കൊലക്കൊമ്പൻ – 16

2926 Views

kolakomban

ഉച്ചയായപ്പോൾ പോയ ജെസ്സിയും ഇന്നലെ പോയ ടോമിച്ചനും ഇതു വരെ മടങ്ങിവരാത്തത് എന്തെന്നുള്ള വെപ്രാളത്തിൽ ശോശാമ്മ വഴിക്കണ്ണുമായി മുറ്റത്തിറങ്ങി ഗേറ്റിന്റെ ഭാഗത്തേക്ക്‌ നോക്കി  നിൽക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരമായി. ഇടക്ക് ജോജി വാതിൽക്കൽ വന്നു എത്തി നോക്കിയിട്ടു ലൈസിയുടെ അടുത്തേക്ക്  ചെന്നു.

“മമ്മി, ആ തള്ള ടോമിച്ചനെയും ജെസ്സിയെയും കാണാതെ വീട്ടിനകത്തു കയറുകയില്ലന്ന് ശപഥം ചെയ്തു മുറ്റത്തു നോക്ക് കുത്തിയെ പോലെ നിൽപ്പുണ്ട്. അവർക്കറിയാവോ മകനെ  ഇപ്പോൾ എതെങ്കിലും കൊക്കയിൽ പട്ടിയും പൂച്ചയും കടിച്ചു വലിക്കുന്നുണ്ടെന്നു… പാവം മകനെ കാണാത്തതിലുള്ള വിഷമം ശരിക്കുമുണ്ട്. ആ ജെസ്സി അവളെവിടെ പോയതാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല, അതോ കമ്പത്തു നിന്നും വന്നവർ അവളെയും തട്ടിയോ, അല്ല, ഇതുവരെ കാണുന്നില്ലാ, അതുകൊണ്ട് പറഞ്ഞതാ “

ജോർജി ഉത്സാഹത്തോടെ പറഞ്ഞു കൊണ്ട് തുടർന്നു.

“മമ്മി, അവരെ കാണുമ്പോൾ എനിക്ക് ചൊറിഞ്ഞു കേറി വരും,ആ തള്ളയെ നാളെ തന്നെ ഇവിടെ നിന്നും ഓടിക്കണം, ഇനി ഏതു പട്ടി ചോദിക്കാൻ വരാനാ… ഡാഡി കളത്തിൽ ഇറങ്ങിയപ്പോൾ എല്ലാം ആസന്നത്തിൽ വാലും ചുരുട്ടി ഓടിയെന്ന തോന്നുന്നത്. സിനിമയിൽ പറയുന്നതുപോലെ ഏമ്പക്കവും വിട്ട് കാണും “

ജോർജി പറഞ്ഞിട്ട് ലൈസിയെ നോക്കി.

“മമ്മി ചെന്നു ആ തള്ളയോട് രണ്ടെണ്ണം പറ, നാളെ ഇറങ്ങിയില്ലെങ്കിൽ ചവുട്ടി എടുത്തു ദൂരെ എറിയുമെന്ന് പറ, ഒന്ന് ഭീക്ഷണിപെടുത്തി വയ്ക്കുന്നത് നല്ലതാ.”

ജോർജി പറഞ്ഞത് കേട്ടു ലൈസി നേരെ സിറ്റൗട്ടിലേക്കു ചെന്നു.

“കുറച്ച് നേരമായല്ലോ ഈ നിൽപ്പ് ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്, ആരെ നോക്കി നിൽക്കുവാ തള്ളേ, മകനെ നോക്കി നിൽക്കുകയാണെങ്കിൽ അവിടെ നിന്ന് മഞ്ഞുകൊണ്ട് പനി പിടിപ്പിക്കണ്ട.അവനിപ്പോൾ ഏതെങ്കിലും കൊക്കയിൽ ചത്തു മലച്ചു കിടപ്പുണ്ടാവും. ഏതായാലും മകൻ കർത്താവിന്റെ അടുത്ത് നിദ്ര പ്രാപിച്ച സ്ഥിതിക്ക് നിങ്ങൾ നാളെതന്നെ  നിങ്ങടെ ആ ചെറ്റ കുടിലിലേക്ക് പൊക്കോണം. നേരം വെളുക്കുന്നത് വരെ ഇവിടെ കിടന്നോ, സൂര്യനുദിച്ചാൽ അപ്പോൾ പെട്ടിയും കിടക്കയും എടുത്തു വിട്ടോണം കുട്ടികാനത്തിന്, രണ്ടാമതൊന്നു പറയിപ്പിക്കാൻ ഇടവരുത്തരുത്. ജെസ്സിയെയും പോയിട്ട് കാണുന്നില്ലല്ലോ, അതിനർത്ഥം അവളും തൊലഞ്ഞു പോയി  എന്നാണ് തോന്നുന്നത് “

ലൈസി പറയുന്നത് കേട്ടു നിറകണ്ണുകളോടെ ശോശാമ്മ തല തിരിച്ചു നോക്കി.

“ദൈവദോഷം പറയരുത്, എനിക്ക് എന്റെ മകനല്ലാതെ വേറെ ആരുമില്ല, അവനെന്തെങ്കിലും പറ്റിയാൽ പിന്നെ ഞാനുമില്ല. അത്രതന്നെ.”

ശോശാമ്മ വിതുമ്പലോടെ പറഞ്ഞു.

“തന്റെടിയും കേഡിയുമായി മകൻ നടന്നപ്പോൾ ഉപദേശിച്ചു നന്നാക്കാതെ അവൻ ചത്തു തൊലഞ്ഞു പോയപ്പോൾ ഇവിടെ കിടന്നു മോങ്ങിയിട്ടു കാര്യമില്ല.”

ലൈസി പരിഹാസച്ചുവയോടെ പറഞ്ഞു.

“അപ്പോ മമ്മി പറഞ്ഞത് കേട്ടല്ലോ,രാവിലെ സ്ഥലം വിട്ടോളുക “

താക്കീതിന്റെ സ്വരത്തിൽ പറഞ്ഞിട്ട് തിരിഞ്ഞതും ഗേറ്റിൽ ഹോണടി ശബ്‌ദം കേട്ടതും ഒരുമിച്ചായിരുന്നു.

ലൈസിയും ജോർജിയും ഒരേപോലെ അങ്ങോട്ട്‌ നോക്കി.

ജെസ്സിയുടെ കാർ ഗേറ്റ് കടന്നു വരുന്നു. പുറകെ ടോമിച്ചന്റെ ലോറിക്കൂടി വരുന്നത് കണ്ടപ്പോൾ ലൈസി ജോർജിയെ തുറിച്ചു നോക്കി.

കരഞ്ഞു കൊണ്ട് താടിക്ക് കൈകൊടുത്തിരുന്ന ശോശാമ്മ അതുകണ്ടു ചാടി എഴുനേറ്റു, അവരുടെ മുഖം സന്തോഷം കൊണ്ട് വിങ്ങി. മുറ്റത്തു വന്നു നിന്ന കാറിൽ നിന്നും ജെസ്സി ഇറങ്ങി. പുറകെ ലോറിയിൽ നിന്നും ടോമിച്ചനും….

അത് കണ്ടു ലൈസിയും ജോർജിയും പരസ്പരം നോക്കിയിട്ട് ശരവേഗത്തിൽ അകത്തേക്ക് പോയി.

ശോശാമ്മ ഓടി ടോമിച്ചന്റെ അടുത്ത് ചെന്നു.

“ഇന്നലെ എന്താടാ ടോമിച്ചാ നീ വരാത്തത്. ഇവിടെ മനുഷ്യന്റെ ചങ്കിൽ തീ ആയിരുന്നു. നീ എവിടെ പോയതാ “

ശോശാമ്മ വെപ്രാളത്തോടെ ചോദിച്ചു.

“ഇന്നലെ നേരത്തെ വരാൻ പോയതാ, അപ്പോഴാ വക്കച്ചൻ മുതലാളിക്ക് അത്യാവശ്യമായി ഒരു ലോഡ് തേക്കിൻ തടി പെരുമ്പാവൂരു എത്തിക്കേണ്ടതായി വന്നത്. അതുകൊണ്ട് നേരെ തടിയുമായി അങ്ങോട്ട്‌ പോയി. വക്കച്ചൻ മുതലാളി പറയുമ്പോൾ എങ്ങനെയാ പറ്റുകേലന്നു പറയുന്നത്.”

ടോമിച്ചൻ നല്ലൊരു കള്ളം തട്ടി വിട്ടു.

“അമ്മച്ചിയുടെ മുഖമെന്താ വല്ലാതെ ഇരിക്കുന്നത്,”

ജെസ്സി ശോശാമ്മയുടെ അടുത്തേക്ക് ചെന്നു.

“ഒന്നുമില്ല മോളേ, ഇവനെ കാണാതെ വന്നപ്പോ ഉള്ളിൽ ഒരാന്തൽ,എനിക്ക് ഈ ഭൂമിയിൽ ഉള്ള ഏക ആശ്രയമ എന്റെ ടോമിച്ചൻ,എന്തൊക്കെയോ മനസ്സിലൂടെ കേറിയിറങ്ങി പോയപ്പോ ഒരു ചെറിയ തലവേദന “

ശോശാമ്മ ചിരിക്കാൻ ശ്രെമിച്ചു.

“അപ്പോ ഞാൻ അമ്മച്ചിക്ക് ആരുമല്ലേ, എപ്പോഴും പറയാറ് ഈ ജെസ്സി അമ്മച്ചിക്ക് മകളെ പോലെ ആണെന്ന് അല്ലേ , മറന്നു പോയോ? പിന്നെ ദേ ടോമിച്ചൻ പനപോലെ വന്നു മുൻപിൽ നിൽക്കുന്നു, ഇനി എന്തിനാ അമ്മച്ചി സങ്കടപെടുന്നത്.”

ജെസ്സി പറഞ്ഞു കൊണ്ട് ശോശാമ്മയെ ചേർത്തു പിടിച്ചു.

“നീയും എന്റെ മോള് തന്നെയാ “

ശോശാമ്മ കണ്ണീരു തുടച്ചു.

ലൈസിയും ജോർജിയും പറഞ്ഞ കാര്യങ്ങൾ ജെസ്സിയോട് പറഞ്ഞാലോ എന്ന് ശോശാമ്മ രണ്ടുവട്ടം ചിന്തിച്ചു. അവസാനം വേണ്ട, വെറുതെ എന്തിന് ഒരു വഴക്ക് എന്ന് വച്ചു അതിനെക്കുറിച്ചു  മിണ്ടിയില്ല.

അത്താഴം കഴിഞ്ഞു മുറ്റത്തുകൂടി ടോമിച്ചൻ നടക്കുമ്പോൾ ജെസ്സി അടുത്ത് ചെന്നു.

“പാവം ശോശാമ്മച്ചി, ഒന്നും അറിഞ്ഞിട്ടില്ല, അറിഞ്ഞാൽ ആധി കേറി തകർന്നു പോകും. തത്കാലം ഒന്നുമറിയേണ്ട, അതാ നല്ലത് “

ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ തലകുലുക്കി.

“ങ്ങാ നാളെ വില്ലേജ് ഓഫീസിൽ പോയി, ആധാരം വാങ്ങിച്ചു കരം അടക്കേണ്ടുന്ന ദിവസമാ, രാവിലെ എന്റെ കൂടെ നിങ്ങളും വരണം. ഒരു ധൈര്യത്തിന്… ചുറ്റും ശതൃക്കള, ഇന്നാള് വന്നതുപോലെ ആരെങ്കിലും  വന്നാൽഎന്റെ കൂടെ   അടി തടവ് അറിയാവുന്ന ആരെങ്കിലും ഇല്ലെങ്കിൽ കുഴപ്പമാകും.”

പറഞ്ഞിട്ട് ജെസ്സി ചെറിയ ചിരിയോടെ ടോമിച്ചന്റെ മുഖഭാവം ശ്രെധിച്ചു. അവിടെ പ്രേത്യേകിച്ചു ഒരു ഭാവഭേദവും കാണുവാൻ സാധിച്ചില്ല.

“അത്‌ നാളത്തെ കാര്യമല്ലേ, അപ്പോൾ ആലോചിക്കാം,”

ടോമിച്ചൻ നടത്തം നിർത്തി.

“മണി പതിനൊന്നകാറായി, കിടക്കുന്നില്ലേ, അതോ ഇവിടുത്തെ സെക്യൂരിറ്റി ജോലി ഏറ്റെടുക്കാൻ പ്ലാൻ വല്ലതും ഉണ്ടോ “?

ജെസ്സിയുടെ ചോദ്യം കേട്ടു ടോമിച്ചൻ അവളെ നോക്കി.

“ഞാൻ കുറച്ച് കഴിഞ്ഞു കിടന്നോളാം, എന്നെ ചൊറിയാൻ നിൽക്കാതെ നീ പോയികിടന്നുറങ് “

ടോമിച്ചൻ പറഞ്ഞിട്ട് അടുത്ത് നിന്ന മരത്തിലേക്കു ചാരി നിന്നു ഒരു ബീഡിക്കു തീ കൊളുത്തി.പുകയെടുത്തു കൊണ്ട് ജെസ്സിയെ നോക്കി.

“ടോമിച്ചൻ ഇതുവരെ സഞ്ചരിക്കാത്ത വഴികളിൽ കൂടിയ കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ മനസ്സ് കൈവിട്ട പട്ടം പോലെയാ.. എവിടെ ചെന്നു ഇടിച്ചു തകരും എന്ന് ഇപ്പോൾ പറയാൻ പറ്റാത്ത അവസ്ഥ.”

ടോമിച്ചൻ പറയുന്നത് കേട്ടു. നെടുവീർപ്പെട്ടു.

“സന്തോഷമായി കഴിഞ്ഞ നിങ്ങടെ ജീവിതത്തിൽ ഞാൻ പ്രശ്നങ്ങൾ വാരിയിട്ടു.ഇപ്പൊ എനിക്കും അറിയത്തില്ല, എന്ത് ചെയ്യണമെന്ന്. എല്ലാം തിരിച്ചു പിടിച്ചു, എങ്ങനെ, നിങ്ങടെ സന്തോഷവും സമാധാനവും നശിപ്പിച്ച്…”

ട്യൂബ് ലൈറ്റ്റിന്റെ പ്രകാശത്തിൽ ജെസ്സിയുടെ മിഴികളിൽ രണ്ടു നീർമണികൾ ഉരുണ്ടു കൂടി തുളുമ്പാൻ വെമ്പിനിൽക്കുന്നത് ടോമിച്ചൻ കണ്ടു.

“അതിനു നീ എന്തിനാ സങ്കടപെടുന്നത്, നഷ്ടപെട്ടെന്ന് കരുതിയ സ്വത്തുക്കൾ തിരിച്ചു കിട്ടിയില്ലേ, മുടങ്ങിപ്പോയ നഴ്സിംഗ് പഠനം പൂർത്തിയാക്കാൻ പോകുവല്ലേ, പിന്നെ പ്രശ്നങ്ങൾ… എല്ലാവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ട്, അത് പുറമെനിന്നു നോക്കുന്നവർക്ക് മനസിലാകില്ല എന്നേ ഉള്ളു. കിട്ടിയ സൗഭാഗ്യങ്ങളിൽ സന്തോഷിച്ചു ജീവിക്കുക. അത്രതന്നെ. ഇനിയും നിന്നെ തേടി സന്തോഷം വരും. താമസിക്കാതെ….”

ടോമിച്ചൻ പറഞ്ഞിട്ട് കയ്യിലിരുന്ന ബീഡി ഒന്നുകൂടി ആഞ്ഞു വലിച്ചു കുറ്റി ദൂരേക്ക് എറിഞ്ഞു.

“ശരിയാ.. എനിക്ക് നഷ്ടപ്പെട്ടതെല്ലാം, ആഗ്രഹിച്ചതെല്ലാം നിങ്ങൾ നേടി തന്നു. പക്ഷെ ഈ ജെസ്സി ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാര്യം നിങ്ങൾ സാധിച്ചു തന്നോ, പ്രണാനുതുല്യം ഇഷ്ടപെട്ട ആ കാര്യം, എന്ത് കിട്ടിയാലും അത് കിട്ടത്തിടത്തോളം ഞാൻ എല്ലാം നഷ്ടപ്പെട്ടവളെ പോലെ തന്നെയാ. സ്വത്തും പണവും അല്ല ജീവിതത്തിന്റെ അളവുകോൽ.”

ജെസ്സി പറഞ്ഞിട്ട് അകത്തേക്ക് പോകാൻ തിരിഞ്ഞു.

പിന്നെ എന്തോ ഓർത്തിട്ടു നിന്നു ടോമിച്ചനെ നോക്കി.

“നിങ്ങൾ ഇപ്പൊ പറഞ്ഞില്ലേ, ഇനിയും എന്നേ തേടി സന്തോഷം വരുമെന്ന്, ഇന്നലെ പറഞ്ഞു എനിക്കൊരു സമ്മാനം  തരുന്നുണ്ടെന്ന്. അതെന്തോന്നാ,എന്നെ ഇതിനും മാത്രം സന്തോഷിപ്പിക്കുന്ന ഒന്ന്”

ജെസ്സി ടോമിച്ചന്റെ മറുപടിക്ക് വേണ്ടി കാത്തു.

“അതൊക്കെ നാളെ പറയാം. ഇപ്പൊ പോയികിടന്നു സമാധാനമായി ഉറങ്ങാൻ നോക്ക് “

ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി ഒരു നിമിഷം മൗനിയായി.

“ഞാൻ സമാധാനമായി ഉറങ്ങണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, സന്തോഷിക്കണമെന്നും നല്ലൊരു ജീവിതത്തിൽ എത്തിപെടണമെന്നും കരുതുന്നു. അങ്ങനെയെങ്കിൽ ഞാനാഗ്രഹിച്ചത് നിങ്ങൾ തരണം”

ജെസ്സി പറഞ്ഞു.

“അതെന്തോന്ന്… നിനക്ക് ഉറക്കം വരാനും, സന്തോഷിപ്പിക്കാനും പറ്റിയ ഒന്നും എന്റെ കയ്യിലില്ല, എവിടുന്നെങ്കിലും സംഘടിപ്പിച്ചു തരാൻ പറ്റുന്നതാണെങ്കിൽ ഞാൻ നോക്കാം “

ടോമിച്ചൻ അകത്തേക്ക് കയറാൻ തിരിഞ്ഞു.

“അതിന് അന്വേഷിച്ചു എങ്ങും പോകണ്ട ഇവിടെ തന്നെ ഉണ്ട്, നിങ്ങളിൽ തന്നെ, അതെടുത്തു എന്റെ കയ്യിൽ വച്ചു തന്നാൽ ഞാൻ സന്തോഷത്തോടെ പോയി പോത്തു പോലെ കിടന്നുറങ്ങിക്കൊള്ളാം, എന്താ തരുമോ”

ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ ആശ്ചര്യത്തോടെ നോക്കി.

“അതെന്തോന്ന്… ബീഡി ആണോ?എന്റെ കയ്യിൽ ഇപ്പോൾ ഒരു കൂട് ദിനേശ് ബീഡി ഉണ്ട്. അത് വലിച്ചു ആരും സന്തോഷത്തോടെ ഉറങ്ങിയാ ചരിത്രം ഇല്ല “

ജെസ്സി കലിപ്പിച്ചൊന്നു നോക്കി.

“ബീഡി അല്ല കഞ്ചാവ്, അതാകുമ്പോൾ കിറുങ്ങി ഉറങ്ങാം, ഇല്ലാത്ത സ്വപ്നങ്ങളും കാണാം, എനിക്ക് ചൊറിഞ്ഞു കേറി വരുന്നുണ്ട്. നിങ്ങളു മന്ദബുദ്ധി ആണോ അതോ അതുപോലെ നടിക്കുന്നതോ “

ജെസ്സി സാരിയുടെ തലപ്പുകൊണ്ടു മുഖം അമർത്തി തുടച്ചു.

“പിന്നെ എന്ത് കിട്ടിയാല നിനക്ക് സമാധാനമായി ഉറങ്ങാൻ പറ്റുന്നത്, അത് പറ, എനിക്ക് പോയി കിടന്നു ഒന്നുറങ്ങണം, കിട്ടിയ കുത്ത് തോളിൽ ആയിപോയി, മാറി പോയിരുന്നെങ്കിൽ സ്ഥിരമായി പെട്ടിക്കകത്തു ഉറങ്ങിയേനെ “ടോമിച്ചൻ പറഞ്ഞു കൊണ്ട് ജെസ്സിയെ നോക്കി.

“പറഞ്ഞാൽ നിങ്ങള് തരുമോ എങ്കിൽ പറയാം, ആണുങ്ങൾ വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം, പറഞ്ഞു കഴിയുമ്പോൾ കാണകുണാ വർത്തമാനം പറയരുത്, പറഞ്ഞേക്കാം  “

ജെസ്സി ആശയോടെ നോക്കി .

“എന്തായാലും പറഞ്ഞു തുലക്ക്, പറ്റുന്നതാണെങ്കിൽ ചെയ്തു തന്നിരിക്കും “

ടോമിച്ചൻ വീടിന്റെ അകത്തേക്ക് കയറാതെ വാതിൽ പടിയിൽ നിന്നു.

“എന്റെ കണ്ണിൽ നോക്കി ഐ ലവ് യൂ എന്ന് പറ, അതാണ് ആദ്യ സ്റ്റെപ് “

ജെസ്സി ടോമിച്ചന്റെ കണ്ണിലേക്കു നോക്കി.

“ഇതു ഞാൻ പറഞ്ഞാൽ നിനക്ക് ഉറക്കം കിട്ടുമെങ്കിൽ പറഞ്ഞേക്കാം കണ്ണിലോട്ടല്ല നീ പറയുന്ന എങ്ങോട്ട് നോക്കി വേണമെങ്കിലും പറഞ്ഞേക്കാം.. ഇതിന്റെ അർത്ഥമെന്താ, വല്ല തെറിയും ആണോ  “

ടോമിച്ചന്റെ ചോദ്യം കേട്ടു ജെസ്സി ചിരിച്ചു.

“ഇപ്പോൾ കണ്ണിൽ നോക്കി പറഞ്ഞാൽ മതി, വേറെ നോക്കണ്ട സമയം വരുമ്പോൾ പറയാം. ആദ്യം ഇതു പറ അതുകഴിഞ്ഞു അർത്ഥം “

ടോമിച്ചൻ തോളിൽ കിടന്ന തോർത്തെടുത്തു തലയിൽ കെട്ടി.അതുകണ്ടു ജെസ്സി ചോദിച്ചു.

“നിങ്ങളെന്താ എന്നെ പീഡിപ്പിക്കാൻ  പോകുവാണോ? മുഖത്തു നോക്കി പറഞ്ഞുതന്നപോലെ പറയാനല്ലേ പറഞ്ഞോളു.അതിനാണോ ഇത്രയും ഡെക്കറേഷൻ “

അതുകേട്ടു ടോമിച്ചൻ രൂക്ഷമായി നോക്കി.

“ഭൂരിപക്ഷം  പെണ്ണുങ്ങളും കാണാൻ കൊള്ളാവുന്ന ആമ്പിള്ളേരെ കാണിക്കാൻ തള്ളിപിടിച്ചു നടക്കുനവരാ  ,ആത്മസംതൃപ്തിക്കു വേണ്ടി, അതുകണ്ടു എതെങ്കിലും ഒരു ഞരമ്പുരോഗി കേറി പിടിച്ചാൽ, അതാരെങ്കിലും കണ്ടന്ന് ഉറപ്പായാൽ  ഇവളുമാര് അതുടനെ പീഡനമാക്കി രക്ഷപെടും. പശുവിന്റെ ചൊറിച്ചിലും പോകും  കാക്കയുടെ വിശപ്പും മാറും.   എന്തായാലും നിന്റെ മോന്ത ഇങ്ങു കാണിക്ക്,ഞാൻ പറഞ്ഞേക്കാം “

പറഞ്ഞിട്ട് ടോമിച്ചൻ ജെസ്സിയുടെ കണ്ണിലേക്കു നോക്കി

“ഐ ലവ് യു “

ടോമിച്ചൻ പറഞ്ഞപ്പോൾ ജെസ്സിയുടെ കണ്ണികളിൽ ഒരു നനവ് പടർന്നു

” നിങ്ങൾ ആത്മാർത്ഥമായിട്ടു പറഞ്ഞതാണോ?മനസ്സിൽ തട്ടി,അതോ ഞാൻ പറഞ്ഞു തന്നത് വെറുതെ എന്റെ മുഖത്തുനോക്കി പറഞ്ഞതോ “

“നിനക്കുറക്കം  വരാൻ നീ പറഞ്ഞു തന്നത് അതുപോലെ പറഞ്ഞു. അതിനെന്തിനാ മനസ്സിൽ തട്ടുന്നത് “

ടോമിച്ചൻ ചോദിച്ചു കൊണ്ട് തുടർന്നു.

“അതിരിക്കട്ടെ, ഇതിന്റെ അർത്ഥം നീ പറഞ്ഞില്ലല്ലോ, വല്ല വൃത്തികേടും ആണോ, നാളെ നിന്നെ അപമാനിച്ചു എന്നും പറഞ്ഞു വല്ല കള്ളകേസും കൊടുക്കാൻ, പെണ്ണെന്നു പറയുന്ന വർഗ്ഗത്തെ വിശ്വസിക്കാൻ കൊള്ളത്തില്ല, അവനവന്റെ നിലനിൽപ്പിനു വേണ്ടി സ്വന്തം തന്തയെ വരെ തള്ളി പറയും  “

ടോമിച്ചൻ ജെസ്സിയെ സൂക്ഷിച്ചു നോക്കി.

“ഞാൻ നിങ്ങളോട് ഒരിക്കലും അങ്ങനെ ചെയ്യില്ല. നിങ്ങളെ തള്ളി കളയനല്ല, എന്റെ ഉള്ളിൽ കേറ്റി ഇരുത്താന എന്റെ ഉദ്ദേശം.പിന്നെ അർത്ഥം, അത് നാളെ പറയാം, ഇന്ന് പറഞ്ഞാൽ ഇപ്പോൾ മനസ്സിൽ തോന്നിയ സന്തോഷം പോകും ഉറക്കവും നഷ്ടപ്പെടും “

പറഞ്ഞിട്ട് ജെസ്സിയും അകത്തേക്ക് നടന്നു.ടോമിച്ചൻ മുകളിലത്തെ മുറിയിലേക്കും.

പിറ്റേന്ന് രാവിലെ പത്തുമണി ആയപ്പോൾ ടോമിച്ചനും ജെസ്സിയും വില്ലേജ് ഓഫീസിൽ എത്തി. കരമടച്ചു ജെസ്സിയുടെ പേരിൽ ആധാരം വാങ്ങിച്ചു.

“ഇനി നിനക്കാരെയും പേടിക്കണ്ട, പോകുന്നവഴിയിൽ എസ് പി ഓഫീസിൽ കയറി, ഷണ്മുഖത്തിന്റെ ഭാഗത്തുനിന്നും ജീവനും സ്വത്തിനും ഭീക്ഷണി ഉണ്ടെന്നും അതുകൊണ്ട് നിരീക്ഷണത്തിന് പോലീസുകാരെ വേണമെന്നും പറഞ്ഞു ഒരു പരാതി കൊടുക്കുക. ഒന്നുരണ്ടു പോലീസുകാരെ വിട്ടുതരും. പിന്നെ ഷണ്മുഖത്തിന്റെ ശല്യം ഉണ്ടാകാതില്ല, മാത്രമല്ല ഇന്നോ നാളെയോ ആ തള്ളയേയും മക്കളെയും എടുത്തു വീടിന്റെ പുറത്തിടണം “

ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി തലകുലുക്കി.

“നിങ്ങൾ എന്റെ കൂടെ ഉണ്ടെങ്കിൽ ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം “

അവർ കാറിൽ തിരിച്ചു പോരാൻ തുടങ്ങുമ്പോൾ ടോമിച്ചൻ പറഞ്ഞു.

“നമുക്ക് ചെറുതോണി ഹോസ്പിറ്റലിൽ വരെ ഒന്ന് പോകണം, ഡോക്ടറെ കാണണം “

“അത് ഞാൻ അങ്ങോട്ട്‌ പറയാൻ ഇരിക്കുകയായിരുന്നു. ഒന്ന് പോയി ടെസ്റ്റ്‌ ചെയ്യുന്നത് നല്ലതാ “

ജെസ്സി ടോമിച്ചൻ പറഞ്ഞതിനെ അനുകൂലിച്ചു.

ചെറുതോണി ഗവണ്മെന്റ് ഹോസ്പിറ്റലിനു മുൻപിൽ കാർ പാർക്കു ചെയ്തു ടോമിച്ചനും ജെസ്സിയും ഇറങ്ങി.

ഡ്യൂട്ടി ഡോക്ടറുടെ ക്യാബിനു മുൻപിൽ ജെസ്സിയെ നിർത്തി ടോമിച്ചൻ അകത്ത് കയറി ഡോക്ടറെ കണ്ടു.

പിന്നെ ഡോക്ടറുമായി ഇറങ്ങിവന്നു സർജൻ തോമസ് കുര്യന്റെ റൂമിലേക്ക്‌ പോയി. കുറച്ച് കഴിഞ്ഞു ഇറങ്ങി വന്നു.

ടോമിച്ചൻ ജെസ്സിയുടെ അടുത്തേക്ക് ചെന്നു.

“വാ രണ്ടാമത്തെ നിലയിൽ ഒരാളെ കാണാനുണ്ട്.”

ജെസ്സിയെയും കൂട്ടി ടോമിച്ചൻ രണ്ടാമനിലയിൽ എത്തി പതിനൊന്നാം നമ്പർ മുറിയുടെ അടഞ്ഞു കിടക്കുന്ന വാതിലിനു  മുൻപിലെത്തി. വരാന്തയിൽ അങ്ങിങ്ങായി റൂമിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന രോഗികളുടെ കൂടെവന്ന ബന്ധുക്കൾ ഇരിപ്പുണ്ട്.

“ഈ റൂമിലെന്താ, ഡോക്ടർ സ്കാനിങ്ങോ എക്സറെയോ മറ്റോ പറഞ്ഞോ “

ജെസ്സി ടോമിച്ചനെ നോക്കി.

“ങ്ങാ, അതൊന്നുമല്ല… ഒരിക്കൽ നഴ്സിംഗ് എന്ന നിന്റെ പാതിവഴിയിൽ നിന്നുപോയ സ്വപ്നം ഇപ്പോൾ പൂർത്തിയാക്കാം പോകുവല്ലേ, പിന്നെ ഒരിക്കൽ കൈവിട്ടു പോയി എന്ന് തോന്നിയ സ്വത്തുക്കൾ ഇന്ന് നിന്റെ പേരിൽ സ്വന്തമായി… പിന്നെ പലപ്പോഴും നീനക്ക്  ഭൂമിയിൽ തനിച്ചായി പോയി എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അതെന്നോട് നീ പറഞ്ഞിട്ടുമുണ്ട്. ഇന്നലെ ഞാൻ പറഞ്ഞു ഒരു സമ്മാനം തരാമെന്നു, സന്തോഷം നിന്നെ തേടി വരുമെന്ന്. അതിനൊക്കെ ഒരു പരിഹാരമാണ് ഇപ്പോൾ കാണാൻ പോകുന്നത്.ഇന്ന് മുതൽ നീ ആരുമില്ലാത്തവളല്ല, ഒരു പക്ഷെ നിന്റെ പ്രാർത്ഥന കേട്ടു ദൈവം എന്റെ മുൻപിൽ എത്തിച്ചതായിരിക്കും. നീ കതകുതുറന്നു അകത്ത് ചെന്നു നോക്ക്”

ടോമിച്ചൻ പറയുന്നത് എന്താണെന്നു മനസിലാകാതെ നിന്ന ശേഷം കതകു തുറന്ന് അകത്ത് കയറി.

ശീതികരിച്ച റൂമിനുള്ളിൽ ഒരു ബെഡിൽ ഒരാൾ കിടക്കുന്നു. ദേഹത്ത് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. മുഖം മരുഭാഗത്തേക്ക്  ചെരിച്ചു കിടക്കുന്നതിനാൽ മുഖം വ്യെക്തമല്ല.

ജെസ്സി അടുത്തേക്ക് ചെന്നു.

കാൽപെരുമാറ്റം കേട്ടിട്ടാകാം ബെഡിൽ കിടന്നയാൽ സാവകാശം തല തിരിച്ചു നോക്കി.

ജെസ്സി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പതുക്കെ അവളുടെ മുഖം വിടർന്നു, സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു.

“സ്റ്റാലിനച്ചായൻ….”ജെസ്സിയുടെ ചുണ്ടുകൾ വിറച്ചു.

ബെഡിൽ കിട്ടുന്നയാളിന്റെയും ചുണ്ടുകൾ വിറകൊണ്ടു.”ജെസ്സി.. മോളേ”

“ഇച്ചായ, എന്ത് പറ്റി, ഇത്രയും നാൾ എവിടെയായിരുന്നു? ഇവിടെ എങ്ങനെ വന്നു… ഓരോ ദിവസവും ഞാൻ ഓർക്കുമായിരുന്നു.പപ്പയും മമ്മിയും ഇച്ചായനൊന്നുമില്ലാതെ ഞാൻ ഭൂമിയിൽ ആരുമില്ലാതെ ഒറ്റപെട്ട അവസ്ഥയിൽ ആയിരുന്നു കുറച്ച് നാൾ മുൻപ് വരെ, ജീവനൊടുക്കിയാലോ എന്ന് വരെ ചിന്തിച്ചു.”

ജെസ്സിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി.

“ജെസ്സി, ഞാൻ വന്നല്ലോ, കഥയൊക്കെ പിന്നെ പറയാം, എന്നെ ഇവിടെ എത്തിച്ചത് ടോമിച്ചൻ എന്നൊരാൾ പറഞ്ഞിട്ടാണ് എന്ന് എന്നെ ഇവിടെ കൊണ്ടുവന്ന ആൾ പറഞ്ഞിരുന്നു. ഗുണ്ടൂർ ശിവയുടെ കുത്തുകൊണ്ട് ഞാൻ ഓടി ഒരു ലോറിയുടെ മുൻപിലേക്കു ചെന്നു വീണത് ഓർമ്മയുണ്ട്. പിന്നെ ഇന്നലെ ബോധം തെളിയുമ്പോൾ ഇവിടെയാ.ആരാ ഈ ടോമിച്ചൻ “

ചോദ്യഭാവത്തിൽ സ്റ്റാലിൻ ജെസ്സിയെ നോക്കി.

“അതും ഒരു സംഭവമാ, ഈ ജെസ്സി ജീവനോടെ ഇരിക്കാൻ കാരണക്കാരൻ. ഇവിടുന്ന് വീട്ടിലേക്കു പോയിട്ടു പറയാം “

അപ്പോൾ സർജൻ തോമസ് കുര്യനും ഒരു നഴ്സും മുറിക്കകത്തേക്ക് വന്നു.

“എങ്ങനെ ഉണ്ട് സ്റ്റാലിൻ, വേദന കുറവുണ്ടോ, മുറിവ് കുറച്ച് ആഴത്തിലുള്ളതാണ്, കൃത്യസമയത്ത് ആരൊക്കെയോ ചേർന്നു ഇവിടെ എത്തിച്ചത് കൊണ്ട് രക്ഷപെട്ടു, ഭാഗ്യമുണ്ട് “

സർജൻ പരിശോധിച്ചു കേസ് ഷീറ്റിൽ എന്തൊക്കെയോ കുറിച്ചു, നഴ്സിന്റെ കയ്യിൽ കൊടുത്തു.

“ഇതാരാണ് സ്റ്റാലിന്റെ “

ചോദ്യഭാവത്തിൽ ഡോക്ടർ ജെസ്സിയെ നോക്കി.

“എന്റെ ഇച്ചായനിതു, ഞാൻ ജെസ്സി “

ജെസ്സി പറഞ്ഞു.

“നന്നായി, ബന്ധുക്കൾ എത്തിയത്, ഒരാഴ്ച ഇവിടെ കിടക്കട്ടെ മുറിവ് കുറച്ച് ഉണങ്ങിയിട്ടു ഡിസ്ചാർജ് ചെയ്യാം, അപ്പോൾ സ്റ്റാലിൻ, റസ്റ്റ്‌ എടുക്കു “

പറഞ്ഞിട്ട് ഡോക്ടർ തോമസ് കുര്യൻ നഴ്സിനോടൊപ്പം പുറത്തേക്കു പോയി.

ജെസ്സിയും മുറിക്കു പുറത്തേക്കു ചെന്നു.

ടോമിച്ചൻ തൂണിലും ചാരി പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു.

ജെസ്സിയെ കണ്ടു അവൾക്കഭിമുഖമായി തിരിഞ്ഞു.ജെസ്സി ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.നോക്കി നിൽക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“ഇതായിരുന്നു എനിക്ക് കരുതി വച്ച സമ്മാനവും സന്തോഷവും അല്ലേ. ആരുമില്ലെന്ന എന്റെ ദുഃഖവും മാറ്റി തന്നു. ഇതിനൊക്കെ ഞാനെന്താ നിങ്ങൾക്ക് ചെയ്യേണ്ടത്,പ്രത്യുപകരമായി…ഞാൻ എന്റെ ജീവിതം  തന്നെ നിങ്ങൾക്ക് തരുവാ… തൊഴിച്ചു തെറിപ്പിക്കാം, അല്ലങ്കിൽ ചേർത്തു പിടിക്കാം, നിങ്ങടെ ഇഷ്ടം പോലെ . അതാ എനിക്ക് തിരിച്ചു തരാനുള്ളത്.അല്ലെങ്കിൽ എന്റെ സ്വത്തുക്കൾ മുഴുവൻ നിങ്ങൾക്ക് തരാം. പറ എന്താ ഞാൻ ഇതിനൊക്കെ തിരിച്ചു തരേണ്ടത് “

ടോമിച്ചൻ ജെസ്സി നോക്കി.

“എനിക്കൊന്നും വേണ്ട, നീ സന്തോഷമായി ജീവിച്ചാൽ മതി.അതിനാ ഇതൊക്കെ ചെയ്തത്. ഇതൊക്കെയെ എനിക്ക് ചെയ്തു തരാൻ പറ്റു “

ടോമിച്ചൻ തുടർന്നു.

“അന്ന് കുത്ത് കൊണ്ട് എന്റെ ലോറിയുടെ മുന്പില വന്നത്. അവിടെ വച്ച എനിക്കും കുത്തേറ്റത്.ഞാൻ ലോറിയിൽ കയറ്റി കിടത്തി. അപ്പോഴേക്കും ഷണ്മുഖത്തിന്റെ ഗുണ്ടകളുമായി അടിയായി, ബെഹളമായി. ഞാൻ കൊക്കയുടെ സൈഡിലേക്ക് മറിഞ്ഞു പോയി. ഭാഗ്യം കൊണ്ട് രക്ഷപെട്ടതാ “

ടോമിച്ചൻ പറഞ്ഞു നിർത്തി.

“നീ സ്റ്റാലിന്റെ അടുത്ത് നിൽക്ക്, ഇവിടെ ആള് വേണ്ടേ, നിങ്ങൾ ആങ്ങളക്കും പെങ്ങൾക്കും ഒരുപാടു വിശേഷങ്ങൾ പറയാനൊക്കെ കാണും …ഒരുപാടു നാളുകൾക്കു ശേഷം കാണുവല്ലേ, ഇവിടെ ഉള്ള കാര്യം തത്കാലം ആരും അറിയണ്ട. ഒരാഴ്ച കഴിയട്ടെ. അപ്പോ ഞാൻ പോകുവാ, എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചു പറഞ്ഞാൽ മതി “

ടോമിച്ചൻ മുണ്ടെടുത്തു മടക്കികുത്തി പുറത്തേക്കു നടന്നു.

“എനിക്ക് വേണ്ടിയുള്ള അടുത്ത സന്തോഷം തരുന്ന സമ്മാനം തേടി പോകുവായിരിക്കും അല്ലേ.എന്തൊക്കെ നേടി തന്നാലും മനസ് നിറഞ്ഞു തുളുമ്പണമെങ്കിൽ നിങ്ങള് തന്നെ വിചാരിക്കണം “

ജെസ്സി വിളിച്ചു പറഞ്ഞത് കേട്ടു ടോമിച്ചൻ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് നടന്നു.

അത് നോക്കി ജെസ്സി ഭിത്തിയിൽ ചാരി നിന്നു.

                        ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply