ടോമിച്ചൻ തിരിച്ചു കുട്ടികനത്തേക്ക് പോകുമ്പോഴാണ് മെറിൻ ഹോണ്ട ആക്ടിവ വഴി സൈഡിൽ നിർത്തി നിൽക്കുന്നത് കണ്ടത്. ടോമിച്ചൻ സ്കൂട്ടറിന്റെ അടുത്ത് ലോറി നിർത്തി ഇറങ്ങി.
അപ്രതിക്ഷമായി ടോമിച്ചനെ കണ്ട മെറിന്റെ മുഖത്തു അത്ഭുതം വിടർന്നു.
“ഹോസ്പിറ്റലിൽ നിന്നും ചാടി പോന്നോ,ഞാൻ ഹോസ്പിറ്റലിലേക്ക് വരാനിറങ്ങിയതാ, ഇന്ന് ക്ലാസ്സ് ഇല്ലായിരുന്നു.എങ്ങനെയുണ്ട്,മുറിവൊക്കെ ഉണങ്ങാൻ തുടങ്ങുന്നതിനു മുൻപ് ഇറങ്ങിയോ ലോറിയുമായി.”
മെറിൻ ആകാംഷയോടെ ചോദിച്ചു.
“ങ്ങാ, വേദന കുറവുണ്ട്,മുറിവുങ്ങണമെങ്കിൽ കുറച്ച് സമയമെടുക്കും. അതുവരെ എവിടെയെങ്കിലും അടങ്ങിയിരിക്കാൻ എന്നെ കൊണ്ട് പറ്റില്ല “
ടോമിച്ചൻ പറഞ്ഞു കൊണ്ട് സ്കൂട്ടറിന്റെ അടുത്തേക്ക് നടന്നു.
“നിന്റെ സ്കൂട്ടറിന് എന്ത് പറ്റി,”
ചോദിച്ചു കൊണ്ട് ടോമിച്ചൻ മെറിനെ നോക്കി.
“പെട്രോള് തീർന്നുപോയതാ, ഇന്നലെ പെട്രോൾ അടിച്ചിടുന്ന കാര്യം ഞാൻ മറന്നുപോയി. ഇവിടെ അടുത്തൊന്നും പമ്പില്ലാത്തതുകൊണ്ട് ഇവിടെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു. ബൈക്കിലും കാറിലുമൊക്കെ വന്ന ചില ചുള്ളന്മാർ ഇവിടെ നിർത്തി സഹായിക്കാനെന്ന വ്യാജന ചുറ്റിപറ്റി നിൽക്കാൻ നോക്കി. ഞാൻ” മായും പൂവും “ചേർത്തു നല്ല തെറിപറഞ്ഞോടിച്ചു. എന്റെ പപ്പാ നല്ലൊരു തെറിയൻ മുതലാളി ആയതുകൊണ്ട് ഞങ്ങള് വീട്ടുകാർക്ക് തെറിക്കു പഞ്ഞമൊന്നുമില്ല. ഈ തെറിയുടെ ഒക്കെ ശക്തി അപാരം തന്നെ അല്ലേ ടോമിച്ചായാ…”
മെറിന്റെ വാക്കുകൾ കേട്ടു ടോമിച്ചൻ അവളെ സകൂതം നോക്കി.
“നീ കല്യാണപ്രായമായ ഒരു പെണ്ണാ, തെറിയും പറഞ്ഞു മോഡേൺ വസ്ത്രവും ധരിച്ചു ഇങ്ങനെ നടന്നാൽ നല്ല കുടുംബത്തിലുള്ള ആരെങ്കിലും വരുമോ നിന്നെ കെട്ടാൻ…തെറിച്ചി ആണെന്ന് പറയും എല്ലാവരും. ആണുങ്ങൾ തെറി പറയുന്നതുപോലെ പെണ്ണുങ്ങൾ പറയാമോ, ആ വക്കച്ചൻ മുതലാളിക്കും നാണക്കേടാകും “
ടോമിച്ചൻ പറഞ്ഞിട്ട് ലോറിയുടെ ക്യാബിനിൽ ഇരുന്ന ജാർ എടുത്തുകൊണ്ടു വന്നു.
“ഈ പെട്രോൾ സ്കൂട്ടറിൽ ഒഴിക്ക്, വേറെ ഒരാൾ പറഞ്ഞിട്ട് കൊണ്ടുവന്നതാ, ഞാൻ പോകുന്നവഴി വേറെ വാങ്ങിച്ചോളാം “
മെറിൻ പെട്രോൾ ടാങ്കിന്റെ അടപ്പ് തുറന്നു കൊടുത്തു.
“എന്നെ കണ്ടാൽ കല്യാണപ്രായമായ പെണ്ണാണെന്ന് പറയുമോ, വീട്ടിൽ എന്നെ കെട്ടിച്ചുവിടാൻ തകൃതിയായി ചെറുക്കന്മാരെ അന്വേഷിച്ചുകൊണ്ടിരിക്കുവാ, ഞാനവർക്ക് ഒരു തലവേദന ആകാൻ തുടങ്ങിയെന്നു തോന്നിക്കാണും. എനിക്കും ഒരാഗ്രഹമുണ്ട്, ഒരാളോട് ഒരിഷ്ടം. പക്ഷെ വീട്ടിൽ പറഞ്ഞാൽ ഭൂകമ്പം ഉണ്ടാകും. ഞാനുൾപ്പെടെ ഉള്ള പെണ്ണുങ്ങളുടെ മനസ് അങ്ങനെയാ, ആരോട് ഏതു നേരത്തു എങ്ങനെ ഇഷ്ടം തോന്നും എന്നൊന്നും പറയാൻ പറ്റത്തില്ല. പെണ്മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരെയെ പോലെ അല്ലേ “
സ്കൂട്ടറിൽ പെട്രോൾ ഒഴിച്ചുകൊണ്ട് നിന്ന ടോമിച്ചൻ മെറിനെ നോക്കി.
“നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. വീട്ടുകാര് കണ്ടുപിടിച്ചു തരുന്ന ചെറുക്കനെയും കെട്ടി മര്യാദക്ക് ജീവിക്കുക. പലരോടും ഈ പ്രായത്തിൽ സ്നേഹം തോന്നും. എന്നുവെച്ചു അവരെയെല്ലാം കെട്ടാൻ പറ്റുമോ, തൊട്ടാൽ പൊട്ടുന്ന പ്രായമാ, പൊട്ടിപോയാൽ പിന്നെ ഒരു പട്ടിയും തിരിഞ്ഞു നോക്കാതില്ല “
“അതും ശരിയാ, എല്ലാ ആഗ്രഹങ്ങളും നടക്കണം എന്നൊന്നില്ലല്ലോ,”
ടോമിച്ചൻ പറഞ്ഞതിനോട് മെറിൻ അനുകൂലിച്ചു.
“അതിരിക്കട്ടെ, നിനക്കാരോടാ പ്രേമം…പ്രേമം കാമത്തിൽ നിന്നും പ്രണയം പ്രാണനിൽ നിന്നും ഉണ്ടായ സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ ആണെന്നാണ് പഴമക്കാർ പറഞ്ഞിട്ടുള്ളത്… അതുകൊണ്ട് സൂക്ഷിച്ചോണം, നീ പറയുന്നവൻ നേരും നെറിയും ഉള്ള നല്ല കുടുംബത്തിൽ ജനിച്ചവൻ വല്ലതുമാണോ?ആണെങ്കിൽ ഞാൻ മുതലാളിയോട് പറഞ്ഞു നോക്കാം “
ടോമിച്ചൻ ജാർ അടച്ചു ലോറിയുടെ ക്യാബിനിൽ വച്ചു.
“കൊള്ളാവുന്നവൻ ആണ്, പക്ഷെ പറഞ്ഞാൽ കുഴപ്പമാ. അതുകൊണ്ട് വേണ്ട..പിന്നെ ഞാനൊരു ചോദ്യം ചോദിക്കട്ടെ, ടോമിച്ചായനെങ്ങനെയാ, കുടുംബത്തിൽ പിറന്നവനും നേരും നെറിയും ഉള്ളവനും ആണോ? സ്വയം എന്ത് തോന്നുന്നു “
മെറിന്റെ ചോദിച്ചു കൊണ്ട് ആക്ടിവയിൽ കയറി സ്റ്റാർട്ട് ചെയ്തു.
“അത് നീ അറിഞ്ഞിട്ടു എന്തെടുക്കാനാ “
ടോമിച്ചൻ ചോദ്യഭാവത്തിൽ മെറിനെ നോക്കി.
“ഒന്നിനും അല്ല, വെറുതെ അറിഞ്ഞിരിക്കാൻ, പിന്നെ ജെസ്സിയെച്ചിയേയും അമ്മച്ചിയേയും അന്വേഷിച്ചതായി പറയണം. ചോരവേണ്ടപ്പോൾ എന്നെ ഓർത്തെക്കണം. തിന്നുകൊഴുത്തു റയർ ചോരയുടെ ടാങ്ക്‌പോലെ ഞാനിവിടെ കാണും. ടോമിച്ചയാനുവേണ്ടി എന്റെ ശരിരത്തുള്ള മുഴുവൻ ചോരയും വേണമെങ്കിൽ ഞാൻ തരും. ടോമിച്ചായനെ എനിക്കത്രക്കും ഇഷ്ടമാ… ഞാൻ പറഞ്ഞെന്നും പറഞ്ഞു എങ്ങും പോയി അടിപിടി ഉണ്ടാക്കിയേക്കരുത്, പോട്ടെ “
ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് മെറിൻ ആക്ടിവ ഓടിച്ചു പോയി.
“ഈ പ്രായത്തിലുള്ള പെണ്ണുങ്ങൾക്കെല്ലാം വട്ടാണോ? എന്ന് ചിന്തിച്ചു നിന്ന ശേഷം ടോമിച്ചൻ ലോറിയിൽ കയറി കുട്ടിക്കാനത്തെ വീട്ടിലെത്തി കുറച്ച് വിശ്രമിച്ചു. ശേഷം ടൗണിലെ ഷാപ്പിലേക്കു പോയി.
സ്ഥിരം കുടിക്കാരായ കോരമാപ്പിളയും, ലോറി സുഗുണനും മത്തായിച്ചേട്ടനും ബെഞ്ചിൽ കള്ളുകുടിച്ചു കൊണ്ട് ഇരിപ്പുണ്ട്.
“ടോമിച്ചാ,കഴിഞ്ഞ ദിവസം നിന്റെ കൂട്ട്കാരെ ആരൊക്കയോ ചേർന്നു കുത്തികൊലപ്പെടുത്തി എന്നൊക്കെ കേട്ടല്ലോ, നിന്നെയും എന്തൊക്കെയോ ചെയ്‌തെന്നും കേട്ടു.എന്നതാ ടോമിച്ചാ ഇത്രയും ഗുരുതര പ്രശ്നം, ആരാ അവന്മാര്,കേട്ടിട്ട് പേടിയാകുന്നല്ലോ “
കോര മാപ്പിള ചോദിച്ചു കൊണ്ട് ഗ്ലാസിൽ ഒഴിച്ചു വച്ച കള്ളെടുത്തു ഒറ്റവലിക്കു അകത്താക്കി.ടോമിച്ചൻ പറയുന്നത് കേൾക്കാൻ മറ്റുള്ളവർ കാതു കൂർപ്പിച്ചിരുന്നു.
“അതൊക്കെ സൗകര്യം പോലെ പറയാം, ഇപ്പോ കുറച്ച് തിരക്കുണ്ട് “
പറഞ്ഞിട്ട് ടോമിച്ചൻ ബെഞ്ചിൽ ഇരുന്നു. കറിക്കാരൻ അവിര ഒരു കുപ്പി കള്ള് കൊണ്ടുവന്നു ടോമിച്ചന് മുൻപിൽ വച്ചു.
“കറി എന്തെങ്കിലും വേണോ ടോമിച്ചാ “
അവിര ചോദിച്ചുകൊണ്ട് ഒരു ഗ്ലാസും കൊണ്ട് വന്നു വച്ചു.
“വേണ്ട അവിരാച്ച… കുറച്ചു മുൻപ് കഴിച്ചതെ ഉള്ളു “
ടോമിച്ചൻ കുപ്പിയിലെ കള്ള് ഗ്ലാസിലൊഴിച്ചു കുടിച്ചു കൊണ്ടിരുന്നു.
“ഇനി ഇങ്ങോട്ട് എപ്പോഴാ ടോമിച്ചാ “
മത്തായി ചേട്ടൻ ചോദിച്ചു.
“ഉടനെ ഇങ്ങോട്ട് പോരും മത്തായിച്ചേട്ടാ. പറ്റുമെങ്കിൽ അടുത്ത ആഴ്ച തന്നെ.”
തോർത്തെടുത്തു ചുണ്ടും മുഖവും തുടച്ചു കൊണ്ട് ടോമിച്ചൻ എഴുനേറ്റു.കാശ് കൊടുത്തു പുറത്തിറങ്ങി,
കുമളിയിൽ എത്തുമ്പോൾ അഞ്ചു മണിയായി.
പെട്രോൾബാങ്കിൽ പോയി ലോറിയിൽ ഡീസൽ അടിച്ചു. അടുത്തുള്ള മുറുക്കാൻ കടയിൽ കയറി ഒരു സിഗററ്റു മേടിച്ചു വലിച്ചു.പിന്നെ പുളിമാക്കിൽ ബംഗ്ലാവിലേക്കു ലോറി തിരിച്ചു.
ലോറി നിർത്തി ഇറങ്ങി വരുന്ന ടോമിച്ചനെ കണ്ടു ലൈസി അകത്തേക്ക് കയറിപ്പോയി.റോയിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി പ്ലാസ്റ്റർ എടുത്തു കൊണ്ട് വന്ന ശേഷം പുൽത്തകിടിയിൽ വന്നിരുന്നു കാറ്റു കൊള്ളുകയായിരുന്നു അവർ.
പതിവുപോലെ ലോറിയുടെ ശബ്‌ദം കേട്ടു ഇറങ്ങി വരാറുള്ള ശോശാമ്മയെ അന്ന് കണ്ടില്ല.
ടോമിച്ചൻ നേരെ അടുക്കളയിലേക്ക് നടന്നു.അവിടെ വേലക്കാരി ശാന്ത ചായ വച്ചുകൊണ്ട് നിൽക്കുകയായിരുന്നു.
“അമ്മച്ചി എന്തിയെ “
ടോമിച്ചന്റെ ശബ്‌ദം കേട്ടു ശാന്ത തലതിരിച്ചു നോക്കി.
“ശോശാമ്മച്ചി കിടക്കുവാ, കുറച്ച് മുൻപ് ഇവിടെ നിന്നും ഇറങ്ങി പൊക്കോണം എന്ന് പറഞ്ഞു ആ ലൈസിയും ജോർജിയും അമ്മച്ചിയുമായി വഴക്കുണ്ടാക്കി. ടോമിച്ചനും ജെസ്സിയും വന്നിട്ട് പൊക്കോളാം എന്ന് അമ്മച്ചി പറഞ്ഞിട്ടൊന്നും അവര് കേട്ടില്ല, തടസം പിടിക്കാൻ ചെന്ന എന്നെയും തല്ലി, ജോർജിയുടെ മുറിയിൽ വേറെ ഗുണ്ടകളെപ്പോലെ തോന്നികുന്ന രണ്ടു തമിഴന്മാരും ഉണ്ട്. ശോശാമ്മച്ചിയെ ലൈസി പിടിച്ചു മുറ്റത്തേക്ക് തള്ളി.നെറ്റി പൊട്ടിയിട്ടുണ്ട്.മുറിയിൽ പോയിരുന്നു കരയുകയാണ് പാവം. ഇവിടെ എന്തൊക്കെയാ നടക്കുന്നതെന്ന് കർത്താവിനു പോലും അറിയത്തില്ല.”
ശാന്ത പറഞ്ഞു നിർത്തിയതും ടോമിച്ചൻ ശോശാമ്മ കിടക്കുന്ന മുറിക്കു നേരെ നടന്നു.
ചാരി ഇട്ടിരുന്ന മുറി തുറന്ന് അകത്ത് കയറി.
കട്ടിലിൽ കിടന്നു തേങ്ങി കരയുകയാണ് ശോശാമ്മ. ആരോ കതകു തുറക്കുന്ന ശബ്‌ദം കേട്ടു ശോശാമ്മ കണ്ണുകൾ ഇറുക്കി അടച്ചു പറഞ്ഞു.
“ഒന്നും ചെയ്യരുത്, ടോമിച്ചൻ വന്നാലുടനെ പൊക്കോളാം “
എന്നാൽ ആരുടെയും ശബ്‌ദം കേൾക്കാതെ വന്നപ്പോൾ ശോശാമ്മ പേടിയോടെ കണ്ണ് തുറന്നു തലപൊക്കി വാതിൽക്കലേക്കു നോക്കി.
അവിടെ ടോമിച്ചൻ നിൽക്കുന്നത് കണ്ടതും ശോശാമ്മ ചാടിയെഴുനേറ്റു ഓടി ചെന്നു ടോമിച്ചനെ കെട്ടി പിടിച്ചു.
“മോനെ ടോമിച്ചാ, വഴക്കിനൊന്നും പോകണ്ട, നമുക്ക് കുട്ടിക്കാനത്തിന് പോകാം. ഇതിനുള്ളിൽ ശത്രുക്കള, സ്വത്തോ പണമോ ഒന്നും വേണ്ടാന്ന് പറ ജെസ്സിമോളോട്. അവളെയും കൂട്ടി കുട്ടിക്കാനത് പോയി സമാധാനത്തോടെ കഴിയാം “
ശോശാമ്മയുടെ നെറ്റിയിൽ നിന്നും ചോര ഒഴുകി ഇറങ്ങി വരുന്നത് ടോമിച്ചൻ കണ്ടു.
“നിങ്ങളോട് ആരാ ഇതു ചെയ്തത്. സ്വന്തം തള്ളയെ ഉപദ്രവിച്ചവനെ വെറുതെ വിടാൻ ഒരു മകനും സാധിക്കാതില്ല “
പറഞ്ഞിട്ട് ശോശാമ്മയെ കട്ടിലിൽ ഇരുത്തി തോളിൽ കിടന്ന തോർത്തെടുത്തു ശോശാമ്മയുടെ നെറ്റിയിലെ ചോര തുടച്ചു കളഞ്ഞു.
“ഇവിടെ ഇരുന്നോ, ഞാനിപ്പോൾ വരാം, ഇവിടെനിന്നും പുറത്തിറങ്ങരുത് “
ടോമിച്ചൻ മുറിക്കു പുറത്തിറങ്ങി.മുറി ചേർത്തടച്ചു.
മുകളിലേക്ക് കയറി ചെന്നു.
തന്റെ മുറിയുടെ പൂട്ട് പൊളിഞ്ഞു കിടക്കുന്നു.
അതിനുള്ളിൽ ഇരുന്നു രണ്ടുപേർ മദ്യപിക്കുകയും പുകവലിച്ചുകൊണ്ട് എന്തൊക്കെയോ തമിഴിൽ പറഞ്ഞു കൊണ്ട് ആർത്തു ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ടോമിച്ചൻ അകത്തേക്ക് കയറി.
“ഏതു കഴുവേറി ആടാ എന്റെ അനുവാദമില്ലാതെ മുറിക്കുള്ളിൽ കയറിയത് “
ആക്രോശിചു കൊണ്ട് ടോമിച്ചൻ മുറിയിൽ കിടന്ന ഇരുമ്പു കസേര പൊക്കിയെടുത്തു കട്ടിലിൽ ഇരുന്നു ബിയർ കുടിച്ചു കൊണ്ടിരുന്നവന്റെ തലയടച്ചു ഒറ്റയടി!
വായിൽ വച്ചുകൊണ്ടിരുന്ന ബിയർ കുപ്പിയുമായി അവൻ നിലവിളിയോടെ നിലത്തേക്ക് മറഞ്ഞു. അതുകണ്ടു അടുത്തിരുന്നവൻ ചാടി എഴുനേറ്റു ടോമിച്ചന് നേരെ ബിയർ കുപ്പി വീശി.ഇരുമ്പു കസേരക്ക് ടോമിച്ചൻ അത് തട്ടികളഞ്ഞു. കുപ്പി തറയിൽ വീണുടഞ്ഞു ചിതറി.
ചീറിയടുത്ത തമിഴന്റെ നെഞ്ചിൻ കൂട് തകരുന്ന തരത്തിൽ ടോമിച്ചൻ ഒരിടി ഇടിച്ചു. നിലവിളിയോടെ പുറകോട്ടു മലച്ച അവന്റെ നാഭി നോക്കി ആഞ്ഞൊരു തൊഴിയും കൊടുത്തു. തെറിച്ചുപോയ അവൻ ജനാലയുടെ കമ്പിയിൽ പോയിടിച്ചു താഴെവീണു. തറയിൽ കസേരകൊണ്ടുള്ള അടിയേറ്റ് വീണു ചോരയൊലിപ്പിച്ചു കിടന്നവൻ കൈകുത്തി എഴുനേൽക്കാൻ ശ്രെമം നടത്തി എങ്കിലും കഴിഞ്ഞില്ല.
ജനലയിൽ ഇടിച്ചു താഴെ വീണവൻ അട്ടയെ പോലെ ചുരുണ്ടു കിടന്നു.
കസേര നിലത്തേക്കിട്ട ശേഷം പുറത്തേക്കിറങ്ങിയ ടോമിച്ചൻ ജോർജിയുടെ മുറിലേക്ക് ചെന്നു.
റോയിയും ജോർജിയും കട്ടിലിൽ ഇരുന്നു സംസാരിക്കുകയാണ്. തൊട്ടടുത്ത കസേരയിൽ ലൈസിയും ഉണ്ട്.കുറച്ചുമുമ്പ് നടന്ന സംഭവം അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.
“ആരാടാ എന്റെ അമ്മയെ തല്ലിയത്, പറഞ്ഞില്ലെങ്കിൽ ഒറ്റയെണ്ണം ഈ മുറിയിൽ നിന്നും പുറത്തു പോകത്തില്ല, കത്തിക്കും എല്ലാത്തിനെയും ഞാൻ “
ടോമിച്ചൻ അലറി.
“ഞാനാ നിന്റെ തള്ളയെ തള്ളിയിട്ടത്, നീ എന്നെ വലിച്ചു മൂക്കിൽ കേറ്റുമോ?”
കാലിൻപുറത്തു കാല് കേറ്റിവച്ചിരുന്നു ലൈസി ടോമിച്ചന് നേരെ തിരിഞ്ഞു.
“വല്ലവനും ഉണ്ടാക്കിയ സ്വത്തുക്കളിൽ കണ്ണും നട്ടു, ഇവിടെ കേറി നിരങ്ങി അതടിച്ചു മാറ്റി കൊണ്ടുപോയി നക്കാം എന്ന വിചാരമുണ്ടെങ്കിൽ നാലായി മടക്കി മൂലയ്ക്ക് വച്ചോ? ഇന്ന് ജെസ്സിയുടെ പേരിൽ എല്ലാ സ്വത്തുക്കളും രജിസ്റ്റർ ചെയ്തു ആധാരവും നടത്തി, കരവും അടച്ചു കഴിഞ്ഞു.ഇനി അതിൽ ആർക്കും ഒരവകാശവും ഇല്ല. പിന്നെ എന്റെ തള്ളയെ തല്ലിയിട്ട് നീ നീയും നിന്റെ മക്കളും അങ്ങനെ അങ്ങ് പോകാമെന്നു കരുതണ്ട.”
എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിനു മുൻപ് ജോർജിയുടെ വലതു കയ്യിൽ ടോമിച്ചന്റെ പിടി വീണു.
“കൊച്ച് കഴുവേറി, നിന്റെ തള്ള എനിക്കിട്ടു കേറി ഒന്ന് ചൊറിഞ്ഞു.എന്റെ അമ്മയെ തല്ലി. നിന്റെ നാറി തന്ത എന്റെ തോളത്തു കത്തികൊണ്ട് ഒരു മുദ്രയും വച്ചു.അതിനവന് ഞാൻ വച്ചിട്ടുണ്ട്, ഇനി അധികം താമസിക്കതില്ല. എന്റെ മുതുകത്തു തന്നത് അവന്റെ നെഞ്ചത്ത് കൊടുക്കും ഞാൻ.”
പറഞ്ഞതും ജോർജിയുടെ കൈ പുറകോട്ടു പിടിച്ചു ഒരു തിരി തിരിച്ചതും ഒരുപോലെ ആയിരുന്നു. കയ്യുടെ എല്ലൊടിയുന്ന ഒരു ശബ്ദവും ജോർജിയുടെ നിലവിളിയും ഒരുപോലെ ആയിരുന്നു. ഒന്ന് വട്ടം കറക്കി ജോർജിയെ എടുത്തു ലൈസിക്ക് നേരെ ഒരേറു കൊടുത്തു.
ടോമിച്ചന് നേരെ കൈചൂണ്ടികൊണ്ട് ചാടി എഴുനേൽക്കാൻ തുടങ്ങിയ ലൈസിയുടെ ദേഹത്തേക്ക് ജോർജിപോയി വീണു. കസേരയോടെ ലൈസി തറയിലേക്ക് മറിഞ്ഞു.
കട്ടിലിൽ കിടന്ന റോയി ടോമിച്ചനെ ഭയത്തോടെ നോക്കി.
കലികേറി നിന്ന ടോമിച്ചൻ കട്ടിലിൽ നിന്നും റോയിയെ പൊക്കിയെടുത്തു പുറത്തേക്കു നടന്നു.
“അയ്യോ എന്റെ മകനെ കൊല്ലാൻ കൊണ്ടുപോകുന്നെ, രക്ഷിക്കണേ “
അലറിവിളിച്ചുകൊണ്ട് ലൈസി ചാടി എഴുനേറ്റു ടോമിച്ചന് പുറകെ പാഞ്ഞു.
“ജോർജി ആ മൈരൻ തമിഴന്മാര് എന്തെടുക്കുവാ അവിടെ, വന്നു ഇവനെ തീർക്കാൻ പറ “
ഓടുന്നതിനിടയിൽ ലൈസി വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
റോയിയെയും കൊണ്ട് സ്റ്റൈകേസ് ഇറങ്ങി താഴെ എത്തിയ ടോമിച്ചൻ വീടിന്റെ പുറത്തേക്കു നടന്നു.
മുറ്റത്തേക്കിറങ്ങി റോയിയെ പൊക്കിയെടുത്തു പുൽത്തകിടിയിലേക്ക് ഒരേറു കൊടുത്തു.
ഒരു നിലവിളിയോടെ റോയി പുൽത്തകിടിയിൽ പോയി തല്ലി അലച്ചു വീണു. ലൈസി അങ്ങോട്ടേക്ക് ഓടി ചെന്നു.
“എടാ കാലമാട… നീ ഒരിക്കലും ഗുണം പിടിക്കാതില്ലടാ പട്ടി, അയ്യോ എന്റെ മോൻ “
താഴെ കിടന്നു വേദനകൊണ്ട് നിലവിളിക്കുന്ന റോയിയെ താങ്ങിക്കൊണ്ട് ലൈസി ടോമിച്ചന് നേരെ ശാപവാക്കുകൾ ചൊരിഞ്ഞു.
വീടിനുള്ളിലേക്ക് കയറിയ ടോമിച്ചൻ മുകളിലേക്കു ചെന്നു മുറിയിൽ കിടക്കുന്ന തമിഴന്മാരെ ഓരോരുത്തരെ ആയി എടുത്തുകൊണ്ടു വന്നു മുറ്റത്തേക്കിട്ടു.
ഒടിഞ്ഞ ഒരു കയ്യുമായി പട്ടിയെപ്പോലെ മോങ്ങിക്കൊണ്ട് സ്റ്റൈകേസ് ഇറങ്ങി വന്ന ജോർജിയെ നോക്കി ടോമിച്ചൻ ഗർജിച്ചു.
“അരമണിക്കൂറിനുള്ളിൽ നിനക്കൊക്കെ പോകാനുള്ള വണ്ടി വരും. അതിനുള്ളിൽ എടുക്കാനുള്ള എല്ലാ സാധനങ്ങളും എടുത്തു ഇറങ്ങിക്കോണം. ബന്ധവും സ്വന്തവും പറഞ്ഞു നക്കി തിന്നത് മതി. ഇനി അധ്യാനിച്ചു ജീവിക്ക്,”
അടുക്കളയിൽ ചെന്നു ശാന്തയെയും വിളിച്ചു കൊണ്ട് വന്നു ലൈസിയും ജോർജിയും താമസിച്ചിരുന്ന മുറികളിലെ സാധനങ്ങളെല്ലാം എടുത്തു മുറ്റത്തു കൊണ്ട് വച്ചു.
ജോർജിയുടെ അടുത്തേക്ക് ചെന്നു.
“ഞാൻ പറയുന്ന നമ്പർ കുത്തി നിന്റെ ഫോൺ ഇങ്ങു താ, വേഗം വേണം “
ടോമിച്ചൻ പറഞ്ഞുകൊടുത്ത നമ്പർ ഡയൽ ചെയ്തു ഫോൺ ടോമിച്ചന് കൊടുത്തു.
അരമണിക്കൂർ കഴിഞ്ഞപ്പോൾ ബംഗ്ലാവിന്റെ മുറ്റത്തേക്ക് ഒരു ലോറി വന്നു നിന്നു.
ലോറി ഡ്രൈവറും ടോമിച്ചനും ശാന്തയും കൂടി സാധനങ്ങളെല്ലാം ലോറിയിൽ കയറ്റി. നിലത്തു കിടന്ന റോയിയെ പൊക്കിയെടുത്തു ലോറിയുടെ ക്യാബിനിൽ കൊണ്ടിരുത്തി.
“നിന്റെ തള്ളയേയും വിളിച്ചുകൊണ്ടു പോയി ലോറിയിൽ കയറെടാ പുല്ലേ “
ജോർജിക്ക് നേരെ ടോമിച്ചൻ മുരണ്ടു.
കത്തുന്ന കണ്ണുകളോടെ ലൈസി ടോമിച്ചനെ നോക്കിയ ശേഷം ജോർജിക്കൊപ്പം ലോറിയിൽ കയറി.
“ഇതിനു നീ അനുഭവിക്കും, നിന്നെ വെറുതെ വിടില്ല, കാണിച്ചു തരാം “
ലോറിയിൽ ഇരുന്നു കൊണ്ട് ലൈസി ടോമിച്ചന് നേരെ കൈചൂണ്ടി.
“കാണിക്കണം, അതിനു വേണ്ടിയാ ഞാൻ ഇതൊക്കെ ചെയ്യുന്നത്, നിന്റെ കെട്ടിയോൻ ഉണ്ടല്ലോ, അവനെ എനിക്കൊന്നു നേർക്കു നേരെ വേണം. രണ്ടു ജീവൻ പിച്ചാത്തി പിടിയിൽ തീർത്തിട്ടാ അവൻ പോയത്. അവനെ ഇവിടെ കിട്ടണം, നിന്നെയൊക്കെ തീർത്തുകളയാൻ ടോമിച്ചനറിയാതില്ലാഞ്ഞിട്ടല്ല. എനിക്ക് ആ നായിന്റെ മോനെ മതി. നിന്നെ പോലെ ഉള്ള ശിഘണ്ടികളെ മുന്നിൽ നിർത്തി കളിക്കാൻ താത്പര്യം ഇല്ലാഞ്ഞിട്ടാ.”
ടോമിച്ചൻ ലോറിയുടെ ചവിട്ടുപടിയിൽ കയറി നിന്നു. ലോറി പുറത്തേക്കു പോയി.
കുമളി ചെക്ക്പോസ്റ്റ് കടന്നു കുറച്ച് മുൻപോട്ടു പോയി ലോറി നിന്നു.
ടോമിച്ചൻ ഇറങ്ങി.
“ടോമിച്ചന്റെ നല്ല മനസ്സുകൊണ്ട നീയൊക്കെ ഇവിടെനിന്നും ജീവനോടെ പോകുന്നത്. പക്ഷെ കമ്പത്തു ചെന്നിട്ടു ആളുകളെ വച്ചു തല്ലിക്കുന്ന ഷണ്മുഖം എന്ന പൂ &%₹&₹ മോനോട് പറഞ്ഞേക്ക്. അവനധികം ആയുസ്സ് ഇല്ലെന്ന്. ആറടി കുഴിതീർത്ത് നാമം ജപിച്ചു ആത്മാവിന്റെ മോക്ഷത്തിന് വേണ്ടി മുട്ടിപ്പായി പ്രാർത്ഥിച്ചോളാൻ പറഞ്ഞേക്ക്. അപ്പോ രാത്രി ആയതുകൊണ്ട് യാത്രയിൽ. പൊക്കോ…നീയൊന്നും ചാകാൻ വേണ്ടി മടങ്ങി വരരുത്.”
ലോറി മുൻപോട്ടു നീങ്ങി. ടോമിച്ചൻ തിരിച്ചു കുമലിയിലേക്കും നടന്നു.
രാവിലെ റോണിയുടെ ഡ്രെസ്സുകൾ തേച്ചു മടക്കി മുറിയിലേക്ക് സെലിൻ വന്നപ്പോഴും റോണി കിടക്കയിൽ എഴുനേൽക്കാതെ കിടക്കുകയായിരുന്നു.
“എന്താ ജോലിക്ക് പോകുന്നില്ലേ, എഴുനേറ്റു കുളിച്ചു പോകാൻ നോക്ക്, പപ്പാ അന്വേഷിക്കുന്നുണ്ട് “
സെലിൻ പറഞ്ഞു.
“ഇന്നൊരു സുഖം തോന്നുന്നില്ല, ഇന്ന് നിന്നെയും കണ്ടോണ്ടു ഇവിടെ ഇങ്ങനെ കിടക്കാൻ തോന്നുകയാ “
റോണി പറഞ്ഞത് കേട്ടു സെലിൻ മൂളി.
“കെട്ട്യോളെയും കെട്ടിപിടിച്ചിരുന്നാൽ ജീവിക്കാൻ പറ്റുമോ, പണം വേണം, അതില്ലെങ്കിൽ പിണമായി പോകും. കെട്ട്യോളെ കെട്ടിപിടിച്ചു താമസിക്കാതെ ഒരു കൊച്ചാകുമ്പോൾ അതിനെ നേരെ ചൊവ്വേ നോക്കണമെങ്കിൽ അപ്പന്റെ കൈയിൽ പൈസ വേണം. മനസ്സിലായോ. പിന്നെ നാളെ വീട്ടിലേക്കു പോകണ്ടേ, അപ്പോ ഇന്ന് വേഗം എഴുനേറ്റു ജോലിക്ക് പോകാൻ നോക്ക് “
സെലിൻ ഡ്രസ്സ് മേശയിൽ വച്ചിട്ട് റോണിയുടെ തോർത്തും സോപ്പും എടുത്തു ബാത്‌റൂമിൽ കൊണ്ടിട്ടു.
“എഴുനേറ്റു പോ, ഞാൻ താഴോട്ട് ചെല്ലട്ടെ”
സെലിൻ പറഞ്ഞിട്ട് റൂമിനു പുറത്തുള്ള സ്റ്റെപ് ഇറങ്ങി താഴേക്കു പോയി.
“റോണി കുളിച്ചൊരുങ്ങി താഴെയെത്തിയപ്പോൾ വക്കച്ചൻ നോക്കിയിരിക്കുകയായിരുന്നു.
“ബ്രേക്ഫാസ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ വക്കച്ചൻ പറഞ്ഞു.
“റോണി, മെറിനു ഒരു ചെറുക്കനെ കണ്ടു പിടിക്കണം, അവളുടെ കല്യാണം നടത്തണം. ഇപ്പോൾ തന്നെ വയസ്സ് 25 ആയി. ഇനി വച്ചു താമസിപ്പിക്കണ്ട.”
റോണി വക്കച്ചനെ നോക്കി.
“ഇതെന്താ പെട്ടനൊരു കല്യാണലോചന “
“ഉടനെ വേണമെടാ, അത് കൂടി കഴിഞ്ഞാൽ ഒന്ന് സമാധാനമായിട്ടിരിക്കാം “
മോളികുട്ടി വക്കച്ചനെ അനുകൂലിച്ചു.
“നോക്കാം, നല്ലതൊന്നു ഒത്തുവരണ്ടേ “
റോണി കഴിച്ചെഴുനേറ്റു കൈകഴുകാൻ പോയി.
“നീ എന്താ ഒന്നും മിണ്ടാത്തത്, നിന്റെ അഭിപ്രായം “
മോളികുട്ടി മെറിനെ നോക്കി
“ഞാനെന്തു പറയാൻ, നിങ്ങളൊക്കെ തീരുമാനിക്കുകയല്ലേ “
മെറിൻ പറഞ്ഞു കൊണ്ട് എഴുനേറ്റു പോയി.
കൈകഴുകി വന്ന റോണിയോടും സെലിനോടും വക്കച്ചൻ പറഞ്ഞു.
“കാർലോസ് വിളിച്ചിരുന്നു, നാളെ തന്നെ നിങ്ങളോട് ചെല്ലണമെന്ന് പറഞ്ഞു. രാവിലെ പുറപ്പെട്ടോ “
“ശരി പപ്പാ ” സെലിൻ തലകുലുക്കി.
ഉച്ചയായപ്പോൾ ടോമിച്ചൻ ചെറുതോണി ഹോസ്പിറ്റലിൽ എത്തി.
ശോശാമ്മ കൊടുത്തുവിട്ട ചോറും കറികളും, ജെസ്സിക്ക് മാറിയുടുക്കാനുള്ള ഡ്രെസ്സും ഉണ്ടായിരുന്നു ടോമിച്ചന്റെ കയ്യിൽ…
തലേന്ന് നടന്ന സംഭവങ്ങൾ ജെസ്സിയോട് ടോമിച്ചൻ വിവരിച്ചു.
“ഇതാണ് എന്റെ സന്തോഷത്തിനു വേണ്ടി ഇന്ന് നിങ്ങൾ തന്ന സമ്മാനം അല്ലേ “
ജെസ്സി ടോമിച്ചനെ നോക്കി.
“പക്ഷെ അവർ വെറുതെ ഇരിക്കും എന്ന് കരുതേണ്ട, മൂർഖന്മാരെയാ നോവിച്ചു വീട്ടിരിക്കുന്നത്. സൂക്ഷിക്കണം. നാളെ തന്നെ പോലീസ് സ്റ്റേഷനിൽ പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടു പരാതി കൊടുക്കണം “
ജെസ്സി പറഞ്ഞിട്ട് ടോമിച്ചൻ കൊണ്ടുവന്ന സാധനങ്ങൾ മേടിച്ചു മുറിക്കുള്ളിൽ കൊണ്ട് വച്ചു.
ടോമിച്ചൻ സ്റ്റാലിന്റെ അടുത്തേക്ക് ചെന്നു.
“എങ്ങനെ ഉണ്ട് “
കുഴപ്പമില്ലെന്നു സ്റ്റാലിൻ ചുണ്ടിൽ ചിരി വരുത്തി കൊണ്ട് തലയാട്ടി.
ടോമിച്ചൻ സ്റ്റാലിന്റെ അടുത്തിരുന്ന സമയത്തു ജെസ്സി പോയി കുളിച്ചു ഡ്രസ്സ് മാറി വന്നു. സ്റ്റാലിനു ആഹാരം കൊടുത്തു.
വരാന്തയിലെ ബെഞ്ചിൽ വന്നിരുന്ന ടോമിച്ചന്റെ അടുത്തേക്ക് ജെസ്സി വന്നു.
“ഗുണ്ടൂർ ശിവ എന്നൊരു വാടക കൊലയാളി ഉണ്ട് ഷണ്മുഖത്തിന്റെ കൂടെ. സ്വന്തം പെറ്റ തള്ളയെ വെട്ടികൊന്നവനാണ് അവൻ. ഷണ്മുഖത്തിന് ആവശ്യമുള്ളപ്പോൾ പരോളിൽ ഇറങ്ങും. കണ്ണീല് ചോരയില്ലാത്തവനാണ്, സ്റ്റാലിൻ ചായനെ ഇങ്ങനെ ആക്കിയതും അവനാ. നിങ്ങളു സൂക്ഷിക്കണം “
ജെസ്സി പറഞ്ഞു.
അതുകേട്ടു ടോമിച്ചന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
ജെസ്സി അത് കണ്ടില്ല
( തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission