Skip to content

കാവൽ – 13

kaaval

അകത്തെ മുറിയിൽ ലൈറ്റ് കണ്ടു.

ആരാണ് ഈ സമയത്തു അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ തുറന്നു അകത്ത് കയറി ലൈറ്റിട്ടിരിക്കുന്നത്.?

ടോമിച്ചൻ ആ മുറിയുടെ വാതിൽ മെല്ലെ തുറന്നു.

മുറിക്കുള്ളിൽ ആരെയും കണ്ടില്ല!

മാത്രമല്ല അഴയിൽ താൻ രാവിലെ മാറിയിട്ടിരുന്ന വെള്ള മുണ്ടും ഷർട്ടും അവിടെ കാണാനുമില്ല!!

അത് ആരെടുത്തു കൊണ്ടു പോയി.?

ടോമിച്ചൻ മുറിക്കുള്ളിലൂടെ ഒന്ന് കണ്ണോടിച്ചിട്ടു പുറത്തേക്കിറങ്ങി അടുക്കളഭാഗത്തേക്ക് നടന്നു.

അടുക്കളയിലേക്ക് കയറിയ ടോമിച്ചൻ അവിടെ നിൽക്കിയുന്ന ആളെ കണ്ടു അമ്പരന്നു!

ജെസ്സി.. അവൾ അടുപ്പിൽ എന്തൊ വച്ചുകൊണ്ട് നിൽക്കുകയാണ്. താൻ നിൽക്കുന്നത് കണ്ടിട്ടില്ല.ഇവൾ ഇവിടെ എങ്ങനെ? ടോമിച്ചൻ പതുക്കെ പുറകിൽ ചെന്നു നിന്നു. ചേർന്നു നിന്നു പെട്ടന്ന് കെട്ടി ഒരു പിടുത്തം!

ജെസ്സി പേടിച്ച് ‘അയ്യോ ‘ എന്ന് കരഞ്ഞു പോയി.

“അനങ്ങി പോകരുത്. നിന്നെ കുറച്ച് നാളായി ഞാൻ നോട്ടം ഇട്ടു വച്ചിരിക്കുകയായിരുന്നു. ഇന്നാണ് കയ്യിൽ കിട്ടിയത്. ഇന്ന് നിന്നെ ഞാൻ ശരിയാക്കും. നീ സുന്ദരി ആണ്, ആരും കൊതിക്കുന്ന സുന്ദരി “

ടോമിച്ചൻ സ്വരം മാറ്റി പറഞ്ഞിട്ട് സിനിമയിൽ ജോസ് പ്രെകാശ് ചിരിക്കുന്നതുപോലെ ചിരിച്ചു.

“ആ.. രാ നിങ്ങൾ, വിടാടാ എന്നെ. നിന്റെ ഒരാഗ്രഹവും നടക്കാൻ പോകുന്നില്ല. ഇതെങ്ങാനും എന്റെ കെട്ട്യോൻ ടോമിച്ചൻ അറിഞ്ഞാൽ നിന്നെ ശരിയാക്കി കളയും. വിടടാ എന്റെ ദേഹത്ത് നിന്നും “

ജെസ്സി കുതറി..

“എന്റെ ആഗ്രഹം സാധിച്ചിട്ടേ ഇന്ന് പോകാത്തൊള്ളടി, അടങ്ങി ഒതുങ്ങി ഞാൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ജീവനോടെ നീ ഇവിടെ നിന്നും പോകത്തില്ല. അതോർത്തോ. നിന്റെ കെട്ടിയോൻ ഉണ്ടല്ലോ ആ ടോമിച്ചൻ, അവനോടുള്ള പക നിന്നോടങ്ങു തീർക്കാൻ പോകുവാ.പുറത്ത് നല്ല മഴയാ. നീ ഇവിടെ കിടന്നു അലറി നിലവിളിച്ചലൊന്നും നിന്നെ രക്ഷിക്കാൻ ആരും വരത്തില്ലെടി “

ടോമിച്ചൻ മനസ്സിൽ ചിരിച്ചു കൊണ്ടു സ്വരം മാറ്റി പറഞ്ഞു.

“എങ്കിൽ എന്റെ ശവത്തിലെ നിന്റെ ആഗ്രഹം തീർക്കതൊള്ളടാ പട്ടി… വിടാടാ എന്നെ “

ജെസ്സി കിടന്നു ഞെളിപിരി കൊണ്ടു. ടോമിച്ചൻ കെട്ടിപിടിച്ചിരുന്ന കൈ അയച്ചു. തിരിഞ്ഞു വന്ന ജെസ്സി മുൻപിൽ ടോമിച്ചൻ നിൽക്കുന്നത് കണ്ടു തുറിച്ചു നോക്കി.അത് കണ്ടു ടോമിച്ചൻ ചിരിച്ചു കൊണ്ടു നിൽക്കുന്ന ടോമിച്ചന്റെ നെഞ്ചിൽ കൈചുരുട്ടി ഇടിച്ചു.

“ദുഷ്ട.. എന്റെ നല്ല ജീവൻ പോയി. കെട്ടിപിടിച്ചു ഞെക്കി കൊല്ലാൻ നോക്കിയതാണോ നിങ്ങൾ. ങേ. എന്റെ നെഞ്ച് പടപട ഇടിക്കുവാ. അറിയാവോ?”

പറഞ്ഞിട്ട് ജെസ്സി ടോമിച്ചന്റെ  നെഞ്ചിൽ മുഖം ചേർത്തു കെട്ടി പിടിച്ചു.

“പറ, നിങ്ങള് എന്തിനാ എന്നെ പേടിപ്പിച്ചത്. ഞാൻ പേടിച്ച് ചത്തു പോയിരുന്നെങ്കിൽ നിങ്ങൾ എന്ത്‌ ചെയ്തേനെ “

ജെസ്സി നിറഞ്ഞിരുന്ന കണ്ണുകൾ ഉയർത്തി ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.

“ഞാൻ വെറുതെ ചെയ്‌തതല്ലേടി. ഒരു രസത്തിന്. നീ പേടിച്ച് പോയി അല്ലെ? സാരമില്ല. പോട്ടെ “

ടോമിച്ചൻ ജെസ്സിയെ ചേർത്തു പിടിച്ചു.

“പിന്നെ നീ പേടിച്ച് ചത്തുപോയാൽ അടുത്ത ദിവസം തന്നെ ഏതെങ്കിലും ഒരു സുന്ദരിയായ പണക്കാരിയെ അങ്ങ് കെട്ടി സുഖായിട്ട് ജീവിക്കും. നിന്നെ പറ്റി ഓർത്തു സങ്കടപെട്ട് ഇ കുട്ടിക്കാനത്തൂടെ  ഞാൻ അലഞ്ഞു തിരിഞ്ഞു നടക്കുമോ എന്നോർത്ത് നീ പേടിക്കണ്ട. അങ്ങനെ ഒരിക്കലും എന്റെ ജീവിതം ഞാൻ നശിപ്പിച്ച് കളയത്തില്ല “

ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി ടോമിച്ചനെ പുറകോട്ടു തള്ളിമാറ്റി.

“ഓഹോ അതാണോ നിങ്ങടെ മനസ്സിലിരിപ്പ്. അപ്പോ അത്രക്കൊക്കെയേ ഉള്ളൂ എന്നോടുള്ള സ്നേഹം അല്ലെ.. എല്ലാം ആണുങ്ങളും ഇങ്ങനെ തന്നെയാ. നിങ്ങളും അതുപോലെ. കപടസ്നേഹി. എന്റെ മനസ്സിലെ സ്നേഹം മുഴുവൻ നിങ്ങക്ക് വാരിക്കോരി തന്ന ഞാൻ മണ്ടി.”

നീരസത്തോടെ പറഞ്ഞിട്ട് ജെസ്സി തിരിഞ്ഞു നിന്നു.

ടോമിച്ചൻ ജെസ്സിയുടെ മുൻപിലേക്കു ചെന്നു അവളുടെ മുഖത്തേക്ക് നോക്കി. ആ കരിമിഴികൾക്കുള്ളിൽ രണ്ട് നീർമണികൾ തുളുമ്പാൻ വെമ്പിനിൽക്കുന്നത് ടോമിച്ചൻ കണ്ടു. പതിവിലും സൗന്ദര്യം ജെസ്സിക്ക് കൂടിയിട്ടുണ്ടെന്നു ടോമിച്ചന് തോന്നി.

“എടി.. എനിക്കൊരു തമാശ പോലും പറയാൻ പറ്റത്തില്ലേ. ഞാൻ ചത്താലും നീ പിന്നെയും മൂത്തുനരച്ചു ഒരു നൂറ്റിപ്പത്തു വയസ്സുവരെ ജീവിക്കും. ഈ ടോമിച്ചനുള്ളപ്പോൾ എന്റെ ഈ സുന്ദരി കെട്യോൾക്ക് എന്തെങ്കിലും പറ്റാൻ ഞാൻ സമ്മതിക്യോ.”

പിണക്കം ഭാവിച്ചു നിന്ന ജെസ്സിയുടെ കണ്ണുകൾ ടോമിച്ചൻ ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പ് ഉയർത്തി തുടച്ചു. കവിളിൽ മെല്ലെ തലോടി.

“നിങ്ങള് ചത്തിട്ടു ഞാൻ മാത്രം ജീവിച്ചിരിക്കുന്നത് എന്തിനാ? ജീവിക്കുന്നിടത്തോളവും ഒരുമിച്ചു ജീവിക്കും, മരിക്കുവാണേൽ ഒരുമിച്ചു മരിക്കും. അതിനപ്പുറം ഒന്നുമില്ല “

ടോമിച്ചന്റെ മുഖത്തു നോക്കി ജെസ്സി പറഞ്ഞു.പിന്നെ തുടർന്നു.

“നിങ്ങള് വീട്ടിൽനിന്നും ഇട്ടോണ്ട് വന്ന തുണികൾ ഇവിടെ അഴിച്ചിട്ടിട്ടു ഈ വേഷത്തിൽ ലോറിയീല് എവിടെ പോയതാ. ങേ.എനിക്കിങ്ങോട്ട് വരാൻ തോന്നിയതുകൊണ്ട് ഈ കള്ളത്തരം കയ്യോടെ പൊക്കാൻ പറ്റി. പറ. പഴയ ലോറിക്കാരൻ ടോമിച്ചന്റെ വേഷത്തിൽ എവിടെ പോയതാ “

ജെസ്സി ടോമിച്ചനെ ചൂഴ്ന്നു നോക്കി.

“അതോ.. കോട്ടയം വരെ കുറച്ച് തടി കൊണ്ടുപോകാനുണ്ടായിരുന്നു വക്കച്ചായന്. വേറെ വണ്ടി ഇല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ നമ്മുടെ ലോറിയും കൊണ്ടുചെന്നു  അതങ്ങു കൊണ്ടു പോയി  കൊടുത്തു. വക്കച്ചായനെ അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ. ഒരുപാടു സഹായം ചെയ്തു തന്നിട്ടുള്ള ആളല്യോ “

ടോമിച്ചൻ വായിൽ വന്ന ഒരു കള്ളം തട്ടി വിട്ടു.

“ങും..അതൊക്കെ നല്ല കാര്യമാ.. വന്ന വഴികൾ മറക്കാൻ പറ്റത്തില്ലല്ലോ? ഞാൻ താക്കോൽ എടുക്കാൻ മറന്നുപോയി അതുകൊണ്ട് ആ താഴ് പൊട്ടിച്ചു അകത്ത് കേറി. ജീപ്പിവിടെ കിടക്കുന്നു. ലോറി കാണാനുമില്ല. അകത്ത് കേറിയപ്പോൾ നിങ്ങളിട്ടൊണ്ട് വന്ന തുണികൾ കിടക്കുന്നു. നിങ്ങടെ കള്ളത്തരം കണ്ടുപിടിക്കാന ഞാനിവിടെ നിന്നത് പോകാതെ “

ജെസ്സി  ടോമിച്ചന്റെ മീശയിൽ തലോടി.

“ചായ ഉണ്ടാക്കിയിട്ടുണ്ട്. എടുക്കട്ടെ “

ജെസ്സി പറഞ്ഞിട്ട് തിളപ്പിച്ചിറക്കി വച്ചിരുന്ന ചായപാത്രത്തിൽ നിന്നും ചായ ഗ്ലാസ്സിലേക്കൊഴിച്ചു ടോമിച്ചന് നേരെ നീട്ടി.ചായമേടിച്ചു കൊണ്ടു ടോമിച്ചൻ വരാന്തയിൽ  കിടന്ന പഴയ തടി ബെഞ്ചിൽ ഇരുന്നു.ഒരു ഗ്ലാസിൽ ചായയുമായി വന്ന് ജെസ്സി ടോമിച്ചന്റെ അടുത്തിരുന്നു.

“എന്നാ മഴയാ അല്ലെ? ചായയും കുടിച്ചു ഇവിടെ വന്ന് മഴയും നോക്കി ഇങ്ങനെ ഇരിക്കുമ്പോൾ എന്ത്‌ രസമാണ്. മഴനൂലുകൾക്കപ്പുറത്തു, നേർത്ത മഞ്ഞു പുതച്ച ഈ തേയില ചെടികൾക്കിടയിലൂടെ മഴയും നനഞ്ഞു കൈകോർത്തു പിടിച്ചു കഴിഞ്ഞ കാലങ്ങളെ നെഞ്ചിലേറ്റി നടന്നാലോ ലോറിക്കാരാ.അതും നിങ്ങള് ഈ വേഷത്തിൽ ആകുമ്പോൾ സൂപ്പർ ആയിരിക്കും. എനിക്ക് ഒരു കുളിരണിഞ്ഞ പ്രണയത്തിന്റെ  മഞ്ഞുതുള്ളിയായി, നിങ്ങടെ ഹൃദയത്തിൽ,വീണലിയണം.”

ചായഗ്ലാസ് താഴെ വച്ചു ജെസ്സി ടോമിച്ചനെ കെട്ടി പിടിച്ചു.

“നീ എന്നെ ഈ ചായയൊന്നു കുടിക്കാൻ സമ്മതിക്ക്. എന്നിട്ട് നീ പറയുന്നതൊക്കെ ചെയ്യാം. പെണ്ണുങ്ങൾ എങ്ങനെയൊക്കെ ചിന്തിക്കും എന്ന് കർത്താവ് ദൈവം തമ്പുരാനുപോലും പ്രവചിക്കാൻ പറ്റത്തില്ല.നീ ഇപ്പൊ പറഞ്ഞ സാഹിത്യം ഒന്നും എനിക്ക് മനസ്സിലായുമില്ല.”

ടോമിച്ചൻ ചായകുടിച്ചു  ഗ്ലാസ്‌ ജനലിന്റെ സൈഡിൽ വച്ചു.

“ചായകുടിച്ചില്ലേ,ഇനി  ഞാൻ പറഞ്ഞപോലെ വാ നമുക്ക് കുറച്ച് മഴനനഞ്ഞു നടക്കാം. നിങ്ങള് വാ. “

ജെസ്സി ടോമിച്ചനെ കൈക്കു പിടിച്ചു മഴയത്തേക്ക് വലിച്ചു. ടോമിച്ചൻ ഇറങ്ങി ചെന്നു.. വീട്ടുമുറ്റത്തേക്ക് ആലിപ്പഴം മഴത്തുള്ളികൾക്കൊപ്പം പലയിടതായി വീണുകൊണ്ടിരുന്നു. ജെസ്സി മഴയത്തു കൂടി ഒരു കുട്ടിയെ പോലെ ഓടിനടന്നു ആലിപ്പഴം പെറുക്കി എടുത്തു. കയ്യിൽ എടുത്തു ടോമിച്ചന് കൊടുക്കാൻ അടുത്ത് ചെല്ലുമ്പോൾ അവ അലിഞ്ഞു വെള്ളമായി മാറി കൊണ്ടിരുന്നു. ജെസ്സി കിട്ടിയ വലിയ ഒരു ആലിപ്പഴം എടുത്തു ഓടി കൊണ്ടു വന്ന് ടോമിച്ചന്റെ വായിക്കുള്ളിൽ ഇട്ടു കൊടുത്തു.

“ഞാൻ കുട്ടിക്കാലത്തേക്ക് പോയ പോലെ ഒരു തോന്നൽ.നിങ്ങക്കൊന്നും തോന്നുന്നില്ലേ “

ടോമിച്ചന്റെ കയ്യിൽ പിടിച്ചു ജെസ്സി ചോദിച്ചു.നനഞ്ഞു കുതിർന്ന ജെസ്സിയെ ടോമിച്ചൻ സൂക്ഷിച്ചു നോക്കി.

“എന്താ നിങ്ങളിങ്ങനെ നോക്കുന്നത്? എനിക്ക് ഇങ്ങനെ നോക്കിയാൽ നാണം വരും “

ജെസ്സി പ്രണയപൂർവം ടോമിച്ചന്റെ കൈവിരലിൽ തലോടി.

“എനിക്കെന്താ എന്റെ കെട്യോളെ നോക്കാൻ പറ്റത്തില്ലേ.മഴനനഞ്ഞു നീ ഇങ്ങനെ നിൽക്കുമ്പോൾ എങ്ങനെയാ നോക്കാതെ ഇരിക്കുന്നത്.”

പറഞ്ഞതും ടോമിച്ചൻ ജെസ്സിയെ വട്ടത്തിൽ  പൊക്കിയെടുത്തു.മുഖത്തു വീഴുന്ന മഴത്തുള്ളികൾ അവളോട്‌ എന്തൊക്കെയോ മൃദുലമായി കുശലം  മൊഴിഞ്ഞു കൊണ്ടിരുന്നു.

ടോമിച്ചൻ ജെസ്സിയുമായി മഴനൂലുകൾക്കിടയിലൂടെ,കോട  മഞ്ഞിൻ പുതപ്പണിഞ്ഞ തേയിലചെടികൾക്കിടയിലൂടെ ഉള്ള  വഴിയിലൂടെ നടന്നു.

*****—–*******——****——-*******——-****ഈരാറ്റുപേട്ട പോലിസ് സ്റ്റേഷൻ..

സ്റ്റേഷനിലേക്ക് വഴിയിൽ നിന്നും കയറി പോകുന്നയിടത്തു ഒരു ഒമിനി വാൻ വന്ന് നിന്നു. നാലഞ്ചു ആളുകൾ  അതിൽ നിന്നും ഇറങ്ങി. ഒരാൾ പോലീസ്റ്റേഷനിലേക്ക് ചെന്നു.സ്റ്റേഷന്റെ വാതിൽക്കൽ പാറാവു നിൽക്കുന്ന പോലീസുകാരന്റെ അടുത്ത് പോയി എന്തോ പറഞ്ഞിട്ട് തിരിച്ചു വന്ന് ഒമിനിയിൽ കയറി ഇരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ അലി ഹുസൈൻ സ്റ്റേഷനിൽ നിന്നും ഇറങ്ങി വന്ന് ഒമിനിവാനിൽ കയറി. വാൻ അവിടെയിട്ടു വട്ടം കറക്കി വാഗമൺ ഭാഗത്തേക്ക്‌ പാഞ്ഞു. വഴിക്കടവ് കഴിഞ്ഞു മുൻപോട്ടു പോകുമ്പോൾ ഉള്ള വളവിൽ  അവരെ കാത്ത് സി ഐ ഫിലിപ്പോസിന്റെ വണ്ടി വഴി സൈഡിൽ കിടപ്പുണ്ടായിരുന്നു.

ഒമിനിയിൽ നിന്നും ഹുസൈൻ സി ഐ ഫിലിപ്പോസിന്റെ ജീപ്പിൽ കയറി. ജീപ്പ് വാഗമൺ ഭാഗത്തേക്ക്‌ കുതിച്ചു.

“സാറെ, നമ്മൾ എങ്ങോട്ടേക്ക പോകുന്നത്?”

ഹുസൈൻ സംശയത്തോടെ സി ഐ ഫിലിപ്പോസിനെ നോക്കി.

“നീ മിണ്ടാതെ അവിടെ ഇരിക്കട. നിന്നെ രക്ഷപ്പെടുത്താന കൊണ്ടു പോകുന്നത്. സ്റ്റേഷനിൽ കിടന്നാൽ കേസ് ചാർജ് ചെയ്തു നാളെ നിന്നെ കോടതിയിൽ ഹാജരാക്കേണ്ടി വരും. ഈ രാത്രി ഇരുണ്ടു വെളുക്കുന്നതിനു മുൻപ് നിന്നെ ഇവിടെ നിന്നും നാട് കടത്തിയില്ലെങ്കിൽ ഞാനും നടേശനും പാസ്റ്ററും എല്ലാം കുടുങ്ങും. അതിന് മുൻപ് നിന്നെ ഒരു പോലീസുകാർക്കും പിടിക്കാൻ പറ്റാത്ത സ്ഥലത്തേക്ക് മാറ്റണം. ഇപ്പോൾ ചാർജ് എടുത്തിരിക്കുന്ന ഡി വൈ എസ് പി ശേഖർ  കുറച്ച് പ്രശ്നക്കാരനാ. നേർവഴി വിട്ടു ഒരു പരിപാടിയും ഇല്ല അയാൾക്ക്‌.അയാളുടെ കയ്യിൽ നിന്നെ കിട്ടിയാൽ അണ്ണാക്കിൽ ലാത്തി കേറ്റി തത്ത പറയുന്നതുപോലെ പറയിക്കും എല്ലാം. അതുകൊണ്ട് ആണ് നിന്നെ നടേശന്റെ അടുത്തേക്ക് കൊണ്ടുപോകുന്നത്.”

പറഞ്ഞിട്ട് ഫിലിപ്പോസ് ഹുസൈനെ ഒന്ന് പാളി നോക്കി. പറഞ്ഞത് അയാൾ പൂർണ്ണമായും അയാൾ വിശ്വസിച്ചോ ഇല്ലയോ എന്നറിയാൻ. ഹുസൈൻ ഫിലിപ്പോസിനെ നോക്കി ചിരിച്ചു.

“അത് നന്നായി സാറെ. ലോക്കപ്പിൽ കിടന്നു ഹുസൈന് അധികം പരിചയമില്ല. ഇഷ്ടവുമല്ല. ജയിലിൽ വച്ചു ഒരു എഴുത്ത് കിട്ടി എനിക്ക്. അതിൽ” നിങ്ങളെ പുറത്തിറക്കാൻ ആള് വരും. ടോമിച്ചൻ എന്ന ഒരുത്തനെ ഇല്ലാതാക്കണം “എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. എഴുത്തിനു താഴെ’ ഒരു സഹയാത്രികൻ ‘എന്ന് മാത്രം എഴുതിയിരുന്നു. പിന്നെ എന്നെ കൊണ്ടുപോകാൻ സാറും ആ പാസ്റ്ററും കൂടി വന്നു.സാറെ യഥാർത്ഥത്തിൽ അത് ആരാണ് സാറെ. അയാൾക്ക്‌ ഈ ടോമിച്ചനോട് എന്താണ് ഇത്ര വൈരാഗ്യം”

ചോദ്യഭാവത്തിൽ ഫിലിപ്പോസിന്റെ മുഖത്തേക്ക് നോക്കി.

“നീ അപ്പം തിന്നാൽ മതി. കുഴി എണ്ണണ്ട കേട്ടോ. അല്ലെങ്കിൽ തല പോകും. പറഞ്ഞില്ലാന്നു വേണ്ട “

ഫിലിപ്പോസ് ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു.

ഹുസൈൻ പറഞ്ഞിട്ട് ഫിലിപ്പോസിനെ നോക്കി.

“സാറെ, എന്റെ കൂടെ ജയിലിൽ ഉണ്ടായിരുന്ന അടിവാരത്തുള്ള ഒരു ആന്റണി ജയിൽ ചാടിയിരുന്നു. അയാൾ ഈ ടോമിച്ചന്റെ ജീപ്പും മോഷ്ടിച്ചു കൊണ്ടുപോകുന്ന വഴി പോലീസുകാരുമായി ഏറ്റുമുട്ടലിനിടയിൽ ജീപ്പിന് തീ പിടിച്ചു മരിച്ചു എന്ന് വാർത്തകണ്ടു. ആന്റണി ചത്തോ സാറെ”

ഹുസൈൻ ഫിലിപ്പോസിന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി.

“ആന്റണി കത്തികരിഞ്ഞു പോയി. അത് നന്നായി. അല്ലെങ്കിൽ അവനെ അന്വേഷിച്ചു നടക്കേണ്ട അവസ്ഥ വന്നേനെ “

പറഞ്ഞിട്ട് ആക്സിലേറ്റർ കൂട്ടി കൊടുത്തു വളവ് വീശി. പെട്ടന്ന് എതിരെ വന്ന കാറിനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ കാറിനെ ഉരസി ജീപ്പ് മുൻപോട്ടു പോയി. കാറോടിച്ചിരുന്ന റോണി കാർ പെട്ടന്ന് ചവുട്ടി നിർത്തി.കൂടെ ഉണ്ടായിരുന്ന വക്കച്ചനെ നോക്കി.

“ആ കഴുവേറി ഇപ്പൊ നമ്മളെ തെക്കോട്ടു കെട്ടി എടുപ്പിച്ചേനെ “

ചെറിയ മദ്യലഹരിയിൽ ആയിരുന്ന വക്കച്ചൻ കോപത്തോടെ പറഞ്ഞു.

“പപ്പാ, കാറിൽ പോറൽ ഉണ്ട്.അവനെ കണ്ടു രണ്ട് തെറിപറഞ്ഞു കുത്തിനു പിടിച്ചു കാശ് മേടിച്ചില്ലേൽ പണിയാകും. വണ്ടി തിരിക്കാൻ പോകുവാ ” റോണി കാർ മുൻപോട്ടെടുത്തു തിരിച്ചു.

“പോയത് പോകട്ടെ, നിങ്ങള് പുറകെ പോയി വഴക്കുണ്ടാക്കണ്ട “

കാറിന്റെ പുറകിലെ സീറ്റിൽ ഇരുന്ന സെലിൻ പറഞ്ഞു.

“നീ മിണ്ടാതെ അവിടെ ഇരുന്നോ. ഇതു ഞങ്ങള് ആണുങ്ങള് നോക്കിക്കൊള്ളാം “

റോണി സെലിനോട് പറഞ്ഞിട്ട് കാർ ജീപ്പിന്റെ പുറകെ വിട്ടു.

സി ഐ ഫിലിപ്പോസ് റിയർവ്യൂ മിറരിലൂടെ നോക്കിയപ്പോൾ പുറകെ കാർ വരുന്നത് കണ്ടു സ്പീഡ് കൂട്ടി.റോണിയും കാറിന്റെ സ്പീഡ് കൂട്ടി.

“മനുഷ്യ, വഴിയുടെ ഒരു വശം കൊക്കയാ, പോയാൽ എല്ലുപോലും വെള്ളമായി പോകും ഓർത്തോ. കൊല്ലാം കൊണ്ടുപോകുവാണോ, എന്റെ വയറ്റിൽ ഒരു കുഞ്ഞ് കിടപ്പുണ്ട്. ഏതെങ്കിലും ഓർക്ക് നിങ്ങള് “

സെലിൻ കാറിന്റെ വേഗത കണ്ടു ഭയത്തോടെ പറഞ്ഞു.

വളഞ്ഞും പുളഞ്ഞും അഗധമായ കൊക്കയുടെ സ്സൈഡിലൂടെ ജീപ്പും കാറും മത്സരിച്ചു പാഞ്ഞു. വാഗമൺ പൈൻ മരക്കാടുകളുടെ അടുത്തെത്തിയതും റോണി സൈഡിലൂടെ പാഞ്ഞു കയറി കാറ് ഫിലിപ്പോസിന്റെ ജീപ്പിന് വിലങ്ങനെ ഇട്ടു. പൈൻ മരക്കാട് കാണുവാൻ വന്ന ടൂറിസ്റ്റുകാർ സംഭവം എന്താണെന്നറിയുവാൻ ആകാംഷയോടെ അങ്ങോട്ടേക്ക് നോക്കി കൊണ്ടു നിന്നു.കാറിന്റെ ഡോർ തുറന്നിറങ്ങിയ റോണി ജീപ്പിനു നേരെ ചെന്നു. അപ്പോഴേക്കും ഫിലപ്പോസ് ജീപ്പിൽ നിന്നും പുറത്തേക്കു ഇറങ്ങി നിന്നിരുന്നു.

“താൻ ആരുടെ അമ്മക്ക് വായു ഗുളിക മേടിക്കുവാൻ പോകുവാടോ. ങേ. എന്റെ അപ്പനെയും ഭാര്യയെയും ഉൾപ്പെടെ ഇപ്പൊ ശവകോട്ടായിലേക്ക് എടുത്തേനയല്ലോ? തന്റെ ജീപ്പിന്റെ സൈഡ് കൊണ്ടു കാറിന്റെ ഒരു വശം മുഴുവൻ പോറൽ ആ. താൻ അതിനുള്ള സമാധാനം പറഞ്ഞിട്ട് പോയാൽ മതി “

റോണി ക്ഷുഭിതനായി ഒച്ചവച്ചു.

“എടാ റസ്ക്കൽ, നീ ആരോടാ കളിക്കാൻ വന്നതെന്ന് അറിയാമോ? ഇനി ഇവിടെ കിടന്നു അലറിയാൽ ചവുട്ടി നിന്റെ എല്ലു ഞാൻ ഊരും ” ഫിലിപ്പോസ് റോണിക്ക് നേരെ മുരണ്ടു.

“പിന്നെ താൻ പുളുത്തും “

മുണ്ട് മടക്കി കുത്തി കൊണ്ടു വക്കച്ചൻ അങ്ങോട്ട്‌ വന്നു.

“എന്റെ കൊച്ചിന്റെ എല്ലു നീ ചവുട്ടി ഓടിക്കുമെന്നോ? എന്ന അതൊന്നു കാണണമല്ലോ?ആരാടാ മൈരേ നീ, കുന്നുമേൽ വക്കച്ചന്റെ മകന്റെ നേരെ തല്ലാൻ വരാൻ. ഇങ്ങോട്ട് വന്നു ഞങ്ങളെ കൊല്ലാൻ നോക്കിയതും പോരാ, പേടിപ്പിക്കുന്നോ “

വക്കച്ചൻ കൈകൾ തെറുത്തു കയറ്റി നിന്നു.

“കാറിന്റെ പാച്ചു വർക്ക്‌ ചെയ്യാൻ ഉള്ള കാശ് തന്നിട്ട് പോയാൽ മതി “

പറഞ്ഞിട്ട് ജീപ്പിന്റെ ബോണറ്റിൽ കൈ ചുരുട്ടി ഇടിച്ചു കൊണ്ടു ജീപ്പിനുള്ളിൽ ഇരിക്കുന്ന ഹുസൈനെ സൂക്ഷിച്ചു നോക്കി വക്കച്ചൻ നിന്നു.

“ഞാൻ ഒരു സി ഐ ഉദ്യോഗസ്ഥാന. ആ എന്നോടാ നിന്റെ മാർഗം കളി. സൂക്ഷിച്ചോ “

ഫിലിപ്പോസ് കോപത്തോടെ മുരണ്ടു.

“താൻ സി ഐ അല്ല കോപ്പിലെ ഏത്  ഡി ജി പി ആണെങ്കിലും എനിക്ക് പുല്ല. ആൾക്കാർ കൂടുന്നതിനു മുൻപ് താൻ ഇതിനൊള്ള നഷ്ടപരിഹാരം തന്നു സ്ഥലം വിടാൻ നോക്ക്‌ “

റോണി പറഞ്ഞത് കേട്ടു ഫിലിപ്പോസ് ചുറ്റും നോക്കി. അവിടെയും ഇവിടെയും നിന്നു ആളുകൾ നോക്കി നിൽക്കുകയാണ്. കുറച്ച് പേർ ജീപ്പിനടുത്തു വന്നു നിൽക്കുന്നുമുണ്ട്.

“എത്ര വേണം. പറഞ്ഞോ “

ഫിലിപ്പോസ് രൂക്ഷമായി റോണിയെ നോക്കി.

“ഒരു ഇരുപതിനായിരം രൂപ ഇങ്ങെടുക്ക്‌. എന്നിട്ട് വിട്ടോ “

റോണി പറഞ്ഞു.

ഫിലിപ്പോസ് ജീപ്പിനുള്ളിൽ നിന്നും ഡാഷ് ബോർഡ്‌ തുറന്നു കാശെടുത്തു റോണിക്ക് നേരെ നീട്ടി.

“അപ്പോ ഇനി കാണാതിരിക്കട്ടെ നമ്മൾ തമ്മിൽ “

കാശ് മേടിച്ചു റോണി ഫിലിപ്പോസിനോട് പറഞ്ഞിട്ട് കാറിനടുത്തേക്ക് തിരിഞ്ഞു നടന്നു. പുറത്തെ വക്കച്ചനും…

“ബാസ്റ്റർഡ് ” പല്ലുഞ്ഞെരിച്ചു കൊണ്ടു ഫിലിപ്പോസ് ജീപ്പിൽ കയറി.

“സാറെ ആളുകൾ നോക്കുനുണ്ട്. നമുക്ക് എത്രയും പെട്ടന്ന് ഇവിടെ നിന്നും പോകാം.”

ഹുസൈൻ ഫിലിപ്പോസിനോട് പറഞ്ഞു.

“ങും. ആ നായിന്റെ മക്കളെ ഞാൻ വെറുതെ വിടില്ല. അവന്മാർക്ക് അറിയില്ല ഇ ഫിലിപ്പോസിനെ. എടുത്തു ചവിട്ടി കൂട്ടി അകത്തിട്ട് ശരിയാക്കും അവന്മാരെ ഞാൻ “

ഫിലിപ്പോസ് ജീപ്പ് സ്റ്റാർട്ടാക്കി മുൻപോട്ടെടുത്തു.ജീപ്പ് വഴിയരുകിൽ കിടന്ന  ചെളി വെള്ളം തെറിപ്പിച്ചു കൊണ്ടു പാഞ്ഞു പോയി.

******–************—********—-**********

വീടിന് മുൻപിൽ വന്നു നിന്ന ജീപ്പിൽ നിന്നും ഇറങ്ങി വന്ന ഫിലിപ്പോസിന്റെ കൂടെ ഹുസൈൻ വരുന്നത് കണ്ടു മുറ്റതിരിക്കുകയായിരുന്ന സി ഐ നടേശൻ അടുത്തിരുന്ന തങ്കൻ പാസ്റ്ററെ നോക്കി.

അകത്തുനിന്നും ഇറങ്ങി വന്ന  സുഗന്ധി നടേശന്റെ  അടുത്തേക്ക് വന്നു.

“ദേ.. മോളെയും കൊണ്ടു ഒരു ഷോപ്പിംഗിന് പോകണം. കൂടാതെ ഏതോ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. അവൾക്കു സെക്കന്റ്‌ ഷോ കാണണമെന്ന്. അതിന് ഓൺലൈനിൽ മൂന്ന് ടിക്കറ്റും ബുക്ക്‌ ചെയ്തിട്ടുണ്ട് അവൾ “

സുഗന്ധി  പറഞ്ഞത് കേട്ടു നടേശൻ  മുൻപിൽ ഇരുന്ന ഗ്ലാസ്സിലെ മദ്യം എടുത്തു വായിലേക്കൊഴിച്ചു എഴുനേറ്റു.

“എനിക്കൊരു കുറച്ച് പണിയുണ്ട്. നീ മോളെയും കൊണ്ടുപോയി ഷോപ്പിംഗ് നടത്തിക്കോ. അപ്പോഴേക്കും ഞാൻ വന്നേക്കാം “

അഴിഞ്ഞു പോകാൻ തുടങ്ങിയ മുണ്ട് അഴിച്ചു കുടഞ്ഞു മടക്കി കുത്തികൊണ്ട് നടേശൻ സുഗന്ധിയോട് പറഞ്ഞു.

സുഗന്ധി അകത്തേക്ക് പോയപ്പോൾ നടേശൻ പാസ്റ്റർ തങ്കനെ നോക്കി.

“സ്ത്രോത്രം പറഞ്ഞു സ്റ്റേജിൽ കിടന്നു കൈകാലിട്ടടിച്ചു പാവപെട്ട സ്ത്രികളെ പറ്റിക്കുന്ന പരിപാടി അല്ല. ഒന്ന് പിഴച്ചാൽ എല്ലാം അകത്ത് പോകും.ദേ ഫിലിപ്പോസിന്റെ കൂടെ ആ ഹുസൈൻ വരുന്നുണ്ട്. അപ്പോ ഞാൻ പ്ലാൻ ചെയ്ത രീതിയിൽ കാര്യങ്ങൾ നടക്കണം. ഒരു വെടിക്ക് രണ്ട് പക്ഷി. ഇന്നത്തോടെ ഹുസൈനെ നരകത്തിലോട്ടു വിട്ടേക്കണം “

പറഞ്ഞിട്ട് കൈകൾ കോർത്തു തലയ്ക്കു പിന്നിൽ കെട്ടി കസേരയിൽ പുറകോട്ടു ചാരി ഇരുന്നു ഒന്ന് ചിരിച്ചു. ക്രൂരമായി.

“ഹുസൈൻ എനിക്കൊരുപാട് സഹായം ചെയ്തു തന്നിട്ടുള്ളവനാ. പക്ഷെ അവനെ തീർത്താലേ നമുക്ക് രക്ഷപെടാൻ കഴിയൂ എങ്കിൽ അങ്ങനെ തന്നെ “

തങ്കൻ പറഞ്ഞു കൊണ്ടു മുൻപിൽ ഇരുന്ന പാത്രത്തിൽ നിന്നും ഒരു കഷ്ണം ബീഫ് എടുത്തു വായിലിട്ടു.

ഫിലിപ്പോസ് വന്നു നടേശന്റെ അടുത്ത് കിടന്ന കസേരയിൽ വന്നിരുന്നു. തങ്കൻ പാസ്റ്റർ അരലിറ്ററിന്റെ ഒരു ബ്രാണ്ടി കുപ്പിയുമായി കുറച്ച് അകലെ നിൽക്കുന്ന ഹുസൈന്റെ അടുത്തേക്ക് ചെന്നു.

“ഹുസൈനെ ഇതങ്ങോട്ട് അടിക്ക്‌ നീ .എല്ലാം മറക്കാൻ ഇതു ബെസ്റ്റാ. ആ ടോമിച്ചന്റെ ഇടിയുടെ വേദനയൊക്കെ അങ്ങ്  പോകട്ടെ. ഇന്നുകൊണ്ട് അവന്റെ ആപ്പീസ് നമ്മള് പൂട്ടിക്കും.”

തങ്കൻ പാസ്റ്റർ കയ്യിലിരുന്ന ബീഫ് ഫ്രൈയുടെ പാത്രവും മദ്യക്കുപ്പിയും ഹുസൈന്റെ കയ്യിലോട്ടു കൊടുത്തു.

“പാസ്റ്ററെ, എന്നെ എങ്ങോട്ടേക്ക മാറ്റുന്നത്.”

ഹുസൈന്റെ ചോദ്യം കേട്ടു പാസ്റ്റർ ഗൂഡമായി ഒന്ന് ചിരിച്ചു.

“നിന്നെ കർത്താവിന്റെ നാമത്തിൽ തന്നെ ഒരു സ്ഥലത്തു അങ്ങ് ഒളിപ്പിക്കും. ഒരുത്തരും കണ്ടുപിടിക്കാത്ത ഒരു സ്ഥലത്ത്.നീ ധൈര്യമായി ഇവിടെ ഇരുന്നു ഇതുമൊത്തം തീർക്ക്. എന്നിട്ട് പോകാം “

പറഞ്ഞിട്ട് പാസ്റ്റർ നടേശന്റെയും ഫിലിപ്പോസിന്റെയും അടുത്തേക്ക് നടന്നു.

“നടേശ…. പാവം ഹുസൈൻ.. അവനറിയത്തില്ലല്ലോ പാസ്റ്റർ കൊടുത്തതു കൊല്ലാൻ കൊണ്ടു നിർത്തിയിരിക്കുന്ന പോത്തിന് അവസാനമായി കൊടുത്ത കാടിവെള്ളം ആണെന്ന്.”

ഫിലിപ്പോസ് കയ്യിലിരുന്ന പാതി കുടിച്ച ഗ്ലാസിൽ ഉണ്ടായിരുന്ന മദ്യം കുടിച്ചിട്ട് എഴുനേറ്റു.

“അപ്പോ പറഞ്ഞപോലെ. തന്റെ വിളി വരാൻ നോക്കിയിരിക്കും ഞാൻ. പോയേക്കുവാ. ഒന്നും പിഴച്ചേക്കരുത്.”

ഫിലിപ്പോസ് യാത്രപറഞ്ഞു ജീപ്പിനടുത്തേക്ക് നടന്നു. ഹുസൈനെ നോക്കി കൈ പൊക്കി കാണിച്ചിട്ട് ഫിലിപ്പോസ് ജീപ്പിൽ കയറി ഓടിച്ചു പോയി.

സുഗന്ധി മകൾ കൃതികയുമായി ഒരുങ്ങി ഷോപ്പിംഗിന് പോകാൻ പുറത്തേക്കു വന്നു.

“അച്ഛാ ഞങ്ങൾ പോകുവാ, പെട്ടന്ന് വന്നേക്കണം. ഒൻപതു മണിക്ക് സെക്കന്റ്‌ ഷോ തുടങ്ങും “

കൃതിക പറഞ്ഞിട്ട് റോസാ ചെടിയിൽ നിന്നിരുന്ന ഒരു റോസപ്പൂ പറിച്ചെടുത്തു മുടിയിൽ തിരുകി .

“കേറടി… സമയം പോകുന്നു “

സുഗന്ധി പറഞ്ഞിട്ട് സാരിയുടെ തുമ്പ് എടുത്തു കയ്യിൽ പിടിച്ചു കാറിൽ കയറി സ്റ്റാർട്ട്‌ ആക്കി.

***——*****–*******—–*******—–******

സമയം രാത്രി  7.30

ആന്റണി തേയില ചെടികൾക്കിടയിലൂടെ ഇരുട്ടിന്റെ മറപറ്റി ടോമിച്ചന്റെ വീടിന് നേരെ നടന്നു. ഗേറ്റിൽ വന്നപ്പോൾ ടോമിച്ചനും ഡേവിടും മുറ്റത്തു എന്തോ സംസാരിച്ചു കൊണ്ടു നിൽക്കുന്നത് കണ്ടു. ഗേറ്റിന്റെ അടുത്ത് നിന്നും ശബ്‌ദം കേട്ടു ടോമിച്ചൻ നോക്കുമ്പോൾ ആന്റണി നിൽക്കുന്നു. ടോമിച്ചൻ കയ്യാട്ടി കേറി വരാൻ പറഞ്ഞു.

ആന്റണി ഗേറ്റ് തുറന്നു കേറി അകത്തേക്ക് ചെന്നു.

“ആന്റണിച്ച, ഇന്ന് ഇവിടുത്തെ സെക്യൂരിറ്റി ലീവിന് പോയിരിക്കുവാ. രണ്ട് ദിവസം കഴിഞ്ഞേ വരൂ.”

ടോമിച്ചൻ ആന്റണിയോട് പറഞ്ഞു.

“രണ്ട് ദിവസം ഇവിടെ കൂടാം. അവിടെ ആ പട്ടികാട്ടിൽ ഒറ്റയ്ക്ക് ഇരിക്കുകയല്ലേ.തന്നെയല്ല നമുക്ക് നാളെ അതിരാവിലെ മറയൂര് വരെ ഒന്ന് പോകണം.അതിനാ വരാൻ പറഞ്ഞത് “

ടോമിച്ചൻ പറഞ്ഞിട്ട് ഡേവിഡിനെ നോക്കി.

“ആന്റണിച്ച… എന്റെ കൂടെ ഔട്ട്ഹൗസിൽ കൂടാം.”

ഡേവിഡ് പറഞ്ഞു.

“ടോമിച്ചാ, സെക്യൂരിറ്റി ഇല്ലല്ലോ. ഞാൻ അയാളുടെ റൂമിൽ കിടന്നോളാം. എ സി റൂമിലൊന്നും കിടന്നാൽ എനിക്കൊറക്കം വരത്തില്ല.”

ടോമിച്ചനും ഡേവിടും ഔട്ട്‌ ഹൌസിൽ കിടക്കാൻ നിർബന്ധിച്ചു എങ്കിലും ആന്റണി ഗേറ്റിനടുത്തുള്ള സെക്യൂരിറ്റി റൂമിൽ കിടക്കാൻ തീരുമാനിച്ചു.

വീടിന് പുറകിലുള്ള റൂമിൽ പോയി ടോമിച്ചനും ഡേവിടും ആന്റണിയും കൂടി ഒരു ഫുൾ ബോട്ടിലെ പൊട്ടിച്ചു. ഡേവിടും ആന്റണിയും മേശയുടെ ചുറ്റുമിരുന്നു ഗ്ലാസുകളിൽ മദ്യം പകർന്നു. അതേ സമയം ടോമിച്ചൻ വീടിനുള്ളിൽ പോയി ജെസ്സിയോട് കുറച്ച് ഭക്ഷണം എടുത്തു വയ്ക്കാൻ പറഞ്ഞു.

“ഇന്നെന്താ മദ്യസേവ ആണോ? നാലുകാലിൽ വരാനാണോ ഉദ്ദേശം. മഴയത്തു എന്നെയും എടുത്തോണ്ട് നടന്നത് വെറുതെ ആകും “

പാത്രത്തിൽ ഭക്ഷണം എടുത്തു ടോമിച്ചന്റെ കയ്യിൽ കൊടുത്തു കൊണ്ടു ജെസ്സി ചിരിയോടെ പറഞ്ഞു.

“പോടീ അവിടുന്ന്.. എനിക്ക് വേണ്ടപ്പെട്ട ഒരാള് വന്നിട്ടുണ്ട്.അതുകൊണ്ട് ഒരു കൂടൽ. അത്രയേ ഉള്ളു. ആളെ  നാളെ പരിചയപെടുത്താം. “

പറഞ്ഞിട്ട് ടോമിച്ചൻ മുൻപോട്ടു നടന്നു.

പിന്നെ തിരിഞ്ഞു  ജെസ്സിയെ നോക്കി.

“ഞാൻ രണ്ടുകാലിൽ തന്നെ വരും. കിടന്നു ഉറങ്ങിക്കളയരുത്. ഉറങ്ങിയാൽ നിന്നെ എടുത്തു മുറ്റത്തേക്ക് ഒരേറു കൊടുക്കും ഞാൻ. പറഞ്ഞില്ലെന്നു വേണ്ട “

ടോമിച്ചൻ പറഞ്ഞപ്പോൾ ജെസ്സി ഒരു ചിരിയോടെ അടുക്കളയിലേക്ക് നടന്നു.

മൂന്നുപേരും കൂടി ബോട്ടിൽ കാലിയാക്കി ഭക്ഷണവും കഴിച്ചു തീർത്തു കൈകഴുകി വന്നതും കറണ്ട് പോയതും ഒരുപോലെ ആയിരുന്നു. ഇനി അരമണിക്കൂർ പവർ കട്ട് ആണ്. ആന്റണി ഒരു ലൈറ്റ് തെളിച്ചു സെക്യൂരിറ്റി റൂമിലേക്കും ഡേവിഡ് ഔട്ട്‌ ഹൗസിലേക്കും പോയി. ടോമിച്ചൻ വീടിനുള്ളിലേക്കും കയറി.

അതേ സമയം മെയിൽ റോഡിൽ നിന്നും ഇടവഴിയിലേക്ക് കേറി ഒരു വാൻ വന്നു നിന്നു.

അതിൽ നിന്നും മൂന്നുപേർ ഇറങ്ങി പുറകിലെ ഡോർ തുറന്നു. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരാളുടെ ശരീരം എടുത്തു പുറത്ത് വച്ചു.  തേയില ചെടികൾ വളർന്നു നിൽക്കുന്നതിനിടയിലുള്ള ചെറിയ വഴിയിലൂടെ ആ ശരീരവുമായി അവർ മുൻപോട്ടു നീങ്ങി.

റൂമിനുള്ളിലെ ചൂട് കാരണം ആന്റണി എഴുനേറ്റു പുറത്തിറങ്ങി. മൂത്രമൊഴിക്കാൻ ഗേറ്റ് തുറന്നു പുറത്തിറങ്ങി. പവർ കട്ട് ആയതിനാൽ നല്ല ഇരുട്ടാണ്. ചെറിയ നിലാവെളിച്ചം ഉണ്ട്.വഴിയുടെ മറുവശത്തുള്ള മരത്തിന്റെ മറവിൽ പോയി മൂത്രമൊഴിച്ചു തിരിഞ്ഞു ഗേറ്റിനടുത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ ആണ് ആന്റണി കണ്ടത്. ഗേറ്റിനുള്ളിൽ നിഴലനങ്ങുന്നു!!

ആന്റണി മതിലിന്റെ മറപറ്റി ഗേറ്റിനടുത്തേക്ക് നടന്നു. ഗേറ്റിനടുത്തു എത്തിയപ്പോൾ ആ ചെറിയ നിലാവെളിച്ചതിൽ ആന്റണി കണ്ടു. മൂന്ന് ആളുകൾ. അവരുടെ കയ്യിൽ എന്തോ ഉണ്ട്.അതുമായി അവർ വീടിന്റെ പുറകിലേക്ക് പോകുന്നു. ആന്റണി പതിയെ കയറി റൂമിൽ എത്തി ഫോണിൽ  ടോമിച്ചനെ വിളിച്ചു.പിന്നെ പതിയെ ഇറങ്ങി വന്നു ഗേറ്റ് അടച്ചു പൂട്ടി. തിരിഞ്ഞതും ആന്റണി കണ്ടു കുറച്ച് മുൻപിലായി ആ മൂന്നു മനുഷ്യരൂപങ്ങൾ തന്നെ നോക്കി നിൽക്കുന്നു!!

                                             (തുടരും )   

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!