Skip to content

കൊലക്കൊമ്പൻ – 20

kolakomban

ജെസ്സി ടോമിച്ചനെ നോക്കി ചിരിച്ചു കൊണ്ട് മുറിക്കുള്ളിലേക്ക് ചെന്നു.

“എന്തോന്നാ പൊതിഞ്ഞു കെട്ടി മേശക്കകത്തു വച്ചു പൂട്ടുന്നത്. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ ഞാനും അറിയട്ടെ “

ജെസ്സിയുടെ ചോദിച്ചു കൊണ്ട് കസേരയിൽ ഇരുന്നു.

“അതൊന്നുമില്ല,നീ അതറിയണ്ട “

ടോമിച്ചൻ കട്ടിലിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു.

“അതെന്താ ഞാൻ അറിഞ്ഞാൽ, അത്രക്കും മോശമായ സാധനങ്ങൾ ആണോ അത് “?

ജെസ്സി ചോദ്യഭാവത്തിൽ ടോമിച്ചനെ നോക്കി.

“അറിഞ്ഞാലേ ഇന്ന് നീ ഉറങ്ങാത്തൊള്ളോ, എങ്കിൽ കേട്ടോ, എന്റെ രണ്ടുമൂന്ന് പുതിയ വിലകൂടിയ  അണ്ടർവെയറുകളാ, പുറത്തെടുത്തിട്ടാൽ ആരെങ്കിലും വന്നു മോഷ്ടിച്ചുകൊണ്ട് പോയാലോ എന്നോർത്ത് മേശക്കുള്ളിൽ വച്ചു ഭദ്രമായി പൂട്ടിയതാ.ഇനിയെന്താ നിനക്കറിയേണ്ടത് “

ടോമിച്ചൻ നീരസത്തോടെ ചോദിച്ചു.

“അതിനിപ്പോ ഇതൊക്കെ ആരാ ഇവിടെ  എടുത്തോണ്ട് പോകാൻ, അതും നിങ്ങടെ…”

ജെസ്സി പറഞ്ഞുകൊണ്ട് നെറ്റിയിലെ മുറിവിൽ മെല്ലെ തടവി.

“നിന്റെ മുറിവെങ്ങനെ ഉണ്ട്, വേദന കുറഞ്ഞോ,”

മുറിവിൽ ജെസ്സി കൈവച്ചിരിക്കുന്നത് കണ്ടു ടോമിച്ചൻ ചോദിച്ചു.

“അൽപ്പം ആശ്വാസം ഉണ്ട്, എങ്കിലും എന്നോട് ഇങ്ങനെ ചെയ്യാണ്ടായിരുന്നു. നിങ്ങൾ മനഃപൂർവം എന്നെ ഈ പരുവത്തിൽ ആക്കിയതാണെന്നു എനിക്കറിയാം. എന്നോടുള്ള ദേഷ്യത്തിന് “

ജെസ്സി തെല്ലു പരിഭവം നടിച്ചു പറഞ്ഞു. എന്നാൽ ടോമിച്ചൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.എന്തോ ആലോചിച്ചു കൊണ്ടിരുന്നു.

“നിങ്ങളെന്താ വലിയ ആലോചനയിൽ ആണല്ലോ.എന്താ എനിക്കെതിരെ വല്ല ഗൂഡലോചനയും മറ്റുമാണോ “?

ജെസ്സി ചോദിച്ചു കൊണ്ട് എഴുനേറ്റു നിന്നു.

“അതേ ഗൂഡലോചനയാ, നിന്നെയും നിന്റെ സ്വത്തുവകകളും എങ്ങനെ സ്വന്തമാക്കാം എന്നതിനെ കുറിച്ചുള്ള ഗൂഢാലോചന “

ടോമിച്ചൻ കൈത്തണ്ടയിൽ പറ്റിയിരുന്ന ചെളി തോർത്തുകൊണ്ട് തുടച്ചിട്ടു ജെസ്സിയെ നോക്കി.

“സത്യം പറ, നിങ്ങൾ ഇപ്പൊ ചിന്തിച്ചത് അത് തന്നെയാണോ, എങ്കിൽ അതിനുള്ള എളുപ്പവഴി ഞാൻ തന്നെ പറഞ്ഞു തരാം… എന്നെ അങ്ങ് കെട്ടിയാൽ പോരെയോ,നിങ്ങക്ക് ഈ ഞാനും സ്വൊന്തം, എന്റെ സ്വത്തുക്കളും സ്വൊന്തം.”

ജെസ്സി ചാടി കേറി പറഞ്ഞു.

“ആർക്കു വേണം നിന്റെ സ്വത്തും കോപ്പും, ടോമിച്ചൻ ഉണ്ടാക്കാൻ എറങ്ങിതിരിച്ചിരുന്നെങ്കിൽ ഇതിന്റെ രണ്ടരട്ടി ഉണ്ടാക്കിയേനെ, നീ ചൊറിയാതെ പോയി നിന്റെ ജോലി നോക്ക് “

ടോമിച്ചൻ അസ്സഹഷ്ണുത പ്രകടിപ്പിച്ചു.

“അപ്പോ സ്വത്താണ് നിങ്ങക്ക് വേണ്ടാത്തത്, സ്വത്ത് വേണ്ടങ്കിൽ വേണ്ട, എന്നെ വേണോ, അത് പറ “

ജെസ്സി ടോമിച്ചന്റെ കണ്ണുകളിലേക്ക് നോക്കി.

“മനുഷ്യ, എന്റെ മുഖത്തേക്ക് നോക്ക് ഞാൻ സുന്ദരി അല്ലേ, കാണാൻ കൊള്ളാവുന്ന ശരീരവും ഉണ്ട്, വിദ്യാഭാസവും ഉണ്ട്.ആണായി പിറന്ന ആരു കണ്ടാലും പറയും, ഞാൻ അടാറു ചരക്കാണെന്ന്, നിങ്ങടെ കണ്ണിനു കുഴപ്പമൊന്നും ഇല്ലെങ്കിൽ എന്നെ വിട്ടുകളഞ്ഞേക്കരുത്,പൊക്കിക്കോ, നിങ്ങളാകുമ്പോൾ എന്നെ എടുത്തു തോളിലിട്ടു നടന്നു പരിചയമുണ്ട്. അതിൽനിന്നു തന്നെ പ്രായത്തിനനുസരിച്ചുള്ള തൂക്കവും ഉണ്ടെന്നു മനസ്സിലായി കാണുമല്ലോ നിങ്ങക്ക്.”

ജെസ്സി പറഞ്ഞു കൊണ്ട് ചിരിച്ചു.

“നിന്റെ വട്ട് കൂടുതലായോ എന്നൊരു സംശയം ഉണ്ട്. ഊളൻപാറയാണോ കുതിരവട്ടമാണോ നിനക്ക് വേണ്ടത് “

ടോമിച്ചൻ കട്ടിലിൽ നിന്നുമെഴുനേറ്റു.

“എനിക്ക് വട്ട് തന്നെ, നിങ്ങള് എന്നെ എന്ത് പറഞ്ഞാലും അതെനിക്കിഷ്ടമാണ്.പിന്നെ കേട്ടിട്ടില്ലേ, സ്നേഹം ഒരു വാക്കല്ല, അതൊരു മനോഹരമായ അനുഭവം ആണ് , പ്രതിഫലം ഇല്ലാതെ ഒരാൾക്ക് മറ്റൊരാൾക്ക്  കൊടുക്കാവുന്ന ഏറ്റവും നല്ല അനുഭവം”എന്നൊക്കെ, അതൊക്കെ സത്യമാ, ഓരോരുത്തരുടെയും അനുഭവങ്ങളിലൂടെ അവർ കണ്ടെത്തിയ സത്യം “

ജെസ്സി ഭീത്തിയിലെ മാതാവിന്റെ രൂപത്തിലേക്കു നോക്കി.പിന്നെ തുടർന്നു.

“എന്നും നിങ്ങടെ മുൻപിൽ തലകുനിച്ചു  ഞാൻ നിൽക്കുന്നുണ്ടാകും.നിങ്ങക്ക് എന്നെ വേണമെന്ന് തോന്നിയാൽ അപ്പോ വന്നു കെട്ടിക്കോണം. എന്നോട് അനുവാദം പോലും ചോദിക്കണ്ട “

ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ ജെസ്സിയുടെ മുഖത്തേക്കും മേശയിലേക്കും മാറി മാറി നോക്കി. “നമ്മുടെ ഒക്കെ ജീവിതം ഒരു കുമിളപോലയല്ലേ, എപ്പോഴാ പൊട്ടി പെട്ടിക്കകത്തു കേറുന്നതെന്നു പറയാനൊക്കത്തില്ല. അതിനിടക്കുള്ള ഈ കുറച്ച് ജീവിതത്തിൽ മനസ്സിൽ സന്തോഷമുണ്ടാകുക, പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടാകുക, ഇഷ്ടപെട്ട ആളോടുത്തു ജീവിക്കുക,ഇതൊക്കെ ഒരു ഭാഗ്യമാണ്. അധികം പറഞ്ഞു കാടുകേറുന്നില്ല. ഞാൻ താഴേക്കു ചെല്ലട്ടെ “

ജെസ്സി പുറത്തേക്കു നടക്കാനൊരുങ്ങി. പിന്നെ തിരിഞ്ഞു നിന്നു.

“ഒരു കാര്യം പറഞ്ഞേക്കാം, സ്നേഹം മനസിന്റെ അകത്ത് പൂട്ടി വക്കാനുള്ളതല്ല. ഇഷ്ടപെടുന്നവരുടെ മുൻപിൽ കുടഞ്ഞിടാൻ ഉള്ളതാണ്. ഉള്ളിലുള്ള സ്നേഹം ഈ ഭൂമിയിൽ അർഹിക്കുന്നവർക്ക്, ആഗ്രഹിക്കുന്നവർക്ക് കൊടുത്തിട്ടേ പോകാവൂ, പരലോകത്തേക്ക്…”

ജെസ്സി തിരിഞ്ഞു നടന്നു.

ടോമിച്ചൻ ജെസ്സി നടന്നുപോകുന്നതും നോക്കി നിന്നു.

പുലർച്ചെ ശോശാമ്മ കൊണ്ടുകൊടുത്ത കാപ്പിയും കുടിച്ചു, സ്റ്റാലിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജെസ്സി അന്നത്തെ മലയാള മനോരമ പത്രവുമായി അങ്ങോട്ട്‌ വന്നത്.

“ദേ, കുട്ടിക്കാനത്തെ നിങ്ങടെ കൂട്ടുകാരൻ കോരമാപ്പിള ഇന്നലെ രാത്രി മരിച്ചു പോയെന്നു ചരമകോളത്തിൽ വാർത്തയുണ്ട്.”

ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ എഴുനേറ്റു ചെന്നു ജെസ്സിയുടെ കയ്യിൽ നിന്നും പത്രം മേടിച്ചു നോക്കി.

ഫോട്ടോ ഉണ്ട്, എൺപതഞ്ചു വയസ്സ്, കോര വർക്കി.ശവസംസ്കാരം ഇന്ന് വൈകുനേരം നാലു മണിക്ക്, st. ജോർജ് പള്ളിയിൽ,,,

ടോമിച്ചന്റെ മുഖത്തു ഒരു ദുഃഖഭാവം തെളിയുന്നത് ജെസ്സി കണ്ടു.

“ശവസംസ്കാരത്തിനു പോകണ്ടേ, വിഷമിക്കണ്ട, എൺപതഞ്ചു വയസ്സുവരെ ജീവിച്ചില്ലേ, അതൊരു ഭാഗ്യമാ.നമ്മളൊക്കെ അതിന്റെ പകുതികാലമെങ്കിലും ജീവിച്ചാൽ ഭാഗ്യം. ഞാൻ കൂടെ വരണോ “

ജെസ്സി ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.

“വേണ്ട, ഞാൻ പോയിട്ട് വന്നോളാം “

ടോമിച്ചൻ നിർവികാരനായി പറഞ്ഞു.

” ടോമിച്ചന്റെ ആരാ ഈ കോരമാപ്പിള.സ്വൊന്തക്കാര് വല്ലതുമാണോ “?

സ്റ്റാലിൻ ടോമിച്ചനെ നോക്കി.

“എന്റെ ആരുമല്ല,ഓർമ്മവച്ചനാൾ മുതൽ അപ്പച്ചന്റെ കൂടെ കണ്ടുവന്നതാ.. എന്നോട് ഭയങ്കര കാര്യം ആയിരുന്നു.ഒരു ദിവസം നിന്റെ കയ്യിൽ നിന്നും കള്ളുമേടിച്ചു കുടിച്ചിട്ട് ഞാൻ കയ്യും വീശി എന്റെ ചിന്നമ്മേടെ അടുത്തേക്ക് പോകുമെന്ന് പറയുമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു, ങ്ങാ പോട്ടെ, അവരൊരുമിച്ചു പോയി ജീവിക്കട്ടെ “

ടോമിച്ചൻ ഒന്ന് നെടുവീർപ്പെട്ടു.

ജെസ്സി കുളിച്ചൊരുങ്ങി നഴ്സിംഗ് സ്കൂളിലേക്ക് പോയി.

ടോമിച്ചൻ ലോഡ് എടുക്കാൻ തടി ഡിപ്പോയിലേക്ക് ചെന്നപ്പോൾ അവിടെ വക്കച്ചനും റോണിയും ഉണ്ടായിരുന്നു. റോണി കണക്കുകൾ നോക്കി ഓഫീസിൽ ആയിരുന്നു .വക്കച്ചൻ പുറത്തുനിന്നു പണിക്കാർക്ക് നിർദേശങ്ങൾ കൊടുത്തു കൊണ്ട് നിൽക്കുന്നു .മൂന്നുനാല് ലോറികളിൽ പണിക്കാർ തടിക്കേറ്റുന്നുണ്ട്. ലോറി നിർത്തി ടോമിച്ചൻ ലോറിയിൽ നിന്നുമിറങ്ങി വരുന്നത് കണ്ടു വർക്കിച്ചൻ അങ്ങോട്ട്‌ ചെന്നു.

“ടോമിച്ചാ ഇന്ന് ദേവികുളത്തിന് ഒരു ലോഡ് കൊണ്ടുപോകാനുണ്ട്, ഇപ്പോൾ പോകുകയാണെങ്കിൽ നാലുമണി ആകുമ്പോൾ തിരിച്ചെത്താം “

വക്കച്ചൻ ടോമിച്ചനോട് പറഞ്ഞിട്ട് തുടർന്നു.

“പിന്നെ നിന്നോടൊരു കാര്യം പറയണമെന്ന് വച്ചിരുന്നിട്ടു ഇപ്പോഴാ ഓർത്തത്‌. നിന്റെ പരിചയത്തിൽ മെറിനു പറ്റിയ നല്ല കൊള്ളാവുന്ന ചെറുക്കന്മാരുണ്ടെങ്കിൽ ഒന്ന് നോക്ക്, ശരിക്കന്വേഷിച്ചിട്ടു നടത്താം, അവളെ ഉടനെ കെട്ടിച്ചു വിടണം “

“നോക്കാം, നല്ല ആരെയെങ്കിലും കിട്ടിയാൽ പറയാം “

ടോമിച്ചൻ പറഞ്ഞിട്ട് മുൻപോട്ടു നടന്നിട്ട് എന്തോ ഓർത്തപോലെ നിന്നു.

പിന്നെ വക്കച്ചന്റെ അടുത്തേക്ക് ചെന്നു.

“ഞാനിപ്പൊഴാ ഓർത്തത്‌, പറ്റിയ ഒരാളുണ്ട്. എന്റെ വീട്ടിലൊണ്ടായിരുന്ന ജെസ്സിയെ അറിയത്തില്ലേ. അവളുടെ ചേട്ടൻ സ്റ്റാലിൻ, കുമളിയിലെ സമ്പന്നകുടുംബം, എക്സ്പോർട്ടിങ് കമ്പനി. ആങ്ങളയും പെങ്ങളും മാത്രമാണ് ഉള്ളത്. സ്റ്റാലിൻ ആണെങ്കിലും നല്ല സ്വഭാവമുള്ള, കാണാൻ സുന്ദരനായ ചെറുപ്പക്കാരൻ. മെറിനു നന്നായി ചേരും, മുതലാളി ഒന്നാലോചിച്ചു നോക്ക്. നടന്നാൽ മെറിൻ കൊച്ചിന്റെ ഭാഗ്യമാണ്,ജെസ്സിക്ക് മെറിനെ ഭയങ്കര താത്പര്യവുമാണ് “.

ടോമിച്ചൻ പറഞ്ഞു നിർത്തി.

“നിനക്ക് അത്രക്കും വിശ്വാസം ഉണ്ടെങ്കിൽ അവരോടു ഈ കാര്യം ഒന്ന് സൂചിപ്പിച്ചു നോക്ക്. രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും  താത്പര്യം ആണെങ്കിൽ നമുക്ക് നോക്കാം, നാളെ അവള് കണ്ണീരു കുടിക്കേണ്ടി വരരുത്, അത്രയേയുള്ളു  “

വക്കച്ചൻ പറഞ്ഞിട്ട് ഓഫീസിന് ഉള്ളിലേക്ക് കയറിപ്പോയി.

ടോമിച്ചൻ ലോഡുമായി ദേവികുളത്തിനും തിരിച്ചു.

റോണി ഉച്ചക്ക് വീട്ടിലെത്തുമ്പോൾ സെലിൻ കുളിച്ചൊരുങ്ങി റൂമിൽ ഇരിക്കുകയായിരുന്നു.

“നീ എന്താ കുളിച്ചൊരുങ്ങി ആദ്യരാത്രി ആഘോഷിക്കുവാൻ ഇരിക്കുന്ന നവവധു വിനെ പോലെ ഇരിക്കുന്നത്.”

റോണി സെലിനെ നോക്കി ചിരിച്ചു.

“ലോകത്തു പെണ്ണുങ്ങൾ കുളിച്ചൊരുങ്ങി ഇരിക്കുന്നത് ആദ്യരാത്രി ആഘോഷിക്കാനാണെന്നു നിങ്ങളോട് ആരുപറഞ്ഞു.എവിടുന്ന് കിട്ടുന്നു ഇതുപോലത്തെ അറിവ് “

സെലിൻ തലതിരിച്ചു റോണിയെ നോക്കി.

“എന്നോടാരും പറഞ്ഞില്ല, നിന്നെ കണ്ടപ്പോൾ അങ്ങനെ പറയാൻ തോന്നി, അത്രതന്നെ “

പറഞ്ഞിട്ട് റോണി സെലിനെ പുറകിൽ നിന്നും കെട്ടിപിടിച്ചു.

“നീ ഒരുങ്ങിയാലും ഒരുങ്ങിയില്ലെങ്കിലും സുന്ദരിയല്ലേ? പിന്നെ സ്നേഹമുള്ള ഭർത്താവ് ഒരു കാമുകൻ കൂടിയാണ്, കേട്ടോടി “

റോണി സെലിനെ ചേർത്തു നിർത്തി കവിളിൽ ഒരുമ്മ കൊടുത്തു. സെലിൻ ഒരു പ്രാവിനെ പോലെ റോണിയുടെ നെഞ്ചിൽ ചേർന്നു നിന്നു.

മോളിക്കുട്ടി താഴെനിന്നു ആഹാരം എടുത്തു വച്ചിട്ടുണ്ടെന്നു വിളിച്ചു പറഞ്ഞു. അതുകേട്ടു റോണിയും സെലിനും താഴേക്കു ചെന്നു  ഊണുമേശയിൽ മെറിൻ നേരത്തെത്തന്നെ സ്ഥാനം പിടിച്ചിരുന്നു.

“നിന്നെ ഇവിടെനിന്നു ഓടിക്കാനുള്ള പ്ലാൻ പപ്പാ ടോമിച്ചനുമായി തയ്യാറാക്കുന്നുണ്ട്. ഉടനെ തന്നെ ഒരുത്തനെ തപ്പിയെടുക്കാമെന്നു ടോമിച്ചൻ പറയുന്നത് കേട്ടു “

റോണി മെറിനോട് പറഞ്ഞു.

“ആരെ വേണമെങ്കിലും കണ്ടുപിടിച്ചോ, ഞാനിവിടെ നിന്നു ആർക്കും ഒരു തലവേദന ആകുന്നില്ല “

പാത്രത്തിലെ ചോറിൽ ഉദാസീനമായി കൈവിരലിട്ടു ഇളക്കികൊണ്ട് മെറിൻ പറഞ്ഞു.

“നീ എന്തിനാ സങ്കടപെടുന്നത്, പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു വിടുന്നത് ഇഷ്ടമില്ലാത്തതുകൊണ്ടാണോ, ഇതൊരു പ്രകൃതി നിയമമാ,”

മോളികുട്ടി മെറിന്റെ അടുത്തിരുന്നു അവളോട്‌ പറഞ്ഞു.

“മോളേ, ഇവിടെ എല്ലാവർക്കും ഏറ്റവും ഇഷ്ടമുള്ളത് നിന്നെയാണ്,കല്യാണം കഴിഞ്ഞാലും നിനക്ക് എപ്പോൾ വേണമെങ്കിലും വരാമല്ലോ, ഞങ്ങൾക്കങ്ങോട്ടും വരാമല്ലോ “?

സെലിൻ  മെറിനെ ചേർത്തു പിടിച്ചു  മുടിയിൽ അരുമയോടെ തഴുകി.

ലോഡ് ഇറക്കി ടോമിച്ചൻ നാലുമണി ആയപ്പോൾ കുട്ടിക്കാനത്തെത്തി.ടോമിച്ചൻ എത്തുമ്പോൾ കോരമാപ്പിളയുടെ വിലാപയാത്ര പള്ളിയിലേക്ക് പുറപ്പെട്ടിരുന്നു. ടോമിച്ചൻ വിലാപയാത്രക്കൊപ്പം പള്ളി വരെ അനുഗമിച്ചു. പള്ളി സെമിതേരിയിൽ പ്രാർത്ഥനക്കു ശേഷം അവസാനമായി ഒരു നോക്ക് കണ്ടു ടോമിച്ചൻ മടങ്ങി.

കുമളിക്ക് പോകുന്ന വഴിക്കു മനസ്സ് അസ്വസ്ഥമായി തോന്നി.

ഓരോരുത്തരായി ലോകത്തുനിന്നും യാത്രപറഞ്ഞു പോകുന്നു. ഇന്നുള്ളവർ നാളെ കണ്ടാൽ കണ്ടു. അത്രതന്നെ.

ചെറിയ ചാറ്റൽ മഴ പെയ്യാൻ തുടങ്ങിയിരുന്നു.ഹെഡ് ലൈറ്റ് ഇട്ടു, ഫോഗ് ലാമ്പും ഓണാക്കി വേഗം കുറച്ച് ടോമിച്ചൻ  ലോറി ഒടിച്ചു കൊണ്ടിരുന്നു. ഒരു വളവു തിരിയുമ്പോൾ പെട്ടന്ന് ഒരു ഒമിനി വാൻ ഓവർടേക്ക് ചെയ്തു കേറി ലോറിക്ക് സൈഡ് കൊടുക്കാതെ ഓടി കൊണ്ടിരുന്നു.

ഹോണടിച്ചിട്ടും വാൻ സൈഡ് തരാതിരിക്കുന്നത് കണ്ടപ്പോൾ ടോമിച്ഛനൊരാശങ്ക ഉണ്ടായി. അപകടം മണത്തു.

അടുത്ത് കണ്ട ജംഗ്ഷനിൽ ഒരു ചായക്കടയുടെ മുൻപിൽ ചവിട്ടി നിർത്തി. കുറച്ച് മുൻപോട്ടു പോയ മാരുതി വാൻ റിവേഴ്സ് ഗിയറിൽ ലോറികരുകിൽ വന്നു നിന്നു.

ടോമിച്ചൻ ഇറങ്ങി ചായക്കടയിലേക്ക് കയറി ഒരു ചായക്ക്‌ പറഞ്ഞു.

ഒമിനി വാനിൽ നിന്നും നാലു ആളുകൾ ഇറങ്ങി. അതിലൊരാളെ ടോമിച്ചൻ തിരിച്ചറിഞ്ഞു.

സ്റ്റിഫൻ മാത്യു…. പുലിമാക്കിൽ എക്സ്പോർട്ടിങ് ആൻഡ് പ്ലാന്റേഷൻ കോപ്പറേഷനിൽ ക്വാളിറ്റി ടെസ്റ്റ്‌ ഡിപ്പാർട്മെന്റിലെ ഹെഡ്. ഇന്നലെത്തെ സംഭവത്തിൽ  പ്രതികാരം ചെയ്യാൻ വന്നതാണ്.

സ്റ്റിഫൻ മാത്യുവും രണ്ടു പേരും  കടക്കുള്ളിലേക്ക് കയറി  ചായകുടിച്ചു കൊണ്ടിരുന്ന ടോമിച്ചന്റെ അടുത്തേക്ക് ചെന്നു.

“എന്നെ ഓർമ്മയുണ്ടോടാ, നീ ഇന്നലെ കമ്പനിയിൽ വന്നു ആളുകളിച്ചു പോയപ്പോൾ ഓർത്തു കാണത്തില്ല തിരിച്ചു കിട്ടും എന്ന്, പുതിയ മുതലാളിച്ചിയും നീയും അവിടെവന്നു ഞങ്ങളെയൊക്കെ പുളുത്തി കളയമെന്നു വല്ല വിചാരവും ഉണ്ടെങ്കിൽ നടക്കത്തില്ലടാ, കമ്പനി അവളുടേതായിരിക്കും. പക്ഷെ അതെങ്ങനെ പ്രവർത്തിക്കണം, അവിടെ എന്ത് നടക്കണം എന്നൊക്കെ ഞങ്ങൾ കുറച്ച് പേരങ്ങു തീരുമാനിക്കും. പുലിമടയില നിന്റെ പൂച്ചകളി അല്ലെടാ പൊലയാടി മോനെ “

സ്റ്റിഫൻ മാത്യു പറഞ്ഞു തീർന്നതും കൂടെ വന്നവരിൽ ഒരുവൻ ഡെസ്കിൽ ഒരുചവിട്ട്!!

ഡെസ്ക്കും ബെഞ്ചും ടോമിച്ഛനോടൊപ്പം താഴേക്കു മറിഞ്ഞു. ടോമിച്ചന്റെ കയ്യിലിരുന്ന കാപ്പി ഗ്ലാസ്‌ തെറിച്ചുപോയി നിലത്തു വീണു ചിതറി!!

പെട്ടന്ന് ചായക്കടയിൽ നിന്നും ഒച്ചയും ബെഹളവും കേട്ടു കവലയിൽ ഉണ്ടായിരുന്ന ഓട്ടോക്കാരും ടാക്സി ഡ്രൈവർമാരും അങ്ങോട്ടേക്ക് വന്നു. ആളുകൾ കൂടി വരുന്നതറിഞ്ഞു സ്റ്റിഫൻ മാത്യു കൂടെയുള്ളവരെയും കൂട്ടി വാനിൽ കയറി പാഞ്ഞു പോയി.

പിടിവലിക്കിടയിൽ ടോമിച്ചന്റെ ഷർട്ട്‌ കീറി. മറിഞ്ഞു വീണപ്പോൾ താടി പോയിടിച്ചു ചെറുതായി മുറിഞ്ഞു.

“ആരാ അവന്മാര് വെറുതെ ഇവിടെയിരുന്ന ഇയാളെ വന്നു തല്ലാൻ, വല്ല കൊട്ടേഷൻ ടീം വല്ലതുമാണോ “

ചായക്കടക്കാരൻ അബ്ദു കൂടി നിന്നവരോട് ചോദിച്ചു.

“ഒരുത്തൻ ആ പുലിമക്കിൽകാരുടെ ടീ എക്സ്പോർട്ടിങ് പ്ലാണ്റ്റേഷനിലെ ജോലിക്കാരനാ, എനിക്കറിയാം അവനെ, കുമളി ടൌൺ എത്തുന്നതിനുമുൻപ് കുറച്ചകത്തേക്ക് കയറിയ അവന്റെ വീട് “

ഓട്ടോക്കാരൻ ജെയിംസ് പറഞ്ഞു.

ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

ടോമിച്ചൻ ഒന്നും പറയാതെ തോർത്ത്‌ കൊണ്ട് മുഖം തുടച്ചു, കൂടി നിന്ന ആളുകളുടെ ഇടയിലൂടെ ലോറിക്ക് നേരെ നടന്നു.

“ഇത് ടോമിച്ചനല്ലേ, കുന്നുമ്മേൽ വക്കച്ചൻ മുതലാളിയുടെ കൂപ്പിലെ ഡ്രൈവറാ, തല്ലാൻ വന്നവന്മാർ നാളെ രണ്ടുകാലിൽ ഏറ്റുനിന്നാൽ ഭാഗ്യം “

കൂടിനിന്നവരിൽ ഒരാൾ അടുത്തുനിന്ന ആളോട് ഒച്ചതാഴ്ത്തി പറഞ്ഞു.

അതുകേട്ട ആളുകൾ ടോമിച്ചൻ പോയി ലോറിയിൽ കേറുന്നത് നോക്കി നിന്നു.

ടോമിച്ചൻ ബംഗ്ലാവിന് മുൻപിൽ ലോറി നിർത്തി ഇറങ്ങി. ശോശാമ്മ അടുക്കളയിൽ ശാന്തയുടെ കൂടെ എന്തോ ധൃതി വച്ചുള്ള  ജോലിയിൽ ആയതിനാൽ ലോറി വന്ന ശബ്‌ദം കേട്ടില്ല. എന്നാൽ ലോറി വന്നു നിന്നപ്പോഴേ ജെസ്സി സിറൗട്ടിലേക്കു ഇറങ്ങി ചെന്നിരുന്നു.

ലോറിയിൽ നിന്നുമിറങ്ങി ടോമിച്ചൻ ലൈറ്റിന്റെ വെളിച്ചത്തിലേക്കു വന്നപ്പോഴാണ് ജെസ്സി അത് ശ്രെദ്ധിച്ചത്.

ഷർട്ട്‌ കീറി ഇരിക്കുന്നു, നെറ്റിയും, തടിയുടെ ഭാഗത്തും ചോര പൊടിഞ്ഞിരിക്കുന്നു.!!

“ഇതെന്തു പറ്റിയതാ, ആരെങ്കിലുമായി വഴക്കുണ്ടാക്കിയോ?”

ടോമിച്ചനെ നോക്കി ജെസ്സി ആശങ്കയോടെ ചോദിച്ചു.

“നീ ഒച്ചവച്ചു ലോകം മൊത്തം അറിയിക്കേണ്ട. ഞാനെങ്ങോട്ടും വഴക്കിന് പോയില്ല, നിന്റെ ഫാക്ടറിയിലെ ആ സ്റ്റിഫൻ മാത്യു, അവൻ മൂന്നുനാല് ആളുകളുമായി വന്നു വഴക്കുണ്ടാക്കിയതാ, ഞാൻ തിരിച്ചൊന്നും ചെയ്തില്ല “

ടോമിച്ചൻ അവിടെ കിടന്ന കസേരവലിച്ചിട്ടിരുന്നു.

“അവനെന്തിനാ നിങ്ങളെ തല്ലിയത്,”

ജെസ്സി ചോദ്യഭാവത്തിൽ ടോമിച്ചനെ നോക്കി.

“ഇന്നലെ നിന്നെ പുച്ഛഭാവത്തിൽ നോക്കിയപ്പോൾ ഞാനവനോട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലന്ന്, അവൻ ഷണ്മുഖത്തിന്റെ ആളാണെന്ന് നമ്മളറിഞ്ഞതിലുള്ള കലിപ്പ് “

ടോമിച്ചൻ പറഞ്ഞുകൊണ്ട് ഒരു ബീഡി എടുത്തു കത്തിച്ചു.

“ങ്ങാ പോട്ടെ, കുറച്ചൊക്കെ കണ്ടില്ല കേട്ടില്ല എന്നൊക്കെ വച്ചാലേ മുൻപോട്ടു ജീവിക്കാൻ പറ്റത്തൊള്ളൂ. കൂടെ സ്നേഹിച്ചു നിന്നവരാണ് ഓരോരുത്തരായി യാത്രപറഞ്ഞു ഭൂമിയിൽ നിന്നു തന്നെ  പോകുന്നത്, അതൊക്കെ ഓർക്കുമ്പോൾ എന്തോ മനസ്സിലൊരു വല്ലായ്മ “

പറഞ്ഞിട്ട് ടോമിച്ചൻ ബീഡി വലിച്ചു പുക പുറത്തേക്കു ഊതി.

“നിങ്ങളെ അവൻ തല്ലിയെങ്കിൽ എനിക്കവനോട് ചോദിക്കണം, ഇപ്പൊ തന്നെ, എന്റെ ഫാക്ടറിയിലെ ജോലിക്കാരൻ നിങ്ങളെ തല്ലി എന്ന് പറഞ്ഞാൽ അതിനർത്ഥം എന്നെ തല്ലി എന്ന് തന്നെയാ, അവനിനി അവിടെ വേണ്ട, അവന്റെ ഭാര്യയുടെയും അപ്പന്റെയും അമ്മയുടെയും മുൻപിൽ ചെന്നു രണ്ടെണ്ണം പറഞ്ഞിട്ടേ ജെസ്സി ഇന്ന് കിടന്നൊറങ്ങത്തൊള്ളൂ “

ജെസ്സി വേഗം വീടിനുള്ളിലേക്ക് കയറിപ്പോയി.

ഡ്രസ്സ്‌ മാറി പെട്ടന്ന് തിരിച്ചു വന്നു.

“നീ ഈ രാത്രിയിൽ എവിടെ പോകുന്നു, അവനും അവന്റെകൂടെ നാലഞ്ചു ആളുകൾ വേറെയും ഉണ്ട്, വെറുതെ അവിടെപ്പോയി പ്രശ്‍നം ഉണ്ടാക്കേണ്ട. കഴിഞ്ഞത് കഴിഞ്ഞു.വിട്ടേക്ക് “

ടോമിച്ചൻ ജെസ്സിയെ നോക്കി പറഞ്ഞു.

“അങ്ങനെ വിടാൻ ഉദ്ദേശമില്ല, ഞാനൊറ്റക്ക് പൊക്കോളാം, രണ്ടെണ്ണം പറഞ്ഞില്ലെങ്കിൽ നമ്മൾ വെറും ഉണ്ണാക്കൻമാരായി പോകും “

ജെസ്സി കാറിൽ കയറി, സ്റ്റാർട്ട് ചെയ്തു.

കാർ മുൻപോട്ടു എടുക്കുന്നതിനു മുൻപ് തന്നെ ടോമിച്ചൻ വേഗത്തിൽ ഡോർ തുറന്നു അകത്ത് കയറി. കാർ ഗേറ്റു കടന്നു പാഞ്ഞു പോയി.

ശോശാമ്മ വന്നു നോക്കുമ്പോൾ കാർ ഗേറ്റ് കടന്നുപോകുന്നതാണ് കണ്ടത്.

ഒന്നും മനസിലാകാതെ ഇരുട്ടിലേക്കു നോക്കി അവർ നിന്നു.

സ്റ്റിഫൻ മാത്യുവിന്റെ വീടിന് മുൻപിൽ കാർ നിർത്തി ഇറങ്ങി ജെസ്സി പ്രധാന വാതിലിന്റെ മുൻപിലുള്ള കോളിങ് ബെല്ലിൽ വിരലമർത്തി.

കുറച്ച് കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു.സ്റ്റിഫന്റെ ഭാര്യ ഗ്ലോറി.

ജെസ്സിയെ കണ്ടു അമ്പരന്നു.

“ജെസ്സിമേഡം എന്താ ഈ സമയത്തു ഇവിടെ, കയറി വാ “

ഗ്ലോറി അവരെ അകത്തേക്ക് ക്ഷണിച്ചു.

“കയറിയിരിക്കാൻ സമയമില്ല, സ്റ്റിഫനോട്  ഒരു കാര്യം പറഞ്ഞിട്ട് പോകാനാ. സ്റ്റിഫനെ വിളിക്ക് “

ജെസ്സി ഗൗരവം വിടാതെ പറഞ്ഞു. ഒരു കുട്ടി വാതിൽക്കൽ വന്നെത്തിനോക്കിയിട്ടു ഓടിപ്പോയി.

സ്റ്റിഫൻ മാത്യു വാതിൽക്കലെത്തി. ജെസ്സിയെ  കണ്ടപ്പോൾ തന്നെ സ്റ്റിഫന് കാര്യം മനസ്സിലായി.

“എന്താ ഇവിടെ, ഓഫീസ് കാര്യങ്ങൾ അവിടെ വച്ചു പോരെ “

സ്റ്റിഫൻ ഗൗരവത്തോടെ ജെസ്സിയെ നോക്കി.

“സ്റ്റിഫൻ പുറത്തേക്കിറങ്ങി വന്നാൽ ഉപകാരമായിരുന്നു “

പറഞ്ഞിട്ട് ജെസ്സി മുറ്റത്തേക്കിറങ്ങി നിന്നു.സ്റ്റിഫൻ ഇറങ്ങിച്ചെന്നു.

“നിങ്ങൾ ഇന്ന് എന്റെ കൂടെ വന്ന ടോമിച്ചനെ തല്ലി എന്ന് കേട്ടു, എന്തിനായിരുന്നു അത്, മാത്രമല്ല എന്നെ മുതലാളിയായി കാണാൻ താത്പര്യമില്ലെന്നും കമ്പനി എങ്ങനെ പ്രവർത്തിക്കണം എന്ന് നിങ്ങൾ തീരുമാനിക്കുമെന്നൊക്കെ പറഞ്ഞു എന്ന് കേട്ടു. എന്റെ തന്ത കഷ്ടപ്പെട്ടുണ്ടാക്കിയ ഫാക്ട്ടറി എങ്ങനെ പ്രവർത്തിക്കണം എന്ന് ഞാൻ തീരുമാനിച്ചൊളാം. അതിന് അവിടുത്തെ ജോലിക്കാരുടെ ഉപദേശം ആവശ്യമില്ല. പിന്നെ ടോമിച്ചൻ എന്റെ ആളാ, അയാളെ തല്ലിയതിന് എക്സ്പ്ലനേഷൻ തന്നിട്ട് നിങ്ങളും കൂടെയുള്ളവരും ജോലിക്ക് കയറിയ മതി. ഇന്ന അതിനുള്ള ലെറ്റർ ‘”

ജെസ്സി ഒരു കവറെടുത്തു നീട്ടി.

പെട്ടന്നാണ് സ്റ്റിഫൻ  ജെസ്സിയുടെ നീട്ടിയ കയ്യിൽ കയറി പിടിച്ചത്.

“മുതലാളിച്ചി കളി അങ്ങ് കമ്പനിയില്, എന്റെ വീട്ടിൽ വേണ്ട, എന്റെ കൂറ് ഷണ്മുഖത്തോട് തന്നെയാ. നിന്റെയൊക്കെ സമയം അവര് കുറിച്ച് കഴിഞ്ഞു. അടങ്ങിയൊതുങ്ങി കഴിഞ്ഞ ചിലപ്പോൾ ആയുസ്സ് നീട്ടി കിട്ടിയേക്കും. ഇല്ലെങ്കിൽ ആറടി മണ്ണിൽ ആയുസൊടുങ്ങും പെട്ടന്ന് തന്നെ. പിന്നെ നിന്റെ രക്ഷകൻ, അവന്റെ ശവപ്പെട്ടി വരെ ഷണ്മുഖം മേടിച്ചു വച്ചു കഴിഞ്ഞു. ഒരിക്കൽ രക്ഷപെട്ടന്ന് കരുതി ഇനി രക്ഷപെടില്ല. അവൻ നേർച്ചകോഴിയ, ഉടനെ വെട്ടും “

പറഞ്ഞിട്ട് ജെസ്സിയുടെ കയ്യിൽ പിടി മുറുക്കി.

“വിടടാ പട്ടി എന്റെ കയ്യിൽ നിന്ന്, അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിവില്ലാത്ത നാറി “

ജെസ്സി സ്റ്റിഫന് നേരെ കയർത്തു.

“നിലത്തു നിൽക്കടി പുല്ലേ, നീ വെറും പെണ്ണാ, ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നെ ചട്ടിയില. നിന്നെ കണ്ടപ്പോൾ മുതലുള്ള ഒരാഗ്രഹമാ, നീ എന്നെ അന്വേഷിച്ചു ഇങ്ങോട്ട് വന്ന സ്ഥിതിക്കു ഒന്നാഘോഷിച്ചിട്ടു പോയാൽ മതി “

പറഞ്ഞിട്ട് ജെസ്സിയെ വട്ടത്തിൽ കേറി പിടിച്ചു പൊക്കാൻ തുടങ്ങിയതും സ്റ്റിഫന്റെ ചുമലിൽ പുറകിൽ നിന്നും ഒരു കൈവന്നു വീണതും ഒരുമിച്ചായിരുന്നു.ജെസ്സിയുടെ മേലുള്ള പിടുത്തം വിട്ട് ഞെട്ടിതിരിഞ്ഞ സ്റ്റിഫൻ കണ്ടു. മുൻപിൽ ടോമിച്ചൻ നിൽക്കുന്നു!

“നീ എന്നെ ഒന്ന് തല്ലി, ഞാനതങ്ങു ക്ഷമിച്ചു. പക്ഷെ ഇവളുടെ ദേഹത്ത് നീ കൈ വച്ചതു ക്ഷെമിക്കാൻ പറ്റത്തില്ലടാ കഴുവേറി. ജോലി ചെയ്യുന്ന സ്ഥാപനത്തോടും അതിന്റെ ഉടമസ്ഥരോടും നന്ദി കേടു കാണിക്കുമ്പോൾ അതിനൊക്കെ ഒരു പരിധി ഇല്ലേടാ നായിന്റെ മോനെ. ഈ ലോകത്തെ ഏറ്റവും വലിയ ശാപമാ നിന്നെപോലുള്ള ഇത്തിൾ കണ്ണികളും കുറച്ച് യൂണിയനുകളും.പിന്നെ നിനക്കിവളെ ആഘോഷിക്കാൻ വേണം, അത് നിന്റെ കെട്യോളും കുട്ടിയുമുള്ള ഈ വീടിന്റെ മുൻപിൽ വച്ചു തന്നെ അല്ലേ “

ടോമിച്ചൻ പറഞ്ഞു തീർന്നതും സ്റ്റിഫൻ അലറിക്കൊണ്ട് കൈ വീശി അടിച്ചു. ടോമിച്ചൻ ആ കയ്യിൽ പിടിച്ചു തിരിച്ചു മുട്ടുകാൽ വച്ചു സ്റ്റിഫന്റെ നെഞ്ചടച്ചു ആഞ്ഞോരിടി ഇടിച്ചു. അലച്ചയോടെ മുൻപോട്ടു കുനിഞ്ഞ സ്റ്റിഫന്റെ അരയിൽ കൈച്ചുറ്റി പൊക്കി വീടിന് നേർക്കു ഒരേറു കൊടുത്തു. ഗ്ലാസിട്ട ജനൽപ്പാളി തകർത്തു കൊണ്ട് സ്റ്റിഫൻ നിലത്തു വീണു. ചാടി എഴുനേറ്റു ടോമിച്ചന് നേരെ കുതിച്ചു ചാടിയ സ്റ്റിഫന്റെ നാഭിക്കു ശക്തമായ ഒരു തൊഴിയേറ്റ് വന്നതിനേക്കാളും വേഗത്തിൽ  പുറകോട്ടു തെറിച്ചു. ഒച്ചകേട്ടു പുറത്തേക്കു വന്ന ഗ്ലോറി നിലത്തുനിന്നും കൈകുത്തി എഴുനേൽക്കാൻ ശ്രെമിക്കുന്ന സ്റ്റിഫനെ ആണ് കണ്ടത്.

“അയ്യോ ഇച്ചായ എന്ത് പറ്റി, ഇവരെന്തിനാ അച്ചായനെ ഉപദ്രവിക്കുന്നത് “

ഗ്ലോറി അലറികരഞ്ഞു.

“പെങ്ങളെ ഞാൻ പറയാം, വെറുതെ വഴിയിൽകൂടി പോയ എന്നെ ഇവൻ ആളെയും കൂട്ടി വന്നു തല്ലി, അത് ഞാൻ ക്ഷെമിച്ചു. പക്ഷെ ഇവൻ ജോലി ചെയ്യുന്ന കമ്പനിയുടെ ഈ നിൽക്കുന്ന ഉടമസ്തയെ ഇവന്റെ കൂടെ കിടക്കാൻ വേണമെന്ന്. ആ ഇവനെ എന്താ ചെയ്യേണ്ടത്, പെങ്ങള് പറ “

ടോമിച്ചൻ ഗ്ലോറിയെ നോക്കി. അവൾ ഒരു നിമിഷം പകച്ചു,പിന്നെ  കത്തുന്ന കണ്ണുകളോടെ സ്റ്റിഫനെ നോക്കിയിട്ട് അകത്തേക്ക് കയറി പോയി.

താഴെ കിടന്ന സ്റ്റിഫനെ വലിച്ചു പൊക്കി ഭിത്തിയോട് ചേർത്തു നിർത്തി ടോമിച്ചൻ.

“നാളെ മുതൽ നിന്നെ ആ ഫാക്ടറിയുടെ പരിസരത്ത് കണ്ടുപോകരുത്. യൂണിയൻകാരെയും കൂട്ടി തെണ്ടി തരത്തിനു നീ ഇറങ്ങിയാൽ സ്പിരിറ്റിൽ മുക്കി കത്തിക്കും നിന്നെ ഞാൻ. അതുകൊണ്ട് ഇനിമുതൽ  നിന്റെ സേവനം അവിടെ ആർക്കും വേണ്ട.”

പറഞ്ഞതും മുട്ടുകാൽ വച്ചു സ്റ്റിഫന്റെ ജനനേദ്രിയം തകരുന്ന തരത്തിൽ ഒരിടികൂടി കൊടുത്തു. ഒരലർച്ചയോടു കൂടി സ്റ്റിഫൻ നിലത്തേക്ക് കുത്തിയിരുന്നു.

“എവിടെയാട നിന്റെ കൂടെ വന്ന ആ നാലുപേര്.എന്തായാലും വന്നു, എന്റെ ദേഹത്ത് കൈവച്ച അവന്മാരെയും കൂടി കണ്ടിട്ടേ പോകുന്നുള്ളൂ.പറയെടാ പട്ടി “

ടോമിച്ചൻ ഇടിക്കാൻ കൈ പൊക്കിയതും സ്റ്റിഫൻ കൈകൂപ്പി ഇനിയൊന്നും ചെയ്യരുത്, പറയാം എന്ന് പറഞ്ഞു.

“മെയിൻ റോഡിലേക്കു കയറുന്നതിന്റെ ഇടതു ഭാഗത്തു ഒറ്റതിരിഞ്ഞൊരു വീടിരിപ്പുണ്ട്. അവിടെയാ അവർ താമസിക്കുന്നത് “

സ്റ്റിഫൻ വിക്കി വിക്കി പറഞ്ഞു.

“ശരി, രാത്രി യാത്രയില്ല, പോട്ടെടാ, പറഞ്ഞതൊന്നും മറക്കണ്ട, മറന്നാൽ നീ കത്തും. പത്തൊൻപത്‌ തരം.”

മുന്നറിയിപ്പെന്നോണം പറഞ്ഞിട്ട് ടോമിച്ചൻ കാറിനടുത്തേക്ക് ചെന്നു. ജെസ്സി കാറിൽ കയറി സ്റ്റാർട്ട് ചെയ്തു.മെയിൻ റോഡിലേക്ക് കയറുന്നതിന്റെ ഭാഗത്തു വന്നപ്പോൾ ജെസ്സിയോട് ടോമിച്ചൻ വണ്ടി നിർത്താനാവശ്യപ്പെട്ടു.

“ഇന്നിനി വേണോ, അവന്മാർ എങ്ങനെ ഉള്ളവന്മാരാണെന്നു അറിയാമോ, അത് പിന്നെ ആകട്ടെ, ഇപ്പൊ പോകാം “

ജെസ്സി ടോമിച്ചനെ നോക്കി.

“വെറുതെ മര്യാദക്ക് ഇരുന്നവനാ ഞാൻ,നീ അല്ലേ ഇപ്പൊ തന്നെ ചോദിക്കണമെന്നും പറഞ്ഞു ഇറങ്ങി പുറപ്പെട്ടത്. അതുകൊണ്ട് തീർക്കാനുള്ളത് തീർത്തിട്ട് പോകുന്നതാണ് നല്ലത്, അല്ലെങ്കിൽ എനിക്കുറക്കം വരുകേല “

ഡോർ തുറന്നിറങ്ങിയ ടോമിച്ചൻ പരിസരം വീക്ഷിച്ചു. ചുറ്റും വിജനമാണ്. ഒറ്റതിരിഞ്ഞു ഓടിട്ട ഒരു വീട് മാത്രം.

“കാറ് മെയിൻ റോഡിലേക്ക് കയറ്റി പാർക്കും ചെയ്യ്, എന്നിട്ട് അതിലിരുന്നോണം, പുറത്തിറങ്ങരുത്.”

ജെസ്സിയോട് പറഞ്ഞിട്ട് ടോമിച്ചൻ വീടിന് നേരെ നടന്നു. വീടിന് മുൻപിൽ ഒരു സിക്സ്റ്റി വാട്സ് ബൾബ് മങ്ങി കത്തികൊണ്ടിരിപ്പുണ്ട്.

അടഞ്ഞു കിടക്കുന്ന വാതിലിനു മുൻപിലെത്തി വാതിൽ മുട്ടി. രണ്ടുമൂന്ന് പ്രാവിശ്യം മുട്ടിയ ശേഷം തയ്യാറായി നിന്നു.

കുറച്ച് നിമിഷത്തിനുള്ളിൽ വാതിൽ തുറന്നു ഒരാൾ പുറത്തെക്കു വന്നു. ഉറക്കച്ചടവോടെ വാ പൊളിച്ചു വന്നു നിന്ന അയാൾക്ക്‌ പെട്ടന്ന് ടോമിച്ചനെ തീർച്ചറിയാൻ കഴിഞ്ഞില്ല. തിരിച്ചറിഞ്ഞതും  അകത്തേക്ക് ഓടാൻ തുടങ്ങിയ അയാൾ ടോമിച്ചന്റെ ശക്തമായ ചവിട്ടേറ്റു മുറിക്കുള്ളിലേക്ക് തെറിച്ചു, കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന മറ്റ് മൂന്നുപേരുടെ മുകളിലേക്കു ചെന്നു വീണു. ഓർക്കപ്പുറത്തു ദേഹത്ത് വന്നു എന്തോ വീണ്‌ വേദനിച്ച അവർ  നിലവിളിച്ചുകൊണ്ട് ചാടി എഴുനേറ്റു. അഴിഞ്ഞുപോയ മുണ്ടുകൾ തപ്പികൊണ്ടിരുന്ന അവരുടെ മുഖമടച്ചു കമ്പിവടിക്കുള്ള അടി വീണു. പുറത്തേക്കു ഓടാൻ തുടങ്ങിയ ഒരുവനെ ടോമിച്ചൻ ചുറ്റിപ്പിടിച്ചു മുകളിലേക്കു പൊക്കി. കറങ്ങിക്കൊണ്ടിരുന്ന ഫാനിലിടിച്ചു അയാളുടെ തലയിലെ കുറച്ച് തൊലി മുടിയോടൊപ്പം ഇളകി പോയി. ടോമിച്ചൻ കൈവിട്ടതും ഒരലർച്ചയോടെ വെട്ടിയിട്ട വാഴകണക്കെ നിലത്തു വന്നു വീണു ഞരങ്ങി.

പുറകിൽ നിന്നുമൊരുവൻ ടോമിച്ചനെ പിടിച്ചു. പുറകിലേക്ക് തള്ളിക്കൊണ്ടുപോയി ഭീത്തിയിലേക്ക്  ചേർത്തു തല വച്ചു അവന്റെ മൂക്കിന് ഒരിടി കൊടുത്തു. അവന്റെ തല മരവിച്ചു പോയി.വലിച്ചു തിരിച്ചു മുൻപോട്ടു നിർത്തി. അവന്റെ മൂക്കിൽ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു.

“നീ വെറുതെ ഇരുന്ന എന്നെ ചവിട്ടി താഴെയിടും അല്ലേടാ, ടോമിച്ചൻ പേടിച്ചോടിയതല്ല.ഒരടി മേടിച്ചാലും പ്രശ്നങ്ങൾ ഒഴിവായി പോകട്ടെ എന്ന് വച്ചാ. പക്ഷെ കിട്ടിയത് പലിശയും സഹിതം തിരിച്ചു കൊടുത്തില്ലെങ്കിൽ മനസ്സിനൊരു സുഖം കിട്ടത്തില്ല. കേട്ടോടാ ..”

പറഞ്ഞതും അവന്റെ  നാഭിനോക്കി  ടോമിച്ചൻ മുട്ടുകാലിനിടിച്ചതും താഴേക്കു കുനിഞ്ഞ അവനെ താഴേക്കു ചവിട്ടി ഇരുത്തി കാലിൽ പിടിച്ചു പൊക്കി പുറകിലേക്ക് ഒരൊടി.

വേദനകൊണ്ട് അവൻ അലറി കരഞ്ഞു. പാഞ്ഞു വന്ന മറ്റൊരുത്തന്റെ നേർക്കു അവനെ പൊക്കിയെടുത്തു എറിഞ്ഞു.പാഞ്ഞുവന്നവന്റെ ദേഹത്തിടിച്ചു അവർ രണ്ടുപേരും ഭിത്തിയുടെ ഇടയിലേക്ക് മറിഞ്ഞു. ടോമിച്ചൻ അടുത്ത് കണ്ട കസേരയിലേക്കിരുന്നു. താഴെ വീണു കിടന്നു ഞരങ്ങുകയും മൂളുകയും ചെയ്തുകൊണ്ടിരിക്കുന്ന അവരെ നോക്കി ഒന്ന് ചിരിച്ചു.

“നീയൊക്കെ ചെകുത്താനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ എന്റെ മുഖത്തോട്ടു സൂക്ഷിച്ചു  നോക്കിയാൽ മതി.അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരു ചെകുത്താൻ. ഇതിന്റെ പേരിൽ നാളെ കൊടിയും പൊക്കി ഫാക്ടറിയുടെ മുൻപിൽ എങ്ങാനും കണ്ടാൽ കൊന്നു കളയും എല്ലാത്തിനെയും. നിന്നെയൊക്കെ തീറ്റിപോറ്റുന്നവനും കൊടുത്തിട്ടുണ്ട് ശരിക്കും. തിണ്ണമിടുക്ക് കാണിച്ചാൽ മണ്ണിനടിയിൽ പോകുന്നത് അറിയില്ല ഈ കൂടെയുള്ള എല്ലാവനും. ഇത് നിനക്കൊക്കെയുള്ള ഒടുക്കത്തെ താക്കീതാ. ഓർമയിൽ വച്ചോ.”

ടോമിച്ചൻ പോക്കറ്റിൽ നിന്നും ബീഡിയും തീപ്പെട്ടിയുമെടുത്തു ഒരു ബീഡി കത്തിച്ചു വലിച്ചു കൊണ്ട് എഴുനേറ്റു പുറത്തേക്കു നടന്നു.

കാറിൽ വന്നു കയറുമ്പോൾ ജെസ്സി കാർ സ്റ്റാർട്ടാക്കി നിർത്തിയിരിക്കുകയായിരുന്നു.

“എല്ലാവനെയും ഇടിച്ചൊടിച്ചോ, ഇതിനെല്ലാം എന്നൊരാവസാനം കാണും. എന്ന് എല്ലാം അവസാനിപ്പിച്ചു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റും”

ജെസ്സി ടോമിച്ചനെ നോക്കി.

“എന്ത് വന്നാലും ഞാൻ നോക്കിക്കൊള്ളാം,  അതൊന്നും ഓർത്തു വിഷമിക്കണ്ട. നീ സന്തോഷത്തോടെയും സമാധാനത്തോടെയും പോയി ജീവിക്കാൻ നോക്ക് “

ടോമിച്ചൻ പറഞ്ഞിട്ട് പുറത്തേക്കു നോക്കിയിരുന്നു.

“ഞാൻ മാത്രം സന്തോഷത്തോടെ ജീവിച്ചാൽ മതിയോ, നിങ്ങക്ക് വേണ്ടേ നല്ലൊരു ജീവിതം, സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം “

ജെസ്സി ടോമിച്ചനെ നോക്കികൊണ്ട്‌ കാർ മുൻപോട്ടെടുത്തു.

ബംഗ്ലാവിന്റെ മുൻപിൽ കാർ  നിർത്തി ഇറങ്ങി.

“നിങ്ങള് ഈ രാത്രിയിൽ എവിടെ പോയതാ,”

ശോശാമ്മ ചോദിച്ചു കൊണ്ട് ഇറങ്ങി വന്നു.

“കമ്പനിയിൽ നിന്നും ഒരു സാധനം എടുക്കാൻ മറന്നുപോയി അമ്മച്ചി, എടുക്കാൻ പോയതാ “

ജെസ്സി പറഞ്ഞു കൊണ്ട് ശോശാമ്മയുടെ കൂടെ അകത്തേക്ക് പോയി.

അത്താഴം കഴിഞ്ഞു പൂമുഖത്തു വന്നിരിക്കുമ്പോഴാണ് ജെസ്സി വന്നു സ്റ്റാലിൻ അന്വേഷിച്ചതായി ടോമിച്ചനെ അറിയിച്ചത്. ജെസ്സിയും ടോമിച്ചനും സ്റ്റാലിന്റെ മുറിയിലേക്ക് ചെന്നു. കിടക്കുകയായിരുന്ന സ്റ്റാലിനെ ടോമിച്ചൻ പിടിച്ചെഴുനേൽപ്പിച്ചു ചാരിയിരുത്തി.

“ജെസ്സി നീ താഴേക്കു പൊക്കോ, ടോമിച്ചനോട് എനിക്കൊരു കാര്യം സംസാരിക്കാനുണ്ട് “

സ്റ്റാലിൻ ജെസ്സിയെ നോക്കി പറഞ്ഞു.

“അതെന്താ ഞാൻ കേൾക്കാൻ പറ്റാത്ത വല്ല കാര്യവും ആണോ “

ജെസ്സി സംശയത്തോടെ സ്റ്റാലിനെ നോക്കി.

“ആണുങ്ങൾ സംസാരിക്കുന്നിടത്തു പെണ്ണുങ്ങളുടെ ആവശ്യമില്ല, നീ പോ “

സ്റ്റാലിൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആയിക്കോട്ടെ…ഞാൻ നിന്നിട്ടു രഹസ്യം പറയാതിരിക്കണ്ട “

ജെസ്സി പിണക്കം നടിച്ചു പുറത്തേക്കു പോയി.

“ആ വാതിലൊന്നടച്ചേക്കാമോ “

സ്റ്റാലിൻ ചോദിക്കുന്നത് കേട്ടു ടോമിച്ചൻ എഴുനേറ്റു പോയി വാതിൽ ചേർത്തടച്ചു.

                                  (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!