കൊലക്കൊമ്പൻ – 21

3401 Views

kolakomban

വാതിൽ ചേർത്തടച്ച ശേഷം ടോമിച്ചൻ സ്റ്റാലിന്റെ അടുത്തേക്ക് ചെന്നു.

കട്ടിലിന്റെ ഒരു ഭാഗത്തിരുന്നു ചോദ്യഭാവത്തിൽ സ്റ്റാലിനെ നോക്കി.

“എന്താ സ്റ്റാലിനു പറയാനുള്ളത്, പറഞ്ഞോ “

ടോമിച്ചൻ പറഞ്ഞപ്പോൾ സ്റ്റാലിന്റെ മുഖത്തെ ചിരി മാഞ്ഞു ഗൗരവം നിറയുന്നത് ശ്രെദ്ധിച്ചു.

“ടോമിച്ചാ, എല്ലാം നഷ്ടപ്പെട്ടു വഴിയാധാരമായി പോകേണ്ട ഞങ്ങൾക്ക് അത് തിരിച്ചുപിടിച്ചു തന്നെയാളാണ് നിങ്ങൾ. മാനവും ജീവനും നഷ്ടപ്പെടാതെ എന്റെ പെങ്ങളെ കാത്തു സൂക്ഷിച്ചവനാണ് നിങ്ങൾ. ആ വിശ്വാസം ജെസ്സിക്ക് നിങ്ങളിലുണ്ട്.എന്റെ തന്നെ ജീവൻ തിരിച്ചു കിട്ടിയത് ടോമിച്ചന്റെ  സഹായം ഒന്നുകൊണ്ടു മാത്രമാണ്. അപ്പോൾ ഈ കാര്യം നിങ്ങളോട് വേണം ആദ്യം പറയാൻ എന്നെനിക്കു തോന്നി.”

ടോമിച്ചന്റെ മുഖത്തേക്കൊന്നു നോക്കിയിട്ട് സ്റ്റാലിൻ തുടർന്നു.

“അന്ന് പപ്പയും മമ്മിയും ഞാനും കൂടി വേളാങ്കണ്ണിക്ക് പോയ ദിവസം, ഇവിടുന്ന് തന്നെ ഞങ്ങളെ ആരോ പിന്തുടരുന്നപോലെ തോന്നിയിരുന്നു. അത് കാര്യമാക്കാതെ ഞങ്ങൾ യാത്ര തുടർന്നു. ഷണ്മുഖത്തിന്റെ ആളുകൾ ഞങ്ങൾക്ക് വേണ്ടി മരണക്കെണി ഒരുക്കിയിരുന്നു എന്നറിയാൻ താമസിച്ചു പോയി. ഒരു വളവിൽ ഞങ്ങളുടെ കാർ വരുന്നതും കാത്തു കിടന്നിരുന്ന ഒരു നാഷണൽ പെർമിറ്റു ലോറി കാറിന് നേരെ പാഞ്ഞു വന്നത് മാത്രമേ ഓർമ്മയുള്ളു. പിന്നെ കണ്ണുതുറക്കുമ്പോൾ ഒരാശ്രമത്തിൽ ആയിരുന്നു. അവർ പറയുമ്പോഴാണ് കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരായ പപ്പയും മമ്മിയും തല്ക്ഷണം കൊല്ലപ്പെട്ട തായി അറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ എന്നെ ആ സന്യാസിമാർക്ക്  കിട്ടിയപ്പോൾ ബോധം ഉണ്ടായിരുന്നില്ല. പിന്നെ മാസങ്ങളോളം പ്രകൃതി ചികിത്സയിൽ ആയിരുന്നു.  അവരുടെ ഇടയിൽ ഭേദമായപ്പോൾ ഞാൻ അവരോടു യാത്രപറഞ്ഞു കുമളിക്ക് യാത്രയായി. എന്നാൽ എങ്ങനെയോ മണത്തറിഞ്ഞു ആശ്രമത്തിൽ എത്തിയ ഷൺമുഖത്തിന്റെ അനുയായികൾ അവരെ ഭീക്ഷണിപ്പെടുത്തി ഞാൻ കുമളിക്ക് വന്ന കാര്യമറിഞ്ഞു.ഷണ്മുഖവും ശിവയും ചേർന്നു എന്നെ പിന്തുടർന്നു. കുമളി അടുക്കാറായപ്പോൾ എന്നെ അവർ പിടികൂടി. അപ്പോൾ മറ്റൊരു സംഘം നിങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. ശിവക്ക് അറിയിപ്പ് കിട്ടിയതനുസരിച്ചു എന്നെയും കൊണ്ട് അവർ നിങ്ങൾ വരുന്ന വഴിയിൽ കാത്തുനിന്നു. എന്നെയും നിങ്ങളെ ഒരേ സ്ഥലത്തുവച്ചു കൊന്നു കൊക്കയിൽ തള്ളാനായിരുന്നു അവരുടെ പദ്ധതി. പക്ഷെ ദൈവഹിതം ആയിരിക്കാം നമ്മൾ രണ്ടു പേരും രക്ഷപെട്ടത്”

പറഞ്ഞു കൊണ്ട് സ്റ്റാലിൻ ഒന്നുയർന്നിരുന്നു.

“ഈ കാലയളവിൽ എന്റെ പെങ്ങൾക്ക് ഒരു പോറൽ പോലും ഏൽക്കാതെ കാത്തു സൂക്ഷിച്ചത് നിങ്ങളാണ്. അവളുടെ നന്മ മാത്രമാണ് നിങ്ങൾ ആഗ്രഹിച്ചതും എന്നെനിക്കറിയാം “

സസൂക്ഷ്മം തന്നെ ശ്രെവിച്ചു കൊണ്ടിരിക്കുന്ന ടോമിച്ചനെ നോക്കി.

“അതുകൊണ്ട് പറയാൻ വന്നത് മറ്റൊരു കാര്യമാണ്, ഞാൻ പറഞ്ഞാൽ അവൾ കേൾക്കതില്ല. അതുകൊണ്ട് ടോമിച്ചൻ തന്നെ അവളോട്‌ ഈ കാര്യം പറയണം, സമ്മതിപ്പിക്കണം “

മനസ്സിലാകാത്ത ഭാവത്തിൽ ടോമിച്ചൻ സ്റ്റാലിനെ നോക്കി.

“എന്ത് കാര്യം? എന്തായാലും തെളിച്ചു പറ” ടോമിച്ചന്റെ ചോദ്യം കേട്ടു സ്റ്റാലിൻ തുടർന്നു.

“പറയാൻ ഉദേശിച്ചത്  ജെസ്സിയുടെ കല്യാണക്കാര്യം ആണ്, അവൾക്കൊരു ആലോചന വന്നിട്ടുണ്ട്. ചെറുക്കൻ ജൂബിൽ  ജർമനിയിൽ ആണ്. നല്ല സാമ്പത്തികമുള്ളവരാണ് . അമ്മയും ചെറുക്കനും ഒരു അനിയനും അടങ്ങിയതാണ് അവരുടെ കുടുംബം.കാഞ്ഞിരപ്പള്ളിയിലെ ഒരു പേരുകേട്ട കുടുംബം. ചെറുക്കൻ നാട്ടിലുണ്ട്, നാളെ പെണ്ണുകാണാൻ വരുന്നുണ്ടെന്നു അറിയിച്ചിട്ടുണ്ട്. ടോമിച്ചൻ അവളെ ഒന്ന് പറഞ്ഞു സമ്മതിപ്പിക്കണം. ഞാൻ പറഞ്ഞാൽ ഇപ്പോൾ കല്യാണം വേണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞുമാറും.അവള് നഴ്സിംഗ് പാസ്സായത് കൊണ്ട് ചെറുക്കന്റെ കൂടെ ജർമ്മനിക്ക് പോകുകയും ചെയ്യാം, ജോലിയും ആകുമവിടെ “

ടോമിച്ചൻ ഒരു നിമിഷം മിണ്ടാതിരുന്നു.

“ടോമിച്ചൻ എന്താ ഒന്നും മിണ്ടാത്തത്, മാത്രമല്ല ചെറുക്കന്റെ വീട്ടുകാർ ചോദിച്ചപ്പോൾ ഞാനും ജെസ്സിയും മാത്രമാണ് വീട്ടിലുള്ളത് എന്ന് പറഞ്ഞിരുന്നു “

അതുകേട്ടു ടോമിച്ചൻ തലതിരിച്ചു സ്റ്റാലിനെ നോക്കി.ഒന്ന് ചിരിച്ചു.

“ഞാനവളോട് പറയാം, അവളെവിടെയെങ്കിലും പോയി രക്ഷപെട്ടു പോകുന്നതിൽ സന്തോഷമേ ഉള്ളു. പിന്നെ അവസാനം പറഞ്ഞത്, ഇവിടെനിന്നും ഇറങ്ങി പോടാ എന്ന് പറയുന്നതിന് പകരം വളച്ചു കെട്ടി ഇഷ്ടക്കേട് തോന്നാത്ത രീതിയിൽ അവതരിപ്പിച്ചത് നന്നായി. മാത്രമല്ല ഞങ്ങളിവിടെ സ്ഥിരതാമസത്തിനു വന്നവരല്ല.ഇങ്ങനെ ഒരു തോന്നാൽ ഉണ്ടായ സ്ഥിതിക്കു ഇന്ന് തന്നെ ഇവിടെ നിന്നും  ഇറങ്ങിയേക്കാം.”

ടോമിച്ചൻ എഴുനേറ്റു

“ടോമിച്ചാ.. ഞാൻ പറഞ്ഞത്…..”

സ്റ്റാലിൻ പറഞ്ഞു വന്നത് മുഴുവിപ്പിക്കാനാകാതെ വാക്കുകൾ തപ്പി തടഞ്ഞു.

“ഞാൻ സ്റ്റാലിൻ പറഞ്ഞതിനെ കുറ്റപ്പെടുത്തിയതല്ല. എന്നയാലും ഇവിടെനിന്നും പോകണ്ടേ, മാത്രമല്ല പെണ്ണുകാണാൻ വരുന്നവർ എന്നെ ചൂണ്ടി ഇതാരാണെന്നു ചോദിച്ചാൽ എന്ത് പറയും, എന്റെ അമ്മയെ ചൂണ്ടി ആരെന്നു ചോദിച്ചാൽ എന്ത് പറയും. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് വേണ്ടി നമ്മൾ സാഹചര്യം ഒരുക്കരുത്. ജെസ്സി അറിയണ്ട, അവൾ നഴ്സിംഗ് ക്ലാസ്സിലേക്ക് പോയിക്കഴിഞ്ഞു ഞങ്ങൾ ഇറങ്ങിയേക്കാം. നാളെ അവരുവന്നു പെണ്ണ് കാണട്ടെ “

ടോമിച്ചൻ കതകു തുറന്നു പുറത്തിറങ്ങി.

ഹാളിലേക്ക് ചെല്ലുമ്പോൾ ജെസ്സി കോളേജിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. ശോശാമ്മ ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം ടിഫിൻ ക്യാരിയറിൽ എടുത്തു കൊണ്ടുവന്നു കൊടുത്തു.

“എന്തായിരുന്നു അവിടെ രഹസ്യസംഭഷണം, ആർക്കിട്ടെങ്കിലും പണി കൊടുക്കുന്ന കാര്യം വല്ലതുമാണോ, അതോ കേരളത്തിന്റെ മുഖ്യമന്ത്രി എങ്ങനെ ആകാം എന്നതിനെ കുറിച്ചുള്ള കൂലംകഷമായ ചർച്ചയോ?”

ജെസ്സി ചിരിച്ചു കൊണ്ട് ടോമിച്ചനെ നോക്കി.

“അല്ല, വേറെ പ്രധാനപെട്ട ഒരു കാര്യം, നിന്നോട് സംസാരിക്കാൻ സ്റ്റാലിൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. ഞാൻ നിന്റെ കൂടെ വഴി വരെ ഉണ്ട് “

പറഞ്ഞിട്ട് ടോമിച്ചൻ പോയി കാറിൽ കയറി ഇരുന്നു.

“അമ്മച്ചി പോയിട്ട് വരാം “

ശോശാമ്മയോട് പറഞ്ഞിട്ട് ജെസ്സി പോയി കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു മുൻപോട്ടെടുത്തു, മെയിൻ വഴി എത്തിയപ്പോൾ ടോമിച്ചന്റെ നിർദേശപ്രേകാരം ജെസ്സി കാർ സൈഡ് ഒതുക്കി നിർത്തി.

ടോമിച്ചൻ കാറിൽ നിന്നുമിറങ്ങി, ഒരു ബീഡി എടുത്തു കത്തിച്ചു ഒരു പുക എടുത്തു പുറത്തേക്കു ഊതി.

കാറിൽ നിന്നുമിറങ്ങിയ ജെസ്സി ടോമിച്ചന്റെ അടുത്തേക്ക് വന്നു.

“എന്താ എന്നോട് പറയാൻ സ്റ്റാലിനിച്ചായൻ പറഞ്ഞേൽപ്പിച്ചത് “

ജെസ്സി ചോദ്യഭാവത്തിൽ ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.

“ങ്ങാ, അത്.. നിന്റെ കല്യാണകാര്യമാ, നാളെ നിന്നെ പെണ്ണുകാണാൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഒരു കൂട്ടർ വരുന്നുണ്ട്. ചെറുക്കന് ജർമനിയിൽ ജോലിയാ,അവന്റെ അമ്മയും അനുജനും മാത്രമേ ഉള്ളു വീട്ടിൽ. നീ നഴ്സ് ആയതു കൊണ്ട് അവർക്കു താത്പര്യം ഉണ്ട്.പിന്നെ നിന്റെയും ആഗ്രഹം നേഴ്സ് ആയി വിദേശത്തു പോയി ജോലി ചെയ്യണം എന്നല്ലായിരുന്നോ? എനിക്ക് തോന്നുന്നത് ഇത് എല്ലാംകൊണ്ടും ഒത്തു വന്നിരിക്കുന്ന ബന്ധം ആണെന്നാണ് “

ടോമിച്ചൻ ജെസ്സിയുടെ മുഖത്തേക്ക് നോക്കാതെ വിദൂരതയിലേക്ക് നോക്കി പറഞ്ഞു.

“അത്രയേ ഉള്ളോ, നാളെ പെണ്ണുകാണിച്ച, അതിന്റെ അടുത്ത ആഴ്ച വിളിച്ചു ചൊല്ലി മനസ്സമ്മതം,കല്യാണം, പിന്നെ ചെറുക്കന്റെ കൂടെ നേരെ ജർമനിക്ക്.. എനിക്ക് ഓണം ബബർ തന്നെ അടിച്ചല്ലോ? ഇത്രയും ഭാഗ്യവതിയായ ഒരു സ്ത്രീ ഭൂമിയിൽ വേറെ ഉണ്ടാകുമോ “

ജെസ്സി ടോമിച്ചനെ പരിഹാസത്തോടെ നോക്കി.

“ഞാൻ ഒരു പെണ്ണാ, എനിക്കെന്റെതായ ആഗ്രഹങ്ങൾ ഇല്ലേ, ജീവിതകാലം മുഴുവൻ മനസ്സും ശരീരവും ഒരാളുടെ മുൻപിൽ സമർപ്പിച്ചു കഴിയണ്ടതാ, അപ്പോ പെണ്ണിന്റെ ആഗ്രഹത്തിന് തന്നെ മുൻതൂക്കം കൊടുക്കണം. സ്റ്റാലിനിച്ചായന്റെ ഇഷ്ടത്തിന് നിന്ന്‌ കൊടുക്കണോ ഞാൻ, നാളെ വരുന്നവർ വന്നിട്ട് പൊയ്ക്കോളും, പക്ഷെ ജെസ്സിയുടെ ജീവിതം എങ്ങനെ ആയിരിക്കണമെന്നു ജെസ്സി തീരുമാനിക്കും.അതല്ല നിർബന്ധിച്ചു ജെസ്സിയെ ആരുടെയെങ്കിലും തലയിൽ കെട്ടി വയ്ക്കാൻ ഉദ്ദേശമുണ്ടെങ്കിൽ കെട്ടുന്നവന് എന്റെ ശരീരം കിട്ടും, മനസ്സ് കിട്ടത്തില്ല, എന്റെ മൂക്കിൽ പഞ്ഞി വച്ചു പെട്ടിയിൽ കിടത്തി കല്ലറയിൽ കൊണ്ടുപോയി കുഴിയിൽ വച്ചു മണ്ണിട്ടു മൂടുന്നത് വരെ എന്റെ മനസ്സ് മറ്റാർക്കും ഞാൻ കൊടുക്കത്തില്ല.”

ജെസ്സി വാശിയോടെ പറഞ്ഞു.

“ഇതിലുംഭേദം ആ ഷണ്മുഖം വന്നു വെട്ടി കൊല്ലുന്നതാ, ഇങ്ങനെ ജീവിച്ചിട്ട് എന്ത് പ്രയോജനം “

ജെസ്സി സങ്കടത്തോടെ പിറുപിറുത്തു.

“ഞാനാരെയും നിർബന്ധിക്കുന്നില്ല, നിന്റെ ഇച്ചായൻ പറഞ്ഞു, ഞാനതു നിന്നോട് പറഞ്ഞു, അത്രതന്നെ. നിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുത്തു തന്നെ ജീവിക്ക്, ആകെ ഒരു ജീവിതമേ ഉള്ളു “

ടോമിച്ചൻ പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ബീഡി കുറ്റി ദൂരേക്ക് എറിഞ്ഞു കളഞ്ഞു.

“പിന്നെ സ്റ്റാലിന്റെ കാര്യം ഞാൻ വക്കച്ചൻ മുതലാളിയോട് പറഞ്ഞിട്ടുണ്ട്. അവർക്കു താത്പര്യം ഉണ്ട്. ഒരു ദിവസം അവരിങ്ങോട്ട് വരും, .മെറിൻ നല്ല പെണ്ണാ, നിനക്കറിയാമല്ലോ “?

ടോമിച്ചൻ കയ്യിലിരുന്ന തീപ്പെട്ടി പോക്കറ്റിലിട്ടു കൊണ്ട് ജെസ്സിക്ക് നേരെ തിരിഞ്ഞു.

“ആദ്യം ഇച്ചായന്റെ കാര്യം നടക്കട്ടെ, അതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യണം. അവരുടെ എന്നാ വരുന്നെങ്കിൽ ഡേറ്റ് പറയാൻ പറ, അധികം താമസിപ്പിക്കണ്ട “

ജെസ്സി കാറിൽ കയറി.

“നിന്നെ കാണാൻ നാളെ കഞ്ഞിരപ്പള്ളിക്കാര് എന്തായാലും വരും. അപ്പോ നീ വീട്ടിൽ കാണണം, സ്റ്റാലിന്റെ ഇടപാടിലാ, അയാളെ നാണം കെടുത്തരുത്. പെങ്ങളെക്കുറിച്ചുള്ള വിചാരത്തില്, നിനക്കൊരു നല്ല ജീവിതം ഉണ്ടാക്കി തരാനാ അയാളീ പാട് പെടുന്നത്. അത് മറക്കണ്ട “

ടോമിച്ചൻ കാറിലിരിക്കുന്ന ജെസ്സിയോട് പറഞ്ഞിട്ട് തിരിച്ചു നടന്നു.

പുലിമാക്കിൽ എത്തി ടോമിച്ചൻ നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ ശോശാമ്മയും ശാന്തയും ഇരുന്നു സംസാരിക്കുകയായിരുന്നു.

ടോമിച്ചനെ കണ്ടു ശോശാമ്മ എഴുനേറ്റു അടുത്തേക്ക് ചെന്നു.

“നമുക്കിന്നു കുട്ടിക്കാനം വരെ പോകണം, ആഹാരമൊക്കെ ഉണ്ടാക്കി വച്ചിട്ട് പെട്ടന്നിറങ്ങണം “

ടോമിച്ചൻ പറയുന്നത് കേട്ടു ശോശാമ്മ മനസിലാകാത്ത രീതിയിൽ നോക്കി.

പതിനൊന്നര ആയപ്പോൾ അടുക്കളയിലെ ജോലി എല്ലാം തീർത്തു ശോശാമ്മ കുളിച്ചൊരുങ്ങി.

ബാക്കി കാര്യങ്ങൾ ശാന്തയെ പറഞ്ഞെല്പിച്ചു ശോശാമ്മയും ടോമിച്ചനും സ്റ്റാലിന്റെ റൂമിലേക്ക്‌ ചെന്നു.

“ജെസ്സിയോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, നാളെ അവരുവരുമ്പോൾ അവിളിവിടെ കാണും, പിന്നെ നിന്റെ കാര്യവും പറഞ്ഞിട്ടുണ്ട്, കുന്നേൽ വക്കച്ചൻ മുതലാളിയുടെ മകൾ മെറിൻ, നല്ല കൊച്ചാ നിനക്ക് ചേരും, കണ്ടു നോക്ക്, നാളെ കഴിഞ്ഞു നിന്റെ സ്റ്റിച് എടുക്കാം, അതുകഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല, അവരിങ്ങോട്ട് വരും. പിന്നെ യാത്രയില്ല, പോകുവാ…”

സ്റ്റാലിൻ ടോമിച്ചനെ സൂക്ഷിച്ചു നോക്കി.

“ടോമിച്ചാ, പിണങ്ങി പോകുവാണോ, ഞാൻ ജെസ്സിയെ പറ്റി മാത്രമേ ചിന്തിച്ചൊള്ളൂ. അതുകൊണ്ടാ ഇങ്ങനെയൊക്കെ “

സ്റ്റാലിന്റെ വാക്ക് കേട്ടു ശോശാമ്മ ടോമിച്ചനെ നോക്കി.

“എന്താടാ പ്രശ്നം? ഇപ്പൊ ഇവിടെ നിന്നും നമ്മള് കുട്ടിക്കാനത്തെ വീട്ടിലോട്ടു പോകുവാണോ, ജെസ്സിമോളോട് ഒരു വാക്കുപോലും പറയാതെ “

ശോശാമ്മയുടെ ശബ്‌ദം ഇടറിയിരുന്നു.

“പോകുന്നത് അവൾക്കു കൂടി വേണ്ടിട്ടാ, പിന്നെ മനസ്സിലായിക്കൊള്ളും. ഇപ്പൊ പോകാം “

സാധനങ്ങളുമായി ടോമിച്ചൻ താഴേക്കു നടന്നു.

“പോട്ടെ മോനെ, പിന്നെ വരാം, ജെസ്സിമോളോട് പ്രേത്യേകം പറഞ്ഞേക്കണം, കേട്ടോ, അമ്മച്ചി പോകുവാ “

ശോശാമ്മ കണ്ണുകൾ തുടച്ചു കൊണ്ട് തിരിഞ്ഞു ടോമിച്ചന്റെ പുറകെ നടന്നു. സാധനങ്ങൾ എല്ലാം ലോറിയിൽ കയറ്റിയ ശേഷം, ശോശാമ്മയെ ക്യാബിനിൽ കയറ്റി ഇരുത്തി.

ലോറി സ്റ്റാർട് ചെയ്തു ഗേറ്റിനു പുറത്തേക്കു പോയി.

“എന്താടാ ഇപ്പൊ അവിടെ കുഴപ്പം, ജെസ്സിമോള് പാവമാടാ, സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം “

ശോശാമ്മ സങ്കടത്തോടെ പറഞ്ഞു.

“അവള് പാവമാണെന്നു വച്ചു എപ്പോഴും അവിടെപ്പോയി കിടക്കുവാൻ പറ്റുമോ, ഇവിടെയും ഒരു വീടില്ലേ,പിന്നെ നാളെ ജെസ്സിയെ പെണ്ണുകാണാൻ കഞ്ഞിരപ്പള്ളിക്കാര് വരുന്നുണ്ട്. വല്യ കുടുംബക്കാര. അവര് വരുമ്പോൾ നമ്മളവിടെ കാണുന്നത് ശരിയല്ല, നമ്മളാരാണെന്നു ചോദിച്ചാൽ അവരെന്തു പറയും. മാത്രമല്ല സ്റ്റാലിനു വക്കച്ചൻ മുതലാളിയുടെ മകളെ ആലോചിക്കുന്നുണ്ട്. അതിനിടയിൽ നമ്മള് അവിടെ ഒരു തടസമായി  നിൽക്കുന്നത് ശരിയല്ല.”

ടോമിച്ചൻ പറയുന്നത് കേട്ടുകൊണ്ടിരുന്നു ശോശാമ്മ.

“അതിന് നമ്മളെങ്ങനെയാ അവർക്കു തടസ്സമാകുന്നത്. നമ്മളെകൊണ്ട് ചെയ്യാവുന്ന നന്മകളല്ലേ ചെയ്‌തൊള്ളൂ “

ശോശാമ്മ സംശയത്തോടെ ടോമിച്ചനെ നോക്കി.

“ഇന്ന് ചെയ്യുന്ന നന്മയാ നാളെ തിന്മയായി തിരിച്ചു വരുന്നത്. ആവശ്യസമയത്തു ചിരിച്ചു കാണിക്കും, ചേർന്നു നില്കും, സ്തുതിക്കും, ഒരു ചെറിയ ഇഷ്ടക്കേടുണ്ടായാൽ മതി, ചെയ്തുകൊടുത്തതെല്ലാം മറന്നു ആരുടെ കൂടെ കൂടിയായാലും തകർക്കാൻ നോക്കും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എല്ലാവരുടെയും ഉള്ളിൽ ഇതൊക്കെയുണ്ട്. അതുകൊണ്ട് സ്വരം നന്നായപ്പോൾ പാട്ട് നിർത്തിയേക്കാമെന്നു വച്ചു. നിങ്ങക്ക് ഞാനും എനിക്ക് നിങ്ങളും മതി. അവിടെ പരിഭവവും പരാതികളും ഒന്നുമില്ലല്ലോ “

ടോമിച്ചൻ പറഞ്ഞു കൊണ്ട് ലോറിയുടെ സ്പീഡ് കൂട്ടി.

കുട്ടികാനം ടൗണിൽ നിർത്തി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി. വീട്ടിലേക്കു തിരിച്ചു. മുറ്റത്തേക്ക് വണ്ടി കയറി വരുന്നത് കണ്ടു മുറ്റത്തു കിടന്ന ഒരു പട്ടി എഴുനേറ്റു ഓടി തേയിലചെടികൾക്കിടയിൽ മറഞ്ഞു. ശോശാമ്മയെ ക്യാബിനിൽ നിന്നുമിറക്കി, സാധനങ്ങൾ  എല്ലാം ഇറക്കി വച്ചു. ശോശാമ്മ അടുക്കളയിലേക്കുള്ള സാധനങ്ങൾ എടുത്തുകൊണ്ടുപോയി കതകു തുറന്നു അകത്ത് കേറി.

“വല്ല പാമ്പോ, മരപ്പട്ടിയോ, എലിയോ ഉണ്ടോന്നു നോക്കിക്കോണം, അടച്ചിട്ടിട്ടു കുറച്ച് നാളായതല്ലേ “

ടോമിച്ചൻ പറഞ്ഞു കൊണ്ട് വരാന്തയിൽ ഇരുന്നു.

“പോടാ അവിടുന്ന്.. മനുഷ്യനെ പേടിപ്പിക്കാതെ “

ശോശാമ്മ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു.

കട്ടൻ കാപ്പിയിട്ടു ശോശാമ്മ വരാന്തയിലേക്ക് കൊണ്ടുവന്നു ടോമിച്ചന് കൊടുത്തു.ശോശാമ്മ അടുക്കളയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് കണ്ടത്. തേയില തോട്ടങ്ങളുടെ നടുവിലൂടെ ഉള്ള വഴിയിലൂടെ ഒരു കാർ വരുന്നു. ജെസ്സിയുടെ കാറാണ് അതെന്നു ഒറ്റനോട്ടത്തിൽ ശോശാമ്മ തിരിച്ചറിഞ്ഞു.

“ടോമിച്ചാ, ജെസ്സിയുടെ കാറല്ലേ വരുന്നത്, പാവം കാണാഞ്ഞിട്ട് അന്വേഷിച്ചു വരുകയാണ്. നീ അവളെ ഒന്നും പറഞ്ഞേക്കരുത് “

ശോശാമ്മ പറഞ്ഞു കഴിഞ്ഞപ്പോൾ കാർ മുറ്റത്തു വന്നു നിന്നു.ജെസ്സി ഇറങ്ങി.

“അമ്മച്ചി കാപ്പി ഇട്ടോ, എനിക്കും ഒരു ഗ്ലാസു താ “

യാതൊരു ഭാവഭേദവും കൂടാതെ ജെസ്സി ചോദിക്കുന്നത് കേട്ടു ശോശാമ്മ അമ്പരന്നു.

“ഇപ്പൊ എടുത്തോണ്ട് വരാം മോളേ “

ശോശാമ്മ അടുക്കളയിലേക്ക് പോയി.

ജെസ്സി ടോമിച്ചൻ പകുതി കുടിച്ചിട്ട് വച്ചിരുന്ന കാപ്പി ഗ്ലാസ്സെടുത്തു അതിലുണ്ടായിരുന്ന കാപ്പി ഒറ്റവലിക്കു അകത്താക്കി,ഗ്ലാസ്‌ തിരികെ വച്ചു.

“ഭയങ്കര ദാഹം, ആണുങ്ങൾക്ക് ദാഹിച്ചാൽ കള്ളും,ബിയറും, ഒക്കെ കുടിക്കാം, പെണ്ണുങ്ങൾക്ക് അങ്ങനെ കുടിക്കാൻ പറ്റുമോ? പാവം പെണ്ണുങ്ങൾ”

ജെസ്സി ചിരിച്ചു കൊണ്ട് വീടിനുള്ളിലേക്ക് പോയി.

“എന്തിനാ അമ്മച്ചി, എന്നോടിങ്ങനെ ഒക്കെ ചെയ്‌യുന്നത്, ഞാൻ എന്ത് തെറ്റ് ചെയ്തു. എന്റെ സന്തോഷം നിങ്ങളൊക്കെയാ, അതവിടെ നിന്നുമിറങ്ങിപോയാൽ പിന്നെ ആ വീട് എന്തിനെങ്കിലും കൊള്ളുമോ? ഒരമ്മയില്ലാത്ത വീട്, നോക്കിനടത്താൻ ഒരാളില്ലാത്ത വീട്, ഒരു സുരക്ഷിതത്യം ഇല്ലാത്ത വീട്, ഇതൊക്കെയേ ഇന്ന് മുതൽ പുലിമാക്കിൽ ബംഗ്ലാവ്.എന്താ ഇന്നിങ്ങോട്ടു പോരാനുള്ള കാരണം, പറ അമ്മച്ചി, സ്റ്റാലിനിച്ചായൻ എന്തെങ്കിലും പറഞ്ഞോ,”

ജെസ്സി ശോശാമ്മയെ നോക്കി.

“മോളേ ആരുമൊന്നും പറഞ്ഞില്ല, നാളെ മോളേ പെണ്ണുകാണാൻ ആളുകള് വരുകല്ലേ, പിന്നെ വക്കച്ചൻ മുതലാളിയുടെ മകളെ സ്റ്റാലിനു വേണ്ടി ആലോചിക്കുന്നുമുണ്ട്. അപ്പോ ഒരു ബന്ധവും ഇല്ലാത്ത  ഞങ്ങളവിടെ നിൽക്കുന്നത് ശരിയല്ല മോളേ,നിന്റെ നന്മക്കു വേണ്ടിയല്ലേ “

ശോശാമ്മ കാപ്പിയെടുത്തു ജെസ്സിക്ക് കൊടുത്തു.

“അമ്മച്ചി എന്താ പറഞ്ഞത്, ആരുമല്ലെന്നോ, അപ്പോ ഇത്രയും നാൾ അമ്മച്ചി എന്നെ മോളെന്നു വിളിച്ചത് വെറുതെ ആയിരുന്നോ? പറ അമ്മച്ചി “

ജെസ്സിയുടെ കണ്ണുകൾ ഈറാനായി.

“മോളേ, മനസ്സുകൊണ്ട് ഈ അമ്മച്ചിക്ക് നീ മോളാ, പക്ഷെ ആളുകളുടെ മുൻപിൽ നമ്മൾ ബന്ധുക്കളല്ല. രക്തബന്ധവും, അതിലൂടെ കൈമാറി വരുന്ന ബന്ധങ്ങളുമാണ്  ആളുകൾ നോക്കുന്നത്. അങ്ങനെ വച്ചു നോക്കുമ്പോൾ നമ്മൾ അന്യരല്ലേ എല്ലാവരുടെയും മുൻപിൽ “

ശോശാമ്മ ചോദിച്ചു.

“അതിന് എനിക്ക് എന്ത് ചെയ്യാൻ പറ്റും  അമ്മച്ചി, അമ്മച്ചിയുടെ ആരുമല്ലാതെ ജനിച്ചത് എന്റെ കുഴപ്പമാണോ, ഈ ജെസ്സിക്ക് സ്നേഹിക്കാനെ അറിയൂ,അമ്മച്ചിയും ടോമിച്ചനും ഇപ്പൊ എന്റെ ജീവിതത്തിന്റെ ഭാഗമാ.അത് മാറിപോയാൽ പിന്നെ ജെസ്സിക്കെന്തു സന്തോഷം “

ജെസ്സി നിറഞ്ഞ കണ്ണുകൾ ഇടം കൈകൊണ്ടു തുടച്ചു.

“ഞാൻ പോകുവാ അമ്മച്ചി, നാളെ വരുന്നവരുടെ മുൻപിൽ അണിഞ്ഞൊരുങ്ങി നിൽക്കാം, അവര് ഒരു വിലപ്പറഞ്ഞു കച്ചവടം ഉറപ്പിക്കട്ടെ. ഞാൻ എന്നും നോക്കിയിരിക്കും, നിങ്ങള് രണ്ടുപേരും അങ്ങോട്ട്‌ വരുന്നതും കാത്തു “

ജെസ്സി ഗ്ലാസ്‌ ശോശാമ്മയുടെ കയ്യിൽ കൊടുത്തിട്ടു പുറത്തേക്കു നടന്നു.

മുറ്റത്തേക്കിറങ്ങുമ്പോൾ ടോമിച്ചൻ ലോറിയിൽ ചാരി തേയിലത്തോട്ടത്തിലേക്കു നോക്കി നിൽക്കുകയായിരുന്നു.

ജെസ്സി പുറകിൽ ചെന്നു നിന്നു.

“ഞാൻ പോകുന്നത് കാണാതിരിക്കാനാണോ ഇവിടെ വന്നു നിൽക്കുന്നത്. സ്റ്റാലിനിച്ചായൻ ഇന്ന് രാവിലെ നിങ്ങളോട് എന്തോ പറഞ്ഞിട്ടുണ്ട്. അത് കൊണ്ടാണ് ഇത്രപെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നു എനിക്ക് മനസ്സിലായി.എന്തായാലും ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു.പക്ഷെ ഒരു കാര്യം പറയാം. ഒരാളെ മനസ്സിൽ വച്ചുകൊണ്ട് മറ്റൊരാളുടെ കൂടെ ജീവിക്കാൻ എന്നെ കൊണ്ട് പറ്റില്ല. പെണ്ണായിട്ട് നല്ല കുടുംബത്തിൽ പിറന്ന ഒരു പെണ്ണിനും അങ്ങനെ ജീവിക്കാൻ പറ്റത്തില്ല. പറ്റുമെങ്കിൽ ഒരു കത്തിയെടുത്തു എന്റെ നെഞ്ചത്ത് കുത്തികേറ്റുകയാണെങ്കിൽ ഉപകാരമായിരുന്നു.അത് പറ്റുമോ നിങ്ങളെ കൊണ്ട്. പറ്റത്തില്ല. അതെനിക്കറിയാം. അത്‌കൊണ്ട് പറയുവാ, ഞാൻ നിങ്ങളെയും നോക്കി അവിടെ ഉണ്ടാകും. ആരെങ്കിലും എന്നെ കെട്ടിയെടുത്തു കൊണ്ട് പോകുന്നവരെ. അങ്ങനെ സംഭവിച്ചാൽ ജെസ്സി പിന്നെ ചത്തു ജീവിക്കുന്ന ഒരു ശവമായി മാറും.. അതെന്നെ കൊണ്ടെത്തിക്കുന്നത് മരണത്തിൽ ആയിരിക്കും. ഓർത്തോ “

ജെസ്സി കാറിന് നേരെ നടന്നു.

പിന്നെ തിരിഞ്ഞു ടോമിച്ചന്റെ അടുത്തേക്ക് വന്നു.

“നിങ്ങളവിടുന്നു പോന്നപ്പോൾ ഒരു സാധനം എടുക്കാൻ മറന്നുപോയി.”

ജെസ്സി ഒരു ചെറിയ കവറെടുത്തു ടോമിച്ചന് നേരെ നീട്ടി.

ടോമിച്ചൻ അതിലേക്കു നോക്കി.

താൻ മേടിച്ചു മെശക്കുള്ളിൽ വച്ചിരുന്ന താലിയും മാലയും. അവിടെന്നു പോന്നപ്പോൾ മറന്നു വച്ചത്.

“ഇതാർക്കും വേണ്ടിയാണെന്ന് ഞാൻ ചോദിക്കുന്നില്ല. വരാനിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്തിട്ട് ജീവിക്കാനിരുന്നാൽ ജീവിതം ചിലപ്പോൾ പട്ടി നക്കിയപോലെ ആകും.”

ടോമിച്ചന്റെ കയ്യിലേക്ക് കൊടുത്തിട്ടു ജെസ്സി തിരിഞ്ഞു പോയി കാറിൽ കയറി.

കാറ് കണ്ണിൽ നിന്ന് അകന്നുപോകുന്നത് നോക്കി ടോമിച്ചൻ നിന്നു.

“അവള് ഭയങ്കര വിഷമത്തിലാ പോയത്, ഉള്ളിലെന്തൊക്കെയോ ഉണ്ട്. എന്താണെന്നു അവൾക്കു പറയാൻ പറയുന്നില്ല..”

പുറകിൽ വന്നു നിന്ന ശോശാമ്മ ദുഖത്തോടെ പറഞ്ഞു.

സ്റ്റാലിന്റെ സ്റ്റിച്ചുകൾ എടുത്തു. സാവകാശം പൂർണ ആരോഗ്യം വീണ്ടെടുത്തു.പുലിമാക്കിൽ എക്സ്പോർട്ടിങ് കോപറേഷന്റെ  പൂർണ്ണ മേൽനോട്ടം സ്റ്റാലിനായി. അടിക്കടി കമ്പനിയുടെ വിറ്റു വരവ്‌ വർധിച്ചു കൊണ്ടിരുന്നു.

അതിനിടയിൽ വക്കച്ചൻ മുതലാളിയുടെ മകൾ മെറിനും സ്റ്റാലിനും തമ്മിലുള്ള വിവാഹത്തിന്റെ ആദ്യചടങ്ങു അങ്ങോട്ടും ഇങ്ങോട്ടും പോയി പറഞ്ഞുറപ്പിച്ചു. വിവാഹം ആറു മാസത്തിനു ശേഷം എന്ന ധാരണയിലെത്തി. ജെസ്സിയെ കാണുവാൻ വന്ന കാഞ്ഞിരപ്പള്ളിക്കാർ ജൂബിൽ അടുത്ത തവണ അവധിക്കു വരുമ്പോൾ നടത്താനും തീരുമാനിച്ചു.

എന്നാൽ ജെസ്സിയിൽ നിന്നും ഇപ്പോഴും വ്യെക്തമായ ഒരു മറുപടി സ്റ്റാലിനു കിട്ടിയിട്ടില്ല. ചോദിക്കുമ്പോൾ ഇച്ചായന്റെ കല്യാണം കഴിയട്ടെ എന്ന സ്ഥിരം പല്ലവി തന്നെ.

മെറിനു ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിസ് സീറ്റ്‌ കിട്ടി. ഒരു ദിവസം  പോകുമ്പോൾ സ്റ്റാലിനും കൂടെ ചെന്നു.

ആലപ്പുഴ ബീച്ചിൽ കുറച്ച് നടന്ന ശേഷം സ്റ്റാലിൻ ബീച്ചിലെ മണലിൽ ഇരുന്നു.

കടൽ കാറ്റും കൊണ്ടും കടലിന്റെ തിരകളെ നോക്കി നിന്ന മെറിനെ നോക്കി സ്റ്റാലിൻ ഇരുന്നു.കാറ്റേറ്റ് പാറിപറക്കുന്ന മുടിയിഴകളെ ഒതുക്കി വച്ചു, ഊർന്നു പോകുന്ന ഷാൾ പിടിച്ചു നേരെ ഇടാനും ശ്രെമിച്ചുകൊണ്ട് മെറിൻ സ്റ്റാലിന്റെ അടുത്തേക്ക് ചെന്നു.

“എന്റെ അടുത്ത് ഇരിക്ക് “

സ്നേഹത്തോടെ മെറിന്റെ കയ്യിൽ പിടിച്ചു കൊണ്ട് സ്റ്റാലിൻ പറഞ്ഞു.

മെറിൻ സ്റ്റാലിന്റെ അടുത്തിരുന്നു.

“ആറു മാസം വേണ്ടായിരുന്നു, അടുത്തമാസം വിവാഹം നടത്തിയാൽ മതിയായിരുന്നു, അല്ലേ മെറിൻ “

സ്റ്റാലിൻ മെറിനെ നോക്കി.

“കല്യാണത്തിന് മുൻപ് ഇങ്ങനെ കുറച്ച് നാൾ  പ്രണയിച്ചു നടക്കണം,  അതിന് ശേഷം കല്യാണം.എങ്കിലേ പരസ്പരം മനസ്സിലാക്കി സ്നേഹിക്കുവാൻ കഴിയൂ. ആറു മാസം ഇങ്ങനെ പ്രണയിച്ചു നടക്കാം “

മെറിൻ സ്റ്റാലിന്റെ ദേഹത്ത് ചരികിടന്നു കൊണ്ട് പറഞ്ഞു.

“ജെസ്സിയേച്ചിയുടെ കാര്യം എവിടം വരെയായി “

മെറിൻ ആകാംഷയോടെ ചോദിച്ചു.

“കാണാൻ വന്നവർക്ക് താത്പര്യമാ, എപ്പോൾ വേണമെങ്കിലും നടത്താൻ, ജെസ്സി പറയുന്നത് നമ്മുടെ കല്യാണം കഴിഞ്ഞിട്ട് നോക്കാം എന്ന്. ഒരു ഉറപ്പില്ല. അവളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ എന്നും അറിയത്തില്ല “

സ്റ്റാലിൻ പൂഴിമണ്ണിൽ വിരൽ കൊണ്ട് ചിത്രം വരച്ചു കൊണ്ടിരുന്നു.

“ജെസ്സിച്ചേച്ചിയുടെ മനസ്സിൽ ഒരാളുണ്ട്, അതെനിക്കറിയാം ഇച്ചായ “

മെറിൻ നേരെ ഇരുന്നു.

“ആരാ, അവിടെ അടുത്തുള്ളവർ ആരെങ്കിലും ആണോ, കൊള്ളാവുന്ന കുടുംബത്തിൽ ഉള്ളവരാണോ,”

സ്റ്റാലിൻ ആകാംഷയോടെ മെറിനെ നോക്കി.

“എനിക്കുറപ്പില്ല, ഉറപ്പാക്കിയിട്ടു പറയാം, താമസിക്കാതെ “

മെറിൻ പറഞ്ഞു.

തിരമാലകൾക്ക് മീതെ കൂടി മുക്കുവപിള്ളേർ എടുത്തു ചാടി, തിരിച്ചു വരുന്നു. ചിലർ കാഴ്ചകരായി നോക്കി നിൽപ്പുണ്ട്. അകലെ നിന്നും ബീച് കാണാനെത്തിയവർ അവിടവിടെയായി നിൽക്കുകയും, കൂട്ടം കൂടിയിരുന്നു സംസാരിക്കുകയും ചെയ്യുന്നുണ്ട്. കടലിനുള്ളിൽ ചില ബോട്ടുകൾ സഞ്ചരിക്കുന്നത് കാണാം.മീൻ പിടിക്കാൻ പോയി വരുന്നവരാണ്.

സ്റ്റാലിനും മെറിനും കുറച്ച് സമയം കൂടി അവിടെ ചിലവഴിച്ച ശേഷം, ബീച് റെസ്റ്റോറന്റിൽ കയറി ഭക്ഷണം കാഴ്ച്ചു കുട്ടിക്കാനത്തേക്ക് തിരിച്ചു.

                            ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply