Skip to content

കാവൽ – 14

kaaval

പുലർച്ചെ 4.30

കോടമഞ്ഞു വീണ വഴിയിലൂടെ ഹെഡ്ലൈറ്റ് തെളിച്ചു പാഞ്ഞു വന്ന രണ്ട് പോലീസ് ജീപ്പുകൾ ടോമിച്ചന്റെ വീടിനുമുൻപിലെ ഗേറ്റിനു മുൻപിൽ  വന്നു നിന്നു.

അതിൽ നിന്നും പോലീസുകാർ ചാടിയിറങ്ങി.മറ്റൊരു ജീപ്പ്കൂടി അവരുടെ സമീപത്തു വന്നു നിന്നു. അതിൽ നിന്നും സി ഐ നടേശൻ ചാടിയിറങ്ങി. സീറ്റിൽ നിന്നും തൊപ്പി എടുത്തു തലയിൽ വച്ചു.

“ഗേറ്റ് തുറക്കാൻ നോക്കി നിൽക്കണ്ട. മതിലുചാടി വീട് വളഞ്ഞോ. ഒരുതരത്തിലും അവൻ രക്ഷപെടരുത്. ഇതോടെ അവന്റെ മെണപ്പ് തീർത്തു ജീവിതകാലം മുഴുവൻ അകത്ത് കിടക്കാനുള്ള വകുപ്പ് ഉണ്ടാക്കി കൊടുക്കണം. കൊലക്കുറ്റമാ. തെളിവടക്കം പൊക്കണം “

സി ഐ നടേശൻ പോലീസുകാരോട് നിർദേശിച്ചു.

നിർദേശം കിട്ടിയതും പോലീസുകാർ വീടിന്റെ മതില് ചാടി വീട് വളഞ്ഞു.

ആ സമയം നടേശന്റെ ഫോണിലേക്കു ഫിലിപ്പോസിന്റെ കാൾ വന്നു.

“നിങ്ങൾ എത്തിയോ? നമ്മൾ പറഞ്ഞപോലെ കാര്യങ്ങൾ നടക്കുമല്ലോ അല്ലെ നടേശ “?

ഫിലിപ്പോസിന്റെ ആകാംഷ നിറഞ്ഞ സ്വരം നടേശന്റെ കാതുകളിൽ പതിച്ചു.

“ഞങ്ങളിപ്പോൾ ആ ടോമിച്ചന്റെ വീടിന് മുന്പിലാ. ആരും എഴുന്നേറ്റിട്ടില്ലെന്നു തോന്നുന്നു. സെക്യൂരിറ്റിയെ നമ്മൾ മാറ്റിയത് കൊണ്ടു ഗേറ്റിൽ ആരുമില്ല. പോലീസുകാർ മതിലുച്ചാടി വീട് വളഞ്ഞിരിക്കുവാ.തെളിവ് സഹിതം ഇന്നവനെ പൊക്കിയിരിക്കും “

നടേശൻ ആവേശത്തോടെ ഫിലിപ്പോസിനോട് പറഞ്ഞു.

“ങ്ങാ അവനെ പൊക്കിക്കൊ, ഇനി അവൻ നേരെ നിൽക്കരുത്. ഇടിച്ചു നട്ടെല്ലൂരി കോടാലിക്കു പിടി ഇട്ടോണം “

ഫിലിപ്പോസ് നടേശന് ഊർജ്ജം പകർന്നു.

“എന്ന ഞാൻ വച്ചേക്കുവാ. കാര്യം നടക്കട്ടെ “

ഫിലിപ്പോസ് ഫോൺ വച്ചത് നടേശൻ അറിഞ്ഞു.

നടേശനും ഗേറ്റ് ചാടി കടന്നു വീടിന്റെ മുൻവശത്തേക്ക് ചെന്നു. ചുറ്റും ഒന്ന് നിരീക്ഷിച്ച ശേഷം കാളിങ് ബെല്ലിൽ വിരലമർത്തി.

“ആരാ ഈ വെളുപ്പാൻകാലത്തു വന്നു കാളിങ് ബെൽ അടിക്കുന്നത്.”

ബെൽ ശബ്‌ദം കേട്ട് കണ്ണു തുറന്ന ടോമിച്ചൻ തന്നെ കെട്ടിപിടിച്ചിരുന്ന ജെസ്സിയുടെ കൈകൾ എടുത്തു മാറ്റി മെല്ലെ എഴുനേറ്റു അഴിഞ്ഞു പോയ മുണ്ടെടുത്തു കുടഞ്ഞു ഉടുത്തു കൊണ്ടു വാതിലിനു നേരെ നടന്നു.

അപ്പോഴേക്കും കതകിൽ ആരോ മുട്ടുന്ന ശബ്‌ദം കേട്ടു. അത് കേട്ടു ജസ്സിയും കണ്ണുതുറന്നു ബെഡിൽ എഴുനേറ്റിരുന്നു വാതിൽക്കലേക്കു നോക്കി. പിന്നെ  ചിതറി കിടന്ന മുടി വരികെട്ടി വച്ചു ബെഡിൽ നിന്നും എഴുനേറ്റു.

കതകു തുറന്ന ടോമിച്ചൻ മുറിക്കു പുറത്ത് പരിഭ്രമത്തോടെ നിൽക്കുന്ന ശോശാമ്മയെ ആണ് കണ്ടത്.

“എന്താ അമ്മച്ചി, എന്ത്‌ പറ്റി “

ടോമിച്ചൻ ശോശാമ്മയെ സൂക്ഷിച്ചു നോക്കി.

“എടാ ടോമിച്ചാ, വീടിന് ചുറ്റും പോലീസാ. രണ്ട് വണ്ടി പോലീസുകാർ ഉണ്ട്. അതിൽ ഉയർന്ന ഉദ്യോഗസ്ഥൻ മുറ്റത്തു നിൽപ്പുണ്ട്. നിന്നെ കാണണമെന്നും വീടിന്റെ അകം മൊത്തം പരിശോധിക്കണമെന്നും പറയുന്നു. അവരെ കണ്ടിട്ട് എനിക്ക് പേടി ആകുന്നെടാ. എന്തിനാടാ നമ്മുടെ വീട്ടിൽ പോലീസ് വന്നിരിക്കുന്നത് “?

ശോശാമ്മ പേടിയോടെ ടോമിച്ചനോട് പറഞ്ഞിട്ട് താഴേക്കു കൈ ചൂണ്ടി.

“എന്താ ഇവിടെ മുഴുവൻ പോലീസുകാർ വന്നു നിൽക്കുന്നത്.”

ജെസ്സിയും ടോമിച്ചനെ നോക്കി.

“എനിക്കറിയത്തില്ല. വെളുപ്പാൻ കാലത്തു ഇവന്മാരെ ഇങ്ങോട്ട് കെട്ടിയെടുത്തിരിക്കുന്നത് എന്തിനാണെന്ന്.”

ടോമിച്ചൻ മുറിക്കു പുറത്തെക്കിറങ്ങി താഴേക്കു നോക്കി.വാതിൽക്കൽ സി ഐ നടേശൻ നിൽക്കുന്നത് കണ്ടു.കണ്ണാടി ജനാലയിലൂടെ മുറ്റത്തു കുറച്ച് പോലീസുകാർ നിൽക്കുന്നതും കണ്ടു.

“എടാ.. അവരുമായി വഴക്കിനൊന്നും പോയേക്കരുത്. പോലീസുകാര. വല്ല തെറ്റുധരണയുടെയും പേരിൽ വന്നതായിരിക്കും.”

മുണ്ടിന്റെ തുമ്പ് കയ്യിൽ പിടിച്ചു  താഴേക്കു സ്റ്റൈർകേസ്‌ ഇറങ്ങുന്ന ടോമിച്ചന്റെ പുറകെ ചെന്നു ശോശാമ്മ വിളിച്ചു പറഞ്ഞു.

“അത് അവന്മാരുടെ ഇങ്ങോട്ടുള്ള പ്രവർത്തി പോലെ ഇരിക്കും. വീട്ടിക്കേറി തെണ്ടി തരം കാണിക്കാൻ വന്നതാണെങ്കിൽ എന്റെ തനിനിറം കാണും അവന്മാർ “

ടോമിച്ചൻ താഴത്തെ നിലയിലെ ഹാളിൽ എത്തിയപ്പോൾ സി ഐ നടേശനും കുറച്ച് പോലീസുകാരും വീടിനുള്ളിലേക്ക് കയറി വന്നിരുന്നു.

“എന്താ നടേശൻ സാറെ, കൊച്ചുവെളുപ്പാൻ കാലത്തു എന്റെ വീട്ടിനുള്ളിൽ “

ടോമിച്ചൻ സി ഐ നടേശനോട് ചോദിച്ചു കൊണ്ടു പുറത്തേക്കു ചെന്നു.

വീടും പരിസരവും മുഴുവൻ പോലീസുകാർ നിൽക്കുന്നു.!!മുറ്റത്തേക്കിറങ്ങി വീടിന് ചുറ്റും പോലീസുകാർ എന്തൊക്കെയോ പരിശോധിച്ച് കൊണ്ടിരിക്കുന്നു.

ടോമിച്ചൻ തിരിച്ചു വീടിനുള്ളിലേക്ക് കയറി നടേശന്റെ മുൻപിലേക്കു ചെന്നു. പോലീസുകാർ ശോശാമ്മയെയും  ജെസ്സിയെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.

“എന്താ സാറെ ഇതൊക്കെ. വീടിനുചുറ്റും പോലീസുകാർ ആണല്ലോ? ഈ വെളുപ്പങ്കാലത്തു എന്റെ വീടിന് അകത്തും പുറത്തും നിങ്ങളൊക്കെ എന്താ അന്വേഷിച്ചു നടക്കുന്നത്? സാറിന്റെ എന്തെങ്കിലും ഇവിടെ കളഞ്ഞു പോയിട്ടുണ്ടോ? അങ്ങനെ എങ്കിൽ സാറ് ഇതിനുമുൻപ് എപ്പോളാ എന്റെ വീട്ടിൽ സാറ് വന്നത്? ങേ “

ടോമിച്ചൻ നടേശനേ അർത്ഥഗർഭമായി നോക്കി.

“എന്റെ ഒന്നും ഇവിടെ കളഞ്ഞിട്ടില്ല. പക്ഷെ നീ ഇവിടെ ഒരു നിധി ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു അറിഞ്ഞിട്ടു വന്നതാ എടുത്തുകൊണ്ടുപോകാൻ. നീ വല്യ ഹീറോയിസം കാണിച്ചു കോട്ടയം ചന്തയിൽ പോയി പിടിച്ചു കൊണ്ടുവന്ന ആ ഹുസൈന്റെ ശവം ഇവിടെ എവിടെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു ഒരു അറിയിപ്പ് കിട്ടിയിട്ട് വന്നതാ. ഹുസൈന്റെ ശവത്തിന്റെ കൂടെ നിന്നെയും അങ്ങ് കയ്യോടെ പൊക്കിയേക്കാം എന്ന് കരുതി.നീ വലിയ ജഗജില്ലി ആണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇത് നടേശന. സി ഐ നടേശൻ. എന്റെ അടുത്ത് നിന്റെ കുന്തളിപ്പ് ചെലവാകുകേല ടോമിച്ചാ “

ടോമിച്ചനെ നോക്കി ഒരു പരിഹാസചിരിയോടെ സി ഐ നടേശൻ പറഞ്ഞു.

“എല്ലാമുറിയും കേറി പരിശോധിക്ക്. ഒന്നും വിട്ടുപോകരുത് “

നടേശൻ കൂടെയുള്ള പോലീസുകാർക്ക് നിർദേശം നൽകി.

“സാറെ,അടിവാരത്തുള്ള ചത്തുപോയ ആന്റണിയുടെ വീട്ടിൽ അധിക്രെമം കാണിക്കുകയും, എന്നെ കൊല്ലുമെന്ന് ഭീക്ഷണിമുഴക്കുകയും ചെയ്തവനെയാ അങ്ങ് കോട്ടയത്ത്‌ പോയി പിടിച്ചു കൊണ്ടുവന്നു ഈരാറ്റുപേട്ട സി ഐ ഫിലിപ്പോസ് സാറിന്റെ മുൻപിൽ കൊണ്ടുചെന്ന് ഇട്ടു കൊടുത്തത്.ആ ഹുസൈന്റെ ശവം എന്റെ വീട്ടിൽ ഉണ്ടെന്നോ? അതങ്ങനെയാ സാറെ ശരിയാകുന്നത്.അതെന്തു മായാജാലമാ”

ടോമിച്ചൻ നടേശന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“ടോമിച്ചാ, എന്തൊക്കെയാട ഇത്. ഇടുക്കിയിലുള്ള പോലീസുകാര് മുഴുവൻ ഇവിടെ ഉണ്ടല്ലോ “

ശോശാമ്മ വന്നു ടോമിച്ചന്റെ കയ്യിൽ പിടിച്ചു.

“അമ്മച്ചി ഇതൊന്നും കണ്ടു പേടിക്കയൊന്നും വേണ്ട. പരിശോധിച്ചിട്ടു പോകട്ടെ.എന്നിട്ട് ഞാൻ തൊടങ്ങാം “

ടോമിച്ചൻ ശോശാമ്മയെ സമാധാനിപ്പിക്കും പോലെ പറഞ്ഞു.

അപ്പഴേക്കും ടോമിച്ചന്റെ കയ്യിലിരുന്ന ഫോൺ ശബ്ദിച്ചു.എടുത്തു നമ്പറിലേക്കു നോക്കിയപ്പോൾ മനസ്സിലായി ആന്റണിയുടെ രഹസ്യനമ്പർ ആണെന്ന്.എടുക്കാതിരുന്നാൽ നടേശന് സംശയം ഉണ്ടാകും എന്നോർത്ത് ടോമിച്ചൻ ഫോണെടുത്തു ചെവിയിൽ വച്ചതും നടേശൻ അത് പിടിച്ചു വാങ്ങി ചെവിയിൽ ചേർത്തു.

“ങ്ങാ പറഞ്ഞോ, ഞാനാ ടോമിച്ചൻ.”

സി ഐ നടേശാൻ സ്വരം മാറ്റി പറഞ്ഞു.

ഒരു നിമിഷം അപ്പുറത്ത് നിശബ്തത വന്നു. ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു നടേശൻ ടോമിച്ചനെ നോക്കി.

“ങ്ങാ ഞാൻ ആരാണെന്നു മനസ്സിലായോ. നിന്റെ തന്തയാ, നീ അന്വേഷിച്ചു നടക്കുന്ന, നിന്റെ തന്ത.”

അപ്പുറത്തുനിന്നും പറഞ്ഞത് കേട്ടു നടേശന്റെ മുഖം വിവർണ്ണമായി. ചുറ്റും നിന്ന പോലീസുകാർ ഉൾപ്പെടെ എല്ലാവരുടെയും മുഖത്തു ചിരി പടർന്നു.കാൾ കട്ടായി.

“എന്റെ പൊന്നുസാറെ, ടോമിച്ചനെ തെറി വിളിക്കാൻ ആരോ വിളിച്ചതാ. ആ ഫോൺ പിടിച്ചു വാങ്ങിച്ചു സ്വൊന്തം ചെവിയിൽ വച്ചു ഈ കൊച്ചു വെളുപ്പങ്കാലത്തു തന്തക്കു വിളി കേൾക്കേണ്ട വല്ല കാര്യമുണ്ടോ?”

പരിഹാസചിരിയോടെ ഡേവിഡ് ചോദിച്ചു.

അതുകേട്ടു കൃദ്ധനായി സി ഐ നടേശൻ  ഡേവിഡ്നെ നോക്കി.

“എന്താടാ റാസ്കൽ, നീ പോലീസുകാർക്ക്‌ എതിരെ കളിക്കുകയാണോ? നിന്നെ എടുത്തു അകത്തിട്ട് തെളിയാത്ത രണ്ട് കേസ്‌ തലയിൽ കെട്ടിവച്ചു പണിതരാൻ എനിക്കറിയാമട പുല്ലേ “

ഫോൺ അടുത്ത് നിന്ന പോലീസുകാരന് നേരെ നീട്ടി  കൊണ്ടു  ഡേവിഡിന് നേരെ കൈചൂണ്ടി ഗർജ്ജിച്ചു.

“ആ ഇപ്പോൾ വന്ന കാൾ ട്രൂകോളറിൽ ഇട്ടു ആരാണെന്നു നോക്കിക്കേ “

നടേശൻ പോലീസുകാരനോട് നിർദേശിച്ചു.

“സാറെ ഇത് ആന്ധ്രാപ്രേദേശ് ആണ് കാണിക്കുന്നത്. ഒരു ഗുരുസ്വാമി “

പോലീസുകാരൻ നമ്പർ ട്രൂ കോളറിൽ ഇട്ടു നോക്കിയിട്ട് നടേശനോട് പറഞ്ഞു.

“എന്റെ സാറെ, ആരോ നമ്പര് മാറി വിളിച്ചതാ അത്.”

ടോമിച്ചൻ അനിഷ്ടത്തോടെ പറഞ്ഞിട്ട് ഒരു ബീഡി എടുത്തു തൈ വെള്ളയിൽ കുത്തിയിട്ടു ചുണ്ടിൽ വച്ചു.

അപ്പോഴേക്കും വീടിനുള്ളിൽ സെർച്ചിന് പോയിരുന്ന പോലീസുകാർ തിരിച്ചെത്തി.

“സാർ, വീടിനുള്ളിൽ എല്ലായിടവും പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല “

ഒരു പോലീസുകാരൻ പറഞ്ഞിട്ട് പുറത്തെക്കു പോയി.

“എന്റെ വീടിനുള്ളിലെ എന്തെങ്കിലും സാധനങ്ങൾ കാണാതെ പോയാൽ ഞാൻ ബാക്കി അപ്പോൾ പറയാം “

ടോമിച്ചൻ പറഞ്ഞിട്ട് കത്തിച്ചു ചുണ്ടിൽ വച്ചിരുന്ന ബീഡി എടുത്തു ആഞ്ഞു വലിച്ചു പുക പുറത്തേക്കു വിട്ടു.

“പോയാൽ നീ ഞങ്ങളെ വലിച്ചു മൂക്കിൽ കേറ്റുമോ “?

നടേശൻ കൈചുരുട്ടി.

“വേണ്ട സാറെ, ഇതെന്റെ വീടാ, വഴിയരുകിൽ തണലുപറ്റി ഒളിച്ചിരുന്ന് ഹെൽമറ്റുവേട്ട നടത്തി കാലം കഴിച്ചു കൂട്ടുന്ന നിങ്ങടെ ഈ പേടിപ്പീലൊന്നും ടോമിച്ചന്റെ അടുത്ത് വേണ്ട “

പറഞ്ഞതും ടോമിച്ചൻ മുണ്ടെടുത്തു മടക്കി കുത്തി. പെട്ടന്ന് ജെസ്സി വന്നു ടോമിച്ചന്റെ കയ്യിൽ പിടിച്ചു.

“അവര് നിങ്ങളെ പ്രകോപിച്ചു പ്രശ്നം ഉണ്ടാക്കി അറസ്റ്റു ചെയ്യാൻ വേണ്ടിയാ ഇത് “

ജെസ്സി പറഞ്ഞു. അതുകേട്ടു നടേശൻ ജെസ്സിയെ നോക്കി.

“നീ കൊള്ളമല്ലോടി ചരക്കെ.ഇവന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നത് നീയാ അല്ലെ. നീ ആള് ഒന്നൊന്നര മൊതലാണല്ലോ “?

നടേശൻ നാക്കുകൊണ്ട് ചുണ്ട്‌ നനച്ചു.

ഡേവിഡ് ടോമിച്ചന്റെ മുൻപിൽ കേറി നിന്നു. പുറത്ത് നിന്നും ഒരു പോലീസുകാരൻ അകത്തേക്ക് വന്നു.

“വീടിന്റെ ചുറ്റും പരിശോധിച്ചു സാർ. ഒന്നും കണ്ടെത്താൻ പറ്റിയില്ല “

അതുകേട്ടു സി ഐ നടേശന്റെ മുഖം വിളറുന്നത് ടോമിച്ചൻ കണ്ടു.

“ശരിക്കും നോക്കിയോടോ, കുഴിച്ചിട്ടിട്ടുണ്ടോ,എന്നൊക്കെ “

നടേശൻ വിശ്വാസം വരാത്ത രീതിയിൽ പോലീസുകാരെ നോക്കി.

“നോക്കി സാർ, മാത്രമല്ല ഡോഗിനെ കൊണ്ടും പരിശോധിപ്പിച്ചു “

പോലീസുകാരന്റെ മറുപടികേട്ട് നടേശൻ ചിന്തകുഴപ്പത്തിലായി. പിന്നെ ടോമിച്ചനെ നോക്കി. ബീഡി വലിച്ചു പുക പുറത്തേക്കു വിട്ടുകൊണ്ട് നിൽക്കുകയാണ്.

“ഒന്നും കിട്ടിയില്ല അല്ലെ സാറെ. ലോകത്തു ചാകുന്നവന്മാരുടെ എല്ലാം ശവം സൂക്ഷിച്ചു വയ്ക്കാൻ ഇതെന്താ മെഡിക്കൽ കോളേജിന്റെ മോർച്ചറി വല്ലതുമാണോ “?

ടോമിച്ചൻ സി ഐ നടേശന്റെ മുന്നിൽ പോയി നിന്നു. ജെസ്സി പുറകിൽ നിന്നും ടോമിച്ചന്റെ കയ്യിൽ പിടിച്ചു കൊണ്ടു നിന്നു.

“നിങ്ങടെ പരിശോധന കഴിഞ്ഞെങ്കിൽ പോകണം.വഴിയെ പോകുന്നവർക്കും വരുന്നവർക്കും കേറി വരാൻ പെരുവഴിയമ്പലം അല്ല ഇത് “

സി ഐ നടേശനോട് പറഞ്ഞിട്ട് കയ്യിലിരുന്ന ബീഡികുറ്റി പുറത്തേക്കെറിഞ്ഞു.

“പോയി എല്ലാവരും വണ്ടിയിൽ കേറിക്കോ. പോയേക്കാം.”

നടേശൻ പോലീസുകാരോടായി പറഞ്ഞു.

“നടേശൻ സാറെ, ഇത് എനിക്കിട്ടുള്ള ഏതോ പണി ആണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഒരു കാര്യം ഓർത്തോ?, വിനാശകാലേ വിപരീത ബുദ്ധി. അതൊന്നു മനസ്സിലാക്കി വച്ചോ?”

ടോമിച്ചൻ പോകുവാനായി പുറത്തേക്കിറങ്ങിയ നടേശനോടായി പറഞ്ഞു.

“നീ രക്ഷപെട്ടു എന്ന് കരുതേണ്ട ടോമിച്ചാ. നിന്നെ പൊക്കിയിരിക്കും. ഈ നടേശനാ പറയുന്നത് “

ഭീക്ഷണിയുടെ സ്വരത്തിൽ സി ഐ നടേശൻ പറഞ്ഞു.

“ശരി.. എപ്പോഴാ പോകുന്നതെന്നു പറഞ്ഞാൽ മതി. സാറിന്റെ ഇഷ്ടം “

ഡേവിഡ് പറഞ്ഞിട്ട് നടേശനേ നോക്കി.

നടേശൻ എന്തോ പറയാൻ വാ തുറന്നതും ഗേറ്റിൽ നിന്നും ഒരു പോലീസുകാരൻ ഓടി വന്നു.

“സാറെ വീട്ടിലോട്ടു പെട്ടന്ന് ചെല്ലാൻ പറഞ്ഞു സുഗന്ധി മേഡം വിളിച്ചു. അവിടെ എന്തൊക്കെയോ കുഴപ്പമാണെന്ന് “

അത് കേട്ടു നടേശൻ പോലീസുകാരനെ ആശങ്കയോടെ നോക്കി.

“എന്ത്‌ പ്രശ്നം?”

ചോദിച്ചിട്ട് മുറ്റത്തേക്ക് ചാടിയിറങ്ങി.

“അതറിയില്ല സാറെ, വീടിന് ചുറ്റും ആളുകളാണെന്ന്. ഡി വൈ എസ് പി ശേഖർ സാറും കുറച്ച് പോലീസുകാരും വന്നിട്ടുണ്ട്. കൂടാതെ മലയോര കേബിൾ ടീവി യുടെ ആളുകളും പത്രക്കാരും, നാട്ടുകാരും  ഉണ്ടെന്ന് “

കൂടെ നടന്നുകൊണ്ട് പോലീസുകാരൻ പറഞ്ഞു.

“ഈ നേരത്തു ഇവരൊക്കെ എന്റെ വീട്ടിൽ എന്തൊണ്ടാക്കാൻ വന്നതാ. അവിടെ വല്ല ക്യാബറെ ഡാൻസും നടക്കുന്നുണ്ടോ?”

നടേശൻ കോപത്തോടെ ചോദിച്ചു കൊണ്ടു ജീപ്പിലേക്കു കയറി.

“സാറെ. പറയാൻ പറ്റത്തില്ല. അവിടെ ചെന്നാലേ അറിയത്തൊള്ളൂ ക്യാബറെ ആണോ, ബ്രേക്ക്‌ഡാൻസ് ആണോ എന്ന്. വേഗം ചെല്ല്. സാറിന്നുകൊണ്ട് ഫേമസ് ആകാൻ പോകുവല്യോ. വേഗം ചെല്ല് “

പുറകെ വന്ന ടോമിച്ചൻ വിളിച്ചു പറഞ്ഞു.

“നിങ്ങളിങ്ങോട്ട് വാ മനുഷ്യ, പുറകെ ചെന്നു ചൊറിയാതെ “

ജെസ്സി ടോമിച്ചന്റെ കയ്യിൽ പിടിച്ചു പുറകിലേക്ക് വലിച്ചു.പോലീസ് ജീപ്പുകൾ കണ്ണിൽ നിന്നും മായുന്നത് വരെ ഡേവിഡ് നോക്കി നിന്നിട്ടു ഗേറ്റ് അടച്ചു തിരിഞ്ഞു നടന്നു.

***************************************—*

വീടിനടുത്തു എത്തിയപ്പോൾ തന്നെ നടേശൻ കണ്ടു.

വീടിനുചുറ്റും ജനക്കൂട്ടം!!

ജീപ്പ് നിർത്തി ആളുകളുടെ ഇടയിലൂടെ മുറ്റത്തേക്ക് കയറി വരുമ്പോൾ കണ്ടു മുറ്റത്തു പത്രക്കാരും ടീവി ചാനലിന്റെ ആളുകളും ഡി വൈ എസ് പി ശേഖറുമായി സംസാരിച്ചു കൊണ്ടു നിൽക്കുന്നു.

“സാർ ” ശേഖരിന്റെ മുൻപിൽ അറ്റെൻഷൻ ആയി നിന്നു സല്യൂട്ട് അടിച്ച ശേഷം മറ്റുള്ള പോലീസുകാരെ നോക്കി.

“താൻ അകത്തേക്ക് വാ “

നടേശനേ രൂക്ഷമായി നോക്കിയ ശേഷം ശേഖർ അകത്തേക്ക് നടന്നു.

“എന്താ ഇവിടെ പ്രശ്നം.. ഈ ആളും ബെഹളവും “

ആൾക്കൂട്ടത്തിനിടയിൽ നിന്നും ആന്റണി അടുത്ത് നിന്ന ചാനലുകാരനോട് ചോദിച്ചു.

“ആ സി ഐ നടേശൻ ആരെയോ തല്ലിക്കൊന്നു ഇതിനകത്ത് വച്ചിട്ടുണ്ടെന്നു വാർത്ത പരന്നിട്ടുണ്ട്.”

ചാനലിന്റെ ക്യാമറാമാൻ രാജേഷ് പറഞ്ഞു.

“ങേ എങ്കിൽ വീടിനുള്ളിലേക്ക് കയറി ഫോട്ടോ പിടി. അകത്ത് ഉണ്ടെങ്കിൽ പോലീസുകാര, ചിലപ്പോൾ തെളിവ് നശിപ്പിക്കും “

ആന്റണിയുടെ വാക്കുകൾ കേട്ടു ചാനെലുകാർ വീടിനുള്ളിലേക്ക് തള്ളി കയറി.പോലീസുകാർ അവരെ തടഞ്ഞു.

“ക്രോസ്സ് ചെയ്തിരിക്കുന്നതിനു പുറത്ത് നിന്നോണം. ഇതൊരു കൊലപാതകകേസ്‌ ആണ്. ഫിംഗർ പ്രിന്റ് അടക്കമുള്ള തെളിവുകൾ നശിപ്പിക്കപ്പെടാം “

പോലീസുകാർ മുന്നറിയിപ്പ് കൊടുത്തു.

അത് കേട്ടു ആന്റണി തന്റെ കയ്യിലേക്ക് നോക്കി. “ഗ്ലൗസ് ഇട്ടാൽ എവിടെ കിട്ടാൻ”

ആന്റണി പിറുപിറുത്തു.

“ചോദിച്ചാൽ പോലീസുകാർ സമ്മതിക്കത്തില്ല.നിങ്ങള് ആരും കാണാതെ ആ ജനാലക്കൽ ഓക്കെ ആരും കാണാതെ പോയി നോക്കു. തുറന്നു കിടപ്പുണ്ടെങ്കിൽ അത് വഴി എടുത്തു എസ്ക്ലൂസീവ് വാർത്ത കൊട് “

ആന്റണി രാജേഷിനെ വാശി കേറ്റി.

“അതാ ഞാനും നോക്കുന്നത് “

രാജേഷ് പോലീസുകാരുടെ ശ്രെദ്ധയിൽ പെടാതെ ജനാലകളുള്ള ഭാഗത്തേക്ക്‌ നീങ്ങി. അവിടെ ഒരു പാളി തുറന്നു കിടക്കുന്ന ജനാല കണ്ടു അങ്ങോട്ട്‌ നീങ്ങി.

മനോരമം ലേഖകന്റെ അടുത്ത് ചെന്നു ആന്റണി ചോദിച്ചു.

“എന്തെങ്കിലും കിട്ടിയോ, തെളിവ് “

ആന്റണി ആകാംഷയോടെ ചോദിച്ചു.

“ഇല്ല, അകത്ത് പരിശോധിച്ച് കൊണ്ടിരിക്കുകയല്ലേ “

പത്രപ്രവർത്തകൻ വേണു പറഞ്ഞു.

“ഈ വീടിന്റെ ചുറ്റുപാടും ഒന്ന് നടന്നു നോക്കു. ഇങ്ങനെയുള്ള സാഹചര്യത്തിൽ തെളിവുകൾ കുഴിച്ചിടാനും സാധ്യത ഇല്ലാതില്ല. ഞാൻ പറഞ്ഞന്നേ ഉള്ളു.”അതുകേട്ടു വേണു പോലീസുകാർ കാണാതെ ക്രോസ്സ് ലൈനിനു  പുറത്തുകൂടി  വീടിന്റെ പുറകിലേക്ക് ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ടു നടന്നു.

അതേ സമയം വീടിന്റെ ഹാളിലെ  സോഫയിൽ ഭയന്ന് ഇരിക്കുകയായിരുന്നു നടേശാന്റെ ഭാര്യ സുഗന്ധിയും മകൾ കൃതികയും.

അവർക്കടുത്തായി വനിതപോലീസുകാർ ഇരുന്നു അവരോടു കാര്യങ്ങൾ ചോദിക്കുന്നുണ്ട്.കുറച്ച് മാറി നടേശൻ ഒരു കസേരയിൽ ഇരിന്നു ഫോൺ വിളിക്കാൻ എടുത്തപ്പോൾ ഒരു പോലീസുകാരൻ തടഞ്ഞു.

അപ്പോഴേക്കും  ശേഖരും മൂന്ന് നാലു പോലീസുകാരും വീടിന്റെ അകം അരിച്ചു പെറുക്കി അന്വേഷണം നടത്തുകയായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ശേഖർ നടേശന്റെ അടുത്തേക്ക് വന്നു. പുറകെ വന്ന പോലീസുകാരന്റെ കയ്യിൽ തൂക്കിപിടിച്ച ഒരു പോലിസ് യൂണിഫോംമും ഉണ്ടായിരുന്നു.

“ഈ യൂണിഫോം നടേശന്റെ അല്ലെ, കഴുകുവാൻ ഇട്ടിരിക്കുന്ന തുണികളുടെ കൂടെ നിന്നും കിട്ടിയതാ “

പോലീസുകാരൻ ഉയർത്തി പിടിച്ച യുണിഫോമിലേക്ക് കൈചൂണ്ടി നടേശനോട് ചോദിച്ചു.നോക്കിയിട്ട് അതേ എന്ന് നടേശൻ തലകുലുക്കി. സുഗന്ധിയും അത് സമ്മതിച്ചു.

“ഇതിൽ മൂന്നുനാല് സ്ഥലങ്ങളിൽ രക്തകറ പുരണ്ടിട്ടുണ്ട്. ഇത് എവിടുന്ന് പറ്റിയതാണ് “

ശേഖർ നടേശനെ സൂക്ഷിച്ചു നോക്കി.

“എനിക്കറിയത്തില്ല സാറെ, ഈ രക്തം എങ്ങനെ ഇതിൽ പറ്റിയെന്നു “

നടേശൻ പരിഭ്രാന്തിയോടെ പറഞ്ഞു.

“ഇത് ഇന്നലെ നിങ്ങൾ ഇട്ടിരുന്ന യൂണിഫോം അല്ലെ “

ശേഖരിന്റെ അടുത്ത ചോദ്യത്തിന് നടേശാൻ അതേ എന്ന് പറഞ്ഞു.

അപ്പോഴേക്കും അകത്ത് നിന്നും ഒരു പോലീസുകാരൻ ഓടി വന്നു

” സാറെ അവിടെ സ്റ്റോർ റൂമിലെ അലമാരയിൽ….. “

പോലീസുകാരന്റെ ശബ്‌ദം പതറിയിരുന്നു. നടേശൻ വേഗത്തിൽ പോലീസുകാർക്കൊപ്പം അകത്തേക്ക് ചെന്നു.

സ്റ്റോർ റൂമിനോട് ചേർന്നുള്ള വലിയ അലമാര ഒരു പോലീസുകാരൻ തുറന്നു.

അതിനുള്ളിലേക്ക് നോക്കിയ ശേഖർ കണ്ടു.

ചോരയിൽ കുളിച്ച ഒരു മനുഷ്യ ശരീരം

ചുരുണ്ടിരിക്കുന്നു!!!

അതേ സമയം അലമാരക്ക് നേരെ എതിരെയുള്ള ജനാലക്കൽ നിന്നും ഒരു ക്യാമറയുടെ കണ്ണുകൾ അവരെ തുറിച്ചു നോക്കികൊണ്ടിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ പുറത്ത് നിന്നവരിലേക്ക് വാർത്ത പരന്നു.

ചാനലിലേക്ക് അവിടെ നിന്നും ലൈവ് വാർത്തകൾ പറന്നു.മലയോരം വാർത്ത ചാനലിൽ ലൈവ് വാർത്താക്കൊപ്പം അകത്ത് കണ്ട ഡെഡിബോഡിയുടെ ചിത്രവും സംപ്രേഷണം ചെയ്തു.

ഫോറെൻസിക് സർജൻ കുര്യന്റെ  മേൽ നോട്ടത്തിൽ ഡെഡിബോഡി പുറത്തേക്കെടുത്തു. കൂടുതൽ ചാനലുകാർ വന്നുകൊണ്ടിരുന്നു. ആളുകൾ തടിച്ചു കൂടി.ഉള്ളിൽ നിന്നും പുറത്തേക്കു കൊണ്ടുവന്ന ഡെഡിബോഡി കണ്ടു സി ഐ നടേശൻ അമ്പരന്നു.

സുഗന്ധിയും കൃതികയും  അതുകണ്ട് പേടിച്ച് നടേശനേ നോക്കി.നടേശൻ ഡെഡിബോഡി നോക്കി മിഴിച്ചിരിക്കുകയാണ്. ഇതെങ്ങനെ തന്റെ വീട്ടിൽ വന്നു.?ടോമിച്ചന്റെ വീട്ടിലേക്കു കൊടുത്തു വിട്ട ഹുസൈന്റെ ശവശരീരം തന്റെ വീട്ടിനുള്ളിൽ!!!

“ഇതെങ്ങനെയാ ഈ ശവം വീടിനുള്ളിൽ.. നിങ്ങളാരെയെങ്കിലും കൊന്നിട്ടുണ്ടെങ്കിൽ സ്വൊന്തം വീട്ടിനുള്ളിൽ കൊണ്ടാണോ വെക്കേണ്ടത്. ഇവനിന്നലെ ഇവിടെ വന്നവനല്ലേ “?

സുഗന്ധി പരിസരം മറന്നു നടേശനോട് ചോദിച്ചു.

“മമ്മി ഒന്നുമിണ്ടാതിരിക്കുന്നുണ്ടോ “?

അപകടം മണത്ത കൃതിക പെട്ടന്ന് സുഗന്ധിയെ തടഞ്ഞു.

“ഒന്ന് മിണ്ടാതെ ഇരിക്കടി പോത്തേ, മനുഷ്യനെ കൊലക്കു കൊടുക്കാതെ “

നടേശൻ ശബ്‌ദം താഴ്ത്തി മുരണ്ടു.

എന്നാൽ അവരുടെ സംസാരം അവരറിയാതെ ഒരു പോലീസുകാരൻ റെക്കോർഡ് ചെയ്തു എടുക്കുന്നുണ്ടായിരുന്നു. അയാൾ മനസ്സിൽ പറഞ്ഞു.

“എടാ നടേശ, നീ എന്നെ കുറച്ച് ഭരിച്ചതാ. ഇപ്പൊ ദൈവം കാണിച്ചു തന്ന വഴിയാ ഇത്. നിന്നെ ഒതുക്കാൻ “

അതോർത്തു പോലീസുകാരൻ ഒന്ന് ചിരിച്ചു.ഡെഡ് ബോഡി വീടിന്റെ വരാന്തയിൽ കിടത്തി.

ഒരു പോലീസുകാരൻ വീടിന്റെ പുറകിൽ നിന്നും മുൻവശത്തേക്ക് വന്നു.

“സാറെ, അവിടെ ഒരു കുഴിയിൽ ചോരപുരണ്ട കുറച്ച് തുണിയും ലാത്തിയും കുഴിച്ചിട്ടിട്ടുണ്ട് “

അത് കേട്ടു കുറച്ച് പോലീസുകാരും ശേഖറും അങ്ങോട്ട്‌ ചെന്നു.

മണ്ണുമാറ്റിയ കുഴിയിൽ നിന്നും കുറച്ച് ചോരപുരണ്ടു തുണിയും ലാത്തിയും കണ്ടെടുത്തു. മണം പിടിച്ചു ഡോഗ് കുഴിയുടെ അടുത്ത് നിന്നും ഓടി ഗേറ്റിൽ എത്തി. അവിടെനിന്നും ഓടി വീട്ടിനുള്ളിൽ കയറി സി ഐ നടേശന്റെ അടുത്ത് ചെന്നു കുറച്ചിട്ടു പോലീസുകാരെ നോക്കി.

“എന്റെ ഈശ്വരാ, ജീവിതം തകർന്നല്ലോ? ഞാനിതെങ്ങനെ സഹിക്കും.”

സുഗന്ധി അടുത്ത് പേടിച്ചിരിക്കുന്ന കൃതികയെ കെട്ടി പിടിച്ചു കരഞ്ഞു.

“മമ്മി കരയാതെ. ഒന്നും സംഭവിക്കുകയില്ല. കരയാതെ മമ്മി.”

സുഗന്ധിയെ സമാധാനിപ്പിച്ചു കൊണ്ടു കൃതിക നടേശനേ നോക്കി

“പപ്പാ എന്താ ഇത്, എങ്ങനെയാ ഇതൊക്കെ “

കൃതികയും കരയുവാൻ തുടങ്ങി.

“മിസ്റ്റർ നടേശൻ, കൊലപാതകം ആണ്. ഡെഡിബോഡി കിട്ടിയിരിക്കുന്നത് നിങ്ങളുടെ വീടിനുള്ളിൽ നിന്നും. മാത്രമല്ല ഇന്നലെ ഇട്ടിരുന്ന യൂണിഫോമിലെ രക്ത കറ, വീടിന് പുറകിൽ കുഴിച്ചിട്ടിരുന്ന നിലയിൽ കണ്ട രക്തം പറ്റിയ തുണികളും ലാത്തിയും.ഇതെല്ലാം ഇത് ചെയ്തത് നിങ്ങളാനെന്ന വസ്തുതയിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്.”

ഡി വൈ എസ് പി ശേഖർ പറയുന്നത് കേട്ടു നടേശൻ തളർന്നു തലയിൽ കൈവച്ചു പുറകോട്ടു ചാരി ഇരുന്നു.

കൂടി നിന്ന ആളുകൾക്കിടയിൽ നിന്നും ആന്റണി മെല്ലെ തിരിഞ്ഞു നടന്നു. വഴിയിലൂടെ കുറച്ച് മുൻപോട്ടു നടന്നശേഷം ഫോണെടുത്തു കാൾ ചെയ്തു.

“ടോമിച്ചാ,ആന്റണിയാ, ആ നടേശന്റെ പണി തീർത്തിട്ടുണ്ട്. ഇനി അവൻ ജീവിതത്തിൽ പൊങ്ങത്തില്ല.തെളിവുകൾ അടക്കം അവനെ പൊക്കിയിട്ടുണ്ട്. ചാനലുകളിൽ ലൈവ് ആയി വരുന്നുണ്ട്. ടീവി ഓണാക്കി നോക്കു. നാളെ പത്രം മുഴുവൻ ഈ വാർത്തയായിരിക്കും.”

ആന്റണി ആവേശത്തോടെ പറഞ്ഞു.

“ആന്റണിച്ച,നമുക്കെതിരെ തെളിവൊന്നും വരത്തില്ലല്ലോ അല്ലെ. സി സി ടി വി ക്യാമറ, വിരലടയാളം അങ്ങനെയൊന്നും.”

ടോമിച്ചന്റെ ശബ്‌ദം കേട്ടു.

“ഒരു തെളിവും ഇല്ല. ഇതിനു മുൻപ് ഇതിനേക്കാളും വലിയ സ്ഥലങ്ങളിൽ പൂട്ട് തുറന്നും പൂട്ടിയും എന്തൊക്കെ ചെയ്തിരിക്കുന്നു. ഇതിപ്പോൾ പണിയാൻ വന്നവന്നിട്ടു പണി കൊടുക്കാനല്ലേ. അതിൽ സന്തോഷം മാത്രമേ ഉള്ളു ടോമിച്ചാ. പിന്നെ ഞാൻ മരിച്ചു പോയവനും “

ആന്റണി ഫോൺ കട്ടാക്കി മുൻപോട്ടു വേഗത്തിൽ നടന്നു.

*****************************************

ടോമിച്ചൻ ടി വി ഓണാക്കി ലോക്കൽ ചാനൽ ഇട്ടു.

ജെസ്സിയെയും ശോശാമ്മയെയും വിളിച്ചു വരുത്തി. അവർ ടി വി യിലേക്ക് നോക്കി.

വാർത്ത കേട്ടു ശോശാമ്മയും ജെസ്സിയും പരസ്പരം നോക്കി.

“എടാ ഇതിപ്പോൾ ഇവിടെ വന്ന പോലീസുകാരനല്ലേ. അയാളുടെ വീട്ടിൽ കൊന്നു വച്ചിട്ടാണോ ഇവിടെ വന്നു നോക്കിയത്. എന്തായാലും കർത്താവ് രക്ഷിച്ചു.”

ശോശാമ്മ കുരിശുവരച്ചു.

“അതേ അമ്മച്ചി. പണ്ടൊക്കെ ശിക്ഷ കൊടുക്കാൻ താമസിച്ചിരുന്നു. ഇപ്പൊ അപ്പോൾ തന്നെ കൊടുക്കുവാ  കർത്താവ് “

ടോമിച്ചൻ പറഞ്ഞിട്ട് ജെസ്സിയെ നോക്കി.

 ജെസ്സി ടി വി യിലെ വാർത്തയിലേക്കും ടോമിച്ചന്റെ മുഖത്തേക്കും സംശയത്തോടെ മാറി മാറി നോക്കി.

                                (   തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!