കാവൽ – 16

3059 Views

kaaval

ആന്റണിയും ടോമിച്ചനും മുഖാമുഖം നോക്കി.

“ആരാ ഇപ്പോൾ എങ്ങോട്ട് വരാൻ ടോമിച്ചാ.പണിയാൻ വരുന്നവർ ആരെങ്കിലും ആണോ? ഇവന്മാരെ ഒളിപ്പിച്ചു  വയ്ക്കേണ്ടി വരുമോ?”

ആന്റണി ടോമിച്ചനോട് ചോദിച്ചു.

“ഒരു കാര്യം ചെയ്യ്, ഇവന്മാരുടെ അണ്ണാക്കിലേക്ക് തുണി കുത്തിക്കേറ്റി മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ആക്ക്. കതകടച്ചു കുറ്റിയും ഇട്ടോ അകത്ത് നിന്നും. ഞാൻ വിളിച്ചിട്ട് തുറന്നാൽ മതി.”

പറഞ്ഞിട്ട് ടോമിച്ചൻ പുറത്തിറങ്ങി വാതിൽ അടച്ചു മുറ്റത്തേക്ക് ഇറങ്ങി.

മുൻപോട്ടു നടന്നു ചെന്നു മരങ്ങളും കുറ്റിച്ചെടികളും കാട്ട് വള്ളികളും വളർന്നു നിൽക്കുന്ന പറമ്പിലേക്ക് നോക്കി.കാപ്പിചെടികൾക്കും ഏലത്തിനും ഇടയിലൂടെ കിടക്കുന്ന മൺവഴിയിലൂടെ ഒരു മാരുതി കാർ വന്നു നിൽക്കുന്നത് കണ്ടു.

ടോമിച്ചൻ സൂക്ഷിച്ചു നോക്കി. കാറിൽ നിന്നും ഒരാൾ പുറത്തിറങ്ങുന്നു. ആളെ കണ്ടപ്പോൾ ടോമിച്ചന്റെ മുഖത്തെ ഭാവം മാറി.

ടോമിച്ചൻ വേഗത്തിൽ കാറിന്റെ നേരെ നടന്നു. കാറിനടുത്തെത്തിയപ്പോൾ കാറിൽ നിന്നും ഇറങ്ങിയ ആൾ ടോമിച്ചനെ നോക്കി ചിരിച്ചു.

വാഗമൺ സ്റ്റേഷനിലെ എ എസ് ഐ നാരായണൻ.

“എന്താ മുന്നറിയിപ്പില്ലാതെ ഇങ്ങോട്ട്? എന്തെങ്കിലും പ്രശ്നം ഉണ്ടോ “

ടോമിച്ചൻ നാരായണനെ നോക്കി.

“ചാനലിൽ നടേശന്റെ കൂടെ ഹുസൈനെ കൊല്ലാൻ കൂട്ടുനിന്ന ആ മൂന്നു പേര് കുറ്റസമ്മതം നടത്തിയ വീഡിയോ സഹിതം വന്നുകൊണ്ടിരിക്കുവാ.അത് എവിടെ നിന്നാണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത് എന്നറിയാനുള്ള ശ്രെമം എസ് ഐ ദാസിന്റെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്.അതുകൊണ്ട് ആ ചാനെലുകാരനെ വിളിച്ചു പറഞ്ഞിട്ട് അവനമാരെ ആരുമറിയാതെ സ്റ്റേഷൻ പരിസരത്ത് കൊണ്ടുവന്നു കയ്യും കാലും കെട്ടി ഇട്ടേക്ക്. ഞങ്ങൾ വന്നു ബാക്കി കാര്യം ചെയ്തോളാം. ആരും കാണാതെ വേണം ഇതു നടത്താൻ. അവന്മാരെ കയ്യിൽ വച്ചു കൊണ്ടിരിക്കുന്നത് നിനക്ക് ആപത്ത് ആണ്. ഡി വൈ എസ് പി ശേഖറിന്റെ ഓർഡർ ആണ് രണ്ട് ദിവസത്തിനുള്ളിൽ ആ മൂന്നുപേരെ പിടിക്കാൻ. അയാൾ കറക്ഷൻ ഇല്ലാത്ത ആളാണ്.നമ്മടെ കയ്യിൽ നിൽക്കതില്ല “

നാരായണൻ പറഞ്ഞിട്ട് കാറിൽ ചാരി നിന്നു.

“അവന്മാരെ ഇന്ന് തന്നെ കൊണ്ടുവന്നേക്കാം. ചാനലുകളിൽ വാർത്തകളും മറ്റും വന്നത് കൊണ്ടു ഇനി പേടിക്കാനൊന്നുമില്ലല്ലോ. ഇവന്മാരെല്ലാം സമ്മതിച്ചതല്ലേ. രാത്രി ഒരു പത്തു മണി അടുക്കാറാകുമ്പോൾ പോലിസ് സ്റ്റേഷന്റെ പരിസരത്ത് വരാം. അപ്പോ സറൊന്നു റെഡിയായി നിന്നാൽ മതി “

ടോമിച്ചൻ പറഞ്ഞിട്ട് പോക്കറ്റിൽ നിന്നും ഒരു വിൽസ് സിഗരറ്റ് എടുത്തു നാരായണന് നേരെ നീട്ടി. അയാൾ അതുമേടിച്ചു ചുണ്ടിൽ വച്ചു തീ കൊളുത്തി.

“സാറെ, ആ നടേശന്റെ കാര്യം എന്തായി”?

ടോമിച്ചൻ നാരായണനെ നോക്കി.

“അഞ്ചു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയിൽ കൊടുത്തിരിക്കുവാ. ഇവാന്മാരെ കൂടി കിട്ടിയാൽ കേസ് ക്ലോസ് ചെയ്യും. ശിക്ഷ ഉറപ്പാ.. വല്ല കാര്യവുമുണ്ടോ? സർക്കിൾ കളിച്ചു കുന്തളിച്ചു നടന്നവനാ, ദേ ഇപ്പോൾ കള്ളനെപ്പോലെ ഇന്നലെ വരെ തന്നെ സല്യൂട്ട് ചെയ്തവന്മാരുടെ ഇടയിൽ ഇരിക്കുന്നു. കർത്താവിന്റെ കളി. അല്ലാതെന്താ. അല്ലെങ്കിൽ ആരെങ്കിലും ഒരാളെ കൊന്നു വീടിനുള്ളിൽ നിധി സൂക്ഷിക്കുന്നപോലെ അലമാരക്കുള്ളിൽ പൂട്ടി വയ്ക്കുമോ? അപ്പോ അയാളുടെ സമയം ആയി. അത്ര തന്നെ  “

നാരായണൻ പറഞ്ഞിട്ട് ടോമിച്ചനെ നോക്കി.ടോമിച്ചൻ പോക്കറ്റിൽ നിന്നും നാലഞ്ചു അഞ്ഞൂറിന്റെ നോട്ടുകൾ എടുത്തു നാരായണനു നേരെ നീട്ടി.

“ഇതൊന്നും വേണ്ട ടോമിച്ചാ. നീ ഒരുപാടു തന്നിട്ടുള്ളതല്ലേ. നിന്നെ ഇതൊന്നു അറിയിക്കണമെന്ന് തോന്നി. അതുകൊണ്ട് വന്നതാ “

നാരായണൻ കറിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.

“ഇതിരിക്കട്ടെ നാരായണൻ സാറെ, എന്റെ ഒരു സന്തോഷത്തിനു വേണ്ടി “

ടോമിച്ചൻ നിർബന്ധിച്ചു ആ പണം നാരായണന്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു.

“എന്ന ശരി, ടോമിച്ചാ, ആലോചിച്ചു പറഞ്ഞപോലെ ചെയ്തോ “

നാരായണന്റെ കാർ അകന്നുപോകുന്നത് നോക്കി നിന്നശേഷം ടോമിച്ചൻ തിരിഞ്ഞു നടന്നു.

എന്നാൽ കുറച്ചകലെ മരങ്ങളുടെ മറപറ്റി നിന്നുകൊണ്ട് ഒരാൾ ടോമിച്ചൻ നടന്നു പോകുന്നത് നോക്കി നിൽക്കുന്നുണ്ടായിരുന്നു!!!. അയാളുടെ മുഖത്തെ മാംസാപേശികൾ  വലിഞ്ഞു മുറുകി. കണ്ണുകൾ കുറുകി വികസിച്ചു. പല്ലുകൾ ഞെരിച്ചു കൊണ്ടു അയാൾ മരത്തിൽ ആഞ്ഞിടിച്ചു.

“ടോമിച്ച.. നിന്നെ ഞാൻ വെറുതെ വിടില്ലെടാ.. നിന്റെ ചാവ് എന്റെ കൈകൊണ്ട് ആയിരിക്കും. എന്റെ കൈകൊണ്ടു മാത്രം “

അയാൾ ടോമിച്ചൻ പോയ ഭാഗത്തുള്ള ആ കെട്ടിടത്തിലേക്കു നോക്കി.

അതേ സമയം കയ്യും കാലും കൂട്ടി കെട്ടി നിർത്തിയിരുന്ന മൂന്നുപേരുടെയും വായിക്കുള്ളിൽ തുണി തിരുകി വച്ചു ആന്റണി മൺ കൂജയിൽ നിന്നും വെള്ളമെടുത്തു കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കതകിൽ മുട്ട് കേട്ടത്. ഒരു നിമിഷം നിന്നിട്ട് ചെന്നു വാതിൽ തുറന്നു.ടോമിച്ചൻ  അകത്തേക്ക് കയറി.

“ആരായിരുന്നു വന്നത് “?

ടോമിച്ചൻ ആകാംഷയോടെ നോക്കി ആന്റണി.

“വാഗമൺ പോലീസ് സ്റ്റേഷണിലെ എ എസ് പി ആയിരുന്നു. നമ്മുടെ ആളാ. ഇന്ന് വൈകുന്നേരം തന്നെ ഇവന്മാരെ പാക്ക് ചെയ്യണം ഇവിടെ നിന്നും. ഇവന്മാർക്ക് വേണ്ടി അന്വേഷണം തകർത്തു നടന്നോണ്ടിരിക്കുവാ.”

ടോമിച്ചൻ കാര്യങ്ങൾ ആന്റണിയെ വിശദീകരിച്ചു പറഞ്ഞു കേൾപ്പിച്ചു.

അപ്പോഴേക്കും ടോമിച്ചന് ജെസ്സിയുടെ കാൾ വന്നു.

“നിങ്ങൾ എവിടാ… ഉച്ചക്ക് ചോറുണ്ണാൻ വരുമോ എന്നറിയാനാ.”

മറുതലക്കൽ ജെസ്സിയുടെ ചോദ്യം.

“ഞാൻ വന്നോണ്ടിരിക്കുവാ, ഇനി ഞാൻ വരാത്തത് കൊണ്ടു നീ ഭക്ഷണം കഴിക്കാതെ മെലിഞ്ഞൊണങ്ങി പോയി എന്ന് ആരും പറയരുത്. ഒരരമണിക്കൂർ. ഞാൻ എത്തിപ്പോയി “

ടോമിച്ചൻ പറഞ്ഞു ഫോൺ വച്ചപ്പോൾ ആന്റണി തൊട്ടടുത്തു വന്നു നിൽക്കുകയായിരുന്നു.

“ടോമിച്ചാ, എന്റെ മക്കളെയും കെട്യോളെയും എനിക്കൊന്നു കാണാൻ പറ്റുമോ? അവരെ സ്നേഹിച്ചു ഒരു കുടുംബമായി സന്തോഷത്തോടെ കഴിയാൻ സാധിക്കുമോ? മൂത്തമകൾ ലിജിക്ക് കല്യാണപ്രായം കഴിഞ്ഞിട്ട് വർഷങ്ങൾ ആയി. ആരെങ്കിലും കൊള്ളാവുന്ന ഒരാളെ എത്രയും പെട്ടന്ന് പിടിച്ചേൽപ്പിക്കണ്ടേ? അതിന് കാശ് വേണ്ടേ. നിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ എനിക്കെന്തെങ്കിലും ഒരു ജോലി താ. അതിൽ നിന്നും കിട്ടന്നത് കൊണ്ടു അതുങ്ങളെ നോക്കി ജീവിച്ചോളാം. നിന്റെ എന്ത്‌ ആവശ്യത്തിനും ഞാൻ കൂടെ ഉണ്ടാകും പോരെ. ഓരോ ദിവസവും പോകും തോറും ഒരാശങ്ക. എനിക്കെന്തെങ്കിലും പറ്റിയാൽ ആ രണ്ട് പെൺകുട്ടികൾക്കും ലില്ലിക്കുട്ടിക്കും പിന്നെ ആരുണ്ട്. ഇത്രയും കാലം ഞാനവരെ കണ്ണീരു കുടിപ്പിച്ചു. ഇനി എനിക്ക് അവരുടെ കണ്ണീരു തുടക്കണം. ഒരു നല്ല അപ്പൻ എന്താണെന്നു, ഒരു ഭർത്താവ് എന്താണെന്നു, ഒരു കുടുംബനാഥൻ എന്താണെന്നു കാണിച്ചു കൊടുക്കണം. അവരോടൊത്തു സമാധാനത്തോടെ ഒന്ന് ജീവിക്കണം “

ആന്റണി പറഞ്ഞു കൊണ്ടു തോളിൽ കിടന്ന തോർത്തെടുത്തു നിറഞ്ഞുവന്ന കണ്ണീർ തുടച്ചു.

“ആന്റണിച്ച, അവിടെ അവർക്കൊരു കുറവും ഇല്ല. മിക്ക ദിവസവും ഡേവിഡ് അവിടെ പോയി അവരുടെ കാര്യം അന്വേഷിക്കുന്നുണ്ട്.പിന്നെ ലിജിയെ കല്യാണം കഴിച്ചു വിടുന്ന കാര്യം. നല്ലൊരാളെ കണ്ടു പിടിച്ചു, നല്ല അന്തസായി നമ്മൾ അവളെ കെട്ടിച്ചു വിടും. പോരെ. ഈ ആഴ്ച വേണോ? എങ്കിൽ ഇയാഴ്ച നടത്തിയേക്കാം. ആന്റണിച്ചൻ പറഞ്ഞോ. അതിന്റെ പേരിൽ നിങ്ങൾ ദുഃഖച്ചിരിക്കാനോ, എന്റെ ജോലിക്കാരൻ ആകാനോ ഞാൻ സമ്മതിക്കത്തില്ല. എന്റെ അപ്പന്റെ സ്ഥാനത്ത നിങ്ങളെ ഞാൻ കാണുന്നത്. അതുകൊണ്ട് എന്ത്‌ വേണമെങ്കിലും ഇങ്ങോട്ട് പറഞ്ഞാൽ മതി. അതുങ്ങളും എന്റെ കൂടെപ്പിറപ്പുകളാ “

ടോമിച്ചൻ ആന്റണിയുടെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു.

നിറഞ്ഞു വന്ന കണ്ണുകൾ ഉയർത്തി ടോമിച്ചനെ നോക്കികൊണ്ട്‌ എഴുന്നേറ്റ ആന്റണി ടോമിച്ചനെ കെട്ടിപിടിച്ചു.

“എനിക്ക് സമാധാനം ആയടാ. ഞാൻ നാളെ ചത്തു പോയാലും അവർക്കു നീ ഉണ്ടാകുമല്ലോ. അത് മതി. ഈ ആന്റണിക്ക് അത് മതി “

ടോമിച്ചൻ ആന്റണിയെ അടുത്ത് കിടന്ന നടകല്ലിൽ ഇരുത്തി അയാളുടെ മുഖത്തേക്ക് നോക്കി.

“നിങ്ങള് ഏതു സമയവും ചാകുന്ന കാര്യം പറയാതെ ജീവിക്കുന്ന കാര്യം പറ. ഉടനെ തന്നെ നിങ്ങളെ ഒരു വീട്ടിൽ ആക്കി തരാം പോരെ, മാത്രമല്ല ലിജിയുടെ കല്യാണവും ഉടനെ നടത്താം. നിങ്ങടെ സങ്കടം തീരാൻ പോകുവാ. ഈ ടോമിച്ചൻ ഉള്ളപ്പോ നിങ്ങളാതോർത്തു സങ്കടപെടണ്ട.”

ടോമിച്ചൻ അഴിഞ്ഞു പോയ മുണ്ടെടുത്തു മടക്കി കുത്തി.

“അതൊക്കെ എനിക്കറിയാമെടാ. ഓരോന്നും ഓർക്കുമ്പോൾ ഒരു സങ്കടം.”

ആന്റണി എഴുനേറ്റു.

“നീ പോയിട്ട് ഒരെട്ടുമണി ആകുമ്പോൾ വാ. അപ്പോഴേക്കും ഞാൻ റെഡിയായി നിക്കാം “

ആന്റണിയോട് യാത്ര പറഞ്ഞു ടോമിച്ചൻ ജീപ്പിൽ കേറി.

*******************************************

ഡേവിഡ് കാറു നിർത്തി ഇറങ്ങി ചെല്ലുമ്പോൾ ലില്ലികുട്ടി വരാന്തയിൽ ഇരുന്നു ഒരു മുറത്തിൽ അരിയിലെ കറുത്ത മണികൾ പെറുക്കി കളഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

ഡേവിഡിനെ കണ്ടതും ലില്ലിക്കുട്ടി മുറവുമായി എഴുനേറ്റു.

“അമ്മച്ചിക്ക് എങ്ങനെ ഉണ്ട്. തലയിലെ മുറിവിലെ വേദന കുറഞ്ഞോ “

ഡേവിഡ് ചോദിച്ചു.

“വേദന ഉണ്ട് മോനെ, പക്ഷെ മുറിവ് കരിയുന്നുണ്ട്… മോനിരിക്ക്, ഞാൻ ഇതു കൊണ്ടു വച്ചിട്ട് വരാം “

പറഞ്ഞിട്ട് ലില്ലികുട്ടി മുറവുമായി അകത്തേക്ക് പോയി.

ഡേവിഡ് വരാന്തയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു. ഡേവിഡിന്റെ കണ്ണുകൾ ചുറ്റും നോക്കി. ലിജി എവിടെ എന്ന്. എന്നാൽ ലിജിയെ അവിടെ എങ്ങും കണ്ടില്ല. അപ്പോഴേക്കും ലിഷ പഠിച്ചുകൊണ്ടിരുന്ന പുസ്തകവുമായി വരാന്തയിലേക്ക് വന്നു.

“പഠിക്കുകയായിരുന്നോ.ഈയിടക്ക് പരീക്ഷ വല്ലതുമുണ്ടോ “?

ഡേവിഡ് ലിഷയെ നോക്കി. ആശുപത്രിയിൽ വച്ചു തന്നെ ഡേവിടുമായി നല്ല ചങ്ങാത്തത്തിൽ എത്തിയിരുന്നു ലിഷ.

“അതേ, അടുത്ത ആഴ്ച ഓണപരീക്ഷയ.ഡേവിച്ചായനെ ഇങ്ങോട്ട് കണ്ടിട്ട് രണ്ടുമൂന്നു ദിവസം ആയല്ലോ. ഇവിടെയെങ്ങും ഇല്ലായിരുന്നോ “

ലിഷ ചോദിച്ചു കൊണ്ടു വരാന്തയിൽ ഇരുന്നു.

“കുറച്ച് തിരക്കായിരുന്നു. അതുകൊണ്ടാ വരാൻ പറ്റാത്തത്. ചേച്ചി എന്തിയെ “

ഡേവിഡ് ചോദിച്ചുകൊണ്ടിരിക്കുമ്പോൾ ലില്ലികുട്ടി ഇറങ്ങി വന്നു.

“ലിജി കുളിക്കാൻ പോയിരിക്കുവാ,ഒത്തിരി നാള് കൂടിയ അവൾ തോട്ടിലേക്കു പോകുന്നത് തന്നെ. കഴുകാൻ ഒരുപാടു തുണി ഉണ്ടായിരുന്നു”

ലില്ലിക്കുട്ടി പറഞ്ഞു കൊണ്ടു കയ്യിലിരുന്ന ചായഗ്ലാസ് ഡേവിഡിന് കൊടുത്തു.

“അങ്ങേരു പോയെന്നു കേട്ടപ്പോൾ വിഷമം സഹിക്കാൻ പറ്റിയില്ല അവൾക്കു. എത്ര മോശക്കാരൻ ആയാലും അപ്പനല്യോ, ജീവിച്ചിരിക്കുമ്പോൾ അപ്പനുണ്ടെന്നു പറയുകയെങ്കിലും ചെയ്യാമായിരുന്നു എന്റെ കുഞ്ഞുങ്ങൾക്ക്. ഇനി അത് പറഞ്ഞിട്ട് എന്ത്‌ കാര്യം “

ലില്ലികുട്ടി ഭിത്തിയിൽ ചാരി വിഷണ്ണയായി നിന്നു.അത് കേട്ടു ലിഷയുടെ മുഖതും സങ്കടം നിറയുന്നത് ഡേവിഡ് കണ്ടു.

“അമ്മച്ചി വിഷമിക്കാതെ, എല്ലാം ശരിയാകും.എനിക്കുറപ്പുണ്ട്.”

ചായകുടിച്ചിട്ടു ഡേവിഡ് എഴുനേറ്റു.

“അപ്പോ അമ്മച്ചി, ഞാൻ വന്നത് മൂന്നുപേരും നാളെ രാവിലെ ഒരുങ്ങി നിന്നോണം. നമുക്ക് ടോമിച്ചന്റെ വീടുവരെ ഒന്ന് പോകണം. അത് പറയാനാ ഇപ്പോൾ ഇങ്ങോട്ട് വന്നത് “

ഡേവിഡ് പറയുന്നത് കേട്ടു ലില്ലികുട്ടി സന്ദേഹത്തോടെ നോക്കി.

“ഞങ്ങളൊക്കെ അവിടെ ചെന്നാൽ അവർക്കിഷ്ടപ്പെടുമോ? ടോമിച്ചനെ കണ്ടിട്ടുണ്ട്, മിണ്ടിയിട്ടുണ്ട്. ഇപ്പോഴും അദേഹത്തിന്റെ സഹായം കൊണ്ടല്ലേ ബുദ്ധിമുട്ടില്ലാതെ പോകുന്നത്. ഇനി അവിടെയും പോയി ബുദ്ധിമുട്ടിക്കണോ? മാത്രമല്ല  വീട്ടിലുള്ളവർക്ക് ഞങ്ങളെ പോലുള്ളവർ ചെല്ലുമ്പോൾ..?

ലില്ലിക്കുട്ടി പകുതിക്കു നിർത്തി.അതുകേട്ടു ഡേവിഡ് ചിരിച്ചു.

“അമ്മച്ചിക്ക് അവരെ കുറിച്ച് അറിയാത്തതു കൊണ്ടാ.ലിജിക്കറിയാം കഥകളൊക്കെ. ഒന്ന് പറഞ്ഞു തരാൻ പറ.”

ഡേവിഡ് പോകാനിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോൾ ആണ് എതിരെ ലിജി വരുന്നത്.  കഴുകിയ തുണി നിറച്ച ബക്കറ്റും തൂക്കി പിടിച്ചു, ദേഹത്ത് ഈറൻ തുണി ചുറ്റി, തലമുടി ചുറ്റികെട്ടി വച്ചു നടന്നു വരുന്ന അവളുടെ ദേഹത്തുനിന്നും വെള്ളം താഴേക്കു തുള്ളി തുള്ളിയായി വീണുകൊണ്ടിരുന്നു.  ലിജി പെട്ടന്ന് മുൻപിൽ ഡേവിഡിനെ കണ്ടു ഒന്ന് പകച്ചു.അത് മനസിലാക്കിയ ഡേവിഡ് ഒന്ന് ചിരിച്ചു.

“ഒറ്റയ്ക്ക് തോട്ടിലേക്കു പോകാനൊക്കെ തുടങ്ങിയോ? അത് നന്നായി. പെൺപിള്ളേർ കുറച്ച് ധൈര്യം ഓക്കെ വേണം.”

ഡേവിഡ് പറഞ്ഞപ്പോൾ ലിജി ഒന്ന് മന്ദാഹസിച്ചു.ആ വേഷത്തിൽ അയാളുടെ മുൻപിൽ പെട്ടു അപമാനിതയായവളെ പോലെ നിന്നു പരുങ്ങി.

“എന്റെ മുൻപിൽ നിന്നു വിഷമിക്കണ്ട. പോയി ഡ്രെസ്സ് മാറ്റിയിട്ട് വാ. ഞാൻ വെയിറ്റ് ചെയ്യാം.”

ഡേവിഡ് പറഞ്ഞത് കേട്ടു മുഖമുയർത്തി ഒന്ന് നോക്കിയിട്ട് ലിജി പെട്ടന്ന് നടന്നു പോയി വീട്ടിനുള്ളിലേക്ക് കയറി.

ലിജി ബക്കറ്റിലെ തുണികൾ എടുത്തു മുറ്റത്തെ അഴയിൽ വിരിച്ചിടാൻ ലിഷയോടു പറഞ്ഞിട്ട് നേരെ മുറിയിലേക്ക് പോയി വസ്ത്രം മാറി വന്നു.

“മോളേ, വീട്ടിലേക്കു കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ട്. മോള് പെട്ടന്ന് പോയിട്ട് വാ, ഇരിട്ടു വീഴുന്നതിനു മുൻപ് “

ലില്ലിക്കുട്ടി ലിജിയുടെ അടുത്തേക്ക് ഒരു സഞ്ചിയുമായി ചെന്നു.

“ഞാൻ പോയിട്ട് വരാമ്മ.”

ലിജി ആ സഞ്ചിയും വാങ്ങി പൈസയുമെടുത്തു മുറ്റത്തേക്കിറങ്ങി ഡേവിഡിന്റെ അടുത്തേക്ക് നടന്നു.

“സഞ്ചിയുമായി എങ്ങോട്ടാ, കടയിലേക്കാണോ?”

ഡേവിഡ് ലിജിയുടെ കയ്യിലുള്ള സഞ്ചിയിലേക്ക് നോക്കി ചോദിച്ചു.

“അതേ, കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ട്.”

ലിജി പറയുന്നത് കേട്ടു ഡേവിഡ് കാറിന്റെ ഡോർ തുറന്നു.

“കയറ്.. ഞാനും ടൗണിലേക്ക് ആണ്.”

ഡേവിഡിനെ ഒന്ന് നോക്കിയിട്ട് ലിജി കാറിൽ കയറി.

കാർ മുൻപോട്ടെടുത്തു കൊണ്ടു ഡേവിഡ് ലിജിയെ നോക്കി.

“നാളെ ടോമിചന്റെ വീട്ടിലേക്കു ചെല്ലണം എല്ലാവരും.അത് പറയാൻ വേണ്ടിയാ ഞാൻ വന്നത്. പിന്നെ….”

പറഞ്ഞു വന്നത് പകുതിക്കു നിർത്തിയപ്പോൾ ലിജി ചോദ്യഭാവത്തിൽ ഡേവിഡിനെ നോക്കി.

“എന്താ പിന്നെ?…. പറയാൻ പ്രയാസമുള്ള കാര്യങ്ങൾ ആണെങ്കിൽ പറയണ്ട “

ലിജി പറഞ്ഞു കൊണ്ടു കയ്യിലിരുന്ന സഞ്ചി ഒന്നുകൂടി മടക്കി പിടിച്ചു.

“മുഴുവൻ പറഞ്ഞു കഴിയുമ്പോൾ കാറിൽ നിന്നും ചാടിയേക്കരുത്. കേട്ടല്ലോ “

ഡേവിഡ് ലിജിയെ നോക്കി ചിരിച്ചിട്ട് തുടർന്നു.

“പിന്നെയെന്നു  പറഞ്ഞത് ഞാൻ ലിജിയെ കാണാൻ കൂടിയാണ് വന്നത് എന്ന് പറയാനാണ്.എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. അതിപ്പോൾ പറഞ്ഞാലോ എന്നൊരു തോന്നൽ. അല്ലങ്കിൽ മണ്ണും ചാരി നിന്നവൻ പെണ്ണുകൊണ്ട് പോയാലോ “

പറഞ്ഞിട്ട് ഒളിക്കണ്ണിട്ടു നോക്കി ലിജിയെ ഡേവിഡ്. അവളുടെ മുഖത്തു യാതൊരു ഭാവവ്യത്യാസവും കണ്ടില്ല.

“എനിക്ക് ലിജിയെ ഇഷ്ടമാണ്. എത്രത്തോളം ഇഷ്ടമെന്ന് ചോദിച്ചാൽ ഈ ഭൂമിയോളം എന്നൊക്കെ പറയാം. ഒറ്റയ്ക്ക് ജീവിച്ചു മടുത്തെടോ. ജീവിതത്തിൽ ഒരു പെണ്ണിന്റെ കൂട്ട്, സ്നേഹം, സാമീപ്യം,പിണക്കം, ഇണക്കം, ഇതൊക്കെ ഉണ്ടെങ്കിലേ അത് ജീവിതമാണെന്ന് പറയാൻ പറ്റൂ.ജീവിച്ചതിനു ഒരർത്ഥം ഉണ്ടായെന്നു പറയാൻ പറ്റൂ. സ്നേഹം മനസ്സിൽ വച്ചുകൊണ്ടിരുന്നാൽ അതവിടെ ഇരുന്നു വീർപ്പുമുട്ടി, ഹൃദയം തന്നെ പൊട്ടി തെറിക്കും. അതിനുമുൻപ് അങ്ങ് പറയുകയാണെങ്കിൽ വീർപ്പുമുട്ടലും മാറും ഹൃദയത്തെ രക്ഷപെടുത്തുകയും ചെയ്യാം. ശരിയല്ലേ “

ഡേവിഡ് പറഞ്ഞത് കേട്ടിട്ടും ലിജി ഒന്നും മിണ്ടിയില്ല.

“താനെന്താ ഒന്നും മിണ്ടാത്തത്. എന്തെങ്കിലും ഒന്ന് പറയടോ.”

ഡേവിഡ് പറഞ്ഞു കൊണ്ടു ലിജിയെ നോക്കി. അതുകേട്ടു ലിജി ഒന്ന് ചിരിച്ചു.

“ഇതു പറയാനാണോ ഇത്രയും  ചുറ്റിവളഞ്ഞത്. ഈ എന്നെ ഏതു മണ്ണുംചാരി നിൽക്കുന്നവൻ കൊണ്ടുപോകാനാ. ആരും കൊണ്ടുപോകതില്ല. കാശുണ്ടോ, പൊന്നുണ്ടോ, സ്വത്ത് ഉണ്ടോ, ഒന്നുമില്ല. ആകെ ഉള്ളത് അപ്പന്റെ പേരിലുള്ള കുറെ ചീത്തപ്പേരുകൾ മാത്രം. ഇപ്പോൾ ആ അപ്പനുമില്ല. ആരുമില്ലാത്ത ഈ മൂന്നു പെണ്ണുങ്ങളുടെ ബാധ്യത ഏറ്റെടുക്കാൻ ബുദ്ധിയുള്ള ആരെങ്കിലും തയ്യാറാക്കുമോ. ഇനി ആരെങ്കിലും തയ്യാറായാൽ തന്നെ അവരുടെ ഉദ്ദേശം എന്താണെന്നു ആർക്കറിയാം. ഞങ്ങൾക്ക് ആഗ്രഹിക്കാനേ പറ്റൂ, അത് വേണം, കിട്ടണം എന്ന് വാശിപിടിച്ചാൽ  ആകാശത്തെ അമ്പിളിമാമനെ വേണം എന്ന് പറയുന്നപോലെ ആകും. മോഹിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലല്ലോ. വെറുതെ മോഹിക്കും. പിന്നെ കുറച്ച് കണ്ണീരും വേദനയും കൂട്ടി ഉള്ളിൽ തന്നെ കുഴിച്ചു മൂടും. അതാണ് ഞങ്ങളെ പോലുള്ളവർക്ക് പറഞ്ഞിട്ടുള്ളത്. ഡേവിക്കു പണമുണ്ട്, സൗദര്യം ഉണ്ട്. നല്ലൊരു പെൺകുട്ടിയെ കല്യാണം കഴിച്ചു സന്തോഷത്തോടെ ജീവിച്ചു കൂടെ “

ലിജി ചോദിച്ചപ്പോൾ അവളുടെ മുഖത്തു ദുഖഭാവത്തിന് കൂടുതൽ തീവ്രത വന്നോ എന്ന് തോന്നി പോയി ഡേവിഡിന്.

“ലിജി… പെട്ടന്നൊരു ഇഷ്ടത്തിൽ നിന്നും പറഞ്ഞതല്ല ഞാൻ. വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. ലിജി പറഞ്ഞത് പൊതുവായ കാര്യമാണ്. പക്ഷെ എപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. എല്ലാവരും അങ്ങനെ പൊന്നും പണവും കണ്ടു ഇഷ്ടപെടുന്നവരല്ല.നല്ലവരും ഉദ്ദേശശുദ്ധി ഉള്ളവരും ഉണ്ട്.”

ഡേവിഡ് പറഞ്ഞിട്ട് ലിജിയെ നോക്കി.

“ഡേവി.. ശരിയാണ്… മനസ്സ് വല്ലാതെ അങ്ങ് കൊതിച്ചിട്ടു അത് കിട്ടാതെ വരുമ്പോൾ, ഉണ്ടാകുന്ന ആ അവസ്ഥ, അതിൽ നിന്നുണ്ടാകുന്ന വേദന, ഹൃദയം മുറിഞ്ഞു പോകുന്നത് പോലുള്ള ആ നീറ്റൽ, അതിൽ നിന്നും പിന്നെ ഒരിക്കലും കരകേറാൻ പറ്റിയെന്നു വരില്ല. അതിലും നല്ലത് സ്വൊപ്നം കാണാതെ, ആഗ്രഹിക്കാതെ ഇരിക്കുന്നതല്ലേ? വെറുതെ എന്തിനാ മോഹിപ്പിക്കുന്നത്?”

ലിജി വേദനയോടെ ഡേവിഡിനെ നോക്കി.

“ഡേവിക്കറിയ്യോ, രണ്ടുപേർ തമ്മിലുള്ള സ്നേഹം യഥാർത്ഥത്തിൽ ഒരു വടം വലിയാണ്. രണ്ട് പേരും ഒരേപോലെ ബാലൻസ് ചെയ്താലേ ആ സ്നേഹം രണ്ടുപേർക്കും ഒരുപോലെ അനുഭവിക്കാൻ പറ്റൂ. ഒരാൾ ഒന്ന് കയ്യ് അയച്ചാൽ അതോടെ തീർന്നു. ഒരു സൈഡ് തകർന്നടിയാൻ “

ലിജിയെ ഡേവിഡ് അത്ഭുതത്തോടെ നോക്കി.

“ഇതൊക്കെ ഈ തലയിൽ നിന്നാണോ വരുന്നത്. ഞാൻ ഒരുപാടു വടം വലി കണ്ടിട്ടുണ്ട്. ഇതുപോലൊരർത്ഥം അതിനുണ്ടെന്നു ഇപ്പോഴാ മനസ്സിലായത്.”

ഡേവിഡ് പറഞ്ഞപ്പോൾ ലിജി ചിരിച്ചു

“പരിഹസിക്കണ്ട,ഞാൻ ഒരു സത്യം പറഞ്ഞു എന്നെ ഉള്ളു “

ലിജി പുറത്തേക്കു നോക്കി. അപ്പോഴേക്കും അവർ ടൗണിൽ എത്തിയിരുന്നു. ലിജിക്ക് സാധനങ്ങൾ മേടിക്കേണ്ട കടയുടെ മുൻപിൽ കാർ നിർത്തി.

“ലിജി ഒന്നും പറഞ്ഞില്ല. ഒരു കാര്യം പറഞ്ഞേക്കാം ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിൽ ടോമിച്ചനോട് ആലോചിച്ചിട്ട് തന്നെ അങ്ങ് പൊക്കികൊണ്ട് പോയി വല്ല രജിസ്റ്റർ ഓഫീസിൽ കൊണ്ടു പോയി അങ്ങ് കെട്ടും ഞാൻ പറഞ്ഞേക്കാം “

ഡോർ തുറന്നു ഇറങ്ങാൻ തുടങ്ങിയ ലിജിയോട് തമാശ രൂപേണ ഡേവിഡ് പറഞ്ഞു.

“എന്ത്‌ വേണമെങ്കിലും ചെയ്തോ. ഞാൻ എതിർക്കുന്നില്ല. പിന്നെ ഇതു വേണ്ടായിരുന്നു എന്ന് തോന്നരുത്. എന്നെ കളയരുത്. അങ്ങനെ തോന്നിയാൽ കൊന്നു കളഞ്ഞേക്കണം.നരകിക്കാൻ വിടരുത്. ഞാൻ ഇറങ്ങുവാ “

പറഞ്ഞിട്ട് ലിജി ഇറങ്ങി ഡോർ അടച്ചു. താഴ്ത്തി വച്ച ചില്ലിലൂടെ ഡേവിഡിനെ ഒന്ന് നോക്കിയിട്ടു കടയിലേക്ക് നടന്നു.

കുറച്ച് നേരം ലിജി പോകുന്നത് നോക്കി നിന്നിട്ട് ഡേവിഡ് കാർ മുൻപോട്ടെടുത്തു.

ഔട്ട്ഹൗസിനു മുൻപിൽ കാർ പാർക്കു ചെയ്തു ഡേവിഡ് ഇറങ്ങി.

മുറ്റത്തു നിൽക്കുകയായിരുന്ന ടോമിച്ചന്റെ അടുത്തേക്ക് ചെന്നു.

“ഡേവിടേ.. നമ്മുടെ ആ കള്ള് കൊണ്ടുപോകുന്ന ആ പഴയ ജീപ്പിൽ ഒരെണ്ണം ഇറക്കിയിട്. നമ്പർ പ്ലേറ്റ് മാറ്റി വേറെ ഒരെണ്ണം ഫിറ്റ്‌ ചെയ്യാം. അതാ നല്ലത്. എട്ടു മണി ആകുമ്പോൾ ആന്റണിച്ചന്റെ അടുത്തെത്തണം. അവന്മാരെ വെച്ചോണ്ടിരിക്കുന്നത് നമുക്ക് ഗുണകരമല്ല. പോലീസുകാർക്ക് വിട്ടു കൊടുക്കാം. ഡി വൈ എസ് പി ഈ കേസിന്റെ പുറകെ ഉണ്ട് “

ഡേവിഡ് അപ്പോൾ തന്നെ പോയി ഷെട്ടിൽ കിടന്ന പഴയ ഒരു ജീപ്പ് ഇറക്കിയിട്ടു.

ജെസ്സി ബെഡ്‌റൂമിൽ ചെന്നപ്പോൾ ടോമിച്ചൻ കിടക്കുകയായിരുന്നു.

“എന്ത്‌ പറ്റി പതിവില്ലാതെ ഒരു കിടപ്പ്. ങേ”

ജെസ്സി ബെഡിൽ ഇരുന്നു ടോമിച്ചനെ നോക്കി.

“ഒന്നുമില്ലടി,വെറുതെ കിടന്നു പോയതാ. ഓരോന്നോർത്തു പോയി. പ്രശ്നങ്ങൾ ഓക്കെ ഒന്ന് ഒതുങ്ങി ഒന്ന് സമാധാനത്തോടെ ജീവിക്കണ്ടേ നമുക്ക്. അത് നടക്കണമെങ്കിൽ ഒളിഞ്ഞിരിക്കുന്ന ആ ശത്രു ആരാണെന്നു കണ്ടെത്തണം. അതിനിടക്ക് വരുന്ന പ്രതിസന്ധികളെല്ലാം ആ ഒളിഞ്ഞിരിക്കുന്ന ശത്രുവിന്റെ കുബുദ്ധി ആണ്.”

ടോമിച്ചൻ പറഞ്ഞിട്ട് മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു.

“പഴയ നമ്മുടെ  ആ ജീവിതം ആയിരുന്നു നല്ലത് അല്ലെ. നിങ്ങക്കങ്ങനെ തോന്നുന്നില്ലേ “

ജെസ്സി ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.

“അതൊക്കെ ജീവിതത്തിന്റെ ഓരോ അവസ്ഥന്തരങ്ങളാ. അതിനെ വരുന്നതുപോലെ തരണം ചെയ്യണം. ഒളിച്ചിരുന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവന് ഒരിക്കൽ പുറത്ത് വരേണ്ടി വരും. അവനാരെന്നു അറിയാവുന്ന ഒരേ ഒരാൾ ആ പാസ്റ്റർ ആണ്. ആ തങ്കൻ പാസ്റ്റർ. അവനൊളിവിൽ ആണ്.ആ ഹുസൈന്റെ കൊലപാതകത്തിൽ അവനും പങ്കുണ്ട്. അവനെ കിട്ടിയാലേ ആ ശത്രു പുറത്ത് വരൂ.പാസ്റ്ററേ കണ്ടെത്തണം.”

ടോമിച്ചൻ എഴുനേറ്റിരുന്നു.

“പിന്നെ നാളെ നഴ്സിംഗ് സ്കൂൾവരെ പോകണം. കട്ടപ്പനക്ക്. എന്നെ കൊണ്ടുപോകണം. എനിക്ക് ഒറ്റയ്ക്ക് പോകാൻ ഒരു പേടി “

ജെസ്സി ടോമിച്ചനെ നോക്കി.

“നാളത്തെ കാര്യം അല്ലെ. പോകാം. എനിക്കിപ്പോൾ പുറത്ത് വരെ പോകണം. ഡേവിഡും വരുന്നുണ്ട്. എല്ലാം അടച്ചുപൂട്ടി ഇരുന്നോണം. ഞാൻ വന്നു ഫോണിൽ വിളിക്കുമ്പോഴേ വാതില് തുറക്കാവൂ “

ടോമിച്ചൻ എഴുനേറ്റു പോകാൻ റെഡിയായി. കൃത്യം ഏഴര ആയപ്പോൾ ഡേവിഡ് ജീപ്പ്മായെത്തി. ടോമിച്ചൻ വാതിലടച്ചോളാൻ പറഞ്ഞിട്ട് പോയി ജീപ്പിൽ കയറി. ജീപ്പ് ചെന്നു കെട്ടിടത്തിനു മുൻപിൽ നിൽക്കുമ്പോൾ ആന്റണി ഇറങ്ങി വന്നു.

“ചാനലുകാർ ഒൻപതരക്ക് തന്നെ സ്റ്റേഷന്റെ അടുത്തേതും.സ്റ്റേഷനിലെ എസ് ഐ രാജേന്ദ്രൻ എട്ടരക്ക് പോകും. അതുകഴിഞ്ഞാൽ സ്റ്റേഷനിൽ ചാർജ് എ എസ് ഐ നാരായണൻ സാറിനാണ്. അതുകൊണ്ട് ഒരു പത്തു മണിക്ക് അവിടെ എത്തണം. അവന്മാരെ ശരിയാക്കി നിർത്തിയേക്കുവാ.”

ടോമിച്ചനും ഡേവിഡും അകത്തേക്ക് കയറി. മൂന്നു പേരുടെയും മുഖത്തു മുഖം മൂടി ഇട്ടു നിർത്തിയിരിക്കുകയാണ്.

ഒൻപതു മണിയായപ്പോൾ മൂന്നുപേരെയും കൊണ്ടു ടോമിച്ചനും ആന്റണിയും ഡേവിഡും പുറപ്പെട്ടു. ഏലപ്പാറ ടൌൺ കഴിഞ്ഞു തിരിഞ്ഞപ്പോൾ മുതൽ നേർത്ത ചാറ്റൽ മഴ ഉണ്ടായിരുന്നു.വാഗമൺ സ്റ്റേഷന്റെ സമീപത്തെത്തിയപ്പോൾ രാജേഷ് അടുത്തേക്ക് വന്നു.

ആന്റണി തലമുഴുവൻ ചുറ്റി കെട്ടി ഇറങ്ങി മൂന്നുപേരെയും എടുത്തു വഴിയുടെ അരുകിലേക്കിട്ട് വണ്ടിയിൽ വന്നു കയറി ജീപ്പ് വെട്ടി തിരിഞ്ഞു പാഞ്ഞു പോയി. അപ്പോൾ തന്നെ ടോമിച്ചൻ വിളിച്ചറിയിച്ചതനുസരിച്ചു എ എസ് ഐ നാരായണനും നാലഞ്ചു  പോലീസുകാരും റോഡിലേക്ക് വന്നു. വഴിയരുകിൽ കിടക്കുന്ന ആ മൂന്നു പേരുടെ നേരെ ചെന്നു.

“രാജേഷേ, നാളെ സ്റ്റേഷൻ ആക്രമിക്കാൻ വന്ന ഇവരെ ഞങ്ങൾ സഹസികമായി പിടികൂടി എന്ന് വേണം വാർത്ത വരാൻ. കുറച്ച് കൂട്ടി കൊടുത്തോ “

നാരായണൻ പറഞ്ഞിട്ട് പോലീസുകാരുടെ സഹായത്തോടെ താഴെ കിടന്നവരുടെ കെട്ടുകൾ അഴിച്ചു അവരെ പൊക്കിയെടുത്തു. അവർ കുതറുകയും ഓടാൻ ശ്രെമിക്കുകയും ചെയ്തു.പോലീസുകാർ അവരെ കീഴ്പ്പെടുത്തുന്നത് രാജേഷ് ഷൂട്ട്‌ ചെയ്തുകൊണ്ടിരുന്നു.

അതേ സമയം ടോമിച്ചനും ആന്റണിയും ഡേവിഡും സഞ്ചരിക്കുന്ന ജീപ്പ് ഏലപ്പാറ അടുക്കാറായിരുന്നു. പെട്ടന്നാണ് എതിരെ പാഞ്ഞു വന്ന മറ്റൊരു വാഹനം ഹെഡ്ലൈറ്റ് തെളിച്ചു സൈഡ് മാറി ജീപ്പിനു നേരെ വന്നു. ഡേവിഡ് ജീപ്പ് വാഹനത്തിൽ ഇടിക്കാതെ വെട്ടിച്ചു  മാറ്റി. ജീപ്പ് നിയത്രണം വിട്ടു  അടുതുണ്ടായിരുന്ന കലുങ്കിൽ ഇടിച്ചു നിന്നു.മുൻപിൽ നിന്ന വാനിൽ നിന്നും വെളുത്ത വസ്ത്രധാരികളായ കുറച്ചാളുകൾ ആയുധങ്ങളുമായി ഇറങ്ങി.ക്ലീൻ ഷേവ് ചെയ്ത  ഒരാൾ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിലേക്കു കയറി നിന്നു കയ്യിലുണ്ടായിരുന്ന കുരിശു ജീപ്പിനു നേരെ നീട്ടി പിടിച്ചു.അയാൾ ശബ്ദിച്ചു.

“കർത്താവെ ഈയുള്ളവൻ ഇവരെ അങ്ങേക്ക് ബലി നൽകാൻ പോകുന്നു. അങ്ങ് അത് സ്വീകരിക്കേണമേ.. ഹല്ലേലുയ… സ്ത്രോത്രം.. സത്രോത്രം “

നീട്ടി പിടിച്ച കുരിശിലൂടെ മഴത്തുള്ളികൾ  ഒലിച്ചിറങ്ങുമ്പോൾ പിന്നിൽ നിൽക്കുന്നവരുടെ കൈയിലെ ആയുധങ്ങൾ വെളിച്ചത്തിൽ വെട്ടി തിളങ്ങുന്നത് ടോമിച്ചൻ കണ്ടു!!

                             ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “കാവൽ – 16”

Leave a Reply