Skip to content

കൊലക്കൊമ്പൻ – 15

kolakomban

ബെഡിൽ ചാരി ഇരിക്കുന്ന ടോമിച്ചന്റെ മുഖത്തേക്ക് ജെസ്സി സൂക്ഷിച്ചു നോക്കി.ഒരു ദുഃഖഭാവം അവിടെ നിഴലിക്കുന്നുണ്ടോ? മുഖത്തെ നിസംഗഭാവം അത് വിളിച്ചു പറയുന്നുണ്ടോ?

“നിങ്ങളെന്താ  ഇപ്പൊ എന്നോട് പറഞ്ഞത്, ഞാൻ ശോശാമ്മച്ചിക്ക്  അടുക്കളയിൽ പായിട്ടു കൊടുക്കുമെന്നോ, വീട്ടിലെ ജോലി മുഴുവൻ ഒരു വേലക്കാരിയെ പോലെ ചെയ്യിപ്പിക്കുമെന്നോ,എന്നിട്ട്  എന്തെങ്കിലും കഴിക്കാൻ  കൊടുത്താൽ പരാതി പറയാതെ കഴിഞ്ഞോളുമെന്നോ ? നിങ്ങളെന്തൊക്കെയാ ഈ വിളിച്ചു പറയുന്നത്. അത് നിങ്ങടെ പെറ്റമ്മ ആയിരിക്കും, പക്ഷെ എന്റെ ജീവന്റെ ഭാഗമാ ആ അമ്മച്ചി. ഈ ജെസ്സിക്ക് ഈ ലോകത്തു ഏറ്റവും വിലപ്പെട്ടത് സ്വത്തും പണവും ഒന്നുമല്ല, മറിച്ചു നിങ്ങടെ രണ്ടുപേരുടെയും സ്നേഹമ, കരുതലാ… അല്ലാതെ സുഖസൗകര്യങ്ങൾ കൂടുമ്പോൾ ബന്ധങ്ങൾ മറക്കുന്നവളല്ല ഈ ജെസ്സി.ഈ വീട്ടിൽ എന്റെ പപ്പയും മമ്മിയും കഴിഞ്ഞ മുറിയാ അമ്മച്ചിക്ക് ഞാൻ കൊടുത്തത്.വേണ്ടാന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു ആ മുറിയിൽ തന്നെ താമസിക്കണമെന്ന് പറഞ്ഞു കൊടുത്തു.

എന്റെ മമ്മി ഈ ലോകത്തു നിന്ന് പോയി. ഇപ്പൊ ആ സ്ഥാനത്തു എനിക്ക്  ശോശാമ്മച്ചിയ ,അറിയോ നിങ്ങൾക്ക്. ഞാൻ കിടന്നുറങ്ങുന്നതുപോലും അമ്മച്ചിയെ കെട്ടിപ്പിടിച്ച, അപ്പോ ഉള്ളിൽ ഒരാശ്വാസം തോന്നും, ഒരു സുരക്ഷിതത്വം തോന്നും. പെണ്മക്കൾക്ക് അവരുടെ ആഗ്രഹങ്ങൾ പറയാൻ,  സങ്കടം വരുമ്പോൾ ഓടിപ്പോയി കെട്ടി പിടിച്ചൊന്നു പൊട്ടി കരയാൻ,സാരമില്ല മോളേ എന്ന് പറഞ്ഞു ചേർത്തു പിടിച്ചു കവിളിലൊരുമ്മ തന്ന്, മുടിയിഴകളിൽ തഴുകി നെഞ്ചോടു ചേർത്തു പിടിക്കാൻ, മടിയിൽ തലചായ്ച്ചു എല്ലാം മറനൊന്നു ഉറങ്ങാൻ,  ഒരമ്മ തന്നെ വേണം.നല്ലതും ചീത്തയും വേർതിരിച്ചു പറഞ്ഞു തിരുത്തികൊടുക്കാൻ ഒരമ്മയുടെ സാമീപ്യം വേണം.അത് നഷ്ടപ്പെട്ടു ആശനശിച്ചു ജീവിതം വഴിമുട്ടി നിന്നവടത്തു നിന്ന നിങ്ങള് രണ്ടുപേരും എനിക്ക് വീണ്ടും ഒരാശ്രയമായി വന്നത്. അപ്പോഴാ ഈ ജെസ്സിയുടെ മനസ്സിൽ  കരിഞ്ഞുണങ്ങിയ പ്രതീക്ഷകളും സ്വപ്നങ്ങളും വീണ്ടും തളിർത്തു തുടങ്ങിയത്. നിങ്ങൾക്കെന്നെ ഇനിയും എന്താ മനസ്സിലാകാത്തത്, നിങ്ങൾക്കെന്നോട് വെറുപ്പാണോ, ഞാനൊരു സ്വാർത്ഥ ആണെന്ന് തോന്നുന്നുണ്ടോ, പറ, നിങ്ങടെ മനസ്സിലുള്ളത് എന്താ “

ഒഴുകി കവിളിലൂടെ ഇറങ്ങിയ കണ്ണുനീർ ജെസ്സി ഷാളിന്റെ തുമ്പ് കൊണ്ട് തുടച്ചു കൊണ്ട് സങ്കടഭാവത്തിൽ ടോമിച്ചനെ ഉറ്റുനോക്കി.

ടോമിച്ചൻ കറങ്ങുന്ന ഫാനിലേക്കും നോക്കി കിടക്കുകയാണ്. ജെസ്സി പറഞ്ഞു നിർത്തിയപ്പോൾ ടോമിച്ചൻ തലതിരിച്ചു നോക്കി.

“നീ സങ്കടപെടാൻ പറഞ്ഞതല്ല, സമ്പത്ത് കൂടുമ്പോൾ ബന്ധങ്ങളുടെ ദൃഡത കുറയും, അതെത്ര വലിയ ബന്ധങ്ങൾ ആയാലും, അത് കൊണ്ട് ഞാൻ വെറുതെ പറഞ്ഞന്നേ ഉള്ളു.”

ടോമിച്ചൻ പറഞ്ഞു.

“ഞാനാ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണകാരി, ആ അമ്മച്ചിയും നിങ്ങളും ഇത്ര സന്തോഷത്തോടെ കുട്ടിക്കാനത്തു കഴിഞ്ഞതാ, ഇയുള്ളവൾ നിങ്ങളുടെ ഇടയിലേക്ക് കയറി വന്നു ഉണ്ടായിരുന്ന സന്തോഷവും സമാധാനവും കളഞ്ഞു. ഏതോ ഗതികെട്ട സമയത്താണ് എന്റെ ജനനം, ആർക്കും വേണ്ടാത്ത പാഴ് ജന്മം.”

ജെസ്സി അവിടെ കിടന്ന കസേരയിൽ ഇരുന്നു കൊണ്ട് മുഖത്തു കൈചേർത്ത് താഴേക്കു നോക്കിയിരുന്നു.

