കൊലക്കൊമ്പൻ – 14

3724 Views

kolakomban

കുറച്ച് മുൻപിലായി മൂടൽമഞ്ഞിനു ഉള്ളിൽ നിർത്തിയിട്ടിരിക്കുന്ന ജീപ്പിന് മുൻപിൽ മഴനനഞ്ഞു നിൽക്കുന്ന കമ്പം ഷംൺമുഖത്തിന് ഇരുവശത്തുമായി ജീപ്പിൽ നിന്നുമിറങ്ങി വന്നവർ നിരന്നു നിൽക്കുന്നത്  മങ്ങിയ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ടോമിച്ചൻ കണ്ടു.

പേട്ടക്കണ്ണനും വെട്ട് ജോണിയും തിരിഞ്ഞു നോക്കിയപ്പോൾ കുറച്ച് പുറകിലായി വന്നു നിന്ന ജീപ്പിൽ നിന്നുമിറങ്ങിയ ആയുധധാരികളായ ഏതാനും പേർ ലോറിക്ക് നേരെ നടന്നടുക്കുന്നതാണ്  കണ്ടത് .

“കണ്ണാ ലോറിയുടെ ഹെഡ്ലൈറ്റ് ഓഫാക്കടാ “

വെട്ട് ജോണി ജാക്കിലിവർ കറക്കി കൊണ്ട് അലറി.

പേട്ടകണ്ണൻ മിന്നൽ വേഗത്തിൽ ലോറിയുടെ ക്യാബിനുള്ളിലേക്ക് പാഞ്ഞു കയറി ഹെഡ്ലൈറ്റ് ഓഫാക്കി.

ഇപ്പോൾ ലോറിയുടെ ഭാഗത്തു അകലെനിന്നും മഴത്തുള്ളികൾക്കിടയിലൂടെ,അരിച്ചെത്തുന്ന ജീപ്പിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള വെളിച്ചം മാത്രമണ്ള്ളത്.

നേർത്ത മഞ്ഞിനും മഴനൂലുകൾക്കും ഇടയിലൂടെ ആരൊക്കെയോ ഓടി അടുക്കുന്നു.

“കണ്ണാ അടിക്കടാ ആ നായിന്റെ മക്കളെ..”

അലറിക്കൊണ്ട് വെട്ട് ജോണി പുറകിൽ നിന്നും ആക്രമിക്കാനെത്തിയവർക്കെതിരെ ജാക്കി ലിവർ വീശി കൊണ്ട് വെട്ടിതിരിഞ്ഞു.ഒരുത്തൻ അടിയേറ്റ് താഴെ വീണു .കമ്പി വടിക്കുള്ള കണ്ണന്റെ അടിയിൽ  നിലത്തു വീണ മറ്റൊരുത്തൻ  ലോറിയുടെ അടിയിലേക്ക് നിരങ്ങി തെറിച്ചു. ഇരുളിൽ എതിരാളികൾക്കിടയിലേക്ക് പാഞ്ഞു കയറിയ കണ്ണനും ജോണിയും അവരുമായി ഏറ്റുമുട്ടി. ഇരുളിൽ അലർച്ചയും അട്ടഹാസങ്ങളും മുഴങ്ങി.

അതേ നിമിഷം ഷണ്മുഖത്തിന്റെ അടുത്തുനിന്നിരുന്ന ഒരുത്തൻ ടോമിച്ചന് നേരെ പാഞ്ഞടുത്തു വടിവാൾ വീശി. ഒഴിഞ്ഞു മാറിയ ടോമിച്ചൻ ബാലൻസ് തെറ്റി പോയ അവനെ വട്ടത്തിൽ പൊക്കിയെടുത്തു എറിഞ്ഞു. ലോറിയുടെ ബംമ്പറിൽ ചെന്നിടിച്ചു അവൻ നിലവിളിയോടെ വഴിയിലേക്ക് വീണു.

മിന്നൽ വേഗത്തിൽ തിരിഞ്ഞു കത്തിയുമായി കുത്താൻ  പാഞ്ഞടുത്ത വേറൊരുത്തന് കൈയിൽ തട്ടി. കത്തിമുന ടോമിച്ചന്റെ കൈത്തണ്ടയിൽ മുറിവുണ്ടാക്കി കൊണ്ട് തെറിച്ചു പോയി. അവന്റെ കയ്യിൽ പിടിച്ചു കറക്കി ചവുട്ടി ഇരുത്തി കൈകൾ പിറകോട്ടു തിരിച്ചു ഒരിടി ഇടിച്ചു. നിലവിളിച്ചു നിലത്തേക്ക് കുനിഞ്ഞ അവന്റെ തലമുടിയിൽ പിടിച്ചു പൊക്കി ലോറിയുടെ സൈഡിൽ ഇടിപ്പിച്ചു.

പെട്ടന്ന് ടോമിച്ചന്റെ പിറകിൽ ഒരു നിഴൽ ചലിച്ചു. കത്തി കൊണ്ടുള്ള ഒരു കുത്ത് തോളിൽ കൊണ്ടു. പച്ചമാംസത്തിൽ ഇരുമ്പു കയറി പോകുന്നത് ടോമിച്ചനറിഞ്ഞു.ദേഹത്ത് വീണ മഴതുള്ളികൾക്കൊപ്പം ചോര താഴെക്കൊഴുകി..

“ഞാനാടാ നിന്റെ കാലൻ, ഷണ്മുഖം മുതലാളിയുടെ വലം കൈ ഗുണ്ടൂർ ശിവ. പേര് കേട്ടു ഞെട്ടണ്ട നീ, മലയാളിയ, നിന്നെ തൂക്കാൻ പരോളിലിറക്കി കൊണ്ട് വന്നതാ എന്നെ.”

ടോമിച്ചന്റെ തോളിൽ കയറിയ കത്തി വലിച്ചൂരി വീണ്ടും കുത്താൻ തുടങ്ങിയ ഗുണ്ടൂർ ശിവയുടെ നെഞ്ചിൽ തലകൊണ്ട് ആഞ്ഞു ഒരിടി കൊടുത്തു ടോമിച്ചൻ.പുറകോട്ടു മലച്ചു പോയ അയാൾ മഴവെള്ളത്തിലേക്കു വീണു. ശരീരത്തിലൂടെ വേദന അരിച്ചു കയറുന്നതുപോലെ തോന്നി ടോമിച്ചന്.പെട്ടന്ന് പുറകിൽ നിന്നു തലക്കൊരടി ഏറ്റു ടോമിച്ചൻ മുൻപോട്ടു വേച്ചു പോയി. തിരിഞ്ഞു അവന് നേരെ കൈ വീശിയെങ്കിലും വഴിയുടെ വക്കിൽ നിന്നും ബാലൻസ് തെറ്റി കീഴക്കാം തൂക്കായ കൊക്കയിലേക്ക് മറിഞ്ഞു ഉരുണ്ടുരുണ്ട് പോയി.മഴത്തുള്ളികൾ വീണു പായൽ പിടിച്ചു വഴുക്കലുള്ള കാട്ടുപുല്ലുകൾക്കിടയിലൂടെ ടോമിച്ചൻ താഴേക്കുരുണ്ട് ഒരു മരത്തിന്റെ വേരിലിടിച്ചു നിന്നു.

തോളിലെ കത്തി കയറിയ ഭാഗത്തുനിന്നും അപ്പോഴും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

മരത്തിന്റെ പൊങ്ങി നിന്ന വേരിൽ പിടിച്ചു ടോമിച്ചൻ മെല്ലെ എഴുനേറ്റിരുന്നു.തലയിൽ  അടികൊണ്ട ഭാഗത്തു തടവി നോക്കി. ഒരു  മരവിപ്പ് ബാധിച്ചിരിക്കുന്നപോലെ.കുത്തുകൊണ്ടാ വലതു തോളിൽ  നിന്നും വേദന കൈകളിലേക്ക് അരിച്ചിറങ്ങുന്നുണ്ട്. ടോമിച്ചൻ വേരിൽ പിടിച്ചു കൊണ്ട് കുറച്ച് നേരം ഇരുന്നു. മഴയുടെ ശബ്ദങ്ങൾക്കിടയിലും മുകളിലെ റോഡിൽ നിന്നും അലർച്ചെയും അട്ടഹാസങ്ങളും കേൾക്കുന്നുണ്ട്. ടോമിച്ചൻ തലതിരിച്ചു പുറകോട്ടു നോക്കി.

കുറച്ച് കൂടി നീങ്ങിയിരുന്നു എങ്കിലും അഗാധമായ കൊക്കയിലേക്ക് വീഴുമായിരുന്നു . താഴെ പറക്കൂട്ടങ്ങളാണ്. അതിൽ ചെന്നിടിച്ചു ചിന്നി ചിതറിയേനെ…ശക്തമായമഴ ത്തുള്ളികൾ ദേഹത്തുവീണുകൊണ്ടിരുന്നു.

മഴ കുറച്ച് കുറഞ്ഞപ്പോൾ ടോമിച്ചൻ ഉടുത്തിരുന്ന മുണ്ടിന്റെ കുറച്ച് ഭാഗം കീറിയെടുത്തു തോളിലെ മുറിവ് വട്ടത്തിൽ ചുറ്റികെട്ടി.റോഡിൽ നിന്നും താഴേക്കു ചെരിഞ്ഞു പുല്ലും കുറ്റിച്ചെടികളും വളർന്നു നിൽക്കുന്നത് കൊണ്ട് സൂക്ഷിച്ചു പിടിച്ചു പതുക്കെ കയറാം. തെന്നിപ്പോകാതെ നോക്കണമെന്ന് മാത്രം.

ടോമിച്ചൻ വീണുകിടക്കുന്ന മരത്തിന്റെ ഒരു ഉണങ്ങിയ കമ്പ് ഓടിച്ചെടുത്തു മുകളിലേക്കു ചരിഞ്ഞു കിടക്കുന്ന ഭാഗത്തു കാല് ചവുട്ടി കയറാൻ പാകത്തിൽ മണ്ണ് കമ്പിന് കുത്തി മാറ്റി ചവിട്ടി കയറി നിന്നു.അങ്ങനെ മുകളിലേക്കു കയറാൻ ഓരോ പടി പോലെ മണ്ണ് നീക്കി കയറി കയറി മുകളിലേക്ക് കയറിക്കൊണ്ടിരുന്നു.കുറച്ച് ഭാഗം കയറിയപ്പോൾ കേട്ടു, മുകളിൽ റോഡിൽ വണ്ടികൾ വന്നു നിൽക്കുന്ന ശബ്ദവും  ആരൊക്കെയോ ഉച്ചത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതും.പകുതിയെത്തിയപ്പോൾ കൈ കുഴയുന്നപോലെ തോന്നി. മുറിവേറ്റ കയ്യിൽ നിന്നും ചോര വാർന്നു പുറത്തുകൂടി താഴേക്കു ഒലിച്ചിറങ്ങുന്നത് ടോമിച്ചൻ അറിയുന്നുണ്ടായിരുന്നു.മാത്രമല്ല അസഹനീയമായ വേദനയും അനുഭവപ്പെട്ടു തുടങ്ങി, അമിതമായി രക്തം പോകുന്നത് കൊണ്ട് കണ്ണിന്റെ കാഴ്ച്ചക്ക് മങ്ങൽ പോലെയും ടോമിച്ചന് തോന്നി. മഴപെയ്യുന്ന വെള്ളം താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ട്, അതുകൊണ്ട് തന്നെ മുകളിലേക്ക് കയറുവാൻ മണ്ണിൽ ചവിട്ടുമ്പോൾ ചെറുതായി തെന്നുന്നുണ്ട്. തെന്നി താഴേക്കു പോയാൽ പിന്നെ രക്ഷപ്പെടുന്ന കാര്യം സംശയം ആണ്. ടോമിച്ചൻ ചെരിഞ്ഞു കിടക്കുന്ന മണ്ണും പുല്ലും കാട്ടു ചെടികളും പടർന്നു നിറഞ്ഞ  തിട്ടയിൽ ചേർന്നു കിടന്നു, കാൽ ചവുട്ടി മുകളിലേക്കു കയറുവാൻ  പാകത്തിൽ കൈയിലെ കമ്പ് കൊണ്ട് മണ്ണുമാറ്റി അതിൽ ചവുട്ടി കയറിക്കൊണ്ടിരുന്നു.മുകളിലെ ഒച്ചയോ വണ്ടികളുടെ ഒച്ചയോ ഇപ്പോൾ കേൾക്കാനില്ല,

ഏകദേശം മുകളിലെത്തിയപ്പോൾ ടോമിച്ചൻ ഇടതു കൈ നീട്ടി റോഡിന്റെ സൈഡിൽ കുഴിച്ചിട്ടിരുന്ന കല്ലിൽ പിടിച്ചു റോഡിലേക്ക് വലിഞ്ഞു കയറി.കുറച്ച് നേരം സൈഡിൽ കിടന്ന ശേഷം മെല്ലെ എഴുനേറ്റു നിന്നു.ചുറ്റും നോക്കി, കണ്ണനെയോ ജോണിയേയോ, മറ്റാരെയും അവിടെ കാണാനുണ്ടായിരുന്നില്ല!തന്റെ ലോറിയല്ലാതെ മറ്റു വാഹനങ്ങളും അവിടെ കാണാനില്ല.അപ്പോൾ അതിലെ കടന്നുപോയ കാറിന്റെ ഹെഡ്ലൈറ്റ് പ്രകാശത്തിൽ റോഡിൽ ചോര മഴവെള്ളവുമായി കൂടി കലർന്നു തളം കെട്ടി കിടക്കുന്നത് ടോമിച്ചൻ കണ്ടു. കൈകാലുകൾ കുഴഞ്ഞു പോകുന്നതുപോലെ തോന്നി.. വഴിയുടെ മറുസൈഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് നേരെ വേച്ചു വേച്ചു നടന്നു.ലോറിയുടെ സൈഡിൽ പിടിച്ചു നിന്നു. ദൂരെനിന്നും ഏതോ ഒരു വാഹനം വളവുതിരിഞ്ഞു വരുന്നത് കണ്ടു. വാഹനം അടുത്തെത്തിയതും ടോമിച്ചൻ വഴിയിലേക്ക് കയറിനിന്നു കുഴഞ്ഞു പോകുന്ന കൈ ഒരുവിധത്തിൽ വീശികൊണ്ട് നിന്നു. വാഹനം ടോമിച്ചന്റെ തൊട്ടുമുൻപിൽ വന്നു നിന്നു.

“ഇതു ടോമിച്ചനല്ലേ “

ചോദിച്ചു കൊണ്ട് കാറിന്റെ ഡോർ തുറന്ന് ആരൊക്കെയോ ഇറങ്ങി വരുന്നത് അവ്യക്തമായി കണ്ടു. തളർന്നു കാറിന്റെ ബോണററിലേക്കു വീണതും ആരൊക്കെയോ വന്നു തന്നെ  താങ്ങിയതും ബോധം മറിയുന്നതിനു മുൻപ് ടോമിച്ചൻ അറിഞ്ഞു.

രാത്രിയായിട്ടും ടോമിച്ചൻ വീട്ടിൽ എത്താൻ വൈകുന്നതിൽ വെപ്രാളപെട്ടു  ശോശാമ്മ വരാന്തയിൽ പോയി നോക്കി നിൽക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി.ഭക്ഷണം കഴിക്കാനുള്ള സമയമായിട്ടും ശോശാമ്മ വരാന്തയിൽ തന്നെയിരുന്നു.

“അമ്മച്ചി ഇങ്ങനെ ഭയപ്പെട്ടാലോ ടോമിച്ചൻ തടിലോഡുമായി പോയതല്ലേ, ഇറക്കിയിട്ടു വണ്ടി ഒടിച്ചു ഇവിടം വരെ വരേണ്ടേ. അമ്മച്ചി വന്നു ഭക്ഷണം കഴിച്ചു കിടന്നോ, ഞാൻ ടോമിച്ചൻ വന്നു ഭക്ഷണം കൊടുത്തിട്ടു കിടന്നോളാം “

ജെസ്സി ശോശാമ്മയുടെ അടുത്ത് വന്നു പറഞ്ഞു.

“വേണ്ട മോളേ അവൻ വന്നു ആഹാരം കഴിക്കാതെ എനിക്ക് വേണ്ട, കഴിച്ചാലും ഇറങ്ങതില്ല, വർഷങ്ങളായിട്ടുള്ള പതിവാ, അവൻ പറഞ്ഞാൽ ആ സമയത്തു വന്നിട്ടുണ്ട്, ഇതു പക്ഷെ ഒരുപാട് സമയം കഴിഞ്ഞിരിക്കുന്നു.എനിക്കെന്തോ ആപത്തു വരുന്നതുപോലെ ഒരു തോന്നല് മോളേ,എന്റെ ടോമിച്ചൻ പാവമാ മോളേ, പുറമെ പരുക്കൻ സ്വഭാവം കാണിക്കുമെങ്കിലും  ഉള്ളില് എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളു. ഈ അമ്മച്ചിനെയും അവന് ഭയങ്കര ഇഷ്ടമാ, അതെനിക്കറിയാം…. ഒരു ദിവസം പോലും അവനെ കാണാതെയോ അവന്റെ സ്വരം കേൾക്കാതെയോ കിടന്നാൽ എനിക്ക് ഉറക്കം വരത്തില്ല. എന്റെ ടോമിച്ചൻ എന്താ വൈകുന്നത് കർത്താവെ, ഒരാപത്തും കൂടാതെ പെട്ടന്ന് അവനിങ്ങു വരണേ “

ശോശാമ്മ കഴുത്തിൽ കിടന്ന കൊന്തയിൽ കിടന്ന കുരിശെടുത്തു മുത്തി കൊണ്ട് കുരിശു വരച്ചു.ശോശാമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി കവിളിലൂടെ ഒഴുകി ഇറങ്ങുന്നത് കണ്ടു ജെസ്സി അടുത്തിരുന്നു തന്റെ സാരിയുടെ തുമ്പ് കൊണ്ട് തുടച്ചു കൊടുത്തു ശോശാമ്മയെ ചേർത്തു പിടിച്ചു.

“അമ്മച്ചി ഇങ്ങനെ കരയാതെ, വിചാരിക്കുന്നപോലെ ഒന്നുമില്ല, ടോമിച്ചൻ ഇപ്പൊ ഇങ്ങു വരും, ഇവിടെയിരുന്നു മഞ്ഞ് കൊണ്ടാ വല്ല പനിയും പിടിക്കും, അമ്മച്ചി എഴുനേറ്റുവാ, അകത്ത് പോയിരിക്കാം “

ശോശാമ്മയെ നിർബന്ധിച്ചു ജെസ്സി അകത്ത് കൊണ്ടിരുത്തി.

“ഇവിടെ ഇന്ന് അത്താഴം ഒന്നുമില്ലേ, രണ്ടുപേരും കൂടി  കിന്നാരം പറഞ്ഞോണ്ടിരിക്കുകയാണോ? സമയം ഒൻപതു മണിയായി.ഇവിടെ വിശന്നിട്ടു ബാക്കിയുള്ളവരുടെ കുടല് കരിയുന്ന മണം വരുന്നു,”

അങ്ങോട്ട്‌ വന്ന ലൈസി ജെസ്സിയോട് ചോദിച്ചു.

“അടുക്കളയിൽ എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ട്, ചെന്നു വിളമ്പി തിന്നോണം “

ജെസ്സി ദേഷ്യത്തോടെ പറഞ്ഞു.

“നിന്റെയൊക്കെ ഇരിപ്പുകണ്ടാൽ ഇവിടെ ആരാണ്ട് ചത്തു പോയതുപോലെ ഉണ്ടല്ലോ? ഇനി ആരെങ്കിലും ചത്തു കാണുമോ ആവോ? പുറത്തു പോയവനെ കാണാനുമില്ല “

ലൈസി ജെസ്സിയോട് പറഞ്ഞ് കൊണ്ട് സ്റ്റൈർകേസ്‌ ഇറങ്ങി വന്ന ജോർജിയെ നോക്കി.

“നീ കൈകഴുകി ഇരിക്കട മോനെ, ഞാൻ ഭക്ഷണം എടുത്തുകൊണ്ടു വരാം, ഇവിടെ ഉള്ളവർ നിരാഹാരത്തിലാണെന്നു തോന്നുന്നു “

പറഞ്ഞിട്ട് ലൈസി അടുക്കളയിലേക്ക് നടന്നു.

കൈകഴുകി ഊണുമേശയുടെ അടുത്തുവന്നിരുന്ന ജോർജി ജെസ്സിയെ നോക്കി.

“ടോമിച്ചൻ, അവനിനി വരുമെന്ന് തോന്നുന്നില്ല, ആണുങളാരെങ്കിലും കുത്തികീറി കൊക്കയിൽ ഇട്ടു കാണും, അവന്റെ കയ്യിലിരിപ്പ് അതല്ലേ “

ജോർജി പറഞ്ഞത് കേട്ടു ജെസ്സി രൂക്ഷമായി ഒന്ന് നോക്കി.അതിഷ്ടപെടാതെ ജോർജി പറഞ്ഞു.

“നീ ഇങ്ങനെ ഒന്നും നോക്കിയിട്ട് കാര്യമില്ല, ആമ്പിള്ളേർ അവനെ തട്ടിയിട്ടുണ്ട്, അതുറപ്പ, അതാ ഇതുവരെ വരാത്തത്, രണ്ടുമൂന്ന് പടുത മേടിച്ചു വലിച്ചു കെട്ടി, ശവപ്പെട്ടിക്ക് ഓർഡറും കൊണ്ടുത്തു പള്ളിയിൽ അറിയിച്ചു ഒപ്പീസ് ചൊല്ലാൻ തുടങ്ങിക്കോ, “

ജോർജി നിസാരമട്ടിൽ പറഞ്ഞു.

“ജോർജി, മര്യാദക്ക് സംസാരിക്കണം, അനാവശ്യം വിളിച്ചു പറയുന്നതിന് ഒരു പരുധി ഉണ്ട്, നിനക്കെന്താ ഈ കാര്യത്തിൽ ഇത്ര ഉറപ്പ്, നീയും നിന്റെ തള്ളയും കൂടി ആർക്കെങ്കിലും കൊട്ടേഷൻ കൊടുത്തിട്ടുണ്ടായിരുന്നോ “?

ജെസ്സി സംശയത്തോടെ ജോർജിയെ നോക്കി.

“കൊടുത്തിട്ടുണ്ടെടി, അവൻ കുറെ ഞങ്ങൾക്കിട്ട് പുളുത്തിയതല്ലേ,എന്തായിരുന്നു അവന്റെ പെർഫോമൻസ്.എന്റെ ചേട്ടനെ അവൻ തല്ലിയൊടിച്ചു മുറിക്കുള്ളിൽ ആക്കിയില്ലേ. ഞങ്ങളെ നിരന്തരം അപമാനിച്ചില്ലേ,അപ്പോ അവന് മരണത്തിൽ കുറഞ്ഞൊരു പണി കൊടുക്കാൻ പറ്റുമോ?അത്രയെങ്കിലും ഞങ്ങൾ ചെയ്യേണ്ടടി പുല്ലേ “

ജോർജിയുടെ ഒച്ച പൊങ്ങി.ജോർജി പറഞ്ഞത് കേട്ടു ശോശാമ്മയിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു.

“മിണ്ടാതെ ഇരുന്നു ആഹാരം കഴിക്കട ജോർജി, അവരെ പറഞ്ഞ് ആധി കേറ്റി കൊല്ലാതെ “

ചോറും കറികളും മേശപുറത്തു  നിരത്തി ലൈസി ചിരിച്ചുകൊണ്ട് ജോർജിയോട് പറഞ്ഞു.

ജെസ്സി ഒന്നും മിണ്ടാതെ ശോശാമ്മയെയും കൂട്ടി മുറിലേക്ക് പോയി.

“അമ്മച്ചി അതൊന്നും കേട്ടു വിഷമിക്കേണ്ട, മനക്കോട്ട കെട്ടിയതെല്ലാം ഇടിഞ്ഞുപൊളിഞ്ഞു വീണപ്പോൾ ഉണ്ടായ മാനസിക വിഭ്രാന്തിയ അമ്മയ്ക്കും മകനും “

കട്ടിലിൽ ശോശാമ്മക്കരുകിലിരുന്നു ജെസ്സി പറഞ്ഞു.

അതെ സമയത്തു ഫോൺ ശബ്ദിച്ചു.

ജെസ്സി പോയി അറ്റൻഡ് ചെയ്തു.

അങ്ങേ തലക്കൽ സെലിൻ ആയിരുന്നു കുന്നുമ്മേൽ ബംഗ്ലാവിൽ നിന്നും.

“ജെസ്സി ചേച്ചി, കുറച്ച് നേരമായിട്ടും ട്രൈ ചെയ്യുന്നു, ലൈൻ കിട്ടുന്നുണ്ടായിരുന്നില്ല, ഒരു പ്രധാനകാര്യം പറയാനുണ്ട്, റോണിച്ചന്റെ പപ്പാ ഇപ്പോഴാ വിളിച്ചു കാര്യം പറഞ്ഞത്.”

സെലിൻ തിടുക്കത്തോടെ പറഞ്ഞു.

“എന്താ സെലിൻ, എന്താ അത്യാവശ്യമായി പറയാനുള്ളത് “

ജെസ്സി ഒച്ചതാഴ്ത്തി ചോദിച്ചു.

“ടോമിച്ചായനും കൂട്ടുകാരും ലോഡ് ഇറക്കി തിരിച്ചു വരുമ്പോൾ ആരൊക്കെയോ ആക്രമിച്ചു. ആ തമിഴ്‌നാട്ടിന്നുള്ള ആരൊക്കെയോ ആണെന്നാണ് കേട്ടത്.പപ്പയും മെറിനും മുണ്ടക്കയത്തിന് പോയി തിരിച്ചു വരുമ്പോഴാ ടോമിച്ചനെ വഴീന്ന് കിട്ടിയത്, ടോമിച്ചന് വല്യ കുഴപ്പമൊന്നുമില്ല, പക്ഷെ കൂടെയുള്ളവരുടെ നില അപകടത്തിലാണെന്നാണ് അറിഞ്ഞത്. ചെറുതോണി ഗവണ്മെന്റ് ഹോസ്പിറ്റലിലാ  അഡ്മിറ്റ് ചെയ്തിരിക്കുന്നത്. റോണിയുടെ പപ്പയും മെറിനും അവിടെ ഉണ്ട് “

ഒറ്റ ശ്വാസത്തിൽ സെലിൻ പറഞ്ഞു. അതുകേട്ടു ജെസ്സിയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി.നെഞ്ചിൽ ഒരു വലിയ ഭാരം എടുത്തു വച്ചതുപോലെ,

“സെലിൻ കുറച്ച് കഴിഞ്ഞു വിളിക്കാം “

പറഞ്ഞിട്ട് ജെസ്സി ശോശാമ്മയെ നോക്കി.

കരഞ്ഞു കലങ്ങിയ മുഖത്തോടെ ബെഡിൽ ചാരി ഇരിക്കുകയാണ് അവർ.

ശോശാമ്മയോട് പറയണോ എന്ന് ജെസ്സി ഒന്ന് ശങ്കിച്ചു. പിന്നെ ഇപ്പോൾ ഒന്നുമറിയണ്ട എന്ന തീരുമാനത്തിലെത്തി.കുറച്ച് മുൻപ് താഴെവച്ചു ജോർജി പറഞ്ഞ കാര്യം ഓർമയിൽ വന്നു. അപ്പോൾ അവരെല്ലാം അറിഞ്ഞുകൊണ്ടുള്ള ചതി ആയിരുന്നു ഇത്.

“അമ്മച്ചി, എവിടിരിക്കു, ഞാൻ ഇപ്പോൾ വരാം “

പറഞ്ഞിട്ട് കതകു ചാരി ഊണുമേശയുടെ അടുത്തേക്ക് ചെന്നു.

“നാളെ തന്നെ അമ്മയും മക്കളും ഇവിടെനിന്നും ഇറങ്ങിക്കോണം.ജോർജി നീ പറഞ്ഞപോലെ ചെയ്തു എന്നെനിക്കു മനസ്സിലായി. പക്ഷെ ടോമിച്ചന് എന്തെങ്കിലും സംഭവിച്ചാൽ ഈ ജെസ്സി ആരാണെന്നു നീയൊക്കെ അറിയും, ഓർത്തോ, അങ്ങനെ ഇവിടെ ആരും ഊമ്പണ്ട,”

ജെസ്സി മേശയിലിരുന്നതും ലൈസിയും ജോർജിയും കഴിച്ചു കൊണ്ടിരുന്നതുമായ ഭക്ഷണം തട്ടിത്തെറിപ്പിച്ചു.

“നിനക്കെന്താടി പ്രാന്തു പിടിച്ചോ, ഞങ്ങൾക്കാർക്കും ഒന്നും അറിയത്തില്ല, ഇവനെന്തെങ്കിലും വിവരകേട്‌ വിളിച്ചു പറഞ്ഞു എന്ന് വച്ചു നീ എന്തിനാ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്, ഇതിന്റെ പേര് പറഞ്ഞു ഞങ്ങളെ ഇവിടെനിന്നും ഓടിക്കാൻ വല്ല ഉദ്ദേശം ഉണ്ടെങ്കിൽ നടക്കത്തില്ല. അത് നാലായി മടക്കി നീ മറ്റവടത്തോട്ടു വച്ചാൽ മതി കേട്ടോടി കുലടെ “

ചാടിയെഴുന്നേറ്റ ലൈസി കലിതുള്ളി.

“മടക്കി എവിടെ വെക്കണമെന്ന് ഞാൻ തീരുമാനിച്ചോളാം, ഇതെന്റെ വീട്, എന്റെ സ്വത്ത്. അവിടെ ആര് താമസിക്കണം, ആര് ഇറങ്ങിപോണം എന്നതൊക്കെ ഞാൻ തീരുമാനിക്കും. ഇനിയും ഇവിടെ കിടന്നു എനിക്കിട്ടു പണിതന്നു, കിട്ടുന്നതെല്ലാം അടിച്ചുമാറ്റി നക്കി തിന്നാൻ ഞാൻ അനുവദിക്കതില്ല, ഓർത്തോ “

ജെസ്സി കലി കേറി അട്ടഹസിച്ചു.വെട്ടിതിരിഞ്ഞു മുറിലേക്ക് പോയി വാതിലടച്ചു.

“ഗുണ്ടൂർ ശിവയെ കൊണ്ട് ഇവളെയും അങ്ങ് കാച്ചി കളഞ്ഞാലോ മമ്മി “

ജോർജി ലൈസിയെ നോക്കി.

“വിഡ്ഢിത്തം പറയാതെടാ വിവരം ഇല്ലാത്തവനെ,സ്വത്തുക്കൾ എഴുതി മേടിക്കാതെ ഇവളെ തട്ടിയിട്ടു എന്ത് പ്രയോജനം. ഇപ്പൊ ആ ടോമിച്ചന്റെ അവസ്ഥ എന്താണെന്നു നോക്കട്ടെ “

പറഞ്ഞിട്ട് റൂമിലേക്ക്‌ പോയി ലൈസി ഫോണെടുത്തു ഡയൽ ചെയ്തു.

കണ്ണ് തുറന്നു  ടോമിച്ചൻ നോക്കുമ്പോൾ കാണുന്നത് തലയ്ക്കു മുകളിൽ കറങ്ങുന്ന ഒരു ഫാൻ ആണ്. അല്പസമയമെടുത്തു താൻ കിടക്കുന്നത് ആശുപത്രിയിൽ ആണെന്ന് മനസ്സിലാക്കാൻ.അടുത്ത് വച്ചിരിക്കുന്ന സ്റ്റാൻഡിൽ തൂക്കിയിട്ടിരിക്കുന്ന ബ്ലഡ്‌ ബാഗിൽ നിന്നും രക്തം തന്റെ ഞരമ്പിലേക്ക് കയറിക്കൊണ്ടിരിക്കുകയാണെന്നു ടോമിച്ചനറിഞ്ഞു. അടുത്ത് വക്കച്ചൻ മുതലാളിയും കൂപ്പിലെ ഒന്നുരണ്ടു പണിക്കാരും നിൽപ്പുണ്ട്.

ടോമിച്ചൻ എന്തോ പറയാൻ വായനക്കിയപ്പോൾ വക്കച്ചൻ മുതലാളി തടഞ്ഞു.

“നീ ഇപ്പൊ സംസാരിക്കേണ്ട, മുറിവിൽ നിന്നും ബ്ലഡ്‌ ഒരുപാടു പോയി, അതുകൊണ്ട് വേറെ രക്തം കേറ്റുവാ, നിന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ രക്തം കിട്ടാൻ ബുദ്ധിമുട്ടാ, എന്റെ മകള് മെറിന്റെ ഗ്രൂപ്പ്‌ അതായിരുന്നതുകൊണ്ട് ഭാഗ്യമായി. അവളുടെ രക്തമാ ഇ കേറ്റുന്നത്. ഇത് കഴിഞ്ഞിട്ട് സംസാരിക്കാം “

അപ്പോഴേക്കും ബ്ലഡ്‌ എടുത്ത ക്ഷീണം മാറി മെറിനും ബെഡിനടുത്തേക്ക് വന്നു. അവളെ നോക്കി ടോമിച്ചൻ ഒന്ന് ചിരിച്ചു.

“എന്റെ ചോരയാ, കിട്ടാൻ ബുദ്ധിമുട്ടുള്ള ഗ്രൂപ്പ്‌ ആണെന്ന് ഒക്കെ പറഞ്ഞത് കേട്ടല്ലോ, ഇനിയെങ്കിലും സൂക്ഷിച്ചോണം, ഒരിക്കൽ എന്നെ രക്ഷിച്ച ആളല്ലേ, പ്രത്യുപകാരം ആയി കണ്ടാൽ മതി, മുതലാളിച്ചിയുടെ ഉപദേശമായും  “

മെറിൻ ടോമിച്ചനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“മിണ്ടാതെ ഇരിക്കടി,ഇതാശുപത്രിയ, വീടല്ല “

മകളെ താകീത് ചെയ്തിട്ട് ടോമിച്ചനെ നോക്കി വക്കച്ചൻ

“നീ അവള് പറയുന്നതൊന്നും കാര്യമാക്കണ്ട, വാ പോയ കോടാലിയ, വള് വളാ ചിലക്കുമെന്നെ ഉള്ളു, ആള് ശുദ്ധയ “

വക്കച്ചൻ പറഞ്ഞത് കേട്ടു ടോമിച്ചൻ മിണ്ടാതെ കിടന്നു.

ഒരു നേഴ്സ് വന്നു ടോമിച്ചന് ഇൻജെക്ഷനും വേദനക്കുള്ള അനാൽജെസീക്കും കൊടുത്തു, അധികം സംസാരിക്കേണ്ട എന്ന് പറഞ്ഞു പോയി.

ഒരാൾ അകത്തേക്ക് വന്നു എന്തോ വക്കച്ചനോട് ഒച്ച താഴ്ത്തി പറഞ്ഞു. വക്കച്ചൻ അയാളുടെ കൂടെ പുറത്തേക്കിറങ്ങി.

“മുതലാളി, ടോമിച്ചൻ കൂട്ടുകാരായ പേട്ട കണ്ണനും വെട്ട് ജോണിയും മരിച്ചു, ഡോക്ടർസ് നോക്കിയിട്ട് രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല, അതുപോലെ വെട്ടിനുറുക്കി കളഞ്ഞില്ലേ രണ്ടെണ്ണത്തിനെയും കണ്ണിൽ ചോരയില്ലാത്തവന്മാർ,മോർച്ചറിയിലേക്ക് മാറ്റി രണ്ടുപേരെയും. പിന്നെ ലോറിയിൽ കുത്ത് കൊണ്ട് കടന്നവന്റെ ഓപ്പറേഷൻ കഴിഞ്ഞു. ജീവന് കുഴപ്പമൊന്നുമില്ലന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് “

വക്കച്ചന്റെ കൂപ്പിലെ പണിക്കാരിൽ ഒരാളായി മാത്തുകുട്ടി പറഞ്ഞു.

“എന്തായാലും കൊല്ലപ്പെട്ടവർ രണ്ടുപേരും ടോമിച്ചന്റെ അടുത്ത സുഹൃത്തുക്കളാ, അതുകൊണ്ട് ഇപ്പൊ അവൻ അറിയണ്ട.അറിഞ്ഞാൽ ഇങ്ങനെ പെരുമാറും എന്നറിയത്തില്ല. ഇന്ന് രാത്രി വിശ്രമിക്കട്ടെ, രാവിലെ പറയാം, നിങ്ങള് പൊക്കോ, ഇനിയിവിടെ വേറെ കാര്യങ്ങളൊന്നുമില്ല “

വക്കച്ചൻ കൂടെയുള്ളവരെ പറഞ്ഞു വിട്ടു.

“പപ്പാ, പുറത്തൊരു റൂമെടുത്തു പോയികിടന്നുറങ്ങിക്കോ, ഞാനിവിടെ നിൽക്കാം “

മെറിൻ വക്കച്ചനോട് പറഞ്ഞു. വക്കച്ചന്  ഷുഗറിന്റെയും ബി പി യുടെയും പ്രശ്നങ്ങൾ ഉള്ളതാണ്.

ഇടക്കിടെ ബംഗ്ലാവിൽ നിന്നും വക്കച്ചന് ഫോൺ വന്നുകൊണ്ടിരുന്നു സെലിൻ വിവരങ്ങൾ അന്വേഷിച്ചു ജെസ്സിയെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ജെസ്സി ഉറങ്ങാതെ ഫോണിനടുത്തായി പോയിരിക്കുകയായിരുന്നു.

ശോശാമ്മ നല്ല ഉറക്കത്തിലാണ്. കുറച്ച് മുൻപ് വരെ ടോമിച്ചനെ നോക്കിയിരുന്നു തളർന്നു മയങ്ങി പോയതാണ്. ജെസ്സി അത്‌ നോക്കിയിരുന്നു.

പാവം,ജീവനുതുല്യം സ്നേഹിക്കുന്ന മകൻ അപകടത്തിൽ പെട്ടു ആശുപത്രിയിൽ കിടക്കുകയാണ് എന്നറിയാതെ കിടന്നുറങ്ങുകയാണ്. അറിഞ്ഞാൽ ഈ രാത്രിയിൽ തന്നെ ടോമിച്ചന്റെ അടുത്ത് പോകാൻ ബഹളം വയ്ക്കും. ഇപ്പോൾ അറിയണ്ട, കിടന്നുറങ്ങട്ടെ. നേരം വെളുക്കട്ടെ.

നേരം വെളുത്തു ഏഴുമണി ആയപ്പോൾ ഹോസ്പിറ്റലിനു മുൻപിൽ ഒരു പോലീസ് വാഹനം വന്നു നിന്നു.

അതിൽ നിന്നും എസ് ഐ ടോണിയും ഒന്നുരണ്ടു പോലീസുകാരും ഇറങ്ങി.

നേരെ സർജൻ ഡോക്ടർ തോമസ് കുര്യന്റെ ഡ്യൂട്ടി റൂമിലേക്ക്‌ ചെന്നു. അല്പസമയത്തെ സംഭാഷണങ്ങൾക്ക് ശേഷം ടോമിച്ചനെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഭാഗത്തേക്ക്‌ നടന്നു.

ടോമിച്ചന്റെ മുറിക്കു പുറത്തു  ബെഞ്ചിലിരിക്കുകയായിരുന്ന മെറിൻ പോലീസുകാരെ കണ്ടു എഴുനേറ്റു.

“ടോമിച്ചന്റെ റൂം ഇതല്ലേ “

എസ് ഐ ടോണി ചോദിച്ചു.

അതേ എന്ന് മെറിൻ തലയാട്ടി.

“ഞങ്ങൾ മൊഴിയെടുക്കാൻ വന്നതാണ്, എന്താണ് സംഭവിച്ചതെന്നു ടോമിച്ചന് മാത്രമേ അറിയൂ,നിങ്ങൾ ആരാണ് ടോമിച്ചന്റെ “

അപ്പോഴേക്കും വക്കച്ചൻ അങ്ങോട്ട്‌ വന്നു.

“ഇതെന്റെ മകളാണ്, ടോമിച്ചൻ എന്റെ തടി ഡിപ്പോയിലെ ഡ്രൈവർ ആണ്, ഞാനാണ് ഇന്നലെ വഴിയിൽ ബോധം ഇല്ലാതെ ചോരയൊലിപ്പിച്ചു കിടന്ന ടോമിച്ചനെയും മറ്റൊരാളെയും ഇവിടെ എത്തിച്ചത്. അതിന് മുൻപ് അതിലെ പോയ ആംബുലൻസ് കാരണ്‌ കുത്തുകൊണ്ട് വഴിയിൽ കിടന്ന  കൊല്ലപ്പെട്ട രണ്ടുപേരെയും ഇവിടെ എത്തിച്ചത് “

വക്കച്ചൻ പറഞ്ഞു.

വക്കച്ചനോട് അറിയാവുന്ന കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം എസ് ഐ ടോണി ടോമിച്ചന്റെ മുറിക്കുള്ളിലേക്ക് ചെന്നു. കണ്ണടച്ചു കിടന്ന ടോമിച്ചനെ എസ് ഐ ടോണി മെല്ലെ തട്ടി വിളിച്ചു.

ടോമിച്ചൻ മെല്ലെ എഴുനേറ്റിരുന്നു.

“ടോമിച്ചൻ, ഞാൻ എസ് ഐ ടോണി,നിങ്ങളുടെ മൊഴി എടുക്കാൻ വന്നതാണ്, എന്താണ് ഇന്നലെ സംഭവിച്ചത് “

മൊഴി രേഖപ്പെടുത്താൻ കോൺസ്റ്റബിൾ രാഘവൻ ലെറ്റർ പാഡ് എടുത്തു എഴുതാൻ തയ്യറായി.

ടോമിച്ചൻ സംഭവിച്ച കാര്യങ്ങൾ വിശദികരിച്ചു പറഞ്ഞു. എന്നാൽ തങ്ങളെ ആക്രമിച്ചവരെ പരിചയമില്ലെന്നും അവർ ആരാണെന്നു അറിയില്ലെന്നുമാണ് പോലീസുകാരോട് പറഞ്ഞത്.എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എസ് ഐ ടോണി പറഞ്ഞു.

“ടോമിച്ചാ, നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലായിരിക്കും, പക്ഷെ  നിങ്ങളുടെ കൂട്ടുകാരൻ കണ്ണൻ ആളെ തിരിച്ചറിഞ്ഞിരുന്നു. ഒരു ഷണ്മുഖവും, പിന്നെ ഗുഡൂർ ശിവ എന്ന  കൊലയാളിയും കൂട്ടരും  ആയിരുന്നു അവർ.അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും, നിങ്ങളുടെ പരാതി കൂടി വേണം “

എസ് ഐ ടോണി ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.

“അവരെ നാളെ തന്നെ ഇവിടെ കൊണ്ടുവന്നു തൂക്കിക്കൊല്ലാൻ പറ്റുമോ സാറിന്, എങ്കിലും എനിക്ക് പരാതി ഉണ്ട്, സാറിനോ, നിയമത്തിനോ അത് സാധിക്കില്ലെങ്കിൽ എനിക്ക് പരാതി ഇല്ല “

ടോമിച്ചൻ പോലീസുകാരെ നോക്കി പറഞ്ഞു.

“അതിനൊക്കെ ഒരു പാട് ഫോർമാലിറ്റീസ് ഉണ്ട് ടോമിച്ചാ, അതൊക്കെ വിശദമായ അന്വേഷണത്തിന് ശേഷം തമിഴ്നാട് ഗവണ്മെന്റിന് കൈമാറി അവരുടെ അനുവാദത്തോടെ അവരെ ഇവിടെ കൊണ്ടുവരും.”

ടോണി പറഞ്ഞു.

“എനിക്ക് പരാതി ഇല്ലെന്നു എഴുതിക്കോ സാറെ, ഇത് വിധിയായി ഞാൻ കണ്ടോളാം “

എസ് ഐ ടോണിയും പോലീസുകാരും പോയതിനു ശേഷം വക്കച്ചനും മെറിനും മുറിക്കുള്ളിലേക്ക് വന്നു.

“ടോമിച്ചാ, ഒരു കാര്യം പറയാൻ പോകുവാ, അതുകേട്ടു നീ എഴുനേറ്റു ഓടാൻ നോക്കരുത്, നിന്റെ കൂട്ടുകാർ കണ്ണനും ജോണിയും കൊല്ലപ്പെട്ടു.  മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം കഴിഞ്ഞു ബന്ധുക്കൾക്ക് കൈമാറും “

ടോമിച്ചൻ വക്കച്ചൻ പറഞ്ഞത് കേട്ടു കണ്ണടച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞു കണ്ണുതുറന്നു വക്കച്ചനെ നോക്കി.

“എനിക്കാവന്മാരെ അവസാനമായി ഒന്ന് കാണണം, എന്റെ ജീവനെടുക്കാൻ വന്നവരുടെ ഇടയിലേക്ക് എന്നെ രക്ഷിക്കാൻ ഇറങ്ങി ചെന്നവരാ അവന്മാർ. എനിക്കൊന്നു കാണണം “

ടോമിച്ചൻ പറഞ്ഞിട്ട് ബെഡിലേക്ക് കണ്ണടച്ചു  കിടന്നു,നിറഞ്ഞ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണുനീർ ബെഡിൽ വീണു.

വക്കച്ചൻ മെറിനെയും കൊണ്ട് മുറിക്കു പുറത്തേക്കു നടന്നു.

രാവിലെ ടോമിച്ചൻ തടിലോഡുമായി പെരുമ്പാവൂർക്കു പോയതാണെന്നും വൈകുന്നേരം ആകുമ്പോഴേ വരുകയുള്ളു എന്ന് വക്കച്ചൻ മുതലാളിയുടെ വീട്ടിൽ നിന്നും വിളിച്ചറിയിച്ചു എന്ന് കള്ളം പറഞ്ഞു ജെസ്സി കാറുമായി ചെറുതോണിക്ക് പുറപ്പെട്ടു.

ഹോസ്പിറ്റലിന്റെ മുൻപിൽ കാർ പാർക്കു ചെയ്തു ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് കയറി, കൗണ്ടറിൽ അന്വേഷിച്ചു ടോമിച്ചൻ കിടക്കുന്ന മുറിക്കു നേരെ നടന്നു.

നെഞ്ചിനുള്ളിൽ പഞ്ഞിവച്ചാൽ കത്തുമെന്നു തോന്നി ജെസ്സിക്ക്. മുറിക്കു പുറത്തു നിൽക്കുന്ന വക്കച്ചന്റെയും മെറിന്റെയും  അടുത്തേക്ക് വെപ്രാളപെട്ടു ഓടി ചെന്നു.

“ടോമിച്ചനെങ്ങനെയുണ്ട്,”

“അവന് ഒരു കുഴപ്പവുമില്ല, മുറിക്കുള്ളിലേക്ക് ചെല്ല്, ഉണർന്നു കിടക്കുവാ “

വക്കച്ചൻ പറഞ്ഞത് കേട്ടു ജെസ്സി മുറിക്കുള്ളിലേക്ക് കയറി.

കണ്ണടച്ചു കിടന്ന ടോമിച്ചൻ കണ്ണ് തുറന്ന് നോക്കുമ്പോൾ തന്റെ മുൻപിൽ തന്നെ നോക്കി നിൽക്കുന്ന ജെസ്സിയെ ആണ് കണ്ടത്.

“നീയെപ്പോഴാ വന്നത്, ഭാഗ്യം കൊണ്ടാ, അല്ലെങ്കിൽ ഇന്ന് ടോമിച്ചൻ ആറടി മണ്ണിലേക്ക് പോയേനെ, കൂടെയുണ്ടായിരുന്ന രണ്ടു പേരും  പോയി,”

ടോമിച്ചൻ ജെസ്സിയെ നോക്കി പറഞ്ഞു.

“ഷണ്മുഖവും കൂട്ടരും രണ്ടും കൽപ്പിച്ചാ, ഇനിയും വരും, ഇപ്പൊ രണ്ടുപേരെ പോയൊള്ളു, അടുത്തത് ഞാനാ, ഇത് ചോരകളിയാ, രണ്ടിലൊന്ന് കണ്ടേ അവസാനിക്കു”

ടോമിച്ചൻ പറഞ്ഞിട്ട് ഒരു കൈകുത്തി എഴുനേറ്റു ചാരിയിരുന്നു.

“നീ വെഷമിക്കണ്ട, ടോമിച്ചൻ പോയാൽ അവനെയും കൊണ്ടേ പോകു, അങ്ങനെ വന്നാൽ എന്റെ തള്ളയെ അവിടെനിന്നും നീ ഇറക്കിവിടരുത്,കുട്ടിക്കാനത് കൊണ്ടുപോയി ഒറ്റക്കാക്കരുത്. അടുക്കളയുടെ അവിടെ ഒരു പായ വിരിച്ചുകൊടുത്താൽ മതി, പരാതിയില്ലാതെ അവിടെ കിടന്നോളും, വീട്ടു ജോലിയും ചെയ്തോളും പറ്റുന്നത് വരെ, അല്ലാതെ ഞാനില്ലാത്ത ലോകത്തു അവര്  ആരുമില്ലാതെ അലഞ്ഞു നടക്കരുത്, അതെനിക്ക് സഹിക്കാൻ പറ്റത്തില്ല,ടോമിച്ചൻ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ആദ്യമായ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നത്, അത് നീ തട്ടികളയരുത് “

ടോമിച്ചൻ പറയുന്നത് കേട്ടു ജെസ്സി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് തുറിച്ചു നോക്കി    

                          (തുടരും )     

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

4.7/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply