Skip to content

കൊലക്കൊമ്പൻ – 11

kolakomban

ടോമിച്ചൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.

അതേ…ബാൽകണിയിൽ ഒരാൾരൂപം  തന്നെ നോക്കികൊണ്ട്‌ നിൽക്കുന്നു. അധികം വെളിച്ചമില്ലാത്തതിനാൽ മുഖം വ്യെക്തമല്ല. മാത്രമല്ല ആ രൂപം  തലമൂടിയ, മുഖം മാത്രം കാണാവുന്ന രീതിയിൽ ഉള്ള വസ്ത്രം ആണ് ധരിച്ചിരിക്കുന്നത്.താൻ  അങ്ങോട്ട്‌ നോക്കിയിട്ടും  അനങ്ങാതെ നിൽക്കുകയാണ്.

അപകടം മണത്ത ടോമിച്ചൻ വീട്ടിനുള്ളിലേക്ക് കുതിച്ചു.

അകത്തുകേറി മുൻവാതിൽ അടച്ചു കുറ്റിയിട്ടു. നേരെ ജെസിയും ശോശാമ്മയും കിടക്കുന്ന മുറിക്കു നേരെ ശ്രെദ്ധയോടെ  നടന്നു.മുറിക്കു മുൻപിൽ എത്തിയ ടോമിച്ചൻ അടഞ്ഞ വാതിൽ തള്ളി നോക്കി.

അകത്ത് നിന്നും കുറ്റി ഇട്ടിട്ടുണ്ടെന്നു ബോധ്യമായി.

ഹാളിലെ സീറോ വാട്ട് ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ മേശമേൽ വച്ചിരുന്ന ടോർച്ചു എടുത്തു മുകളിലേക്കുള്ള സ്റ്റൈർകേസ്‌ കയറി മുകൾ  നിലയിലെത്തി പതുക്കെ ബാൽകണിക്കു നേരെ നടന്നു.ഹാളിൽ നിന്നും ബാൽകണിയിലേക്കിറങ്ങാനുള്ള  വാതിലിനടുത്തെത്തി.

വാതിൽ അകത്ത് നിന്നും പൂട്ടിയിരിക്കുകയാണ്. മെല്ലെ കൊളുത്തെടുത്തു ബാൽകണിയിലേക്ക് ചാടിയിറങ്ങിയ ടോമിച്ചൻ ചുറ്റും ടോർച്ചടിച്ചു.

എന്നാൽ ബാൽകണിയിൽ ആരും ഉണ്ടായിരുന്നില്ല!

ആ രൂപം നിന്ന സ്ഥലതേക്കും  അവിടെനിന്നും താൻ നിന്ന മുറ്റത്തേക്കും ടോർച്ചു തെളിച്ചു നോക്കി. പക്ഷെ അവിടെ അങ്ങനെ ഒരാൾ നിന്നതിന്റെ ഒരു ലക്ഷണവും അവിടെ കണ്ടില്ല.

ടോമിച്ചൻ തിരിച്ചു റൂമിൽ കയറി വാതിലടച്ചു.

ഇനി ഒരുപക്ഷെ ജോർജി ആയിരിക്കുമോ?

റോയി എഴുനേൽക്കാൻ വയ്യാതെ കിടക്കുമ്പോൾ അയാൾക്ക്‌ ഇവിടെ വന്നുനിൽക്കാൻ കഴിയില്ല.

ജോർജിയും റോയിയും കിടക്കുന്ന മുറിയുടെ അടുത്തെത്തിയ ടോമിച്ചൻ ഗ്ലാസിട്ട ജനാലയുടെ വിടവിലൂടെ അകത്തേക്ക് നോക്കി രണ്ടു പേരും ബെഡിൽ നല്ല ഉറക്കത്തിലാണ്. കുറച്ച് നേരം അവിടെ നിന്നു. ഇനി ജോർജി ആണെങ്കിൽ എഴുനേൽക്കുന്നുണ്ടോ എന്നറിയാൻ.

അതിനുശേഷം ടോമിച്ചൻ തന്റെ മുറിയിലേക്ക് നടന്നു.

മുറിയുടെ കതകു ചാരി ഇട്ടിട്ടാണ് താൻ താഴേക്കു പോയത്.

അതുകൊണ്ട് തന്നെ കതകു തുറന്നു അകത്ത് കേറിയതും ലൈറ്റ് ഇട്ടതും മിന്നൽ വേഗത്തിലായിരുന്നു.

കട്ടിലിന്റെ അടിഭാഗത്തും ടോയ്‌ലറ്റിലും മറ്റും ടോമിച്ചൻ നോക്കി.

പിന്നെ കട്ടിലിൽ വന്നിരുന്ന്‌ ഒരു ബീഡി കത്തിച്ചു വലിച്ചു.

ആരായിരുന്നു അത്?

ഈ വീട്ടിൽ ആരോ ഉണ്ട്…

ഇനി തമിഴന്മാരിൽ ആരെങ്കിലും ഇവിടെ അവശേഷിച്ചിട്ടുണ്ടോ ? അതോ തങ്ങളിവിടെ എത്തിയ വിവരമറിഞ്ഞു ഷണ്മുഖം അയച്ച വല്ല വാടകകൊലയാളിയോ മറ്റോ ആണോ?

എങ്കിൽ അയാൾ ഈ വീടിന്റെ പരിസരത്ത് തന്നെ ഉണ്ട്. ജെസ്സിയെ  ഇല്ലാതാക്കുവാൻ തക്കം പാർത്തു ആരോ ഒരാൾ? അല്ലെങ്കിൽ വല്ല പ്രേതമോ മറ്റോ ആണോ? ഈ നൂറ്റാണ്ടിൽ പ്രേതങ്ങൾ എവിടെ വരാൻ,വാസ്തുശാസ്ത്രം തെറ്റിച്ചു വീടുവച്ചാൽ ഇങ്ങനെയുള്ള അനർത്ഥങ്ങൾ കാണുമെന്നു പറയുന്നത് കേൾക്കാം.ഇനി അത് വല്ലതുമാണോ?

ടോമിച്ചന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. എന്തായാലും ഏതോ ഒരാപത്തു മണക്കുന്നുണ്ട്. സൂക്ഷിക്കണം.

വാതിലടച്ചു കിടന്നു എങ്കിലും ടോമിച്ചന് ഉറക്കം വന്നില്ല,പിന്നെ  എഴുനേറ്റു താഴെ ഹാളിലെ സെറ്റിയിൽ പോയിരുന്നു.

നേരം വെളുക്കുവോളം അവിടെയിരുന്നു. പുലർച്ചെ ജെസ്സി എഴുനേറ്റു മുറിക്കു പുറത്തു വരുമ്പോൾ ടോമിച്ചൻ സോഫയിലിരിക്കുന്നത് കണ്ടു അങ്ങോട്ട്‌ ചെന്നു.

“ഇതെന്താ രാത്രി മുഴുവൻ ഇവിടെ ആയിരുന്നോ, ഉറക്കമൊന്നുമില്ലേ? മൂങ്ങ ആണോ “?

ജെസ്സിയുടെ ചോദ്യം കേട്ട് ടോമിച്ചൻ തലതിരിച്ചു നോക്കി.

“ങ്ങാ, ഇവിടെയാ കിടന്നതു, മുറിക്കുള്ളിൽ കിടന്നിട്ടു ഉറക്കം വന്നില്ല.ഈ വീട്ടിൽ വല്ല പ്രേതബാധ ഉള്ളതാണോ, “?

ടോമിച്ചന്റെ ചോദ്യം കേട്ട് ജെസ്സി അമ്പരപ്പോടെ നോക്കി.

“ഇവിടെ പ്രേതമോ? ലൈസിആന്റി എന്ന വടയക്ഷിയും റോയി, ജോർജി എന്ന് പേരുകളുള്ള രണ്ടു പ്രേതങ്ങളും അല്ലാതെ ഇന്നേ വരെ   വേറെ ഈ വീട്ടിൽ പ്രേതങ്ങളൊന്നുമില്ല.. അതെന്താ അങ്ങനെ ചോദിച്ചത്,”

ജെസ്സി ചോദ്യഭാവത്തിൽ ടോമിച്ചനെ നോക്കി.

“ഒന്നുമില്ല, വെറുതെ ചോദിച്ചതാ “

ടോമിച്ചൻ എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു.

ജെസ്സി അടുക്കളയിലേക്ക് പോയി, കുറച്ച് കഴിഞ്ഞു ടോമിച്ചനുള്ള കാപ്പിയുമായി വന്നു.

“ഈ വീടിന്റെ മുകൾ നിലയിലേക്ക് പോകാൻ വീടിന്റെ ഉള്ളിൽ കൂടി അല്ലാതെ പുറത്തു കൂടി വഴികൾ  വല്ലതും ഉണ്ടോ “?

ടോമിച്ചൻ ജെസ്സിയെ നോക്കി.

“ഇല്ല, വീടിനുള്ളിൽ ഉള്ള സ്റ്റൈയർകേസ്‌ മാത്രമേ ഉള്ളു, എന്ത് പറ്റി? വീടിന്റെ അകത്ത് നേരെ ചൊവ്വേ ഒരു വഴി ഉള്ളപ്പോൾ വീടിന്റെ വെളിയിൽ കൂടി വഴിയില്ലാത്ത സ്ഥലത്തുകൂടി വലിഞ്ഞു കേറാൻ വേണ്ടിയാണോ ചോദിച്ചത്. അതോ നിങ്ങൾ ഇടിയും തൊഴിയും നിർത്തി ഡിക്ടറ്റീവ് ജോലി തുടങ്ങിയോ “?

ജെസ്സി സംശയത്തോടെ ടോമിച്ചനെ നോക്കി.

“വേണ്ടി വരും, പിന്നെ കുറച്ച് കഴിയുമ്പോൾ വക്കീല് വരും, സ്ഥലത്തിന്റെയും ഫാക്റ്ററിയുടേയുമൊക്കെ രേഖകള് എല്ലാം എടുത്തു വച്ചോ, രജിസ്ട്രാർ ഓഫീസിലും, വില്ലേജ് ഓഫീസിലും പോകാനുള്ളതാ “

ടോമിച്ചൻ പറഞ്ഞിട്ട് എഴുനേറ്റ് മുകളിലേക്കു നടന്നു.

നേരെ ബാൽകണിയിൽ പോയി നിന്നു. അവിടെ നിന്നും ചുറ്റും നോക്കി. മുറ്റത്തിന്റെ കോണിൽ നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ശിഖരം ബാൽകണിയിലേക്ക് ചാഞ്ഞു കിടപ്പുണ്ട്. ഒരാൾക്ക് വേണമെങ്കിൽ മാവിലൂടെ കയറി ബാൽകാണിയിലെത്താം.പിന്നെ ഉള്ളത് മുകളിലേക്കുള്ള പൈപ്പ് കണക്ഷൻ ആണ്, അതിലൂടെ പിടിച്ചു കയറിയും ബാൽകണിയിൽ എത്താം. താൻ മുറ്റത്തുനിന്നും മുകളിൽ എത്തുന്ന സമയം കൊണ്ടു രക്ഷപെട്ടിട്ടുണ്ടെങ്കിൽ അയാൾക്ക്‌ ഇവിടം അത്രയും പരിചയമുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. സൂക്ഷിക്കണം, അയാൾ ഈ പരിസരത്ത് തന്നെ ഉണ്ടാകും….

മനസ്സ് ആകെ അസ്വസ്ഥമായിരിക്കുന്നതുപോലെ തോന്നി ടോമിച്ചന്.

ആരായാലും നേർക്കു നേരെ വന്നാൽ നേരിടാം. പക്ഷെ ഇരുട്ടടി ആണ് ഉദേശമെങ്കിൽ എങ്ങനെ നേരിടും?

കുറച്ച് നേരം ആലോചിച്ചു നിന്ന  ശേഷം

ടോമിച്ചൻ മുറിയിൽ പോയി കുളിച്ചു. താൻ കൊണ്ടുവന്ന ഷർട്ടും മുണ്ടും ധരിക്കാൻ തുടങ്ങിയപ്പോൾ ജെസ്സി കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി  മുറിയിലേക്ക് വന്നു.

“ആണുങ്ങൾ വേഷം മാറുന്നിടത്തേക്കാണോ പെണ്ണുങ്ങൾ ഓടിവന്നു കയറുന്നത് “

ടോമിച്ചൻ മുണ്ടുടുത്തു കൊണ്ടു ചോദിച്ചു.

“ഓഹോ, നടന്നുപോകുന്ന വഴിയിൽ പട്ടി കാലുപൊക്കി മൂത്രമൊഴിക്കുന്നപോലെ പരിസരബോധം ഇല്ലാതെ ഒന്നും രണ്ടും  ചെയ്യുന്ന ആണുങ്ങൾക്കാണോ  നാണം.”

ജെസ്സി ചോദിച്ചു കൊണ്ടു കയ്യിലെ പ്ലാസ്റ്റിക് കവർ ടോമിച്ചന് നേരെ നീട്ടി.

“ഇത് ഇന്നലെ കുമളിയിൽ നിന്നും വാങ്ങിച്ചതാ, ജൂബയും മുണ്ടും.. അച്ചായന്മാർക്ക് പറ്റിയ വേഷമാ ഇത്. ഇന്ന് ഇത് ധരിച്ചാൽ മതി. വേഷം മാറ്റി ധരിക്കുമ്പോൾ സ്വഭാവവും മാറി വരും. പിന്നെ വക്കീൽ താഴെ വന്നിട്ടുണ്ട്, ഡോക്യൂമെന്റസ് എല്ലാം എടുത്തു പരിശോധിച്ചോണ്ടിരിക്കുവാ, ഞാൻ പോയി പെട്ടന്ന് ഒരുങ്ങി വരാം “

പറഞ്ഞിട്ട് ജെസ്സി പുറത്തേക്കു പോയി.

ടോമിച്ചൻ ഡ്രസ്സ്‌ മാറി താഴെക്കിറങ്ങി വരുമ്പോൾ വക്കീൽ ഡോക്യുമെന്റ്സ് എല്ലാം പരിശോധിച്ച് ഫയലാക്കി വച്ചിരുന്നു.ശോശാമ്മ കൊണ്ടു കൊടുത്ത ചായ കുടിക്കുകയാണ്.ടോമിച്ചനെ കണ്ടു വക്കീൽ സുധാകരകൈമെൾ അമ്പരപ്പോടെ നോക്കി.ശോശാമ്മക്കും ആ വേഷത്തിൽ ടോമിച്ചനെ കണ്ടപ്പോൾ സന്തോഷം അടക്കാനായില്ല.

“ടോമിച്ചൻ ആളങ്ങോട്ട് മാറി പോയല്ലോ? നസ്രാണി സിനിമയിൽ മമ്മൂട്ടി വരുന്ന പോലെയുണ്ട്. ഈ ജൂബയും മുണ്ടും ടോമിച്ചന് നന്നായി ചേരും “

അത് കേട്ട് ടോമിച്ഛനൊന്നു ചിരിച്ചു.

“അപ്പോൾ വീടിന്റെയും ഫാക്റ്ററിയുടെയും രേഖകളിൽ കുഴപ്പമൊന്നുമില്ലല്ലോ, അല്ലേ വക്കീൽ സാറെ “

ടോമിച്ചൻ ചോദിച്ചു.

“പ്രത്യക്ഷത്തിൽ ഒന്നും കാണുന്നില്ല, ബാക്കി അവിടെ ചെന്നു നോക്കാം “

സുധാകരകൈമെൾ  സോഫയിൽ നിന്നും എഴുനേറ്റു.

“ടോമിച്ചാ, ജെസ്സിയെ കൂട്ടി ഒരു പത്തര ആകുമ്പോൾ വില്ലേജ് ആഫിസിൽ എത്തിയേക്കു, ഞാനവിടെ കണ്ടേക്കാം “

വക്കീൽ പോയി കഴിഞ്ഞു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരുങ്ങി കാറിന്റെ താക്കോൽ കയ്യിലിട്ട് കറക്കി കൊണ്ടു മുകൾ നിലയിൽ നിന്നും  ജോർജി താഴേക്കു വന്നു.പോർച്ചിൽ കിടന്ന ബി എം ഡബ്ല്യൂ കാറിന്റെ അടുത്ത് വന്നു , ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടു നിന്നു.

ലോറിയിൽ ചാരി നിന്നു ഒരു ബീഡി വലിക്കുകയായിരുന്ന  ടോമിച്ചൻ മെല്ലെ ജോർജിയുടെ അടുത്തേക്ക് ചെന്നു. ടോമിച്ചനെ കണ്ടു ജോർജി പെട്ടന്ന് ഫോണിൽ സംസാരിക്കുന്നത് നിർത്തി ചോദ്യഭാവത്തിൽ നോക്കി.

“നിന്നോടൊരു കാര്യം ചോദിക്കാനാ വന്നത്, ഇന്നലെ നീയെന്തിനാ വേഷം മാറി രാത്രി ബാൽകണിയിൽ വന്നു നിന്ന് എന്നെ പേടിപ്പിക്കാൻ നോക്കിയത്, ങേ “

ടോമിച്ചന്റെ ചോദ്യം കേട്ട് നെറ്റി ചുളിച്ചു നോക്കി ജോർജി.

“വേഷം മാറി ബാൽകണിയിൽ രാത്രി വന്നു നിന്നെന്നോ, എനിക്കെന്താ വട്ടുണ്ടോ “?

“അതാ നിന്നോട് ഞാനും ചോദിച്ചത്, അത് നീ അല്ലെങ്കിൽ പിന്നെ ആരാ, “

ടോമിച്ചൻ ജോർജിയെ സൂക്ഷിച്ചു നോക്കി.

“അതെനിക്കെങ്ങനെ അറിയാം, നിങ്ങൾ വല്ല സ്വപ്നവും കണ്ടതാകും. ഞാൻ ഉറങ്ങാൻ കിടന്നിട്ടു രാവിലെയാ എഴുന്നേറ്റത്.”

ജോർജി പറഞ്ഞു.

“അതോ നീയും നിന്റെ തള്ളയും കൂടി എനിക്കെതിരെ ആരെയെങ്കിലും ഇരുട്ടടിക്ക് ഇറക്കിയതാണോ “

ടോമിച്ചൻ സംശയത്തോടെ ജോർജിയെ തറപ്പിച്ചു നോക്കി.

“ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ല, കുടിച്ചു ബോധമില്ലാതെ മുകളിലേക്കു നോക്കിയപ്പോൾ ആരെങ്കിലും നിൽക്കുന്നതായി തോന്നിയതായിരിക്കും, നാട്ടിൽ കല്യാണമോ മന്ത്രവാദമോ നടന്നാൽ കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്നു പറഞ്ഞപോലെ ആണല്ലോ കർത്താവെ “,

ജോർജി രസികാത്ത രീതിയിൽ പറഞ്ഞു.

“അത് പോട്ടെ, ഈ ബി എം ഡബ്ല്യൂ കാറ് കമ്പനി വക ആണോ “

ടോമിച്ചൻ കാറിന്റെ ചുറ്റും നടന്നുനോക്കിയിട്ടു ചോദിച്ചു.

“ങ്ങാ അതേ, കമ്പനി വകയാ, ഇതൊക്കെ താൻ എന്തിനാ അറിയുന്നത്.” ജോർജി അനിഷ്ടത്തോടെ ടോമിച്ചനെ നോക്കി.

“ങ്ങാ അതൊക്കെയുണ്ട്, പിന്നെ നിനക്കെന്താ കമ്പനിയിലെ ചാർജ് “

ടോമിച്ചൻ ജൂബയുടെ ബട്ടൻസ് ഇട്ടുകൊണ്ട് ചോദിച്ചു.

“ഞാൻ ഡയറക്ടറാണ്, എന്ത് വേണം “?

ജോർജി ടോമിച്ചനെ നോക്കി.

“നിന്നോടാരു പറഞ്ഞു നീ ഡയറക്ടർ ആണെന്ന്, ജെസ്സി പറഞ്ഞോ,ഉടമസ്ഥ അറിയാതെ നീയും നിന്റെ അമ്മയും സ്വയം അങ്ങ് തീരുമാനിച്ചോ ഡയറക്ടർ ആണെന്ന്, ങേ “

ടോമിച്ചൻ പല്ലിറുമി.

“അത് ബോധിപ്പിക്കേണ്ടവരെ ബോധിപ്പിച്ചോളാം, താനിതിൽ എടപെടേണ്ട കാര്യമില്ല.”

ജോർജിയുടെ ദാർഷ്ട്യത്തിന് മറുപടി എന്നോണം ടോമിച്ചൻ ഒന്ന് ചിരിച്ചു.

“നിന്റെ കയ്യൊന്നു കാണിച്ചേ, ഹസ്തരേഖ ശാസ്ത്രം പറയാം ഞാൻ, എന്ന് വച്ചാൽ നിന്റെ ഭാവി “

ടോമിച്ചൻ  പറഞ്ഞിട്ട്  കാറിന്റെ താക്കോൽ പിടിച്ചിരുന്ന  ജോർജിയുടെ  കയ്യിൽ പിടിച്ചു ഒരു തിരി തിരിച്ചു.

ജോർജി വേദനകൊണ്ട് പുളഞ്ഞു പോയി.താക്കോൽ ടോമിച്ചന്റെ കയ്യിലായി.

“ഇന്ന് ജെസ്സിക്ക് ആരെയൊക്കെയോ കാണാൻ പോകണം. പുലിമാക്കിൽ ടീ എക്സ്പോർട്ടിങ് കമ്പനിയുടെ ഉടമസ്ഥ ലോറിയിലും ഓട്ടോയിലുമൊക്കെ പോകുന്നത് നാണക്കേടല്ലേ. അത് കൊണ്ടു ഇന്ന് മുതൽ ജെസ്സിയാണ് ഇതിന്റെ ഉടമസ്ഥ. ഇപ്പോൾ മനസ്സിലായോ ഞാനെന്തിനാ ഇതൊക്കെ അറിയുന്നതെന്ന് “

ടോമിച്ചൻ ജോർജിയെ നോക്കി ചിരിച്ചു.

“ഇത് ശുദ്ധ പോക്രിത്തരം ആണ്. ഞാനും മമ്മിയും ഓഫീസിൽ പോകുന്ന കാറാണ്‌ ഇത്.”

ജോർജി അമർഷം പൂണ്ടു.

“അപ്പോൾ നീയൊക്കെ കാണിച്ചത് എന്ത് തരമാ, ചെറ്റത്തരമോ? ആ പെങ്കൊച്ചിന്റെ ബാങ്കിൽ കിടന്ന കാശു മൊത്തം നിന്റെ മമ്മിയും ഷണ്മുഖം എന്ന തന്തകഴുവേറിയും കൂടി അടിച്ചു മാറ്റിയില്ലേ, അതും പോരാഞ്ഞിട്ട് സ്വത്തുക്കൾ എഴുതി വാങ്ങി അവളെ കൊല്ലാൻ വരെ നോക്കിയില്ലേ? അതൊക്കെ എന്ത് തരമാ? തന്തയില്ല തരം, അതല്ലേ , അടിച്ചു മാറ്റിയ കാശു മുഴുവൻ പലിശ സഹിതം എടുത്തോടത്തു കൊണ്ടു ഇട്ടോണം, ഇല്ലെങ്കിൽ അമ്മയുടെയും മക്കളുടെയും പൊടി പോലും വച്ചേക്കത്തില്ല. ഇന്ന് നീയും നിന്റെ മമ്മിയും വല്ല ഓട്ടോയിലോ ടാക്സി കാറിലോ പോയാൽ മതി, മനസ്സിലായോ, നിന്റെയൊക്കെ കേറിയിരുന്നു  നിരങ്ങാനുള്ളതല്ല പുലിമാക്കിൽ കാരുടെ കമ്പനി വക കാറ് “

ടോമിച്ചൻ പറഞ്ഞു കൊണ്ടു നിൽക്കുമ്പോൾ ജെസ്സി ഒരുങ്ങി ഇറങ്ങി വന്നു.

“അമ്മച്ചി… ഞങ്ങള് പോയിട്ട് വരാം “

അടുക്കളയിൽ നിൽക്കുന്ന ശോശാമ്മയോട് വിളിച്ചു പറഞ്ഞിട്ട് ജെസ്സി  പുറത്തേക്കു വന്നു.

ജെസി പതിവിലും സുന്ദരി ആയതുപോലെ തോന്നി ടോമിച്ചന്..

ജെസ്സിയും ടോമിച്ചനെ ഒന്ന് നോക്കി. ഒരു സിനിമ നടനെപോലെ ഉണ്ട് ടോമിച്ചനെ കണ്ടാലിപ്പോൾ എന്നവൾക്ക് തോന്നി.

“ഈ കാറിലോട്ട് കേറിക്കോ, നിന്റെ കാശു കൊണ്ടു മേടിച്ച കമ്പനി കാറാ, ഇവനും തള്ളയും വല്ല ഓട്ടോയിലോ കാളവണ്ടിയിലോ  പൊക്കോളും ‘”

ടോമിച്ചൻ പറഞ്ഞത് കേട്ട് ജെസ്സി മുൻവശത്തെ ഡോർ തുറന്നു കേറി. ടോമിച്ചൻ കാറിൽ കേറി, കാർ പുറത്തേക്കു നീങ്ങി.

അണിഞ്ഞൊരുങ്ങി പുറത്തേക്കു വന്ന ലൈസി ഒന്നും മനസിലാകാതെ ജോർജിയെ നോക്കി. ജോർജി പറഞ്ഞത് കേട്ട് ലൈസിയുടെ മുഖത്തു രോക്ഷം ഇരച്ചു കയറി.

“അവന്റെയും അവളുടെയും കുന്തളിപ്പ്  ഇന്നത്തെകൊണ്ട് തീർത്തിട്ടെ ബാക്കി കാര്യമുള്ളൂ “

ലൈസി മുരണ്ടു കൊണ്ടു ഫോണെടുത്തു ആരെയോ വിളിച്ചു നിർദേശങ്ങൾ കൊടുത്തു.

വക്കച്ചൻ മോളികുട്ടിയെ വിളിച്ചു ഒരു ചായക്ക്‌ പറഞ്ഞിട്ട്  സോഫയിൽ ഇരുന്നു പത്രം വായിച്ചു കൊണ്ടിരുന്നു.അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കയ്യിൽ ചായയുമായി സെലിൻ വർക്കിച്ചന്റെ അടുത്തേക്ക് വന്നു.

“ഡാഡി ദാ ചായ “

സെലിൻ നീട്ടിയ ചായ ഗ്ലാസ്‌ വക്കച്ചൻ മേടിച്ചു ചുണ്ടോടു ചേർത്തു.

“ഇത് മോളുണ്ടാക്കിയ ചായ ആണോ, നല്ല ടേസ്റ്റ് ഉണ്ട്. അമ്മച്ചി എന്തിയെ  “

വക്കച്ചൻ സെലിനെ നോക്കി.

“അമ്മച്ചി മീൻ വെട്ടുകയാ ഡാഡി, അതുകൊണ്ടാ ചായയുമായി ഞാൻ വന്നത് “

വക്കച്ചന് സെലിൻ ഇപ്പോൾ സ്വൊന്തം മകളെ പോലെയാണ്. തന്റെ ശത്രുവിന്റെ മകളാണ് എന്നതിലുപരി തന്റെ മകൻ റോണിയുടെ ഭാര്യയാണ് സെലിൻ എന്നതിനാണ് വക്കച്ചൻ പ്രാധാന്യം കൊടുത്തത്. മോളികുട്ടിയും അങ്ങനെ തന്നെ. മെറിനും  സെലിനെ ഭയങ്കര ഇഷ്ടമാണ്. അവൾ എന്ത് കാര്യവും ആദ്യം ഷെയർ ചെയ്യുന്നത് സെലിന്റെ അടുത്താണ്.

“റോണി കൂപ്പിലേക്കു പോയോ?”

വക്കച്ചൻ സെലിനോട് ചോദിച്ചു.

“പോകാൻ റെഡിയാകുന്നു ഡാഡി, ഇപ്പോൾ ജോലിക്ക് പോകാൻ നല്ല ഉത്സാഹമാ, പഴയ പോലെ അല്ല, ഉത്തരവാദിത്തമൊക്കെ വന്നിട്ടുണ്ട് “

സെലിൻ പറഞ്ഞത് കേട്ട് വക്കച്ചൻ തലകുലുക്കി.

“മോള് വന്നതിൽ  പിന്നെയാ ഈ മാറ്റം അവന്, ഇതുപോലെ അവനെ മുൻപോട്ടു കൊണ്ടു പൊക്കോണം… പിന്നെ വീട്ടീന്ന് ആരെങ്കിലും വിളിച്ചാൽ ഇങ്ങോട്ടേക്കൊക്കെ വരാൻ പറ, ഇവിടെയാർക്കും കാർലോസ്സിനോടോ കുടുംബത്തോടൊ ശത്രുത ഒന്നുമില്ലന്ന് പറഞ്ഞേക്ക്, ഇപ്പൊ ബന്ധുക്കാരായില്ലയോ, “

വക്കച്ചൻ പറഞ്ഞു കൊണ്ടു ഗ്ലാസ്‌ സെലിന്റെ കയ്യിൽ കൊടുത്തു.

“ഇന്നലെ അമ്മച്ചി വിളിച്ചായിരുന്നു,അമ്മച്ചിക്ക് ഇങ്ങോട്ട് വന്നു എന്നെ കാണണം എന്നുണ്ട്. പക്ഷെ പപ്പയും  ഇച്ചായന്മാരും ഇപ്പോഴും കലിപ്പിലാണ്. അതുകൊണ്ടാ അമ്മച്ചിപോലും വരാത്തത് “

അത് പറയുമ്പോൾ സെലിന്റെ മുഖത്തു നിഴലിച്ച ദുഃഖഭാവം കണ്ടു വക്കച്ചൻ പറഞ്ഞു.

“മോള് സങ്കടപെടണ്ട, കുറച്ച് ദിവസം കഴിയുമ്പോൾ പിണക്കമൊക്കെ മാറിക്കൊള്ളും “

“അത് തന്നെയാ ഡാഡി എന്റെ പ്രതീക്ഷയും “

സെലിൻ ഗ്ലാസുമായി അടുക്കളയിലേക്ക് പോയി.

കുറച്ച് കഴിഞ്ഞപ്പോൾ റോണി കൂപ്പിലേക്കു പോകാൻ തയ്യാറായി ഹാളിലേക്ക് വന്നു.

“ഡാഡി, മറയൂരിൽ നിന്നും ഇന്ന് അഞ്ചു ലോഡ് തേക്ക്  വരുന്നുണ്ട്, കൂടാതെ രണ്ടു ലോഡ് പെരുമ്പാവൂർക്കു കൊണ്ടുപോകുന്നുമുണ്ട്, ടോമിച്ചായൻ ഇല്ലാത്തതിന്റെ ഒരു കുറവുണ്ട് “

റോണി വക്കച്ചനോട് പറഞ്ഞു.

“കൊണ്ടു വരുന്നതിന്റെയും കൊണ്ടുപോകുന്നതിന്റെയും കണക്കും കാര്യങ്ങളുമൊക്കെ കൃത്യമായി നോക്കിക്കോണം, കൂടെ പണിക്കാരുടെ കാര്യങ്ങളും. നല്ലവരുമുണ്ട്, തരംകിട്ടിയാൽ പറ്റിക്കാൻ നോക്കുന്നവരും ഉണ്ട്  “

വക്കച്ചൻ മുന്നറിയിപ്പ് കൊടുത്തു.

രജിസ്ട്രാർ ഓഫീസിലും, വില്ലേജ് ഓഫീസിലും കയറി പോകുവരവ് ഡോക്യൂമെന്റ്സുകൾ പരിശോധിച്ച് സ്വത്തുക്കൾ ജെസ്സിയുടെ പേരിലേക്ക് മാറ്റാനുള്ള കാര്യങ്ങൾ പൂർത്തിയാക്കിയപ്പോൾ മണി രണ്ടര കഴിഞ്ഞു. ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു,വക്കീൽ സുധാകരകൈമെൾ യാത്ര പറഞ്ഞു  പോയി കഴിഞ്ഞപ്പോൾ ജെസ്സി ടോമിച്ചനോട് പറഞ്ഞു.

“നമുക്ക് പോകുന്ന വഴി ഇടവക പള്ളിയിൽ ഒന്ന് കേറണം. പപ്പയുടെയും മമ്മിയുടെയും കല്ലറകളിൽ മെഴുകുതിരി കത്തിക്കണം. നിങ്ങളെയും അവർക്കു പരിചയപെടുത്തി കൊടുക്കകയും ചെയ്യാം.”

ടോമിച്ചൻ കാറ് പള്ളിയിലേക്ക് വിട്ടു.

പള്ളിയുടെ മുൻപിൽ കാർ നിർത്തി ടോമിച്ചനും ജെസ്സിയും ഇറങ്ങി സെമിതേരിയുടെ നേരെ നടക്കുമ്പോൾ എതിരെ വികാരി അച്ചൻ ജോസഫ് കുന്നുംപുറം വന്നു.ജെസ്സി അച്ചന് സ്തുതി പറഞ്ഞു.

“ജെസ്സിയെ കണ്ടിട്ട് കുറെ നാളായല്ലോ,ഇടക്ക് നീ എങ്ങോട്ടോ ഇറങ്ങി പോയെന്നും പറഞ്ഞു ആ ലൈസി എന്റെ അടുത്ത് വന്നിരുന്നു. പിന്നെ പറയുന്നത് കേട്ടു കുട്ടിക്കാനത് ആരുടെയോ വീട്ടിലുണ്ടെന്നു, എന്താ യഥാർത്ഥത്തിൽ അവിടെ സംഭവിക്കുന്നത് .”

ജെസ്സി നടന്ന കാര്യങ്ങൾ എല്ലാം അച്ചനോട് പറഞ്ഞു.

അത് കേട്ട് കഴിഞ്ഞപ്പോൾ അച്ചൻ ടോമിച്ചനെ നോക്കി.

“ടോമിച്ചാ, നിങ്ങളാണ് ഒരു യഥാർത്ഥ സത്യക്രിസ്ത്യാനി, ഏതായാലും ഇ പെങ്കൊച്ചിനെ സഹായിക്കാൻ തോന്നിയല്ലോ, വളരെ നല്ല കാര്യം. കർത്താവു അനുഗ്രഹിക്കട്ടെ “

അച്ചൻ മുൻപോട്ടു പോയി. ജെസ്സിയും ടോമിച്ചനും സെമിതേരിക്ക് നേരെയും നടന്നു.പപ്പയുടെയും മമ്മിയുടെയും കല്ലറക്ക് മുൻപിൽ നിൽക്കുമ്പോൾ ജെസ്സിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കല്ലറക്ക് ചുറ്റും ജെസ്സിയും ടോമിച്ചനും കൂടി മെഴുകുതിരികൾ കത്തിച്ചു.

“പപ്പാ,മമ്മി ഇ നിൽക്കുന്ന മനുഷ്യൻ, ടോമിച്ചൻ, ഉള്ളത് കൊണ്ടാ ഇ ജെസ്സി ഇന്ന് ജീവിച്ചിരിക്കുന്നത്, മാനം നഷ്ടപ്പെടാതെ രക്ഷിച്ച്,നഷ്ടപെട്ടന്ന് തോന്നിയതെല്ലാം തിരിച്ചു പിടിച്ചു തന്ന്  തണലായി നിൽക്കുന്നത് ഇദ്ദേഹമാ , എന്റെ ജീവിതത്തിൽ ഒരാളുണ്ടെങ്കിൽ അത് ഇയാൾ മതി. പപ്പയും മമ്മിയും എതിരൊന്നും പറയരുത്, ഈ മനുഷ്യന്റെ കൂടെ മാത്രമേ ഈ ജെസ്സിക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റു “

ജെസ്സി മനസ്സിൽ പപ്പയോടും മമ്മിയോടും അനുവാദം ചോദിച്ചു.

കുറച്ച് നേരം കണ്ണടച്ചു നിന്നശേഷം ജെസ്സി ടോമിച്ചനെ നോക്കി.

“പോകാം, പറയാൻ വന്ന കാര്യം പറഞ്ഞു അനുവാദം മേടിച്ചിട്ടുണ്ട്.”

ടോമിച്ചനും ജെസ്സിയും സെമിതേരിയുടെ പുറത്തേക്കു നടന്നു.

“ഇനി നമുക്ക് വേഗം പോയേക്കാം, സന്ധ്യക്ക്‌ മുൻപ് വീട്ടിലെത്തണം, ശോശാമ്മച്ചി മാത്രമല്ലേ അവിടെ ഉള്ളു,അവിടെ ഉള്ളവരെല്ലാം ശത്രു പക്ഷത്ത  “

ജെസ്സി അത് പറഞ്ഞപ്പോൾ ആണ് ടോമിച്ചനും ആ കാര്യം ഓർത്തത്‌.

ഇരുവരും കാറിൽ കയറി മുൻപോട്ടെടുത്തു.അടുത്ത് കണ്ട ബീവറേജിന്റെ മുൻപിൽ എത്തിയപ്പോൾ ജെസ്സി കാറ് നിർത്താൻ ടോമിച്ചനോട് പറഞ്ഞു.

കാറ് റോഡിന്റെ സൈഡ് ഒതുക്കി നിർത്തി ടോമിച്ചൻ ജെസ്സിയെ നോക്കി.

“ഈ ബ്രാണ്ടികടയുടെ മുൻപിൽ ആരെ കാണാനാ “

ടോമിച്ചന്റെ ചോദ്യത്തിന് ഒരു ചിരി സമ്മാനിച്ചു ജെസ്സി ഇറങ്ങി ബീവറേജിന്റെ അടുത്തേക്ക് നടന്നു.

തിരിച്ചു വരുമ്പോൾ ജെസ്സിയുടെ കയ്യിൽ  മോർഫസിന്റെ ഒരു ഫുൾ ബോട്ടിൽ ഉണ്ടായിരുന്നു.

“നിനക്കെന്ന ബ്രാണ്ടി കച്ചവടം ഉണ്ടോ “

ടോമിച്ചൻ ജെസ്സിയെ ദേഷ്യത്തോടെ നോക്കി.

“ഇതെനിക്ക് വേണ്ടിയിട്ടല്ല, നിങ്ങൾക്ക് വേണ്ടിട്ടാ, എന്റെ ഒരു സന്തോഷത്തിനു വേണ്ടി. നഷ്ടപ്പെട്ടു പോയി എന്ന് ഓർത്തതെല്ലാം തിരിച്ചു മേടിച്ചു തരുകയല്ലേ നിങ്ങൾ, അതിന്റെ ചിലവാ, കണ്ട സ്പിരിറ്റും ഗുളിക കള്ളും അടിച്ചു കൂമ്പ് വാടിയിരിക്കുകയല്ലേ, അപ്പോൾ ഇതുപോലെ ഒരു സ്റ്റാൻഡേർഡ് സാധനം അടിച്ചാൽ നല്ലതാ.”

ജെസ്സി ഒളിക്കണ്ണിട്ടു ടോമിച്ചനെ നോക്കി.

“എന്റെ കൂമ്പ് വാടിയിരിക്കുകയാണെന്നു നീ എങ്ങനെയാ അറിഞ്ഞത്, എന്റെ കൂമ്പ് നീ കണ്ടിട്ടുണ്ടോ “

ടോമിച്ചൻ ചോദിച്ചപ്പോൾ ജെസ്സി ചിരിച്ചു.

എന്നിട്ട് കയ്യിലിരുന്ന ബ്രാണ്ടി കുപ്പി ടോമിച്ചന്റെ കയ്യിലേക്ക് കൊടുത്തു.

“കാണേണ്ട സമയത്തു ഞാൻ കണ്ടോളാം, എന്തായാലും ഇപ്പോ വേണ്ട.ആദ്യമായിട്ടായിരിക്കും ഒരു പെണ്ണ്  

ബ്രാണ്ടികുപ്പി കൊടുത്തു ഒരാണിന്റെ സ്നേഹം പിടിച്ചു പറ്റാൻ നോക്കുന്നത്. “

ജെസ്സി ടോമിച്ചൻ മനസ്സിലാകാത്ത രീതിയിൽ പിറുപിറുത്തു.

“നീ എന്തോന്നാ ഈ പിറുപിറുക്കുന്നത് “

ടോമിച്ചൻ കാറ് സ്റ്റാർട്ടാക്കി കൊണ്ടു ചോദിച്ചു.

“നിങ്ങളെ ഈ വേഷത്തിൽ അടിപൊളി ആണെന്ന് പറയുകയായിരുന്നു “

ജെസ്സി ചിരിച്ചു കൊണ്ടു പറഞ്ഞു.

“സുഖിപ്പിച്ചു പറയാൻ പെണ്ണുങ്ങളെ കഴിഞ്ഞിട്ടേ ആളുകളുള്ളൂ. നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു, സുഖിച്ചു, ഒത്തിരി വേണ്ട “

ടോമിച്ചൻ കാർ മുൻപോട്ടെടുത്തു.

കുമളി അടുക്കാൻ രണ്ടു കിലോമീറ്റർ കഷ്ടിച്ച് ഉള്ളപ്പോൾ പെട്ടന്ന് രണ്ടു ബൈക്കുകൾ കാറിന്റെ സൈഡിൽ കൂടി ഓവർടേക്ക് ചെയ്തു മുൻപിൽ വിലങ്ങനെ നിന്നു.

ടോമിച്ചൻ കാറ് പെട്ടന്ന് ചവുട്ടി നിർത്തി.

ബൈക്കിൽ വന്ന മുടിയും താടിയും വളർത്തിയ ചെറുപ്പക്കാരായ നാലഞ്ചു പേര് ബൈക്കിൽ ഇരുന്നു കൊണ്ടു കാറിലേക്ക് നോക്കി അട്ടഹസിക്കുകയും തെറി പറയുകയും ചെയ്തു കൊണ്ടിരുന്നു.

ടോമിച്ചൻ ജെസ്സിയെ നോക്കി.

ജെസ്സിക്ക്  ആകെ പരിഭ്രാന്തി ആയി.

“എന്ത് വന്നാലും കാറിൽ നിന്നും ഇറങ്ങിയേക്കരുത്, “

പറഞ്ഞിട്ട് ടോമിച്ചൻ കാറിന്റെ ഡോർ തുറന്ന് ഇറങ്ങി.

“ടോമിച്ചോ, ജൂബയും മുണ്ടും ഉടുത്തു അച്ചായൻ കളിച്ചു, കിളുന്ത് പോലുള്ള ഒരു പെണ്ണിനേയും കൊണ്ടു ചുറ്റാൻ ലൈസി ആന്റിയുടെ ബി എം ഡബ്ല്യൂ കാർ തന്നെ വേണം അല്ലേ? ഇതൊരു കൊട്ടേഷനാ ലൈസി ആന്റിയുടെ, ഞങ്ങ അങ്ങ് ഫോർട്ട് കൊച്ചിയിൽ നിന്നാ, അധികം വെളച്ചിൽ ഇറക്കാതെ ആ കാറ് അവിടെ ഇട്ടേച്ചു രണ്ടു പേരും ഇറങ്ങി നടന്നു പൊക്കോ, അതാ രണ്ടുപേരുടെയും തടിക്കു നല്ലത് “

ബൈക്കിൽ ഇരുന്ന ഒരുത്തൻ ഒരു കത്തിയെടുത്തു താടിയിൽ ചൊറിഞ്ഞു കൊണ്ടു വിളിച്ചു പറഞ്ഞു.

അതുകേട്ടു കൂടെ വന്നവർ കൂകി വിളിച്ചു.

“അപ്പോ എങ്ങനാ മച്ചു,താനും ആ കാറിലിരിക്കുന്നവളും നല്ല കുട്ടികളായി ഇറങ്ങി നടക്കുവല്ലേ സീനാക്കാതെ…”

മറ്റൊരുത്തൻ തന്റെ  പോക്കറ്റിലിരുന്ന ഹാൻസിന്റെ കവറെടുത്തു പൊട്ടിച്ചു വായിലേക്കിട്ട് കൊണ്ടു ടോമിച്ചനെ നോക്കി.

ടോമിച്ചൻ കാറിലേക്ക് ചാരി നിന്ന് അവരെ നോക്കി.

“മക്കളെ ഇത് ഫോർട്‌ കൊച്ചി അല്ല, ഇടുക്കിയ,  വഴിതെറ്റി വന്നതാണെങ്കിൽ തിരിച്ചു പൊക്കോ, മമ്മൂക്ക സിനിമയിൽ പറഞ്ഞത് പോലെ, നീയൊക്കെ കോണകവുമുടുത്തു, മൂക്കട്ടയുമൊലിപ്പിച്ചു,ചൊറിയും കുത്തി  അജന്തായിൽ ആദിപാപവും കണ്ടു നടന്ന കാലത്തു ടോമിച്ചൻ ഈ സീൻ വിട്ടതാ, അത് കൊണ്ടു, എതെങ്കിലും ചേരിയിൽ തന്ത ആരെന്നറിയാതെ, തള്ളയേയും തല്ലി, ഗുണ്ടപ്പണിക്കിറങ്ങുന്ന നിന്നെയൊക്കെ പോലെയുള്ള ഊച്ചാളിച്ച കൊട്ടേഷൻ കാരെ കാണുമ്പോൾ കളസത്തിൽ മൂത്രമൊഴിക്കുന്നവനല്ല ടോമിച്ചൻ. അത് കൊണ്ടു മക്കള് വന്ന വഴിക്കു വിട്ടോ, “

ടോമിച്ചൻ അവരെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.

“അപ്പോൾ താൻ മര്യാദക്ക് പറഞ്ഞാൽ കേൾക്കത്തില്ല അല്ലേ? ഞങ്ങ കൊട്ടേഷൻ എടുത്തിട്ടുള്ളതെല്ലാം ഭംഗിയായി നടത്തിയിട്ടുണ്ട്. ഇതും ഞങ്ങ നടത്തും, സീൻ കോൺട്രയാകും “

പറഞ്ഞിട്ട് ഒരുത്തൻ ബൈക്കിൽ നിന്നുമിറങ്ങി സൈലൻസറിന്റെ ഇടയിൽ നിന്നും ഒരു വടിവാൾ വലിച്ചെടുത്തു. മറ്റൊരുത്തൻ  കയ്യിൽ സൈക്കിൾ ചെയിൻ ഇട്ടു കറക്കി. രണ്ടുപേർ അരയിൽ നിന്നും കത്തി വലിച്ചെടുത്തു.

കാറിലിരുന്ന ജെസ്സി അത് കണ്ടു ഭയന്ന് പോയി. അവൾ ടോമിച്ചനെ നോക്കി.

അതൊന്നും കണ്ടു കുലുങ്ങാതെ, കാറിന്റെ ബോണറ്റിൽ ഇടതു കൈകൊണ്ട് താളമിട്ടു നിൽക്കുകയാണ്.ഇതെന്തൊരു മനുഷ്യനാണ്. എതിരെ വടിവാളും കത്തിയുമായി ആളുകൾ നിരന്നുനിൽക്കുമ്പോൾ നെഞ്ചും വിരിച്ചു കൂളായി നിൽക്കുന്നു.താനായിരുന്നു എങ്കിൽ ഇപ്പോൾ ബോധം പോയേനെ.

“അപ്പോൾ നീയൊക്കെ ആന്റിയെ തൃപ്തി പെടുത്താൻ കാറുംകൊണ്ടേ ഇവിടെ നിന്നും പോകത്തൊള്ളൂ അല്ലേ,മൊട്ടയിൽ നിന്നും വിരിയുന്നതിനു മുൻപേ വടിവാളും കത്തിയുമെടുത്തു ആളുകളെ പൂളാൻ നടക്കുന്ന നീയൊക്കെ നാളെ ഈ നാടിനു തന്നെ ശാപമായി പോകും.

എന്തായാലും ആന്റിയുടെ വാക്കും കേട്ട് വന്ന സ്ഥിതിക്കു ആചാരവെടിയും തൃശ്ശൂർ പൂരവും  കഴിഞ്ഞിട്ട് നീയൊക്കെ  പോയാൽ മതി. പിന്നെ ഒരു കാര്യം, നിനക്കൊക്കെ എവിടെയെങ്കിലും തന്തയോ തള്ളയോ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരെ വിളിച്ചു നിന്റെയൊക്കെ തൂക്കത്തിനും പൊക്കത്തിനും പറ്റിയ ശവപ്പെട്ടിയും, അന്ത്യയാത്രക്ക് ഒപ്പീസ് ചൊല്ലി അകമ്പടി സേവിക്കാൻ കുറച്ച് ആളുകളെയും കൂട്ടിക്കോളാൻ പറഞ്ഞേക്ക്,”

പറഞ്ഞിട്ട് ടോമിച്ചൻ മുണ്ടെടുത്തു മടക്കി കുത്തി, ജ്യൂബയുടെ കൈകൾ മടക്കി വച്ചു.

ഒരുത്തൻ വടിവാളുമായി ടോമിച്ചന് നേർക്കു നടന്നു.

അതേ സമയം ടോമിച്ചൻ കുറച്ച് പുറകോട്ടു മാറി മിന്നൽ വേഗത്തിൽ കാറിന്റെ ബാക്ക് ഡോർ തുറന്ന് ഒരു പ്ലാസ്റ്റിക് കവർ എടുത്തു. അതിൽ പുറത്തേക്കു തള്ളി നിന്ന ഒരു കൈപിടിയിൽ പിടിച്ചു പുറത്തേക്കു വലിച്ചു.

പത്തടി നീളത്തിൽ  ഇരുതല മൂർച്ചയുള്ള ഒരു ഉറുമി  ടോമിച്ചന്റെ കയ്യിലിരുന്നു അന്തി വെയിലിൽ വെട്ടി തിളങ്ങി!!

                              (  തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!