അന്തിവെയിലിൽ വെട്ടിത്തിളങ്ങിയ ഇരുതല മൂർച്ചയുള്ള ഉറുമിയുടെ വായ്തല ടോമിച്ചന്റെ കയ്യിലിരുന്നു വായുവിൽ പുളഞ്ഞു. വടിവാളുമായി പാഞ്ഞു വന്നവന്റ കയ്യിൽ ഉറുമിയുടെ വായ്ത്തല കൊണ്ടുള്ള വെട്ടേറ്റു വടിവാൾ തെറിച്ചു പോയി. ചുഴറ്റിയ ഉറുമിയുടെ അഗ്രഭാഗം അവന്റെ കഴുത്തിൽ ചുറ്റപെട്ടു.
ടോമിച്ചൻ ഉറുമിയിൽ പിടിച്ചൊന്നു വലിച്ചാൽ അവന്റെ കഴുത്തിൽ നിന്നും തലയറ്റു താഴെകിടക്കും.
“ഇന്ന് രാവിലെ എഴുന്നേറ്റപ്പോഴേ മനസ്സിൽ വിചാരിച്ചതാ ഇങ്ങനെ ആരെങ്കിലും പുറകെ വരുമെന്ന്, അതുകൊണ്ട് ഒരു മുൻകരുതൽ എന്നോണം കയ്യിൽ കരുതിയതാ ഇത്. അത് കൊണ്ട് ഇപ്പോൾ ഉപകാരമായി.പിന്നെ എടാ പുല്ലേ, ഞാൻ ഈ ഉറുമിയിൽ പിടിച്ചു ഒരു വലി വലിച്ചാൽ നിന്റെ തല ഈ നടുറോട്ടിൽ കിടന്നുരുളും , കാണണോ നിനക്ക്.”
പറഞ്ഞിട്ട് ടോമിച്ചൻ ഉറുമിയുടെ പിടിയിൽ കൈമുറുക്കി.
ബൈക്കിൽ നിന്നുമിറങ്ങി ടോമിച്ചനെ തല്ലാൻ കത്തിയുമായി മുൻപോട്ടു വരാൻ തുടങ്ങിയവർ ഇത് കണ്ടു ഒന്നറച്ചു നിന്നു. മുൻപോട്ടു ചലിച്ചാൽ കൂടെ വന്നവന്റെ തല നിലത്തു വീഴും എന്ന കാര്യത്തിൽ സംശയമില്ല.
ഉറുമി കഴുത്തിൽചുറ്റപെട്ടു വിറച്ചു അങ്ങാതെ നിൽക്കുകയാണ് ഒരുവൻ.
“നീ ഒക്കെ എന്താടാ കരുതിയത്. ഫോർട്ട് കൊച്ചി പിള്ളേരെന്നു കേട്ടാൽ മുട്ടിടിക്കുന്നവരാണ് ഹൈറേഞ്ച് കാർ എന്നോ. മണ്ണിനോടും മഴയോടും മലയോടും മല്ലിട്ടു വിയർപ്പോഴുക്കി, എല്ലുമുറിയെ പണിയെടുത്തു ജീവിക്കുന്ന നിഷ്കളങ്കരായ കുറച്ചാളുകള ഇവിടെ ഉള്ളത്. അതിനിടക്ക് പുട്ടിനു തേങ്ങാപീര പ്പോലെ നിന്റെ ലൈസിയാന്റിയെയും മക്കളെയും പോലുള്ള കുറെ പണകൊഴുപ്പിൽ കുന്തളിക്കുന്ന കുറച്ചാളുകളും.എന്ന് വച്ചു ഇവിടെ വന്നു ചെത്തികളഞ്ഞിട്ട് പോകാമെന്നു വിചാരിച്ചിട്ടുണ്ടെങ്കിൽ എല്ലാത്തിന്റെയും കിടുങ്ങാമണി പൊട്ടിച്ചേ വിടത്തൊള്ളൂ.”
ടോമിച്ചന്റെ മുഖഭാവം മാറി, ഞരമ്പുകൾ പിടച്ചു. രോക്ഷം ഇരച്ചു കയറി.
ജെസ്സി മെല്ലെ കാറിൽ നിന്ന് ഇറങ്ങി ടോമിച്ചനെ ശ്രെദ്ധിച്ചു കൊണ്ടു നിന്നു.
ടോമിച്ചന്റെ കയ്യൊന്നു വലിച്ചാൽ മുൻപിൽ നിൽക്കുന്നവന്റെ തല പോകും. പിന്നെ ജയിലിൽ കേറേണ്ടി വരും.അങ്ങനെ എങ്കിൽ ഓടി ചെന്നു തടയാൻ പാകത്തിൽ നിൽക്കുകയാണ് ജെസ്സി.
“എല്ലാവനും കയ്യിലിരിക്കുന്ന കത്തിയും കുറുവടികളും വടിവാളും നിലത്തേക്കിട്ട് കുറച്ച് പുറകോട്ടു മാറി നിന്നോ ,”
ടോമിച്ചൻ ആഞാപിച്ചു.
മറ്റു നിവൃത്തി ഇല്ലന്ന് കണ്ട ബൈക്കിൽ വന്നവർ തങ്ങളുടെ കയ്യിലിരുന്ന ആയുധങ്ങൾ താഴെക്കിട്ട് കുറച്ച് പുറകിലേക്ക് മാറി നിന്നു.
“നീ ആ ആയുധങ്ങളൊക്കെ ഇങ്ങോട്ട് എടുത്തോണ്ട് വാ “
ടോമിച്ചൻ ജെസ്സിയോട് പറഞ്ഞു.
ജെസ്സി താഴെകിടന്ന വടിവാളും കത്തിയും കമ്പി വടിയും എടുത്തു കൊണ്ടു വന്നു. താഴെ തേയിലചെടികൾക്കിടയിലേക്ക് എറിഞ്ഞു കളഞ്ഞു.
ഉറുമി മുൻപിൽ നിന്നവന്റെ കഴുത്തിൽ നിന്നും ഊരി എടുത്തു ജെസ്സിയുടെ കയ്യിൽ കൊടുത്തു.
“ദേ… ഇപ്പോൾ നമ്മൾ തുല്യരാണ്. ഇനി ടോമിച്ചനെ തല്ലാനുള്ളവർക്ക് മുൻപോട്ട് വരാം. എന്നെ തല്ലി തോൽപിച്ചു ഈ കാറുമായി പോകാമെങ്കിൽ നീ ഒക്കെ പൊക്കോ “
ടോമിച്ചൻ പറഞ്ഞതും മുൻപിൽ നിന്നവൻ കൈവീശി.
ഒഴിഞ്ഞു മാറിയ ടോമിച്ചൻ മുട്ടുകാൽ വച്ചു അവന്റെ നാഭിനോക്കി ഒരിടി ഇടിച്ചു. അവന്റെ തൊണ്ടയിൽ നിന്നും ഒരു നിലവിളി മുഴങ്ങി.ഇടി കൊണ്ടു മുൻപോട്ടു കുനിഞ്ഞ അവനെ ടോമിച്ചൻ വട്ടത്തിൽ പൊക്കിയെടുത്തു ഒരേറു കൊടുത്തു. സ്റ്റാൻഡിൽ വച്ചിരുന്ന ബൈക്കിന്റെ മുകളിൽ പോയി വീണു.ബൈക്കും അവനും താഴേക്കു മറിഞ്ഞു. പാഞ്ഞടുത്ത മൂന്നുപേർക്ക് നേരെ ടോമിച്ചൻ കൈ ചുരുട്ടി മുൻപോട്ടു നീങ്ങി. പാഞ്ഞടുത്ത ഒരുത്തൻ ടോമിച്ചന്റെ തൊഴിയേറ്റ് അലർച്ചയോടെ പുറകിലേക്ക് മറിഞ്ഞു.മറ്റൊരുത്തന്റെ ചവിട്ട് ഏറ്റു ടോമിച്ചൻ ഒരു വശത്തേക്ക് തെന്നി പോയി. ബാലൻസ് വീണ്ടെടുത്തു വീണ്ടും ചവിട്ടാൻ കാലുപൊക്കിയവന്റെ മർമ്മം നോക്കി ഇടി വീണു. പുറകോട്ടു മലച്ച അവന്റെ കയ്യിൽ പിടിച്ചു പുറകോട്ടു തിരിച്ചു. എല്ലൊടിയുന്ന ശബ്ദതോടൊപ്പം ഒരു കരച്ചിലും ഉയർന്നു. അവന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു പേര് അതുകണ്ടു തിരിഞ്ഞോടാൻ നോക്കിയെങ്കിലും ഒരുത്തന്റെ നെഞ്ചിൻകൂട് , പൊളിയുന്ന തരത്തിൽ ടോമിച്ചന്റെ ചുരുട്ടിയ കൈ വന്നു വീണിരുന്നു. നിലവിളിയോടൊപ്പം അവന്റെ വായിൽ നിന്നു കട്ട ചോര പുറത്തേക്കു തെറിച്ചു. മറ്റൊരുത്തൻ രക്ഷപെടാൻ കുതറി ഓടാൻ നോക്കിയെങ്കിലും അപ്പോഴേക്കും കഴുത്തിൽ ഉറുമിയുടെ വായ്തല ചുറ്റിയിരുന്നു.
ഒന്ന് തിരിഞ്ഞു പോലും നോക്കാൻ ധൈര്യപ്പെടാതെ ചലനമറ്റു നിന്നു അയാൾ.
“എന്നെ തല്ലാൻ വന്ന നീ എങ്ങോട്ടാ ഓടുന്നത്.എന്നെ പേടിപ്പിച്ചു വണ്ടിയിൽ നിന്നുമിറക്കി നടത്താൻ നീയെന്നല്ല നിന്റെയൊക്കെ തന്തമാർ വിചാരിച്ചാലും നടക്കത്തില്ല. നീയൊക്കെ കൊണ്ടുവന്ന കത്തിയും വടിവാളും ഇവിടുത്തെ പിള്ളേർക്ക് ചെവിതോണ്ടി കളിക്കാനും പുറം ചൊറിയാനും കൊടുത്തിട്ടു വന്ന വഴിക്കു നടന്നോ കൊച്ചിക്ക്. ഇപ്പോൾ നടന്നാൽ നാളെ കഴിഞ്ഞെങ്കിലും വീട്ടിലെത്താം. നിന്നെയൊക്കെ കൊല്ലാതെ വിടുന്നത് എന്റെ കഴിവുകേട് കൊണ്ടല്ല, മറിച്ചു നിനക്കൊക്കെ ചിന്തിക്കാനും ജീവിക്കാനുമുള്ള ഒരവസരം തരുകയാ. ഇനി മറ്റൊരവസരം നിന്റെയൊക്കെ മുൻപിൽ ഉണ്ടാകതില്ല ഓർത്തോ, വന്ന ബൈക്കുകൾ അവിടെ വച്ചിട്ട് മക്കള് നടക്കാൻ തുടങ്ങിക്കോ, പോകുന്ന വഴിക്കു നിന്റെയൊക്കെ ആന്റിയെ വിളിച്ചു പുതിയ രണ്ടു ബൈക്ക് മേടിച്ചുതരാൻ പറ. പോടാ…”
ടോമിച്ചൻ പറഞ്ഞിട്ട് മുൻപിൽ നിന്നവന്റെ കഴുത്തിൽ നിന്നും ഉറുമി അഴിച്ചു അവനിട്ടു ആഞ്ഞൊരു ചവുട്ട് കൊടുത്തു. അവൻ തെറിച്ചു പോയി ടാറിട്ട റോഡിൽ മലർന്നടിച്ചു വീണു.
വഴിയുടെ രണ്ടുഭാഗത്തുനിന്നും വന്ന വണ്ടികൾ നിരന്നു കിടന്ന് വഴി ബ്ലോക്ക് ആയി.ആളുകൾ വണ്ടികളിൽ നിന്നുമിറങ്ങി നോക്കി നിന്നു.
കുറച്ച് പുറകിലായി ഒരു ജീപ്പ് വന്നു നിന്നു.അതിൽ നിന്നും പേട്ട കണ്ണനും കൂട്ടരും ഇറങ്ങി. വണ്ടികൾക്കിടയിലൂടെ നടന്നു ടോമിച്ചന്റെ അടുത്തെത്തി. കാര്യങ്ങൾ കേട്ട കണ്ണൻ വഴിമദ്ധ്യത്തിലിരുന്ന ബൈക്കുകൾ തള്ളി റോഡിന്റെ സൈഡിലേക്ക് കൊണ്ടുപോയി സ്റ്റാൻഡിൽ വച്ചു.
അപ്പോഴേക്കും ഇടികൊണ്ട് നിലത്തു കിടന്നിരുന്നവർ ഒരു വിധം എഴുനേറ്റു നിന്നിരുന്നു.
“നടക്കടാ കഴുവേറികളെ മുൻപോട്ടു, ഇനി നിന്നെയൊക്കെ ഈ വഴി കണ്ടാൽ നിന്റെയൊക്കെ വാരിയെല്ല് ഊരി കോടാലിക്കു പിടിയിടും ഓർത്തോ, മലയോരപ്രേദേശത്തു വന്നാ അവന്റെയൊക്കെ മലം കളി “
എഴുനേറ്റു നിന്ന ഒരുത്തന്റെ തടിക്കു ഒരു തട്ട് കൊടുത്തു കൊണ്ടു പേട്ട കണ്ണൻ അലറി.കണ്ണന്റെ കൂടെയുള്ളവർ അവശരായി നിന്നിരുന്നവരെ പൊക്കിയെടുത്തു ജീപ്പിന് നേരെ നടന്നു.
കണ്ണൻ വഴിയിൽ ബ്ലോക്കായി കിടക്കുന്ന വണ്ടികൾക്ക് പോകാനുള്ള വഴിയൊരുക്കി ബ്ലോക്ക് നീക്കി.
“എന്നതാടാ ടോമിച്ചാ, അവിടെ, ഞാനിറങ്ങണോ “?
കുമളിയിൽ നിന്നും കട്ടപ്പനക്കുപോകുന്ന st. ജോർജ് ബസിൽ ഇരുന്ന് കോര മാപ്പിള വിളിച്ചു ചോദിച്ചു.
“അയ്യോ വേണ്ട,പിന്നെ നിങ്ങടെ കാര്യം കൂടി ഞാൻ നോക്കേണ്ടി വരും, എത്രയും പെട്ടന്ന് കുട്ടിക്കാനത് ചെന്നു ഒരു കുപ്പി അന്തിയും അടിച്ചു വീട്ടിൽ പോകാൻ നോക്ക് “
ടോമിച്ചൻ കൈ വീശികൊണ്ട് പറഞ്ഞു.
“ഇവന്മാരെ എന്താ ചെയ്യേണ്ടത് കൂപ്പിൽ കൊണ്ടുപോയി തടിപ്പണി എടുപ്പിച്ചാലോ “
കണ്ണൻ ടോമിച്ചനെ നോക്കി.
“അതൊന്നും വേണ്ട, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഏതെങ്കിലും വണ്ടിയിൽ കേറ്റി വിട്ടേക്ക്, ലക്ഷങ്ങൾ വിലയുള്ള ബൈക്കുകളാ ഇത്, ആരുടെയൊക്കെയോ ചോരയും, ജീവനും, കരച്ചിലും വിറ്റുണ്ടാക്കിയ കാശുകൊണ്ട് മേടിച്ചത്. എവിടെയെങ്കിലും കൊണ്ടുപോയി കത്തിച്ചു കളഞ്ഞേക്ക് “
ടോമിച്ചൻ കയ്യിലിരുന്ന ഉറുമി ചുരുട്ടി എടുത്തു കാറിന്റെ പിൻസീറ്റിൽ വച്ചു.
ടോമിച്ചൻ കാറിൽ കയറി.
“നീ എന്ത് കണ്ടു നിൽക്കുകയാ, കേറുന്നില്ലേ “
പുറത്തു നിന്ന ജെസ്സിയോട് ടോമിച്ചൻ ചോദിച്ചു.
ജെസ്സി പെട്ടന്ന് കാറിൽ കയറി.
കാർ സ്റ്റാർട്ട് ചെയ്തു മുൻപോട്ടു നീങ്ങി.
“നിങ്ങളെയൊക്കെ സമ്മതിച്ചു തന്നിരിക്കുന്നു. ചങ്കൂറ്റം എന്ന് പറഞ്ഞാൽ ഇതാണ്. ആണൊരുത്തൻ നെഞ്ചുവിരിച്ചു നിന്നാൽ എതിരെ വരുന്നവർ ഒന്ന് വിറക്കുമെന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ കണ്ടു. അപാരജന്മം. എന്റെ ഗുണ്ടയായി കൂടെ കൂടാവോ “
ജെസ്സി ടോമിച്ചനെ നോക്കി അത്ഭുതത്തോടെ ചോദിച്ചു.
“ഗുണ്ടയാക്കാൻ നിന്റെ നായരെ വിളിച്ചോണ്ട് വന്നാൽ മതി, എന്നെ കിട്ടത്തില്ല,”
ടോമിച്ചൻ ഗിയർ മാറ്റി ആക്സിലേറ്ററിൽ കാൽ കൊടുത്തു കാറിന്റെ സ്പീഡ് കൂട്ടി.
“എനിക്ക് നായരില്ലാത്തതു കൊണ്ടല്ലേ നിങ്ങളോട് ചോദിച്ചത്, നിങ്ങള് അടിപൊളി അല്ലേ, വെട്ട്, കുത്ത്, ഇടി, തൊഴി, ചവിട്ട്, കളരി മുറ ഇതെല്ലാമറിയാവുന്ന ജഗജില്ലി,ആഴ്ചയിൽ ഒരു രണ്ടു അടിയെങ്കിലും നടത്തണം, മാസത്തിൽ ഒരാളെയെങ്കിലും മിനിമം തട്ടണം, എങ്കിലേ ജീവിതത്തിനു ഒരു രസമുണ്ടാകു, എനിക്കങ്ങനെ ഒരാളെയാ വേണ്ടത്, ഞാൻ നോക്കിയിട്ട് നിങ്ങളെ മാത്രമേ കണ്ടൊള്ളു “
ജെസ്സി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
ടോമിച്ചൻ ജെസ്സിയെ കടുപ്പിച്ചു ഒന്ന് നോക്കി.
“നിനക്ക് ജന്മനാ തലയ്ക്കു വെളിവില്ലായിരുന്നോ? അതോ പിന്നീട് എപ്പോഴെങ്കിലും വട്ടായതാണോ? എന്തായാലും നിനക്കെന്തോക്കെയോ കുഴപ്പമുണ്ട്. പെട്ടന്ന് ചികത്സിച്ചാൽ ഭേദമാക്കാൻ പറ്റും “
ടോമിച്ചൻ പറഞ്ഞു കൊണ്ടു മെയിൻ റോഡിൽ നിന്നും കാർ ബംഗ്ലാവിലേക്കുള്ള വഴിയിലേക്ക് തിരിച്ചു.
“ഈ രോഗത്തിന് മരുന്നേ ഒന്നേ ഉള്ളു, സ്നേഹം, ഒരു പെണ്ണ് ആഗ്രഹിക്കുന്ന വ്യെക്തിയിൽ നിന്നും മനസ്സുനിറച്ചു സ്നേഹം കിട്ടിയാൽ ഏതു വട്ടും മാറും. ഈ സ്നേഹം കാശുകൊടുത്താൽ കിട്ടുന്നതല്ലല്ലോ? അത് മനസ്സറിഞ്ഞു ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ കിട്ടേണ്ടതാണ് . അതാണ് നിസ്വാർത്ഥ സ്നേഹം. മനസ്സിനുള്ളിൽ നിറയുന്ന സ്നേഹഭാവം , അത് മറ്റൊരു മനസ്സിലേക്ക് പകർന്നു കൊടുക്കുമ്പോൾ അത് പരസ്പര വിശ്വാസതിന്റെയും, കരുതലിന്റെയും, ആഗ്രഹനിർവൃതിയുടെയും സാക്ഷത്കാരം ആയി മാറും .അങ്ങനെ ഏതൊരാളും ജീവിതത്തിനു ഒരർത്ഥം കണ്ടെത്തുകയാണ് ചെയ്യുന്നത്.”
ജെസ്സി പറഞ്ഞിട്ട് പുറത്തേക്കു നോക്കിയിരുന്നു.
“ഇത്രയും നാള് നിനക്ക് സാധാ വട്ടായിരുന്നു. ഇപ്പോൾ സാഹിത്യപിശാച്ചും കൂടിയിരിക്കുകയാ .”
ടോമിച്ചൻ പറഞ്ഞു കൊണ്ടു
പുലിമാക്കിൽ ബംഗ്ലാവിന്റെ കാർപോർച്ചിൽ കാർ നിർത്തി ഇറങ്ങി.
നേരെ വീടിനുള്ളിലേക്ക് കയറി.
റൂമിലേക്ക് പോയി.
ജെസ്സി കാറിൽ നിന്നും കവറുകളിൽ മേടിച്ച സാധനങ്ങളുമായി ഇറങ്ങി, അപ്പോഴേക്കും ശോശാമ്മ അടുക്കളയിൽ നിന്നും കാറിന്റെ ശബ്‌ദം കേട്ടു ഇറങ്ങി വന്നിരുന്നു.
“അമ്മച്ചി ഒറ്റക്കുള്ളത് കൊണ്ടു വേഗം പോരുകയായിരുന്നു, ലൈസിയാന്റിയും ജോർജിയും വന്നില്ലല്ലോ അല്ലേ “
ജെസ്സി ശോശാമ്മയെ നോക്കി.
“അവര് രാവിലെ പോയിട്ട് വന്നില്ല ഇത് വരെ. മോള് പോയ കാര്യം ഭംഗിയായി നടന്നോ “?
ശോശാമ്മ സാരിയുടെ തലപ്പുകൊണ്ടു മുഖത്തു പറ്റിയിരുന്ന കരി തുടച്ചു കൊണ്ടു ജെസ്സിയോട് ചോദിച്ചു.
“എല്ലാം കാര്യങ്ങളും നടന്നമ്മേ, പതിനഞ്ചു ദിവസത്തിനകം എല്ലാം എന്റെ പേരിലേക്കാകും, അതുകഴിഞ്ഞു വേണം ഇവിടെ ഒരു ശുദ്ധികലശം നടത്താൻ “
ജെസ്സി നെടുവീർപ്പിട്ടു.
“കർത്താവിന്റെ അനുഗ്രഹം കൊണ്ടു എല്ലാം ഭംഗിയാകും. അത് കഴിഞ്ഞാൽ എനിക്ക് സമാധാനത്തോടെ കുട്ടിക്കാനത്തേക്ക് പോകാമല്ലോ “
അടുക്കളയിലേക്ക് മേടിച്ച സാധനങ്ങൾ ജെസ്സിയുടെ കയ്യിൽ നിന്നും മേടിച്ചിട്ട് ശോശാമ്മ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി.
“അമ്മച്ചി എവിടെ പോകുന്ന കാര്യമാ പറയുന്നത്, ഈ ജെസ്സിയുടെ അടുത്ത് നിന്നും അമ്മ ഒരുവടതും പോകുന്നില്ല.അമ്മച്ചി ഇവിടെ ഇല്ലെങ്കിൽ ഈ ജെസ്സി വീണ്ടും അനാഥയായി പോകില്ലേ, ആരുമില്ലാത്തവൾ,കുറച്ച് സ്വത്തും സമ്പത്തും കിട്ടിയെന്നുവച്ചു സ്നേഹിക്കാൻ ആരുമില്ലെങ്കിൽ ജീവിതത്തിനു എന്തർത്ഥം ammachi അതുകൊണ്ട് എന്റെ അമ്മച്ചി എന്റെ കൂടെ എപ്പോഴും വേണം. പിന്നെ ക്രിസ്തുമസ്സും ഈസ്റ്ററും അതുപോലെയുള്ള വിശേഷദിവസങ്ങൾ നമുക്കൊരുമിച്ചു കുട്ടികാനത്തും പോയി താമസിക്കണം.അത് മതി,ഞാനൊന്നു കുളിച്ചു റെഡിയായി ഇപ്പോൾ വരാം അമ്മച്ചി,”
പറഞ്ഞിട്ട് ജെസ്സി റൂമിലേക്കു പോയി .
കുറച്ച് കഴിഞ്ഞപ്പോൾ ലൈസിയും ജോർജിയും ഒരു ടാക്സി കാറിൽ വീടിന്റെ മുന്പിലെ ഗേറ്റിനു മുൻപിൽ വന്നിറങ്ങി.
“മമ്മി, ഏർപ്പാടാക്കിയവർ ടോമിച്ചനെയും ജെസ്സിയെയും തട്ടികളഞ്ഞു കാണുമോ? ഇത് വരെ ആരും വിളിച്ചില്ലല്ലോ “?
ജോർജി ലൈസിയെ നോക്കി.
“ഫോർട് കൊച്ചി പിള്ളേരാ , വിവരവും വകതിരിവും ഇല്ലാത്ത വെറും തെണ്ടികൾ. തല്ലാൻ പറഞ്ഞാൽ കൊന്നിട്ടുവരുന്ന വർഗ്ഗങ്ങൾ. ഇപ്പോൾ അവന്മാർ രണ്ടെണ്ണത്തിനെയും തട്ടിയിട്ടു നാട് വിട്ടു കാണും. നമ്മൾ അറിഞ്ഞിട്ടില്ല, കേട്ടിട്ടില്ല. അത്രതന്നെ. നീ വാ “
ലൈസി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.പുറകെ ജോർജിയും.
“മമ്മി ദേ കാറ് പോർച്ചിൽ കിടക്കുന്നു. അവരെ കീച്ചികളഞ്ഞു അവന്മാർ കാറ് കൊണ്ടിട്ടു പോയിരിക്കുവാ “
ജോർജി പറഞ്ഞത് കേട്ടു ലൈസിയുടെ മുഖത്തു ക്രൂരമായ ഒരു ചിരി വിടർന്നു.
വീടിനുള്ളിലേക്ക് കയറിയ ലൈസി പെട്ടന്ന് അന്തിച്ചു നിന്നു.
അതാ മുൻപിൽ ജെസ്സി നിൽക്കുന്നു.
ഇതെങ്ങനെ സംഭവിച്ചു.ലൈസി ജെസ്സിയെ തുറിച്ചു നോക്കി.
“എന്താ ലൈസി ആന്റി ഇങ്ങനെ ആദ്യം കാണുന്നപോലെ നോക്കുന്നത്. ഓ പറഞ്ഞു വിട്ട കൊട്ടേഷൻ ടീം എന്നെ തട്ടികളഞ്ഞില്ലേ എന്നൊർത്തുള്ള അമ്പരപ്പാണോ, “
ജെസ്സി ചോദിച്ചു കൊണ്ടു ജോർജിയെ നോക്കി
“അതെയോ ജോർജി.”
“എനിക്കെങ്ങനെ അറിയാം, എനിക്കൊരു കൊട്ടേഷൻ ടീമിനെയും അറിയില്ല “
ജോർജി ഒന്ന് പരുങ്ങി കൊണ്ടു പറഞ്ഞു.
“നിനക്കറിയത്തില്ല അല്ലേടാ നായീന്റെ മോനെ “
പുറകിലെത്തിയ ടോമിച്ചൻ ജോർജിയുടെ കഴുത്തിൽ പിടിച്ചു തല പുറകിലേക്ക് വളച്ചു.കവിളിൽ കുത്തി പിടിച്ചു വാ പൊളിപ്പിച്ചു.
കയ്യിലിരുന്ന ചവണ ഉപയോഗിച്ച് ജോർജിയുടെ ഒരു പല്ലിൽ കേറി പിടിച്ചു.ജോർജി വാ പൊളിച്ചു കണ്ണുമിഴിച്ചു.
“നിന്റെ അമ്മ കാണിക്കുന്ന ചെറ്റത്തരത്തിനു നിന്റെ ഓരോ പല്ല് പോകുമെന്ന് പറഞ്ഞത് ഓർമ്മയുണ്ടോടാ നിനക്ക് “
ടോമിച്ചൻ മുരണ്ടു.
“വിടടാ.. എന്റെ കൊച്ചിനെ, നിന്റെ ഗുണ്ടായിസമൊക്കെ മറ്റവടത്തു കൊണ്ടു വച്ചാൽ മതി “
ലൈസി ചീറ്റപുലിയെ പോലെ ചീറ്റി.
“നിലത്തു നിൽക്ക് പെണ്ണുമ്പിള്ളേ, കൊട്ടേഷൻ കൊടുത്തു ചേരി പിള്ളേരെ ഇറക്കി എന്റെ പൂട പറിക്കാൻ നോക്കിയാൽ നടക്കത്തില്ല. സ്റ്റിയറിങ്ങ് പിടിച്ചു തഴമ്പിച്ച കയ്യാ, മോന്തയടച്ചു ഒരു പൊത്തു പൊത്തിയാൽ പിന്നെ ഈ ഷേപ്പ് കാണത്തില്ല. പെണ്ണുങ്ങൾ നിൽക്കേണ്ടിടത്തു നിൽക്കണം. സ്ത്രണ്യഭാവം വിട്ടാൽ പെണ്ണ് വെറും പിണമാ.രണ്ടും കെട്ടവൾ, ശിഖണ്ടി. പൗരഷ്യം വിട്ടാൽ ആണുങ്ങളും അതുപോലെ തന്നെ, ചാന്തുപൊട്ട് .അങ്ങനെ ഉള്ളവരെ ആണ് ആണും പെണ്ണും കെട്ടവർ എന്ന് പറയുന്നത്.അമ്മായി മീശ വച്ചാൽ അമ്മാവനാകില്ല എന്ന് കേട്ടിട്ടില്ലേ.”
ടോമിച്ചൻ പറഞ്ഞു കൊണ്ടു ജോർജിയുടെ വായിക്കുള്ളിൽ നിന്നും ചവണ വലിച്ചെടുത്തു.അവന്റെ മുടിയിൽ നിന്നും പിടി വിട്ടു.
ശ്യാസം വലിച്ചെടുത്തു ജോർജി ടോമിച്ചനെ തുറിച്ചു നോക്കി.
“താനെന്തിനാ എന്റെ പല്ല് പറിക്കുന്നത്, നിങ്ങൾ വല്ല ദന്ത ഡോക്ടറോ മറ്റോ ആണോ , മമ്മി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ മമ്മിയുടെ പല്ല് പറിച്ചോണം, എന്റെ വായിക്കുള്ളിൽ ചവണ കുത്തികേറ്റാൻ വരരുത് “
ജോർജി കഴുത്തിൽ തിരുമിക്കൊണ്ട് ദേഷ്യത്തിൽ ടോമിച്ചനെ നോക്കി.
“പെണ്ണുമ്പിള്ളേ, മകൻ പറഞ്ഞത് കേട്ടല്ലോ, നിങ്ങടെ പല്ല് പറിച്ചോണമെന്ന്, നല്ല ബെസ്റ് മകൻ, പെറ്റിടുമ്പോൾ ഇതുപോലത്തെ പത്തണ്ണത്തെ ആണെങ്കിൽ പിന്നെ നിങ്ങടെ മൂക്കിൽ പഞ്ഞികേറ്റാൻ അധികം സമയം വേണ്ടി വരില്ല. പിന്നെ ഒരു കാര്യം പറഞ്ഞേക്കാം, പതിനഞ്ചു ദിവസത്തെ സമയം തരും. നിങ്ങൾ അമ്മയുടെയും മക്കളുടെയും സർവ്വമാന സമാനങ്ങളും പെറുക്കിയെടുത്തു ഈ വീട്ടിൽ നിന്നും കെട്ടിയെടുക്കാൻ . അതിനിടക്ക് വീണ്ടും ഇതുപോലത്തെ കൊട്ടേഷൻ പണിയുമായി ഇറങ്ങിയാൽ കൊന്നു കുഴിച്ചു മൂടും ഞാൻ,ഇതവസാനത്തെ മുന്നറിയിപ്പാ, വെട്ടിമുറിച്ചാൽ മുറിക്കൂടി തിരിച്ചു വരുന്നവനാ ഈ ടോമിച്ചൻ,ഓർത്തോ “
പറഞ്ഞിട്ട് ജോർജിയെ പിടിച്ചു ഒരു തള്ള് കൊടുത്തു ടോമിച്ചൻ. സോഫയിൽ പോയി തല ഇടിച്ചു മറിഞ്ഞു താഴെ വീണു.ടോമിച്ചൻ പുറത്തേക്കിറങ്ങി പോയി.
“അപ്പോ ലൈസി ആന്റി, പറഞ്ഞതുപോലെ പതിനഞ്ചു ദിവസം, മറക്കണ്ട, പോകുമ്പോൾ ജീവിക്കാനുള്ള വക എന്തെങ്കിലും ഞാൻ തരാം, ആരോടും പറയണ്ട “
ജെസ്സി പറഞ്ഞിട്ട് അടുക്കളയിലേക്കും പോയി.
അപമാനിതയായവളെ പോലെ കുറച്ച് നേരം നിന്ന ശേഷം ലൈസി ജോർജിയെ കത്തുന്ന കണ്ണുകളോടെ നോക്കിയിട്ട് ചവിട്ടികുലുക്കി മുറിക്കു നേരെ നടന്നു.
ലോറിയിൽ ചാരി നിന്നു ബീഡി വലിച്ചു കൊണ്ടു ടോമിച്ചൻ വീടിന്റെ പരിസരം വീക്ഷിച്ചു.
നേരം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു.
ഇന്നലെ രാത്രിയിൽ ഇവിടെ വന്നയാൾ ഇന്നും വരുകയാണെങ്കിൽ അവനെ കയ്യോടെ പിടി കൂടണം. അതോ തന്റെ തോന്നൽ ആയിരുന്നോ?പക്ഷെ താൻ ആ രൂപത്തെ വ്യെക്തമായി കണ്ടതാണ്.
പക്ഷെ…. ഈ വീടിനെ ചുറ്റിപറ്റി എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്. അതെന്താണ്?
ഇരുട്ടു കൂടുംതോറും മനസ്സ് അസ്വസ്ഥമാകുന്നപോലെ. ടോമിച്ചൻ മുറ്റത്തുനിൽക്കുന്ന മാവിന്റെ ചുവട്ടിൽ പോയി നോക്കി. മാവിലൂടെ ഒരാൾക്ക് പിടിച്ചു കയറി ടെറസ്സിൽ എത്താം.വീടിന്റെ മുകളിലേക്കു പോകുന്ന പൈപ്പ് കണക്ഷന്റെയും അടുത്ത് ചെന്നു സൂക്ഷ്മമായി നോക്കി. പൈപ്പിൽ കൂടി പിടിച്ചു കേറുന്നതിലും എളുപ്പത്തിൽ മുകളിൽ കേറാൻ മാവിലൂടെ പറ്റും.
ടോമിച്ചൻ വീടിന് ചുറ്റും നടന്നു നിരീക്ഷിച്ചു.ചുറ്റി വന്നു ലോറിയുടെ അടുത്ത് വന്നു നിന്നു.രണ്ടും കല്പിച്ചു ഇന്നുറങ്ങാതെ ഇരുന്ന് എന്താണെന്നു നോക്കിയിട്ട് തന്നെ കാര്യം.
മനസ്സിലുറപ്പിച്ചു കൊണ്ടു ടോമിച്ചൻ മുറിലേക്ക് പോയി. മുറിയിൽ കയറുന്നതിനു മുൻപ് റോയി കിടക്കുന്ന മുറിയുടെ മുൻപിൽ പോയി അകത്തേക്ക് നോക്കി. ജോർജി ടീവി കണ്ടു കൊണ്ടിരിക്കുകയാണ്. റോയി കട്ടിലിൽ കിടന്ന് കൊണ്ടു ജോർജിയോടെ സംസാരിച്ചു കൊണ്ടിരിക്കുന്നു.കുറച്ച് നേരം അവിടെനിന്നു അവരുടെ സംഭാഷണം ശ്രെദ്ധിച്ച ശേഷം ടോമിച്ചൻ തിരിച്ചു മുറിലേക്ക് വന്നു ബെഡിൽ ഇരുന്നു. കാറിൽ നിന്നും എടുത്തുകൊണ്ടുവന്ന ഉറുമി ചുരുട്ടി തലക്കൽ വച്ചു കിടന്നു.
ഓരോന്നും ആലോചിച്ചു കിടക്കുമ്പോഴാണ് കതകിൽ ആരോ തട്ടുന്നത് കേട്ടത്.
ടോമിച്ചൻ എഴുനേറ്റുപോയി കതകു തുറന്നു.
ശോശാമ്മ ആയിരുന്നു മുറിക്കു മുൻപിൽ. കയ്യിൽ ആവിപറക്കുന്ന ചായഗ്ലാസും. അവർ ചായ ടോമിച്ചന് കൊടുത്തിട്ടു മുറിക്കുള്ളിലേക്ക് കയറി. ടോമിച്ചൻ ബെഡിലിരുന്നു ചായകുടിക്കാൻ തുടങ്ങി.
“ടോമിച്ചാ, ഞാൻ എന്തൊക്കെന്തൊക്കെയോ ദുസ്വപങ്ങൾ രാത്രിയിൽ കാണുന്നു. ഈ വീട്ടിൽ നമ്മളെ കൂടാതെ ആരൊക്കെയോ ഉള്ളത് പോലെ ഒരു തോന്നൽ.മാത്രമല്ല നിന്നെ ആരൊക്കെയോ ചേർന്നു ആക്രമിക്കുന്നതയും നിനക്ക് പിടിച്ചു നിൽക്കാനാവാതെ തളർന്നു വീഴുന്നതുമൊക്കെയാ കാണുന്നത്.എനിക്കൊരു സമാധാനവും ഇല്ല, നീ സൂക്ഷിക്കണം ടോമിച്ചാ നമുക്ക് ആ കുട്ടിക്കാനത്തെ ചെറിയ വീട്ടിലുള്ള ജീവിതം മതിയടാ,”
ശോശാമ്മ സങ്കടപെട്ടു.
“ജെസ്സി കൊച്ചിന്റെ കല്യാണം നല്ലൊരു ചെറുക്കനെ കണ്ടുപിടിച്ചു നടത്തിയാൽ അതുങ്ങള് സന്തോഷത്തോടെ ഇവിടെ ജീവിച്ചോളും,അവൾക്കൊരു ജീവിതവുമായി, തുണയുമായി. നമുക്ക് തിരിച്ചു പോവുകയും ചെയ്യാം “
ടോമിച്ചൻ കുടിച്ചു കഴിഞ്ഞ ചായഗ്ലാസ് മേടിച്ചുകൊണ്ട് പറഞ്ഞു.
“അവളോട് ഇതിനെക്കുറിച്ചു ചോദിച്ചോ ?അവളുടെ അഭിപ്രായം എന്താ “
ടോമിച്ചൻ ശോശാമ്മയെ നോക്കി.
“ഞാൻ കല്യാണത്തെ കുറിച്ച് ഒന്ന് രണ്ടു തവണ സൂചിപ്പിച്ചിരുന്നു. അപ്പോഴൊക്കെ അവള് പറയുകയാ അമ്മച്ചിയും ടോമിച്ചനും ഉണ്ടല്ലോ? അത് മതി, ബാക്കി ഒക്കെ പിന്നീട് ആലോചിക്കാമെന്ന്, നഴ്സിംഗ് പൂർത്തിയാക്കി ഒരു ജോലി ഒക്കെ കിട്ടട്ടെ എന്ന്, അവളുടെ മനസ്സിൽ എന്തൊക്കെയോ പ്ലാൻ ഉണ്ട്, ഒന്നും തുറന്ന് പറയുന്നില്ല “
ശോശാമ്മ ഗ്ലാസുമായി എഴുനേറ്റു.
“നീ കൂടി അവളോട് ഒന്ന് പറഞ്ഞു മനസ്സിലാക്ക്, അവൾക്കൊരു കുടുംബമാക്കി കൊടുത്താൽ നമുക്ക് സമാധാനമായി തിരിച്ചു പോകാം. അവൾക്കു നമ്മളെന്നു വച്ചാൽ ജീവനാ, അതിന്റെ ലോകം ഇപ്പോൾ നമ്മൾക്ക് ചുറ്റുമാ, നീ പറഞ്ഞാൽ അവൾ കേൾക്കും. പറഞ്ഞു മനസ്സിലാക്കി കൊടുക്ക് “
ശോശാമ്മ പുറത്തേക്കു അ കഴിഞ്ഞു എല്ലാവരും നേരത്തെത്തന്നെ അവരവരുടെ മുറിയിലേക്ക് പോയി. ജെസ്സിയും ശോശാമ്മയും അടുക്കളയിലെ പണികൾ തീർത്തു ഒൻപതരയോടെ അവരുടെ മുറിലേക്ക് പോയി.
ടോമിച്ചൻ എല്ലാവരും കിടന്നു എന്ന് ബോധ്യമായപ്പോൾ ഉറൂമിയും എടുത്തു മുറിക്കു പുറത്തിറങ്ങി. താഴത്തെ നിലയിലേക്കിറങ്ങി, പ്രധാന വാതിൽ തുറന്ന് മുറ്റത്തിറങ്ങി ലോറിയുടെ സമീപത്തേക്ക് നടന്നു.
ലോറിയുടെ ക്യാബിനിൽ കയറി ഇരുന്നു.
അവിടെയിരുന്നാൽ മുറ്റത്തു നിൽക്കുന്ന മാവും ടെറസും മുകളിലേക്കു പോകുന്ന പൈപ്പ് ലൈനുകളും വ്യെക്തമായി കാണാം. ആരെങ്കിലും ആ ഭാഗത്തെത്തിയാൽ തന്നെ ഇറങ്ങി ചെല്ലാനും എളുപ്പമാണ്.സമയം കടന്നു പോയികൊണ്ടിരുന്നു. ആരും വന്നില്ല. ടെറസ്സിലേക്ക് നോക്കി.ഇന്നലെ ആൾരൂപം കണ്ടയിടത്തു ആരുമില്ല. ചിലപ്പോൾ ഇന്നലെ താൻ കണ്ടു എന്ന് മനസ്സിലാക്കിയതുകൊണ്ട് ഇന്ന് വരുകയില്ലായിരിക്കും.
കണ്ണുകൾ ഉറക്കം വന്ന് അടഞ്ഞു പോകുന്നപോലെ ടോമിച്ചന് തോന്നി. ഒരു കോട്ടുവായിട്ടു ടോമിച്ചൻ സീറ്റിലേക്ക് ചാരി കിടന്നു. എന്തോ ശബ്‌ദം കേട്ടാണ് ടോമിച്ചൻ കണ്ണുതുറന്നത്, ആരോ ഓടുന്നപോലുള്ള ശബ്‌ദം. ടോമിച്ചൻ ചാടിയെഴുനേറ്റു ടെറസിന്റെ ഭാഗത്തേക്ക് നോക്കി. ഒരാൾ മിന്നായം പോലെ ടെറസ്സിലൂടെ ഓടി മറഞ്ഞോ?
ലോറിയിൽ നിന്നും ഉറുമിയും എടുത്തു വരാന്തയിലേക്ക് നടന്നു. മെല്ലെ കതകുതുറന്നു, അതേ സമയം ശക്തമായ ഒരു ചവിട്ടേറ്റു ടോമിച്ചൻ മുറ്റത്തേക്ക് തെറിച്ചു. വാതിൽക്കൽ തലമൂടിയ ഒരാൾ പ്രത്യക്ഷപെട്ടു. അയാൾ വാതിൽ അകത്തുനിന്നും അടച്ചു കുറ്റിയിട്ടു . ടോമിച്ചൻ ചാടിയെഴുനേറ്റു വാതിലിനു നേരെ കുതിച്ചു. വാതിലിൽ ഇടിക്കുകയും ചവുട്ടുകയും ചെയ്തു കൊണ്ടിരുന്നു.
അകത്തുള്ളയാൾ ശോശാമ്മയെയോ ജെസ്സിയെയോ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു ടോമിച്ചന്റെ ഭയം.കുറച്ച് നേരം ചവുട്ടിയും ഇടിച്ചും തുറക്കാൻ നോക്കിയിട്ട് ടോമിച്ചൻ അടുക്കളഭാഗത്തേക്ക് ഓടി.
അതേസമയം ടെറസിൽ നിന്നും മാവിലൂടെ താഴേക്കു ഊർനിറങ്ങി ആ കറുത്ത വസ്ത്രം ധരിച്ച മനുഷ്യരൂപം മതിലിനു നേരെ കുതിച്ചു. വെട്ടിതിരിഞ്ഞ ടോമിച്ചൻ അയാളുടെ പുറകെ പാഞ്ഞു.വളഞ്ഞും പുളഞ്ഞും ഒരഭ്യാസിയെ പോലെ ഓടുന്ന ആ മനുഷ്യരൂപം ടോമിച്ചന് പിടി കൊടുക്കാതെ മതിലിനു സമീപമെത്തി. മതിൽ ചാടിയതും ടോമിച്ചൻ അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചതും ഒരുപോലെ ആയിരുന്നു. മതിലിനു മറുഭാഗത്തു അയാളും അയാളെ പിടിച്ചു കൊണ്ടു മതിലിനു അകത്ത് ടോമിച്ചനും നിന്നു.
.. …… (തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission