തേക്കടി റോഡിലേക്ക് തിരിഞ്ഞ ബൊലേറോ ജീപ്പ് കുറച്ചു മുൻപോട്ടു പോയി സൈഡ് ഒതുക്കി നിന്നു.
ജീപ്പിന്റെ മുൻസീറ്റിൽ നിന്നും പുറത്തിറങ്ങിയ ഒരാൾ പരിസരം വീക്ഷിച്ചു കൊണ്ടു ഒരു സിഗററ്റിനു തീകൊളുത്തി വലിച്ചു.
ജീപ്പ് നിർത്തിയ ഉടനെ തന്നെ ടോമിച്ചനും ലോറി വഴിയുടെ സൈഡിൽ നിർത്തിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നും വരുന്ന ചരക്കു ലോറികൾ ധാരാളം കുമളി- കോട്ടയം റോഡിന്റെ വശങ്ങളിൽ പാർക്കുചെയ്തിരിക്കുന്നത് കൊണ്ടു ടോമിച്ചന്റെ ലോറി അയാൾ ശ്രെദ്ധിച്ചതില്ല. ടോമിച്ചൻ ലോറിയിൽ ഇരുന്നു അയാളുടെ നീക്കങ്ങൾ ഓരോന്നും നോക്കി കൊണ്ടിരുന്നു.
ജീപ്പിൽ ഏകദെശം ആറു പേരോളം ഉണ്ടെന്നു മനസ്സിലായി. ഇപ്പോൾ ഇവിടെ വച്ചു പ്രശ്നം ഉണ്ടായാൽ ബഹളം കേട്ടു ആളുകൾ കൂടും, മാത്രമല്ല പോലീസ് സ്റ്റേഷനും അടുത്താണ്. സി ഐ രഘുവരൻ അടക്കമുള്ളവരുടെ അറിവോടെ ആകുമ്പോൾ പ്രശ്നം ഉണ്ടായാലും ഇവർ രക്ഷപെടും. മാത്രമല്ല ജെസ്സിക്ക് അത് മാനകേട് ഉണ്ടാക്കും. ഒതുക്കത്തിൽ കാര്യം നടത്തണം. ആറു പേരെ ഒറ്റയ്ക്ക് നേരിടുക എന്നത് അത്രയും എളുപ്പമുള്ള കാര്യമല്ല.എങ്കിലും വേറെ നിവൃർത്തിയില്ലെങ്കിൽ പിന്നെ മുൻപും പിൻപും നോക്കാതെ കേറി അടിക്കുക…
തമിഴൻമാരുടെ ഇടയിൽ വീർപ്പുമുട്ടി നിസ്സഹായയായി ഇരിക്കുകയാകും ജെസ്സി ഇപ്പോൾ, അതോർത്തപ്പോൾ ടോമിച്ചന് ഒരസ്വസ്ഥത തോന്നി…
അവർ ജെസ്സിയെ എന്തെങ്കിലും ചെയ്യുമോ?വിവരവും വിദ്യഭ്യാസവും ഇല്ലാത്ത തമിഴ് ഗുണ്ടകളാണ്, എന്തും ചെയ്യാൻ മടിയില്ലാത്തവർ….
പെട്ടന്ന് കുമളി ഭാഗത്തുനിന്നും ഒരു കാർ പാഞ്ഞു വന്നു ബൊലേറയുടെ അടുത്ത് നിന്നു. പുറത്തു സിഗരറ്റും വലിച്ചു കൊണ്ടുനിന്ന തമിഴൻ കാറിന്റെ മുൻവശത്തു ചെന്നു കാറിനുള്ളിലിരിക്കുന്നവരോട് എന്തോ പറഞ്ഞിട്ട് തിരിച്ചു ചെന്നു ജീപ്പിൽ കയറി.
കാർ മുൻപോട്ടു നീങ്ങി, പുറകെ ജീപ്പും… ടോമിച്ചൻ ലോറി സ്റ്റാർട്ടാക്കി അവർക്കു പുറകെ ഒരു നിശ്ചിത അകലം പാലിച്ചു സംശയം തോന്നാത്ത വിധത്തിൽ നീങ്ങി.കുറച്ചു മുൻപോട്ടു പോയ കാർ ഉള്ളിലായി അടഞ്ഞു കിടക്കുന്ന ഒരു കെട്ടിടത്തിലേക്കു തിരിഞ്ഞു കയറി, പുറകെ ജീപ്പും.
കാറിൽ വന്നവർ ഇറങ്ങിയപ്പോൾ കെട്ടിടത്തിനു മുൻപിൽ തെളിഞ്ഞു കിടക്കുന്ന ബൾബിന്റെ വെളിച്ചത്തിൽ ടോമിച്ചൻ അവരെ വ്യെക്തമായി കണ്ടു.
ലൈസിയും മക്കളായ റോയിയും ജോർജിയും. കൂടെ ഒരാൾ കൂടിയുണ്ട്, അയാളുടെ കയ്യിൽ ഒരു ബാഗും. ജീപ്പിലുള്ളവരോട് എന്തോ പറഞ്ഞിട്ട് ലൈസിയും റോയിയും ജോർജിയും കെട്ടിടത്തിനുള്ളിലേക്ക് പോയി.
ജീപ്പിൽ വന്നവർ പുറത്തിറങ്ങി, പുറകിലെ ഡോർ തുറന്നു. മുഖം മൂടിയ ഒരാളെ ജീപ്പിന്റെ ഉള്ളിൽ നിന്നും പുറത്തേക്കു കൊണ്ടുവന്നു.ആ രൂപം പിടക്കുകയും കുതറുകയും ചെയ്യുന്നുണ്ടായിരുന്നു.അത് ജെസ്സിയാണെന്നു മനസ്സിലായ ടോമിച്ചന്റെ രക്തം തിളച്ചു!!
ലോറിയുടെ സീറ്റിനടിയിൽ നിന്നും ജാക്കി ലിവർ വലിച്ചെടുത്തു, ലോറിയിൽ നിന്നും ഇറങ്ങി. ഇരുളിന്റെ മറപറ്റി കെട്ടിടത്തിന്റെ ഭാഗത്തേക്ക് നടന്നു.
മുറ്റത്തു നിർത്തിയിട്ടിരിക്കുന്ന ജീപ്പിൽ ചാരിനിന്നു രണ്ടുപേർ സംസാരിച്ചു കൊണ്ടു നിൽക്കുന്നു.
മൂന്നുപേർ ജസ്സിയെയും കൊണ്ടു കെട്ടിടത്തിനകത്തേക്ക് പോയി.
കെട്ടിടത്തിന്റെ കയറി പോകുന്ന ഭാഗത്തുനിൽക്കുന്ന അരണമരത്തിന്റെ മറവിലെത്തി ടോമിച്ചൻ അവരെ സസൂക്ഷ്മം വീക്ഷിച്ചു.
ജീപ്പിൽ ചാരിനിന്നു സിഗരറ്റു വലിച്ചു കൊണ്ടു നിന്നവൻ കുറ്റി നിലത്തിട്ടു ചവുട്ടി കെടുത്തിയശേഷം കൂടെ നിന്നവനോട് എന്തോ പറഞ്ഞിട്ട് കെട്ടിടത്തിന്റെ ഇരുട്ടു വീണുകിടക്കുന്ന പുറകു വശത്തേക്ക് പോയി.
ടോമിച്ചൻ അരണമരങ്ങൾക്കിടയിലൂടെ കെട്ടിടത്തിന്റെ പുറകിലേക്ക് മെല്ലെ നീങ്ങി. മറ്റയാൾ ജീപ്പിന്റെ ഫ്രണ്ട് സീറ്റിൽ കയറി ഇരിക്കുകയാണ്.
പുറകിലെത്തിയ ടോമിച്ചൻ കണ്ടു.
ഒരു മരത്തിന്റെ കീഴിൽ ബീഡി വലിച്ചു കൊണ്ടു മൂത്രമൊഴിക്കുന്നു അയാൾ, ടോമിച്ചൻ പതിയെ അയാളുടെ പുറകിലെത്തിയതും തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ചു നിവർത്തി മിന്നൽ വേഗത്തിൽ അവന്റെ വാ മൂടി തോർത്തുകൊണ്ട് കഴുത്തിൽ ചുറ്റിപ്പിടിച്ചു. അടുത്തുനിന്ന മരത്തിൽ അവന്റെ തലച്ചേർത്തു ഒരിടി ഇടിച്ചു. തോർത്തുകൊണ്ട് വാ മൂടിപിടിച്ചതിനാൽ ശബ്‌ദം പുറത്തേക്കു വന്നില്ല. തിരിച്ചു നിർത്തി നാഭി നോക്കി മുട്ടുകാലുകൊണ്ട് ഒരിടിയും കൂടി കൊടുത്തതോടെ അവൻ ബോധശൂന്യനായി നിലത്തേക്ക് വീണു. അവനെ വലിച്ചു കൊണ്ടുപോയി കെട്ടിടത്തിന്റെ പുറകു വശത്തുള്ള മതിലിൽ നിന്നും എടുത്തു താഴെകിട്ടു.അയാൾ താഴെ ഇരുട്ടിലേക്കു ഉരുണ്ടുരുണ്ട് പോയി.
ടോമിച്ചൻ വേഗം തന്നെ ജീപ്പിന്റെ പുറകുവശത്തെത്തി, മുൻസീറ്റിൽ ഇരുന്നു ഉറക്കം തൂങ്ങുകയാണ് രണ്ടാമത്തെയാൾ.. ശബ്‌ദം ഉണ്ടാക്കാതെ മുൻസീറ്റിനടുത്തെത്തിയതും കയ്യിലിരുന്ന തോർത്ത് ചുരുട്ടി അവന്റെ വായിക്കകത്തേക്ക് തള്ളിക്കേറ്റി വച്ചതും മൂക്കും വായും പൊത്തി ആഞ്ഞോരിടി കൊടുത്തതും, ഒരുപോലെ ആയിരുന്നു.വലിച്ചു താഴെയിട്ടു,ജീപ്പിന്റെ ടയറിലേക്ക് ചേർത്തുവച്ചു ചവിട്ടും ഒരു തൊഴിയും കൊടുത്തു.കുതറുകയും ശബ്ദമുണ്ടാക്കാൻ നോക്കുകയും ചെയ്ത അവനെ വലിച്ചിഴച്ചു പുറകിലേക്ക് കൊണ്ടു പോയി അവിടെയിട്ടു നാലഞ്ചിടി കൂടി കൊടുത്തു. കൈരണ്ടും പുറകിലേക്ക് പിരിച്ചു, അഴ കെട്ടിയിരുന്ന കയർ വലിച്ചുപൊട്ടിച്ചു അത് വച്ചു അവന്റെ കൈ കെട്ടി. അവനെയും മതിലിൽ നിന്നും താഴെ ഇരുളിലേക്ക് എടുത്തിട്ടു…..
ടോമിച്ചൻ ഇരുളിന്റെ മറപറ്റി കെട്ടിടത്തിന്റെ മുൻഭാഗത്തേക്ക് ചെന്നപ്പോൾ അകത്തേക്ക് ജെസ്സിയെയും കൊണ്ടു പോയ തമിഴന്മാരിൽ ഒരാൾ കെട്ടിടത്തിന്റെ പുറത്തേക്കു വന്നു ജീപ്പിനടുത്തേക്ക് പോകുന്നത് കണ്ടു. കൂടെയുണ്ടായിരുന്നവരുടെ പേര് വിളിച്ചു ജീപ്പിന് ചുറ്റിനടന്നു നോക്കി. ആരെയും കാണാത്തതു കൊണ്ടു ഒരു തെറിയും പറഞ്ഞു അയാൾ റോഡിലേക്ക് നടന്നു….
ടോമിച്ചൻ പതിയെ കെട്ടിടത്തിന്റെ മുൻഭാഗത്തെ തുറന്നു കിടന്ന വാതിലിലൂടെ അകത്തേക്ക് കടന്നു. അകത്തെ മുറി ശൂന്യമായിരുന്നു, കൂടെ ഇരുട്ടും. മുകളിൾ നിലയിൽ നിന്നും നേർത്ത പ്രകാശം സ്റ്റൈയർകേസ് ഭാഗത്തുകൂടി താഴത്തെ മുറിലേക്ക് കടന്നു വരുന്നുണ്ട്.
ടോമിച്ചൻ ആ വെട്ടത്തിൽ മെല്ലെ സ്റ്റൈർകേസ് കയറി മുകളിലെത്തി. അങ്ങേ അറ്റത്തുള്ള മുറിയിൽ നിന്നും പ്രകാശം പുറത്തെ ഇടനാഴിയിലേക്ക് വീണു കിടപ്പുണ്ട്.
അതിൽ നിന്നും അവർ ആ മുറിയിലുണ്ട് എന്ന് ടോമിച്ചന് മനസ്സിലായി.ആ മുറിയുടെ മുൻപിലെത്തി പാതി തുറന്നു കിടക്കുന്ന ജനാലയുടെ ഇടയിലൂടെ അകത്തേക്ക് നോക്കി.
ലൈസിയും റോയിയും ജോർജിയും കസേരകളിൽ ഇരിക്കുന്നു, തമിഴന്മാർ രണ്ടു പേര് അവരുടെ സമീപത്തു ആഞ്ജനുവർത്തികളായി നിൽപ്പുണ്ട്, അവർക്കു മുൻപിൽ കിടക്കുന്ന കസേരയിൽ ജെസ്സിയെ ഇരുത്തി കൈകൾ പുറകിലേക്കാക്കി കെട്ടിവച്ചിരിക്കുകയാണ്. മുകളിൽ തെളിഞ്ഞു കിടക്കുന്ന ബൾബിന്റെ പ്രകാശം അവളുടെ മേൽ വീണുകിടക്കുന്നത് കൊണ്ടു ജെസ്സിയെ വ്യെക്തമായി കാണാമായിരുന്നു. മുഖത്തു അടിയേറ്റ് വീങ്ങിയ പാടുകൾ തെളിഞ്ഞു നിന്നു. അവളെ അവർ ഉപദ്രവിച്ചു എന്ന് വ്യെക്തം.
കയ്യിലിരുന്ന ജാക്കിലിവറിൽ ടോമിച്ചന്റെ കൈ മുറുകി.
അവളുടെ മുൻപിലേക്കു മറ്റൊരാൾ കസേരനീക്കിയിട്ടിരുന്നു, കയ്യിലിരുന്ന തടിച്ച ബുക്ക് നിവർത്തി വച്ചു.
“എടി ഒരുമ്പട്ടോളെ, ഞങ്ങൾ പറയുന്നത് അനുസരിച്ചാൽ നിനക്കിവിടന്നു ജീവനോടെ പോകാം, ഇല്ലെങ്കിൽ ഇ തമിഴന്മാർ നിന്നെ ഇവിടെയിട്ടു പിച്ചിച്ചീന്തും, നാളെ തമിഴ്നാട്ടിലെ എതെങ്കിലും അഴുക്കു ചാലിൽ നിന്റെ ശവം പട്ടിയും പൂച്ചയും കടിച്ചു വലിക്കും, അത് വേണ്ടങ്കിൽ മര്യാദക്ക് രജിസ്ട്രാർ പറയുന്ന സ്ഥലങ്ങളിൽ എല്ലാം ഒപ്പിട്ടോ, അതാ നിനക്ക് നല്ലത്, അല്യോടാ മക്കളെ “
അതും പറഞ്ഞു ലൈസി റോയിയെയും ജോർജിയെയും നോക്കി.
റോയി പോയി ജെസ്സിയുടെ വാ മൂടികെട്ടിയ തുണി അഴിച്ചു.
“ഇവിടെകിടന്നു ഒച്ചവെച്ചു ആളെക്കൂട്ടമെന്ന് നീ വിചാരിക്കണ്ട, ഒരു പട്ടികുറുക്കൻ പോലും നിന്റെ കരച്ചിൽ കേട്ടു വരത്തില്ല “
റോയി പറഞ്ഞു.
“നിന്റെയും നിന്റെ തള്ളയുടെയും ഉദ്ദേശം നടക്കാൻ പോകുന്നില്ലടാ പട്ടി,എന്റെ പപ്പയും മമ്മിയും അധ്വാനിച്ചുണ്ടാക്കിയതാ ഇതെല്ലാം, അവരുടെ മക്കൾക്കുവേണ്ടി, ഇപ്പോൾ അതിന്റെ അവകാശി ഞാൻ മാത്രമ, എന്നെ കൊന്നാലും നിന്റെ ഒന്നും ആഗ്രഹം നടക്കത്തില്ല, അതിന് വച്ച പരിപ്പ് നീയൊക്കെ അങ്ങ് വാങ്ങി വച്ചേക്ക് “
ജെസ്സി വീറോടെ പറഞ്ഞു.
ദേഷ്യവും സങ്കടവും ഭയവുമെല്ലാം അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു എന്ന് ടോമിച്ചന് തോന്നി.
താൻ നിൽക്കുന്നതിന്റെ കുറച്ചു മുൻപിലായി ഭിത്തിയിൽ മെയിൻ സ്വിച് ബോർഡ് ഇരിക്കുന്നത് ടോമിച്ചൻ കണ്ടു.
“എന്റെ കൊച്ചേ എനിക്ക് പോയിട്ട് വേറെ പണിയൊള്ളതാ, കൊച്ചു ഇവരുപറയുന്നത് കേട്ടു എല്ലാമങ്ങു എഴുതി കൊട്, നിനക്ക് ജീവിക്കാനുള്ളത് അവര് തരും, സമാധാനമായിട്ട് നിനക്കിഷ്ടമുള്ളയിടത്തുപോയി ജീവിക്കാം “
ജെസ്സിയുടെ മുൻപിലിരുന്ന രജിസ്ട്രാർ, പേന എടുത്തു ജെസിയുടെ നേരെ നീട്ടികൊണ്ട് പറഞ്ഞു.
ജെസ്സി അയാളെ കത്തുന്ന രീതിയിൽ നോക്കി.
“തനിക്കും ഭാര്യയും മക്കളും ഒക്കെയില്ലേ, ഗവണ്മെന്റ് ജോലിയിലിരുന്നു ഇതുപോലെയുള്ള കാട്ടുകള്ളന്മാർക്കും പിടിച്ചുപറികാർക്കും കൂട്ടികൊടുത്തു കാശുണ്ടാക്കാനാണോ ജനങ്ങളുടെ നികുതി പണമെടുത്തു ശമ്പളം തരുന്നത്,താനൊക്കെ പത്തു കാശിനു വേണ്ടി സ്വൊന്തം ഭാര്യയെയും മക്കളെയും കൂട്ടികൊടുക്കുവോ “
ജെസ്സി പറഞ്ഞു തീർന്നതും റോയി പാഞ്ഞു വന്നു അവളുടെ മുടിക്കുത്തിൽ പിടിച്ചു തല പുറകിലേക്ക് മലർത്തി.
“കഴുവേർടാ മോളേ, നിന്നോട് കൊണവതിയാരം പറയാനല്ല പറഞ്ഞത്, ഒപ്പിടാനാ “
റോയി അലറുന്ന സ്വരത്തിൽ പറഞ്ഞു.
“നീ എന്നെ കൊന്നാലും ഞാൻ ഒപ്പിടില്ല, എന്നെ കൊന്നു കളഞ്ഞേക്ക്, എനിക്കിനി ജീവിക്കണമെന്നില്ല “
അത് പറയുമ്പോൾ ജെസ്സിയുടെ സ്വരം ഇടറിയിരുന്നു.
“എങ്കിൽ നിന്നെ ഇനി ശരിക്കു സത്കരിക്കാൻ പോകുന്നത് ഇവന്മാര, ഈ തമിഴന്മാർ.കണ്ണിൽ ചോരയില്ലാത്തവന്മാർ എന്ന് കേട്ടിട്ടില്ലേ, ഇവന്മാരെ പോലെയുള്ളവരെ കുറിച്ച ആ പറയുന്നത് “
അതും പറഞ്ഞു ജോർജിയും ലൈസിയും മുറിയുടെ പുറത്തേക്ക് നടന്നു. അതുകണ്ടു ടോമിച്ചൻ അടുത്ത് കണ്ട തൂണിനു മറവിലേക്കു ഒതുങ്ങി നിന്നു. ഇടനാഴിയിലൂടെ ലൈസിയും ജോർജിയും താഴെക്കിറങ്ങിയതും നേരത്തെ പുറത്തേക്കു പോയ തമിഴൻ അകത്തേക്ക് കയറി വന്നു മുറിയിലേക്ക് കയറി. ടോമിച്ചൻ പെട്ടന്ന് ജനാലയുടെ അടുത്തേക്ക് നീങ്ങി.
റോയി തമിഴന്മാർക്ക് എന്തൊക്കെയോ നിർദേശം കൊടുക്കുകയാണ്. ജെസ്സിയുടെ മുഖത്തു ദുഃഖവും ഭയവും ഇടകലർന്ന ഒരു ഭാവം…
ഇനി നോക്കിനിന്നിട്ടു കാര്യമില്ലന്നു ടോമിച്ചന് തോന്നി.
മെയിൻ സ്വിച്ചിന്റെ അടുത്തേക്ക് ചെന്നു ഓഫാക്കി. കെട്ടിടം മുഴുവൻ ഇരുട്ടിലായി.
ചാരിയിരുന്ന വാതിൽ തള്ളിതുറന്നു അകത്തേക്ക് കയറിയ ടോമിച്ചൻ ജെസ്സിയിരുന്നിരുന്ന ഭാഗത്തേക്ക് നീങ്ങി. കസേരയോടെ വലിച്ചു ഭിത്തിയോടെ ചേർത്തിട്ട് തിരിഞ്ഞതും തമിഴന്മാർ നിന്ന ഭാഗം നോക്കി ജാക്കിലിവർ ആഞ്ഞു വീശി. ഇരുളിൽ നിലവിളി മുഴങ്ങി. മുറിക്കുള്ളിൽ നിന്നവർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിക്കാനുള്ള സമയം കിട്ടിയില്ല, അതിനുമുൻപ് അടികളേറ്റു നിലത്തു വീണു അവർ.. അടിയേറ്റ് നിലത്തു വീണ ഒരുത്തൻ ചാടിയേറ്റ് ലൈറ്റ്ർ കത്തിച്ചു. എന്നാൽ അപ്പോഴേക്കും മുഖമടിച്ചു ഇടിവീണു, ഒരലർച്ചയോടെ താഴേക്കു മറിഞ്ഞു.ടോമിച്ചന് അവന്റെ കയ്യിൽ പിടുത്തം കിട്ടി, പുറകിലേക്ക് തിരിച്ചു ഒരൊടി ഒടിച്ചു. അവനിൽ നിന്നും ഒരലർച്ച മുഴങ്ങി.
കുറച്ചു സമയം മുറിക്കുള്ളിൽ നിശബ്‌ദം ആയി….തലക്കും തോളെല്ലിനും അടിയേറ്റ് നിലത്തുകിടന്നിരുന്ന റോയി തപ്പിത്തടഞ്ഞു എഴുനേറ്റു ലൈറ്റ് കത്തിച്ചു.
മുറിക്കുള്ളിൽ നിലത്തു ബാക്കിയുള്ളവർ ചോരയൊലിപ്പിച്ചു കിടക്കുന്നു.
ജെസ്സിയെ മുറിക്കുള്ളിൽ കാണാനില്ല,മാത്രമല്ല രജിസ്ട്രാറെയും കാണാനില്ല!! വാതിൽക്കലേക്ക് നീങ്ങിയ റോയി വാതിൽ തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല, അത് പുറത്തുനിന്നു പൂട്ടിയിരുന്നു , അപ്പോഴേക്കും ടോമിച്ചൻ ഒരു കൈകൊണ്ടു ജെസ്സിയെ ചേർത്തു പിടിച്ചു,മറ്റേ കൈ കൊണ്ടു രജിസ്ട്രാരെയും വലിച്ചിഴച്ചു ലോറിയുടെ സമീപത്തെത്തിയിരുന്നു.
രജിസ്ട്രാറെ പൊക്കിയെടുത്തു ലോറിയിലേക്ക് ചാരി നിർത്തി.
“കഴുവേറി.. രജിസ്ട്രാറിന്റെ ജോലിയും രാത്രിയിൽ തെണ്ടിത്തരവും, എത്രയാളുകളെ ഇതുപോലെ കബളിപ്പിച്ചിട്ടുണ്ടെടാ, ഒപ്പിടാൻ പേനയെടുത്തു ഇവളുടെ നേരെ നീട്ടിയ നിന്റെ ഈ കൈകൾ ഇനി നേരെ ചൊവ്വേ വേണ്ട “
പറഞ്ഞതും രജിസ്ട്രാറിന്റെ കയ്യിൽ പിടിച്ചു പുറകിലേക്ക് തിരിച്ചൊടിച്ചു, നിലവിളിച്ച അയാളുടെ മുഖം ടാറിട്ട റോഡിൽ ഉരച്ചു.
“ഇനി ഇതുപോലെ ആർക്കെങ്കിലും ചെരക്കാൻ പോയാൽ പിന്നെ നീ ഈ ലോകത്തു കാണത്തില്ല, കേട്ടോടാ “
പറഞ്ഞതും ടോമിച്ചൻ അയാളെ പൊക്കിയെടുത്തു വഴിയുടെ സൈഡിലെ ചതുപ്പിലേക്കു ഒരേറു കൊടുത്തു,
ലോറിയിൽ കയറാൻ തുടങ്ങുമ്പോഴാണ് ഒരു ജീപ്പ് വന്നു നിന്നത്, അതിൽ നിന്നും സുകുവും നാലഞ്ചു പേരും ഇറങ്ങി.
“ടോമിച്ചാ, ആ സി ഐ രഘുവരൻ, കോൺസ്റ്റബിൾ ജോണിനെ കബളിപ്പിച്ചതാ, അതുകൊണ്ടാ ഞങ്ങൾക്ക് തെറ്റായ ഇൻഫർമേഷൻ കിട്ടിയത് ,അയാൾ വക്കച്ചൻ മുതലാളിയുടെ ആളാണെന്ന് സി ഐ ക്ക് മനസ്സിലായെന്നു തോന്നുന്നു. ഷണ്മുഖം അഞ്ചു ലക്ഷം രൂപയ കൂട്ടുനിന്നതിനു പരിതോഷികമായി രഘുവരന് കൊടുത്തിരിക്കുന്നത്.അയാൾ അതും കൊണ്ടു ഇപ്പോൾ വീട്ടിലേക്കു പോയിട്ടുണ്ട്.ഞങ്ങൾ എന്തെങ്കിലും ചെയ്യാനുണ്ടോ? ഇല്ലെങ്കിൽ വക്കച്ചൻ മുതലാളി വിളിച്ചു തെറി പറയും ഞങ്ങളെ “
സുകു പറഞ്ഞു…
“വേണ്ട… നിങ്ങള് പൊക്കോ, ഞാൻ തിരിച്ചു പോകുവാ, വേറെ കുഴപ്പമൊന്നുമില്ല “
ടോമിച്ചൻ ലോറിയിൽ കയറി സ്റ്റാർട്ട് ചെയ്തു മുൻപോട്ടെടുത്തു.
“നിന്നെ അവർ വല്ലാതെ ഉപദ്രേവിച്ചോ?നിനക്ക് ഹോസ്പിറ്റലിൽ വല്ലതും പോകണോ “
പോകുന്ന വഴിക്ക് ടോമിച്ചൻ ജെസ്സിയോട് ചോദിച്ചു
“അവന്മാർ കിട്ടിയ അവസരം പഴാക്കിയില്ല , കുറച്ചു ശ്വാസം മുട്ടി പോയി, പിന്നെ ആ രഘുവരൻ എന്നെ കുറച്ചു തല്ലി, ദേഹത്ത് അവിടവിടെയായി മുറിവുകളുണ്ട്,കുഴപ്പമില്ല, വീട്ടിലേക്കു പോകാം “
ജെസ്സി കവിളിൽ തടിച്ചുകിടന്ന പാടുകളിൽ തടവി കൊണ്ട് സങ്കടത്തോടെ പറഞ്ഞു.
“ഹോസ്പിറ്റലിൽ പോകണമെന്ന് പറഞ്ഞാലും ഈ പ്രേദേശത്തു നല്ലൊരു ഹോസ്പിറ്റലില്ല, പെരിയാർ അടച്ചുപൂട്ടിയില്ലേ, മറ്റൊന്ന് ശബരിമലയെക്കാളും വലിയൊരു കുന്നിന്റെ പുറത്താ ഇരിക്കുന്നത്, കയറ്റം കയറി അവിടെ ചെല്ലുമ്പോൾ തന്നെ രോഗികളുടെ പകുതി ജീവൻ പോകും, പിന്നെ കുറച്ചു പെട്ടിക്കടകൾ പോലുള്ള ക്ലിനിക്കുകളാ,ങ്ങാ ഇതൊക്കെ നിനക്ക് അറിയാവുന്നതല്ലേ ,”
ടോമിച്ചൻ ജെസ്സിയോട് പറഞ്ഞു കൊണ്ടു ലോറി ചവുട്ടി വിട്ടു…
“നിങ്ങളോട് ഒരു കാര്യം പറഞ്ഞാൽ ചെയ്തു തരുവോ,”
ജെസ്സിയുടെ ചോദ്യത്തിന് എന്താണ് എന്ന അർത്ഥത്തിൽ ടോമിച്ചൻ നോക്കി.
“അവനെ തല്ലണം, ആ സി ഐ രഘുവരനെ, എന്റെ ദേഹത്ത് കേറി പിടിച്ചവനാ, ഒരു പാട് വൃത്തികേടും പറഞ്ഞു, ഇനി അവൻ ഒരു പെണ്ണിന്റെ ദേഹത്തും അനുവാദമില്ലാതെ കൈ വെക്കരുത്, വണ്ടിപ്പേരിയാർ കഴിഞ്ഞു കുറച്ചു മുൻപോട്ടു പോയി, അകത്തേക്ക് കയറിയാണ് വീട്,അയാളും ഭാര്യയും മാത്രമാണ് അവിടെ ഉള്ളത്,തല്ലുന്നതു നിങ്ങളാണെന്നു അവനറിയരുത്, “
ജെസ്സി രോക്ഷത്തോടെ പറഞ്ഞു.
ടോമിച്ചൻ ഒന്നാലോചിച്ചു.
“നീ പറഞ്ഞിട്ട് ചെയ്തില്ലന്ന് വേണ്ട, പോകുന്നവഴി അവിനിട്ടു രണ്ടെണ്ണം കൊടുത്തിട്ടു പോകാം, എന്റെ വീട്ടുമുറ്റത്തു വന്നു ഷർട്ടിന്റെ കോളറിൽ കേറി പിടിച്ചപ്പം മുതൽ ഓങ്ങി വച്ചതാ അവനെ “
വണ്ടിപ്പേരിയാർ കഴിഞ്ഞു കുറച്ചു മുൻപോട്ടുപോയപ്പോൾ ജെസ്സി പറഞ്ഞ സ്ഥലത്തു ലോറി വഴിസൈഡിൽ ഒതുക്കി ഇട്ടു.
“നീ ലോറിയിൽ ഇരുന്നോ, ഇതുവഴി നേരെപോകുമ്പോൾ കാണുന്ന ആദ്യത്തെ വീടല്ലേ, ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരാം “
ലോറിയുടെ സൈഡിൽ നിന്നും ഒരു കമ്പിവടി വലിച്ചെടുത്തു കൊണ്ടു ടോമിച്ചൻ പറഞ്ഞു.
തോർത്തെടുത്തു കണ്ണുകൾ മാത്രം പുറത്തു കാണാവുന്ന രീതിയിൽ മുഖം മറച്ചു കെട്ടി.
അകത്തേക്ക് കിടക്കുന്ന വഴിയിലേക്ക് നടന്നു.
സി ഐ രഘുവരന്റെ വീടിന് മുൻപിൽ നിന്നു ടോമിച്ചൻ ചുറ്റുമൊന്നു നോക്കി. ഒറ്റതിരിഞ്ഞു ഇരിക്കുന്ന വീടായതിനാൽ അടുത്ത് മറ്റുവീടുകളോ വെളിച്ചമോ ഒന്നുമില്ല.
വീടിന്റെ വരന്തയിലേക്ക് കയറി കോളിങ് ബെല്ലിൽ അമർത്തി, തുടരെ തുടരെ കോളിങ് ബെല്ലിൽ അമർത്തിയപ്പോൾ വാതിൽ തുറക്കപ്പെട്ടു.
ഉറക്കച്ചടവോടെ രഘുവരൻ കോട്ടുവായിട്ടുകൊണ്ട് മുറ്റത്തു നിൽക്കുന്നയാളെ നോക്കി.
ഏതവനാടാ ഈ അസമയത് , ഈ പാതിരാത്രിയാണോ നിന്റെ പരാതിയുമായിട്ടു വന്നിരിക്കുന്നത്,പോയിട്ട് നേരം വെളുത്തിട്ടു വാടാ പുല്ലേ “
രഘുവരൻ ക്ഷോഭത്തോടെ മുരണ്ടു .
ടോമിച്ചൻ രഘുവരന്റെ മുൻപിലേക്കു കുറച്ചു കൂടി അടുത്തുനിന്നു.
“ഞാൻ നിന്റെ ചത്തുപോയ തന്ത, നിന്നെ കൂട്ടികൊണ്ട് പോകാൻ വന്നതാ, നരകത്തിലോട്ടു,സമയം കളയാനില്ല, വേഗം പോയേക്കാം “
പറഞ്ഞതും പുറകിൽ മറച്ചു വച്ചിരുന്ന കമ്പിവടിയെടുത്തു വീശി ഒരടി.
അപ്രതീക്ഷമായ അടിയേറ്റു നിലവിളിയോടെ രഘുവരൻ മുറിക്കുള്ളിലേക്ക് തെറിച്ചു. ചാടികേറി മുറിക്കുള്ളിലെത്തിയ ടോമിച്ചനെ രഘുവരൻ കാലുയർത്തി ചവുട്ടി. ചവുട്ടിയ കാലിൽ പിടിച്ചു ടോമിച്ചൻ രഘുവരെനെ തലകീഴായി പൊക്കി നിലത്തൊരു കുത്തു കുത്തി. അയാളിൽ നിന്നും ഒരു കരച്ചിലമർന്നു.
ടോമിച്ചൻ കമ്പിവടികൊണ്ട് രഘുവരന്റെ കയ്യിലും കാലിലും മാറി മാറി അടിച്ചു. വേദനകൊണ്ട് രഘുവരൻ നിലവിളിച്ചു, അതുകേട്ടു മുറിയിലേക്ക് വന്ന ഭാര്യ തലമൂടിയ ഒരാൾ തന്റെ ഭർത്താവിനെ മർദിക്കുന്നത് കണ്ടു ഭയന്ന് അലറി കരഞ്ഞു.
“മിണ്ടിപ്പോകരുത്, നിങ്ങളെ വീട്ടിലിരുത്തി നാടുമുഴുവൻ പെണ്ണുങ്ങളെ അന്വേഷിച്ചു നടപ്പാ ഇവന്റെ ജോലി, നാളെ തന്നെ ഇവനെ ഇവിടെ ഇട്ടിട്ടു രക്ഷപെട്ടോണം പെങ്ങളെ, ഇവനെക്കൊണ്ട് ഇനി ഒന്നിനും കൊള്ളില്ല “
പറഞ്ഞതും രഘുവരന്റെ നാഭി നോക്കി ആഞ്ഞൊരു ചവുട്ടും കൊടുത്തു. രഘുവരൻ നിലത്തു കിടന്നു വേദനകൊണ്ട് ഒരു പുഴുവിനെ പോലെ പുളഞ്ഞു.
“ഇവനിന്നു ഇവിടെ കൊണ്ടുവന്ന ആ അഞ്ചുലക്ഷം രൂപ ഇങ്ങോട്ട് എടുത്തോണ്ട് വാ മര്യാദക്ക്, എന്റെ സ്വഭാവം മോശമാക്കാതെ “
ടോമിച്ചൻ ആഞാപിച്ചു, അനുസരിച്ചില്ലങ്കിൽ അയാൾ തന്നെയും കൊല്ലാകൊല ചെയ്യുമെന്ന് രഘുവരന്റെ ഭാര്യക്ക് തോന്നി..
അവർ വേഗം അകത്തേക്കുപോയി ഒരു ബാഗുമായി വന്നു ടോമിച്ചനെ ഏൽപ്പിച്ചു.
ബാഗുമായി ടോമിച്ചൻ നിലത്തുകിടന്നു പുളയുന്ന രഘുവരന്റെ അടുത്തേക്ക് ചെന്നു.
“നിന്റെ ഇ ബാഗിലുള്ള കാശു ഞാനെടുക്കുവാ, ഇതിന്റെ പേരിൽ നീ എതെങ്കിലും തെണ്ടിത്തരത്തിനിറങ്ങിയാൽ കൊന്നു കളയും നിന്നെ, സുഖപ്പെടുന്ന അന്ന് തന്നെ ട്രാൻസ്ഫറും മേടിച്ചു ഇ ഇടുക്കിയിൽ നിന്ന് വിട്ടോണം.പിന്നെ നിന്നെ ഈ പരിസരത്ത് കണ്ടുപോകരുത് വീണ്ടും എന്നെ വരുത്തരുത് “
പറഞ്ഞിട്ട് രഘുവരനെ പൊക്കിയെടുത്തു സോഫയിലേക്കിട്ടു.
ടോമിച്ചൻ പോകുവാനായി വാതിൽക്കലേക്കു നടന്നു.
വാതിൽക്കലെത്തി തിരിഞ്ഞു രഘുവരനെ നോക്കി.
“പിന്നെ രഘുവരാ, നിന്നോട് ഒരു കാര്യം,” തന്തയില്ല തരം കാണിക്കാൻ തോന്നുമ്പോൾ തലേന്ന് പറഞ്ഞേക്കണം ” ഒന്നൊരുങ്ങി ഇരിക്കാനാ..”
ടോമിച്ചൻ ബാഗുമായി പുറത്തേക്കിറങ്ങി നടന്നു.
പോയിട്ട് കുറച്ചുനേരമായിട്ടും ടോമിച്ചനെ കാണാതെ എന്ത് ചെയ്യണമെന്നറിയായതെ ജെസ്സി പകച്ചിരിക്കുമ്പോഴാണ് ടോമിച്ചൻ ലോറിയുടെ സമീപത്തെത്തിയത്.
കയ്യിലിരുന്ന ബാഗ് ക്യാബിനുള്ളിലേക്ക് ഇട്ടു, ലോറിയിൽ കയറിമുൻപോട്ടെടുത്തു.
“അവനെ ചവുട്ടി കൂട്ടിയോ, അത് കാണാൻ എനിക്ക് പറ്റിയില്ലല്ലോ “
ജെസ്സി ആകാംഷയോടെ ടോമിച്ചനെ നോക്കി.
“ജീവിതത്തിൽ അവൻ എഴുനേറ്റു നടക്കുമോ എന്ന് സംശയമ, ഷണ്മുഖം അവന് പരിതോഷികം കൊടുത്ത ആ അഞ്ചുലക്ഷം രൂപയും ഞാനിങ്ങെടുത്തു.”
ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി അത്ഭുതത്തോടെ നോക്കി.
“നിങ്ങള് സൂപ്പറാ കേട്ടോ, കാക്കയുടെ വിശപ്പും മാറി, പശുവിന്റെ കടിയും തീർന്നു ,എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും നല്ലവനാ നിങ്ങൾ ,”.
ജെസ്സി പറഞ്ഞു കൊണ്ടു സീറ്റിലിരുന്ന ബാഗ് എടുത്തു സീറ്റിനിടയിലേക്ക് വച്ചു.
പുലർച്ചെ മൂന്നുമണി ആയപ്പോൾ കുട്ടിക്കാനത്തെത്തി, മൂടൽ മഞ്ഞ് പുതച്ചു സുഖനിദ്രയിൽ ആണ് പ്രദേശം.
വീട്ടു മുറ്റത്തു ലോറി വന്നു നിൽക്കുന്ന ശബ്‌ദം കേട്ടു പായിൽ ഓരോന്നും ആലോചിച്ചു ഉറക്കമില്ലാതെ കിടന്നിരുന്ന ശോശാമ്മ ചാടി എഴുന്നേറ്റു കതകു തുറന്നു പുറത്തേക്കു വന്നു.
ജെസ്സിയെ കണ്ടു ശോശാമ്മയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു.
ജെസ്സി ഓടി വന്നു ശോശാമ്മയെ കെട്ടിപിടിച്ചു.
“അമ്മ ഉറങ്ങിയില്ലായിരുന്നോ “
ജെസ്സി ശോശാമ്മയുടെ മുഖത്തേക്ക് നോക്കി.
“നിന്നെ കുറിച്ചോർത്തു കിടന്നത, ഉറക്കം വന്നില്ല, നിനക്കെന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയായിരുന്നു ഉള്ളു നിറയെ.എന്തായാലും ഒരേനക്കേടും സംഭവിക്കാതെ മോളിങ്ങു വന്നല്ലോ, കർത്താവിനു നന്ദി.”
ജെസ്സിയെയും കൊണ്ടു ശോശാമ്മ അകത്തേക്ക് പോയി.
“മോളേ ആരെങ്കിലും ഉപദ്രേവിച്ചോ ഈ മുഖതെന്താ തല്ലുകിട്ടിയപോലെ പാടുകൾ തിണർത്തു കിടക്കുന്നത്.കയ്യൊക്കെ മുറിഞ്ഞിട്ടുണ്ടല്ലോ “
ശോശാമ്മ സങ്കടത്തോടെ ജെസ്സിയുടെ കവിളിൽ തഴുകികൊണ്ട് ചോദിച്ചു.
“ങ്ങാ കുറച്ച് സാരമില്ല അമ്മച്ചി,ഇങ്ങനൊക്കെ അനുഭവിക്കണം എന്നായിരിക്കും എന്റെ വിധി, എനിക്കെന്റെ അമ്മച്ചീടെ അടുത്ത് തിരിച്ചുവരാൻ കഴിഞ്ഞല്ലോ, അത് തന്നെ ഭാഗ്യം,അമ്മച്ചി വാ കിടക്കാം, ഇന്നെനിക്കു എന്റെ അമ്മച്ചീടെ അടുത്ത് കിടക്കണം, കെട്ടിപിടിച്ചു, ഒരു പെൺകുട്ടിക്ക് അമ്മേടെ സാമീപ്യവും കരുതലും ആണ് ലോകത്തിലെ ഏറ്റവും വലിയ സംരക്ഷണം “
പായിൽ ശോശാമ്മയെ കെട്ടിപിടിച്ചു കിടന്നു ജെസ്സി, ഒരു കുഞ്ഞിനെപോലെ, ശോശാമ്മ അവളെ തന്നോട് ചേർത്തു പിടിച്ചു !അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ പായിൽ വീണു കുതിർന്നു.
രാവിലെ കട്ടൻകാപ്പിയുമായി വരാന്തയിലേക്ക് വന്ന ജെസ്സി അവിടെ ടോമിച്ചനെ കണ്ടില്ല.വീടിന് ചുറ്റും നോക്കിയെങ്കിലും അവിടെയെങ്ങും കണ്ടില്ല..
അപ്പോൾ ടോമിച്ചൻ വക്കച്ചൻ മുതലാളിയുടെ ബംഗ്ലാവിന് മുൻപിൽ തലേ ദിവസത്തെ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.കാര്യങ്ങൾ കേട്ട ശേഷം വക്കച്ചൻ മുതലാളി ടോമിച്ചനെ നോക്കി.
“ആ സി ഐ യെ ചവുട്ടിയൊടിച്ചത് നന്നായി, ഇനി അവന്റെ ശല്യം ഉണ്ടാകാതില്ലല്ലോ, ആ പെണ്ണുമ്പിള്ളയും മക്കളും കള്ളകേസുമായി ഇങ്ങോട്ട് വരുന്നതിനു മുൻപ് അങ്ങോട്ട് പോകുന്നതാണ് നല്ലത്.”
“മുതലാളി എന്താ ഈ പറഞ്ഞു വരുന്നത് “
ടോമിച്ചൻ മനസ്സിലാകാതെ വക്കച്ചനെ നോക്കി.
“ജെസ്സിയുടെ എല്ലാ സ്വത്തുക്കളും അവളുടെ അപ്പന്റെ പേരിൽ തന്നെ അല്ല്യോ, അപ്പോ ജെസ്സിയോട് അവിടെ പോയി അങ്ങ് താമസിക്കാൻ പറ, നീയും കുറച്ച് ദിവസം അവിടെ തങ്ങി എങ്ങനെയെങ്കിലും ആ മാരണങ്ങളെ അവിടെ നിന്നും ഓടിക്കാൻ നോക്ക്, സ്വന്തം വീടും സ്വത്തും ഇട്ടെറിഞ്ഞു നിന്റെ അടുത്ത് വന്നു കിടന്നാൽ, ചോദിക്കാനും പറയാനും ആളില്ലന്ന് മനസിലായാൽ, കിട്ടുന്നതും കൊണ്ടു അവരങ് പോകും, ജെസ്സിയെ പറഞ്ഞു കാര്യങ്ങൾ ബോധ്യപെടുത്തി കൊടുക്ക്, എന്തുവന്നാലും ആ വീട്ടിൽ തന്നെ കഴിയാൻ പറ, ഞാൻ രണ്ടുവണ്ടി ആളുകളെ അങ്ങോട്ട് വിട്ടേക്കാം,നിനക്കൊരു സഹായത്തിന് “
വക്കച്ചൻ മുതലാളി പറഞ്ഞതിൽ വാസ്തവം ഉണ്ടെന്നു ടോമിച്ചന് തോന്നി.
“എന്നാൽ അങ്ങനെ ചെയ്യാം, അല്ലേ മുതലാളി “
ടോമിച്ചൻ ചോദിച്ചു.
“നീ ധൈര്യമായി ചെയ്തോ, നിന്റെ ഒപ്പം ഈ വക്കച്ചൻ മുതലാളി ഉണ്ട്, എന്തിനും “
വക്കച്ചൻ ടോമിച്ചന്റെ തോളിൽ തട്ടി.
വീടിന് മുൻപിൽ ലോറി നിർത്തി ടോമിച്ചൻ ഇറങ്ങിയപ്പോൾ ജെസ്സി കിണറിൽ നിന്നും വെള്ളം കോരുന്നത് നിർത്തി അങ്ങോട്ട് ചെന്നു.
“ഇത്രയും രാവിലെ ഇതെങ്ങോട്ട് പോയി, കാപ്പിയുമായി വന്നപ്പോൾ കണ്ടില്ലല്ലോ “?
ജെസ്സി ടോമിച്ചനെ നോക്കി.
“ആ വക്കച്ചൻ മുതലാളിയുടെ വീട് വരെ പോയതാ… ഒരു കാര്യം ഉണ്ടായിരുന്നു “
ടോമിച്ചൻ പോയി തൊട്ടിയിലിരുന്ന വെള്ളമെടുത്തു മുഖം കഴുകി, തോർത്തുകൊണ്ട് തുടച്ചു.
“റോണിയും സെലിനും എന്ത് പറയുന്നു, സുഖമായി ഇരിക്കുന്നോ “?
ജെസ്സി ആകാംഷയോടെ ടോമിച്ചനെ നോക്കി.
“അവർക്കു കുഴപ്പമൊന്നുമില്ല, അവരെല്ലാവരും ഇപ്പോൾ ഒറ്റകെട്ടല്ലേ..”
ടോമിച്ചൻ പോയി വരാന്തയിൽ ഇരുന്നു.
ജെസ്സി പോയി ഗ്ലാസിൽ കാപ്പിയുമായി വന്നു.
“സെലിന്റെ വീട്ടുകാര് പ്രശ്നത്തിന് മറ്റോ വന്നോ “
കാപ്പികുടിച്ചു കൊണ്ടു ടോമിച്ചൻ ഇല്ലെന്നു പറഞ്ഞു.
“പിന്നെ നിന്നോടൊരു കാര്യം പറയാനുണ്ട്, വക്കച്ചൻ മുതലാളിയും പറഞ്ഞത് അതാ “
ഗ്ലാസുമായി അകത്തേക്ക് പോകുവാൻ തുടങ്ങിയ ജെസ്സി എന്താണെന്ന ഭാവത്തിൽ തിരിഞ്ഞു നോക്കി.
“ഇന്നുതന്നെ നീ കുമളിക്ക് പോകണം, നിന്റെ വീട്ടിൽ പോയി താമസം തുടങ്ങണം, അല്ലെങ്കിൽ വീണ്ടും ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായികൊണ്ടിരിക്കും “
ടോമിച്ചൻ പറഞ്ഞത് കേട്ടു ഭയത്തോടെ ജെസ്സി നോക്കി.
“അവരുടെ കൂടെ പോയി എങ്ങനെ ജീവിക്കാൻ, ഇന്നലെത്തന്നെ എന്നെ കൊല്ലാൻ നോക്കിയവരാ അവർ, ഞാനവിടെ ചെന്നാൽ പിറ്റേദിവസം എന്റെ ശവമടക്ക് നടത്തും അവർ…!”
ജെസ്സി പറഞ്ഞു കൊണ്ടു ഭിത്തിയിൽ ചാരി നിന്നു.
“അതിന് നിന്നെ ഒറ്റക്കല്ല വിടുന്നത് ഞാനും വരുന്നുണ്ട്, ഒരാഴ്ചക്കുള്ളിൽ അവരെ അവിടെനിന്നും ചവുട്ടി പുറത്താക്കി ശുദ്ധികലശം ചെയ്യണം,എന്നിട്ട് വേണം എനിക്ക് തിരിച്ചു വരാൻ. അല്ലെങ്കിൽ നിന്റെ സ്വത്തുക്കളും കൊണ്ടു അവര് സുഖിച്ചു ജീവിക്കും, കോടീശ്വരി ആയ നീ ഒന്നുമില്ലാത്തവളെ പോലെ അവരെ പേടിച്ചു ഇവിടെകിടന്നു നരകിക്കേണ്ടി വരും. പേടിച്ചോടിയാൽ എവിടം വരെ ഓടും, ഇങ്ങോട്ടാക്രമിക്കുന്നതിന് മുൻപ് അങ്ങോട്ട് ചെല്ലുന്നതാ നല്ലത്, രണ്ടിലൊന്ന് നടക്കും, വക്കച്ചൻ മുതലാളിയുടെ ആളുകളും അവിടെ സഹായത്തിനുണ്ടാകും “
ടോമിച്ചൻ കൂടെ വരുന്നു എന്ന് കേട്ടപ്പോൾ ജെസ്സിയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു.
“നിങ്ങള് കൂടെ വരുമെങ്കിൽ ഏതു നരകത്തിൽ പോകാനും ഞാൻ തയ്യാറാ, പിന്നെ പോകുമ്പോൾ എന്റെ കൂടെ അമ്മകൂടി വരണം, അവിടെ അമ്മ എനിക്കൊരാശ്വാസം ആയിരിക്കും, അമ്മയെ പിരിഞ്ഞിരിക്കാൻ എനിക്ക് പറ്റത്തില്ല “
ജെസ്സി പറഞ്ഞു കൊണ്ടു ടോമിച്ചനെ നോക്കി.
“നീ നരകത്തിലോട്ടു പോകാമെന്നല്ലേ പറഞ്ഞത്, അപ്പോൾ എന്റെ അമ്മയെയും നിനക്ക് കൂടെ കൂട്ടണം അല്ലേ “
ടോമിച്ചനെ ജെസ്സി സൂക്ഷിച്ചു നോക്കി.
“നിങ്ങക്കപ്പോൾ തമാശയൊക്കെ പറയാനറിയാം അല്ലേ “
അതിന് മറുപടി പറയാതെ ടോമിച്ചൻ എഴുനേറ്റു.
“എങ്കിൽ പോകാൻ തയ്യാറായിക്കോ, ഇന്ന് തന്നെ, നിയമപരമായ കാര്യങ്ങളൊക്കെ വക്കച്ചൻ മുതലാളിയുടെ വക്കീൽ ചെയ്തോളും “
ടോമിച്ചൻ ലോറിയുടെ അടുത്ത് ചെന്നു ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ചു.
അടുക്കളവാതിൽക്കൽ കറിക്കരിഞ്ഞു കൊണ്ടു നിൽക്കുകയായിരുന്ന ശോശാമ്മയുടെ അടുത്തേക്ക് ജെസ്സി ചെന്നു കാര്യങ്ങൾ പറഞ്ഞു.
“അമ്മച്ചി എന്റെ കൂടെ വരണം, ഇല്ലെങ്കിൽ ഞാൻ പോകത്തില്ല, ഞാനെവിടെയുണ്ടോ, അവിടെ എന്റെ അമ്മച്ചി ഉണ്ടാകണം, അതാ എന്റെ സന്തോഷം “
പറഞ്ഞിട്ട് പ്രതീക്ഷയോടെ ശോശാമ്മയെ നോക്കി.
“അമ്മ വരാം മോളേ, എന്റെ മോളാ നീ, നിന്റെ നന്മയും സന്തോഷവുമാ ഇ അമ്മച്ചിക്ക് വേണ്ടത് “
ജെസ്സി ശോശാമ്മയെ കെട്ടിപിടിച്ചു.
ഉച്ചക്ക് മുൻപുതന്നെ പോകാൻ ജെസ്സിയും ശോശാമ്മയും റെഡിയായി.
ഇറങ്ങാൻ നേരം ജെസ്സി ഒരു വലിയ പ്ലാസ്റ്റിക് കൂട് കൊണ്ടുവന്നു ടോമിച്ചന്റെ മുൻപിൽ വച്ചു.
“ലൈസിയാന്റിയും മക്കളും പറഞ്ഞത് ശരിയാ, അവരുടെ കുറച്ച് ആഭരണങ്ങൾ ഞാൻ എടുത്തു ദേഹത്തിട്ടിരുന്നു, കുറച്ച് കാശും എടുത്തിരുന്നു, എങ്ങോട്ടെങ്കിലും രക്ഷപെടാൻ നോക്കിയിരുന്നപ്പോഴാ അവരെന്നെ കൊണ്ടുപോകാൻ നോക്കിയത്, ഇതെല്ലാം അവർ എന്റെ കാശുകൊണ്ട് വാങ്ങിയതാ, എവിടെയെങ്കിലും പോയാൽ കഴിയണ്ടേ, അതിന് കാശ് വേണ്ടേ, അതുകൊണ്ടെടുതാ “
ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ അവളെ ആദ്യം കാണുന്നതുപോലെ നോക്കി.
“നീ ആണ് പെണ്ണ്, ചാകാൻ പോയപ്പോഴും ഒരു കരുതലിനു സ്വർണ്ണവും പണവും എടുക്കാൻ തോന്നിയ നിന്റെ മനസ്സിനെ അംഗീകരിച്ചു കൊടുക്കണം, വിദേശത്തുനിന്നും നാട്ടിലെത്തുന്ന ചില പെണ്ണുങ്ങളെ വിമാനത്താവളത്തിൽ സ്കാൻ ചെയ്യുമ്പോ കസ്റ്റംസുകാര് ഞെട്ടുവാ, ഇവളുമാരുടെ ശരീരത്തിന്റെ പറയാൻ കൊള്ളാത്ത ഭാഗത്തു ഇരിക്കുന്ന കിലോ കണക്കിനു സ്വർണ്ണം കാണുമ്പോൾ , ഒളിച്ചുകടത്താൻ പെണ്ണുങ്ങൾക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാ…”
ടോമിച്ചൻ അഴയിൽ നിന്നും ഒരു ഷർട്ട് എടുത്തിട്ടു.
“ഞാനൊന്നും ഒളിച്ചു കടത്തിയിട്ടില്ല, ഞാനെടുത്തതെല്ലാം എന്റേത് തന്നെയാ, പിന്നെ ആണായാലും പെണ്ണായാലും ശരീരത്തിൽ പറയാൻ കൊള്ളാത്ത ഭാഗം എന്നൊന്നില്ല, ദൈവം തന്നിരിക്കുന്ന അവയവങ്ങളെല്ലാം ആരോഗ്യത്തോടെ ജീവിക്കാൻ അത്യാവശ്യമാ, അതിലൊന്ന് കുറഞ്ഞാൽ അത് വൈകല്യമാകും കേട്ടോ “
ജെസ്സി ചിരിച്ചു കൊണ്ടു പറഞ്ഞു.
“ഞാൻ പത്രത്തിൽ കണ്ട വാർത്തയുടെ കാര്യമാ പറഞ്ഞത്, കൊള്ളുന്നതും കൊള്ളാത്തതും ഏതാണെന്നു തിരക്കി ഞാൻ പോയിട്ടില്ല,നിന്റെ സാധനങ്ങൾ എടുക്കാനുള്ളതെല്ലാം എടുത്തോണം, പിന്നെ അത് കണ്ടില്ല, ഇതു കണ്ടില്ല എന്നൊന്നും പറഞ്ഞേക്കരുത്,”
ടോമിച്ചൻ പറഞ്ഞിട്ട് ലോറിയിൽ കേറി സ്റ്റാർട്ടാക്കി തിരിച്ചു നിർത്തി.അപ്പോഴേക്കും ശോശാമ്മ വീട് അടച്ചു പൂട്ടി ലോറിക്കരുകിലേക്ക് വന്നു.
ടോമിച്ചൻ ശോശാമ്മയെ ക്യാബിനിൽ കയറ്റി ഇരുത്തി.
“എനിക്കൊരാഗ്രഹം, എന്നെയും ഒന്നെടുത്തു അകതിരുതാമോ, ഒരു പാവം പെണ്ണിന്റെ മോഹമാണ്, തട്ടികളയരുത്, പെണ്ണിന്റെ മനസ്സ് വേദനിപ്പിച്ചാൽ, അവളുടെ സ്നേഹം അവഗണിച്ചാൽ അത് കൊടിയ പാപമാണ്, പെൺശാപം ഉഗ്രശക്തി ഉള്ളതാണ്, അറിയത്തില്ലെങ്കിൽ അറിഞ്ഞോ, അപ്പോ എങ്ങനെയാ എടുക്കുകയല്ലേ “
ജെസ്സി ടോമിച്ചന്റെ അടുത്ത് ചെന്നു പതുക്കെ പറഞ്ഞു ടോമിച്ചന് എടുത്തുയർത്താൻ പാകത്തിൽ ചെരിഞ്ഞു നിന്നു.
ടോമിച്ചൻ അത് കേട്ടതായി ഭവിക്കാതെ മറുവശത്തു ചെന്നു ഡ്രൈവിംഗ് സീറ്റിൽ കയറി.
“ദുഷ്ടൻ,എന്ത് പറഞ്ഞാലും തലയിൽ കേറില്ലല്ലോ,”
പിറുപിറുത്തു കൊണ്ടു ജെസ്സിയും ലോറിയിൽ കയറി ശോശാമ്മയുടെ അടുത്തിരുന്നു.
കുട്ടിക്കാനത്തോട് താത്ക്കാലം വിടപറഞ്ഞു കൊണ്ടു അവർ കുമളിയിലേക്ക് യാത്ര തിരിച്ചു…..
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission