Skip to content

കാവൽ – 12

kaaval

സി ഐ ഫിലിപ്പോസിന്റെ കൈ തോളിൽ നിന്നും എടുത്തു മാറ്റി ടോമിച്ചൻ തിരിഞ്ഞു.

“സാറെ… മനസമാധാനമായി കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നവനാ ഞാൻ.. ഒരു പാട് കഷ്ടപ്പെട്ടു. ദാരിദ്രം ഒരുപാടു അനുഭവിച്ചിട്ടുണ്ട്..എന്ന് വച്ചു ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് നരകിച്ചു ജീവച്ചോളാം എന്ന് ഞാനാർക്കും വാക്ക് കൊടുത്തിട്ടില്ല. അത് മനസിലാക്കിയ കർത്താവ്  എന്നോട് പറഞ്ഞു..

“എടാ ഉവ്വേ… നിന്റെ ഈ കഷ്ടപാട് കണ്ടു എനിക്ക് സഹിക്കുന്നില്ലടാ.. അതുകൊണ്ടു നിനക്ക് ഞാൻ മാർഗ്ഗം കാണിച്ചു തരും. അതിലൂടെ നീ നിനക്കുള്ള ചങ്കൂറ്റവും തന്റെടവും കൊണ്ടു  ലക്ഷ്യത്തിൽ എത്തി,  നീയും നിന്റെ വീട്ടുകാരും സുഖിക്കടാ ടോമിച്ചാ എന്ന്.”

പറഞ്ഞിട്ട് തലയിൽ വട്ടത്തിൽ കെട്ടിയിരുന്ന തോർത്ത്‌ അഴിച്ചു തോളത്തിട്ടു.

“ഇനി സി ഐ സാറെ ടോമിച്ചൻ ബഹുമാനിച്ചില്ല എന്ന് പറഞ്ഞേക്കരുത് .”

സി ഐ ഫിലിപ്പോസിനെ നോക്കി ഒന്ന് ചിരിച്ചിട്ട് ടോമിച്ചൻ തുടർന്നു.

“അപ്പോ സാറെ, നമ്മള് പറഞ്ഞു നിർത്തിയത് കർത്താവ് പറഞ്ഞാ കാര്യമല്ലേ, ആ എന്നിട്ട് അങ്ങേരു എന്നോട് പറഞ്ഞു..ടോമിച്ച നീ ലക്ഷ്യത്തിലെത്താൻ പട്ടണി പാവങ്ങളെയോ, ദുരിതമനുഭവിക്കുന്നവരെയോ, മാന്യമായി ജീവിക്കുന്ന കുഞ്ഞാടുകളെയോ ഒന്നും ചെയ്യരുത്.മറിച്ചു അസന്മാർഗ്ഗീകതയിലൂടെ മദ്യവും മദിരാക്ഷിയും, ധനവും സംബാധിച്ചു , കൊള്ളയും കൊലയും നടത്തുന്നവന്മാരെ ചവുട്ടി എല്ലൊടിച്ചോളാൻ… ഈ കർത്താവ് നിന്റെ കൂടെ ഉണ്ടെടാ എന്ന് “

ടോമിച്ചൻ പറഞ്ഞിട്ട് സി ഐ ഫിലിപ്പോസിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി .

“കർത്താവ് എന്നെ എരിപിരി കേറ്റിയിട്ടു അങ്ങ് പോയി. അപ്പോ ആ സമയത്തു ആകെ എനിക്കുള്ളതോ ഒരു ലോറിയും ഈ കൈലിമുണ്ടും ഷർട്ടും തോർത്തും മാത്രം. പിന്നെ വീട്ടിൽ മകനെ  നോക്കിയിരിക്കാൻ ഒരമ്മയും, എന്റെ കൂടെ ജീവിക്കാൻ കൊതിച്ചിരിക്കുന്ന ഒരു പെണ്ണും.ആ അമ്മയെയും പെണ്ണിനേയും മനസ്സിൽ കേറ്റി ഇരുത്തിയിട്ടു  ലോറിയും കൊണ്ടു ഇറങ്ങിയവനാ ഈ ടോമിച്ചൻ. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. അങ്ങനെ ഉണ്ടാക്കി എടുത്തതാ ടോമിച്ചൻ ഈ ജീവിതം. ഷാപ്പുകളും, ബാറുകളും,ബംഗ്ലാവും വണ്ടികളും ഓക്കെ നേടിയെടുത്തപ്പോഴും കർത്താവിന്റെ വാക്ക് അക്ഷരം പ്രതി ഞാൻ അനുസരിച്ചിട്ടൊണ്ട്.ആർക്കു ഒരു ദ്രോഹവും ചെയ്യാതെ മര്യാദക്ക് നടക്കുന്ന എനിക്കിട്ടു ഒലത്താൻ  വന്നാൽ ഒരു പുല്ലനെയും ഞാൻ വകവെക്കതില്ല.”

പറഞ്ഞിട്ട് ടോമിച്ചൻ തോളിൽ കിടന്ന തോർത്തെടുത്തു മുഖം തുടച്ചു.

“അപ്പോ പറഞ്ഞു വന്നത്, കുറച്ച് പേരെ കൂടെ കൂട്ടി അവരുടെ തിണ്ണമിടുക്കിൽ കുന്തളിക്കുന്നവൻ അല്ല ഞാൻ എന്ന്.

സാറ് എന്റെ കൈ കണ്ടോ? മുഴുവൻ തഴമ്പാ,ചന്തി കഴുകി തഴമ്പിച്ചതല്ല, ലോറിയുടെ വളയം പിടിച്ചു തഴമ്പിച്ചതാ. സാറിന്റെ കയ്യിൽ ഇനി തഴമ്പുണ്ടെങ്കിൽ അത് ഞാൻ ആദ്യം പറഞ്ഞാ കാര്യം ചെയ്തുണ്ടായതാ.അതാണ് ഞാനും സാറും തമ്മിലുള്ള വിത്യാസം.”

ടോമിച്ചൻ പറഞ്ഞു നിർത്തിയതും “എടാ റാസ്‌ക്കൽ.. നീ സി ഐ യെ ഭീക്ഷണി പെടുത്തുന്നോ “എന്ന് മുരണ്ടു കൊണ്ടു ടോമിച്ചന് നേരെ കൈ വീശി.അതേ നിമിഷം ടോമിച്ചൻ ഫിലിപ്പോസിന്റെ അടിയിൽ നിന്നും ഒഴിഞ്ഞു മാറി.അതുകണ്ടു പോലിസ് സ്റ്റേഷന്റെ വരാന്തയിൽ നിന്ന രണ്ട് കോൺസ്റ്റബിൾ മാർ അങ്ങോട്ട്‌ വന്നു.

“ഫിലിപ്പോസ് സാറെ, ഞാൻ പറഞ്ഞു തീർന്നില്ല.അതിന് മുൻപ് അടിക്കണോ. ബാക്കി കൂടി പറയട്ടെ. എനിക്കിട്ടു പണിയാൻ ജയിലിൽ നിന്നും നിങ്ങളൊക്കെ ഇറക്കിയവനാ ആ നിൽക്കുന്നത്. കർത്താവിനെ മുൻപിൽ നിർത്തി ചില സാമൂഹ്യദ്രോഹികളായ പാസ്റ്റർമാരുടെ കൂട്ടുപിടിച്ചു  പ്രാർത്ഥനയുടെ പേരിൽ കാണിക്കുന്ന തട്ടിപ്പിലും വെട്ടിപ്പിലും ഫിലിപ്പോസ് സാറിനും, നടേശൻ  സാറിനും  പങ്കുണ്ടെന്നു ദേ ആ നിൽക്കുന്നവൻ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഇതിനു പിന്നിൽ കളിക്കുന്നവൻ വേറെ ആണെന്നും എനിക്കറിയാം. അതുകൊണ്ടാണല്ലോ എനിക്കെതിരെ ഇവനെ ഇറക്കിയതിന്റെ പിന്നിൽ ആ കള്ള പാസ്റ്റർമാരും സാറുമ്മാരും ഉണ്ടായിരുന്നത്. നിങ്ങൾക്കൊക്കെ എന്നോട് എന്താണ് എത്ര പക എന്നാണ് എനിക്കറിയാൻ മേലാത്തത്. ഞാൻ നിങ്ങളോടൊക്കെ എന്ത് തെറ്റ് ചെയ്തു. ആദ്യമായിട്ട സാറിനെ പോലും ഞാൻ കാണുന്നത്.. എന്തായാലും ടോമിച്ചന് ജീവിക്കണം. എന്റെ ജീവന് ഭീക്ഷണി ആയ ഒരുത്തനെ ആണ് ഞാൻ കഷ്ടപ്പെട്ട് പിടിച്ചു കൊണ്ടു വന്നു മുൻപിൽ ഇട്ടു തന്നിരിക്കുന്നത്. മാത്രമല്ല ഇന്നലെ ഈ നിൽക്കുന്ന പെൺകുട്ടി ഉൾപ്പെടെ സ്ത്രികൾ മാത്രം താമസിക്കുന്ന വീട്ടിൽ കേറി അവരെ ഉപദ്രവിക്കുകയും ചെയ്തു. ഡേവിഡേ..ഫിലിപ്പോസ് സാറിന് അറിയത്തിലായിരിക്കും. ആ വകുപ്പുകൾ ഒന്ന് സാറിന് പറഞ്ഞു കൊടുത്തേക്ക്‌.”

ടോമിച്ചൻ പറഞ്ഞിട്ട് ഫിലിപ്പോസിന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. എന്നിട്ട് കൈ കെട്ടി നിന്നു.

“ഇനി സാറിന് എന്നെ തല്ലണമെങ്കിൽ തല്ലിക്കോ. ഞാൻ മേടിച്ചോളാം.കാരണം ഞാൻ സാറിട്ടിരിക്കുന്ന  ഈ കാക്കി കുപ്പായത്തെയും ചുമലിൽ വച്ചിരിക്കുന്ന നക്ഷത്രങ്ങളെയും ബഹുമാനിക്കുന്നു. പക്ഷെ ദേഹത്ത് ഇതില്ലാത്ത സമയവും ഉണ്ടാകും. അപ്പോൾ എനിക്ക് ബഹുമാനം ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും പറയാൻ പറ്റത്തില്ല.”

പറഞ്ഞു നിർത്തിയ ടോമിച്ചനെ ഫിലിപ്പോസ് രൂക്ഷമായി നോക്കി.

“നീ എന്താ ഭീക്ഷണി പെടുത്തുകയാണോ എന്നെ, ങേ, യുണിഫോമിൽ അല്ലെങ്കിൽ നീ എന്റെ അങ്ങ് ചെത്തി കളയുമോ “?

ഫിലിപ്പോസിന്റെ ചോദ്യത്തിന് മറുപടി ആയി ടോമിച്ചൻ തലകുലുക്കി.

“അല്ല  സാറെ…ഭീക്ഷണി അല്ല.. ചെത്തിക്കളയുകയും ചെയ്യില്ല.പക്ഷെ രാഷ്ട്രീയക്കാർ പറയുന്നത് പോലെ സ്ഥലം മാറ്റി കളയുകയോ, ജോലി കളയുകയോ ചെയ്യത്തില്ല. അന്ത്യകൂദാശ തന്നു, കുളിപ്പിച്ച് പൗഡർ ഇട്ടു കുട്ടപ്പനാക്കി ഒപ്പീസും ചൊല്ലി, പള്ളി സെമിതേരിയിൽ കൊണ്ടു ചെന്നു  നരകത്തിലോട്ടു പറഞ്ഞു വിടും “

അത് പറഞ്ഞപ്പോൾ ടോമിച്ചന്റെ മുഖം വലിഞ്ഞു മുറുകുന്നതും കണ്ണുകൾ കുറുകി, പുരികങ്ങൾ വില്ലുപോലെ വളഞ്ഞു നിവരുന്നതും സി ഐ ഫിലിപ്പോസ് ശ്രെദ്ധിച്ചു.

“സാറിന് സംശയം ഉണ്ടോ? ഉണ്ടെങ്കിൽ തല്ലിക്കോ. പക്ഷെ ഞാൻ അന്വേഷിച്ചു വരും,ഒരു തെളിവും ഞാൻ വയ്ക്കത്തില്ല. ഫസ്റ്റ് ക്വാളിറ്റി സ്പിരിറ്റിൽ ഇട്ടു നീന്തല് പഠിപ്പിച്ചു  നിത്യശാന്തി തരും ഞാൻ.എന്റെ ദേഹത്ത് അധികാരഗർവിന്റെ തടി മിടുക്ക് കാണിക്കാൻ വന്നാൽ….”

ടോമിച്ചന്റെ മുഖഭാവത്തിൽ നിന്നും അയാൾ എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് എന്ന് ഫിലിപ്പോസിനു തോന്നി.അപ്പോഴേക്കും ഡേവിഡ് സി ഐ യുടെ അടുത്തേക്ക് വന്നു.

“സാറെ വകുപ്പും കൂടി പറഞ്ഞേക്കാം.. ഭാവനഭേദനം, മനഭംഗപ്പെടുത്തൽ, കൊലപാതകശ്രെമം ഐ പി സി സെക്ഷൻ….ഐപിസി സെക്ഷൻ 97..128,ഐപിസി സെക്ഷൻ 354..376, ഐപിസി സെക്ഷൻ ആൻഡ് ഐപിസി സെക്ഷൻ 160…. എന്നീ വകുപ്പുകൾ ചേർത്തു അവനെ എടുത്തു അകത്തിട്ട് രണ്ട് പൂശു പൂശിയാൽ സാറിന്റെ അടക്കം പല മാന്യന്മാരുടെയും തനിനിറം പുറത്തു വരും “

ഡേവിഡ് സി ഐ ഫിലിപ്പോസിനോട് പറഞ്ഞിട്ട് അവിടെ നിന്ന കോൺസ്റ്റബിൾ മാരെ നോക്കി കണ്ണിറുക്കി.

“ഇയാൾ പറയുന്നതൊക്കെ നേരാണോ സാറെ “

കോൺസ്റ്റബിൾ നാരായണൻ ഫിലിപ്പോസിനെ നോക്കി.

“എന്റെ ഭാര്യയും സ്വർഗത്തിലെ വിരുന്നിനു ആ തങ്കൻ പാസ്റ്ററിന്റെ അടുത്ത് പോകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാ, ഞാൻ ശ്രെദ്ധിച്ചത്. അവളുടെ കയ്യിലും കാതിലും കഴുത്തിലും കിടന്ന സ്വാർണ്ണഭരണങ്ങൾ ഒന്നും കാണുന്നില്ലാ. വീട്ടിൽ വന്നാൽ പിള്ളേരെ നോക്കാനോ, ഭർത്താവിന്റെ കാര്യം നോക്കാനോ, കുടുംബം നോക്കാനോ അവൾക്ക് സമയമില്ല.. എന്ത് ചോദിച്ചാലും സ്ത്രോത്രം എന്നും പറഞ്ഞു നടക്കും. രാത്രി പ്രാർത്ഥന മൂത്തു ജനാലവഴി ഒക്കെയാ പിടിച്ചു കേറുന്നത്. പൂച്ച കേറുന്ന പോലെ…ഒരു വിധമാ ഞാൻ പിടിച്ചിറക്കി കൊണ്ടു കിടത്തുന്നത്. അപ്പോ ആ നാറികൾ എന്റെ ഭാര്യയെ പറ്റിച്ചു ഞാൻ കഷ്ടപ്പെട്ട് വാങ്ങികൊടുത്ത സ്വർണ്ണഭരണങ്ങൾ മുഴുവൻ കർത്താവിന് കൊടുക്കാൻ കൊണ്ടുപോയി കാണും അല്ലെ.. ഇന്നവളെ ഞാൻ ശരിയാക്കും… അവളുടെ പ്രാർത്ഥനയും നിർത്തും… “

കോൺസ്റ്റബിൾ നാരായണൻ പല്ലിറുമ്മി.

“നിങ്ങടെ പേരെന്താ… ടോമിച്ചൻ എന്നല്ലേ?… നിങ്ങള് ചെയ്തത് ഒരു പുണ്യപ്രവർത്തിയ. ഇടിച്ചവന്മാരുടെ എല്ലൊടിയ്ക്കണമായിരുന്നു.താൻ ഇവിടെ ഇപ്പൊ വന്നത് കൊണ്ടാ എനിക്കിതൊക്കെ മനസ്സിലായത്… നന്ദി ഉണ്ടെടോ… ഒരു കുടുംബത്തെ രക്ഷപ്പെടുത്തിയതിന്. വീട്ടിലിരുന്നു തിന്നു എല്ലിന്റെ ഇടയിൽ കേറുന്നവളുമാരാ ഇതുപോലെ പ്രാർത്ഥനയുടെ പേരിൽ ഇവന്മാരുടെ അടുത്ത് പോകുന്നത്.. വീട്ടിലുള്ള ആണുങ്ങൾക്ക് നട്ടെല്ല് ഇല്ലാഞ്ഞിട്ട. അല്ലാതെന്ത്…”

ടോമിച്ചനെ നോക്കി പറഞ്ഞിട്ട് നാരായണൻ അകത്തേക്ക് പോയി.

ഫിലിപ്പോസിനെ ഒന്ന് നോക്കിയിട്ട് കോൺസ്റ്റബിൾ പവിത്രനും പോലിസ് സ്റ്റേഷന്റെ ഉള്ളിലേക്ക് പോയി.

അപമാനിതനായതുപോലെ തോന്നി ഫിലിപ്പോസിന്. അയാൾ വർധിച്ച കോപത്തോടെ ടോമിച്ചനെ നോക്കി.

“നീ രക്ഷപെട്ടന്ന് കരുതണ്ട. നിനക്കിട്ടൊള്ള പണി ഞാൻ തന്നിരിക്കും. ജീവിതത്തിൽ നീ പൊങ്ങാത്തത് പോലെ”

ഫിലിപ്പോസിന്റെ മുരൾച്ച കേട്ടു ടോമിച്ചൻ ഒന്ന് ചിരിച്ചു.

“അപ്പോ സാറ് എന്റെ പോക കണ്ടിട്ടേ പോകാത്തൊള്ളൂ എന്ന്. എങ്കിൽ അങ്ങനെ ആകട്ടെ… പാസ്റ്ററുമാരുമായി ചേർന്നു കുഴൽപണത്തിന്റെ ഇടപാട് പ്രാർത്ഥനയുടെ മറവിൽ നടക്കുന്നില്ലെ എന്നെനിക്കൊരു സംശയം. അത് ഞാൻ തീർത്തോളവും. എനിക്കെതിരെ ആരോ കളിക്കുന്ന കളിയിൽ സാറിന്റെ റോൾ എന്താണെന്നൊള്ളതാ. പക്ഷെ ഈ നിമിഷം മുതൽ എന്റെ ശത്രുവിന്റെ ലിസ്റ്റിൽ സാറിനെ കൂടി ഇട്ടേക്കുവാ… ടോമിച്ചൻ തൊടങ്ങാൻ പോകുവാ… താങ്ങതില്ലാ ഫിലിപ്പോസ് സാറെ.”

പറഞ്ഞിട്ട് മുൻപോട്ടു നടന്ന ടോമിച്ചൻ തിരിഞ്ഞു നിന്നു.

“പിന്നെ ഫിലിപ്പോസ് സാറെ,സാറെന്താ പറഞ്ഞത് ജീവിതത്തിൽ പൊങ്ങതില്ലന്നോ ?സാറ് അതോർത്തു വിഷമിക്കണ്ട, പൊക്കിത്തരാൻ വരുകയും വേണ്ട,. സമയമാകുമ്പോൾ അത് തന്നെ പൊങ്ങിക്കോളും, സാറിന് പൊക്കിത്തരാൻ ആളുണ്ടാകും. ടോമിച്ചന് അത് വേണ്ട…കേട്ടോ സാറെ “

ടോമിച്ചൻ ഫിലിപ്പോസിനെ നോക്കിയിട്ട് മുണ്ടെടുത്തു മടക്കി കുത്തി, തോളിൽ കിടന്ന തോർത്തെടുത്തു തലയിൽ വട്ടത്തിൽ കെട്ടി.പോക്കറ്റിൽ നിന്നും ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ചു ലൈറ്റ്ർ ഉപയോഗിച്ച് കത്തിച്ചു.

“നിന്റെ അമ്മക്ക് എങ്ങനുണ്ട് “

ടോമിച്ചൻ ലിജിയെ നോക്കി.

“ബോധം വീണു, നാളെ പോകാമെന്നു പറഞ്ഞിട്ടുണ്ട് “

ലിജി പറഞ്ഞു.

“നിങ്ങള് ആശുപത്രിയിലേക്ക് ചെല്ല്, ഞാൻ പുറകെ വന്നേക്കാം “

ടോമിച്ചൻ ഡേവിഡിനോട് പറഞ്ഞിട്ട് പുറത്തേക്കു നടന്നു. ലോറിയുടെ അടുത്ത് ചെല്ലുമ്പോൾ ആന്റണി ആകാംഷയോടെ നോക്കി ഇരിക്കുകയായിരുന്നു.

“ടോമിച്ചാ… പോയ കാര്യം എന്തായി “?

ആന്റണിയുടെ ചോദ്യം കേട്ടുകൊണ്ട് ടോമിച്ചൻ ലോറിയിലേക്ക് കയറി.

“ആ സി ഐ ആ പാസ്റ്ററുമ്മാരുടെ ആളാ.ഇവന്മാരുടെ എല്ലാം പിന്നിൽ ഒരാളുണ്ട്. അതാരാണ് എന്നാണ് നമുക്ക് അറിയേണ്ടത്. ഹുസൈനെ അവന്മാർക്ക് കൊടുത്തിട്ടുണ്ട്.. വരുന്നിടത്തു വച്ചു കാണാം.. ആന്റണിച്ചൻ ലോറി എടുത്തു ആശുപത്രിയിലേക്ക് വിട്, കെട്ട്യോളെ കാണണ്ട. നാളെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു കൊണ്ടുപോകും.”

ടോമിച്ചനെ നോക്കികൊണ്ട്‌ കയ്യിലിരുന്ന മുറിബീഡി കുറ്റി റോഡിലേക്കെറിഞ്ഞു ലോറി സ്റ്റാർട്ട്‌ ചെയ്തു മുൻപോട്ടെടുത്തു.

“ടോമിച്ചാ, പിള്ളേര് എന്നെ കണ്ടാൽ തിരിച്ചറിയുമോ “?

ആന്റണി സംശയം പ്രകടിപ്പിച്ചു.

“ഈ ഞാൻപോലും, പെറ്റ തള്ളപോലും കണ്ടാൽ തിരിച്ചറിയത്തില്ല. ഇനി അവരോടു നിങ്ങളാണെന്ന് പറഞ്ഞാൽ പോലും ഈ വേഷത്തിൽ അവർ സമ്മതിക്കുകേല.”

ടോമിച്ചൻ ചുണ്ടിലിരുന്ന ബീഡി ആഞ്ഞു വലിച്ചിട്ടു പുറത്തേക്കെറിഞ്ഞു. ലോറി ഹോസ്പിറ്റൽ കോമ്പൗണ്ടിൽ പാർക്കു ചെയ്തു ടോമിച്ചനും ആന്റണിയും ഇറങ്ങി ജനറൽ വാർഡിലേക്ക് നടന്നു.

“അവിടെ ചെല്ലുമ്പോൾ എന്റെ കൂടെ വന്ന വേറെ ആരോ ആണെന്നെ അവർക്കു തോന്നാവൂ. താമസിക്കാതെ നിങ്ങക്ക് ഒരുമിച്ചു താമസിക്കാനുള്ള അവസരം ശരിയാക്കി തരാം. അത് വരെ ഇങ്ങനെ പോകട്ടെ “

ടോമിച്ചൻ ആന്റണിയെ നോക്കി പറഞ്ഞു.

ജനറൽ വാർഡിൽ ചെല്ലുമ്പോൾ ലില്ലിക്കുട്ടി കിടക്കുന്ന ബെഡിനടുത്തു ഡേവിടും ലിജിയും ലിഷയും നില്പ്പുണ്ടായിരുന്നു. ടോമിച്ചൻ ലില്ലിക്കുട്ടിയുടെ അടുത്ത് ചെന്നു. കണ്ണുതുറന്നു കിടക്കുകയായിരുന്ന ലില്ലികുട്ടി എഴുനേൽക്കാൻ തുടങ്ങി എങ്കിലും ടോമിച്ചൻ കൈകൊണ്ടു വേണ്ട എന്ന് പറഞ്ഞു.ലില്ലിക്കുട്ടിയുടെയും മക്കളുടെയും മുഖഭാവത്തിൽ നിന്നു തന്നെ ആന്റണി മരിച്ചക്കാര്യം അവർ അറിഞ്ഞിട്ടുണ്ടെന്നു മനസ്സിലായി.

“എന്റെ കെട്ട്യോൻ പോയി മോനെ, കുടുംബം നോക്കതില്ലായിരുന്നു എങ്കിലും എനിക്ക് ഒരു കെട്യോനും ഈ പിള്ളേർക്ക് ഒരപ്പനും ജീവിച്ചിരിപ്പുണ്ടല്ലോ എന്ന ആശ്വാസം ആയിരുന്നു ഇതുവരെ. ഈ പെൺപിള്ളേരെയും എന്നെയും തനിച്ചാക്കി എന്തിന് ആ മനുഷ്യൻ അത് ചെയ്തു എന്നെനിക്കറിയാൻ മേല… ഞങ്ങൾ ആരും ഇല്ലാത്തവരായി പോയില്ലേ? ഞാൻ വിധവ ആയില്ലേ “?

ലില്ലിക്കുട്ടി തേങ്ങി കരഞ്ഞു.

ടോമിച്ചന്റെ അടുത്ത് നിന്ന ആന്റണിയുടെ മനസ്സ് നീറി.

“ഞാൻ ചത്തിട്ടില്ലെടി ലില്ലിക്കുട്ടി, നമ്മടെ മക്കളെ ഇട്ടെറിഞ്ഞു ഞാൻ പോയിട്ടില്ലെടി, ഞാനിവിടെ ഉണ്ട് “എന്ന് പറയാൻ ആന്റണിയുടെ നാവ് തരിച്ചു. നിസ്സഹായനായി അയാൾ അവരെ നോക്കി നിന്നു.അറിയാതെ കണ്ണുകൾ ഈറനണിയുന്നതും അയാളറിഞ്ഞു.

“അമ്മച്ചി, കരയാതെ…”

ലിഷ സങ്കടത്തോടെ ലില്ലിക്കുട്ടിയുടെ കണ്ണുകൾ തുടച്ചു കൊടുത്തു..ലിജി ചായമേടിക്കുവാനുള്ള പത്രമെടുത്തു ലിഷയുടെ അടുത്ത് വന്നു.

“ലിഷമോളെ… ഞാൻ പോയി ചായമേടിച്ചു കൊണ്ടു വരാം. ഇവരെല്ലാം ഇവിടെ ഉണ്ടല്ലോ? മോള് അമ്മച്ചിയുടെ അടുത്തിരിക്ക് കേട്ടോ “

ലിജി പറഞ്ഞിട്ട് ടോമിച്ചനെ നോക്കി.

“പോയി മേടിച്ചു കൊണ്ടു വാ, ഞങ്ങൾ ഇവിടെ കാണും “

ടോമിച്ചൻ പറഞ്ഞു.

തലയാട്ടിയിട്ടു ലിജി പുറത്തേക്കു നടന്നു. ആന്റണിക്ക്‌  കൂടെ ചെല്ലണം എന്നുണ്ടായിരുന്നു. എന്നാൽ ടോമിച്ചൻ അത് നോട്ടം കൊണ്ടു തടഞ്ഞു.

“ഞാൻ ഇപ്പോൾ വരാം “

പറഞ്ഞിട്ട് ഡേവിഡ് പുറത്തേക്കിറങ്ങി ലിജിയുടെ കൂടെ ചെന്നു.

“പേടിക്കണ്ട,അമ്മച്ചിയുടെ അടുത്ത്  ടോമിച്ചൻ  ഉണ്ടല്ലോ… നമ്മൾ അവിടെ നിൽക്കുന്നതിനെ ക്കാളും വലിയ ഉറപ്പാ അത്.”

ലിജിക്ക് ലില്ലിക്കുട്ടിയെ കുറിച്ചും ലിഷയെ കുറിച്ചും ആശങ്ക വരാതിരിക്കാൻ ഡേവിഡ് പറഞ്ഞു.

“ആരാ ടോമിച്ചായന്റെ കൂടെയുള്ള ആള്. കണ്ടിട്ട് ഒരു നാടോടിയെ പോലെ ഉണ്ട് “

ലിജി ഡേവിഡിനെ നോക്കി.

“അതെനിക്കറിയത്തില്ല, ടോമിച്ചന്റെ ആരെങ്കിലും ആയിരിക്കും “

ഡേവിഡ് എങ്ങും തൊടാതെ ഉള്ള ഒരു മറുപടി കൊടുത്തു.

“ടോമിച്ചനെ എങ്ങനാ ഡേവിക്കു പരിചയം… നിങ്ങൾ ബന്ധുക്കൾ വല്ലതുമാണോ? വല്യ പണക്കാരന്റെ യാതൊരു വിധ ജാടയോ പെരുമാറ്റമോ ടോമിച്ചയാനില്ല. എന്തൊരു നല്ല മനുഷ്യനാ അല്ലെ “

ലിജി ഡേവിഡിനെ നോക്കി ചോദിച്ചു.

“അതൊരു ലോറിക്കാരന്റെ കഥയ… പറയാൻ ഒരുപാടുണ്ട്… ലോറിക്കാരനെ സ്നേഹിച്ച ഒരു കോടീശ്വരിയുടെ കഥ. അത് സമയം കിട്ടുമ്പോൾ പറഞ്ഞു തരാം. അതിലുണ്ട് ചോദിച്ചതിനുള്ള ഉത്തരം “

ഡേവിഡ് ലിജിയെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.

“ആ സ്നേഹിച്ച കോടീശ്വരി ആയ പെണ്ണ് ഇപ്പോൾ എവിടാ “

ലിജി ആകാംഷയോടെ ചോദിച്ചു.

“ആ പെണ്ണ് ഇപ്പോൾ ഈ ടോമിച്ചന്റെ ഭാര്യയായി സന്തോഷത്തോടെ അവരുടെ വീട്ടിൽ താമസിക്കുന്നു. ടോമിച്ചനും ജെസ്സിയും. അവര് ഭാര്യാഭർത്താവ് എന്നതിലുപരി ഒരു കൂട്ടുകാരെ പോലെയാ. അങ്ങോട്ടും ഇങ്ങോട്ടും അത്രക്കിഷ്ടമാ രണ്ടുപേർക്കും. നമുക്ക് കണ്ടാൽ അസൂയ തോന്നും “

ചെരുപ്പിനിടയിൽ കയറിയ ചെറിയ കല്ല് എടുത്തു കളഞ്ഞു കൊണ്ടു ഡേവിഡ് പറഞ്ഞു.

“ശരിയാ, സ്നേഹമുള്ള ഒരു ഭർത്താവിനെ കിട്ടുക, കൂട്ടുകാരെ പോലെ പെരുമാറുക, സുഖത്തിലും ദുഖത്തിലും ചേർത്തു പിടിക്കുക, ഒരു നിഴലായി എപ്പോഴും കൂടെ ഒരു സംരക്ഷകനായി മാറുക.ഇതൊക്കെ ഏതൊരു  പെണ്ണിന്റെയും ആഗ്രഹമാണ്. അതൊക്കെ കിട്ടാൻ  ഒരു ഭാഗ്യവും വേണം.ആ കാര്യത്തിൽ ജെസ്സി ചേച്ചി ഭാഗ്യം ചെയ്ത പെണ്ണാ അല്ലെ. അതൊക്കെ കണ്ടും കേട്ടും കൊതിക്കാനെ എന്നെ പോലുള്ള പെണ്ണിന് സാധിക്കൂ “

ലിജി പറയുമ്പോൾ ദുഖത്തിന്റെയും നിരാശയുടെയും ഒരു കാർമേഘം അവളുടെ മുഖത്തു തിങ്ങി കൂടി ഇപ്പോൾ പെയ്തുപോകും എന്ന പോലെ ഇരിപ്പുണ്ടെന്നു ഡേവിഡിന് തോന്നി.

‘നിനക്ക് ഞാനുണ്ട് ലിജി… നീ ആഗ്രഹിക്കുന്ന പോലെ നിന്നെ സ്നേഹിക്കാൻ, കൊണ്ടു നടക്കാൻ, ഇഷ്ടങ്ങൾ അറിഞ്ഞു സാധിച്ചു തരാൻ, സംരെക്ഷിക്കാൻ ഞാനുണ്ട് “എന്ന് അവളോട്‌ പറയാൻ, ആശ്വസിപ്പിക്കാൻ, മനസ്സ് തുടിക്കുന്ന പോലെ ഡേവിഡിന് തോന്നി.

ഹോട്ടലിൽ എത്തി ചായക്ക്‌ പറഞ്ഞു പത്രം നൽകിയിട്ട് ഒരു ടേബിളിന്റെ ഇരുഭാഗത്തുമായി അവർ ഇരുന്നു.

“ലിജി ഉച്ചക്ക് എന്തെങ്കിലും കഴിച്ചോ, ഇല്ലെങ്കിൽ ഇപ്പോൾ എന്തെങ്കിലും വാങ്ങി കഴിക്ക് “

ഡേവിഡ് പറഞ്ഞപ്പോൾ ലിജി നിഷേധാൽമകമായി തലകുലുക്കി.

“വേണ്ട, മേടിച്ചാലും കഴിക്കാൻ പറ്റത്തില്ല .വെറുതെ എന്തിനാ കാശ് കളയുന്നത് ” ലിജി കൈവിരൽ കൊണ്ടു മേശയിൽ ഉരസികൊണ്ട് പറഞ്ഞു.

“ഒരപ്പൻ ഉണ്ടായിരുന്നത് പോയി. പള്ളിയിൽ കൊണ്ടു അടക്കാൻ പോലും കിട്ടിയില്ല. ഇപ്പോൾ മൂന്നു പെണ്ണുങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ നടുകടലിൽ നിൽക്കുവാ. ഇത്രയും ദിവസം നിങ്ങളുടെ ഓക്കെ സഹായം കൊണ്ടാ മുൻപോട്ടു പോയത്. ആ കടം ജീവിതത്തിൽ വീട്ടാൻ പറ്റുമോ എന്നുപോലും അറിയില്ല. ലിഷമോളെ നന്നായി പഠിപ്പിച്ചു ഒരു നിലയിൽ എത്തിക്കണം എന്നുണ്ട്. അവളെയെങ്കിലും രക്ഷപ്പെടുത്തണം എന്നൊരാശ. പക്ഷെ എങ്ങനെ? അതൊന്നും അറിയത്തില്ല… മുൻപിൽ ശൂന്യതയാ “

അത് പറഞ്ഞു കഴിഞ്ഞതും രണ്ട് മിഴിനീർമുത്തുകൾ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങുന്നത് ഡേവിഡ് കണ്ടു.

സ്വൊന്തം അപ്പൻ മരിച്ചിട്ടില്ല എന്നും ഹോസ്പിറ്റലിൽ ടോമിച്ചനോടൊപ്പം വേഷം മാറി നിൽക്കുന്ന ആൾ നിങ്ങളുടെ അപ്പനാണ് എന്നും പറയാൻ തോന്നി ഡേവിഡിന് പക്ഷെ മനസ്സ് അരുതെന്നു വിലക്കി. ഏതെങ്കിലും വിധത്തിൽ പുറം ലോകം സത്യമറിഞ്ഞാൽ ആന്റണി വീണ്ടും ജയിലിൽ ആകും. അത് പാടില്ല.. ജനങ്ങളും നിയമവും അയാളെ മറക്കട്ടെ. മരിച്ചു എന്ന് വിശ്വസിച്ചു മുൻപോട്ടു പോകട്ടെ. അതാണ് നല്ലത്.

“സാർ ചായ ” വെയിറ്റർ ചായപാത്രവും ചെറുപലഹാരവും പായ്ക്ക് ചെയ്തു അവരുടെ മുൻപിൽ കൊണ്ടു വച്ചു.

ലിജി പൈസ കൊടുക്കാൻ എഴുന്നേറ്റപ്പോൾ തടഞ്ഞിട്ടു ഡേവിടേ പൈസ അടച്ചു.

അവർ തിരിച്ചു ഹോസ്പിറ്റലിൽ ലില്ലിക്കുട്ടിയുടെ അടുത്തെത്തിയപ്പോൾ ലില്ലിക്കുട്ടിയെ ടോമിച്ചൻ എഴുനേൽപ്പിച്ചു കട്ടിലിന്റെ മുൻഭാഗത്തു തലയിണ വച്ചു അതിൽ ചാരി ഇരുത്തിയിരിക്കുകയായിരുന്നു.

കുറച്ച് നേരം കൂടി സംസാരിച്ചു ഇരുന്ന ശേഷം ടോമിച്ചൻ പോകാൻ എഴുനേറ്റു.

“എന്ത് ആവശ്യമുണ്ടെങ്കിലും ഡേവിഡിനോട് പറയാൻ മടിക്കേണ്ട,”

ടോമിച്ചൻ ലിജിയോട് പറഞ്ഞു.

“പോകാം “ആന്റണിയെ നോക്കി ടോമിച്ചൻ…

തല ആട്ടികൊണ്ട് ആന്റണി ടോമിച്ചന്റെ കൂടെ പുറത്തേക്കു നടന്നു.അവരുടെ പുറകെ ലിജി ചെന്നു.

“ടോമിച്ചായാ,”ലിജിയുടെ വിളികേട്ട് ടോമിച്ചനും ആന്റണിയും തിരിഞ്ഞു നിന്നു.

“ടോമിച്ചായാ, ഞങ്ങൾക്കൊരു സഹായം ചെയ്യുവോ, ഞങ്ങടെ പപ്പയുടെ കുറച്ച് കുറച്ച് ചാരമെങ്കിലും ഞങ്ങക്ക് കൊണ്ടു തരാമോ. വിശ്വാസപ്രെകാരം ഇടവക പള്ളിയിൽ കൊണ്ടു സംസ്കരിക്കാനാ. ഒന്നുമില്ലെങ്കിലും ഞങ്ങടെ പപ്പായല്ലേ അത്  “?

നിറഞ്ഞ കണ്ണുകളോടെയുള്ള ലിജിയുടെ ചോദ്യം കേട്ടു ടോമിച്ചൻ ആന്റണിയെ നോക്കി. അവിടെ തിരിച്ചറിയാൻ പറ്റാത്ത വേദനയുടെ വിവിധ ഭാവങ്ങൾ മിന്നിമറയുന്നുണ്ടെന്നു തോന്നി. സ്വൊന്തം അപ്പൻ മുൻപിൽ നിൽക്കുമ്പോൾ ആണ് മകൾ അയാൾ മരിച്ചുപോയി എന്ന വിശ്വാസത്തിൽ അന്ത്യകർമ്മത്തിന് ചാരമെങ്കിലും വേണം എന്നു ആവശ്യപ്പെടുന്നത്.

ടോമിച്ചൻ ലിജിയുടെ നേരെ നോട്ടം തിരിച്ചു.

“ഇപ്പോൾ ആ കാര്യങ്ങൾ ഒന്നും ആലോചിക്കേണ്ട. പോയി അമ്മച്ചിയുടെ കാര്യങ്ങൾ നോക്ക്‌. നീ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഞാൻ നടത്തിത്തരും പോരെ. “

ടോമിച്ചൻ ലിജിയെ ആശ്വാസിപ്പിക്കുന്ന പോലെ പറഞ്ഞു.

“എന്ത് വേണമെങ്കിലും ഡേവിഡിനോട് പറഞ്ഞോണം. മടിയൊന്നും തോന്നേണ്ട ആ കാര്യത്തിൽ. കേട്ടല്ലോ പറഞ്ഞത്. നേരത്തെ ചെന്നില്ലെങ്കിൽ കെട്യോള് വീട്ടിൽ കേറ്റത്തില്ല. അതുകൊണ്ട് പോകുവാ “

ടോമിച്ചൻ ചിരിച്ചുകൊണ്ട് വിഷയം മാറ്റാൻ പറഞ്ഞു.

“ഡേവി പറഞ്ഞിരുന്നു. ജെസ്സി ചേച്ചിയെ കുറിച്ച്, നിങ്ങടെ പ്രണയത്തെ കുറിച്ച്.കൂട്ടുകാരെ പോലെ ആണെന്നും ഒക്കെ. ജെസ്സി ചേച്ചിയെ കാണാൻ ഭയങ്കര ആഗ്രഹം തോന്നി “

ലിജി ടോമിച്ചനെ നോക്കി ചിരിക്കാൻ ശ്രെമിച്ചു.

“അതൊക്കെ അങ്ങനെ അങ്ങ് സംഭവിച്ചു. ഇടക്കൊക്കെ എല്ലാവരും കൂടി അങ്ങോട്ട്‌ പോര്.അവളെ കാണാം. നിങ്ങളെ ഓക്കെ അവൾക്കു വല്യ ഇഷ്ടമാവും. പിന്നെ നിന്റെ ഈ മുഖത്തുള്ള നിരാശ ഭാവം അവള് മാറ്റിത്തരും… അപ്പോ പറഞ്ഞപോലെ “

ടോമിച്ചൻ നടന്നു, പുറകെ തിരിഞ്ഞു നോക്കികൊണ്ട്‌ ആന്റണിയും.

“എന്റെ പിള്ളേർക്കും കെട്യോൾക്കും എന്നോട് എന്ത് സ്നേഹമാടാ ടോമിച്ചാ. ഇതൊന്നും ഇത്രനാളും എനിക്ക് മനസിലാക്കാൻ പറ്റിയില്ലല്ലോ? എനിക്കെന്നാടാ അവരുടെ കൂടെ സ്നേഹിച്ചു കഴിയാൻ പറ്റുന്നത്. അങ്ങനെ ഒന്ന് ജീവിക്കാൻ കൊതി ആകുന്നെടാ ടോമിച്ചാ.നിന്നെ കണ്ടു മുട്ടിയ നാളുതൊട്ട കുടുംബത്തെ സ്നേഹിക്കാൻ ഞാൻ പഠിച്ചത്. നീയാണ് എന്റെ കുടുംബത്തെ താങ്ങി നിർത്തുന്നത്.നിനക്ക് അതിന് പകരം തരാൻ എന്റെ ജീവനല്ലാതെ എന്റെ കൈയിൽ ഒന്നുമില്ലടാ. അത് നിനക്ക് ഞാൻ വച്ചു നീട്ടുവാ നിന്റെ നേരെ.അത് നീ എടുത്തോ. ഞാനില്ലെങ്കിലും എന്റെ മക്കളെ നീ പെരുവഴിയിൽ ഇറക്കി വിടില്ല. എന്റെ ജീവൻ പോകുന്നോടം വരെ ഈ ആന്റണി കൂടെ ഉണ്ടാകും. നിനക്ക് വേണ്ടാന്ന് തോന്നുന്നോടം  വരെ “

മൂക്ക് ചീറ്റികളഞ്ഞു, നിറഞ്ഞ  കണ്ണുകൾ തുടച്ചു ആന്റണി ലോറിയിലേക്ക് കയറി.

പുറകെ ടോമിച്ചനും..

“ആന്റണിച്ച, നിങ്ങളെന്നതാ ഈ പറയുന്നത്. ടോമിച്ചനെ ഇനിയും നിങ്ങക്ക് മനസ്സിലായില്ലേ. താമസിക്കാതെ അമ്മയുടെയും പിള്ളേരുടെയും സങ്കടം ഇല്ലാതാക്കി നിങ്ങളെ ഒരു കുടുംബമാക്കി മാറ്റും ഈ ടോമിച്ചൻ.. നമുക്കും സന്തോഷം ആയി, സമാധാനത്തോടെ ജീവിക്കണ്ടേ ഈ ഭൂമിയിൽ, ഈ ഇടുക്കിയിൽ. അതിന് വേണ്ടിയാ നമ്മളിനി ചെയ്യാൻ പോകുന്നതെല്ലാം. നിങ്ങളും നിങ്ങടെ കുടുംബവും എന്റെ ബന്ധുക്കള ആന്റണിച്ച… നിങ്ങള് വണ്ടി എടുക്ക് “

ടോമിച്ചൻ ഒരു ബീഡി എടുത്തു ആന്റണിക്ക് കൊടുത്തിട്ടു, മറ്റൊരെണ്ണം എടുത്തു ചുണ്ടിൽ വച്ചു.

വീടിന്റെ മുന്പിലെ പുൽത്തകിടിയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു വാഗമൺ സി ഐ നടേശൻ മുൻപിൽ ഇരുന്ന സ്കോച്ചിന്റെ ബോട്ടിൽ തുറന്നു മുൻപിൽ ഇരുന്ന രണ്ട് ഗ്ലാസ്സിലേക്ക് പകർന്നു. മറുഭാഗത്തിരുന്ന തങ്കൻ പാസ്റ്റർ ഐസ് ട്യൂബുകൾ എടുത്തു രണ്ട് ഗ്ലാസ്സിലെ മദ്യതിലേക്കു പകർന്നു.

അതേ സമയം നടേശന്റെ മൊബൈലിൽ കാൾ വന്നു.

“നടേശാ, ഞാനാ ഫിലിപ്പോസ്. കാര്യങ്ങൾ കൈവിട്ടു പോയോ എന്നൊരു സംശയം. ആ ടോമിച്ചൻ ഹുസൈനെ ഇടിച്ചു നിരത്തി സ്റ്റേഷനിൽ കൊണ്ട് ഇട്ടിട്ടുപോയി. ആ കഴുവേറി ഹുസൈൻ നമ്മളെ പറ്റി എന്തൊക്കെയോ ടോമിച്ചനോട് പറഞ്ഞിട്ടുണ്ട്.അതിനെ പറ്റി എന്തൊക്കെയോ കുത്തും മുനയും വച്ചു എന്നോട് സംസാരിച്ചു. ഇവിടുത്തെ കോൺസ്റ്റബിൾമാർ വരെ എന്തൊക്കെയോ സംശയത്തോടെയാ സംസാരവും നോട്ടവും… മുൻപിൽ ഇരുന്നു കോഴിക്കാലും കടിച്ചു പറിച്ചു,സ്കോച്ചും വലിച്ചു കേറ്റി  സ്ത്രോത്രം പറഞ്ഞു നടക്കുന്ന ആ പരട്ട പാസ്റ്റരോട് പറഞ്ഞേക്ക് എന്തെങ്കിലും പെട്ടന്ന് ചെയ്തോളാൻ, ഇല്ലെങ്കിൽ തന്റെയും എന്റെയും തൊപ്പിയും പോകും,ജയിലിൽ കേറി കമ്പിയഴി എണ്ണേണ്ടി വരും. ഓർത്തോ…”

ഫിലിപ്പോസിന്റെ ഫോണിലൂടെ ഉള്ള സംസാരം കേട്ടു നടേശൻ മുൻപിൽ ഇരുന്ന തങ്കനെ നോക്കി.

“ഫിലിപ്പോസെ… ഹുസൈനെ കോട്ടയം ചന്തയിൽ ഇട്ടു തല്ലിയത് ആളുകൾ കണ്ടതല്ലേ. അപ്പോ ഇന്നത്തെ രാത്രി ഹുസൈനെ അങ്ങ് തട്ടിയേക്കാം. ആ കുറ്റം ടോമിച്ചന്റെ തലയിൽ കെട്ടി വച്ചു അങ്ങ് അകത്താക്കുകയും ചെയ്യാം. ഒരു വെടിക്ക് രണ്ട് പക്ഷി. ഹുസൈൻ പൊലയാടിമോൻ ജീവിച്ചിരുന്നു, എന്തെങ്കിലും വിവരകേട്‌ വിളിച്ചു പറഞ്ഞാൽ നമ്മടെ ജീവിതം കോഞ്ഞാട്ട ആകും. അതിലും നല്ലത് അവനെ തട്ടുന്നതാ. അവന്റെ ഹിസ്റ്ററിയും അത്ര വെടിപ്പല്ലല്ലോ, താൻ അവനെയും പൊക്കി ഇങ്ങോട്ട് കൊണ്ടുവാ “

നടേശൻ പറഞ്ഞിട്ട് ഫോൺ താഴെ വച്ചു.

“എന്താ കാര്യം, ഹുസൈൻ ആണോ പ്രശ്നം. എങ്കിൽ അങ്ങ് തട്ടിയേക്കാം “

തങ്കൻ പാസ്റ്റർ ഗ്ലാസിലിരുന്നത് ഒറ്റവലിക്കു അകത്താക്കി,ചുണ്ട്‌  തുടച്ചു പാത്രത്തിൽ ഇരുന്ന വറുത്ത അടുത്ത കോഴിക്കാല് കയ്യിലെടുത്തു.

“എടൊ ഇവിടെ അടിവേര് ഇളക്കാൻ പോകുവാ. അപ്പോഴാ അയാളുടെ ആക്രാന്തം. ഒരു കാര്യം പറഞ്ഞേക്കാം. എന്ത് കാര്യം ചെയ്തിട്ടായാലും വേണ്ടില്ല. ആ ടോമിച്ചനെ ഒതുക്കിക്കോണം. വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത കോണ@#%എടുത്തു വച്ചിരിക്കുന്നത്.”

നടേശൻ ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് മദ്യം ഒഴിച്ചു കൊണ്ടു ഒരു സിഗററ്റ് കത്തിച്ചു.

പഴയ വീടിന്റെ  മുറ്റത്തു കൊണ്ടു ലോറി നിർത്തി ടോമിച്ചൻ ഇറങ്ങി.കോരിച്ചൊരിയുന്ന മഴ.. കൂടെ കാറ്റുമുണ്ട്.!!

നനഞ്ഞ  കയ്യും മുഖവും കാലും തോർത്തെടുത് തുടച്ചു കൊണ്ടു വീടിന്റെ വരാന്തയിലേക്ക് കയറി . അപ്പോഴാണ് ശ്രെദ്ധിച്ചത് മുൻഭാഗത്തെ കതകു കുറച്ച് തുറന്നു ഇരിക്കുന്നു.!! ടോമിച്ചൻ ഒന്ന് നിന്നു. രാവിലെ ചേർത്തു അടച്ചിട്ടു          പോയതാണ്. പൂട്ടുപൊളിച്ചു അകത്ത് ആരോ കയറിയിരിക്കുന്നു!!.കള്ളന്മാരാണോ? ലോറി വന്ന ശബ്‌ദം കേട്ടിട്ട് പുറകിൽ കൂടി പോയി കാണുമോ? ചിലപ്പോൾ നല്ല മഴയായത് കൊണ്ടു കേട്ടുകാണില്ലായിരിക്കും!!

ആരാണത്?

ടോമിച്ചൻ ചാരിയിട്ടിരുന്ന കതകു ശബ്‌ദം ഉണ്ടാക്കാതെ മെല്ലെ തുറന്നു

                              ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “കാവൽ – 12”

Leave a Reply

Don`t copy text!