Skip to content

കാവൽ – 2

kaaval

രാവിലത്തെ കുർബാന കഴിഞ്ഞു ഫാദർ മാത്യൂസ് ലോപ്പസ് എത്തി.ടോമിച്ചന്റെ പുതിയ ബംഗ്ലാവ് “ജെസ്സി വില്ല” കുടുംബപ്രാർത്ഥനക്കു ശേഷം വെഞ്ചിരിച്ചു. ടോമിച്ചന്റെ ക്ഷണം സ്വീകരിച്ചു കുന്നേൽ വക്കച്ചൻ മുതലാളിയും കുടുംബവും നേരത്തെ എത്തിയിരുന്നു.,ഉപ്പുതറയിൽ നിന്നും കാർലോസും കുടുംബവും, കുമളിയിൽ നിന്നും സ്റ്റാലിനും മെറിനും,ഇപ്പോൾ എത്തിയതേ ഉള്ളു. കൂടാതെ ടോമിച്ചന്റെ ഷാപ്പുകളിലെയും ബാറുകളിലെയും ജീവനക്കാരും വന്നിരുന്നു.പിന്നെ കുട്ടിക്കാനത്തുള്ള കുറച്ച് നാട്ടുകാരും.

ശോശാമ്മയുടെ കൈപിടിച്ച് ജെസ്സി ആദ്യമായി വീടിനുള്ളിൽ പ്രവേശിച്ചു.ഒപ്പം ടോമിച്ചനും.പാലുകാച്ചലിനും മറ്റും കർമ്മങ്ങൾക്കും ശേഷം  എല്ലാവരും ഭക്ഷണം കഴിച്ചു.

അപ്പവും, ബിരിയാണിയും, കോഴിക്കറിയും, ബീഫ് ഫ്രൈയും, മട്ടൻ ചപ്സും പ്രധാന വിഭവങ്ങളായിരുന്നു.

“അച്ചോ കുറച്ച് കൂടി കോഴിക്കറിയും മട്ടൻ ചപ്സും  വിളമ്പട്ടേ “

കഴിച്ചു കൊണ്ടിരുന്ന ഫാദർ മാത്യൂസിനോട് ഡേവിഡ് തിരക്കി.

“വിളമ്പ് ഡേവിഡ്…. ഞങ്ങളെപ്പോലെയുള്ളവർക്ക് കോഴി, പോത്ത്,ആട് ഇവയൊടൊക്കെ ഒരു വീക്നെസ് ആണെന്നാണ് പൊതു ജനസംസാരം.”

ഫാദർ മാത്യൂസിന്റെ വാക്കുകൾ കേട്ടു കൂടിയിരുന്നവർ ചിരിച്ചു.

“വെറുതെ പറയുന്നതല്ല, ഞങ്ങൾക്ക് ഇറച്ചി ഐറ്റംസിനോട് കുറച്ച് ആക്രാന്തം കൂടുതലാ “

ഫാദർ പറഞ്ഞിട്ട് കുറച്ച് മാറി നിൽക്കുന്ന റോണിയെയും അവന്റെ അടുത്ത് നിൽക്കുന്ന സെലിനെയും നോക്കി.

“റോണി, സെലിനക്ക് വിശേഷം ഒന്നും ആയില്യോടാ “

ഫാദർ റോണിയെ നോക്കി. അടുത്ത് നിന്ന സെലിൻ ചിരിച്ചു കൊണ്ട് മാറി കളഞ്ഞു.

“അവക്ക് ഇതു മൂന്നാം മാസമാണ് അച്ചോ,”

മോളികുട്ടി പറഞ്ഞു.

“അത് നന്നായി അല്ലെ മോളികുട്ടി, കല്യാണം കഴിഞ്ഞാൽ പെട്ടന്നൊരു കുഞ്ഞ് ഒക്കെ വേണം, എങ്കിലേ ഒരു ഉത്തരവാദിത്തം ഒക്കെ ഉണ്ടാകൂ.”

ഫാദർ മാത്യൂസ് പറഞ്ഞു കൊണ്ട് ഇലയിൽ ഇരുന്ന ചിക്കൻ പീസ് എടുത്തു കടിച്ചു വലിച്ചു.

“ശോശാമ്മച്ചി, കുറച്ച് മട്ടൻ ചപ്സും, ചിക്കനും, പോത്ത് ഫ്രൈയും പൊതിഞ്ഞു കാപ്യരെ ഏൽപ്പിച്ചേക്കു. ഇന്ന് ഇനി പള്ളിയിൽ ഒന്നും വയ്ക്കുന്നില്ല “

ഫാദർ പറഞ്ഞിട്ടു ഇലയിൽ ഉണ്ടായിരുന്നത് കഴിച്ച ശേഷം കൈ വടിച്ചു നക്കി കൊണ്ട്  കൈകഴുകാൻ എഴുനേറ്റു പോയി.

“അച്ചനാണെങ്കിലും നല്ല പോളിംഗ് ആണ് അല്ലെ, വക്കച്ച “

അടുത്തിരുന്നു കഴിച്ചു കൊണ്ടിരുന്ന കാർലോസ് വക്കച്ചനോട് ശബ്‌ദം താഴ്ത്തി പറഞ്ഞു.

“നല്ല അച്ചനാ കാർലോസെ, പുഴുക്കുത്തെറ്റ വൈദികസമൂഹത്തിൽ ഇതുപോലെയുള്ള കുറച്ച് നല്ല അച്ചന്മാർ ഉണ്ട് എന്നതാണ് നമ്മുടെ സഭയുടെ ഒരാശ്വാസം “

വക്കച്ചൻ കാർലോസിനോട് പറഞ്ഞു.

അപ്പോഴേക്കും ശോശാമ്മ ഫാദർ മാത്യൂസിനു കൊടുത്തു വിടേണ്ട കറികൾ പൊതിഞ്ഞു കൊണ്ട് വന്നു കാപ്യർ ചാക്കോയെ ഏല്പിച്ചു.

“ചക്കൊച്ചേട്ടാ, ഇതെല്ലാം ഇന്ന് തന്നെ കഴിച്ചു തീർക്കണം.തേങ്ങാപാൽ ചേർത്തത് കൊണ്ട്  നാളെത്തെനായാൽ കേടായി  പോകും കേട്ടോ “

ശോശാമ്മ പറഞ്ഞത് കേട്ടു കാപ്യർ തലകുലുക്കി.

“ടോമിച്ചനെന്തിയെ.. അവനെ ഇങ്ങോട്ടൊന്നു വിളിച്ചേ.. എനിക്കൊരു രഹസ്യം പറയാനുണ്ട് “

ഫാദർ മാത്യൂസ് മുഖം തുടച്ചു കൊണ്ട് ശോശാമ്മയോട് പറഞ്ഞു.

രഹസ്യമായി മുറിയിൽ ചെന്നു ടോമിച്ചൻ ഒരു സ്മാൾ അടിച്ചോണ്ടിരിക്കുമ്പോൾ  ആണ് ജെസ്സി അങ്ങോട്ട്‌ കയറി വന്നത്.

“ങ്ങഹാ.. ഇവിടെ വന്നു ബ്രാണ്ടി കേറ്റിക്കൊണ്ടിരിക്കുകയാണോ? നിങ്ങളെ അച്ചൻ അവിടെ അന്വേഷിക്കുന്നുണ്ട്. അങ്ങോട്ട്‌ ചെല്ല് “

ജെസ്സി പറഞ്ഞത് കേട്ടു ഗ്ലാസിൽ ഉണ്ടായിരുന്നത് വായിലേക്കൊഴിച്ചിട്ടു ടോമിച്ചൻ ജെസ്സിയെ നോക്കി.

“ങ്ങാ ഞാൻ വരുവാ.. നീ അങ്ങോട്ട്‌ പൊക്കോ “

ടോമിച്ചൻ പറഞ്ഞിട്ട് ഒരു സിഗററ്റ് എടുത്തു ചുണ്ടിൽ വച്ചു.

ജെസ്സി ദേഷ്യത്തോടെ ടോമിച്ചന്റെ ചുണ്ടിൽ നിന്നും സിഗർറ്റ് എടുത്തു ദൂരേക്ക് എറിഞ്ഞു.

“അച്ചനെ കണ്ടിട്ട് വന്നു വലിച്ചാൽ മതി. അച്ചൻ പോകാൻ നിൽക്കുവാ “

ജെസ്സി പോകാൻ തിരിഞ്ഞതും ടോമിച്ചൻ അവളുടെ കയ്യിൽ പിടിച്ചു തന്റെ അടുത്തേക്ക് ഒറ്റ വലി.

ജെസ്സി ടോമിച്ചന്റെ മാറിലേക്ക് ചെന്നു വീണു. ടോമിച്ചൻ ജെസ്സിയെ ചേർത്തു പിടിച്ചു.

“നിങ്ങളെന്തോന്നാ ഈ കാണിക്കുന്നത്. താഴെ ആളുകൾ അന്വേഷിക്കുന്നുണ്ടാകും. അപ്പോഴാ ഒരു ശൃംഗാരം.”

ജെസ്സി കുതറി മാറാൻ നോക്കി.

“കുറച്ച് മദ്യപിച്ചു ഇതുപോലെ ഏകാന്തമായ സ്ഥലത്തു നിൽക്കുമ്പോൾ ഭാര്യയെ കണ്ടാൽ അവളുടെ സൗന്ദര്യം ഇരട്ടിയായി തോന്നുമെടി ജെസ്സി എല്ലാ ഭർത്താക്കന്മാർക്കും. അതുപോലെ എനിക്കും തോന്നി. പ്രേതേകിച്ചും നീ ആകുമ്പോൾ പറയുകയും വേണ്ട.”

ടോമിച്ചൻ ജെസ്സിയുടെ കണ്ണുകളിലേക്ക് സ്നേഹപൂർവ്വം  നോക്കി.

“ഛെ ഇങ്ങനെ കണ്ണിലേക്കു നോക്കാതെ മനുഷ്യ,എനിക്കും എന്തെങ്കിലും ഒക്കെ തോന്നും. വെറുതെ ഇരിക്കുന്ന എന്നെ പ്രലോഭപ്പിക്കരുത്. നിയന്ത്രണം വിട്ടാൽ ആകെ കുഴപ്പമാകും.ഇതിനൊക്കെ ഒരു സമയവും കാലവും ഒക്കെ ഇല്ലേ . അങ്ങോട്ട്‌ മാറി നിൽക്ക് “

ജെസ്സി ടോമിച്ചനെ തള്ളിമാറ്റി കൊണ്ട് പറഞ്ഞു.

“അപ്പോ നിന്നെ പ്രലോഭപ്പിക്കണം കാര്യം നടക്കണമെങ്കിൽ അല്ലെ. ശരി ടോമിച്ചൻ ഇന്ന് മുതൽ ഒരു പ്രലോഭിതൻ ആയിരിക്കും “

ടോമിച്ചൻ ചിരിച്ചുകൊണ്ട് വാതിലിനു നേരെ നടന്നു.

“അവിടെ നിന്നെ’ പ്രലോഭിതൻ “

ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ തിരിഞ്ഞു നോക്കി.

“പ്രലോഭനം എന്റെ അടുത്ത് മാത്രം മതി കേട്ടല്ലോ. എന്തായാലും എന്നെ കെട്ടിപിടിച്ചതല്ലേ, ഇതു വച്ചോ “

ജെസ്സി ടോമിച്ചന്റെ അടുത്ത് ചെന്നു കവിളിൽ ഒരു ഉമ്മ

കൊടുതിട്ടു പുറത്തേക്കു ഓടി പോയി.

ടോമിച്ചൻ പുറത്തേക്കു ചെല്ലുമ്പോൾ ഫാദർ മാത്യൂസ് ടോമിച്ചനെ നോക്കി വെയിറ്റ് ചെയ്യുകയായിരുന്നു.

“എന്താ അച്ചോ അന്വേഷിച്ചത് “

ടോമിച്ചന്റെ ചോദ്യം കേട്ടു ഫാദർ പറഞ്ഞു.

“ടോമിച്ചാ നിനക്കറിയാമല്ലോ പള്ളിയുടെ വക ഒരനാഥാലയം ഉള്ള കാര്യം.അവിടെ പത്തറുപതു വൃദ്ധരും അനാഥരുമായ ആളുകൾ ഉണ്ട്. അവിടുത്തെ കാര്യങ്ങളൊക്കെ വളരെ കഷ്ടത്തില… ഓരോ ദിവസവും പട്ടണിയില്ലാതെ തള്ളി വിടുന്നത് എങ്ങനെ ആണെന്ന് എനിക്കെ അറിയൂ. നീ എന്തെങ്കിലും ഒന്ന് ചെയ്തു തരണം. അതിനാ നിന്നെ നോക്കി നിന്നത്.”

ഫാദർ മാത്യൂസ് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.ടോമിച്ചൻ അത് ശ്രെദ്ധിച്ചു.

“അച്ചോ,ഈ ടോമിച്ചനോട് അച്ചന് എന്തും ചോദിക്കാം. അതിനൊള്ള അവകാശം അച്ചനുണ്ട്. അച്ചൻ ഇനി എന്നോട് എന്തെങ്കിലും ചോദിക്കുമ്പോൾ അധികാരത്തോടെ ചോദിക്കണം,കേട്ടോ. അച്ചോ ടോമിച്ചൻ ആ അനാഥാലയം അങ്ങോട്ട്‌ ഏറ്റെടുക്കുവാ. ഒരു കുറവും വരുത്താതെ അവരെയെല്ലാം ഞാൻ നോക്കും പോരെ “

ഫാദർ ടോമിച്ചനെ സൂക്ഷിച്ചു നോക്കി.

“നിന്നെ പോലെ ഉള്ളവരെയ കർത്താവ് ആഗ്രഹിക്കുന്നത്. നിനക്ക് ജീവിതത്തിൽ ഉയർച്ച മാത്രമേ ഉണ്ടാകൂ. എന്ന ഞാൻ പോകുവാ, പള്ളിയിൽ പണിക്കാരുണ്ട്.”

ഫാദർ നടക്കാൻ തുടങ്ങിയപ്പോൾ ടോമിച്ചൻ ഒരു പ്ലാസ്റ്റിക് കൂട് എടുത്തു ഫാദറിന്റെ കയ്യിൽ കൊടുത്തു.

“അച്ചോ, മുന്തിയ ഇനം വീഞ്ഞാ… കർത്താവും വീഞ്ഞ് കുടിക്കതില്ലായിരുന്നോ. കിടക്കാൻ നേരത്തു അരഗ്ലാസ് വീതം അങ്ങ് കുടിച്ചിട്ട് കിടന്നാൽ ഉറങ്ങിപോകുന്നത് അറിയുകേല…”

ടോമിച്ചൻ പറയുന്നത് കേട്ടു ഫാദർ പ്ലാസ്റ്റിക് കവർ മേടിച്ചു.

“ഞാൻ ചോദിക്കണം എന്നോർത്തതാ. നീ വല്ലതും വിചാരിച്ചാലോ എന്നോർത്ത ചോദിക്കാത്തത് “

ഫാദർ കാപ്യരുടെ കൂടെ ബൈക്കിൽ കയറി പോകുന്നതും നോക്കി ടോമിച്ചൻ നിന്നു.

രണ്ടു കേയ്‌സ് നിറയെ മദ്യക്കുപ്പികൾ കൊണ്ട് വന്നു ഡേവിഡ് വന്നവർക്കു മദ്യപിക്കാനുള്ള ഒരുക്കങ്ങൾ വീടിന്റെ പുറകിലുള്ള സ്റ്റോർ റൂമിൽ നടത്തി.

ആവശ്യമുള്ളവരെല്ലാം അങ്ങോട്ട്‌ പോകുകയും മദ്യപിക്കുകയും ചെയ്തു കൊണ്ടിരുന്നു.

ടോമിച്ചൻ വക്കച്ചനും കാർലോസ്സിനുമുള്ള കുപ്പികൾ നേരത്തെ തന്നെ അവരെ ഏല്പിച്ചിരുന്നു.

റോണിയും സ്റ്റാലിനും ഭാര്യമാരുടെ കണ്ണുവെട്ടിച്ചു വീടിന്റെ പുറകിൽ ചെന്നു ഓരോ ലാർജ് വീതം അടിച്ചു കൊണ്ടിരുന്നു.

“ചേച്ചി നമ്മുടെ ഭർത്താക്കന്മാർ ഇടക്കിടെ മുങ്ങുന്നത് മദ്യസേവക്ക “

മെറിൻ സെലിനോട് പറഞ്ഞു.

“നീ അത് ശ്രെദ്ധിക്കണ്ട, വല്ലപ്പോഴും അല്ലെ ഉള്ളത്. ഒരാഘോഷം. കാര്യമാക്കണ്ട “

സെലിൻ മെറിനെ ചേർത്തു പിടിച്ചു ആശ്വാസിപ്പിച്ചു.

“എന്താ ഇവിടെ രണ്ടുപേരും കൂടി ഒരു രഹസ്യം പറച്ചില് “

ഫ്രഡി ചോദിച്ചു കൊണ്ട് അങ്ങോട്ട്‌ വന്നു.കൂടെ സ്റ്റാലിനും.

“ഒന്നുമില്ല ഇച്ചായ , ഞങ്ങൾ വേറെ ചില കാര്യങ്ങൾ പറഞ്ഞതാ..”

സെലിൻ പറഞ്ഞു. മെറിൻ സ്റ്റാലിനെ സൂക്ഷിച്ചു നോക്കി. സ്റ്റാലിൻ ഒന്നുമറിയാത്തവനെ പോലെ ഭക്ഷണം വിളമ്പുന്നിടത്തേക്ക് പോയി.

“നിങ്ങൾ എവിടെ പോയിരിക്കുകയായിരുന്നു. ഞാൻ എത്രനേരമായി അന്വേഷിക്കുന്നു “

സെലിൻ വീടിന്റെ പുറകിൽ നിന്നും വന്ന റോണിയുടെ അടുത്തേക്ക് ചെന്നു.

“ഒരു കാര്യം പറഞ്ഞേക്കാം. വെറുതെ കിട്ടന്നതാണെന്നു കരുതി ഉള്ള മദ്യം മുഴുവൻ വലിച്ചു കേറ്റി എനിക്ക് നാണക്കേട് ഉണ്ടാക്കരുത്. നമ്മുടെ വീട്ടുകാർ എല്ലാം ഉണ്ടിവിടെ.എന്റെ വയറ്റിൽ ഒരു കൊച്ചു കിടപ്പുണ്ട്. അതോർത്തോണം “

സെലിൻ ദേഷ്യത്തോടെ പറഞ്ഞു.

“പോടീ അവിടുന്ന് ഗർഭിണി ആണ് എന്നൊന്നും ഞാൻ നോക്കുകേല, ചവിട്ടി കൂട്ടി കളയും. പറഞ്ഞില്ലാന്നു വേണ്ട “

റോണി തമാശ രൂപേണ പറഞ്ഞിട്ട് കയ്യിൽ എടുത്തു പിടിച്ച അപ്പം മട്ടൻ ചപ്സിൽ മുക്കി വായിൽ വച്ചു.

പിന്നെ അപ്പത്തിൽ നിന്നും കുറച്ചെടുത്തു സെലിന്റെ വായിൽ വച്ചു കൊടുക്കാൻ ചെന്നു.

“പോ മനുഷ്യ അവിടുന്ന്, ആളുകൾ നോക്കുന്നു. നാണം കെടുത്തിയെ അടങ്ങൂ “

സെലിൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.

“നീ എന്റെ ഭാര്യ അല്ലെ, അല്ലാതെ വെറുതെ രസത്തിനു കൂടെ കൊണ്ടുവന്ന രഹസ്യ കാമുകി ഒന്നുമല്ലല്ലോ “

പറഞ്ഞു തീർന്നതും  റോണി ഒറ്റച്ഛർദി.റോണിയുടെ ദേഹത്തും  കയ്യിലിരുന്ന അപ്പത്തിലും കറിയിലും വീണു.

ഫ്രഡ്‌ഡി ഓടിവന്നു റോണിയെയും കൊണ്ട് ബാത്‌റൂമിലേക്ക് പോയി.കൂടെ സെലിനും.

“ഫ്രഡ്‌ഡി അളിയാ…അളിയന്റെ പെങ്ങളുണ്ടല്ലോ, എന്റെ ഭാര്യ സെലിൻ, അവള് വന്നേ പിന്നെയാ റോണിക്ക് നന്നായി ജീവിക്കണമെന്ന് ഒരു തോന്നൽ ഉണ്ടായതു. അവളെ കിട്ടിയത് എന്റെ ഭാഗ്യമാണ്.അളിയാ . ഭാഗ്യം “

പറഞ്ഞിട്ട് ഫ്രഡ്‌ഡിയുടെ മുഖത്തേക്ക് നീട്ടി ഒരു തുപ്പ്.തുപ്പൽ ഫ്രഡ്‌ഡിയുടെ മുഖത്തു തെറിച്ചു.

“ച്ചെ… ഈ മനുഷ്യൻ എന്താ ഈ കാണിക്കുന്നത്, അങ്ങോട്ട് കേറ് മനുഷ്യ, കുടിച്ചു ബോധമില്ലാതെയാ നിങ്ങടെ ഭാര്യയെ പുകഴ്ത്തൽ “

ഫ്രഡ്‌ഡിയും സെലിനും കൂടി ബാത്‌റൂമിലേക്ക് റോണിയെ തള്ളി കയറ്റി.

ടോമിച്ചൻ കൊടുത്ത ഫുൾ ബോട്ടിലെ കാലിയാക്കി വക്കച്ചനും കാർലോസും ഫിറ്റായി ഇരുന്നു.

“വക്കച്ച, എന്റെ ജോഷിമോൻ പോയതിൽ പിന്നെ ആദ്യമായ ഒരു ആഘോഷത്തിൽ പങ്കെടുക്കുന്നത്. സങ്കടം ഒക്കെ മറക്കണം. അതിനാ കുടിച്ചത് “

കാർലോസ് വക്കച്ചന്റെ കയ്യിൽ പിടിച്ചു.

“കാർലോസെ, എല്ലാം കർത്താവിന്റെ നിയോഗം ആണ്. നമ്മൾ അദേഹത്തിന്റെ ആഞ്ജനുവർത്തികൾ മാത്രം.”

വക്കച്ചൻ കസേരയിൽ ചാരികിടന്നു.

ടോമിച്ചനും ഡെവിഡും കൂടി ഓടി നടന്നു വന്നവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു കൊണ്ടിരുന്നു. മോളികുട്ടിയും എൽസമ്മയും, അന്നമ്മ ചേടത്തിയും എല്ലാം അടുക്കളയിൽ ജെസ്സിയുടെയും വേലക്കാരി ശാന്തയുടെയും  കൂടെ നിന്നു.മത്തായിച്ചൻ അടിച്ചു പൂസായി തെന്നിത്തെറിച്ചു ആളുകളുടെ ഇടയിലൂടെ നടക്കുന്നുണ്ടായിരുന്നു.

ഉച്ചക്കുള്ള ഊണും കഴിഞ്ഞു വന്നവരെല്ലാം യാത്രയായി.

സ്റ്റാലിനും മെറിനും വക്കച്ചന്റെ കുടുംബത്തോടൊപ്പം കുന്നുമ്മേൽ ബംഗ്ലാവിലേക്കു പോയി.

കാർലോസും കുടുംബവും വക്കച്ചൻ പോയതിനു പുറമെ ഇറങ്ങി.

എല്ലാവരും പോയി അവസാനം ശോശാമ്മയും ജെസ്സിയും ടോമിച്ചനും ഡേവിഡും ശാന്തയും മാത്രമായി.

ശോശാമ്മ ഒരത്ഭുത ലോകത്തായിരുന്നു. ഒരിക്കൽ പോലും സ്വോപ്നം കാണാൻ പോലും പറ്റാത്ത ഉയരത്തിലാണ് എത്തിയിരിക്കുന്നത്. അതിന് കർത്താവിനു നന്ദി പറഞ്ഞു.

രണ്ടു മണി ആയപ്പോൾ ടോമിച്ചൻ ജെസ്സിയുടെ അടുത്തേക്ക് ചെന്നു.

“ഞാൻ ഒരു സ്ഥലം വരെ പോകുവാ, ഡേവിഡും ഉണ്ട് കൂടെ, രാത്രി ആയിട്ടേ വരൂ, അമ്മയോടും പറഞ്ഞേക്ക് “

ടോമിച്ചൻ പുറത്തേക്കു നടന്നു.

“നിങ്ങള് പോകുന്ന ആ സ്ഥലത്തിന് പേരൊന്നും ഇല്ലേ, അതോ നിങ്ങള് ചെന്നിട്ടു വേണോ പേരിടാൻ “

ജെസ്സി വിളിച്ചു ചോദിച്ചു.

“അതേ, ഞാൻ ചെന്നു മാമോദിസയും നടത്തി, പേരും ഇട്ടാലേ ആ സ്ഥലം ആളുകൾ തിരിച്ചറിയത്തൊള്ളൂ.  ഞാൻ തിരിച്ചു വന്നിട്ട് ബാക്കി  മറുപടി പറയാം.”

തിരിഞ്ഞു നോക്കി പറഞ്ഞിട്ട് ടോമിച്ചൻ ഡേവിഡിന്റെ അടുത്തേക്ക് ചെന്നു.

“ഡേവിഡേ.. നമുക്ക് അടിവാരം  വരെ ഒന്ന് പോകണം. ജയിലിൽ വച്ചു കൂടെ ഉണ്ടായിരുന്ന ഒരു ആന്റണി ഉണ്ട്. അവന്റെ വീട്ടിൽ പോകാനാ , ജീപ്പ് എടുത്തോ, അതിൽ പോകാം “

ഡേവിഡ് ജീപ്പ് എടുത്തു കൊണ്ടുവന്നു.

ടോമിച്നും കയറി അടിവാരത്തേക്ക് തിരിച്ചു.മൂന്നര കഴിഞ്ഞപ്പോൾ പൂഞ്ഞാറിൽ എത്തി. ഒരു ചായക്കടയിൽ കയറി ചായകുടിച്ച ശേഷം അടിവാരത്തിനു പോയി. അടിവാരത്തു ചെന്നു ഒരു മുറുക്കാൻ കടക്കാരനോട് ആന്റണിയുടെ വീട് തിരക്കി. കടക്കാരൻ സംശയത്തോടെ ടോമിച്ചനെ നോക്കി.

“ആന്റണിയുടെ ആരാ, ആന്റണി ജയിലിലാ, പിന്നെ ഭാര്യയും മക്കളുമാ വീട്ടിൽ ഉള്ളത്. പേടിച്ചിട്ടു അങ്ങോട്ടാരും പോകാറില്ല.”

കടക്കാരൻ പറഞ്ഞിട്ട് ആന്റണിയുടെ വീട് പറഞ്ഞു കൊടുത്തു.

അടിവാരം ടൗണിൽ നിന്നും മുകളിലേക്കു  കിടക്കുന്ന വഴിയേ  കയറ്റം കയറി ജീപ്പ് ഒരു ഓടിട്ട  വീടിന് മുൻപിൽ എത്തുമ്പോൾ അവിടെ മറ്റൊരു ജിപ്സി കിടപ്പുണ്ടായിരുന്നു.അതിൽ ചാരി മൂന്നുനാല് ചെറുപ്പക്കാർ നിൽക്കുന്നു. മറ്റൊരാൾ ഒരു പെൺകുട്ടിയുടെ കയ്യിൽ പിടിച്ചിരിക്കുന്നു. അവർ കരയുന്നുണ്ട്. അവനെ ചൂലുകൊണ്ട് ആക്രമിക്കുന്ന ഒരു സ്ത്രിയും കൂടെ മറ്റൊരു പെൺകുട്ടിയും.ഒറ്റനോട്ടത്തിൽ തന്നെ അത് ആന്റണിയുടെ ഭാര്യ ലില്ലിക്കുട്ടിയും  പെണ്മക്കൾ ലിജിയും ലിഷയും  ആണെന്ന് ടോമിച്ചന് മനസ്സിലായി.

ജീപ്പ് വന്നു നില്കുന്നത് കണ്ടു അവരുടെ ശ്രെദ്ധ അങ്ങോട്ടായി.

,”എന്തോ പ്രശ്നം ഉണ്ടല്ലോ, കണ്ടിട്ട് പന്തിയല്ല. ആ പെൺകുട്ടിയെ അവന്മാരുടെ വണ്ടിയിൽ പിടിച്ചു കേറ്റി കൊണ്ടുപോകാനുള്ള ശ്രെമത്തിൽ ആണെന്ന് തോന്നുന്നു. “

ജീപ്പിൽ നിന്നും ഇറങ്ങിക്കൊണ്ട് ഡേവിഡ് പറഞ്ഞു.

കൂടെ ഇറങ്ങിയ ടോമിച്ചന്റെ അടുത്തേക്ക് ലില്ലിക്കുട്ടിയും ലിഷയും  ഓടി വന്നു.

“രക്ഷിക്കണം സാറെ… ഞങ്ങളെ രക്ഷിക്കണം.. എന്റെ മോളേ അവന്മാര് കൊണ്ടുപോകാൻ നോക്കുകയാ. എന്റെ പെൺകുട്ടികളെ ഇവന്മാരുടെ കയ്യിൽ നിന്നും രക്ഷിക്കണം സാറെ…ഇവന്മാരുടെ ശല്യം കാരണം മനസമാധാനത്തോടെ എന്റെ കുഞ്ഞുങ്ങൾക്ക് ഇവിടെ കഴിയാൻ പറ്റുന്നില്ല  . ഞങ്ങളെ രക്ഷിക്കണം “

കൈ കൂപ്പി കരഞ്ഞു കൊണ്ട് ലില്ലികുട്ടി  ടോമിച്ചന്റെ കാൽ ചുവട്ടിൽ ഇരുന്നു.

ടോമിച്ചൻ അവരെ പിടിച്ചെഴുനേൽപ്പിച്ച ശേഷം ജിപ്സിക്ക് നേരെ നടന്നു. കൂടെ ഡെവിഡും.

ലിജിയുടെ  കൈക്കു പിടിച്ചു കൊണ്ടിരുന്നവന്റെ അടുത്തേക്ക് ചെന്നു.

“നിങ്ങളൊക്കെ ആരാ, എന്തിനാ ഇവരെ ഉപദ്രവിക്കുന്നത് “

ഡേവിഡ് ചോദിച്ചു.

ലിജിയുടെ  കയ്യിൽ പിടിച്ചു കൊണ്ട് നിന്നവൻ പിടി വിടാതെ ഡേവിഡിന് നേരെ തിരിഞ്ഞു.

“നീ ആരാടാ എന്നോട് ചോദിക്കാൻ. യേ.. ഞാൻ ഷെബി. എക്സ് എം ൽ എ ചുങ്കിപ്പാറ സൈമണിന്റെ മകനാ. ഇതൊക്കെ ഇവിടെയുള്ള പ്രമാണിമാരുടെ മക്കളാ… എന്ത് വേണം നിനക്ക് “

കൈചൂണ്ടി കൊണ്ട് ഷെബി ഡേവിഡിന് നേരെ അട്ടഹാസിച്ചു.

“ഞാൻ ടോമിച്ചൻ. ഇതു ഡേവിഡ്… നിങ്ങൾ എന്തിനാണ് ആ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചിരിക്കുന്നത്. അത് മോശമല്ലേ. ഒരു സ്ത്രിയുടെ അനുവാദമില്ലാതെ അവരുടെ ദേഹത്ത് തൊടുന്നത് തന്നെ തെറ്റല്ലേ.പിന്നെ വീട്ടിൽ കേറി അതിക്രെമം കാണിക്കാൻ ഇതെന്താ വെള്ളരിക്ക പട്ടണമാണോ. ങേ…. നീ എക്സ് എം ൽ എ യുടെ മകനോ, മരുമകനോ ആരുമായി കൊള്ളട്ടെ. ആ പെങ്കൊച്ചിന്റെ കയ്യിൽ നിന്നും വിട്, ഇവിടെ പാവപെട്ടവർക്കും ജീവിക്കണ്ടേ “

ടോമിച്ചൻ മുണ്ടെടുത്തു മടക്കി കുത്തി.

“ഇതൊക്കെ ചോദിക്കാൻ നീ ആരാടാ വരത്ത  ഇവരുടെ, രഹസ്യകാരനോ. അതോ കൂട്ടികൊടുപ്പ് കാരനോ, ഞങ്ങളോട് കളിച്ചിട്ട് ഇ അടിവാരം ഇറങ്ങത്തില്ല ഒരുത്തനും. അതുകൊണ്ട് ഞങ്ങടെ പണിക്കു തടസ്സം വരുത്താതെ മക്കള് ചെല്ല്. ഇല്ലെങ്കിൽ ഇറച്ചിയിൽ മണ്ണ് പറ്റും “

ഷെബി പറഞ്ഞതും കൂടെയുള്ളവർ ടോമിച്ചനെയും ഡേവിഡിനെയും വളഞ്ഞു നിന്നു.

“അപ്പോ എം ൽ എ യുടെ മോൻ ഈ പെങ്കൊച്ചിനെയും കൊണ്ടേ പോകൂ അല്ലെ “

ജൂബയുടെ കൈ തെറുത്തു കേറ്റി കൊണ്ട് ടോമിച്ചൻ ചോദിച്ചു.

“കൊണ്ടേ പോകൂ, ടോമിച്ചാ, ഇവളെ കൊണ്ട് ചെല്ലാമെന്നു ടി ബി യിൽ വെയിറ്റ് ചെയ്യുന്ന മുൻ മന്ത്രിയും ഇപ്പോഴത്തെ എം ൽ എ യുമായ കുര്യൻ പാപ്പിക്കു വാക്ക് കൊടുതിട്ടാ വന്നത്. കേട്ടോടാ ഉവ്വേ “.. ഷെബിൻ പരിഹാസത്തോടെ ടോമിച്ചനെ നോക്കി.

“കേട്ടെടാ ഉവ്വേ,പാവപെട്ട വീട്ടിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന പെൺകുട്ടികളെ കൂടെ കിടത്തിയാലേ  ഇവനൊക്കെ നാട് ഭരിക്കാനും പെടുക്കാനും പറ്റത്തൊള്ളോ.” ടോമിച്ചൻ ചോദിച്ചതും

പെട്ടന്ന് പുറകിൽ നിന്നവൻ ടോമിച്ചനെ അടിച്ചു.ഡേവിഡ്  പെട്ടന്ന് അവന്റെ കൈ തട്ടി നെഞ്ചത്ത് ആഞ്ഞോരിടി.അതേ നിമിഷം മുൻപോട്ടു കുതിച്ച ടോമിച്ചൻ ഷെബിയുടെ മൂക്കിന്റെ പാലം തകർക്കുന്ന രീതിയിൽ ഒരിടി ഇടിച്ചു.ഷെബിയിൽ നിന്നും ഒരു നിലവിളി ഉയർന്നു. അതോടൊപ്പം തല്ലാൻ വന്ന മറ്റൊരുത്തന്റെ കഴുത്തിൽ കൈപ്പത്തി കൊണ്ട് ആഞ്ഞൊരു വെട്ടും കൊടുത്തു . അവൻ നിലവിളിച്ചു കൊണ്ട് ഒരു വശത്തേക്ക് ചെരിഞ്ഞു.

മൂക്കിന്റെ പാലം തകർന്ന് ചോരയൊലിപ്പിച്ചു മുൻപോട്ടു വേച്ചു പോയ ഷെബിയെ ടോമിച്ചൻ  ഷർട്ടിന്റെ കോളറിൽ പിടിച്ചു കറക്കി പൊക്കി തലകുത്തനെ  ജിപ്സിയുടെ ബോണറ്റിൽ ഇടിച്ചിരുത്തി. ഷെബിയുടെ തലകൊണ്ടുള്ള ഇടിയേറ്റ് ബോണറ്റു ചളുങ്ങി വലിയൊരു ശബ്ദത്തോടെ മുകളിലേക്കു തെറിച്ചു. ഷെബി ഒരലർച്ചയോടെ  ജിപ്സിയുടെ മുകളിലൂടെ ദൂരേക്ക് തെറിച്ചു വീണു. അപ്പോഴേക്കും ഡേവിഡ് ഒരുത്തനെ അടിച്ചു നിലം പരിശാക്കിയിരുന്നു.പാഞ്ഞടുത്ത മറ്റൊരുത്തന്റെ നാഭിക്കു  ടോമിച്ചൻ മുട്ടുകാൽ മടക്കി ഇടിച്ചു. മുൻപോട്ടു കുനിഞ്ഞ അവനെ എടുത്തുയർത്തി ജിപ്സിക്ക് നേരെ എറിഞ്ഞു. അവൻ ജിപ്സിയുടെ മുൻഗ്ലാസ് തകർത്തു ഉള്ളിൽ പോയി വീണു.

നിലത്തു നിന്നു കൈപൊക്കി എഴുനേൽക്കാൻ ശ്രെമിച്ചുകൊണ്ടിരുന്ന ഷെബിയെ പൊക്കിയെടുത്തു ജിപ്സിയിൽ ചാരി നിർത്തി.

“എടാ എക്സ് എം ൽ എ യുടെ കൊച്ചു കഴുവേറി മോനെ, പെൺപിള്ളേരുള്ള പാവപെട്ടവർക്ക് നീ ഒക്കെ കാരണം ഇവിടെ ജീവിക്കാൻ പറ്റത്തില്ല അല്ലെ. എല്ലാം അറിഞ്ഞിട്ടു തന്നെയാ ഞാൻ വന്നത്. പ്രമാണി മാരുടെ മക്കളുടെ സൂക്കേട് തീർക്കാൻ പാവപ്പെട്ടവന്റെ വീട് മാത്രമേ നീ കണ്ടൊള്ളു. ഇനി ഈ പരിസരത്ത് നിന്നെപോലെ  ഒറ്റയൊരുത്തനെ കണ്ടു പോകരുത്. അതല്ല ഇനിയും ഈ വീട്ടുക്കാരെ ഉപദ്രെവിക്കാൻ പരിപാടി ഉണ്ടെങ്കിൽ എല്ലാത്തിനെയും സ്പിരിറ്റിൽ മുക്കി കത്തിച്ചു ചാരമാക്കി പറത്തി കളയും ഞാൻ. എല്ലാം നാറികളും കേൾക്കാന പറയുന്നത്. ദ്രവിച്ചു മണ്ണടിയറായ  ഇന്ത്യൻ പീനൽ കോഡിൽ അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന ചാരത്തിൽ നിന്നും തെളിവ് കണ്ടു പിടിക്കാനുള്ള വകുപ്പൊന്നും എഴുതി വച്ചിട്ടില്ല. അത് കണ്ടുപിടിക്കാനുള്ള കഴിവുള്ള അന്വേഷണഉദ്യോഗസ്ഥർ ജനിച്ചിട്ടുമില്ല. ടോമിച്ചന ഇതു ചെയ്യുന്നതെങ്കിൽ. അതോർത്തോണം നീയൊക്കെ. തെളിവില്ലാതെ തീർത്തു കളയും. നിന്നെയൊക്കെ “

ടോമിച്ചൻ ഷെബിയുടെ മുഖത്തിനിട്ടു ഒരു തട്ട് കൊടുത്ത് കൊണ്ട് താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.

ഡേവിഡ് നിലത്തു കിടന്നിരുന്നവരെ ഓരോരുത്തരെ ആയി പിടിച്ചു വലിച്ചു ജിപ്സിക്കുള്ളിൽ കൊണ്ടിട്ടു.

ചോരയൊലിക്കുന്ന മുഖത്തോടെ ഷെബി ജിപ്സിയിൽ കയറി സ്റ്റാർട് ചെയ്തു.

“പറഞ്ഞത് കേട്ടല്ലോ, നിർത്തിക്കോണം ഇങ്ങോട്ടുള്ള നിന്റെ പൂതിയും ആക്രാന്തവും.ഇനി സംസാരമില്ല. പ്രവർത്തി മാത്രം,പിന്നെ അടിവാരത്തല്ല, എതു കോത്താഴത്തു വന്നാലും ടോമിച്ചൻ തിരിച്ചു പോകും. വീട്ടിൽ ഇരിക്കുന്ന അമ്മയോടും കെട്യോളോടും തിരിച്ചു ചെല്ലുമെന്നു വാക്ക് കൊടുത്തിട്ടാ  ഞാൻ ഇങ്ങോട്ട് വന്നത്, മാത്രമല്ല കെട്ടിയിട്ടു ഹണിമൂൺ പോലും കഴിഞ്ഞിട്ടില്ല എന്റെ   “

ഡ്രൈവിംഗ് സീറ്റിനടുത്തെത്തി ഒരിക്കൽ കൂടി ഷെബിയേ ഓർമപ്പെടുത്തി, കണ്ണിറുക്കി  ടോമിച്ചൻ.

ജിപ്സി ഇരമ്പിക്കൊണ്ട് മുൻപോട്ടു നീങ്ങി, ഇറക്കമിറങ്ങി പോകുന്നത് പേടിയോടെ ആന്റണിയുടെ ലില്ലിക്കുട്ടിയും  മക്കളും  നോക്കി നിന്നു.

“സാറെ വളരെ നന്ദി… പക്ഷെ അവന്മാർ ഇനിയും വരുമോ… വെറും തല്ലിപൊളികളാ… എന്റെ പെൺകുട്ടികളെയും കൊണ്ട്  പേടിച്ചിട്ടാണ് ഞാൻ ഇവിടെ കഴിയുന്നത്. അങ്ങേരു ജയിലിൽ പോയതിൽ പിന്നെയാണ് ഇവന്മാരുടെ ശല്യം. എന്ത് ചെയ്യണം എന്നെനിക്കു അറിയില്ല”

ലില്ലിക്കുട്ടി കരഞ്ഞു.

“ഇനി മുതൽ നിങ്ങളെ ആരും ഇവിടെ വന്നു ശല്യം ചെയ്യില്ല. പോരെ. ഞാൻ നോക്കിക്കൊള്ളാം. ജയിലിൽ ആന്റണി എന്റെ കൂടെ ആയിരുന്നു. എല്ലാ കാര്യവും എന്നോട് പറഞ്ഞിട്ടുണ്ട് “

ടോമിച്ചൻ പറഞ്ഞു.

“കുറച്ച് ദിവസത്തേക്ക് അടിവാരത്തു എന്റെ കുറച്ചാളുകൾ കാണും. “

ടോമിച്ചൻ ജീപ്പിന്റെ ഡാഷ് ബോർഡിൽ നിന്നും അഞ്ഞൂറിന്റെ ഒരുകെട്ട് നോട്ടെടുത്തു ലില്ലിക്കുട്ടിയുടെ കയ്യിൽ കൊടുത്തു. പിന്നെ ലിജിയെയും ലിഷയെയും അടുത്ത് വിളിച്ചു

“നിങ്ങടെ പപ്പാ വരുന്നത് വരെ നിങ്ങക്കൊരു കുഴപ്പവും വരാതെ നോക്കിക്കൊള്ളാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഡേവിഡ് വന്നു ചെയ്‌ത്‌ തരും..”

ഡേവിഡ് ഒരു ഫോൺ നമ്പർ എടുത്തു ലിജിയുടെ കയ്യിൽ കൊടുത്തു. വളരെ സുന്ദരിയായ ഒരു യുവതി ആണ് ലിജി എന്ന് ഡേവിഡിന് തോന്നി.ശാലീന സുന്ദരി. ഡേവിഡ് തന്നെ ശ്രെദ്ധിക്കുന്നത് കണ്ടു ലിജി നോട്ടം മാറ്റി.

അരമണിക്കൂർ നേരം സംസാരിച്ചിരുന്ന ശേഷം ടോമിച്ചനും ഡേവിഡും മടങ്ങി.ഏഴുമണി ആയപ്പോൾ അവർ കുട്ടിക്കാനത്തെത്തി.വീടിന് മുൻപിൽ ജീപ്പ് നിർത്തി ടോമിച്ചൻ ഇറങ്ങി. ഡേവിഡ് ഔട്ട്ഹൗസ്സിലേക്കും പോയി. ടോമിച്ചൻ കയറി ചെല്ലുമ്പോൾ ശോശാമ്മയും  ജെസ്സിയും കുരിശു വരക്കുകയാണ്.ടോമിച്ചൻ മുറിയിലേക്ക് പോയി.

അത്താഴം കഴിഞ്ഞു പൂമുഖത്തു നിൽക്കുമ്പോൾ ശോശാമ്മ ടോമിച്ചന്റെ അടുത്തേക്ക് വന്നു.

“എടാ ടോമിച്ചാ, ഒരു കാര്യം പറയാനാ വന്നത്.ജെസ്സിയെയും കൂട്ടി നീ ഇതുവരെ എങ്ങോട്ടും പോയില്ലല്ലോ. അവളെയും കൂട്ടി രണ്ടുദിവസം എവിടെയെങ്കിലുമൊക്കെ ഒന്ന് യാത്ര പോയിട്ട് വാ. അവൾക്കും അതൊരാശ്വാസം ആകും. നാളെ തന്നെ പോകാൻ നോക്ക് “

ശോശാമ്മ പറഞ്ഞത് കേട്ടു ടോമിച്ചൻ തലകുലുക്കി.

“അമ്മയോട് ജെസ്സി പറഞ്ഞോ, എവിടെയെങ്കിലും പോകുന്ന കാര്യം “

ടോമിച്ചൻ ശോശാമ്മയെ നോക്കി.

“ഇല്ലടാ, അവളൊന്നും പറഞ്ഞില്ല.  കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെ തനിച്ചു എവിടെ എങ്കിലും പോകാൻ അവൾക്കും താത്പര്യം കാണില്ലെടാ ടോമിച്ചാ. മക്കള് നാളെ തന്നെ പോകാൻ നോക്ക്. ഇവിടെ ശാന്തയും ഡെവിഡും ഉണ്ടല്ലോ “

ശോശാമ്മ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി ശാന്തയെ സഹായിക്കാൻ.

ടോമിച്ചൻ റൂമിലേക്ക്‌ ചെല്ലുമ്പോൾ ജെസ്സി കിടക്കയിൽ ഇരുന്നു തുണികൾ മടക്കി വയ്ക്കുകയായിരുന്നു.

“മണി പത്തായി, കിടക്കാനൊന്നും ഉദ്ദേശമില്ലേ “

ജെസ്സി തലതിരിച്ചു ടോമിച്ചനെ നോക്കി. ടോമിച്ചൻ ജെസ്സിയുടെ അടുത്തു ചെന്നിരുന്നു.

“നാളെ എവിടെ എങ്കിലും നമുക്ക്  ഒരു യാത്ര പോയാലോ?എന്താ  നിന്റെ അഭിപ്രായം.”

ജെസ്സി അത്ഭുതത്തോടെ ടോമിച്ചനെ നോക്കി.

“ഞാൻ അങ്ങോട്ട്‌ പറയാൻ ഇരിക്കുകയായിരുന്നു. ഇന്ന് വന്നവരെല്ലാം ചോദിച്ചു. ഹണിമൂൺ എവിടെ ആണെന്ന്. ഞാൻ പറഞ്ഞു തീരുമാനിച്ചില്ലെന്നു.”

ജെസ്സി മടക്കിയ തുണി കൊണ്ടുപോയി അലമാരയിൽ വച്ചു.പിന്നെ ടോമിച്ചന്റെ അടുത്ത് പോയിരുന്നു.

“എനിക്കൊരു ആഗ്രഹം. മീശപുലിമലയിൽ പോകണം എന്ന്. മുന്നാറിൽ നിന്നും മുപ്പത്തഞ്ചു കിലോമീറ്റരെ ഉള്ളു അങ്ങോട്ട്‌.കെ എഫ് ഡി സി യുടെ പാക്കേജ് ഉണ്ട്. ഒരു ദിവസം താമസിക്കാൻ ബേസ് ക്യാമ്പിൽ ടെൻറ്റുകളും , അതുല്ലെങ്കിൽ ഹണി മൂണിന് പോകുന്നവർക്ക് വേണ്ടി സ്കൈ കോട്ടജ് പോലുള്ള ആധുനിക റൂമുകളും ഉണ്ട്. ഭക്ഷണം,രാത്രിയിൽ ക്യാമ്പ് ഫയർ, മീശപുലിമലക്കു പോകുമ്പോൾ കാര്യങ്ങൾ പറഞ്ഞു തരാൻ ഗൈഡുകൾ എല്ലാമുണ്ട്. രാത്രിയിൽ സ്കൈ കോട്ടജിൽ നിന്നാൽ ആകാശത്തെ നക്ഷത്രങ്ങളെ കൈകൊണ്ടു തൊടമെന്നു തോന്നിപോകുമെന്ന പോയവർ പറഞ്ഞത്. നക്ഷത്രങ്ങൾ തൊട്ടുമുൻപിൽ നിൽക്കുന്നതുപോലെയാണെന്നു. സമുദ്രനിരപ്പിൽ നിന്നും 7000 അടി ഉയരത്തിലാണ് അത്.അവിടെ നിന്നാൽ ആനമുടിയും കുറുഞ്ഞി വെള്ളച്ചാട്ടവും കാണാമെന്ന്.പിന്നെ മഞ്ഞിൻ തണുപ്പിൽ , പച്ചപ്പട്ടണിഞ്ഞ പ്രകൃതിയിലെ ശാന്തസുന്ദരമായ, രാത്രിയിൽ നമ്മൾ മാത്രം. പിറ്റേന്ന് മീശപുലിമലയിലും കയറി ഇങ്ങു പോരാം. ഒരു ചെറിയ ഹണിമൂൺ.”

ജെസ്സി പറയുന്നത് കേട്ടു ടോമിച്ചൻ അവളെ നോക്കി.

” എന്തായാലും ആദ്യമായി നീ പറഞ്ഞ കാര്യമല്ലേ. പോയിട്ട് തന്നെ ബാക്കി കാര്യം. പിന്നെ അവസാനത്തെ ആ വർണ്ണന ഉണ്ടല്ലോ. ഉഗ്രൻ “

ടോമിച്ചൻ പറഞ്ഞിട്ട് ജെസ്സിയെ ചേർത്തു പിടിച്ചു.

“ഇവിടെ ഇപ്പോൾ മഞ്ഞിന്റെ തണുപ്പോ , നക്ഷത്രങ്ങളോ, പച്ചപ്പട്ടു  പുതച്ച പ്രകൃതിയോ ഒന്നുമില്ല. ഒരു എ സി യുടെ തണുപ്പുണ്ട്. അതുകൊണ്ട് അങ്ങ് അഡ്ജസ്റ് ചെയ്യ് ഇന്നത്തേക്ക് “

ജെസ്സി ടോമിച്ചന്റെ മാറിൽ മുഖം ചേർത്തു വച്ചു.

പിറ്റേന്ന് രാവിലെ തന്നെ ടോമിച്ചനും ജെസ്സിയും മൂന്നാർക്കു പോകാൻ റെഡിയായി.

രാവിലത്തെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ശോശാമ്മയോട് പറഞ്ഞു

“വയറു നിറച്ചു രണ്ടാളും കഴിച്ചിട്ട് പോ, പുറത്തു നിന്നും അധികം ഭക്ഷണം കഴിക്കണ്ട “

ശോശാമ്മ ടോമിച്ചനും ജെസ്സിക്കും ചായ ഒഴിച്ചു കൊടുത്തു കൊണ്ട് തുടർന്നു .

“ടോമിച്ചാ, ഡേവിഡ് എങ്ങാണ്ട് രാവിലെ പോയതാ, വൈകുന്നേരം വരുമെന്ന് പറഞ്ഞു. നീ ഉറക്കമായതു കൊണ്ട് വിളിക്കണ്ടെന്നും പറഞ്ഞു “

ടോമിച്ചൻ തലയാട്ടി കൊണ്ട് എഴുനേറ്റു കൈകഴുകാൻ പോയി.

ഒൻപതര ആയപ്പോൾ അവർ മൂന്നാറിനു തിരിച്ചു ജീപ്പിൽ.മുന്നാറിൽ എത്തി.ജെസ്സിക്ക് വെജിറ്റെറിയൻ ഫുഡ്‌ മതിയെന്ന് പറഞ്ഞത് കൊണ്ട് ശരവണ ഭവനിൽ കയറി ഭക്ഷണം കഴിച്ചു. മൂന്നാറിലൂടെ ഒന്ന് കറങ്ങി.മൂന്നര ആയപ്പോൾ അവർ ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടു. അവിടെ ആണ് കെഎഫ് ഡി സി യുടെ താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തട്ട് തട്ടായി സെറ്റു ചെയ്തിരിക്കുന്ന ട്രെന്റുകളും, മനോഹരങ്ങളായ പൂന്തോട്ടങ്ങളും, ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയും, ക്യാമ്പ് ഫയർ ഏരിയയുമെല്ലാം ചുറ്റി നടന്നു കണ്ടു.ഒരോഫീസർ വന്നു ടോമിച്ചനെയും ജെസ്സിയെയും സ്കൈ കോട്ടജിലേക്ക് കൂട്ടികൊണ്ട് പോയി. അവരുടെ റൂം കാണിച്ചു കൊടുത്തു. ജെസ്സി പറഞ്ഞത് പോലെ സുന്ദരമാണ് ഇവിടം എന്ന് ടോമിച്ചനും തോന്നി.രാത്രിയിൽ താഴെ വന്നു ഭക്ഷണവും കഴിഞ്ഞു ഫയർ ക്യാമ്പും കണ്ടു, ടോമിച്ചനും ജെസ്സിയും സ്കൈ കോട്ടജിലേക്ക് പോയി.

സ്കൈ കോട്ടജിലേക്ക് കയറി പോകും തോറും ആകാശവും നക്ഷത്രങ്ങളും തങ്ങളിലേക്ക് അടുത്ത് വന്നു കൊണ്ടിരിക്കുകയാണെന്നു തോന്നി. കൈ നീട്ടിയാൽ തൊടാൻ പറ്റും എന്ന പോലെ മുൻപിൽ നിൽക്കുകയാണ് നക്ഷത്രങ്ങൾ.മനം മയക്കുന്ന സുന്ദരമായ കാഴ്ച.ജെസ്സി ആ കാഴ്ച്ച ആസ്വധിച്ചു നടക്കുകയാണ്. മറ്റേതോ ലോകത്തെന്നപോലെ.

ടോമിച്ചൻ തിരിഞ്ഞു നോക്കി. താഴെ നിന്നും വരുമ്പോൾ ആരോ തങ്ങളെ പിന്തുടരുന്ന പോലെ ഒരു തോന്നൽ!

പക്ഷെ പുറകിലെ ഇരുളിൽ ആരെയും കണ്ടില്ല. താഴെ ട്രെൻടുകളിൽ വെളിച്ചം കാണാം. എല്ലാവരും ഫാമിലി ആയും ഒറ്റക്കും വന്നവരാണ്. ഹണിമൂൺ പാക്കേജിൽ സ്കൈ കോട്ടജിൽ താമസിക്കാൻ കുറച്ചു പേരെ ഉള്ളു.സ്കൈ കോട്ടജിലെ  മുറി തുറന്നു അകത്ത് കയറി.

“എങ്ങനെയുണ്ട് നിന്റെ മീശപുലിമല ഹണിമൂൺ “

ടോമിച്ചൻ ജെസ്സിയെ നോക്കി.

“നിങ്ങള് കണ്ടില്ലേ ഇവിടെ എന്ത് ഭംഗിയാണ്. എനിക്ക് ഒത്തിരി സന്തോഷം ആയി. മനസ്സ് നിറഞ്ഞു. ഞാനൊരു കാര്യം പറയട്ടെ “

ജെസ്സി കുസൃതി ചിരിയോടെ ടോമിച്ചനെ നോക്കി.

” മുറ്റത്തു പോയി കുറച്ച് നേരം ഏകാന്തമായ ഈ രാവിൽ ആകാശത്തെ ഈ നക്ഷത്രങ്ങളെ നോക്കി മൂടിപ്പുതച്ചു നമുക്ക് കെട്ടിപിടിച്ചു ഇരിക്കണം . എന്നിട്ട് കുറച്ച് നേരം  നിങ്ങളുടെ മടിയിൽ കിടക്കണം. എന്നെ ദേഹത്തേക്ക് ചേർത്തു പിടിച്ചു നിങ്ങളൊരു പാട്ടൊക്കെ പാടണം.കുറച്ച് നാൾ ഞാൻ നിങ്ങടെ പുറകെ സ്നേഹത്തിനു വേണ്ടി കൊതിച്ചു നടന്നതല്ലേ.ഇപ്പൊ  ഞാൻ പറയുന്നതൊക്കെ നിങ്ങള് സാധിച്ചു തരണം, തരുവോ  “

ജെസ്സി കൊഞ്ചലോടെ ടോമിച്ചന്റെ കവിളിൽ നുള്ളി.

“ഞാൻ പാട്ടൊക്കെ പാടാം. ഇവിടങ്ങളിൽ ആനകളുള്ളതാ. പാട്ടുകേട്ട് എല്ലാം കൂടി  ചവുട്ടി പൊളിച്ചു ഇങ്ങോട്ടു വന്നാൽ ഇവിടെ ഹണിമൂണിന് വന്നിരിക്കുന്നവരുടെ കാര്യം കഷ്ടത്തിലാകും. വേണോ “

ടോമിച്ചൻ ജെസ്സിയെ സ്നേഹപൂർവ്വം നോക്കി.

“വേണം.. ആനകൾ വരുകയാണെങ്കിൽ ഞാൻ പറഞ്ഞോളാം. എന്റെ കൂടെ ഉള്ളയാൾ ഒരു കൊലകൊമ്പനാ. അതുകൊണ്ട് കളിയെറക്കാതെ തിരിച്ചു പൊക്കോളാൻ. പോരെ “

ജെസ്സി പറഞ്ഞതും ടോമിച്ചൻ ജെസ്സിയെ പൊക്കി എടുത്തു മുറ്റത്തു കൊണ്ട് പോയി നിർത്തി.നേർത്ത നിലാവിൽ കുളിച്ചു കിടക്കുന്ന ചാരുബെഞ്ചിൽ ജെസ്സിയെയും കെട്ടി പിടിച്ചു, മൂടി പുതച്ചു ടോമിച്ചൻ  തലയ്ക്കു മീതെ വന്നു നിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളെ നോക്കി ഇരുന്നു.ടോമിച്ചന്റെ ദേഹത്തെ ചൂട് പറ്റി എല്ലാം മറന്ന് ജെസ്സി ചേർന്നിരുന്നു.

കുറച്ച് കഴിഞ്ഞു ജെസ്സി ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.

“നിങ്ങളെന്താ ആലോചിക്കുവാനോ ആസ്വധിക്കുവാനോ. എന്താ ഇപ്പോൾ മനസ്സിൽ..

ജെസ്സി ചോദിച്ചപ്പോൾ ടോമിച്ചൻ ജെസ്സിയെ കുറച്ച് കൂടി ചേർത്തു പിടിച്ചു.

“നീ അടുത്തുള്ളപ്പോൾ മറ്റെന്തു ചിന്തിക്കാൻ. ഏതോ ഒരു പ്രേത്യേക സ്ഥലത്തു വന്ന പ്രതീതി. ജീവിതത്തിൽ ഞാൻ ഇതുപോലെയൊക്കെ വരുമെന്ന് ചിന്തിച്ചിട്ടു  പോലുമില്ല. എല്ലാമാറ്റവും നീ വന്നേ പിന്നെയാ.കഴിഞ്ഞ കാലത്തെ കാര്യങ്ങൾ ഒക്കെ വെറുതെ ഓർത്തുപോയി.”

പറഞ്ഞു കൊണ്ട് ടോമിച്ചൻ ജെസ്സിയുടെ കവിളിൽ  തഴുകി.

“ഞാൻ കുറച്ച് നേരം നിങ്ങടെ മടിയിൽ കിടക്കട്ടെ. താഴെ വീഴാതെ ചേർത്തു പിടിച്ചോണം “

ജെസ്സി ചാരുബെഞ്ചിൽ കാൽ കയറ്റി വച്ചു ടോമിച്ചന്റെ മടിയിൽ തലവച്ചു  കിടന്നു.ടോമിച്ചൻ ഒരു കൈകൊണ്ടു ജെസ്സിയെ ചേർത്തു പിടിച്ചു മറുകൈകൊണ്ട് ജെസ്സിയുടെ മുടിയിഴകളിൽ കൈയോടിച്ചു കൊണ്ട് പുറകോട്ടു ചാരി ഇരുന്നു. ഇടക്കിടെ മലഞ്ചെരുവുകളിൽ നിന്നു ചൂളമടിച്ചു വരുന്ന തണുത്ത കാറ്റ് അവരെ തലോടി കടന്നു പോയികൊണ്ടിരുന്നു.

അതേ സമയം കുറച്ച് ദൂരെ ഇരുട്ടിൽ ഒരു നിഴലനങ്ങി!

കരിമ്പടത്താൽ മൂടിയ ആ മനുഷ്യരൂപം ടോമിച്ചനിരിക്കുന്ന ഭാഗത്തേക്ക്‌ പകയോടെ നോക്കി.

കരിമ്പടത്തിന്റെ ഉള്ളിൽ നിന്നും അയാൾ ഒരു കത്തി വലിച്ചെടുത്തു ടോമിച്ചനും ജെസ്സിയും ഇരിക്കുന്ന ഭാഗത്തേക്ക്‌ നീങ്ങി

                               (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!