മതില് ചാടിയ ആളിന്റെ കോളറിൽ ആണ് ടോമിച്ചന് പിടുത്തം കിട്ടിയത്.കോളറിൽ പിടിച്ചു പൊക്കി എടുക്കുവാൻ ശ്രെമിക്കുന്നതിന്റെ ഇടയിൽ പുറകിൽ ഒരു കാൽപെരുമാറ്റം കേട്ടു തല തിരിച്ചു നോക്കിയതും മുൻപിൽ നിന്നും ടോമിച്ചന്റെ മുഖമടച്ചു ഒരടി വീണതും ഒരുപോലെ ആയിരുന്നു.അപ്രതീക്ഷിതമായ ആക്രമണത്തിൽ കോളറിൽ നിന്നും പിടിവിട്ട ടോമിച്ചൻ ഒരു വശത്തേക്ക് തെറിച്ചു പോയി.ചാടിയെഴുന്നേൽക്കാൻ നോക്കിയെങ്കിലും തലയ്ക്കു അടികൊണ്ടയിടത്തു ഒരു മരവിപ്പ് പോലെ തോന്നിയത് കൊണ്ടു കഴിഞ്ഞില്ല. എന്നാൽ അപ്പോഴേക്കും അടിച്ചയാളും മതില് ചാടിപോകുന്നത് ടോമിച്ചൻ കണ്ടു.ഇരുട്ടായതിനാൽ മുഖം വ്യെക്തമല്ലായിരുന്നു.
തലയിടെ മരവിപ്പ് മാറാൻ കുറച്ച് സമയമെടുത്തു.
എഴുനേറ്റു മതിലിനടുത്തേക്ക് ചെന്നു. അപ്പോഴേക്കും ആ രണ്ടുപേർ കടന്നു കളഞ്ഞിരുന്നു.
ടോമിച്ചൻ തിരിച്ചു വീടിന് നേർക്കു നടന്നു.
പെട്ടന്ന് പുറത്തെ ലൈറ്റ് തെളിഞ്ഞു.
അൽപ്പസമയത്തിനുള്ളിൽ വാതിൽ തുറന്ന് ജെസ്സി അഴിഞ്ഞു കിടന്ന മുടി വാരി ചുറ്റിക്കട്ടി കൊണ്ടു പുറത്തേക്കു വന്നു.
വിയർത്തു കുളിച്ചു കയറി വരുന്ന ടോമിച്ചനെ കണ്ടു ജെസ്സി ആശ്ചാര്യത്തോടെ നോക്കി.
“നിങ്ങളീ പാതിരാത്രിയിൽ എവിടെ പോയതാ, വല്ലാതെ വിയർത്തു കുളിച്ചിരിക്കുന്നു, ദേ തലയിൽ നിന്നും ചോരയൊലിക്കുന്നു. ഇതെന്തു പറ്റിയതാ, പുറത്തു നിന്ന് കതകിൽ ആരോ ചവുട്ടുകയും ഇടിക്കുകയും ചെയ്യുന്ന ഒച്ച കേട്ടാ വന്നത്, “
ജെസ്സി ടോമിച്ചനോട് വെപ്രാളത്തിൽ ഒറ്റശ്വാസത്തിൽ ചോദിച്ചു.
“നീ നിർത്തി നിർത്തി ചോദിക്ക്, എങ്കിലല്ലേ എനിക്ക് പറയാൻ പറ്റൂ.ഒരു കൊമ്പനാനയെ ഓടിച്ചിട്ട് പിടിക്കാൻ നോക്കിയതാ, അത് തുമ്പികയ്യിൽ എന്നെ വാരിയെടുത്തു നിലത്തടിച്ചിട്ടു ഓടിപ്പോയി”
ടോമിച്ചൻ നിസാരമായി പറഞ്ഞു കൊണ്ടു സിറ്റൗട്ടിൽ കിടന്ന കസേരയിലേക്കിരുന്നു.
“ഇടികൊണ്ട് പഞ്ചറായിട്ടും വാചകമടിക്കു കുറവൊന്നുമില്ല, കൊമ്പനാനയെ പിടിക്കാൻ പോയി പോലും!മുറിവിൽ നിന്നും ചോരയൊലിക്കുന്നുണ്ട് ആ മുറിവൊന്നു മരുന്നുവച്ചു കെട്ടിവയ്ക്കാം, ഞാൻ പോയി മരുന്നും ഡ്രസ്സ് ചെയ്യാനുള്ള ബന്റേജും എടുത്തുകൊണ്ടു വരാം, ഇല്ലെങ്കിൽ നാളെ നീരുവച്ചു വീങ്ങി ഒട്ടക പക്ഷിയുടെ മൊട്ട പോലെയിരിക്കും ഈ മോന്ത ,ഞാൻ പോയിട്ട് വരുന്നത് വരെ ഓടിച്ച കൊമ്പനാന തിരിച്ചു വരാതെ നോക്കിക്കോ, വീരശൂര പരാക്രമി ടോമിച്ചാണനെനൊന്നും ആന നോക്കതില്ല, എടുത്തിട്ടു അലക്കിയിട്ടു പോകും “
ജെസ്സി വേഗം അകത്തേക്ക് പോയി, മരുന്നും പഞ്ഞിയും ബന്റേജും ആയി തിരിച്ചു വന്നു.
“ശോശാമ്മച്ചി നല്ല ഉറക്കമാ, പാവം ഒന്നുമറിഞ്ഞിട്ടില്ല,വിളിച്ചെഴുനേൽപ്പിച്ചാൽ പിന്നെ കരച്ചിലാകും, അമ്മച്ചിയുടെ ലോകം തന്നെ നിങ്ങള, അടുത്ത ജന്മത്തിലും എനിക്കെന്റെ ടോമിച്ചന്റെ അമ്മയായി ജീവിച്ച മതിയെന്ന് അമ്മച്ചി എപ്പോഴും പറയും, അത്രക്ക് ജീവനാ നിങ്ങളെ, അപ്പോ നിങ്ങളെ ഇങ്ങനെ കണ്ടാൽ അമ്മച്ചിക്ക് സഹിക്കുമോ “
ജെസ്സി പറഞ്ഞുകൊണ്ട് കൊണ്ടുവന്ന സാധനങ്ങൾ ടീപോയിൽ വച്ചു.
“നീ ഒട്ടകപക്ഷിയുടെ മൊട്ട കണ്ടിട്ടുണ്ടോ”
ടോമിച്ചൻ തലതിരിച്ചു ജെസ്സിയെ നോക്കി.
“ആനക്കാര്യം പറയുമ്പോഴാ ചൊറിയുന്ന ചേനക്കാര്യവുമായിട്ട് വരുന്നത്.
പിന്നെ എന്റെ അപ്പന് ഒട്ടകപക്ഷികളുടെ മൊട്ടയുടെ ബിസിനെസ്സ് ഉണ്ടായിരുന്നു. ഞാനാ ഒട്ടകപക്ഷി ഇടുന്ന മൊട്ട മുഴുവൻ പുഴുങ്ങി തിന്നുകൊണ്ടിരുന്നത്,വീട് പണിയുന്ന സമയത്തു തറ കെട്ടാൻ കരിങ്കല്ല് കിട്ടാതെ വന്നപ്പോൾ ഈ മൊട്ടകളാ കല്ലിന് പകരം ഉപയോഗിച്ചത്. വല്ലവന്റെയും ഇടിയും മേടിച്ചു തലയും കീറി, ചോരയൊലിപ്പിച്ചിരിക്കുന്നതും പോരാഞ്ഞിട്ട് ഒട്ടകപക്ഷിയും മൊട്ടയും “
ജെസ്സി പറഞ്ഞു കൊണ്ടു തലയിലെ മുറിവിൽ നിന്നും രക്തം പഞ്ഞിക്കൊണ്ട് തുടച്ചു കളഞ്ഞു.
ഡെറ്റോൾ ഒഴിച്ചു തുടച്ചു, ബീറ്റാഡിൻ ഓയിൽമെന്റ് പുരട്ടി, മുറിവിൽ ബന്റജ് ഒട്ടിച്ചു.
“നീ നഴ്സിംഗ് പഠിക്കുന്നതുകൊണ്ട് ഇങ്ങനെത്തെ ഗുണം ഉണ്ട് “
ടോമിച്ചൻ പറഞ്ഞു കൊണ്ടു ഒരു ബീഡി മടികുത്തിൽ നിന്നും എടുത്തു.
“യീ തല മുറിഞ്ഞിരിക്കുമ്പോൾ ഈ ബീഡികൂടി വലിച്ചു കേറ്റണോ,നിക്കോർട്ടിൻ അകത്തോട്ടു കേറ്റി വിട്ടാൽ മുറിവ് ഉണങ്ങാൻ താമസിക്കും. ഇനി വലിച്ചെ തീരു എന്നുണ്ടെങ്കിൽ ഒരു എട്ടു പത്തു ബീഡി ഒരുമിച്ചു കെട്ടി വച്ചു ആഞ്ഞു വലിക്ക്, ഓട് കമ്പനിയുടെ പുകകുഴലിൽ കൂടി പുക പോകുന്നപോലെ നിങ്ങടെ മൂക്കിൽ കൂടിയും വായിൽ കൂടിയും പുക പോകണം. അല്ലാതെ ഒരെണ്ണം വലിച്ചിട്ടു കാര്യമില്ല, ബാക്കി ഉണ്ടെങ്കിൽ ഒരെണ്ണം എനിക്കും താ, ഞാനും വലിക്കാം “
പറഞ്ഞിട്ട് ജെസ്സി ടോമിച്ചന്റെ കയ്യിലിരുന്ന ബീഡിക്കിട്ട് ഒരു തട്ട് കൊടുത്തു.ബീഡി ടോമിച്ചന്റെ കയ്യിൽ നിന്നും തെറിച്ചു മുറ്റത്തുപോയി.
“പോയികിടന്നു ഉറങ്ങാൻ നോക്ക്,മൂങ്ങയെ പോലെ ഇവിടെ വന്നിരിക്കാതെ. എനിക്കുറക്കം വരുന്നു. നാളെ നഴ്സിംഗ് ക്ലാസ്സിൽ പോകേണ്ടതാ എനിക്ക് “
ജെസ്സി അകത്തേക്ക് പോകുവാൻ തിരിഞ്ഞിട്ട് ടോമിച്ചനെ നോക്കി.
“എന്താ പോയികിടന്നു ഉറങ്ങുന്നില്ലേ, അതോ ഇവിടെയിരുന്നു നേരം വെളിപ്പിച്ചോളാമെന്നു അർത്തുംകൽ പുണ്യാളച്ചന് നേർച്ച വല്ലതും നേർന്നിട്ടുണ്ടോ?”
ജെസ്സിയുടെ ചോദ്യം കേട്ടു ടോമിച്ചൻ അർത്ഥഗർഭമായി ഒന്ന് നോക്കി.
“നീ യഥാർത്ഥത്തിൽ നല്ലൊരു നടിയാ കേട്ടോ, ഇപ്പോൾ ഇവിടെ നടന്നതെല്ലാം നിനക്കറിയില്ലേ, അതോ ഉറക്കത്തിൽ നിന്നും ബുദ്ധോദയം ഉണ്ടായി വന്നതാണോ ഇപ്പോൾ. ഇന്നലെ രാത്രിയിൽ മുകൾ നിലയിലെ ബാൽക്കണിയിൽ ഞാനൊരു അപരിചിതനെ കണ്ടു. പക്ഷെ ഞാൻ മുകളിൽ എത്തുന്ന സമയം കൊണ്ടു രക്ഷപെട്ടു. ഇന്നും വന്നു, ഒരാളല്ല രണ്ടുപേർ. ഒരുത്തനെ എന്റെ കയ്യിൽ കിട്ടിയതാ, പക്ഷെ കൂടെവന്നവൻ എന്നെ പുറകിൽ നിന്നും തല്ലി കടന്നു കളഞ്ഞു. ഈ വീട്ടിൽ നടക്കുന്ന ഈ സംഭവങ്ങളിൽ നിന്റെ പങ്കെന്താ? അത് പറ.എന്തിനു വേണ്ടിയാ ഇതൊക്കെ “
ടോമിച്ചൻ കസേരയിൽ നിന്നും എഴുനേറ്റു.
“എനിക്കൊറക്കം വരത്തില്ല ഇവിടെ കിടന്നാൽ, കാരണം ടോമിച്ചന് ആ കുട്ടിക്കാനത്തെ വീടിന്റെ തിണ്ണയിൽ കിടന്നാലേ ഉറക്കം വരൂ. എന്റെ അപ്പനും സ്ഥിരമായി കിടന്നുറങ്ങിയിരുന്നത് അവിടെയാ. എന്നിട്ടും ഈ വീർപ്പുമുട്ടലിൽ ടോമിച്ചൻ വന്നുകിടക്കുന്നത്, നിനക്ക് നഷ്ടപെട്ടതെല്ലാം തിരിച്ചു മേടിച്ചുതന്ന് സുരക്ഷിത ആക്കിയിട്ടു പോകാൻ വേണ്ടിയാ. ടോമിച്ചൻ ഒന്നുമില്ലാത്തനാ, കുടിയനാ, കഠിനഹൃദയന, പക്ഷെ വിശ്വാസവഞ്ചന കാണിക്കത്തില്ല, എന്റെ അപ്പനും അങ്ങനെ ആയിരുന്നു.”
ടോമിച്ചൻ പറഞ്ഞിട്ട് വീടിനുള്ളിലേക്ക് കയറി മുകളിലെ മുറിയിലേക്ക് പോയി.
ജെസ്സി ഒരു നിമിഷം മിണ്ടാതെ നിന്നു.
പിന്നെ വാതിലടച്ചു താൻ കിടക്കുന്ന റൂമിലേക്ക് പോയി..
*******************************************
രാവിലെ മുറ്റത്തു ഏതോ വാഹനത്തിന്റെ ശബ്‌ദം കേട്ടാണ് മുറിക്കുള്ളിൽ നിന്ന സെലിൻ വീടിന്റെ പുറത്തേക്കു വന്നത്.
പോർച്ചിൽ വന്നു നിന്ന ഹോണ്ട സിറ്റി കാറിൽ നിന്നും ഇറങ്ങി വരുന്ന ആളുകളെ കണ്ടു സെലിൻ അമ്പരന്നു പോയി.
ഉപ്പുതറ കാർലോസും എൽസിയും…
ഡാഡിയെയും മമ്മിയെയും പെട്ടന്ന് മുൻപിൽ കണ്ട സെലിൻ ആഹ്ലാദത്തിൽ ഓടി പോയി എൽസിയെ കെട്ടിപിടിച്ചു. എൽസിയും മകളെ വാരിപ്പുണർന്നു. ഒരുപാടു നാളുകൾക്കു ശേഷമുള്ള സമാഗമം.രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു.
അപ്പോഴേക്കും വക്കച്ചൻ പുറത്തേക്കു വന്നു.
തൊട്ടുമുൻപിൽ ഉപ്പുതറ കാർലോസിനെ കണ്ട അയാൾ ഒന്ന് ശങ്കിച്ചു. ശത്രു ഗണത്തിൽ പെട്ടയാൾ ആണ് നിൽക്കുന്നതെന്ന ഓർമ്മ ഒരു നിമിഷം വക്കച്ചന്റെ മനസ്സിലൂടെ കടന്നു പോയി.
“വക്കച്ചനെന്താ ഞങ്ങളെ കണ്ടു മിഴിച്ചു നിൽക്കുന്നത്, ശത്രുക്കൾ ആയിട്ടല്ല, മറിച്ചു ബന്ധുക്കളായിട്ട ഇപ്പോൾ ഇങ്ങോട്ട് വന്നിരിക്കുന്നത്. ഞങ്ങളെ അകത്തേക്ക് ക്ഷണിക്കുന്നില്ലേ?”
കാർലോസിന്റെ ചോദ്യം കേട്ടു വക്കച്ചൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
“കേറി വാ, അതിന് പ്രേത്യേകിച്ചു പറയണോ, ബന്ധു വീടല്ലയോ “
വർക്കിച്ചൻ പറഞ്ഞുകൊണ്ട് അവരെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.
” എന്റെ മോന്റെ അമ്മായിയപ്പനും അമ്മായിയമ്മയും അല്ലേ നിങ്ങളിപ്പോൾ, ആ സ്ഥിതിക്കു ഞാൻ പ്രേത്യേകം ക്ഷണിക്കണോ, ഇന്നലെയും സെലിനമോളോട് ഞാൻ നിങ്ങളോട് ഇങ്ങോട്ട് വരാൻ പറയാൻ പറഞ്ഞതേയുള്ളു. വാ ഇരിക്ക് “
കാർലോസിനോട് സോഫ ചൂണ്ടി വക്കച്ചൻ പറഞ്ഞു.
അപ്പോഴേക്കും സ്റ്റൈർകേസ് ഇറങ്ങി റോണി താഴേക്കു വന്നിരുന്നു.കാർലോസിനെ കണ്ടു റോണി ഒന്ന് പരുങ്ങി.
“ഇതാണ് നിങ്ങളുടെ മരുമകൻ, എന്റെ മകൻ റോണി, ശരിക്കും കണ്ടോണം മകളുടെ ഭർത്താവിനെ “
റോണിയെ ചൂണ്ടി കാർലോസിനോടും എൽസിയോടും ആയി വക്കച്ചൻ പറഞ്ഞു.
കാർലോസ് റോണിയെ നോക്കി ചിരിച്ചു. ഒപ്പം എൽസിയും. റോണിക്ക് അവരെ ഫേസ് ചെയ്യാൻ വൈക്ലെബിയം തോന്നി.
“നിങ്ങൾ അടുക്കളയിലോട്ടു ചെന്നു കുടിക്കാൻ എന്തെങ്കിലും എടുക്ക്, പെണ്ണുങ്ങൾക്ക് കുറച്ച് പരദൂക്ഷണം ഒക്കെ പറയാൻ പറ്റിയ സ്ഥലം അടുക്കളയാ “
വക്കച്ചൻ പറഞ്ഞത് കേട്ട് കാർലോസ് ചിരിച്ചു. സെലീന എൽസിയെയും കൊണ്ടു അടുക്കളയിലേക്ക് ചെന്നു. എൽസിയെ കണ്ട മാത്രയിൽ മോളികുട്ടി വന്നു കയ്യിൽ പിടിച്ചു കുശലാന്വേഷണങ്ങൾ നടത്തി അടുത്ത് കിടന്ന കസേരയിൽ ഇരുത്തി.
“ഇപ്പോഴെങ്കിലും ഇങ്ങോട്ട് വരാൻ നിങ്ങൾക്ക് തോന്നിയല്ലോ, നിങ്ങളിങ്ങോട്ടു വരാത്തതിന്റെയും കാണാത്തതിന്റെയും സങ്കടം സെലിനമോളുടെ മുഖത്തെപ്പോഴും ഉണ്ടായിരുന്നു. ഇപ്പൊ അത് മാറി അല്ലേ മോളേ “
മോളികുട്ടി എൽസിയോട് പറഞ്ഞിട്ട് സെലിനയെ സ്നേഹപൂർവ്വം നോക്കി.
“ഇപ്പോഴാ എല്ലാമൊന്നു ശരിയായത്, ഒരു ദിവസം വീട്ടുകാരെ ഉപേക്ഷിച്ചു ഇങ്ങോട്ട് ചാടിപോന്നതല്ലേ, അതിന്റെ ഒരു വിഷമം അവിടെയുള്ളവർക്ക് ഉണ്ടായിരുന്നു.എന്തായാലും ഞങ്ങടെ ഒരേ ഒരു മോളല്ലേ, എന്ത് ചെയ്താലും തള്ളി കളയാൻ പറ്റുമോ,കാക്കക്കും തൻകുഞ് പൊൻകുഞ് അല്ലേ, ഇവിടെ വന്നപ്പോൾ അവൾ സന്തോഷമായിട്ടിരിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു, സത്യം “
എൽസി കണ്ണീർ പൊടിഞ്ഞ തന്റെ കണ്ണുകൾ സാരിയുടെ തുമ്പുകൊണ്ടു തുടച്ചു.
അപ്പോഴേക്കും വേലക്കാരി ശാന്ത ഏലക്ക ചായ തയ്യാറാക്കി കഴിഞ്ഞിരുന്നു.
“സെലീന മോളേ, ചായ കൊണ്ടുപോയി ഡാഡിക്കു കൊടുക്ക് “
മോളികുട്ടി പറഞ്ഞത് കേട്ട് സെലിന ട്രേയിൽ രണ്ടു കപ്പെടുത്തു ചായയുമായി ഹാളിലേക്ക് ചെന്നു.
“കാർലോസെ, സെലിനകൊച്ചിനെ എന്റെ മോനു കിട്ടിയത് അവന്റെ ഭാഗ്യമായിട്ട ഞാൻ കാണുന്നത്. പിന്നെ പിള്ളേര് ഇങ്ങനെ ഒരു പണി ഒപ്പിച്ചത് കൊണ്ടു നമ്മള് തമ്മിലുള്ള പിണക്കവും മാറി. ഇ ഇടുക്കിയിൽ ഉള്ളവർ തമ്മിൽ വഴക്കിട്ടാൽ, പുറത്തുനിന്നു വരുന്നവർ നമ്മുക്കിട്ടു കേറി പണിതിട്ടു പോകും, അതാ മുല്ലപെരിയറിന്റെ കാര്യത്തിൽ പോലും നടന്നത്. ഒരുമയില്ല, തമിഴന്മാർക്കോ മുടിഞ്ഞ വർഗ്ഗസ്നേഹവും “
വക്കച്ചൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സെലീന ചായയുമായി വന്നു.
“കാർലോസ്, ചായ കുടിക്കു “
വക്കച്ചൻ പറഞ്ഞുകൊണ്ട് ചായക്കപ്പ് എടുത്തു കാർലോസിനു നേരെ നീട്ടി.ഒരു കപ്പ് വക്കച്ചനും എടുത്തു.
ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്ന റോണിക്ക് സെലീന ചായ കൊടുത്തു കൊണ്ടു പറഞ്ഞു.
“ഡാഡിയോടും മമ്മിയോടും പോയി സംസാരിക്ക്, എന്നെ കാണാൻ വേണ്ടി മാത്രമല്ല റോണിച്ചനെ കാണാൻ കൂടി വന്നതല്ലേ,”
“എന്റെ ചമ്മലൊന്നു പോയിട്ട് സംസാരിക്കാം, നീ പൊക്കോ “
റോണി ചിരിച്ചു കൊണ്ടു സെലിനയുടെ കവിളിൽ ഒരു നുള്ള് കൊടുത്തു.
“തൊട്ടപ്പുറത്തു അപ്പനും അമ്മായിയപ്പനും ഇരുപ്പുണ്ടെന്ന കാര്യം മറക്കണ്ട, കണ്ട്രോൾ യുവർ സെൽഫ്,”
ഒച്ച താഴ്ത്തി പറഞ്ഞിട്ട് സെലീന ചായ ട്രെയുമായി അടുക്കളയിലേക്ക് പോയി.
“എന്താ റോണിച്ചായാ ഭാര്യയും ഭർത്താവും തമ്മിൽ ഇവിടെ വച്ചൊരു രഹസ്യം പറച്ചിൽ “
അവിടേക്കു വന്ന മെറിൻ റോണിയോട് ചിരിച്ചുകൊണ്ട് ചോദിച്ചു.
“അതൊക്കെ അറിയേണ്ട പ്രായം നിനക്കായിട്ടില്ല, ആകുമ്പോൾ പറയാം, പോടീ അപ്പുറത്ത് “
റോണി ദേഷ്യപ്പെട്ടു.
“ഇതാണോ വക്കച്ചന്റെ മോള് “
മെറിനെ കണ്ടു കാർലോസ് വക്കച്ചനോട് ചോദിച്ചു.
“ഇവളാണ് റോണിയുടെ നേരെ ഇളയവൾ മെറിൻ, പഠിച്ചു കൊണ്ടിരിക്കുവാ.കൂടാതെ എൻട്രൻസ് കോച്ചിങ്ങിനും പോകുന്നുണ്ട്. ഒരു ഡോക്ടർ ആക്കണമെന്ന പ്ലാൻ “
വക്കച്ചൻ കയ്യിലിരുന്ന ചായകുടിച്ചുകൊണ്ട് പറഞ്ഞു.
“കാർലോസിന്റെ ആൺമക്കൾ രണ്ടുപേരും വരാത്തതെന്താ “?
വക്കച്ചൻ കാർലോസിനെ നോക്കി.
“ജോമിയെ നെടുംകണ്ടത്തിനും ഫ്രാൻസിയെ കട്ടപ്പനക്കും പറഞ്ഞു വീട്ടിരിക്കുവാ, അവിടെ രണ്ടുമൂന്ന് ഷാപ്പിന്റെ ലേലത്തിനുള്ള കാര്യങ്ങൾ നോക്കാൻ,പിന്നെ കട്ടപ്പനയിൽ ഒരു ബാറും ഉണ്ട്, അതൊക്കെ ഇനി അവന്മാര് നോക്കട്ടെ എന്ന് വച്ചു, എനിക്ക് വയസ്സായി വരികയല്ലോ “
കാർലോസ് പറഞ്ഞു കൊണ്ടു സോഫയിൽ ചാരി ഇരുന്നു.
“മോളേ ഇ ഗ്ലാസുകൾ എടുത്തുകൊണ്ടു അടുക്കളയിൽ കൊടുക്ക് “
വക്കച്ചന്റെ നിർദേശം കിട്ടിയതും ഒഴിഞ്ഞ ചായക്കപ്പുകൾ എടുത്തുകൊണ്ടു മെറിൻ അകത്തേക്ക് പോയി.
കുശലന്വേഷണത്തിനും ഉച്ചയൂണിനും ശേഷം പോകാനിറങ്ങിയപ്പോൾ കാർലോസ് വക്കച്ചനോട് പറഞ്ഞു.
“വക്കച്ച, ഞങ്ങള് വന്നത് റോണിയെയും സെലിനെയും അങ്ങോട്ട് ക്ഷെണിക്കാനാ,ഒളിച്ചോട്ടമാണെങ്കിലും പള്ളിയിൽ കൊണ്ടുവച്ചു ആചാരപ്രേകാരം എന്തെങ്കിലും ചെയ്യണ്ടേ, അതുകൂടി ഒന്ന് ആലോചിക്കണം.പിന്നെ ഇവരുടെ കൂടെ നിങ്ങളും വന്നേക്കണം .”
അതുകേട്ടു വക്കച്ചൻ തലകുലുക്കി.
പോകുന്നതിനു മുൻപ് എൽസി സെലിനടുത്തു വന്നു ചേർത്തു പിടിച്ചു.
“പോട്ടെ മോളേ, “
പറഞ്ഞുകൊണ്ട് സെലിന്റെ നെറുകയിൽ ഒരുമ്മകൊടുത്തിട്ടു കാറിൽ കയറി.
എല്ലാവരെയും നോക്കി യാത്രപറഞ്ഞു കാർലോസും കാറിൽ കയറി.
ഗേറ്റ് കടന്നു കാർ അകന്നുപോകുന്നതും നോക്കി അവർ നിന്നു.
മുറിയിലെത്തിയ റോണി കൂടെ വന്ന സെലിനെ നോക്കി
“സതോഷമായില്ലേ നിനക്ക്, എനിക്കും മനസ്സിൽ ഉരുണ്ടു കൂടി കിടന്ന കാർമേഘങ്ങൾ പെയ്തൊഴിഞ്ഞു പോയപോലെ ഒരു സുഖം “
റോണി പറഞ്ഞു.
“എനിക്കും അങ്ങനെ തന്നെയാ റോണിച്ച, ഇപ്പോഴാ മനസ്സ് നിറഞ്ഞത്, ശതൃക്കൾ ആയിരുന്നവർ നമ്മുടെ ഒളിച്ചോട്ടം കൊണ്ടു മിത്രങ്ങളായല്ലോ. കർത്താവിനു നന്ദി, പിന്നെ ഒളിച്ചോട്ടവും ആദ്യരാത്രിയും കഴിഞ്ഞു എന്ത് മനസമ്മതം, അതൊന്നും വേണ്ട,ഞാൻ അടുക്കളയിലോട്ടു ചെല്ലട്ടെ, ഒരു പാട് പണി കിടപ്പുണ്ട് “
റോണിയോട് പറഞ്ഞിട്ട് സെലിൻ മുറിക്കു പുറത്തേക്കു നടക്കാൻ തുടങ്ങി.
“ഇവിടെ വാടി.. ഇപ്പൊ അടുക്കളയിലേക്ക് ഓടിയിട്ടു എന്ത് മലമറിക്കാനാ “
പറഞ്ഞിട്ട് സെലിന്റെ കയ്യിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തു നിർത്തി.കവിളിൽ ഒരുമ്മ കൊടുത്തു.
ആ സമയത്തു അങ്ങോട്ട് കയറി വന്ന മെറിൻ പെട്ടന്ന് തിരിച്ചു നടക്കാൻ തുടങ്ങിയതു കണ്ടു റോണി ചോദിച്ചു.
“എന്ത് പറയാനാടി വന്നത് ഇപ്പോൾ, ഭർത്താവും ഭാര്യയും ഒരുമിച്ചിരിക്കുന്ന മുറിയിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വരരുതെന്നു അറിയില്ലേ നിനക്ക്.”
“ഞാനെന്താ ഗണിച്ചറിയാണോ ഇവിടെ ഇപ്പോൾ ഇങ്ങനെ ആണെന്ന്, മുറിയുടെ കതകു തുറന്നിട്ടു ആണോ പട്ടാപകൽ ഭർത്താവിന്റെയും ഭാര്യയുടെയും കെട്ടിപ്പിടുത്തവും ഉമ്മവയ്പ്പും. ഇതൊക്കെ പരസ്യമായി നടത്തരുതെന്നു റോണിച്ചായനും അറിയില്ലേ,അതോ ഇതൊക്കെ ഞാൻ പറഞ്ഞു തരണോ “
മെറിൻ ചിരിയോടെ മറുപടി കൊടുത്തു.
“പോടീ അവിടുന്ന്, ഞാനെന്റെ കെട്ട്യോളയാ കെട്ടിപിടിച്ചത്, അല്ലാതെ വഴിയേ പോയ എതെങ്കിലും പെണ്ണുങ്ങളെ അല്ല.”
റോണി മേറിനു നേരെ കയ്യോങ്ങി.
“വാ മെറിനെ താഴേക്കു പോയേക്കാം…ഇവിടെ നിന്നാൽ ശരിയാകതില്ല “
പറഞ്ഞിട്ട് റോണിയെ ഒന്ന് നോക്കി ചിരിച്ചിട്ട് സെലിൻ മെറിന്റെ കൈപിടിച്ച് കൊണ്ടു താഴേക്കു നടന്നു.
മഴക്കാറ് വന്നു മൂടിയത് കൊണ്ടു വീടിന് മുകളിൽ നനച്ചിട്ടിരുന്ന തുണികൾ പെറുക്കി ജെസ്സി മുറിക്കുള്ളിൽ കൊണ്ടിട്ടു.മോട്ടോർ കേടായതു കൊണ്ടു വെള്ളമെടുക്കാൻ ബക്കറ്റുമായി കിണറിന്റെ സമീപത്തേക്ക് പോയി.ടോമിച്ചൻ അപ്പോഴാണ് പുറത്തേക്കു പോകാനായി വന്നത്.
“എവിടെക്കാ ഇത്ര തൃതി പിടിച്ചു പോകുന്നത് “
വെള്ളം കോരികൊണ്ടു നിന്ന ജെസ്സി ചോദിച്ചു.
“ആണുങ്ങൾ ആണെങ്കിൽ പലയിടത്തും പോകും.അതെല്ലാം പെണ്ണുങ്ങളെ ബോധിപ്പിക്കണമെന്ന് എവിടെയെങ്കിലും എഴുതിയ വച്ചിട്ടുണ്ടോ?”
ടോമിച്ചൻ ജെസ്സിയെ നോക്കി.
“എന്നോടെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്. നിങ്ങള് എന്നെ തെറ്റിദ്ധരിച്ചതാ. എന്റെ മരിച്ചു പോയ പപ്പയും മമ്മിയുമാണെങ്കിൽ സത്യം, ഇന്നലെ രാത്രിയിൽ ഇവിടെ വന്നുവെന്നു നിങ്ങൾ പറയുന്ന ആളുകളുമായി എനിക്കൊരു ബന്ധവുമില്ല, അവരരാണെന്നുപോലും എനിക്കറിയത്തില്ല. ഇനി ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ തന്നെ അതെന്നെ തട്ടാനായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്റെ ജീവനല്ലേ എല്ലാവർക്കും വേണ്ടത്. ചോദിക്കാനും പറയാനും ആരുമില്ലാത്തവളാകുമ്പോൾ അവരുടെ ഉദ്ദേശം എളുപ്പത്തിൽ നടക്കുകയും ചെയ്യും.”
ജെസ്സി പറഞ്ഞിട്ട് വെള്ളം കോരാൻ തുടങ്ങി.
“എന്നിട്ട് ഇന്നലെ ഞാൻ ചോദിച്ചപ്പോൾ മിണ്ടാതെ നിന്നത് നിന്റെ വായിക്കകത്തു പഴം കുത്തികേറ്റി വച്ചിരുന്നത് കൊണ്ടാണോ “
ടോമിച്ചൻ തോളിൽ കിടന്ന തോർത്തെടുത്തു കുടഞ്ഞു കൊണ്ടു കലിപ്പോടെ ചോദിച്ചു.
“പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ലന്ന് കരുതിയിട്ട ഒന്നും മിണ്ടാതിരുന്നത്.അതും കുഴപ്പമായോ “?
ജെസ്സി ചിരിയോടെ ടോമിച്ചനെ നോക്കി.
“ഞാൻ വെറുതെ ചോദിച്ചതാ, ആ നേരത്തു അങ്ങനെ തോന്നി, അതുകൊണ്ട് പറഞ്ഞു, അത്രതന്നെ, മനസ്സിൽ തോന്നുന്ന കാര്യം തുറന്നങ്ങു മുഖത്തു നോക്കി പറയും, എന്റെ സ്വഭാവം അങ്ങനെ ആയിപോയി.”
ടോമിച്ചൻ പറഞ്ഞിട്ട് മുൻപോട്ടു നടക്കാൻ തുടങ്ങി.
“മനസ്സിൽ തോന്നുന്ന കാര്യം മുഖത്തു നോക്കി പറയുന്ന ആളാണെങ്കിൽ എന്റെ മുഖത്തു നോക്കി പറ, ജെസ്സി നിന്നെ എനിക്കിഷ്ടമാണ്, ഞാൻ കെട്ടിക്കോളാം,പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന്. അത് മാത്രമെന്താ പറയാൻ ഇത്ര മടി, നിങ്ങടെ അത്ര സൗന്ദര്യം എനിക്കില്ലായിരിക്കും, എന്നാലും അത്യാവശ്യ സൗന്ദര്യം ഒക്കെ എനിക്കുണ്ടന്നാണ് എന്റെ വിശ്വാസം. ഒന്നും പ്രതീക്ഷിക്കാതെ നിങ്ങളെ ജീവനുതുല്യം സ്നേഹിക്കാനുള്ള ഒരു മനസ്സ് എനിക്കുണ്ട്.അത്രക്ക് ഇഷ്ടപ്പെട്ടു പോയി, നഷ്ടപ്പെടുത്താൻ എനിക്കാവില്ല, ഒരു പെണ്ണിന്റെ മനസ്സിൽ ഒരാളോട് ഇഷ്ടം തോന്നിയാൽ പിന്നെ അവിടുന്ന് അത് പറിച്ചു മാറ്റാൻ സാധിക്കതില്ല, പിന്നെ നാളെ വാലന്റൈൻസ്‌ഡേ ആണ്.”
ജെസ്സി പറയുന്നത് കേട്ട് ടോമിച്ചൻ തിരിഞ്ഞു നിന്നു.
“വാലന്റൈൻസ്‌ഡേയോ, അതെന്തു ഡേ”
“അതുപോലും അറിയതില്ലാതെയാണോ ആളും കളിച്ചു നടക്കുന്നത്, ഇതുപോലെ പോത്തിന്റെ സ്വഭാവവും കൊണ്ടുനടക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല, അതൊക്കെ നല്ല മനസ്സും സ്നേഹവും, പ്രണയവും ഒക്കെയുള്ളവരോട് പറഞ്ഞാലേ മനസിലാകത്തൊള്ളൂ “
ജെസ്സി ഒളിക്കണ്ണിട്ടു ടോമിച്ചനെ നോക്കി.
“അപ്പോ ഇതൊന്നും എനിക്കില്ലന്ന് നിനക്ക് മനസിലായില്ലേ, അപ്പോ പിന്നെ എന്നോട് ആ വാലനെ കുറിച്ച് പറഞ്ഞിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല.”
ടോമിച്ചൻ മുണ്ടെടുത്തു മടക്കി കുത്തി.
“എന്നാലും കേട്ടോ പ്രണയിനികൾക്ക് വേണ്ടി ജീവൻ ബലി കൊടുത്ത ഒരാളുടെ ഓർമ്മദിനമാണ് വാലന്റൈൻസ്‌ഡേ. പ്രണയദിനം. മനസ്സിലായോ “?
ജെസ്സി പറഞ്ഞപ്പോൾ ടോമിച്ചൻ തലകുലുക്കി.
“ഇപ്പോൾ മനസ്സിലായി,പീഡിപ്പിക്കുന്നവർക്കും ബലാതസംഗം ചെയ്യുന്നവർക്ക്, കള്ളനും കൊലപാതകികൾക്കും ഓരോ ദിവസം ആഘോഷിക്കണം.സായിപ്പ് ഛർദിച്ചു ലോകത്തേക്ക് വാരിയെറിയുന്നത് വാരിത്തിന്നു പൊങ്ങച്ചം കാണിച്ചു നടക്കുന്നതാണെല്ലോ മലയാളികളുടെ ശീലം. നീയും വാരി തിന്നോ “
ജെസ്സി വെള്ളം കോരുന്ന തൊട്ടി താഴെ വച്ചിട്ട് ടോമിച്ചന്റെ അടുത്ത് ചെന്നു.
“എന്റെ കണ്ണിൽ ഒരു കരട്പോയി, കണ്ണ് വിടർത്തി വച്ചു ഒന്ന് ഊതിയാൽ പോകും”
ജെസ്സി കണ്ണ് തിരുമ്മിക്കൊണ്ട് പറഞ്ഞു.
“കണ്ണ് തുറന്ന് പിടിക്ക്,”
ടോമിച്ചൻ പറഞ്ഞിട്ട് ജെസ്സി തുറന്ന് പിടിച്ച കണ്ണിലേക്കൂതി.
“പതുക്കെ ഊത്, എന്റെ കണ്ണിലെ കൃഷ്ണമണി ഊതി പറപ്പിക്കാനല്ല പറഞ്ഞത്, എനിക്ക് ജീവിതകാലം മുഴുവൻ വേണ്ട കണ്ണാ ഇത് “
ജെസ്സി കണ്ണടച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ നോക്കിയിട്ട് കണ്ണിൽ കരടൊന്നും കാണുന്നില്ലാ “
ടോമിച്ചൻ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു.
“ഇല്ലന്നോ, ഇത്രയും വലിയ കരട് കടന്നിട്ടു നിങ്ങളുടെ കണ്ണിൽ പെട്ടില്ലേ, സൂക്ഷിച്ചു നോക്ക്, എന്റെ ഹൃദയത്തിന്റെ രൂപത്തിൽ പ്രണയാർദ്രമായ, സ്നേഹത്താൽ പൂത്തുലഞ്ഞ ഒരു കരട് അവിടെ കിടന്നിട്ടു നിങ്ങൾ കണ്ടില്ലന്നോ “?
ജെസ്സി പറഞ്ഞതും ടോമിച്ചൻ അവളെ കലിപ്പിച്ചൊന്നു നോക്കി.
“നീ എന്നെ ആസ്സാക്കാൻ നോക്കിയതാ അല്ലേ “
“അല്ല,മുഖമാണ് മനസ്സിന്റെ കണ്ണാടി എന്നല്ലേ, അപ്പോ, എന്റെ മനസ്സിലുള്ള സ്നേഹം കണ്ണിൽ കൂടി എങ്കിലും നിങ്ങൾ കാണട്ടെന്ന് കരുതിയ… അതും കുഴപ്പമായോ,എന്നിട്ടും എന്റെ സ്നേഹം നിങ്ങൾക്ക് കാണാൻ സാധിക്കുന്നില്ലെങ്കിൽ വേറെ ഒരു മാർഗ്ഗമുണ്ട് “
ജെസ്സി മുഖം ചുളിച്ചു .
“അതെന്തു മാർഗം “?
ടോമിച്ചൻ ജെസ്സിയെ ചോദ്യഭാവത്തിൽ നോക്കി.
“എന്നെ നിങ്ങൾ എതെങ്കിലും വിധത്തിൽ അങ്ങ് കൊന്നു കളഞ്ഞേക്കുക , ലോറിയിടിപ്പിച്ചോ, ഭക്ഷണത്തിൽ വിഷം ചേർത്തോ, കഴുത്തു ഞെരിച്ചോ നിങ്ങക്ക് ഇഷ്ടമുള്ള രീതിയിൽ കൊന്നോ “
ജെസ്സി പറഞ്ഞത് കേട്ട് ടോമിച്ചൻ അനിഷ്ടത്തോടെ നോക്കി.
“പെൺബുദ്ധി കൊള്ളാം, എന്നിട്ടു വേണം കൊലക്കുറ്റത്തിന് ഗോതമ്പ് ഉണ്ടയും തിന്നു ഞാൻ ജയിൽ അഴി എണ്ണാൻ. നിന്റെ ബുദ്ധി അപാരം.പെണ്ണിനെ നമ്പിയാൽ നമ്പുന്നവൻ ഊമ്പും എന്നൊരു പഴമൊഴി ഉണ്ട്, കേട്ടിട്ടുണ്ടോ, പാവം വെറുതെ നടന്ന ആദത്തെ എരിപിരി കേറ്റി പ്രേമമാണ്, പ്രണയമാണ്, മണ്ണാംകട്ട ആണ് എന്നൊക്കെ പറഞ്ഞു പ്രലോഭിച്ചു മയക്കി ചതിച്ചു കർത്താവിന്റെ കയ്യിൽനിന്നും എട്ടിന്റെ പണി മേടിച്ചു കൊടുത്ത പെണ്ണാണ് ഹവ്വ,അതുകൊണ്ട് തന്നെ ഏതോ സിനിമയിൽ ഉടായിപ്പ് പ്രേമസീനിൽ പാടുന്ന പാട്ടു തന്നെ നീ കേട്ടിട്ടില്ലേ, ഹവ്വ ഹവ്വ…ഹവ്വ ഹവ്വ…..മഴതുള്ളി പാടുന്നു ഹവ്വ ഹവ്വ .. മനസ്സാകെ ഉന്മാദം ഹവ്വ ഹവ്വ… ഇതിന്റെ അർത്ഥം നായകനോട് നിനക്കിട്ടൊക്ക പണി തുടങ്ങിയിട്ടുണ്ട്, താമസിക്കാതെ തേച്ചു മടക്കി മൂലക്കിരുത്തിക്കൊള്ളാം എന്നാണ്. അതിന്റെ മറ്റൊരു പരിഷ്കരിച്ച രൂപമാണ് നീ ഇപ്പോൾ എന്നോട് പറഞ്ഞത് “
ടോമിച്ചൻ ലോറി കിടക്കുന്ന ഭാഗത്തേക്ക് നടന്നു.
“ഇത്രയും അറിവ് നിങ്ങൾക്കു എവിടെനിന്നു കിട്ടി. നിങ്ങൾക്കൊരു psc പരിക്ഷ എഴുതിയിരുന്നെങ്കിൽ സർക്കാർ ജോലി കിട്ടിയേനെ… ഭയങ്കര അറിവ്, ഹവ്വ കേൾക്കാത്തത് ഭാഗ്യം “
ജെസ്സി തൊട്ടിയിലെ വെള്ളം ബക്കറ്റിലേക്കൊഴിച്ചു കൊണ്ടു തുടർന്നു .
“പിന്നെ ഒരു കാര്യം പറഞ്ഞേക്കാം. ഹവ്വ തേച്ച കാര്യം പറഞ്ഞു ഈ ജെസ്സിയെ അങ്ങ് ഒഴിവാക്കികളയാം എന്നൊരു വിചാരം മനസ്സിൽ ഉണ്ടെങ്കിൽ അതങ്ങു കളഞ്ഞേക്ക്, ഉടുമ്പ് പിടിക്കുന്ന പോലെ നിങ്ങടെ ഹൃദയത്തിൽ ഞാൻ അള്ളിപിടിച്ചിരിക്കും, കുടഞ്ഞെറിഞ്ഞാലും ഞാൻ പിടിവിടതില്ല. നിങ്ങളെയും കൊണ്ടേ ജെസ്സി പോകൂ,അധികം കുടഞ്ഞാൽ നിങ്ങളുടെ ഹൃദയം പറിഞ്ഞു എന്റെ കയ്യിൽ ഇരിക്കും,അതോർത്തോ “
ടോമിച്ചൻ ലോറിയിൽ കയറി പുറത്തേക്കു പോകുന്നത് നോക്കി നിന്നിട്ടു ജെസ്സി വെള്ളം നിറച്ച ബക്കറ്റുമായി അടുക്കളഭാഗത്തേക്ക് നടന്നു.
“ശോശാമ്മച്ചി, ടോമിച്ചൻ എവിടെ പോയതാ, ഇത്രയും അത്യാവശ്യപ്പെട്ടു “
ജെസ്സിയുടെ ചോദ്യം കേട്ട് ശോശാമ്മ അടുത്തേക്ക് ചെന്നു.
“വക്കച്ചൻ മുതലാളിക്ക് ഇന്ന് ഒരു ലോഡ് തേക്കും തടി മുണ്ടക്കയത്തിന് കൊണ്ടു പോകണം എന്ന് പറഞ്ഞു പോയതാ. പെട്ടന്ന് വരുമെന്നും പറഞ്ഞു “
ശോശാമ്മ അച്ചാറിടാൻ നാരങ്ങ മുറിക്കുന്നതിലേക്കു ശ്രെദ്ധ തിരിച്ചു.
മുണ്ടക്കയത്തു തടി ലോഡ് ഇറക്കി, കുമളിക്ക് തിരിക്കുമ്പോൾ സമയം വൈകുന്നേരം നാലര കഴിഞ്ഞു. കൂടെ പേട്ട കണ്ണനും വെട്ട് ജോണിയും ഉണ്ട്. മുണ്ടക്കയത്തുനിന്നും കുറച്ച് മുൻപോട്ടുവന്നു ഒരു ഷാപ്പിന്റെ മുൻപിൽ നിർത്തി. അവിടെ ചെത്തികൊണ്ട് വരുന്ന നല്ല പനങ്കള്ളു കിട്ടും. ഓരോ കുപ്പി മൂന്നുപേരും കുടിച്ചു യാത്ര തുടർന്നു.കുട്ടിക്കാനത് ടോമിച്ചന്റെ വീടിന് മുൻപിൽ നിർത്തി മൂന്നുപേരും ഇറങ്ങി.
“ഈ വീടും പരസരവും ഇല്ലെങ്കിൽ ടോമിച്ചനില്ല, ഇവിടെ ഈ വരാന്തയിൽ നീണ്ടു നിവർന്നു മാനത്തേക്കും നോക്കി കിടക്കുമ്പോൾ കിട്ടുന്ന അ ഒരു സുഖമുണ്ടല്ലോ, അത് വേറെ ഒരിടത്തും കിട്ടില്ല “
ടോമിച്ചൻ പറഞ്ഞു കൊണ്ടു വരാന്തയിൽ മലർന്നു കിടന്നു.
“ടോമിച്ചാ, ഈ വീടൊക്കെ ഒന്ന് പുതുക്കി പണിത് ഒരു പെണ്ണൊക്കെ കെട്ട്, അപ്പോൾ നമ്മള് തന്നെ മാറിപ്പോകും, സ്നേഹിക്കാനൊരു പെണ്ണും, കുട്ടികളും, കുടുംബവും ഒക്കെ ആകുമ്പോൾ ജീവിക്കുവാനുള്ള ഒരു ആശ കൂടി വരും. ഞാൻ തന്നെ എത്ര അലമ്പനായിട്ട് നടന്നതാ, ഒരു പെണ്ണ് ജീവിതത്തിലേക്ക് കടന്നു വന്നപ്പോ എല്ലാം മാറി മറഞ്ഞു.. മര്യാദക്കാരനും ആയി.”
പേട്ട കണ്ണൻ ടോമിച്ചനോട് പറഞ്ഞു കൊണ്ടു
“ങ്ങാ, ഏതു സമയവും പരാതിയും പരിഭവുമായിട്ട് നടക്കാത്ത എതെങ്കിലും ഒരു പെണ്ണിനെ കിട്ടിയാൽ അപ്പോ നോക്കാം, പിന്നെ നീ ഇപ്പോൾ പറഞ്ഞ വീട് പുതുക്കി പണിയുന്ന കാര്യം. കുറച്ച് നാളായി ഞാനും ചിന്തിക്കുന്നതാ വീടൊന്നു പൊളിച്ചു പണിയണം എന്നൊക്കെ, ഉടനെ എന്തെങ്കിലും ചെയ്യണം “.
ടോമിച്ചൻ മെല്ലെ എഴുനേറ്റിരുന്നു.പിന്നെ ആകാശത്തേക്ക് നോക്കി.
“നോക്കടാ കണ്ണാ മാനത്തോട്ടു, അങ്ങ് തെളിഞ്ഞു നിൽക്കുന്ന അ നക്ഷത്രം കണ്ടോ, അതെന്റെ അപ്പനാ, ഈ ടോമിച്ചൻ ഒറ്റക്കാണെന്നറിഞ്ഞു വന്നതാ, അപ്പന് സങ്കടമുണ്ട് ഞങ്ങളെ ഒറ്റക്കാക്കിയിട്ടു പോയതിൽ. പക്ഷെ ഒടേതമ്പുരാൻ വിളിക്കുമ്പോൾ പോയല്ലേ പറ്റു.”
ടോമിച്ചൻ ആകാശത്തേക്ക് നോക്കി എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
“ടോമിച്ചാ, വാടാ പോകാം, സമയം പോകുന്നു “
വെട്ട് ജോണി ടോമിച്ചന്റെ കയ്യിൽ പിടിച്ചു പൊക്കി.
“പോയേക്കാം, ഞാനെന്റെ സങ്കടം പറഞ്ഞു എന്നേ ഉള്ളു “
ടോമിച്ചൻ ലോറിയിൽ കേറി സ്റ്റാർട്ടാക്കി തിരിച്ചു.
മെയിൻ റോഡിലെത്തി കുട്ടികാനം കഴിഞ്ഞു കുമളിക്ക് തിരിഞ്ഞു കുറച്ച് മുൻപോട്ടു പോയപ്പോൾ മഴ പെയ്യുവാൻ തുടങ്ങി.മഴക്ക് ശക്തികൂടി വന്നു..
“കുറച്ച് മുൻപ് മാനത്തു നക്ഷത്രങ്ങൾ ഉണ്ടായിരുന്നല്ലോ, പിന്നെ എത്രപെട്ടന്നും മഴക്കാറ് കേറിയോ, കാലാവസ്ഥ മാറ്റത്തിന്റെ ഒരു പോക്കേ “
കണ്ണൻ പറഞ്ഞു കൊണ്ടു തുണിയെടുത്തു ലോറിയുടെ ഫ്രണ്ട് ഗ്ലാസ്സിലെ ഈർപ്പം തുടച്ചു കളഞ്ഞു.
“മനുഷ്യൻ മരങ്ങളും വെട്ടി കുന്നുകളും ഇടിച്ചു നിരത്തുമ്പോൾ കാലാവസ്ഥ മാറി പോകതില്ലേ.പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന തെണ്ടി തരം മറ്റാരെങ്കിലും ചെയ്യുമോ “?
വെട്ട് ജോണി പറഞ്ഞു കൊണ്ട് സീറ്റിൽ ചാരി കിടന്നു
മഴത്തുള്ളികൾ ശക്തമായി ലോറിയുടെ മുൻവശത്തെ ഗ്ലാസ്സിലൂടെ ഒലിച്ചിറങ്ങി.
ഹെർപിൻ വളവു തിരിഞ്ഞു കയറ്റം കയറുമ്പോൾ പെട്ടന്ന് എതിരെ നിന്നും ഒരു ജീപ്പിന്റെ ഹെഡ്ലൈറ്റ് തെളിഞ്ഞു.കണ്ണിലേക്കടിച്ചതും ടോമിച്ചന് വഴി കാണാൻ പറ്റാതായി. ലോറി സൈഡ് ഒതുക്കി ചവുട്ടി നിർത്തി.
“ഏതവനാടാ ലൈറ്റ് ഡിം ചെയ്യാതെ കണ്ണിലേക്കു അടിച്ചു പിടിച്ചോണ്ടിരിക്കുന്നത് “
വെട്ട് ജോണി വിളിച്ചു ചോദിച്ചു. ജീപ്പ് വഴിയുടെ മദ്ധ്യത്തിൽ ലൈറ്റ് തെളിച്ചു നിർത്തിയിരിക്കുകയാണ്. മഴ പെയ്യുന്നതിനോടൊപ്പം ചുറ്റും ചെറിയ കോടമഞ്ഞു മൂടിയിട്ടുണ്ട്.
പെട്ടന്ന് ജീപ്പിന്റെ അടുത്തുനിന്നും ഒരു നിലവിളി മുഴങ്ങി. അടുത്തനിമിഷം ഒരാൾ വയറിൽ പൊത്തിപിടിച്ചു ചോരയൊലിപ്പിച്ചു കൊണ്ട് ലോറിയുടെ ഹെഡ്ലൈറ്റ് പ്രകാശത്തിലേക്കോടി വന്നു.
അയാൾ ലോറിക്കുള്ളിൽ ഇരിക്കുന്ന ടോമിച്ഛനോടും കൂട്ടുകാരോടും രക്ഷിക്കുവാൻ അപേക്ഷിക്കുന്നുണ്ടായിരുന്നു.
“എന്തോ മുട്ടൻ പണിയാണല്ലോ ടോമിച്ചാ, അയാളെ ആരോ കുത്തിയതാ, ഈ മഴയത്തു കിടന്നാൽ അവൻ ചത്തു പോകും “
പേട്ട കണ്ണൻ ടോമിച്ചനെ നോക്കി.
“ആ ജീപ്പിൽ ആരൊക്കെയോ ഉണ്ട്. ആരോ നല്ല പ്ലാൻ ചെയ്തു വന്നപോലെയുണ്ട്. നമ്മളോട് വന്നു ജീവന് വേണ്ടി അപേക്ഷിക്കുന്നവനെ ഉപേക്ഷിക്കാൻ പറ്റുമോ? വാ നോക്കാം “
ടോമിച്ചൻ ലോറിയിൽ നിന്നും പുറത്തെ മഴയിലേക്കിറങ്ങി. കുത്തുകൊണ്ട് വന്നയാൾ ലോറിയുടെ മുൻപിൽ കിടന്നു പിടയുകയാണ്. ടോമിച്ചൻ തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ചു റോഡിൽ മഴവെള്ളത്തിൽ കിടന്നു പിടക്കുന്നവന്റെ വയറ്റിലെ മുറിവിൽ ചുറ്റി കെട്ടി. മഴവെള്ളത്തിൽ ചോരകലർന്നു ചുറ്റും റോഡിൽ പരന്നു കിടന്നു.
ഞാരങ്ങുകയും മൂളുകയും ചെയ്യുന്ന അവനെ ടോമിച്ചൻ പൊക്കിയെടുത്തു ലോറിക്ക് സമീപത്തേക്ക് കൊണ്ടുവന്നു മുൻസീറ്റിൽ കൂടെയുണ്ടായിരുന്ന സഹായത്തോടെ കിടത്തി.
“ആരാണെങ്കിലും ഈ കാണിച്ചത് പോക്രിത്തരമാ, ഒരുത്തനെ നടുറോട്ടിൽ ഇട്ടു കുത്തിമലർത്തുക എന്നൊക്കെ വച്ചാൽ ഇതെന്ന വെള്ളരിക്ക പട്ടണം വല്ലതുമാണോ? ഞാനൊന്നു നോക്കിയിട്ട് വരാം “
വെട്ട് ജോണി പറഞ്ഞിട്ട് ജാക്കി ലിവരുമായി ഇറങ്ങി.
അതേ നിമിഷം ജീപ്പിൽ നിന്നും ഒരാൾ മഴയതേക്കിറങ്ങി ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിലേക്കു വന്നു.
ആറടി പൊക്കത്തിൽ കരിവീട്ടിയിൽ കൊത്തിയ പോലൊരാൾ!അയാളുടെ കയ്യിലിരുന്നു വടിവാൾ തിളങ്ങി.
ടോമിച്ചനും പേട്ടക്കണ്ണനും വെട്ട് ജോണിയും പരസ്പരം നോക്കി.
“ഏതവനായാലും നടുറോഡിൽ വണ്ടിയിട്ടാണോടാ നിന്റെയൊക്കെ തൃപ്പീസ് കളി. ഒരുത്തനെ കുത്തിമലർത്തിയിട്ടു നീയൊക്കെ അങ്ങനെ അങ്ങ് പോകാമെന്നു കരുതണ്ടടാ പുല്ലേ “
പേട്ട കണ്ണൻ ആക്രോശിച്ചു.
കോടമഞ്ഞിനിടയിലൂടെ പൂർവാധികം ശക്തിയോടെ മഴത്തുള്ളികൾ ഭൂമിയിൽ പതിച്ചു കൊണ്ടിരുന്നു.
മഴനനഞ്ഞു ജീപ്പിന് മുൻപിൽ നിന്ന അയാൾ ശബ്ധിച്ചു.
“നാൻ താൻ , കമ്പം ഷണ്മുഖം. ഉന്നെയെല്ലാം ഇന്തപടി കുഴിച്ചുമൂടപോറേൻ”
ഷണ്മുഖത്തിന്റെ ശബ്‌ദം മഴയുടെ ശബ്ദത്തെക്കാൾ മുകളിൽ മുഴങ്ങി.
ആ പേര് കേട്ടതും ടോമിച്ചൻ ജാഗരൂഗനായി.
“കണ്ണാ, ജോണി, ഇതെനിക്കിട്ടുള്ള പണിയ, നിങ്ങൾ ലോറിയും കൊണ്ട് പൊക്കോ, ആ ലോറിയിൽ കിടക്കുന്നവനെ എതെങ്കിലും ആശുപത്രിയിൽ എത്തിക്ക് “
ടോമിച്ചൻ കൂടെയുള്ളവരോടായി പറഞ്ഞു.
“അത് നീയങ്ങു പള്ളിയിൽ പോയി പറഞ്ഞ മതി, നിനക്കിട്ടൊള്ള പണിയാണെങ്കിൽ നമ്മള് ഒറ്റകെട്ടായിട്ടു നിന്ന് നേരിടും, അതാ നമ്മള്, അവനേതു കോപ്പിലെ ഷണ്മുഖം ആയാലും “
കണ്ണൻ ലോറിയുടെ സൈഡിൽ ഇട്ടിരുന്ന കമ്പിവടി വലിച്ചെടുത്തു കൊണ്ട് പറഞ്ഞു.
ടോമിച്ചൻ അരയിൽ തപ്പിനോക്കി.
സാധാരണ എടുക്കാറുള്ള ഉറുമി കാണാനില്ല
അതേ സമയം ലോറിയുടെ പുറകിൽ ഒരു ജീപ്പ്കൂടി വന്നുനിന്നു. അതിൽനിന്നും കുറച്ചാളുകൾ ചാടിയിറങ്ങി. മിന്നലിന്റെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടെ മഴ ശക്തിയോടെ പെയ്തിറങ്ങി കൊണ്ടിരുന്നു.
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission