Skip to content

കാവൽ – 15

kaaval

ജെസ്സി ടോമിച്ചനെ സൂക്ഷിച്ചു നോക്കി.

പിന്നെ ടി വി വാർത്തയിലേക്കും.

സി ഐ നടേശനേ പോലീസുകാർ വണ്ടിയിലേക്ക് കയറ്റുന്നതും, മുറ്റത്തു കിടക്കുന്ന ആബുലൻസിലേക്ക് ഹുസൈന്റെ മൂടി പുതപ്പിച്ച ശവശരീരം  കൊണ്ടുപോകുന്നതുമൊക്കെയാണ് വാർത്തയിൽ കാണിക്കുന്നത്. ഇടക്കിടെ വീടിനുള്ളിൽ ശവം ഒളിപ്പിച്ചു വച്ചിരുന്ന അലമാരയും, കരഞ്ഞുകൊണ്ടിരിക്കുന്ന സുഗന്ധിയെയും മകൾ കൃതികയേയും കാണിക്കുന്നുണ്ട്. കൂടാതെ വീടിന് പുറകിൽ, ചോരപുരണ്ട തുണിയും ലാത്തിയും കുഴിച്ചിട്ടിരുന്ന സ്ഥലവും,  നടേശന്റെ യൂണിഫോമും എടുത്തെടുത്തു സ്‌ക്രീനിൽ മിന്നിതെളിയുന്നു. മാത്രമല്ല  എസ്ക്ലൂസീവ് ആയി നടേശനും ഭാര്യയും ഇരുന്നു സംസാരിക്കുന്നതിന്റെ ശബ്ദതരേഖയും കേൾപ്പിക്കുന്നുണ്ട്.

ശോശാമ്മ അടുക്കളയിലേക്ക് പോയതും ജെസ്സി ടോമിച്ചന്റെ നേർക്കു തിരിഞ്ഞു.

“ഇതെങ്ങനെയാ ഇവിടെ അന്വേഷിക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കൊല്ലപ്പെട്ടയാളുടെ ശവം വന്നത്. അതും വീടിന്റെ അകത്ത് കൊണ്ടുപോയി സ്വർണ്ണം സൂക്ഷിച്ചു വയ്ക്കുന്നത് പോലെ അലമാരക്കുള്ളിൽ. അയാൾക്ക്‌ തലക്കകത്തു ആൾ താമസം ഒന്നുമില്ലേ, വെറും പിണ്ണാക്കണോ “?

ജെസ്സി ടോമിച്ചന്റെ കണ്ണുകളിലേക്ക് നോക്കി.

“നീ എന്നോട് ചോദിച്ചാൽ എനിക്കെങ്ങനെ അറിയാം. അയാൾക്ക്‌ കിട്ടാനുള്ളത് കർത്താവ് വീഞ്ഞിൽ കലക്കി അണ്ണാക്കിൽ ഒഴിച്ചു കൊടുത്തു എന്ന് കരുതിയാൽ മതി.ഇനി അവൻ ജീവിതത്തിൽ പൊങ്ങത്തില്ല. കൊച്ചു വെളുപ്പാൻകാലത്തു വീട്ടിൽ കേറി വന്നു അനാവശ്യം പറഞ്ഞതിന് കിട്ടിയ ശിക്ഷയ. പിന്നെ നീ ഇതൊക്കെ അന്വേഷിച്ചു തല പുണ്ണാക്കേണ്ട.പോയി  വല്ലതും കഴിക്കാൻ ഉണ്ടാക്കാൻ നോക്ക്‌ “

ടോമിച്ചൻ എഴുനേറ്റു പുറത്തേക്കു നടക്കാൻ തുടങ്ങിയപ്പോൾ ഫോൺ ബെല്ലടിച്ചു.മറുതലക്കൽ വക്കച്ചൻ മുതലാളി ആയിരുന്നു.

“ടോമിച്ചാ, ഇന്നിവിടം വരെ ഒന്ന് വരണം. കാർലോസും കുടുംബവും കുറച്ച് കഴിയുമ്പോൾ വരും. ഒരു കാര്യം ചർച്ച ചെയ്യാനായിരുന്നു. നിനക്കിന്നു വല്ല അർജെന്റ് കാര്യം വല്ലതുമുണ്ടോ “?

വക്കച്ചൻ ചോദിച്ചു.

“ഇല്ല വക്കച്ചയാ, ഞാൻ വരാം, ഒരു പത്തര ആകുമ്പോൾ എത്തിയേക്കാം “

ടോമിച്ചൻ പറഞ്ഞു ഫോൺ വച്ചു കുളിക്കാൻ മുകളിലേക്കു പോയി.

ടോമിച്ചൻ കുളിച്ചിറങ്ങി റൂമിലേക്ക്‌ വരുമ്പോഴേക്കും ജെസ്സി വന്നിരുന്നു.

“എടി… വക്കച്ചായൻ വിളിച്ചിരുന്നു. രാവിലെ അങ്ങോട്ടൊന്നു ചെല്ലാൻ  പറഞ്ഞു. എന്തോ കാര്യം പറയാനുണ്ടെന്ന്.”

ടോമിച്ചൻ ജെസ്സിയെ നോക്കി പറഞ്ഞു.

“ഞാനും വരട്ടെ, എനിക്കും കേൾക്കാമല്ലോ നിങ്ങളെന്താ ചർച്ച ചെയ്യുന്നതെന്ന്. ബൊക്രാനിൽ അണുബോംബ് ഇടാൻ ഉള്ള വല്ല പദ്ധതിയുമാണെങ്കിൽ അതിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ എന്റെ ജീവിതം തുലയത്തില്ലേ. മാത്രമല്ല അങ്ങോട്ടേക്കൊന്ന് പോയിട്ട് കാലങ്ങൾ കുറച്ചായി. പിന്നെ ഇയിടെയായി നിങ്ങക്ക് ചുറ്റിക്കളി കുറച്ച് കൂടുതലാണോ എന്നൊരു സംശയവും എനിക്കുണ്ട് .”

ജെസ്സി ടോമിച്ചന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി.

“നീ എന്തൊക്കെ പോക്കണംകേടാ ഈ പറയുന്നത്. ചുറ്റികളിയോ. അതെന്തു കളി “

ടോമിച്ചൻ ജെസ്സിയെ ചിരിയോടെ നോക്കി.

“ഓഹോ, ഒന്നുമറിയാത്ത പാവം. രൂപക്കൂട്ടിൽ കേറ്റിയിരുത്തി അടുത്ത പെരുന്നാളിന് എഴുന്നുളിക്കാം ടോമിച്ചൻ പുണ്യാളനെ. കുറച്ച് ദിവസമായി എന്തൊക്കെയോ നിങ്ങൾ എന്നിൽ നിന്നും മറക്കുന്നപോലെ ഒരു തോന്നൽ. സത്യം പറ, ഇന്നലെ ഇവിടെ വന്ന ആ പോലീസുകാരന് നിങ്ങൾ എട്ടിന്റെ  പണികൊടുത്ത് മൂലക്കിരുത്തിയതാണോ? അയാളുടെ പണിയാ പോയിരിക്കുന്നത് “?

ജെസ്സി ടോമിച്ചനോട് പറഞ്ഞിട്ട് ബെഡിൽ ഇരുന്നു.

“നീ എന്തൊക്കെയാ ഈ പറയുന്നത് ജെസ്സി. ഞാനാരെയെങ്കിലും കൊന്നു അവിടെ കൊണ്ടിടുമോ അയാളെ കുടുക്കാൻ.?ഞാനതിനു ഇവിടെ അല്ലായിരുന്നോ ഇതുവരെ. അയാൾ ചെയ്തതിന്റെ പ്രവർത്തിക്ക്  അയാൾക്ക്‌ കിട്ടി. അത്രതന്നെ.അതിന് ഞാനെന്തു പിഴച്ചു. നീ പ്രാന്ത് പറയാതെ പോയി കുളിച്ചിട്ടു വാ. നേരത്തെ പോയി വന്നിട്ട് വേണം എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാൻ “

ടോമിച്ചൻ ഹാങ്ങെറിൽ തൂക്കിയിരുന്ന ഷർട്ട്‌ എടുത്തു കുടഞ്ഞു ഇട്ടുകൊണ്ട് ജെസ്സിയെ നോക്കി. ജെസ്സി ടോമിച്ചന്റെ മുഖഭാവം ശ്രെദ്ധിക്കുകയായിരുന്നു.

“കൂടെ കിടക്കുന്നവൾക്കെ രാപ്പനി അറിയൂ എന്നൊരു പഴമൊഴി ഉണ്ട്. അതറിയാമോ നിങ്ങക്ക് “

ജെസ്സി എഴുനേറ്റു ചെന്നു  ടോമിച്ചന്റെ കയ്യിലിരുന്ന നനഞ്ഞ തോർത്ത്‌ മേടിച്ചു കൊണ്ടു ചോദിച്ചു.

“രാപ്പനിയോ? ആർക്ക്? എനിക്കതിനു പനി പോയിട്ട് ഒരു ജലദോക്ഷം പോലുമില്ല. ഇനി നിനക്ക് പനി വല്ലതും ഉണ്ടോ? ഇന്നലെ കിടന്നു കെട്ടിമറിഞ്ഞിട്ടും എനിക്ക് തോന്നിയില്ലല്ലോ “?

ടോമിച്ചൻ കണ്ണാടിയുടെ മുൻപിൽ നിന്നും മുടി ചീകി വച്ചുകൊണ്ട് പറഞ്ഞു.

“പോ മനുഷ്യ അവിടെ നിന്നും അനാവശ്യം പറയാതെ. കേട്ടാൽ തന്നെ നാണം വരും “

ജെസ്സി പറഞ്ഞു കൊണ്ടു ബാത്‌റൂമിലേക്ക് നടന്നു.

“എന്നോട് പൊക്കോളാൻ പറഞ്ഞാൽ നീ വരുന്നില്ലന്നല്ലേ. ശരി ഞാൻ പോകുവാ. പിന്നെ അനാവശ്യം. ഈ അനാവശ്യം മനുഷ്യർക്ക്‌ ചില സമയങ്ങളിൽ ആവശ്യമാണ് കേട്ടോ “

ജെസ്സിയെ നോക്കി ടോമിച്ചൻ ചിരിച്ചു.

“ഓഹോ, എന്നെ കൊണ്ടുപോകാതിരിക്കാനുള്ള പ്ലാൻ ആണ് അല്ലെ. അങ്ങനെ നിങ്ങള് സുഖിക്കേണ്ട. ഞാൻ കുളിച്ചിട്ടു വേഗം വരാം. നിങ്ങള് അവിടെയെങ്ങാനും ഇരുന്നു പത്രം വായിക്ക് “

പറഞ്ഞിട്ട് ജെസ്സി ബാത്‌റൂമിൽ കയറി വാതിലടച്ചു.

ടോമിച്ചൻ ടീപ്പോയിൽ ഇരുന്ന പത്രമെടുത്തു ബെഡിൽ ഇരുന്നു നിവർത്തി നോക്കി കൊണ്ടിരുന്നു. അഞ്ചു മിനിറ്റിനുള്ളിൽ ജെസ്സി കുളിച്ചിറങ്ങി. ഈറനണിഞ്ഞു മാറിൽ തോർത്തുടുത്തു ഇറങ്ങി വന്ന ജെസ്സിയെ നോക്കി ടോമിച്ചൻ ചിരിച്ചു.

“എന്താ നിങ്ങടെ മുഖത്ത് ഒരു കള്ളച്ചിരി “

ജെസ്സി ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.

“എന്താ എനിക്ക് നിന്നെ നോക്കി ചിരിക്കാൻ ലൈസെൻസ് വല്ലതും എടുക്കണോ? നിന്നെ ഈ വേഷത്തിൽ കണ്ടാൽ എന്റെ കണ്ട്രോൾ പോകുമല്ലോ എന്നോർത്ത് ചിരിച്ചതാ ? നിനക്ക് ഓരോ ദിവസവും ഓരോ സൗന്ദര്യം ആണോ?”

ടോമിച്ചൻ പത്രം താഴ്ത്തി ജെസ്സിയെ ഒരു പ്രേത്യേക ഭാവത്തിൽ നോക്കികൊണ്ട്‌  ചോദിച്ചു.

“ഹോ.. നിങ്ങളുടെ ഒരു കാര്യം. ഇത്രയും നാള് ഞാൻ നിങ്ങടെ കൂടെ തന്നെ അല്ലായിരുന്നോ . എന്നിട്ടും ഇപ്പോഴാണോ ഇതൊക്കെ തോന്നുന്നത്. ഇപ്പൊ എന്താ ഇങ്ങനെ ഒരു പൂതി “

ജെസ്സി ചോദിച്ചു കൊണ്ടു ചിരിച്ചു.

“പിന്നെ ഒരു കാര്യം, ഞാൻ നിങ്ങള് പറഞ്ഞ കാര്യം കണ്ണടച്ചു വിശ്വസിച്ചിട്ടൊന്നുമില്ല. ഓർത്തോ.”ചുറ്റികെട്ടി വച്ചിരുന്ന മുടി അഴിച്ചിട്ടുകൊണ്ട് ജെസ്സി പറഞ്ഞു  “നിങ്ങള് താഴെപ്പോയി കഴിച്ചോ? അപ്പോഴേക്കും ഞാൻ ഒരുങ്ങി വരാം “

ജെസ്സി അലമാരിയിൽ നിന്നും ഇട്ടുകൊണ്ട് പോകുവാനുള്ള ഡ്രെസ്സുകൾ എടുത്തു ബെഡിൽ വച്ചു കൊണ്ടു   ടോമിച്ചനെ നോക്കി.

“ഞാൻ കണ്ണടച്ചിരുന്നോള്ളാം. നീ ഡ്രെസ്സ് മാറെടി പെണ്ണുമ്പിള്ളേ “

ടോമിച്ചൻ കയ്യിലിരുന്ന പത്രം മേശപ്പുറത്തിട്ടു.

“നിങ്ങള് അങ്ങനെ കണ്ണടക്കണ്ടാ. നിങ്ങള് കണ്ണടച്ചാലും പകുതി കണ്ണു എന്റെ ദേഹത്തായിരിക്കും. അതുകൊണ്ട് പുറത്തോട്ടിറങ്‌  “

പറഞ്ഞിട്ട് ജെസ്സി വന്നു ടോമിച്ചന്റെ കയ്യിൽ പിടിച്ചു വലിച്ചു എഴുനേൽപ്പിച്ചു മുറിക്കു പുറത്താക്കി വാതിലടച്ചു.

ടോമിച്ചൻ താഴെ ഹാളിലേക്ക് ചെന്നപ്പോൾ ശോശാമ്മ അങ്ങോട്ട്‌ വന്നു.

“എടാ ടോമിച്ചാ. നീ എവിടെയെങ്കിലും പോകുവാണോ? എങ്കിൽ ആഹാരം എടുത്തു വയ്ക്കട്ടെ.”

ശോശാമ്മ ടോമിച്ചനെ നോക്കി.

“അമ്മച്ചി, ഞാനും ജെസ്സിയും ആ വക്കച്ചൻ മുതലാളിയുടെ വീടുവരെ പോകുവാ. അവിടം  വരെ ചെല്ലുവാൻ പറഞ്ഞു വിളിച്ചു.അമ്മച്ചി വരുന്നുണ്ടോ “

ടോമിച്ചൻ സോഫയിൽ ഇരുന്നുകൊണ്ട് ശോശാമ്മയെ നോക്കി.

“ഇല്ലടാ… എനിക്ക് മേല അങ്ങോട്ടും ഇങ്ങോട്ടും വണ്ടിയെൽ ഇരിക്കാൻ. മുട്ടിനു വാതത്തിന്റെ അസുഖം ഉണ്ട്. നല്ല വേദനയും. ജെസ്സി മേടിച്ചോണ്ടു വന്ന കുഴമ്പു തേച്ചു ആവി പിടിക്കുമ്പോൾ ആശ്വാസം ഉണ്ട്. നിങ്ങള് പോയിട്ട് വാ. കൈ കഴുകി ഇരുന്നോ? ഞാൻ ആഹാരം എടുത്തോണ്ട് വരാം. ജെസ്സിയെയും വിളിച്ചോ ‘”

പറഞ്ഞിട്ട് ശോശാമ്മ അടുക്കളയിലേക്ക്‌ പോയി.

കാപ്പികുടി കഴിഞ്ഞു ടോമിച്ചനും ജെസ്സിയും പോകാൻ  ഇറങ്ങി. കുന്നുമ്മേൽ ബംഗ്ലാവിന് മുൻപിൽ ചെന്നു  കാറ് നിർത്തി ഇറങ്ങുമ്പോൾ മുറ്റത്തു കാർലോസ്സിന്റെയും കുമളിയിൽ നിന്നും സ്റ്റാലിൻ വന്ന കാറും കിടക്കുന്നത് കണ്ടു.

ജെസ്സിയെ കണ്ടു സെലിൻ ഓടി വന്നു കയ്യിൽ പിടിച്ചു അകത്തേക്ക് പോയി. പെണ്ണുങ്ങൾ എല്ലാം അടുക്കളയിലേക്ക് പോയി. ഹാളിലെ സോഫയിൽ വക്കച്ചനും കാർലോസും റോണിയും ഫ്രഡ്‌ഡിയും  സ്റ്റാലിനും ഇരുന്നു. ടോമിച്ചൻ ഒരു കസേരയിലും ഇരുന്നു.

“ബിസിനെസ്സ് ഓക്കെ എങ്ങനെ പോകുന്നു ടോമിച്ചാ “

കാർലോസ് ടോമിച്ചനോട് ചോദിച്ചു.

“കുഴപ്പമില്ല. എല്ലായിടത്തും കണ്ണെത്തണ്ടേ. അതിന്റെ കുഴപ്പം മാത്രമേ ഉള്ളു “

ടോമിച്ചൻ പറഞ്ഞു.

“ടോമിച്ചന് ഇപ്പോൾ ഭയങ്കര തിരക്കല്ലേ. ഒന്ന് വിളിക്കാൻ പോലും മെനകെടുന്നില്ല”

ഫ്രഡ്‌ഡി ചിരിയോടെ പറഞ്ഞു.

“ഏയ്യ്, ഇടക്കൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഓക്കെ ഇറങ്ങണമെന്ന് തോന്നും.ഒന്നും നടക്കുകേലന്നെ.”

ടോമിച്ചൻ പറഞ്ഞു കൊണ്ടിരുന്നപ്പോൾ മെറിൻ ചായ ട്രെയും ആയി വന്നു എല്ലാവർക്കും ചായ കൊടുത്തു.

“ഇവൾക്ക് എത്രമാസം ആയി സ്റ്റാലിനെ “

മെറിൻ അടുക്കളയിലേക്ക് പോയപ്പോൾ കാർലോസ് സ്റ്റാലിനോട് ചോദിച്ചു.

“ഇത് ഏഴാം മാസമായി. ഇനി യാത്രയൊക്കെ കുറക്കണം. പപ്പാ അത്യാവശ്യമാണെന്ന് പറഞ്ഞത് കൊണ്ടാ വന്നപ്പോൾ അവളെയും കൂട്ടിയത് “

സ്റ്റാലിൻ പറഞ്ഞു.അപ്പോഴേക്കും പെണ്ണുങ്ങളും അടുക്കളയിൽ നിന്നും അങ്ങോട്ടേക്ക് വന്നു.

“അപ്പോ നമ്മള് കൂടിയത്, കാർലോസിന്റെ ഈ നിൽക്കുന്ന ഫ്രഡ്‌ഡിയെ ആണ് മലയോരകർഷക കോണ്ഗ്രസ്സിന്റെ എം ൽ എ സ്ഥാനാർഥി ആയിട്ടു നിർത്താൻ ഉദ്ദേശിക്കുന്നത്. നമുടെ കുടുംബത്തിൽ നിന്നും ഒരു എം ൽ എ ഉണ്ടെന്ന് പറയുന്നത് വല്യ കാര്യമല്യോ. മാത്രമല്ല ഈ എലെക്ഷനിൽ ജയിച്ചാൽ ഒരു മന്ത്രി സ്ഥാനം ഉറപ്പിക്കാൻ പറ്റും. അതുകൊണ്ട് നമ്മുടെ എല്ലാം സ്വാധീനം ഉപയോഗിച്ച് എങ്ങനെയും ഫ്രഡ്‌ഡിയെ ജയിപ്പിക്കണം. അത് നമ്മുടെ ഒരു അഭിമാനപ്രേശ്നമാ “

വക്കച്ചൻ സോഫയിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു.

“ടോമിച്ചാ, ഇവനെ എങ്ങനെയും നമ്മുക്ക്  ജയിപ്പിക്കണം. മുൻപോട്ടുള്ള കാലങ്ങളിൽ നമുക്ക് ബിസിനെസ്സിൽ കുറച്ച് രാഷ്ട്രിയ സ്വാധീനം ഓക്കെ വേണ്ടി വരും.കാലം മാറി വരികയല്ല്യോ.”

കാർലോസ് ടോമിച്ചനെ നോക്കി.

“ഫ്രഡ്‌ഡി, നീ നിൽക്കടാ, നമുക്കൊന്ന് ഒത്തു പിടിച്ചാൽ പുല്ലുപോലെ നിനക്ക് ജയിക്കാനുള്ളതെ ഉള്ളു.ക്രിസ്ത്യൻ സ്വാധീന മേഖലയല്ലേ. നമുക്ക് നോക്കാം. കുറച്ച് വളഞ്ഞവഴി ഒക്കെ നോക്കേണ്ടി വരും. നിന്നെ ജയിപ്പിച്ചിരിക്കും.”

പറഞ്ഞിട്ട് ടോമിച്ചൻ കാർലോസിനെ നോക്കി.

“കാർലോസച്ചായൻ ഇതുമായി മുൻപോട്ടു പൊക്കോ.ഞാൻ  എന്തിനും കൂടെയുണ്ടാകും പോരെ “

ടോമിച്ചൻ പറഞ്ഞപ്പോൾ ജെസ്സിയും പിന്താങ്ങി.

“ഫ്രഡ്‌ഡി, അവസരങ്ങൾ വരുബോൾ നന്നായി ഉപയോഗിക്കണം. നിന്നോ ഞങ്ങളെല്ലാം കൂടെയുണ്ട്. ജയിക്കും. ഉറപ്പാ “

ജെസ്സി ഫ്രഡ്‌ഡിയോട് പറഞ്ഞു.

മെറിനും, സെലിനും, മോളികുട്ടിയും, എൽസമ്മയും  എല്ലാം എലെക്ഷനിൽ നിൽക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു.

ഉച്ചയൂണിന് ശേഷം എല്ലാവരും പിരിഞ്ഞു. സ്റ്റാലിനോട് ജെസ്സി വീട്ടിലേക്കു വരുവാൻ നിർബന്ധിച്ചു എങ്കിലും അടുത്ത തവണ വരാം എന്ന് പറഞ്ഞു കുമളിക്ക് പോയി.

ടോമിച്ചൻ സോഫയിൽ കിടന്ന ലോക്കൽ പത്രമെടുത് വെറുതെ നിവർത്തി നോക്കുമ്പോൾ ആണ് ആ വാർത്ത ശ്രെദ്ധിച്ചത്. ആ പത്രത്തിലും ഹുസൈൻ മരിച്ചു കിടക്കുന്ന ഫോട്ടോയും വാർത്തയും.

ടോമിച്ചൻ അതിലേക്കു സൂക്ഷിച്ചു നോക്കുന്നത് കണ്ടു വക്കച്ചൻ ചോദിച്ചു.

“ഇത് ഇന്നലെ ആ പോലീസുകാരന്റെ വീട്ടിൽ നിന്നും കണ്ടെത്തിയവന്റെ ശവശരീരമല്ലേ “

പത്രം വക്കച്ചന് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു. വക്കച്ചൻ ആ വാർത്തയിലേക്ക് ശ്രെദ്ധയോടെ നോക്കി. പിന്നെ വക്കച്ചൻ റോണിയെ വിളിച്ചു ആ വാർത്ത കാട്ടികൊടുത്തു.

“എടാ റോണി, ഇവനല്ലേ ഇന്നലെ ആ സി ഐ ഫിലിപ്പോസിന്റെ ജീപ്പിൽ ഉണ്ടായിരുന്നത് “

വക്കച്ചന്റെ ചോദ്യം കേട്ടു റോണി വാർത്തയിലേക്കും ഫോട്ടോയിലേക്കും നോക്കി.

“അതേ.. പപ്പാ ഇവൻ തന്നെ.ഈരാറ്റുപേട്ട സി ഐ ഫിലിപ്പോസിന്റെ ജീപ്പിൽ ജീവനോടെ ഇരിക്കുന്നത് കണ്ട ഇവനെങ്ങനെ ശവമായി  വാഗമൺ സി ഐ നടേശന്റെ വീടുനുള്ളിലെ അലമാരക്കുള്ളിൽ കേറി. അത്ഭുതം ആയിരിക്കുന്നല്ലോ, “?

റോണി പറയുന്നത് കേട്ടു ടോമിച്ചൻ നെറ്റി ചുളിച്ചു.

“നിങ്ങള് ഈ വാർത്ത ഇപ്പോഴാണോ കാണുന്നത്. ഇന്ന് വെളുപ്പങ്കാലം മുതൽ ലോക്കൽ ചാനലിൽ വാർത്ത ഉണ്ട്. ഇത് ഇടുക്കി ന്യൂസ്‌ പത്രം ആയതു കൊണ്ടാ ഇതിലും വന്നത് “

ടോമിച്ചൻ പറഞ്ഞു കൊണ്ടു റോണിയെ നോക്കി.

“ഇന്നലെത്തെ രാത്രിയിലുള്ള മഴയിലും ഇടിയിലും ടി വി പോയിരിക്കുവാ. അതുകൊണ്ട് ന്യൂസ്‌ കാണാത്തത് “

വക്കച്ചൻ പറഞ്ഞു.

“ഇവനെ ഇതിനു മുൻപ് ആരുടെ കൂടെ കണ്ടെന്ന പറഞ്ഞത് “

ടോമിച്ചൻ വക്കച്ചനെ നോക്കി.

വക്കച്ചൻ ഇന്നലെ സി ഐ ഫിലിപ്പോസിന്റെ ജീപ്പ് വന്നു കാറിൽ ഇടിച്ചത് മുതലുള്ള കാര്യങ്ങൾ വിശദീകരിച്ചു.എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ടോമിച്ചൻ റോണിയെ നോക്കി.

“നിങ്ങളല്ലാതെ വേറെ ആരെങ്കിലും ഇവരെ കണ്ടിട്ടുണ്ടോ “?

ടോമിച്ചൻ ആകാംഷയോടെ ചോദിച്ചു.

“വാഗമണ്ണിലെ പൈൻ മരക്കാടിനടുത്തു വച്ച കശപിശ ഉണ്ടായത്. അവിടെയുള്ളവരെല്ലാം കണ്ടിട്ടുണ്ട്, അതിൽ കുറച്ച് പേരെ നമ്മൾ അറിയുന്നവരാ “

റോണി പറയുന്നത് കേട്ടു ടോമിച്ചന്റെ ചുണ്ടിൽ നേർത്ത ഒരു ചിരി വിടർന്നു.

“എന്താ ടോമിച്ചാ, വല്ല പ്രശ്നവും ഉണ്ടോ?”

വക്കച്ചൻ ടോമിച്ചനെ നോക്കി ഇല്ലെന്ന് തലയാട്ടി.

“എനിക്കൊരു സംശയം ഉണ്ട് “പറഞ്ഞിട്ട് റോണി  ടോമിച്ചനെ നോക്കി തുടർന്നു.

“ഞാനാലോചിക്കുന്നത് സി ഐ ഫിലിപ്പോസിന്റെ വണ്ടിയിൽ കണ്ടവൻ എങ്ങനെ സി ഐ നടേശന്റെ വീട്ടിൽ.അതും ശവമായി. അപ്പോൾ തീർച്ചയായും ഈ കൊലപാതകത്തിന് പിന്നിൽ ആ ഫിലിപ്പോസും ഇല്ലെ എന്നാണ്?”

അത്‌ കേട്ടു ടോമിച്ചൻ മെല്ലെ എഴുനേറ്റു.

“അതെന്തെങ്കിലും ആകട്ടെ, നമ്മളെ ബാധിക്കുന്ന കാര്യമല്ലല്ലോ? ഈ കാര്യം ആരോടും പറഞ്ഞു പുലിവാല് പിടിക്കേണ്ട. അവരെന്തെങ്കിലും ചെയ്യട്ടെ.”

അപ്പോഴേക്കും പോകാൻ തയ്യാറായി ജെസ്സി വന്നു. മോളികുട്ടി കുരുമുളകും മസാലയും ഇട്ടു വരട്ടിയ ബീഫും, കുടംപുളിയിട്ടു  വച്ച മീൻകറിയും പൊതിഞ്ഞു കൊണ്ടു വന്നു ജെസ്സിയുടെ കയ്യിൽ കൊടുത്തു.

എല്ലാവരോടും അങ്ങോട്ടേക്കിറങ്ങാൻ പറഞ്ഞു ടോമിച്ചനും ജെസ്സിയും യാത്രപറഞ്ഞു കാറിൽ കയറി . ജെസ്സിയെ വീട്ടിൽ കൊണ്ടിറക്കി ടോമിച്ചൻ നേരെ ഫാമിലേക്കാണ് പോയത്.

കെട്ടിടത്തിനു മുൻപിൽ കാറ് നിർത്തി ഇറങ്ങുമ്പോൾ ആന്റണി ഇറങ്ങി വന്നു.

“ആന്റണിച്ച, ഒരു പ്രേത്യേക കാര്യം പറയാനുണ്ട്. ഇന്നലെ വൈകുന്നേരം വാഗമണ്ണിൽ വച്ചു ആ സി ഐ ഫിലിപ്പോസിന്റെ ജീപ്പിൽ ഹുസൈനെ കണ്ടവർ ഉണ്ട്.എന്ന് വച്ചാൽ ഹുസൈന്റെ കൊലപാതകത്തിൽ ഫിലിപ്പോസിനും പങ്കുണ്ടെന്നു സാരം. ഫിലിപ്പോസ് ഉദേശിച്ചത്‌ ഹുസൈനെ ഇല്ലാതാക്കി എന്റെ തലയിൽ വയ്ക്കനായിരുന്നു .കോട്ടയത്ത്‌ നിന്നും അവനെ നമ്മൾ കൊണ്ടുവരുന്നത് കുറച്ച് പേര് കണ്ടതാണല്ലോ. അപ്പോ ഈരാറ്റുപേട്ടസ്റ്റേഷനിൽ അവനെ നമ്മൾ കൊണ്ടു കൊടുത്തില്ല എന്ന് വരുത്തിയാൽ പിന്നെ എന്റെ തലയിൽ ആകുമല്ലോ? “

ടോമിച്ചൻ ഒരു ബീഡിക്കു തീ കൊളുത്തി.

“ആന്റണിച്ച, ആ കഴുവേറി ഫിലിപ്പോസിന്റെ തലയിൽ കുരുടുബുദ്ധി ഉദിക്കുന്നതിനു മുൻപ് അവനെ ഒന്ന് വിരട്ടി നിർത്തണം.ആന്റണിച്ചൻ അവനെ ഒന്ന് വിരട്ടിയേക്ക് “

ടോമിച്ചൻ വരാന്തയിൽ ഇരുന്നു.

ആന്റണി ഫോണെടുത്തു ഫിലിപ്പോസിനെ വിളിച്ചു.

“ഹലോ, ഫിലിപ്പോസ് സാറല്ലേ “?

ആന്റണി ഭാവ്യതയോടെ ചോദിച്ചു.

“അതേ, നീ ആരാ, എന്ത്‌ വേണം “

ഫിലിപ്പോസിന്റെ ഘനഗഭീര ശബ്‌ദം മുഴങ്ങി.

“ഞാനാരാണെന്നു പറയുന്നതിന് മുൻപ് ഒരു കാര്യം പറയാനാ സാറെ. ഇന്ന് നടേശൻ സാറിന്റെ വീട്ടിൽ നിന്നും എടുത്ത ഹുസൈന്റെ ശവത്തെ പറ്റി സാറ് അറിഞ്ഞില്ലേ “

ആന്റണി ചോദിച്ചു കൊണ്ടു ടോമിച്ചനെ നോക്കി. ഒരു നിമിഷത്തെ നിശബ്ദതക്ക്‌ ശേഷം ഫിലിപ്പോസിന്റെ സ്വരം കേട്ടു.

“അതിന് ഞാൻ എന്ത്‌ ചെയ്യാൻ. വാഗമൺ പോലിസ് സ്റ്റേഷന്റെ  പരിധിയിൽ നടക്കുന്ന കാര്യം അവിടെ ഉള്ളവർ നോക്കിക്കോളും. നീ  അതോർത്തു തല പുകക്കേണ്ട.എനിക്ക് ആ ഹുസൈനെ അറിയത്തു പോലുമില്ല. ഇതൊക്കെ നിന്നോടെന്തിനാ ഞാൻ പറയുന്നത്.ആട്ടെ ഇതൊക്കെ ഒരു സി ഐ യോടെ ചോദിക്കാൻ നീ  ആരാടാ റാസ്കൽ “

ഫിലിപ്പോസ് മുരണ്ടു.

“ഞാൻ ആരാണെന്നു അറിയണം സാറിന് അല്ലെ. നിന്റെ തന്തയാടാ ഞാൻ. അഞ്ചു വർഷം മുൻപ് നിന്റെ എടവകയിൽ നീ കൊണ്ടു പോയി കുഴിച്ചിട്ട നിന്റെ തന്ത ഉയിർത്തെഴുന്നേറ്റതാ.”

ആന്റണി ചിരിയോടെ പറഞ്ഞു.

“റാസ്കൽ, എന്റെ തന്തക്കു വിളിക്കുന്നോടാ കഴുവേറി. സത്യം പറഞ്ഞോ. ആരാ നീ. മണിക്കൂറുകൾക്കകം നിന്നെ പൊക്കി ഇടിച്ചു നിന്റെ നട്ടെല്ല് ഒടിച്ചു, പെടുക്കാൻ പോലും പറ്റാത്ത അവസ്ഥ ആക്കും ഞാൻ “

ഫിലിപ്പോസ് കോപം കൊണ്ടു വിറച്ചു.

“ഉവ്വാ, നീ ഒലത്തും,പോടാ മൈരേ,. ജനങ്ങളുടെ നികുതി പണം കൊണ്ടു നിന്നെ  കാക്കിയും ഇടീച്ചു മാസമാസം   ശമ്പളവും തരുന്നത് പാവപ്പെട്ടവന്റെ അടിവയറ് ചവിട്ടി കലക്കനാണോടാ പുല്ലേ. ചുമലിൽ നക്ഷത്രത്തിന്റെ എണ്ണം കൂടുതലുണ്ടെന്നു കരുതി നീ അധികം കൊണക്കരുത് കേട്ടോടാ ഫിലിപ്പോസെ. നിന്നെ ഒന്ന് ബഹുമാനിച്ചേക്കാം എന്ന് വിചാരിച്ചപ്പോൾ നീ എനിക്കിട്ടു ഉണ്ടാക്കാൻ വരുന്നോ.  നിന്റെ അവസാനം ആണിന്നു. ശ്രെദ്ധിച്ചു കേട്ടോ ഞാൻ പറയുന്നത്. ഇന്നലെ വൈകുന്നേരം നിന്റെ ജീപ്പിൽ കൊല്ലപ്പെട്ട ഹുസൈൻ ഇരിക്കുന്നത് കണ്ട ദൃക്‌സാക്ഷികൾ ഉണ്ട്. പിന്നെ രാത്രിയിൽ അവന്റെ ശവം നടേശന്റെ വീടിന്റെ അകത്തും. അതെന്തു മായാജാലം. ങേ, അവനകത്തും നീ പുറത്തും. അത് ശരിയാണോ ഫിലിപ്പൊസേ. ഈ കൊലപാതകത്തിൽ പങ്ക് കച്ചവടം നടത്തിയ നീയും അകത്ത് പോകേണ്ടതല്ലേ പുന്നാരമോനെ.  നീ ഒലത്താൻ ഇറങ്ങിയാൽ നിന്റെ തൊപ്പി ഞാൻ തെറിപ്പിക്കും.ഒന്ന് മൂളിയാൽ സാക്ഷി പറയാൻ ആളുകൾ റെഡിയായി നിൽക്കുവാ. അനങ്ങാതെ അണ്ണാക്കിൽ കയ്യും തിരുകി പിരി വെട്ടിയവനെ പോലെ മിണ്ടാതെ ഇരുന്നോണം. ഇതിനെ കുറച്ചു നീ എവിടെ  എന്തെങ്കിലും കമ എന്നൊരാക്ഷരം പറഞ്ഞാൽ അതോടെ നീ തീർന്നെടാ നായിന്റെ മോനെ “

ആന്റണി ഫോണിലൂടെ അട്ടഹസിച്ചു കൊണ്ടു ടോമിച്ചനെ നോക്കി കണ്ണിറുക്കി.

ടോമിച്ചൻ ചിരിച്ചു കൊണ്ടു കൈകൊണ്ടു തുടർന്നോളാൻ പറഞ്ഞു.

“ആരാ നിങ്ങൾ, “ഫിലിപ്പോസിന്റെ സ്വരം താഴ്ന്നു.

” നിങ്ങൾക്കെന്താ വേണ്ടത്. അവിവേകം ഒന്നും ചെയ്യരുത്. ഞാൻ എന്ത്‌ വേണമെങ്കിലും ചെയ്യാം. ജോലി തെറിപ്പിക്കരുത്. രണ്ട് വർഷം കൂടി കഴിഞ്ഞാൽ റിട്ടർഡ്‌മെന്റ. ചതിക്കരുത് “

മറുതലക്കൽ ഫിലിപ്പോസിന്റെ പതറിയ ശബ്‌ദം കേട്ടു ആന്റണി പൊട്ടിച്ചിരിച്ചു.

“അപ്പോ നിനക്ക് മര്യാദക്ക് സംസാരിക്കാൻ അറിയാം അല്ലെ. എടാ ഫിലിപ്പോസെ, നിന്നെ കൊണ്ടു ഞങ്ങൾക്ക്  കുറച്ച് കാര്യം ഉണ്ട്. ഞങ്ങൾ പറയുന്നത് കേട്ടു വാലും ചുരുട്ടി ആസന്നത്തിൽ വച്ചു പട്ടിയെ പോലെ അനുസരിച്ചോണം. ഇല്ലെങ്കിൽ ഫിലിപ്പോസെ, നിന്റെ ആപ്പീസ് ഞങ്ങള്  പൂട്ടും. നാലരത്തരം.കേട്ടോടാ പന്നി ,പിന്നെ ഫോൺ നമ്പർ ട്രേസ് ചെയ്യാനോ മറ്റോ നോക്കിയാൽ റെയ്‌ഞ്ചു തപ്പി നിനക്കൊക്കെ  തമിഴ് നാട്ടിൽ പോകേണ്ടി വരും, അതുകൊണ്ട് നിന്റെ വക്രബുദ്ധി പുറത്തോട്ടു വേണ്ട”

ആന്റണി തുടർന്നു.

“ഞാൻ നിന്റെ മരിച്ചുപോയ തന്ത ആണെന്ന് പറഞ്ഞാൽ നീ അങ്ങ് സമ്മതിച്ചേക്കണം. നീ സമ്മതിക്കുമോ ഇല്ലയോ. പറയെടാ ഫിലിപ്പൊസേ “

ആന്റണി കടുപ്പിച്ചു ചോദിച്ചു.

“നിങ്ങളെന്റെ തന്തയോ, വലിയ തന്തയോ, അമ്മായിയപ്പനോ  ആര്  വേണമെങ്കിലും  ആയിക്കോ, ഞാൻ എതിർക്കത്തില്ല. ചതിക്കരുത് “

കെഞ്ചുന്ന സ്വരത്തിൽ സി ഐ ഫിലിപ്പോസ് പറഞ്ഞു.

“ഇത് മൂന്നും കൂടി ഞാനൊരാൾ എങ്ങനെയാട പുല്ലേ ആകുന്നത്, ഓരോ മണിക്കൂർ ഇടവിട്ട് വേഷം മാറി വരണോ? ഇതെന്താ പ്രച്ചന്നവേഷ മത്സരമോ? അതിനൊന്നും എനിക്ക് സമയമില്ല ഫിലിപ്പൊസേ,പിന്നെ നീ ആദ്യമായി  ഒരു കാര്യം പറഞ്ഞിട്ട് ഞാൻ അനുസരിച്ചില്ല എന്ന് വേണ്ട ,നീ പറഞ്ഞപോലെ ഞാൻ  നിന്റെ അപ്പൻ ആയിക്കോളാം. ഇന്ന് തൊട്ട് ഞാൻ എപ്പോൾ വിളിച്ചാലും ഫോൺ എടുത്തോണം. നിന്നെ ജനിപ്പിച്ച നിന്റെ അപ്പൻ  ആണ് വിളിക്കുന്നതെന്ന ഓർമ വേണം.ബഹുമാനവും, കേട്ടല്ലോ.അപ്പോ  മറക്കണ്ട. ശരി “

ആന്റണി ഫോൺ വച്ചു.

“ടോമിച്ചാ പോരെ. ഇനി അവൻ ഇതിനെ കുറിച്ച് ആരോടും ഒന്നും മിണ്ടതില്ല. എപ്പോഴും മനസ്സിൽ ഒരു പേടി കാണും, ഒരു സി ഐ യുടെ തന്തക്കു വിളിച്ചപ്പോൾ എന്ത ഒരു സുഖം “

ആന്റണി പറഞ്ഞിട്ട്  ടോമിച്ചന്റെ അടുത്ത് പോയി ഇരുന്നു.

“ആന്റണിച്ച,രാത്രിയിൽ വീട്ടിൽ നിന്നും അടിച്ച് മടക്കി കൊണ്ടുവന്ന ആ  നടേശന്റെ ഗുണ്ടകൾ എവിടെ “

ടോമിച്ചൻ ആന്റണിയെ നോക്കി.

“ചാനെലുകാരൻ രാജേഷ് വന്നു.നടേശനും ഇവന്മാരും കൂടിയ ഹുസൈനെ കൊന്നതെന്ന് ഇവന്മാർ  സമ്മതിക്കുന്ന വീഡിയോ എടുത്തിട്ടുണ്ട്.ഇന്ന് വൈകുന്നേരം മുതൽ വാർത്ത കൊടുക്കും എന്ന പറഞ്ഞിരിക്കുന്നത്. ചാനലുകാർ പോയ ഉടനെ മൂന്ന് എണ്ണത്തിനെയും ചവിട്ടിക്കൂട്ടി മൂന്ന് വീപ്പകളിൽ കേറ്റി നിർത്തി  സ്പിരിറ്റു ഒഴിച്ചു വച്ചിട്ടുണ്ട്. കുറച്ച് അവന്മാരുടെ അണ്ണാക്കിലും ഒഴിച്ചു കൊടുത്തു. ഇനി ഓരോന്നിനെയും പുറത്തെടുത്തു പുറകിൽ  ഓരോ  വാലും വച്ചു തീകൊളുത്തി വിട്ടാൽ,പണ്ട് വാലിനു തീപിടിച്ച ഹനുമാൻ പാഞ്ഞത് പോലെ  മൂന്നു പേരും മൂന്നു  വഴിക്കു പായുന്നത് കാണാം. പോകുന്നപോക്കിൽ ഇവന്മാർ കേരളത്തിൽ നിന്നും ഓരോ ചാട്ടത്തിന് ശ്രീലെങ്കയിൽ എത്തും .കാണാൻ നല്ല രസമായിരിക്കും. കൊന്നു ശീലിച്ചു വന്നവന്മാരല്ലേ. അപ്പോ ഇങ്ങനെയൊക്കെ ചെയ്യുന്നതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല “

പറഞ്ഞിട്ട് ആന്റണി തീപ്പെട്ടി എടുത്തു ഉരച്ചു കത്തിച്ചു.

“ആന്റണിച്ച, എന്ത്‌ ചെയ്യാൻ പോകുവാ, വാർത്ത വന്നു കഴിയുമ്പോൾ ഇവന്മാരെ കൂടി പോലീസുകാർക്ക് ഇട്ടു കൊടുക്കണം. കണ്ണുമൂടികെട്ടി അല്ലെ കൊണ്ടു വന്നത്. അതുകൊണ്ട് ഈ സ്ഥലം ഇവന്മാർക്ക് അറിയാൻ സാധ്യത ഇല്ലല്ലോ “

ടോമിച്ചൻ ഇരുന്നിടത്തു നിന്നും എഴുനേറ്റു.

“ഞാനൊരു ബീഡി വലിക്കാൻ  വേണ്ടിയാ തീപ്പെട്ടി കത്തിച്ചത്. അവന്മാരുടെ കണ്ണിലെ കെട്ടു ചാനെലുകാര് വന്നപ്പോഴാ അഴിച്ചത്.അത് കഴിഞ്ഞപ്പോഴേ വീണ്ടും മൂടി കെട്ടി. അവന്റെയൊക്കെ  ഉപ്പാപ്പന്മാർ വന്നാലും കണ്ടുപിടിക്കതില്ല ഇവിടം”

ആന്റണി ബീഡി ചുണ്ടിൽ വച്ചു തീ കൊളുത്തി ആഞ്ഞു വലിച്ചു പുക പുറത്തേക്കു വിട്ടു.

“ടോമിച്ചാ.. അവന്മാരെ കാണണ്ടേ.. വാ “

ആന്റണി ടോമിച്ചനുമായി കെട്ടിടത്തിന്റെ അകത്തേക്ക് കയറി.

മൂന്ന് വീപ്പകൾ നിരത്തി വച്ചിരിക്കുന്നതിന്റെ അകത്ത് അണ്ടർവെയർ മാത്രം ധരിപ്പിച്ചു നിർത്തിയിരിക്കുകയാണ് മൂന്ന് പേരെയും. ടോമിച്ചന്റെ വീട്ടിൽ വച്ചു നടന്ന സംഭവത്തിൽ മൂന്നു പേർക്കും നല്ല ഇടി കിട്ടി ചതഞ്ഞിട്ടുണ്ടെന്നു ഒറ്റ നോട്ടത്തിൽ തന്നെ വ്യെക്തമാണ്.മൂന്നുപേരുടെയും കയ്യും കാലും കൂട്ടി കെട്ടി വായിൽ തുണി കുത്തികേറ്റി നിർത്തിയിരിക്കുന്നതിനാൽ അവർക്കൊന്നും അനങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.ടോമിച്ചനെ അവർ ദയനീയമായി നോക്കി.

“ആന്റണിച്ച, ഇവന്മാരെ ഇങ്ങനെ സ്പിരിറ്റിനകത്തു നിർത്തിയാൽ ഇവന്മാരുടെ അണ്ടഹടാകം വരെ ദ്രവിച്ചു  പോകും. എടുത്തു പുറത്തിട് കാര്യങ്ങൾ ചോദിക്കട്ടെ. നമുക്കും അറിയേണ്ടേ ഇവന്മാർ കുന്തളിച്ചതിന്റെ കഥ.”

പറഞ്ഞിട്ട് വീപ്പയിൽ നിന്നും ഒരുത്തനെ എടുത്തു പുറത്തിട്ടു.ആന്റണി ബാക്കി രണ്ട് പേരെയും വലിച്ചു നിലത്തിട്ടു. എന്നിട്ട് മൂന്നപേരെയും വലിച്ചു പൊക്കി ഭിത്തിയിൽ ചേർത്തു നിർത്തി.

ടോമിച്ചൻ മൂന്ന് പേരെയും സൂക്ഷിച്ചു നോക്കി. ക്രൂരത തളം കെട്ടി കിടക്കുന്ന മുഖഭാവം ആയിരുന്നു മൂന്ന് പേർക്കും….

“ആന്റണിച്ച, ഇവന്മാരുടെ പുറകിൽ വാലുവൈക്കേണ്ട ആവശ്യമില്ല. മുൻപിൽ കർത്താവ് കൊടുതിട്ടുള്ള വാലിലേക്ക് തീ കൊടുത്ത മതി. അതാ കാണാൻ ഒരു സുഖം “

ടോമിച്ചൻ പറയുന്നത് കേട്ടു മൂന്നുപേരുടെയും മുഖത്തു ഭയം ഇരച്ചു കയറി. അവർ തലയാട്ടികൊണ്ട് ഒന്നും ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ടിരുന്നു. വായിക്കുള്ളിൽ തുണി കേറ്റി വച്ചിരിക്കുന്നതിനാൽ ശബ്‌ദം പുറത്തേക്കു വന്നില്ല.

“വേണ്ടങ്കിൽ മണി മണി പോലെ കാര്യങ്ങൾ പറഞ്ഞോ? ഹുസൈൻ എങ്ങനെയാ കൊല്പ്പെട്ടത്. ആരാണ് ചെയ്തത്? നിനക്കൊക്കെ അതിലുള്ള പങ്ക് എന്ത്‌?”

ടോമിച്ചൻ അഴിഞ്ഞു പോയ മുണ്ടെടുത്തു മടക്കി കുത്തി.ആന്റണി മൂന്നുപേരുടെയും വായിൽ നിന്നും തുണി വലിച്ചെടുത്തു.

“പറഞ്ഞോ വേഗം… അല്ലെങ്കിൽ നിന്റെയൊക്കെ മുന്പിലെ വാല് ഞാനിന്നു കത്തിക്കും “

ആന്റണി തീപ്പെട്ടി എടുത്തു തുറന്നു കൊള്ളിയെടുത്തു ഉരച്ചു കത്തിക്കാൻ  തയ്യാറെടുത്തു.

“കത്തിക്കരുത്, പറയാം എല്ലാം. സി ഐ ഫിലിപ്പോസ് സാറ് ഹുസൈനെ നടേശൻ സാറിന്റെ വീട്ടിൽ എത്തിച്ചു.നടേശൻ സാറും, പാസ്റ്റർ തങ്കനും കൂടിയ ഹുസൈനെ കൊന്നു ചാക്കിൽ കെട്ടി വച്ചത്. എന്നിട്ട് ഞങ്ങളെ വിളിച്ചു ശവം കൊണ്ടുപോയി ടോമിച്ചന്റെ വീട്ടിൽ കൊണ്ടു ഇട്ടിട്ടു വരാൻ പറഞ്ഞു. അങ്ങനെയാ ഞങ്ങൾ ഹുസൈന്റെ ശവവും ആയി വന്നത്.”

മൂന്നുപേരിൽ ഒരുവൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

“ടോമിച്ചനോട് അവന്മാർക്കുള്ള പക എന്താണ്. പറയടാ മോനെ “

ആന്റണി മുരണ്ടു.

“അതൊന്നും ഞങ്ങൾക്കറിയത്തില്ല. അവർ പറയുന്ന കാര്യം ചെയ്യും. വേറെ ഒന്നും ഞങ്ങളോടെ പറഞ്ഞിട്ടില്ല. ഞങ്ങൾ ചോദിച്ചിട്ടുമില്ല “

രണ്ടാമത്തവൻ പറഞ്ഞിട്ട് വേദന കൊണ്ടു പുളഞ്ഞു.

“ആ പാസ്റ്റർ തങ്കൻ എവിടെയാ ഇപ്പോൾ?”

ടോമിച്ചൻ മൂന്നാമനെ നോക്കി.

“അയാൾ രാത്രി തന്നെ മുങ്ങിയതാ. എവിടെ ആണെന്നുപോലും അറിയില്ല.അയാൾ മുങ്ങിയാൽ പിന്നെ ദൂരെ എവിടെയെങ്കിലും പൊങ്ങും. കുറച്ച് പെണ്ണുങ്ങളുമായി പ്രാർത്ഥന യോഗം സംഘടിപ്പിച്ച്.”

മൂന്നാമൻ പറഞ്ഞിട്ട് ആന്റണിയെ നോക്കി.

പെട്ടന്ന് ടോമിച്ചൻ കാതോർത്തു. അകലെ നിന്നും ഒരു വാഹനത്തിന്റെ ശബ്‌ദം കേട്ടത്  പോലെ. ടോമിച്ചൻ ആന്റണിയെ നോക്കി. ആന്റണി പുറത്തേക്കിറങ്ങി. പിന്നെ പെട്ടന്ന് തിരിച്ചു വന്നു.

“ടോമിച്ചാ…”

ടോമിച്ചൻ ആന്റണിയെ തുറിച്ചു നോക്കി.

വാഹനത്തിന്റെ ശബ്‌ദം അടുത്തടുത്തു വന്നു കൊണ്ടിരുന്നു.!!

                                              (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!