ഉച്ചകഴിഞ്ഞു മൂന്നുമണി ആയപ്പോൾ ടോമിച്ചന്റെ ലോറി കുമളിയിലെത്തി.
“ടൗണിൽ നിന്നും അത്യാവശ്യസാധനങ്ങൾ വല്ലതും വാങ്ങിക്കാനുണ്ടെങ്കിൽ മേടിച്ചോണം. അങ്ങോട്ട് ചെന്നുകഴിയുമ്പോൾ എന്ത് സംഭവിക്കും എന്നൊന്നും എനിക്കറിയത്തില്ല.”
ടോമിച്ചൻ പറഞ്ഞിട്ട് ലോറി ഒരു പെട്ടികടയുടെ സമീപത്തായി ഒതുക്കി നിർത്തി ഇറങ്ങി .പെട്ടിക്കടയിലേക്ക് നടന്നു.
“അമ്മച്ചി വാ, നമുക്ക് കുറച്ച് പലചരക്കു സാധനങ്ങളും,അരിയും,പച്ചക്കറികളും, മറ്റും വാങ്ങിക്കാം. അല്ലെങ്കിൽ നമ്മൾ പട്ടണിയിലാകും “
പറഞ്ഞിട്ട് ജെസ്സി ലോറിയിൽ നിന്നുമിറങ്ങി. ശോശാമ്മയെ ഇറങ്ങാൻ സഹായിച്ചു.
അവർ ടൗണിലെ പ്രധാനഭാഗത്തേക്ക് നടന്നു.
ടോമിച്ചൻ പെട്ടിക്കടയിൽ നിന്നും ഒരു സിഗററ്റ് മേടിച്ചു വലിച്ചു കൊണ്ടു കടക്കാരനോട് സംസാരിച്ചുകൊണ്ട് നിന്നു .
“നിങ്ങൾ എവിടെ നിന്നും വരുന്നു “
കടക്കാരൻ പാപ്പി ടോമിച്ചനോട് ചോദിച്ചു.
“അങ്ങ് കുട്ടിക്കാനത്തു നിന്നാ,”
ടോമിച്ചൻ ഉദാസിനമായി പറഞ്ഞു.
“ഇവിടെ എവിടെ വന്നതാ, ആരുടെയെങ്കിലും ബന്ധുവാണോ “?
കടക്കാരൻ പാപ്പിക്കു വീണ്ടും സംശയം.
“ഇവിടെ പുലിമാക്കിൽ ബംഗ്ലാവിലെക്കാ, അവിടെ കുറച്ച് ദിവസം കാണും “
ടോമിച്ചൻ കയ്യിലിരുന്ന സിഗർറ്റ് നിലത്തിട്ടു ചവുട്ടി.
“പുലിമാക്കിൽ എന്ന് പറഞ്ഞാൽ തമിഴ്‌നാട്ടിൽ വച്ചു അപകടത്തിൽ മരിച്ച ആഗസ്തി മുതലാളിയുടെ വീടല്ലയോ “
പാപ്പി തുറന്നിരുന്ന മിട്ടായി ഭരണി അടച്ചു കൊണ്ടു ടോമിച്ചനെ നോക്കി.
“ങ്ങാ “
ടോമിച്ചൻ മൂളി.
“അവിടെ ഇപ്പോൾ മുതലാളിയുടെ പെങ്ങളും മക്കളും അല്ലേ താമസിക്കുന്നത്, അവിടുത്തെ ജെസ്സി കൊച്ചിനെ കാണാനില്ലന്ന് പറയുന്നതും കേട്ടു “
പാപ്പി ആകാംഷയോടെ പറഞ്ഞു.
“അതേന്നു തോന്നുന്നു, പിന്നെ ജെസ്സിയെ കാണാതെയൊന്നും പോയിട്ടില്ല, ഇവിടെയുണ്ട് “
ടോമിച്ചൻ പറഞ്ഞു കൊണ്ടിരിക്കുമ്പോഴേക്കും
ജെസ്സിയും ശോശാമ്മയും സാധനങ്ങളും വാങ്ങിച്ചു ലോറിയുടെ അടുത്തേക്ക് വന്നു.
കടക്കാരൻ പാപ്പി അവരെ തുറിച്ചു നോക്കി.
“ആ ജെസ്സി കൊച്ച് അല്ലേ ആ വരുന്നത് , “
പാപ്പി അത്ഭുതത്തോടെ ടോമിച്ചനെ നോക്കി.
“അതേ, അതുകൊണ്ടാ കാണാതെ പോയില്ലെന്നു പറഞ്ഞത്, ബംഗ്ലാവിൽ കുറച്ച് കാലമായി പ്രേതങ്ങളുടെ ഉപദ്രെവമുണ്ട്.അതുകൊണ്ട് പ്രേത ബാധ ഒഴിപ്പിച്ചാലേ അവിടെ ആ പെങ്കൊച്ചിന് ജീവിക്കാൻ പറ്റു,ഞാൻ നല്ലൊരു മന്ത്രികനാ,എന്നെ കണ്ടാൽ ഏതു പ്രേതങ്ങളും ജീവനും കൊണ്ടു ഓടിക്കോളും “
ടോമിച്ചൻ പറഞ്ഞത് ശരിക്കും മനസ്സിലാകാതെ പാപ്പി തടിക്കു കയ്യും കൊടുത്തിരുന്നു.
ടോമിച്ചൻ കടയുടെ സൈഡിൽ വച്ചിരുന്ന സോഡാ പെട്ടിയിൽ നിന്നും ഒരു വട്ടുസോഡാ എടുത്തു പൊട്ടിച്ചു കുടിച്ചു. സിഗററ്റിന്റെയും സോഡായുടെയും കാശ് കൊടുത്തു ലോറിയുടെ സമീപത്തേക്ക് നടന്നു.
ടോമിച്ചൻ ലോറി സ്റ്റാർട്ട് ചെയ്തപ്പോഴേക്കും ജെസ്സി ശോശാമ്മയെയും കയറ്റി ഇരുന്നു കഴിഞ്ഞിരുന്നു.
ടൗണിൽ നിന്നും കുറച്ചകത്തേക്ക് കയറി കാപ്പി- തേയില തോട്ടങ്ങളുടെ നടുവിൽ തലയുയർത്തി നിൽക്കുന്ന ഒരു ഇരുനില മാളിക…ഗേറ്റിൽ പുലിമാക്കിൽ ബംഗ്ലാവ് എന്നെഴുതിയ ബോർഡ് തൂക്കിയിരിക്കുന്നു.
ഗേറ്റിനു മുൻപിൽ ലോറി നിന്നപ്പോൾ സെക്യൂരിറ്റി നിന്നയാൾ അടുത്തേക്ക് വന്നു.
ലോറിയിൽ നിന്നും ഇറങ്ങിവരുന്ന ജെസ്സിയെ കണ്ടു സെക്യൂരിറ്റികാരൻ അമ്പരന്നു.
“ജെസ്സി കൊച്ച് എവിടെയായിരുന്നു ഇത്രയും ദിവസം , ഇവിടെയെങ്ങും കണ്ടില്ലല്ലോ …”
ഡെക്യൂരിറ്റികാരൻ വിനയനിതനായി.
“നാടുവിട്ടു ഒന്ന് ചുറ്റിക്കറങ്ങാൻ പോയതാ തോമസുചേട്ടാ ,”
ജെസ്സി ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് ഗേറ്റ് മലക്കെ തുറന്നു.
ടോമിച്ചൻ ലോറി ഉള്ളിലേക്ക് കയറ്റി നിർത്തി.
പുറത്തു ലോറിയുടെ ശബ്‌ദം കേട്ടു പുറത്തേക്കു വന്ന ജോർജി മുറ്റത്തു ജെസ്സി നിൽക്കുന്നത് കണ്ടു അമ്പരന്നു.
ലോറിയിൽ നിന്നും ഇറങ്ങിവരുന്ന ടോമിച്ചനെ കൂടി കണ്ടപ്പോൾ വേഗത്തിൽ അകത്തേക്ക് പോയി ലൈസിയെ വിവരം അറിയിച്ചു. ഉച്ചമയക്കത്തിലായിരുന്ന ലൈസി ജോർജി പറയുന്നത് കേട്ടു ചാടി എഴുനേറ്റു സിറ്റൗട്ടിലേക്കു ചെന്നു.
ടോമിച്ചനും ജെസ്സിയും കൂടി ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കി വയ്ക്കുകയായിരുന്നു.
“എന്താ ഇത്, നിന്നോടാരു പറഞ്ഞു ലോറിയും കൊണ്ടു ഇതിനകത്തു വരാൻ, കണ്ട ലോറിക്കാരന്മാർക്ക് കുന്തളിക്കാൻ ഉള്ളതല്ല ഇവിടം “
ലൈസി പറഞ്ഞത് കേട്ടു ജെസ്സി ലൈസിയുടെ അടുത്തേക്ക് ചെന്നു.
“നിങ്ങളുടെ ബുദ്ധിമുട്ടു കുറക്കാന ഇങ്ങോട്ട് വന്നത്, ഞാനിവിടെ ഉണ്ടെങ്കിൽ തട്ടിക്കൊണ്ടു പോകാൻ എളുപ്പമല്ലേ.അല്ലെങ്കിൽ എപ്പൊഴും എന്നെ പിടിക്കാൻ പോലീസുകാരും ഗുണ്ടകളുമായി കുട്ടിക്കാനത്തോട്ടു വരണ്ടേ, അതൊഴിവാക്കാനാ ഇങ്ങോട്ട് പോന്നത്. പിന്നെ ഈ വീട്ടുമുറ്റത്തു ലോറി കേറണോ കാളവണ്ടി കേറ്റണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം, മനസ്സിലായോ “
ജെസ്സി ലൈസിയെ രൂക്ഷമായി നോക്കി.
ഇവൾ രണ്ടും കൽപ്പിച്ചാണ് വന്നിരിക്കുന്നതെന്നു ലൈസിക്കും ജോർജിക്കും തോന്നി.
അപ്പോഴേക്കും ടോമിച്ചൻ ശോശാമ്മയെ ലോറിയിൽ നിന്നും ഇറക്കി.
ജോർജി വീടിനകത്തേക്ക് പോയി.
കുറച്ച് നിമിഷത്തിനുള്ളിൽ വീടിന്റെ പലഭാഗത്തുനിന്നായി നാലഞ്ചു തമിഴന്മാർ ലോറിക്കരുകിലെത്തി.
അവരെ കണ്ടു ശോശാമ്മ ഭയന്ന് പോയി.
ടോമിച്ചൻ ജെസ്സിയെ ഒന്ന് നോക്കി.
“നീ ഈ സാധനങ്ങളൊക്കെ എടുത്തു അകത്തേക്ക് വച്ചോ, ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം,”
ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി ശോശാമ്മയെയും കൊണ്ടു വീടിന് നേർക്കു നടന്നു.
പെട്ടന്ന് ഒരു തമിഴൻ അവരുടെ മുൻപിൽ കയറി തടഞ്ഞു.
“ടോമിച്ചാ, വെറുതെ തടികെടാക്കാതെ ഇവരെയും വിളിച്ചു വന്ന വഴക്ക് വിട്ടോ സമയം കളയാതെ, അതാ നിനക്കും കൂടെവന്ന ഇവർക്കും നല്ലത്,”
ജോർജി ടോമിച്ചന്റെ അടുത്തേക്ക് വന്നു പറഞ്ഞു.
“ടോമിച്ചൻ വന്നത് ഇവിടെ കേറി താമസിക്കാനാ, ഇവൾ എനിക്ക് ഇവിടുത്തെ ഏറ്റവും നല്ല മുറി വാടകക്ക് തന്നിരിക്കുവാ, അതുകൊണ്ട് എന്തുവന്നാലും തിരിച്ചു പോകാൻ ഉദ്ദേശിക്കുന്നില്ല.”
ടോമിച്ചൻ പറഞ്ഞു കൊണ്ടു ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ചു തീ കൊളുത്തി.
“എടാ ചെറുക്കാ, നിന്റെ ചേട്ടൻ എന്തിയെ, അകത്ത് കടപ്പുണ്ടോ, അതുപോലെ കെടക്കണ്ടെങ്കിൽ മാറി നിന്നോണം. നാലരചക്രത്തിനു കമ്പത്തുനിന്നും വാടകക്കെടുത്തു ഇവിടെകൊണ്ടുവന്നു തീറ്റിപോറ്റി,വളർത്തുന്ന തമിഴന്മാരെ വച്ചു എനിക്കിട്ടു ചെരക്കാൻ വന്നാൽ വിരണ്ടോടുന്നവനല്ല ഈ ടോമിച്ചൻ , കേട്ടോടാ “
ടോമിച്ചൻ ജോർജിയുടെ തടിക്കിട്ട് ഒരു തട്ടുകൊടുത്തു.
“നിർത്തടാ നിന്റെ കഥപ്രസംഗം, നീ ഭയങ്കര വീരശൂരപരാക്രെമി ആണെങ്കിൽ അത് കയ്യിൽ വച്ചാൽ മതി. വീട്ടിൽ കേറി വന്നു ഗുണ്ടായിസം കാണിക്കാനാണെങ്കിൽ നടക്കത്തില്ല. “
ലൈസി ടോമിച്ചന് നേരെ പൊട്ടിത്തെറിച്ചു.
രോക്ഷത്തോടെ ജെസ്സിയെ നോക്കി.
“എടി ജെസ്സി, നീ ഇവരെയും കൂട്ടി വന്നു എന്നെ അങ്ങോട്ട് ഇറക്കിവിടാമെന്ന മനക്കോട്ട കെട്ടിയിട്ടുണ്ടെങ്കിൽ അത് പൊളിച്ചു കളഞ്ഞു തള്ളയേയും മോനെയും കൊണ്ടു സ്ഥലം വിടാൻ നോക്ക്, അല്ലെങ്കിൽ കളി മാറും, ലൈസിയുടെ തനി നിറം നീ കാണും “
ലൈസി ദേഷ്യം കൊണ്ടു വിറച്ചു.
“നിങ്ങൾ എന്ത് പുളുത്തുമെന്ന ഈ പറയുന്നത്, ദേ… നിങ്ങളോടുള്ള ബഹുമാനം മുൻ നിർത്തി പറയുകയാ, ഇത് എന്റെ അപ്പന്റെ പേരിലുള്ള സ്ഥലം, അതിലുള്ള വീട്, എന്നുവച്ചാൽ ഇതെല്ലാം ഈ ജെസ്സിയുടെ സ്വത്ത് ആണെന്ന് അർത്ഥം. അതുകൊണ്ട് അവിടെ ആര് വരണം, താമസിക്കണം എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം, നിങ്ങൾ അമ്മയുടെയും മക്കളുടെയും അനുവാദത്തിന്റെ ആവശ്യമില്ല “
ലൈസിക്ക് നേരെ വിരൽ ചൂണ്ടി ജെസ്സി രോക്ഷത്തോടെ പറഞ്ഞു.
അതേ സമയം ബംഗ്ലാവിന്റെ ഗേറ്റിനു മുൻപിൽ രണ്ടു ജീപ്പുകൾ വന്നു നിന്നു.
അതിൽ നിന്നും എട്ടു പത്തു ആളുകൾ ഇറങ്ങി.
ഗേറ്റിൽ ഹോണടി കേട്ടു എല്ലാവരും അങ്ങോട്ട് നോക്കി.
വന്നവർ വക്കച്ചൻ മുതലാളി പറഞ്ഞുവിട്ടവർ ആണെന്ന് ടോമിച്ചന് മനസ്സിലായി.
ലോറിയുടെ സൈഡിൽ തൂക്കിയിരുന്ന അലൂമിനിയം തൊട്ടി വലിച്ചെടുത്ത ടോമിച്ചൻ ജെസ്സിയുടെ മുൻപിൽ വഴി തടഞ്ഞു നിന്ന തമിഴന്റെ തല നോക്കി ആഞ്ഞൊരടി!
ഗേറ്റിന് പുറത്തു വന്ന ആളുകളെ ശ്രെദ്ധിച്ചു കൊണ്ടു നിന്ന ലൈസിയും മറ്റുള്ളവരും ഒച്ചകേട്ടു തിരിഞ്ഞു നോക്കുമ്പോൾ ജെസ്സിയുടെ മുൻപിൽ അടിയേറ്റ് മുട്ടിൽ കുത്തി നിൽക്കുന്ന തമിഴനെ ആണ് കണ്ടത്.
“ഇനി മുതൽ ഇവളാണ് നിന്റെയൊക്കെ കൊച്ചമ്മ, ജെസ്സി കൊച്ചമ്മ, മനസിലായോടാ കഴുവേർടാ മക്കളെ “
മുട്ട് കുത്തി നിൽക്കുന്ന തമിഴന്റെ തലമുടിയിൽ കുത്തി പിടിച്ചു ടോമിച്ചൻ അവന്റെ കൂടെ നിന്നവരോട് പറഞ്ഞു.
ടോമിച്ഛനെ തല്ലാൻ മുൻപിലേക്ക് ആഞ്ഞ മറ്റു തമിഴന്മാരെ ജോർജി തടഞ്ഞു. പ്രശ്നം ഉണ്ടായാൽ പുറത്തു വന്നിട്ടുള്ളവർ അകത്തേക്ക് വരും എന്ന കാര്യത്തിൽ ജോർജിക്ക് സംശയമുണ്ടായിരുന്നില്ല.രണ്ടും കൽപ്പിച്ചാണ് ഇവർ വന്നിട്ടുള്ളത്, ഇപ്പോൾ ഒന്നൊതുങ്ങി നിൽക്കുന്നതാണ് ബുദ്ധിയെന്നു ലൈസിക്കും തോന്നി. അവർ അത് കണ്ണുകൊണ്ടു ജോർജിയെ അറിയിക്കുകയും ചെയ്തു.
തമിഴന്മാർ തിരിച്ചു വീടിന്റെ പുറകിലെ ഔട്ട്ഹൗസിലേക്ക് പോയി.
ജെസ്സി ശോശാമ്മയെയും കൊണ്ടു വീടിനകത്തേക്ക് കയറി.
വീടിനകം കണ്ടു ശോശാമ്മ അതിശയിച്ചു പോയി.
“ഇതാണ് അമ്മച്ചി എന്റെ പപ്പയും മമ്മിയും.”
ഭിത്തിയിൽ മാലയിട്ടു വച്ചിരുന്ന ഫോട്ടോ ചൂണ്ടി കാണിച്ചു ജെസ്സി പറഞ്ഞു.
പിന്നെ മറ്റൊരു ഫോട്ടോയിലേക്ക് വിരൽചൂണ്ടി.
“ഇതാണ് സ്റ്റാലിൻ, എന്റെ ഒരേഒരു സഹോദരൻ, ദൈവം ആയുസ്സ് കൊടുത്തില്ല “
ശോശാമ്മ നോക്കി, സുന്ദരനായ ഒരു ചെറുപ്പക്കാരൻ. ദൈവം എന്തിനാണ് ഇവരോട് ഇത്രയും ക്രൂരത ചെയ്തതെന്ന് ശോശാമ്മ ഓർത്തു.
ശോശാമ്മയെയും കൂട്ടി ജെസ്സി താഴത്തെ നിലയിലുള്ള ഒരു റൂമിലെത്തി.
“ഇതായിരുന്നു എന്റെ പപ്പയുടെയും മമ്മിയുടെയും മുറി, ഇനിമുതൽ അമ്മച്ചിയുടെ മുറിയ ഇത്, എല്ലാ സൗകര്യങ്ങളും ഉണ്ട്.”
ജെസ്സി ശോശാമ്മയോട് പറഞ്ഞിട്ട് കിടക്കയെല്ലാം കുടഞ്ഞു വിരിച്ചിട്ടു.
“ഇതൊന്നും വേണ്ട മോളേ, എനിക്കെവിടെയെങ്കിലും ഒരു ചെറിയ മുറി തന്നാൽ മതി, ഇത്രയും സൗകര്യങ്ങൾ ഒന്നും വേണ്ട.”
ശോശാമ്മ ജെസ്സിയുടെ കയ്യിൽ പിടിച്ചു.
“എന്റെ വീട്ടിൽ എന്റെ അമ്മച്ചി എല്ലാ സൗകര്യത്തോടെയും കൂടി കഴിയണം, താഴെ ഈ മുറിയും മുകളിൽ രണ്ടു മുറിയുമാണ് നല്ല സൗകര്യമുള്ളത്,മുകളിലെ മുറികൾ ലൈസി ആന്റിയും മക്കളുമാണ് ഉപയോഗിക്കുന്നത്.ഇതിന്റെ തൊട്ടപ്പുറത്തുള്ള മുറിയാണ് ഞാൻ ഉപയോഗിച്ചിരുന്നത്… ഇനിമുതൽ ഞാൻ അമ്മച്ചിടെ കൂടെയാ കിടക്കുന്നത് , എങ്കിലേ ഒരു സുരക്ഷിതത്വം തോന്നു, പെണ്മക്കൾക്കെല്ലാം അങ്ങനെ തന്നെ ആയിരിക്കും അല്ലേ അമ്മച്ചി “
ശോശാമ്മ ജെസ്സി പറയുന്നത് കേട്ട് ബെഡിലിരുന്നു അവളുടെ ശിരസ്സിൽ തഴുകി കൊണ്ടിരുന്നു.
“നീ വന്നപ്പോൾ അമ്മച്ചിക്ക് ഒരു പെൺകുട്ടിയെ കർത്താവു തന്നില്ലല്ലോ എന്ന ദുഖമാ മാറിയത്. മോളേ പോലൊരാളെ കിട്ടാൻ ആരും കൊതിക്കും, മോള് അരുകിലുള്ളപ്പോൾ എന്റെ മനസ്സിൽ വല്ലാത്തൊരു ആശ്വാസമാ “
ശോശാമ്മ വാത്സല്യത്തോടെ പറഞ്ഞു.
“അമ്മച്ചി കുളിച്ചു റെഡി ആകു, അലമാരിയിൽ മമ്മിയുടെ സാരികൾ ഇരിപ്പുണ്ട്, അമ്മച്ചി ഇഷ്ടമുള്ളതെടുത്തോ, ഞാൻ സാധനങ്ങളെല്ലാം എടുത്തു അടുക്കളയിൽ വച്ചിട്ട് വരാം “
ജെസ്സി മുറിക്കു പുറത്തു വന്നപ്പോൾ ടോമിച്ചൻ സാധനങ്ങളെല്ലാം വീട്ടിനുള്ളിൽ എടുത്തു വച്ചിരുന്നു.
ജോർജി ഇതെല്ലാം നോക്കി സോഫയിൽ ഇരിക്കുകയായിരുന്നു. സങ്കടവും ദേഷ്യവും പകയും എല്ലാം അവന്റെ മുഖത്തു മാറി മാറി വന്നുകൊണ്ടിരുന്നു.
ടോമിച്ചൻ ലോറിയിൽ നിന്നും തന്റെ ഡ്രസ്അടങ്ങിയ കവറുമെടുത്തു അകത്തേക്ക് വന്നു.
“ഇവിടുത്തെ ഏറ്റവും വലിയ എല്ലാ സൗകര്യങ്ങളും ഉള്ള മുറി എവിടെയാ “
ടോമിച്ചൻ ജെസ്സിയെ നോക്കി.
“മുകളിൽ വലതു വശത്തു കാണുന്ന മുറിയാ “
ജെസ്സി ചിരിച്ചു കൊണ്ടു പറഞ്ഞു.
“ശരി “
പറഞ്ഞിട്ട് ടോമിച്ചൻ മുകളിനിലയിലേക്ക് പോയി.
മുകളിൽ നിലയിൽ വലതുവശത്തുള്ള മുറിയുടെ മുൻപിൽ ചെന്നതും ജോർജി താഴത്തെ നിലയിൽ നിന്നും മുകളിലെത്തി.
“ഇത് മമ്മിയുടെ മുറിയാ…. താൻ വേറെ വല്ല മുറിയും നോക്ക് “
ജോർജി ടോമിച്ചനോട് പറഞ്ഞു.
“ഇത് നിന്റെ മമ്മിയുടെ മുറിയാണെന്ന് ആര് പറഞ്ഞു, ജെസ്സി പറഞ്ഞോ, അവളല്ലേ ഇതിന്റെ ഉടമസ്ഥ, അവളോട് ഈ മുറി ഒരുമാസത്തെ വാടകക്ക് ഞാൻ എടുത്തിരിക്കുകയാണ്. കാശും അഡ്വാൻസ് കൊടുത്തു. അവളകാശ് കപ്പലണ്ടി മുട്ടായിയും ഉണ്ടൻപൊരിയും ഒക്കെ മേടിച്ചു തിന്നു ചെലവാക്കി. മാത്രമല്ല ഞാൻ ഇന്നേവരെ മുകളിനിലയിലെ മുറികളിൽ കിടന്നിട്ടില്ല. ഇതുപോലൊരു വീടൊന്നും ഞാൻ നോക്കിയാൽ ഉണ്ടാക്കാൻ പറ്റത്തില്ല. പിന്നെ വാടകക്കെടുത്തു താമസിച്ചു ആഗ്രഹം സാധിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ, മനസ്സിലായങ്കിൽ മുറിക്കകത്തു നീരാടുന്ന നിന്റെ അമ്മ തമ്പുരാട്ടിയോട് തുണിയും കിടക്കയുമെടുത്തോണ്ട് വേഗം ഇറങ്ങി വേറെ എതെങ്കിലും മുറിയിലോട്ടു പൊക്കോളാൻ പറ. സ്ത്രീ വിഷയത്തിൽ ഞാൻ അഗ്രഗണ്യനാ … എന്ന് വച്ചാൽ കുറച്ച് വെടക്കാണെന്നു സാരം..”
പുറത്തെ സംസാരം കേട്ട് ലൈസി മുറിക്കുള്ളിൽ നിന്നും വാതിൽ തുറന്നു പുറത്തേക്കു വന്നു.
“നിനക്കെന്താ എന്റെ മുറിയുടെ മുൻപിൽ കാര്യം? കണ്ട അണ്ടനും അടകോടനും കേറി നിരങ്ങാനുള്ളതല്ല ഇവിടം “
ലൈസി ടോമിച്ചന് നേരെ കയർത്തു.
ടോമിച്ചൻ ജോർജിയെ നോക്കി.
“മമ്മി ഈ മുറി ജെസ്സി ഇയാൾക്ക് ഒരു മാസത്തേക്ക് വാടകക്ക് കൊടുത്തിരിക്കുകയാണെന്ന്, മമ്മി വേറെ റൂമിലേക്ക് പോകണമെന്ന് “
ജോർജി ലൈസിയോട് പറഞ്ഞു.
“അതെങ്ങനെ ശരിയാകും, വർഷങ്ങളായിട്ട് ഞാനുപയോഗിക്കുന്ന മുറിയാ ഇത്, ഇതിനകത്തു ഞാനല്ലാതെ ഇതുവരെ ആരും വന്നിട്ടില്ല, എനിക്ക് മനസില്ല മുറി മാറാൻ, താൻ വേണമെങ്കിൽ താഴെ സ്റ്റോറൂമിൽ വല്ലവടതും പോയി കിടന്നോ “
ലൈസി കോപം കൊണ്ടു ജ്വലിച്ചു.
“അത് ശരി, അപ്പോ കാശു കൊടുത്തു ഞാൻ വാടകക്കെടുത്ത മുറി നിങ്ങൾക്ക് വേണമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും പെണ്ണുമ്പിള്ളേ…. ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, മര്യാദക്ക് ഇറങ്ങി വേറെ മുറിയിൽ പോയി കിടന്നോണം,തന്റേടം കാണിച്ചു ഇതിനകത്തു കടിച്ചു തൂങ്ങാനാ പ്ലാൻ എങ്കിൽ ഞാൻ കൂടെ കേറി കിടക്കും,പറഞ്ഞില്ലാന്നു വേണ്ട, പിന്നെ അവിടെ പിടിച്ചു ഇവിടെ പിടിച്ചു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല “
ടോമിച്ചൻ പറഞ്ഞിട്ട് അടുത്ത് നിന്ന ജോർജിയെ നോക്കി.
“നീ നിന്റെ മമ്മി പറയുന്ന വിവരക്കേടും കേട്ട് സുഖിച്ചു നിൽക്കുവാണോ, പറഞ്ഞു മനസ്സിലാക്കി വിളിച്ചു കൊണ്ടു പോടാ , ഇവിടെ കിടന്നാൽ മാത്രമേ അവർക്കു ഉറക്കം വരുകയുള്ളു എങ്കിൽ ഉറങ്ങണ്ട.”
പറഞ്ഞിട്ട് കയ്യിലിരുന്ന തുണി നിറച്ച കൂട് ലൈസിയെ കാണിച്ചു.
“ഇതെന്താണെന്നു മനസ്സിലായോ, എന്റെ മുഴിഞ്ഞ കുറച്ച് തുണിയും രണ്ടുമൂന്നു അണ്ടർവെയറും. മുറി റെഡിയായിട്ടു വേണം ഇതൊക്കെ ഒന്ന് കഴുകി ഇടാൻ, നാളെ ഇട്ടോണ്ട് പോകാൻ ഒന്നുമില്ല “
“ഛെ…. ടോമിച്ചൻ പറഞ്ഞത് കേട്ട് ലൈസി പുച്ഛത്തോടെ തല വെട്ടിച്ചു.
“എന്ത് ഛെ…ഈ വീട്ടിൽ നിങ്ങളാരും അണ്ടർവെയർ ഇടാറില്ലേ, ഇനിമുതൽ ഇതിടാതെ ഇവിടെയാരെങ്കിലും നടനെന്നു ഞാനറിഞ്ഞാൽ അടിച്ചു കരണം പുകക്കും മനസിലായോടാ “
പറഞ്ഞിട്ട് ടോമിച്ചൻ ജോർജിയുടെ നേരെ കയ്യോങ്ങി.
“പ്രേത്യേകിച്ചും നീയും നിന്റെ ചേട്ടനും, ഇവിടെ പെണ്ണുങ്ങൾ ഉള്ളതാ,പിന്നെ ഒരു കാര്യം,നിന്റെ തള്ള ഇനി എന്തെങ്കിലും ചെറ്റത്തരം കാണിക്കാനിറങ്ങിയാൽ നിന്റെ ഓരോ പല്ല് ഞാനിങ്ങെടുക്കും.ലോറിയിൽ ചവണ ഇരിപ്പുണ്ട്, അതെടുത്തോണ്ട് വന്നു ഓരോന്നായി പറിച്ചു ഞാനിങ്ങെടുക്കും.അപ്പോൾ നിന്റെ ഈ പുന്നാര മമ്മി മുപ്പത്തിരണ്ടു തരങ്ങൾ കാണിച്ചാൽ നിന്റെ വായിക്കുള്ളിൽ പിന്നെ പല്ലൊന്നും കാണില്ലെന്നു അർത്ഥം. അതുകൊണ്ട് നിന്റെ പല്ല് വായിക്കുള്ളിൽ വേണമെങ്കിൽ നിന്റെ ഈ തള്ള മര്യാദക്ക് അടങ്ങി ഒതുങ്ങി നിന്നോണം.ഇവരിൽ നിന്നും അവിവേകമായ പ്രവർത്തികൾ വരാതെ നോക്കേണ്ടത് നിന്റെ ജോലിയാ. അത് മറക്കണ്ട.. പിന്നെ അപ്പുറത്തെ മുറിയിൽ നിന്റെ ചേട്ടൻ കിടപ്പില്ലേ, , ഞാനൊന്നു കണ്ടിട്ട് വരാം, അപ്പോഴേക്കും എടുക്കാനുള്ളതെല്ലാം എടുത്തു ഇറങ്ങിക്കോണം മുറിയിൽ നിന്നും “
ടോമിച്ചൻ പറഞ്ഞിട്ട് അടുത്തമുറിയിൽ കിടക്കുന്ന റോയിയുടെ അടുത്തേക്ക് നടന്നു.
“എടാ ജോർജി, അവൻ റോയിയെ എന്തെങ്കിലും ചെയ്യുമോ? നീ അങ്ങോട്ട് ചെല്ല് “
ലൈസി പറഞ്ഞത് കേട്ട് ജോർജിയും ടോമിച്ചന്റെ പുറകെ ചെന്നു.
മുറിയിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന ടോമിച്ചനെ കണ്ടു കട്ടിലിൽ കിടക്കുകയായിരുന്ന റോയി ഭയന്ന് പോയി.തലേദിവസം തന്നതിന്റെ ബാക്കി കൂടി തരാനായിരിക്കുമെന്നാണ് റോയി കരുതിയത്.
തുറിച്ചു നോക്കുന്ന റോയിയെ ടോമിച്ചൻ അടിമുടി നോക്കി.
തോളെല്ലിനും, ഒരു കൈക്കും പ്ലാസ്റ്റർ ഇട്ടുട്ടുണ്ട്. ഒരു കാൽ സ്റ്റാൻഡിൽ തൂക്കിയിട്ടിരിക്കുകയാണ്. മറ്റേ കാലിലേക്ക് ടോമിച്ചൻ നോക്കുന്നത് കണ്ടു റോയിയുടെ കണ്ണിൽ ഭയം ഉരുണ്ടു കൂടി.
“ഇന്നലത്തെ അടി ശരിക്കും കൊണ്ടിട്ടുണ്ട് അല്ലേ, വല്ലവനും അധ്യാനിച്ചു ഉണ്ടാക്കിയ സ്വത്തുക്കൾ അടിച്ചു മാറ്റി സുഖിക്കാൻ ഇറങ്ങിയപ്പോൾ ഇത്രയും വിചാരിച്ചില്ല അല്ലേടാ . ഇനിയെങ്കിലും ആർത്തിയും കുരുട്ടുബുദ്ധിയും കളഞ്ഞു മര്യാദക്ക് ജീവിക്കാൻ നോക്ക്, പിന്നെ നിന്റെ മറ്റേ കാലുകൂടി അങ്ങൊടിക്കുകയാണെങ്കിൽ കിലുക്കത്തിലെ ജഗതി ശ്രീകുമാറിനെ പോലെ കിടക്കതില്ലായിരുന്നോ? ഞാൻ സഹായിക്കണോ, കുറച്ച് ദിവസം ഞാനിവിടെ കാണും. നിനക്കാഗ്രഹമുണ്ടെങ്കിൽ പറഞ്ഞാൽ മതി “
ടോമിച്ചൻ റോയിയോട് പറഞ്ഞിട്ട് തിരിഞ്ഞപ്പോൾ മുൻപിൽ ജോർജി.
“നീ ഇവിടെ വന്നു പമ്മി നിൽക്കുകയായിരുന്നോ? അവിടെപ്പോയി മമ്മിയെ സഹായിക്കേണ്ടതിനു പകരം.”
ടോമിച്ചൻ നേരെ തന്റെ റൂമിലേക്ക് ചെന്നു.
സാധനങ്ങളുമെടുത്തു ലൈസി റൂമിനു പുറത്തേക്കു വന്നു.കുറച്ച് സാധനങ്ങൾ എടുത്തു പുറത്തും വച്ചിട്ടുണ്ടായിരുന്നു.
“നിന്നെ അധികം സുഖിപ്പിക്കില്ല ഇവിടെ, കാണിച്ചു തരാം ഞാൻ “
കത്തുന്ന കണ്ണുകളോടെ ടോമിച്ചനെ നോക്കി ലൈസി പല്ലിറുമി കൊണ്ടു പറഞ്ഞിട്ട് ജോർജിയുടെ അടുത്തേക്ക് നടന്നു. ജോർജി റൂമിനു പുറത്തു വച്ചിരുന്ന സാധനങ്ങൾ എടുത്തു നടക്കാൻ തുടങ്ങി.
“എന്താടാ നിന്റെ മമ്മി ഇങ്ങനെ? ഈ പ്രായത്തിലും എന്നെ കാണിച്ചു തരാമെന്നൊക്കെ പറയുന്നത് എന്ത് വൃത്തികേടാ, എനിക്കാണെങ്കിൽ അതൊന്നും കാണുന്നതേ ഇഷ്ടമല്ല, നിന്റെ വീട്ടുകാരെല്ലാം ഇങ്ങനെയാണോ?
ഒരു കാര്യം പറഞ്ഞേക്കാം,നിന്റെ തള്ള എന്നെ കാണിക്കാൻ വന്നാൽ നിന്റെ പല്ലിന്റെ എണ്ണമാ കുറയുന്നത്, അതോർത്താൽ കൊള്ളാം.”
ടോമിച്ചൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഭിത്തിയിലെ ക്ലോക്കിൽ ഏഴുമണി മുഴങ്ങി.
“ങ്ങാ… പിന്നെ ഏഴുമണി ആയി, സാധനമൊക്കെ എതെങ്കിലും മുറിയിൽ കൊണ്ടു വച്ചിട്ട് നിന്റെ തള്ളയേയും വിളിച്ചു കൊണ്ടു പോയി കുരിശു വരയ്ക്ക്,പത്തു സ്വർഗസ്ഥനായ പിതാവേ…. ചൊല്ലണം രണ്ടുപേരും. അതിൽ “പാപികളായ ഞങ്ങൾക്കുവേണ്ടി…..”ആ ഭാഗം കുറച്ച് കൂടുതലും ആവർത്തിച്ചോ. നീയൊക്കെ ചെയ്തു കൂട്ടിയ പാപങ്ങൾ കുറച്ച് തീരട്ടെ. രണ്ടുപേരും നല്ല അക്ഷരസ്ഫുട തയോടെ പ്രാർത്ഥിച്ചോണം. ഒരക്ഷരം തെറ്റിച്ചാൽ ചൂരലുമായി ഞാൻ വരും. അമ്മയും മകനും മേടിക്കും എന്റെ കയ്യിൽ നിന്നും…കൃത്യം എട്ടരക്ക് ഭക്ഷണം കഴിക്കാൻ ഊണ് മേശയുടെ അടുത്ത് എത്തിയിരിക്കണം, ഒരു മിനിറ്റ് താമസിച്ചാൽ പിന്നെ പച്ചവെള്ളം പോലും കിട്ടില്ല .”
താഴേക്കു സ്റ്റയർകേസ് ഇറങ്ങുന്ന ലൈസിയോടും ജോർജിയോടും വിളിച്ചു പറഞ്ഞിട്ട് ടോമിച്ചൻ മുറിക്കുള്ളിലേക്ക് കയറി.
കൈയിലിരുന്ന പ്ലാസ്റ്റിക് കൂട് കട്ടിലിലേക്കിട്ടു ഒരു കസേരയിൽ ഇരുന്നു. മുറിക്കുള്ളിൽ ആകെ ഒരു വീർപ്പുമുട്ടൽ, ഒരു ബീഡി എടുത്തു കത്തിച്ചു.
അപ്പോഴേക്കും ജെസ്സി അങ്ങോട്ട് കയറി വന്നു.
“എന്തിനാ , കെട്ടും കിടക്കയും എടുത്തു അവർ ചാടി തുള്ളി താഴേക്കു പോകുന്നത് കണ്ടല്ലോ,നിസാരമായിട്ട് അവരെ കാണണ്ട, കൂടെ നിന്നു കുത്തികാല് വെട്ടുന്നവരാ, സൂക്ഷിച്ചോണം “
ജെസ്സി മുന്നറിയിപ്പ് കൊടുത്തു.
“ങും ” ടോമിച്ചൻ ഒന്ന് മൂളി.
“എങ്ങനെ ഉണ്ട് മുറി, ഇത് മതിയോ “
ജെസ്സി ടോമിച്ചനോട് ചോദിച്ചു.
“പോരാ,എന്റെ വീടിന്റെ അത്രയും സൗകര്യം ഇല്ല , പിന്നെ ഈ എ സി റൂമൊന്നും എനിക്ക് പിടിക്കതില്ല. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ലന്ന് കേട്ടിട്ടില്ലേ, അതുപോലെയ ഞാൻ, കുട്ടിക്കാനത്തെ വീടിന്റെ വരാന്തയിൽ കിടന്നു ആകാശത്തേക്കും നോക്കി കിടന്നാലേ എനിക്കൊറക്കം വരത്തൊള്ളൂ . എത്രയും പെട്ടന്ന് ഇവരെ ഇവിടെനിന്നോടിച്ചിട്ടു എനിക്ക് തിരിച്ചു പോണം “
ടോമിച്ചൻ അസ്വസ്ഥതയോടെ പറഞ്ഞു.
“പിന്നെ നാളെ തന്നെ വക്കച്ചൻ മുതലാളിയുടെ വക്കീൽ വരും, കൂടെ പോയി വീടിന്റെയും മറ്റു സ്വത്തുക്കളുടെ ഉടമവകാശം നിന്റെ പേരിലാക്കാനുള്ള കാര്യങ്ങൾ ചെയ്യണം. നിന്റെ പേരിലാക്കി കരവും അടച്ചാൽ പിന്നെ ഒന്നും പേടിക്കാനില്ല “
ടോമിച്ചൻ പറഞ്ഞത് കേട്ട് ജെസ്സി തലകുലുക്കി,എങ്കിലും ടോമിച്ചൻ തിരിച്ചു പോകുന്ന കാര്യം പറഞ്ഞത് ജെസ്സിയിൽ നിരാശ ഉളവാക്കി.
“എപ്പോഴാ ഭക്ഷണം കഴിക്കാൻ തോന്നു ന്നതെങ്കിൽ താഴേക്കു വന്നാൽ മതി. ഭക്ഷണം റെഡിയായി ഇരിക്കുവാ “
ജെസ്സി പറഞ്ഞു.
“കൃത്യം എട്ടരക്ക് ഭക്ഷണം എടുത്തോ, അപ്പോ ഞാൻ വന്നേക്കാം, പിന്നെ അവർക്കു കൊടുക്കേണ്ട കറിയിൽ കുറച്ച് കൂടുതൽ മുളകും ഉപ്പും ഇട്ടോ , കഴിച്ചിട്ട് രണ്ടു പേരും ഇരുന്നു ഞെരിപിരി കൊള്ളണം “
ടോമിച്ചൻ പറഞ്ഞു.
“അത് വേണോ,”
ജെസ്സി ചോദ്യഭാവത്തിൽ ടോമിച്ചനോട് ചോദിച്ചു.
“ഞാനെന്താ പറഞ്ഞതെങ്കിൽ അത് നീ അങ്ങോട്ട് ചെയ്യ്, വിഷമൊന്നു അല്ലല്ലോ ചേർക്കാൻ പറഞ്ഞത് “
ജെസ്സി താഴേക്കു പോയി.
കൃത്യം എട്ടരക്ക് ടോമിച്ചൻ ഊണുമേശയിൽ എത്തുമ്പോൾ ലൈസിയും ജോർജിയും എത്തിയിരുന്നു. മേശപുറത്തു ശോശാമ്മയും ജെസ്സിയും, അടുക്കളയിൽ ജോലിക്ക് നിൽക്കുന്ന ശാന്തമ്മയും കൂടി ചോറും കറികളും നിരത്തിയിരുന്നു.
ടോമിച്ചൻ കൈകഴുകി വന്നിരുന്നു.
“വിളമ്പുന്ന ഭക്ഷണം ഒരു തുള്ളിപോലും കളയാതെ തിന്നോണം. ഓരോ സാധനത്തിനും തീപ്പിടിച്ച വിലയാണെന്നു അറിയാമല്ലോ “
ടോമിച്ചൻ എല്ലാവരോടും ആയി പറഞ്ഞു.
ലൈസിക്കും ജോർജിക്കും ജെസ്സി ചോറും കറികളും വിളമ്പി. ടോമിച്ചന്റെ നിർദേശപ്രേകാരം മുൻകൂട്ടി തയ്യാറാക്കിയ പ്രേത്യേക സാമ്പാറും മറ്റും വിളമ്പി.
“ഇതെന്താ ചോറോ, ഇവിടെ സ്ഥിരമായി നെയ്യ് റോസ്റ്റ് ആണല്ലോ രാത്രിയിൽ , ഇന്നെന്താടി ഒരു പുതുമ “
ലൈസി കലിയോടെ ശാന്തയെ നോക്കി.
“ഇനി മുതൽ ഇങ്ങനെയാ, നെയ്യും മീനും ഇറച്ചിയും തിന്നു നെയ്യ് മുറ്റി, കൊളസ്ട്രോളും പിടിച്ചിരിക്കുന്ന നിങ്ങൾ ഇനി മുതൽ രാത്രി ചോറുണ്ടാൽ മതി. ആളാം പ്രതി ഭക്ഷണം ഉണ്ടാക്കാൻ ഇവിടെ പറ്റില്ല “
ടോമിച്ചൻ പറഞ്ഞപ്പോൾ ലൈസി ചാടി എഴുനേറ്റു.
“ഇതെന്റെ പട്ടി തിന്നും “
ടോമിച്ചൻ ജോർജിയെ രൂക്ഷമായി നോക്കി.ജോർജി ലൈസിയുടെ കയ്യിൽ പിടിച്ചു അവിടെയിരുത്തി.
സമ്പാറൊഴിച്ചു കുഴച്ച ചോറെടുത്തു വായിൽ വച്ച ലൈസിയുടെ മുഖം വക്രിച്ചു.
“ഇതിനു ഭയങ്കര ഉപ്പാണല്ലോ? കറിക്കാണെങ്കിൽ ഭയങ്കര എരിവും, എടി ശാന്തേ… നീ മനുഷ്യനെ കൊല്ലാൻ ഉണ്ടാക്കിയതാണോ?”
ലൈസി കയർത്തു.
“ഇത് എരിവ് കാരണം തിന്നാൻ പറ്റത്തില്ലല്ലോ, ഈ കുമളിയിലുള്ള മുളകുപൊടി മുഴുവൻ ഈ കറിയിലുണ്ടല്ലോ “
ജോർജി അരിശത്തോടെ പറഞ്ഞു.
“കുറ്റം പറയാതെ രണ്ടുപേരും ഇരുന്നു കഴിച്ചിട്ട് പോകാൻ നോക്ക്, ആ ഭക്ഷണം തന്നെയല്ലേ ഞാനും കഴിക്കുന്നത് “
ടോമിച്ചൻ അവരെ നോക്കി.
“അതിന് കണ്ട ഷാപ്പിലും മറ്റും കേറി ലോകം മുഴുവൻ തെണ്ടി നടക്കുന്ന നിനക്ക് ഉപ്പും എരിവും എന്താണെന്നു അറിയാമോ “
ലൈസി കൃദ്ധയായി ടോമിച്ചനെ നോക്കി.
ടോമിച്ചൻ ജോർജിയെ നോക്കി.
” നിന്റെ തള്ളയോടെ തൊള്ളതുറക്കാതെ പെട്ടന്ന് വാരിവലിച്ചു നക്കിയിട്ടു പോകാൻ പറ,അല്ലെങ്കിൽ നിന്റെ പല്ലിന്റെ എണ്ണം കുറയും “
ടോമിച്ചൻ കലിപ്പോടെ ജോർജിയോട് പറഞ്ഞു.
“എങ്കിൽ അതൊന്നു കാണണമല്ലോ “
പറഞ്ഞു കൊണ്ടു എഴുനേൽക്കാൻ തുടങ്ങിയ ലൈസിയെ വീണ്ടും കയ്യിൽ പിടിച്ചു ജോർജി അവിടെയിരുത്തി.
ജോർജി ടോമിച്ചനെ ദയനീയമായി നോക്കി കൊണ്ടു പാത്രത്തിലുണ്ടായിരുന്ന ചോറും കറികളും വാരിത്തിന്നു തീർത്തു, ജോർജി ലൈസിയെയും നിർബന്ധിച്ചു തീറ്റിച്ചു. എരിവ് സഹിക്കാൻ വയ്യാതെ രണ്ടു പേരും വാഷ്ബേസിന്റെ ഭാഗത്തേക്ക് ഓടി.അത് കണ്ടു ശാന്തക്കു ചിരിയടക്കാനായില്ല.അവർ അടുക്കളയിലേക്ക് പോയി.
“നിങ്ങൾ കഴിക്കുന്നില്ലേ, ആരെ നോക്കി നിൽക്കുവാ, “
ജെസ്സിയോടും ശോശാമ്മയോടും ചോദിച്ചിട്ട് ഭക്ഷണം കഴിച്ചു ടോമിച്ചനും എഴുനേറ്റു.
“ഇവനെന്തു ഭാവിച്ച ഇതൊക്കെ “
ശോശാമ്മ ജെസ്സിയോട് ചോദിച്ചു
“വാ, ആർക്കറിയാം, അമ്മച്ചി ഇരിക്ക്, നമുക്ക് കഴിക്കാം “
ജെസ്സി ശോശാമ്മയുമായി ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.
എല്ലാവരും കിടന്നു ഉറക്കമായി എന്നുറപ്പായപ്പോൾ ടോമിച്ചൻ മുറി തുറന്നു പുറത്തിറങ്ങി. എല്ലാമുറിയിലെയും ലൈറ്റ് അണഞ്ഞിട്ടുണ്ട്. താഴെവന്നു പ്രധാന വാതിൽ തുറന്നു പുറത്തിറങ്ങി.
ഗേറ്റിനു നേരെ നടന്നു. ഗേറ്റിനടുത്തെത്തിയപ്പോൾ ഗേറ്റിൽ വക്കച്ചൻ മുതലാളിയുടെ എട്ടു പത്തു ആളുകൾ കാത്തു നിൽപ്പുണ്ടായിരുന്നു.
പേട്ടക്കണ്ണനും,വെട്ടുക്കിളി രാജുവും മുൻപോട്ടു വന്നു.
“അധികം ഒച്ചവരാതെ കാര്യങ്ങൾ ചെയ്തോണം,വീട്ടിലുള്ളവർ ആരും അറിയരുത്. വീടിന്റെ പുറകിലുള്ള ഔട്ട്ഹൗസിൽ അവന്മാരുണ്ട്, ഇപ്പോൾ കുടിയും ചീട്ടു കളിയും കഴിഞ്ഞു കിടന്നു കാണും. ഒന്നങ്ങാൻ അനുവദിക്കരുത്, പുറത്തു എവിടെയെങ്കിലും കൊണ്ടിട്ട് പെരുമാറിയാൽ മതി “
ടോമിച്ചൻ പറഞ്ഞു.
ടോമിച്ചന്റെ പുറകെ കണ്ണനും കൂടെ വന്നവരും വീടിന്റെ പുറകിലുള്ള ഔട്ട്ഹൗസിനു നേരെ നടന്നു.
അടഞ്ഞു കിടന്ന ഔട്ട്ഹൗസിന്റെ വാതിലിൽ ടോമിച്ചൻ മെല്ലെ തട്ടി.ഒന്ന് രണ്ടു പ്രാവിശ്യം തട്ടിയപ്പോൾ പ്രതികരണം ഉണ്ടായി.
“യാരത്…”അകത്ത് നിന്നും ആരോ വിളിച്ചു കൊണ്ടു കതകിനു നേരെ വരുന്ന ശബ്‌ദം.
കണ്ണനും കൂട്ടരും ജാഗരൂഗരായി.
കതകു തുറക്കപ്പെട്ടതും പുറത്തുനിന്നവർ അകത്തേക്ക് ഇരച്ചു കയറിയതും ഒരുമിച്ചായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അഞ്ചു തമിഴന്മാരുടെയും കയ്യും കാലും കൂട്ടി കെട്ടി വായിൽ തുണിയും കുത്തി കേറ്റി എടുത്തു തോളിലിട്ടുകൊണ്ട് കണ്ണനും കൂട്ടരും പുറത്തേക്കു വന്നു.
“ടോമിച്ചാ, ഓപ്പറേഷൻ സക്സസ്, ഇവന്മാരുടെ ശല്യം ഇനി ഉണ്ടാകാതില്ല, ആ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം “
പേട്ടകണ്ണനും കൂട്ടരും തമിഴന്മാരെയും കൊണ്ടു ഗേറ്റ് കടന്നു ജീപ്പുകളിൽ കയറി പോകുന്നതും നോക്കി ടോമിച്ചൻ മുറ്റത്തു നിന്നു.
ഒരു ബീഡിയും കത്തിച്ചു വലിച്ചു കൊണ്ടു തിരിഞ്ഞു അകത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് അത് കണ്ടത്.
വാതിൽക്കൽ ഒരു നിഴലനക്കം!!
ആളടുത്തു വന്നപ്പോൾ ആണ് ജെസ്സി ആണെന്ന് മനസ്സിലായത്.
“എന്താ ഇവിടെ ഇറങ്ങി വന്നു നിൽക്കുന്നത്, ഉറക്കം വന്നില്ലേ, മുറിയിൽ വന്നു നോക്കിയപ്പോൾ കണ്ടില്ല, അങ്ങനെ അന്വേഷിച്ചു വന്നതാ “
ജെസ്സി ടോമിച്ചനെ നോക്കി.
“സ്ഥലം മാറി കിടന്നിട്ട, ഒറക്കം വന്നില്ല, അതുകൊണ്ട് ഇവിടെ ഇറങ്ങി നിന്നതാ “
ടോമിച്ചൻ പറഞ്ഞു കൊണ്ടു ബീഡി വലിച്ചു പുക പുറത്തേക്കു ഊതി വിട്ടു.
“ഔട്ട്ഹൗസിൽ ഉണ്ടായിരുന്ന തമിഴന്മാരെ ചുരുട്ടിമടക്കി എങ്ങോട്ടാ അവർ കൊണ്ടുപോയത്, കൊലക്കുറ്റത്തിന് ജയിലിൽ പോകേണ്ടി വരുമോ “
ജെസ്സിയുടെ ചോദ്യം കേട്ട് ടോമിച്ചൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.
“നീ പോകണ്ട , പോകേണ്ടിവന്നാൽ ഞാൻ പൊക്കോളാം, നീ പോയി കിടന്നു ഉറങ്ങാൻ നോക്ക് “
ടോമിച്ചൻ കയ്യിലിരുന്ന ബീഡികുറ്റി ദൂരേക്ക് എറിഞ്ഞു കളഞ്ഞു.
“എനിക്കും കിടന്നിട്ടു ഉറക്കം വരുന്നില്ല, കണ്ണടച്ചാൽ ദുസ്വപ്നങ്ങളാ, നിങ്ങളെ ഷണ്മുഖത്തിന്റെ ആളുകൾ ആക്രമിക്കുന്നതാ കാണുന്നത്, കുട്ടിക്കാനത് എത്ര സതോഷത്തോടെ കഴിഞ്ഞതാ, സമാധാനത്തോടെ ഉറങ്ങിയിരുന്നതാ , ഇവിടെ വന്നു അതും പോയി “… ജെസ്സി ദുഃഖത്തോടെ പറഞ്ഞു.
“അതിന് ഷണ്മുഖത്തിന്റെ ആളുകൾ എന്നെ ആക്രമിക്കുന്നതിനു നിന്റെ ഉറക്കം എങ്ങനെയാ പോകുന്നത് “
ടോമിച്ചൻ ജെസ്സിയെ നോക്കി.
“നിങ്ങളെ ആക്രമിച്ചാലും എന്നെ ആക്രമിച്ചാലും എനിക്കൊരുപോലെ നോവും, അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകാതില്ല, ഒരു പെണ്ണ് മനസുതുറന്നു സ്നേഹത്തിനു വേണ്ടി കൊതിച്ചു നിൽക്കുമ്പോൾ അത് മനസിലാകണമെങ്കിൽ ഒരു നല്ല മനസ്സുവേണം, മനസ്സാക്ഷി വേണം, ഒരു പെണ്ണിന്റെ മനസ്സ് വായിക്കാനുള്ള കഴിവ് വേണം “
ജെസ്സി ഭിത്തിയിൽ ചാരി നിന്നു.
“,നിന്റെ തലക്കകത്തെ ഒരു സ്ക്രൂ ഇളകി ഇരിക്കുകയാ, നല്ല ഉറക്കം കിട്ടാത്തതിന്റെ കുഴപ്പമാ, നന്നായിട്ടു ഒന്നുറങ്ങി എഴുനേൽക്കുമ്പോൾ ശരിയായിക്കൊള്ളും “ടോമിച്ചൻ പറഞ്ഞിട്ട് വരാന്തയിൽ ഇരുന്നു.
“ഞാൻ പോയേക്കാം,ജീവിതം ഭൂമിയിൽ ഒന്നേ ഉള്ളു, ഇഷ്ടപെട്ടവന്റെ കൂടെ കഴിയുമ്പോഴാ ഒരു പെണ്ണിന് മനസ് നിറഞ്ഞ ഒരു ജീവിതം കിട്ടുന്നത്, അവളുടെ സ്വപനങ്ങൾക്ക് ചിറകു മുളക്കുന്നത്, അവന്റെ തണലിൽ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുമ്പോഴാ ജീവിതം അര്ഥപൂർണമായി മാറുന്നത്.ഇതൊക്കെ മനസ്സിലാക്കാനുള്ള ഹൃദയം നിങ്ങൾക്കുണ്ടോ മനുഷ്യ, ഇടിയും തൊഴിയും നടത്താൻ പോകുന്നതിന്റെ പത്തിലൊന്നു കഴിവ് മതി ഞാൻ പറഞ്ഞത് മനസിലാക്കാൻ “
പറഞ്ഞിട്ട് ജെസ്സി അകത്തേക്ക് പോയി.
കുറച്ച് നേരം മുറ്റത്തുകൂടി നടന്നിട്ടു ടോമിച്ചൻ തിരിഞ്ഞു വീട്ടിനുള്ളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അത് കണ്ടത്.
വീടിന്റെ മുകൾ നിലയിലെ ബാൽകണിയിൽ തന്നെയും നോക്കി കറുത്ത ഒരാൾരൂപം നിൽക്കുന്നു!!!
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission