Skip to content

കൊലക്കൊമ്പൻ – 18

kolakomban

ഒരു മാസം കഴിഞ്ഞപ്പോൾ സ്റ്റാലിനെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു കൊണ്ടുവന്നു. എങ്കിലും ഇനിയും എഴുനേറ്റു നടക്കണമെങ്കിൽ ആഴ്ചകൾ കഴിയണം. എല്ലാ ആഴ്ചകളിലും ഹോസ്പിറ്റലിൽ പോയി മുറിവ് ഡ്രസ്സ്‌ ചെയ്യുകയും ആന്റിബയോട്ടിക്‌ ഇൻജെക്ഷൻ എടുക്കുകയും ചെയ്യണം.വീട്ടിലെത്തിയ സ്റ്റാലിനെ ജെസ്സിയോടൊപ്പം, ശോശാമ്മ ഒരമ്മയെ പോലെ അടുത്ത് നിന്ന് പരിചരിച്ചു. അത് സ്റ്റാലിനിൽ മാനസികമായി ഒരുണർവുണ്ടാക്കി. അയാളിൽ നഷ്ടപ്പെട്ടുപോയ സന്തോഷവും ഉന്മേഷവും തിരികെ വന്നു.

“മരിച്ചുപോയ ജോണിയുടെയും കണ്ണന്റെയും വീടുവരെ ഒന്ന് പോകണ്ടേ, അവർക്ക്  കുറച്ച് പണമെങ്കിലും  കൊടുത്തു സഹായിക്കണ്ടേ, മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവന്നു കൊടുക്കാൻ നമുക്ക് പറ്റത്തില്ലല്ലോ,നമുക്കിന്നു അവിടം വരെ പോയാലോ “

സ്റ്റാലിനെ വീട്ടിൽ കൊണ്ടുവന്നതിന്റെ പിറ്റേ ദിവസം രാവിലെ ജെസ്സി ടോമിച്ചനോട് ചോദിച്ചു.

“ശരി, ഇന്ന് പോയേക്കാം, ആഹാരം വല്ലതും കഴിച്ചിട്ട് ഒരുങ്ങിക്കോ “

ടോമിച്ചൻ പറഞ്ഞിട്ട് ലോറി കഴുകിയിടാൻ പോയി.

ഏട്ടരയായപ്പോൾ ശോശാമ്മയും ജെസ്സിയും കൂടി പ്രഭാതഭക്ഷണം തയ്യാറാക്കി , സ്റ്റാലിനു ആഹാരവും മരുന്നും കൊടുത്തു. ശോശാമ്മ ജെസ്സിക്കും ടോമിച്ചനും ഭക്ഷണം വിളമ്പി.

“ശോശാമ്മച്ചി, ഞാനും ടോമിച്ചനും കൂടി ഒരു സ്ഥലം വരെ പോകുകയാ, ഇച്ചായന് ഭക്ഷണം കൊടുത്തിട്ടുണ്ട്. ബാത്‌റൂമിലോ മറ്റോ പോകണമെങ്കിൽ ഒന്ന് സഹായിച്ചു കൊടുക്കാൻ ശാന്തയോടു പറയണം. ഞങ്ങള് പെട്ടന്ന് വരാം “

ശോശാമ്മയോട് പറഞ്ഞിട്ട് ജെസ്സി ഒരുങ്ങി ഇറങ്ങി.

“അത് ഞാൻ നോക്കിക്കൊള്ളാം, മോള് പോയിട്ട് പെട്ടന്ന് വന്നാൽ മതി “

ശോശാമ്മ പറഞ്ഞു കൊണ്ട് അലക്ഷ്യമായി കിടന്ന ജെസ്സിയുടെ സാരി പിടിച്ചു നേരെയിട്ടു കൊടുത്തു.

“ഇങ്ങനെയൊക്കെ കിടന്നാൽ മതി അമ്മച്ചി, എന്നെ ഇപ്പൊ ആരെങ്കിലും പെണ്ണുകാണാൻ വരുന്നുണ്ടോ, ചമഞ്ഞൊരുങ്ങാൻ “

സ്നേഹത്തോടെ ശോശാമ്മയുടെ കവിളിൽ നുള്ളിക്കൊണ്ട് ജെസ്സി ചോദിച്ചു.

“എന്നാലും പെണ്ണുങ്ങൾ സാരിയുടുക്കുമ്പോൾ നന്നായി ഞൊറിയൊക്കെയിട്ട് ഭംഗിയായിട്ടിരിക്കണം. പിന്നെ നെറ്റിയിൽ ഒരു പൊട്ടൊക്കെ ഇട്ടിട്ടു പോ “

ശോശാമ്മയുടെ നിർബന്ധത്തിന് വഴങ്ങി ജെസ്സി നെറ്റിയിൽ  വെളുത്ത കല്ലുപതിച്ച കറുത്ത ഒരു പൊട്ട് തൊട്ടു.

“ഇപ്പോൾ എങ്ങനെ ഉണ്ട് ,അമ്മച്ചിയുടെ ആഗ്രഹം പോലെ ഞാൻ  സുന്ദരിയായിട്ടുണ്ടോ “?

ജെസ്സിയുടെ ചോദ്യം കേട്ടു ശോശാമ്മ വാത്സല്യത്തോടെ തലമുടിയിൽ തഴുകി.

“ഇതൊന്നും ചെയ്തില്ലെങ്കിലും എന്റെ മോള് സുന്ദരി തന്നെയാ “

ശോശാമ്മ പറയുന്നത് കേട്ടു ജെസ്സി ചിരിച്ചു.

“പോട്ടെ അമ്മച്ചി, പെട്ടന്ന് വരാം “

പറഞ്ഞിട്ടു തോൾ ബാഗും എടുത്തു ജെസ്സി പുറത്തേക്കു നടന്നു.

ടോമിച്ചൻ ഒരുങ്ങി ലോറിയുടെ അടുത്തുനിന്നു ഒരു ബീഡി വലിക്കുകയായിരുന്നു.

“രാവിലെ തന്നെ ഇതു വലിച്ചു കേറ്റാൻ തുടങ്ങിയോ, ഇതിങ്ങനെ പുകച്ചു തള്ളുന്നതിൽ ഒരു കുഴപ്പവും ഇല്ലേ നിങ്ങക്ക്..”

ജെസ്സി അനിഷ്ടത്തോടെ  ടോമിച്ചനോട് ചോദിച്ചു.

“ഞാനല്ലേ വലിക്കുന്നത്, അതിന് നീയെന്തിനാ കിടന്നു തുള്ളുന്നത്, പോകാനുള്ള കാര്യം നോക്കാം “

ടോമിച്ചൻ നിസാരമായി പറഞ്ഞു.

“എനിക്ക് കുഴപ്പമൊന്നും ഇല്ല,കുറച്ച് നാൾ കഴിയുമ്പോൾ ചുമച്ചു കുരച്ചു ഇരിക്കണ്ടാന്ന് ഓർത്തു പറഞ്ഞതാ. പിന്നെ ഇതിന്റെ മണവും എനിക്കിഷ്ടമല്ല,”

ജെസ്സി പറഞ്ഞിട്ട് തുടർന്നു.

“നമുക്ക് ലോറിയിൽ പോകാം. അതാകുമ്പോൾ ഡീസലിന്റെ പൈസ എനിക്ക് ലഭിക്കാം, അതെല്ലാം നിങ്ങളെടുത്തോളുമല്ലോ “?

അത് പറഞ്ഞിട്ട്  ടോമിച്ചനെ നോക്കി ജെസ്സി.

“അല്ലെങ്കിലും ലോറിയിൽ പോകാനാ തിരിച്ചിട്ടത്,പിന്നെ ആരുടെയും ഔദാര്യം ഒന്നും ടോമിച്ചന് വേണ്ട, ഡീസൽ അടിക്കാനുള്ള കാശൊക്കെ ഞാൻ അധ്യാനിച്ചു ഉണ്ടാക്കുന്നുണ്ട്,ങ്ങാ പോയി വണ്ടിയിൽ കേറ്, പെട്ടന്ന് പോകാം “

ടോമിച്ചൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.

“ആണുങ്ങളായാൽ നിങ്ങളെപ്പോലെ അധ്യാനിച്ചു, അഭിമാനത്തോടെ ജീവിക്കണം. എനിക്ക് നിങ്ങളോടുള്ള ബഹുമാനവും അതാ “

ജെസ്സി മറുവശത്തുകൂടി ലോറിയിൽ കയറി സീറ്റിൽ ഇരുന്നു. ടോമിച്ചൻ ലോറി സ്റ്റാർട്ടാക്കി മുൻപോട്ടെടുത്തു.

വാഗമൺ കഴിഞ്ഞു വഴികടവിനടുത്തുള്ള കുരിശുപള്ളിയുടെ അടുത്ത് ടോമിച്ചൻ ലോറി സൈഡ് ഒതുക്കി നിർത്തി ഇറങ്ങി.കൂടെ ജെസ്സിയും…

“ഇവിടെയാണോ ജോണിയുടെ വീട്,”

ജെസ്സി ചോദിച്ചു കൊണ്ട് ചുറ്റും നോക്കി.

“അതേ, ഇതുവഴി മുകളിലേക്കു കയറിപോകണം, പണ്ട് തേയിലകൊളുന്ത് നുള്ളാൻ രാജക്കാടിൽ നിന്നും ഇങ്ങോട്ട് കുടിയേറി പാർത്തവരാണ്. ജോണിയുടെ അപ്പൻ പത്രോസ്  കുറച്ച് വർഷം മുൻപ് മരിച്ചുപോയി. പ്രായമായ അമ്മയുണ്ട്. അവന്റെ ഭാര്യ ഷീന തേയില ഫാക്റട്ടറിയിൽ ജോലിക്ക് പോകുന്നുണ്ട്, അതുകൊണ്ടാ ഇപ്പോൾ കഴിയുന്നത്, സ്വന്തമായി സ്ഥലമൊന്നുമില്ല,പുറമ്പോക്ക് ഭൂമിയിലാ വീടിരിക്കുന്നത് “

മാതാവിന്റെ പ്രതിമയിരിക്കുന്നതിന്റെ കുറച്ച് മാറി മുകളിലേക്കു കിടക്കുന്ന വഴിയിലേക്ക് കൈചൂണ്ടി ടോമിച്ചൻ പറഞ്ഞിട്ടു അങ്ങോട്ട്‌ നടന്നു. പുറകെ ജെസ്സിയും.

കയറ്റം കേറി മുകളിൽ എത്തിയപ്പോൾ ജെസ്സി നന്നായി കിതക്കുന്നുണ്ടായിരുന്നു.

ടോമിച്ചൻ തിരിഞ്ഞു നോക്കുമ്പോൾ ജെസ്സി ഇടുപ്പിൽ കൈകുത്തി നിന്ന് കിതക്കുന്നതാണ് കണ്ടത്.

“ഒന്ന് പതുക്കെ പോ മനുഷ്യ, എനിക്കും നടന്നു വരണ്ടേ, നിങ്ങൾ ആണുങ്ങളുടേത്‌  പോലെ ഉരുക്കു ശരീരമല്ല പെണ്ണുങ്ങളുടെത് .പൂ പോലെയുള്ളതാ, അധികം കിതച്ചാൽ വാടിപ്പോകും “

ജെസ്സി പറഞ്ഞിട്ട് ശ്വാസം ആഞ്ഞു വലിച്ചു

“നിങ്ങൾ മനഃപൂർവം എന്നെ ഈ കുന്നു നടത്തിച്ചു  കയറ്റാൻ ലോറി താഴെ വഴിയിൽ ഇട്ടതാണെന്നു മനസ്സിലായി.ഒരു മിനിറ്റ് നിന്നിട്ടു പോകാം “

പറഞ്ഞിട്ട് തണൽ വിരിച്ചു നിൽക്കുന്ന ഞാവൽ മരത്തിന്റെ ചുവട്ടിൽ ഉയർന്നു നിന്ന കല്ലിൽ ഇരുന്നു.

“മൂക്ക് മുട്ടെ തിന്നു അണിഞ്ഞൊരുങ്ങി പട്ടി ഷോയും കാണിച്ചു നടക്കുന്ന പെണ്ണുങ്ങള് ഇടക്ക് ഇതുപോലെ കയറ്റം കയറുന്നതു  നല്ലതാ, അടിഞ്ഞു കൂടി കിടക്കുന്ന കൊഴുപ്പ് ഉരുകി പോകാൻ. ഇതിപ്പോൾ പട്ടി കിതക്കുന്നപോലെ അല്ലേ മോങ്ങുന്നത് “

പറഞ്ഞു കൊണ്ട് ടോമിച്ചൻ ചില്ലയിൽ തൂങ്ങി കിടന്ന ഒരു ഞാവൽ പഴം പറിച്ചു വായിലിട്ടു.

“എനിക്കും ഞാവൽ പഴം തിന്നാൻ  കൊതിയുണ്ട്. അങ്ങനെ തന്നെതാനെ  തിന്നു സുഖിക്കേണ്ട, എനിക്കും പറിച്ചു താ “

ജെസ്സി ടോമിച്ചനോട് പറഞ്ഞു.

“അതിന് ഇനി പറിക്കണമെങ്കിൽ മരത്തിൽ കയറണം. ഒരെണ്ണം താഴത്തെ ചില്ലയിൽ കിടന്നത ഞാൻ പറിച്ചത്. നീ ഇപ്പോൾ ഞാവൽപഴം തിന്നില്ലെന്നും പറഞ്ഞു ലോകം അവസാനിക്കാനൊന്നും പോകുന്നില്ല  “

ടോമിച്ചൻ വായിൽ കിടന്ന ഞാവൽപഴത്തിന്റെ കുരു പുറത്തേക്കു തുപ്പി കളഞ്ഞു കൊണ്ട് പറഞ്ഞു.

“ഞാൻ മാത്രം വിചാരിച്ചാൽ പ്രസവിക്കാൻ പറ്റത്തില്ല. അതിനൊക്കെ ആണുങ്ങളും കൂടി മനസ് വയ്ക്കണം. പിന്നെ  ഘട്ടം ഘട്ടമായിട്ടുള്ള ഓരോ പ്രവർത്തനങ്ങൾ വേണം. ലോകത്തു ഒരു പെണ്ണും ഒറ്റയ്ക്ക് വിചാരിച്ചു പ്രസവിച്ചിട്ടില്ല “

ജെസ്സി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഞാവൽ പഴം തിന്നിട്ടു ഒരുപാടു കാലമായി, അതുകൊണ്ട് പറഞ്ഞത “

ടോമിച്ചൻ അവളെ ഒന്ന് നോക്കിയിട്ട് തോർത്തെടുത്തു തലയിൽ കെട്ടി ഞാവൽ മരത്തിന്റെ  ചെറിയ ശിഖരങ്ങളിൽ ചവുട്ടി മുകളിലേക്കു പിടിച്ചു കയറി മുകളിലെത്തി.

തലയിൽ നിന്നും തോർത്തഴിച്ചു ഞാവൽ പഴം പറിച്ചു തോർത്തിൽ പൊതിഞ്ഞു പിടിച്ചു താഴെക്കിറങ്ങി.

ജെസ്സിയുടെ മുൻപിൽ കൊണ്ടുപോയി തുറന്നു വച്ചു.

“അപ്പോ ഞാൻ പറഞ്ഞാൽ അനുസരിക്കും അല്ലേ.. ഗുഡ് മാൻ “

ജെസ്സി തോർത്തിൽ നിന്നും ഞാവൽ പഴം ഓരോന്നായെടുത്തു തിന്നുകൊണ്ടിരുന്നു.

“ഇവിടെ ഇരുന്നു തിന്നോണ്ടിരുന്നാൽ വന്ന കാര്യം നടക്കത്തില്ല, എഴുനേറ്റു വാ, പോകാം “

ടോമിച്ചൻ പറഞ്ഞുകൊണ്ട് മുൻപോട്ടു നടന്നു.

ബാക്കി വന്ന ഞാവൽ പഴം തോർത്തിൽ പൊതിഞ്ഞെടുത്തു ജെസ്സി എഴുനേറ്റു ടോമിച്ചന്റെ പുറകെ നടന്നു.

ചെറിയ ടർപൊളിൻ വലിച്ചു കെട്ടി, മണ്ചുവരും ഷീറ്റും ഇട്ട വീടിന് മുൻപിൽ എത്തി.

പുറത്തു ആരുടെയോ ഒച്ചകെട്ടാകാം ഇറങ്ങി വന്ന ജോണിയുടെ വൃദ്ധയായ അമ്മ അന്ന  മുറ്റത്തു നിൽക്കുന്ന ടോമിച്ചനെയും ജെസ്സിയെയും തുറിച്ചു നോക്കി.ടോമിച്ചനെ കണ്ടു അവരുടെ വിടർന്നു.

“ഇതു ടോമിച്ചനല്ലേ,അവിടെ നിൽക്കാതെ ഇങ്ങു കേറി വാ, കണ്ണിനിപ്പോൾ തീർത്തും കാഴ്ചയില്ല. അതുകൊണ്ട് ആളുകളെ തിരിച്ചറിയാൻ പറ്റുന്നില്ല “

അന്നമ്മ തിണ്ണയിൽ കിടന്ന തടിബെഞ്ചു ചൂണ്ടി പറഞ്ഞു.

അപ്പോഴേക്കും അകത്തുനിന്നും ഷീന കൈക്കുഞ്ഞുമായി പുറത്തേക്കു വന്നു.

മുടിയെല്ലാം പാറിപറന്നു കവിളെല്ലുകൾ തെളിഞ്ഞു ആകെപ്പാടെ ക്ഷീണിച്ചു പോയിരിക്കുന്നു ജോണിയുടെ ഭാര്യ.

“ടോമിച്ചായാ, ഇതാരാ കൂടെ, ഇങ്ങോട്ടൊന്നും കണ്ടിട്ടില്ലാത്ത ആളാണല്ലോ “?

ഷീന ജെസ്സിയെ നോക്കി.

“ഇതു ജെസ്സി, കുമളിയിലെ ഒരു വലിയ കുടുംബത്തിലെ കോടീശ്വരി,നിങ്ങളെ കാണാൻ വന്നതാ “

അതുകേട്ടു ജെസ്സി ടോമിച്ചനെ സൂക്ഷിച്ചു നോക്കിയിട്ട് ഷീനയുടെ അടുത്തേക്ക് ചെന്നു കയ്യിലിരുന്ന കുഞ്ഞിനെ മേടിച്ചു. കുഞ്ഞ് ജെസ്സിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയശേഷം പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. ജെസ്സി കുഞ്ഞിന്റെ കവിളിൽ ഒരുമ്മ കൊടുത്തു, ഷീനയുടെ കൂടെ വീടിനുള്ളിലേക്ക് നടന്നു. തിണ്ണയിൽ ബെഞ്ചിലിരിക്കുന്ന ടോമിച്ചനോട് അന്നമ്മ ജോണിയെ കുറിച്ച് പറഞ്ഞു കരയുകയും മുൻപോട്ടു എങ്ങനെ ജീവിക്കണമെന്ന് അറിയില്ലെന്നും പറഞ്ഞു  പരിതപിക്കുകയും ചെയ്തുകൊണ്ടിരുന്നു. വർദ്ധക്യത്തിന്റെ പ്രഹരമേറ്റ് ചുളുങ്ങിയ അവരുടെ കവിൾത്തടങ്ങളിലൂടെ കണ്ണീർ ഒഴുകി. ടോമിച്ചൻ അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ജെസ്സി അകത്ത് നിന്നും ഇറങ്ങി വന്നു. ഒപ്പം ഷീനയും.

“ജോണി പോയി, അതൊരു സത്യമാ, അതിനെ നിങ്ങൾ അംഗീകരിച്ചെ പറ്റു, എന്നിട്ട് ഈ കുഞ്ഞിന് വേണ്ടി ജീവിതം മുൻപോട്ടു കൊണ്ടുപോകണം. കുമളിയിൽ നിങ്ങൾക്ക് വേണ്ടി ഒരു ചെറിയ വീട് വയ്ക്കാം, ഷീനക്ക് എക്സ്പോർട്ടിങ് ഫാക്ട്ടറിയിൽ ഒരു ജോലിയും ശരിയാക്കാം. ഇതു പറയാനാ ഞങ്ങള് വന്നത്, ഇനി എന്തിനും ഞങ്ങള് കൂടെ ഉണ്ടാകും, മറ്റൊന്നും ഓർത്തു വിഷമിക്കാതെ ഇരിക്കുക “

ജെസ്സി പറഞ്ഞിട്ട് ടോമിച്ചനെ നോക്കി.

“അന്നമ്മച്ചി ഇങ്ങനെ ഇരുന്നു കരയാതെ ഇവർക്കൊക്കെ ധൈര്യം കൊടുക്കണ്ട ആളല്ലയോ, കർത്താവു ഓരോ കാര്യങ്ങൾ നിച്ഛയിച്ചിട്ടുണ്ട്, അതല്ലേ നടക്കു.”

ടോമിച്ചൻ കുറച്ച് നോട്ടുകൾ എടുത്തു അന്നമ്മയുടെ കയ്യിൽ കൊടുത്തു.

“പോട്ടെ “

കുറച്ച് സമയം അവിടെ ചിലവഴിച്ച ശേഷം ടോമിച്ചനും ജെസ്സിയും പോകാനിറങ്ങി, ജെസ്സി മുൻപോട്ടു  നടന്നു.

“ടോമിച്ചായാ, കണ്ടപ്പോ ഒരാഗ്രഹം തോന്നിയതാ, സാഹചര്യങ്ങൾ ഒത്തു വന്നാൽ ജെസ്സിയെ ടോമിച്ചായൻ കെട്ടണം. നിങ്ങള് തമ്മിൽ നല്ല ചേർച്ചയാ, ജെസ്സി എന്ത് സുന്ദരിയാ, ഒരു കൊച്ച് മാലാഖ “

ഷീന ടോമിച്ചന്റെ അടുത്ത് വന്നു പറഞ്ഞു.

“ശരി പോട്ടെ, വീടുപണി ഉടനെ തുടങ്ങാം”

ടോമിച്ചൻ യാത്രപറഞ്ഞിറങ്ങി.

“കണ്ണന്റെ വീട്ടിൽ അടുത്തദിവസം പോകാം, ഇന്ന് തിരിച്ചു പോകാം “

നടക്കുമ്പോൾ ടോമിച്ചൻ ജെസ്സിയോട് പറഞ്ഞു.

“എന്തോന്നാ ഷീന പറഞ്ഞത്, ഞാൻ കേൾക്കാൻ പറ്റാത്തത് വല്ലതുമാണോ “?

വഴിയിൽ നിർത്തിയിരിക്കുന്ന ലോറികരുകിലേക്ക് നടക്കുമ്പോൾ ജെസ്സി ടോമിച്ചനെ നോക്കി.

“നീ അതും ശ്രെദ്ധിച്ചു നിൽക്കുവായിരുന്നോ?ആരെങ്കിലും ഒന്ന് മിണ്ടിയാൽ  പെണ്ണുങ്ങളുടെ ചെവി മുയലിന്റെ ചെവിപോലെ വിടർന്നു വരികയല്ലേ, പണ്ടത്തെ ഉച്ചഭക്ഷണി പോലെ “

ടോമിച്ചൻ പറഞ്ഞിട്ട് തുടർന്നു.

“നീ സുന്ദരി ആണെന്ന്, അതും മാലാഖയെ പോലെ “

അതുകേട്ടു ജെസ്സി ഒന്ന് നിന്നു

“അത് നിങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തരാൻ ആ പെണ്ണ് വേണ്ടി വന്നു അല്ലേ, ഇത്രയും നാൾ അത് നിങ്ങൾക്ക് തോന്നിയില്ലല്ലോ “?

ജെസ്സിയുടെ ചോദ്യം കേട്ട് ടോമിച്ചൻ തലതിരിച്ചു.

“എന്തോന്ന്… നീ മാലാഖയാണെന്നോ.. എനിക്കങ്ങനെ തോന്നിയിട്ടില്ല, പെണ്ണുങ്ങളെ സ്തുതിച്ചു പറയാനൊന്നും എന്നെ കിട്ടത്തില്ല… ഒരു മാലാഖ വന്നിരിക്കുന്നു. ഒരു കാര്യം ചെയ്യ്, മാലാഖ ചിറകു വിരിച്ചു കുമളിക്ക് പറന്നോ, ഞാൻ ലോറിയിലും വരാം “

ടോമിച്ചന്റെ പരിഹാസച്ചുവയുള്ള വാക്കുകൾ കേട്ടു ജെസ്സി ഒരു നിമിഷം നിശബ്ദയായി.

ലോറിയിൽ കയറി ഇരുന്ന ശേഷം ടോമിച്ചനെ നോക്കി.

“ഞാൻ സുന്ദരിയും മാലാഖയും തന്നെയാ. മനസ്സിനുള്ളിൽ ഒരാളെ മാത്രം കൊണ്ട് നടക്കുന്ന ജെസ്സി മാലാഖ, പരിഹസിക്കണമെന്ന് തോന്നുന്നുണ്ടോ വീണ്ടും, പരിഹസിച്ചോ, നിങ്ങൾ എന്ത് ചെയ്താലും പറഞ്ഞാലും അതെനിക്കിഷ്ടമാ, ആ ഇഷ്ടം, അതൊരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോകത്തില്ല “

പോകുന്ന വഴിക്കു ഏലപാറയിൽ വച്ചു റോണിയും  സെലിനും മെറിനും നിൽക്കുന്നത്  കണ്ടു ടോമിച്ചൻ ലോറി നിർത്തി..

അവരുടെ കാറും  മറ്റൊരു കാറും തമ്മിൽ  ചെറുതായി ഉരഞ്ഞതാണ് കാരണം. കാറിൽ നിന്നും മൂന്ന് ചെറുപ്പക്കാർ ഇറങ്ങി വന്നു റോണിക്ക് നേരെ കയർത്തു സംസാരിക്കുകയാണ്.

ടോമിച്ചനെയും ജെസ്സിയെയും  കണ്ടു സെലിനും മെറിനും അടുത്തേക്ക് ചെന്നു.

“ടോമിച്ചായാ അവന്മാരാ  ഇങ്ങോട്ട് വന്നിടിപ്പിച്ചത്, എന്നിട്ട് നഷ്ടപരിഹാരം കൊടുക്കണമെന്ന് പറഞ്ഞു തെറിയും ഭീക്ഷണി മുഴക്കലുമ… വൃത്തികെട്ടവന്മാർ ” സെലിൻ രോക്ഷത്തോടെ പറഞ്ഞു.

സെലിനെയും മെറിനെയും ജെസ്സിയുടെ അടുത്തു നിർത്തിയിട്ടു ടോമിച്ചൻ റോണിയുടെ അടുത്തേക്ക് ചെന്നു.മൂന്ന് ചെറുപ്പകാരിൽ ഒരുവൻ റോണിയെ തല്ലുവാൻ കൈ ഉയർത്തി തെറിപറഞ്ഞുകൊണ്ട് നിൽക്കുകയാണ്.

ടോമിച്ചൻ റോണിയെ പിടിച്ചുമാറ്റി മുൻപോട്ടു കയറി നിന്നു.

“നിന്റെയൊക്കെ കാറ് കിടക്കുന്നത് റോങ് സൈഡിലാ, എന്നിട്ടാണോ നിന്റെ ഭീക്ഷണി “

ടോമിച്ചന്റെ ചോദ്യം കേട്ടു കൂടെയുണ്ടായിരുന്ന ഒരുവൻ ഒന്ന് പരുങ്ങി. അതുകണ്ടു ടോമിച്ചൻ അവനെ സൂക്ഷിച്ചു നോക്കി.

“നിന്നെയല്ലേടാ ആനകല്ലിൽ വച്ചു ഒരു പെങ്കൊച്ചിനെ കേറിപ്പിടിച്ചതിന് ഞാനും നാട്ടുകാരും കൂടി പിടിച്ചു കെട്ടിയിട്ടത്.സിനിമയിലെ പോലെ ലേലു അല്ലു…. ലേലു അല്ലു … എന്നും പറഞ്ഞു പാന്റ്സിൽ മൂത്രമൊഴിച്ചിരുന്ന നിലവിളിച്ച  നിന്നെ സഹതാപം തോന്നി അവിടുന്ന് പറഞ്ഞു വിട്ടത് ഞാനാ, അല്ലേ നാട്ടുകാര് നിന്റെ കിടുംങ്ങമാണി അടയ്ക്ക  നുറുക്കുന്ന കത്തികൊണ്ട് കുനുകുനെ അരിഞ്ഞേനെ… ഓർമ്മയുണ്ടോടാ തവളപിത്താടി .. അവിടന്ന് ഊരി പോന്നിട്ടു നീ വീണ്ടും വന്നു തെണ്ടി തരം കാണിക്കുന്നോടാ, കഞ്ചാവടിച്ചു കിറുങ്ങി നിൽക്കുവാ എല്ലാവനും അല്ലേ.. നീയൊക്കെ ഇതു കേസ് ആക്കിയിട്ടു പോയാൽ മതി “

ടോമിച്ചൻ പറഞ്ഞത് കേട്ടു ചെറുപ്പകാർക്ക് പന്തിയല്ലെന്നു മനസ്സിലായി.അവർ പെട്ടന്ന് ശാന്തരായി സമാധാനചർച്ചയിൽ ഏർപ്പെട്ടു.

റോണിക്ക് നഷ്ടപരിഹാരമായി പതിനായിരം രൂപ നൽകി ചെറുപ്പക്കാര് സ്ഥലം കാലിയാക്കി.

“ഞങ്ങളൊരു ഷോപ്പിംഗിന് വന്നിട്ട് തിരിച്ചു  കട്ടപ്പനക്ക് പോകാൻ തിരിക്കുമ്പോഴാ ഇവന്മാര് കൊണ്ടിടിപ്പിച്ചത്. ടോമിച്ചായൻ വന്നത് നന്നായി.”

റോണി ആശ്വാസത്തോടെ പറഞ്ഞു.

“ശരി, പെട്ടന്ന് പോകാൻ നോക്ക് “

റോണിയും സെലിനും മെറിനും കേറിയ കാർ കട്ടപ്പന ഭാഗത്തേക്ക് പോകുന്നതും നോക്കി ടോമിച്ചൻ നിന്നു.

“ഞാനൊരു അടി പ്രെതീക്ഷിച്ചിരുന്നു, അടി ഇടി സ്പെഷ്യലിസ്റ് അല്ലേ നിങ്ങൾ, അതുകൊണ്ടാ, എന്തുപറ്റി വേണ്ടാന്നു വച്ചതു…”ജെസ്സി ചോദിക്കുന്നത് കേൾക്കാത്ത ഭാവത്തിൽ

ടോമിച്ചൻ പോയി ലോറിയിൽ കയറി.

“കുട്ടികാനം വരെ പോകണം, അവിടുന്ന് ഒരുകുപ്പി കള്ളടിച്ചാലേ ഒരുന്മേഷം വരത്തൊള്ളൂ, ആ കോരമാപ്പിളക്കു ഇന്ന് രണ്ടുകുപ്പി കള്ള് മേടിച്ചു കൊടുക്കാമെന്നു ഞാൻ വാക്ക് കൊടുത്തതാ, പ്രായമായ ഒരു പാവം മനുഷ്യനാ… നിന്നെ ടാക്സി പിടിച്ചു കുമളിക്ക് വിടണോ, അതോ എന്റെ കൂടെ അവിടം വരെ വരുന്നോ.. കൂടിയാൽ ഒരരമണിക്കൂർ താമസം, അത്രയേ ഉള്ളു അവിടെ “

ടോമിച്ചൻ പറഞ്ഞിട്ട് ജെസ്സിയെ നോക്കി.

“ഞാനിപ്പോ  ടാക്സി പിടിച്ചു കുമളിയിലെത്തിയിട്ടു മന്ത്രി സഭാ രൂപികരണം ഒന്നും  നടത്താനൊന്നും ഇല്ലല്ലോ?, അതുകൊണ്ട് ഞാൻ ഈ ലോറിയിൽ ഇരുന്നോളാം. നിങ്ങളു കള്ള് കുടിക്കുകയോ മേടിച്ചുകൊടുക്കുകയോ എന്ത് വേണമെങ്കിലും ചെയ്യ് “

ജെസ്സി പറഞ്ഞു കൊണ്ട് സീറ്റിൽ ചാരിയിരുന്നു .

എന്നിട്ട് എന്തോ ആലോചിച്ചു ടോമിച്ചനെ നോക്കി.

“ഞാനൊരു കാര്യം ചോദിക്കട്ടെ, നിങ്ങളുടെ കാഴ്ചപ്പാടിൽ അതെങ്ങനെയെന്നു പറ, എനിക്ക് മെറിനെ കണ്ടപ്പോൾ ഒരു ആശ, സ്റ്റാലിൻച്ചായന് വേണ്ടി ഒന്നാലോചിച്ചാലോ എന്ന്, എങ്ങനെയാ “

ജെസ്സി ടോമിച്ചനെ നോക്കി.

“ങ്ങാ വക്കച്ചൻ മുതലാളി അവൾക്കു ചെറുക്കനെ അന്വേഷിച്ചു കൊണ്ടിരിക്കുവാ,  ഒരു കഥയില്ലാത്ത പെങ്കൊച്ച,ഞാൻ വേണെങ്കിൽ പറഞ്ഞു നോക്കാം, നടന്നാൽ നല്ല ബന്ധമാ,”

ടോമിച്ചൻ ലോറി വളവു തിരിച്കൊണ്ട് പറഞ്ഞു.

“പിന്നെ നിങ്ങക്കും ഒരു കല്യാണമൊക്കെ ആകാം, പ്രായമായി “

ജെസ്സി ഒളിക്കണ്ണിട്ടു ടോമിച്ചനെ നോക്കിയിട്ട് പറഞ്ഞു.

“ഒരു ചായകുടിക്കാൻ വേണ്ടി ആരെങ്കിലും പശുവിനെ മേടിക്കുമോ “? ങേ, എന്നും ഒരേ കറി തന്നെ കൂട്ടിക്കൊണ്ടിരുന്നാൽ ആ കറി നമ്മൾ വെറുത്തു പോകും… അതുകൊണ്ട്  കല്യാണം കഴിക്കണോ വേണ്ടയോ എന്നൊരു ചിന്തകുഴപ്പം “

ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി അത്ഭുതത്തോടെ നോക്കി.

“നിങ്ങക്ക് ഇതുപോലത്തെ ചിന്താഗതി ആയിരുന്നു മനസ്സിൽ അല്ലേ, വൃത്തികെട്ടവൻ, ഞാൻ നല്ലൊരാളാണെന്ന വിചാരിച്ചോണ്ടിരുന്നത്. അതുപോട്ടെ, പശുവിനെ മേടിക്കാതെ ഇതുവരെ എത്ര ചായ കുടിച്ചു “?

ചോദ്യഭാവത്തിൽ ടോമിച്ചനെ നോക്കി.

“ഞാനൊരു പഴമൊഴി പറഞ്ഞതാ, ഞാനൊരുവടതും ചായകുടിക്കാൻ പോയിട്ടില്ല, ടോമിച്ചന്റെ തന്തയും അത് ചെയ്തിട്ടില്ല “

“എങ്കിൽ കൊള്ളാം,പെണ്ണുകെട്ടി എന്നു വച്ചു എന്നും ചായകുടിക്കണമെന്ന് ആരെങ്കിലും, എവിടെയെങ്കിലും  എഴുതി വച്ചിട്ടുണ്ടോ  “

ജെസ്സി ടോമിച്ചന്റെ മുഖഭാവം ശ്രെദ്ധിച്ചുകൊണ്ട് ചോദിച്ചു.

“അതൊന്നും അന്വേഷിച്ചു നടക്കലല്ല എന്റെ ജോലി, അറിയാൻ താത്പര്യവും ഇല്ല “

കുട്ടികാനം അടുക്കാറാകുമ്പോൾ ഉള്ള കള്ള് ഷാപ്പിന്റെ കുറച്ചകലെ മാറ്റി ലോറി ഇട്ടു.

“നീ ഇവിടെ ഇരുന്നോ, ഞാനിപ്പോൾ വരാം “

ടോമിച്ചൻ ഇറങ്ങി ഷാപ്പിലേക്കു ചെന്നു.

ഷാപ്പിൽ നാലഞ്ചു പേര് ബെഞ്ചുകളിൽ ഇരുന്നു കള്ള് കുടിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നു.അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കോരമാപ്പിളയും കുരുവിളചേട്ടനും കയറി വന്നു..

“എടാ ടോമിച്ചാ.. നീ വാക്ക് പാലിക്കാൻ വന്നതാ അല്ലേ, എന്ന എടുത്തോ തോമാച്ചാ ടോമിച്ചന്റെ വക രണ്ടു കുപ്പി മൂത്ത കള്ള് “

കോരമാപ്പിള ബെഞ്ചിൽ ഇരുന്നു മടക്കികുത്തിയിരുന്ന മുണ്ട് തെറുത്തു വച്ചു.

“നിങ്ങടെ ഇരിപ്പും ഭാവവും കണ്ടാൽ ഗുസ്തിക്കു പോകുവാനിരിക്കുന്ന പോലെ ഉണ്ടല്ലോ “

ടോമിച്ചൻ കോരമാപ്പിളയുടെ ഇരിപ്പുകണ്ടു ചോദിച്ചു.

“കള്ള് കുടിയും ഒരു ഗുസ്തികളിയല്ലേ  ടോമിച്ചാ ? ഇന്ന് നിന്റെ ചെലവല്ലേ, അതൊന്നു ആഘോഷിക്കണം “

മുൻപിലെത്തിയ കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്ക് കള്ളൊഴിച്ചു കോരമാപ്പിള അടി തുടങ്ങി. അടുത്തിരുന്നു  ടോമിച്ചൻ ഒരു കുപ്പി ഇളവൻ കള്ള് മേടിച്ചു കുടിച്ചു.

തലയ്ക്കു പിടിച്ചു കഴിഞ്ഞ കോരമാപ്പിള ടോമിച്ചനെ നോക്കി.

“എടാ ടോമിച്ചാ, നീയെന്ന ഇങ്ങനെ പെണ്ണ് കെട്ടാതെ ഗിരിരാജൻ കോഴിയെ പോലെ നിൽക്കുന്നത്. എടാ കുറച്ച് കഴിഞ്ഞാൽ പിന്നെ ഒന്നിനും കൊള്ളാതാകും, നല്ല പ്രായത്തിൽ പിള്ളേരൊണ്ടായാലേ പിള്ളേർക്ക് ബുദ്ധിയും വിവരവും കൂടത്തൊള്ളൂ, നല്ല ആരോഗ്യവും ഓജസ്സും തേജസ്സും ഉണ്ടാകത്തൊള്ളൂ. നമുക്കസമയത്തു ആരോഗ്യം ഉണ്ടെങ്കിലേ  നേരെ ചൊവ്വേ അവരെ നോക്കി വളർത്താൻ പറ്റൂ, കേക്കുന്നുണ്ടോടാ ഞാൻ പറയുന്നത് “

കോര ടോമിച്ചന്റെ നേരെ നോക്കി.

“ഞാൻ കേക്കുന്നുണ്ട്, നിങ്ങള് പറ “

തോർത്ത്‌ കൊണ്ട് മുഖം തുടച്ചു കൊണ്ട് ടോമിച്ചൻ പറഞ്ഞു.

“ഞാൻ വഴിക്കടവ് വരെ രാവിലെ പോയതാ, തിരിച്ചു വരുമ്പോഴാ നിങ്ങളെ ഓർത്തത്‌, പറഞ്ഞത് ഇന്ന് തന്നെ വാങ്ങികൊടുക്കാമെന്ന് മനസ്സ് പറഞ്ഞു. പിന്നെ നടന്നില്ലങ്കിലോ “

ടോമിച്ചൻ പറഞ്ഞപ്പോൾ കോര തലകുലുക്കി.

“കറക്റ്റ് ടോമിച്ചാ… പിന്നെ എനിക്കിങ്ങനെ കുടിക്കാൻ കഴിഞ്ഞില്ലങ്കിലോ,ഈ ഇടക്കായി മനസ്സിനൊരു പ്രയാസം, ഇടക്കിടെ ചിന്നമ്മയെ സ്വപ്നം കാണും.നിനക്കറിയാവോ ഞാനെങ്ങനെയാ ഈ കുട്ടിക്കാനത്  വന്നതെന്ന്, അതൊരു കഥയ… ഓർക്കാൻ സുഖമുള്ള കഥ “

പറഞ്ഞിട്ട് ഗ്ലാസിൽ ഇരുന്ന കള്ളെടുത്തു ഒറ്റവലിക്കു അകത്താക്കി.

“നിങ്ങള് പറ, നിങ്ങടെ കഥ കേട്ടിട്ടേ ബാക്കി കാര്യമുള്ളൂ “

ടോമിച്ചൻ ഒന്നിളക്കി ഇരുന്നു.കഥ കേൾക്കാൻ ഔതയും വർഗീസും, സുകുവും അടുത്ത് വന്നിരുന്നു.

“ടോമിച്ചാ,..രാമക്കൽ മേട്ടിൽ …….ജീപ്പ് ഡ്രൈവർ ആയിരുന്നു ഞാൻ, അവിടെ യാത്രക്കാർക്ക് പോകണമെങ്കിൽ അന്ന് ജീപ്പ് മാത്രമാണ് ആശ്രെയം. അങ്ങനെയിരിക്കെ ഒരു ദിവസം യാത്രക്കാർക്കിടയിൽ ഞാനൊരു മുഖം കണ്ടു. പൂനിലാവ് ഉദിച്ചു വരുന്നപ്പോലൊരു മുഖം, നാലഞ്ചു ദിവസം തുടർച്ചയായി കണ്ടപ്പോൾ പിന്നെ എന്റെ ചിന്തയിൽ മൊത്തം അവളായി.ചിന്നമ്മ… പീരിമേട്ടിൽ നിന്നും ആയിടക്ക് കുടിയേറി പാർത്തവരായിരുന്നു ചിന്നമ്മയുടെ വീട്ടുകാർ. ഉറങ്ങുമ്പോഴും, ഉണരുമ്പോഴും എല്ലാം കണ്മുൻപിൽ ചിന്നമ്മ  മാത്രം. നേരം പുലരാൻ വേണ്ടി കാത്തിരിക്കും, ജീപ്പ് മായി പോയി  അവള് വരുന്നതും കാത്തു നിൽക്കാൻ.അവളെയും കാത്തുള്ള ആ നിൽപ്പിനു ഒരു സുഖമുണ്ട്. ഒരുദിവസം കണ്ടില്ലെങ്കിൽ ഉള്ളിലൊരു വിങ്ങലാ, ഹൃദയം പൊട്ടിപോകുന്നതുപോലൊരു വേദന. അത് നിനക്കറിയണമെങ്കിൽ നീ പോയി ഒരു പെണ്ണിനെ മനസ്സുകൊണ്ട് അങ്ങ് പ്രണയിക്കണം… അതൊരു  പുതിയ  അനുഭവമാ..നീ കേക്കുന്നുണ്ടോ ഞാൻ പറയുന്നത് “

കോര ടോമിച്ചനെ തോണ്ടി..

“ഞാൻ കേൾക്കുന്നുണ്ട്, പറഞ്ഞോ “

ടോമിച്ചൻ ഒരു ബീഡിക്കു തീ കൊളുത്തി.

“അങ്ങനെ കുറച്ച് നാള് കഴിഞ്ഞപ്പോൾ അവൾക്കു കാര്യം മനസ്സിലായി. മഴയുള്ള ഒരു ദിവസം യാത്രക്കാര് കുറവായിരുന്നു. ഓരോരുത്തരും ഓരോ സ്ഥലങ്ങളിൽ ഇറങ്ങി. അവസാനം ഞാനും ചിന്നമ്മയും മാത്രമായി  ജീപ്പിൽ. ചട്ടയും മുണ്ടും ഉടുത്തു കമ്മലൊക്കെയിട്ടുള്ള അവളുടെ അ ഇരിപ്പു കാണുമ്പോൾ തന്നെ ഇടനെഞ്ചിൽ നിന്നും പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ അങ്ങ് ശരീരമാകെ പടരും. ടോമിച്ചാ, അതൊന്നും പറഞ്ഞറിയിക്കാൻ പറ്റത്തില്ല. അനുഭവിക്കണം.ഞാൻ രണ്ടും കല്പിച്ചു അവളോട്‌ പറഞ്ഞു, എനിക്കിഷ്ടമാണെന്ന്. അവളാദ്യം ഒന്നും മിണ്ടിയില്ല. പിന്നെ എന്നെ നോക്കി ഒന്ന് ചിരിച്ചു. പെയ്തുകൊണ്ടിരുന്ന മഴയുടെ കുളിരു മൊത്തം എന്റെ മനസ്സിൽ വീണപോലെ തോന്നി. പിന്നീട്  ഞങ്ങളൊന്നിച്ചു രാമക്കൽ മേട്, ഇലവീഴാപൂഞ്ഞിറ,പീരിമേഡ്, മൂന്നാർ അവിടെയെല്ലാം എന്റെ ജീപ്പിൽ പോകും. അവിടെയൊക്കെ കണ്ടു നടക്കുമ്പോൾ മനസ്സുതുറന്നു സംസാരിക്കും. കുറച്ച് നാള് കഴിഞ്ഞപ്പോൾ അവളുടെ വീട്ടുകാര് എങ്ങനെയോ ഈ വിവരം അറിഞ്ഞു. പ്രശ്നമാകും  എന്ന് മനസ്സിലാക്കിയ ഞാൻ ഒരു ദിവസം രാവിലെ ചിന്നമ്മയെയും കൊണ്ട് ഈ കുട്ടികാനത്തോട്ടു വന്നു. വരുന്ന വഴി ഒരു താലിയും ചരടും വാങ്ങിച്ചു അവളുടെ കഴുത്തിൽ കെട്ടി, കുരിശു പള്ളിയിൽ ചെന്നു ഒരു കൂട് തിരിയും കത്തിച്ചു ജീവിതം തുടങ്ങി.പത്തു സെൻറ് സ്ഥലം ഉണ്ടായിരുന്നു ഇവിടെ. ഞാനും അവളും കൂടി അവിടം വെട്ടിത്തെളിച്ചെടുത്തു മഞ്ഞളും ഇഞ്ചിയും, കപ്പയും, ഏലവും ഒക്കെ കൃഷി ചെയ്തു തുടങ്ങിയിടത്തുനിന്ന എല്ലാ സ്വത്തുക്കളുടെയും തുടക്കം.വെയിലത്തും മഴയത്തും മഞ്ഞത്തുമെല്ലാം ചിന്നമ്മ എന്റൊപ്പം നിന്നു. ഒരു പരിഭവമോ പരാതികളോ ഇല്ലാതെ. അതിനിടക്ക് മക്കള് മൂന്നായി.അങ്ങനെ അവൾ തോളോട് തോൾ ചേർന്നു നിന്നതുകൊണ്ടാ അത്യാവശ്യം സ്വത്തുക്കൾ ഉണ്ടാക്കിയതും മൂന്ന് പെണ്മക്കളെ നല്ല രീതിയിൽ വളർത്തി, കെട്ടിച്ചു വിട്ടതും.അവളെ കർത്താവു വിളിച്ചോണ്ട് പോയപ്പോൾ ഞാൻ ഒറ്റപെട്ടു പോയത് പോലെ, ഒരു ശൂന്യത ആയി.സ്വപ്നത്തിൽ ഇടക്കിടെ വന്നു ചിന്നമ്മ പറയും.

“കോരച്ചായാ, ഞാൻ പരലോകത്തു ഒറ്റക്കിരുന്നു മടുത്തു, കർത്താവിനോട് ചോദിച്ചിട്ട് ഇങ്ങോട്ട് വരാൻ.

ടോമിച്ചാ ജീവിതം അർത്ഥപൂര്ണം ആകണമെങ്കിൽ കൂടെ നമ്മളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പെണ്ണ് വേണം, മക്കള് വേണം, കുടുംബം വേണം, അതുകൊണ്ടാ പറയുന്നത്.സ്വത്തും .പണവും വരും പോകും പക്ഷെ സ്നേഹം, അത് നിലനിൽക്കും. കിട്ടാൻ പാടാ, കിട്ടിയാൽ കൂടെ നിൽക്കും, .. അതുകൊണ്ട് പറയുവാ നീ..

ഒരു പെണ്ണ് കെട്ട്, നിന്റെ വീട്ടിൽ ഉള്ള ആ പെണ്ണുണ്ടല്ലോ ജെസ്സി, നീയും ആ പെണ്ണും നല്ല ചേർച്ചയാ, ഞങ്ങളെല്ലാം അത് പറയുമായിരുന്നു. അവൾക്കു നിന്നെ ഇഷ്ടമാണെങ്കിൽ ഒന്നും നോക്കണ്ട, ഒരു താലിയും, ചരടും, മാലയും മേടിച്ചു വച്ചോണം. സമയവും കാലവും ഒത്തുവന്നാൽ അങ്ങ് പിടിച്ചു കെട്ടിക്കോണം. പള്ളിയും പട്ടക്കാരും ഒടക്കാൻ നോക്കിയാലും നീ അതൊന്നും വകവയ്ക്കണ്ട, ഇഷ്ടപെട്ട പെണ്ണിനെ കെട്ടി സുഖമായി ജീവിച്ചോണം. പരസ്പരം മനസ്സിലാക്കിയും സ്നേഹിച്ചും, സഹകരിച്ചും കഴിയാൻ പറ്റിയാൽ അതാണ് അര്ഥപൂര്ണമായ സന്തോഷകരമായ  ജീവിതം. “

കോര പറഞ്ഞു നിർത്തി.കിറി തുടച്ചു കൊണ്ട് എഴുനേറ്റു പുറത്തേക്കു നടന്നു. ഒപ്പം ടോമിച്ചനും…

“കോരമാപ്പിള ഇന്ന് നല്ല ഫോമിൽ ആണല്ലോ ഔതെ “

ഷാപ്പിലെ ജീവനക്കാരൻ തോമസ് പറഞ്ഞു.

“കോരചേട്ടന് പ്രായം കൂടും തോറും ആവേശം കൂടുതലാ ” വര്ഗീസ് പറഞ്ഞു.

അതുകേട്ടു ഷാപ്പിൽ കൂട്ടച്ചിരി  ഉയർന്നു.

പുറത്തിറങ്ങിയ കോരമാപ്പിള ടോമിച്ചനെ നോക്കി.

“എടാ ടോമിച്ചാ, നിന്റെ കയ്യിൽ നിന്നും രണ്ടുകുപ്പി കള്ളുമേടിച്ചു കുടിക്കണമെന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. അത് സാധിച്ചു. പിന്നെ ഞാൻ പറഞ്ഞത് നീ ആലോചിക്ക്, പ്രായം പോയാൽ പിന്നെ പിടിച്ചാൽ കിട്ടത്തില്ല. നിന്റെ കൂടെയുള്ള ആ പെങ്കൊച്ചിനെ തന്നെ കെട്ടടാ. ഞാൻ രണ്ടു മൂന്നു തവണ കണ്ടിട്ടുണ്ട്, നല്ല ഐശ്വര്യമുള്ള പെങ്കൊച്ച,നന്നായിട്ടു വരും. ഞാൻ പോകുവാ “

പറഞ്ഞിട്ട് കോര മാപ്പിള വഴിയുടെ സൈഡിലൂടെ വർദ്ധ്യക്കത്തിന്റെ അവശതകൾ ബാധിച്ച കാലുകൾ വലിച്ചു വച്ചു  നടന്നു. അതും നോക്കി നിന്നിട്ടു ടോമിച്ചൻ ലോറിക്ക് നേരെ നടന്നു.

ലോറിക്കടുത്തെത്തിയപ്പോൾ ജെസ്സി പുറത്തിറങ്ങി നില്കുകയായിരുന്നു.

“മണിക്കൂർ ഒന്നായി നോക്കുകുത്തിപോലെ ഞാനിവിടെ നിൽക്കാൻ തുടങ്ങിയിട്ട്”

ജെസ്സി ടോമിച്ചനെ നോക്കി പറഞ്ഞു.

പക്ഷെ ടോമിച്ചൻ അതുകേൾക്കുന്നുണ്ടായിരുന്നില്ല. ജെസ്സിയെ സൂക്ഷിച്ചു നോക്കികൊണ്ട്‌ നിന്നു.

ലോറിയിൽ ചാരി നിൽക്കുന്ന ജെസ്സിയെ നോക്കിയപ്പോൾ എന്തൊക്കെയോ പ്രേത്യേകതകൾ തോന്നി ടോമിച്ചന്.കണ്ണിനു മുന്പിലെ കാഴ്ചകൾക്ക് മാറ്റം സംഭവിക്കുന്ന പോലെ.കോരമാപ്പിള പറഞ്ഞത് പോലെ ഇവളെയും  കണ്ടിട്ട് ഒരു പൂനിലാവ് വിതറുന്ന തിങ്കളെ  പോലെയുണ്ടോ, അതോ ഷീന പറഞ്ഞതുപോലെ വിണ്ണിൽ നിന്നുമിറങ്ങി വന്ന  മാലാഖയോ? കണ്ണിനു മുൻപിൽ,മലനിരകൾക്കപ്പുറത്തുനിന്നും, മൂടൽ മഞ്ഞിലൂടെ ഒഴുകിയെത്തുന്ന  സൗന്ദര്യത്തിന്റെ നിറകുടമായ ഒരു ശാലീന പെൺകൊടി ,   ഇത്രയും നാൾ തന്റെ കൂടെയുണ്ടായിട്ടും തോന്നാത്ത ഒരു വികാരം  ഇപ്പോൾ എങ്ങനെ തോന്നുന്നു. ആളുകൾ പറഞ്ഞുപറഞ്ഞു മനസ്സിൽ കയറിയതാണോ?അതോ കള്ള് തലക്കു പിടിച്ചിട്ടു തോന്നുന്നതാണോ?

അതോർത്തപ്പോൾ ടോമിച്ചന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

“ഇതെന്താ എന്നെ ആദ്യം കാണുന്നപോലെ നോക്കുന്നത്, നിങ്ങളെന്നെ ഇതിനു മുൻപ് കണ്ടിട്ടില്ലേ, നിങ്ങള് ഷാപ്പിൽ നിന്നും ആനമയക്കി ആണോ കൊട്ടുവടി ആണോ കുടിച്ചത്. അസ്ഥാനത്തു ഒരു വഷളൻ ചിരിയും “

ജെസ്സി ചോദിക്കുന്നത് കേട്ടാണ് ടോമിച്ചന് സ്ഥലകാലബോധം വന്നത്.

“ങേ… നീ എന്താ ചോദിച്ചത് “ടോമിച്ചൻ തെല്ലു ജാള്യത്തോടെ ചോദിച്ചു.

“ഓ ബോധം വന്നോ, എന്നെ ആദ്യം കാണുന്നപോലെ നോക്കി അസ്ഥാനത്തുള്ള ചിരി ചിരിക്കാൻ എന്ത് പറ്റി എന്ന് “

ജെസ്സി ഒന്നും മനസ്സിലാകാതെ ടോമിച്ചനെ നോക്കി.

“നിന്നെ നോക്കി ചിരിച്ചത് ആസ്ഥാനത്താണെന്നോ ,ചിരിക്ക് സ്ഥാനം, അസ്ഥാനം അങ്ങനെ വേർതിരിവുണ്ടോ? എന്നാൽ കിണറിനും വീടിനും സ്ഥാനം നോക്കുന്ന ആളിനെ വിളിച്ചു കൃത്യം സ്ഥാനം കണ്ടു കുറ്റി അടിച്ചിട്ട് അതിൽ നോക്കി ചിരിക്കാം, മതിയോ “

ടോമിച്ചൻ ചോദിച്ചു കൊണ്ട് ലോറിയിൽ കയറി.

“നിങ്ങള് എങ്ങനെ വേണമെങ്കിലും ചിരിച്ചോ. അതൊക്കെ എനിക്കിഷ്ടമാ. പക്ഷെ അതെന്നെ  നോക്കി മാത്രമായിരിക്കണം. അല്ലെങ്കിൽ എന്റെ സ്വഭാവം മാറും “

ജെസ്സി കൃത്രിമ ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു.

“അതിന് നിന്നെ നോക്കി ചിരിക്കണമെങ്കിൽ സ്ഥാനവും സമയവും നോക്കണ്ടേ, അല്ലെങ്കിൽ അത് അസ്ഥാനത്താകും, വഷളൻ ചിരിയാകും”

ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി ഊറിചിരിച്ചുകൊണ്ട് ലോറിയിൽ കയറി.

“ഷാരോണിൽ വിരിയും ശോശന്ന പൂവേ, ശാലീനയല്ലോ നീ “

ടോമിച്ചൻ മൂളിപ്പാട്ടും പാടി സ്റ്റിയറിങ്ങിൽ താളമിട്ടു ലോറി മുൻപോട്ടെടുത്തു.ജെസ്സി അത്ഭുതത്തോടെ ടോമിച്ചനെ നോക്കി .

“നിങ്ങക്ക് ഇതുപോലത്തെ പാട്ടൊക്കെ പാടാനറിയാമോ “?

“പിന്നെ ഞാൻ യേശുദാസിന്റെ അടുത്തുപോയി രണ്ടുകൊല്ലം പാട്ട് പഠിച്ചിരുന്നു.എങ്ങനെയുണ്ട്? ശ്രുതിയും സംഗതിയും കൃത്യമാണോ “?

ടോമിച്ചൻ പ്രേത്യേകഭാവത്തിൽ ജെസ്സിയെ നോക്കി.

“ആരാ ഈ ശാലീനയായ ശോശന്ന പൂ, അതൊന്നറിഞ്ഞാൽ കൊള്ളാം “

ജെസ്സി ഒരു കള്ളനോട്ടത്തോടെ ടോമിച്ചനെ നോക്കി. ജെസ്സി ഉള്ളിൽ പ്രാർത്ഥിച്ചു, കർത്താവെ, ഞാനാണെന്ന് ഇയാളെക്കൊണ്ട് പറയിച്ചേക്കണെ…

“ശോശാമ്മ പൂ എന്റെ തള്ളയാ, പിന്നെ  ശോശന്ന  പൂ..അത്….”

ടോമിച്ചൻ മുഴുമിപ്പിക്കുന്നതിനു മുൻപ് ജെസ്സി ഇടയിൽ കയറി ചോദിച്ചു.

“ആരാ അത് “

തന്റെ ഹൃദയമിടിപ്പ് കൂടിയത് പോലെ തോന്നി ജെസ്സിക്ക്. അവൾ ടോമിച്ചന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

“ഓ  അങ്ങനെ നീ അതുകേട്ടു സുഖിക്കണ്ട. ഇന്ന് രാവിലെ തൊട്ടു എന്റെ പേരിന്റെ കൂടെ ആളുകൾ ചേർത്തു വച്ചു പറയുന്ന പേരാ അത്.  ആ പേര് തുടർച്ചയായി ആളുകൾ പറഞ്ഞപ്പോൾ എനിക്കും ഒരു സംശയം.അത് തന്നെ അല്ലേ ഇത് എന്ന്, ജീവിതമാകുമ്പോൾ ഒരു പെണ്ണുവേണമെന്നും, അവള് സുഖത്തിലും ദുഃഖത്തിലും മരണം വരെ  നെഞ്ചോടു ചേർന്നിരുന്നു സന്തോഷവും പ്രതീക്ഷകളും നൽകുന്നവളായിരിക്കണം എന്നും,,ഈ പറഞ്ഞപെണ്ണിന്  ആ സ്വഭാവമഹിമയുണ്ടെന്നു  കണ്ടാലേ അറിയാം എന്നുമൊക്കെ മാപ്പിള പറഞ്ഞപ്പോ എനിക്കും ഒരു വീണ്ടു വിചാരം. അവരൊക്കെ പറഞ്ഞാൽ കിറുകൃത്യമാ.   “

ടോമിച്ചന്റെ മുഖത്തു നോക്കിയിരുന്ന ജെസ്സിയുടെ ശരീരത്തിൽ ഒരു വിറയൽ ബാധിച്ചു.

“, അതാരാ, മനുഷ്യനെ ടെൻഷൻ അടുപ്പിക്കാതെ പറ “

ജെസ്സിയുടെ ശബ്‌ദം നേർത്തിരുന്നു.

“അതൊക്കെ ഉണ്ട്. സമയമാകുമ്പോൾ അറിയിക്കാം, സദ്യ വന്നുണ്ടോണം “

ടോമിച്ചൻ ജെസ്സിക്ക് മനസ്സിലാകാത്ത രീതിയിൽ ഒന്ന് പാളി നോക്കി.

ജെസ്സിയുടെ മ്ലാനമായ മുഖത്തെ  മിഴികളിൽ നീർമണികൾ  ഉരുണ്ടു കൂടി തുളുമ്പാൻ തയ്യാറെടുക്കുന്നത്  ടോമിച്ചൻ കണ്ടു.

                              (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!