Skip to content

കാവൽ – 6

kaaval

രാവിലെ ഡേവിഡ് കൊണ്ടുവന്ന തലേ ദിവസത്തെ  ഫയലുകൾ നോക്കികൊണ്ട്‌ സോഫയിൽ ഇരിക്കുന്ന ടോമിച്ചന് അരികിലേക്ക് ചൂട് പറക്കുന്ന ചായയുമായി ജെസ്സി വന്നു.

“ദാ ചായകുടിക്ക്, “

ഫയലുകളിൽ നോക്കിയിരുന്ന ടോമിച്ചൻ തല ഉയർത്തി ജെസ്സിയെ നോക്കികൊണ്ട്‌ ചായഗ്ലാസ് മേടിച്ചു.

“നീ എന്താ, ഉറക്കം തൂങ്ങിയേ പോലെ നിൽക്കുന്നത് രാവിലെ. ഇപ്പൊ ഉറങ്ങി നിലത്തു വീഴുമെന്ന് തോന്നുമല്ലോ നിന്റെ നിൽപ്പുകണ്ടാൽ “

ടോമിച്ഛന്റെ ചോദ്യം കേട്ടു ജെസ്സി ടോമിച്ചന്റെ അടുത്ത് സോഫയിൽ ഇരുന്നു.

“ഒന്നുമറിയാത്ത പോലത്തെ നിങ്ങടെ ചോദ്യം കേൾക്കുമ്പോൾ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്. നിങ്ങൾ മര്യാദക്ക് കിടന്നുറങ്ങിയാൽ അല്ലെ എനിക്ക് കിടന്നുറങ്ങാൻ സാധിക്കൂ.”

ജെസ്സി ടോമിച്ചന്റെ കവിളിൽ ഒരു നുള്ള് കൊടുത്തു. ടോമിച്ചന് ശരിക്കും വേദനിച്ചു.

“നീ എന്നെ നുള്ളി കൊല്ലുമോ? “

വേദനിച്ച കവിളിൽ തടവികൊണ്ട് ടോമിച്ചൻ ചോദിച്ചു.

“കൊല്ലും… നുള്ളി നുള്ളി കൊല്ലും “

ജെസ്സി ചിരിയോടെ പറഞ്ഞു

“ഞാൻ ചത്താൽ കാണാം നിന്റെ അവസ്ഥ.ചിറകൊടിഞ്ഞ പക്ഷിയെ പോലെ താഴെ വീണ് ഇഴയുന്നത്. ഭർത്താവ് കൂടെയുള്ളപ്പോൾ സ്നേഹിച്ചില്ല ,ചേർത്തു പിടിച്ചില്ല, ഭാര്യക്ക് സ്വാതന്ത്ര്യം കൊടുത്തില്ല എന്നൊക്കെ ഉള്ള പരാതികളായിരിക്കും എപ്പോഴും പെണ്ണുങ്ങൾക്ക്. ആ ഭർത്താവ് ഒരു ദിവസം ജീവിതത്തിൽ നിന്നും അങ്ങ് പരലോകത്തിലേക്കു ഒരു യാത്രപോലും പറയാതെ കെട്ടിപെറുക്കി പോകുമ്പോൾ മനസ്സിലാകും. ആ ശൂന്യതയുടെ, ആഴത്തിന്റെ വ്യാപ്തി, ഭീകരത എത്രത്തോളം ആണെന്ന്.ഒറ്റപ്പെടൽ എന്നൊരു കാര്യമുണ്ടല്ലോ. അതൊരു വല്ലാത്ത അവസ്ഥയാ. അതുകൊണ്ട് ഭർത്താവ് എന്ന് പറഞ്ഞാൽ ഒരു ഭാര്യക്കും, ഭാര്യ എന്ന് പറഞ്ഞാൽ ഒരു ഭർത്താവിനും വിലപ്പെട്ടതായിരിക്കണം…”

ടോമിച്ചൻ ചൂട് ചായ കുടിച്ചു കൊണ്ട് പറഞ്ഞു.

“രാവിലെ തന്നെ ഫിലോസഫി ആണല്ലോ എന്റെ ടോമിക്കുട്ടൻ. നിങ്ങള് ചത്താൽ ഞാൻ പോയി നല്ല വിദ്യാഭ്യാസവും വിവരവും ഉള്ള ആരെയെങ്കിലും കെട്ടി സുഖമായിട്ട് ജീവിക്കും. അല്ലാതെ നിങ്ങൾ പോയി എന്ന് കരുതി ജീവിതകാലം മുഴുവൻ അതുമോർത്തു നശിപ്പിച്ച് കളയാൻ സാധിക്കുമോ “?

ചോദിച്ചു കൊണ്ട് ജെസ്സി ഒളിക്കണ്ണിട്ടു ടോമിച്ചനെ നോക്കി.

“നീ ഞാൻ വിദ്യാഭ്യാസവും, വിവരവും,ഇല്ലാത്ത ഒരു ലോറിക്കാരൻ ആണെന്ന് അറിഞ്ഞോണ്ടല്ലേ കെട്ടിയതു.. ങേ.. അല്ലെ “

ടോമിച്ചൻ ചായഗ്ലാസിൽ ശ്രെദ്ധിച്ചു കൊണ്ട് ചോദിച്ചു.

“അതൊക്കെ ശരിയാ.. എന്ന് വച്ചു നമ്മുടെ ജീവിതം കളയാൻ പറ്റുമോ, ഞാനും ഒരു പെണ്ണല്ലേ “

ജെസ്സി ടോമിച്ചനെ നോക്കി. ടോമിച്ചൻ ജെസ്സിയെ രൂക്ഷമായി ഒന്ന് നോക്കി.

“നീ അടക്കമുള്ള എല്ലാ സ്ത്രികളും ഇതല്ല ഇതിനപ്പുറം പറയും. എനിക്കറിയാം.പെണ്ണും മണ്ണും വിണ്ണും എപ്പോൾ ചതിക്കുമെന്ന് പറയാൻ പറ്റില്ല.”

ടോമിച്ചൻ ചായഗ്ലാസ് ടീപ്പൊയിൽ വച്ചു ഫയലും എടുത്തു എഴുനേൽക്കാൻ തുടങ്ങിയപ്പോൾ ജെസ്സി ടോമിച്ചന്റെ കയ്യിൽ പിടിച്ചു.

“അവിടെ ഇരിക്കു മനുഷ്യ… കുറച്ച് ശൃംഗരിക്കാം എന്ന് വച്ചു വന്നപ്പോൾ  എഴുനേറ്റു ഓടുന്നോ. ഇങ്ങോട്ട് നോക്കിക്കേ.. എന്റെ മുഖത്തേക്ക്…. എന്റെ ഈ കണ്ണിലേക്കു “

ജെസ്സി ടോമിച്ചന്റെ മുഖം പിടിച്ചു തിരിച്ചു തന്റെ മുഖത്തിന് അഭിമുഖം കൊണ്ടുവന്നു.

ടോമിച്ചൻ ജെസ്സിയുടെ മുഖത്തേക്ക് നോക്കി.

“എന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കിക്കേ, മനസ്സിന്റെ കണ്ണാടി ആണ് മുഖം. അവിടെ എന്താ കാണുന്നത് “

ജെസ്സി കുസൃതിയോടെ ചോദിച്ചു.

“എന്ത് കാണാൻ, രണ്ടു ഉണ്ട  കണ്ണും, ഒരു മൂക്കും, ചുണ്ടും കാണുന്നുണ്ട്. അതല്ലേ ഇത്രനാളും കണ്ടോണ്ടിരിക്കുന്നത്  “

ടോമിച്ചൻ താത്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു.

“നിങ്ങക്ക് നോക്കിയിട്ട് അത് മാത്രമേ കണ്ടൊള്ളു.. അവിടെ എന്റെ മനസ്സിന്റെ പ്രതിബിബം ഉണ്ട്. അതിലൊരാൾ ഇരിപ്പുണ്ട്. കണ്ടോ.”

ജെസ്സി കുസൃതിയോടെ ചോദിച്ചു.

“അതാരാ… ഇനി ഞാനറിയാതെ വേറെ ആരെങ്കിലും….”

ടോമിച്ചൻ ജെസ്സിയെ കലിപ്പിച്ചു നോക്കി.

“ദേ മനുഷ്യ.. അനാവശ്യം പറയരുത്.. അവിടെ ഇരിക്കുന്നത് ഒരു ലോറിക്കാരന.. പേര് ടോമിച്ചൻ..മുരടൻ ടോമിച്ചൻ “

അത് പറഞ്ഞു ജെസ്സി ചിരിച്ചു.. അത് കേട്ടിട്ടും ടോമിച്ചൻ ഗൗരവഭാവം വിട്ടില്ല.

“എനിക്ക് എന്റെ ടോമിച്ചൻ മാത്രം മതി ഈ ജീവിതത്തിൽ. എനിക്ക് നിങ്ങടെ കൂടെ വഴക്ക് കൂടിയും സ്നേഹിച്ചും,നിങ്ങടെ മക്കളെ പെറ്റു പോറ്റിയും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കണം.അവസാനം ഈ മടിയിൽ കിടന്നു മരിക്കണം. പള്ളിയിലോട്ടു എടുക്കുമ്പോൾ എന്റെ തലക്കൽ നിന്ന് കണ്ണീർപൊഴിക്കാനും, സെമിതേരിയിലെ കല്ലറയിൽ എന്നെ കിടത്തി എല്ലാവരും തിരിഞ്ഞു നടക്കുമ്പോൾ, “എന്റെ ജെസ്സി പെണ്ണെ, നീ എന്നെ തനിച്ചാക്കി പോയില്ലേ, എന്നോട് ഒരു വാക്കും പറയാതെ എന്തിനാടി പോയത്, നമുക്ക് ഒരുമിച്ചു പോയാൽ പോരായിരുന്നോ, നിന്നെ ഇവിടെ തനിച്ചാക്കി ഞാൻ എങ്ങനെ പോകും എന്റെ ജെസ്സി കൊച്ചേ  “എന്ന് പറഞ്ഞു  എന്റെ കല്ലറയിൽ വീണു പൊട്ടി കരയാനും എനിക്ക് ഈ ടോമിച്ചൻ വേണം.”

ജെസ്സി അത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു വരുന്നതും അതിൽ തന്റെ രൂപം തെളിഞ്ഞതും ടോമിച്ചൻ കണ്ടു.

“ദേ.. ഇപ്പോൾ നിന്റെ കണ്ണിൽ ഞാനിരിപ്പുണ്ട്. അത് ഉരുണ്ടു ചാടി താഴേക്കു ഇപ്പോൾ പോകും.അതുകൊണ്ട് കണ്ണിൽ ഇരിക്കുന്ന ആ കണ്ണീർമുത്ത് താഴെ കളയരുത്. പിന്നെ  ഇതു പറയാനാണോ ഈ രാവിലെ എന്റെ അടുത്തേക്ക് ചായയുമായി വന്നത്. എന്റെ കൊക്കിനു ജീവനുള്ളയിടത്തോളം നിനക്ക് ഒരു പോറൽ പോലും വരാൻ ഈ ടോമിച്ചൻ സമ്മതിക്കതില്ലടി ജെസ്സി. പിന്നെ പള്ളിപ്പറമ്പിലോട്ട് പോകുന്ന കാര്യം. അത് വയസ്സാകുമ്പോൾ അല്ലെ. ഇപ്പൊ നീ ചറുപറ, ചറുപറ നാലഞ്ചു പിള്ളേരെ അങ്ങ് പ്രസവിക്ക്. എന്നിട്ട് അവരുടെ ഇടയിൽ ഞെളിഞ്ഞിരുന്നു  ഈ കുട്ടിക്കാനത്തു കൂടി  സഞ്ചാരിക്കണം നമുക്ക് . ആളുകൾ അസൂയയോടെ നമ്മളെ നോക്കണം. അതിന് വേണ്ട കാര്യങ്ങൾ നോക്ക്‌. ചാകുന്ന കാര്യവും പറഞ്ഞോണ്ട് ഇരിക്കാതെ, അതൊക്കെ വയസ്സായി ചൊറിയും കുത്തി ഇരിക്കുമ്പോൾ ആലോചിക്കാം  “

ടോമിച്ചൻ ഒരു കൈകൊണ്ടു ജെസ്സിയെ ചേർത്തു പിടിച്ചു.

“നിങ്ങടെ ആഗ്രഹം എന്താണെങ്കിലും അതുപോലെ ഞാൻ അനുസരിച്ചോളാം. പോരെ ന്റെ ടോമി “

ജെസ്സി ഒരു നുള്ള് കൂടി കവിളിൽ  കൊടുത്തു ചായക്കപ്പുമായി പോകാൻ തിരിയുമ്പോൾ ആണ് പത്രക്കാരൻ ഗേറ്റിൽ വന്നു ബെല്ലടിച്ചത്.

“ഞാനെടുത്തോളാം നീ പൊക്കോ “

ടോമിച്ചൻ എഴുനേറ്റു ഗേറ്റിലേക്കു നടന്നു.അപ്പോഴേക്കും സെക്യൂരിറ്റി പത്രവുമായി എത്തിയിരുന്നു.

പത്രവുമായി സോഫയിൽ വന്നിരുന്നു വാർത്തകൾ വായിച്ചു കൊണ്ടിരിക്കെ ആ വാർത്ത ടോമിച്ചന്റെ കണ്ണിലുടക്കിയത്.

“ഇന്നലെ രാത്രി തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും ഒരു തടവുകാരൻ ജയിൽ ചാടിയിരിക്കുന്നു. ആന്റണി എന്ന് പേരുള്ള ഇയാൾ രണ്ടു വർഷമായി ജയിൽ വാസം അനുഭവിച്ചു വരുകയാണ്. കൊലക്കുറ്റം, കവർച്ച, കള്ളകടത്ത് എന്നിവയുമായി ബന്ധപെട്ടു ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ ആണ് ഇന്നലെ വൈകുന്നേരം ജയിൽ ചാടിയത്.

വാർത്ത വായിച്ചു ടോമിച്ചൻ കുറച്ച് നേരം ആലോചിച്ചിരുന്നു.

ഇങ്ങനെ ഒരു പ്ലാൻ അയാൾക്കുള്ളതായി തന്നോട് പറഞ്ഞിട്ടില്ലല്ലോ. പെട്ടന്ന് തോന്നിയതാണോ. എന്തിനായിരിക്കും അയാൾ ജയിൽ ചാടിയത്?

“എടാ ടോമിച്ചാ നീ പോയിട്ട് വരുമ്പോൾ വീട്ടിലേക്കു കുറച്ച് സാധനങ്ങൾ കൂടി മേടിച്ചോണ്ടു വരണം. അതിനു വേണ്ടിട്ട് ആ ശാന്തയെ വെറുതെ മാർക്കറ്റിലേക്കു പറഞ്ഞു വിടേണ്ടല്ലോ എന്നോർത്ത. ലിസ്റ്റ് ജെസ്സി എഴുതുന്നുണ്ട് “

ശോശാമ്മയുടെ ശബ്‌ദം ടോമിച്ചനെ ചിന്തയിൽ നിന്നുമുണർത്തി.

“ആ … അമ്മച്ചി ലിസ്റ്റ് എടുത്തോണ്ട് വാ.. ഞാൻ വരുമ്പോൾ  കൊണ്ടുവന്നോളാം “

ശോശാമ്മയോട് പറഞ്ഞിട്ട് ഫയലും എടുത്തോണ്ട് ടോമിച്ചൻ മുകളിലേക്കു കയറി പോയി.

കുളിച്ചു ഒരുങ്ങി ഇറങ്ങി താഴെ വന്നു പ്രഭാതഭക്ഷണം കഴിച്ചു കൊണ്ടിരിക്കുബോൾ സെക്യൂരിറ്റിയുടെ വിളി കേട്ടു.ശോശാമ്മ വാതിൽക്കൽ ചെന്നു നോക്കുമ്പോൾ സെക്യൂരിറ്റിയോടൊപ്പം മറ്റൊരാളും നിൽക്കുന്നു.

“അമ്മച്ചി.. ഇതു ഇവിടുത്തെ ആ പൊട്ടിപ്പോയ ജനൽ ചില്ല് മാറ്റിയിടാൻ വന്ന ആളാ.”

സെക്യൂരിറ്റി പറഞ്ഞപ്പോൾ ശോശാമ്മ ടോമിച്ചനെ വിളിച്ചു.

കൈകഴുകി വന്ന ടോമിച്ചൻ അയാളെയും കൊണ്ട് ബെഡ്റൂമിലേക്ക് പോയി.

അരമണിക്കൂർ കൊണ്ട് അയാൾ ജനാലയുടെ ചില്ല് മാറ്റി ഇട്ടു. പോകാനിറങ്ങി…ടോമിച്ചൻ മുൻപിലും പണിക്കാരൻ പുറകിലും ആണ് താഴേക്കു സ്റ്റൈർകേസ്‌ ഇറങ്ങിയത്. പണിക്കാരന്റെ കൈ ഇടക്ക് അരയിൽ തിരുകിയിരുന്ന കത്തിയിലേക്ക് നീണ്ടു. ഊരി എടുക്കാൻ തുടങ്ങിയതും വാതിൽക്കൽ ഡേവിഡ് വന്നതും ഒരുപോലെ ആയിരുന്നു. അതുകണ്ടു പണിക്കാരൻ കത്തി അരയിലേക്ക് തന്നെ വച്ചു.

താഴെ എത്തി ടോമിച്ചൻ കൂലി കൊടുത്തു പണിക്കാരനെ പറഞ്ഞു വിട്ടു.പ്രധാന ഗേറ്റിൽ എത്തിയ അയാൾ ഒന്ന് തിരിഞ്ഞു നോക്കി. സെക്യൂരിറ്റിയെ നോക്കി ചിരിച്ചിട്ട് പുറത്തേക്കു നടന്നു.

“ഞാൻ ഇന്ന് ഈരാറ്റുപേട്ടക്ക്‌  പോകുവാ. അവിടുത്തെ ബാറിലും ഷാപ്പിലുമൊക്കെ ഒന്ന് ചെല്ലണം. വരുന്നുണ്ടോ”

ഡേവിഡ് ടോമിച്ചനെ നോക്കി.

“നീ പൊക്കോ, ഞാൻ ഇവിടെയുള്ളവടതൊക്കെ ഒന്ന് പോകാം..”

ഡേവിഡിനോട് പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ട് വീണ്ടും നിന്നു.

“ഡേവിടേ… ഒരു പ്രധാനകാര്യം കൂടി. ആ അടിവാരത്തെ ആന്റണിയില്ലേ, എന്റെ കൂടെ ജയിലിൽ ഉണ്ടായിരുന്ന.. അയാൾ ഇന്നലെ രാത്രി ജയിൽ ചാടിയെന്നു പത്രത്തിൽ വാർത്ത ഉണ്ട്. അവരറിഞ്ഞു കാണുകയില്ലായിരിക്കും. ഒന്ന് അറിയിച്ചേക്കു “

ഡേവിഡ് തലകുലുക്കി കൊണ്ട് കാറിന് അടുത്തേക്ക് നടന്നു.

ഡേവിഡ് പോയതും ടോമിച്ചൻ ജീപ്പിലേക്കു കയറി. പുറത്തേക്ക് പോയി… കുട്ടിക്കാനം കവലയിൽ എത്തിയപ്പോൾ കണ്ടു. ജനാലയുടെ ചില്ല് മാറ്റി ഇടാൻ വന്നയാൾ മത്തയിച്ചന്റെ ചായക്കടയിൽ നിന്നും ഇറങ്ങി വരുന്നു. ടോമിച്ചൻ അയാളുടെ അടുത്ത് കൊണ്ട് പോയി വണ്ടി നിർത്തി.

“വാ..ഞാൻ ഏലപ്പാറയ്ക്ക് പോകുവാ, ഇടക്ക് ഇറക്കാം. ഇപ്പോൾ ബസ് കാണത്തില്ല.”

അയാൾ ആദ്യം നിരസിച്ചെങ്കിലും ടോമിച്ചന്റെ നിർബന്ധം കൂടി വന്നപ്പോൾ ജീപ്പിൽ കയറി. അയാളുടെ കണ്ണുകൾ വന്യമായി തിളങ്ങി. ഇടക്കിടെ അയാൾ ടോമിച്ചനെ തുറിച്ചു നോക്കുകയും ചെയ്തു. കുട്ടിക്കാനം കഴിഞ്ഞു രണ്ടു കിലോമീറ്റർ മുൻപോട്ടു പോയി ആളൊഴിഞ്ഞ സ്ഥലത്തു ജീപ്പ് നിർത്തി. ഇറങ്ങി. പണിക്കു വന്നയാൾ ചോദ്യഭാവത്തിൽ ടോമിച്ചനെ നോക്കികൊണ്ട്‌ ഇറങ്ങി.

“തന്റെ പേര് പറഞ്ഞത് മറന്നുപോയി. എന്തായിരുന്നു “

ടോമിച്ചന്റെ ചോദ്യത്തിന് “രംഗൻ “എന്ന മറുപടി കൊടുത്തു.അത് പറയുമ്പോൾ അയാളുടെ കൈ അരയിലേക്ക് നീങ്ങുന്നത് ടോമിച്ചൻ ശ്രെദ്ധിച്ചു.

“ഇപ്പോൾ ഇവിടെ ആരുമില്ല. നമ്മൾ രണ്ടുപേരുമല്ലാതെ. ജനൽചില്ല് മാറ്റിയിടാൻ മാത്രമല്ല ഇന്ന് നീയെന്റെ വീട്ടിൽ വന്നത് എന്നെനിക്കറിയാം. നിന്റെ ഉദ്ദേശം ഞാൻ ആയിരുന്നു എന്നും അറിയാം. എനിക്കറിയേണ്ടത് ആരാണ് നിന്നെ പറഞ്ഞു വിട്ടത് എന്ന് മാത്രമാണ്. പറ.. ആരാണയാൾ?”

ടോമിച്ചൻ രംഗന്റെ ഓരോ നീക്കവും നിരീക്ഷിച്ചു കൊണ്ട് ചോദിച്ചു.

“നീ എന്റെ പുറകിൽ നിന്നും കത്തി വലിച്ചൂരിയെടുക്കാൻ തുടങ്ങിയത് ഞാൻ കണ്ടില്ലെന്നു കരുതിയോ. എനിക്കിപ്പോൾ പുറകിലും കണ്ണുണ്ട്. അത് നിനക്ക് മനസ്സിലായില്ല അല്ലെ. ചുവരിൽ അവിടെയും ഇവിടെയുമൊക്കെ കണ്ണാടി വച്ചിരിക്കുന്നത് ഒരു രസത്തിനല്ല. ഓരോ കാര്യത്തിന. അത് നിന്നെ പറഞ്ഞു വിട്ടവനു അറിയാതെ പോയി.പറയെടാ..”

ടോമിച്ചൻ മുൻപോട്ടു നീങ്ങിയതും രംഗൻ കത്തി വലിച്ചൂരി വീശി.

“കൊല്ലാൻ ഇറങ്ങിയാൽ കൊന്നിട്ടെ പോകൂ ഇ രംഗൻ. ഏപ്പിച്ച ജോലി നല്ല വെടിപ്പായിട്ടു ചെയ്യും ഈ രംഗൻ.. നിനക്ക് ഇവിടെ വച്ച അന്ത്യം. അതുകൊണ്ടല്ലേ എന്റെ പുറകെ തന്നെ വന്നത്.”

ക്രൂരമായി ചിരിച്ചു കൊണ്ട് കത്തിയുമായി ടോമിച്ചന് നേരെ കുതിച്ചു ചാടി ഒരു കുത്ത്!

ടോമിച്ചൻ കുത്ത് കൊള്ളാതെ ഒഴിഞ്ഞു മാറി. രംഗന്റെ കുത്ത് ജീപ്പിന്റെ ബോണറ്റിൽ കൊണ്ട് പോറി.

വെട്ടി തിരിഞ്ഞു ജീപ്പിന്റെ ബംബറിൽ ചവുട്ടി ടോമിച്ചന് നേരെ തൊഴിച്ചു.

ടോമിച്ചൻ കൈകൊണ്ടു തടഞ്ഞു എങ്കിലും പുറകിലോട്ട് വേച്ചു പോയി.

രംഗന്റെ അടുത്ത കുത്ത് തന്റെ നേരെ വന്നതും ടോമിച്ചൻ താഴേക്കു കുനിഞ്ഞു രംഗന്റെ കാലിൽ പിടിച്ചു ശക്തിയിൽ  ഒരു വലി വലിച്ചു. കാലിന്റെ ബാലൻസ് തെറ്റി രംഗൻ പുറകോട്ടു മറിഞ്ഞു ജീപ്പിന്റെ സൈഡിൽ തല ഇടിച്ചു നിലത്തു വീണു.കത്തി രംഗന്റെ കയ്യിൽ നിന്നും തെറിച്ചു പോയി.

ചാടി എഴുന്നേറ്റ രംഗന്റെ നെഞ്ചത്ത് ടോമിച്ചന്റെ ഇടി വീണു. വലിച്ചു ജീപ്പിന്റെ ബോണറ്റിൽ ഇട്ടു കഴുത്തിനു കുത്തി പിടിച്ചു അമറി.

“പറയെടാ… പുലയാടി മോനെ… ആരാ ഈ തെണ്ടിത്തരത്തിനു നിന്നെ കൂലിക്കെടുത്തു പറഞ്ഞു വിട്ടത്. പറഞ്ഞില്ലെങ്കിൽ നിന്റെ അവസാനം ആയിരിക്കും ഇവിടെ “

ടോമിച്ചന്റെ കയ്യിൽ കിടന്നു രംഗൻ പിടഞ്ഞു

“എന്നെ കൊന്നാലും നിങ്ങൾക്കയാളെ കുറിച്ച് ഒന്നും കിട്ടില്ല. കാരണം എനിക്ക് അയാളെ കുറിച്ച് ഒന്നും അറിയില്ല. എന്നെ ഈ ദൗത്യം ഏൽപ്പിച്ചത് നേരിട്ടല്ല. എനിക്ക് പൈസ കിട്ടി. ഞാൻ ചെയ്യാമെന്ന് പറഞ്ഞു.”

രംഗൻ വേദനക്കിടയിലൂടെ പറഞ്ഞു.

അയാൾ പറഞ്ഞത് സത്യമാണെന്നു ടോമിച്ചന് തോന്നി.ടോമിച്ചൻ രംഗന്റെ കഴുത്തിലെ പിടുത്തം വിട്ടു.

“ശരി.. പൊക്കോ… ഇനി എനിക്കെതിരെ കൊട്ടേഷനും ആയി വന്നാൽ കൊന്നു കുഴിച്ചു മൂടും. ഓർത്തോ “

ബോണറ്റിൽ കിടന്ന രംഗനെ വലിച്ചു താഴെക്കിട്ട് ജീപ്പിൽ കേറി സ്റ്റാർട്ട്‌ ചെയ്തു. വെട്ടിത്തിരിച്ചു കുട്ടിക്കാനത്തേക്ക് പോയി.

ഇതേ സമയം ആന്റണി ജയിൽ ചാടിയ കാര്യമറിഞ്ഞു ലില്ലി കുട്ടിയും മക്കളും പകച്ചിരിക്കുകയായിരുന്നു.

“എന്റെ കർത്താവേ… ഒരിക്കലും ഈ മനുഷ്യൻ കാരണം ജീവിതത്തിൽ   സമാധാനം കിട്ടതില്ലല്ലോ.എന്ത് ഭാവിച്ച ഈ മനുഷ്യൻ ഇങ്ങനെ. ഈ പെൺകുട്ടികളെയും കൊണ്ട് ഞാൻ എന്ത് ചെയ്യും. അയാളെയും അന്വേഷിച്ചോണ്ട് ഇനി പോലീസുകാരും ഇവിടെ കേറി നിരങ്ങുമല്ലോ “

ലില്ലിക്കുട്ടി വേവലാതി പെട്ടു.

“അമ്മച്ചി ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ… അനുഭവിക്കേണ്ടത് എപ്പോഴാണെങ്കിലും അനുഭവിക്കണം. ഇതും അതിന്റെ കൂടെ വരവ് വച്ചാൽ മതി “

ലിജി ലില്ലിക്കുട്ടിയോട് ക്ഷോഭിച്ചു.

“അമ്മച്ചി.. സങ്കടപെടാതെ.. എന്തെങ്കിലും വഴി ഉണ്ടാക്കാം “

ഡേവിഡ് സമാധാനപ്പെടുത്തി.

“എന്ത് ചെയ്യാനാ മോനെ… എന്റെ കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ പോയതാ എന്റെ സന്തോഷവും സമാധാനവും. അടിയും ഇടിയും കള്ളകടത്തും…. നരകിച്ച ജീവിച്ചു പോന്നത്. അതിനിടക്ക് ഭാഗ്യദൊക്ഷികളായി ഈ രണ്ടു പെൺകുട്ടികളും ഉണ്ടായി.. ഇതുങ്ങളുടെ ഗതികേട്. അല്ലാതെന്താ “

ലില്ലിക്കുട്ടി മൂക്ക് പിഴിഞ്ഞ് കൊണ്ട് കൈ താടിക്ക് കൊടുത്തു നിലത്തിരുന്നു.

“അമ്മച്ചി ഇവിടെ കിടന്നു അലമുറ ഇട്ടെന്ന് കരുതി ജയിൽ ചാടിയ ആൾ തിരിച്ചു കേറി ചെല്ലുമോ? ഇല്ലല്ലോ “

ലിജി നീരസത്തോടെ ലില്ലിക്കുട്ടിയെ നോക്കി

ലിഷ സങ്കടത്തോടെ ലില്ലിക്കുട്ടിയുടെ അടുത്ത് പോയിരുന്നു.

“ചായ എടുക്കട്ടെ…”

ഡേവിഡിനോട് ലിജി ചോദിച്ചു.

“അതിന് നീ ചോദിക്കുന്നതെന്തിനാ… ചായ കൊണ്ട് കൊടുക്ക്‌ “

ലില്ലിക്കുട്ടി ലിജിയെ നോക്കി.

ലിജി അടുക്കളയിലേക്ക് ചെന്നു ചായക്ക്‌ വെള്ളം വച്ചു. കണ്ണുകൾ നിറയുന്നതും ഉള്ളു ചുട്ടു നീറുന്നതും അവളറിഞ്ഞു. ചുറ്റും നോക്കിയിട്ട് പാവാടയുടെ തുമ്പ് എടുത്തു മുഖം തുടച്ചു. ചായ ഉണ്ടാക്കി ഒരു ഗ്ലാസിൽ ചായയുമായി വന്നു ഡേവിഡിന് കൊടുത്തു.

ചായ മേടിക്കുമ്പോൾ ഡേവിഡ് ലിജിയുടെ മുഖത്തേക്ക് നോക്കി.

അവിടെ ഒരു നിസംഗത നിഴലിച്ചു കിടന്നിരുന്നു.കാർമേഘം തിങ്ങിയാ വാനം പോലെ…

എന്തൊക്കെയോ പറയണം എന്ന് ഡേവിഡിന് ഉണ്ടായിരുന്നു. പക്ഷെ ഒന്നും പുറത്തേക്കു വന്നില്ല.

ഡേവിഡ് ചായകുടിച്ചു ഗ്ലാസ്‌ തിരികെ ലിജിയുടെ കയ്യിൽ കൊടുത്തു.

എഴുനേറ്റു പോക്കറ്റിൽ നിന്നും കുറച്ച് പണം എടുത്തു ലില്ലിക്കുട്ടിയുടെ കയ്യിൽ നിർബന്ധിച്ചു ഏൽപ്പിച്ചു.

ഡേവിഡ് പോയി കഴിഞ്ഞപ്പോൾ ലിജി ലില്ലിക്കുട്ടിയുടെ അടുത്തേക്ക് വന്നു.

“അമ്മച്ചി എന്ത് ഭാവിച്ച ഈ വരുന്നവർ വച്ചുനീട്ടുന്ന കാശ് വാങ്ങിക്കുന്നത്. നാളെ തന്നതെല്ലാം തിരിച്ചു ചോദിച്ചാൽ ആര്, എവിടെ നിന്ന് എടുത്തു കൊടുക്കും.. ആരെ കണ്ടോണ്ട ഈ കാശൊക്കെ മേടിക്കുന്നത്.”

ലിജിയുടെ ചോദ്യം കേട്ടു ലില്ലിക്കുട്ടി തല ഉയർത്തി.

“എനിക്കറിയത്തില്ലടി… ചോദിച്ചാൽ ഇതെല്ലാം എങ്ങനെ തിരിച്ചു കൊടുക്കുമെന്ന് ഈ അമ്മച്ചിക്ക് അറിയത്തില്ല.നമ്മള് അങ്ങോട്ട്‌ പോയി ചോദിച്ചത് ഒന്നും അല്ലല്ലോ. ഇങ്ങോട്ട് കൊണ്ട് തന്നതല്ലേ “

ലില്ലിക്കുട്ടി നിലത്തു നിന്നും എഴുനേറ്റു.

“അമ്മച്ചി ഇങ്ങോട്ട് കൊണ്ട് വന്നു ആര് കാശ് തന്നാലും മേടിക്കുമോ? എന്നിട്ട് തന്ന കാശ് മുതലാക്കാൻ അമ്മച്ചിടെ പെണ്മക്കളെ വേണം എന്ന് പറഞ്ഞാൽ കൊടുക്കുമോ “

ലിജിയുടെ ചോദ്യം കേട്ടു ലില്ലികുട്ടി കത്തുന്ന ഒരു നോട്ടം തോന്നി.

“നിർത്തേടി നിന്റെ അധികപ്രസംഗം. നെഞ്ച് തകർന്നു നിൽക്കുന്നവളാ നിന്റെയൊക്കെ ഈ അമ്മ. ആ എന്നോട് തന്നെ ഇങ്ങനെയൊക്കെ നീ പറയണം. നിന്നെയും ഇവളെയും ഓർത്താ ഈ അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നത്.അല്ലെങ്കിൽ എപ്പോഴേ ഇ നശിച്ച ജീവിതം അവസാനിപ്പിച്ചേനെ.. ഇ അമ്മച്ചി “

ലില്ലികുട്ടി സാരിയുടെ തുമ്പ് ഉപയോഗിച്ച് കണ്ണു തുടച്ചു.പിന്നെ അകത്തേക്ക് കയറിപ്പോയി.

“ചേച്ചി.. അങ്ങനെ പറഞ്ഞത് അമ്മച്ചിക്ക് ഭയങ്കര വിഷമം ആയി പോയി “

ലിഷ ലിജിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“ങ്ങാ പെട്ടന്നുള്ള വിഷമത്തിൽ പറഞ്ഞു പോയതാ.. നീ കഴുകാനുള്ള തുണി ഒക്കെ എടുത്തു കൊണ്ട് വാ.. തോട്ടിൽ പോയി നനച്ചു കുളിച്ചിട്ടു വരാം..”

കഴുകാനുള്ള തുണികളും എടുത്തു കൊണ്ട് ലിജിയും ലിഷയും തോട്ടിലേക്കു പോയി.

ചെറിയ നടവഴിയിലൂടെ  നടന്നു തോടിന്റെ കരയിൽ എത്തി. ഉച്ചസമയം ആയതിനാൽ കുളിക്കടവിൽ ആരും ഉണ്ടായിരുന്നില്ല. മീനച്ചിലാറിന്റെ കൈവഴിയാണ് ആ തോട്. അതുകൊണ്ട് തന്നെ തോട്ടിൽ ആവശ്യത്തിലധികം വെള്ളമുണ്ട്. മുങ്ങികുളിക്കുവാൻ പാകത്തിൽ..

തൊടിനിരുവശങ്ങളിലും കൈതകളും തഴകളും വളർന്നു നിൽക്കുന്നു.തെളിനീർ ഒഴുകുന്ന തോട്ടിൽ ചെറിയ മീനുകളും തവളകളും യെഥേഷ്ടം സഞ്ചരിക്കുന്നു.പടികളിൽ നിന്നും വെള്ളത്തിലേക്കിറങ്ങിയ ലിജിയുടെ കാൽപദ്ങ്ങൾക്ക് ചുറ്റും ചെറുമീനുകൾ കൂട്ടം ക്കൂടി എത്തി നീന്തി നടന്നു. ലിഷ അവയെ പിടിക്കുവാൻ കൈ നീട്ടി ചെല്ലുമ്പോൾ അവ അകന്നു മാറും.

“നീ മീൻ പിടിക്കാൻ വന്നതാണോ. അതോ കുളിക്കാൻ വന്നതാണോ. ഞാൻ തുണികൾ എല്ലാം കഴുകി തീർന്നു കഴിയുമ്പോൾ, നീ കുളിച്ചു കഴിഞ്ഞിരിക്കണം. മനസ്സിലായോ “.

ലിജി പറഞ്ഞതും ലിഷ കുളിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഡ്രെസ്സ് മാറി വെള്ളത്തിലിറങ്ങി മുങ്ങി കുളിക്കാൻ തുടങ്ങി.

ഡ്രെസ്സ് എല്ലാം കഴുകി പിഴിഞ്ഞ് വച്ചപ്പോഴേക്കും ലിഷ കുളികഴിഞ്ഞു കയറി തലമുടി തൂവർത്തികൊണ്ട് നിന്നു.

“ങ്ങാ നീ അവിടെ നിന്ന് ആരെങ്കിലും ഇങ്ങോട്ട് വരുന്നുണ്ടോ എന്ന് നോക്കികൊണ്ട്‌ നിന്നോ. ഞാനും പെട്ടന്ന് കുളിക്കാം.”

ലിജി വെള്ളത്തിലേക്കിറങ്ങി, ഒരു വട്ടം നീന്തി.അവൾക്കൊപ്പം നീന്താൻ ചെറുമീനുകൾ മത്സരിച്ചു.

അതേ സമയം തോടിന്റെ മറുകരയിൽ കൂട്ടം ക്കൂടി നിൽക്കുന്ന മുൾതഴകൾക്കു മറവിൽ ഒരാൾ അവരെയും ശ്രെദ്ധിച്ചു നിൽപ്പുണ്ടായിരുന്നു.പുതപ്പുകൊണ്ടു മൂടി നരച്ച താടിയുമുള്ള അയാൾ മെല്ലെ തഴയുടെ ഇടയിലൂടെ വെള്ളത്തിലേക്കു ഊർന്നു ഇറങ്ങി.വെള്ളത്തിനടിയിലൂടെ ലിജി കുളിക്കുന്ന ഭാഗത്തേക്ക്‌ നീന്തി..മനസ്സ് തണുക്കുവോളം നീന്തി കല്പടവുകളിൽ കയറി നിന്ന് സോപ്പ് തേച്ചശേഷം വീണ്ടും വെള്ളത്തിലേക്കിറങ്ങാൻ തുടങ്ങിയ ലിജിയുടെ തൊട്ടടുത്തു അയാൾ പൊങ്ങി വന്നു. ലിജിയുടെ കാലിൽ പിടുത്തമിട്ടു. നിലവിളിച്ചു കൊണ്ട് ലിജി വെള്ളത്തിലേക്കു മറിഞ്ഞു വീണു. ലിജിയുടെ നിലവിളി കേട്ടു നോക്കിയ ലിഷ കണ്ടത്  വെള്ളത്തിനു മീതെ കൈകൾ അടിച്ച് പിടയുന്ന ലിജിയെ ആണ്.

ലിഷ ലിജിയെ നോക്കി അലറി കരഞ്ഞു.

വെള്ളത്തിനടിയിൽ മുങ്ങി കിടന്നുകൊണ്ട് അയാൾ ലിജിയുടെ കാലിൽ പിടിച്ചു വലിച്ചു കൊണ്ട് മറ്റൊരിടത്തേക്ക് നീന്തി!!

                           ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “കാവൽ – 6”

Leave a Reply

Don`t copy text!