Skip to content

കാവൽ – 8

kaaval

“ആരാണ് ടോമിച്ചാ ഇത് “

ആന്റണി ചോദ്യം ആവർത്തിച്ചു കൊണ്ട് ടോമിച്ചനെയും പുറത്തു കിടക്കുന്ന മൃതശരീരത്തിലേക്കും മാറി മാറി നോക്കി.

“ആന്റണിച്ച… ഇവന്റെ പേര് റോയി…ഇവന്റെ അപ്പൻ ഷണ്മുഖത്തെ കൊന്നതിന്റെ പേരിലാണ് ഞാൻ ജയിലിൽ വന്നത്.അന്ന് സംഭവം നടക്കുമ്പോൾ ഇവനും, ഇവന്റെ അനിയൻ ജോർജിയും , ഇവരുടെ അമ്മ ലൈസിയും കൂടി വന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞിരുന്നു. പോലീസുകാരുടെ  തിരച്ചിലിൽ  ഇവരുടെ മൂന്നു പേരുടെയും ശവവും കണ്ടെത്തിയിരുന്നു.കുമളി സ്റ്റേഷനിലെ   റെക്കോർഡിൽ ഇവരെല്ലാം ആക്സിഡന്റിൽ കൊല്ലപ്പെട്ടവരാണ്.പിന്നെ പോലീസ് കണ്ടെത്തിയവന്റെ ശവം ജീവൻ വച്ചു എങ്ങനെ വന്നു .?അതാണ്‌ മനസ്സിലാകാത്തത്?.”

ടോമിച്ചൻ അമ്പരപ്പോടെ ശവത്തിന്റെ മുഖത്തേക്ക് ടോർച്ചു തെളിച്ചു പിടിച്ചു വിശ്വാസം വരാത്തപോലെ വീണ്ടും വീണ്ടും നോക്കി.

“അപ്പോൾ ഇവൻ മുൻപേ കൊല്ലപ്പെട്ടവൻ ആണ് അല്ലെ…അത് നന്നായി. ഒരാളെ രണ്ടു പ്രാവിശ്യം ആർക്കും കൊല്ലാൻ പറ്റില്ലല്ലോ. രക്ഷപെട്ടു ടോമിച്ചാ, പക്ഷെ ഇവനെന്തിനാണ് എന്റെ മകളെ കൊല്ലാൻ നോക്കിയത്. ഞാനും ഇവനും തമ്മിൽ ഒരു പ്രശ്നവും ഇല്ലല്ലോ. “

ആന്റണിയുടെ മുഖത്തു സംശയം  പ്രകടമായി.

ടോമിച്ചൻ മൃതദ്ദേഹത്തിന്റെ കാലുകളിലെ തുണികൾ മാറ്റി.., കാലുകൾ ദൃശ്യമായി.

കാലുകളിലേക്ക് ടോർച്ചു തെളിച്ചു ടോമിച്ചൻ സൂക്ഷിച്ചു നോക്കി

“ഇതവൻ തന്നെ..”

ടോമിച്ഛന്റെ ചുണ്ടുകൾ പിറുപിറുത്തു. പിന്നെ ആന്റണിയെ നോക്കി.

“ആന്റണിച്ചൻ എന്താ ചോദിച്ചത്? ഇവന് നിങ്ങളോട് എന്താ പ്രശ്നം എന്നോ? അത് നിങ്ങളോടുള്ള വൈരാഗ്യം അല്ല, എന്നോടുള്ളതാ.ഞാൻ ഇടക്കിടക്ക് നിങ്ങടെ വീട്ടിൽ വരുന്നതല്ലേ . അപ്പോൾ അവിടെ ഉള്ള ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്വഭാവികമായും സംശയം എന്റെ നേരെ നീളില്ലേ. അതും ഒരു പെൺകുട്ടി ആകുമ്പോൾ. ഇവന് ഞാൻ ശത്രു ആണല്ലോ. അവന്റെ അപ്പനെയും അമ്മയെയും കൂടപ്പിറപ്പിനെയും ഇല്ലാതാക്കിയവൻ. എന്തായാലും നിങ്ങൾ ജയിൽ ചാടിയത് കൊണ്ട് എന്റെ നഷ്ടപെട്ട സമാധാനം തിരിച്ചു കിട്ടി. ഇവൻ ചില്ലറയൊന്നുമല്ല എനിക്ക് സ്വയ്ര്യക്കേട്  ഉണ്ടാക്കിയത് ..”

ടോമിച്ചന്റെ ആന്റണിയോട് പറഞ്ഞു കൊണ്ട് മൃതദ്ദേഹത്തിലേക്കു വീണ്ടും ടോർച്ചടിച്ചു.

തന്റെ അടികൊണ്ടു ഒടിഞ്ഞ റോയിയുടെ കാലുകളിലെ സർജറി ചെയ്ത പാടുകൾ അവിടെ വ്യെക്തമായി കാണാമായിരുന്നു.!

“ടോമിച്ചാ.. ഇവനെ എവിടെ എങ്കിലും കൊണ്ട് തട്ടിയേക്കാം. കയ്യിൽ വച്ചുകൊണ്ടിരിക്കുന്നത് റിസ്കാ “

ആന്റണി റോയിയുടെ ശവം ചക്കിലേക്ക് വലിച്ചു കേറ്റി കെട്ടി.

“എന്നാ ചെയ്യുവാൻ പോകുവാ ആന്റണിച്ച.”

ടോമിച്ചൻ ചോദ്യഭാവത്തിൽ ആന്റണിയെ നോക്കി.

“ഏതെങ്കിലും കൊക്കയിൽ കൊണ്ട് വലിച്ചെറിയാം. അല്ലെങ്കിൽ എവിടെയെങ്കിലും ഇട്ടു കത്തിച്ചു കളയാം. വയ്യാവേലി തലയിൽ നിന്നും ഒഴിക്കണം. ഇത്രയും പെട്ടന്ന്.”

ആന്റണി ആവേശത്തോടെ പറഞ്ഞു.

“ആന്റണിച്ച… പഴയ കാലമല്ല.ആരെങ്കിലും കണ്ടാൽ, അന്വേഷണം വന്നാൽ, എന്തെങ്കിലും തെളിവ് എവിടെനിന്നെങ്കിലും കിട്ടിയാൽ അകത്ത് പോകും.കൊലക്കുറ്റമാ. അതോർത്തോ. ഇപ്പോൾ ഇവിടെ അടുത്ത് കുഴിച്ചിടാനോ , കത്തിക്കാനോ പറ്റത്തില്ല. മണത്തുകണ്ടു പിടിക്കും. കരിക്കട്ട ആക്കിയാലും അതെടുത്തു ലാബിൽ കൊണ്ടുപോയി തെളിവുണ്ടാക്കും. അതുകൊണ്ട് അതൊന്നും ചെയ്യണ്ട.”

ടോമിച്ചൻ പറഞ്ഞിട്ട് ടോർച്ചു കെടുത്തി എഴുനേറ്റു.

“പിന്നെ എന്ത് ചെയ്യാനാ നിന്റെ പ്ലാൻ.ഇതിവിടെ വച്ചോണ്ടിരിക്കാൻ പറ്റുമോ, എന്റെ പുറകെ പോലീസ് ഉണ്ട്. സത്യത്തിൽ ഭാര്യയുടെയും മക്കളുടെയും കൂടെ കുടുംബമായി ജീവിക്കാൻ ഇപ്പോൾ കൊതി തോന്നുകയാ ടോമിച്ചാ “

ആന്റണി സങ്കടത്തോടെ പറഞ്ഞിട്ട്  ടോമിച്ചനെ നോക്കി.

“എനിക്കതു ഈ ജന്മത്തിൽ സാധിക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല. പോലീസിന്റെ കയ്യിൽ കിട്ടിയാൽ ജയിലിൽ കൊണ്ടുപോയി ഇടിച്ചു ജീവശവമാക്കി കളയും. പിന്നെ പുറം ലോകം കാണാൻ പറ്റുമോ എന്നറിയത്തില്ല. അതിനകത്തും ഉണ്ടല്ലോ ശത്രുക്കൾ. പിന്നെ ടോമിച്ചാ.. ഈ ചത്തു കിടക്കുന്നവന്റെ കളി ആണോ .അതോ വേറെ ആരെങ്കിലും ആണോ ഇതിനു പുറകിൽ എന്നോ  എനിക്കറിയത്തില്ല. ഒരുത്തനെ ജയിലിന്റെ പുറത്തു വിട്ടിട്ടുണ്ട്.നാലഞ്ചു പേരെ തട്ടിയിട്ടു വന്നവനാ അവൻ.നിന്നെ ലക്ഷ്യം വച്ചാണ് എന്ന് എനിക്ക് ജയിലിനുള്ളിൽ നിന്നും അറിയിപ്പ് കിട്ടിയിരുന്നു. അവനെ സംരെക്ഷിക്കാൻ പുറത്തു ആരൊക്കെയോ ഉണ്ട്. നീ സൂക്ഷിക്കണം.എന്നെ  പോലിസ് പിടിക്കും വരെ എന്ത് കാര്യത്തിനും ഞാൻ ഉണ്ടാകും നിന്റെ കൂടെ.”

ആന്റണി ടോമിച്ചന്റെ ചുമലിൽ പിടിച്ചു.

“ജയിലിൽ നിന്നും ഇറങ്ങിയവൻ ആരായാലും അവനെ എത്രയും പെട്ടന്ന് കണ്ടെത്തണം. ചിലപ്പോൾ അവനറിയാമായിരിക്കും ഇതിനൊക്കെ  പിന്നിൽ.. ഈ കിടക്കുന്നവൻ ആണോ അതോ മറ്റരെങ്കിലും ഉണ്ടോ എന്ന് “

ടോമിച്ചൻ എന്തോ ആലോചിച്ചു കൊണ്ട് വഴിയിലേക്കിറങ്ങി.

“ആന്റണിച്ച, ഇവൻ ജീവിച്ചിരുന്നപ്പോൾ എനിക്കു തലവേദന ആയിരുന്നു. ഉപദ്രവം അല്ലാതെ ഒരു ഗുണവും ഇവനെ കൊണ്ട് ഈ നിമിഷം വരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇവനെ കൊണ്ട് നിങ്ങക്കെങ്കിലും പ്രയോജനം ഉണ്ടാകട്ടെ. പക്ഷെ ഈ രാത്രി ഇവനെ സൂക്ഷിച്ചു വയ്ക്കണം. സ്പിരിട്ടിൽ മുക്കി ഇട്ടാലേ ചീഞ്ഞു പോകാതെ ഇരിക്കൂ.”

ടോമിച്ചൻ പറയുന്നത് കേട്ടു ആന്റണി ഒന്നും മനസ്സിലാകാതെ നോക്കി.

“ഇപ്പോൾ ഈ ശവം എന്ത് ചെയ്യാൻ പോകുവാ. തെളിച്ചു പറ.”

ആന്റണി വെപ്രാളത്തോടെ ചോദിച്ചു.

“ഞാൻ ജീപ്പു എടുത്തുകൊണ്ടു വരാം. കട്ടപ്പനക്ക് പോകുന്ന വഴി കുറച്ച് ഉള്ളിലേക്ക് കയറി എനിക്കൊരു എസ്റ്റേറ്റ് ഉണ്ട്.. അവിടെ ചെറിയ ഒരു ഫാമുണ്ട് കൂടെ കാപ്പി, കുരുമുളക്, തേയില, ഏലം ഒക്കെയായിട്ടുള്ള ഒരു സ്ഥലം.അവിടെ ആന്റണിക്ക് കഴിയാം.അങ്ങോട്ടേക്ക് ആരും വരാൻ പോകുന്നില്ല.ഇന്ന് ഈ ശവം അവിടെ സ്പിരിറ്റിൽ മുക്കി വയ്ക്കാം. നാളെ ആകട്ടെ,മാസങ്ങൾക്ക് മുൻപ് ചത്തുപോയവൻ ജീവിച്ചില്ലേ ഇത്രയും നാൾ. അപ്പോ ജീവിച്ചിരിക്കുന്ന നിങ്ങൾക്കും ചാവുന്നതിലും തെറ്റില്ല  “

ടോമിച്ചൻ ചിരിച്ചു കൊണ്ട് പറയുന്നത് കേട്ടു ആന്റണി  തുറിച്ചു നോക്കി.

“നീ എന്താ പറയുന്നത്?എന്നെ കൊല്ലാൻ പോവുകയാണോ?”

അതുകേട്ടു ടോമിച്ചൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.

മുറിയിൽ ചെല്ലുമ്പോൾ ജെസ്സി ഉറങ്ങാതെ ഇരിക്കുകയായിരുന്നു.

“നിങ്ങളെവിടെ പോയതാ ഈ പാതിരാത്രി.മനുഷ്യരു കിടന്നുറങ്ങാൻ നോക്കുന്ന സമയത്തു ആണോ നിങ്ങൾക്ക് സഞ്ചാരം “

മുറിയിലേക്ക് കയറി വന്ന ടോമിച്ചനെ കണ്ടു ജെസ്സി നീരസത്തോടെ ചോദിച്ചു.

“എടീ… ഒരത്യാവശ്യകാര്യം ഉണ്ട്..ഏലപ്പാറയിൽ ഉള്ള നമ്മുടെ ബാർ വരെ ഒന്ന് പോകണം ഇപ്പോൾ. ഞാൻ ചിലപ്പോൾ നേരം വെളുത്തിട്ടേ വരൂ. അമ്മച്ചിയോടു രാത്രി ഞാൻ  പോയെന്നു പറയണ്ട “

പറഞ്ഞു കൊണ്ട് ടോമിച്ചൻ ഡ്രെസ്സ് മാറി വേറെ ധരിച്ചു.

“ഓഹോ, അപ്പോ രാത്രിയുംകൂടി ബിസിനസ്‌ ചെയ്താലേ തൃപ്‌തി ആകൂ നിങ്ങക്ക്…. ഞാൻ ഉറങ്ങാതെ നോക്കിയിരുന്നത് വെറുതെ ആയി….”

ജെസ്സി ഗൗരവത്തോടെ ടോമിച്ചനെ നോക്കി.

“ഈ രാത്രി കൊണ്ട് ലോകം അവസാനിക്കാൻ പോകുവാണോ? നാളെയും രാത്രി വരും, നീ ഒന്ന് സമാധാനപ്പെട് “

പിണങ്ങി ഇരിക്കുന്ന ജെസ്സിയുടെ കവിളിൽ പിടിച്ചു ടോമിച്ചൻ ഒരു നുള്ള് കൊടുത്തു.

“ആാാാ “

ജെസ്സി വേദനകൊണ്ട് പുളഞ്ഞു പോയി..

“മനുഷ്യ.. ഇതൊരു പെണ്ണിന്റെ കവിളാണ്. അല്ലാതെ കരിംകല്ല് അല്ല ഇങ്ങനെ പിടിക്കാൻ. എന്റെ ജീവൻ പോയി “

ജെസ്സി ചുവന്നു വന്ന കവിളിൽ തലോടി.

“നിനക്ക് അത്രയും വേദനിച്ചു എങ്കിൽ എന്നെ തിരിച്ചു നുള്ളിക്കോ “

ജെസ്സിയുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു ടോമിച്ചൻ പറഞ്ഞു. എന്നിട്ട് ചുവന്നു കിടന്ന കവിളിൽ ഒരുമ്മ കൊടുത്തു.

“എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ചെയ്യ്‌ വേഗം. എനിക്ക് പോകണം “

ടോമിച്ചൻ ചിരിച്ചു കൊണ്ട് ജെസ്സിയുടെ കണ്ണിലേക്കു നോക്കി.

“നിങ്ങളെ ഞാൻ…..”

പറഞ്ഞു കൊണ്ട് ചാടി യെഴുനേറ്റു   ജെസ്സി ടോമിച്ചന്റെ രണ്ടു കവിളിലും പിടിച്ചു വലിച്ചു. കൂടാതെ നെറ്റിയിൽ ചുണ്ട്‌ ചേർത്തു ഒരുമ്മയും കൊടുത്തു.

“സൂക്ഷിച്ചു പോകണം, ശത്രുക്കൾ ഉണ്ട്. അതോർമ്മ വേണം എപ്പോഴും “

ജെസ്സി ടോമിച്ചനെ ഓർമ്മിപ്പിച്ചു.

ടോമിചന്റെ ജീപ്പ് ഗേറ്റിൽ എത്തിയപ്പോൾ സെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നു.

“ആരുവന്നാലും ഗേറ്റ് തുറക്കേണ്ട. ഗേറ്റ് പൂട്ടിയിട്ടോ “

ടോമിച്ചൻ പറഞ്ഞിട്ട് ജീപ്പ് ഓടിച്ചു പുറത്തേക്കു പോയി.

ആന്റണി ജീപ്പ് വന്നു നിന്നതും ചാക്ക് കെട്ടു എടുത്തു പുറകിൽ വച്ചു. പടുത താഴ്ത്തി ഇട്ടു.ടോമിച്ചന്റെ കൂടെ കയറി ഇരുന്നു. കട്ടപ്പനക്കുള്ള റൂട്ടിൽ അരമണിക്കൂർ മുൻപോട്ടു പോയി.വഴിയിൽ ചെക്കിങ് പ്രതീക്ഷിച്ചു് എങ്കിലും ഒരുവടതും അതുണ്ടായില്ല.കുറച്ച് കൂടി മുൻപോട്ടു പോയി  ഉള്ളിലേക്ക് തിരിഞ്ഞു ഇരുവശങ്ങളിലും മരങ്ങളും  മറ്റു കാട്ടുചെടികളും  തിങ്ങി നിൽക്കുന്ന   മൺ വഴിയിലൂടെ കുലുങ്ങി കുലുങ്ങി ജീപ്പ് വിജനമായ പ്രേദേശത്തു കൂടി ഓടി  ഒരു പഴയ കെട്ടിടത്തിനു മുൻപിൽ നിന്നു.

ആന്റണി ഇറങ്ങി ചുറ്റും നോക്കി.

ആ പ്രേദേശത്തു ഈ ചെറിയ കെട്ടിടം അല്ലാതെ മറ്റൊന്നും ഇല്ലെന്ന് തോന്നി. ചുറ്റും കാപ്പിചെടികളും ഏലവും കുരുമുളകും തേയിലയും ഒക്കെയാണെന്നു ടോമിച്ചന്റെ സംസാരത്തിൽ നിന്നും മനസ്സിലായി.

“ടോമിച്ചാ പ്രേദേശത്ത്  നമ്മൾ രണ്ടുപേരും അല്ലാതെ വേറെ ഒരു മനുഷ്യകുഞ്ഞു പോലും ഇല്ലെന്ന് തോന്നല്ലോ “

ആന്റണി ചോദിച്ചു കൊണ്ട് ടോമിച്ചനെ നോക്കി.

“അതേ… നമ്മൾ രണ്ടുപേരുമല്ലാതെ വേറെ ആരുമില്ല… എന്താ പേടിയുണ്ടോ “

ടോമിച്ചൻ ചോദിച്ചു കൊണ്ട് ഒരു ബീഡി എടുത്തു തീ കൊളുത്തി.

“അത് നന്നായി ടോമിച്ചാ… ഒളിച്ചു താമസിക്കാൻ പറ്റിയ സ്ഥലം. നീ പറഞ്ഞപോലെ എന്നെ തട്ടിക്കളയാൻ കൊണ്ട് വന്നതാണോ ഇവിടെ. ങ്ങാ,നല്ല തണുപ്പ്, ഒരു ബീഡി എനിക്കും താ “

ആന്റണി താമശ രൂപേണ പറഞ്ഞിട്ട് ടോമിച്ചന്റെ കയ്യിൽ നിന്നും ബീഡി വാങ്ങി കത്തിച്ചു വലിക്കാൻ തുടങ്ങി.

“ആന്റണിച്ച അവനെ ഇങ്ങെടുത്തോ. വീടിന് പുറകിൽ വെള്ളമൊഴിച്ചു നിറച്ചിടുന്ന ഒരു ടാങ്കു പോലത്തെ ഭാഗമുണ്ട്. അതിനകത്തു ഇപ്പൊ വെള്ളമില്ല. അതിനകത്തു കൊണ്ടിട്ടു സ്പിരിറ്റ്‌ ഒഴിച്ചിടാം. നാളെ ബാക്കി നോക്കാം “

ആന്റണി ജീപ്പിൽ നിന്നും ചാക്ക് കെട്ടു പൊക്കിയെടുത്തു ടോമിച്ചന്റെ കൂടെ കെട്ടിടത്തിന്റെ പുറകിലേക്ക് നടന്നു. ഒരാൾക്ക് കിടന്നു കുളിക്കാവുന്ന രീതിയിൽ ഉള്ള ബാത്ത് ടാങ്കു പോലെ സിമന്റുകൊണ്ട് പണിതിട്ടിരിക്കുന്നതിന്റെ അടുത്ത് ചാക്ക് കെട്ടു വച്ചു തുറന്നു. റോയിയുടെ ശവം വലിച്ചു പുറത്തെടുത്തു അതിനുള്ളിൽ നിവർത്തി കിടത്തി. അപ്പോഴേക്കും ടോമിച്ചൻ കെട്ടിടത്തിന്റെ ഉള്ളിൽ നിന്നും ഒരു കന്നാസ് നിറയെ സ്പിരിറ്റുമായി വന്നു.

“ടോമിച്ചാ, ഇത് കുടിക്കാൻ പറ്റുന്നതാണെങ്കിൽ കുറച്ച് മാറ്റി വയ്ക്കട. ഇതൊക്കെ കഴിഞ്ഞു ഒരെണ്ണം അടിച്ച് കിടന്നു ഉറങ്ങണം “

ആന്റണി കന്നാസിലിരിക്കുന്ന സ്പിരിറ്റിലേക്കു കൊതിയോടെ നോക്കി.

“ആന്റണിച്ച, ഇത് കൂട്ടാത്ത ഒറിജിനൽ സ്പിരിറ്റ, കുടിച്ചാൽ അകം കരിഞ്ഞു പോകഞ്ഞു തെക്കോട്ടു കെട്ടിയെടുക്കും. നിങ്ങക്ക് കുടിച്ചാൽ പോരെ. അവിടെ നല്ല ബ്രാണ്ടി ഇരിപ്പുണ്ട്. ഇവനെ സ്പിരിറ്റിൽ കുളിപ്പിച്ച് കിടത്തിയിട്ടു, പോയി കുളിച്ചു രണ്ടെണ്ണം അടിച്ച് കിടന്നോ “

ടോമിച്ചൻ പറഞ്ഞു കൊണ്ട് ബാത്ത് ടാങ്കിൽ കിടക്കുന്ന റോയിയുടെ ശവത്തിലേക്കു സ്പിരിറ്റ്‌ ഒഴിച്ചു നിറച്ചു.. സ്പിരിറ്റിൽ ശവം മുങ്ങി കിടന്നു.ബാത്ത് ടാങ്ക് അടച്ചു, കന്നാസ് അതിന്റെ സൈഡിൽ ഭിത്തിയോടെ ചേർത്തു വച്ചു ആന്റണിയെയും കൊണ്ട് കെട്ടിടത്തിന്റെ മുൻഭാഗത്തേക്ക് പോയി.

പൈപ്പ് വെള്ളത്തിൽ ആന്റണി കുളിച്ചു, തുവർത്തി വന്നു.അപ്പോഴേക്കും ടോമിച്ചൻ ജീപ്പ്നുള്ളിൽ നിന്നും ഒരു ബ്രാണ്ടിയുടെ ബോട്ടിലും ചിപ്സിന്റെ ഒരു പൊതിയും ആയി വന്നു .

“ആന്റണിച്ച ആവിശ്യമുള്ളത് എടുത്തു കുടിച്ചോ .”

കുപ്പിയും സ്‌നക്കസും വരാന്തയിൽ വച്ചു കൊണ്ട് ടോമിച്ചൻ അതിനടുത്തിരുന്നു.

ആന്റണി രണ്ടു ലാർജ് അടിച്ചപ്പോൾ വചാലനായി.

“ടോമിച്ചാ നിന്റെ പ്ലാൻ എന്തോന്നാ.. എനിക്കൊരുപിടിയും കിട്ടുന്നില്ല. ഈ ശവം ഇവിടെ കൊണ്ടുവച്ചിരിക്കുന്നതെന്തിനാ.ങേ, നിനക്കറിയാമോ, അടിയും, പിടിയും,വെട്ടും, കുത്തും,കഞ്ചാവും, വാറ്റും ഒക്കെ ആയി കുത്തഴിഞ്ഞ ജീവിതം ആയിരുന്നു എന്റേത്. അതിന്നു എന്നെ ഉപയോഗിച്ചത് അവനാ. ആ ചുങ്കിപ്പാറ സൈമൺ.. മുൻ എം ൽ എ..

അവന്റെ കൂടെ നടന്നു ചെയ്യാൻ പാടില്ലാത്ത കൊള്ളരുതായ്മ എല്ലാം ചെയ്തു. ഭാര്യയും രണ്ടു പെണ്മക്കളും  ഉണ്ടെന്ന ചിന്ത പോലുമില്ലാതെ. കുടുംബം പോലും നോക്കിയിട്ടില്ല. എന്റെ കെട്യോള് ലില്ലിക്കുട്ടിയുടെ സങ്കടം കണ്ടില്ല, അവള് ഉപദേശിച്ചു തന്നതൊന്നും കേട്ടില്ല, പെണ്മക്കളെ ഒരപ്പന്റെ സ്ഥാനത്തു നിന്നു സംരെക്ഷിച്ചില്ല, അവരുടെ ആഗ്രഹങ്ങൾ കണ്ടറിഞ്ഞു ഒന്നും ചെയ്തു കൊടുത്തില്ല. ജയിൽ പോയിട്ട് ആ സൈമൺ കഴുവേറി ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. അവനുവേണ്ടി കഞ്ചാവ് കേസും കുത്തുകേസും ആയ ഞാൻ അകത്ത് പോയത്.”

ഗ്ലാസിൽ ഒരു ലാർജ് കൂടി ഒഴിച്ചു ചിപ്സ് എടുത്തു കൊറിച്ചു കൊണ്ട് ആന്റണി തുടർന്നു.

“ഇപ്പോഴാ എനിക്കെന്റെ തെറ്റുകൾ മനസ്സിലായത് ടോമിച്ചാ. എന്റെ ഭാര്യയെയും  മക്കളെയും സ്നേഹിച്ചു അവരെ എനിക്ക് നന്നായി നോക്കി, അവരുടെ ഒപ്പം ഒരു കുടുംബമായി താമസിക്കാൻ കൊതിയാടാ ഇപ്പോൾ.എനിക്കിനി ജയിലിലേക്ക് പോകാൻ പറ്റത്തില്ലെടാ. നീ എന്നെ ഏതെങ്കിലും വിധത്തിൽ സഹായിക്കണം. എനിക്ക് നന്നായി ജീവിക്കണമെടാ. എനിക്ക് നിന്നോടെ ഇതൊക്കെ പറയാൻ പറ്റത്തൊള്ളടാ.”

ഗ്ലാസിൽ ഒഴിച്ചു വച്ച മദ്യം വായിലേക്ക് ഒഴിച്ചിട്ടു നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു ടോമിച്ചനെ നോക്കി.

“ആന്റണിച്ച… നിങ്ങൾ ആഗ്രഹിച്ചപോലെ ജീവിക്കണം അത്രയല്ലേ ഉള്ളു. അത് നമുക്ക് ശരിയാക്കാം. നിങ്ങൾ ഇനി തിരിച്ചു ജയിലിലേക്ക് പോകുന്നില്ല പോരെ. നിങ്ങളെന്റെ കൂടെ കൂടിക്കോ. ഭാര്യയും മക്കളൊക്കെയായി സന്തോഷത്തോടെ ജീവിക്ക്. എത്രയോ കൊലയാളികളും കള്ളകടത്തു കാരും ഇവിടെ നിയമത്തെ വിലക്കെടുത്തു വിലസുന്നു.രാഷ്ട്രീയക്കാർ അടക്കം അഴിമതിയിലും തട്ടിപ്പും വെട്ടിപ്പിലും മുങ്ങി കിടക്കുവല്ലേ. അപ്പോ ഇവിടെ നിയമം പാവപെട്ടവർക്ക് മാത്രമായിട്ട് വേണ്ടാ. നിങ്ങക്കും തെറ്റുതിരുത്തി ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. അധികാരം ഉണ്ട്. അതുകൊണ്ട് ഈ ടോമിച്ചൻ നിങ്ങളെ ഇനി ജയിലിലോട്ടു വിടുന്നില്ല. ഞാനുണ്ട് നിങ്ങടെ കൂടെ. നേരമൊന്നു വെളുക്കട്ടെ “

ഒരു സ്മാൾ അടിച്ച് ടോമിച്ചൻ ആന്റണിയെയും കൊണ്ട് കെട്ടിടത്തിനകത്തു കേറി.രണ്ടു പേരും കട്ടിലിലേക്ക് കിടന്നു. ആന്റണിക്ക്‌ കിടന്നിട്ടു ഉറക്കം വന്നില്ല. കണ്ണടക്കുമ്പോൾ പോലീസുകാരുടെ ബൂട്ടുകളുടെ ഒച്ച കേൾക്കുന്നത് പോലെ തോന്നി  ഞെട്ടി ഉണരും.ഇത് തുടരെ തുടരെ സംഭവിച്ചപ്പോൾ ആന്റണിക്ക് ഉറക്കം നഷ്ടപ്പെട്ടു.

ടോമിച്ചനും ഉറങ്ങാതെ കിടക്കുകയായിരുന്നു. പാതിരാ കഴിഞ്ഞപ്പോൾ കെട്ടിടത്തിനടുത്തു നിന്നും ഒരു പട്ടി നിർത്താതെ കുരക്കുന്നത് കേട്ടു ടോമിച്ചൻ എഴുനേറ്റു.ആന്റണിയും . പട്ടി കുരക്കുകയാണ് നിർത്താതെ.

ടോമിച്ചൻ പതുക്കെ പുറത്തേക്കുള്ള ചെറിയ ജനാല കുറച്ച് തുറന്നു പുറത്തേക്കു നോക്കി. കെട്ടിടത്തിന്റെ പുറകിലായി ആസ്വഭാവികമായി ഒന്നും കണ്ടില്ല.കുറച്ച് നേരം നോക്കി നിന്ന ശേഷം തിരികെ വന്നു കട്ടിലിൽ ഇരുന്നു.

“ടോമിച്ചാ… എന്താ പട്ടി നിർത്താതെ കുരക്കുന്നത്. എന്തെങ്കിലും കുഴപ്പം ഉണ്ടോ “

ആന്റണി ടോമിച്ചനെ നോക്കി.

“ഇല്ല.. പക്ഷെ പട്ടി നിർത്താതെ കുരക്കുന്നത് കാണുമ്പോൾ ഈ പരിസരത്ത് നമ്മളെ കൂടാതെ വേറെ ആരോ ഉള്ളത് പോലെ ഒരു തോന്നൽ “

ടോമിച്ചൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ കേട്ടു, നടക്കുമ്പോൾ കരിയിലകൾ ഞെരിയുന്ന പോലെയുള്ള ശബ്‌ദം .!! അതുകേട്ടു ആന്റണിയും ടോമിച്ചനും പരസ്പരം നോക്കി. ആന്റണി എഴുനേറ്റു   ജനാലക്കൽ ചെന്നു പുറത്തേക്കു നോക്കി. ഭൂരേക്ക് മിഴികൾ പായിച്ചു ചുറ്റും ഒരു ഓട്ട പ്രദിക്ഷണം നടത്തി . നിഴൽ വീണു കിടക്കുന്ന ചുറ്റുപാടും പ്രേത്യേകിച്ചൊന്നും കണ്ടില്ല.ഇപ്പോൾ പട്ടിയുടെ കുര കേൾക്കുന്നില്ല.

നോട്ടം പിൻവലിച്ചു തിരിയാൻ തുടങ്ങുമ്പോൾ ആണ് ആന്റണി അത് കണ്ടത്.!!!

റോയിയുടെ ശവം സ്പിരിറ്റിൽ ഇട്ടിരിക്കുന്ന ഭാഗത്തു ഒരു നിഴൽ അനങ്ങുന്നു. സൂക്ഷിച്ചു നോക്കി.!!

ഒരു മനുഷ്യരൂപം അതിനടുത്തു നിൽക്കുന്നു.!!

ആന്റണി മെല്ലെ തിരിഞ്ഞു ടോമിച്ചനെ കയ്യാട്ടി വിളിച്ചു. ടോമിച്ചൻ ആന്റണിയുടെ അടുത്തേക്ക് ചെന്നു.

ആന്റണി ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ നോക്കിയ ടോമിച്ചനും കണ്ടു!!

ഒരാൾരൂപം നിൽക്കുന്നു അവിടെ!!

ടോമിച്ചനും ആന്റണിയും  മെല്ലെ മുന്പിലത്തെ കതകു തുറന്നു പുറത്തിറങ്ങി. പതുക്കെ ശബ്ദമുണ്ടാക്കാതെ ഭിത്തിയുടെ മറപറ്റി പുറകുവശത്തേക്കു നീങ്ങി.പുറകുവശത്തെത്തി. ടോമിച്ചനും ആന്റണിയും ശവം സൂക്ഷിച്ചിരിക്കുന്ന ഭാഗത്തേക്ക്‌ നോക്കി!!

അവിടെ ആരെയും കാണാൻ സാധിച്ചില്ല.!!

ടോമിച്ചൻ അവിടെ ചുറ്റും ടോർച് തെളിച്ചു നോക്കി. ഇല്ല. ആരുമില്ല.

അപ്പോൾ ജനാലവഴി നോക്കിയപ്പോൾ കണ്ടതോ. അത് തോന്നൽ ആയിരുന്നോ?

പക്ഷെ ആന്റണിക്കും തനിക്കും ഒരേ പോലെ തോന്നൽ ഉണ്ടാകുമോ?

“ടോമിച്ചാ, ഇവിടെ ആരോ നിൽക്കുന്നത് ഞാൻ വ്യെക്തമായി കണ്ടതാണ്. നീയും കണ്ടതല്ലേ. നമ്മൾ രണ്ടുപേരും കണ്ട സ്ഥിതിക്ക്‌ അത് തോന്നൽ അല്ല. ഇവിടെ മാറ്റാരോ കൂടി ഉണ്ട്. നമ്മളെ നിരീക്ഷിച്ചു കൊണ്ട്!!!!”

ആന്റണി പറഞ്ഞപ്പോൾ അത് ശരിയാണെന്നു ടോമിച്ചനും തോന്നി.

ഒന്നുകൂടി ടോർച് അടിച്ച് ചുറ്റും നോക്കികൊണ്ട്‌ കെട്ടിടത്തിന്റെ മുൻവശത്തേക്ക് നീങ്ങി.

വരാന്തയിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് ടോമിച്ചനും ആന്റണിയും വാതിലിനരുകിലായി എന്തോ തൂങ്ങികിടന്നു ആടുന്ന പോലെ കണ്ടത്.!!

ടോമിച്ചൻ ആ ഭാഗത്തേക്ക്‌ ടോർച് തെളിച്ചു.

ആ കാഴ്ച കണ്ടു ഒരു നിമിഷം അവർ പകച്ചു പോയി!!!

                                                     (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “കാവൽ – 8”

Leave a Reply

Don`t copy text!