Skip to content

കൊലക്കൊമ്പൻ – 7

kolakomban

രാവിലെ എട്ടുമണി ആയപ്പോൾ റോണി കുളിച്ചൊരുങ്ങി, ടോമിച്ചനെയും കൂട്ടി വക്കച്ചനെ കാണാൻ പോകാൻ റെഡിയായി.

“സെലിൻ, ഞാൻ പോയി പപ്പയുമായി ഒന്ന് സംസാരിച്ചു രമ്യതയിൽ എത്തിയിട്ട് വരാം. ടോമിച്ചയനുള്ളതുകൊണ്ട് ഒരു ധൈര്യമൊക്കെയുണ്ട്. എങ്ങനെയെങ്കിലും പപ്പയെയും മമ്മിയെയും സമ്മതിപ്പിക്കാൻ നോക്കട്ടെ  “

യാത്രത്തിരിക്കുന്നതിനു മുൻപ് റോണി സെലിനോട് പറഞ്ഞു.

“ഞാൻ കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കാം, റോണിച്ചന്റെ പപ്പയും മമ്മിയും എന്നെ സ്വീകരിക്കാൻ തയ്യാറാകണമേ എന്ന്, എന്റെ വിശ്വാസം അവരെന്നെ അംഗീകരിക്കും എന്ന് തന്നെയാ റോണിച്ച “

സെലിൻ പറഞ്ഞു.

അപ്പോഴേക്കും ജെസ്സി അങ്ങോട്ട്‌ വന്നു.

“ടോമിച്ചൻ റെഡിയായി നിൽക്കുന്നു, പെട്ടന്ന് ചെല്ല്, ഒന്നുകൊണ്ടും പേടിക്കേണ്ട, എല്ലാം നന്നായി വരും “

ജെസ്സി പറഞ്ഞു കൊണ്ടു സെലിന്റെ ശിരസ്സിൽ തഴുകി.

“എന്നാൽ പോട്ടെ “

പറഞ്ഞിട്ട് റോണി പോയി ജീപ്പിൽ കയറി.

ടോമിച്ചൻ ലോറിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.റോണി മുൻപിൽ ജീപ്പിലും ടോമിച്ചൻ പുറകെ ലോറിയിലുമായി നീങ്ങി.

“ജെസ്സിയേച്ചി… എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ? റോണിച്ചന്റെ പപ്പാ സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും തിരിച്ചെനിക്ക് വീട്ടിലേക്കു പോകാൻ പറ്റത്തില്ല, ഇവിടെ വന്നു ചേച്ചിയെയും അമ്മച്ചിയേയും കണ്ടു സംസാരിച്ചപ്പോൾ ആണ് എനിക്കൊരു സമാധാനം ഉണ്ടായത്, സമ്മതിച്ചില്ലെങ്കിൽ എതെങ്കിലും ഹോട്ടലിൽ പോയി റൂം എടുക്കാം എന്ന് പറഞ്ഞ റോണിച്ചൻ വന്നത്..”

സെലിൻ ജെസ്സിയുടെ കയ്യിൽ പിടിച്ചു.കുറച്ചു മണിക്കൂറുകൾ കൊണ്ടു സെലിനു ജെസ്സിയോട് വളരെ അടുപ്പം തോന്നിയിരുന്നു. ജെസ്സിയുടെ വാക്കുകളെല്ലാം അവൾക്കു സമാധാനം പകർന്നു കൊടുക്കുന്നവയായിരുന്നു.

“സെലിൻ, പേടിക്കേണ്ട, ടോമിച്ച്നില്ലേ റോണിയുടെ കൂടെ, എല്ലാം സംസാരിച്ചു ശരിയാക്കും, എന്തായാലും സ്വന്തം മകനല്ലേ ചെല്ലുന്നതു, ആദ്യമൊക്കെ ചെറിയ എതിർപ്പുകൾ ഉണ്ടാകും, അത്‌ പിന്നെ അങ്ങ് മാഞ്ഞുപോകും…ധൈര്യമായിരിക്ക് ശോശാമ്മച്ചിയും ഞാനുമൊക്കെ ഇല്ലേ ഇവിടെ…”

സെലിൻ ജെസ്സിയെ കെട്ടിപിടിച്ചു നിന്നു.

“അതൊക്കെയാ ചേച്ചി എന്റെ പ്രതീക്ഷയും ആശ്വാസവും, സമ്പന്നതയുടെ നടുവിൽ ഒരു കുറവുമില്ലാതെ ആണ് ഞാൻ വളർന്നത്, പക്ഷെ അവിടെ മമ്മി ഒഴിച്ചു ബാക്കിയെല്ലാവരും മറ്റൊരു ലോകത്തായിരുന്നു, സ്നേഹം പകർന്നുകിട്ടിയത് മമ്മിയിൽ നിന്നും മാത്രമായിരുന്നു. സ്നേഹിക്കുന്ന കാര്യത്തിൽ അവരെല്ലാം പിശുക്കരായിരുന്നു.പണം കൊണ്ടു സമ്പന്നരും സ്നേഹത്തിന്റെ കാര്യത്തിൽ ദരിദ്രരും ആണവർ, ഇവിടെയോ നേരെ തിരിച്ചും. ഇവിടെയുള്ളവർ സ്നേഹത്തിന്റെ കാര്യത്തിൽ സമ്പന്നരാണ്, സന്തോഷം, സങ്കടം,സ്നേഹം, ദയ, വാത്സല്യം, കരുതൽ ഇതെല്ലാം ഇവിടെ കാണാം. പണത്തിന്റെ കുറവുണ്ടെങ്കിലും ഇതൊരു സ്വർഗ്ഗമാണ്, ജെസ്സിയെച്ചിയും, ശോശാമ്മച്ചിയും, ടോമിച്ചായനും ഉള്ള ഒരു കൊച്ചു സ്വർഗം,ഇവിടെയാണ് യഥാർത്ഥ ജീവിതമുള്ളത്,ഒരു രാത്രി കൊണ്ടു എനിക്ക് തോന്നിയത് അങ്ങനെയാണ്   “

സെലിൻ ജെസ്സിയോട് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.

“മോള് വിഷമിക്കാതെ, അവർ പോയ കാര്യങ്ങൾ നല്ല രീതിയിൽ ആയി തിരിച്ചു വരും “

ശോശാമ്മ സെലിനെ സമാധാനിപ്പിച്ചിട്ടു അടുക്കളയിലേക്ക് പോയി.

“ജെസ്സിയേച്ചിക്ക്  ടോമിച്ചായനെ ഭയങ്കര ഇഷ്ടമാണ് അല്ലേ, ഇന്നലെ രാത്രി നിങ്ങൾ സംസാരിക്കുന്നതു ഞാൻ കേട്ടു, ചേച്ചിയുടെ ആഗ്രഹം പോലെ നടക്കും, ടോമിച്ചായനെ നമുക്ക് വളച്ചെടുക്കാം, ഞാൻ റോണിച്ചനെ വളച്ചപോലെ, എന്തു  സഹായവും വേണമെങ്കിലും ജെസ്സിയെച്ചിക്ക് എന്നോട് ചോദിക്കാം, ടോമിച്ചായൻ ജെസ്സിയെച്ചിയെ ഇഷ്ടപെടും, എനിക്കുറപ്പുണ്ട്.”

സെലിൻ ജെസ്സിയുടെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

“അതിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല, നമ്മൾ സ്ത്രീകളുടെ മനസ്സറിയാനൊന്നും പുള്ളികാരന് താത്പര്യമില്ല. എന്തെങ്കിലും പറഞ്ഞാൽ വെട്ടുപോത്തിനെപ്പോലെ വരും, എന്റെ മനസ്സിലെ ഇഷ്ടം പലരീതിയിൽ പറഞ്ഞു നോക്കി. ഒന്നും ഫലം കണ്ടില്ല, ങ്ങാ നോക്കാം, എന്റെ കൂടെനിന്ന് എന്നെ സഹായിക്കണം കേട്ടോ, ഒരാളെ ആഗ്രഹിച്ചു പോയാൽ മരണം വരെ അയാളുടെ ചിന്ത ആ പെണ്ണിന്റെ മനസ്സിലുണ്ടാകും, അതിനു പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ല, കേട്ടിട്ടില്ലേ ഒരാൾക്ക് പകരക്കാരൻ ആകാൻ മറ്റൊരാൾക്ക്‌ കഴിയില്ല എന്ന്, ടോമിച്ചൻ എന്നെ സ്നേഹിച്ചാലും ഇല്ലെങ്കിലും എന്റെ മനസ്സിൽ ആ വ്യെക്തി മാത്രമായിരിക്കും, അതിന് പകരം മറ്റൊരാളില്ല, താമസിക്കാതെ ഞാൻ മനസ്സുതുറന്നു ഇഷ്ടമാണെന്ന് അങ്ങ് പറയും, നാളെ ഞാൻ പറഞ്ഞില്ല, അതുകൊണ്ട് അറിഞ്ഞില്ല എന്ന് അദ്ദേഹം പറയരുത്, ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞില്ല എന്ന നഷ്ടബോധം എനിക്കും ഉണ്ടാകരുത് “

ജെസ്സി പറയുമ്പോൾ ദുഃഖത്തിന്റെ നേർത്ത ലാഞ്ചന സെലിൻ അവളുടെ മുഖത്തു കണ്ടു.

“ചേച്ചി ഒന്നുകൊണ്ടും സങ്കടപെടണ്ട, ജെസ്സി ചേച്ചി ടോമിച്ചയാണുള്ളത് തന്നെ “

സെലിൻ പറഞ്ഞപ്പോൾ ജെസ്സി അവളുടെ കവിളിൽ അരുമയായി തഴുകി.

കുന്നുമേൽ ബംഗ്ലാവിന്റെ ഗേറ്റിനു പുറത്തു ടോമിച്ചൻ ലോറി നിർത്തി, റോണി ജീപ്പുമായി ഗേറ്റിനുള്ളിലേക്കും പോയി.

ടോമിച്ചൻ ഇറങ്ങി, തലയിൽ കെട്ടിയ തോർത്തെടുത്തു കുടഞ്ഞു തോളിലിട്ടു, ബംഗ്ലാവിന്റെ മുറ്റത്തേക്ക് നടന്നു.

ടോമിച്ചൻ വരുന്നത് കണ്ടു വക്കച്ചൻ മുതലാളി വീടിനുള്ളിൽ നിന്നും പുറത്തേക്കു ഇറങ്ങി വന്നു.

“ടോമിച്ചനും റോണിയും ഒരുമിച്ചാണോ വന്നത്,”

വക്കച്ചൻ മുതലാളി ചോദിച്ചു കൊണ്ടു വരാന്തയിലെ കസേരയിൽ ഇരുന്നു.

“അതേ, റോണി എന്റെ കൂടെയ വന്നത്, പിന്നെ ഞാനിപ്പോൾ വന്നത് ഒരു പ്രധാനപെട്ട കാര്യം പറയാനാ,”

ഒന്ന് നിർത്തിയിട്ടു ടോമിച്ചൻ അകത്തേക്ക് നോക്കി.

മോളികുട്ടിയും മെറിനും വാതിൽക്കൽ നിൽപ്പുണ്ട്.

റോണി മുകളിലേക്ക് പോയതാണ്.

ടോമിച്ചൻ കാര്യങ്ങൾ വിശദമായി വക്കച്ചൻ മുതലാളിയോട് പറഞ്ഞു.

കേട്ടതും ചാടിയെഴുന്നേറ്റ വക്കച്ചൻ അകത്തേക്ക് പാഞ്ഞു, ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഇരട്ടകുഴൽ തോക്കെടുത്തു. അതുകണ്ടു മോളികുട്ടി ഓടിച്ചെന്നു.

“എവിടെടി നിന്റെ ആ കഴുവേറി കുഞ്ഞ്, അവന്റെ പൊടി വച്ചേക്കില്ല ഞാൻ, എന്റെ ശത്രുവിന്റെ മകളെ തന്നെ വേണം  അവനുപ്രേമിച്ചു അടിച്ചോണ്ടു വരാൻ, നീ എന്താ പറഞ്ഞത് അവൻ ചെറുപ്പമല്ലേ, എല്ലാം പഠിച്ചു വരുന്നതേ ഉള്ളു എന്നോ, ഒരുമാസം കഴിയുമ്പോൾ അറിയാം അവൻ ഒന്നുമറിയാതില്ലാത്തവനാണോ, ഇല്ലയോ എന്ന്,അവള് വയറും വീർപ്പിച്ചു നടക്കുമ്പോൾ, ഈ പന്നമോൻ ഈ കുടുംബത്തിൽ എങ്ങനെ പിറന്നു, സത്യം പറയെടി, ഇവൻ എനിക്ക് തന്നെ ജനിച്ചവനാണോ “

കലിതുള്ളി നിൽക്കുന്ന അയാളുടെ കയ്യിലെ തോക്കിൽ കേറി മോളികുട്ടി പിടിച്ചു.

“എന്ത് വൃത്തികേടാ മനുഷ്യ നിങ്ങൾ ഈ വിളിച്ചു കൂവുന്നത്, അതും കെട്ടിക്കാൻ പ്രായം തികഞ്ഞു നിൽക്കുന്ന മകളുടെ മുന്നിൽ വച്ചു, അവൻ നിങ്ങളുടെ മകനല്ലാതെ വേറെ ആരുടെയെങ്കിലും ആണോ? ങേ, അവനിഷ്ടപ്പെട്ട ഒരു പെണ്ണിനെ കൂട്ടികൊണ്ട് വന്നു, അതിലെന്താ തെറ്റ്, അതും ഉപ്പുകണ്ടം കാർലോസിന്റെ മകൾ, അവൻ പ്രായപൂർത്തിയായ ഒരാണാ, ഏതു പെണ്ണിന്റെ കൂടെ ജീവിക്കണം എന്ന് അവനല്ലേ തീരുമാനിക്കേണ്ടത്, അത് നമ്മളങ്ങു സമ്മതിച്ചു കൊടുക്കണം, അല്ലാതെ മകനെ വെടിവച്ചു കൊല്ലാൻ പോകുവല്ല ചെയ്യേണ്ടത്.”

മോളമ്മയും മെറിനും കൂടി വക്കച്ചന്റെ കയ്യിൽ നിന്നും തോക്ക് പിടിച്ചു വാങ്ങി.

“എന്നാലും ആ കുരുത്തം കെട്ട കഴുവേറി മോൻ ഇതു ചെയ്യാൻ ധൈര്യം കാണിച്ചല്ലോ, ടോമിച്ചന്റെ വീട്ടിലായിരുന്നു ഇന്നലെ നിന്റെ മോന്റെ ആദ്യരാത്രി. ഇവിടെ കൊണ്ടുവരുന്നതൊക്കെ കൊള്ളാം, പണിയെടുത്തു നോക്കിക്കോണം എന്ന് പറഞ്ഞോണം, അല്ലാതെ തെക്കുവടക്കു തെണ്ടി നടന്നിട്ട് മൂക്കുമുട്ടെ വെട്ടിവിഴുങ്ങി അപ്പിയിടാൻ ഇങ്ങോട്ട് കേറി വരരുതെന്നു പറഞ്ഞേക്കണം അവനോട്, ആദ്യരാത്രി കഴിഞ്ഞെന്നു പറയാനാ അവനിപ്പോൾ വന്നത്, മനസ്സിലായോ നിനക്ക്, പുല്ലൻ “

വക്കച്ചൻ വിളറി പിടിച്ചു റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

“നിങ്ങൾ അവനെ കഴുവേറി മോൻ എന്ന് വിളിച്ചു, അപ്പോൾ നിങ്ങൾ ആരാ “

മോളികുട്ടി ദേഷ്യത്തിൽ ചോദിച്ചു.

“നീ പറ, ആരാ “

കലിപ്പോടെ വക്കച്ചൻ നടത്തം നിർത്തി മോളികുട്ടിയെ നോക്കി.

“അവൻ കഴുവേറി മോൻ ആകുമ്പോൾ നിങ്ങൾ കഴുവേറി, നിങ്ങൾ അല്ലേ അവന്റെ തന്ത “

മോളികുട്ടി പറഞ്ഞു.

“അത് ശരിയാണല്ലോ അമ്മച്ചി “

മെറിൻ മോളികുട്ടിയെ പിന്താങ്ങി.

“കേറി പോടീ അകത്ത്, ഇനി നീയും വേഷം കെട്ടി കണ്ണും കയ്യും കാണിച്ചു ആരെയെങ്കിലും പ്രേമിച്ചു ഒളിച്ചോടാൻ പ്ലാനുണ്ടെങ്കിൽ പള്ളിയിലെ സെമിതേരിയിൽ നിനക്ക് ഞാനൊരു കുഴി തീർക്കും പറഞ്ഞേക്കാം “

വക്കച്ചൻ മെറിനു നേരെ കയർത്തു.

അതുകേട്ടു മോളികുട്ടി മെറിനെയും കൊണ്ടു അകത്തേക്ക് പോയി.

വക്കച്ചൻ സിറ്റൗട്ടിലേക്കു നടന്നു.

“വക്കച്ചൻ മുതലാളി, റോണി ചെയ്തത് അവിവേകമാണെങ്കിലും അതങ്ങു ക്ഷെമിച്ചു കള, ഒരു പെണ്ണവിടെ റോണി ചെല്ലുന്നതും കാത്തിരിപ്പുണ്ട്, പ്രതീക്ഷയോടെ, റോണിയെ വിശ്വസിച്ചു ഇറങ്ങി വന്നവൾ, അത് ശത്രുവിന്റെയോ, മിത്രത്തിന്റെയോ മകളാകട്ടെ, ഒരു പെണ്ണല്ലേ, അതെങ്കിലും ഓർത്തു ഇവരോട് പിണക്കമൊന്നും കാണിക്കാതെ ഇവിടെ വന്നു താമസിക്കാൻ സമ്മതിക്കണം, അവിടെ മുതലാളിക്ക് അറിയാമല്ലോ, ഒരു സൗകര്യവും ഇല്ലാത്ത വീടാണെന്നു, പിന്നെ കാർലോസിന്റെ ആളുകൾ ചിലപ്പോൾ തിരക്കി വരും, അവിടെ അവർ സുരക്ഷിതരായിരിക്കില്ല, ഇവിടെയാകുമ്പോൾ അതൊരു സംരക്ഷണം ആയിരിക്കും, അതുകൊണ്ട് റോണിയെയും കൊണ്ടു പോയി അവരെ ഒരുമിച്ചു ഇങ്ങോട്ട് പറഞ്ഞു വിടാം ഞാൻ  “

ടോമിച്ചൻ പറഞ്ഞിട്ട് വക്കച്ചനെ നോക്കി

അയാൾ പുറത്തേക്കു നോക്കി ഇരിക്കുകയാണ്, ഒരു നിമിഷത്തെ നിശബ്തതക്കു ശേഷം അയാൾ ടോമിച്ചനെ നോക്കി.

“എന്നാ പറഞ്ഞാലും വല്ലവന്മാരും വന്നു എന്റെ മകന്റെ ദേഹത്ത് കൈ വെക്കാൻ ഞാൻ സമ്മതിക്കത്തില്ല, റോണിയെയും കൂട്ടികൊണ്ട് പോയി ആ പെങ്കൊച്ചിനെയും കൂട്ടി ഇങ്ങോട്ട് പറഞ്ഞു വിട്, ബാക്കി പിന്നെ നോക്കാം, മകനായി പോയില്ലേ, എവിടെയെങ്കിലും പോയി കിടന്നു നരകിക്കുന്നത് കാണാൻ പറ്റത്തില്ല  “

പറഞ്ഞിട്ട് വക്കച്ചൻ അകത്തേക്ക് കയറി പോയി.

മോളികുട്ടിയും മെറിനും പുറത്തേക്കു വന്നു.

“ടോമിച്ചാ, എന്റെ മക്കളെ പല ആപത്തുകളിൽ നിന്നും  രക്ഷിച്ചവനാ നീ, നന്ദി എങ്ങനാ പറയേണ്ടത് എന്നെനിക്കു അറിയാൻ മേല, ഒരു ദിവസം അവരെ സംരെക്ഷിച്ചു കിടക്കാൻ ഇടം കൊടുത്തവനാ നീ, മറക്കത്തില്ല ഒരിക്കലും, നിനക്ക് എന്താവശ്യമുണ്ടെങ്കിലും ഇവിടെ വന്നു ചോദിക്കാൻ മടിക്കേണ്ട. അഭിമാനി ആണെന്നറിയാം, എങ്കിലും പറയുകയാ,”

മോളികുട്ടി ടോമിച്ചനോട് പറഞ്ഞു.

മെറിൻ ടോമിച്ചനെ നോക്കി നിൽക്കുകയായിരുന്നു.

ലോറിക്കാരൻ ആണെങ്കിലും സുന്ദരനും ആരോഗ്യദൃഢഗാത്രനുമായ ചെറുപ്പക്കാരൻ. ആരെയും കൂസാത്ത ഭാവം, ധൈര്യശാലി….ഒരിക്കൽ തന്റെ മാനം രക്ഷിച്ചവൻ..

ഏതുപെണ്ണും ആഗ്രഹിക്കും ഇതുപോലുള്ള ഒരു ചെറുപ്പക്കാരനെ,

തന്റെ മനസ്സിൽ ഇയാൾ കടന്നു വന്നിട്ടുണ്ടോ? ഇല്ലേ? ഒരു സ്ഥാനം മനസ്സിൽ കൊടുത്തിട്ടില്ലേ.

മോളികുട്ടി ശ്രെദ്ധിക്കുന്നു എന്ന് മനസ്സിലായതും മെറിൻ നോട്ടം മാറ്റി.

അപ്പോഴേക്കും റോണി ഇറങ്ങി വന്നു.

“റോണി, പപ്പയുടെ മുറിയിൽ പോയി കാര്യം നീയായിട്ടു പറഞ്ഞിട്ട് പോയി കൂട്ടികൊണ്ടുവാ നിന്റെ പെണ്ണിനെ “

മോളികുട്ടി നിർദേശിച്ചു.

റോണി മുറിയിലേക്ക് ചെല്ലുമ്പോൾ വക്കച്ചൻ തലേ ദിവസത്തെ കൂപ്പിലെ കണക്കു നോക്കികൊണ്ട്‌ ഇരിക്കുകയായിരുന്നു.

റോണിയെ കണ്ടു വക്കച്ചൻ തല ഉയർത്തി നോക്കി.

“പപ്പാ, സെലിനു എന്നെ ഇഷ്ടമായിരുന്നു, ഞാൻ വിളിച്ചതുകൊണ്ടാ ഇറങ്ങി വന്നത്, ഇനിയവൾക്ക് തിരിച്ചു പോകാൻ പറ്റത്തില്ല, പപ്പാ ഇങ്ങോട്ട് വരാൻ സമ്മതിക്കണം “

റോണി ഒരുവിധം പറഞ്ഞൊപ്പിച്ചു.

“നീ എന്നോട് ചോദിച്ചിട്ടാണോ പ്രേമിക്കാൻ പോയെ, അല്ലല്ലോ? എന്നോട് ചോദിച്ചിട്ടാണോ വിളിച്ചോണ്ട് വന്നത്, അല്ലല്ലോ? പിന്നെ ഇതിനു മാത്രമായിട്ടു  ഒരനുവാദത്തിന്റെ ആവശ്യമില്ല, ഉണ്ടോ?അതുകൊണ്ട് നീ ആ പെണ്ണിനെ ബുദ്ധിമുട്ടിക്കാതെ കൂട്ടികൊണ്ട് വന്നു മര്യാദക്ക് ജീവിക്കാൻ നോക്ക് “

പറഞ്ഞിട്ട് വക്കച്ചൻ കണക്കു നോക്കുന്നതിലേക്കു തിരിഞ്ഞു.

റോണി ഒരു നിമിഷം വക്കച്ചനെ നോക്കി നിന്നിട്ടു തിരിഞ്ഞു പുറത്തേക്കു പോയി.

ലോറിയും ജീപ്പും മുറ്റത്തു വന്നു നിന്നതും വീടിന്റെ ഉള്ളിൽ നിന്നും ജെസ്സിയും സെലിനും ഇറങ്ങി വന്നു.

ജീപ്പിൽ നിന്നും ഇറങ്ങി വരുന്ന റോണിയെ പ്രതീക്ഷയോടെ നോക്കി.

ടോമിച്ചനും റോണിയും വരാന്തയിൽ വന്നിരുന്നു.

“അപ്പോൾ ഉച്ചത്തെ ഭക്ഷണം കഴിഞ്ഞു രണ്ടു പേരും ബംഗ്ലാവിലേക്കു പോകാൻ റെഡി ആയിക്കോ,”

ടോമിച്ചൻ സെലിനോട് പറഞ്ഞിട്ട് ഒരു ബീഡി കത്തിച്ചു വലിച്ചു കൊണ്ടു കിണറ്റുകരയിലേക്ക് പോയി.

ജെസ്സി സെലിനെ ഒന്ന് നുള്ളിയിട്ട് അടുക്കളയിലേക്ക് പോയി.

റോണി എഴുനേറ്റു സെലിനടുത്തേക്ക് ചെന്നു.

“പപ്പാ ആദ്യം ഒന്ന് ചൂടായി, പിന്നെ തണുത്തു. നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു “

റോണി പറഞ്ഞത് കേട്ടു സെലിന്റെ മുഖം സന്തോഷത്താൽ വിടർന്നു.

“അങ്ങനെ മോഹിച്ച  ജീവിതം കിട്ടി, അല്ലേ റോണിച്ച, നമ്മൾ സ്വപ്നം കണ്ട ഒരുമിച്ചുള്ള ഒരു ജീവിതം, അത് യഥാർഥ്യമാകുന്നു.”

സെലിൻ പറഞ്ഞു കൊണ്ടു റോണിയെ നോക്കി.

“അതേ സെലിൻ, നീയടുത്തില്ലാതെ ജീവിതം ഒരടിപോലും മുൻപോട്ടു പോകില്ലന്ന് തോന്നിയപ്പോഴാ ഞാൻ കൂട്ടികൊണ്ട് പോന്നത്, സ്നേഹിച്ച പെണ്ണിന്റെ സമിപ്യം എപ്പോഴും ഏതൊരാണും കൊതിക്കും, ഇനിയങ്ങോട്ട് ജീവിക്കണം നമുക്ക്, സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം.”

റോണി സെലിന്റെ കയ്യിൽ മുറുക്കെ പിടിച്ചു.

“അവിവേകമൊന്നും ഇവിടെ നിന്നു കാണിച്ചേക്കരുത്, അതെല്ലാം അവിടെ ചെന്നിട്ടു മതി, പിന്നെ ഊണ് റെഡിയായിട്ടുണ്ട്, വന്നിരുന്നോളൂ “

ജെസ്സി ഇറങ്ങി വന്നു പറഞ്ഞു.

അത് കേട്ടു റോണി സെലിന്റെ കയ്യിൽ  നിന്നും പിടി വിട്ടു മാറി നിന്നു.

എല്ലാവരും ഒരുമിച്ചിരുന്നു  ഊണ് കഴിച്ചു.

റോണിയും സെലിനും പോകാൻ തയ്യാറായി.

“ശോശാമ്മച്ചി, ജെസ്സിയേച്ചി പോകട്ടെ, ഞാനങ്ങോട്ടു പോയാലും ഇടക്കിടെ വരും, കേട്ടോ ‘”

സെലിൻ ശോശാമ്മയോടും ജെസ്സിയോടുമായി പറഞ്ഞു.

“മോൾക്കെപ്പോൾ വേണമെങ്കിലും വരാമല്ലോ ,ആഗ്രഹിച്ച ആളിന്റെ കൂടെ കഴിയാനുള്ള അവസരം കർത്താവു തന്നില്ലേ, പോയി സന്തോഷമായി ജീവിക്ക് “

ശോശാമ്മ സെലിനെ ചേർത്തു പിടിച്ചു ഒരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.

ടോമിച്ചനോട് രണ്ടുപേരും യാത്രപറഞ്ഞു.

“ജെസിയേച്ചി, ചേച്ചിയുടെ ആഗ്രഹം പെട്ടന്ന് തന്നെ നടക്കും, കേട്ടോ, ആഗ്രഹിച്ച ആളെ തന്നെ കിട്ടും,”

സെലിൻ ജെസ്സിയോട് ടോമിച്ചൻ കേൾക്കുന്ന രീതിയിൽ വിളിച്ചു പറഞ്ഞിട്ട് ജീപ്പിൽ കയറി.

തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഉള്ള വഴിയിലൂടെ ജീപ്പ് അകന്നകന്നു പോകുന്നത് നോക്കി ടോമിച്ചനും ശോശാമ്മയും ജെസ്സിയും നിന്നു.

“പാവം പിള്ളേർ, നന്നായി ജീവിക്കട്ടെ പോയി, കർത്താവു അനുഗ്രഹിക്കട്ടെ “

പറഞ്ഞിട്ട് ശോശാമ്മ വീടിനുള്ളിലേക്ക് നടന്നു.

“ഇനിയെന്താ പരിപാടി, അടി, ഇടി, തൊഴി, കള്ളുകുടി, ഇതിലേതാ തിരഞ്ഞെടുത്തിരിക്കുന്നത് “

ജെസ്സി ടോമിച്ചനെ നോക്കി.

ജെസ്സിയെ ഒന്നു തുറിച്ചു നോക്കിയിട്ട് ടോമിച്ചൻ പോയി ലോറിയിൽ കയറി പോയി.

മൂന്നുമണി കഴിഞ്ഞപ്പോൾ ടോമിച്ചൻ ലോറിയിൽ കുറച്ചു സാധനങ്ങളുമായി തിരിച്ചു വന്നു.

സിമന്റു  കട്ടകളും, പറപ്പൊടിയും,സിമന്റും, മിറ്റലും,കമ്പിയും  കിണറിന്റെ ഭാഗത്തായി ഇറക്കി.

“ഇതെന്തിനാടാ ടോമിച്ചാ ഇതൊക്കെ,”

ശോശാമ്മ അമ്പരപ്പോടെ ചോദിച്ചു.

“കുളിമുറി പണിയാൻ, അല്ലാതെ ഇതൊക്കെ തിന്നാൻ കൊള്ളുമോ?”

ടോമിച്ചൻ പറഞ്ഞു കൊണ്ടു തൊട്ടിയിൽ നിന്നും വെള്ളമെടുത്തു കയ്യും കാലും മുഖവും കഴുകി.

“രാവിലെ രണ്ടു ബംഗാളികൾ വരും, പണിയാൻ “

വായിൽ വെള്ളമെടുത്തു കുലുക്കൊഴിച്ചു കളഞ്ഞിട്ടു തോർത്തെടുത്തു തുടച്ചു.

പിറ്റേന്ന് രണ്ടു ബംഗാളികൾ എത്തി കൂടെ ഒരു മലയാളി മേസ്തിരിയും…

ടോമിച്ചൻ അവർക്കു വേണ്ട നിർദേശങ്ങൾ കൊടുത്തു.

അവർ ബാത്‌റൂമിന്റെ പണി തുടങ്ങി.

“ബാത്റൂമിന് ഒരു ചെറിയ വെന്റിലേറ്റർ കൊടുക്കണം, കുറച്ചു വെളിച്ചവും കാറ്റും കേറണ്ടേ,അല്ലെങ്കിൽ അതിനുള്ളിലിരുന്നു എല്ലാവരും ശ്വാസം കിട്ടാതെ വടിയാകും “

മുറ്റത്തേക്കിറങ്ങി വന്ന ജെസ്സി പറഞ്ഞു.

“എന്നാൽ ഒരു കാര്യം ചെയ്യാം, എയർകണ്ടിഷൻ ആക്കിയേക്കാം, അതാവുമ്പോൾ നല്ല വായു സഞ്ചരവും, തണുപ്പും എല്ലാം കിട്ടും “

ടോമിച്ചൻ പറഞ്ഞു

“അത് കൊള്ളാം, നല്ല ഐഡിയ, എയർകണ്ടിഷൻ ടോയ്ലറ്റ് ഒരു പുതിയ അനുഭവം ആയിരിക്കും “

ജെസ്സി തിരിച്ചു പറഞ്ഞു.

“എന്തായാലും ഒരു ബാത്റൂം ആയല്ലോ, അത്രയും ആശ്വാസം,”

രണ്ടു ദിവസം കൊണ്ടു ബാത്റൂം പണി കഴിഞ്ഞു, പണിക്കാർ പോയി.

ആഴ്ച ഒന്ന് കഴിഞ്ഞപ്പോൾ ജെസ്സി കട്ടപ്പനക്ക് പഠിക്കാൻ പോയി തുടങ്ങി.

ആദ്യ ദിവസത്തെ ക്ലാസ്സ്‌ നേരെത്തെ കഴിഞ്ഞതിനാൽ നാലുമണിക്ക് മുണ്ടക്കയതിനുള്ള റോബിൻ ബസിൽ കയറി ജെസ്സി കുട്ടികാനത്തിന് തിരിച്ചു.

സൈഡ് സീറ്റിൽ ഇരുന്നു മലകളും തട്ടുതട്ടായി കിടക്കുന്ന  തേയിലത്തോട്ടങ്ങളും ചെറിയ അരുവികളും, കുറ്റികാടുകളും, കണ്ടസ്വാധിച്ചു ഇരുന്നു.ഇടുക്കിയിൽ താൻ ജനിച്ചു വളർന്നിട്ടും ഈ കാഴ്ചകളുടെ മനോഹാരിത ആസ്വദിക്കാൻ ഇപ്പോഴാണ് സാധിച്ചത് എന്നോർത്തപ്പോൾ ജെസ്സിക്ക്  അത്ഭുതം തോന്നി.

കുട്ടികാനം അടുക്കാറായപ്പോൾ വഴിയരുകിൽ ടോമിച്ചന്റെ ലോറി കിടക്കുന്നതു കണ്ടു, അതിനടുത്തു കള്ള് എന്നെഴുതിയ ബോർഡ്‌ വച്ച കെട്ടിടവും… ഷാപ്പിനുള്ളിൽ നിന്നും പാട്ടും കയ്യടിയും കേൾക്കാം….

ജെസ്സി ചാടി എഴുനേറ്റു

“ഇവിടെ ഇറങ്ങാൻ ആളുണ്ടേ,”

ജെസ്സി വിളിച്ചു പറഞ്ഞു കൊണ്ടു ബെല്ലടിച്ചു.ബസ് നിന്നു

ജെസ്സി വാതിൽക്കലേക്കു നടന്നു

“പെങ്ങളെ ഇവിടെ സ്റ്റോപ്പ്‌ ഒന്നുമില്ല,അവിടെയും ഇവിടെയുമൊക്കെ നിർത്തിയാൽ മുണ്ടക്കയത്തു എത്തുമ്പോൾ പാതിരാ ആകും “

കണ്ടക്ടർ പറഞ്ഞു.

“പൊന്നു ചേട്ടാ ഞാനൊരു പെണ്ണാ വൈകുന്നേരം ആകാറായി ഇവിടെ അടുത്ത വീട്, ഒരു സഹായം ചെയ്തതായി കരുതിയാൽ മതി “

ജെസ്സി പറഞ്ഞു കൊണ്ടു ചാടിയിറങ്ങി.

ബസ് ബെല്ലടിച്ചു മുൻപോട്ടു പോയി.

ലോറിയുടെ അടുത്ത് ചെന്ന ജെസ്സി ഷാപ്പിനുള്ളിലേക്ക് നോക്കി.

പാട്ടുപാടുന്നയാൾ ടോമിച്ചൻ ആണെന്ന് കണ്ട ജെസ്സി അമ്പരന്നു.

ടോമിച്ചൻ പാടുന്ന പാട്ടിന്റെ താളത്തിനൊത്തു ചുവടുവയ്ക്കുകയാണ്  കുറച്ചാളുകൾ.

ജെസ്സി അവിടെ നിന്നു ടോമിച്ചൻ പാടുന്ന പാട്ടു ശ്രെധിച്ചു.

“അടിച്ചങ്ങു ഫിറ്റായി,,, കുടിച്ചത് വാളായി

എരി പിരി കേറും സന്തോഷം….(.2)

പുളിച്ചു  പൊങ്ങിയ കള്ളിന്ന്

വലിച്ചുക്കേറ്റി ഞാൻ പൂസായി

അടുത്ത് വന്നിന്നു മടിച്ചി താറാവ്..

എന്റെ മനം മയക്കിയ ചുന്ദരി  താറാവ് “

പാട്ടുകഴിഞ്ഞു ഗ്ലാസിൽ ഒഴിച്ചു വച്ചിരുന്നു കള്ള് ഒറ്റവലിക്കു കുടിച്ചിറക്കി, ചുണ്ട് തുടച്ചു ഷാപ്പിന്റെ പുറത്തിറങ്ങി.

ലോറിയുടെ അടുത്തെത്തിയപ്പോൾ ജെസ്സി അവിടെ നിൽക്കുന്നത് കണ്ടു ടോമിച്ചൻ അമ്പരന്നു.

“കട്ടപ്പനക്ക് പഠിക്കാൻ പോയ നിനക്ക് ഇവിടെ എന്താ കാര്യം, ങേ,ഇവിടെയാണോ നീ താമസിക്കുന്നത്, അതോ സ്ഥലം മാറി ഇറങ്ങിയതാണോ “

ടോമിച്ചന്റെ ചോദ്യം കേട്ടു ജെസ്സി ഒന്ന് ചിരിച്ചു.

“ബസിൽ പോകുമ്പോഴാ ലോറി കിടക്കുന്നതു കണ്ടത്, ഷാപ്പിനുള്ളിൽ നിന്നും നിങ്ങടെ ശബ്ദവും, അതുകൊണ്ട് ഇവിടെ ഇറങ്ങി, അല്ലെങ്കിൽ കുട്ടികാനത്തിറങ്ങി ഞാൻ വീട്ടിലേക്കു നടക്കണ്ടേ.ഇവിടെ ഇറങ്ങിയാൽ ലോറിയേൽ കേറി വീട്ടിൽ പോയി ഇറങ്ങാമല്ലോ, പക്ഷെ ഇറങ്ങിയപ്പോളാണ് അറിഞ്ഞത് കുടിയന്മാരുടെ സംഘഗാനം ആണ് അകത്ത് നടക്കുന്നതെന്ന്… പാട്ട് കൊള്ളാം ഉഗ്രൻ…. അപ്പോൾ നിങ്ങക്ക് പാട്ടൊക്കെ പാടാനറിയാം അല്ലേ…. ഒരു സംശയം, ഈ പാടിയ പാട്ടിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരാമോ,”

ഒരു കള്ളച്ചിരിയോടെ ജെസ്സി ടോമിച്ചനെ നോക്കി.

“അതിന് പ്രേത്യേകിച്ചു അർത്ഥം ഒന്നുമില്ല, ഇനി എന്തെങ്കിലും അർത്ഥം വേണമെന്ന് നിർബന്ധം ഉണ്ടെങ്കിൽ നീ തന്നെ ഒരർത്ഥം ഉണ്ടാക്കിക്കോ.കള്ളു കുടിച്ചിട്ടു കുടിയന്മാർ പല പാട്ടും പാടും”

ടോമിച്ചൻ ലോറിയിലേക്ക് കയറി.

“നീ വരുന്നുണ്ടെങ്കിൽ കയറിക്കോ, ഇല്ലെങ്കിൽ ഞാൻ പോകും “

അതുകേട്ടു ജെസ്സി മറുഭാഗത്തുകൂടി ലോറിയിൽ കയറി.ലോറി മുൻപോട്ടു നീങ്ങി.

“ആ മനം മയക്കിയ ചുന്ദരി താറാവ് “ആരാണ്? “

ജെസ്സി ടോമിച്ചനോട് ചോദിച്ചു.

“നിന്റെ അമ്മൂമ്മ, നിന്നോട് പറഞ്ഞില്ലേ കുടിച്ചിട്ട് കുടിയന്മാർ പലതും പാടുമെന്ന് , നിന്നോട് ഇങ്ങോട്ട് വരുവാൻ ആരെങ്കിലും പറഞ്ഞോ “

ടോമിച്ചൻ ദേഷ്യത്തിൽ ചോദിച്ചു.

“ഞാനോർത്തു എന്നെ കുറിച്ചായിരിക്കുമെന്ന്, കുടിയനാണെന്നു സമ്മതിച്ചു, പാട്ടുപാടാനറിയാം എന്ന് തെളിയിച്ചു, പക്ഷെ ഞാൻ നിങ്ങളോട് പറയുന്നകാര്യങ്ങൾ മാത്രമെന്താ മനസിലാകാത്തത്, അതോ നിങ്ങൾ മനഃപൂർവം മനസിലാകാത്തത് പോലെ ഭാവിക്കുന്നതാണോ “

ജെസ്സി സീറ്റിലേക്ക് കയ്യൂന്നു ഇരുന്നുകൊണ്ട് ചോദിച്ചു.

“നിന്റെ ഭാഷ എനിക്ക് മനസിലാകതില്ല, അത് തന്നെ കാര്യം “

ടോമിച്ചൻ പറഞ്ഞിട്ട് ഹോണടിച്ചു ഒരു ഓട്ടോയെ ഓവർടേക്ക് ചെയ്തു.

“അതെന്താ ഞാൻ പറയുന്നത് മലയാളം അല്ലേ, നിങ്ങൾക്ക് മനസിലാകാതിരിക്കാൻ, കർത്താവിന്റെ കാലത്തുള്ള പ്രാകൃത ഭാഷ അരീമിയ  ഒന്നുമല്ലല്ലോ ഞാൻ സംസാരിച്ചത് “

ജെസ്സി കലിപ്പോടെ ചോദിച്ചു.

ലോറി തേയിലചെടികൾക്കിടയിലൂടെ ഓടി വീടിന്റെ മുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ ടോമിച്ചൻ കണ്ടു.

വീടിന് മുറ്റത്തു ഒരു പോലീസ് ജീപ്പ്.

നാലഞ്ചു പോലീസുകാർ മുറ്റത്തിറങ്ങി നിൽപ്പുണ്ട്, അവർക്കരുകിൽ ശോശാമ്മയും.

ടോമിച്ചൻ ലോറിയിൽ നിന്നുമിറങ്ങി, ഒപ്പം ജെസ്സിയും

                        (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!