“ഇത് നിന്റെ കുഴപ്പം കൊണ്ടല്ല, വരാനുള്ളത് വഴിയിൽ തങ്ങില്ലന്ന് കേട്ടിട്ടില്ലേ, അല്ലെങ്കിൽ എന്റെ കൂടെ വന്ന ജോണിയുടെയും കണ്ണന്റെയും ജീവൻ  എന്നെ കൊല്ലാൻ വന്നവന്മാരുടെ  കുത്തുകൊണ്ട്  പോകാൻ  ഇടയാകുമോ? എന്നെ ലക്ഷ്യം വച്ചു വന്നതാ. എന്റെ കൂടെ ഭാഗ്യം ഉണ്ടായിരുന്നു, അവന്മാരുടെ കൂടെ അതില്ലാതെ പോയി. വെട്ട് ജോണി, പേട്ട കണ്ണൻ,പേര് അതുപോലെയാണെങ്കിലും അവന്മാർ ആരെയും കുത്താനോ വെട്ടാനോ പോയിട്ടില്ല.പാവപെട്ടവന്മാരാകുമ്പോൾ ഒരു പ്രശ്നം വന്നാൽ കൂടെ കട്ടക്ക് നിൽക്കും ജീവൻ പോയാലും, പെണ്ണും കെട്ടി കുട്ടികളും കുടുംബവുമായി ജീവിച്ചു വരുകയായിരുന്നു. കർത്താവിനു അത് കണ്ടിട്ട് സഹിച്ചു കാണത്തില്ല “

ടോമിച്ചൻ പറഞ്ഞിട്ട് ജെസ്സിയെ നോക്കി.

“നീ ഈ തലയിണ ഒന്നുയർത്തി വച്ചു താ , നന്നായിട്ടു ചാരി കിടക്കാൻ, ഇങ്ങനെ കിടക്കുമ്പോൾ പുറത്തെ മുറിവ്  ബെഡിൽ ഉരയുന്നപോലെ “

അത് കേട്ടു ജെസ്സി എഴുനേറ്റു വന്നു തലയിണ ഉയർത്തി വച്ചു കൊടുത്തു. ടോമിച്ചൻ അതിലേക്കു നന്നായി ചാരി കിടന്നു.

“ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ, എനിക്കീ സ്വത്തുക്കൾ ഒന്നും വേണ്ട, എല്ലാം അവർക്കു കൊടുത്തിട്ടു കുട്ടിക്കാനത്തേക്ക് തിരിച്ചു പോകാം, നഴ്സിംഗ് കഴിയുമ്പോൾ എന്തായാലും ഒരു ജോലി കിട്ടും. അവിടെ ആകുമ്പോൾ സന്തോഷം ഉണ്ട്, സമാധാനം ഉണ്ട്, ആരെയും പേടിക്കാതെ ഒന്നുറങ്ങുകയെങ്കിലും ചെയ്യാം “

ജെസ്സി ടോമിച്ചനെ നോക്കി പറഞ്ഞു.

“സ്വത്തുക്കൾ കൊടുത്തു എന്ന് വച്ചു നിന്നെ അവർ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ, ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കി കളയും, പിന്നീട് ഒരാവകാശത്തർക്കവും ഉണ്ടാകാതിരിക്കാൻ. ആരും അങ്ങോട്ട്‌ പോയില്ലെങ്കിലും അവർ  ഇങ്ങോട്ട് വരും, തീർക്കാൻ , അതാണ് സ്വത്തും പണവും പെണ്ണും മനുഷ്യരിൽ ചെലുത്തുന്ന സ്വാധീനം.അവര് നമ്മളെ കൊല്ലാൻ നോക്കികൊണ്ടിരിക്കും , നമ്മൾ ചാകാതിരിക്കാനും നോക്കണം.അവരോ നമ്മളോ എതെങ്കിലും ഒരു ഭാഗത്തെ ആളുകൾ ചാകുന്നത് വരെ ഈ കളി തുടരും “

ടോമിച്ചൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ നഴ്സ് കയറിവന്നു.

“രാവിലത്തെ ഗുളികയാ, ആന്റിബയോട്ടിക്‌സും അനാൽജസിക്കും, ഭക്ഷണം കഴിഞ്ഞെങ്കിൽ ഇപ്പോൾ തന്നെ കഴിച്ചോണം “

പറഞ്ഞിട്ട് ഗുളിക മേശപ്പുറത്തു വച്ചിട്ട്, ടോമിച്ചന്റെ ടെംപറേച്ചരും നോക്കി മാർക്ക് ചെയ്തു,  നേഴ്സ് അടുത്ത റൂമിലേക്ക്‌ പോയി.

ജെസ്സി  മേശപ്പുറത്തെ ജഗിൽ ഇരുന്ന വെള്ളമെടുത്തു ഗ്ലാസിൽ ഒഴിച്ചു ടോമിച്ചന് കൊടുത്തു, ഗുളിക തുറന്ന വായിക്കുള്ളിലേക്ക് വച്ചു കൊടുത്തു. ഗ്ലാസ്സിലെ വെള്ളം കുടിച്ചു ടോമിച്ചൻ ഗ്ലാസ്‌ തിരികെ കൊടുത്തു.

“നീ പേടിക്കണ്ട, പാണ്ടവർ അഞ്ചു പേര് നൂറ്റൊന്ന് പേർക്കെതിരെ യുദ്ധം ചെയ്തു ജയിച്ചില്ലേ, ആളുകളുടെ എണ്ണം കുറവായിട്ടും, എതിരെ നൂറ്റൊന്ന് പേരാണ് വരുന്നതെന്നറിഞ്ഞിട്ടും നേർക്കു നേരെ നിന്നില്ലേ, അതുപോലെയ ഇതും. എതിരെ എത്രപേര് ഉണ്ടെന്നറിയത്തില്ല, പക്ഷെ ഇപ്പുറത്തു ഒരാളെ ഒള്ളൂ, ഈ ടോമിച്ചൻ.പിന്തിരിഞ്ഞോടിയാൽ ചങ്കിൻകൂടിനുള്ളിൽ ഇരിക്കുന്ന ആത്മാവ് പരിഹസിക്കും, ഇത്രയും നാള് നിന്നെ കൊണ്ടുനടന്നത് ഇതിനായിരുന്നോടാ തെണ്ടി എന്ന് എന്നോട് ചോദിക്കും. അതുകൊണ്ട് പേടിച്ചോടാൻ ഞാൻ തയ്യാറല്ല.”

ടോമിച്ചൻ ബെഡിൽ എഴുനേറ്റിരുന്നു.

“നിങ്ങള് പ്രതികാരം ചെയ്യാൻ പോകുവാണോ, മകനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരമ്മയുണ്ട്, പിന്നെ….”

പൂരിപ്പിക്കാതെ ജെസ്സി നിർത്തി.

“ജോണിയെയും കണ്ണനെയും കൊണ്ട് പോയോ വീട്ടിലോട്ട്, നീയൊന്നു അന്വേഷിച്ചിട്ടു വാ, എനിക്ക് വേണ്ടിയാ അവന്മാര് വെട്ടുകൊണ്ട് ചത്തത്. അവസാനമായി കുഴിയിൽ വയ്ക്കുന്നതിനു മുൻപ് എനിക്കൊന്നു കാണണം “

ടോമിച്ചൻ ജെസ്സിയോട് പറഞ്ഞു.

അപ്പോഴേക്കും വക്കച്ചനും മെറിനും അങ്ങോട്ട്‌ കയറി വന്നു.

“എങ്ങനെ ഉണ്ട്, വേദന കുറവുണ്ടോ, ആശ്വാസം തോന്നുന്നുണ്ടോ “

മെറിൻ ടോമിച്ചനെ നോക്കി.

“ശരീരത്തിന്റെ വേദന ടോമിച്ചന് പ്രശ്നമല്ല. പക്ഷെ മനസ്സിനേറ്റ മുറിവ്, അതുടനെ ഉണങ്ങതില്ല “

ടോമിച്ചൻ പറഞ്ഞത് കേട്ടു വക്കച്ചൻ ജെസ്സിയെ നോക്കി.

