Skip to content

കാവൽ – 7

kaaval

വെള്ളത്തിനു മീതെ കൈകൾ ഇട്ടടിച്ചു മരണവെപ്രാളത്തിൽ ലിജി നിലവിളിച്ചു കൊണ്ടിരുന്നു.തന്റെ ഒരു കാലിൽ പിടിച്ചു വെള്ളത്തിനടിയിലൂടെ നീന്തുന്ന അയാളെ ലിജി മറ്റേ കാൽകൊണ്ട് ചവിട്ടി.ഉരുക്കുപോലെയുള്ള അയാളുടെ കാലിലെ പിടുത്തം വിടുവിക്കുവാൻ അവൾക്കവുമായിരുന്നില്ല. അയാൾ ഒരു നീർ നായയെ പോലെ മുൻപോട്ടു വേഗത്തിൽ നീന്തികൊണ്ടിരുന്നു. അതനുസരിച്ചു പേടിച്ചു കരയുന്ന ലിജിയുടെ മുഖത്തേക്ക് വെള്ളം കയറുവാൻ തുടങ്ങി.തോടിന് കരയിൽ നിന്ന് അലറികരയുന്ന ലിഷ ചുറ്റും നോക്കി. ഒരു സഹായത്തിന് വേണ്ടി ആരെങ്കിലും വരുന്നുണ്ടോ എന്ന്.

അപ്പോൾ ലിഷ കണ്ടു, തലയിൽ തുണി ചുറ്റികെട്ടിയ ഒരാൾ അകലെ നിന്നും ഓടിവരുന്നു. ലിഷ അയാളെ നോക്കി കൈപൊക്കി കാണിച്ചു ഉച്ചത്തിൽ കരഞ്ഞു.

പാഞ്ഞു വന്ന ആൾ അടുത്തെത്തി ലിഷയോടു കാര്യം അന്വേഷിച്ചു.

തലയിലെ തുണികൊണ്ടുള്ള കെട്ടു മാറ്റിയ അയാളെ കണ്ടു ലിഷ അമ്പരന്നു നോക്കി.. വിശ്വസിക്കാനാവാതെ…

“പപ്പാ..ഇവിടെ… എങ്ങനെ  .”

ലിഷയുടെ ചുണ്ടുകൾ വിറച്ചു. സന്തോഷം കൊണ്ട് അവളുടെ മിഴികൾ നിറഞ്ഞു.

“അതൊക്കെ മോളോട് പിന്നെ പറയാം. മോളിവിടെ എങ്ങും പോകാതെ നിന്നോ.”

പറഞ്ഞതും ആന്റണി തോട്ടിലേക്കു ചാടി. ലിഷ പറഞ്ഞ ഭാഗത്തേക്ക്‌ നീന്തി.. കുറച്ച് മുൻപോട്ട് നീന്തിയ ആന്റണി കണ്ടു. കുറച്ച് മുൻപിലായി വെള്ളത്തിനു മുകളിൽ നീങ്ങി നീങ്ങി പോകുന്ന മനുഷ്യ ശരീരം.. ഒറ്റനോട്ടത്തിൽ തന്നെ അത് ലിജി ആണെന്ന് മനസ്സിലാക്കിയ ആന്റണി അങ്ങോട്ട്‌ നീന്തി. തൊട്ടടുത്തെത്തിയതും ആന്റണി ലിജിയുടെ പുറകിലേക്ക്  നീണ്ടു കിടന്ന മുടിയിൽ പിടുത്തം ഇട്ടു ലിജിയുടെ തല വെള്ളത്തിനു മീതെക്ക് പൊക്കി പിടിച്ചു.വെള്ളത്തിനു അടിയിലൂടെ ലിജിയെയും വലിച്ചു കൊണ്ട് മുൻപോട്ടു പോയികൊണ്ടിരുന്ന ആളുടെ വേഗത കുറഞ്ഞു. അതേ നിമിഷം ആന്റണി ലിജിയെ വട്ടം പിടിച്ചു പൊക്കി വലിച്ചു. വെള്ളത്തിനടിയിൽ ഉള്ള ആളുടെ കയ്യിൽ നിന്നും ലിജിയുടെ കാൽ സ്വതന്ത്രമായി. ലിജിയെ കഴുത്തിനൊപ്പം വെള്ളത്തിൽ നേരെ നിർത്തി ആന്റണി. ലിജി ശ്വാസം എടുത്തു വലിച്ചു. തന്റെ മുൻപിൽ നിൽക്കുന്ന ആളെ സൂക്ഷിച്ചു നോക്കി.

“ങേ.. പപ്പാ….”

ലിജിയുടെ മിഴികൾ അമ്പരപ്പിനാൽ വിടർന്നു.

“മോളെ, ലിഷമോളുടെ അടുത്തേക്ക് പൊക്കോ.”

ആന്റണി പറഞ്ഞതും വെള്ളത്തിനടിയിൽ നിന്നും അയാൾ ഉയർന്നു വന്നു. അലറിക്കൊണ്ട് അയാൾ കയ്യിലിരുന്ന കത്തികൊണ്ട് ലിജിയെ ആഞ്ഞു  കുത്തി. അതേ സമയം ആന്റണി ലിജിയെ പുറകിലേക്ക് തള്ളിമാറ്റി ഇടതു കൈകൊണ്ടു കുത്ത് തടുത്തു. ആന്റണിയുടെ കയ്യിൽ മുറിവുണ്ടാക്കി കത്തി കടന്നു പോയി.

“മോളേ.. പെട്ടന്ന് ലിഷയെയും കൊണ്ട് വീട്ടിലോട്ട് പോ.. എന്നെ കണ്ടത് ആരോടും പറയണ്ട. ഇതു ഞാൻ നോക്കിക്കൊള്ളാം “

ഉച്ചത്തിൽ പറഞ്ഞിട്ട് ആന്റണി അടുത്ത കുത്തിൽ നിന്നും ഒഴിഞ്ഞു മാറി അവന്റെ കയ്യിൽ പിടുത്തമിട്ടു. കൈക്കു പിടിച്ചു തിരിച്ചു കത്തി കൈക്കലാക്കി. ആ നിമിഷം അയാൾ കുതിച്ചുയർന്നു ആന്റണിയുടെ നെഞ്ചിൽ ചവുട്ടി. ആന്റണി പുറകോട്ടു വീണു. ആന്റണി ബാലൻസ് ചെയ്തു നിൽക്കുമ്പോഴേക്കും മറ്റെയാൾ വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു മുന്പോട്ടു നീന്തി കഴിഞ്ഞിരുന്നു.. ആന്റണി പുറകെ നീന്തി.. അടുത്തെത്തിയതും ആന്റണി കത്തികൊണ്ട് അയാളുടെ കാലിൽ ആഞ്ഞു കുത്തി… വെള്ളത്തിൽ ചോര കലർന്നു.കുത്തുകൊണ്ടാ കാലിൽ ആന്റണി പിടുത്തമിട്ടു. വെള്ളത്തിനു മീതെ കുതിച്ചുയർന്ന അവനെ താഴേക്കു വലിച്ചു തലകൊണ്ട് നെഞ്ചിൽ ഒരിടി ഇടിച്ചു,കാലിൽ ഉണ്ടായിരുന്ന പിടി വിട്ടു. അലർച്ചയോടെ ഇടികൊണ്ട അയാൾ കുറച്ച് ദൂരേക്ക് തെറിച്ചു പോയി.

വെള്ളത്തിലൂടെ പാഞ്ഞടുത്ത ആന്റണി നേരെ നിന്ന അയാളുടെ കഴുത്തിൽ പിടുത്തമിട്ടു..

“കഴുവേറി… ആരാടാ പട്ടി നീ.. എന്റെ മകളെ കൊല്ലാൻ നോക്കുന്നോടാ നായിന്റെ മോനെ “

ആന്റണി അയാളുടെ കഴുത്തിൽ നിന്നും പിടി വിട്ടു മുഖമടച്ചു ഒരടി കൊടുത്തു. പിന്നെ ഉഗ്ര സംഘട്ടനം ആയിരുന്നു. കത്തിക്കു വേണ്ടിയുള്ള പിടിവലിയുമായി അവർ വെള്ളത്തിനടിയിലേക്ക് പോയി…

വെള്ളത്തിനടിയിൽ നിന്നും മുകളിലേക്കു രക്തം പടർന്നു….

അതേ സമയം ലിജി ലിഷയുമായി വീട്ടിലേക്കു ഓടുകയായിരുന്നു. കുളിക്കാൻ പോയ ലിജിയും ലിഷയും കരഞ്ഞുകൊണ്ട് ഓടി വരുന്നത് കണ്ടു ലില്ലിക്കുട്ടിയുടെ ഉള്ളു കാളി!

ഓടി വന്ന ലിജി കഴുകി കൊണ്ട് വന്ന തുണിയും ബക്കറ്റും മുറ്റത്തു വച്ചിട്ട് അകത്തേക്ക് പോയി.

ലില്ലിക്കുട്ടി ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ ലിഷയെ നോക്കി. അവളും കരയുകയാണ്.

“എന്താടി.. ഇതൊക്കെ… കുളിക്കാൻ പോയ നിങ്ങളെന്തിനാ കരഞ്ഞുകൊണ്ട് ഓടി വന്നത്.എന്ത് പറ്റിയെടി? എന്നെ തീ തീറ്റിക്കാതെ പറയടി മക്കളെ “

ലില്ലികുറ്റി പരിഭ്രമത്തോടെ കരഞ്ഞുകൊണ്ട് ബക്കറ്റിൽ നിന്നും തുണി വിരിച്ചിടുന്ന ലിഷയുടെ അടുത്തേക്ക് ചെന്നു അവളുടെ ചുമലിൽ പിടിച്ചു.

ലിഷ കരച്ചിലടക്കി, അവിടെ നടന്ന കാര്യങ്ങൾ ലില്ലിക്കുട്ടിയോട് പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ട ലില്ലിക്കുട്ടി “കർത്താവെ എന്റെ മോൾക്ക് എന്തെങ്കിലും പറ്റിയോ ” എന്ന് കരഞ്ഞു കൊണ്ട് വീട്ടിനുള്ളിലേക്ക് ചെന്നു.

വസ്ത്രം മാറി കൊണ്ട് നിന്ന ലിജിയെ നോക്കി.

“മോളേ, എന്താടി അവിടെ സംഭവിച്ചത്. നിനക്ക് വല്ലതും പറ്റിയോ.. നിന്നെ അപകടപെടുത്താൻ നോക്കിയവൻ ആരാ.. നീ കണ്ടോ “

ലില്ലിക്കുട്ടി ഒറ്റശ്വാസത്തിൽ ചോദിച്ചു കൊണ്ട് ലിജിയെ നോക്കി.

“എനിക്കൊന്നും പറ്റിയില്ല അമ്മച്ചി. അതാരാണെന്നു ഞാൻ കണ്ടില്ല ശരിക്കും.പപ്പാ വന്നതുകൊണ്ട് രക്ഷപെട്ടു.പപ്പാ വന്നില്ലായിരുന്നു എങ്കിൽ എന്റെ ശവം ഇന്ന് തോട്ടിൽ പൊങ്ങിയേനെ. കർത്താവ് രക്ഷിച്ചതാകാം “

ലിജി ലില്ലിക്കുട്ടിയെ നോക്കി.

“എന്നിട്ട് അതിയാൻ എന്തിയെ… എങ്ങോട്ട് പോയി “

ലില്ലികുട്ടി പേടിയോടെ ലിജിയോട് ചോദിച്ചു.

“അയാളുമായി അവിടെ കിടന്നു മൽപ്പിടുത്തം നടത്തുന്നത് കണ്ടിട്ടാ വരുന്നത്. ഞങ്ങളോടെ അവിടെ നിൽക്കണ്ട വീട്ടിലേക്കു പൊക്കോളാൻ പറഞ്ഞു. അമ്മച്ചി ദയവു ചെയ്തു ഇവിടെ കിടന്നു വിളിച്ചു കൂവി ആരെയും അറിയിക്കരുത്  . ഇപ്പൊ ആരും അറിഞ്ഞിട്ടില്ല. തോട്ടിൽ ഇപ്പോൾ എന്ത് സംഭവിച്ചു എന്ന് പോലും നമുക്കറിയില്ല. നമ്മൾ പപ്പയെ കണ്ടിട്ടുമില്ല ഇങ്ങനെ ഒരു സംഭവം നടന്നിട്ടുമില്ല. അത്രതന്നെ “

ലിജി കയ്യിലിരുന്ന നനഞ്ഞ വസ്ത്രങ്ങളുമായി പുറത്തേക്കു പോയി.അഴയിൽ കൊണ്ടുപോയി വിരിച്ചിടുന്നതിനിടയിൽ ലിഷയെ നോക്കി.

“നിന്നോട് പറഞ്ഞത് കേട്ടല്ലോ. ഇങ്ങനെ ഒരു സംഭവം നമ്മൾ അറിഞ്ഞിട്ടുമില്ല കേട്ടിട്ടുമില്ല.നമ്മൾ ഇന്ന് കുളിക്കാൻ തോട്ടിൽ പോയിട്ടുമില്ല. പപ്പയെ കണ്ടിട്ടുമില്ല. മനസ്സിലായോ “

ലിജി ലിഷയെ തറപ്പിച്ചു നോക്കി.

“മനസ്സിലായി ചേച്ചി. ഞാൻ ആരോടും ഒന്നും പറയില്ല. പോരെ “

ലിഷ തുണി വിരിച്ചു കഴിഞ്ഞു ബക്കറ്റിൽ കിടന്ന വെള്ളം നിലത്തൊഴിച്ചു കളഞ്ഞു ബക്കറ്റുമായി അടുക്കളയുടെ ഭാഗത്തേക്ക്‌ നടന്നു.

ലിജി കല്പാദത്തിലേക്കു നോക്കി.

കാൽപാദത്തിന് തൊട്ടുമുകളിൽ തിണർത്ത് ചോരനിറത്തിൽ കിടക്കുകയാണ്. അയാൾ പിടിച്ചു വലിച്ചു കൊണ്ടുപോയ ആ ഭാഗത്തു നന്നായി വേദനിക്കുന്നുണ്ടായിരുന്നു. അതോർക്കുമ്പോൾ തന്നെ ദേഹം വിറക്കുന്നപോലെ അവൾക്കു തോന്നി.പെട്ടന്നുള്ള ആക്രമണം ആയതുകൊണ്ട് ഉള്ള് കിടുങ്ങി പോയി. ഇപ്പോഴും മാറിയിട്ടില്ല അത്. ആദ്യമായി അവൾക്കു തന്റെ പപ്പയോടു ഒരു ബഹുമാനം തോന്നി. പെൺകുട്ടികൾക്ക് കല്യാണം ആകുന്നതു വരെ  അപ്പന്മാരുടെ സംരക്ഷണം കൂടിയേ തീരൂ എന്ന് അവൾ തിരിച്ചറിഞ്ഞു.പപ്പാ ഇപ്പോൾ എവിടെ ആയിരിക്കും?. അവിടെ എന്തായിരിക്കും നടന്നിരിക്കുക?. പപ്പാ അയാളെ പിടിച്ചു കാണുമോ?, അയാളെ തിരിച്ചറിഞ്ഞു എന്തെങ്കിലും ചെയ്തു കാണുമോ?അതോ അയാൾ പപ്പയെ എന്തെങ്കിലും ചെയ്തോ?

ചോദ്യങ്ങൾ അവളുടെ ഉള്ളിലൂടെ കറങ്ങി തിരിഞ്ഞു കൊണ്ടിരുന്നു.

ടോമിച്ചൻ ജീപ്പ് നിർത്തി ഏലപ്പാറയിലെ റോസ് ബാറിലേക്ക് കയറി ചെന്നു.

പരിചയക്കാർ ടോമിച്ചനെ കണ്ടു ചിരിച്ചു കാണിക്കുകയും കൈപൊക്കി കാണിക്കുകയും ചെയ്തു. ബാറിൽ അത്യാവശ്യം നല്ല തിരക്കുണ്ട്.ടോമിച്ചൻ മാനേജർ റോഷന്റെ റൂമിലേക്ക്‌ പോയി.

“എങ്ങനെ ഉണ്ട് റോഷൻ… കാര്യങ്ങൾ.. നന്നായിട്ടു പോകുന്നോ “

ടോമിച്ഛനെ കണ്ടു കസേരയിൽ നിന്നും എഴുനേറ്റു നിന്ന റോഷന്നോട് ടോമിച്ചൻ ചോദിച്ചു.

“കുഴപ്പമില്ല സാർ. ഇന്ന് നല്ല തിരക്കുണ്ടായിരുന്നു.. ചില മദ്യങ്ങൾ സ്റ്റോക്ക് കുറവായിരുന്നു. കുറച്ച് മുൻപാ എത്തിയത്… നമ്മുടെ സ്വന്തം ബ്രാൻഡിന കസ്റ്റമേഴ്‌സ് കൂടുതൽ “

റോഷൻ പറഞ്ഞുകൊണ്ട് വിറ്റുവരവിന്റെ   ഫയലുകൾ എടുത്തു ടോമിച്ചന്റെ നേർക്കു നീട്ടി.

“ഞാൻ വീട്ടിൽ കൊണ്ടുപോയി നോക്കാം.കുറച്ച് തിരക്കുണ്ട്..കഴിഞ്ഞ ഒരാഴ്ചത്തെ കളക്ഷനും എടുത്തു ടോമിച്ചന് കൊടുത്തു. ഫയലും പണവും ഒരു ബാഗിൽ ആക്കി ടോമിച്ചൻ റോഷനോട് യാത്ര പറഞ്ഞു മുറിക്കു പുറത്തിറങ്ങി.

ബാറിന്റെ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ആണ് ഒരു വിളി.

“ടോമിച്ചാ “

ടോമിച്ചൻ തിരിഞ്ഞു നോക്കുമ്പോൾ ബാറിന്റെ ഇരുണ്ട വെളിച്ചത്തിൽഒരു മേശയുടെ അടുത്ത്  ഇരിക്കുന്നു ഉപ്പുതറ കാർലോസും ഫ്രഡ്‌ഡിയും….

ടോമിച്ചൻ അവർക്കരുകിലേക്ക് നടന്നു.

“നിങ്ങളെന്താ ഇവിടെ. ഞാൻ കണ്ടില്ലായിരുന്നു കേട്ടോ “

ഒരു കസേര വലിച്ചിട്ടു ടോമിച്ചൻ അവർക്കരുകിൽ ഇരുന്നു.

“ഞങ്ങൾ പാലാ വരെ പോയിട്ട് വരുന്ന വഴയാ. ഇവിടെ എത്തിയപ്പോൾ എന്നാൽ ടോമിച്ചന്റെ ബാറിൽ കേറി ഒരെണ്ണം അങ്ങ് വീശാമെന്നു കരുതി. നമ്മളിപ്പോൾ  ബന്ധുക്കളല്യോ “

കാർലോസ് അടിച്ച് കിറുങ്ങി ഇരിക്കുകയാണെന്നു ടോമിച്ചന് മനസ്സിലായി.

“ഫ്രഡ്‌ഡി.. നീയും ഫോമിലാണോ, വണ്ടിയൊടിച്ചു കട്ടപ്പനക്ക് പോകാൻ ബുദ്ധിമുട്ടു ഉണ്ടെങ്കിൽ വീട്ടിലോട്ടു പോരെ. രാവിലെ പോകാം “

ടോമിച്ചൻ പറഞ്ഞു.

“ഇല്ല ടോമിച്ചാ… ഞാൻ അധികം കുടിച്ചില്ല. പപ്പാ തുടങ്ങിയാൽ പിന്നെ ഇതാ അവസ്ഥ. വീട്ടിൽ മമ്മി മാത്രമല്ലേ ഉള്ളു. അതുകൊണ്ട് പോകണം. ഞങ്ങൾ ഇവിടെ ഉണ്ടെന്ന് സെലിൻ അറിഞ്ഞാൽ പിന്നെ അങ്ങോട്ട്‌ ചെന്നില്ലെന്നും പറഞ്ഞു ആയിരിക്കും പരിഭവം… ഇപ്പോൾ തന്നെ ഇറങ്ങിയേക്കുവാ “

ഫ്രഡ്‌ഡി പറഞ്ഞു കൊണ്ടിരിക്കുമ്പോൾ വെയ്റ്റെർ ബില്ലുമായി വന്നു.

ടോമിച്ചൻ ബില്ല് വെയ്റ്റിന്റെ കയ്യിൽ കൊടുത്തു തന്റെ പേരിൽ വരവ് വെച്ചോളാൻ പറഞ്ഞു തിരിച്ചയച്ചു.

“ടോമിച്ചാ ബില്ല് കൊടുക്കാമെടാ.. ബിസിനസ്‌ ആകുമ്പോൾ ബന്ധം നോക്കരുത്. അല്ലേടാ ഫ്രഡ്‌ഡി “

ഫ്രഡ്‌ഡി കാർലോസിനെ താങ്ങി പിടിച്ചു പുറത്തേക്കു കൊണ്ട് പോയി കാറിൽ കയറ്റി.

“ടോമിച്ചാ പോയേക്കുവാ…ഒരുപാടു രാത്രി ആകുന്നതിനു മുൻപ് വീടെത്തണം “

അവർ യാത്ര പറഞ്ഞു പോയതും ടോമിച്ചൻ ജീപ്പിൽ കയറി കുട്ടിക്കാനത്തിന് തിരിച്ചു.

മഴ പെയ്യുന്നത് കണ്ടു സെലിൻ വീർത്തുവരുന്ന വയറും താങ്ങി പോയി ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ അഴയിൽ നിന്നും എടുത്തു കൊണ്ട് വരുന്നത് ആണ്   റോണി കൂപ്പിൽ നിന്നും വന്നു വീടിന്റെ മുറ്റത്തു വണ്ടി നിർത്തുമ്പോൾ കാണുന്നത്.

“നിനക്ക് അടങ്ങി ഒതുങ്ങി എവിടെയെങ്കിലും ഇരിക്കാം മേലെ. ഈ സമയത്തു മഴയും നനഞ്ഞു വല്ല പനിയോ മറ്റോ പിടിച്ചാലോ.”

റോണിയുടെ ചോദ്യം കേട്ടു സെലിൻ പുഞ്ചിരിച്ചു.

“ന്റെ റോണിച്ചായാ, ഈ ലോകത്തു ആദ്യമായല്ല ഒരു പെണ്ണ് ഗർഭിണി ആകുന്നതു. ഗർഭിണി അയാൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. പറ്റുന്ന ജോലിയൊക്കെ ചെയ്യണം. ഒന്നും അറിയാത്ത മരമണ്ടൻ. വാ “

സെലിന്റെ പുറകെ റോണി വീടിനുള്ളിലേക്ക് നടന്നു. ബെഡ്‌റൂമിൽ കൊണ്ടുപോയി തുണികൾ ഇട്ട ശേഷം താഴേക്കു ചായ എടുക്കുവാനായി പോകുവാൻ തുടങ്ങിയ സെലിനെ റോണി തടഞ്ഞു.

“നിൽക്കടി അവിടെ “

കാര്യമെന്താണെന്നു അറിയാതെ അമ്പരന്നു നിൽക്കുന്ന അവളുടെ അരികിലേക്ക് ഒരു ടർക്കിയുമായി റോണി നടന്നടുത്തു.

“നിന്റെ തലമുടിയിൽ മുഴുവൻ വെള്ളമാ… തല തൂവർത്താതെ നീ എങ്ങോട്ട് പോകുവാ, ഇങ്ങു അടുത്ത് നിൽക്കടി “

പറഞ്ഞിട്ട് സെലിനെ ചേർത്തു നിർത്തി റോണി തലമുടി തുവർത്തി കൊടുത്തു. തലമുടി തൂവർത്തി കഴിഞ്ഞിട്ടും സെലിൻ റോണിയുടെ മാറിൽ ചാരി അനങ്ങാതെ നിൽക്കുന്നത് കണ്ടു റോണി ചോദിച്ചു.

“സെലിനെ,നീയെന്താ ഉറങ്ങി പോയോ. ങേ “

ചോദ്യം കേട്ടു ഒരു ചെറിയ ചിരിയോടെ സെലിൻ തല ഉയർത്തി റോണിയെ നോക്കി.

“അതേ.. ഉറങ്ങി പോയി… നിങ്ങളങ്ങനെ അവിടെ നിൽക്ക്.ഞാനിങ്ങനെ നിങ്ങടെ മാറിൽ ചാരി കുറച്ച് നേരെ നിൽക്കട്ടെ. “

സെലിൻ പറഞ്ഞത് കേട്ടു ചിരിയോടെ റോണി സെലിനെ തന്നോട് ചേർത്തു ഇറുക്കി കെട്ടി പിടിച്ചു.

“ഇതൊക്കെ എപ്പൊ വേണമെന്ന് പറഞ്ഞാൽ പോരെ..ഞാൻ റെഡി . കൂപ്പിൽ പോലും പോകാതെ ഞാനിവിടെ ഇരുന്നോളാം “

റോണി സെലിന്റെ നിറുകയിൽ ഒരു ഉമ്മ

നൽകികൊണ്ട് പറഞ്ഞു.

“ആ മോഹം മനസ്സിൽ വച്ചേക്ക്. ഇപ്പോൾ എനിക്ക് ഇങ്ങനെ നിൽക്കണമെന്ന് തോന്നി. നിന്നു.അത് സ്ഥിരം ആകുമെന്ന് കരുതണ്ട റോണിച്ച. കൂപ്പിൽ പോകാതെ പെണ്ണുമ്പിള്ളയെയും കെട്ടിപിടിച്ചോണ്ടിരുന്നാലേ പപ്പാ നമ്മളെ ചവുട്ടി പുറത്താക്കും. അതോർത്തോ മോൻ “

പറഞ്ഞു കൊണ്ടിരിക്കുമ്പോൾ താഴെ വക്കച്ചന്റെ ശബ്‌ദം കേട്ടു.

“പപ്പാ വന്നിട്ടുണ്ട്, വാ താഴേക്കു ചെല്ലാം “

റോണി സെലിനെയും കൂട്ടി താഴേക്കു ചെല്ലുമ്പോൾ വക്കച്ചന് മോളികുട്ടി ചായ കൊടുത്തുകൊണ്ട് ഇരിക്കുകയായിരുന്നു.

“നീ ഇന്ന് നേരത്തെ പോന്നോ.. കൂപ്പിൽ നിന്ന് “

വക്കച്ചൻ റോണിയെ നോക്കി.

“അതേ.. ഉച്ചക്ക് മുൻപേ ലോഡ് എല്ലാം കേറ്റി വിട്ടു.അവിടെ പിന്നെ വെറുതെ ഇരിക്കണ്ടല്ലോ എന്നോർത്ത് നേരത്തെ പോന്നതാ “

തെല്ലു പരുങ്ങലോടെ റോണി പറഞ്ഞു.

“റോണി മേശപ്പുറത്തു ചായ എടുത്തു വച്ചിരിക്കുന്നു. വന്നു കുടിക്ക്‌ “

മോളികുട്ടി പറഞ്ഞിട്ട് സെലിനെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു.

പതിവിന് വിപരീതമായി കുളികഴിഞ്ഞു ടോമിച്ചൻ ജെസ്സിയുടെയും ശോശാമ്മയുടെയും കൂടെ കുരിശുവരക്കാൻ ചെന്നു. പ്രാർത്ഥിക്കുന്നതിനിടയിൽ ജെസ്സി ഒളിക്കണ്ണിട്ടു ടോമിച്ചനെ നോക്കുനുണ്ടായിരുന്നു അത്ഭുതത്തോടെ. ശോശാമ്മക്കും ടോമിച്ചന്റെ മാറ്റം മറിച്ചായിരുന്നില്ല. തന്റെ മകനും മോൾക്കും നല്ലത് മാത്രം വരുവാൻ അവർ ഉള്ളുരുകി പ്രാർത്ഥിച്ചു.

കിടക്കാൻ നേരം ടോമിച്ചൻ റൂമിലേക്ക്‌ വരുമ്പോൾ ജെസ്സി കിടക്കയിൽ കിടക്കുകയായിരുന്നു.

“എന്ത് പറ്റി നേരത്തെ ഒരു പള്ളയുറക്കം.”

ടോമിച്ഛന്റെ ശബ്‌ദം കേട്ടു കണ്ണടച്ചു കിടക്കുകയായിരുന്ന ജെസ്സി കണ്ണു തുറന്നു.

“ഒന്നുമില്ല.. സ്റ്റൈർകേസ്‌ കേറിയിറങ്ങുന്നതിന്റെ ആണെന്ന് തോന്നുന്നു. ഇടത്തെ കാലിനൊരു വേദന. അതുകൊണ്ട് കിടന്നതാ.. അമ്മച്ചി  ഉറങ്ങാൻ പോയോ “

ജെസ്സി ടോമിച്ചനെ നോക്കി.

“പോയി കിടന്നു “

ഷർട്ട്‌ ഊരി ഹാങ്കറിൽ തൂക്കികൊണ്ട് ടോമിച്ചൻ പറഞ്ഞു.

“അമ്മച്ചിക്ക് ഇപ്പൊ എത്രയും പെട്ടന്ന് നമുക്കൊരു കുഞ്ഞുണ്ടായി കാണണമെന്നുള്ള ആഗ്രഹത്തില. എന്നെന്നോട് പറഞ്ഞു “

ജെസ്സി പറഞ്ഞിട്ട് ടോമിച്ചനെ നോക്കി.

“നിങ്ങളവിടെ ഇരുന്നു എന്റെ കാല് ഒന്ന് തടവി താ. കുറച്ച് ആശ്വാസം കിട്ടും “

ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ കാൽക്കൽ ഇരുന്നു നൈറ്റി കുറച്ച് മാറ്റി കാൽ പാദത്തിൽ തടവി കൊടുത്തു.

“നൈറ്റി അത്രയുംഉയർത്തി വയ്ക്കണ്ട. എനിക്ക് നാണം ആകും. ഇത്രയും ഉയർത്തി വയ്ക്കാൻ ഇതെന്താ വല്ല നാടകമോ ബാലെയോ ആണോ. കർട്ടൻ അത്രയും ഉയർത്തണ്ട “

ജെസ്സി പറഞ്ഞിട്ട് ഒളിക്കണ്ണിട്ടു ടോമിച്ചനെ നോക്കി.

ടോമിച്ചൻ ജെസ്സിയെ തുറിച്ചു നോക്കി.

“എന്തായാലും നിന്റെ ആഗ്രഹമല്ലേ. അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുകയാണ് “

മൈക്കിലൂടെ ഉള്ള അനൗൺസ്‌മെന്റ് പോലെ ടോമിച്ചൻ പറയുന്നത് കേട്ടു ജെസ്സി ചിരിച്ചു.

“അതൊക്കെ അങ്ങ് മനസ്സിൽ വച്ചേക്ക്. കുറച്ച് കഴിഞ്ഞു ബെൽ മുഴക്കിയാൽ മതി. കാഴ്ചക്കാർ ആരും വന്നിട്ടില്ല. അതുകൊണ്ടാ “

ജെസ്സി മെല്ലെ കിടക്കയിൽ എഴുന്നേറ്റിരുന്നു.

“കാല് തടവിയപ്പോൾ നല്ല കുറവുണ്ട്. പിന്നെ തിരുമ്മുമ്പോൾ ലോറിയുടെ സ്ട്രിയറിങ് ആണെന്ന് വച്ചു പിടിച്ചു തിരിക്കുന്നത് വേണ്ടാ. എനിക്ക് നന്നായി വേദനിച്ചു.”

ജെസ്സി കാലിലേക്ക് നോക്കി പറഞ്ഞു.

“അതങ്ങനെ ആണല്ലോ കണ്ടുവരുന്നത്‌. ഭർത്താക്കന്മാർ എന്ത് നല്ല കാര്യങ്ങൾ ചെയ്താലും അവസാനം കാര്യം കണ്ടു  കഴിയുമ്പോൾ കുറ്റം മാത്രം.”

ടോമിച്ചൻ എഴുനേൽക്കാൻ തുടങ്ങിയപ്പോൾ ജെസ്സി ടോമിച്ചന്റെ കയ്യിൽ പിടിച്ചു.

“അവിടെ ഇരി മനുഷ്യ, എങ്ങോട്ട് ഏറ്റോടുവാ, ഒരു തമാശ പോലും പറയാൻ പറ്റില്ലേ “

പറഞ്ഞിട്ട് ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.

“നിങ്ങടെ മനസ്സിൽ നല്ലൊരു കാമുകൻ ഉണ്ട്.അത് പതുക്കെ ഉണരുന്നതിന്റെ ലക്ഷണമാണ് നാടകവും കർട്ടൻ പൊക്കലും “

ചിരിച്ചു കൊണ്ട് ജെസ്സി ടോമിച്ചന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.

“കുറച്ച് പരുക്കനായി പെരുമാറുന്നവരുടെ ഉള്ളിലാ  നിഷ്കളങ്ക സ്നേഹത്തിന്റെ കാമുകൻ ഉറങ്ങി കിടക്കുന്നത്. അവരിൽ നിന്നും ഒരു പെണ്ണിന് സ്നേഹം കിട്ടിയാൽ പിന്നെ അവൾക്കു ഒരിക്കലും ദുഖിക്കേണ്ടി വരില്ല. ജീവനുള്ളയിടത്തോളം കാലം അയാൾ  അവളെ സ്നേഹിച്ചും, ചേർത്തുപിടിച്ചും, കരുതലോടെയും അവളെ നോക്കും.അവരുടെ ഉള്ളിലെ അവളോടുള്ള സ്നേഹം ഒരിക്കലും അവസാനിക്കില്ല.അതെന്റെ അനുഭവമാണ്.ശരിയല്ലേ “

ജെസ്സി പറഞ്ഞു കൊണ്ട് ടോമിച്ചന്റെ കണ്ണുകളിലേക്ക് നോക്കി.

“എനിക്ക് നിന്റെ സാഹിത്യമൊന്നും അറിയത്തില്ല.പക്ഷെ ഞാനീ ലോകത്തു ഉള്ളയിടത്തോളം നിന്നെ നന്നായി നോക്കും. എനിക്കതു മാത്രമേ ഉറപ്പുള്ളു”

ടോമിച്ചൻ ജെസ്സിയെ ചേർത്തു പിടിച്ചു.

“കാഴ്ചക്കാർ വന്നെങ്കിൽ നാടകം ആരംഭിച്ചേക്കാം “

ടോമിച്ചൻ ജെസ്സിയെ ചേർത്തു പുണർന്നുകൊണ്ട് പറഞ്ഞു.അവർ കിടക്കാൻ തുടങ്ങിയതും വാതിലിൽ ആരോ മുട്ടുന്ന ശബ്‌ദം.

ടോമിച്ചൻ എഴുനേറ്റു ചെന്നു വാതിൽ തുറന്നു.

പുറത്തു വേലക്കാരി ശാന്ത ആയിരുന്നു.

“ആ സെക്യൂരിറ്റിക്കാരൻ വന്നു വിളിക്കുന്നു. എന്തോ പറയാനുണ്ടെന്ന് “

ശാന്ത പറഞ്ഞിട്ട് താഴേക്കു പോയി.

എന്താണെന്ന മട്ടിൽ ജെസ്സി ടോമിച്ചനെ നോക്കി.

“നീ കിടന്നോ, ഞാൻ ആ സെക്യൂരിറ്റി കാരനെ ഒന്ന് കണ്ടിട്ട് വരാം. അയാൾക്ക്‌ എന്തോ പറയാനാണെന്ന് “

പറഞ്ഞിട്ട് ഷർട്ട്‌ എടുത്തിട്ടു ടോമിച്ചൻ താഴേക്കു പോയി. മുറ്റത്തു നിന്ന സെക്യൂരിറ്റി കാരന്റെ അടുത്തേക്ക് ചെന്നു.

“എന്താ… ഈ പാതിരാത്രി പറയാനുള്ളത്”

ടോമിച്ചൻ സെക്യൂരിറ്റികാരനെ നോക്കി.

“ഗേറ്റിൽ ഒരാൾ വന്നു നിൽപ്പുണ്ട്. അയാൾക്ക്‌ കാണണമെന്ന് പറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ പറ്റുകയില്ലന്ന് പറഞ്ഞിട്ടും പോകുന്നില്ല “

സെക്യൂരിറ്റി കാരൻ പറഞ്ഞപ്പോൾ ടോമിച്ചൻ ഗേറ്റിലേക്ക് നോക്കി.

ഒരാൾ ഗേറ്റിന്റെ പുറത്തു നിൽക്കുന്നത് കാണാം. എന്നാൽ അധികം വ്യെക്തമില്ല.

സെക്യൂരിറ്റിയോടൊപ്പം ടോമിച്ചൻ ഗേറ്റിലേക്ക് ചെന്നു.

പുറം തിരിഞ്ഞു നിന്ന ആൾ ടോമിച്ചന് നേരെ തിരിഞ്ഞു. മുഖത്തു ചുറ്റികെട്ടിയിരുന്ന തുണി മാറ്റി.. അത് കണ്ട ടോമിച്ചന്റെ ചുണ്ടുകൾ മന്ത്രിച്ചു.

“ആന്റണി….. നീ “

പെട്ടന്ന് ഗേറ്റ് തുറന്നു ടോമിച്ചൻ ആന്റണിയെ അകത്തേക്ക് ക്ഷണിച്ചു.ആന്റണിയെ  വീടിന്റെ പുറകിലെ മുറിയിലേക്ക് കൊണ്ടുപോയി.

“ആന്റണിച്ച… നിങ്ങൾ എന്തിനാ ഇപ്പൊ ജയിൽ ചാടിയത്. ങേ… ഇപ്പൊ ജയിൽ ചാടിയതിന്റെ ഉദ്ദേശം, പുറകെ പൊലിസുണ്ടോ “

ടോമിച്ചൻ ഉത്കണ്ഠയോടെ ചോദിച്ചു.

“ടോമിച്ചാ… കർത്താവാ എന്നെ ജയിൽ ചാടാൻ തോന്നിച്ചത്. ഇല്ലെങ്കിൽ എന്റെ മോളുടെ ശവം തോട്ടിൽ പൊങ്ങിയേനെ. പിന്നെ നിന്നോട് ഒരു കാര്യം പറയാനും കൂടിയ. ജയിലിൽ വച്ചു നിന്നെ ആക്രമിക്കാൻ വന്നവന്മാരിൽ ഒരാളെ ജയിലിനു പുറത്തു വിട്ടിട്ടുണ്ട്. അവനെ ആരോ ഇറക്കിയിരിക്കുന്നത് നിനക്കെതിരെ ആണ്. അത് പറയാനും എന്റെ ഭാര്യയെയും മക്കളെയും ഒന്ന് കാണുവാനും വേണ്ടിയാണു ഞാൻ ചാടിയത് “

തോട്ടിൽ വച്ചു നടന്ന കാര്യങ്ങൾ ടോമിച്ചനോട് വിശദീകരിച്ചു.

“ടോമിച്ചാ, എനിക്കൊരു കൈയബദ്ധം പറ്റി. എന്റെ മോളേ കൊല്ലാൻ വന്നവനുമായുള്ള പിടിവലിയിൽ അവന് കുത്തേറ്റു. അവൻ ചത്തു.”

ആന്റണി പറയുന്നത് കേട്ടു ടോമിച്ചൻ എന്ത് പറയണം എന്നറിയാതെ മിണ്ടാതെ നിന്നു. പിന്നെ ചോദിച്ചു.

“എന്നിട്ട് ആ ശവം എവിടെ , തോട്ടിൽ ഇട്ടിട്ടു വന്നോ “

ടോമിച്ചൻ ആന്റണിയെ നോക്കി.

“അവിടെയിട്ടാൽ തെളിവല്ലേ, അതെന്റെ ഭാര്യക്കും മക്കൾക്കും പ്രശ്നമാകും. അതുകൊണ്ട് ഞാൻ ഒരു ചാക്കിൽ കെട്ടി  ഇങ്ങോട്ട് കൊണ്ടുവന്നു. തമിഴ്നാടിന് പോകുന്ന ഒരു പാണ്ഡിലോറിയിൽ കയറിയ ഇവിടെ എത്തിയത്. ശവം  വരുന്ന വഴിയിൽ ആ തേയില ചെടികൾക്കിടയിൽ വച്ചിട്ട ഇങ്ങോട്ട് കയറിയത്.”

ആന്റണി പറഞ്ഞത് കേട്ടു ടോമിച്ചൻ ഒരു ബീഡി എടുത്തു തീ കൊളുത്തി.

“ചെയ്തിരിക്കുന്നത് കൊലപാതകം ആണ്. പിടിച്ചാൽ ജീവപര്യന്തം ഉറപ്പാ.ശവം അവിടെ വയ്ക്കാൻ പറ്റില്ല.രാവിലെ കൊളുന്ത് നുള്ളാൻ പണിക്കാർ വരുന്നതാ. മാത്രമല്ല ഈ പരിസരത്ത് ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ  അതാരാണെന്നു മനസ്സിലായോ, കണ്ടുപരിചയം ഉള്ള ആരെങ്കിലും ആണോ “

ടോമിച്ചന്റെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി കൊടുത്തു.

“തോട്ടിൽ വച്ചു ഞാൻ കാണുമ്പോൾ അയാൾ ദേഹം മുഴുവൻ പുതപ്പു കൊണ്ട് മൂടിയിരുന്നു. അയാൾ ദേഹത്ത് ഒരു തൊപ്പിയും തൂകി ഇട്ടിരുന്നു. അയാളുടെ മുഖത്തിന്റെ ഒരു ഭാഗം കുറച്ച് പൊള്ളിയിരിക്കുകയായിരുന്നു. എന്നാലും മുഖം കണ്ടാൽ മനസിലാക്കാം”

ആന്റണി പറഞ്ഞത് കേട്ടതും ടോമിച്ചന്റെ ഉള്ളിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു.

തന്നെ പിന്തുടരുന്ന അയാളാണോ ഇത്!?

ആന്റണി പറയുന്നത് കേട്ടിട്ട് അതുപോലെ തോന്നുന്നു.

“ആന്റണി വാ, അവിടം വരെ ഒന്ന് പോകാം നമുക്ക്.”

വലിച്ചുകൊണ്ടിരുന്ന ബീഡി ദൂരെ കളഞ്ഞിട്ടു, പുറകിലെ മുറിയിൽ നിന്നും ടോർച്ചു എടുത്തു ആന്റണിയെയും കൂട്ടി ഗേറ്റിലേക്ക് നടന്നു. ഗേറ്റ് കടന്നു ഇരുട്ടിലൂടെ ആന്റണി പറഞ്ഞ ഭാഗത്തേക്ക്‌ നടന്നു. സ്ഥലത്ത് എത്തിയതും ടോമിച്ചൻ പരിസരം വീക്ഷിച്ചു ആരുമില്ല എന്ന് ഉറപ്പ് വരുത്തി ആന്റണിയെയും കൊണ്ട് തേയില ചെടികൾക്കിടയിലേക്ക് കയറി.

ആന്റണി ചാക്ക് കെട്ടഴിച്ചു, ശവം പുറത്തേക്കെടുത്തു മണ്ണിൽ കിടത്തി.

ടോമിച്ചൻ ശവത്തിലേക്കു ടോർച്ചു തെളിച്ചു.

പുതപ്പുകൊണ്ടു മൂടിവച്ച ശവശരീരം!!

ഒറ്റനോട്ടത്തിൽ താൻ കണ്ടിട്ടുള്ള, തന്നെ പിന്തുടരുന്ന ആൾ അല്ലെ എന്ന് സംശയം തോന്നി. ആന്റണി ചാക്കിനുള്ളിൽ നിന്നും ഒരു തൊപ്പിയും എടുത്തു പുറത്തിട്ടു. അതുകണ്ടതും ടോമിച്ചൻ ഉറപ്പിച്ചു. ഇത് അയാൾ തന്നെ!!

ആരാണിത്?!

ആന്റണി ആ ശവത്തിന്റെ മുഖത്തെ തുണി വലിച്ചു മാറ്റി!

ടോമിച്ചൻ അടുത്തിരുന്നു ആ ശവത്തിന്റെ മുഖത്തേക്ക് ടോർച്ചു അടിച്ച് നോക്കി. ഒന്ന് കൂടി സൂക്ഷിച്ചു നോക്കി!

ഇത് അയാളല്ലേ??!

ടോമിച്ചന്റെ കണ്ണുകൾ അമ്പരപ്പിനാൽ കുറുകി ഉണർന്നു. സംശയത്തോടെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.

“ആന്റണിച്ച,എനിക്കറിയാം ഇതാരാണെന്നു. അയാൾ തന്നെ ആണിത്. ഉറപ്പ് “

ടോമിച്ചൻ മന്ത്രിച്ചു.

“ആരാ  ടോമിച്ചാ    ഇത് “?

ആന്റണി ടോമിച്ചനെ നോക്കി!!

…………………… തുടരും…………..

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!