Skip to content

കാവൽ – 4

kaaval

ജെസ്സിയുടെ നിലവിളി കേട്ടു ഒന്ന് പകച്ചു പോയ ടോമിച്ചൻ മിന്നൽ വേഗത്തിൽ തിരിഞ്ഞു മുറിയിലെ ലൈറ്റ് ഓഫാക്കി ജെസ്സിയെയും കൊണ്ട് തറയിലേക്ക് മറിഞ്ഞു, ഉരുണ്ടു കട്ടിലിനടിയിലേക്ക് കയറി. മുറിക്കുള്ളിലെ ഇരുളിലൂടെ ഒരു വെടിയുണ്ട കൂടി പാഞ്ഞു വന്നു ഭിത്തിയിൽ തറച്ചു. കട്ടിലിനടിയിൽ കിടന്നു കൊണ്ട് ടോമിച്ചൻ ജനാലയുടെ ഭാഗത്തേക്ക്‌ നോക്കി.

ജനാലയുടെ പൊട്ടിയ ചില്ലിനപ്പുറത്തുനിന്നും ഒരു നിഴൽ പെട്ടന്ന് തെന്നി മാറി പോയത് ടോമിച്ചൻ കണ്ടു. ഒരു നിമിഷം അനങ്ങാതെ കിടന്ന ശേഷം ജനാലക്കൽ ആരുമില്ല എന്ന് ബോധ്യപെടുത്തി കട്ടിലിനടിയിൽ നിന്നും പുറത്തു വന്നു.

പുറത്തു എവിടെയോ ഒരു വാഹനംപോകുന്ന ശബ്‌ദം!

തറയിൽ കിടന്ന ജെസ്സിയെ പിടിച്ചെഴുനേൽപ്പിച്ചു ടോമിച്ചൻ.ജെസ്സി ശരിക്കും ഭയന്ന്  പോയിരുന്നു. ചെറുതായി വിറക്കുന്നുമുണ്ട്.

“നിനക്കൊന്നും പറ്റിയില്ലല്ലോ അല്ലെ, നീ നിലവിളിച്ചപ്പോൾ ഞാൻ പേടിച്ചു പോയി “

ടോമിച്ചൻ ജെസ്സിയെ അടിമുടി ഒന്ന് നോക്കി. ജെസ്സി ഒന്നും പറ്റിയില്ലെന്നു തലയാട്ടി കൊണ്ട് ടോമിച്ചന്റെ  മാറിൽ മുഖം ചേർത്തു ഇറുക്കെ കെട്ടിപിടിച്ചു നിന്നു.

“ആരാ…. അത്… ഇവിടെ വന്നു നമ്മളെ വെടിവച്ചു കൊല്ലാൻ നോക്കിയത് “

ജെസ്സിയുടെ വാക്കുകൾ വിറച്ചിരുന്നു.

“ആരോ.. എനിക്കറിയത്തില്ല… കൊല്ലാൻ ഒന്നും വന്നതായിരിക്കില്ല. വല്ലതും  മോഷ്ടിക്കാൻ വന്നവനായിരിക്കും.നീ പേടിക്കണ്ട. അവൻ പോയി കാണും.”

ടോമിച്ചൻ ജെസ്സിയെ ആശ്വസിപ്പിച്ചു കൊണ്ട് നിൽക്കുമ്പോൾ കതകിൽ മുട്ടുകേട്ടു.

“ടോമിച്ചാ… ടോമിച്ച….ജെസ്സിമോളെ ..”

ശോശാമ്മയുടെ വിളി കേട്ടു.

ജെസ്സി പേട്ടെന്ന് ചെന്നു വാതിൽ തുറന്നു.

മുൻപിൽ പരിഭ്രാന്തരായി ശോശാമ്മയും ശാന്തയും.

“എന്താടാ, ഇവിടെ ഒരു ശബ്‌ദം കേട്ടത്. വെടി വയ്ക്കുന്നപോലത്തെ ശബ്‌ദം. എന്ത് പറ്റിയതാ “

ശോശാമ്മ മുറിക്കുള്ളിലേക്ക് വന്നു ടോമിച്ചനെയും ജെസ്സിയെയും മാറി മാറി നോക്കി.പിന്നെ ശോശാമ്മയുടെ നോട്ടം ജനാലക്കലേക്കു നീണ്ടു.

“ഇതെങ്ങനെ ആടാ പൊട്ടിയത്.ആരോ അടിച്ചു പൊട്ടിച്ചത് പോലെ “

ശോശാമ്മ ചോദിച്ചു കൊണ്ട് ജനാലക്കലേക്കു ചെന്നു. പെട്ടന്ന് ജെസ്സി ചെന്നു ശോശാമ്മയുടെ കയ്യിൽ പിടിച്ചു.

“അമ്മച്ചി,ഇവിടെ നിൽക്കണ്ട, അങ്ങോട്ട്‌ മാറി നിൽക്കാം “

കാര്യമറിയാതെ ശോശാമ്മ ജെസ്സിയെ നോക്കി.

“എന്താ മോളേ ഇതൊക്കെ, എന്ത് പറ്റിയതാ “

ശോശാമ്മയുടെ ചോദ്യം കേട്ടു ജെസ്സി ടോമിച്ചനെ നോക്കി.

“അതൊരു കള്ളൻ മോഷ്ടിക്കാൻവേണ്ടി   വന്നതാ, ചില്ല് പൊട്ടിച്ചപ്പോഴേക്കും ഞാൻ അറിഞ്ഞു, അവൻ ചാടിയിറങ്ങി ഓടി , രാത്രി ആയതു കൊണ്ടാണ്  ഞാൻ പുറകെ പോകാത്തത്. രാവിലെ ആകട്ടെ സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാം “

ടോമിച്ചൻ ജെസ്സിയെ നോക്കി കണ്ണിറുക്കിയശേഷം പറഞ്ഞു. സത്യം പറഞ്ഞാൽ ശോശാമ്മ ഭയപ്പെടും എന്ന് കരുതി ആണ് ടോമിച്ചൻ ഒരു മെനഞ്ഞെടുത്ത കഥ പറഞ്ഞത്.ശോശാമ്മ അത് വിശ്വസിച്ചു എന്ന് മുഖഭാവത്തിൽ നിന്നും വ്യെക്താമായിരുന്നു.

“ടോമിച്ചാ, സൂക്ഷിക്കണം, പുതിയ വീടായതു കൊണ്ട് ഇതുപോലെയുള്ള ആളുകൾ വരാൻ സാധ്യത ഉണ്ട്. പേടിച്ചിട്ടു വീട്ടിൽ പോലും കിടക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ കർത്താവെ “

ശോശാമ്മ കഴുത്തിൽ കിടന്ന കൊന്തയിൽ പിടിച്ചു പരിതപിച്ചു.

“മോളേ ഇന്നിനി ഈ മുറിയിൽ കിടക്കേണ്ട. രണ്ടുപേരും കൂടി അപ്പുറത്തെ മുറിയിൽ പോയി കിടക്കു. നേരം വെളുത്തു പോലീസുകാര് വന്നു നോക്കിയിട്ട് മുറി ശരിയാക്കാം “

ശോശാമ്മ പറഞ്ഞത് കേട്ടു ജെസ്സി ടോമിച്ചനുമായി മുറിക്കു പുറത്തേക്കു നടന്നു. ഒപ്പം ശോശാമ്മയും ശാന്തയും.

മുറി അടച്ചു പൂട്ടി ടോമിച്ചനും ജെസ്സിയും അടുത്ത മുറിയിലേക്ക് പോയി. ശോശാമ്മയും ശാന്തയും താഴേക്കും.

നേരം വെളുത്ത ഉടനെ ടോമിച്ചൻ വീടിന് പുറത്തിറങ്ങി. അപ്പോഴേക്കും ഡേവിഡും അങ്ങോട്ട്‌ വന്നിരുന്നു.

താഴെ ചില്ലുകൾ ചിതറികിടക്കുന്നത് കണ്ട ഡേവിഡ് മുകളിലേക്കു നോക്കിയപ്പോൾ ആണ് ജനാലച്ചില്ല് പൊട്ടികിടക്കുന്നത് കണ്ടത്.

ഡേവിഡ് തന്റെ അടുത്ത് വന്നു നിന്ന ടോമിച്ചനെ നോക്കി.

“ഇതെന്ത് പറ്റിയതാ, ഈ ഗ്ലാസ്‌ എങ്ങനെയാ പൊട്ടിയത്. വഴിയേ പോയ ആരെങ്കിലും  കല്ലെടുത്തെറിഞ്ഞതാണോ “?

ഡേവിഡ് ചോദിച്ചു കൊണ്ട് ഭിത്തിയിൽ പറ്റിയിരുന്ന ചെളിപിടിച്ച കൽപാദത്തിലേക്കു നോക്കി.

“ഇതു ആരോ മുകളിലേക്കു കയറി വന്നപോലുണ്ടല്ലോ.”

തിരിഞ്ഞു സംശയത്തോടെ ടോമിച്ചനെ നോക്കി.

“ഡേവിഡേ… ഇന്നലെ നിന്നോട് ഞാൻ പറഞ്ഞില്ലായിരുന്നന്നോ , ആരോ എന്നെ പിന്തുടരുന്നുണ്ട് എന്ന്. അതിന്റെ ബാക്കിയ ഇതു. ഒരാൾ ഇന്നലെ എന്നെ വെടിവച്ചു. അങ്ങനെയാ ഗ്ലാസ്‌ പൊട്ടിയത്. ഭാഗ്യം കൊണ്ട് തലനാരിഴക്ക  രക്ഷപെട്ടത്. കർത്താവിനു സ്തുതി.”

ടോമിച്ചൻ മുകളിലെ ജനാലക്കലേക്കു കൈ ചൂണ്ടികൊണ്ട് പറഞ്ഞു.

“ഞാൻ ഒരണ്ണം അടിച്ചിട്ട് കിടന്നങ്ങുറങ്ങി പോയി. അതാ ശബ്‌ദം കേൾക്കാത്തത്. ഏതായാലും ഇതൊന്നും അത്ര നല്ലതായി തോന്നുന്നില്ല. രാവിലെ പോലീസ് സ്റ്റേഷനിലേക്ക് ഞാൻ വിളിച്ചു പറയാം.അവര് വന്നു ഒന്നാന്വേഷിക്കട്ടെ “

പറഞ്ഞിട്ട് ഡേവിഡ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് വന്നു ബംഗ്ലാവിന്റെ മുൻപിൽ നിന്നു.

അതിൽ നിന്നും സി ഐ രംഗനാഥാനും നാലഞ്ചു പോലീസുകാരും ഇറങ്ങി.

ടോമിച്ചനും ജെസ്സിയും കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു. കൂടെ വന്ന കോൺസ്റ്റബിൾ രാജു എല്ലാം എഴുതി എടുത്തു.

“ടോമിച്ചാ, നിങ്ങൾ പറയുന്നതനുസരിച്ചു ആരോ ഒരാൾ നിങ്ങളെ പിന്തുടരുന്നുണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.പക്ഷെ അതാരാണ്? ഒരാളാണോ, അതിന് പിന്നിൽ വേറെ ആരെങ്കിലും ഉണ്ടോ? നിങ്ങൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ.ഏതെങ്കിലും മുൻവൈരാഗ്യത്തിന്റെ പേരിലാണ് പ്രതികാരം ചെയ്യാൻ ഇറങ്ങിയിരിക്കുന്നത് എങ്കിലോ. അതുകൊണ്ട് കഴിഞ്ഞകാലങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചു അങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടോ എന്ന് ഓർത്തെടുത്തു പറയുവാൻ സാധിക്കുമോ “

ചോദ്യഭാവത്തിൽ സി ഐ രംഗനാഥൻ ടോമിച്ചന്റെ നേരെ നോക്കി.

കഴിഞ്ഞ കാലങ്ങളിലെ സംഭവങ്ങളുടെ ഏകദേശരൂപം സി ഐ യെ പറഞ്ഞു കേൾപ്പിച്ചു.

സി  ഐ യുടെ നോട്ടം ഡേവിഡിൽ തറച്ചു.

“ഇതാരാണ് ടോമിച്ചാ “

സി ഐ,ഡേവിഡിന് നേരെ കൈചൂണ്ടി ചോദിച്ചു.

“അതെന്റെ ബിസിനസ്‌ പാർട്ണർ ആണ്, ഡേവിഡ്. ഇവിടെ ഔട്ട്ഹൗസിൽ ആണ് താമസം. ഡേവിഡ് ആണ് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തത് “

ടോമിച്ചൻ പറഞ്ഞു.

“ങും, മിസ്റ്റർ ഡേവിഡ്, നിങ്ങളുടെ വീട് എവിടെയാണ് “

മീശ രണ്ടു വശത്തേക്കും പിരിച്ചു വച്ചു ലാത്തി കറക്കികൊണ്ട് സി ഐ രംഗനാഥൻ ഡേവിഡിനെ  നോക്കി

“സാറെ, എന്റെ വീട് കോഴിക്കോട് കല്ലായിയിൽ ആണ്.ഒരു ജോലി അന്വേഷിച്ചു നടന്നു കറങ്ങി തിരിഞ്ഞു ടോമിച്ചന്റെ അടുത്തെത്തി. അങ്ങനെയാ ഇവിടെ ഇപ്പോൾ നിൽക്കുന്നത് “

ഡേവിഡ് പറഞ്ഞത് കേട്ടു  സി ഐ ഒന്നമർത്തി മൂളി.

“എത്രകാലമായി ഇവിടെ ടോമിച്ചന്റെ കൂടെ “

സി ഐ യുടെ അടുത്ത ചോദ്യം കേട്ടു ഡേവിഡ് പറഞ്ഞു.

“ഏഴു മാസമായി സാറെ ഞാനിവിടെ.”

ഡേവിഡ് പറഞ്ഞിട്ട് ടോമിച്ചനെ നോക്കി.

“സാറെ ഡേവിഡിനെ സംശയിക്കേണ്ട, പുറത്തുനിന്നു വന്ന ആരോ ആണ് ഇതു ചെയ്തിരിക്കുന്നത്. അതെനിക്കുറപ്പുണ്ട്”

ടോമിച്ചൻ സി ഐ യോട് പറഞ്ഞു.

“മിസ്റ്റർ ടോമിച്ചൻ, ഞങ്ങൾ പോലീസുകാർ ആരെയും സംശയദൃഷ്ടിയോടെയെ നോക്കു. ഇയാൾ നിങ്ങളുടെ വീട്ടിൽ ഒരതിഥിയെ പോലുള്ള ആളാണ് . അതുകൊണ്ട് കാര്യങ്ങൾ ചോദിച്ചു എന്നേ ഉള്ളു. അയാളെ ഞങ്ങൾക്ക് സംശയം ഉണ്ടെന്ന് പറഞ്ഞില്ല. എന്തായാലും കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കാം.”

പോലീസുകാർ വീടിന് ചുറ്റും, സംഭവം നടന്ന മുറിയിലും കയറി വിശദമായി പരിശോധിച്ചു.

പോകുവാൻ നേരം സി ഐ രംഗനാഥൻ ടോമിച്ചനെ അടുത്തേക്ക് വിളിച്ചു.

“എന്തായാലും ഒന്ന് സൂക്ഷിച്ചോ, അയാൾക്ക്‌ നിങ്ങളെ ഇല്ലാതാക്കാനുള്ള പ്ലാൻ ഉണ്ടെന്നാണ് നിങ്ങൾ തന്ന കാര്യങ്ങളിൽ നിന്നും മനസ്സിലായത്. എന്തോ തക്കതായ കാര്യം ഉണ്ട്. താനൊന്നു ശരിക്കും ഓർത്തു നോക്കുക, തന്നോട് ഇത്രക്കും പക തോന്നാൻ ഉള്ള ആരെങ്കിലും ഉണ്ടോ എന്ന്. പിന്നെ കുമളി സ്റ്റേഷനിൽ പോയി ഒന്നാന്വേഷിച്ചെക്കു. ഷണ്മുഖമോ അയാളുമായി ബന്ധപ്പെട്ട ആരെങ്കിലുമൊക്കെ ഇവിടെ വച്ചു കൊല്ലപ്പെട്ടവരുടെ കൂടെ നിന്നും രക്ഷപെട്ടിട്ടുണ്ടോ എന്ന്. അങ്ങനെയും വന്നു കൂടായ്കയില്ല.”

പറഞ്ഞിട്ട് സി ഐ ജീപ്പിൽ കയറി

“എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ അറിയിക്കാം “

പറഞ്ഞിട്ട് ഡ്രൈവറോട് ജീപ്പെടുത്തോളാൻ നിർദേശം കൊടുത്തു.

“എന്തൊക്കെയാടാ ഇതൊക്കെ, ഇവിടെയും സമാധാനം കിട്ടതില്ലേ “?

പോലീസുകാർ പോയി കഴിഞ്ഞപ്പോൾ ശോശാമ്മ അടുത്ത് ചെന്നു ടോമിച്ചനോട് ചോദിച്ചു.

“അമ്മച്ചി പേടിക്കണ്ട, ഞാൻ നോക്കിക്കൊള്ളാം,ഏതെങ്കിലും കള്ളന്മാർ ആയിരിക്കും “

ടോമിച്ചൻ ശോശാമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് വീടിനുള്ളിലേക്ക് കയറി.

“ഡേവിഡ്.. നമുക്ക് ഒന്ന് കുമളി വരെ പോകണം. പോലിസ് സ്റ്റേഷനിൽ.ഞാൻ റെഡിയായി വരാം “

തിരിഞ്ഞു നിന്നു ഡേവിഡിനോട് പറഞ്ഞിട്ട് വീടിനുള്ളിലേക്കു പോയി.

ഡേവിസ് പൊട്ടിയ ജനാലക്കലേക്കു നോക്കിയ ശേഷം ഔട്ട്ഹൗസിനു നേരെ നടന്നു.

ഒൻപതു മണിയായപ്പോൾ ടോമിച്ചനും ഡേവിഡും കുമളിക്കു പോകാൻ റെഡിയായി.

“നിങ്ങള് അവിടെ വീട്ടിലും ഒന്ന് കേറിയിട്ടു വരണം. അങ്ങോട്ടൊക്കെ പോയിട്ട് ഒരുപാടു നാളായില്ലേ “

ജെസ്സി ടോമിച്ചനോട് പറഞ്ഞു.

“അവര് കഴിഞ്ഞദിവസം അല്ലെ ഇവിടെ വന്നിട്ട് പോയത്. ങ്ങാ നോക്കട്ടെ “

പറഞ്ഞിട്ട് ടോമിച്ചൻ കാറിൽ കയറി. ഒപ്പം ഡേവിഡും. കാർ നേരെ കുന്നേൽ ബംഗ്ലാവിലേക്കാണ് പോയത്.

ചെല്ലുമ്പോൾ വക്കച്ചൻ മുതലാളി പുറത്തേക്കു പോകാനായി ഇറങ്ങി വരുകയായിരുന്നു.

കാറിൽ നിന്നും ഇറങ്ങി വരുന്ന ടോമിച്ചണെന്നും ഡേവിഡിനെയും കണ്ടു വക്കച്ചൻ മുതലാളി അവരുടെ അടുത്തേക്ക് ചെന്നു.

“ടോമിച്ചാ, വാ ഞാൻ കൂപ്പിലേക്കു പോകുവാൻ ഇറങ്ങുകയായിരുന്നു  “

വക്കച്ചൻ അവരെ അകത്തേക്ക് ക്ഷണിച്ചു.

“കേറുന്നില്ല, ഞാൻ കുമളി വരെ പോകുവാ. വക്കച്ചായന്റെ പരിചയക്കാരായ പോലീസുകാർ അവിടെ ഉണ്ടല്ലോ. ഞങ്ങൾക്ക് അവിടെ നിന്നും കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്. ആറുമാസം മുൻപുള്ള കാര്യങ്ങളാണ്. അതൊക്കെ ഒന്ന് തപ്പിയെടുത്തു തരണമെന്ന് വിളിച്ചു പറയണം. അവർക്കു പൈസ എന്താണെങ്കിലും കൊടുക്കാം “

ടോമിച്ചൻ പറഞ്ഞ ഉടനെ വക്കച്ചൻ അവരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

“അങ്ങോട്ട്‌ പൊയ്ക്കോ, വേണ്ടതെന്താണെങ്കിൽ അവർ ചെയ്തു തരും “

വക്കച്ചൻ ടോമിച്ചനോട് പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ സെലിനും മോളികുട്ടിയും അങ്ങോട്ട്‌ വന്നു.

“ടോമിച്ച, കേറി വാ, ചായകുടിച്ചിട്ടു പോകാം, എങ്ങോട്ടാ ഇത്ര ദൃതി വച്ചു പോകുന്നത് “

മോളികുട്ടി ചോദിച്ചു.

“കുറച്ച് തിരക്കുണ്ട് മോളമ്മച്ചി,”

പറഞ്ഞു കൊണ്ട് ടോമിച്ചൻ സെലിനു നേരെ തിരിഞ്ഞു. ഗർഭിണി ആയതിന്റെ ക്ഷീണത്തിൽ  ഭിത്തിയിൽ ചാരി നിൽക്കുകയാണ് സെലിൻ.

“നിന്റെ കെട്ടിയോൻ എന്തിയെ, ഇതുവരെ എഴുന്നേറ്റില്ലേ…”

ടോമിച്ചൻ ചോദിച്ചു.

“ഇച്ചായൻ കുളിക്കുവാ ടോമിച്ചായാ “

സെലിൻ പറഞ്ഞു.

“ങ്ങാ കാണാത്തതുകൊണ്ട് ചോദിച്ചതാ, അധികം നിൽക്കുന്നില്ല, കുമളി വരെ പോകേണ്ട ഒരാവശ്യമുണ്ട്. പോയേക്കുവാ “

അവരോടു യാത്രപറഞ്ഞു ടോമിച്ചൻ കാറിൽ കയറി.കാറിൽ തന്നെ ഇരിക്കുകയായിരുന്ന ഡേവിഡ് കാർ സ്റ്റാർട്ട്‌ ചെയ്തു  മുൻപോട്ടെടുത്തു.

പന്ത്രണ്ടു മണി ആയപ്പോൾ കുമളി പോലിസ് സ്റ്റേഷനിൽ എത്തി. വക്കച്ചൻ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എ എസ് ഐ ജോസ് ഒരു ഫയൽ തപ്പിയെടുത്തു വച്ചിരുന്നു.

“ടോമിച്ചാ, ഇതാണ് അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഫയൽ. ഇതിൽ പറഞ്ഞിരിക്കുന്നത് കമ്പം സ്വദേശി ഷണ്മുഖം വടിവാള് കൊണ്ടുള്ള വെട്ടേറ്റും , അയാളുടെ ഭാര്യ ലൈസി, മക്കളായ റോയി, ജോർജി എന്നിവർ ജീപ്പ്  കൊക്കയിലേക്ക് മറിഞ്ഞും മരണപെട്ടു എന്ന് തന്നെ ആണ്. അന്വേഷണത്തിൽ ഇവരുടെ ബോഡികൾ കിട്ടിയിട്ടുണ്ട്. അതിന്റെ ഫോട്ടോസ്‌ അറ്റാച്ച് ചെയ്തിട്ടുണ്ട്. എന്ന് വച്ചാൽ താങ്കൾ സംശയിക്കുന്ന ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്ന് തന്നെ “

ഫയലിൽ നോക്കി കാര്യങ്ങൾ ടോമിച്ചനോട് വിശദമായി പറഞ്ഞു കൊടുത്ത ശേഷം ഫയൽ അടച്ചു എ എസ് ഐ ജോസ് ഷെൽഫിൽ കൊണ്ട് തിരികെ വച്ചു

“ടോമിച്ചാ, നിങ്ങൾ ഉദ്ദേശിക്കുന്ന ആരും ആയിരിക്കില്ല ഇതിനു പിന്നിൽ. പക്ഷെ തന്നോട് എന്തിന്റെയോ പേരിൽ വൈരാഗ്യവും പകയും വച്ചു പുലർത്തുന്ന ആരോ ഉണ്ട് . അതിന് തക്കതായ എന്തോ കാര്യവും ഉണ്ട്. അത് കണ്ടുപിടിക്കാൻ ടോമിച്ചാ, നിങ്ങളെ കൊണ്ടേ പറ്റൂ. കഴിഞ്ഞ കാലങ്ങൾ ഓർത്തെടുത്തു അതിൽ ഇങ്ങനെ വൈരാഗ്യം മനസ്സിൽ സൂക്ഷിക്കാൻ തക്കതായ എന്തെങ്കിലും പ്രശ്നങ്ങൾ ആരെങ്കിലുമായി ഉണ്ടായിട്ടുണ്ടോ എന്ന്  നോക്കുക.”

അകത്ത് നിന്നും സി ഐ ശേഖരൻ വിളിക്കുന്നത് കേട്ടു ജോസ് എഴുനേറ്റു.

“ടോമിച്ചാ, അപ്പോൾ ഞാൻ ക്യാബിനിലോട്ടു ചെല്ലട്ടെ, സി ഐ വിളിക്കുനുണ്ട്. ഏതെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി “

പറഞ്ഞിട്ട് ജോസ് സി ഐ യുടെ ക്യാബിനിലോട്ടു നടന്നു.

ടോമിച്ചനും ഡേവിഡും പോകാനിറങ്ങി. കാറിനടുത്തേക്ക് ചെന്നു.

കാറിൽ കയറി മുൻപോട്ടെടുക്കാൻ തുടങ്ങിയപ്പോൾ ടോമിച്ചന്റെ കണ്ണ് സൈഡ് കണ്ണാടിയിൽ പതിച്ചു.

കുറച്ചകലെ ദേഹം പുതപ്പുകൊണ്ടു മൂടിയ ഒരാൾ നിൽക്കുന്നു!! അയാൾ കാറിന്റെ നേരെ നോക്കി നിൽക്കുകയാണ്!!

ടോമിച്ചന്റെ തലക്കുള്ളിൽ കൂടി ഒരു മിന്നൽ പിണർ പാഞ്ഞു.

ഇതു അയാളല്ലേ “?

മുന്നാറിൽ, ബേസ് ക്യാമ്പിൽ വച്ചു തന്നെ ആക്രമിക്കാൻ വന്നയാൾ!!

“ഡേവിഡ്.. കാർ നിർത്ത് “

ടോമിച്ചൻ പറഞ്ഞു കൊണ്ട് ഡോർ തുറന്നു ചാടി ഇറങ്ങി.

നോക്കിയപ്പോൾ അയാൾ നിന്നയിടം ശൂന്യം!!

ടോമിച്ചൻ അങ്ങോട്ടേക്ക് കുതിച്ചു.

അവിടെ അയാൾ നിന്നയിടത്തു ചുറ്റും നോക്കി ആരെയും കാണാനില്ല!

ചുറ്റും നിരീക്ഷിച്ചു കൊണ്ട് നിന്ന ടോമിച്ചന്റെ അടുത്തേക്ക് ഡേവിഡ് കാറുമായി വന്നു.

“എന്താ.. എന്ത് പറ്റി? ഇവിടെ എന്താ നോക്കുന്നത് “?

ഡേവിഡ് ടോമിച്ചനെ നോക്കി.

“അന്ന് മുന്നാറിൽ വച്ചു കണ്ട, എന്നെ ആക്രമിക്കുവാൻ വന്നയാൾ ഇവിടെ എവിടെയോ ഉണ്ട്. കാറിൽ കയറിയ സമയത്തു അയാളെ ഞാൻ കണ്ണാടിയിൽ കൂടി കണ്ടതാ. പുറത്തിറങ്ങി നോക്കിയപ്പോൾ ആളിവിടെ ഇല്ല. നമ്മുടെ ഓരോ ചലനവും അയാൾ വീക്ഷിക്കുന്നുണ്ട്. ഇന്നലെ നടന്ന സംഭവത്തിലും ഇയാൾക്ക് പങ്കുണ്ട് “

ടോമിച്ചൻ ഡേവിഡിനോട് പറഞ്ഞിട്ട് ചുറ്റും നോക്കികൊണ്ടിരുന്നു.

“ഞാൻ നോക്കിയിട്ടും ആരെയും കാണുന്നില്ലാ, ചിലപ്പോൾ മനസ്സിൽ ഇതെല്ലാം കിടക്കുന്നത് കൊണ്ട് തോന്നൽ ആയിരിക്കും. ഇവിടെ അധികം നിൽക്കണ്ട തിരിച്ചു പോകാം “

ഡേവിഡ് ടോമിച്ചനോട് പറഞ്ഞിട്ട് കാറിൽ കയറി. ടോമിച്ചൻ ഒരു നിമിഷം എന്തോ ഓർത്തു നിന്നിട്ടു കാറിൽ കയറി.

“ഇന്നിനി ജെസ്സിയുടെ വീട്ടിൽ കയറാൻ സമയമില്ല, നേരെ പോകാം “

ടോമിച്ചൻ പറഞ്ഞത് കേട്ടു ഡേവിഡ് തലയാട്ടി.

കാർ പോകുന്നതും നോക്കി കുറച്ചാകലെ അയാൾ നിൽപ്പുണ്ടായിരുന്നു. പുതപ്പുകൊണ്ടു ദേഹം മൂടി, തലയിൽ തൊപ്പി താഴ്ത്തി മുഖം പാതി മറച്ചയൊരാൾ!!

അയാളുടെ കണ്ണുകളിൽ  പകയുടെ അഗ്നിസ്ഫുലിംഗങ്ങൾ ആളി കൊണ്ടിരുന്നു!!

ടോമിച്ചനെ കുട്ടിക്കാനത് വീട്ടിലിറക്കി ഡേവിഡ് അടിവാരത്തിനു തിരിച്ചു. ഡേവിഡ് ഷാപ്പിൽ ചെല്ലുമ്പോൾ അത്യാവശ്യം തിരക്കുണ്ടായിരുന്നു. കാർ നിർത്തി ഇറങ്ങി ഷാപ്പിലേക്കു കയറുമ്പോൾ ആണ് ഒരു ഒമിനി വാൻ വന്നു ഷാപ്പിന് മുൻപിൽ നിന്നത്.

അതിൽ നിന്നും നാലഞ്ചു ആളുകൾ പുറത്തിറങ്ങി. ഷാപ്പിനുള്ളിലേക്ക് കയറി.

തിരക്കായതിനാൽ അവർക്കു ഇരിക്കാൻ സ്ഥലം ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ബെഞ്ചിൽ ഇരുന്നു കള്ളുകുടിച്ചു കൊണ്ടിരുന്നവരോട് എഴുനേറ്റു പോകുവാൻ അവർ ആഞാപിച്ചു. അതിഷ്ടപ്പെടാതെ കുടിച്ചു കൊണ്ടിരുന്നവർ തിരിച്ചു ചോദ്യം ചെയ്തു. നിമിഷനേരത്തിനുള്ളിൽ ഷാപ്പിനുള്ളിൽ ഒച്ചപ്പാടും ബെഹളവുമായി. ഒമിനി വാനിൽ വന്നവർ ചെന്നു വണ്ടിയിൽ നിന്നും കമ്പി വടിയും സൈക്കിൾ ചെയിനും മറ്റുമായി തിരികെ വന്നു. കുടിച്ചു കൊണ്ടിരുന്നവരെ ആക്രമിച്ചു. ഷാപ്പിനുള്ളിൽ പൊരിഞ്ഞ അടി ആയി. വന്നവർ ഷാപ്പ് അടിച്ചു തകർത്തു. ഡേവിഡ് തടസ്സം പിടിക്കാൻ ചെന്നങ്കിലും സൈക്കിൾ ചെയിൻ കൊണ്ടുള്ള അടിയേറ്റ് കള്ളുകുപ്പികൾകിടയിൽ പോയി വീണു.എഴുനേറ്റു വരുമ്പോൾ കാണുന്നത് വാനിൽ വന്നവർ കൊണ്ടുവന്ന ഒരു ജാർ പെട്രോൾ ഷാപ്പിലും ഷാപ്പിന് ചുറ്റും ഒഴിച്ചു കൊണ്ടിരിക്കുന്നതാണ് . ഷാപ്പിൽ അടിയേറ്റ് കിടന്നവർ അതുകണ്ടു ഭയന്ന് ഒരു വിധം എഴുനേറ്റു പുറത്തേക്കോടി.

വണ്ടിയിൽ വന്നവരിൽ ഒരാൾ ലൈറ്റ്ർ തെളിച്ചു ഷാപ്പിന് തീ കൊളുത്തി. ഡേവിഡ് അടുക്കള ഭാഗത്തു കൂടി ചാടി പുറത്തിറങ്ങി.

വന്നവർ ഷാപ്പ് കത്തുന്നതും നോക്കി നിന്ന ശേഷം വണ്ടിയിൽ കയറി പോയി.

ആളി കത്തുന്ന ഷാപ്പിലേക്കും നോക്കി ഡേവിഡ് നിന്നു.

ടോമിച്ചന് ചോറ് വിളമ്പി കൊടുത്തു കൊണ്ട് ജെസ്സി അടുത്ത് നിന്നു. ടോമിച്ചൻ കഴിച്ചു കൊണ്ട്,കുമളി പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയ വിവരങ്ങൾ  ജെസ്സിയോട് പറഞ്ഞു കേൾപ്പിച്ചു.

“അപ്പോൾ നമ്മളോട് ശത്രുത ഉള്ള അയാൾ ആരാണ്? സത്യത്തിൽ പേടി തോന്നുന്നു. ഏതു സമയവും ചാടി വീഴാൻ തക്കം പാർത്തു ശത്രു ഇവിടെ എവിടെയോ പതുങ്ങി ഇരിക്കുന്ന പോലെ”

ജെസ്സി വല്ലായ്മയോടെ പറഞ്ഞു.

“നിങ്ങളുടെ ഓർമയിൽ ആരെയും സംശയതക്കതായി ഇല്ലേ “?

ജെസ്സി ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.

ഇല്ലെന്ന് തലയാട്ടി കൊണ്ട് ടോമിച്ചൻ എഴുനേറ്റു വാഷ്ബെസിന്റെ അടുത്തേക്ക് നടന്നു.

കൈകഴുകി വന്നു സോഫയിൽ ഇരിക്കുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്. അങ്ങേ തലക്കൽ ഡേവിഡ് ആയിരുന്നു.

കുറച്ച് അക്രമികൾ വന്നു കള്ള് കുടിച്ചു കൊണ്ടിരുന്നവരുമായി മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഷാപ്പിന് തീ  വയ്ക്കുകയും ചെയ്തു  എന്ന് കേട്ടതും ടോമിച്ചൻ ചാടി എഴുനേറ്റു.

“എന്ത് പറ്റി?”

ടോമിച്ചന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടു അമ്പരന്നു ജെസ്സി ചോദിച്ചു.

“നമ്മുടെ അടിവാരത്തുള്ള ഷാപ്പിന് കുറച്ച് പേര് തീ വച്ചു എന്ന്. ഡേവിഡ് ആണ് ഫോണിൽ “

ടോമിച്ചൻ  ഫോണിൽ” ഞാൻ വരുകയാണ് “എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.

“ഞാൻ അടിവാരം വരെ പോകുകയാണ്, കുറച്ച് താമസിക്കും. ഗേറ്റിൽ ഒരു സെക്യൂരിറ്റി വരും വൈകുന്നേരം. ഇവിടെ രാത്രിയിൽ പോലീസിന്റെ പട്രോളിംങും ഉണ്ട്.ഞാൻ വരാതെ ആരു വിളിച്ചാലും പുറത്തിറങ്ങേണ്ട.”

പറഞ്ഞിട്ട് ടോമിച്ചൻ പുറത്തേക്കിറങ്ങി, ജീപ്പിൽ കയറി.

ജീപ്പ് അടിവാരം ലക്ഷ്യമാക്കി നീങ്ങി.

                                      (, തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!