“നീ പ്രശ്നത്തിന് ഒന്നും പോകണ്ട ഇപ്പോൾ,ഇതൊക്കെ ഒന്ന് കഴിയട്ടെ, എന്നിട്ടാലോചിക്കാം ബാക്കിയുള്ള കാര്യങ്ങൾ, പിന്നെ ഞാനും ഇവളും വീട്ടിലോട്ടു പോകുവാ, ജെസി ഇവിടെ ഉണ്ടല്ലോ, റോണിയും സെലിനും ഇങ്ങട്ട് പോന്നിട്ടുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവരോടു പറഞ്ഞേക്കണം, കൂട്ടുകാരുടെ ബോഡി രണ്ടും മൂന്ന് മണി ആകുമ്പോൾ കൊണ്ടുപോകും, നാളെയെ അടക്കാൻ ഉദ്ദേശിക്കുന്നത് “

വക്കച്ചൻ ജെസ്സിയോടും യാത്രപറഞ്ഞു “പോട്ടെ ചേച്ചി” മെറിനും യാത്ര പറഞ്ഞു  പുറത്തേക്കു നടന്നു.

“അമ്മച്ചി മാത്രമാണ് വീട്ടിലുള്ളത്, നിങ്ങടെ കാര്യം പറഞ്ഞില്ല, പറഞ്ഞാൽ ഇങ്ങോട്ട് വരുവാൻ ബഹളം കൂട്ടും, ഇന്നലെ നിങ്ങള് വരാത്തത് കൊണ്ട് അത്താഴം പോലും കഴിച്ചില്ല,പാവം  “

ജെസ്സി പറഞ്ഞത് കേട്ട് ടോമിച്ചൻ കണ്ണടച്ചിരുന്നു.

“നീ ഉച്ചകഴിയുമ്പോൾ    പൊക്കോ,ഇവിടെ ആരും നിൽക്കേണ്ട കാര്യമില്ല,അവിടെ അവരെ തനിച്ചാക്കാൻ പറ്റത്തില്ല, എന്റെ കാര്യം ഒന്നും ഇപ്പോൾ പറയണ്ട, നാളെ രാവിലെ ഇവിടന്നു പോണം, ശവമടക്കിനു കൂടണം. നീ രാവിലെ വന്നാൽ മതി  “

ടോമിച്ചൻ പറഞ്ഞത് കേട്ട് ജെസ്സി തലയാട്ടി.

ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ റോണിയും സെലിനും വന്നു.

“ജെസ്സിയേച്ചി, ഇതാരാ ഇങ്ങനൊക്കെ ചെയ്തേ, രണ്ടുപേർ മരിച്ചെന്നും കേട്ടു, ഞാനാകെ പേടിച്ചു പോയി “

സെലിൻ ജെസ്സിയെയും കൂട്ടി കുറച്ച് മാറി നിന്ന് വിശേഷങ്ങൾ തിരക്കി.

റോണി ടോമിച്ചന്റെ അടുത്തിരുന്നു കഴിഞ്ഞ  കാര്യങ്ങൾ തിരക്കികൊണ്ടിരുന്നു.

“റോണി, നീയൊരു ഉപകാരം ചെയ്യണം, എന്റെ ലോറി ഇപ്പോൾ ആരെയെങ്കിലും വിട്ട് എടുപ്പിച്ചു ഇവിടെ കൊണ്ടുവരണം.”

ടോമിച്ചൻ പറഞ്ഞത് കേട്ടു റോണി ആരെയോ വിളിച്ചു ലോറി കൊണ്ടുവരാൻ പറഞ്ഞു.

“അതിനെന്താ ടോമിച്ചായാ, ഒന്നോ രണ്ടോ മണിക്കൂറുകൾക്കകം ലോറി ഇവിടെ എത്തും, ഡിപ്പോയിൽ കൊണ്ടിട്ടിരിക്കുകയായിരുന്നു.”

റോണി ഫോൺ തിരികെ പോക്കറ്റിലിടാൻ തുടങ്ങി .

“ഞാനൊരു നമ്പർ പറയാം, അതൊന്നു വിളിച്ചു താ “

ടോമിച്ചൻ ഒരു ഫോൺ നമ്പർ പറഞ്ഞു കൊടുത്തു. റോണി അത് ഡയൽ ചെയ്തു.

അങ്ങേ തലക്കൽ ഫോൺ എടുത്തതും ടോമിച്ചൻ റോണിയുടെ കയ്യിൽ നിന്നും ഫോൺ മേടിച്ചു ചെവിയിൽ ചേർത്തു. റോണി അവിടെനിന്നും ജെസ്സിയും സെലിനും നിൽക്കുന്നിടത്തേക്ക് നടന്നു.

ടോമിച്ചൻ ശബ്‌ദം താഴ്ത്തി ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരുന്നു. അഞ്ചു മിനിറ്റ് സംസാരിച്ചു ഫോൺ വച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും ഒരു കാൾ വന്നു. ടോമിച്ചൻ ഫോണെടുത്തു സംസാരിച്ചു.

റോണി തിരിച്ചു വന്നപ്പോൾ ടോമിച്ചൻ ഫോൺ കൊടുത്തു.

“ഇപ്പോൾ ഞാൻ സംസാരിച്ചു കൊണ്ടിരുന്ന നമ്പർ ഡിലീറ്റ് ചെയ്തു കള”

ടോമിച്ചൻ പറഞ്ഞത് കേട്ടു റോണി ഫോണിലെ ആ നമ്പർ ഡിലീറ്റ് ചെയ്തു.

ടോമിച്ചൻ ഉച്ചഭക്ഷണം കഴിച്ചു, റോണിയും സെലിനും ജെസ്സിയുമായി  സംസാരിച്ചു കൊണ്ടിരിക്കുബോൾ നേഴ്സ് എത്തി ഒരിൻജക്ഷൻ നൽകി, കൂടാതെ രാത്രി കഴിക്കാനുള്ള മരുന്നും എടുത്തു വച്ചു.

“ഇവിടെ നേഴ്സുമാര് കുറവാ, അതുകൊണ്ടാ രാത്രി കഴിക്കാനുള്ളതും കൂടി ഇപ്പോൾ എടുത്തു വച്ചതു, ഇനി നാളയെ വരൂ, സമയത്തിന് എടുത്തു കഴിച്ചോണം “

നേഴ്സ് പറഞ്ഞിട്ട് പുറത്തേക്കു പോയി.

അപ്പോഴേക്കും ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിൽ ടോമിച്ചന്റെ ലോറി എത്തിയിരുന്നു.

“ടോമിച്ചായാ ഞങ്ങൾ ഇറങ്ങുവാ,ജെസ്സിയേച്ചി കുറച്ച് കഴിഞ്ഞല്ലേ വരുന്നുള്ളു, രാത്രി ആകുന്നതിനു മുൻപ് വീട്ടിലെത്തണം “

സെലിൻ പറഞ്ഞു.

പുറത്തേക്കിറങ്ങിയ റോണി പെട്ടന്ന് ടോമിച്ചന്റെ അടുത്തേക്ക് വന്നു.

“ടോമിച്ചായാ ലോറി കൊണ്ടുവന്നിട്ടിട്ടുണ്ട്, താക്കോലിന്നാ, എന്നാ ഞങ്ങൾ പോകട്ടെ “

റോണിയും സെലിനും യാത്ര പറഞ്ഞിറങ്ങി.

“ഇപ്പൊ എന്തിനാ ലോറി ഇങ്ങോട്ട് കൊണ്ടുവന്നത്, നാളെ പോണങ്കിൽ തന്നെ ഞാൻ കാറുമായി വരത്തില്ലേ “

ജെസ്സി ചോദിച്ചുകൊണ്ട് ടോമിച്ചനെ സംശയത്തോടെ നോക്കി.

“ലോറി കണ്ടില്ലെങ്കിൽ എനിക്കുറക്കം വരത്തില്ല, എന്റെ കെട്യോളാ അത്. പിന്നെ നീയും ഇറങ്ങിക്കോ, രാത്രിയാകുന്നതിനു മുൻപ് വീട്ടിൽ ചെല്ല്, ഇരുട്ടി കഴിഞ്ഞാൽ വാതിലും കതകുമെല്ലാം അടച്ചിട്ടോണം, ആര് വന്നു വിളിച്ചാലും നോക്കിയിട്ടേ തുറക്കാവൂ. ചുറ്റും ശത്രുക്കള, അതോർത്തോണം “

ടോമിച്ചൻ മുന്നറിയിപ്പ് കൊടുത്തു.

“ആരുമില്ലാത്തവളല്ലേ, എനിക്കെന്തെങ്കിലും  സംഭവിച്ചാലെന്ത്, ഇല്ലെങ്കിൽ എന്ത്?വരുന്നത് പോലെ വരട്ടെ “

ജെസ്സി പറഞ്ഞിട്ട് എഴുനേറ്റു.

“നിനക്ക്  ഒരു സമ്മാനം വച്ചിട്ടുണ്ട്, നാളെ തരാം “

ടോമിച്ചൻ പറയുന്നത് കേട്ടു ജെസ്സി  അത്ഭുതത്തോടെ നോക്കി.

“എന്ത് സമ്മാനം “?

“അതൊക്കെ നാളെ പറയാം, നീ വേഗം പോകാൻ നോക്ക് “

ടോമിച്ചൻ ധൃതി കൂട്ടി.

നാലുമണി ആയപ്പോൾ ജെസ്സി വീട്ടിലേക്കു തിരിച്ചു.

അഞ്ചര കഴിഞ്ഞപ്പോൾ ചെറുപ്പക്കാരനായ ഒരാൾ ടോമിച്ചനെ കാണാൻ വന്നു.കുറച്ച് നേരത്തെ സംഭാഷണത്തിന് ശേഷം അയാൾ ആരെയൊക്കെയോ ഫോൺ ചെയ്തു. അവസാനം ടോമിച്ചനോട് എന്തോ പറഞ്ഞു.എട്ടുമണിയായപ്പോൾ ടോമിച്ചൻ എഴുനേറ്റു. വന്നയാൾ കൊണ്ടുവന്ന ബന്റജ് തുണി ടോമിച്ചന്റെ നിർദേശം പ്രെകാരം തോളിലെ മുറിവിലൂടെ ചുറ്റി ദേഹത്ത് വട്ടത്തിൽ കെട്ടി.ഷർട്ട്‌ എടുത്തിട്ടു.

“നീ ഞാൻ വരുന്നത് വരെ ഇവിടെ കിടന്നോണം, രാവിലെ അഞ്ചുമണിക്ക് മുൻപ് ഞാൻ വരും, ആ സമയത്തും എന്നെ കണ്ടില്ലെങ്കിൽ നീ സ്ഥലം വിട്ടോണം “

ടോമിച്ചൻ വന്ന ചെറുപ്പക്കാരനോട് പറഞ്ഞു. അയാൾ തലയാട്ടി.

ടോമിച്ചൻ മുറിക്കു പുറത്തിറങ്ങി, ചുറ്റും നോക്കി ആരും ശ്രെദ്ധിക്കുന്നില്ല എന്നുറപ്പു വരുത്തി വളർന്നു നിൽക്കുന്ന പൂച്ചെടികളുടെ മറ പറ്റി ലോറിക്ക് സമീപത്തെത്തി.

ലോറിയിൽ കയറി,പൊങ്ങി ഇരുന്ന  സീറ്റ്‌ പൊക്കി നോക്കി. അപ്പോഴാണ് കണ്ടത് സൈഡിൽ ചുരുട്ടിയ  ഉറുമി കിടക്കുന്നത്.

ലോറി സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്കു ഒടിച്ചു.

രാത്രി 12 മണി,

കുമളിയിൽ നിന്നും കമ്പത്തിന് പോകുന്ന റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഷണ്മുഖ ബാർ…

ഒരു ബുള്ളറ്റ് ചീറി പാഞ്ഞു വന്നു ബാറിനു മുൻപിൽ നിന്നു.

അതിൽ നിന്നും ഗുണ്ടൂർ ശിവ ഇറങ്ങി.

അയാൾ കയറി വരുന്നത് കണ്ടു ബാറിൽ അതുവരെ ഉണ്ടായിരുന്ന സംസാരം നിലച്ചു.എല്ലാവരുംഒതുങ്ങി കൂടി ഇരുന്നു മദ്യപിച്ചു. സപ്ലൈ ചെയ്യുന്ന പയ്യന്മാർ ഓടി നടന്നു മദ്യം ആവശ്യകാർക്ക് എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു.

ഗുണ്ടൂർ ശിവ നേരെ കൗണ്ടറിലേക്ക് ചെന്നു.

“കളക്ഷൻ എങ്കെ “

കാഷ്യർ മേശക്കുള്ളിൽ നിന്നും അന്നത്തെ കളക്ഷൻ തുക എടുത്തു കൊടുത്തു.

“സാർ അഞ്ചു ലക്ഷം “

പെട്ടന്ന് പുറകിൽ എന്തോ വീണുടഞ്ഞ ശബ്‌ദം കേട്ടു ശിവ തിരിഞ്ഞു. കുറച്ച് മുൻപിൽ നിന്നു ഒരു സപ്ലിയെർ പയ്യൻ വിറച്ചു. അവന്റെ കയ്യിൽ നിന്നും ഒരു ഗ്ലാസ്‌ താഴെ പോയി ഉടഞ്ഞതാണ് ശബ്‌ദം കേട്ടത്.

പയ്യന്റെ കണ്ണുകൾ ഭയം കൊണ്ട് നിറഞ്ഞു.

ശിവ അവന്റെ അടുത്തേക്ക് ചെന്നു.

“ഇന്ത ഗ്ലാസിക്കിരെ പൈസ  നിന്നുടെ അപ്പ കൊണ്ട് തരുമാ,ങേ “

ശിവയുടെ ശബ്‌ദം കേട്ടു പയ്യൻ പൂക്കുല പോലെ വിറച്ചു.

“സാർ, വെറുതെ വിടുങ്കോ, മന്നിച്ചിട് സാർ “

ശിവയുടെ കണ്ണുകൾ ചുവന്നു.അയാൾ വായിൽ കിടന്ന ഹാൻസ് പയ്യന്റെ മുഖത്തേക്ക് തുപ്പി, അടുത്ത് കിടന്ന  മേശയിൽ നിന്നും  ബിയർ കുപ്പി എടുത്ത്  പയ്യന്റെ തലയിൽ ആഞ്ഞൊരടി.!!

ഒരു നിലവിളിയോടെ പയ്യൻ താഴേക്കു വീണു.

“തൂക്കി വെളിയിൽ പോട് ഇന്ത തിരുട്ടു പയലേ “

ശിവ അവിടെ നിന്നവരോടായി ആഞാപിച്ചു.ഭയത്തോടെ ഓടി വന്ന രണ്ടുപേർ താഴെ വീണുകിടന്ന പയ്യനെ പൊക്കിയെടുത്തു പുറത്തു കൊണ്ടുപോയി ഹൈവേയുടെ സൈഡിലെ ചതുപ്പ് പ്രേദേശത്തെ വേസ്റ്റ് കൂനയിലേക്കെറിഞ്ഞു.

പുറത്തേക്കിറങ്ങിയ ശിവ ബുള്ളറ്റിൽ കയറി, ഒരു ഫോൺ വന്നത് എടുത്തു സംസാരിച്ചു ജീൻസിന്റെ പോക്കറ്റിൽ തിരുകി ബുള്ളറ്റ് സ്റ്റാർട്ടാക്കി ഹൈവേയിലൂടെ കുമളി ലക്ഷ്യമാക്കി നീങ്ങി. അതേ സമയം വഴിയുടെ സൈഡിൽ നിർത്തി ഇട്ടിരുന്ന ഒരു ലോറി സ്റ്റാർട്ടായി ബുള്ളറ്റിന് പുറകെ നീങ്ങി.

കുമളി അടുക്കാൻ  15 കിലോമീറ്റർ ഉള്ളപ്പോഴുള്ള വിജനമായ സ്ഥലത്തെത്തിയതും ലോറി ബുള്ളറ്റിന്റെ  മുൻപിലേക്കു പാഞ്ഞു കയറി വിലങ്ങി നിന്നു.

പെട്ടന്ന് ബാലൻസ് തെറ്റി ശിവ ബുള്ളറ്റുമായി മറിഞ്ഞു വീണു.ചാടിയെഴുന്നേറ്റ ശിവ അലറി…

“ഏതു തന്തയില്ല കഴുവേറി ആടാ എന്റെ ബുള്ളന്റിന് മുൻപിൽ വിലങ്ങനെ വണ്ടിയിടാൻ ധൈര്യം കാണിച്ചത് “

അതുകേട്ടു ലോറിയിൽ നിന്നും ചാടിയിറങ്ങിയ ആൾ തോളിൽ കിടന്ന തോർത്തെടുത്തു തലയിൽ കെട്ടി ലോറിയുടെ തെളിഞ്ഞു നിൽക്കുന്ന ഹെഡ്ലൈറ്റിന്റെ വെളിച്ചത്തേക്ക് വന്നു.

“നിന്റെ അമ്മയെ കെട്ടിയവൻ, നിന്റെ തന്ത, ഞാനാ നിന്റെ വണ്ടിക്കു മുൻപിൽ വണ്ടി വട്ടം വച്ചത് , ടോമിച്ചൻ, നീ എന്നെ അന്വേഷിച്ചു അങ്ങോട്ട്‌ വന്നതല്ലേ, വീണ്ടും ബുദ്ധിമുട്ടിക്കാതെ ഇങ്ങോട്ട് വന്നു നിന്റെ പിണ്ണം വച്ചേക്കാമെന്നു ഞാനും വച്ചു  “

ടോമിച്ചനെ കണ്ടതും ഗുണ്ടൂർ ശിവയുടെ കണ്ണുകൾ തിളങ്ങി.

“ടോമിച്ച, നീ ഇങ്കെ വന്തത്,നിന്റെ ഉയിർ ഇവിടെ വച്ചിട്ടു  പോകറതുക്കു മട്ടും, മരണത്തെ തേടി വന്തവൻ നീ, തിരുമ്പി പോകമാട്ടേൻ “

ശിവ തമിഴും മലയാളവും കലർന്ന ഭാഷയിൽ പറഞ്ഞു കൊണ്ട് കറപ്പിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു.

“നിന്റെ പൂതി കൊള്ളാം,പക്ഷെ തിരിച്ചു വരാമെന്നു വീട്ടിലിരികുന്നവർക്ക് വാക്ക് കൊടുത്തിട്ടാ ടോമിച്ചൻ നിന്നെ അന്വേഷിച്ചു വന്നത്, എനിക്ക് തിരിച്ചു പോയെ പറ്റു, നിന്നെയും കൊണ്ട് “

ടോമിച്ചൻ പറഞ്ഞു തീരും മുൻപേ ശിവ അരയിൽ നിന്നും കത്തി വലിച്ചെടുത്തു.തന്റെ നേരെ പാഞ്ഞു വന്ന ശിവയുടെ നേരെ ടോമിച്ചൻ ഉറുമി വീശി. ശരീരത്തിലൂടെ എന്തോ കേറി ഇറങ്ങി പോകുന്നതുപോലെ ശിവക്ക് തോന്നി. ദേഹത്ത് നിന്നും ചോരയോടൊപ്പം മാംസവും തെറിച്ചു. അയാളുടെ കയ്യിൽ നിന്നും കത്തി തെറിച്ചു ലോറിയുടെ മുൻപിൽ വീണു.എന്താണ് സംഭവിക്കുന്നതെന്നു ശിവക്ക് മനസ്സിലാകുന്നതിനു മുൻപ് മൂക്കിന്റെ പാലം  തകർക്കുന്ന രീതിയിൽ ഇടി വീണു പുറകിലേക്ക് തെറിച്ചു ബുള്ളറ്റിന്റെ പുറത്തേക്കു മലച്ചു വീണു.കൈകുത്തി എഴുനേൽക്കാൻ തുടങ്ങിയ ശിവയുടെ കാലിൽ പിടിച്ചു ടോമിച്ചൻ തിരിച്ചു പുറത്തു ചവുട്ടി നിലത്തേക്ക് മറിച്ചു. ഒരുകയ്യിൽ പിടിച്ചു പുറകോട്ടു ഒടിച്ചു. അയാളിൽ നിന്നും ഒരു നിലവിളി മുഴങ്ങി.

ലോറിയുടെ മുൻപിൽ കിടന്ന കത്തി ടോമിച്ചൻ  മിന്നൽ വേഗത്തിലെടുത്തു പിടഞ്ഞെഴുന്നേൽക്കുവാൻ തുടങ്ങിയ ശിവയുടെ പുറത്തു കുത്തിയിറക്കി ഒരു വലി വലിച്ചു.ശിവയുടെ  കരച്ചിൽ ഉയർന്നു.

“നീ എന്നെ പുറകിൽ നിന്നും  കുത്തിയപ്പോൾ എനിക്കതൊരു രോമം കൊഴിഞ്ഞു പോകുന്നത് പോലെയാ തോന്നിയത്.പച്ചമാംസത്തിൽ കത്തി കേറുമ്പോൾ ഉണ്ടാകുന്ന സുഖം നീയും അറിയണം, എല്ലാം ഞാൻ ക്ഷെമിച്ചേനെ, പക്ഷെ ഒന്നുമറിയാത്ത രണ്ടു ജീവനുകളെ കത്തിക്ക് കുത്തി കീറിയ നീ അവിടുന്ന്  പോന്നത്. അവരുടെ കുടുംബങ്ങളെയാ നീ അനാഥമാക്കിയത്, തിരിച്ചറിവ് പോലും ആകാത്ത ഒരു കുഞ്ഞിന്റെ അപ്പനെയാ നീ ഇല്ലാതാക്കിയത്. രണ്ടു സ്ത്രീകളെയാ നീ വിധവകൾ ആക്കിയത്. നാളെ അവന്മാരുടെ  ശവമടക്കാ, അത് കാണാൻ ഞാൻ പോകുന്നതിനു മുൻപ് നിന്നെ തീർത്തേക്കാം എന്ന് ഞാനവന്മാരുടെ ആത്മക്കൾക്ക് വാക്ക് കൊടുത്തു പോയി.”

വേദനകൊണ്ട് പിടയുന്ന ഗുണ്ടൂർ ശിവയുടെ മുഖം ടോമിച്ചൻ ടാർ റോഡിലിട്ടു ഉരച്ചു, അയാൾ അലറി വിളിച്ചു കൊണ്ടിരുന്നു.

“കരയാതെടാ കഴുവേറി, ഒരുപാടു പേരുടെ കണ്ണീരും ചോരയും കൊണ്ട് ജീവിക്കുന്ന നിനക്ക് ഇനി കരയാൻ പോലും യോഗ്യത ഇല്ല.”

കയ്യിലിരുന്ന തോർത്ത്‌ രണ്ടായി വലിച്ചു കീറി കയ്യും കാലും കൂട്ടി കെട്ടി, ചോരയൊഴുകുന്ന ശിവയുടെ ശരീരം വലിച്ചിഴച്ചു ലോറിയുടെ അടുത്തേക്ക് കൊണ്ടുവന്നു.വലിച്ചു പൊക്കി ലോറിയുടെ പുറകിലേക്കിട്ടു. ചാടി കേറി ശിവയുടെ മൂക്കിൽ ആഞ്ഞൊരു ചവുട്ട് കൊടുത്തു ടോമിച്ചൻ, അതിനുള്ളിൽ കിടന്ന കയറ്റെടുത്തു ശിവയുടെ ദേഹത്ത് ചുറ്റി കമ്പിയിൽ ചേർത്തു കെട്ടി.

തിരിച്ചിറങ്ങി ഡ്രൈവിംഗ് സീറ്റിലെത്തി ലോറി സ്റ്റാർട്ട് ചെയ്തു മുൻപോട്ടെടുത്തു.മുറിഞ്ഞ കയ്യിൽ നന്നായി വേദന അനുഭവപ്പെടുന്നത് ടോമിച്ചൻ അറിഞ്ഞു. എങ്കിലും വേദന വകവയ്ക്കാതെ ലോറി ഓടിച്ചു.

ജോണിയും കണ്ണനും വെട്ടുകൊണ്ട് വീണ സ്ഥലത്തു റോഡിന്റെ സൈഡ് ചേർത്തു നിർത്തി. ടോമിച്ചൻ ഇറങ്ങി.

നേർത്ത തണുത്ത കാറ്റു വീശുന്നുണ്ട്,പ്രകൃതിയിൽ മൂടൽ മഞ്ഞും വ്യാപിച്ചിട്ടുണ്ട്.

ലോറിയിൽ കെട്ടിയിട്ടിരുന്ന ശിവയുടെ കെട്ടഴിച്ചു ലോറിയിൽ നിന്നും എടുത്തു റോഡിന്റെ സൈഡിലേക്കിട്ടു.ശിവ റോഡിൽ കുടന്നു പിടയുകയും അസഭ്യവാക്കുകൾ വിളിച്ചു പറയുകയും ചെയ്തുകൊണ്ടിരുന്നു.

ടോമിച്ചൻ ഇറങ്ങി അവന്റെ അടുത്തേക്ക് വന്നു.വലിച്ചു പൊക്കിയെടുത്തു ലോറിയിൽ ചാരി നിർത്തി.

“ഈ സ്ഥലം നിനക്കറിയാമോ? എന്റെ കൂടെയുണ്ടായിരുന്നവരെ നീ വെട്ടിമുറിച്ചിട്ട അതേ സ്ഥലം, ആ റോഡിൽ ഉണങ്ങി കിടപ്പുണ്ട് ഇപ്പോഴും അവരുടെ നീ വീഴ്ത്തിയ ചോര.എന്റെ പുറത്തു കത്തി കുത്തിയിറക്കിയ അതേ സ്ഥലം. അവരുടെ ജീവനെടുക്കാൻ നീ തീരുമാനിച്ച അതേ സ്ഥലത്തു വച്ചു തന്നെ നിന്റെ ജീവനും പോകും. അങ്ങേ ലോകത്തു നീ ഒറ്റയ്ക്ക, അവര് രണ്ടുപേരും. അവിടെ വച്ചു അവർ നിനക്കുള്ളത് തരും”

ടോമിച്ചൻ ഗുണ്ടൂർ ശിവയെ തള്ളിക്കൊണ്ടുപോയി കൊക്കയുടെ അരികത്തു നിർത്തി. തിരിഞ്ഞു നോക്കി കൊണ്ട് ശിവ തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു. ടോമിച്ചൻ അത് കേട്ടതായി ഭവിക്കാതെ ലോറിയുടെ സൈഡിൽ നിന്നും കടലാസ്സിൽ പൊതിഞ്ഞ പന്ത് പോലുള്ള ഒരു പൊതി എടുത്തു തുറന്നു.

അതിനുള്ളിൽ ചുവന്ന ഒരു ബോൾ ആയിരുന്നു.

“ഇതെന്താണെന്നു നിനക്കറിയാമോ? ഗുണ്ട്, കാട്ടുപന്നിയുടെ തല തകർക്കാൻ ഉപയോഗിക്കുന്ന സാധനം. നീ ഗുണ്ടൂർ ശിവ അല്ലേ, അപ്പോൾ നിന്നെ ആദരിച്ചു വേണ്ടേ വിടാൻ. അതുകൊണ്ട് ഇതും ഇരിക്കട്ടെ “

ഭയത്തോടെ ടോമിച്ചനെ നോക്കികൊണ്ട്‌ നിന്ന ഗുണ്ടൂർ ശിവയുടെ കഴുത്തിൽ കുത്തിപിടിച്ചു  വായിക്കുള്ളിലേക്ക് ടോമിച്ചൻ കയ്യിലിരുന്ന ഗുണ്ട് തള്ളി കേറ്റി. അതിന്റെ തിരി പുറത്തേക്കു നീണ്ടു കിടന്നു.

ടോമിച്ചൻ ചെവിക്കിടയിൽ നിന്നും ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ചു ലൈറ്റ്ർ എടുത്തു ബീഡി കത്തിച്ചു.

“നിയമവും അധികാരവും നിനക്ക് പരോൾ അനുവദിക്കും. പക്ഷെ ഞാൻ അത് റദാക്കി നിന്നെ പരലോകത്തേക്കു പറഞ്ഞയക്കുവാ, ഒരു പാട് ആത്മാക്കളുടെ ശാന്തിക്കു വേണ്ടി, ഇപ്പൊ നിനക്ക് മനസ്സിലായോ, പാവപെട്ടവനു നേരെ വരുമ്പോൾ അവനൊന്നു നെഞ്ച് വിരിച്ചു തിരിഞ്ഞു നിന്നാൽ നീ ഒക്കെ തീരും എന്ന് , നിനക്കൊക്കെ പണത്തിന്റെയും അധികാരത്തിന്റെയും പിൻബലം ഉണ്ട്. പക്ഷെ ഞങ്ങൾക്കതില്ല ,ഉള്ളത് ഒന്നുമാത്രമ, ചങ്കൂറ്റം “

പറഞ്ഞതും ശിവയുടെ വായിക്കകത്തു വച്ചിരുന്ന ഗുണ്ടിന്റെ താഴേക്കു തൂങ്ങി കിടന്ന തിരിയിൽ തീ കൊളുത്തി. അത് കത്തി കത്തി കേറുന്നത് നോക്കി ടോമിച്ചൻ ചിരിച്ചു.

“നിന്റെ കളി ഇതോടെ തീർന്നു. കുറഞ്ഞത് പത്തഞ്ഞൂറു അടി താഴ്ച എങ്കിലും കാണും ഈ കൊക്കക്ക്.അങ്ങോട്ട്‌ പറന്നു ചെല്ലുന്ന കാഴ്ച അതൊന്നു നീ ഓർത്തു നോക്കിക്കേ, പോകുന്ന പോക്കിൽ നിന്റെ തല പൊട്ടി തെറിക്കും,കുറച്ച്  പട്ടികൾക്കും  കുറുനരികൾക്കും വിശപ്പടക്കാൻ നീ ധാരാളം. എന്നാ സമയം കളയുന്നില്ല. നീ പൊക്കോ “

പറഞ്ഞതും ടോമിച്ചൻ ഗുണ്ടൂർ ശിവക്കിട്ട്  ആഞ്ഞൊരു ചവിട്ട് കൊടുത്തു. ഒരു നിലവിളിയോടെ കത്തുന്ന ഗുണ്ടും കടിച്ചു പിടിച്ചു ശിവ വായുവിലൂടെ കൈകലിട്ടടിച്ചു കൊക്കയുടെ അടിത്തട്ടിലേക്ക് പോയി കൊണ്ടിരുന്നു.

നോക്കി നിൽക്കെ അതി ഭയാനകമായ ഒരു പൊട്ടിത്തെറിയും  ഒച്ചയും, തീയും,പുകയും  കണ്ടു ടോമിച്ചൻ.

ഒരു മിനിറ്റ് നിന്നശേഷം ടോമിച്ചൻ ലോറിക്ക് അടുത്തേക്ക് നടന്നു.ലോറിയിൽ കയറുന്നതിനു മുൻപ് ചോരവീണു കറുത്ത് കിടക്കുന്ന റോഡിന്റെ ഭാഗത്തേക്ക്‌ ടോമിച്ചൻ ഒന്ന് നോക്കി.

“ടോമിച്ചാ, ഇതാടാ സ്നേഹം, ഞങ്ങടെ കുടുംബം അനാഥമാക്കിയ അവനെ നീ തീർത്തില്ലേ, മതിയടാ, ഞങ്ങടെ ആത്മാവിന് ശാന്തികിട്ടി. ഞങ്ങടെ കുടുംബത്തിൽ ഇടക്കൊക്കെ പോയി നീ ഒന്ന് നോക്കണം, ചെറിയ പിള്ളേരാ,അവര്  വഴിയാധാരമായി പോകരുത്..”

അവിടെ നിന്നും ജോണിയും കണ്ണനും തന്നോട് വിളിച്ചു പറയുന്നതുപോലെ തോന്നി.ടോമിച്ചൻ ലോറിയിൽ കയറി ചെറുതോണി ആശുപത്രി ലക്ഷ്യമാക്കി നീങ്ങി.

വെളുപ്പിന് അഞ്ചര ആയപ്പോൾ ടോമിച്ചൻ ഹോസ്പിറ്റലിൽ എത്തി. ബെഡിൽ കിടന്നുറങ്ങുന്ന ആളെ വിളിച്ചെഴുനേൽപ്പിച്ചു.

“പോയ കാര്യം നടന്നോ? ഞാൻ പറഞ്ഞ സമയത്തു തന്നെ  ശിവ എത്തിയോ, അവന് തെറ്റായ വിവരം കൊടുത്തു കുമളിയിലേക്ക് കൊണ്ടുവരാനാണ് നോക്കിയത് ?”

ബെഡിൽ നിന്നും എഴുനേറ്റു വന്നയാൾ ചോദിച്ചു.

“കാര്യങ്ങൾ എല്ലാം പറഞ്ഞപോലെ തന്നെ നടന്നു. തീർന്നു അവൻ “

ടോമിച്ചൻ ശബ്‌ദം താഴ്ത്തി പറഞ്ഞു.

“എന്റെ പെങ്ങളെ നശിപ്പിച്ചു കൊന്നുകളഞ്ഞവനാ ടോമിച്ചാ അവൻ, അവനോടേറ്റുമുട്ടാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു. പക്ഷെ നിങ്ങൾ ഒരു തെളിവും വയ്ക്കാതെ അവനെ തീർത്തു എന്നറിഞ്ഞപ്പോൾ മനസ്സിനുള്ളിൽ എരിഞ്ഞുകൊണ്ടിരുന്ന കനൽ കെട്ടടങ്ങിയപോലെ ഒരു സുഖം. എനിക്കതു മതി, പള്ളി സെമിതേരിയിൽ പോയി അവളുടെ കുഴിമാടത്തിൽ ചെന്നു പറയണം, നിന്നെ ഇല്ലാതാക്കിയവൻ ഇന്ന് ചത്തു തൊലഞ്ഞു പോയെന്നു, അത് കേൾക്കുമ്പോൾ അവളുടെ ആത്മാവ് സന്തോഷിക്കും   “

പറഞ്ഞിട്ട് അയാൾ പുറത്തേക്കു നടന്നു.

“ജെർമി, “

ടോമിച്ചന്റെ പിന്നിൽ നിന്നുള്ള വിളി കേട്ടു അയാൾ നിന്നു.

ടോമിച്ചൻ അടുത്ത് ചെന്നു കുറച്ച് നോട്ടുകൾ അയാളുടെ പോക്കറ്റിനുള്ളിൽ വച്ചു കൊടുത്തു.

“ഇതിരിക്കട്ടെ, ചെയ്തു  തന്ന ഉപകാരത്തിനു നന്ദി “

അയാൾ വരാന്തയിലൂടെ നടന്നുപോകുന്നത് ടോമിച്ചൻ നോക്കി നിന്നു.

രാവിലെ പത്തു മണിയായപ്പോൾ ജെസ്സി കാറുമായി വന്നു.

ടോമിച്ചന്റെ നിർബന്ധത്തിന് വഴങ്ങി ഡോക്ടർ ഡിസ്ചാർജ് അനുവദിച്ചു.ലോറിയിൽ ടോമിച്ചനും കാറിൽ ജെസ്സിയും ജോണിയുടെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ പോയി. അവർ എത്തുമ്പോൾ ജോണിയുടെ വീട്ടിൽ അവസാനമായി ബന്ധുക്കൾ  ശവം കാണുന്ന ചടങ്ങായിരുന്നു.

ടോമിച്ചനും കണ്ടു. പെട്ടിക്കുള്ളിൽ ഉറങ്ങികിടക്കുന്നത് പോലെ ജോണി. കരഞ്ഞു തളർന്നു അരികിൽ അവന്റെ ഭാര്യ ഷീനയും കയ്യിൽ ഉറങ്ങികിടക്കുന്ന ഒരു പൊടികുഞ്ഞും.ചുറ്റും ബന്ധുക്കൾ.ഷീന ടോമിച്ചനെ ഒന്ന് നോക്കി. കൂട്ടുകാരനായിട്ടും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്നൊരു ധ്വനി ആ നോട്ടത്തിലുണ്ടായിരുന്നു.

“മരണം വരുമൊരുനാൾ, ഓർക്കുക മർത്യ നീ…..

കൂടെപോരും നിൻ ജീവിത ചെയ്തികളും..

സത്കൃത്യങ്ങൾ ചെയ്യുക നീ..

അലസത കൂടാതെ “

നേർത്ത ചാറ്റൽ മഴ പെയ്യുവാൻ തുടങ്ങി.

ചാറ്റൽ മഴക്കിടയിലൂടെ വിലാപയാത്ര പള്ളിയിലേക്ക് നീങ്ങി.കണ്ണീരണിഞ്ഞ മുഖങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും അനുഗമിച്ചു.

വൈകുന്നേരം അഞ്ചു മണിക്ക് കണ്ണന്റെ ശവസംസ്കാരത്തിലും പങ്കെടുത്തു ടോമിച്ചനും ജെസ്സിയും കുമളിക്ക് മടങ്ങി.

പോകുന്നവഴി കുട്ടിക്കാനത്തെ വീട്ടിലും കയറി.

മുറ്റത്തു കാറ് നിർത്തി ജെസ്സി ഇറങ്ങി. പുറകെ ലോറിയിൽ നിന്നും ടോമിച്ചനും.

“ഇവിടെ നിൽക്കുമ്പോൾ മനസ്സിനൊരു സുഖം. ഒരു സമാധാനവും സന്തോഷവും കിട്ടുന്ന പോലെ. അതെന്താ അങ്ങനെ?”

ജെസ്സി പറഞ്ഞു കൊണ്ട് ടോമിച്ചനെ നോക്കി.

“എനിക്കറിയത്തില്ല, ഞാനതൊന്നും ചിന്തിച്ചിട്ടില്ല “

പറഞ്ഞിട്ട് ടോമിച്ചൻ തിണ്ണയിൽ ഇരുന്നു ഒരു ബീഡി കത്തിച്ചു.

“ഞാനൊരു കാപ്പി ഇട്ടു തരട്ടെ, കുറച്ച് നേരം ഇവിടെ ഇരുന്നിട്ട് പോകാം “

പറഞ്ഞിട്ട് ജെസ്സി വാതിൽ തുറന്ന് അകത്ത് കയറി അടുക്കളയിലേക്ക് പോയി.

പാത്രങ്ങളെടുത്തു കിണറിന്റെ അടുത്ത് പോയി, കഴുകി വൃത്തിയാക്കി, കിണറ്റിൽ നിന്നും കുടത്തിൽ വെള്ളവുമായി അടുക്കളയിൽ വന്നു.

കാപ്പിയിട്ടു ഗ്ലാസിൽ പകർന്നു, വരാന്തയിലേക്ക് ചെന്നു.

“ദാ കാപ്പി “കാപ്പി ഗ്ലാസ്‌ ടോമിച്ചന് കൊടുത്തു. തിരിച്ചടുക്കളയിൽ പോയി മറ്റൊരുഗ്ലാസിൽ കുറച്ച് കാപ്പിയെടുത്തു വരാന്തയിൽ വന്നിരുന്നു.

“എങ്ങനെ ഉണ്ട് കാപ്പി,”

ജെസ്സി ടോമിച്ചനെ നോക്കി.

“കാപ്പി കാപ്പിപ്പോലെ ഉണ്ട്. അല്ലാതെ കാപ്പി കുടിച്ചിട്ട് ചായ നല്ലതായിരുന്നു എന്ന് പറയുവാൻ പറ്റുമോ “?

ടോമിച്ചൻ പറഞ്ഞു കൊണ്ട് ഗ്ലാസ്സ് വരാന്തയിൽ വച്ചു.

“നിങ്ങളെന്താ ഇങ്ങനെ, ഞാൻ എനിക്കറിയാവുന്ന രീതിയിൽ എല്ലാം എന്റെ മനസ്സിൽ എന്താണെന്നു നിങ്ങടെ മുൻപിൽ തുറന്ന് കാണിച്ചു. ഞാനെന്താ നിങ്ങൾക്ക് ഇഷ്ടപെടാതിരിക്കാൻ തക്ക മോശമായ ഒരു പെണ്ണാണോ? നിങ്ങൾക്കെന്നോടുള്ള വികാരം എന്താ, അറപ്പാണോ, അതോ വെറുപ്പോ, അതുമല്ലങ്കിൽ സ്നേഹമാണോ, ഇതുവരെ അത് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞിട്ടില്ല. നിങ്ങൾ തന്നെ പറ, എന്താ നിങ്ങടെ മനസ്സിൽ….”

ജെസ്സി ഗ്ലാസിലെ കാപ്പി കുടിച്ചു കൊണ്ട് ചോദിച്ചു.

“നിനക്കിതല്ലാതെ ഒന്നും പറയാനില്ലേ, നിന്റെ നഴ്സിംഗ് പഠനത്തെ കുറിച്ച്,ആഗ്രഹിച്ച ജോലിയെ കുറിച്ച്, ഭാവിയെ കുറിച്ച്, ഇതൊന്നും നിന്റെ ചിന്തയിൽ ഇല്ലേ “?

ടോമിച്ചൻ ജെസ്സിയെ നോക്കി.

“ഒരു പെണ്ണിന്റെ മനസ്സ് എന്താണെന്നു നിങ്ങൾക്കറിയാമോ? നിങ്ങൾക്കരുതുന്നതുപോലെ അല്ല.അവളത്മാർഥമായി ഒരാളെ ഇഷ്ടപെട്ടാൽ,  ആഗ്രഹിച്ചാൽ , സ്വൊപ്നം കണ്ടാൽ , മനസ്സിൽ കൊണ്ടുനടന്നാൽ ,അത് സ്വന്തമാക്കാതെ,  നഷ്ടപ്പെട്ടു അകന്നു പോയി എന്ന് വന്നാൽ,അവളുടെ ഹൃദയത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവായി മാറും അത് , എത്ര നാൾ കഴിഞ്ഞാലും എവിടെ പോയാലും ജീവിതാവസാനം വരെ ഉള്ളിൽ കിടന്നു നീറും, ആ ഓർമ്മ ഒരു മുള്ളായി മനസ്സിനെ കുത്തി നോവിച്ചുകൊണ്ടിരിക്കും …”

ജെസ്സി പറയുമ്പോൾ അവളുടെ കണ്ണുകൾ  ഈറനണിയുന്നത് ടോമിച്ചൻ കണ്ടു.

“ആ അതുപോട്ടെ, ജോണിയുടെയും കണ്ണന്റെയും കുടുംബത്തെ എന്തെങ്കിലും കൊടുത്തു സഹായിക്കണ്ടേ, അറിയാതെ ആണെങ്കിലും നമുക്ക് വേണ്ടി മരിച്ചവരാണവർ, അത് മറക്കാൻ പറ്റത്തില്ല “

ജെസ്സി കണ്ണുതുടച്ചു കൊണ്ട് ടോമിച്ചനോട് പറഞ്ഞു.

“ചെയ്യാം, ഇതെല്ലാം ഒന്നു കഴിയട്ടെ, നേരം ഇരുട്ടി, പെട്ടന്നിറങ് പോകാം “

ടോമിച്ചൻ എഴുനേറ്റു. ജെസ്സി ഗ്ലാസുകൾ കൊണ്ടുപോയി കഴുകി വച്ചു, അടുക്കള അടച്ചു , മുൻവശത്തു വന്നു കതകു പൂട്ടി ഇറങ്ങി.

കാറിൽ ജെസ്സി മുൻപിലും ലോറിയിൽ ടോമിച്ചൻ പുറകിലുമായി കുമളി ലക്ഷ്യമാക്കി നീങ്ങി.

                   (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!