരെ പാഞ്ഞു.വാതിലിനു നേരെ കുതിച്ചു വന്ന ഒരുത്തൻ അകത്തുനിന്നും ആന്റണിയുടെ ചവിട്ടേറ്റു മുറ്റത്തേക്ക് തെറിച്ചു.എന്നാൽ ബാക്കിയുള്ളവർ ആന്റണിക്കു എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് വളഞ്ഞു പിടിച്ചു.
“നിലത്തു നിൽക്കടാ, നിന്റെ ഹീറോയിസം ഇവിടെ എടുത്താൽ ചവിട്ടി കീറി കളയും. നിന്നെ ജീവനോടെ കൊണ്ടുചെല്ലണം എന്നാണ് പറഞ്ഞു വിട്ടത്. അതുകൊണ്ടാ.”
പറഞ്ഞു കൊണ്ട് വന്നവരിൽ ഒരുത്തൻ അരയിൽ നിന്നും ഒരു റിവോൾവർ എടുത്തു കൊണ്ട് നടേശന്റെ അടുത്തേക്ക് ചെന്നു.
“സാറെ എന്ന് ഞങ്ങള് ഒരുപാടു വിളിച്ചിട്ടുണ്ട്. പക്ഷെ എന്ത് ചെയ്യാം. തീർത്തു കളഞ്ഞേക്കനാണ് പറഞ്ഞു വിട്ടത്. അത് ഞങ്ങൾക്ക് അനുസരിച്ചേ പറ്റൂ. നടേശൻ സാറ് ഞങ്ങളോട്
ക്ഷമിക്ക് “
പറഞ്ഞു കൊണ്ട് അയാൾ റിവോൾവർ നടേശന് നേരെ നോക്കി.നടേശന്റെ കണ്ണുകളിൽ ഭയം ഇരച്ചു കയറി.
“എന്നെ കൊല്ലരുത്. നിനകൊക്കെ എന്ത് വേണമെങ്കിലും തരാം.സ്വത്തോ പണമോ എന്ത് വേണമെങ്കിലും.എന്നെ വെറുതെ വിട്, ഞാനെവിടെയെങ്കിലും ഓടി പൊക്കോളാം “
നടേശൻ ദയനീയമായി മുൻപിൽ തോക്ക് ചൂണ്ടി നിൽക്കുന്ന ആളെ നോക്കി.
“നടക്കില്ല നടേശൻ സാറെ. കാലന്റെ കണക്കുപുസ്തകത്തിൽ സാറിന്റെ പേര് എഴുതി പോയി. ഇനി മാറ്റി എഴുതാൻ പറ്റത്തില്ല “
റിവോൾവറും ചൂണ്ടി നിൽക്കുന്നവൻ പറയുന്നത് കേട്ടു മറ്റുള്ളവരുടെ കൈക്കുള്ളിൽ കിടന്നു കുതറി കൊണ്ട് ആന്റണി നടേശനെ നോക്കി.
“ഇപ്പൊ മനസിലായോടാ, ഇവന്മാരുടെ കൂടെ കൂടുന്നവന്മാരുടെ അന്ത്യം ഇങ്ങനെ ആയിരിക്കുമെന്ന്.”
ആന്റണി വിളിച്ചു പറഞ്ഞതും നടേശന്റെ മുൻപിൽ നിന്ന ആളിന്റെ റിവോൾവറിൽ നിന്നും വെടി പൊട്ടി. നടേശന്റെ നെറ്റിയിലൂടെ ഉള്ളിലേക്ക് ഒരു വെടിയുണ്ട കടന്നുപോയി.!റിവോൾവർ തുടരെ തുടരെ ശബ്ദിച്ചു. നടേശന്റെ നെഞ്ചിലും രണ്ട് മൂന്ന് വെടിയുണ്ടകൾ തുളയിട്ട് കടന്നു പോയി. ഭിത്തിയിലും തറയിലും തെറിച്ചു വീണ ചോരത്തുള്ളികൾക്കിടയിലേക്ക് നടേശന്റെ ജീവനറ്റ ശരീരം മറിഞ്ഞു വീണു.
റിവോൾവർ അരയിൽ തിരുകി അയാൾ ആന്റണിക്കു നേരെ തിരിഞ്ഞു.
“കുതറാതെ മര്യാദക്ക് നിൽക്കടാ, നീ ആണ് ആ ടോമിച്ചന്റെ വലം കൈ അല്ലെ. അത് ഇപ്പൊ ഞങ്ങളിങ്ങു എടുക്കുവാ. പിന്നെ നിനക്കുള്ള വിഷു കണി ഒരുക്കി വച്ചിട്ടുണ്ട്. അത് കാണിക്കാന നിന്നെ ജീവനോടെ കൊണ്ട് ചെല്ലാൻ പറഞ്ഞിരിക്കുന്നത്. ആ കണി കണ്ടു രസിച്ചിട്ടു വേണം നിനക്കും ഇതുപോലെ പരലോകത്തേക്ക് വിസ തരാൻ. ഇവനെ എടുത്തു വണ്ടിയിലേക്കെറിയെടാ “
അയാൾ അലറി.
ആന്റണിയെ മറ്റുള്ളവർ തറയിലേക്ക് മറിച്ചിട്ടു കയ്യും കാലും കെട്ടി പൊക്കി എടുത്തു കൊണ്ടുപോയി വണ്ടിക്കുള്ളിലേക്കിട്ടു.
“മിണ്ടാതെ കിടന്നോണം, നിന്റെ അഭ്യാസപ്രകടനം നടത്താൻ നോക്കിയാൽ അവിടെ ചെല്ലുന്നതിനു മുൻപ് ജീവൻ പോകും “
ഒരുത്തൻ ആന്റണിയെ നോക്കി പറഞ്ഞിട്ട് ഡോർ വലിച്ചടച്ചു.
*******************************************
ജെസിയുടെ അടുത്ത് ലില്ലിക്കുട്ടിയെയും ലിഷയെയും ഇരുത്തിയിട്ടു ശോശാമ്മ മുറിക്കു പുറത്ത് ഇടനാഴിയിൽ ഇട്ടിരിക്കുന്ന കസേരയിൽ ഇരിക്കുകയായിരുന്ന ടോമിച്ചന്റെ അടുത്തേക്ക് ചെന്നു.
“എടാ ടോമിച്ചാ, ജെസ്സിയെ വൈകുന്നേരത്തോടെയേ ലേബർ റൂമിലേക്ക് മാറ്റുകയൊള്ളു. അതിന് മുൻപ് നീ പോയി കുറച്ച് സാധനങ്ങൾ പുറത്തുനിന്നു മേടിച്ചുകൊണ്ട് വരണം. ആ ലേബർ റൂമിൽ നിൽക്കുന്ന നേഴ്സ് വേണ്ട സാധനങ്ങളുടെ ഒരു കുറിപ്പ് തന്നിട്ടുണ്ട്. അതുകൊണ്ട് പോയാൽ മതി “
കയ്യിൽ മടക്കി പിടിച്ചിരുന്ന ഒരു കടലാസ് കഷ്ണം ശോശാമ്മ ടോമിച്ചന്റെ കയ്യിൽ കൊടുത്തു.
“പിന്നെ വക്കച്ചായനും കുടുംബവും ഇങ്ങോട്ട് വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞായിരുന്നു. ഇവിടെ വന്നു ജെസിയെ കണ്ടിട്ട് അവർക്കു ഉപ്പുതറക്ക് പോകാനാണ് “
ശോശാമ്മ ടോമിച്ചനോട് പറഞ്ഞിട്ട് ജെസ്സിയുടെ റൂമിലേക്ക് തിരിച്ചു നടന്നു.ടോമിച്ചൻ എഴുനേറ്റു പുറത്തേക്കു പോയി. ഹോസ്പിറ്റലിന്റെ പുറത്തേക്കിറങ്ങിയ ടോമിച്ചൻ ജീപ്പിൽ കയറി കട്ടപ്പന ടൗണിലേക്ക് പോയി. ഹോസ്പിറ്റലിന്റെ തെക്കുഭാഗത്തു ആളൊഴിഞ്ഞ മൂലയിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിൽ നിന്നും ഒരാൾ ഇറങ്ങി ടോമിച്ചൻ പോകുന്നതും നോക്കി നിന്നു. അയാളുടെ കണ്ണുകൾ വന്യമായി തിളങ്ങി. മുഖത്തു ക്രൂരമായ ഒരു ചിരി വിടർന്നു. അയാൾ ഹോസ്പിറ്റലിന്റെ പ്രധാന കാവടത്തിനു നേരെ നടന്നു.ടൗണിലെ ഷോപ്പിംഗ് സെന്ററിൽ കയറി കുറിച്ചു തന്നുവിട്ട സാധനങ്ങൾ വാങ്ങി ജീപ്പിനുള്ളിൽ കൊണ്ട് വച്ചു. ജീപ്പിൽ കയറിയിരുന്നു. ഫോണെടുത്തു ആന്റണിയെ വിളിച്ചു.
ഫോൺ ബെല്ലടിക്കുന്നതല്ലാതെ ആന്റണി എടുക്കുന്നില്ല എന്ന് കണ്ടപ്പോൾ വീണ്ടും രണ്ട് മൂന്നുതവണ വിളിച്ചു നോക്കി. പ്രതികരണം ഇല്ലാതെ ഇരുന്നപ്പോൾ ഫോൺ ഡാഷ് ബോർഡിൽ ഇട്ടു ജീപ്പ് സ്റ്റാർട്ടാക്കി മുൻപോട്ടെടുത്തു. ഹോസ്പിറ്റലിന്റെ മുൻപിൽ പാർക്കുചെയ്തു പുറത്തിറങ്ങി. ഫോണെടുത്തു വീണ്ടും ആന്റണിയെ വിളിച്ചു. ഇപ്പോഴും ബെല്ലടിക്കുന്നതല്ലാതെ എടുക്കുന്നില്ല എന്ന് മനസ്സിലായതും ടോമിച്ചൻ അപകടം മണത്തു. എന്തോ സംഭവിച്ചിട്ടുണ്ട്. എങ്ങനെ ആയാലും ഒന്നോ രണ്ടോ തവണ വിളിക്കുമ്പോൾ എടുക്കുന്ന ആളാണ് ആന്റണി. ഇപ്പോൾ നാലഞ്ചു തവണ വിളിച്ചിട്ടും എടുക്കുന്നില്ലെങ്കിൽ എന്തോ സംഭവിച്ചിട്ടുണ്ട്. ഇനി നടേശൻ ആന്റണിയെ എന്തെങ്കിലും ചെയ്തു കാണുമോ? ഡേവിഡിനെയും ലിജിയെയും ലീലാമ്മചേടത്തിയെയും കുറിച്ച് ഒരറിവുമില്ല. ഈ കാര്യം ലില്ലിക്കുട്ടിചേടത്തിയോട് ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോൾ ആന്റണിച്ചനും ഫോൺ എടുക്കുന്നില്ല. ഇതിൽ എന്തൊക്കെയോ ദുരൂഹത ഉള്ളതുപോലെ തോന്നി ടോമിച്ചന്.
എന്ത് ചെയ്യണം എന്നാലോചിച്ചു നിൽക്കുമ്പോൾ ഒരു ഫോൺ കാൾ വന്നു.ഡിസ്പ്ലേയിൽ സൂക്ഷിച്ചു നോക്കി കൊണ്ട് ടോമിച്ചൻ ഫോണെടുത്തു.
“ടോമിച്ചാ, ഞാനാ ടിപ്പർ ആൻഡ്രൂസ്. ഞാനിപ്പോൾ കുട്ടികാനത്തുണ്ട്. നീ എവിടെയ. ഇവിടെവരെ വന്നപ്പോൾ നിന്നെയും അമ്മച്ചിയെയുമൊക്കെ കാണാതെ എങ്ങനെയാ പോകുന്നത്. വീട്ടിൽ ചെന്നപ്പോൾ അവിടെ ആരെയും കണ്ടില്ല.ഇതെല്ലാവരും കൂടി എങ്ങോട്ട് പോയി “
ആൻഡ്രൂസ് ചോദിച്ചു.
“എടാ, നീ ഇപ്പോൾ വിളിച്ചത് നന്നായി. ഞാനിപ്പോൾ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിലാ. ജെസ്സിയെയും കൊണ്ട് വന്നതാ. അമ്മച്ചിയുമെല്ലാം ഇവിടെ ഉണ്ട്. നീ നമ്മുടെ ആ ഫാം ഹൌസ് വരെ ഒന്ന് പോയി നോക്കണം.”
ടോമിച്ചൻ കാര്യങ്ങൾ ആൻഡ്രൂസിനോട് പറഞ്ഞു.
“നീ ഒന്ന് കൊണ്ടും വിഷമിക്കണ്ട. ഞാനിപ്പോൾ തന്നെ ചെല്ലാം. ആന്റണിച്ചൻ അവിടെ കാണും. നീ ഫോൺ വച്ചോ “
ടോമിച്ചൻ ഫോൺ വച്ചിട്ട് ജീപ്പിൽ നിന്നും സാധനങ്ങൾ എടുത്തു ഹോസ്പിറ്റലിനുള്ളിലേക്ക് നടന്നു. ഇടനാഴിയിലേക്ക് തിരിഞ്ഞു ജെസ്സിയുടെ മുറിയുടെ നേരെ നടക്കാൻ തുടങ്ങിയപ്പോൾ ആണ് ടോമിച്ചൻ അത് കണ്ടത്. മുറിയുടെ മുൻപിലായി ആറടി പൊക്കമുള്ള ഒരാൾ നിൽക്കുന്നു!അയാൾ നിന്ന് ചുറ്റും നോക്കുന്നു. ഒരു നേഴ്സ് വരുന്നത് കണ്ടു അയാൾ തൊട്ടടുത്തു കിടന്ന കസേരയിൽ ഇരുന്നു മൊബൈൽ ഫോണെടുത്തു അതിൽ നോക്കിയിരുന്നു. നഴ്സും മറ്റു രണ്ടാളുകളും കടന്നു പോയതിനു ശേഷം ചുറ്റും നോക്കികൊണ്ട് അയാൾ വീണ്ടും എഴുനേറ്റു മുറിയുടെ വാതിലിനു മുൻപിലെത്തി,ചുറ്റും ഒരിക്കൽ കൂടി നോക്കിയതിനു ശേഷം ഷർട്ട് പൊക്കി അരയിൽ നിന്നും ഒരു കത്തി വലിച്ചെടുത്തു. അത് കണ്ടു ടോമിച്ചന് നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോകുന്ന പോലെ തോന്നി. കയ്യിലിരുന്ന സാധനങ്ങൾ നിലത്തേക്ക് വച്ചു തൂണിന്റെ മറപറ്റി മുൻപോട്ടു കുതിച്ചു.കതക് തള്ളി തുറക്കാൻ അയാൾ തുടങ്ങിയതും പാഞ്ഞു വന്ന ടോമിച്ചന്റെ ചവിട്ടേറ്റു അയാൾ മുൻപോട്ടു തെറിച്ചു പോയതും ഒരു പോലെ ആയിരുന്നു.ഇടനാഴിയിൽ ഇട്ടിരുന്ന ഇരുമ്പുകസേരയിൽ ഇടിച്ചു അയാൾ നിലത്തേക്ക് വീണു. ടോമിച്ചൻ ജെസ്സിയുടെ മുറിയുടെ വാതിൽ പുറത്ത് നിന്നും കുറ്റിയിട്ടു
വീണു കിടന്നവന് നേരെ ചെന്നു.ചാടിയേറ്റ അയാൾ ടോമിച്ചന് നേരെ കത്തി വീശി. ഒഴിഞ്ഞു മാറിയ ടോമിച്ചൻ അടുത്ത് കിടന്ന കസേര പൊക്കിയെടുത്തു ആഞ്ഞൊരടി!!. അയാളുടെ കയ്യിൽ നിന്നും കത്തി തെറിച്ചു പോയി. വീണുപോയ അയാൾ ചാടിയെഴുനേറ്റു ഇടനാഴിയിലൂടെ മുൻപോട്ടു ഓടി. കസേര താഴെയിട്ടു ടോമിച്ചനും പുറകെ പാഞ്ഞു. എതിരെ മെഡിസിൻ ട്രെയുമായി വരുകയായിരുന്ന നഴ്സിനെ തട്ടിമറച്ചിട്ടു അയാൾ മുൻപോട്ടു കുതിച്ചു.സ്റ്റെയർകേസിലേക്ക് ചാടിയിറങ്ങിയ അയാളെ പുറകിൽ നിന്നും ടോമിച്ചൻ കയ്യെത്തി പിടിച്ചു വലിച്ചു. പുറകോട്ടു ബാലൻസ് തെറ്റി മറിഞ്ഞ അയാളുടെ മുഖമടച്ചു ടോമിച്ചന്റെ അടി വീണു.
“കഴുവേറി.. ആരാടാ നീ.. ങേ.. രാവിലെയും നിന്നെ ഞാനിവിടെ കണ്ടതാ. എന്റെ ഭാര്യ കിടക്കുന്ന റൂമിനു മുൻപിൽ കത്തിയുമായി വന്നത് എന്തിനാടാ. പുല്ലേ “
ടോമിച്ചന്റെ അടിയിട്ട് മുട്ടുകുത്തി തറയിലേക്കിരുന്ന അയാളെ കമഴ്ത്തി ഇട്ടു പുറകോട്ടു കൈകൾ ബെന്ധിച്ചു പിടിച്ചു. അരയിൽ കെട്ടിയിരുന്ന തോർത്തഴിച്ചു കൈകൾ കൂട്ടികെട്ടി. ഇടനാഴിയിലൂടെ വന്ന ചിലർ ആ കാഴ്ച കണ്ടു നോക്കി നിൽപ്പുണ്ടായിരുന്നു.
“ആരാ നീ, എന്ത് ഉദേശത്തിലാ ഇവിടെ വന്നത്. സത്യം പറഞ്ഞോ ഇല്ലെങ്കിൽ നിന്നെ ഞാൻ ഇവിടുത്തെ മോർച്ചറിയിൽ കേറ്റും. പതിനെട്ടരത്തരം. പറയടാ പട്ടി പൊല *&%@മോനെ “
മലത്തി കിടത്തി അവന്റെ മൂക്ക് പൊത്തി ടോമിച്ചൻ ഒരിടി കൊടുത്തു.
“എന്നെ കൊല്ലരുത്.. ഞാൻ പറയാം “
അവന്റെ മൂക്കിന്റെ പാലം തകർന്നു ചോര താഴേക്കു ഒഴുകി ഇറങ്ങി.
ടോമിച്ചൻ അവനെ വലിച്ചു പൊക്കി അടുത്ത് കിടന്ന ബെഞ്ചിലേകിട്ടു. അപ്പോഴേക്കും വക്കച്ചൻ മുതലാളിയും, മോളികുട്ടിയും, റോണിയും, സെലിനും അങ്ങോട്ടേക്ക് ഓടി വരുന്നുണ്ടായിരുന്നു.
“ടോമിച്ചാ, എന്നതാടാ പ്രശ്നം, ഇവനേത”?
ബെഞ്ചിൽ ചോരയൊലിപ്പിച്ചു അവശതയോടെ ഇരിക്കുന്നവനെ നോക്കി വക്കച്ചൻ ചോദിച്ചു.
ടോമിച്ചൻ പറഞ്ഞത് കേട്ടു വക്കച്ചൻ ബെഞ്ചിൽ ഇരുന്നവന്റെ കരണകുറ്റി അടച്ചു ഒരടി കൊടുത്തു.
“പന്ന.. മോനെ.. പൂർണ്ണ ഗർഭിണി ആയിരിക്കുന്ന പെണ്ണിന്റെ അടുത്തണോടാ നിന്റെ പരാക്രെമം. ഇവനെ പോലീസിൽ ഏൽപ്പിക്കണം എത്രയും പെട്ടന്ന്.”
വക്കച്ചൻ കോപത്തോടെ പറഞ്ഞു.
“റോണി.. സെലിനെയും കുഞ്ഞിനേയും കൊണ്ട് ജെസ്സിയുടെ അടുത്തേക്ക് പൊക്കോ.ഇവിടെ നിൽക്കണ്ട “
ടോമിച്ചൻ അവരെ മുറിയിലേക്ക് പറഞ്ഞു വിട്ടു ബെഞ്ചിൽ ചോരയൊലിപ്പിച്ചിരിക്കുന്നവന്റെ നേർക്കു തിരിഞ്ഞു.
“പറഞ്ഞോ, ആരാ നിന്നെ പറഞ്ഞു വിട്ടത്. നമ്മൾ ആദ്യമായിട്ട് കാണുകയാ. അതുകൊണ്ട് നിനക്കെന്നോട് വ്യെക്തിപരമായ വൈരാഗ്യം തോനേണ്ട കാര്യമില്ല. അപ്പോൾ പിന്നെ വാടകഗുണ്ടയായ നിന്നെ ആരോ പറഞ്ഞു വിട്ടതാണ്. അത് ആരാണെന്ന എനിക്കറിയേണ്ടത്.”
ടോമിച്ചൻ ക്രൂദ്ധനായി ചോദിച്ചു കൊണ്ട് ഗ്ളൂക്കോസ് സ്റ്റാൻഡ് പൊക്കിയെടുത്തു അടിക്കാൻ ഓങ്ങി.
“അടികൊണ്ടു നീ ചാകണ്ട എങ്കിൽ പറയടാ. ആരാ നിന്നെ പറഞ്ഞു വിട്ടത് “
വക്കച്ചൻ അവന്റെ കഴുത്തിനു കുത്തി പിടിച്ചു വലിച്ചിഴച്ചു പഴയ സാധനങ്ങൾ കൂട്ടിയിടുന്നു ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി.
“ഞാൻ… പറ യാം… ഒന്നും ചെയ്യരുത് “
കൈകൂപ്പിക്കൊണ്ട് അവൻ തുടർന്നു.
“ഞാൻ സെൽവൻ..അങ്കെ തേനി താൻ എൻ സ്വദേശം.ഇങ്കെ ദേവികുളത്തു താമസം. മലയാളം നന്നായി തെരിയും.ഇങ്കെ നാൻ ഒരു കൊട്ടേഷൻ കെടച്ചത് പണ്ണറതുക്കു മട്ടും വന്താച്ച്. “
സെൽവൻ ഞരങ്ങി കൊണ്ട് പറഞ്ഞു.
” നീ ഇങ്കെ കൊലപാതകം പണ്ണിയാച്ചാ ഇതുക്കും മുന്നാടി. മണി മണി പോലെ സൊല്ലിക്കോ . ഇല്ലെ കുത്തി കീറി തൊലച്ചിടും ഉന്നെ “
വക്കച്ചൻ മലയാളം തമിഴ് സങ്കര ഭാക്ഷയിൽ മുരണ്ടു കൊണ്ട് സെൽവനെ തുറിച്ചു നോക്കി.സെൽവൻ മൗനം പാലിച്ചതും ടോമിച്ചൻ അവന്റെ തലമുടിയിൽ പിടിച്ചു പൊക്കി ഭിത്തിയിലേക്ക് ചേർത്തു വച്ചു.
“ചുങ്കിപ്പാറ സൈമണിനെയും ഭാര്യ ഗ്രേസിയും കൊല്ലപ്പെട്ടതിൽ നിനക്ക് പങ്കില്ലേ. അന്ന് രാത്രി നിന്നെ പോലെ ഒരുത്തൻ ഗസ്റ്റ് ഹൌസിൽ നിന്നും ഇറങ്ങിപോകുന്നത് കണ്ടവരുണ്ട്. അത് നീ അല്ലായിരുന്നോ?”
ടോമിച്ചൻ ഒരു കൈ ചുരുട്ടി പിടിച്ചു ഇടിക്കാൻ ഓങ്ങി കൊണ്ട് ചോദിച്ചു.
“അതേ…ഞാനാ അവരെ രണ്ടുപേരെയും കൊന്നത്. അത് നിങ്ങളുടെ തലയിൽ വയ്ക്കനായിരുന്നു ഉദ്ദേശം. പക്ഷെ അവരുടെ ശവങ്ങൾ കാണാതായത് കൊണ്ട് ഉദ്ദേശം നടന്നില്ല.”
സെൽവൻ വായിൽ നിറഞ്ഞ ചോര പുറത്തേക്കു തുപ്പി. ചോരകലർന്ന തുപ്പലിനൊപ്പം ഒരു അണപ്പല്ലുകൂടി അടർന്നു വീണു.
“ഇനി ഒരേ ഒരു ചോദ്യം. ഇതു നിന്നെകൊണ്ട് ചെയ്യിപ്പിച്ചതാര്.”
ടോമിച്ചന്റെ ചോദ്യത്തിന് ഉത്തരം പറയാതെ സെൽവൻ ഒന്ന് പരുങ്ങി.
“അധികം വിളച്ചിൽ എടുത്താൽ അടിച്ച് നിന്റെ കരണകുറ്റി പൊളിക്കും ഞാൻ “
വക്കച്ചൻ കോപത്തോടെ അമറി കൊണ്ട് സെൽവനെ ഭിത്തിയിലേക്ക് ചേർത്തമർത്തി…
“പറയാം… ഞാൻ.. എല്ലാം.. പറയാം “
സെൽവൻ ഭിത്തിയിലൂടെ താഴേക്കൂർന്നുപോയി തറയിൽ കുത്തിയിരുന്നു.
അതേ സമയം ഫാം ഹൗസിനു മുൻപിൽ ടിപ്പർ നിർത്തി ഇറങ്ങിയ ആൻഡ്രൂസ് തുറന്നു കിടക്കുന്ന കെട്ടിടത്തിനകത്തേക്ക് ചെന്നു. മുറിക്കുള്ളിൽ ഒരാൾ ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ടു ഒന്ന് ഞെട്ടി!! മുറിയിലകമാനം ഒന്ന് നോക്കി. ഭിത്തികളിലും തറയിലും ചോരതെറിച്ചു കിടപ്പുണ്ട്. തറയിൽ കിടക്കുന്ന ആളിന്റെ അടുത്ത് വന്നു കുനിഞ്ഞു മൂക്കിന്റെ ഭാഗത്തു കൈവച്ചു നോക്കി. ആള് കൊല്ലപ്പെട്ടിരിക്കുകയാണെന്നു ബോധ്യമായ ആൻഡ്രൂസ് വേഗത്തിൽ മുറിക്കു പുറത്തേക്കിറങ്ങി. ആന്റണിയുടെ പേര് വിളിച്ചു ഫാം ഹൗസിന്റെ ചുറ്റും നടന്നു നോക്കി. അവിടെയെങ്ങും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തിരിച്ചു ലോറിയുടെ സമീപത്തെത്തി ഫോണെടുത്തു ടോമിച്ചനെ വിളിച്ചു.
“ടോമിച്ചാ,ആരോ പണിതിട്ടുണ്ട്.ഫാം ഹൗസ്സിനകത്തു ആ നടേശൻ വെടിയേറ്റ് അരിപ്പപോലെ ചുരുണ്ടിരിപ്പുണ്ട്. വേറെ ആരെയും കാണാനില്ല. മുറിക്കുള്ളിൽ ഒരു പിടിവലി നടന്നതിന്റെ ലക്ഷണമുണ്ട്.നടേശനെ തട്ടി വന്നവന്മാർ ആന്റണിച്ചനെയും പൊക്കി എന്ന തോന്നുന്നത്. ഇതാരാണെന്നു വല്ല ഊഹവുമുണ്ടോ “?
ആൻഡ്രൂസ് ടോമിച്ചനോട് ചോദിച്ചു.
“ആളെ മനസ്സിലായി, ആന്റണിച്ചനെ കൊണ്ടുപോയിരിക്കുന്ന സ്ഥലവും മനസ്സിലായി. നീ ഗോഡൗണിൽ നിന്നും ഒരു രണ്ട് വീപ്പ സ്പിരിറ്റും കേറ്റി ഞാൻ പറയുന്ന സ്ഥലത്തേക്ക് വാ പെട്ടന്ന് “
ടോമിച്ചൻ പറഞ്ഞത് കേട്ടു ആൻഡ്രൂസ് ഒരു കാലെടുത്തു ലോറിയുടെ ടയറിൽ ചവിട്ടി നിന്ന് മൊബൈൽ ഇടത്തെ ചെവിയിലേക്ക് മാറ്റി പിടിച്ചു.
“ടോമിച്ചാ,, മറയൂർ ഭാഗത്തേക്ക് കൊണ്ടുപോകുന്ന ഒരു ലോഡ് സ്പിരിറ്റ എന്റെ ലോറിക്കകത്ത്. രാത്രി എട്ടുമണിക്ക് മുൻപ് അവിടെ എത്തിക്കണമെന്ന ഓർഡർ. പെട്രോൾ കൊണ്ടുപോകുന്ന ലോറിയുടെ ഡിസൈൻനിൽ ആണ് സ്പിരിറ്റ് കൊണ്ടുപോകുന്നത്. അവിടെയുള്ള ഒരു അബ്കാരിയുടെ ഏർപ്പാടാ. ഇനിയിപ്പോ നിന്റെ കാര്യത്തിന് തീരുമാനം ഉണ്ടായിട്ടേ മറയൂർക്കു പോകുന്നൊള്ളൂ. നീ സ്ഥലം പറ. ഞാനങ്ങോട്ട് തിരിക്കുവാ “
ആൻഡ്രൂസ് പറഞ്ഞിട്ട് ലോറിക്കുള്ളിലേക്ക് കയറി.
ടോമിച്ചൻ പറയുന്ന കാര്യങ്ങൾ ആൻഡ്രൂസ് ശ്രെദ്ധയോടെ കേട്ടിരുന്നു.
“ഓഹോ, അങ്ങനെയാണോ കാര്യങ്ങൾ, എങ്കിൽ രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഞാനും തിരിച്ചു പോകുന്നുള്ളു. നീ തിരിച്ചോ…”
ഫോൺ വച്ചിട്ട് ആൻഡ്രൂസ് സ്പിരിറ്റ് ലോറി സ്റ്റാർട്ടാക്കി.
****************——–*************—–******
സെൽവന്റെ കയ്യും കാലും കൂട്ടി കെട്ടി ടോമിച്ചൻ.
“വർക്കിച്ചായാ, റോണിയോട് വേണമെങ്കിൽ കാര്യങ്ങൾ പറഞ്ഞേക്ക്. പെണ്ണുങ്ങളാരും ഇപ്പോൾ ഒന്നുമറിയണ്ട.ഇന്നത്തോടെ തീരും കളികളെല്ലാം. ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനൊരവസാനം വേണം.അതെന്റെ കുഞ്ഞ് ജനിക്കുന്നതിനു മുൻപ് തന്നെ വേണം “
സെൽവനെ പൊക്കിയെടുത്തി തോളിലിട്ടു ടോമിച്ചൻ ഹോസ്പിറ്റലിന്റെ പുറത്തേക്കു നടന്നു.കൂടെ വക്കച്ചനും.ജീപ്പിനടുത്തെത്തി സെൽവനെ എടുത്തു അകത്തേക്കിട്ടു.ആളുകൾ എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവിടവിടെയായി നോക്കി നിൽക്കുകയാണ്.ജീപ്പിലേക്കു കയറാൻ തുടങ്ങിയപ്പോൾ ആണ് ശോശാമ്മ ഓടി വന്നത്.
“എടാ ടോമിച്ചാ നീ എവിടെ പോകുവാ, ദേ ജെസ്സിക്ക് എന്തോ അസ്വസ്ഥത , ലേബർ റൂമിലേക്ക് മാറ്റാൻ പോകുവാ. നീ അവളുടെ അടുത്തേക്ക് പോ വേഗം “
വക്കച്ചനെ നോക്കിയിട്ടു ടോമിച്ചൻ ശോശാമ്മയുടെ കൂടെ വേഗം അകത്തേക്ക് നടന്നു. ടോമിച്ചൻ ചെല്ലുമ്പോൾ ജെസ്സിയെ ഒരു ട്രോളിയിൽ കിടത്തിയിരിക്കുകയായിരുന്നു. ടോമിച്ചൻ അടുത്ത് ചെന്നു ജെസ്സിയുടെ കയ്യിൽ പിടിച്ചു.
“എന്താ പേടിയുണ്ടോ?പേടി വന്നാൽ എന്നെ മനസ്സിൽ വിചാരിച്ചാൽ മതി. അപ്പോ ഞാനെത്തും അരികത്തു പോരെ “
ടോമിച്ചൻ ജെസ്സിയുടെ മുഖത്തു കൈ കൊണ്ട് തലോടി.
“നിങ്ങക്ക് ആൺ കുഞ്ഞിനെ ആണോ പെൺ കുഞ്ഞിനെ ആണോ വേണ്ടത്.”
ജെസ്സി ടോമിച്ചന്റെ കണ്ണുകളിലേക്ക് നോക്കി.
“ആണായാലും പെണ്ണായാലും അത് നമ്മുടെയല്ലേ. എല്ലാ സൗകര്യങ്ങളും കൊടുത്തു ഈ ടോമിച്ചൻ പൊന്നുപോലെ നോക്കും. നിന്നെ നോക്കുന്നപോലെ. ധൈര്യമായി പോയി പെട്ടന്ന് പ്രെസവിച്ചു നമ്മുടെ കുഞ്ഞുമായി വാ. ഞാനിവിടെ കാത്തിരിക്കുന്നുണ്ടാകും.എനിക്കെന്റെ കുഞ്ഞിനെ കാണാൻ കൊതിയായി “
ടോമിച്ചൻ ജെസ്സിയുടെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു.
നേഴ്സ് വന്നു ജെസ്സിയെയും കൊണ്ട് ലേബർ റൂമിനുള്ളിലേക്ക് പോയി. ലേബർ റൂമിന്റെ വാതിലടഞ്ഞു.
ഇടനാഴിയിൽ കിടക്കുന്ന കസേരകളിൽ പോയി ശോശാമ്മയും ലില്ലിക്കുട്ടിയും ലിഷയും, സെലിനും ഇരുന്നു.
ശോശാമ്മയെ വിളിച്ചു മാറ്റി നിർത്തി പുറത്ത് വരെ പോയിട്ട് വരാം എന്ന് പറഞ്ഞു ടോമിച്ചൻ പുറത്തേക്കു നടന്നു.
ജീപ്പിൽ കേറി സ്റ്റാർട്ടാക്കി. വെട്ടിതിരിഞ്ഞു ജീപ്പ് മെയിൻ റോഡ് ലക്ഷ്യമാക്കി നീങ്ങി
……… ……………. തുടരും……………
അടുത്ത ഭാഗത്തോടെ കാവൽ അവസാനിക്കുന്നു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission