കണ്ണടച്ചിരുന്ന ടോമിച്ചൻ എന്തോ ദുസ്വപ്നം കണ്ടാണ് കണ്ണുതുറന്നത്. മനസ്സ് കുറച്ച് നേരമായി അസ്വസ്ഥമാകാൻ തുടങ്ങിയിട്ട്. ആരോ തങ്ങളെ നിരീക്ഷിക്കുന്നതുപോലെ,!! നിഴൽ പോലെ പിന്തുടരുന്നപോലെ ഒരു തോന്നൽ!!
ടോമിച്ചൻ ചുറ്റും നോക്കികൊണ്ട് മടിയിൽ കിടക്കുകയായിരുന്ന ജെസ്സിയേ മെല്ലെ എഴുനേൽപ്പിച്ചു.
“നല്ല മഞ്ഞ് വീഴ്ച ഉണ്ട്. ഇനിയും ഇവിടെ ഇരുന്നാൽ നാളെ ജലദോഷമോ പനിയോ പിടിക്കും. അകത്തേക്ക് പോകാം, സമയം പന്ത്രണ്ടു കഴിഞ്ഞു.”
ടോമിച്ചൻ എഴുനേറ്റു ജെസ്സിയെയും കൂട്ടി കോട്ടെജിനു ഉള്ളിലേക്ക് പോയി.
“നീ ഇവിടെ ഇരിക്ക്, ഞാനിപ്പോൾ വരാം, i ഒരു സിഗർറ്റ് വലിച്ചിട്ടു. കതകടച്ചിട്ടോ “
ജെസ്സിയെ ഉള്ളിലിരുത്തി ടോമിച്ചൻ പുറത്തേക്കിറങ്ങി കതകു ചാരി.
ചുറ്റുപാട് നിലാവെളിച്ചതിൽ കുളിച്ചു കിടക്കുകയാണ്. അതിനൊപ്പം മഞ്ഞും ഇരുട്ടും. ടോമിച്ചൻ തങ്ങൾ ഇരുന്ന ബെഞ്ചിൽ പോയിരുന്നു ഒരു സിഗർറ്റ് എടുത്തു ചുണ്ടിൽ വച്ചു തീ കൊളുത്തി, ഒന്ന് ആഞ്ഞു വലിച്ചു.
ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു. ആസ്വഭാവികമായി ഒന്നും കണ്ടില്ല. അടുത്തുള്ള കോട്ടജിൽ ഉള്ളവരെല്ലാം ഉറങ്ങിയിരിക്കുന്നു. നിശബ്ദമാണ്.
സിഗർറ്റ് വലിച്ചു തീർത്തു കുറ്റി ദൂരെ എറിഞ്ഞു കളഞ്ഞു എഴുനേൽക്കാൻ തുടങ്ങിയപ്പോൾ ആണ് അത് സംഭവിച്ചത്. കുറച്ച് ദൂരെ ഒരു നിഴൽ ചലിക്കുന്നു!
തന്റെ നേരെ ആ കറുത്ത രൂപം പാഞ്ഞു വരുകയാണ്. ടോമിച്ചൻ അടുത്ത് കിടന്ന കസേരയിൽ പിടി മുറുക്കി.. അടുത്തെത്തിയ രൂപം കയ്യിലിരുന്ന കത്തി ടോമിച്ചന് നേരെ വീശി. ഒഴിഞ്ഞു മാറിയ ടോമിച്ചൻ ഇരുമ്പു കസേര പൊക്കി എടുത്തു ഒറ്റയടി!
കരിമ്പടം കൊണ്ട് മൂടിയ ആ രൂപം അടിയേറ്റ് അടക്കി പിടിച്ച നിലവിളിയോടെ കുറച്ച് ദൂരേക്ക് തെറിച്ചു പോയി.
ടോമിച്ചൻ അങ്ങോട്ട് തിരിഞ്ഞതും അയാൾ ഒരഭ്യാസിയെ പോലെ ചാടി എഴുനേറ്റു ടോമിച്ചനെ നോക്കി.
“ആരാടാ .. നീ എന്ത് വേണം,”
ടോമിച്ചൻ ചോദിച്ചു കൊണ്ട് അവന്റെ നേരെ നീങ്ങി .അയാളുടെ മുഖം ഭാഗികമായി മൂടിയിരുന്നതിനാൽ മുഖം വ്യെക്താമായിരുന്നില്ല.
“എനിക്ക് വേണ്ടത് നിന്നെയ… നിന്നെ മാത്രം. നഷ്ടങ്ങൾ എന്താണെന്നു നീയും അറിയണം.ഒരു സുപ്രഭാതത്തിൽ ഉണ്ടാക്കിയ സ്വത്തും പണവും കൊണ്ട് പെണ്ണും കെട്ടി എല്ലാം മറന്നു സുഖിച്ചു കഴിയാമെന്ന് നീ കരുതിയെങ്കിൽ തെറ്റിയെടാ ടോമിച്ചാ. തുടങ്ങുന്നതെ ഉള്ളു. ഇവിടെ വച്ചു തുടങ്ങുകയാണ്.നിന്നെ ഒന്ന് വേദനിപ്പിച്ചു വിടണം എന്നെ കരുതിയൊള്ളു. അതിനാ നിന്റെ ഹണി മൂൺ ദിവസം തന്നെ തിരഞ്ഞെടുത്തത്. ഇവിടം മുതൽ മരണം നിഴൽ പോലെ നിന്നെ പിന്തുടരും. നിന്റെ ജീവിതത്തിൽ സ്വസ്ഥത, സമാധാനം, സന്തോഷം ഇവ ഉണ്ടായിരിക്കില്ലടാ. അതിന് സമ്മതിക്കത്തില്ല. ഇപ്പൊ നീ കണ്ട സ്ഥിതിക്ക് ഞാൻ പോകുവാ…”
പറഞ്ഞിട്ട് കരിമ്പടം പുതച്ച ആൾ തിരിഞ്ഞു നടന്നു.
ടോമിച്ചൻ അയാളുടെ പുറകെ ചെല്ലാൻ തുടങ്ങിയതും ആ രൂപം തിരിഞ്ഞു നിന്നു.
“ടോമിച്ചാ, വേണ്ട, നിന്റെ അഭ്യാസം ഒന്നും ഇവിടെ എടുക്കണ്ട. എന്റെ പുറകെ വന്നാൽ തിരിച്ചു വരുമ്പോൾ നിന്റെ ഭാര്യ അതിനുള്ളിൽ കാണുകയില്ല. ഇപ്പൊ നീ പോയി നിൻറെ പെണ്ണിനേയും കെട്ടിപിടിച്ചു കിടന്നു ഉറങ്ങാൻ നോക്ക്. ചെല്ല് “
പറഞ്ഞിട്ട് അയാൾ ഇരുൾ നിറഞ്ഞ വഴിയിലൂടെ വേഗത്തിൽ നടന്നു. ടോമിച്ചൻ അത് നോക്കി നിന്ന ശേഷം കയ്യിലിരുന്ന ഇരുമ്പു കസേര വലിച്ചെറിഞ്ഞു മുറിക്കു നേരെ പാഞ്ഞു. അടച്ചിരുന്ന വാതിലിൽ മുട്ടി വിളിച്ചു. കുറച്ച് നേരം അനക്കം ഒന്നും കേൾക്കാതായപ്പോൾ ടോമിച്ചന്റെ ഉള്ള് കാളി.
“ജെസ്സി…. ജെസ്സി… വാതില് തുറക്ക് “
വാതിലിൽ തുടരെ തുടരെ മുട്ടികൊണ്ട് ടോമിച്ചൻ ഉച്ചത്തിൽ വിളിച്ചു.
പെട്ടന്ന് വാതിൽ തുറക്കപ്പെട്ടു.. മുൻപിൽ ജെസ്സി. വിയർത്തു കുളിച്ചു പരിഭ്രാന്തിയോടെ തന്നെ നോക്കുന്ന ടോമിച്ചനെ കണ്ടു ജെസ്സി അമ്പരന്നു.
“എന്ത് പറ്റി ആകെ വിയർത്തിരിക്കുന്നത്. ഒരു സിഗർറ്റ് വലിക്കാൻ പോയതാണോ അരമണിക്കൂർ. ഞാൻ ബാത്‌റൂമിൽ ആയിരുന്നു. തുറക്കാൻ താമസിച്ചപ്പോൾ പേടിച്ചു പോയി കാണും അല്ലെ. വല്യ വീരശൂരപരാക്രമി ആണെന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ “?
ജെസ്സി ചിരിച്ചു കൊണ്ട് ചോദിച്ചു.
ടോമിച്ചൻ മറുപടി ഒന്നും പറയാതെ ഉള്ളിൽ കയറി വാതിലടച്ചു, ബെഡിൽ ചെന്നിരുന്നു.
“എന്ത് പറ്റി, പുക വലിച്ചു കേറ്റിയപ്പോൾ എന്തൊക്കെയോ മാറ്റം വന്നപോലെ. പുറത്തുവച്ചു വല്ല പ്രേതത്തെയും കണ്ടു പേടിച്ചോ “
തലമുടിയിലെ വെള്ളം തോർത്തുപയോഗിച്ച് തുവർത്തി കൊണ്ട് ജെസ്സി ടോമിച്ചന്റെ അടുത്തേക്ക് ചെന്നു.
“ഒന്നുമില്ല, മഞ്ഞ് പെയ്യുന്നത് കൊണ്ട് നിനക്ക് തോന്നുന്നതാ”
ടോമിച്ചൻ ബെഡിലേക്ക് കിടക്കാൻ തുടങ്ങി.
“മഞ്ഞൊന്നുമല്ല, വിയർപ്പാ,പോയി കുളിച്ചിട്ടു വാ മനുഷ്യ, വിയർപ്പു നാറ്റം കൊണ്ട് ഞാൻ ബോധം കെട്ടു പോകും. ചെന്നു കുളിക്ക്… പോ “
ടോമിച്ചന്റെ കൈകുപിടിച്ചു വലിച്ചെഴുനേൽപ്പിച്ചു ബാത്‌റൂമിൽ കൊണ്ടുപോയി കയറ്റി.
“ഇനി ഞാൻ കുളിപ്പിച്ച് തരണോ “
ജെസ്സി കുസൃതി ചിരിയോടെ ചോദിച്ചു.
ടോമിച്ചൻ ജെസ്സിയെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി വാതിലടച്ചു.
ബാത്‌റൂമിൽ നിന്നുകൊണ്ട് ടോമിച്ചൻ ഒരു ദീർഘാനിശ്വാസം എടുത്തു.
ആരാണത്?
എന്തിനാണ് തന്നോട് പ്രതികാരം ചെയ്യുന്നത്?
നിഴൽപോലെ ഉണ്ടാകും എന്ന് പറഞ്ഞാൽ അർത്ഥം ഇനി തന്റെ ഓരോ ചലനവും നിരീക്ഷിച്ചു അയാൾ അടുത്തെവിടെയെങ്കിലും ഉണ്ടാകും. തന്റെ ജീവന് വേണ്ടി.
കണ്ണടച്ചു ടോമിച്ചൻ ഭിത്തിയിൽ ചാരി നിന്നു.
കുളിച്ചു ടോമിച്ചൻ ഇറങ്ങി വരുമ്പോൾ ജെസ്സി കിടക്കയിൽ ഇരുന്നു ടീവി കാണുകയായിരുന്നു.
“ഇന്ന് ടീവി യും കണ്ടിരിക്കാനാണോ നിന്റെ പ്ലാൻ ഉറങ്ങാൻ ഉദേശമൊന്നുമില്ലേ “
നനഞ്ഞ തുവർത്തു കൊണ്ടുപോയി ഫാനിനു താഴെ വിരിച്ചിട്ടുകൊണ്ട് ടോമിച്ചൻ ജെസ്സിയെ നോക്കി.
“ഹണിമൂണിന് വരുന്നത് കിടന്നുറങ്ങാൻ ആണെങ്കിൽ വീട്ടിൽ കിടന്നാൽ പോരെ “
ജെസ്സി ചിരിച്ചു കൊണ്ട് ടോമിച്ചനെ നോക്കി.
ടോമിച്ചൻ ജെസ്സിയുടെ അടുത്ത് വന്നിരുന്നു.നനഞ്ഞ വിടർത്തി ഇട്ട ജെസ്സിയുടെ മുടിയിലൂടെ വിരലോടിച്ചു.
“ഇവിടുത്തെ ഷാബൂ ഇട്ടു കുളിച്ചത് കൊണ്ടാണെന്നു തോന്നുന്നു. നിന്നെ നല്ല മണം.”
ടോമിച്ചൻ ജെസ്സിയുടെ മുടിയിൽ മുഖം ചേർത്തു വച്ചു പറഞ്ഞു.
“അപ്പോൾ ഇതിനു മുൻപ് ഇങ്ങനെയൊന്നും തോന്നിയിട്ടില്ലേ എന്നെ കുറിച്ച് “
ജെസ്സി ഒളിക്കണ്ണിട്ടു നോക്കി. പിന്നെ എഴുനേറ്റു
ടീവി ഓഫാക്കി റിമോട്ട് സ്റ്റാന്റിൽ വച്ചിട്ടു ജെസ്സി വീണ്ടും ടോമിച്ചന്റെ അടുത്ത് വന്നു.
“ഓഹോ അപ്പോൾ ഭാര്യയെ പുകഴ്ത്താനും അറിയാം അല്ലെ. അതോ കാര്യസാധ്യത്തിന് വേണ്ടി ആണോ ഈ സോപ്പിടൽ “
ജെസ്സിയുടെ ചോദ്യം കേട്ടു ടോമിച്ചൻ കൈയിൽ പിടിച്ചു തലോടി കൊണ്ട് അടുത്തിരുത്തി.
“ഞാൻ നേര് പറഞ്ഞതാ. അല്ലാതെ സുഖിപ്പിക്കാൻ പറഞ്ഞതല്ല “
ജെസ്സിയെ മാറോടു ചേർത്തു പിടിച്ചു കൊണ്ട് ടോമിച്ചൻ പറഞ്ഞു.
“എന്നും നമ്മൾ ഇങ്ങനെ തന്നെ ആയിരിക്കണം. പ്രായമെത്രയായാലും പ്രണയം നിറച്ച മനസ്സോടെ നമുക്ക് ജീവിക്കണം. സ്നേഹവും സന്തോഷവും പരസ്പരവിശ്വാസവും നിറഞ്ഞ ജീവിതവുമായി അവസാനം വരെ പോകണം.”
ജെസ്സി സ്നേഹത്തോടെ ടോമിച്ചന്റെ മുടിയിഴകളിലും കവിളിലും തലോടികൊണ്ടിരുന്നു.
പുലർച്ചെ ഏഴു മണിക്ക് തന്നെ താഴെ റെസ്റ്റോറന്റിൽ എത്തി ബ്രേക്ഫാസ്റ് കഴിച്ചു മീശപുലിമലക്കു പോകുവാൻ തയ്യാറായി.പല സ്ഥലങ്ങളിൽ നിന്നുവന്ന ഫാമിലിയും അല്ലാത്തവരുമായ ഇരുപതു പേര് അടങ്ങുന്ന സംഘങ്ങൾ ആയാണ് പോകുന്നത്. പോകുന്ന വഴിക്കു ആനയും പുലിയും ഇറങ്ങുന്ന സ്ഥലങ്ങൾ ആയതിനാലാണ് അങ്ങനെ സംഘങ്ങൾ ആയി പോകുന്നത്. സംഘത്തിൽ കേരളത്തിന്റെ പുറത്തുനിന്നുള്ളവരും ഒരു സായിപ്പും മദാമ്മയും ഉണ്ട്.കൂടെ പറഞ്ഞു കൊടുക്കാൻ ഒരു സമർത്ഥനായ ഗൈഡും ,പേര് രഘു. അവിടെ നിന്നും പതിനൊന്നരകിലോമീറ്റർ നടന്നു പോയാൽ എത്തപെടുന്ന സ്ഥലമാണ് മീശപുലിമല. കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടി.മീശയുടെ ആകൃതിയിൽ ഇരിക്കുന്നത് കൊണ്ടാണ് ഈ മലക്ക് ഈ പേര് വന്നത്.
പകുതി വഴി ആയപ്പോൾ ജെസ്സി തളർന്നു അവിടെ കണ്ട പുൽത്തകിടിയിൽ ഇരുന്നു.സംഘത്തിലുള്ള കുറച്ച് സ്ത്രികളും പുരുഷന്മാരും അവിടെ വിശ്രമിച്ചു. അവരും ക്ഷീണിച്ചിരുന്നു .ഗൈഡ് രഘു മറ്റുള്ളവർക്ക് അവിടെ നിന്നുകൊണ്ട് നീലക്കുറിഞ്ഞി പൂക്കുന്ന സ്ഥലവും മാറ്റ് ചെടികളെയും വൃക്ഷങ്ങളെയും കുറിച്ചുള്ള വിവരങ്ങളും പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.
“ഈ ഭാഗങ്ങളിൽ പുലികൾ ഉണ്ട്. ആറു പെൺപുലികൾ വിഹരിക്കുന്ന സ്ഥലമാണിത്.അവർക്കു ആറു പേർക്കും ആറു ഏരിയ ഉണ്ട്. ഇരപ്പിടിക്കേണ്ട സമയങ്ങളിൽ മാത്രമേ അവ പുറത്തിറങ്ങാറുള്ളു “
ഗൈഡ് രഘു പറഞ്ഞത് കേട്ടതും ക്ഷീണം മറന്നു ജെസ്സി ചാടി എഴുനേറ്റു. ഒപ്പം മറ്റ് സ്ത്രികളും.
“പേടിക്കണ്ട.. ഇപ്പോൾ ഒന്നും വരത്തില്ല. അതിന് ഓരോ സമയമുണ്ട് “
ഗൈഡ് രഘു ചിരിച്ചു കൊണ്ട് പറഞ്ഞു.
അവർ യാത്ര തുടർന്നു.
“മലകേറി തന്നെ വേണം നിനക്ക് ഹണിമൂൺ അല്ലെ. നിന്റെ ഐഡിയ…. വല്ല ഊട്ടിയിലോ കൊടൈക്കനാലിലോ പോയി ആടിപാടി നടക്കേണ്ട സമയത്താ ഈ മലക്കയറ്റം. കേറിക്കോ…”
ടോമിച്ചൻ പറയുന്നത് കേട്ടു ജെസ്സി ചമ്മിയ ഒരു ചിരി ചിരിച്ചു.
“ഇപ്പൊ നിങ്ങള് എന്നെ ഒന്ന് തള്ളി കേറ്റ്. മുകളിൽ ചെന്നാൽ നല്ല രസമാ. അപ്പോ ക്ഷീണം ഒക്കെ മറക്കും “
ടോമിച്ചൻ ജെസ്സിയെയും കൊണ്ട് ഒരു വിധത്തിൽ മുകളിൽ എത്തി. അവിടെ നിന്നുള്ള കാഴ്ച കണ്ടപ്പോൾ എല്ലാ ക്ഷീണവും പോയതുപോലെ ആയിരുന്നു എല്ലാവർക്കും.
തലയ്ക്കു മുകളിലൂടെ പഞ്ഞിക്കെട്ടുപോലെ ചലിക്കുന്ന മേഘങ്ങൾ. ചുറ്റും പച്ചപ്പട്ടണിഞ്ഞ ഭൂ പ്രകൃതി.അകലെ വെള്ളച്ചാട്ടങ്ങളും, വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന കാടുകളും കാണാം.
സംഘത്തിലുള്ളവർ അവിടെ കിടക്കുകയും, കൊണ്ടുവന്നിട്ടുള്ള ആഹാരസാധനങ്ങൾ എടുത്തു കഴിക്കുകയും. ഫോട്ടോ എടുക്കുകയും ചെയ്തു കൊണ്ടിരുന്നു.
ജെസ്സി സായിപ്പിന്റെ കയ്യിൽ ക്യാമറ കൊടുത്തു തന്റെയും ടോമിച്ചന്റെയും കുറച്ച് ഫോട്ടോസ് എടുപ്പിച്ചു. അയാൾ നല്ലൊരു ഫോട്ടോഗ്രാഫർ ആയിരുന്നു എന്ന് അയാളുടെ ചലനങ്ങളിൽ നിന്നും വ്യെക്താമായിരുന്നു..അവസാനം സായിപ്പും മദാമ്മയും ടോമിച്ഛനോടും ജെസ്സിയോടും ഒപ്പം നിന്നു മറ്റൊരാളെ കൊണ്ട് ഫോട്ടോ എടുപ്പിച്ചു.
ജെസ്സി കൊടുത്ത വെള്ളം കുടിച്ചിട്ട് ടോമിച്ചൻ പുല്ലിൽ മലർന്നു കിടന്നു മേഘങ്ങളെ നോക്കി. അത് സഞ്ചരിക്കുന്നത് കാണുമ്പോൾ തങ്ങളും അതിന്റെ കൂടെ സഞ്ചരിക്കുകയാണോ എന്ന് സംശയിച്ചു. ജെസ്സി ടോമിച്ചന്റെ നെഞ്ചിൽ തല വച്ചു കിടന്നു.
“ഇപ്പോൾ എങ്ങനെ ഉണ്ട്.”
ജെസ്സി ചോദിച്ചു.
“ഇങ്ങോട്ടുള്ള നടപ്പാ ഭയങ്കരം. വരുന്ന വഴിക്കു ആ പുലികൾ കാണാത്തതു ഭാഗ്യം.പക്ഷെ ഇവിടെ വന്നു ഇങ്ങനെ കിടക്കുമ്പോൾ ഒരു സുഖം.നമ്മൾ മാത്രമായിരുന്നെങ്കിൽ കെട്ടിപിടിച്ചു ഇവിടെ കിടക്കാമായിരുന്നു, മേഘത്തിനുള്ളിൽ കിടന്നു സഞ്ചരിക്കുന്ന പോലെ ഉണ്ട് “
ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി ടോമിച്ചന്റെ കവിളിൽ ഒരു നുള്ള് കൊടുത്തു.
“ആഗ്രഹം കൊള്ളാം. പക്ഷെ ഇപ്പോൾ ആകാശത്തിനുള്ളിൽ കേറാതെ തിരിച്ചു പോകാൻ നോക്കാം. അതാണ് നമ്മുടെ ആരോഗ്യത്തിനും ആയുസ്സിനും നല്ലത് “
ജെസ്സി ചിരിച്ചു കൊണ്ട് പറഞ്ഞു.
അരമണിക്കൂർ കൂടി അവിടെ ചിലവഴിച്ച ശേഷം എല്ലാവരും മടക്കയാത്ര ആരംഭിച്ചു.
പോകാനായി എഴുന്നേറ്റ ടോമിച്ചൻ ചുറ്റുപാടും നോക്കുമ്പോൾ മറ്റൊരു കാഴ്ചകണ്ടു.
കുറച്ച് താഴെയായി കരിമ്പടം കൊണ്ട് മൂടിയ ഒരാൾ തന്നെ നോക്കികൊണ്ട് നിൽക്കുന്നു!!
ഇന്നലെ തന്നെ ആക്രമിക്കാൻ വന്നയാൾ. മുഖം വ്യെക്തമല്ലാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിയുന്നില്ല.
കുറച്ച് നേരം നോക്കി നിന്ന ശേഷം അയാൾ നടന്നു മറഞ്ഞു.
ടോമിച്ചൻ ജെസ്സിയെ നോക്കി.
ഹരിതവർണ്ണമായ ചുറ്റുപാടുകളിലെ സൗന്ദര്യം ആസ്വധിക്കുകയാണ് അവൾ.
തിരിച്ചു ബേസ് ക്യാമ്പിൽ എത്തിയപ്പോൾ മൂന്നരമണി ആയി. അവിടെ നിന്നും ചായയും കുടിച്ചു, കൂടെ വന്നവരോട് യാത്രപറഞ്ഞു ടോമിച്ചനും ജെസ്സിയും കുട്ടിക്കാനത്തേക്ക് പോകുവാൻ ജീപ്പ് പാർക്കു ചെയ്ത സ്ഥലത്തേക്ക് നടന്നു.
****——-********———*******——–******—-*
അടിവാരത്തെ ഷാപ്പിലെ അന്നത്തെ വിറ്റു വരവിന്റെ കണക്കുകൾ നോക്കി, പണമെണ്ണി തിട്ടപ്പെടുത്തി ബാഗിൽ വച്ചു ഡേവിഡ് കാറിൽ കയറി.
മഴക്കാറുണ്ട്, നേരിയ ചാറ്റൽ മഴ തുടങ്ങിയിട്ടുണ്ട്. കാർ അടിവാരം ടൗണിലേക്ക് ചെല്ലുമ്പോൾ ആണ് ലിജി ഒരു സഞ്ചിയും തൂക്കി നടന്നു വരുന്നത് കണ്ടത്. ഡേവിഡ് കാർ ലിജിയുടെ അടുത്ത് കൊണ്ടുപോയി നിർത്തി.
പെട്ടന്നൊരു കാർ തന്റെ അടുത്ത് വന്നു നിൽക്കുന്നത് കണ്ടു ലിജി തെല്ലു ഭയപ്പാടോടെ കറിനുള്ളിലേക്ക് നോക്കി. കാറിനുള്ളിൽ ഡേവിഡിനെ കണ്ടു മുഖത്തെ ഭയം മാറി വന്നു.
“ഞാൻ ഇന്നലെ വീട്ടിൽ വന്ന ഡേവിഡ്.എവിടെ പോയി വരുകയാ “
ഡേവിഡ് ചിരിയോടെ ചോദിച്ചു.
“റേഷൻ കടയിൽ പോയതാ, അവിടെ കുറച്ച് തിരക്കായിരുന്നു. അതുകൊണ്ട് താമസിച്ചു പോയി “
ലിജി പറഞ്ഞു.
“ഈ ചാറ്റൽ മഴ നനഞ്ഞു പോകണ്ട, ഞാൻ കൊണ്ടുവിടാം, കാറിൽ കേറ് “
ഡേവിഡ് ലിജിയോട് പറഞ്ഞു കൊണ്ട് ഡോർ തുറന്നു കൊടുത്തു.
ലിജി ഒന്ന് മടിച്ചു ചുറ്റും നോക്കി. അതുമനസിലാക്കിയ ഡേവിഡ് ചിരിച്ചു.
“പേടിക്കണ്ട, കയറിക്കോള്ളു,”
ഡേവിഡിനെ പിണക്കണ്ട എന്ന ചിന്തയിൽ ലിജി കാറിൽ കയറി ഒതുങ്ങി ഇരുന്നു.
കാറ് ഓടിക്കുമ്പോൾ ഡേവിഡ് ഒളിക്കണ്ണിട്ടു ലിജിയെ നോക്കി. ഒരു ഗ്രാമീണ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന, പരിഷ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത പെൺകുട്ടി. അവൾ ഗ്ലാസ്സിലൂടെ പുറത്തെക്കു നോക്കി ഇരിക്കുകയാണ്.
“ഇപ്പോൾ പുറത്തേക്കു തനിച്ചു പോകാൻ പേടിയൊന്നുമില്ലേ, അവന്മാർ, ആ ഷെബിയും കൂട്ടുകാരും വന്നു ഉപദ്രവിക്കുമെന്നുള്ള പേടി “
ഡേവിഡ് ലിജിയേ നോക്കി ചോദിച്ചു.
പുറത്തേക്കു നോക്കിയിരുന്ന അവൾ പെട്ടന്ന് തലതിരിച്ചു ഡേവിഡിനെ നോക്കി ചിരിച്ചു.
“എന്ത് പേടിക്കാൻ, എനിക്ക് പേടിയില്ല, ജനിച്ചാൽ എന്നെങ്കിലും മരിക്കും. അതെങ്ങനെ ആണ് എന്നുള്ളതിലെ സംശയമുള്ളൂ. പിന്നെ ചോദിക്കാനും പറയാനും ആരുമില്ലാത്തവരാകുമ്പോൾ, പ്രേത്യേകിച്ചു പെൺകുട്ടികൾ ആകുമ്പോൾ ഇതുപോലെ ഒക്കെ അനുഭവിക്കേണ്ടി വരും . സഹിക്കുക, വിധി ആണെന്ന് കരുതി സ്വയം ആശ്വസിക്കുക. അത്രതന്നെ, അവന്മാരുടെ കയ്യിൽ പെട്ടുപോയോ, പിന്നെ ലിജി ജീവനോടെ കാണില്ല. ജീവിതം സ്വയം അങൊടുക്കും “
പറയുമ്പോൾ ലിജിയുടെ മുഖത്തു നിരാശയുടെയും സങ്കടത്തിന്റെയും ഒരു നിഴൽ പടർന്നിരിക്കുന്നത് ഡേവിഡ് കണ്ടു.
“ചോദിക്കാനും പറയാനും ഇപ്പോൾ ഞങ്ങൾ ഒക്കെ ഇല്ലേ. പിന്നെന്താ. ആരെയും പേടിക്കേണ്ട കാര്യമില്ല. എന്തിനും ഏതിനും സഹായത്തിനും രക്ഷക്കും ഞാനും ടോമിച്ചനും ഉണ്ടാകും. അതോർത്തു സങ്കടപെടണ്ട “
ഡേവിഡ് പറഞ്ഞത് കേട്ടു ലിജി ഒന്ന് മന്ദാഹസിച്ചു.
ലില്ലി കുട്ടി ലിജി പോയിട്ട് ഇതുവരെ കാണാത്തതു കൊണ്ട് വേവലാതി പെട്ടു മുറ്റത്തിറങ്ങി വഴിയിലേക്കും നോക്കി നിൽക്കുമ്പോൾ ആണ് ഒരു കാർ വരുന്നത് കണ്ടത്.
മുറ്റത്തു വന്നു നിന്ന കാറിൽ നിന്നും ലിജി ഇറങ്ങി വരുന്നത് കണ്ട അവർക്കു ഒരേ സമയം അമ്പരപ്പും സന്തോഷവും ഉണ്ടായി. ലിജി നേരെ സാധനങ്ങളുമായി വീട്ടിനുള്ളിലേക്ക് പോയി. കാറിൽ നിന്നുമിറങ്ങിയ ഡേവിഡ് ലില്ലിക്കുട്ടിയുടെ അടുത്തേക്ക് വന്നു.
“ഞാൻ ഷാപ്പിൽ വന്നിട്ട് തിരിച്ചു പോകുന്ന വഴിയാ ലിജിയെ കണ്ടത്. ഈ മഴയും നനഞ്ഞു ഇവിടം വരെ നടന്നു വരണമല്ലോ എന്നോർത്തപ്പോൾ കാറിൽ കയറ്റി കൊണ്ട് വന്നതാ.”
ഡേവിഡ് പറഞ്ഞപ്പോൾ ലില്ലികുട്ടി നന്ദിയോടെ നോക്കി.
“സാറ് ചെയ്തത് വലിയൊരു പുണ്യമാ. അവള് വരാൻ താമസിച്ചപ്പോൾ വേവലാതി പെട്ടു മുറ്റത്തിറങ്ങി നിൽക്കുകയായിരുന്നു ഞാൻ. കെട്ടിക്കാറായ പെണ്മക്കൾ ഉള്ള ഒരമ്മയുടെ നെഞ്ചിലെ തീ അത്ര വലുതാ”
സാരിയുടെ തുമ്പുകൊണ്ട് മുഖം തുടച്ചു അവർ ഡേവിഡിനെ നോക്കി.
“സാറ് കേറി ഇരിക്ക്, ചായ എടുക്കാം “
ലില്ലിക്കുട്ടി പറഞ്ഞിട്ട് ചായ ഇടാൻ വീട്ടിനുള്ളിലേക്ക് പോകുവാൻ തിരിഞ്ഞു.
“ഇപ്പോൾ വേണ്ട, ഞാൻ ചായ കുടിച്ചു കുറച്ച് മുൻപ്. പിന്നെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പറയണം കേട്ടോ. മടിക്കേണ്ട.കാപ്പി കുടിക്കാൻ നിൽക്കുന്നില്ല. പോകുവാ, അല്ലെങ്കിൽ കുട്ടിക്കാനത്തു എത്തുമ്പോൾ താമസിക്കും “
പറഞ്ഞിട്ട് ഡേവിഡ് കാറിൽ കയറി.
കാർ പോകുന്നതും നോക്കി നിന്നിട്ടു ലില്ലിക്കുട്ടി വീട്ടിനുള്ളിലേക്ക് കയറി.
“ആ ചേട്ടനെ കണ്ടാൽ സുന്ദരനാ അല്ലെ ചേച്ചി “
ലിഷ ലിജിയോട് ചോദിച്ചു.
“ഓഹോ,.. എനിക്കറിയത്തില്ല.. വീട്ടിൽ വരുന്നവരുടെയും പോകുന്നവരുടെയും സൗന്ദര്യം അളന്നു തിട്ടപെടുത്തുന്നതാണോ നിന്റെ ജോലി.നിനക്ക് പഠിക്കാനൊന്നും ഇല്ലേ, വല്ലവരുടെയും മോന്തയിലും നോക്കി നടക്കുന്നു. പോയിരുന്നു പഠിക്കടി “
ലിജി ലിഷയെ രൂക്ഷമായി കൈ ചൂണ്ടി കൊണ്ട് ആഞാപിച്ചു.
“ഓ.. ഈ ചേച്ചിയോട് എന്ത് പറഞ്ഞാലും ദേഷ്യമാ.. ഞാൻ പോയേക്കാം “
പിണക്കം ഭാവിച്ചു കൊണ്ട് ലിഷ മുറിക്കുള്ളിലേക്ക് കയറി പോയി.
“നീ എന്തിനാ അവളോട് ദേഷ്യപ്പെടുന്നത്. അവള് തമാശ ആയി പറഞ്ഞതല്ലേ. “
ലില്ലിക്കുട്ടി ചോദിച്ചു കൊണ്ട് ലിജിയെ നോക്കി.
“അവള് അധികം തമാശിക്കണ്ട. പഠിക്കേണ്ട പ്രായത്തിൽ നാലക്ഷരം പഠിച്ചു ഈ നരകത്തിൽ നിന്നും രക്ഷപെടാൻ നോക്കേണ്ടതിനു പകരം ഒരു തമാശ.”
ലില്ലിക്കുട്ടിയോട് ദേഷ്യത്തോടെ പറഞ്ഞിട്ട് തുടർന്നു.
“അപ്പൻ വർഷത്തിൽ മുന്നൂറ്റി അറുപതഞ്ചു ദിവസവും ജയിലിൽ. അങ്ങനെ ഉള്ള ആളിന്റെ പെണ്മക്കളെ കെട്ടാൻ ഐ എ എസു കാരനോ ഐ പി എസു കാരനോ ഒന്നും വരുകേല. വല്ല ചെമ്മാനോ ചെരുപ്പുക്കുത്തിയോ ഒക്കെ വന്നെങ്കിൽ ആയി . അതുകൊണ്ട് പഠിച്ചു സ്വൊന്തം കാലിൽ നിന്നു രക്ഷപെടാന നോക്കേണ്ടത്.”
ലിജി പറഞ്ഞിട്ട് ലില്ലിക്കുട്ടിയെ നോക്കി.
“അമ്മച്ചി, ഇനി തൊട്ടു അവളെ അത്രക്കു കൊഞ്ചിക്കുകയൊന്നും വേണ്ട, പ്രായപ്പൂർത്തിയായവളാ, കാര്യങ്ങൾ മനസ്സിലാക്കി ജീവിക്കാൻ ഇപ്പോഴേ പഠിക്കണം. വീട്ടുജോലി ഉൾപ്പെടെ. നാളെ ഒരു വീട്ടിൽ കെട്ടിച്ചു വിട്ടാൽ അവിടെ ഉള്ളവരെ സ്വൊന്തം പോലെ കണ്ടു കൂടെ നിന്നു വീട് നടത്തി കൊണ്ട് പോകാൻ കഴിയണം. അങ്ങനെ ഉള്ളയിടത്തു പ്രശ്നങ്ങൾ കുറഞ്ഞു കിട്ടും “
ലിജി അടുക്കളയിലേക്ക് നടന്നു. പുറകെ ലില്ലിക്കുട്ടിയും.
“അമ്മച്ചി, ഇവിടെ പ്രായപൂർത്തിയായ രണ്ടു പെൺകുട്ടികള ഉള്ളത്. അതും ആൺ തുണ ഇല്ലാത്ത വീടും. അപ്പന്റെ സുഹൃത്തുക്കളാണെന്നും പറഞ്ഞു രക്ഷകരുടെ വേഷത്തിൽ ഇവിടെ വന്നിരിക്കുന്നവരുടെ ഉദ്ദേശം എന്തെന്ന് ആർക്കറിയാം. ഒരിക്കൽ രക്ഷിച്ചു. എന്നുവെച്ചു അവരുടെ ലക്ഷ്യം നല്ലതാണെന്നു കരുതാൻ പറ്റുമോ “
ചായ പാത്രത്തിൽ വെള്ളമെടുത്തു അടുപ്പിൽ വച്ചു കൊണ്ട് ലിജി ചോദിച്ചു.
“നീ കാണുന്നവരെയെല്ലാം സംശയിക്കാൻ പോകണ്ട. അവരെ കണ്ടാൽ അറിയാം. നല്ല കുടുംബത്തിൽ ഉണ്ടായവരാണെന്ന്. ചിലപ്പോൾ നമ്മുടെ കഷ്ടപ്പാട് കണ്ടു കർത്താവ് വിട്ടതാണെങ്കിലോ “
ലില്ലിക്കുട്ടി തേയില പാക്കറ്റ് പൊട്ടിച്ചു കുറച്ച് തേയില എടുത്തു ചായപാത്രത്തിൽ തിളച്ചു മറിയുന്ന വെള്ളത്തിൽ ഇട്ടു കൊണ്ട് ചോദിച്ചു .
“നല്ല കുടുംബത്തിൽ ജനിച്ചവരായത് കൊണ്ടാകും ജയിലിൽ അപ്പനൊപ്പം കിടന്നതു അല്ലെ “
ലിജി തെല്ലു പരിഹാസത്തോടെ ലില്ലിക്കുട്ടിയോട് ചോദിച്ചു.
“അതൊന്നും എനിക്കറിയാൻ മേല. കുറെ തെമ്മാടികൾ വന്നു എന്റെ മക്കളെ നശിപ്പിക്കാൻ നോക്കിയപ്പോൾ അവരെ ഉണ്ടായിരുന്നൊള്ളൂ. ആരെയും തുരന്നു നോക്കിയിട്ട് വിശ്വസിക്കാൻ പറ്റുമോ “?
ലില്ലിക്കുട്ടി പഞ്ചസാര ചായയിൽ ഇട്ടു സ്പൂൺകൊണ്ട് ഇളക്കികൊണ്ട് ചോദ്യഭാവത്തിൽ ലിജിയെ നോക്കി.
ഗ്ലാസ്സിലേക്ക് ലില്ലികുട്ടി ഒഴിച്ച ചായയുമായി ലിജി ലിഷയുടെ മുറിയിലേക്ക് ചെന്നു.
മുറിയിലെ മേശയിലിരുന്നു വായിക്കുകയാണ് ലിഷ. ലിജി ഒരു നിമിഷം അത് നോക്കി നിന്നശേഷം അടുത്തേക്ക് ചെന്നു.
ചായ മേശപ്പുറത്തു വച്ചു. ലിഷ തല ഉയർത്തി ലിജിയെ നോക്കി.
“മോള് ചായകുടിക്കു, ചേച്ചി വിഷമം കൊണ്ട് പറഞ്ഞതാ. നമ്മൾ പെൺകുട്ടികളാണ്. നോക്കിയും കണ്ടും ജീവിക്കണം. മോള് നന്നായി പഠിച്ചു വലിയൊരാളാകണം. അതാ ഈ ചേച്ചിയുടെ ആഗ്രഹം. അതുകൊണ്ടാ മോളേ ഞാനെപ്പോഴും വഴക്ക് പറയുന്നത്. നമുക്ക് നമ്മളെ ഉള്ളു. അതെപ്പോഴും മനസ്സിൽ ഉണ്ടാകണം “
സ്നേഹത്തോടെ ലിജി ലിഷയുടെ തലയിൽ തലോടി തന്റെ ദേഹത്തേക്ക് ചേർത്തു പിടിച്ചു.
“എനിക്കറിയാം ചേച്ചി, ഞാൻ നന്നായി പഠിച്ചോളാം “
ലിഷ ലിജിയെ കെട്ടി പിടിച്ചു.
കാലും പുറത്തു കാലും കേറ്റി വച്ചു ആട്ടുകട്ടിലിൽ ഇരുന്നാടികൊണ്ട് ചുങ്കിപ്പാറ സൈമൺ ഷെബിയെ നോക്കി.
“ഈ അടിവാരത്തു വന്നു നിന്നെ തല്ലിയിട്ട് പോയ ആ വരത്തൻ ആരാടാ. മൂന്നുനാല് പേരുണ്ടായിട്ടും തല്ലും മേടിച്ചു കൊണ്ട് വന്നിരിക്കുന്നു. മൊണ്ണകൾ.പിന്നെ ലോകത്തുള്ള പെണ്ണുങ്ങളെ ഒക്കെ കേറി പിടിക്കാൻ പോയി ചീത്തപ്പേരു ഉണ്ടാക്കി തന്നു എന്റെ രാഷ്ട്രീയ ഭാവി കളയരുത്. പറഞ്ഞേക്കാം. പ്രതിപക്ഷം ഏതെങ്കിലും കിട്ടാൻ നോക്കിയിരിക്കുകയായിരിക്കും. നീ ഒക്കെ ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാൻ പോകുമ്പോൾ കുറച്ച് ഒളിവും മറവും ഒക്കെ വേണം. പറഞ്ഞേക്കാം. കൂടെ ഉള്ളവന്മാരോടും പറഞ്ഞേക്ക് “
ചുങ്കിപ്പാറ സൈമൺ ഒരു മുന്നറിയിപ്പിന്റെ സ്വരത്തിൽ പറഞ്ഞു.
“അവന്റെ പേര് ടോമിച്ചൻ എന്ന പറഞ്ഞത്. അടിവാരത്തുള്ള ഷാപ്പ് അയാളുടേതാ. കുട്ടിക്കാനത്തു ഉള്ളതാ. കൂടെ ഡേവിഡ് എന്ന് പറഞ്ഞ ഒരുത്തനും ഉണ്ട്.”
ഷെബി പരുങ്ങളോടെ പറഞ്ഞു.
“ങും, ഞാനൊന്നു അന്വേഷിക്കട്ടെ, നീയോ കൂടെയുള്ളവരോ കുറച്ച് ദിവസത്തേക്ക് അടിവാരത്തേക്ക് പോയേക്കരുത്, ഞാൻ പറയാതെ ആ ഭാഗത്തേക്ക് തിരഞ്ഞുപോലും നോക്കണ്ട.”
സൈമൺ ആട്ട്കട്ടിലിൽ നിന്നും എഴുനേറ്റു.
“ഡാഡി… അവന്മാരെ വെറുതെ വിടരുത്,നമ്മുടെ ഏരിയയിൽ കേറി കളിയെറക്കിയിട്ട അവന്മാർ പോയിരിക്കുന്നത്. ആദ്യം അവന്മാരുടെ അടിവാരത്തുള്ള ഷാപ്പ് അങ്ങ് അടിച്ചു പൊളിക്ക്.”
ഷെബി പകയോടെ പറഞ്ഞു.
“നീ ഇപ്പോൾ പൊളിക്കാനും പറിക്കാനും പോകണ്ട. ഞാൻ നോക്കിയിട്ട് എന്താണെങ്കിലും ചെയ്തോളാം. കേട്ടല്ലോ “
പറഞ്ഞിട്ട് സൈമൺ പുറത്തേക്കിറങ്ങി കാറിൽ കയറി പുറത്തേക്കു പോയി.
“എന്തോന്നാടാ അപ്പനും മകനും കൂടി ഒരു രഹസ്യം പറച്ചിൽ. ആരെ എങ്കിലും നശിപ്പിക്കുന്ന കാര്യം വല്ലതുമാണോ “
സൈമണിന്റെ അമ്മ എൺപതു വയസ്സായ കത്രിനാമ്മ അങ്ങോട്ട് വന്നു.
“അപ്പനും മകനും നല്ലകാര്യങ്ങൾ ഒന്നും ചെയ്യാറില്ലല്ലോ. അതുകൊണ്ട് ചോദിച്ചതാ “
കത്രിനാമ്മയുടെ ചോദ്യം കേട്ടു ഷെബി ദേഷ്യത്തോടെ നോക്കി.
“വല്യമ്മച്ചി വയസാംകാലത്തു ആവശ്യമില്ലാത്ത കാര്യങ്ങളിൽ കേറി ഇടപെടാതെ വല്ല കൊന്തയോ, നന്മനിറഞ്ഞ മറിയമേ യോ ചൊല്ലിക്കൊണ്ട് മുറിയിൽ പോയിരിക്ക്.അല്ലെങ്കിൽ ഞാൻ ചവുട്ടിക്കൂട്ടി ഏതെങ്കിലും മൂലയ്ക്ക് കൊണ്ടിടും പറഞ്ഞേക്കാം “
ഷെബി കലിതുള്ളിക്കൊണ്ട് അകത്തേക്ക് കയറി പോയി.
“എന്താ അമ്മച്ചി ഇവിടെ പ്രശ്നം “
കയ്യിലെ വെള്ളം തുടച്ചു കൊണ്ട് ഗ്രേസി കത്രിനമ്മയുടെ അടുത്തേക്ക് വന്നു.
“എടി ഗ്രേസി, നിന്റെ കുരുത്തം കെട്ട മകൻ ലോകത്തുള്ള പാവപെട്ട പെണ്ണുങ്ങളുടെ മൊത്തം ശാപം മേടിച്ചു കെട്ടും. അവനെ കർത്താവ് നരകതീയിൽ കൊണ്ടിടും. ഗുരുത്വദോഷി, എന്നെ അവൻ ചവുട്ടിക്കൂട്ടി മൂലക്കിടുമെന്ന്. കുടുംബം മുടിപ്പിക്കാൻ ഉണ്ടായവനാ, ഗുണം പിടിക്കാൻ പാടാ “
കത്രിനമ്മ ശപിക്കുന്നത് പോലെ പറഞ്ഞു.
“അതെങ്ങനെയാ, അമ്മച്ചിടെ മോൻ ഇതിനേക്കാളും വലിയ പെഴ അല്ലായിരുന്നോ? അപ്പോ അതിൽനിന്നും പൊട്ടിമുളച്ചത് പടുവിള ആകുകയല്ലേ ഉള്ളു. വിത്തു ഗുണം പത്തു ഗുണം. അല്ലാതെന്താ “
ഗ്രേസി തിരിച്ചു അടുക്കളയിലേക്ക് പോയി.
“അമ്മയും കൊള്ളാം, മകനും കൊള്ളാം “
പിറുപിറുത്തുകൊണ്ട് കത്രിനമ്മ സോഫയിൽ ഇരുന്നു.
ജീപ്പ് പോർച്ചിൽ വന്നു നിൽക്കുന്ന ശബ്‌ദം കേട്ടു ശോശാമ്മ അങ്ങോട്ട് വന്നു.
ടോമിച്ചനും ജെസ്സിയും ജീപ്പിൽ നിന്നും ഇറങ്ങി.
“സമയം വൈകിയപ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾ നാളെയെ വരുകയുള്ളു എന്ന്.”
ശോശാമ്മ പറഞ്ഞത് കേട്ടു ടോമിച്ചൻ ബാഗും എടുത്തു വീട്ടിലേക്കു കയറി.
“ഇത്രയും ദൂരം ഓടിച്ചു വരണ്ടേ അമ്മച്ചി,നല്ല ദൂരമുണ്ട്. പിന്നെ അമ്മച്ചിക്ക് മുന്നാറിൽ നിന്നും നല്ല ഒന്നാന്തരം തേയിലയും തലയിൽ തേക്കാൻ നാട്ടു ഔഷധ എണ്ണയും കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ കുറച്ച് വീട്ടിലുണ്ടാക്കുന്ന ചോക്കളേറ്റും മേടിച്ചു “
പറഞ്ഞിട്ട് ഒരു കവർ എടുത്തു ശോശാമ്മയുടെ കയ്യിൽ കൊടുത്തു.
“ഞാനൊന്നു ഡ്രെസ്സ് മാറിയിട്ട് പെട്ടന്ന് അടുക്കളയിലേക്ക് വരാം അമ്മച്ചി “
പറഞ്ഞിട്ട് ജെസ്സി ഡ്രെസ്സ് കൊണ്ടുപോയ ബാഗും ആയി മുകളിലേക്കു പോയി.
ടോമിച്ചൻ ഡ്രെസ്സ് മാറി മുറിക്കു പുറതേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് ജെസ്സി കയറി വന്നത്.
“നിങ്ങൾ എവിടെ പോകുവാ ഈ വന്ന ഉടനെ, ഞാൻ ചായ ഉണ്ടാക്കി തരാം “
ജെസ്സി ചോദ്യഭാവത്തിൽ ടോമിച്ചനെ നോക്കി.
“ഞാൻ ഔട്ട്ഹൗസ് വരെ പോകുവാ, ഡേവിഡിനെ ഒന്ന് കാണണം.”
ജെസ്സിയോട് പറഞ്ഞിട്ട് ടോമിച്ചൻ പുറത്തിറങ്ങി ഔട്ട്ഹൗസിലേക്ക് നടന്നു.
ടോമിച്ചൻ ചെല്ലുമ്പോൾ ഡേവിഡ് മുറിക്കുള്ളിൽ ഇരുന്നു ഫയലുകൾ നോക്കുകയായിരുന്നു.
ഡേവിഡിന്റെ നെറ്റിയിൽ ഒരു ബാൻടേജ് ഒട്ടിച്ചിരുന്നു.
“ഇതെന്ത് പറ്റി നിന്റെ നെറ്റിയിൽ മുറിവ്, എവിടെയെങ്കിലും വീണോ “
ചോദിച്ചു കൊണ്ട് ടോമിച്ചൻ കസേരയിൽ ഇരുന്നു.
“അടിവാരത്തു നിന്നു വരുന്നവഴി കാറ് ഒന്ന് സഡൻ ബ്രേക്ക് ഇട്ടപ്പോൾ നെറ്റി പോയി ഇടിച്ചതാ “
ഡേവിഡ് പറഞ്ഞുകൊണ്ട് ഫയൽ മടക്കിവച്ചു.
“ഡേവിഡേ, ഞാൻ പ്രധാനപെട്ട ഒരു കാര്യം പറയാനാ വന്നത്. ആരോ നമ്മളെ പിന്തുടരുന്നപോലെ ഒരു തോന്നൽ.” ജയിലിൽ വച്ചു നടന്ന ആക്രമണവും, ഇന്നലെ സംഭവിച്ചതും ടോമിച്ചൻ പറഞ്ഞു.
ടോമിച്ചൻ പറയുന്നത് ശ്രെദ്ധാപൂർവ്വം കേട്ടിരുന്ന ഡേവിഡ് ഒന്ന് നിവർന്നിരുന്നു.
“പഴയ ലിസ്റ്റിൽ ഉള്ള ആരെങ്കിലും ആണോ “
ഡേവിഡ് ചോദിച്ചു കൊണ്ട് ടോമിച്ചനെ നോക്കി.
“അത് ആകാൻ സാധ്യത ഇല്ല. ഇനി അതാണെങ്കിൽ തന്നെ ഷണ്മുഖതിന്റെ ആരെങ്കിലും ആയിരിക്കണം. അതിനെ കുറിച്ച് രഹസ്യമായി കമ്പത്തു പോയി അന്വേഷിച്ചാലേ അറിയാൻ പറ്റൂ.കേരളത്തിൽ അവരുടെ ആരെങ്കിലും ഉണ്ടോ എന്ന്. പക്ഷെ എന്റെ മനസ്സ് പറയുന്നത്, അതല്ലന്നാണ്. പക്ഷെ ആര്?ഇതിനു പിന്നിൽ ആരൊക്കെയോ ഉണ്ട്. ഒരു കുടുംബം ആയി ജീവിക്കുമ്പോൾ പ്രതികാരത്തിനോ , വെല്ലുവിളിക്കോ എനിക്ക് താത്പര്യം ഇല്ല.അതുകൊണ്ട് ഇതാരാണ് എന്ന് കണ്ടുപിടിക്കണം.ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ പ്രശ്‍നം പരിഹരിക്കണം. എത്രയും പെട്ടന്ന്. അല്ലെങ്കിൽ മനഃസമാധാനം നഷ്ടപ്പെടും.”
ടോമിച്ചൻ പറഞ്ഞുകൊണ്ട് ഒരു സിഗററ്റ് എടുത്തു തീ കൊളുത്തി.
“നമുക്ക് കണ്ടു പിടിക്കാം. ഞാൻ രഹസ്യമായി ഒന്നന്വേഷിക്കട്ടെ. എന്തായാലും ഇവിടെ വന്നു ഷോ കാണിക്കാൻ തയ്യാറാകാതില്ല. പിന്നെ പുറത്തേക്കു പോകുമ്പോൾ ഒരു മുൻകരുതൽ എപ്പോഴും നല്ലതാ.വരുന്നവന്റെ ഉദ്ദേശം എന്താണെന്നു നമുക്ക് അറിയില്ലല്ലോ.”
ഡേവിഡ് മുന്നറിയിപ്പ് പോലെ പറഞ്ഞു.
“ങും “എന്തോ ആലോചിച്ചത് പോലെ ടോമിച്ചൻ ഒന്ന് മൂളി.
“അപ്പോ ഇത് നിന്നോടൊന്നു പറയാൻ വന്നതാ. നാളെമുതൽ ഷാപ്പിലോട്ടും ബാറിലോട്ടും ഒക്കെ ഞാനിറങ്ങാം.”
പറഞ്ഞിട്ട് ടോമിച്ചൻ ഇറങ്ങി നടന്നു.
രാത്രിയിൽ അത്താഴം കഴിഞ്ഞു, അടുക്കളയിലെ ജോലിയൊക്കെ ഒതുക്കി, ജെസ്സി ബെഡ്‌റൂമിൽ എത്തുമ്പോൾ ടോമിച്ചൻ ജനാലക്കൽ പോയി പുറത്തേക്കും നോക്കി ആലോചിച്ചു നിൽക്കുന്നതാണ്.
“എന്ത് പറ്റി പുറത്തെക്കും നോക്കി പതിവില്ലാത്ത ഒരു നിൽപ്പ്, ഇന്നലെ രാത്രിയിൽ പുറത്തു പോയിട്ട് തിരിച്ചു വന്നപ്പോൾ തൊട്ടു ഞാൻ കാണുന്നതാണ്. എന്നോടെന്തെങ്കിലും ഒളിക്കുന്നുണ്ടോ നിങ്ങള് “
അടുത്ത് ചെന്നു ടോമിച്ചന്റെ മുഖത്തേക്ക് നോക്കി ജെസ്സി ചോദിച്ചു.
“ഏയ് ഒന്നുമില്ല.നിനക്ക് തോന്നുന്നതാ.”
ടോമിച്ചൻ ജെസ്സിയെ നോക്കി പറഞ്ഞു.
“അല്ല, ഞാൻ നിങ്ങളെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ല. എന്ത് വന്നാലും അതിനെ എല്ലാം പുല്ലുപോലെ കണ്ടിരുന്ന നിങ്ങൾക്കിപ്പോൾ എന്ത് പറ്റി. ഇന്നലെ കോട്ടജിന്റെ പുറത്ത്‌പോയപ്പോൾ എന്താ സംഭവിച്ചത്. ഞാൻ നിങ്ങടെ ഭാര്യ മാത്രമല്ല, ഒരു കൂട്ടുകാരിയെ പോലെയാ. എന്തും എന്നോട് തുറന്നു പറയാം. എന്തായാലും ഈ ജെസ്സി ജീവനുള്ളിടത്തോളം നിങ്ങടെ കൂടെയുണ്ട്. എന്തിനും ഏതിനും “
ജെസ്സി ടോമിച്ചന്റെ കയ്യിൽ പിടിച്ചു.
“നിങ്ങടെ മനസ്സിനെ പിടിച്ചു കുലുക്കിയ എന്തോ സംഭവം ഉണ്ടായിട്ടുണ്ട്.എന്തായാലും എന്നോട് പറ മനുഷ്യ,ഒറ്റയ്ക്ക് ഉള്ളിൽ കൊണ്ട് നടന്നു വിഷമിക്കാതെ “
ടോമിച്ചൻ ജെസ്സിയുടെ മുഖത്തേക്ക് നോക്കി.
“നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയ ഞാൻ പറയാത്തത്. ആരോ നമ്മളെ പിന്തുടരുന്നുണ്ട്. “
ഉണ്ടായ കാര്യങ്ങൾ ടോമിച്ചൻ ജെസ്സിയോട് പറഞ്ഞു കേൾപ്പിച്ചു.
“ആര്? എന്ത് കാര്യത്തിന്?”
ജെസ്സി അമ്പരപ്പോടെ ചോദിച്ചു.
“ആർക്കറിയാം “.. ടോമിച്ചൻ കൈ മലർത്തി
കുറച്ച് നേരം മിണ്ടാതെ ഇരുന്നശേഷം ജെസ്സി ടോമിച്ചനെ നോക്കി
“ഇനി ലൈസി ആന്റിയോ അവരുടെ മക്കളോ ആരെങ്കിലും രക്ഷപെട്ടിട്ടുണ്ടോ അന്നത്തെ അപകടത്തിൽ നിന്നും.അങ്ങനെ രക്ഷപെട്ടുണ്ടങ്കിൽ…..”
ജെസ്സി പറഞ്ഞു വന്നത് പൂർത്തീകരിക്കാതെ നിർത്തി.
“ആരെങ്കിലും രക്ഷപെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയും, മാസം ആറുകഴിഞ്ഞില്ലേ “
ടോമിച്ചൻ ജെസ്സിക്ക് അഭിമുഖമായി തിരിഞ്ഞു.
“കുമളി പോലീസ് സ്റ്റേഷനിൽ പോയാൽ അതിനെക്കുറിച്ചുള്ള വിവരം കിട്ടില്ലേ . ആറുമാസം മുൻപ് നടന്ന കാര്യമായതുകൊണ്ട് പോലീസുകാർക്ക് നല്ല ഓർമ്മയുണ്ടായിരിക്കും . വക്കച്ചായന്റെ പരിചയത്തിലുള്ള പോലീസുകാർ അവിടെ ഉണ്ടല്ലോ.ആ അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടോ, ആരെങ്കിലും മിസ്സ് ആയിട്ടുണ്ടോ എന്നതെല്ലാം അവിടെനിന്നും അറിയാൻ കഴിയും “
ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ അമ്പരപ്പോടെ നോക്കി.
“നീ കൊള്ളാമല്ലോ,ഇങ്ങനെ ഞാൻ പോലും ചിന്തിച്ചില്ല. നീ ഒരു പോലീസുകാരി ആകേണ്ടവൾ ആയിരുന്നു.”
ടോമിച്ചൻ ജെസ്സിയുടെ കവിളിൽ ഒരു നുള്ള് കൊടുത്തു.
“ഹോ… എനിക്ക് നന്നായി വേദനിച്ചു “
ജെസ്സി തെല്ലു പരിഭവത്തോടെ പറഞ്ഞിട്ടു ടോമിച്ചന്റെ മീശയിൽ പിടിച്ചു വലിച്ചു .
“നിങ്ങൾ മാത്രം അങ്ങനെ വേദനിപ്പിച്ചു സുഖിക്കേണ്ട.നിങ്ങക്കും വേദനിക്കട്ടെ “
അങ്ങനെ നിൽക്കെ
ജനാലക്കലേക്കു നോക്കിയ ജെസ്സി കണ്ടു.!
ജനചില്ലിന്റെ പുറത്തു ഒരു നിഴൽ. അതും ഒരു മനുഷ്യരൂപം!!
ആ രൂപം അകത്തേക്ക് നോക്കി നിൽക്കുകയാണ്.ജെസ്സി അങ്ങോട്ട് സൂക്ഷിച്ചു നോക്കി.
ഇടക്കിടെ അനങ്ങുന്നുണ്ട്. കൂടെ ഒരു തോക്കിന്റെ നിഴലും!!
“ദേ അങ്ങോട്ട് നോക്കിക്കേ, അവിടെ ആരോ നിൽപ്പുണ്ട് “
പേടിയോടെ പറഞ്ഞു കൊണ്ട് ജെസ്സി ടോമിച്ചനെ തള്ളിമാറ്റി.
അതേ സമയം ജനൽ ചില്ല് തകർത്തു കൊണ്ട് ഒരു വെടി പൊട്ടി!ഒപ്പം ഒരു നിലവിളിയും!!………… (തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission