Skip to content

കൊലക്കൊമ്പൻ – 8

kolakomban

കോൺസ്റ്റബിൾ രാജു  ടോമിച്ചനും ജെസ്സിയും ലോറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു  അടുത്തേക്ക് ചെന്നു.

” നിങ്ങളെ അന്വേഷിച്ചാണ് ഞങ്ങൾ വന്നത്. സി ഐ രഘുവരൻ  സാർ ജീപ്പിൽ ഇരിപ്പുണ്ട്. അങ്ങോട്ട്‌ ചെല്ല് രണ്ടുപേരും “

അതുകേട്ടു ടോമിച്ചൻ ജീപ്പിന് നേരെ നടന്നു.

തൊപ്പിയെടുത്തു ബോണറ്റിൽ വച്ചു ജീപ്പിൽ ചാരി നിൽക്കുകയാണ് സി ഐ രഘുവരൻ…

അടുത്തേക്ക് വന്ന ടോമിച്ചനെയും ജെസ്സിയെയും അയാൾ സൂക്ഷിച്ചു നോക്കി.

“നീയാണോ ടോമിച്ചൻ “

ടോമിച്ചനെ നോക്കി സി ഐ രഘുവരൻ ചോദിച്ചു.

“അതേ സാറെ, എന്താ പ്രശ്നം “

ടോമിച്ചൻ സംശയത്തോടെ സി ഐ യെ നോക്കി.

“ഒരു പരാതി കിട്ടിയിട്ടുണ്ട്, കുമളി സ്റ്റേഷനിൽ, ഒരു ലൈസിയും അവരുടെ രണ്ടു ആണ്മക്കളും തന്ന പരാതി.ജെസ്സി എന്ന പെൺകുട്ടി മിസ്സിംഗ്‌ ആണെന്നും കുട്ടികാനതെവിടെയോ കണ്ടെന്നും പറഞ്ഞു അവർ  തന്ന പരാതിയിൽ ആണ് കേസന്വേഷണം. അവരുടെ പണവും ആഭരണങ്ങളും അടങ്ങിയ ബാഗും കൊണ്ടാണ് ഇവൾ മുങ്ങിയതെന്നും പരാതിയിൽ ഉണ്ട് “

സി ഐ രഘുവരൻ കയ്യിലിരുന്ന ലത്തി കറക്കികൊണ്ട് ജെസ്സിയെ നോക്കി.

“സാറെ, ഞാനൊന്നും എടുത്തിട്ടില്ല, അവരെന്നെ അപയപെടുത്താനാണ് ഇതെല്ലാം ചെയ്യുന്നത്. സാറിന്റെ അടുത്ത് രണ്ടു തവണ ഈ കാര്യം പറഞ്ഞു ഞാൻ പരാതി തന്നിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല, എന്നിട്ടാണ് ഒരു കള്ളപ്പരാതിയുടെ പേരിൽ ഇവിടെ വന്നത്….ഇനി ആ വീട്ടിൽ നിന്നും ഞാൻ എന്തെടുത്താലും അതെന്റെ മുതലാ, അല്ലാതെ അവിടെ കേറി താമസിക്കുന്നവരുടെ അല്ല “

ജെസ്സി പറഞ്ഞത് കേട്ടു സി ഐ രഘുവരൻ അവളെ തുറിച്ചു നോക്കി.

“നീ എന്നെ നിയമം പഠിപ്പിക്കേണ്ട, പരാതി തന്നിട്ടിട്ടുണ്ടെങ്കിൽ അതെന്വേഷിച്ചു പരാതിയിൽ കഴമ്പില്ല എന്ന് തെളിഞ്ഞതാണ്, സമൂഹത്തിൽ നിലയും വിലയുമുള്ളവരെ കരിവാരി തേച്ചു അപമാനിക്കാൻ നീ ചെയ്ത തെണ്ടി തരങ്ങൾക്ക് ഞങ്ങൾ കൂട്ട് നിൽക്കണമായിരുന്നോ, അവരുടെ പൊന്നും പണവും അടിച്ചുമാറ്റി ഇവിടെവന്നു ഒളിച്ചു താമസിക്കാമെന്നു നീ കരുതിയോ “

സി ഐ രഘുവരൻ ജെസ്സിക്ക് നേരെ കയർത്തു.

“അവളൊന്നും കൊണ്ടുവന്നിട്ടില്ല സാറെ, അതൊരു പാവമാ  “

ശോശാമ്മ കൈകൂപ്പിക്കൊണ്ട് പറഞ്ഞു

“സാറെ ഇവള് പറയുനത് സത്യമാണ്, ആ ഷണ്മുഖവും കുടുംബവും ഇവളുടെ സ്വത്തുക്കൾ അടിച്ചുമാറ്റാൻ ചെയ്യുന്ന പോക്രിത്തരങ്ങളാ ഇതെല്ലാം, അവർ അപ്പനും മക്കളും കൂടി ഇവളെ കമ്പത്തിന് ബലമായി പിടിച്ചുകൊണ്ടു പോകുന്ന വഴിയിൽ രക്ഷപെട്ടു ഓടിവന്നതാ എന്റെ അടുത്ത്, ഇവളെ ഇല്ലാതാക്കി സ്വത്തുക്കൾ കൈവശപ്പെടുത്താനാണ് അവരുടെ നീക്കം, അവരുടെ ഇടയിൽ ഒരു പെണ്ണിന് ഒറ്റയ്ക്ക്  എങ്ങനെ പിടിച്ചു നിൽക്കാൻ പറ്റും, ഇവള് വന്നത് വെറും കയ്യോടെയാ, അല്ലാതെ പരാതിയിൽ പറയുന്നപോലെ ഇവളുടെ കയിൽ പണവും പൊന്നും ഒന്നുമില്ലായിരുന്നു.. ഇതൊക്കെ കെട്ടിച്ചമച്ച കഥകളാ സാറെ…”

ടോമിച്ചൻ സി ഐ യോട് പറഞ്ഞു.

“നിന്നോട് ആരെങ്കിലും ചോദിച്ചോടാ, ഞാൻ ഇവളോടാണ് സംസാരിച്ചത്,ഇവൾക്ക് വേണ്ടി വക്കാലത്തു പറയാൻ നീയാരാ ങേ, ഇവളുടെ കുഞ്ഞമ്മേനെ കെട്ടിയവനോ? കാണാൻകൊള്ളാവുന്ന കുടുംബത്തിൽ പിറന്ന ഇവളെ മയക്കി ക്കൊണ്ടു വന്നു അവളുടെ കയ്യിലുള്ളത് മേടിച്ചു സുഖിച്ചു ജീവിക്കുകയാണ് അമ്മയും മോനും അല്ലേ,”

രഘുവരൻ പല്ല് ഞെരിച്ചു.

“സാറ് ഇപ്പോൾ ജോലിചെയ്യുന്നത് ആർക്കു വേണ്ടിയാ, ഡിപ്പാർട്മെന്റിന് വേണ്ടിയോ അതോ ഷണ്മുഖത്തിന് വേണ്ടിയോ “

ജെസ്സി രോഷത്തോടെ ചോദിച്ചു.

“കൂത്തിച്ചി മോളേ, ചവുട്ടി നിന്റെ അടിവയറ് കലക്കും ഞാൻ, പോലീസിന് നേരെ കൊരക്കുന്നോ “

രഘുവരൻ ഒച്ചയുയർത്തിയപ്പോൾ രണ്ടു പോലീസുകാർ അങ്ങോട്ട്‌ വന്നു.

“വീട്ടിൽ ചെന്നു കെട്ടിയോളുടെ അടിവയറ് കലക്കിയാൽ മതി,പെണ്ണിന്റെ ദേഹത്ത് കൈ വച്ചാൽ വിവരമറിയും,രാത്രിയിൽ ആ സ്ത്രീക്ക് ഒന്നുറങ്ങാൻ പോലും സമയം കൊടുക്കാതെ കലക്കികൊണ്ടിരിക്കുന്നയാളാണ് സാറെന്ന് കണ്ടാലറിയാം. വനിതകമ്മിഷണിലോട്ടു പീഡനത്തിന് സാറിന്റെ പേരിൽ ഒരു കംപ്ലയിന്റ് അങ്ങ് കൊടുക്കും, പിന്നെ തൊപ്പിയും അഴിച്ചു വച്ചു റബ്ബര് വെട്ടാൻ പോകേണ്ടി വരും “

ജെസ്സി കൂസാതെ പറഞ്ഞു.

“എന്തോന്നടി ഈ പറയുന്നത് സി ഐ സാറിനോട്, അടങ്ങി നിന്നില്ലെങ്കിൽ അടിച്ചു കാരണം പുകക്കും ഞാൻ “

വനിതാ പോലീസുകാരിലൊരാൾ ജെസ്സിക്ക് നേരെ കയ്യോങ്ങി.

“സാറെ മര്യാദക്ക് സംസാരിക്കണം, എന്റെ വീട്ടുമുറ്റത്തു വന്നു നിന്നു അനാവശ്യം പറഞ്ഞാൽ പോലീസല്ല പട്ടാളമാണെങ്കിലും ഞാൻ വകവെക്കതില്ല. ജെസ്സി പറഞ്ഞില്ലേ അവൾ സ്വൊയം പോന്നതാണെന്നു, അവരെ പേടിച്ച് , പിന്നെ ഇവളെ സഹായിക്കേണ്ടതിനു പകരം ഷണ്മുഖത്തിന്റെ കാശും മേടിച്ചു പാവങ്ങളുടെ നേരെ മെക്കിട്ടു കേറാൻ വരരുത്. ഇവള് എന്തെങ്കിലും കൊണ്ടു വന്നിട്ടുണ്ടെങ്കിൽ ഇവിടെ കാണും, സാറിന് കേറി പരിശോധിക്കാം,”

ടോമിച്ചൻ പറഞ്ഞു കൊണ്ടു മുറ്റത്തു നിൽക്കുന്ന പോലീസുകാരെ നോക്കി.

സി ഐ രഘുവരൻ വീട്ടിനുള്ളിൽ കയറി പരിശോധിക്കാൻ കൂടെവന്ന പോലീസുകാർക്ക് നിർദേശം നൽകി.

ജീപ്പിൽ നിന്നും മൂന്നു വനിതാ പോലീസുകാരും ഇറങ്ങി വന്നു.അവർ വീട്ടിനുള്ളിലേക്ക് കയറി..

“വീട്ടിനുള്ളിൽ കയറി പരിശോധിക്കുന്നത് കൊള്ളാം,നാടുവാഴി സിനിമയിലെ പോലെ കയ്യിലെന്തെങ്കിലും കൊണ്ടുവന്നിട്ട്,എന്റെ വീട്ടിനകത്തു വച്ചു തെളിവുണ്ടാക്കാനാണെങ്കിൽ അത് നടക്കത്തില്ല, പറഞ്ഞില്ലാന്നു വേണ്ട…”

ടോമിച്ചൻ പറഞ്ഞു.

“വച്ചാൽ നീ എന്ത് ചെയ്യുമെടാ പുല്ലേ “

സി ഐ രഘുവരൻ ടോമിച്ചന്റെ ഷർട്ടിന്റെ കോളറിൽ കേറി പിടിച്ചു.

“വേണ്ട സാറെ, ഞാനാരോടും ഒന്നിന്നുമില്ലാതെ ജീവിക്കുന്നവനാ,പിന്നെ ആ പെങ്കൊച്ചിന്റെ സ്വത്തുക്കൾ നിങ്ങൾ കള്ളന്മാരും പോലീസുകാരും ഒത്തൊണ്ടു അങ്ങ് ഷണ്മുഖത്തിന്റെ അണ്ണാക്കിലേക്ക് തിരുകികൊടുക്കാമെന്നു വിചാരിച്ചിട്ടുണ്ടെങ്കിൽ നടക്കത്തില്ല, ഇവിടെ നീതിയും നിയമവും ഉണ്ടോ എന്ന് അറിയണമല്ലോ? അവളുടെ ജീവൻ അപകടത്തിലായപ്പോഴാ ആരുമറിയാതെ അവൾ ഇവിടെ ഒതുങ്ങികൂടി ജീവിക്കാൻ തുടങ്ങിയത്, സ്വത്തുക്കൾ പോയാലും ജീവൻ പോകരുത് എന്ന് കരുതി. പക്ഷെ അവൾക്കു ഇവിടെയും സ്വസ്ഥത കൊടുക്കത്തില്ല എന്നുണ്ടെങ്കിൽ പിന്നെ മേലും കീഴും നോക്കതില്ല, എല്ലാം അവളെ ഏൽപ്പിച്ചു പാണ്ടി തന്തയുടെ നാട്ടിലേക്കു പൊക്കോളാൻ പറ, തള്ളയോടും മക്കളോടും, ഇല്ലെങ്കിൽ കളി മാറും, പിന്നെ ഇവിടെ സാറ് കണ്ടല്ലോ, ടോമിച്ചന് നഷ്ടപ്പെടാൻ ഒന്നുമില്ല, കുടുംബമോ കുട്ടികളോ ഒന്നുമില്ല, പക്ഷെ സാറിനങ്ങനെയല്ല, അതോർത്താൽ നല്ലത് “

ടോമിച്ചൻ രഘുവരന്റെ ഷർട്ടിൽ ഇരുന്ന കൈ ബലമായി പിടിച്ചു താഴ്ത്തി.

“നീ പറഞ്ഞു വന്നതിന്റെ അർത്ഥം, എന്നെ നീ അങ്ങ് പുളുത്തി കളയും എന്നാണോ? നീ കളിയെറക്കുന്നത് പോലീസുകാർക്കെതിരെയാ, അധികം ചെരക്കാൻ നില്കാതെ ലൈസി മേഡം  എന്തെങ്കിലും കൊടുക്കും, അതും മേടിച്ചു അവൾക്കിവിടെ വന്നു സുഖമായി കഴിയാം, അവളോട്‌ സ്വത്തുക്കളെല്ലാം ലൈസി മാഡത്തിന്റെയും മക്കളുടെയും പേരിലേക്കെഴുതി കൊടുത്തു, കിട്ടുന്നതും മേടിച്ചോണ്ടു പോകാൻ പറ,അവരോടു പോരിന്  നിൽക്കാതെ, അല്ലെങ്കിൽ അവള് ജീവനോടെ കാണത്തില്ല, ഷണ്മുഖം തീർത്തു കളയും, നീ നോക്കിയാലോന്നും കൂടത്തില്ല “

രഘുവരൻ ശബ്‌ദം താഴ്ത്തി ടോമിച്ചനോട് പറഞ്ഞു.

“അപ്പോഴേക്കും ഒരു കാർ വന്നു പോലിസ് ജീപ്പിന് പിന്നിലായി നിന്നു.

അതിൽ നിന്നും ലൈസിയും ജോർജിയും റോയിയും ഇറങ്ങി.

ജോർജിയും റോയിയും ടോമിച്ചനെ പകയോടെ നോക്കി. ടോമിച്ചന്റെ കയ്യിൽ നിന്നും കിട്ടിയ ഇടിയുടെ വേദന ഇപ്പോഴും പോയിട്ടില്ലെന്നു അവർക്കു തോന്നി.

പട്ട് സാരിയുടെ ഞൊറികൾ പിടിച്ചു നേരെയിട്ടു ലൈസി സി ഐ ക്ക് നേരെ നടന്നു.

ടോമിച്ചന്റെ പുറകിലായി  ശോശാമ്മയുടെ അടുത്ത് നിൽക്കുന്ന ജെസ്സിയിൽ അവരുടെ നോട്ടം ഉടക്കി.

പിന്നെ ടോമിച്ചന്റെ നേരെ തിരിഞ്ഞു.

“നീയാണ് ടോമിച്ചൻ അല്ലേ, എന്റെ മക്കളുടെ ദേഹത്ത് കൈവച്ചവൻ, അന്ന് ക്ഷമിച്ചു നിന്നെ വെറുതെ വിട്ടതാ പോട്ടെന്നു കരുതി, അപ്പോൾ നീ വീണ്ടും…. നീയാണോ ഇവളുടെ ബോഡിഗാർഡ് ഇപ്പോൾ, , ഞാനിവളുടെ മമ്മിയുടെ അനിയത്തിയ, പക്ഷെ നീ ആരാ ഇവളുടെ, ങേ, ഞങ്ങൾ കൊടുത്ത പരാതിയിന്മേല ഇവര് വന്നത്, അവളെ കൊണ്ടുപോകാൻ, അത് തടയാനോ ചോദിക്കണോ നിനക്കവകാശം ഇല്ല “.

ലൈസി പുച്ഛത്തോടെ ടോമിച്ചനോട് പറഞ്ഞൂ.

“കൊച്ചമ്മക്കെന്താ എന്നോടൊരു പുച്ഛം, സ്വത്തു തട്ടിയെടുക്കാൻ നിങ്ങളും നിങ്ങളുടെ തമിഴൻ കെട്ടിയവനും, ഈ നിൽക്കുന്ന ശിഖണ്ടി മക്കളും കൂടി ആ പെങ്കൊച്ചിനെ കൊല്ലാകൊല ചെയ്തത് പോരാഞ്ഞിട്ടാണോ ഇങ്ങോട്ട് കെട്ടിയെടുത്ത്, മക്കള് വന്നു തന്തായില്ലായ്മ കാണിച്ച്  രണ്ടെണ്ണം മേടിച്ചോണ്ടു പോയിട്ട് അധികം നാളായില്ല., ഇപ്പോൾ തോനുന്നു, കൊടുത്തത് കുറഞ്ഞു പോയി എന്ന്.”

ടോമിച്ചൻ ലൈസിയെ അടിമുടി ഒന്ന് നോക്കി.

“ച്ചീ നാറി… നീ എന്റെ നേരെ കുരക്കുന്നോ നായെ… ഈ ഞാൻ ആരാണെന്നു നീ അറിയാൻ പോകുന്നതേ ഉള്ളു, എന്റെ കുടുംബകാര്യങ്ങളിൽ കേറി ഇടപെടാൻ നിനക്കെന്ത് അധികാരം “

ലൈസി പൊട്ടിത്തെറിച്ചു.

“നിങ്ങൾക്കെന്താ അധികാരം ഇവിടെവന്നു ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ “

ജെസ്സി ലൈസിയെ സൂക്ഷിച്ചു നോക്കി.

“എന്നെ ഇല്ലാതാക്കി എന്റെ സ്വത്തുക്കൾ കൈവശപെടുത്താം എന്ന് വല്ല മനക്കോട്ടയും കെട്ടിയിട്ടുണ്ടെങ്കിൽ അതങ്ങു കൊണ്ടുപോയി മുല്ലപെരിയാറിൽ കൊണ്ടിട്ടേക്ക്, അതൊന്നു നടക്കാൻ പോകുന്നില്ല “

ജെസ്സി കൃദ്ധയായി ലൈസിയോട് പറഞ്ഞു.

“ലൈസി കൊച്ചമ്മ പറഞ്ഞത് കേട്ടല്ലോ,മക്കളെയും കൂട്ടി കമ്പത്തിന് എത്രയും പെട്ടന്ന് വിട്ടോണം. സൂചി കേറ്റാൻ ഇടം തന്നപ്പോൾ നിങ്ങൾ അവിടെ തൂമ്പ കേറ്റി. പോലീസുകാര് കൊണ്ടു പോകുന്നത് കൊള്ളാം, അവളുടെ ദേഹത്ത് ഒരു രോമത്തിന് കേടുപറ്റിയാൽ നിങ്ങടെ രണ്ടു മക്കളുടെയും ശവമടക്ക് നടത്താൻ എടവകപള്ളിയിലെ തെമ്മാടികുഴിയിൽ രണ്ടു കുഴി കുത്തി ഇട്ടോണം…. “

ടോമിച്ചൻ ലൈസിക്ക് താക്കീതു കൊടുത്തു.

വീടിനുള്ളിൽ പരിശോധിച്ചിട്ടു പോലീസുകാർ തിരികെ വന്നു.

“ഒന്നും കിട്ടിയില്ല സാർ “

അവർ ജീപ്പിനടുത്തേക്ക് പോയി.

സി ഐ രഘുവരൻ ശോശാമ്മയും ജെസ്സിയും നിൽക്കുന്നിടത്തേക്ക് തിരിഞ്ഞു.

“പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ജെസ്സിയെ കൊണ്ടുപോകാതെ വേറെ നിവർത്തിയില്ല. മോഷണകുറ്റമാണ്, അറസ്റ്റു ചെയ്തേ പറ്റു “

അവരോടു പറഞ്ഞിട്ട് വനിതപോലീസുകാർക്ക് നിർദേശം നൽകി.

“സാർ ഒരു മിനിറ്റ് സമയം തരണം,”

പറഞ്ഞിട്ട് ശോശാമ്മയെയും കൂട്ടി ജെസ്സി വീടിനുള്ളിലേക്ക് പോയി.

ഒരു കവർ എടുത്തു ശോശാമ്മയുടെ കയ്യിൽ കൊടുത്തു.

“ഒരു പക്ഷെ ഞാൻ തിരിച്ചു വന്നില്ലെങ്കിൽ ഇതു ടോമിച്ചനെ ഏൽപ്പിക്കണം,പോലിസ് സ്റ്റേഷനിലേക്കാണ് പോകുന്നതെങ്കിലും എന്തോ ഒരപകടം പോലെ തോന്നുന്നു,  “

അത് പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.

“അമ്മച്ചി അവരുടെ കാലുപിടിച്ചു പറയാം എന്റെ മോളേ കൊണ്ടുപോകരുതെന്നു “

ശോശാമ്മ കരഞ്ഞുകൊണ്ട് പുറത്തേക്കു പോകുവാൻ തുടങ്ങി.

“അത് വേണ്ട അമ്മച്ചി അവർ പ്ലാൻ ചെയ്തു വന്നവരാണ്, അവർ കൊണ്ടുപോകും.ശോശാമ്മച്ചി  സങ്കടപെടണ്ട, ഞാൻ വരും, ഉറപ്പായും വരും “

ശോശാമ്മ ജെസ്സിയെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു.

ജെസ്സിയെ വനിതപോലിസിലൊരാൾ വന്നു കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുപോയി ജീപ്പിൽ കയറ്റി.

മറ്റുള്ള പോലീസുകാരും കയറി.

അകന്നു പോകുന്ന ജീപ്പിന്റെ പുറകിലിരുന്നു നിറകണ്ണുകളോടെ ടോമിച്ചനെ നോക്കി.

ഇനി വീണ്ടും തമ്മിൽ കാണുമോ? എന്നൊരു ധ്വനി അതിലുണ്ടെന്നു ടോമിച്ചന് തോന്നി, അവളുടെ കണ്ണുകളിൽ ഒരു ദയനീയ ഭാവം നിറഞ്ഞതുപോലെയും……

ടോമിച്ചനെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചിട്ട് ലൈസി കാറിൽ കയറി.പുറകെ ജോർജിയും റോയിയും…..

“നിനക്ക് അവളെ രക്ഷിക്കാമെന്നുണ്ടെങ്കിൽ ഒന്ന് ശ്രെമിച്ചു നോക്ക്, അവളെ ഇവിടെനിന്നും പൊക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു കള്ളക്കേസ ഇത്.നാളെ കഴിഞ്ഞാൽ അവളി കേരളത്തിൽ കാണത്തില്ല, തടയാമെങ്കിൽ തടഞ്ഞോ “

ടോമിച്ചനോട് വെല്ലുവിളിക്കുന്ന പോലെ പറഞ്ഞിട്ട് ലൈസി റോയിയോട് കാറെടുക്കാൻ നിർദേശം കൊടുത്തു.

പുറകിലൊരു തേങ്ങൽ കേട്ടു ടോമിച്ചൻ തിരിഞ്ഞു നോക്കി

ശോശാമ്മ വരാന്തയിലിരുന്നു കരയുകയാണ്.മുഖം തുടച്ചിട്ടു അവർ അകത്തേക്ക് കയറി പോയി.

എന്ത് ചെയ്‌തണമെന്നറിയാതെ ടോമിച്ചൻ ഒരു നിമിഷം പതറി  നിന്നു.

അകത്ത് നിന്നും ഇറങ്ങി വന്ന ശോശാമ്മ ഒരു കവർ ടോമിച്ചനെ ഏൽപ്പിച്ചു.

“നിന്റെ കയ്യിൽ തരാൻ ജെസ്സി തന്നതാ,”

ടോമിച്ചൻ കവർ തുറന്നു നോക്കി.

അതുനുള്ളിൽ കുറച്ച് പേപ്പറുകൾ ആയിരുന്നു.

പഴയ നാലഞ്ചു ആധാരങ്ങൾ, കരമടച്ച രസീതുകൾ,പോകുവരവ് നടത്തിയിട്ടുള്ള രേഖകൾ, എക്സ്പോർട്ടിങ് കമ്പനിയുടെ ഡോക്യൂമെന്റുകൾ ….. ടോമിച്ചൻ അതെടുത്തു തിരിച്ചും മറിച്ചും നോക്കി. കൊല്ലപ്പെട്ട ആഗസ്തിയുടെ പേരിൽ തന്നെയാണ് സ്വത്തുക്കളെല്ലാം.

ടോമിച്ചൻ അതെല്ലാം തിരിച്ചു കവറിനുള്ളിലിട്ടു.

വരാന്തയിൽ ഇരുന്നു ഒരു ബീഡി കത്തിച്ചു.

“ജെസ്സിക്ക് പേടിയുണ്ട്, അവർ അപകടപെടുത്തുമോ എന്ന്, ഇവിടെ വന്ന ആ സ്ത്രിയും പറഞ്ഞിട്ട് പോയത് കേട്ടില്ലേ നീ… എനിക്കാതെ പേടി തോനുന്നെടാ…. അവളെ എങ്ങനെയെങ്കിലും അവരുടെ കയ്യിൽ നിന്നും രക്ഷപ്പെടുത്തണം “

ശോശാമ്മ പറഞ്ഞു.

കുറച്ചു സമയം കടന്നു പോയി.

ഇരുട്ടിനു കനം കൂടി വന്നു.

ഇപ്പോൾ അവളെവിടെ എത്തിയിട്ടുണ്ടാകും? പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ടാകുമോ? അതോ പോലീസ് ജീപ്പിൽ  പേടിച്ചിരിക്കുകയായിരിക്കുമോ? ആരും സഹായത്തിനില്ലാതെ…. കുറച്ചു മുൻപുവരെ തന്നോട് വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നവൾ, ഒച്ചയും അനക്കവുമില്ലാതെ കിടന്ന ഈ വീടിനെ ഉണർത്തിയവൾ…..നിസഹായാവസ്ഥയിൽ മനം നൊന്തിരിക്കുകയായിരിക്കും.

ടോമിച്ചൻ എഴുനേറ്റു.

“കതകടച്ചു കിടന്നോ, ഞാൻ കുറച്ചു താമസിക്കും “

ശോശാമ്മയോട് പറഞ്ഞിട്ട് ടോമിച്ചൻ ലോറിയിൽ കയറി.

കുന്നിന്മേൽ ബംഗ്ലാവിന് മുൻപിൽ ലോറി നിർത്തി ഇറങ്ങി ടോമിച്ചൻ ഗേറ്റ് കടന്നു ഉള്ളിലേക്ക് നടന്നു.

കോളിങ് ബെല്ലിന്റെ ശബ്‌ദം കേട്ടു കതകു തുറന്നത് റോണി  ആയിരുന്നു.

ടോമിച്ചനെ കണ്ടു അത്ഭുതത്തോടെ ചോദിച്ചു.

“ടോമിച്ചായാ, എന്തുപറ്റി? ഇപ്പോൾ, കയറി ഇരിക്ക് “

“എനിക്ക് അത്യാവശ്യമായി വക്കച്ചൻ മുതലാളിയെ ഒന്ന് കാണണം “

ടോമിച്ചൻ പറഞ്ഞു,

“അതിനെന്ത ടോമിചയാ, ഇപ്പോൾ വിളിക്കാം “

റോണി അകത്തേക്ക് പോയി അൽപ്പസമയത്തിനകം വക്കച്ചൻ പുറത്തേക്കു വന്നു.

“നീയെന്താ ടോമിച്ചാ പതിവില്ലാതെ ഈ സമയത്തു, എന്തുപറ്റി?”

ടോമിച്ചൻ നടന്ന കാര്യങ്ങൾ വക്കച്ചനെ പറഞ്ഞു കേൾപ്പിച്ചു.

“ടോമിച്ചാ, ആ പെൺകുട്ടിയെ അവർ അപയപെടുത്തും, സ്റ്റേഷനിൽ കൊണ്ടു ചെന്നിട്ടു അവർ ആ പെങ്കൊച്ചിനെ ഷണ്മുഖത്തിന് കൈമറിയാലോ, പിന്നെ ആ കൊച്ചിന്റെ പോടി കാണത്തില്ല, ഇവിടെനിന്നും കൊണ്ടുപോകാൻ സമ്മതിക്കരുതായിരുന്നു.”

വക്കച്ചൻ പറഞ്ഞു കൊണ്ടു കസേരയിൽ ഇരുന്നു.

“നിന്നെ ആ സ്ത്രീ വെല്ലുവിളിച്ച സ്ഥിതിക്ക് അവർ എന്തോ തന്തായില്ലായ്മ ഒപ്പിച്ചിട്ടുണ്ട്, നീ ഒരു കാര്യം ചെയ്യ്, ഈ രാത്രി ആ പെൺകൊച്ചു സ്റ്റേഷനിൽ സുരക്ഷിതയായിരിക്കണം. നമ്മുടെ കുറച്ചാളുകൾ അവിടെ ഉണ്ട് നീയും അങ്ങോട്ട്‌ ചെല്ല്, സ്റ്റേഷന്റെ പരിസരത്ത് നമ്മുടെ ആളുകൾ കാണും കൂടാതെ സ്റ്റേഷനിൽ  നമ്മുടെ ഒരു കോൺസ്റ്റബിൾ ഉണ്ട്. അയാളെ വിളിച്ചു കാര്യം പറഞ്ഞേക്കാം, എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അയാൾ അറിയിച്ചോളും. നേരം വെളുത്തു കഴിഞ്ഞാൽ എന്തെങ്കിലും പോംവഴി ഉണ്ടാക്കാം “

“ശരി, എന്നാൽ ഞാൻ കുമളിക്ക് ചെല്ലാം “പറഞ്ഞിട്ട് ടോമിച്ചൻ പോയി ലോറിയിൽ കയറി.. കുമളിക്ക് പോയി.

കുമളിയിൽ എത്തുമ്പോൾ ഒൻപതു മണി കഴിഞ്ഞു.

വക്കച്ചൻ പറഞ്ഞത് പോലെ സ്റ്റേഷൻ പരിസരത്ത് അവിടവിടെയായി കുറച്ചു പേർ ടോമിച്ചനെയും കാത്തു നിൽപ്പൂണ്ടായിരുന്നു.

ടോമിച്ചൻ കുറച്ചു ദൂരെ ലോറി ഒതുക്കിയിട്ടു അവർക്കടുത്തേക്ക് ചെന്നു.

ടോമിച്ചനെ കണ്ടു ഒരാൾ അടുത്തേക്ക് ചെന്നു.

“വക്കച്ചൻ മുതലാളി പറഞ്ഞ ആളുകളാ,ഞാൻ സുകു, ഇവിടുത്തെ സി ഐ രഘുവരൻ ഒരു പരനാറിയ, മാറ്റവന്മാരുടെ ഒറ്റുകാരനാ, അകത്ത് നമ്മുടെ ഒരു പോലീസുകാരനുണ്ട്, വിവരം പറഞ്ഞിട്ടുണ്ട്, ആ പെണ്ണ് അകത്ത് തന്നെയുണ്ട്, എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ പോലീസുകാരൻ അറിയിക്കും, ടോമിച്ചൻ പോയി ലോറിയിൽ ഇരുന്നോ, എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ അറിയിച്ചോളാം, ഒന്നും പേടിക്കണ്ട, ഞങ്ങളുണ്ട് കൂടെ “

സുകു പറഞ്ഞു.

ടോമിച്ചൻ ലോറിക്കരുകിലേക്ക് നടന്നു.

ഉള്ളിൽ കയറി സീറ്റിൽ കിടന്നു.

ആകെ ഒരു ശൂന്യത.

ജീവിതത്തിൽ ആദ്യമായാണ് മനസ്സ് ഇത്രയും അസ്വസ്ഥമാകുന്നത്.

എന്താണ് തനിക്കു സംഭവിക്കുന്നതെന്നു മനസിലാകുന്നില്ല.

എവിടെ നിന്നോ വന്നൊരു പെണ്ണ്, കുറച്ചുനാൾ വീട്ടിൽ കഴിഞ്ഞു. അത്രതന്നെ, അവളെക്കുറിച്ചു ആലോചിച്ചു എന്തിനു വേവലാതി പെടണം, അവൾ തനിക്കു , ആരുമല്ല… അപ്പോൾ പിന്നെ അവൾ തനിക്കാരാണ്…

ഓരോന്നാലോചിച്ചു കണ്ണടച്ചു…

ആരുടെയോ വിളികേട്ടാണ് ടോമിച്ചൻ കണ്ണുതുറന്നത്. എഴുനേറ്റു വണ്ടിയിൽ നിന്നും താഴെ ഇറങ്ങി,

സുകുവാണ്…..

“ടോമിച്ചാ, ഒരു പ്രശ്നമുണ്ട്, ആ പെങ്കൊച്ചിനെ രാത്രിയിൽ തന്നെ കമ്പത്തിന് കൊണ്ടുപോകാനാ പ്ലാൻ, കസ്റ്റഡിയിൽ എടുത്തതിനു തെളിവില്ല, കേസ് രജിസ്റ്റർ ചെയ്തിട്ടില്ല… ഇപ്പോൾ തന്നെ കുറച്ചാളുകൾ തേനിയിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്, കുറച്ചു സമയത്തിനുള്ളിൽ അവരെത്തി കൊണ്ടുപോകും. ഇവിടെവച്ചു തടയുന്നത് ബുദ്ധിയല്ല, ചെക്ക്പോസ്റ്റ് കഴിഞ്ഞു കുറച്ചു താഴേക്കുപോയി അധികം ആരും ശ്രെദ്ധിക്കാത്ത സ്ഥലത്തു നിന്നാൽ മതി. അവിടെ വച്ചു ഇവന്മാരെ ശരിയാക്കാം,”

സുകു പറഞ്ഞു.

“ശരി ഒരുപാടു പേര് പോകുന്നത് ആളുകൾ ശ്രെദ്ധിക്കും അതുകൊണ്ട് ടോമിച്ചൻ ഇവിടെ നിൽക്കുക, വേണ്ട സഹായം പോലീസുകാരൻ ചെയ്തുതരും. ചെക്ക്പോസ്റ്റ് കടന്നു നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്തു . ഞങ്ങൾ നാലഞ്ചു പേർ വെയിറ്റ് ചെയ്യാം. “

സുകുവും കൂട്ടരും വണ്ടിയിൽ കയറി ചെക്ക് പോസ്റ്റിലേക്ക് പോയി. അതേ സമയം ഒരു ബൊലേറോ ജീപ്പ് സ്റ്റേഷന് മുൻപിൽ വന്നു നിന്നു. അതിൽ നിന്നും ആജാനബാഹുക്കളായ അഞ്ചാറു പേർ ഇറങ്ങി. രണ്ടു പേർ സ്റ്റേഷനുള്ളിലേക്ക് ചെന്നു.

കുറച്ചു സമയത്തിനുള്ളിൽ അവർ തലമൂടിയ ഒരാളെ പൊക്കിയെടുത്തുകൊണ്ട് വന്നു ബൊലേരയുടെ പുറകിലെ ഡോർ തുറന്നു അകത്തേക്കു കയറി. ഡോർ അടഞ്ഞു.

സ്റ്റേഷന് പുറത്തേക്കു വന്ന സി ഐ രഘുവരൻ ഒന്ന് ചിരിച്ചു കൈപൊക്കി ബൊലേറയിൽ ഉള്ളവരോട് എന്തോ ആംഗ്യം കാണിച്ചു.

ടോമിച്ചൻ ലോറിയിൽ കയറി.

ബൊലേറോ ചെക്ക് പോസ്റ്റിലേക്ക് പോകാതെ നേരെ വന്നു തേക്കടി ഭാഗത്തേക്ക്‌ തിരിഞ്ഞു.

അപകടം മണത്ത ടോമിച്ചൻ ലോറി സ്റ്റാർട് ചെയ്തു ബൊലേറയ്ക്ക് പുറകെ നീങ്ങി……

                          (  തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!